ജി-20 പ്രസിഡൻസിക്കാലത്തെ ജനാധിപത്യ ധ്വംസനങ്ങൾ

ജി-20 പ്രസിഡൻസിക്കാലത്തെ ജനാധിപത്യ ധ്വംസനങ്ങൾ

An article on the democratic subversions during G-20 Presidency of India has also been posted on wtplive.in  

Kk Sreenivasan

ജി-20 അദ്ധ്യക്ഷ പദവി (പ്രസിഡൻസി) യിലാണ് രാജ്യം. രാജ്യാന്തര രാഷ്ട്രീയ മണ്ഡലത്തിൽ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥക്കുള്ള സ്വീകാര്യതയുടെ മാറ്റ് വർദ്ധിപ്പിക്കുന്നതായി ജി – 20 അദ്ധ്യക്ഷ പദവി. ഇതിൽ നാം അഭിമാനിക്കണം. “ഇന്ത്യയുടെ ജി-20 പ്രസിഡൻസിയെ സാർവ്വത്രിക ഏകതാബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തും. അതിനാൽ ജി – 20 പ്രസിഡൻസിയുടെ പ്രമേയം: ഒരേ ഭൂമി, കുടുംബം, ഭാവി ” – ഇത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ. ജനാധിപത്യത്തോടും ബഹുരാഷ്ട്ര വാദത്തോടും പ്രതിബദ്ധതയുള്ള  രാഷ്ട്രമെന്ന നിലയിൽ സർവ്വരുടെയും പ്രയോജനത്തിനായി പ്രായോഗിക ആഗോള പരിഹാരങ്ങൾ കണ്ടെത്താനും “വസുധൈവ കുടുംബകം” അല്ലെങ്കിൽ “ലോകം ഒരു കുടുംബമാണ്” എന്ന ആശയമുൾക്കൊള്ളാനും ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ജി – 20 പ്രിസഡൻസി സുപ്രധാന നാഴികക്കല്ലായിരിക്കുമെന്നതും പ്രധാനമന്ത്രിയുടെ വാക്കുകൾ.

ഇന്ത്യൻ  പ്രധാനമന്ത്രി ആഗോള രാഷ്ട്രീയ സമക്ഷത്തിൽ പറഞ്ഞ  ഈ വാക്കുകൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മൗലികമായി വേണ്ടത് സ്വരാജ്യത്തിന്റെ സമ്പന്നവും വിശാലവുമായ ജനാധിപത്യ ബോധവും മൂല്യങ്ങളും വാഴ്ച്ചയും കളങ്കിതമാക്കപ്പെടാതെ ഊട്ടിയുറപ്പിക്കുകയെന്നതാണ്. ഹിന്ദുത്വയധിഷ്ഠിത ഏകതാബോധത്തിൽ രാജ്യത്തെ കുരുക്കിയിടുന്നതിനുള്ള തിരക്കിലാണ് പക്ഷേ  മോദിസംഘം. അതുകൊണ്ടുതന്നെ ഈ ജി – 20 പ്രസിഡ ൻസിക്കാലം ഇന്ത്യൻ ജനാധിപത്യത്തിന്റെ മാറ്റിന് മങ്ങലേൽക്കുന്നതിന്റെ മൂർദ്ധന്യാവസ്ഥയായി മാറുന്നുവെന്ന ആശങ്ക ചൂണ്ടികാണിയ്ക്കാതെ വയ്യ.

ജനാധിപത്യവൽകൃത ഗ്ലോബൽ സൗത്ത്?

അമേരിക്കൻ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ കാൾ ഓഗ്ലെ സ്ബി  1969-ൽ പ്രമുഖ കത്തോലിക്കാ ജേണലായ കോമൺവെൽത്തിലാണ് ‘മൂന്നാം ലോകം’ എന്നറിയപ്പെടുന്ന രാജ്യങ്ങളെ ‘ഗ്ലോബൽ സൗത്ത്’ എന്ന് സൂചിപ്പിക്കുന്നത്. മുതലാളിത്ത അമേരിക്കൻ-യൂറോപ്യൻ രാഷ്ട്രസഞ്ചയം ഒന്നാം ലോകം. സോവിയറ്റ് രാഷ്ട്രങ്ങൾ രണ്ടാം ലോകം. ഏഷ്യൻ- ആഫ്രിക്കൻ – ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾ മൂന്നാം ലോകം. എന്നാൽ 90′ കളുടെ പ്രാരംഭത്തിൽ രണ്ടാംലോകമായ സോവിയറ്റ് യൂണിയന്റെ ശിഥലീകരണം സംഭവിക്കുന്നു. ലോകക്രമത്തിലെ ഈ മാറ്റത്തിന്റെ ചുവടുപിടിച്ചാണ് മൂന്നു ലോകമെന്ന വിവക്ഷ ഗ്ലോബൽ നോർത്ത്-ഗ്ലോബൽ സൗത്ത് എന്ന സംജ്ഞയായി ഏറെ പ്രചരിക്കപ്പെടുന്നത്. ആഗോള ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജിഡിപിയുടെ 80 ശതമാനവും ഈ ജി – 20 രാഷ്ട്ര കൂട്ടായ്മക്ക് സ്വന്തം.

മാനവരാശി ഭൂരിഭാഗവും ഗ്ലോബൽ സൗത്തിലാണ്. താഴ്ന്ന വരുമാനം. സാന്ദ്രതയാർന്ന ജനസംഖ്യ. അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ. പിന്നോക്ക രാഷ്ട്രീയ – സാംസ്കാരിക അവസ്ഥ. ഇതൊക്കയാണ് ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ പൊതുചിത്രം. ഗ്ലോബൽ സൗത്തിനെയുൾക്കൊണ്ട്  ജി – 20 യെ  വിശാല ജനാധിപത്യ – വികസന കൂട്ടായ്മയെന്ന തലത്തിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ജനാധിപത്യ ചുമതല ജി – 20 അദ്ധ്യക്ഷരാജ്യമെന്ന നിലയിൽ ഇന്ത്യ നിർവ്വഹിക്കേണ്ടതുണ്ട്. ഗ്ലോബൽ സൗത്തെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാറ്റിനമേരിക്ക –ആഫ്രിക്ക- ഏഷ്യ- ഓഷ്യാനിയ മേഖലയുടെ സർവ്വതോന്മുഖ വികസനം ലക്ഷ്യമിട്ട് ജി-20 യിലേക്ക് പുതു അംഗ രാഷ്ട്രപ്രാതിനിധ്യമെന്ന ശ്രദ്ധേയ ദൗത്യ നിർവ്വഹണ ചുമതലയിലാണ് ഇന്ത്യ. 

2022 ഡിസംബർ ഒന്നു മുതൽ 2023 നവംമ്പർ 30 വരെയാണ് രാജ്യത്തിന്റെ ജി-20 പ്രസിഡൻസി. ഇക്കാലയളവിൽ അംഗരാഷ്ട്ര വിപുലീകരണത്തിലൂടെയും പുത്തൻ ജനാധിപത്യവൽകൃത പ്രവർത്തന രീതിശാസ്ത്രത്തിലൂടെയും ഗ്ലോബൽ സൗത്തിന്റെ ആഭിമുഖ്യത്തിൽ നവലോക ക്രമത്തിന് അസ്ഥിവാരമിടാൻ പ്രാപ്തമാക്കുoവിധം ജി-20 കൂട്ടായ്മ ഇനിയും സജ്ജമാക്കപ്പെടണം. ഇത് സാധൂകരിക്കപ്പെടുന്നിടത്ത് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ ആഗോളതല ഖ്യാതി ഇനിയും ഉയരുമെന്നന്നാണ് പ്രതീക്ഷയ്ക്കപ്പെടുന്നത്. അതായത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും പ്രസക്തിയും ലോകസമക്ഷം അവതരിപ്പിക്കുന്നതിനുള്ള അത്യപൂർവ്വ വേളയാണ് ഈ ജി-20 പ്രിസഡൻസിക്കാലം.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഖ്യാതി ആഗോള ജനാധിപത്യധാരയിൽ കൃത്യമായി അടയാളപ്പെടുത്തിയെടുക്കുന്നതിൽ ജി – 20 പ്രിസഡൻസിയെന്ന അപൂർവ്വാവസരത്തെ മോദി ഭരണം സൂക്ഷ്മതയോടെ ഉപയുക്തമാക്കുമെന്നു കരുതുക പ്രയാസം. വിശാല ജനാധിപത്യ സാധ്യതകളെന്തന്നു തേടുന്നത് ഏകാധിപത്യ – സമഗ്രാധിപത്യ മോദി സർക്കാരിന് പരിചിതമല്ലെന്നു തന്നെയാണിതിന് കാരണമാകുന്നത്.

 2023  ജി–20 ഉച്ചകോടിക്ക് മുമ്പ്  അംഗരാഷ്ട്ര പങ്കാളിത്തത്തോടെ 200 ലധികം പരിപാടികൾ ഇന്ത്യയിൽ അരങ്ങേറും. പരിപാടികളിൽ ജി-20 ഭരണാധി കാരികളുടെയും അവരുടെ ഉദ്യോഗസ്ഥ – മാധ്യമ വൃന്ദത്തിന്റെയും സാന്നിദ്ധ്യം രാജ്യത്ത് പലയിടങ്ങളിലുണ്ടാകും. ഇന്ത്യയുടെ  ജനാധിപത്യ – വി കസന – ബഹുസ്വരതാ – സഹവർത്തിത്വ വിശേഷങ്ങൾ നേരിൽകണ്ടു പഠിക്കുകയെന്നതാണ് ഈ സാന്നിദ്ധ്യ ലക്ഷ്യം.  ഇവിടെ പക്ഷേ മോദി ഭരണത്തിൻ കീഴിൽ ഇന്ത്യൻ ജനാധിപത്യം അപകടത്തിലെന്നതിന് നിരവധി ഉദാഹരണങ്ങൾക്ക് വിദേശ രാഷ്ട്രങ്ങൾ നേരിട്ട് സാക്ഷ്യം വഹിക്കുന്നവസ്ഥ രൂപപ്പെടുന്നു! അതായത് അതിവിശാല രാജ്യാന്തര രാഷ്ട്രീയ തലങ്ങളിലേക്കാണ് മോദിഭരണത്തിൽ ശോഭ മങ്ങുന്ന ഇന്ത്യൻ ജനാധിപത്യവുമായി ബന്ധപ്പെട്ട വൃത്താന്തങ്ങൾ അതിവേഗം പടരുന്നത്!

ലോക സമക്ഷം ജനാധിപത്യ ധ്വംസന പരമ്പര 

കൊലപാതക – ഗുണ്ടാപ്രവർത്തന കുറ്റങ്ങൾ ചുമത്തപ്പെട്ട മുൻ പാർലമെൻ്റ് അംഗം അതിഖ്  അഹമ്മദ് അലഹബാദിൽ തന്റെ സഹോദരനൊപ്പം  വെടിയേറ്റു മരിച്ചു. പൊലീസ് അകമ്പടിയിലായിരുന്ന അഹമ്മദ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് കൊല്ലപ്പെട്ടത്. സമഗ്രാധിപത്യ ഭരണകൂട പ്രായോജക കൊലയാളികളുടെ തോക്കിൻ മുനയിൽ കുറ്റവാളികളെ പിടിച്ചുനിറുത്തികൊടുത്ത് കൊല്ലിച്ചിടത്ത് രാജ്യം കണ്ടത് ജനാധിപത്യ ഭരണ–നിയമ വാഴ്ചക്കെതിരെയുള്ള നിറയൊഴിയ്ക്കലാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ട നിയമ വ്യവസ്ഥ കാറ്റിൽപറത്തിയുള്ള ഇത്തരത്തിലുള്ള ഭരണകൂട മൗനാനുവാദ ആശ്യാസമല്ലാത്ത ചെയ്തികൾ രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥ അക്ഷരാർത്ഥത്തിൽ അട്ടിമറിക്കപ്പെടുന്നതിന് തത്തുല്യമെന്നു പറയാതെ നിർവ്വാഹമില്ല.  

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദുർബ്ബലപ്പെടുത്തി പൊടുന്നനെ  ലോക സമ്പന്നരുടെ പട്ടികയിലിടം നേടിയ ഗൗതം അദാനിയുമായി മോദിയുടെ ബന്ധമെന്തെന്ന ചോദ്യം നിരന്തരമുന്നയിച്ചതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നീക്കം മോദിസംഘം പൂർവ്വാധികം ശക്തിപ്പെടുത്തി. രാജ്യത്തെ കൊള്ളയടിച്ച് മുങ്ങിയവർ മോദിയെന്ന് പേരുള്ളവരെന്നത് വിളിച്ചുപറഞ്ഞതിനെ സാമുദായികതയിൽ ബോധപൂർവ്വം കൂട്ടിക്കെട്ടിയപ്പോൾ രാഹുൽഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടു! ഫലത്തിൽ ഇവിടെ മോദിയുടെ ഭരണത്തിൽ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് അയോഗ്യമാക്കപ്പെട്ടത്. നിർവ്വീര്യമാക്കപ്പെട്ടത്.

അദാനിയുടെ  സാമ്പത്തിക കള്ളയിടപ്പാടുകളെപ്രതി ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ സംയുക്ത പാർലമെൻ്ററി കമ്മറ്റി അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെ നാവുപിഴയെന്നോണം നരേന്ദ്ര ‘ഗൗതം ദാസ്’ മോദിയെന്ന് പറഞ്ഞതിന്  മുതിർന്ന  കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്നിറക്കി അറസ്റ്റുചെയ്തു. മോദിഭരണത്തിൽ സൈനികരെ പോലും ബലികൊടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കിയെന്ന് രാജ്യത്തോട് വിളിച്ചുപറഞ്ഞത് മറ്റാരുമല്ല. ബിജെപിയുടെ തന്നെ നോമിനിയായി നിയമിക്കപ്പെട്ട ജമ്മുകശ്‌മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചെലവിൽ അരങ്ങേറുന്ന ഏകാധിപത്യ – സമഗ്രാധിപത്യത്തിനെതിരെ ശബ്ദമുയർത്തുന്നവരെ നിശ്ശബ്ദരാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ – രാഷ്ട്രീയ നേതാക്കൾ, പൗരാവകാശ – സാമൂഹിക പ്രവർത്തകർ, ബുദ്ധിജീവികൾ തടവിലാക്കപ്പെടുന്നു. രാഷ്ട്രീയ പകപോക്കലിനായി ഇഡി – സിബിഐ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ബോധപൂർവ്വം കളങ്കിതരാക്കിമാറ്റുന്നു!

ന്യൂനപക്ഷങ്ങൾ അരക്ഷിതരാണ്. അവരുടെ വീടുകൾ ബുൾഡോസർ ചെയ്യപ്പെടുന്നു. നീതിന്യായ വ്യവസ്ഥയെ വരുതിയിലാക്കി സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെന്നതിൽ കരിനിഴൽ പടർത്തുന്നു. ദേശീയ നിയമ നിർമാണസഭകളിൽ സർക്കാരിന്റെ അനിഷ്ട പട്ടികയിലുൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളെപ്രതി ചർച്ചകൾക്ക് അനുമതിയില്ല. ഇതാകട്ടെ, ഇന്ത്യൻ ജനാധിപത്യപ്രക്രിയ നിർവീര്യമാക്കപ്പെടുന്നതിലെ വ്യസനകരമായ മറ്റൊരവസ്ഥ!

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലക്ക് സമഗ്ര സംഭാവന നൽകിയ മൗലാന അബ്ദുൾ കലാം ആസാദ് രാജ്യത്തിന്റെ ചരിത്രത്തിൽ നിന്ന് നിഷ്കാസിതനാക്കപ്പെടുന്നു. ഒരു പ്രത്യേക സമുദായത്തിലുൾപ്പെട്ടുപോയി എന്നതുകൊണ്ടു മാത്രം ആസാദിനെ പോലുള്ള ചരിത്ര വ്യക്തിത്വങ്ങളെ കുറിച്ച് വരുംതലമുറ പഠിക്കേണ്ടതില്ലെന്ന ശാഠ്യത്തിലാണ്  ഹിന്ദുത്വ ലഹരിയിൽ മതിമറക്കുന്ന മോദി സർക്കാർ. ഇത്തരത്തിലുള്ള ദുർചെയ്തികളിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ മൗലികമായ ബഹുസ്വരത കളങ്കിതമാക്കപ്പെടുകയാണ്.

ഇന്ത്യൻ ജനാധിപത്യം മോദി സർക്കാരിനു കീഴിൽ ഉർദ്ധ്വശാസം വലിക്കുന്നുവെന്ന റിപ്പോർട്ടുകൾ രാജ്യാന്തര മാധ്യമങ്ങളുടെ പതിവ് തലക്കെട്ടുകളാണ്. 2023 ഏപ്രിൽ ആറിന് വിജ്ഞാപനം ചെയ്ത  ഐടി നിയമ ഭേദഗതി രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തെ സർക്കാരിന്റെ വരുതിയിലകപ്പെടുത്തിയിരിക്കുന്നു! ഇതോടെ മാധ്യമ സ്വാതന്ത്ര്യം മോദി സർക്കാരിന്റെ ഇച്ഛക്ക്‌ വിധേയമായിരിയ്ക്കണമെന്ന നിർബ്ബന്ധിതാവസ്ഥ സംജാതമായിരിക്കുന്നു!

ഫ്രീഡം ഓഫ് ദി വേൾഡ് 2023 റിപ്പോർട്ടിൽ ഇന്ത്യൻ സ്‌കോർ 66. ഫ്രീഡം ഹൗസിന്റെ വാർഷിക റിപ്പോർട്ടിൽ തുടർച്ചയായ മൂന്നാം വർഷവും ഭാഗികമായി മാത്രമാണ് ഇന്ത്യ “സ്വതന്ത്ര”മാകുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനില്പ് നഷ്ടഷ്‌ടപ്പെടുകയാണെന്ന അപകടരമായ മുന്നറിയിപ്പും റിപ്പോർട്ട് അടിവരയിടുന്നു. ഇത്തരത്തിൽ മോദിഭരണത്തിന് കീഴിൽ ഇന്ത്യൻ ജനാധിപത്യ പ്രക്രിയ ദുർബ്ബലമാക്കപ്പെടുന്നു എന്നതിന്റെ നേർ സാക്ഷ്യങ്ങളേറുകയാണ്.

മോദി സർക്കാർ പ്രാക്തനകാല അന്ധവിശ്വാസങ്ങളെ പുന:സ്ഥാപിയ്ക്കുന്ന തിരക്കിലാണെന്നതാണ് പുതിയ പാർലമെൻ്റ് മന്ദിര ഉദ്ഘാടന ചടങ്ങിലുടനീളം കണ്ടത്. കാലാന്തരത്തിൽ കയ്യൊഴിഞ്ഞുവെന്ന വിശ്വസിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ സവർണ പൂജാദികർമ്മങ്ങളിലൂടെ ‘ഡിജിറ്റൽ ഇന്ത്യ’ ഊതി കാച്ചിയെടുക്കുന്ന കാഴ്ച്ചയായിരുന്നു ഉദ്ഘാടന ചടങ്ങ്. ഇന്ത്യൻ ജനാധി പത്യത്തിന്റെ മുഖ്യചേരുവകളിലൊന്നായ മതനിരപേക്ഷ മൂല്യനിരാകരണം!

സവർണ പുരോഹിതരുടെ താന്ത്രിക വിദ്യകളുടെ പവിത്രതക്ക് തരിമ്പു പോലും അനർത്ഥങ്ങളുണ്ടാകരുതെന്നത് ചടങ്ങിൽ സസൂക്ഷ്മം ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ ഖേദകരമായ പരിണിതിയായാണ് ജന്മംകൊണ്ട് ആദിവാസിയായി പോയിയെന്നതിനാൽ പ്രഥമ പൗര, രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെൻ്റ് മന്ദിര ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.

ഭാരതാംബയെ ആദരിക്കുന്നവരെന്ന് പറയപ്പെടുന്നവരുടെ, സനാതന ധർമ്മ – ആർഷ ഭാരത സംസ്കാര മൊത്തക്കച്ചവടമേറ്റെടുത്തിട്ടുള്ളവരെന്ന് അവകാശപ്പെടുന്നവരുടെ, അധികാരത്തിന്റെ ചെങ്കോൽ കയ്യിലേന്തുന്നവരുടെ നാരീവിരുദ്ധ ചെയ്തികൾക്ക് കുറവേതുമില്ല! രാജ്യത്തിന്റെ അഭി മാനം ഉയർത്തിപിടിച്ച വനിതാ ഗുസ്തി താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തിയ പോക്സോ കുറ്റവാളിയായ ബിജെപി നേതാവിനോടാണ് സദാ സ്ത്രീ മഹാത്മ്യം പറയുന്ന മോദിസംഘിന് പ്രതിബദ്ധത!

മാസങ്ങളായി വടക്ക് – കിഴക്ക് മണിപ്പൂർ സംസ്ഥാനം സംഘർഷഭരിതമാണ്. കൊച്ചുകൊച്ചു വംശീയ ഭിന്നതകളെ ഭൂരിപക്ഷ വർഗീയ ധ്രുവീകരണ സാധ്യതയുടെ രാഷ്ട്രീയമായി ഊതിക്കാച്ചിയെടുക്കപ്പെടുന്നുവെന്നതാണ് മണിപ്പൂരിൽ കാണുന്നത്. വ്യതിരിക്ത വംശീയ സംസ്ക്കാരിക സമന്വയത്തിനായുള്ള ആത്മാർത്ഥതയാർന്ന ഭരണകൂട ഉത്തരവാദിത്വ നിർവ്വഹണത്തിനു പകരം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ ഹിന്ദുത്വ വ്യവസ്ഥയിലേക്ക് വഴിതിരിച്ചുവിടുന്ന തന്ത്രങ്ങൾ പ്രയോഗിക്കപ്പെടുന്നത് തുടരുകയാണ്!

ഏകീകൃത സിവിൽ നിയമത്തിന് പിന്നിൽ

രാജ്യം സർവ്വതും തികഞ്ഞവസ്ഥയിലെന്ന് പെരുപ്പിക്കപ്പെടുകയാണ്. ഏകീകൃത സിവിൽ നിയമത്തിന്റെ അഭാവം പക്ഷേ രാജ്യത്തിന്റെ അതീവ ഗൗരവമേറിയ ഏക പ്രതിസന്ധിയായി അവശേഷിക്കുന്നുവെന്ന് സ്ഥാപിച്ചെടുക്കുന്നതിലുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഇപ്പോൾ മോദിയും കൂട്ടരും! മുസ്ലീം ന്യൂനപക്ഷത്തിലെ ലിംഗ സമത്വമില്ലായ്മ, രാജ്യത്തിലെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മയാണെന്ന  പ്രചരണത്തിലൂന്നിയാണ് ഏകീകൃത സിവിൽ നിയമത്തിൽ ബിജെപി കടിച്ചുതൂങ്ങുന്നത്. ഇവരുടെ  മുസ്ലീം സ്ത്രീ സമത്വസാധൂകരണമെന്നതിലെ ആത്മാർത്ഥത പക്ഷേ, സംശയത്തിന് അതീതമല്ല.

മുസ്ലീം മത ന്യൂനപക്ഷം മുഖ്യമായും ഹിന്ദുത്വരാഷ്ട്ര സംസ്ഥാപനത്തിന് കുറുകെ നിൽക്കുന്നുവെന്ന് കരുതുന്നവരാണ് മോദിസംഘ്. ഇവിടെയാണ് ആർക്കും ഒറ്റനോട്ടത്തിൽ പുരോഗമനപരമെന്ന് തോന്നാവൂന്ന ലിംഗസമത്വ സാധൂകരണ ദൗത്യമെന്നതിലൂടെ മുസ്ലീം വനിതകളെ ചേർത്തു പിടിക്കുന്നതിന്റെ മറവിൽ ഏകീകൃത സിവിൽ നിയമത്തിന്റെ പിറകെ സംഘപരിവാർ പായുന്നത്. എന്നാൽ ഇതിനെതിരെ തങ്ങളുടെ മത പൗരോഹിത്യത്തോടൊപ്പം മുസ്ലീങ്ങൾ ശക്തമായി അണിനിരക്കണമെന്ന് തന്നെയായിരിയ്ക്കും സംഘപരിവാർ കാംക്ഷിക്കുന്നത്. ഇവർക്കൊപ്പം കോൺഗ്രസുൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷി കൾ ഐക്യപ്പെടണമെന്നും.

ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുവാനുള്ള നീക്കം സൃഷ്ടിച്ചെടുത്ത മത സാമുദായികബന്ധിത സാഹചര്യത്തിൽ പരമാവധി ഹിന്ദുത്വ ഏകീകരണം കടഞ്ഞെടുക്കുക. അടുത്ത വർഷമതിനെ പാർലമെൻ്റ് തെരഞ്ഞെടുപ്പു പ്രചരണ ഇന്ധനമായി ഉപയോഗപ്പെടുത്തുക. അതായത് കൃത്യമായ അധികാര രാഷ്ട്രീയ ലക്ഷ്യത്തിലൂന്നിയാണ് മോദിയും കൂട്ടരും ഏകീകൃത സിവിൽ നിയമമെന്ന ചൂണ്ടയെറിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ഒരു മത ന്യൂനപക്ഷത്തെ മാത്രം ലക്ഷ്യംവച്ചുള്ള മോദിഭരണ ചെയ്തികൾ ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമെന്നും ജനാധിപത്യ വാഴ്ച്ചക്ക് വിലങ്ങുതടിയെന്നുമുള്ള വിലയിരുത്തലുകൾ ആഗോള രാഷ്ട്രീയ മണ്ഡലത്തിൽ അതിവേഗം വ്യാപിപ്പിക്കുന്നത് കാണാതെപോകരുത്.

പത്രസമ്മേളനത്തിൽ ചൂളിയ മോദി

ഈയ്യിടെ വൈറ്റ്ഹൗസിൽ നടന്ന മോദി – ബൈഡൻ സംയുക്ത പത്രസമ്മേളനത്തിൽ ബിജെപി ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ അരക്ഷിതരല്ലേയെന്ന വാൾസ്ട്രീറ്റ് ജേർണലിന്റെ സബ്രീന സിദ്ദിഖിയെന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിനു മുമ്പിൽ ഇന്ത്യൻ പ്രധാനമന്ത്രി ചൂളിപോകുന്ന കാഴ്ച്ച ദയനീയമായി. ചാട്ടുളിപോലുള്ള ഈ ചോദ്യത്തിന് മുന്നിൽ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥക്ക് തല കുനിക്കേണ്ടിവന്നുവെന്നതിന് ലോകം സാക്ഷിയായിയെന്നതിൽ ലജ്ജിക്കണം. ഖേദിക്കണം. ന്യൂനപക്ഷ സുരക്ഷയെപ്രതിയുള്ള ആശങ്ക ചോദ്യമായി ഉന്നയിച്ചുവെന്ന കാരണം കൊണ്ടുതന്നെ ഈ മാധ്യമ പ്രവർത്തകക്കെതിരെ ബിജെപി സൈബർ ആക്രമണങ്ങൾ അഴിച്ചുവിട്ടതിനെതിരെ അമേരിക്കൻ ഭരണക്കൂടം അപലപിച്ചു.  ഇതേ വിഷയത്തിൽ ഒരഭിമുഖത്തിൽ  മുൻ യുഎസ് പ്രസിഡൻ്റ് ബാരക്ക് ഒബാമയും അഭിപ്രായം പങ്കുവച്ചിരുന്നു. കേന്ദ്ര മന്ത്രിമാരും ഒപ്പം ബിജെപി സൈബർ പോരാളികൾ ഒബാമയെയും വെറുതെ വിട്ടില്ല. ഇന്ത്യൻ ജനാധിപത്യ സം സ്ക്കാരത്തിൽ അന്തർലീനമായിട്ടുള്ള സഹിഷ്ണതാബോധമാണ് ഇവിടെ ചവിട്ടിയരയ്ക്കപ്പെട്ടതെന്ന് ലോകം കാണാതിരുന്നിട്ടില്ല.

മോദി സർക്കാരിന്റെ സമഗ്രാധിപത്യ ചെയ്തികളിലൂടെ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥ കളങ്കിതമാക്കപ്പെടുന്നുവെന്നതിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ ജി – 20 പ്രിസഡൻസി വേളയിൽ രാജ്യത്തെത്തുന്ന രാജ്യാന്തര ഭരണകർത്താക്കളുൾപ്പെടെ ഉണ്ട് എന്നത് മറക്കരുത്. രാഹുൽഗാന്ധി വിദേശത്തുപോയി ഇന്ത്യൻ ജനാധിപത്യത്തെ അപഹസിച്ചുവെന്നു വ്യാഖ്യാനിക്കുന്നവർ മോദിഭരണത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന് സൃഷ്ടിച്ച മുരടിപ്പുകൾ എത്ര മൂടിവെച്ചാലും തുറന്നുകാണിക്കപ്പെടുന്നുവെന്നത്ന്ന കണ്ടില്ലെന്ന് നടിയ്ക്കരുത്. ബഹുസ്വരതയിൽ അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠങ്ങൾ പഠിക്കാൻ രാജ്യത്ത് എത്തികൊണ്ടിരിക്കുന്ന ജി-20 രാഷ്ട്ര പ്രതിനിധികൾക്ക് മുന്നിൽ വർത്തമാനകാല ഇന്ത്യൻ ജനാധിപത്യ അവസ്ഥയുടെ ദുരവസ്ഥ തത്സമയം തുറന്നുകാണിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നുവെന്നത് കാണാതെ പോകരുതെന്ന് സാരം.

തങ്ങളാൽ കളങ്കിതമാക്കപ്പെട്ട ഇന്ത്യൻ ജനാധിപത്യം ജി-20 പ്രസിഡൻസിയിലൂടെ ശരവേഗത്തിൽ ആഗോള രാഷ്ട്രീയ തലങ്ങളിലേക്കെത്തിക്കുന്നതിന്റെ പാപഭാരം മോദിവൃന്ദത്തിന്റെ തലയിൽ തന്നെയാണ്. ഇക്കാര്യം ജനവിരുദ്ധതയിലും ഭിന്നസ്വരങ്ങളുയർത്തുന്നവരെ നിശ്ശബ്ദരാക്കുന്നതിലും ഗൗതം അദാനിയെ പോലുള്ളവരുമായുള്ള ചങ്ങാത്ത മുതലാളിത്തത്തിലും പരിലസിക്കുന്ന മോദിസർക്കാരിനെ നിരന്തരം ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് വിലപോകില്ലെന്നത് കാണാൻ ഇനിയുമധികം കാത്തിരിയ്ക്കേണ്ടിവരില്ലെന്ന് പ്രതീക്ഷിയ്ക്കാം.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…