പശ്ചിമേഷ്യ: ശരിയും തെറ്റും

പശ്ചിമേഷ്യ: ശരിയും തെറ്റും

Kk Sreenivasan

KK Sreenivasan writes about the war in Middle East and this article has been posted on wtplive.in , Issue: 183

കെ.കെ ശ്രീനിവാസൻ

പലസ്തീൻ ദേശത്ത് അതിവിപുലമായ ഇസ്രയേൽ ജൂത രാഷ്ട്ര സംസ്ഥാപനമെന്നതാണ്  തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആത്യന്തിക ലക്ഷ്യം. ഇത്തരം പ്രസ്ഥാനങ്ങളുമായി അധികാര രാഷ്ട്രീയ ചങ്ങാത്തത്തിലേറിയ നെതന്യാഹു ഭരണകൂടം  സ്വതന്ത്ര പലസ്തീൻ രാഷ്ട്ര സംസ്ഥാപന നീക്കങ്ങളെ പരാജയപ്പെടുത്തുവാനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു

സ്രയേലിനെതിരെ ചെറുത്തുനിൽക്കുവാനാകില്ലെന്ന് തീർത്തും ഹമാസിന് വ്യക്തമായിരുന്നില്ലെന്ന് വിശ്വസിയ്ക്കുക വയ്യ. ഇസ്രയേലിൽ ഭീകരവാദ ശൈലീയിൽ ഹമാസിൻ്റെ റോക്കറ്റ് ആക്രമണങ്ങൾ. ഇത് ഗാസയിലെ നിരപരാധികളെ കൊലക്ക് കൊടുത്തുവെന്നതിൽ മാത്രമേ കലാശിച്ചുള്ളൂവെന്ന് പറഞ്ഞേ പറ്റൂ.

ഇസ്രയേൽ-പലസ്തീൻ സംഘർഷം ദീർഘകാലമായുള്ളതും അതീവ സങ്കീർണ്ണവുമാണ്.   മുസ്ലീം – ജൂത (ക്രൈസ്തവ വിഭാഗങ്ങളുൾപ്പെടെ) മതങ്ങൾക്കിടയിൽ ഭൂപ്രദേ ശങ്ങൾക്കായുള്ള  തർക്കം ചരിത്രത്തിൻ്റെ ഭാഗമാണ്.  ഒന്നാം ലോകമഹായുദ്ധ വേളയിൽ ബ്രിട്ടൻ 1917-ൽ ഒട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് ജറുസലേം പിടിച്ചെടുത്തു. 1919 ൽ വാഴ്സ ഉടമ്പടി പ്രകാരം ലോക യുദ്ധത്തിന് വിരാമം. യുദ്ധാനന്തരം1922-ൽ ലീഗ് ഓഫ് നേഷൻസിൻ്റെ തീരുമാനത്തിന് വിധേയമായി പലസ്തീൻ അധികാരം ബ്രിട്ടനെന്നത് അംഗീകരിക്കപ്പെട്ടു. ജൂത ജനതക്ക് ഒരു രാഷ്ട്രമെന്ന വാദത്തെ പിന്തുണച്ച് 1917 നവംബറിൽ  ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർദർ ബൽഫോർ മുന്നോട്ടുവച്ച രൂപരേഖ (ബൽഫോർ പ്രഖ്യാപനം) ക്ക് ലീഗ് ഓഫ് നേഷൻസിൻ്റെ  അംഗീകാരവുമായി. ബൽഫോർ പ്രഖ്യാപനം അംഗീകരിക്കപ്പെട്ടതിലൂടെ മിഡിൽ ഈസ്റ്റിൻ്റെ ഭൂപടം മാറ്റിമറിച്ച്  ജൂത – പല സ്തീൻ അറബ് ദേശീയതകൾ ശക്തിപ്പെട്ടു.  പലസ്തീൻ അറബ് മണ്ണിൽ ഇസ്രയേലി – ജൂത അധിനിവേശത്തിൻ്റെ വേഗതയുമേറി. മിഡിൽ ഈസ്റ്റ് പലസ്തീൻ-ഇസ്രയേൽ നിരന്തര തർക്ക ഭൂമികയായി.

wtplive.in , Issue: 183

ജൂത രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ  1882 ൽ രൂപീകരിക്കപ്പെട്ട സിയോനിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയിലാണ് പലസ്തീൻ കേന്ദ്രീകരിച്ച്  ജൂത ദേശീയത യിലൂന്നിയുള്ള കുടിയേറ്റ ചിന്താധാര ഉയിർകൊള്ളുന്നത്. ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ വേളയിലാണ് പലസ്തീൻ മണ്ണിലേക്കുള്ള ആദ്യഘട്ട ജൂത കുടിയേറ്റങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. ജർമ്മനിയിൽ 1933-ൽ ഹിറ്റ്ലറുടെ നാസികൾ അധികാരത്തിലേറിയതോടെ ജൂതർക്ക് നേരിടേണ്ടിവന്നത്  കൊടിയ പീഢനങ്ങൾ. നാസി പട അഴിച്ചുവിട്ടത് ജൂത വംശഹത്യ! 60000-ലധികം ജർമ്മൻ ജൂതന്മാർ 1930-കളിൽ പലസ്തീനിലേക്ക് കുടിയേറി. 1939 മുതൽ രണ്ടാo ലോക മഹായുദ്ധ പശ്ചാത്തലത്തിൽ പലസ്തീൻ കോളനിഭരണമെന്നതിനെക്കാൾ ബ്രിട്ടീഷ് ശ്രദ്ധ യുദ്ധത്തിലൂന്നി. അതോടെയാകട്ടെ  മേഖലയിൽ ജൂത അധിനിവേശത്തിൻ്റെ കുത്തൊഴുക്കായി. ഇതിനെതിരെ പലസ്തീൻ ചെറുത്തുനില്പുകളാകട്ടെ നാൾക്കുനാൾ കനംവച്ചുകൊണ്ടേയിരുന്നു.

ദ്വിരാഷ്ട്ര പ്രമേയം

UN Headquarter, NY

രണ്ടാം ലോകമഹായുദ്ധാനന്തരം കോളനി ഭരണരീതി വിട്ടൊഴിയാൻ നിർബ്ബ ന്ധിക്കപ്പെട്ടതിൻ്റെ ഭാഗമായി മിഡിൽ ഈസ്റ്റിൽ നിന്ന് പിന്മാറാൻ ബ്രിട്ടൻ  തീരുമാനിച്ചു. എന്നാൽ പലസ്തീൻ – ഇസ്രയേൽ തർക്കം ഐക്യരാഷ്ട്ര സഭയിലെത്തിക്കുന്നതിൽ ബ്രിട്ടൻ മുൻകയ്യെടുത്തു.  1947-ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പലസ്തീനെ  ജൂത, അറബ് രാജ്യങ്ങളായി വിഭജിയ്ക്കുവാൻ തീരുമാനിച്ചു. ദ്വിരാഷ്ട്ര പ്രമേയം വോട്ടിനിട്ട് പാസ്സായി.  പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ദ്വിരാഷ്ട്ര സംസ്ഥാപനം  പ്രയോഗത ലത്തിലെത്തിയില്ല. മാത്രമല്ല പലസ്തീനുമേലുള്ള ഇസ്രയേൽ അധിനിവേശം അനവരതം തുടർന്നു. അനന്തരഫലമായി പശ്ചിമേഷ്യയിൽ അശാന്തി പടർത്തി പലസ്തീൻ – ഇസ്രയേൽ തർക്കം രക്തരൂക്ഷിത  സംഘർഷങ്ങളുടെ പരമ്പര സൃഷ്ടിച്ചു.

1967 ലെ ആറുദിന യുദ്ധം ( അഥവാ ജൂൺ യുദ്ധം – 5 മുതൽ10 വരെ). ഈ യുദ്ധത്തിൽ അറബ് രാഷ്ട്രങ്ങൾക്കെതിരെ ഇസ്രയേൽ അവരുടെ പ്രഹര ശേഷി തെളിയിച്ചു. ഈജിപ്തിൻ്റെ നിയന്ത്രണത്തിലായിരുന്ന സീനായ് മേഖലയും ഗാസാ മുനമ്പും ജോർദാൻ, സിറിയ എന്നിവയിൽ  നിന്ന് യഥാക്രമം വെസ്റ്റ്ബാങ്കും  ഗോലാൻ കുന്നുകളും ഇസ്രയേൽ പിടിച്ചെടുത്തു. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന്റെ ഒരു പുതിയ ഘട്ടമാണ് ആറുദിന യുദ്ധം അടയാളപ്പെടുത്തിയത്.

യുദ്ധത്തിൽ ലക്ഷക്കണക്കിന് അഭയാർത്ഥികൾ സൃഷ്ടിക്കപ്പെട്ടു.  ഇസ്രയേൽ അധിനവേശത്തിൻ്റെ അനന്തരഫലമായി ഒരു ദശലക്ഷത്തിലധികം പലസ്തീനികൾ ഇസ്രയേൽ ഭരണത്തിൻ കീഴിലായി. പലസ്തീൻ ഭൂപ്രദേശങ്ങളിൽ ഇസ്രയേൽ അധിനിവേശം പൂർവ്വാധികം ശ്വാശതവൽക്കരിക്കപ്പെട്ടുയെന്നതും ആറുദിന യുദ്ധത്തിൻ്റെ ബാക്കിപത്രം. ഒപ്പം സ്വയംനിർണയാവകാശത്തിലൂന്നി സ്വതന്ത്ര പരമാധികാര പലസ്തീൻ രാഷ്ട്രത്തിനായുള്ള പോരാട്ടത്തിൻ്റെ കനലുകൾ ഏറെ ജ്വലിക്കുവാനും തുടങ്ങി.

ദീർഘകാലമായി നീറുന്ന പ്രതിസന്ധിക്ക് പരിഹാരം തേടി രാജ്യാന്തര മധ്യസ്ഥതയിൽ പലക്കുറി കൂടിയാലോചനകളും ചർച്ചകളും അരങ്ങേറി. പല ഘട്ടങ്ങളിൽ ഉടമ്പടികൾ ഒപ്പുവയ്ക്കപ്പെട്ടു. അവയൊന്നും  പക്ഷേ വേണ്ടത്ര ലക്ഷ്യം കണ്ടില്ല. അതിനാൽ ഇനിയും സമാധാനത്തിൻ്റെ പാതയിൽ പരിഹാരത്തിനായ് കാത്തിരിക്കുവാനാകില്ലെന്ന് ഹമാസ് നിശ്ചിയിച്ചുറപ്പിച്ചിട്ടുണ്ടാകാം. ഇസ്രയേലിൻ്റെ അധികാരം അപ്പാടെ സിയോനിസ്റ്റ് തീവ്രവലതുപക്ഷ ഭരണക്കൂടത്തിൻ്റെ കൈപ്പിടിയിലകപ്പെട്ടതോടെ സ്വതന്ത്ര പലസ്തീൻ രാഷ്ട്ര സംസ്ഥാപനമെന്ന ലക്ഷ്യം സുസാധ്യക്കുകയെന്നത് ഒട്ടുമേ എളുപ്പമായിരിയ്ക്കില്ലെന്ന നിരാശ ബോധവും  ആക്രമണങ്ങൾക്ക് കാരണമായിട്ടുണ്ടാകാം.  ഇതിൻ്റെയൊക്ക പ്രതിഫലനമെന്നോണമായിരിയ്ക്കണം നേരമിരിട്ടി വെളുക്കുമ്പോഴെക്കും തങ്ങളുടേതായ പരിഹാരമെന്നതിലൂന്നി ഭീകരവാദത്തിൻ്റെ രീതിശാ സ്ത്രത്തിനൊത്ത് ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ ഹീനമായ ആക്രമണം അഴിച്ചുവിട്ടത്.

ആഗോള ജിഹാദി പ്രവർത്തനങ്ങളിൽ അൽഖ്വയ്ദയും ഐഎസും പിന്നോട്ടെന്നിടത്ത് തങ്ങൾ മുന്നോട്ടെന്ന് സ്ഥാപിച്ചെടുക്കുന്നതിൻ്റെ തന്ത്രമെന്ന നിലയിലാണോ ഭീകവാദ രീതിയിൽ പലസ്തീൻ വിമോചന പോരാട്ടമെന്ന പേരിൽ ഹമാസ് ഇസ്രയേലിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്ന് സംശയിയ്ക്കപ്പെടുന്നുണ്ട്. പ്രാരംഭ ഘട്ടത്തിൽ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ സ്വഭാവത്തിലായിരുന്നുവെങ്കിലും പിൽക്കാലത്ത് ഹമാസ് മത തീവ്രവാദത്തിൻ്റെ ചേരുവകളിലേക്ക് ചേക്കേറുന്നതിൻ്റെ സൂചനകൾ നൽകി. ഹമാസ് സ്ഥാപിത നേതാക്കളിലൊരാളായ ഷെയ്ക്ക് ഹസ്സൻ യൂസഫിൻ്റെ മക്കളും ഹമാസിൻ്റ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളുമായിരുന്ന സുഹിബ് ഹസ്സനും മെസ്സബ് ഹസ്സൻ യൂസഫും തന്നെ സ്വ സംഘടനയുടെ തീവ്രവാദ സ്വഭാവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ മത തീവ്രവാദത്തിൽ നിന്നു് ഭീകരവാദത്തിലേക്കുള്ള ദൂരം ഹമാസ് പിന്നിട്ടിരിക്കുന്നുവെന്ന സംശയവും.

മതബന്ധിതമല്ലാതെയുള്ള മനുഷ്യാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, പുരോഗമന ആശയങ്ങൾ /നയങ്ങൾ, ജനാധിപത്യം തുടങ്ങിയ വയിലൂന്നിയുള്ള  മാനവീകതയിൽ ചാലിച്ചെടുക്കപ്പെടുന്ന ലോക വീക്ഷണം പൊതുവെ സ്വീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മാനവീകതക്ക് നിരക്കാത്ത ഭീകരവാദ ശൈലിയിൽ ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം അപലപനീയമാകുന്നത്. മാനവീകതയെ വകവയ്ക്കാതെ, ജനാധിപത്യ പാത കൈവെടിഞ്ഞുള്ള ആക്രമണങ്ങൾ അപലപ്പി ക്കപ്പെടേണ്ടതുണ്ട്. അത് പക്ഷേ പക്ഷംചേരലായി ചിത്രീകരിക്കപ്പെടുന്നത് ദൗർഭാഗ്യകരം. ഇന്ത്യൻ സാഹചര്യ ത്തിൽ പ്രത്യേകിച്ചും കേരളത്തിൻ്റെ അധികാര രാഷ്ട്രീയ പരിസരത്തിൽ ഇങ്ങനെ ചിത്രീകരിക്കപ്പെടുന്നതിനു പിന്നിൽ പ്രത്യേക രാഷ്ട്രീയ താല്പര്യമുണ്ടെന്ന് പറയാതെ വയ്യ.

അവസരം മുതലാക്കുന്ന തീവ്രവലതുപക്ഷം

Israeli right-wing administration

അധിനിവേശത്തിൻ്റെ ഇരകളാണ് പലസ്തീൻ ജനതയെന്നത് പകൽ പോലെ സത്യം. തങ്ങളാണ് ഇരകളെന്ന് ആഗോള സമക്ഷം സ്ഥാപിച്ചെടുക്കുന്നതിനുള്ള അസുലഭ അവസരമാണ് ഹമാസിൻ്റെ ഒക്ടോബർ ഏഴ് ആക്രമണം പക്ഷേ  ഇസ്രയേലി ഭരണകൂടത്തിന് സൃഷ്ടിച്ചുകൊടുത്തിരിക്കുന്നുവെന്ന് പറയുന്നതിൽ ശരിക്കേടുണ്ടെന്ന് കരുതാൻ പ്രയാസം. അഴിമതിയാരോപണങ്ങളുൾപ്പെടെ നേരിടുന്ന ഇസ്രയേൽ പ്രധാന മന്ത്രി ബഞ്ചമിൻ നെതന്യാഹുവിൻ്റെ ലിക്ഡ് പാർട്ടി അധികാരം നിലനിറുത്തുവാനുള്ള തത്രപ്പാടിലാണ്. ഇതിൻ്റെ ഭാഗമെന്നോണം ഇസ്രയേലി ജനാധിപത്യരീതികളെ കയ്യൊഴിഞ്ഞ്, രാജ്യത്തെ സ്വതന്ത്ര നീതിന്യായവ്യവസ്ഥക്ക്  കടിഞ്ഞാണിട്ട് കടുത്ത യാഥാസ്ഥിതിക സിയോനിസ്റ്റു സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തോടു അതിവേഗം പൊരുത്തപ്പെട്ടിരിക്കുകയാണു് നെതന്യാഹുവും അദ്ദേഹത്തിൻ്റെ ലിക്ഡ് പാർട്ടിയും. 2022 നവംമ്പറിൽ നടന്ന പാർലമെൻ്റ് തെരെഞ്ഞ ടുപ്പാനന്തരമാണു് ലിക്ഡ്  – തീവ്ര വലതുപക്ഷപാർട്ടികൾ തമ്മിലുള്ള അധികാര രാഷ്ട്രീയ കൂട്ടുകെട്ട്  സുസാധ്യമാക്കപ്പെട്ടത്. ഇസ്രയേൽ ചരിത്രത്തിലാദ്യമായാണ് അധികാര രാഷ്ട്രീയത്തിൻ്റെ അകത്തളങ്ങളിൽ തീവ്ര വലതുപക്ഷ സംഘടനകൾക്ക് ഇടം ലഭിക്കുന്നത്.

വെസ്റ്റ് ബാങ്കിലുൾപ്പെടെ ജൂത കുടിയേറ്റങ്ങളെ അത്യധികം പ്രോത്സാഹിപ്പിച്ച് പലസ്തീൻ ദേശത്ത് അതിവിപുലമായ ഇസ്രയേൽ ജൂത രാഷ്ട്ര സംസ്ഥാപനമെന്നതാണ്  തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആത്യന്തിക ലക്ഷ്യം. ഇത്തരം പ്രസ്ഥാനങ്ങ ളുമായി അധികാര രാഷ്ട്രീയ ചങ്ങാത്തത്തിലേറിയ നെതന്യാഹു ഭരണകൂടം  സ്വതന്ത്ര പലസ്തീൻ രാഷ്ട്ര സംസ്ഥാപന നീക്കങ്ങളെ പരാജയപ്പെടുത്തുവാനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. ഇതിൻ്റെ തുടർച്ച തന്നെയായാണ് ഒക്ടോബർ ഏഴിനെ മറപിടിച്ച് നിനച്ചിരിയ്ക്കാതെ വീണു കിട്ടിയ ഇരവാദമുന്നയിച്ച് ഹമാസിനെ ഇല്ലാഴ്മ ചെയ്യുകയെന്നതിൻ്റെ പേരിൽ  പലസ്തീൻ ജനതക്ക് നേരെ തീവ്രവലതുപക്ഷ നെതന്യാഹു ഭരണ കൂടത്തിൻ്റെ കടന്നുകയറ്റം കടുപ്പിക്കുന്നത്.

എവിടെ ഹമാസ് നേതൃത്വം?

ഇസ്രയേൽ പ്രത്യാക്രമണങ്ങളിൽ ഗാസ അതിവേഗം പ്രേത ഭൂമിയായി മാറുന്നു. ഹമാസ് നേതാക്കൾ പക്ഷേ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ വിരളം. ആക്രമണത്തിനു മുന്നേ സുരക്ഷിത താവ ളങ്ങളെന്ന നിലയിൽ ലെബനിലേക്കും ഖത്തറിലേക്കും ഹമാസ് നേതാക്കൾ ഒളിച്ചുകടക്കുന്നത് പൊതുവെ പതിവ് രീതി! ഇക്കുറിയുമതു തന്നെ. സുരക്ഷിത താവളങ്ങളിൽ ഹമാസ് നേതാക്കൾ സസുഖം

Hamas Leader Ismail Haniyeh

വാഴുന്നു.

ഒളിതാവങ്ങളിലിരുന്ന് പ്രധാന ഹമാസ് നേതാക്കൾ  പതിവുപോലെ ഇസ്രയേലി വിരുദ്ധ വികാരം ആവോളം ആളികത്തിച്ച് പരമ്പരാഗത യഹൂദ വിരോധ ഇസ്ലാമിസ്റ്റ് സ്റ്റേറ്റുകളുടെ / ഭരണാധികാരികളുടെ പിന്തുണ ആർജ്ജിക്കുന്നു. അവരിൽ നിന്ന് ഫണ്ടു സമാഹരണം നടത്തുന്നു (ഇങ്ങനെ സമാഹരിക്കപ്പെടുന്ന കോടികളുടെ ഫണ്ടിൻ്റെ ഭൂരിഭാഗവും നേതാക്കളുടെ സുഖലോലുപതയ്ക്കും സുരക്ഷയ്ക്കും വിനിയോഗിക്കപ്പെടുന്നു! ആരും ഫണ്ടിൻ്റെ കണക്കു ചോദിക്കു ന്നില്ല. ആരോടും കണക്ക് പറയുന്നില്ല. പി എൽ ഒ നേതാവ്  അറാഫത്തിൻ്റെ മരണത്തെ തുടർന്ന് സംഘടനയുടെ 100 കോടി (യുഎസ് ഡോളർ) യിലധികം എവിടെ പോയിയെന്നതിന് ഇനിയും വ്യ ക്തതയില്ല).  ഇസ്രയേലിനെ വെല്ലുവിളിക്കുന്നു! ഹമാസ് ഉന്നത നേ തൃത്വങ്ങൾ ഒളിവിലിരുന്ന്  ഇസ്രയേലിനെതിരെ സമ്മർദ്ദ തന്ത്രങ്ങൾ മെനയുന്നുപോൽ!  പക്ഷേ പലസ്തീൻ ജനതക്കുമേൽ  അധിനിവേശ ത്തിൻ്റെ ചരിത്രം മാത്രം കുറിച്ചിട്ടുള്ള ഇസ്രയേലിൻ്റെ ബോംബുവർഷത്തിന് ശമനമില്ല!  ഇതാണ് ഒരു ജനതയെ യുദ്ധമുഖത്തെ റിഞ്ഞുകൊടുത്ത് തക്കസമയത്ത്  സേനാ മേധാവികൾ ബോധപൂർവ്വം ആസൂത്രിതമായി സ്വയം രക്ഷതേടുന്നവസ്ഥ! ഇവിടെയാണ് ഒരു ജനതയെ ഹമാസ് നിഷ്കരുണം കൊലക്ക്കൊടുത്തുവെന്ന തീർത്തും വ്യഥയാർന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടുവെന്ന് പറയേണ്ടിവരുന്നത്.

വ്യത്യസ്തരല്ലല്ലോ ഇരുവരും

ഹമാസിനെ, പലസ്തീനെ ഉന്മൂലനം ചെയ്യുകയെന്ന അപൂർവ്വ അവസരം ഇസ്രയേൽ പരമാവധി  ഉപയോഗപ്പെടുത്തുന്നു!! മാനവീകതയുടെ തരിമ്പും അവശേഷിപ്പിയ്ക്കാതെ ഗാസക്കുമേൽ ഇസ്രയേലിൻ്റെ ബോംബു വർഷം! സ്വയംനിർണയാവകാശ പോരാട്ടത്തിൻ്റെ ഇരകളാക്കപ്പെട്ട ഗാസ ജനതക്ക് കുടിവെള്ളം, വൈദ്യുതി, വൈദ്യ സഹായം…. സർവ്വതും ഇസ്രയേലി തീവ്ര വലതുപക്ഷ സിയോനിസ്റ്റുകൾ പൂർവ്വാധികം വെറുപ്പോടെ, ശത്രു തയോടെ നിഷേധിക്കുന്നു!

കൊടിയ യുദ്ധകെടുതികൾക്ക് മുന്നിൽ അപ്പാടെ പകച്ചുപോയ ഒരു ജനതക്ക് അവശ്യംവേണ്ട സഹായമെത്തിക്കുവാൻ പോലും അനുവദിക്കില്ലെന്ന ഇസ്രയേലി തീവ്രവലതുപക്ഷ ഭരണകൂട നിലപാട് മാനവരാശിയോടുള്ള കടുത്ത വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല.  ഹമാസിനെ തകർത്തുതരിപ്പണമാക്കുകയെന്ന കാത്തിരുന്ന അപൂർവ്വം അവസരം ഒക്ടോബർ ഏഴിനെ മുൻനിറുത്തി വിനിയോഗിക്കപ്പെടുമ്പോൾ ഒരു ജനതതി തുടച്ചുനീക്കപ്പെടുന്ന ദുരവസ്ഥ! ഇതിനൊരു അറുതി വേണമെന്ന് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യരാഷ്ട്രങ്ങളുൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്.  ഇസ്രയേൽ നെത്യനാഹു ഭരണകൂടം അതൊന്നും പക്ഷേ  ചെവികൊള്ളുന്നതേയില്ല. യുദ്ധം പരിഹാരമല്ലെന്നതിനെ മുൻനിറുത്തിയുള്ള രചനാത്മകമായ ഇടപ്പെടലുകൾ നടത്തുന്നതിൽ പതിവുപോലെ ഐക്യരാഷ്ട്രസഭയുടെ പ്രാപ്തിയില്ലാഴ്മ ഇവിടെയും പ്രകടം!

സംഗീതക്കച്ചേരിയിൽ മുഴുകിയിരുന്ന ഇസ്രയേലികൾക്കുമേൽ പൊടുന്നനെ ചാടിവീണ് തീർത്തും മനുഷ്യത്വരഹിതമായി വെടിയുർത്ത ഹമാസ് സംഘത്തിൻ്റെ അതേ പൈശാചിക മാനസിക അവസ്ഥ തന്നെയാണ്  ഇസ്രയേലും ഗാസയിൽ പ്രകടമാക്കുന്നത്!  നിരപരാധികളായ സാധാരണക്കാരെ – സ്ത്രീകളെ, വൃദ്ധരെ, കുഞ്ഞുങ്ങളെ, കിടപ്പു രോഗികളെ – കൊന്നൊടുക്കുന്ന ഇസ്രയേൽ നേതൃത്വവും ഹമാസിൻ്റെ ഒക്ടോബർ ഏഴ് ആക്രമണ രീതിയിൽ നിന്ന് വ്യതിരിക്തരാകുന്നില്ല.  സ്വയംനിർണായാവകാശത്തിൻ്റെയും  ദേശീയതയുടെയും പേരിൽ ബലികൊടുക്കപ്പെടുവാൻ വിധിക്കപ്പെടുന്ന ജനതയെ / ജനങ്ങളെയോർത്ത് വിലപിക്കുകയെന്നതു മാത്രം ബാക്കി! യുദ്ധം ജനതക്ക് വേണ്ടിയല്ല. അധികാരത്തിനു വേണ്ടിയാണ്. നേതൃത്വത്തിനു വേണ്ടിയാണ്. യുദ്ധക്കൊതിയന്മാർക്ക് വേണ്ടിയാണ്. ആയുധക്കച്ചവടക്കാർക്ക് വേണ്ടിയാണ്.

 

 

 

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…