അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ദുര്‍ബ്ബലാവസ്ഥ

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ദുര്‍ബ്ബലാവസ്ഥ

Kk Sreenivasan

അമേരിക്കന്‍ തെരഞ്ഞെടുപ്പു പ്രക്രിയയെ കളങ്കപ്പെടുത്തുന്നത്  രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ –  എഡിറ്റർ കെ.കെ ശ്രീനിവാസൻ എഴുതുന്നു

kk sreenivasn writes on tainted US electioneering

സ്വ തന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ജനാധിപത്യ വ്യവസ്ഥയുടെ പൂര്‍ണതയെ അടയാളപ്പെടുത്തുന്നത്. ലോക ജനാധിപത്യത്തില്‍ ആദ്യ സ്ഥാനം അമേരിക്കന്‍ ജനാധിപത്യത്തിന് കല്പിച്ചുനല്‍കപ്പെടുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പു പ്രക്രിയ തന്നെയാണ് അമേരിക്കന്‍ ജനാധിപത്യത്തെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന ഖ്യാതി നേടികൊടുത്തത്. എന്നാല്‍ സമകാലിക അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പെരുപ്പിക്കപ്പെടുമ്പോലെ സ്വതന്ത്രവും നിതീയുക്തവും ഒപ്പം സുതാര്യവുമല്ലെന്നതിന്റെ ദുഃസൂചനകള്‍ നല്‍കുന്നുവെന്നത് കാണാതെ പൊയ്ക്കൂട.

2016 ലെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലെന്ന വിവാദം അമേരിക്കന്‍ രാഷ്ട്രീയത്തെ ഏറെ പിടിച്ചുകുലുക്കി. ട്രമ്പ് – ഹിലരി പോരാട്ട വേളയില്‍ റഷ്യന്‍ ഭരണകൂടം ട്രമ്പിനെ വിജയപ്പിച്ചെടുക്കുവാന്‍ ഇടപ്പെട്ടുവെന്നത് പിന്നീട് ഏറെ കോളിളക്കം സൃഷ്ടിച്ചു. ഹിലരിയുടെ ഡമോക്രാറ്റ് വോട്ടര്‍മാരുടെ ഇ-മെയില്‍ വിലാസം കൈക്കലാക്കി സന്ദേശങ്ങളിലൂടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രമ്പിനു വേണ്ടി തെരഞ്ഞടുപ്പ് പ്രചരണത്തില്‍ റഷ്യ സജീവ ഇടപ്പെടല്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു (https://www.mobile.reuters.com/article/amp/idUSKBN13Z05B).

2016ലെ ദുരനുഭവം കണക്കിലെടുത്ത് ഇക്കുറി അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആശാസ്യമല്ലാത്ത ബാഹ്യ ഇടപ്പെടലുകള്‍ സംഭവിയ്ക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഫെഡറല്‍ ഭരണകൂടത്തിന്റെ അവകാശവാദം. ഫെഡറല്‍, സ്റ്റേറ്റ്, ലോക്കല്‍ ഓഫീസര്‍മാര്‍ വോട്ടിങ് സംവിധാനങ്ങള്‍ സുരക്ഷിതമാക്കുന്നതിന് മുന്‍ഗണന നല്‍കി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുര്‍ബ്ബലപ്പെടുത്തുന്നതിനായി മുഖ്യമായും ബ്യൂറോക്രസിയെ തകര്‍ക്കുകയെന്നതിലാണ് ബാഹ്യശക്തികളുടെ ഊന്നല്‍.

ഇത് മുന്‍കൂട്ടി കണ്ട് സാധ്യതയുള്ള ഭീഷണികളെ തടയിടുന്നതിനായുള്ള ആശയവിനിമയം ശക്തിപ്പെടു ത്തുന്നതിലേറെ ശ്രദ്ധ ചെലത്തുന്നുണ്ട്. കുറ്റമറ്റ സുരക്ഷ നടപടികളിലൂന്നി കൃത്യമായ ഇടവേളകളില്‍ അവലോകനങ്ങള്‍. ബാഹ്യശക്തികളുടെ സൈബര്‍ ഭീഷണികളും സംശയാസ്പദ പ്രവര്‍ത്തനങ്ങളും കണ്ടെത്തുന്നതിന് മികവുറ്റ നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒബാമ ഭരണത്തിന്റെ അവസാന വേളകളില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ സ്വതന്ത്രവും നീതിയുക്തവും ബാഹ്യ ഇടപ്പെടലുകളില്‍ നിന്ന് മുക്തവുമാക്കുന്നതില്‍ സുപ്രധാനമായ നടപടികള്‍ സ്വീകരിക്കപ്പെട്ടു. ആണവ റിയാക്ടറുകള്‍, ബാങ്കുകള്‍, ഇലക്ട്രിക്കല്‍ ഗ്രിഡ് എന്നിവയ്ക്ക് തുല്യമായി സുരക്ഷാ ക്രമീകരണങ്ങളാണ് തെ രഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്കായി ഒരുക്കിയത്. ‘നിര്‍ണായകമായ അടിസ്ഥാന സകര്യങ്ങള്‍’ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ / സംവിധാനങ്ങള്‍ക്ക് സുരക്ഷ സജ്ജമാക്കുകയെന്നതായിരുന്നു. 2017 ജനുവരി 27 ലെ ഒബാമ ഭരണകൂടത്തിന്റെ ഉത്തരവ്. ആഭ്യന്തര സുരക്ഷാ വകുപ്പും അതിന്റെ സൈബര്‍ സുരക്ഷ ഏജന്‍സിയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥായിയായ ബന്ധം സ്ഥാപിച്ച് ഏകോപിത പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയ്‌ക്കെതിരെയുള്ള സചേതനമായ ഭീഷണി – രഹസ്യ വിവരങ്ങള്‍ തത്സമയം തന്നെ ഉന്നത സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കപ്പെടുംവിധമാണ് സൂക്ഷ്മതയാര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

2016 തെരഞ്ഞെടുപ്പ് വേളയില്‍അമേരിക്കന്‍ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളെ ലക്ഷ്യമാക്കി റഷ്യക്കാര്‍ തെരഞ്ഞെടുപ്പ് സംവിധാനങ്ങളില്‍ കടന്നുകയറി അരിച്ചുപെറുക്കി. ഇതേക്കുറിച്ച് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്ക് ലഭ്യമാക്കപ്പെടുന്നതില്‍ വീഴ്ച്ചയുണ്ടായതില്‍ ഫെഡറല്‍ തെരഞ്ഞടുപ്പ് ഉദ്യോസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുന്‍ വേളയില്‍ നിന്ന് വ്യതിരിക്തമായി തെരഞ്ഞെടുപ്പ് പ്രക്രിയക്കെതിരെയുള്ള ബാഹ്യ ഭീഷണികള്‍ക്ക് കുറവൊന്നുമില്ല. അതേസമയം സുരക്ഷാ – തെരഞ്ഞെടുപ്പു നടത്തിപ്പു ഉദ്യോഗസ്ഥ ആശയവിനിമയം നവംബര്‍ – 2020 നെ മുന്‍നിറുത്തി ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന അവകാശവാദങ്ങള്‍ക്കും കുറവില്ല.

നവംബര്‍ – 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയും ചൈനയുമടക്കമുള്ള ബാഹ്യശക്തികള്‍ ഇടപ്പെട്ടേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബര്‍ ഇടപ്പെടലുകളില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല ഇപ്പറഞ്ഞ രാജ്യങ്ങളുടെ ഇടപ്പെടലെന്ന മുന്നറിയിപ്പും നല്‍കപ്പെടുന്നുണ്ട്. വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡാറ്റയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്താനോ ഡാറ്റാ അലങ്കോലമാക്കുവാനോ ശേഷിയുള്ള റാന്‍സവെയര്‍ ആക്രമണമാണ് ഏറ്റവും മുഖ്യം. അത്തരം ആക്രമണമുണ്ടായാല്‍ തന്നെ അത് വേഗത്തില്‍ പരിഹരിച്ച് പുന:സ്ഥാപിക്കുന്നതിനുള്ള അതീവ സൂക്ഷ്മതയാര്‍ന്ന സംവിധാനങ്ങളാണ് ഫെഡറല്‍ തെരഞ്ഞെടുപ്പ് നടത്തിപ്പു ഉദ്യോഗസ്ഥ വിഭാഗങ്ങളിലേര്‍പ്പെടുത്തിയിട്ടുള്ളത്.

സമഗ്രമായ സുരക്ഷാ വിലയിരുത്തലുകള്‍. സൈബര്‍ ആക്രമണങ്ങളെ കണ്ടെത്തി ചെറുക്കുന്നതിന് മികച്ച സംവിധാനങ്ങള്‍. ഈ ദിശയില്‍ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ക്ക് മികച്ച പരിശീലനം. ഇപ്പറഞ്ഞവയെല്ലാം മുന്‍ വേളയില്‍ നിന്നു വ്യത്യസ്തമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാഹ്യശക്തികളില്‍ നിന്നുള്ള ഭിഷണി മുക്തമാക്കുന്നതിനായി കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ട്.അതേസമയം ചെറിയ തെരഞ്ഞെടുപ്പ് ഓഫീസുകളില്‍ ഇത്തരം മികവുറ്റ ഐടി – സൈബര്‍ – ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് പരിമിതമായ ബജറ്റ് തടസ്സമാണെന്നത് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നുണ്ട്.

തെരഞ്ഞടുപ്പ് പ്രക്രിയ ഭിഷണി മുക്തമാക്കാന്‍ ബഹുതല സുരക്ഷാ നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വോട്ടര്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ പരിരക്ഷിക്കുന്നതിനായി ഫയര്‍വാളുകള്‍, സൈബര്‍ ഭീഷണി കണ്ടെത്തല്‍ സെന്‍സറുകള്‍, മള്‍ട്ടി-ഫാക്ടര്‍ പ്രാമാണീകരണ സൈബറധിഷ്ഠിത പ്രോട്ടോക്കോളുകളുള്‍പ്പെടെയുള്ള ബഹുമുഖ സുരക്ഷാ ക്രമീകരണ ളാണ് ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. എങ്കില്‍പോലും ചില തെരഞ്ഞെടുപ്പ് ഓഫീസുകളില്‍ ഇപ്പറഞ്ഞ മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ വേണ്ടത്ര ഫലിക്കുന്നില്ലെന്നതിന്റെ സൂചനകള്‍ ഫെഡറല്‍ സുരക്ഷാ അവലോകനങ്ങളില്‍ തിരിച്ചറിഞ്ഞിട്ടുള്ളതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.

ഭീഷണികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെയും അവ പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നുവെന്നാണ് ഫെഡറല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത്. സുരക്ഷാ ക്രമീകരണങ്ങളിലെ ചില കുറവുകള്‍ ചൂണ്ടികാണിക്കപ്പെടുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ – സൈബര്‍ രംഗത്തു നിന്നുള്‍പ്പെടെ സൂചനകളില്ലെന്നും പറയുന്നുണ്ട്. എന്നാല്‍ ഈ വേളയിലും ഡമോക്രാറ്റ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ഇ-മെയില്‍ സന്ദേശങ്ങളെത്തുകയാണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ഇ – മെയില്‍ സന്ദേശങ്ങളെത്തുന്നതായി കഴിഞ്ഞ ദിവസം ബിബിസിയുള്‍പ്പെടെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡെമോക്രാറ്റിക് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ അയച്ചതിന്റെ ഉത്തരവാദിത്തം ഇറാനാണെന്നാണ് യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. തീവ്ര വലതുപക്ഷ ട്രമ്പ് അനുകൂല ഗ്രൂപ്പാണ് ഇത്തരം ഇമെയിലുകള്‍ അയ്ക്കുന്നത്. അമേരിക്കന്‍ ജനാധിപത്യത്തിനും തെരഞ്ഞെടുപ്പു പ്രക്രിയക്കും ഭീഷണിയാണ് ഇത്തരം ബാഹ്യ ഇടപ്പെടലുകളെന്നാണ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് പറയുന്നത്. ഇറാനും റഷ്യയും ചില വോട്ടര്‍ മാരുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ നേടിയതായി യുഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നും റാറ്റ്ക്ലിഫ് പറയുന്നുണ്ട്.

ഡമോക്രാറ്റ് വോട്ടര്‍മാരുടെ സൈബര്‍ ഡാറ്റ ബാഹ്യശക്തികള്‍ കൈവശപ്പെടുത്തിയെന്ന് സമ്മതിക്കുന്നത് മറ്റാരുമല്ല രാജ്യത്തിന്റെ ഇന്റലിജന്‍സ് ഡയറക്ടര്‍ തന്നെയാണ്. മുന്‍ വേളയില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബാഹ്യശക്തികളുടെ ഇടപ്പെടലുകളെ ചെറുക്കാന്‍ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ – അതിനൂതന സൈബര്‍ സുരക്ഷയടക്കം – ഒരുക്കിയിട്ടുണ്ടെന്ന അവകാശവാദങ്ങളെ ദുര്‍ബ്ബലമാക്കുംവിധമാണ് ഇറാന്‍ – റഷ്യ – ചൈന രാഷ്ട്രങ്ങള്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ സൈബര്‍ ഡാറ്റാ തരപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത്.

ദേശീയ ഇന്റില ജന്‍സ് ഡയറക്ടര്‍ ഇത് ശരിവച്ചതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ബാഹ്യശക്തികള്‍ക്ക്വി ള്ളലുകള്‍ വീഴുത്തുവാന്‍ തക്ക ദുര്‍ബ്ബലമാണെനവസ്ഥ സ്ഥായിയായി തുടരുന്നുവെന്നതിന്റെ തെളിവുകള്‍ തന്നെയാണ് അവശേഷപ്പിക്കുന്നത്. നവംമ്പര്‍ 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ വിജയത്തിനായ് വിദേശ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുവെന്നാരോപിച്ച് ട്രമ്പിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച്‌മെന്റ് നടപടികള്‍ സ്വീകരിച്ചുവെന്നത് ഇവിടെ കൂട്ടി വായിയ്ക്കണം. ട്രമ്പ് ഇനി വൈറ്റ് ഹൗസ് കാണരുതെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ചൈനയാണ്. കമ്യുണിസത്തില്‍ ടെക്ക് മുതലാളിത്തം ഒളിച്ചു കടത്തി അഭിരമിക്കുന്ന ചൈനീസ് ഭരണകൂടത്തിന് പ്രതിപത്തി അമേരിക്കന്‍ ഡമോക്രാറ്റുകളോടാണ്. അതുകൊണ്ടുതന്നെ പരമ്പരാഗത മുതലാളിത്തത്തിന്റെ പ്രതിനിധി ട്രമ്പിനെയല്ല ബൈഡനെയാണ് ചൈനക്ക് ആവശ്യം.

Related Post

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകണം

  കെ.കെ ശ്രീനിവാസൻ ഹൈന്ദവ ജനസഞ്ചയത്തെ ഹിന്ദുത്വയിലേക്ക് പരിവർത്തിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സംഘപരിവാർ.  ഈ ദൗത്യത്തെ ചെറുക്കുവാൻ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോൺഗ്രസിനേയാകൂ.…