ടി.എം. ജേക്കബ്ബ് അനൂപിന്റെ പിതാവ് മാത്രം

കെ.കെ.ശ്രീനിവാസന്‍

പിതാവ് ടി.എം ജേക്കബ്ബിന്റെ ചിത്രം അച്ചടിച്ച് ഭരണനേട്ട പരസ്യം നല്‍കാന്‍ ഭക്ഷ്യവകുപ്പും മന്ത്രിപ്പണി യും സ്വന്തം കുടുംബസ്വത്തല്ലെന്ന് അനൂപ് മന്ത്രി മനസ്സിലാക്കണം. ടി.എം.ജേക്കബ്ബ് രാഷ്ട്ര പിതാവൊ ന്നുമല്ലല്ലോ? അനൂപിന്റെ പിതാവ് മാത്രം. 2012 ജൂണ്‍ 15 ന് മാധ്യമങ്ങളില്‍ ജേക്കബ്ബിന്റെ ചിത്രം അച്ചടി ച്ച് വന്ന ഭക്ഷ്യവകുപ്പിന്റെ പരസ്യചെലവ് അനൂപ് ജേക്കബ്ബില്‍ നിന്ന് സര്‍ക്കാര്‍ വസൂലാക്കണം.

യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ വിളമ്പിയുള്ള പരസ്യങ്ങളാല്‍ സമൃദ്ധമാണ് ദൃശ്യ-അച്ചടി മാധ്യമങ്ങള്‍. പൊതു ഖജനാവിനെ സ്വന്തം കുടുംബമഹിമ ഉയര്‍ത്തിപിടിയ്ക്കാന്‍ ദുര്‍വിനിയോഗം ചെയ്യുന്നതിന് ജനങ്ങളുടെ പ്രതിനിധി മാത്രമായ മന്ത്രിക്ക് ആരാണ് അധികാരം നല്‍കിയത്? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഭക്ഷ്യ വകുപ്പുമന്ത്രിയായ അനൂപ് ജേക്കബ്ബ്.

അനൂപ് ജേക്കബ്ബിന് ഭക്ഷ്യവകുപ്പിന്റെ ചുമതലയാണ് ഏല്പിച്ചുകൊടുക്കപ്പെട്ടി രിക്കുന്നത്. ഭക്ഷ്യവകുപ്പിന്റെ ഭരണനേട്ടങ്ങള്‍ നിരത്തിയുള്ള സര്‍ക്കാര്‍ പരസ്യത്തില്‍ അനൂപ് ജേക്കബ്ബിന്റെ പിതാവ് ടി.എം. ജേക്കബ്ബിന്റെ ചിത്രം! ടി.എം. ജേക്കബ്ബ് ആരാണ്? ജനപ്രതിനിധിയും മന്ത്രിയുമെന്നത് ഭൂതകാലം മാത്രം. കുടുംബ പാരമ്പര്യമായി പകര്‍ന്നുകിട്ടിയ എം.എല്‍.എ സ്ഥാനത്തിന്റെയും മന്ത്രി പദവിയുടെയും ഉടമമാത്രമാണ് അനൂപ് ജേക്കബ്ബ്. ഈ കുടുംബ പാരമ്പര്യ ബോധ്യപ്പെടലിന്റെ പ്രതിഫലനമാണ് ഭരണനേട്ട പരസ്യത്തില്‍് തന്റെ പിതാവിന്റെ ചിത്രം.

വകുപ്പുഭരണം കുടുംബ കാര്യമാക്കി മാറ്റിയിരിക്കുന്നു! ജേക്കബ്ബിന്റെ ചിത്രം അച്ചടിച്ച് ഭരണനേട്ട പരസ്യം നല്‍കാന്‍ ഭക്ഷ്യവകുപ്പും മന്ത്രിപ്പണിയും സ്വന്തം കുടുംബസ്വത്തല്ലെന്ന് അനൂപ് മന്ത്രി മനസ്സിലാക്കണം. എല്ലാ മന്ത്രിമാരും അവരവരുടെ രാഷ്ട്രീയ പാരമ്പര്യമുള്ള പിതാക്കന്മാരുടെ ചിത്രം വച്ച് ഭരണനേട്ട പരസ്യങ്ങള്‍ നല്‍കുന്നുവെന്ന് വന്നാലത് അവരെ വരിനിന്ന് വോട്ട് ചെയ്ത് എം.എല്‍.എയും മന്ത്രിയുമൊക്കയാക്കിയ ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്.

ഉദ്യോഗത്തിലിരിക്കുന്ന മാതാപിതാക്കള്‍ മരണമടഞ്ഞാല്‍ മക്കളിലൊരാള്‍ക്ക് ആശ്രിത നിയമനം ലഭ്യമാക്കപ്പെടുന്നുണ്ട്. അതേ രീതിയിലാണ് അനൂപ് ജേക്കബ്ബ്ിന് എം.എല്‍.എ സ്ഥാനവും മന്ത്രിപദവും തരപ്പെട്ടത്. ഇങ്ങനെ ലഭ്യമായ മന്ത്രിപദവി ദുര്‍വിനിയാഗം ചെയ്യുന്നുവെന്നതിന്റെ ഉദാഹരണമാണ് പിതാവ് ടി.എം. ജേക്കബ്ബിന്റെ ചിത്രംവെച്ചുള്ള ഭക്ഷ്യവകുപ്പിന്റെ സര്‍ക്കാര്‍ പരസ്യം. ടി.എം. ജേക്കബ്ബ് രാഷ്ട്രപിതാവൊന്നുമല്ലല്ലോ? അനൂപിന്റെ പിതാവ് മാത്രമാണ്.

2012 ജൂണ്‍ 15 ന് മാധ്യമങ്ങളില്‍ ടി.എം ജേക്കബ്ബിന്റെ ചിത്രം അച്ചടിച്ച് വന്ന ഭക്ഷ്യവകുപ്പിന്റെ പരസ്യചെലവ് അനൂപ് ജേക്കബ്ബില്‍ നിന്ന് സര്‍ക്കാര്‍ വസൂലാക്കുക തന്നെ വേണം. വകുപ്പുകള്‍ മന്ത്രിമാരുടെ കുടുംബസ്വത്തല്ലെന്ന് ബോധ്യപ്പെടുത്താന്‍ അനൂപില്‍ നിന്ന് പരസ്യചെലവ് വസൂലാക്കേണ്ടത് അനിവാര്യം. പൊതുഖജനാവിലെ പണമെന്നത് അനൂപ് ജേക്കബ്ബിന്റെ കുടുംബസ്വത്തല്ലെന്ന് ജനങ്ങളെ ബോധ്യ പ്പെടുന്നതിനായി പരസ്യചെലവ് അനൂപില്‍ നിന്ന് വസൂലാക്കുകയല്ലാതെ മറ്റുവഴികളൊന്നുമേയില്ല.

മക്കള്‍ക്ക് മാതാപിതാക്കള്‍ മഹാന്മാരാകാം. അവരെ പക്ഷേ മഹത്വവല്‍ക്കരിക്കേണ്ടത് പൊതുഖജനാവിലെ പൈസ ദുര്‍വ്യയം ചെയ്തുകൊണ്ടായിരിക്കരുത്. ഇനി അഥവാ പയ്യനായ മന്ത്രി ഇത് മനസ്സിലാക്കുന്നില്ലെങ്കില്‍ പരിചയസമ്പന്നനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനൂപിന് കാര്യങ്ങള്‍ ഓതി കൊടുക്കണം.. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ജനാധിപത്യമര്യാദയും സംസ്ക്കാരവും പ്രകടിപ്പിക്കുമോയെന്നത് കാണാന്‍ ജനങ്ങള്‍ സശ്രദ്ധം കാത്തിരിക്കുന്നുണ്ടെന്ന് അറിയുക.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓരോ മന്ത്രിമാര്‍ക്ക് അവരവരുടെ വകുപ്പുകള്‍ തീറെഴുതി നല്‍കിയിരുക്കുന്നുവെന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാത്രമാണ് അനൂപിന്റെ പിതാവിന്റെ ചിത്രംവെച്ചുള്ള ഭക്ഷ്യവകുപ്പിന്റെ സര്‍ക്കാര്‍ പരസ്യം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് വീതംവച്ചുകിട്ടിയ മന്ത്രാലയങ്ങള്‍ അവരുടെ സ്വ ന്തം സാമ്രാജ്യമായി മാറിയിരിക്കുന്നു. ലീഗ് മന്ത്രി മുനീര്‍ തന്റെ മന്ത്രാലയത്തെ സ്വജനപക്ഷപാതത്തിന്റെയും സ്വതാല്പര്യങ്ങളുടെയും സാമ്രാജ്യമാക്കി മാറ്റിയിട്ട് നാളുകളേറെയായി. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 27 പേരില്‍ 26 പേരും ഒരേ സമുദായത്തില്‍ നിന്നുള്ളവര്‍!

ഇപ്പോഴിതാ സ്വന്തം പിതാവിന്റെ പേരിലുള്ള സി.എച്ച്. മുഹമ്മദ് കോയ ട്രസ്റ്റിന് ധനസഹായം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു, മുനീര്‍ മന്ത്രി! ലീഗിന്റെ തന്നെ നേതാവ് അബ്ദുള്‍ വഹാബിന്റെ കേരളീയം എന്ന സന്നദ്ധസംഘടനയ്ക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കാന്‍ മന്ത്രി മുനീറിന്റെ ഉത്തരവ്! ഇ.എം.എസ് മുന്തിസഭയുടെ കാലം മുതല്‍ തന്നെ സ്വകാര്യ സംഘടനകള്‍ക്ക് ഖജനാവില്‍ നിന്ന് പണം നല്‍കിയിട്ടുണ്ടെന്ന വാദത്തിലാണ് മുനീര്‍. വിജിലന്‍സ് കേസ് നേരിടുന്ന മന്ത്രി മറ്റുള്ളവരുടെ ആശാസ്യമല്ലാത്ത നടപടികള്‍ താനും തുടരുമെന്ന് വാശിപിടിക്കുന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്.

എം.പിമാരും എം.എല്‍.എമാരും തങ്ങളുടെ വികസനഫണ്ട് ഉപയോഗിച്ച് തങ്ങളുടെ തന്നെ നിയോജക മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പാലങ്ങള്‍, പൊതു കെട്ടിടങ്ങള്‍, ആശുപത്രി-സ്ക്കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ പണികഴിപ്പിക്കുന്നു. ഇവിയിന്മേലെല്ലാം തന്നെ ബന്ധപ്പെട്ട എം.പി/ എം.എല്‍.എമാരുടെ പേര് ആനവലുപ്പത്തില്‍ ആലേഖനം ചെയ്തുവയ്ക്കുന്നു. സ്വന്തം കുടുംബസ്വത്ത് ഉപയോഗിച്ച് നാടിനെ വികസിപ്പിക്കുന്നുവെന്ന് ദ്യോതിപ്പിക്കുകയാണിത്. പൊതു ഖജനാവിലെ ഫണ്ട് ഉപയോഗിച്ച് വികസനം നടത്തുന്നവെന്നുള്ള വാസ്തവം അംഗീകരിയ്ക്കാന്‍ തയ്യാറല്ലെന്ന അഹന്തയാണ് ആലേഖനം ചെയ്യപ്പെടുന്ന എം.പി/ എം.എല്‍.എ പേരുകളില്‍!

എം.പി-എം.എല്‍.എ-മന്ത്രിമാര്‍ ജനപ്രതിനിധികള്‍ മാത്രമാണ്. അവരുടെ ആഡംബര ജീവിതം പൊതുജനത്തിന്റെ നികുതിപണം കൊണ്ടാണ്. കുടുംബസ്വത്തല്ല പൊതുഖജനാവിലെ പണമെന്ന് ജനപ്രതിനിധികള്‍ മനസ്സിലാക്കണം.  ജനാധിപത്യത്തിന്റെ അധികാരവും കിരീടവും ചെങ്കോലുമണിഞ്ഞാല്‍ ജനപ്രതിനിധികള്‍ അധികാരത്തെ സ്വന്തം കുടുംബസ്വത്താക്കി മാറ്റുകയെന്നത് ജനാധിപത്യത്തിന്റെ അപചയമാണെന്ന് കൂടി ജനപ്രതിനിധികള്‍ മനസ്സിലാക്കുക.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…