കെ.കെ ശ്രീനിവാസൻ / KK Sreenivasan
ഓണക്കാലം വരുന്നു. സർക്കാർ സംഭരണ-വിതരണ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഒന്നാം തരമെന്നുറപ്പിക്കപ്പെടുന്നതിൽ പ്രത്യേക ശ്രദ്ധ – പ്രത്യേകിച്ചും സംഭരണഘട്ടത്തിൽ തന്നെ – യുണ്ടാകണമെന്നപേക്ഷ. ഒന്നാം തരം ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യേണ്ടത്… തെരവല്ല
ബഹു. ഭക്ഷ്യമന്ത്രിയുടെ ശ്രദ്ധക്ക്
വിഷയം: സർക്കാർ വിതരണ ഭക്ഷ്യവസ്തു ഗുണനിലവാരം
സിവിൽ സപ്ലൈസ് ഔട്ട് ലെറ്റുകളിൽ വിൽക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കൃത്യതയോടെ തിട്ടപ്പെടുത്തുന്നുണ്ടോയെന്നതിൽ ആശങ്ക.
വിതരണത്തിനായ് സംഭരിക്കുന്ന
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഓപ്പൺ വിപണിയിൽ വിൽക്കപ്പെടുന്നവയ്ക്ക് തത്തുല്യമെന്നുറപ്പു വരുത്തുന്നതിൽ വീഴ്ച്ചയുണ്ടാകുന്നില്ലെന്നു് ആരാണ് ഉറപ്പുവരുത്തുന്നത് ? ഈ പ്രക്രിയയുണ്ടെങ്കിൽ അതിന് വീഴ്ച്ചയില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തമാണ് പരമപ്രധാനം.

ഓപ്പൺ വിപണിയിൽ നിന്ന് ബഹു. മന്ത്രി കടലയും പയറും വാങ്ങിക്കുക. ഒപ്പം സിവിൽ സപ്ലൈസ് ഔട്ട്ലറ്റുകളിൽ നിന്നും ഇവ വാങ്ങിക്കുക. മന്ത്രിയുടെ വീട്ടിലിവ കറിവച്ചു കഴിച്ചു നോക്കുക. അപ്പോഴറിയാം ഓപ്പൺ വിപണിയിലെയും സിവിൽ സപ്ലൈസിലെയും കടല – പയറിൻ്റെ സ്വാദിലുള്ള വ്യത്യാസം. ഇത് മന്ത്രി സ്വയം അനുഭവിച്ചറിയണം. എങ്കിൽ മാത്രമെ സർക്കാർ വിതരണ കടല – പയറിൻ്റെ ഗുണനിലവാരമില്ലാഴ്മ കൃത്യതയോടെ തിരിച്ചറിയൂ. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥ വൃന്ദം ഇക്കാര്യത്തിൽ താല്പര്യം പ്രകടിപ്പിക്കുമെന്നതിൽ ഉറപ്പില്ല. അതിനാൽ പൊതുജനങ്ങളോടു നേരിട്ടു ഉത്തരവാദിത്തമുള്ള
മന്ത്രിയ്ക്കാണ് മുഖ്യമായും ഇക്കാര്യത്തിൽ ബോധ്യപ്പെടലുണ്ടാകേണ്ടത്.
സബ്ബ് സിഡി ഭക്ഷ്യവസ്തുക്കളിലെ കടല – പയറ് മാത്രമല്ല വിതരണ ചെയ്യപ്പെടുന്ന അരിയുടെ ഗുണനിലവാരവും സമാനം. സ്വകാര്യ അരി ഉല്പാദകർ കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിൽ നിന്നുള്ള അരി തന്നെയാണ് ഓപ്പൺ വിപണിയിലെത്തിച്ച് വിൽക്കുന്നത്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം? പി ഡിഎസ്സിലെ റേഷനരിയും സപ്ലൈയ്ക്കോയിൽ വിൽക്കപ്പെടുന്ന അരിയും ഓപ്പൺ വിപണിയിലെ അരിയുടെ ഗുണനിലവാരത്തിൻ്റെ ഏഴയലത്തുവരുന്നില്ല. സംശയമുണ്ടെങ്കിൽ ഇതും മന്ത്രി സ്വയം അനുഭവിച്ചറിയുക.
സർക്കാർ സംഭരണ-വിതരണ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവീഴ്ച പുതിയ കാര്യമെന്ന് പറയുന്നില്ല. പക്ഷേ ഇനിയുമത് തുടരണോ?
ആരെങ്കിലും ഉത്തരവാദിത്തമേറ്റെടുക്കേണ്ട??
സബ്ബ് സിഡി നിരക്കിലല്ലേ ഇത്രയൊക്ക ഗുണനിലവാരം മതിയെന്ന ശാഠ്യമുണ്ടാകില്ലെന്നറിയാം. പക്ഷേ സിവിൽ സപ്ലൈസിന് ഭക്ഷ്യവസ്തുക്കൾ നൽകുന്നവരടോണോ പൊതുജനങ്ങളടോണോ സർക്കാർ ഉത്തരവാദിത്തപ്പെട്ടിരിക്കുന്നതെന്നതിൽ തിട്ടപ്പെട്ടത്തൽ അനിവാര്യം.
സർക്കാർ സംഭരണ-വിതരണ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരമെന്നത് പേരിനു മാത്രം ഒരല്പം നല്ലത് – മോശം – തീർത്തും മോശം എന്ന കലർപ്പിൻ്റെ അനുപാതത്തിലാണ്. തുടരുന്ന ഈ സംഭരണ അനുപാതത്തിൽ ഒന്നാം തരം ഭക്ഷ്യവസ്തുവെന്നത് തുലോം തുച്ഛം!
ആരോഗ്യമുള്ള ജനത നാടിൻ്റെ സമ്പത്ത്. പൊതുവിതരണ ശൃംഖലയിലൂടെ വിൽക്കപ്പെടുന്ന ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കൾ സാധാരണക്കാരുടെ ആരോഗ്യത്തെപ്രതികൂലമായി ബാധിക്കുന്നു. ദിനേനെ ഉയരുന്ന ജീവിത ചെലവിൽ പൊറതിമുട്ടുന്ന സാധാരണക്കാരുടെ പോ
ക്കറ്റിൽ നിന്നുള്ള ആരോഗ്യ പരിചരണ ചെലവു വർദ്ധിപ്പിക്കുന്നു…… പ്ലീസ് നല്ല ഗുണനിലവാരമുള്ള, ഒന്നാം തരം ഭക്ഷ്യവസ്തുക്കൾ മാത്രമേ പിഡി എസ് – സപ്ലെക്കോ സംവിധാനങ്ങളിലൂടെ വിതരണം ചെയ്യൂവെന്ന് വീഴ്ചകളേതുമില്ലാതെ ഉറപ്പുവരുത്തൂ…
ഓണക്കാലം വരുന്നു. സർക്കാർ വിതരണ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പൊതു വിപണിയിലെ നിത്യോപയോഗ വസ്തുക്കൾക്ക് തത്തുല്യമെന്നുറപ്പിയ്ക്കുന്നതിൽ പതിവിൽ നിന്ന് വ്യത്യസ്തമായ പ്രത്യേക ശ്രദ്ധ – പ്രത്യേകിച്ചും സംഭരണഘട്ടത്തിൽ തന്നെ – യുണ്ടാകണമെന്ന് അപേക്ഷ.
അപേക്ഷ നല്ല സ്പിരിറ്റിലെടുക്കുമെന്നറിയാം. അപേക്ഷ അവഗണിക്കപ്പെടുകയില്ലെന്നു കരുതട്ടെ…
മറുപടി പ്രതിക്ഷിയ്ക്കപ്പെടുന്നുണ്ട്….
