ചൈനീസ് അധികൃതർ സിൻജിയാങിലെ ആയിരക്കണക്കിന് മുസ്ലീം ദേവാലയങ്ങൾ പൊളിച്ചുമാറ്റിയെന്ന് റിപ്പോര്‍ട്ട്
KK Sreenivasan writes on Chinese atrocities against religious minority especially to Muslims
ചൈനയിൽ മുസ്ലീം വിരുദ്ധത കൊടികുത്തിവാഴുകയാണ്. പാക്കിസ്ഥാൻ – ഇറാൻ പോലുള്ള ഇസ്ലാമിക രാഷ്ട്രങ്ങളെ കൂടെ നിറുത്തുവാൻ നയതന്ത്രം മെനയുന്ന ചൈനീസ് ഭരണകൂടം സ്വന്തം രാജ്യത്തെ മുസ്ലിം ജനതയെ ഉന്മൂലനം ചെയ്യുന്നതിൻ്റെ തിരക്കിലാണ്.
ചൈനീസ് അധികൃതർ സിൻജിയാങിലെ ആയിരക്കണക്കിന് മുസ്ലീം ദേവാലയങ്ങൾ പൊളിച്ചുമാറ്റിയെന്ന് ഓസ്‌ട്രേലിയൻ തിങ്ക് ടാങ്ക് റിപ്പോർട്ട്. അസ്വസ്ഥതകൾ നിറഞ്ഞ സിൻജിയാങ് മേഖലയിൽ വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങളെന്ന പുതിയ റിപ്പോർട്ടിലാണ് മുസ്ലീം ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നതിടം പിടിച്ചിട്ടുള്ളത്. സെപ്തംബർ 25 നാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.
വടക്കുപടിഞ്ഞാറൻ പ്രദേശത്തെ ക്യാമ്പുകളിൽ ഒരു ദശലക്ഷത്തിലധികം ഉയിഗറുകളും മുസ്ലീം ടർക്കിക്ക് സംസാരിക്കുന്നവരും തടവിലാക്കിപ്പെട്ടിരിക്കുകയാണ്. പരമ്പരാഗതവും മതപരവുമായ പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ ഇവർക്കുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്ന് വലതുപക്ഷ ഗ്രൂപ്പുകൾ പറയുന്നു. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ പരിധിയില്‍ കവിഞ്ഞ സാധ്യതകള്‍ ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
16000 ഓളം ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടു. കേടുപ്പാടുകൾ വരുത്തി – ഓസ്ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (എഎസ്പിഐ) റിപ്പോർട്ട് പറയുന്നു. നൂറുകണക്കിന് വിശുദ്ധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് നശീകരണങ്ങളേറെയും. 8500 പള്ളികൾ പൂർണമായും നശിപ്പിക്കപ്പെട്ടുവെന്ന് റിപ്പോർട്ട് പറയുന്നു. ഉരുംകി, കശ്ഗർ നഗര കേന്ദ്രങ്ങൾക്ക് പുറത്താണ് കൂ ടുതൽ നശീകരണം. നശിപ്പിക്കപ്പെടാത്ത ദേവാലായങ്ങളുണ്ട്. പക്ഷേ അവയുടെ താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
15500 ൽ താഴെ കേടുപാടുകൾ സംഭവിക്കാത്തതും സംഭവിച്ചതുമായ മുസ്ലിം ദേവാലയങ്ങൾ സിൻജിയാങിന് ചുറ്റുമുണ്ട്. 1960 കളിൽ സാംസ്കാരിക വിപ്ലവം സൃഷ്ടിച്ച ദേശീയ പ്രക്ഷോഭത്തിന്റെ ദശകത്തിനുശേഷം ഈ മേഖലയിലെ ഏറ്റവും കുറഞ്ഞ മുസ്ലീം ആരാധനാലയങ്ങളാണിത്.
സിൻജിയാങിലെ മുസ്ലീം ദേവാലയങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുമ്പോഴും ക്രിസ്ത്യൻ പള്ളികളും ബുദ്ധക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടില്ല. ഇവയ്ക്ക് കേടുപ്പാടുകളുണ്ടാക്കിയിട്ടുമില്ലെന്ന് തിങ്ക് ടാങ്ക് റിപ്പോർട്ട് പറയുന്നു.
മുസ്ലീം ആരാധനാലയങ്ങൾക്കു പുറമെ മുസ്ലിം ശ്മശാനങ്ങൾ, തീർത്ഥാടന മാർഗങ്ങൾ എന്നിവയുൾപ്പെടെ സിൻജിയാങിലെ പ്രധാന ഇസ്ലാമിക പുണ്യ സ്ഥലങ്ങളിൽ മൂന്നിലൊന്ന് തകർക്കപ്പെട്ടതായും എഎസ്പിഐ വ്യക്തമാക്കുന്നു.
സിൻജിയാങ് മേഖലയിൽ തടങ്കൽ പാളയങ്ങളുടെ ശൃംഖല തന്നെ തിരിച്ചറിഞ്ഞുവെന്ന് ആദ്യ റിപ്പോർട്ടിൽ എഎസ്പിഐ പറഞ്ഞിരുന്നു. എന്നാൽ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയതിനു ശേഷമുള്ള അന്വേഷണത്തിൽ പിന്നെയും അസംഖ്യ തടങ്കൽ പാളയങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി തിങ്ക് – ടാങ്ക് പറഞ്ഞു.
കഴിഞ്ഞ വർഷം എഎഫ്പി നടത്തിയ അന്വേഷണത്തിലും സിൻജിയാങിലെ ഡസൻ കണക്കിന് ശ്മശാനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയിരുന്നു. തകർക്കപ്പെട്ട ശവകുടീരങ്ങൾക്ക് സമീപം മനുഷ്യ ശരീരാവശിഷ്ടങ്ങൾ ചിതറികിടക്കുന്നതായും എഎഫ് പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആസ്ട്രേലിയൻ ഗവേഷണ സ്ഥാപനത്തിന് അക്കദമിക് വിശ്വാസ്യതയില്ല. അവർ ചൈന വിരുദ്ധ റിപ്പോർട്ടുകളും ചൈന വിരുദ്ധ നുണകളും നിർമ്മിക്കുകയാണ് – ഇത് തിങ്ക് ടാങ്ക് ഗവേഷണത്തെക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.
24000 ത്തോളം മുസ്ലീം ആരാധാന ലയങ്ങൾ സിൻജിയാങ് മേഖലയിലുണ്ട്. ഇവിടെത്തെ ജനങ്ങൾക്ക് പൂർണ്ണ മതസ്വാതന്ത്ര്യമുണ്ടെന്നും ചൈന വ്യക്തമാക്കുന്നുണ്ട്. സിൻജിയാങിന്റെ മൊത്തം പള്ളികളുടെ എണ്ണം യുഎസിലുള്ളതിനെക്കാൾ പത്തിരട്ടിയിലധികമാണ്. ചില മുസ്ലീം രാജ്യങ്ങളെ അപേക്ഷിച്ച് ജനസംഖ്യാനുപാതികമായുണ്ടാകേണ്ട ശരാശരി പള്ളികളുടെ എണ്ണത്തെക്കാൾ കൂടുതലാണ് സിൻ ജിയാങിലെന്ന് വാങ് പത്ര സമ്മേളനത്തിൽ പറഞ്ഞു.
ദാരിദ്ര്യമില്ലായ്മ ചെയ്ത് ജനങ്ങളെ തീവ്രവാദത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള തൊഴിൽ പരിശീലന കേന്ദ്രങ്ങളാണ് ക്യാമ്പുകൾ. പ്രചരിപ്പിക്കപ്പെടുമ്പോലെ അവയൊന്നും തടങ്കൽ പാളയങ്ങളല്ലെന്നാണ് ബീജിങിന് പറയുവാനുള്ളത്.
ആസ്ട്രേലിയൻ തിങ്ക് – ടാങ്ക് കണ്ടെത്തലുകളിൽ കഴമ്പില്ലെന്ന് ചൈന അടിവരയിടുമ്പോഴും ഇസ്ലാമിക വിരുദ്ധതയുടെ കാര്യത്തിൽ ഐക്യരാഷ്ട്ര സഭയിലും ചൈന പ്രതികുട്ടിലാണ്. സെപ്തംബർ 25 ന് നടന്ന 45 മത് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിൽ യോഗത്തിലും സിൻജിയാങ് മേഖലയിൽ ചൈനീസ് ഇസ്ലാമിക വിരുദ്ധത ഉന്നയിക്കപ്പെട്ടു.
സിൻജിയാങ് മേഖലയിൽ മുസ്ലീം വംശഹത്യ. നിർബന്ധിത വന്ധ്യംകരണം. അവയവ മോഷണം. മുസ്ലീം കുടുംബങ്ങൾ ചൈനയുടെ കോൺസെൻട്രേഷൻ ക്യാമ്പിലാണ്. തങ്ങളുടെ വേണ്ടപ്പെട്ടവരെ ചൈനീസ് ഭരണകൂട അടിമകളാക്കിവച്ചിരിക്കുന്നു – ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിൽ ചർച്ചയിൽ പങ്കെടുത്ത സിൻജിയാങിലെ മുസ്ലീം വിഭാഗമായ ഉയിഗുർ വംശജനായ വിദ്യാർത്ഥി അബ്ദുൾ ഷുകൂർ അബ്ദുറിക്സിറ്റ് തന്റെ കുടുംബമു ൾപ്പെടെ ചൈനയിൽ അനുഭവിക്കുന്ന വംശഹത്യയെക്കുറിച്ച് വ്യക്തമാക്കി.
സിൻജിയാങിൽ സമാനതകളില്ലാത്ത മുസ്ലീം വംശഹത്യ തകർത്താടുകയാണ്. ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ലോകം. പ്രത്യേക കമ്മറ്റി രൂപീകരിച്ച് സിയാൻജിങിൽ ചൈനയുടെ മുസ്ലിം വംശഹത്യ ലോക ശ്രദ്ധയിലെത്തിക്കണം. മുസ്ലീം വംശഹത്യ അവസാനിപ്പിക്കാൻ ലോകം അടിയന്തിര ഇടപെടൽ നടത്തണമെന്ന് അബ്ദുറിക്സിറ്റ് കൗൺസിലിൽ ഉന്നയിച്ചു.
രാജ്യാന്തര വേദികളിലും ഗവേഷണ പഠനങ്ങളിലും ഇസ്ലാമിക ജനതയോടുള്ള ചൈനീസ് ഭരണകൂട ഭീകരതയെക്കുറിച്ച് ആഴത്തിലുള്ള വെളിപ്പെടുത്തലുകളും ചർച്ചകളും നാൾക്കുനാൾ ശക്തിപ്പെടുകയാണ്. അതു കൊണ്ടുതന്നെ കേവലം നിഷേധ കുറിപ്പുകളിറക്കി അതല്ലെങ്കിൽ പ്രസ്താവനകളിറക്കി ഇസ്ലാമിക ജനതക്കുമേലുള്ള തങ്ങളുടെ ഭരണകൂട ഭീകരത മറച്ചുവയ്ക്കാൻ ചൈനയ്ക്കാവില്ല.
ആഗോള ഇസ്ലാമിക ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിയ്ക്കാൻ വെമ്പുന്ന ഇസ്ലാമിക രാഷ്ട്രങ്ങൾ തങ്ങളുടെ ഏറ്റവുമടുത്ത നയതന്ത്ര ബന്ധുവായ ചൈന അവരുടെ രാജ്യത്തെ മുസ്ലിങ്ങളോട് കാട്ടിക്കൂട്ടുന്ന ചെയ്തികൾ കണ്ടതായി ഭാവിക്കുന്നതേയില്ല. കാരണം ഇസ്ലാമിക രാഷ്ട്രങ്ങളിൽ ചെറുതല്ലാത്ത ഒരു വിഭാഗം ചൈനയുടെ ബൽറ്റ് ആൻ്റ് റോഡ് പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്