മഹാബലിപുരത്ത് മാലിന്യം പെറുക്കുമ്പോൾ

മഹാബലിപുരത്ത് മാലിന്യം പെറുക്കുമ്പോൾ

കെ.കെ ശ്രീനിവാസൻ

രാജ്യത്തെ പ്ലാസ്റ്റിക്ക്  മാലിന്യങ്ങളുടെ കുപ്പതൊട്ടിയാക്കുന്ന വൻ കോർപ്പറേറ്റുകൾക്കെതിരെ ഇനിയും ചെറുവിരലനക്കാൻ തയ്യാറാകാത്ത സ്വച്ഛഭാരത ഭരണാധികാരിയും കനേഡിയൻ ബാലികയോട് മറുപടി പറയാൻ ബാധ്യസ്ഥനാണ്

സാക്ഷാൽ നരേന്ദ്ര മോദിക്ക് ചാ യക്കച്ചവടം മാത്രമല്ല പൊതുയിടത്തുനിന്ന് മാലിന്യങ്ങൾ പെറുക്കിയെടുക്കുവാനുമറിയുമെന്നതിനും ലോകം സാക്ഷ്യം വഹിച്ചു. ചായക്കച്ചവടത്തെ തന്റെ പ്രതിഛായ വർദ്ധിപ്പിക്കുവാനുള്ള തന്ത്രമാക്കി മാറ്റുന്നതിൽ മോദി പ്രകടിപ്പിച്ച വിരുത് ഏറെക്കുറെ ഫലം കണ്ടുവെന്നുവേണം പറയാൻ. മാലിന്യം പെറുക്കിയും പ്രതിഛായ സൃഷ്ടിയ്ക്കാമെന്ന് മോദി കാണിച്ചുതന്നു. മാലിന്യമുക്ത, ശുചിത്വ രാജ്യമെന്ന പ്രഖ്യാപിത ലക്ഷ്യസാധൂകരണത്തിനായ് സച്ഛ് ഭാരത് മിഷന് രൂപം നൽകിയ മോദി പക്ഷേ രാജ്യത്ത  പാരിസ്ഥിതിക സംതുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നതിൽ പ്രചരിപ്പിക്കപ്പെടുമ്പോലെ പ്രതിജ്ഞാബദ്ധനാണോ? ഈ സംശയം ഇനിയും ദൂരീകരിക്കപ്പെടുന്നതേയില്ല.

ഒരു രാജ്യത്തിന്റെ ഭരണാധികാരി കടപ്പുറത്ത് നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന കാഴ്ച. അത് വിക്ഷേപിക്കുന്നത്  ശ്രദ്ധേയമായ സന്ദേശം. ഇക്കാര്യത്തിൽ തർക്കമുണ്ടാകാനിടയില്ല. ചെന്നൈക്കടപ്പുറത്ത് നിന്ന് പെറുക്കിയെടുക്കപ്പെട്ടതിലേറെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ. ഇവ മനുഷ്യ – സസ്യ – ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ അത്യന്തം ദുരവസ്ഥയിലേക്ക് തള്ളിയിട്ടുകൊണ്ടേയിരിക്കുന്നു. അതിവേഗം കുമിഞ്ഞുക്കൂട്ടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ  ഇല്ലാഴ്മ ചെയ്യുന്നതിനുള്ള പ്രതിവിധി  പ്ലാസ്റ്റിക്ക് ഉപയോഗത്തിലെ നിയന്ത്രണ / ലഘൂകരണത്തിൽ അവസാനിക്കുന്നതല്ല. പുന:രുപയോഗപ്രക്രിയയിലും. ഒറ്റ തവണ ഉപയോഗി (single-use) ക്കപ്പെടുന്ന പ്ലാസ്റ്റിക്ക് ഉല്പാദന നിരോധനം തന്നെയാണ് ഇതിനുള്ള ആത്യന്തിക പ്രതിവിധി.

ഓരോ മിനിറ്റിലും 10 ലക്ഷം വാട്ടർ ബോട്ടിലുകൾ വാങ്ങിക്കപ്പെടുന്നു. വർഷത്തിൽ അഞ്ച് ട്രില്യൺ ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്ക് ബാഗുകൾ ഉപയോഗിക്കപ്പെടുന്നു. ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിൽ 50 ശതമാനവും ഒറ്റതവണ ഉപയോഗാനന്തരം ഭൂമിയിലേക്ക് മാലിന്യമായി വലിച്ചെറിയപ്പെടുകയാണ് (https://www.unenvironment.org/interactive/beat-plastic-pollution/). നദികൾ ഇന്ന് പൂർണ്ണമായും പ്ലാസ്റ്റിക്ക് മാലിന്യ വാഹിനികൾ. ഇതെല്ലാം ഒഴുകിയെത്തുന്നതാകട്ടെ സമുദ്രങ്ങളിൽ. വർഷത്തിൽ നദികളിലൂടെ എട്ടു മുതൽ 12 മില്യൺ മെട്രിക് ടൺ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമുദ്രങ്ങളിൽ ഒഴുകിയെത്തുന്നുവെന്ന് ഗവേഷക വൃന്ദം പറയുന്നു. 2050 ഓടുകൂടി സമുദ്രങ്ങളിൽ മത്സ്യങ്ങളെക്കാൾ കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാകും. സമുദ്രങ്ങളുടെ ആവാസവ്യവസ്ഥ വീണ്ടെടുക്കുവാനാകത്തവിധം ദുർബ്ബലാവസ്ഥയിലേക്ക് ശരവേഗത്തിൽ കൂപ്പുകുത്തുന്നുവെന്ന് ഏറെ ആശങ്കപ്പെടുത്തുന്ന പഠന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സമുദ്രങ്ങളെ മാലിന്യ കൂമ്പാരങ്ങളാക്കുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഗംഗാ നദി. ഇക്കാലമത്രയും ഗംഗാ പുനഃരുദ്ധാരണത്തിനായ് 20000 കോടിയിലധികം ഇതിനകം ചെലവഴിക്കപ്പെട്ടു. ഇതിലുപരി 652.89 കോടി രൂപ ചെലവ് ചെയ്യാൻ  രണ്ടാം മോദി സർക്കാർ അനുമതിയും! എന്നിട്ടും പക്ഷേ ഗംഗ ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യവാഹിനിയായി ഒഴുകി കൊണ്ടേയിരിക്കുന്നു

ഭൂമിയെ പ്ലാസ്റ്റിക്ക് മാലിന്യ കുപ്പതൊട്ടിയാക്കുന്നവരിൽ കുപ്രസിദ്ധരാണ് ബഹുരാഷ്ട്ര കമ്പനികളായ ശീതളപാനീയ / കുപ്പിവെള്ള ഉല്പാദകരായ കൊക്കകോളയും പെപ്സിയും ഭക്ഷ്യോല്പന്ന നിർമ്മാതക്കളായ നെസ് ലെയും. ഇവരാണ് ആഗോളതലത്തിൽ തന്നെ മുഖ്യ  ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്ക് മാലിന്യ സൃഷ്ടാക്ക (ഗ്രീൻപീസ് റിപ്പോർട്ട്, 09 ഒക്ടോബർ 2018 ) ളെന്ന് റിപ്പോർട്ട്. തുടർന്ന് യുറോപ്യൻ യൂണിയൻ പാർലമെന്റ്  ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്ക് നിരോധിക്കുവാൻ 23 ഒക്ടോബർ 2018 ന് തീരുമാനമെടുത്തുവെന്നത് പരിസ്ഥിതി സംരക്ഷണ ദിശയിൽ പുത്തൻ കാൽവെയ്പായി. ഇത് 2021 ഓടെ നടപ്പിലാക്കപ്പെടും.

2012-17 കാലയളവിലെ കണക്കു പ്രകാരം  ഇന്ത്യൻ ജൂസ് വിപണി വിഹിതത്തിൽ  56.3 ശതമാനം കൊക്കോള – പാർലെെ കൂട്ടു സംരംംഭത്തിനു സ്വന്തം. തൊട്ടടുത്ത പെപ്സിയ്ക്കാകട്ടെ 33 ശതമാനം.  ഇവരുടെ വിപണി വിഹിതത്തിനുസരിച്ച് ഇവർ പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യ ങ്ങൾ രാജ്യത്തിന്റെ പരിസ്ഥിതിയെ പാടെ തകിടംമറിക്കുന്നു! ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്കിലെ ഒമ്പതു ശതമാനത്തിൽ താഴെ മാത്രമെ പുന:രുപയോഗ പ്രക്രിയയ്ക്ക് വിധേയമാക്കുവാനാകൂയെന്ന ഗവേഷണ റിപ്പോർട്ടുകളുണ്ട്. ഇതൊന്നും മാനിയ്ക്കാതെ  1000 കോടി നിക്ഷേപിച്ച് ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്ക് മാലിന്യ സംസ്ക്കരണ / പുന:രുപയോഗ പദ്ധതികളിലാണ് ഇന്ത്യയുടെ ഊന്നൽ. ഇതിലൂടെ നിരോധനമാണ് ആത്യന്തിക പ്രതിവിധിയെന്നതിനെ ദുർബ്ബലപ്പെടുത്തുകയാണ് കൊക്കോളയും പെപ്പസിയുൾപ്പെടെയുള്ള ആഗോള ഭീമന്മാർ. പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണം / പുന:രുപയോഗ പ്രക്രിയ സൃഷ്ടിക്കാനിടയുള്ള ഗുരുതരമായ അന്തരീക്ഷ മലിനീകരണം ആത്യന്തികമായി കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രതയും വേഗതയും കൂട്ടുകയാണ്. ഇതൊന്നും പക്ഷേ മന:പൂർവ്വം കാണാതെപോവുകയാണ് ബഹുരാഷ്ട്ര ശീതള പാനീയ ഭീമന്മാരുടെ  സമർദ്ദത്തിന്  വശംവദരാകുന്ന ഇന്ത്യൻ ഭരണാധികാരികൾ.

ബഹുരാഷ്ട്ര ഭീമന്മാരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടെടുക്കുവാൻ മൈത്രി മുതലാളിത്ത സംരക്ഷരകരായ സ്വച്ഛഭാരത ഭരണാധികാരി ഇനിയും തയ്യാറാകുന്നില്ല. അതേസമയം  യൂറോപ്യൻ യൂണിയന്റെ പ്ലാസ്റ്റിക്ക് നിരോധന തീരുമാനത്തിനെതിരെയുള്ള കോള – പെപ്സി – നെസ് ലെ ഭീമന്മാരുടെ ലോബിയിങ് വില പോയില്ലെന്ന വാർത്തകൾ പ്രത്യക്ഷ്പ്പെട്ടത്  ശ്രദ്ധേയമായി. ഇതിനിടെ, അമേരിക്കയിൽ കൊക്കക്കോള – പെപ്സി കമ്പനികൾ അലുമിനിയം ക്യാനുകളിൽ വെള്ളം വിൽക്കുവാൻ തുടങ്ങിയെന്നതും ശ്രദ്ധേയം. ഇവിടെയാണ്  ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്ക് നിരോധനത്തോട് പുറംതിരിഞ്ഞുനിൽക്കുന്ന ഇന്ത്യൻ ഭരണാധികാരികൾ രാജ്യത്തിന്റെ വരുംതലമുറകളുടെ അന്തകരാകുന്നുവെന്ന വ്യഥ പങ്കുവയ്ക്ക്പ്പെടുന്നത്.

പ്ലാസ്റ്റിക്ക് മാലിന്യമുക്ത ആവാസ വ്യവസ്ഥക്ക് ആധാരമാകുന്നത്  ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്ക് നിരോധനം തന്നെയാണ്. ഇതിനിടെ, നടപ്പുവർഷം ഒക്ടോബർ രണ്ടിന് നിരോധന തീരുമാനമുണ്ടായേക്കുമെന്ന് പ്രചരിപ്പിക്കപ്പെട്ടു. എന്നാലിത് കൊക്കകോള , പെപ്സി തുടങ്ങിയ കോർപ്പറേറ്റുകളുടെ സമ്മർദ്ദത്തിൽ മുങ്ങിപോയിരിക്കുകയാണ്. സ്വന്തം പ്രതിഛായ വർദ്ധനയിൽ ഊന്നുന്ന രാജ്യത്തിന്റെ ഭരണാധികാരി ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്ക് നിരോധനമെന്ന  നയപരമായ തീരുമാനമെടുക്കുവാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുന്നിടത്തായിരിക്കും പ്ലാസ്റ്റിക്ക് മാലിന്യമുക്ത പരിസരം സൃഷ്ടിക്കപ്പെടുക. ഇക്കാര്യത്തിൽ നമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത യുറോപ്യൻ യൂണിയൻ അംഗ രാഷ്ട്രങ്ങളുടെ ഇച്ഛാശക്തി മാലിന്യമുക്ത, സ്വച്ഛഭാരതം സൃഷ്ടിക്കപ്പെടുമെന്നവകാശപ്പെടുന്ന പ്രധാനമന്ത്രി മോദി പ്രകടിപ്പിക്കുമെന്നു എളുപ്പത്തിൽ കരുതക വയ്യ.

Iകാലാവസ്ഥ വ്യതിയാനമെന്ന മഹാ വിപത്തിനെതിരെ കനേഡിയൻ ബാലിക ഗ്രീറ്റ തുമ്പർഗിന്റെ പ്രതിഷേധത്തിനും ദൈന്യതയാർന്ന കടുത്ത ആശങ്കയ്ക്കും മറുപടി പറയേണ്ടത് അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് മാത്രമെന്ന നിലയിലാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയെ ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കുപ്പതൊട്ടിയാക്കുന്ന വൻ കോർപ്പറേറ്റുകൾക്കെതിരെ ഇനിയും ചെറുവിരലനക്കാൻ തയ്യാറാകാത്ത സ്വച്ഛഭാരത ഭരണാധികാരിയും കനേഡിയൻ ബാലികയോട് മറുപടി പറയാൻ ബാധ്യസ്ഥനാണ്.

Related Post