തൃശൂർ: പീച്ചി – പട്ടിക്കാട് റോഡിൻ്റെ ഇരുവശത്തും പുരോഗമിക്കുന്ന ഡ്രയിനേജ് നിർമ്മാണം തീർത്തും അശാസ്ത്രീയം! ഡ്രയ്നേജ് നിർമ്മാണ പ്രവർത്തികളിൽ തളംകെട്ടിനിൽക്കുന്നത് ദീർഘവീക്ഷണമില്ലാഴ്മയുടെ മലിനജലം !!
റോഡിൽ ഒഴുകിയെത്തുന്ന വെള്ളം, പ്രത്യേകിച്ചും കാലവർഷത്തിൽ, റോഡിലെത്താതെ റോഡിൽ വെള്ളക്കെട്ട് സൃഷ്ടിയ്ക്കപ്പെടാതെ അതിവേഗം ഡ്രയിനേജിലൂടെ കണ്ണാറ പുഴയിലേക്ക് തിരിച്ചുവിടുകയെന്നതിനു വേണ്ടിയാണ് ഡ്രയിനേജ്. റോഡിലെ വെള്ളം ഡ്രയിനേജിലേക്കെത്തണമെങ്കിൽ ഡ്രയിനേജ് ഭിത്തിയുടെ ഇരുവശങ്ങളിലും ദ്വാരങ്ങൾ അനിവാര്യം. എന്നാൽ റോഡിനോട് ചേർന്നുള്ള ഭിത്തിയിൽ മാത്രമാണ് ദ്വാരങ്ങൾ നൽകിയിട്ടുള്ളത്. ഇതാകട്ടെ വേണ്ടത്ര വ്യാസമുള്ളവയെന്ന് പറയാനാകില്ല.
മറുവശത്തെ ഭിത്തിക്ക് ദ്വാരങ്ങളിട്ടിട്ടില്ല. അതുകൊണ്ടു തന്നെ പുരയിടങ്ങളുൾപ്പെടുന്ന പറമ്പുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന് ഡ്രയനേജിലേക്ക് കടക്കുവാനേയാകില്ല. അനന്തരഫലം വെള്ളക്കെട്ട് തന്നെ!
വെള്ളക്കെട്ടുമൂലം റോഡ് വേഗത്തിൽ കുഴികളായി മാറി ഗതാഗത യോഗ്യമല്ലാതാകുന്നവ സ്ഥയില്ലാതാക്കുന്നതിനായാണ് പ്രധാനമായും ഡ്രയനേജ് സംവിധാനം.
ഡ്രയനേജിൻ്റെ ഇരു ഭിത്തികളിലും അവശ്യംവേണ്ട ദ്വാരങ്ങളിട്ടെങ്കിൽ മാത്രമേ പറമ്പുകളിൽ നിന്ന് ഒഴികയെത്തുന്ന വെള്ളം റോഡിലേക്ക് പ്രവേശിയ്ക്കാതെ, റോഡിൽ വെള്ളക്കെട്ടുണ്ടാക്കാതെ ഒഴിഞ്ഞുപോകൂ. ഭിത്തിയുടെ ഒരു ഭാഗത്ത് പക്ഷേ ദ്വാരങ്ങൾ നൽകിയിട്ടില്ല. ഇത്തരത്തിലുള്ള അശാസ്ത്രീയ നിർമ്മാണം പക്ഷേ റോഡിന് സംരക്ഷണമാകുമെന്നു് ആരാണ് ഉറപ്പു നൽകുക?
ഡ്രയനേജ് നിർമ്മാണത്തിലെ അശാസ്ത്രീയതയും ദീർഘവീക്ഷണമില്ലാഴ്മയും എഞ്ചിനീയറിങ് പശ്ചാത്തലം തൊട്ടുതീണ്ടാത്ത ഈയുള്ളവൻ കരാറുക്കാരൻ്റെ മാനേജറുടെ ശ്രദ്ധയിൽപ്പെടുത്തി. പക്ഷേ റോഡിൻ്റെ ഭാഗത്തുള്ള ഭിത്തിയിൽ മാത്രം ദ്വാരങ്ങളിട്ടാൽ മതിയെന്ന നിർദ്ദേശമാണ് കരാർ കമ്പനിയ്ക്ക് നൽകിയിട്ടുള്ളതെന്നാണ് കരാർ കമ്പനി മാനേജറുടെ വിശദീകരണം! നിർദ്ദേശം വിചിത്രം! നിർമ്മാണവുമായി ബന്ധപ്പെട്ട എശ്ചിനീയിറിങ് സ്പെസിഫിക്കേഷനും സ്ക്കോപ്പും എന്തെന്നറിയുവാൻ ഡ്രയനേജിൻ്റെ ഡ്രോയിങ് കാണട്ടെയെന്ന് ഈയുള്ളവൻ പറഞ്ഞുവെങ്കിലുമത് ഫലം കണ്ടില്ല…നിർമ്മാണസ്ഥലത്ത് ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തുക എളുപ്പമല്ല.
ലക്ഷങ്ങൾ അല്ല കോടികൾ ചെലവഴിക്കപ്പെടുന്ന ഇത്തരം പണികൾ പാഴ്പ്പണിയാകരുതെന്ന് ഉറപ്പിയ്ക്കാൻ താല്പര്യമേതുമില്ല. പൊതുജനങ്ങൾ പൊതുവെ നിസ്സംഗതയിൽ! പൊതുഖജനാവിലെ പൈസ! പ്രയോജനം ആർക്ക്? ഉദ്യോഗസ്ഥരും കരാർക്കാരും ഭരിക്കുന്നവരും മാത്രം ഇത്തരം പാഴ്പ്പണികളുടെ ഗണഭോക്താക്കളാകുന്നുവെന്നവസ്ഥയുണ്ടോയെന്നത് ഓഡിറ്റ് ചെയ്യപ്പെടേണ്ടതല്ലെന്നുണ്ടോ?