കെ.കെ ശ്രീനിവാസൻ
ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ. ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ. ഇതിനാകുന്നില്ലെങ്കിലത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പരിസമാപ്തിയായിരിക്കും കുറിയ്ക്കുക. ഈ അനിവാര്യഘട്ടത്തിൽ ഹിന്ദുത്വ അധികാര രാഷ്ട്രീയത്തെ മറികടക്കാൻ ഹിന്ദുയിസത്തിൻ്റെ അധികാര രാഷ്ട്രീയ സാധ്യതകൾ സൂക്ഷമതയോടെ പരിശോധിച്ച് കോൺഗ്രസിന് പ്രയോജനപ്പെടുത്താവൂന്നതാണ്
Secularism is inherent in Indian democracy. It is, however, set apart from the broader Indian democratic stream! It is not auspicious to feel that minorities are the only beneficiaries of secularism in a pluralistic democratic system. Beneficiaries of that created feeling are the Sangh Parivar powers that rule the country…..KK Sreenivasan writes
അടുത്ത 30-40 വർഷം വരെ ബിജെപി യുഗമായിരിക്കും – ഈ വർഷം ജൂലായ് രണ്ടിന് ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. 2019 -ൽ വിജയിച്ചാൽ അടുത്ത 50 വർഷവും ഞങ്ങൾ അധികാരത്തിൽ തുടരും. ആർക്കും ഞങ്ങളെ പുറത്താക്കാൻ കഴിയില്ല – ബിജെപി ദേശീയ എക്‌സിക്യൂട്ടീവിൽ (2018 സെപ്തംബർ 9, ദില്ലി) അധ്യക്ഷൻ അമിത് ഷാ. 2018 – ൽ അമിത്ഷാ പ്രകടിപ്പിച്ച ആത്മവിശ്വാസം 2019 ൽ സാധൂകരിക്കപ്പെട്ടു. ഇതുതന്നെയാണ് അടുത്ത 30 – 40 വർഷം വരെ ബിജെപി യുഗമായിരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിയ്ക്കാൻ അമിത്ഷായ്ക്ക് തുണയായത്. ശിഘ്രഗതിയിലുള്ള ഹിന്ദുത്വവൽക്കരണത്തിന് തടസ്സങ്ങളേതുമില്ലെന്ന തിരിച്ചറിവാണ് ബിജെപി ക്യാമ്പിൽ തടരുന്ന ആത്മവിശ്വാസത്തിന് ആധാരം. ഇത്തരമൊരു സന്നിഗ്‌ദഘട്ടത്തിൽ ഹിന്ദുത്വശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സാധിക്കുമോയെന്നതിലാണ് ജനാധിപത്യ ഇന്ത്യയുടെ ശ്രദ്ധ.
ഇന്ത്യൻ ജനാധിപത്യത്തിൽ മതേതരത്വമെന്നത് ന്യൂനപക്ഷങ്ങളോട് പക്ഷംപിടിക്കലെന്ന പ്രചരണം സദാ കൊഴുപ്പിക്കുകയാണ് സംഘപരി വാർ. അധികാര രാഷ്ട്രീയത്തിൻ്റെ സാധ്യതകൾ സ്ഥായിയായി പ്രയോജനപ്പെടുത്തുകയെന്നതാണ് ഈ പ്രചരണത്തിൻ്റെ ആത്യന്തിക ലക്ഷ്യം. കോൺഗ്രസ് അവലംമ്പിച്ച ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇത്തരമൊരു പ്രചരണത്തിന് കാരണമായതെന്ന വ്യഖ്യാനവും സംഘപരിവാർ പെരുപ്പിക്കുന്നുണ്ട്.
മതേതരത്വം ഇന്ത്യൻ ജനാധിപത്യത്തിൽ അന്തർലീനമാണ്. ഇത് പക്ഷേ അതിവിശാല ഇന്ത്യൻ ജനാധിപത്യധാരയിൽ നിന്ന് വേർതിരിച്ചു നിറുത്തപ്പെട്ടിരിക്കുന്നു! ബഹുസ്വരതയിൽ ഊതികാച്ചിയെടുത്ത ജനാധിപത്യവ്യവസ്ഥയിലെ മതേതരത്വത്തിൻ്റെ ഗുണഭോക്താക്കൾ ന്യൂനപക്ഷങ്ങൾ മാത്രമെന്ന തോന്നൽ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടുവെന്നത് ശുഭകരമല്ല. ആ സൃഷ്ടിക്കപ്പെട്ട തോന്നലിന്റെ ഗുണഭോക്താക്കളാണ് രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ.
മതേതരത്വത്തെ ന്യൂനപക്ഷപ്രീണനമാക്കിയെന്ന അടിസ്ഥാനരഹിത ആരോപണം ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസിൻ്റെ തലയിൽ കെട്ടിവയ്ക്കപ്പെട്ടു. അധികാര രാഷ്ട്രീയ ലക്ഷ്യത്തിലൂന്നിയുള്ള ഹിന്ദുത്വ കേന്ദ്രങ്ങൾ പടച്ചുവിട്ട ഈ അടിസ്ഥാനരഹിത ആരോപണത്തിൻ്റെ മുനയൊടിക്കുന്നതിൽ കോൺഗ്രസാകട്ടെ പൊതുവെ ജാഗരൂകരായില്ലെന്നുവേണം പറയാൻ. ഇതാകട്ടെ കോൺഗ്രസിൽ നിന്ന് അകലംപാലിയ്ക്കാൻ നിശ്ശബ്ദ്മായെങ്കിലും രാജ്യത്ത് പ്രത്യേകിച്ച് ഉത്തേരന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ പ്രേരിപ്പിച്ചു. ഈ അപൂർവ്വയവസരം സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ അധികാര രാഷ്ട്രീയ സൂക്ഷ്മതയോടെ ഉപയുക്തമാക്കി.
മതേതരത്വത്തിൽ നിന്ന് തങ്ങൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകുന്നില്ലെന്ന തെറ്റിധാരണ ഭൂരിപക്ഷത്തിനിടയിൽ ആസൂത്രിതമായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഊട്ടിയുറപ്പിക്കപ്പെട്ടു. അതായത് മതനിരപേക്ഷത ന്യൂനപക്ഷ പക്ഷംപിടിയ്ക്കലിൻ്റെ ആയുധമാക്കപ്പെട്ടുവെന്ന പ്രചരണം പെരുപ്പിച്ചിടത്ത് ഭൂരിപക്ഷത്തെ ഹിന്ദുത്വയിൽ ദൃഢമായി കൂട്ടിയിണക്കാനുള്ള തന്ത്രങ്ങൾ കൃത്യമായി പ്രയോഗവൽകരിക്കപ്പെട്ടു. ഹിന്ദുത്വ തന്ത്രങ്ങൾ ആഴത്തിൽ, പ്രത്യേകിച്ചും ഹിന്ദി ബൽറ്റിൽ, വേരോടുന്നുവെന്നതിൻ്റെ അധികാര രാഷ്ട്രീയ പ്രതിഫലനമാണ് മോദി സർക്കാരിൻ്റെ തുടർച്ചയായ ഭരണവാഴ്ച്ച.
‘കപട മതനിരപേക്ഷത’
ഇന്ത്യൻ ജനാധിപത്യത്തിൽ അന്തർലീനമായ മതനിരപേക്ഷതയെ കപട – മതനിരപേക്ഷത (pseudo- secularism) യെന്ന അപഹസിയ്ക്കുവാനുള്ള അവസരവും ഹിന്ദുത്വവാദികൾ സൃഷ്ടിച്ചു. മതനിരപേക്ഷത ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയ സമാഹരണ മാധ്യമല്ല, ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയിൽ അന്തർലീനം. മതേതരത്വമെന്നതിൽ ഭൂരിപക്ഷ സമുദായവും ഭാഗഭാക്കാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനം ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കുമെന്ന രാഷ്ട്രീയ ആധിയിൽ അടയിരിയ്ക്കേണ്ടതില്ല. ഇത്തരം ആധിയലകപ്പെടുന്നിടത്താണ് കോൺഗ്രസി ൻ്റെ മതേതരത്വത്തെ കപട – മതേരത്വമെന്ന് അപഹസിക്കുവാനുള്ള അവസരം സംഘപരിവാറിന് കൈവരുന്നുതെന്ന് കാണാതിരുന്നുകൂട.
ജനാധിപത്യ മതനിരപേക്ഷതക്ക് കോട്ടമേല്പിക്കുന്നവരെ നേരിടുന്നത് ന്യൂനപക്ഷ സംരക്ഷണമെന്നു ദുർവ്യാഖ്യാനിയ്ക്കപ്പെടാൻ അവസരം നൽകാതെ ശ്രദ്ധിക്കണം. വിശാലമായ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ സംരക്ഷണമെന്നതായിരിയ്ക്കണം മതനിരപേക്ഷതയ്ക്കായുള്ള പോരാട്ടം. ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയിലെ മതനിരപേക്ഷത സംരക്ഷിക്കുവാനുള്ള ധാർമ്മിക ബാധ്യത ഒരു കൂട്ടർക്ക് മാത്രമെന്നവസ്ഥ ആഗോള ജനാധിപത്യത്തിലെ മുൻനിരയിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ജനാധിപത്യവ്യവസ്ഥക്ക് മാനക്കേടാണ്.
ഹിന്ദുത്വധാരയിൽ ഭൂപരിപക്ഷത്തെ കൂട്ടികെട്ടി തങ്ങൾക്കൊപ്പം നിറുത്തുന്നതിൽ വിജയിക്കുന്നുവെന്ന് തെളിയിക്കുന്ന സംഘപരിവാർ മുസ്ലീ ങ്ങൾക്കിടയിലെ ദളിത്-മുസ്ലിംങ്ങളെ (Pasmanda Muslims) തപ്പിയെടുത്ത് തങ്ങളുടെ പാളയത്തിലെത്തിക്കുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയം. 2011ലെ സെൻസ് അനുസരിച്ച് ഇന്ത്യൻ ജനസംഖ്യ യിൽ 14.2 ശതമാനം മാത്രമാണ് മുസ്ലീങ്ങൾ. കേവലം ഈ 14.2 ശതമാനത്തിൻ്റെ വോട്ട് ബാങ്കിൽ പ്രാദേശിക കക്ഷികളും കണ്ണു വച്ചിരിക്കുന്നുവെന്നതറിയാതെ പോകരുത്. അതേസമയം ഈ 14.2 ശതമാനത്തിലുൾപ്പെട്ട ദളിത് മുസ്ലിങ്ങൾ സംഘപരിവാർ – ബിജെപി പാളയത്തിലെത്തുന്നതോടെ മുസ്ലീം വോട്ട് ബാങ്കിലെ ചോർച്ച കോൺഗ്രസിന് കൂനിമേൽ കുരുവാകും.
നേരിടണം ഹിന്ദുത്വയെ
രാഹുൽ ഗാന്ധിയുടെ പദയാത്രയ്ക്കിടയിൽ ആർഎസ്എസ് കാക്കി ട്രൗസർ ചിത്രം സഹിതമുള്ള കോൺഗ്രസ് ക്യാമ്പിൻ്റെ ട്വിറ്റ്. വിദ്വേഷത്തിന്റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ബിജെപി-ആർഎസ്എസ് വരുത്തിയ നാശനഷ്ടങ്ങൾ ഇല്ലാതാക്കാനും പടിപടിയായി തങ്ങൾ ലക്ഷ്യത്തിലെത്തുമാണ് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചത്. ഈ സന്ദേശം ജനങ്ങളിലെത്തിയ്ക്കാൻ കാക്കി ട്രൗസർ ചിത്രം വേണമായിരുന്നോയെന്നതിൽ പുനരാലോചനയാകാമായിരുന്നു. ആർഎസ്എസിനെ പരിഹസിച്ചുള്ള ഇത്തരം ചെയ്തികൾ അവരുടെ ഹിന്ദുത്വ അജണ്ട കൂടുതൽ ആളിപടരുന്നതിലേ കലാശിയ്ക്കൂ. ഉത്തരേന്ത്യയിലെ ഹിന്ദുത്വയുടെ യഥാർത്ഥ സ്വാധീനം ആഴത്തിൽ മനസ്സിലാക്കാൻ ഇനിയും കോൺഗ്രസിനായിട്ടില്ലെന്നതാണ് ഇത്തരം ട്വിറ്റുകൾ വിളിച്ചോതുന്നത്.
ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള വ്യതിരിക്തത വിശദീകരിക്കപ്പെടേണ്ട സാമൂഹിക – രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഹിന്ദു സമം ഹിന്ദുത്വയെന്നവസ്ഥ ബോധപൂർവ്വം സൃഷ്ടിക്കുന്നതിലുള്ള സംഘപരിവാർ ശ്രമഫലമാണ് ഉത്തേരന്ത്യൻ ബൽറ്റിൽ വേഗത്തിൽ വ്യാപകമായി വേരോടുന്ന ഹിന്ദുത്വവൽക്കരണം. ഹിന്ദുവിശ്വാസികൾ ഒന്നടങ്കം ഹിന്ദുത്വവാദികളാക്കപ്പെടുകയാണ്. രാജ്യത്തിൻ്റെ സമ്പന്ന ജനാധിപത്യ മതനിരപേക്ഷതയെ ദുർബ്ബലപ്പെടുത്തിയാണിത് സുസാധ്യമാക്കപ്പെടുന്നത്.
ഹിന്ദുക്കളെ ജാതിഭേദങ്ങളിൽ കുടുക്കിയിട്ടവരാണ് സവർണ നേതൃത്വ സംഘപരിവാർ. ഈ വേർതിരിവ് പക്ഷേ അധികാര രാഷ്ട്രീയ പാതയ്ക്ക് അനുഗുണമല്ലെന്ന് ഇക്കൂട്ടർ തിരിച്ചറിഞ്ഞു. ഈ ദിശയിലാണ് ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വ ദേശീയതയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിൽ സംഘപരിവാർ വ്യാപൃതരാകുന്നത്. ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ. ഇതിനാകുന്നില്ലെങ്കിലത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പരിസമാപ്തിയായിരിക്കും കുറിയ്ക്കുക. അതുകൊണ്ടുതന്നെ ഹിന്ദുത്വ അധികാര രാഷ്ട്രീയത്തെ മറികടക്കാൻ ഹിന്ദുയിസത്തിൻ്റെ അധികാര രാഷ്ട്രീയ സാധ്യതകൾ സൂക്ഷമതയോടെ പരിശോധിച്ച് കോൺഗ്രസിന് പ്രയോജനപ്പെടുത്താവൂന്നതാണ്.
വ്യത്യസ്തമായ വേരുകളുള്ള വിവിധ ഇന്ത്യൻ സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും കൂടിച്ചേരലാണ് ഹിന്ദുയിസം. അതേസമയം ഏകജാതി വംശീയ-പ്രാദേശിക വിഭാഗമെന്നതാണ് ഇന്ത്യൻ ദേശീയവാദിയും ഹിന്ദു മഹാസഭ പ്രമുഖനുമായിരുന്ന വിനായക് ദാമോദർ സവർക്കർ പ്രചരിപ്പിച്ച ഹിന്ദുത്വം. സവർക്കർ മുന്നോട്ടുവച്ച ഫാസിസ്റ്റ് ഹിന്ദുത്വയിലൂന്നി അധികാര രാഷ്ട്രീയ തുടർച്ചക്കുള്ള ഹിന്ദുത്വ പ്രചരണത്തിൻ്റെ മുനയൊടിക്കുവാൻ ഉത്തമമായ ഹിന്ദുയിസം ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനങ്ങളിൽ കോൺഗ്രസ് വ്യാപൃതരാകുന്നതിൽ സങ്കോചത്തിൻ്റെ കാര്യമില്ല.
രാഹുൽ ഗാന്ധിയുടെ ക്ഷേത്രാരാധനകൾ
ഹിന്ദുരാഷ്ട്ര സംസ്ഥാപനമെന്നതിലാണ് സംഘപരിവാർ ഊന്നൽ. ഹിന്ദുത്വയിലൂന്നി രാജ്യത്തിൻ്റെ മതേതര പൈതൃകത്തെ തകർത്തെങ്കിലേ സംഘപരിവാറിന് തങ്ങളുടെ ഹിന്ദുരാഷ്ട്ര സംസ്ഥാപനമെന്നത് സാധ്യമാകൂ. ഇത് അത്യന്തം വിനാശകരമെന്ന് തിരിച്ചറിഞ്ഞിടത്താണ് ഹിന്ദുയിസവും ഹിന്ദുത്വയും തമ്മിൽ ലവലേശം ബന്ധമില്ലെന്ന് സ്ഥാപിയ്ക്കാൻ രാഹുൽ ഗാന്ധി നിർബ്ബന്ധിക്കപ്പെട്ടത്. ഇതിൻ്റെ ഭാഗമെന്നോണമായിരിയ്ക്കണം ചില സന്ദർഭങ്ങളിൽ ഹൈന്ദവ ആരാധനാലയങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ ആരാധനകൾ. അത് പക്ഷേ രാഹുലിൻ്റെ ഹിന്ദുത്വ സമീപനമെന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടു. വിമർശിക്കപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ക്ഷേത്രാരാധനകളെ കേരളത്തിലെ സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണനെ പോലെയുള്ളവരാണ് പ്രധാനമായും വിമർശിച്ചത്. രാഹുലിനെ ഹിന്ദുത്വവാദിയെന്ന് മുദ്ര കുത്തുകയെന്നതായിരുന്നു വിമർശന ലക്ഷ്യം. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളെ ബിജെപിയെ പോലെ കോൺഗ്രസും ശത്രുപാളയത്തിൽ നിറുത്തിയിരിക്കുന്നുവെന്ന തെറ്റായ ധാരണ പരത്തുകയെന്ന കുതന്ത്രമാണ് കൊടിയേരിയുൾപ്പെടെയുള്ളവർ പ്രയോഗിച്ചത്. ഒപ്പം കോൺഗ്രസ് പാർട്ടി നേതൃതലങ്ങളിൽ ന്യൂനപക്ഷ പ്രാതിനിധ്യമില്ലെന്ന സിപിഎം പ്രസ്താവനയും. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളെ കോൺഗ്രസിൽ നിന്നകറ്റുകയെന്നതാണ് ഈ കുതന്ത്രത്തിന് പിന്നിലെന്ന് പകൽ പോലെ വ്യക്തമല്ലേ. കേരളത്തിൻ്റെ ഇട്ടാവട്ട രാഷ്ട്രീയത്തിനുമപ്പുറം കമ്യൂണിസ്റ്റ് പാർട്ടിക്ക് കാര്യമില്ലല്ലോ.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് ഇനിയും പ്രതീക്ഷയർപ്പിക്കാം. ഹിന്ദുത്വയിലൂന്നി അധികാര രാഷ്ടീയ തന്ത്രങ്ങളിൽ അഭിരമിക്കുന്ന സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളെ കടത്തിവെട്ടാൻ പക്ഷേ ഇനിയുള്ള കാലം പുതുപുത്തൻ തന്ത്രങ്ങൾ രാഹുൽ ഗാന്ധി ആവിഷ്ക്കരിച്ച് നടപ്പിലാക്കേണ്ടതുണ്ട്. ഹിന്ദുത്വയെ, ബിജെപിയെ, മോദിയെ നേരിടാൻ രാഹുൽ തന്ത്രങ്ങളിൽ സമഗ്ര മാറ്റം വരുത്തണം. വേണ്ടിവന്നാൽ, അനിവാര്യമെങ്കിൽ സംഘപരിവാറിൻ്റെ ഹിന്ദുത്വയെ ഹിന്ദുയിസംകൊണ്ട് നേരിടുവാനും കോൺഗ്രസ് മടിയേ്ക്കണ്ടതില്ല – പ്രത്യേകിച്ചും ഉത്തേരന്ത്യയിൽ.
സംഘപരിവാറിൻ്റെ അധികാര രാഷ്ട്രീയ തുറുപ്പുചീട്ടായ ഹിന്ദുത്വയ്ക്ക് മറുമരുന്നെന്ന നിലയിൽ ഹിന്ദുയിസത്തെ അധികാരരാഷ്ട്രീയത്തിനുള്ള ചവിട്ടുപടിയായി ഉപയോഗപ്പെടുത്തുന്നതിൻ്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുമ്പോൾ മതേരത്വത്തെ കോൺഗ്രസ് കയ്യൊഴിയുന്നുവെന്ന തെറ്റുധാരണ ബോധപൂർവ്വം പ്രചരിപ്പിക്കപ്പെട്ടേക്കും. പക്ഷേ ഇതേപ്രതി ആശങ്കയിലകപ്പെടുന്നതിനെക്കാൾ ഹിന്ദുത്വ ശക്തികളിൽ നിന്ന് രാഷ്ട്രീയയാധികാരം പിടിച്ചെടുക്കേണ്ട അടിയന്തിര സാഹചര്യത്തെ മുൻനിർത്തി മുന്നേറുക. ഇന്ത്യൻ ജനാധിപത്യത്തെ മലീമസമാക്കുന്ന ഹിന്ദുത്വ പ്രായോജകരെ അധികാര ഭൃഷ്ടരാക്കുകയെന്നതിൽ മാത്രമായിരിയ്ക്കണം ഊന്നലെന്ന് ചുരുക്കം.
വേണം കോൺഗ്രസിന് പുതു നേതൃനിര
സംഘടനാ തെരതെരഞ്ഞെടുപ്പിലൂടെ നെഹ്രു കുടുംബത്തെ മാറ്റിനിറുത്തുന്നതുകൊണ്ടൊന്നും തീരാവൂന്നതല്ല കോൺഗ്രസിൻ്റെ ദുർബ്ബലാവസ്ഥ. രാഹുൽ ഗാന്ധിയുടെ പദയാത്രയിൽ ചില കേന്ദ്രങ്ങളിൽ കാണുന്ന ജനകൂട്ടത്തെ കോൺഗ്രസ് അധികാരത്തിലേക്കെന്ന് പരിഭാഷപ്പെടുത്തേണ്ടതുമില്ല. സംഘപരിവാറിൻ്റെ ഹിന്ദുത്വയെ മറികടന്ന് ഉത്തേരന്ത്യൻ ഹിന്ദു ഭൂരിപക്ഷത്തിനിടയിൽ പരമാവധി രാഷ്ട്രീയ സ്വീകാര്യത നേടിയെടുക്കുവാനാകുമോയെന്നതിൽ തന്നെയാണ് പ്രധാനമായും കോൺഗ്രസ് ശ്രദ്ധയൂന്നേണ്ടത്. മോദിയെയല്ല സർവ്വ സന്നാഹങ്ങളുടെ പിൻബലത്തിൽ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ കടഞ്ഞെടുത്ത് ചിട്ടയോടെ പ്രചരിപ്പിക്കുന്ന ഹിന്ദുത്വയെ നേരിടുന്നതിനുള്ള രാഷ്ട്രീയ തന്ത്രജ്ഞത തന്നെയാണ് കോൺഗ്രസ് പ്രകടിപ്പിയ്ക്കേണ്ടത്.
2014ൽ ലോകസഭാ തെരെഞ്ഞടുപ്പിൽ പൊരുതിയെങ്കിലും കേവലം 44 സീറ്റുകളിൽ കോൺഗ്രസ് ഒതുങ്ങിപ്പോയി. ലോകസഭയിൽ മുഖ്യ പ്രതി പക്ഷമെന്നവസ്ഥയുടെ ഏഴയലത്തുപോലും പാർട്ടിക്കെത്താനായില്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിലും ബിജെപിക്ക് വെല്ലുവിളിയാകാനാകില്ല. മോദിയെന്ന നേതാവിൻ്റെ നേതൃപാടവം അതല്ലെങ്കിൽ മോദിയുടെ വ്യക്തിപ്രഭാവമൊന്നുമല്ല ബിജെപി ഭരണത്തിൻ്റെ പിൻബലം. അണിയറയിൽ കരുക്കൾ നീക്കുന്ന സംഘപരിവാരിൻ്റെ ഹിന്ദുത്വ പ്രചരണം ഉത്തേരന്ത്യയിൽ ആഴത്തിൽ വേരോടുന്നുവെന്നതാണ് ബിജെപി ഭരണത്തിൻ്റെ കരുത്ത്.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഇനിയും ശേഷി തെളിയ്ക്കാത്ത പഴയ മുഖങ്ങളെയല്ല കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തിൽ വാഴിയ്ക്കേണ്ടത്. ഉത്തേരന്ത്യൻ – ഹിന്ദി – ഹിന്ദു മേഖലയിൽ താഴെത്തട്ടിലുള്ള ജനങ്ങളുമായി ഊഷ്മള ബന്ധമുള്ള, കാലത്തിനൊപ്പമുള്ള ചിന്താ ധാരയുടെ ഉടമകളായ പുത്തൻ നേതൃത്വനിരയെ കോൺഗ്രസ് കണ്ടെത്തണം. ഒപ്പം മുസ്ലീ ങ്ങളുൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളിൽ ആഴത്തിൽ സ്വാധീനമുള്ള പുതു തലമുറയെ കണ്ടെത്തി കോൺഗ്രസ് നേതൃത്വനിരയിലെത്തിക്കണം. സമകാലിക ഇന്ത്യൻ രാഷ്ടീയത്തിൽ സർവ്വരെയും ഉൾചേർത്തുള്ള പുത്തൻ നേതൃനിര കോൺഗ്രസിന് അനിവാര്യം.
.