ഒരു ഡി.ടി.എച്  സ്റ്റോറി

ഒരു ഡി.ടി.എച് സ്റ്റോറി

From Anoop.C.Nair

ഇതുപോലെ ആപത്തുപിടിച്ച യാതൊന്നും അടുത്തകാലത്തു സംഭവിച്ചതായി രേഖയില്ലെന്നു തോന്നുന്നു, 2003 ലാണത്രേ ആദ്യമായി ഈ പരിപാടി തുടങ്ങിയത്, അന്നൊരു ലൈസന്‍സ് കരാര്‍ മാത്രം ഒപ്പിട്ടു കൊടുത്താല്‍ മതിയത്രെ, Dish-tv എന്നൊരു കൂട്ടരാണ് ആദ്യം ഇതൊരു നല്ല കച്ചവടമാണെന്ന് കരുതി എടുത്തുചാടിയത്, ഇവന്മാര്‍ മാത്രമായി കാശുണ്ടാക്കണ്ട എന്നു കരുതി ബാക്കി കൈയ്യില്‍ കാശുള്ളവനൊക്കെ പിന്നാലെ ചാടി

ഇതിനിടെ ഭരണ ഗജങ്ങളില്‍ ഐരാവതമായ ദൂരദര്‍ശനം ഈ പരിപാടി ആരംഭിച്ചിരുന്നു, പതിവുപടി റേഷന്‍ അടിസ്ഥാനത്തില്‍തന്നെയാണ് , ടിയാര്‍ ഇതും തുടങ്ങിയത്, ഇടയ്ക്കിടയ്ക്ക് 100 ചാനല്‍, 1000 ചാനല്‍, എന്നിങ്ങനെ അടിച്ചുവിടും, അടുത്തവര്‍ഷം 1500, അതിനടുത്തവര്‍ഷം 25000, എന്നും മറ്റും പരിപാടി പ്രഖ്യാപിക്കും, ഉള്ള ചാനല്‍ തന്നെ ചിലപ്പോള്‍ കാണാതാവും, ആരും ഇതൊന്നും, കാര്യമായി എടുക്കാറുമില്ല, അതിനാല്‍ ഐരാവതം അവിടെ നില്‍ക്കട്ടെ, ബാക്കി കാര്യം പറയാം

കാശു കൊടുത്ത് ഇവരുടെ പെട്ടിയും, ചട്ടിയും വാങ്ങി , പെട്ടി ടി.വിയുടെ പുറത്തും, ചട്ടി പുരപ്പുറത്തും വച്ചാലെ ഈ അത്ഭുതം കാണാനൊക്കൂ,ഇനി കാണുന്നത് എന്താണെന്നു നോക്കാം, ഈയുള്ളവനെപ്പോലെ ചില മണ്ടന്‍മാര്‍ ഇതേപണിക്ക് പണ്ട് കണ്ടമാനം കാശു ചിലവാക്കി പുരയ്ക്ക് മഴകൊള്ളാത്തത്ര വലിപ്പമുള്ള ഓരൊ കുടകുത്തിയാണ് , ഇപ്പറഞ്ഞ ഏര്‍പ്പാട് കണ്ടിരുന്നത് , ഓസി യായി കുറെ ചാനലും കണ്ടിരുന്നതാണ്, ഈ സൌജന്യ കഞ്ഞിവീഴ്ത്തായിരുന്നു ആദ്യമൊക്കെ satellite tv എന്നു പറഞ്ഞിരുന്ന സാധനം, ഇടയ്ക്കിടയ്ക്ക് കക്കുസ് വൃത്തിയാക്കുന്ന കാഴ്ച്ച കാണണം എന്നു മാത്രം, ഊണുകഴിക്കുന്നിടത്ത് , ടി.വി വയ്ക്കരുത് എന്നര്‍ത്ഥം, ഊണിനിടയില്‍ കക്കൂസ് കാഴ്ച്ച കാണുന്നത് സുഖമുള്ള ഏര്‍പ്പാടാണെന്ന് തോനുന്നില്ല എന്നതാണ് ഇതിനു കാരണം

പറഞ്ഞുവന്നത് മേപ്പടി പെട്ടിയും, ചട്ടിയും വച്ച് , കാശുകൊടുത്താല്‍, പേ ചാനല്‍ എന്നൊന്നു കാണാം എന്നാണ്, കേട്ടവരൊക്കെ തെറ്റിദ്ധരിച്ചു, ഇനി കാശുകൊടുത്ത് ആവശ്യമുള്ളത് കണ്ടാല്‍ മതി എന്നാണ് പറഞ്ഞിരുന്നത് , കക്കൂസ് കഴുകുന്നത് കാണണ്ട എന്നാണ് ഇതുകേട്ടപ്പോള്‍ കരുതിയത്, പക്ഷെ കാശുകൊടുത്ത് കിട്ടിയ പേ ചാനല്‍ കണ്ടവനൊക്കെ ആദ്യം ഞെട്ടി, പഴയ കക്കൂസ് ചാനല്‍ തന്നെ, കാശുംകുടി കൊടുക്കണം എന്നുമാത്രം, പേപ്പട്ടി കടിച്ചതുപോലായി പരിപാടി, മാത്രമല്ല യഥാര്‍ത്ഥത്തില്‍ മുമ്പ് കാശുവാങ്ങി കക്കൂസു കഴുകുന്നത് കാണിച്ചിരുന്ന കുറെ പ്രിയപ്പെട്ട ചാനലുകളുണ്ടായിരുന്നു, അതു കാണാനുമില്ല, അതിനു കാശു വേറെ വേണം, ഇപ്പ കൊടുത്തതു പണ്ടു വെറുതെ കണ്ടതു തുടര്‍ന്നു കാണാനാണ്, ചില ചാനലുകളുടെ മുകളില്‍ ഒരു നക്ഷത്രം വരച്ചിട്ടുണ്ട്, അതു മേല്‍പറഞ്ഞ വെള്ളാനസര്‍വ്വീസില്‍നിന്നും വരുന്നതാണ്, കാശുകൊടുക്കാഞ്ഞാല്‍ അതും നിര്‍ത്തും, അതിനൊരു താക്കോലു വേറെ മുണ്ടിന്‍തുമ്പില്‍ കെട്ടിവച്ചാണ് പെട്ടി തന്നിരിക്കുന്നത്, കാശു വാങ്ങിയാണ് പെട്ടി തന്നതെങ്കിലും, അതു വാങ്ങിയവനു അവകാശമില്ല, എന്താണ് കാണേണ്ടത് എന്നു വിറ്റവനാണ് തീരുമാനിക്കുന്നത് എന്നു തുടങ്ങി കുറെ വളരെ ന്യായമായ കാര്യങ്ങള്‍ ചേര്‍ത്ത് ഔരു കുറിപ്പടിയുണ്ട്, ഭൂതകണ്ണാടി വച്ചു വായിച്ചാല്‍ ഈ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാം, ഇംഗ്ളീഷ് അറിയണം എന്നു മാത്രം,

എന്തിന് ദുഷ്ടന്‍, കള്ളന്‍ എന്നൊക്കെ തള്ളിപ്പറഞ്ഞ നമ്മുടെ കേബിളുചേട്ടന്‍ എത്ര ഭേദം എന്നു പറയാന്‍ വലിയ താമസമുണ്ടായില്ല.

പറഞ്ഞുവന്നത് ലൈസന്‍സ് കൊടുത്ത സമയത്ത് , ചില നിശ്ചയങ്ങളൊക്കെ ചെയ്യെണ്ടായി എന്നാണ്, ഇതില്‍ പ്രധാനം പാവം ഇന്ത്യന്‍ പൌരനു നഷ്ടമുണ്ടാക്കരുതെന്നു കരുതി എടുത്ത ചില തീരുമാനങ്ങളത്രെ. ഇതില്‍ എറ്റവും പ്രധാനം പെട്ടി എല്ലാവരുടെയും സേവനം ലഭ്യമാക്കാവുന്ന തരത്തിലുള്ള ഒരു തുറന്ന മാനദണ്ഢം പാലിക്കുന്ന ഒന്നാകണം എന്നാണ്, അതായത് നമ്മുടെ മോബൈല്‍ ഫോണ്‍ പോലെ, ഇതിനകത്ത് COMMON INTERFACE എന്നു വിളിക്കുന്ന ഒരു തുള വേണം, പെട്ടിക്കകത്ത് മുന്നില്‍ തന്നെ ഈ ഓട്ട കണ്ടനരു സന്തോഷിച്ചു, വേറെ സേവനങ്ങള്‍ തുടങ്ങുമ്പേള്‍ മാറാം എന്നു കരുതി, അങ്ങിനെയാണത്രേ നാട്ടിലെ നിയമം

ചതി പുറത്തുവരാന്‍ അധികം സമയം വേണ്ടിവന്നില്ല, മേപ്പടി തുള വെറുതെ ഇട്ടതാണെന്നും, ഇതു പ്രവര്‍ത്തിക്കാതിരിക്കാന്‍ കോടിക്കണക്കിനു ചിലവാക്കിയാണ് പെട്ടി ബ്ലോക്കു ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചതെന്നും, വേറൊരുത്തനും കൊടുക്കുന്ന card നമ്മുടെ പെട്ടിയില്‍ നടക്കില്ലെന്നും, open architecture, എന്ന വ്യവസ്ഥ കാറ്റില്‍ പറത്തിയെന്നും വാര്‍ത്ത വന്നു,

ഇതിലിടുന്ന CAM , card തുടങ്ങിയതു വില്‍ക്കാന്‍ നിയമം പറഞ്ഞിട്ടില്ലത്രെ, തുളയിടാന്‍ പറഞ്ഞു, തുളയിട്ടു, അതില്‍ ഉപയോഗിക്കാനുള്ള സാധനം വില്‍ക്കണമെന്നു നിയമിത്തില്‍ വ്യവസ്ഥയില്ല, അത്രതന്നെ, ഇതിനിടയില്‍ പിടിച്ചുപറിക്കാരുടെ എണ്ണം പെരുകി, ടിയാര്‍ക്ക് സംഘടനയായി, ഇതാണ് ഇപ്പോഴത്തെ അവസ്ഥ, കാശു കൊടുത്തു സാധനം വാങ്ങുന്നവനു ഒരു അവകാശവും കൊടുക്കാന്‍ ഒപ്പറേറ്റര്‍മാരു തയ്യാറല്ല, നിയമം വിശ്വസിച്ച് ഇതു വാങ്ങിയവന്‍ ആരോടു ചോദിക്കണം, ന്യായമായും സര്‍ക്കാരിനോട് പരാതിപ്പെടാം, അങ്ങിനെയല്ലെ വേണ്ടത്

ഇനി ഇതിലും വലിയ തമാശയാണ് സര്‍ക്കാര്‍ കാണിക്കുന്നത്, DTH interoperability സാദ്ധ്യമാണോ എന്നു പഠിക്കാന്‍, ഈ രണ്ടായിരത്തിപത്തില്‍ TRAI അഭിപ്രായം ചോദിക്കുന്നു, ചോദിക്കുന്നത് നിയമം തെറ്റിക്കുന്നവനോട്

http://www.trai.gov.in/WriteReadData/trai/upload/ConsultationPapers/211/bandcsconsulta20agu.pdf

ഇതു വായിച്ചു നോക്കുക, നിയമം തെറ്റിച്ചവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നല്ല, നിയമംപ്രകാരം നടക്കാന്‍ പറ്റില്ലെങ്കില്‍ എന്തു പകരം കൊടുക്കാം എന്നാണിത്, എന്നുവച്ചാല്‍ ആരും നിയമം അനുസരിക്കാന്‍ തയ്യാറില്ലെങ്കില്‍ അവരുടെ സൌകര്യത്തിനു നിയമം മാറ്റാന്‍ പറ്റുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച

ഒരുദാഹരണം നോക്കാം, വാഹനമോടിക്കാന്‍ ലൈസന്‍സ് വേണം, എന്നാണ് നിയമം, ഒരുത്തനു ലൈസന്‍സ് എടുക്കാന്‍ തടസ്സമുണ്ട്, കാരണം നിയമപ്രകാരം വാഹനം ഓടിക്കാന്‍ തയ്യാറില്ല, സ്വന്തം ഇഷ്ടത്തിനേ ഓടിക്കൂ, അതിനാല്‍ ടെസ്റ്റു പാസ്സാവില്ല, എല്ലാവരും ഇടതുഭാഗത്ത് ഓടിക്കണം എന്നു നിയമം പറഞ്ഞാലും ഇവനു വലതുഭാഗത്തേ വണ്ടി ഓടിക്കാന്‍ കഴിയൂ, ഇടതുഭാഗത്തുകൂടി ഓടിച്ചാല്‍ ശരിയാവില്ല എന്നാണ് ഇവന്‍ പറയുന്നത് മേല്‍പ്പറഞ്ഞപ്രകാരം ഒരു ചര്‍ച്ച നടത്തി, ലൈസന്‍സ് ടെസ്റ്റു പാസാകാത്തവനു വണ്ടി ഓടിക്കാന്‍ എന്താണ് വഴി എന്നു അവനോടുതന്നെ ചോദിച്ച് അഭിപ്രായം അറിയാവുന്നതേയുള്ളൂ,

ഇത്തരത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ കരയുകയല്ലാതെ എന്തുചെയ്യാന്‍

 

Related Post

മാധ്യമ പ്രതികരണങ്ങളിലെ അരാഷ്ട്രീയത

മാധ്യമ പ്രതികരണങ്ങളിലെ അരാഷ്ട്രീയത

കടപ്പാട് : ജനനി  ഡോ. കെ.കെ. ശശിധരന്‍/Dr. KK  Saseedharan  PhD (JNU)                  വികലമായ ഭാഷയില്‍ പടച്ചുവിടുന്ന പ്രതികരണങ്ങള്‍/കത്തുകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ…