ബെത് ലേഹേം ദേവാലയ പരിസരത്ത് ഒരു ബാനർ: “ബെത് ലേഹേമിലെ ക്രിസ്തുമസ് ബെൽ മുഴങ്ങുന്നത് ഗസയിലെ വെടിനിറുത്തലിന് വേണ്ടി”
കടുത്ത മഞ്ഞുപെയ്തിറങ്ങുന്ന ഡിസംബർ 24. ഈ ദിനത്തിൽ മേരി ബത് ലഹേമിൽ കഴുതപ്പുറത്തു സഞ്ചരിച്ചു. പൂർണ്ണ ഗർഭിണിയാണ് മേരി. പ്രസവവേദന. പ്രസവിക്കാനിടമില്ലാതെ ജോസഫുമൊത്തു വഴിയോരങ്ങളിൽ അലഞ്ഞു. അവർക്കാരും അഭയം കൊടുത്തില്ല. സത്രങ്ങളും വഴിയമ്പലങ്ങളും അവർക്കു മുന്നിൽ വാതിലുകളടച്ചു. ഒടുവിൽ ബത് ലഹേമിലെ ഒരു പുൽക്കൂട്. മേരി യേശുവിനെ പ്രസവിച്ചു. യേശു പുൽക്കൂട്ടിൽ ഭൂജാതനായി – ഡിസംബർ 25. ഇതാണു് വിശ്വാസം. തിരുപ്പിറവി സുദിന ആഘോഷ രാവിൽ- ക്രിസ്തുമസ് – പതിവ് തിരക്കിനെക്കാൾ പതിന്മടങ്ങ് തിരക്കാണ് ബെത് ലഹേം പട്ടണത്തിൽ.
ലോകം യേശുക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷതിമർപ്പിൽ. യേശു തിരുപ്പിറവിയെടുത്ത ബെത് ലെഹേം (Bethlehem) മിഡിൽ ഈസ്റ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പക്ഷേ തീർത്തും മൗനത്തിലാണ്. ശ്മശാന മൂകത. ബെത് ലഹേമിൽ ക്രിസ്തുമസ് രാവുണർന്നില്ല. ബെത് ലഹേമിൽ ഉണ്ണിയേശുവിനെ കാണാൻ മാലാഖമാരെത്തിയില്ല. യേശുവിന്റെ തിരുജനനത്തിനോടനുബന്ധിച്ച് മാലാഖമാർ മംഗള ഗാനം ആലപിച്ചില്ല. ആട്ടിടയന്മാർ ഉണ്ണിയേശുവിനെ കാണാൻ വന്നില്ല. മഞ്ഞ് പൊഴിയുന്ന ബെത് ലഹേമിനെ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മകളുണര്‍ത്തിയില്ല.
പുണ്യഭൂമിയെന്നു വിശ്വസിക്കപ്പെടുന്ന ബെത് ലഹേം പട്ടണം ക്രിസ്തുമസ് രാവിൻ്റെ സന്തോഷാരവങ്ങളിൽ പങ്കുകൊള്ളാതെ വിറങ്ങലിച്ചുനിൽക്കുന്നു. ക്രിസ്തു തിരുപ്പിറവികൊണ്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ബത് ലഹേം ദേവാലയം പതിവുതിരക്കുകളിൽ വിട്ടുനിന്നു. ക്രിസ്തുമസ് രാവ് – ഞായറാഴ്ച – ഒരു പ്രേത നഗരത്തെപ്പോലെയായി ബെത് ലഹേം പട്ടണം. പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കപ്പെട്ടില്ല.
ഒക്ടോബർ ഏഴിനു ശേഷം ഹമാസി (Hamas) നെതിരെ ഇസ്രായേൽ യുദ്ധം കൊടുമ്പിരികൊള്ളുന്നു. കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെ രണ്ടര ദശലക്ഷത്തിലധികം ജീവനുകളെടുക്കപ്പെട്ട യുദ്ധം. മനുഷ്യ രക്ഷകനായി ക്രിസ്തു പിറന്നവീണ മണ്ണിൽ ഇന്ന് മനുഷ്യഹത്യ. ഗസ്സ നഗരം പ്രേതഭൂമി. മനുഷ്യ ദുരന്തങ്ങൾ വിതയ്ക്കപ്പെട്ട ഗസയുടെ ദൈന്യതയാർന്ന അനുരണങ്ങളിലകപ്പെട്ടുപോയി ബത് ലഹേം പട്ടണം. ഇസ്രായേൽ-ഹമാസ് യുദ്ധ വേളയിൽ ബെത് ല ഹേം നഗരത്തിൻ്റെ ക്രിസ്തുമസ് രാവിനുണരാനായില്ല.
യേശു ഭൂജാതനായെന്ന വിശ്വസിക്കപ്പെടുന്ന ബത് ലഹേം പട്ടണവും ഗസ (Gaza) യും തമ്മിലുള്ള ദൂരം വെറും 70 കിലോ മീറ്റർ. ഗസ മുനമ്പ്. പടിഞ്ഞാറൻ തീരം (West Bank) – കിഴക്കൻ ജറുസെലേം ( Eastern Jerusalem) . ഇതാണ് യഥാർത്ഥ പലസ്തീൻ ദേശ ഘടന. ഈ ഘടന പലസ്തിനു നഷ്ടപ്പെട്ടു. ഇസ്രായേൽ അധിനിവേശ ചരിത്രംകുറിക്കപ്പെട്ട ഭൂപ്രദേശങ്ങളായി പലസ്തീൻ – പ്രത്യേകിച്ചും 1967 നു ശേഷം ഇക്കാലമത്രയും. പടിഞ്ഞാറൻ തീരത്തിലാണ് കിഴക്കൻ ജറുസെലേം.
ബെത് ലെഹേം പട്ടണമുൾപ്പെട്ടതാണ് കിഴക്കൻ ജറുസെലേം. 1967 മുതൽ ശക്തിപ്പെട്ട അധിനിവേശത്തിൻ്റെ ബാക്കിപത്രമായി കിഴക്കൻ ജറുസെലേവും ബത് ലഹേം പട്ടണമുൾപ്പെടുന്ന പടിഞ്ഞാറൻ തീരവും ഇസ്രായേലിൻ്റേതായി. 1980 ൽ ഔദ്യോഗികമായിത് ഇസ്രായേൽ രാഷ്ട്രത്തിൻ്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു – ലോക രാഷ്ട്രങ്ങളുടെ എതിർപ്പിനെ അവഗണിച്ച്. വിശുദ്ധ സ്ഥലങ്ങളുടെ തൽസ്ഥിതി വ്യവസ്ഥകൾക്കു കീഴിലാണ് പക്ഷേ ക്രിസ്തു പിറവിയെടുത്ത ബെത്ലഹേം പട്ടണം. പലസ്തീൻ പൊലീസിനാണ് ക്രമസമാധാന പരിപാലന ചുമതല.
ബെത് ലെഹേം മാംഗർ സ്‌ക്വയറിനെ സാധാരണയായി അലങ്കരിക്കുന്ന ഉത്സവ വിളക്കുകളും ക്രിസ്‌മസ് ട്രീയും കണ്ടില്ല. വിദേശ വിനോദ സഞ്ചാരികളെത്തിയില്ല. ആഹ്ളാദഭരിതരായ യുവാക്കൾ ബാൻ്റു വാദ്യങ്ങളുമായിയെത്തിയയില്ല. ആളും ആരവുമില്ല. ശൂന്യമായ ചത്വരത്തിൽ പലസ്തീൻ സുരക്ഷാ സേന മാത്രം!
ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കിയത് നഗര സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമായി. ബെത്‌ലഹേമിന്റെ വരുമാനത്തിന്റെ 70 ശതമാനവും വിനോദ സഞ്ചാരത്തിൽ നിന്ന്. ക്രിസ്മസ് വേളയാണ് വിനോദ സഞ്ചാരത്തിൻ്റെ ഉച്ഛഘട്ടം. വിമാന കമ്പനികൾ ഇസ്രായേലിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി. സഞ്ചാരികളുടെ വരവിനെയിത് ബാധിച്ചു. ബെത്‌ലഹേമിലെ 70-ലധികം ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർബ്ബന്ധിക്കപ്പെട്ടു. ആയിരങ്ങൾക്ക് തൊഴിൽ നഷ്ടം – പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു.
പതിവുപോലെ ക്രിസ്തുമസ് ട്രീകളലങ്കരിച്ച് സന്തോഷിയ്ക്കുവാനാകുന്നില്ല. ഒട്ടും വിദൂരത്തല്ലാതെ ഗസ ജനത യുദ്ധക്കെടുതികളിലാഴ്ത്തപ്പെട്ടിരിക്കുകയാണ്. തല ചായ്ക്കാനിടമില്ലാതെ അഗതികളാക്കപ്പെട്ടവർ. അവർക്ക് ഭക്ഷണമില്ല. കുടിവെള്ളമില്ല. വെളിച്ചമില്ല. മരുന്നില്ല. സർവ്വതും നിഷേധിക്കപ്പെട്ടവർ. അവരെക്കുറിച്ചോർക്കുമ്പോൾ എങ്ങനെ ആഘോഷിയ്ക്കുവാനാകും – മാംഗർ സ്‌ക്വയർ പരിസരത്തെ റസ്റ്റോറൻ്റ് ഉടമ അൽ സാലമിൻ്റെ വാക്കുകൾ.
ക്രിസ്തുമസു രാവിൽ തെരുവിൽ സൂചി കുത്താനിടമില്ലാവിധം വിനോദ സഞ്ചാരികളുടെയും വിശ്വാസികളുടെയും അണമുറിയാത്ത ഒഴുക്കാണ്. റസ്റ്റോറൻ്റുകളിൽ ഇരിയ്ക്കാനിടമില്ലാതെ പുറത്ത് തടിച്ചുകൂടി നിൽക്കുന്നവർ. ഇക്കുറി പക്ഷേ എല്ലാം ശൂന്യം. മിണ്ടാട്ടംമുട്ടിപ്പോയ തെരുവകൾ. സവിശേഷതയില്ലാത്ത വാർത്തകൾ കുറിയ്ക്കുവാനും ഒപ്പം ആളൊഴിഞ്ഞ തെരുവുകളുടെ ദൃശ്യം പകർത്തുവാനെത്തിയ മാധ്യമ പ്രവർത്തകരുടെ ചെറുസംഘങ്ങൾ മാത്രമാണ് ഇത്തവണത്തെ ക്രിസ്തുമസ് രാവിൽ ബെത് ലേഹേം ദേവാലയ പട്ടണത്തിൽ കാണുന്നത് – അൽ സലാം വിവരിക്കുന്നു.
ബെത് ലേഹേം ദേവാലയ പരിസരത്ത് ഒരു ബാനർ: “ബെത് ലേഹേമിലെ ക്രിസ്തുമസ് ബെൽ മുഴങ്ങുന്നത് ഗസയിലെ വെടിനിറുത്തലിന് വേണ്ടി “. കൗമാരക്കാർ സാന്തകളാകുന്ന പതിവുകാഴ്ചകൾ നന്നേ കുറവ്. പ്രത്യക്ഷപ്പെട്ടവരാകട്ടെ ആഘോഷ ഗീതങ്ങൾ ആലപിക്കുന്നില്ല. നിശബ്ദതയുടെ തടവറയിലാണവർ. കയ്യിൽ കൊടികളുണ്ട് – പലസ്തീൻ പതാക.
മുൻ വർഷ ക്രിസ്തു രാവുകളിൽ സമാധാന – സ്നേഹ സന്ദേശങ്ങളാണ് കൈമാറിയിരുന്നത്. ഇക്കുറി ഗസ ജനതയുടെ കൊടിയ ദുരിത പശ്ചാത്തലത്തിൽ പക്ഷേ വിദ്വേഷത്തിൻ്റെ, വേദനയുടെ, വ്യഥയുടെ സന്ദേശമല്ലേ രാജ്യാന്തര സമൂഹത്തിനു മുന്നിൽ ഉയർത്താനാനാകൂ – ബത് ലഹേം നഗരമേയർ ഹന ഹനിയയുടേതാണ് വാക്കുകൾ.
ഡോ. ജോസഫ് കുട്ടികളുടെ ഡോക്ടർ. താൻസാനിയക്കാരൻ. വിനോദ സഞ്ചാരിയായിയെത്താൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായി. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ഇക്കുറി പക്ഷേ ക്രിസ്തുമസ് രാവിൽ ആഘോഷങളെവിടെയും കണ്ടില്ല. എങ്ങനെ ആഘോഷിക്കുമല്ലേ- ഡോക്ടർ തന്നോടു തന്നെ ചോദിക്കുന്നു! ആഘോഷങ്ങൾക്ക് പകരം യുദ്ധക്കെടുതുകളിലകപ്പെട്ടവർക്കുവേണ്ടിയുള്ള പ്രാർത്ഥന.
കടപ്പാട്: അറബ് ന്യൂസ്