അനവധി വരുമാന സ്രോതസുകളണ്ടായിട്ടും കടം വാങ്ങുന്നതിൽ കുറവൊട്ടും വരത്താത്ത കെടുകാര്യസ്ഥ ധന പരിപാലനത്തിലാണ് കേന്ദ്രം! അതേസമയം പരിമിതമായ വരുമാന സ്രോതസുകളുള്ള സംസ്ഥാനങ്ങളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുന്നതിൽ കേന്ദ്രം പ്രത്യേകം ഊന്നൽ നൽകുന്നുവെന്നത് അപഹാസ്യം – കെ.കെ ശ്രീനിവാസൻ എഴുതുന്നു
The Center is in unprofessional financial management despite having multiple sources of income which has not resulted in any shortfall in borrowing! At the same time, it is a travesty that the Center is emphasizing teaching fiscal discipline to states with limited revenue sources – writes KK Srinivasan

മോദി സർക്കാർ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ അപ്രസക്തമാക്കുന്നു വെന്നതിൻ്റെ ഉദാഹരണങ്ങളേറെ. വരുമാന സ്രോതസുകളെന്ന നിലയിൽ പൊതു ആസ്തികളെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് ബാങ്ക് വായ്പ നൽകുന്നത് കേന്ദ്ര സർക്കാർ നിറുത്തലാക്കുന്നു[1] വെന്നതാണ് ഈ ദിശയിൽ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. സംസ്ഥാന സർക്കാരുകൾ അവയുടെ പരമാധികാര സ്വത്തുക്കൾ പണയപ്പെടുത്തി വായ്പ യെടുക്കുന്നതിലെ കേന്ദ്ര സർക്കാരിൻ്റെ ആശങ്കയാണ് ഈ നീക്കത്തിന് പിന്നിൽ. മുനിസിപ്പൽ പാർക്കുകൾ, കളക്ടർ ഓഫീസ്, താലൂക്ക് ഓഫീസ്, കോടതികൾ, ആശുപത്രികൾ തുടങ്ങിയ സംസ്ഥാന ആസ്തികൾ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാൻ ഈടായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം വായ്പകളിൽ ഭൂരിഭാഗവും എസ്ബിഐയുൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളാണ് നൽകിയിട്ടുള്ളത്. ഈ രീതി തുടരാനാകില്ലെന്നാണ് കേന്ദ്രധന മന്ത്രാലയത്തിൻ്റെയും റിസർവ്വ് ബാങ്കിന്റെയും നിലപാട്.
ഭരണഘടന ആർട്ടിക്കിൾ 293 (3) പ്രകാരം സംസ്ഥാന സർക്കാരുകൾ പുതിയ കടമെടുക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഓരോ സംസ്ഥാനവും നിലവിൽ കേന്ദ്രത്തോട് കടപ്പെട്ടിരിക്കുന്നു. അതിനാൽ സംസ്ഥാനങ്ങൾ വായ്പയെടുക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ബജറ്റിലുൾപ്പെടാതെ (off-budget) പൊതുസ്വത്ത് ഈട് നൽകി വായ്പ തരപ്പെടുത്തിയുള്ള ഫണ്ടുശേഖരണവും അതിൻ്റെ ചെലവഴിയ്ക്കലും പാർലമെന്റിന്റെ നിയന്ത്രണത്തിന് വിധേയമാകുന്നില്ലെന്നതിൻ്റെ ആശങ്ക 2019-ലെ സിഎജി റിപ്പോർട്ട് അടിവരയിട്ടിരുന്നു.
പെരുകുന്ന വിദേശ കടം
സംസ്ഥാനങ്ങൾ കടമെടുക്കുന്ന ഏറെക്കുറെ സമാന രീതിയിൽ രാജ്യം വിദേശ കടം സ്വീകരിക്കുന്നുണ്ടല്ലോ. 2022 മാർച്ച് അവസാനത്തിൽ രാജ്യത്തിൻ്റെ വിദേശ കടം 620.7 ബില്യൺ യുഎസ് ഡോളർ. 2021 മാർച്ചിനെ അപേക്ഷിച്ച് 47.1 ബില്യൺ വർദ്ധനവ്[2]! ഭരണാധികാരികളുടെ ജാമ്യവ്യവസ്ഥയിന്മേലല്ലല്ലോ വിദേശ ധനകാര്യ ഏജൻസികൾ രാഷ്ട്രങ്ങൾക്ക് വായ്പ അനുവദിക്കുന്നത്. പരമാധികാര രാഷ്ട്ര ആസ്തികളെ ആധാരമാക്കി തന്നെയാണ് രാഷ്ട്രങ്ങൾക്ക് വിദേശ കടങ്ങൾ അനുവദിക്കപ്പെടുന്നത്. അതായത് സംസ്ഥാനങ്ങൾ കടമെടുക്കുന്ന അതേ രീതിയിൽ തന്നെയാണ് രാഷ്ട്രവും വിദേശ വായ്പകൾ തരപ്പെടുത്തുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ഇനിമുതൽ പക്ഷേ സംസ്ഥാനങ്ങളെ വിലക്കുന്നുവെന്നത് അഭലക്ഷണീയമല്ല. ആസ്തികളെ ആധാരമാക്കിയുള്ള വായ്പയെടുക്കുന്നതിനുള്ള വിലക്ക് സംസ്ഥാന ഭരണ സംവിധാന നടത്തിപ്പ് – മൂലധന ച്ചെലവുകളെ പ്രതികൂലമായി ബാധിക്കും. ബജറ്റ് വിഹിതത്തിനുമപ്പുറം സംസ്ഥാന സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനുള്ള സാധ്യതയുമാണ് ഇല്ലാതാക്കപ്പെടുന്നത്.
വായ്പയെടുക്കൽ റവന്യൂ കമ്മിയിലും ധനക്കമ്മിയിലും പ്രതിഫലി ച്ചേക്കും. വായ്പയെടുക്കൽ ധന ഉത്തരവാദിത്ത നിയമം (Fiscal Responsibility and Budget Management Act-2003 ) സംസ്ഥാനങ്ങൾ ലംഘിക്കുന്നുവെന്ന അവസ്ഥയാണ് സൃഷ്ടിക്കുക. ജിഡിപിയുടെ മൂന്നു ശതമാനത്തി ലധികരിയ്ക്കരുത് ധനക്കമ്മിയെന്ന് ധന ഉത്തരവാദിത്ത നിയമം നിഷ്കർഷിക്കുന്നുണ്ട്. ഈ നിയമം പരിപാലിക്കുന്നതിൻ്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങൾ മാത്രമെന്ന ശാഠ്യത്തിലാണ് യൂണിയൻ സർക്കാർ. കേന്ദ്രത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നത് വിസ്മരി ക്കപ്പെടരുത്. കേന്ദ്രം പക്ഷേ അവരുടെ സൗകര്യാർത്ഥം ഈ നിയമം ലംഘിക്കുന്നു!
ധനഉത്തരവാദിത്തനിയമം കാറ്റിൽപറത്തി കേന്ദ്രം
ജിഡിപിയുടെ മൂന്നു ശതമാനമെന്ന ധനക്കമ്മി ലക്ഷ്യത്തിൽ നിന്ന് 2017-ൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പിന്നോട്ടുപോയി. പകരം എൻകെ സിങ് കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിച്ച 3.2 ശതമാനമായി ലക്ഷ്യം. പക്ഷേ ഇക്കാ ര്യത്തിൽ ആക്ട് ഭേദഗതിയിലൂടെ ധനക്കമ്മി ലക്ഷ്യത്തിൽ മാറ്റം വരു തേണ്ടതായിരുന്നുവെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) അഭിപ്രായപ്പെട്ടു. തുടർന്ന് കേന്ദ്ര സർക്കാരിൻ്റെ ഭേദഗതി. ഇതാകട്ടെ കേന്ദ്ര സർക്കാരിന് ധനക്കമ്മി ലക്ഷ്യം 50 ബേസിസ് പോയിന്റ് വരെ അല്ലെങ്കിൽ 0.5 ശതമാനം വരെ ഇളവ് ചെയ്യാമെന്ന രക്ഷാ ഉപാധിയായി (Escape clause). ഇതുപ്രകാരം നിലവിലെ ധനമന്ത്രി 2020 സാമ്പത്തിക വർഷത്തിലെ ധനക്കമ്മി 3.8 ശതമാനമായി പരിഷ്കരിച്ചു. വൈകാതെ ഇതും ഒഴിവാക്കി.
നിലവിലെ പരിധി മറികടന്ന് ഉയർന്ന ധനക്കമ്മിയെന്നതിനായ് ധന ഉത്തരവാദിത്ത നിയമം ഭേദഗതി ചെയ്യുകയെന്നതായി കേന്ദ്ര സർക്കാർ നീക്കം. ധനക്കമ്മി 2021-22 ൽ ജിഡിപിയുടെ 6.8 ശതമാനമെന്നതിലാണ് ലക്ഷ്യമിട്ടത്. ഈ സാമ്പത്തിക വർഷത്തിൽ ജിഡിപിയിൽ ധനക്കമ്മി 6.4 ശതമാനമായി കേന്ദ്ര ബജറ്റ് പ്രവചിച്ചിരുന്നു. അതായത് ധന ഉത്തര വാദിത്ത നിയമം പാലിക്കാൻ യൂണിയൻ സർക്കാരിന് തന്നെ കഴി യുന്നില്ല*. അതിലുപരി ധനകമ്മിയും കറണ്ട് അക്കൗണ്ട് കമ്മിയും പരിധിക്കുള്ളിൽ നിലനിർത്തി വളർച്ചയും മാക്രോ-ഇക്കണോമിക് സ്ഥിരതയും നിലനിർത്തുന്നതിലും സന്തുലിതമാക്കുന്നതിലും കേന്ദ്ര സർക്കാരിൻ്റെ ധന്യകാര്യ പിടിപ്പുക്കേട് ശ്രദ്ധേയം.
കേന്ദ്രത്തിന്റെ കടം 620.7 ബില്യൺ യുഎസ് ഡോളറിലേക്ക് ഉയർന്നുവെന്നത് കാണേണ്ടതുണ്ട്. വിദേശ കടം ജിഡിപിയുടെ 19.9 ശതമാനത്തിൽ! രാജ്യത്തിൻ്റെ വിദേശ കടത്തിൻ്റെ ഗ്രാഫ് കുതിക്കുന്നിടത്ത് കേന്ദ്രത്തിൻ്റെ സാമ്പത്തിക അച്ചടക്കമില്ലാഴ്മ. ബജറ്റിനുപുറത്ത് (off-budget) പൊതുസ്വത്ത് ഈട് നൽകി യഥേഷ്ടം വിദേശവായ്പ തരപ്പെടുത്തിയുള്ള ഫണ്ടുശേഖരണവും ചെലവഴിയ്ക്കലും കേന്ദ്രത്തിനാകമത്രെ ! സാമ്പത്തിക അച്ചടക്കമില്ലാഴ്മയുടെ പേരിൽ സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രം വടിയെടുക്കുന്നതിലെ അനൗചിത്യം ഇവിടെ കാണാതെ പോകേണ്ടതില്ല. ഇതിനർത്ഥം മോശം സാമ്പത്തിക മാനേജ്മെൻ്റെന്ന പേരിൽ സംസ്ഥാന സർക്കാരുകളെ നിയന്ത്രിക്കുവാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്രത്തിൻ്റെ ധനകാര്യ മാനേജ്മെൻ്റും ആശാവഹമല്ലെന്ന അവസ്ഥയിലാണെന്നല്ലേ?
കടമെടുക്കുന്നതിൻ്റെ ഭവിഷ്യത്തുക്കൾ സ്വഭാവികം. കേന്ദ്ര സർക്കാരിനും ഇത് ബാധകമാണ്. അതിനാൽ വായ്പകൾ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അത് കേന്ദ്രമായാലും സംസ്ഥാന സർക്കാരുകളായാലും ഒരുപോലെയായിരിക്കണമെന്ന് പറഞ്ഞാലത് അധികപറ്റാകില്ല. ഒന്നാമതായി കേന്ദ്രം അതിന്റെ ധനകാര്യ മാനേജ്മെൻ്റിൽ മാതൃകയാകണം. അതുവഴി മികവുറ്റ ധനകാര്യ മാനേജ്മെന്റ് ദിശയിൽ സംസ്ഥാനങ്ങൾക്ക് വഴികാട്ടിയാകാൻ കേന്ദ്രത്തിനാകണം. ഇതിനു പകരം പക്ഷേ കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ ദുർബ്ബലപ്പെടുത്തുന്ന ചെയ്തികളിലാണ് കേന്ദ്രം.
എല്ലാ അർത്ഥത്തിലും അധികാരം കേന്ദ്രീകര ണമെന്നതിൽ തന്നെയാണ് കേന്ദ്ര സർക്കാർ ഊന്നൽ. കോപ്പറേറ്റീവ് ഫെഡറലിസമെന്ന് പറയുമ്പോൾ തന്നെ സാമ്പത്തിക കാര്യങ്ങളിൽ സംസ്ഥാനങ്ങൾ കേന്ദ്രത്തിൻ്റെ ആശ്രിതവലയത്തിനകത്തു നിന്ന് ഒരിഞ്ചുപോലും വൃതിചലിക്കുവാൻ അനുവദിക്കുകയില്ലെന്ന നിർബ്ബ ബുദ്ധിയിലാണ് കേന്ദ്രം. സാമ്പത്തിക അച്ചടക്കം നിഷ്കർഷിക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വത്വസംസ്ഥാപന ശ്രമങ്ങളെ കേന്ദ്രം ദുർബ്ബലപ്പെടുത്തുകയാണെന്ന സംശയം അസ്ഥാനാത്താകുന്നില്ല.
ദേശീയ സമ്പദ്വ്യവസ്ഥ ചലനാത്മകമോ?
സമ്പദ്വ്യവസ്ഥയെ ചലനാത്മകമാക്കുന്നതിനായി കടമെടുക്കുന്നത് ദോഷ കരമാണെന്ന് കണക്കാക്കേണ്ടതില്ല. ഭരണസംവിധാനം ചലിപ്പിക്കു ന്നതിനായ് പ്രതിജ്ഞാബദ്ധ ചെലവുകൾ ( Committed Expenditure) സ്വാഭാവികമാണ്. ഇപ്പോൾ കേന്ദ്രം ഡിഎയിൽ 4 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചു. ഇത് കേന്ദ്രത്തിൻ്റെ പ്രതിജ്ഞാബദ്ധ ചെലവുകളിൽ പ്രതിഫലിപ്പിക്കും. അതേസമയം വർദ്ധിച്ച ശമ്പളാനുകൂല്യങ്ങൾ വിപണിയിലെ പണലഭ്യത വർദ്ധിപ്പിക്കാൻ സഹായകകരമാകും. ഇത് സമ്പദ്വ്യവസ്ഥയെ ചലനാ ത്മകമാക്കുമല്ലോ. അതിനാൽ സംസ്ഥാനങ്ങളുടെ പ്രതിജ്ഞാബദ്ധ ചെ ലവുകൾ അധിക ചെലവെന്ന രീതിയിൽ അപ്പാടെ വക്രീകരിക്ക പ്പെടുന്നതിൽ ശരിക്കേടുണ്ട്.
കേന്ദ്രം പരിപാലിക്കുന്ന ദേശീയ സമ്പദ്വ്യവസ്ഥ യഥാർത്ഥത്തിൽ ചലനാത്മകമാണോ? ഇന്ത്യൻ ആഭ്യന്തര വിപണി ദയനീയാവസ്ഥയി ലാണെന്ന് ഒരു പഠനം പറയുന്നു. വരുമാന നഷ്ടം സൃഷ്ടിച്ച മഹാമാ രിയുടെ വെളിച്ചത്തിൽ പൊതുജനങ്ങളുടെ വാങ്ങൽ ശേഷി ദുർബ്ബലമായി. അതിനാൽ ദ്രവ്യത (liquidity) വിപണിയിലേക്ക് പമ്പ് ചെയ്യപ്പെടുന്നില്ല. രാജ്യത്തിൻ്റെ പൊതുകടമേറുന്നതിനോടൊപ്പം വ്യക്തിഗത ഗാർഹിക കടം ജിഡിപിയുടെ 37.1 ശതമാനമായി കുതിച്ചുവെന്നും സമ്പാദ്യം 10.4 ശതമാനമായി കൂപ്പുകുത്തിയെന്നും ആർബിഐ റിപ്പോർട്ട്[3]. ഗാർഹിക കടവും സമ്പാദ്യവും തമ്മിലുള്ള അന്തരമേറുന്നതിനൊപ്പം ഉയർന്ന പണപ്പെരുപ്പത്തിന് വിധേയമായി കുതിച്ചുയരുന്ന ജീവിതച്ചെലവ്. ദൈനംദിന അടിസ്ഥാന ആവശ്യങ്ങൾ നിവൃത്തിക്കുന്നതിനു പോലും തരപ്പെടുന്ന വരുമാനം തികയാത്തവസ്ഥ. ഗാർഹിക കടബാധ്യത പക്ഷേ നാൾക്കുനാൾ കൂടിക്കൊണ്ടി രിക്കുകയാണ്.
2022 – 23 സാമ്പത്തിക വർഷത്തിൽ വ്യക്തിഗത ബാങ്ക് വായ്പ ആവശ്യക്കാർ ഏറുന്നുവെന്ന് സെൻ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്ണോമി പറയുന്നു ( Data Point: Personal bank Loans surge: CMIE, Hindu: 05 Aug 2022, pg 7). പരിമിതമായ വരുമാനം ബാങ്ക് വായ്പാ തിരിച്ചടവിനായ് മാത്രം മാറ്റിവയ്ക്കപ്പെടുന്നു! ഈയവവസ്ഥയിൽ ബഹുഭൂപരിപക്ഷം വരുന്ന സാധാരണക്കാരുടെ – തൊഴിലാളികളുടെ – പാർശ്വവൽകൃതരുടെ ക്രയശേഷി ശോഷിപ്പിക്കപ്പെടുന്നുവെന്നത് വിപണിയിൽ നിഷേധാത്മകമായി പ്രതിഫലിച്ചേക്കുമെന്നത് പ്രത്യേകിച്ച് പരാമർശിക്കേണ്ടതില്ലല്ലോ. സംസ്ഥാനങ്ങളുടെ ധനകാര്യ മാനേജ്മെൻ്റിനെ നല്ല നടപ്പു പഠിപ്പി ക്കുന്നതിൽ വ്യാപൃതരായിട്ടുള്ള കേന്ദ്രം പരിപാലിക്കുന്ന ദേശീയ സമ്പദ്വ്യവസ്ഥ പ്രതിസന്ധിലകപ്പെട്ട് ചലനാത്മകമാകുന്നില്ലെന്നതിൻ്റെ സൂചനകൾ തന്നെയാണ് ഇവിടെ പ്രകടമാകുന്നത്.
പരുങ്ങലിലാകുന്ന സംസ്ഥാനങ്ങൾ
മഹാമാരി, ജിയോ പൊളിറ്റിക്കൽ പ്രതിസന്ധി തീർത്ത ചരക്കു നീക്ക സ്തംഭനാവസ്ഥ ധന പ്രതിസന്ധിക്ക് ആക്കം കൂട്ടുവാൻ കാര ണമായിയെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ചില സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി. അത് അതാത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ ചെലവുകൾക്കായി ഫണ്ട് കണ്ടെത്തുകയെന്നത് സംസ്ഥാനങ്ങൾക്ക് ഒട്ടും എളുപ്പമാകില്ല. പക്ഷേ ഈ പ്രതികൂലഘട്ടത്തിൽ കടമെടുക്കുവാനുള്ള സംസ്ഥാനങ്ങളുടെ സാധ്യതകൾ കേന്ദ്രം അടക്കുന്നുവെന്നത് സംസ്ഥാനങ്ങളെ ഏറെ കുഴയ്ക്കിയേക്കും.
സംസ്ഥാന ചെലവ് ആവശ്യകതകൾ വർദ്ധിക്കുന്ന സാഹചര്യത്തിനൊത്ത് വരുമാനമുയരുന്നില്ലെന്നിടത്താണ് സമ്പദ്വ്യവസ്ഥയുടെ വേഗത ത്വരിതപ്പെടുത്തുന്നതിനു ഉത്തേജകമായി കടമെടുക്കൽ കണക്കാക്കപ്പെടുന്നത്. ഇത് സമ്പദ്വ്യവസ്ഥയിൽ ബഹുതല അനുകൂല ഫലങ്ങൾ സൃഷ്ടിച്ചേക്കും. ഇത്തരം സാമ്പത്തിക ശാസ്ത്ര വസ്തുതകൾ കണക്കിലെടുക്കാതെയാണ് കടമെടുക്കുവാനുള്ള സംസ്ഥാന സാധ്യതകൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നത്. ഇവിടെ സംസ്ഥാനങ്ങളുടെ മോശം ധന മാനേജ്മെന്റിന് തിരുത്തെന്ന പേരിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ കൂടുതൽ സാമ്പത്തിക പ്രതിന്ധിയിലകപ്പെടുത്തുന്നു. ഭരണഘടനയുടെ പതിനൊന്നാം ഭാഗത്തിൽ പരാമർശിച്ചിരിക്കുന്ന കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ യഥാർത്ഥ ആത്മാവിന്റെ നഗ്നമായ ലംഘനമല്ലാതെ മറ്റൊന്നുമല്ലയിത്. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ അന്തഃസത്ത അട്ടിമറിച്ച് അധികാര കേന്ദ്രീകരണത്തിനുള്ള തന്ത്രങ്ങളാണ് കേന്ദ്രം പ്രയോഗിക്കുന്നത്.
എഴുതിതള്ളിയത് 10.5 ലക്ഷം കോടി
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 10.5 ലക്ഷം കോടി രൂപ ബാങ്കുകൾ എഴുതിതള്ളിയെന്ന് ധനമന്ത്രി ഇക്കഴിഞ്ഞ പാർലമെൻ്ററിൻ്റെ വർഷക്കാല സമ്മേളനത്തിൽ വ്യക്തമാക്കി. കൃഷി ചെലവിന് ആനുപാതികമായി വിളകൾക്ക് വില കിട്ടാതെ കടത്തിൽ മുങ്ങി പിടിച്ചുനിൽക്കുവാനാകാതെ ആത്മഹത്യക്ക് നിർബ്ബന്ധിക്കപ്പെടുന്ന കർഷകരുടെ വായ്പകളല്ല എഴുതിതള്ളിയത്. കോർപ്പറേറ്റുകളുടേതാണ്. കോടികളുടെ വായ്പ കോർപ്പറേറ്റുകളിൽ നിന്ന് തിരിച്ചുപിടിയ്ക്കാതിരി ക്കുന്നത് ഭരണകൂട-കോർപ്പറേറ്റു അവിശുദ്ധബന്ധത്തിൻ്റെ പ്രതിഫ ലനമെന്ന് പറയുവാൻ നിർബ്ബന്ധിക്കപ്പെടുന്നുണ്ട്. അതേസമയം രാജ്യ ത്തിൻ്റെ സമ്പദ് വ്യവസ്ഥ താറുമാറാക്കുംവിധമുള്ള ഗുരുതരമായ സാമ്പത്തിക മാനേജ്മെൻ്റു് വീഴ്ചയെന്ന നിലയിലും കടം എഴുതിതള്ളൽ വിലയിരുത്തപ്പെണം. കേന്ദ്ര സർക്കാർ പിന്തുടരുന്ന സാമ്പത്തിക ദുർന ടപ്പിൻ്റെ ഒന്നാംതരം ലക്ഷണം തന്നെയാണിത്.
ആദായ നികുതിയിനത്തിൽ 21 ലക്ഷം കോടി രൂപയിലേറെ ഇനിയും പിരിച്ചെടുക്കുവാനായിട്ടില്ല. ഇതിനായ് കൃത്യമായ ആക്ഷൻ പ്ലാൻ പോലും രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനായിയിട്ടില്ല! ദിവസങ്ങൾക്ക് മുമ്പ് (2022 ആഗസ്ത് 03) പാർലമെന്റിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അവതരിപ്പിച്ച റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്[4]. അതേസമയം പെരുംകടത്തിൽ മുങ്ങിനിൽക്കുമ്പോൾ തന്നെ ജനങ്ങളുടെ ക്ഷേമകാര്യ പ്രവർത്തന ങ്ങൾക്കെന്ന പേരിൽ റോഡ് – റയിൽ – വിമാനതാവളം – ഊർജ്ജം – പൊതുമേഖല യൂണിറ്റുകളുൾപ്പെടെ അടിസ്ഥാന സൗകര്യ ആസ്തികൾ വിറ്റുകാശാക്കുന്ന നാഷണൽ മോനിറ്റൈസേഷൻ പൈപ്പ് ലൈൻ (Nation Monetisation Pipeline – NMP) സ്കീമിനും മോദി സർക്കാർ രൂപകല്പന ചെയ്തിട്ടുണ്ട്. 2021 ആരംഭിച്ച് 2025 നകം ആറു ലക്ഷം കോടി രൂപ സമാഹരണമാണ് ലക്ഷ്യം. 2021-22 സാമ്പത്തിക വർഷത്തിൽ 97000 കോടി രൂപയുടെ ആസ്തികൾ വിറ്റു. നടപ്പുസാമ്പത്തിക വർഷത്തിൽ 1.62 കോടി രൂപയുടെ ആസ്തികൾ വിൽക്കുമെന്നാണ് പാർലമെൻ്ററിൻ്റെ ഇക്കഴിഞ്ഞ കാലവർഷ സമ്മേളനത്തിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി[5].
എൻഎംടി പ്രകാരം പൊതുസ്വത്ത് നിസ്സാര വിലക്ക് തങ്ങളുടെ ഇഷ്ടക്കാർക്ക് വിൽക്കുന്നു! നിസ്സാര വിലക്ക് പൊതുസ്വത്ത് സ്വന്തമാക്കു ന്നതിന് സൗകര്യം ചെയ്തുകൊടുക്കുന്നതിന് കോർപ്പറേറ്റുകളുടെ പ്രത്യുപകാരമായ ഇലക്ട്രൽ ബോണ്ടിലൂടെ കോടികളുടെ സംഭാവന ബിജെപിയുടെ അക്കൗണ്ടിലെത്തുന്നവെന്നത് സർവ്വരും കാണുന്നുണ്ടെന്ന് മോദി വൃന്ദം തിരിച്ചറിയണം. പൂച്ച കണ്ണടച്ച് പാൽ കുടിക്കുന്നതിൽ കാര്യമില്ല.
കേന്ദ്ര വരുമാന സ്രോതസുകളേറെ
കോപ്പറേറ്റീവ് ഫെഡറലിസത്തിലെ ശുഭസൂചനയായ വിലയിരുത്തപ്പെടുന്നതാണെല്ലോ ജിഎസ്ടി. ഇത് നികുതി പങ്കുവയ്ക്കലിൻ്റെ ഉദാത്ത ലക്ഷണമത്രെ. എന്നാൽ കേന്ദ്രത്തിൻ്റെ കയ്യിലെത്തുന്ന ജിഎസ്ടി പങ്കിടൽ കേന്ദ്രത്തിൻ്റെ സൗകര്യാർത്ഥം തോന്നുംപടിയെന്നവസ്ഥ! പങ്കിനായ് കെഞ്ചുമ്പോൾ ഔദാര്യമെന്ന നിലയിലാണ് ജിഎസ്ടി പങ്ക് സംസ്ഥാനങ്ങൾക്ക് അനുവദിക്കപ്പെടുന്നത്. കൃത്യമായ വേളയിൽ ഇത് നൽകുന്നുവെങ്കിൽ സംസ്ഥാനങ്ങൾക്ക് കടമെടുപ്പ് ഏറെക്കുറെ ഒഴിവാക്കി ധനസ്ഥിതി പരിപാലനം മുന്നോട്ടു കൊണ്ടുപോകാനായേക്കും.
പ്രത്യേക സെസ്, സർച്ചാർജ് എന്ന പേരിൽ സംസ്ഥാനങ്ങൾ ജനങ്ങളിൽ പിരിച്ചെടുത്ത് കേന്ദത്തിന് കൈമാറുന്നു. ഇതിൽ സംസ്ഥാനങ്ങൾക്ക് വിഹിതമേയില്ല! ഇതിനെല്ലാം പുറമെയാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ൻ ലൈൻ മുഖേനെ പൊതു ആസ്തികൾ വിറ്റ് ഫണ്ടു സമാഹരണം. പൊതുമേഖല ബാങ്കുകമുൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭവിഹിതവും കേന്ദ്ര സർക്കാരിൻ്റെ വരുമാന സ്രോതസുകളായുണ്ട്. ഇത്തരത്തിൽ അനവധി വരുമാന സ്രോതസുകളണ്ടായിട്ടും കടം വാങ്ങുന്നതിൽ കുറവൊട്ടും വരത്താത്ത കെടുകാര്യസ്ഥ ധന പരിപാലനത്തിലാണ് കേന്ദ്രം! അതേസമയം പരിമിതമായ വരുമാന സ്രോതസുകളുള്ള സംസ്ഥാനങ്ങളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുന്നതിൽ കേന്ദ്രം പ്രത്യേകം ഊന്നൽ നൽകുന്നുവെന്നത് അപഹാസ്യമാകാതിരിയ്ക്കാൻ തരമില്ല.
കേന്ദ്രത്തിൻ്റെ സാമ്പത്തിക പിടിപ്പുകളുടെ പ്രതിഫലനമായ ഉയർന്ന പണപ്പെരുപ്പത്തിൽ രാജ്യത്തെ ജനങ്ങൾ വലയുകയാണ്. എന്നാൽ ചില സംസ്ഥാനങ്ങൾ പണപ്പെരുപ്പം സൃഷ്ടിച്ച വിലക്കയറ്റത്തെ പിടിച്ചുനിറുത്തുവാനുള്ള സാമ്പത്തിക ഇടപ്പെടൽ നടത്തുന്നു. ഇതിനായുൾപ്പെടെ ഫണ്ട് കണ്ടെത്തുക ആയാസകരമാണ്. വായ്പയെടുത്തു പോലും ജനക്ഷേമ കാര്യങ്ങൾക്കായ് ചെലവവഴിക്കപ്പെടുക സഭാവികം. ഇത്തരം വായ്പയെടുക്കൽ സാധ്യതകളെ ഇല്ലാതാക്കുമ്പോൾ തങ്ങൾക്കാകാത്ത ജനക്ഷേമ കാര്യങ്ങൾ ചെയ്യാൻ മുന്നോട്ടുവരുന്ന സംസ്ഥാന സർക്കാരുകളെ സാമ്പത്തിക അച്ചടക്കമില്ലാഴ്മയുടെ പേരിൽ കേന്ദ്രം ബുദ്ധിമുട്ടി ലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
യഥാർത്ഥത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശം കവർന്നെടുക്കപ്പെടുന്നിടത്ത് അടിസ്ഥാന ഭക്ഷണ പദാർത്ഥങ്ങളായ അരി, പാൽ, തൈര്,വീട്ടുവാടക തുടങ്ങിയവയ്ക്കു പോലും നികുതി ചുമത്തുന്ന മോദി സർക്കാർ ജനങ്ങളെ ഏറെ ദുരിതത്തില കപ്പെടു ത്തുകയാണ്.
കോർപ്പറേറ്റ് നികുതിയിളവ്– വാരിക്കോരിവായ്പ
കോർപ്പറേറ്റുകൾക്ക് നികുതിയിളവ് ഈ സാമ്പത്തിക വർഷം അഞ്ചു ലക്ഷം കോടി രൂപ! രാജ്യം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടു് നട്ടംതിരിയുന്ന ഈ വേളയിൽ പോലും കോർപ്പറേറ്റു നികുതിയിളവ് ചെറുതായെങ്കിലും കുറയ്ക്കുവാൻ മോദി സർക്കാർ തയ്യാറല്ല. കോർപ്പറേറ്റുകൾ സമ്പദ് വ്യവസ്ഥക്ക് തുണയെന്ന ന്യായീകരണത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ വൻതോതിൽ നികുതിയിളവ് ആനുകൂല്യം ആസ്വദിക്കുന്ന ഈ കോർപ്പറേറ്റുകൾ സമ്പദ് വ്യവസ്ഥയെ പുഷ്ഠിപ്പെടുന്നതിൽ എന്ത് സംഭാവന നൽകുന്നുവെന്നതിൽ വ്യക്തതയേ യില്ല.
രാജ്യത്തിൻ്റെ ഏറ്റവും പ്രധാന ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനിക്ക് വായ്പയായി നൽകുന്നത് 14000 കോടി രൂപ. രാജ്യത്തിൻ്റെ പുത്തൻ സഹസ്രകോടിശ്വരൻ അദാനിയെ പോലുള്ള വൻകിട കോർപ്പ റേറ്റുകൾക്ക് വൻതോതിൽ വായ്പ യഥേഷ്ടം. അർഹിയ്ക്കാത്ത അമിത നികുതി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനു പുറമെയാണ് കോർ പ്പറേറ്റുകൾക്ക് വാരിക്കോരി വായ്പകൾ നൽകപ്പെടുന്നത്. പക്ഷേ വായ്പകൾ തിരിച്ചടച്ചില്ലെങ്കിൽ കോർപ്പറേറ്റുകൾക്കെതിരെ സർഫാസി നിയമം പ്രയോഗിക്കപ്പെടുന്നതായി കാണുന്നില്ല. പകരം ബേഡ് ലോണാക്കി, നിഷ്ക്രിയ ആസ്തിയാക്കി വായ്പകൾ എഴുതിതള്ളുന്നു! ഇതുമൂലം സമ്പദ് വ്യവസ്ഥക്കുണ്ടാകുന്ന ബാധ്യതയെപ്രതി ആവലാതിപ്പെടുവാൻ കേന്ദ്ര സർക്കാരും അവരുടെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും തയ്യാറാകുന്നതേയില്ല. സമ്പദ് വ്യവസ്ഥയെ അവതാളത്തിലാക്കി സഹസ്രകോടികൾ നഷ്ടപ്പെടുത്തിയുള്ള വായ്പാ എഴുതിതള്ളൽ സാമ്പത്തിക മാനേജ്മെൻ്റിലെ ഗുരുതരമായ പിടിപ്പുകേടല്ലാതെ മറ്റെന്താണ്? കേന്ദ്രസർക്കാരും ആർബിഐയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. അതേസമയം സംസ്ഥാനങ്ങൾക്ക് വായ്പ നൽകുന്നതിൽ നിന്ന് ബാങ്കുകളെ വിലക്കുന്നതിൽ കേന്ദ്ര സർക്കാർ ജാഗ്രത കാണിക്കുന്നുവെന്നത് വിചിത്രം.
ഗ്ലോബൽ റിസ്ക് റിപ്പോർട്ട്
ഗ്ലോബൽ റിസ്ക് റിപ്പോർട്ട് – 2022[6] ഇന്ത്യയെ ഏറ്റവും ഉയർന്ന അപകട സാധ്യതാപട്ടികയിലാണുൾപ്പെടുത്തിയിട്ടുള്ളത്. അന്തർ സംസ്ഥാന ബന്ധങ്ങളിലെ ഭിന്നത, കടക്കെണി, നിരാശബോധത്തിലകപ്പെട്ടുഴലുന്ന യുവജനങ്ങൾ, സാങ്കേതിക ഭരണ പരാജയം, ഡിജിറ്റൽ അസമത്വം എന്നീ അഞ്ച് ഘടകങ്ങളെ ആധാരമാക്കിയുള്ളതാണ് റിസ്ക് റിപ്പോർട്ട്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ എക്സിക്യൂട്ടീവ് അഭിപ്രായ (ഇഒഎസ്) – ഗ്ലോബൽ റിസ്ക് പെർസെപ്ഷൻ (Global Risks Perception Survey – GRPS) സർവേകളിലെ കണ്ടെത്തലുകളുടെ സമാഹരണമാണ് ഈ റിപ്പോർട്ട്. സാമ്പത്തിക മാനേജ്മെൻ്റ് കാര്യക്ഷമല്ലെന്ന് പെരുപ്പിച്ച് സംസ്ഥാനങ്ങളെ നല്ല ചട്ടം പഠിപ്പിയ്ക്കുന്ന മോദി സർക്കാർ രാജ്യത്തെ ഭരിഭരിച്ച് അപകടത്തിലാക്കിയെന്നതറിയാൻ ഗ്ലോബൽ റിസ്ക് റിപ്പോർട്ട് റിപ്പോർട്ട് തന്നെ ധാരാളം.
*കടപ്പാട്: ഡോ. സെബാസ്റ്റ്യൻ ചിറ്റലിപ്പിള്ളി
[1] (https://timesofindia.indiatimes.com/business/india-business/banks-told-to-stop-funding-states-using-future-revenue/articleshow/93040310.cms
[2] https://www.rbi.org.in/Scripts/BS_PressReleaseDisplay.aspx?prid=53948#:~:text=The%20major%20developments%20relating%20to,March%202022%20are%20presented%20below.&text=At%20end%2DMarch%202022%2C%20India’s,March%202021%20(Table%201)
[3] https://www.hindustantimes.com/business/household-debt-soars-to-37-1-of-gdp-savings-plunge-10-4-in-q2-rbi-report-101616317703515.html
[4] Devise action plan to recover tax arrears, Hindu: 04 Aug 2022, page 12
[5] Infra worth ₹1.62 lakh Cr. to be monetised in FY23, Hindu 09.08.2022, pg 14
[6] https://www3.weforum.org/ docs/WEF_The_Global_Risks_Report_2022.pdf