ലഘു വായ്പാപദ്ധതി: പണം കായ്ക്കുന്ന മരം
This research paper on Working of Micro Finance Insituitions (MFIs) was published in Samakalika Malayalm Weekly (Issue 28 Jan 2011) and posted on 07 August 2011 at 12:47 AM on this news portal and now the same is posted once again ‘ .
പണം മരത്തില്‍ കായ്ക്കില്ല. പണം പക്ഷേ മരത്തില്‍ കായ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടാലോ? ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധാകേന്ദ്രമാണ് മൈക്രോ ക്രെഡിറ്റ് അഥവാ ലഘുവായ്പാ പദ്ധതി. വികസ്വര രാഷ്ട്രങ്ങളിലെ ദരിദ്ര ജന വിഭാഗങ്ങളുടെ സാമൂഹിക–സാമ്പത്തിക അവസ്ഥയെ ഉദ്ധരിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യ സാധൂകരണ ചുമതല മുഖ്യമായും ഏല്‍പ്പിച്ചിട്ടുള്ളത് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെയാണ്. ഇവയുടെ സമ്പാദ്യം അനന്തമായി കുമിഞ്ഞുകൂടുന്നു. ഇവിടെയാണ് പണം മരത്തില്‍ കായ്ക്കുന്നുണ്ടോയെന്ന് സംശയിയ്ക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നത്.
ലഘുവായ്പ പദ്ധതിയുടെ പിതാവ് എന്ന വിശേഷണത്തിന് ഉടമയാണ് പ്രൊഫ. മുഹമ്മദ് യൂനസ്. ബംഗ്ലാദേശ് ഗ്രാമീണ ജനതയെ കൊടിയ ദാരിദ്രത്തില്‍ നിന്ന് കരകയറ്റുകയെന്ന സാമൂഹിക–സാമ്പത്തിക ദൗത്യ സഫലീകരണ ദിശയിലാണ് പ്രൊഫ.യൂനസ് ലഘുവായ്പാ പദ്ധതിക്ക് രൂപം നല്‍കുന്നത്. 1976 ല്‍ ഗ്രാമീണ ബാങ്ക് സ്ഥാപിച്ചുകൊണ്ടാണ് ഈ നൂതന പദ്ധതിയെ പ്രയോഗതലത്തിലെത്തിക്കുന്നത്.
1995 സെപ്തംബറില്‍ ബീജിങില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനമാണ് ബംഗ്ലാദേശ് മോഡല്‍ ലഘുവായ്പാ പദ്ധതിയിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്നത്. 100 കോടിയിലധികം ജനങ്ങള്‍, പ്രത്യേകിച്ചും വനിതകള്‍, ആഗോളതലത്തില്‍ തന്നെ ദാരിദ്രത്തിന്റെയും വിശപ്പിന്റേയും പിടിയിലാണ്. ഈയവസ്ഥക്ക് ഒരു പരിഹാര മാര്‍ഗ്ഗമായിട്ടാണ് ആഗോള വനിതാ സമ്മേളന പ്രഖ്യാപനത്തില്‍ ലഘുവായ്പാ പദ്ധതി ഇടം തേടുന്നത്.
വികസ്വര രാഷ്ട്രങ്ങളിലെ 16 മില്യന്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സേവന ദാതാക്കളായി 7000 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ 2.5 ബില്യണ്‍ യു.എസ് ഡോളറിന്റെ സാമ്പത്തിക ഇടപാടുകളിലേര്‍പ്പെടുന്നുവെന്ന് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 1.3 ബില്യണ്‍ ദരിദ്രര്‍, 7 ബില്യണ്‍ യു.എസ്. ഡോളര്‍ വായ്പ സ്വീകരിച്ചിട്ടുണ്ടെന്നും ലോക ബാങ്ക് പറയുന്നു.
ലഘു വായ്പാപദ്ധതി
1980 കളുടെ ആരംഭത്തിലാണ് ഇന്ത്യയില്‍ ലഘുവായ്പാ പദ്ധതി പിറവിയെടുക്കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് സൗകര്യങ്ങള്‍ അനുവദിച്ച് ദേശീയ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കും (നബാര്‍ഡ്) മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ക്കായി സര്‍ക്കാരേതര സംഘടന (എന്‍ജിഒ) കള്‍ക്ക് വായ്പ നല്‍കി രാഷ്ട്രീയ മഹിളാ കോശും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ അനുവദിച്ച് ചെറുകിട വ്യവസായ വികസന ബാങ്കുമാണ് ഇന്ത്യയില്‍ ലഘു വായ്പാ പദ്ധതിക്ക് കളമൊരുക്കിയത്. ഇതിനകം മൂന്നു പതിറ്റാണ്ടു പിന്നിട്ട ഇന്ത്യയിലെ ലഘുവായ്പാ പദ്ധതിക്ക് ഇപ്പോള്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് പൊതു/സ്വകാര്യ മേഖലാ ബാങ്കുകള്‍, ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍, റിസര്‍വ്വ് ബാങ്ക് നിയന്ത്രണത്തിലുള്ള നോണ്‍ ബാങ്കിങ്ങ് ധനകാര്യ സ്ഥാപനങ്ങള്‍, നോണ്‍ ബാങ്കിങ്ങ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ്.
രാജ്യത്തെ 6,00,000 ഗ്രാമങ്ങളിലെ കേവലം അഞ്ചു ശതമാനത്തില്‍ മാത്രമാണ് ബാങ്കിങ്ങ് സേവനമുറപ്പിക്കപ്പെട്ടിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുള്ളവര്‍ 40 ശതമാനം മാത്രം. 10.7 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ബാങ്കിങ്ങ് സേവനം ലഭ്യമാക്കപ്പെട്ടിട്ടില്ലെന്നു മൈക്രോ ഫിനാന്‍സ് നെറ്റ്‌വര്‍ക്ക് സംഘടനയായ സാധന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു(1).
റിസര്‍വ്വ് ബാങ്കിന്റെ സര്‍വ്വരേയും ഉള്‍ക്കൊണ്ടുള്ള സാമ്പത്തിക പദ്ധതി (Financial Inclusive Plan)യുടെ ഭാഗമായി ഗ്രാമീണ മേഖലയില്‍ അടിസ്ഥാന ബാങ്കിങ്ങ് സേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ്. ഇതനുസരിച്ച് ഇനിയും ബാങ്കിങ്ങ് സേവനമെത്തിപ്പെടാത്ത ഗ്രാമങ്ങളില്‍ സേവനമെത്തിക്കാന്‍ ബിസിനസ് കറസ്‌പോണ്ടന്റുമാരെ നിയോഗിക്കുവാന്‍ റിസര്‍വ്വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ, 2008-09 ല്‍, രാജ്യത്ത് 3.3 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കപ്പെട്ടിട്ടുണ്ട്. മൂന്നു കോടിയിലധികം അക്കൗണ്ടുകള്‍ തുറന്ന് ആന്ധ്രാ പ്രദേശാണ് ഒന്നാം സ്ഥാനത്ത്(2).
ബാങ്കിങ്ങ് സേവനം പരമാവധി ഇടപാടുകാരുടെ, പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ, വീട്ടുപടിക്കലെത്തിക്കുകയെന്നത് അനിവാര്യമാകുന്നുണ്ട്. ഇത് പക്ഷേ വിപുലപ്പെടുത്തുവാന്‍ വര്‍ത്തമാന വ്യവസ്ഥാപിത ബാങ്കിങ്ങ് മേഖല സ്വന്തം നിലയില്‍ പ്രാപ്തമല്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ബിസ്‌നസ് കറസ്‌പോണ്ടന്റുമാരെന്ന നിലയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളേറെ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.
വികസ്വര രാഷ്ട്രങ്ങളിലെ സാമൂഹിക–സാമ്പത്തിക സ്ഥിതി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലൂന്നി ഐക്യരാഷ്ട്ര സംഘടനയുടെ മില്യേന്യം വികസന ലക്ഷ്യങ്ങള്‍ -2000 (Millienium Development Goals-2000) മുന്നോട്ടുവയ്ക്കപ്പെട്ടു. 100 രാജ്യങ്ങളില്‍ നിന്നുള്ള 1000 ത്തോളം എന്‍.ജി.ഒകളും സിവില്‍ സൊസൈറ്റി സംഘടനകളും പങ്കെടുത്ത മില്യേന്യം ഫോറത്തിലാണ്, 2000 മേയില്‍, ഈ ലക്ഷ്യം മുന്നോട്ടുവയ്ക്കപ്പെട്ടത്. 2000 സെപ്തംബറിലെ യു.എന്‍ മില്യേന്യം പ്രഖ്യാപന പ്രകാരം 2015 ഓടെ പൂര്‍ത്തീകരിക്കുവാനുദ്ദേശിച്ചുള്ള എട്ട് ലക്ഷ്യങ്ങളില്‍ ദാരിദ്ര/ വിശപ്പ് നിര്‍മ്മാര്‍ജനത്തിനാണ് പ്രഥമ പരിഗണന. ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളില്‍ ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതിയെന്ന നിലയില്‍ ലഘുവായ്പാ പദ്ധതിക്ക് പ്രാധാന്യമേറുന്നത് ഈ പശ്ചാത്തലത്തിലാണ്.
വളര്‍ച്ചാ ഗ്രാഫ്
2010 മാര്‍ച്ച് 31 വരെയുള്ള നബാര്‍ഡ് കണക്ക് പ്രകാരം, 53.10 ലക്ഷം വനിതാസ്വയം സഹായ സംഘങ്ങളുടേതടക്കം 69.55 ലക്ഷം സംഘങ്ങളുടെ നിക്ഷേപങ്ങള്‍ വിവിധ ബാങ്കുകളിലുണ്ട്. 38.98 വനിതാസംഘങ്ങള്‍ ഉള്‍പ്പെടെ 48.51 ലക്ഷം സംഘങ്ങള്‍ വായ്പ തിരിച്ചടക്കുവാനുള്ളവരാണ്. സ്വയംസഹായ സംഘങ്ങളുടെ മൊത്തം നിക്ഷേപം 6,198.77കോടി രൂപ. ഇതില്‍ 4,498.68 കോടി വനിതാ സംഘങ്ങളുടേതാണ്. 14,453.30 കോടിയുടെ ബാങ്ക് വായ്പകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ സിംഹഭാഗവും, 12,429.37 കോടി രൂപ, അനിവദിക്കപ്പെട്ടിട്ടുള്ളത് വനിതാസംഘങ്ങള്‍ക്ക്. വനിതാ സംഘങ്ങളുടെ 23,030. 36 കോടിയടക്കം മൊത്തം 28,038.28 കോടി വായ്പ തിരിച്ചടക്കപ്പെടേണ്ടതുണ്ട്. ഓരോ സംഘത്തിന്റേയും ശരാശരി തിരിച്ചടവ് സംഖ്യ 57,795 രൂപ. ഓരോ അംഗത്തിന്റെയാകട്ടെ, 4,128 രൂപ. മൊത്തം 9.7 കോടി കുടുംബങ്ങള്‍ ഗുണഭോക്താക്കള്‍.(3) ഇക്കഴിഞ്ഞ 5 വര്‍ഷ (2005-09) ത്തിനുള്ളില്‍ മാത്രമായി ലഘുവായ്പാ പദ്ധതിയില്‍ 83 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.(4) മറ്റൊരു റിപ്പോര്‍ട്ടു പറയുന്നത് ഇതേ കാലയളവില്‍ തന്നെ 252 മില്യണ്‍ യു.എസ്. ഡോളറില്‍ നിന്ന് 2.5 ബില്യണിലേക്കുള്ള വളര്‍ച്ചയാണ്.(5)
ഇന്ത്യയില്‍ 446 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു(6). ഇതില്‍ 50 സ്ഥാപനങ്ങള്‍ ക്രെഡിറ്റ് റേറ്റിങ്ങ് ഇന്ത്യ സര്‍വ്വീസസ് ലിമിറ്റഡി (CRISIL) ന്റെ റേറ്റിങ്ങ് ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആലപ്പുഴ എസ്.എല്‍ പുരം, ഗാന്ധി സ്മാരക സേവാ കേന്ദ്രം ഈ ലിസ്റ്റില്‍ 46-ാം സ്ഥാനത്താണെന്നത് ശ്രദ്ധേയം. ആദ്യ സ്ഥാനം ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വയം കൃഷി സംഘം (SKS) എന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനമാണെന്ന് ഇന്ത്യന്‍ മൈക്രോ ഫിനാന്‍സ് ബിസ്‌നസ് ന്യൂസ് ( 2010 ജൂലായ് 29) (7) റിപ്പോര്‍ട്ട് ചെയ്യുന്നു. ദ്രുതഗതിയില്‍ കുതിക്കുന്ന ഈ വളര്‍ച്ചാ ഗ്രാഫിനൊപ്പം തന്നെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ തങ്ങള്‍ അനുവദിക്കുന്ന ലഘു വായ്പക്ക് അന്യായ പലിശ ചുമത്തിക്കൊണ്ട് കൊള്ളലാഭ സമ്പാദനത്തിനായി കോടാനുകോടി ദരിദ്രരെ ഉപകരണമാക്കി മാറ്റുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളും വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്.
ലാഭത്തില്‍ നിന്ന് കൊള്ള ലാഭത്തിലേക്ക്
മെക്‌സിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ലോകത്തിലെ ആദ്യ മൈക്രോ ഫിനാന്‍സ് സ്ഥാപനം ബാന്‍കോ കോംപാര്‍ട്ടമസ് അനുവദിക്കുന്ന ലഘു വായ്പക്ക് 86 ശതമാനം വാര്‍ഷിക പലിശ ഈടാക്കുന്നു(8). അന്യായ പലിശ ചുമത്തുന്നതില്‍ ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും ഒട്ടും പിറകിലല്ല. കമ്മീഷന്–ഡോക്യുമെന്റേഷന് ചാര്‍ജുകള്‍ കൂടാതെ, വായ്പാ തുക കുറയുന്നതിനനുസരിച്ച്30 മുതല്‍ 70 ശതമാനം വരെ പലിശ ചുമത്തുന്നുണ്ടെന്ന് ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി) ഈസ്റ്റേഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്-2006 പറയുന്നു(9).
ദരിദ്ര ജനവിഭാഗങ്ങളില്‍ നിന്ന് അന്യായ പലിശ ഈടാക്കി ഇന്ത്യന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടു എന്ന ആശങ്ക ശക്തിപ്പെടുന്നത് എസ്.കെ.എസ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്. 2010 ജൂലായ് മുംബൈ–ദേശീയ ഓഹരി വിപണികളില്‍ ഐ.പി.ഒ (Initial Public Offering) യിലൂടെ എസ്.കെ.എസ് വാരിക്കൂട്ടിയത് 1653 കോടി രൂപ. എസ്.കെ.എസിനിപ്പോള്‍ 2407 ശാഖകളിലായി 78 ലക്ഷം അംഗങ്ങള്‍. 2010 സെപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം അനുവദിക്കപ്പെട്ട വായ്പ 19,841 കോടി രൂപ (10). വിക്രം അഖുല ചെയര്‍മാനായുള്ള ഈസ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത് 1977 ല്‍ മാത്രമാണെന്നറിയുമ്പോഴാണ് ഇതിന്റെ വളര്‍ച്ച അഭൂതപൂര്‍വ്വമാണെന്ന് വ്യക്തമാകുന്നത്.
2006 ല്‍ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളെ തെരഞ്ഞെടുത്തതില്‍ എസ്.കെ.എസ്. ചെയര്‍മാന്‍ അഖുല സ്ഥാനം പിടിച്ചു. അഖുലക്ക് ലോക സ്വാധീന വ്യക്തിപട്ടികയിലിടം ലഭിയ്ക്കാന്‍ പാതയൊരിക്കിയത് ദരിദ്രര്‍ക്ക് കടം കൊടുത്ത് അന്യായ പലിശ ചുമത്തി കൊള്ളലാഭമുണ്ടാക്കി കെട്ടിപ്പൊക്കിയ എസ്.കെ.എസിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചാ ഗ്രാഫ് തന്നെയാണ്.
രാജ്യത്തെ ദരിദ്ര ഗ്രാമീണ ജനതക്ക് സാമ്പത്തിക സേവനമെത്തിച്ച് വനിതകളെ ശാക്തീകരിക്കാന്‍ നിയോഗിക്കപ്പെട്ടവയാണ് എസ്.കെ.എസ് അടക്കമുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെന്ന് ഓര്‍ക്കുക. ഈ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കൈപ്പറ്റുന്നത് ശമ്പളമടക്കം കോടികളുടെ വാര്‍ഷിക ആനുകൂല്യങ്ങള്‍. എസ്.കെ.എസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുരേഷ് ഗുരുമണി (പിന്നീട് ഇദ്ദേഹം പുറത്താക്കപ്പട്ടു) 2009-10 ല്‍ മാത്രം മറ്റാനുകൂല്യങ്ങള്‍ക്ക് പുറമെ കൈപ്പറ്റിയ ശമ്പളം 2.45 കോടി രൂപയെന്ന് Daily News Analaysis (2010 Nov.26) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ ചെയര്‍മാന്റെ വാര്‍ഷിക ശമ്പളം 26.5 ലക്ഷം മാത്രം. ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടേതാകട്ടെ 15 ലക്ഷം രൂപ. ഗുരുമണി കൈപ്പറ്റിയ ശമ്പളം എസ്ബിഐ ചെയര്‍മാന്റേതിനേക്കാള്‍ 9 പ്രാവശ്യം കൂടുതല്‍ !
ഗുരുമണിയുടെ പ്രതിഫല കണക്ക് ഇനിയും അവസാനിക്കുന്നില്ല…… 2009-10 ല്‍ പെര്‍ഫോര്‍മന്റ്‌സ് ബോണസ്സായി കൈപ്പറ്റിയത് 15 ലക്ഷം രൂപ. ഒറ്റത്തവണ ബോണസ് ഒരു കോടി. ഇന്‍ഷൂറന്‍സ് 4 കോടി രൂപ. ഇതിനെല്ലാം ഉപരി ഓഹരി ഓപ്ഷന്‍ പ്രകാരം 300 കോടി രൂപ മൂല്യമുള്ള 1.25 ലക്ഷം ഓഹരികള്‍.
ഓഹരി ഓപ്ഷനിലൂടെ എസ്.കെ.എസ്.ചെയര്‍മാന്‍ അഖുലയുടെ കയ്യിലെത്തിയത് 49.79 രൂപ മൂല്യമുള്ള 9.45 ലക്ഷം ഓഹരികള്‍. ഈ ഓഹരികള്‍ വെറും 2 മാസത്തിനു ശേഷം സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള Tree Lion Asia Master Fund എന്ന സ്ഥാപനത്തിന് ഒരു ഓഹരിക്ക് 13.67 ഡോളര്‍ പ്രകാരം വിറ്റു. ഇതിലൂടെ അഖുലയുടെ സമ്പാദ്യപ്പെട്ടിയിലെത്തിയത് 53 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതി ഒടുക്കിയതിനു ശേഷം 173.95 കോടി രൂപയാണ് എസ്.കെ.എസിന്റെ ലാഭ(11) മെന്നറിയുക.
ഒരു സംരംഭത്തിന്റെ നിലനില്‍പും പുരോഗതിയും നിര്‍ണ്ണയിക്കപ്പെടുന്നത് പ്രധാനമായും അതിന്റെ ലാഭത്തെ ആധാരമാക്കിയാണെന്നത് അംഗീകരിക്കപ്പെട്ട വാണിജ്യതത്വം. ലാഭം (Profit) പക്ഷേ കൊള്ളലാഭ (Profiteering) ത്തിലേക്ക് വഴിമാറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതം ഏറെ ഗുരുതരമായിരിക്കും. ഇന്ത്യന്‍ എക്‌സ്പ്രസ് ഡെവലപ്പ്‌മെന്റ് എഡിറ്ററായിരുന്ന, ഇപ്പോള്‍ വികസന വിഷയങ്ങളില്‍ ഗവേഷകനായ ദേവീന്ദര്‍ ശര്‍മ തന്റെ ബ്ലോഗില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ലാഭത്തിന്റെ കുത്തനെയുള്ള ഗ്രാഫ് വ്യക്തമാക്കുന്നുണ്ട്.
2007-08 2009-10
സംരംഭങ്ങള്‍
എസ്.കെ.എസ് 170.1 കോടി 958.72 കോടി
ബന്ധന്‍ 6.56 222.11
ബി.എസ്.എസ്. 7.03 155.38
ഷെയര്‍ മൈക്രോ ഫിനാന്‍സ് 113.08 475.28
ഗ്രാമീണ്‍ മൈക്രോ ഫിനാന്‍സ് 82.65 327.35
സമാധന്‍ സഫറുദ്ദീന്‍ 127.45 724.09
വിജിവാന്‍ 36.37 327.89 * (12)
ആന്ധ്രാ അനുഭവം
ഗ്രാമീണ മേഖലയില്‍ ഒരു ഡോളറിന് താഴെമാത്രം വരുമാനമുള്ളവര്‍ക്ക് ഒദ്യോഗിക ബാങ്കിങ്ങ് സേവന മുറപ്പിക്കാന്‍(13) ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട എസ്‌കെഎസ് അടക്കമുള്ളവര്‍ കൊള്ളലാഭക്കാരയപ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങളേറെ മുഖ്യമായും ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.
ബംഗ്ലാദേശ് ഗ്രാമീണ മോഡല്‍ എന്ന വിശേഷണം നല്‍കിയാണ് ആന്ധ്രയില്‍ ലഘുവായ്പാ പദ്ധതി വ്യാപകമാക്കപ്പെടുന്നത്. എന്നാല്‍, ഇതിന്റെ നിര്‍ദ്ദിഷ്ട ലക്ഷ്യം തെറ്റുന്നുവെന്നുള്ളതാണ് ആന്ധ്യയില്‍ പ്രകടമാകുന്നത്. ഇന്ത്യയിലെ 75 ശതമാനത്തോളം മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ആന്ധ്രയിലാണ് . ഗ്രാമീണ സ്വയം സഹായസംഘങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ 273 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വായ്പ തിരിച്ചടയ്ക്കാനാവാതെ ഇതിനകം 54 പേര്‍ ആന്ധ്രയില്‍ ആത്മഹത്യ ചെയ്തു.(14) 2010 ല്‍ മാത്രമായി 30 പേര്‍ ആത്മഹത്യ ചെയ്തുവെന്നും അതില്‍ 17 പേര്‍ എസ്‌കെഎസില്‍ നിന്ന് വായ്പയെടുത്തവരുമാണെന്നാണ് ഫ്രന്റ് ലൈന്‍ (15) റിപ്പോര്‍ട്ട്. 2010 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 60 ലക്ഷം ജനങ്ങള്‍ക്ക് 9000 കോടി രൂപ ലഘു വായ്പ അനുവദിച്ചിട്ടുണ്ട്. ആന്ധ്രയില്‍ എസ്.കെ.എസ്, സ്പന്ദന തുടങ്ങിയ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ 28 മുതല്‍ 33 ശതമാനം വരെ പലിശ ചുമത്തുന്നു(16).
2005 ഓടുകൂടിയാണ് എസ്.കെ.എസ് അടക്കമുള്ള ആന്ധ്രയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വാണിജ്യ വല്‍ക്കരണ പാതയിലേറുന്നത്. ആന്ധ്രയിലെ ദാരിദ്ര ഗ്രാമീണ മേഖല കൊള്ള ലാഭത്തിന്റെ വിത്തിറക്കാന്‍ പറ്റിയ മണ്ണാണെന്നു കൃത്യമായി തിരിച്ചറിഞ്ഞിടത്തായിരുന്നു ഈ നീക്കം. 2003 ല്‍, കര്‍ഷക കുടുംബങ്ങളുടെ കടബാദ്ധ്യത ദേശീയ ശരാശരി 49 ശതമാനമാണെന്നിരിക്കെ ആന്ധ്രയിലേത് 82 ശതമാനമായിരുന്നുവെന്നും സാമ്പത്തിക വിദ്ഗ്ദ്ധനും എഴുത്തുകാരനുമായ മില്‍ഫോര്‍ഡ് ബാറ്റ്‌മെന്‍ പറയുന്നു.(17) ആന്ധ്രയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ കൊള്ള പലിശയും ഇതിന്റെ പരിണിതിയായുണ്ടാകുന്ന ആത്മഹത്യകളും സാമൂഹിക സാമ്പത്തിക–മാനവ ദുരന്തമാവുകയാണെന്നും ബാറ്റ്‌മെന്‍ പറയുന്നു.
ആന്ധ്രയിലേതുപോലെത്തന്നെ ഒറീസയിലെ ഗ്രാമീണ മേഖലയും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ അന്യായ പലിശയില്‍ ശ്വാസം മുട്ടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളുണ്ട്.(18) 2010 നവംബറില്‍ കേന്ദ്രപ്പാറ ജില്ലയിലെ രത്‌നാകര്‍ ജന എന്ന ഭൂരഹിത കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിറക്കാന്‍ ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് ഇദ്ദേഹം ലഘുവായ്പയെടുത്തിരുന്നു. അതു പക്ഷേ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചടക്കാനായില്ല. ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യ. ഇത്തരത്തിലുള്ള ആത്മഹത്യ ഒറീസയില്‍ ഒറ്റപ്പെട്ടതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുച്ഛവരുമാന ഗ്രാമീണര്‍
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള 100 തൊഴില്‍ ദിനങ്ങളില്‍ നിന്നു ലഭ്യമാകുന്ന തുച്ഛമായ കൂലിയാണ് ഇന്ത്യയിലെ ഗ്രാമീണരുടെ മുഖ്യവരുമാനം. ഇതിലൂടെയാണ് അവര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. ഈ തുച്ഛവരുമാനത്തിന്റെ തന്നെ പിന്‍ബലത്തിലാണ് തങ്ങളെ ശാക്തീകരിക്കുവാന്‍ വന്നവരെന്ന് കരുതി മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്നത്. വായ്പകളൊന്നും പക്ഷേ പുതിയ വരുമാന സ്രോതസ്സ് തുറക്കുന്നതിനായല്ല മുഖ്യമായും വിനിയോഗിക്കപ്പെടുന്നത്. മറിച്ച്, ഒരു നേരത്തെയെങ്കിലും നല്ല ആഹാരം, നല്ല വസ്ത്രം, വിവാഹം, ഉത്സവ ആഘോഷങ്ങള്‍ തുടങ്ങിയ പ്രാഥമികവും ഉല്പാദനരഹിതവുമായ ആവശ്യങ്ങള്‍ക്കാണ്. അതേസമയം ഈ വായ്പക്ക് പിന്നില്‍ പതുങ്ങിയിരിക്കുന്ന അന്യായ പലിശയെക്കുറിച്ച് ഈ ഗ്രാമീണര്‍ അജ്ഞരാണ്. ലഭ്യമാകുന്ന തുച്ഛവരുമാനം നിത്യവൃത്തിക്ക് പോലും തികയാതെ വരുമ്പോള്‍ വായ്പ തിരിച്ചടയ്ക്കാനാവാത്ത അവസ്ഥ ഗ്രാമീണരെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. ഇതോടൊപ്പം കടംകൊടുത്ത മുതലും പലിശയും തിരിച്ചുപിടിയ്ക്കാനുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ബലപ്രയോഗവും കൂടിയാകുമ്പോള്‍ ദാരിദ്ര ഗ്രാമീണ ജനതയ്ക്ക് മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റൊന്നുമല്ല വഴിതുറക്കുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഷേക്‌സ്പിയറിന്റെ വെനീസിലെ കച്ചവടക്കാരായി ഇന്ത്യന്‍ ഗ്രാമങ്ങളെ വളഞ്ഞിരിക്കുന്നുവെന്ന അവസ്ഥയില്‍ നിന്നുള്ള ശക്തമായ തിരുത്ത് അനിവാര്യമാകുന്നുണ്ടെന്ന് തന്നെയാണ് സമകാലിക അനുഭവങ്ങള്‍ പറയുന്നത്.
ആന്ധ്രയില്‍ ഓര്‍ഡിനസ്
ലഘുവായ്പ പദ്ധതിയിലൂടെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനവും സ്ത്രീശാക്തീകരണവും സാധ്യമാക്കപ്പെടുമെന്നുള്ള കണക്കുക്കൂട്ടലിനേറ്റ തിരിച്ചടിയായിട്ടു വേണം ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യകളെ കാണാന്‍. നിയന്ത്രണങ്ങളേതുമില്ലാതെയുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ലഘുവായ്പ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിനയായത്. ഈ തിരിച്ചറിവിന്റെ പാശ്ചാത്തലത്തിലായിരിക്കണം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉറപ്പുവരുത്തുന്നതിനായുള്ള ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. 2010 ഒക്‌ടോബര്‍ നാലിന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പ്രകാരം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ജില്ല റൂറല്‍ വികസന അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപനങ്ങള്‍ സര്‍വ്വ വിവരങ്ങളും രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കണം. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘങ്ങളില്‍ അംഗങ്ങളാകാന്‍ പാടില്ല. സ്ഥാപനങ്ങള്‍ വായ്പയ്ക്കായി സെക്യൂരിറ്റി ആവശ്യപ്പെടരുത്. പലിശ നിരക്ക് പരസ്യപ്പെടുത്തണം. സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട അധികാരിക്ക് മുമ്പാകെ പ്രതിമാസ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം. ബലപ്രയോഗത്തിലൂടെ വായ്പ തിരിച്ചടപ്പിക്കുന്നത് കുറ്റകരമാണ്.(19) മുഖ്യമായും പലിശ നിരക്ക് നിയന്ത്രിക്കാനുദ്ദേശിച്ചുള്ള ഇപ്പറഞ്ഞ വ്യവസ്ഥകളടങ്ങിയ ഓര്‍ഡിനന്‍സിനെതിരെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അത് ഫലം കണ്ടില്ല. ഇതിനിടെ, സംസ്ഥാനത്തെ ഒന്നാംനിര സ്ഥാപനങ്ങളായ എസ്.കെ.എസും സ്പന്ദനയും യഥാക്രമം രണ്ടു ശതമാനവും (26.69 ല്‍ നിന്ന് 24.55 ശതമാനം) മൂന്നു ശതമാനവും പലിശ കുറച്ചു. അന്യായ പലിശയില്‍ നിന്ന് പലിശയിലേക്കുള്ള മാറ്റമായിട്ടല്ല ഈ തീരുമാനമെന്ന് വ്യക്തം. ഓര്‍ഡിനന്‍സിനെ തുടര്‍ന്ന്, വായ്പാ തിരിച്ചടവ് കളക്ഷന്‍ 99 ല്‍ നിന്ന് 20 ശതമാനത്തിലേക്ക് (20) ചുരുങ്ങുവെന്നുള്ള ബോദ്ധ്യപ്പെടലാണ് ഈ തീരുമാനത്തിന് ആധാരം.
എഡിബി മുന്നറിയിപ്പ്
ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തല ഇടപെടലുകളുണ്ടായേക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) 2006 ല്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബാങ്കിന്റെ കിഴക്കനേഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 2006 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്. പലിശ നിയന്ത്രിയ്ക്കാനുദ്ദേശിച്ചുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികളില്‍ നിന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ പിന്തിരിപ്പിക്കും. ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിയ്ക്കാന്‍ മടിക്കും. ഇവയ്ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ വിമൂഖരാകും. ഇത് ആത്യന്തികമായി ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയെ അവതാളത്തിലാക്കും–എഡിബി മുന്നറിയിപ്പ് നല്‍കുന്നു. ലഘുവായ്പാ മേഖലയിലെ അന്യായ പലിശനിരക്ക് നിയന്ത്രിക്കാതെ തന്നെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം സാധ്യമാകുമെന്ന എഡിബി നിലപാട്, അന്യായ പലിശനിരക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക–സാമ്പത്തിക ദുരന്തങ്ങള്‍ക്ക് അറുതിയിടാനുതകുന്നതല്ല. അന്യായ പലിശ വസൂലാക്കല്‍ ലഘുവായ്പാ പദ്ധതി ഒഴിച്ചുകൂടാനാവാത്തതാണെന്ന എഡിബി പരോക്ഷവാദം ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള ദൂരം ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനേ ഉപകരിക്കൂ.
ഇന്ത്യന്‍ വാണിജ്യ ബാങ്കുകളുടെ പലിശ നിരക്കുമായി മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പലിശ നിരക്കുകളെ താരതമ്യം ചെയ്യുന്നതില്‍ യുക്തിയില്ലെന്നാണ് എഡിബി വാദം. വാണിജ്യ ബാങ്കുകള്‍ വന്‍കിട വായ്പകളാണ് അനുവദിക്കുന്നത്. അവ തിരിച്ച് ലഭ്യമാകുന്നതില്‍ വീഴ്ചകളുണ്ടാകുന്നില്ല. അതേസമയം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അനുവദിക്കുന്നത് ചെറുവായ്പകള്‍. ഇതിന്റെ തിരിച്ചടവില്‍ നഷ്ട സാധ്യതകളേറെയാണ്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പലിശ നിരക്ക് നിയന്ത്രണങ്ങള്‍ക്കെതിരെ ഇത്തരം ന്യായീകരണങ്ങള്‍ നിരത്തുമ്പോഴും ഇവയുടെ പ്രവര്‍ത്തന ചെലവ് ന്യായയുക്തമാക്കുന്നതിന്റെ ദിശയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ സാരഥികളും ഉന്നത ഉദ്യോഗസ്ഥരും കൈപ്പറ്റേണ്ടത് ന്യായമായ ശമ്പളവും ആനുകൂല്യങ്ങളുമായിരിക്കണമെന്ന നിര്‍ദ്ദേശങ്ങളൊന്നും എഡിബിയുടെ കിഴക്കനേഷ്യന്‍ ഡിപ്പാര്‍ട്ടുമെന്റ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയം. എസ്.കെ.എസിനെപോലുള്ള സ്ഥാപനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവര്‍ കൈപ്പറ്റുന്ന കോടികളുടെ വാര്‍ഷിക ശമ്പളവും ആനുകൂല്യങ്ങളും ദരിദ്രര്‍ക്ക് അവര്‍ നല്‍കിയ വായ്പയില്‍ നിന്ന് അന്യായ പലിശ വസൂലാക്കികൊണ്ടാണെന്നുള്ള യാഥാര്‍ത്ഥ്യം ഇവിടേയും ചേര്‍ത്തുവായിക്കുക.
വായ്പാ തിരിച്ചടവുകള്‍ മന്ദഗതിയില്‍
മൈക്രോ ഫിനാന്‍സ് മേഖലയില്‍ ആന്ധ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയുടെ പ്രതിഫലനമെന്നോണം, എസ്.കെ.എസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെ ക്രിസില്‍ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് (2010 നവംബര്‍ 22) റിപ്പോര്‍ട്ട് ചെയ്യുന്നു.(21)2010 മാര്‍ച്ച് 31 വരെ, പൊതു/സ്വകാര്യ മേഖലാ ബാങ്കുകള്‍ 1407 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 10,095.36 കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എസ്‌ഐഡിബിഐ (SIDBI) 146 സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത് 3808.20 കോടി രൂപ(22). ആന്ധ്ര ഓര്‍ഡിന്‍സിന് ശേഷം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകേണ്ട വായ്പ തിരിച്ചടവ് കളക്ഷനില്‍ കുത്തനെ കുറവുണ്ടായിട്ടുണ്ടെന്ന് (99 ല്‍ നിന്ന് 20 ശതമാനത്തില്‍) റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല ആശങ്കപ്പെടുകതന്നെ വേണം. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടവ് കളക്ഷന്‍ കുറയുമ്പോള്‍ അത് സ്വാഭാവികമായും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് ബാങ്കുകള്‍ക്ക് ലഭ്യമാകേണ്ട വായ്പാ തിരിച്ചടവിനെ ബാധിച്ചേക്കും. അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കും. ഇന്ത്യന്‍ കോപ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്കുകള്‍ വായ്പ വാരികോരി കൊടുക്കുന്നതിനു പിന്നിലെ, സ്‌പെക്ട്രം ഇടപാടിലടക്കം, അവിഹിത ഇടപ്പെടലുകളും കോടികളുടെ കിക്ക്ബാക്‌സുകളും വെളിച്ചത്ത് വരികയാണ്. ഇത്തരം പിന്നാമ്പുറം കഥകള്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ആയിരക്കണക്കിന് കോടികളുടെ വായ്പാ ഇടപാടുകളില്‍ നിന്നും പുറത്തുവരുമെന്നത് അതിവിദൂരത്തായിരിക്കില്ല.
ഗ്രാമീണ മേഖലയില്‍ സാമ്പത്തിക സേവനം പ്രദാനം ചെയ്യുകയെന്നതാണ് ഇന്ത്യയിലെ റീജ്യണല്‍ റൂറല്‍ ബാങ്കുകളുടെ പ്രധാന ദൗത്യം. ഇവര്‍ കുറഞ്ഞ നിരക്കില്‍ വ്യക്തികള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും വായ്പ നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. ഇതിനുപകരം, പക്ഷേ, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രമായി 103 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 52.22 കോടി രൂപ വായ്പ നല്‍കിയിരിക്കുന്നു. മുന്‍ഗണന മേഖലയെന്ന നിലയില്‍ ഗ്രാമീണ വികസനത്തിനും കാര്‍ഷിക വായ്പകള്‍ക്കുമായി 60 ശതമാനം ബാങ്ക് വായ്പകള്‍ അനുവദിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വായ്പകളെല്ലാം ഈ മുന്‍ഗണനാ വായ്പാ പട്ടികയിലാണ് റിസര്‍വ്വ് ബാങ്ക് ഉള്‍പ്പെടുത്തുന്നത്.(23) ഗ്രാമീണ ജനതയ്ക്ക് നേരിട്ട് സാമ്പത്തിക സേവനമെത്തിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല വല്ലാത്തൊരു ഊരാകുടിലാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. വായ്പാ മുന്‍ഗണന പട്ടികയിലുള്‍പ്പെടുത്തിയും അല്ലാതെയും മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പ തിരിച്ചു ലഭിക്കണമെങ്കില്‍ ദാരിദ്ര ഗ്രാമീണ ജനവിഭാഗങ്ങളില്‍ നിന്ന് മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങള്‍ക്ക് അന്യായ പലിശ വസൂലാക്കുവാന്‍ കൂട്ടുനില്ക്കണമെന്ന ഊരാക്കുടുക്കിലാണ് വര്‍ത്തമാന ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല.
മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വാണിജ്യ ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കുന്നത് 8 മുതല്‍ 10 ശതമാനം പലിശ നിരക്കിലാണ്. ഇത്രയും താഴ്ന്ന നിരക്കില്‍ അനുവദിക്കപ്പെടുന്ന വായ്പയാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അന്യായ പലിശക്ക് ലഘുവായ്പയായി ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ, കൊള്ള ലാഭമുണ്ടാക്കുവാനുള്ള ഉപകരണമാക്കി മാറ്റുവാന്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദരിദ്ര ജനതയെ വിട്ടുകൊടുക്കുന്നതിന്റെ പാപഭാരത്തില്‍ നിന്ന് ഗ്രാമീണ മേഖലക്ക് സാമ്പത്തിക സേവനമെത്തിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അതേസമയം കോര്‍പ്പറേറ്റ് മേഖലക്ക് വന്‍കിട വായ്പ നല്‍കുന്നതില്‍ ഏറെ വ്യാപൃതരാകുന്ന ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലക്ക് ഒഴിഞ്ഞുനില്‍ക്കാനേയാകില്ല.
മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനു പകരം, കൂടുതല്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി മേഖലയെ മത്സര ക്ഷമമാക്കണമെന്നാണ് എഡിബി പറയുന്നത്. (24) എന്നാല്‍, ജാതി–മത–രാഷ്ട്രീയ സംഘടനകളടക്കമുള്ളവയുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവ് ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വായ്പ ലഭ്യമാകുന്നതിനുള്ള ഏറെ സാധ്യതകളാണ് തുറന്നുനല്‍കിയിരിക്കുന്നത്. അതായത്, ഒരു സ്ഥാപനത്തില്‍ നിന്ന് കടമെടുത്ത് മറ്റൊന്നിന്റെ കടം വീട്ടുകയെന്ന അവസ്ഥ. വീട്ടുമുറ്റത്തെ ലഘുവായ്പാ സൗകര്യങ്ങളിലൂടെ മാത്രം നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്നവസ്ഥയില്‍ നാളെക്ക് വേണ്ടിയുള്ള ശ്വാശത സമ്പാദ്യമെന്നതിനെപ്രതി മുന്‍കരുതലുകളുണ്ടായേക്കില്ലെന്ന വസ്തുത കാണാതെ പോയികൂട.
ദരിദ്രര്‍ എക്കാലവും വായ്പാ സ്വീകര്‍ത്താക്കളായി നിലനിറുത്തപ്പെടേണ്ടവരെല്ലെന്നുള്ള ബോദ്ധ്യപ്പെടല്‍ മുഖ്യമാണ്. വായ്പാ ദാതാക്കളുടേയും സ്വീകര്‍ത്താക്കളുടെയും തോത് ഈ കൊടുക്കല്‍ വാങ്ങലുകളിലൂടെ നേര്‍ത്തുവരേണ്ടതുണ്ട്. അതായത്, ആശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേയ്ക്കുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ വളര്‍ച്ച ഉറപ്പിക്കപ്പെടണം. എങ്കില്‍ മാത്രമെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യത്തിലെത്തിചേരാന്‍ ലഘുവായ്പ പദ്ധതിയ്ക്കാവൂ.
നിര്‍ദ്ദിഷ്ട മൈക്രോ ഫിനാന്‍സ് റെഗുലേഷന്‍ ബില്‍
ലഘു വായ്പയെടുത്തവരുടെ ആത്മഹത്യകളും തുടര്‍ന്നു ആന്ധ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും ദേശീയതലത്തില്‍ തന്നെ മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാവാന്‍ ബില്‍ ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യകളെ തുടര്‍ന്ന്, റിസര്‍വ്വ് ബാങ്കും ഈ മേഖലയെകുറിച്ച് പഠിയ്ക്കാന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വൈ.എച്ച്.മെല്‍ഗം നേതൃത്വം നല്കുന്നസബ്ബ്–കമ്മിറ്റിയെ നിയോഗിച്ചു്. സബ്ബ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ദേശീയ മൈക്രോ ഫിനാന്‍സ് റെഗുലേഷന്‍ ബില്‍-2011 അനിച്ചിതാവസ്ഥയിലാണ്.
റിസര്‍വ്വ് ബാങ്കിന്റെ ഫെയര്‍ പ്രാക്ടീസ് കോഡ് മാത്രമാണ് ദേശീയ തലത്തില്‍ ഇപ്പോള്‍ മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങള്‍ക്ക് ബാധകമാകുന്നത്. ഈ കോഡില്‍ പക്ഷേ പലിശ നിയന്ത്രണത്തെക്കുറിച്ച് ഒന്നു പറയുന്നില്ല. അതുകൊണ്ടുതന്നെ, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ലഘുവായ്പകള്‍ക്കുമേല്‍ യഥേഷ്ടം പലിശ ചുമത്തുന്നു. ഈ അവസ്ഥക്ക് അറുതിയിടുന്നതില്‍ മൈക്രോ ഫിനാന്‍സ് റെഗുലേഷന്‍ ബില്‍-2011 പ്രത്യേകം ഊന്നല്‍ നല്‍കുമെന്നുതന്നെ പ്രതീക്ഷിക്കാം. അതേസമയം, ഈ ബില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മൈക്രോ ഫിനാനന്‍സ് സ്ഥാപനങ്ങള്‍ തിരിച്ചുനല്‍കേണ്ട കോടാനുകോടി വായ്പകള്‍ കൃത്യമായി ഒടുക്കപ്പെടുന്നതിന് തടസ്സമായി മാറുമോയെന്നത് കാത്തിരുന്നുകാണേണ്ടതാണ്.
മൈക്രോ സ്ഥാപനങ്ങളുടെ പിന്‍മാറ്റം
1996 ല്‍ പ്രവര്‍ത്തനമാരംഭിച്ച് കേരളത്തിലെ ലഘു വായ്പമേഖലയില്‍ ഏറെ ശ്രദ്ധയാര്‍ജ്ജിച്ച ആലപ്പുഴ ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിന്റെ സെക്രട്ടറി കെ.ജി. ജഗദീശന്‍ ഈ ലേഖകന് 2002 ല്‍ അനുവദിച്ച അഭിമുഖ(25)ത്തില്‍ പറഞ്ഞതിങ്ങനെ, ‘….ഇപ്പോള്‍ ആറ് വില്ലേജ് വികസന കേന്ദ്രങ്ങളും ഒരു അര്‍ബന്‍ വികസന കേന്ദ്രവും നിലവിലുണ്ട്. ഇതിനെ ഭാവിയില്‍ ഒരു വിമന്‍സ് ബാങ്കായി ഉയര്‍ത്തിയതിനുശേഷം ഈ പ്രക്രിയ പൂര്‍ണ്ണമായും സ്ത്രീകളെ ഏല്പിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ഘട്ടത്തില്‍ സന്നദ്ധസംഘടനയായ ഞങ്ങള്‍ പിന്മാറും‘.എന്നാല്‍ ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിന്റെ പിന്മാറ്റം ഇപ്പോഴും സാധ്യമായിട്ടില്ല. ഇതെന്തുകൊണ്ടെന്നതിനുള്ള ജഗദീശന്റെ വിശദീകരണം(26) ഇങ്ങനെ: ‘സ്വരുകൂട്ടി വയ്ക്കപ്പെടുന്ന സോഷ്യല്‍ കേപ്പിറ്റലിന്റെ പിന്‍ബലത്തില്‍ ഒരു വിമന്‍സ് ബാങ്കെന്ന ലക്ഷ്യത്തില്‍ നിന്നു ഞങ്ങള്‍ വ്യതിചലിച്ചിട്ടേയില്ല. എന്നാല്‍, ഈ മേഖലയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ അഭൂതപൂര്‍വ്വമായ പെരുക്കം, പ്രത്യേകിച്ചും ജാതി–മത–രാഷ്ട്രീയ സംഘടനകളുടെ കടന്നുവരവ്, ഞങ്ങളുടെ പ്രതീക്ഷക്ക് വിലങ്ങുതടിയായി. ഈ ആശാസ്യമല്ലാത്ത അവസ്ഥയിലും പക്ഷേ വിമന്‍സ് ബാങ്കെന്ന ലക്ഷ്യസാധൂകരണ പ്രക്രിയ പുരോഗമിക്കുകയാണ്. 2012 നുള്ളില്‍ തന്നെ ഈ ലക്ഷ്യം പൂര്‍ത്തികരിക്കപ്പെടുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഞങ്ങള്‍. ബാങ്കുകളെ വായ്പക്കായി ആശ്രയിക്കാതെ തന്നെ, ഞങ്ങള്‍ കെട്ടിപ്പടുത്തുണ്ടാക്കിയ അയല്‍ക്കൂട്ടങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പ്രാപ്തിയുള്ള വീട്ടുമുറ്റത്തെ വിമന്‍സ് ബാങ്ക് രൂപപ്പെടുക തന്നെ ചെയ്യും‘.
വായ്പാ, സംരഭകത്വം, സമ്പാദ്യം തുടങ്ങിയ പന്ഥാവിലൂടെ സഞ്ചരിച്ച് ആത്യന്തികമായി സ്ത്രീശാക്തീകരണത്തിന്റെ പ്രൊഫഷണല്‍ മുഖം കൂടിയായിരിക്കും വീട്ടുമുറ്റത്തെ വനിതാ ബാങ്ക് സ്ഥാപിതമാകുന്നിടത്ത് വ്യക്തമാക്കപ്പെടുക. എക്കാലവും വായ്പയുടെ ഗുണഭോക്താക്കളാക്കുക എന്നതിനുപകരം സാമൂഹിക–സാമ്പത്തിക രംഗത്തെ സ്വാശ്രയത്വമാണ് ഊട്ടിവളര്‍ത്തേണ്ടത്. ഇക്കാര്യത്തില്‍ രാജ്യത്തെ തന്നെ മാതൃകയാകാന്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഗാന്ധിസ്മാരക സേവാകേന്ദ്രത്തിനാകുമെന്ന് പ്രതീക്ഷിയ്ക്കാം.
* ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ റിസര്‍ച്ച് ഫെല്ലോയും കമ്മ്യൂണിറ്റി ബെയ്‌സ്ഡ് ഓര്‍ഗനൈസേഷന്‍, ഗ്രീന്‍ ഹാര്‍മണിയുടെ (www.green-harmony.org) ഗവേണിങ്ങ് ബോഡി മെമ്പറുമാണ് ലേഖകന്‍
Foot Notes
1. www.sa-dhan.net/microfinancematters-agustissue.pdf
2. www.sa-dhan.net/microfinancematters-agustissue.pdf
3. Nabard status report of microfinance in India 2009-10
4. Down to Earth, Rise of MFIs, 2010 November 30
5. www.sa-dhan.net/microfinancematters-agustissue.pdf
6. www.nabard.org/listofmfis.pdf
7. http://indianmicrofinance.com
8. www.wikipedia.org/microfinanc
9. www.adb.org/microcredit.pdf
10. www.sksindia.com
11. http://dnaindia.com.money/comment
12. http://devinder-sharma-blogspot.com/2010/11/norwegian-film-caught-in-microdebit.html
13. www.wikipedia.org/microfinance
14. Down to Earth, Profit from Poor, 2010 November 30
15. A Route to Disaster, Frontline 2010, Nov 20-Dec.03
16. www.intellecap.com/pdf.2010
17. http://indianmicrofinance.com
18. The Indian, 2010 November 22-28, Page 22
19. http://indianmicrofinance.com/microsave-andhara-microfinance-720727301
20. http://stockmarket today.in/2010/11/23
21. http://in.reuters.com/article
22. Nabard status report of microfinance in India 2009-10
23. www.dnaindia.com, Daily News Analysis 2010 November 26
24. www.adb.org/microcredit.pdf
25. സമീക്ഷ ദൈ്വവാരിക, കവര്‍സ്റ്റോറി ഓണം-2002 പേജ 13്
26. ഫോണ്‍ സംഭാഷണം, 2010 ഡിസംബര്‍ 03