ദേശീയ സമ്പദ് വ്യവസ്ഥയിൽ കേരളീയ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ

ദേശീയ സമ്പദ് വ്യവസ്ഥയിൽ കേരളീയ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ

കെ.കെ ശ്രീനിവാസൻ
ദേശീയ സമ്പദ് വ്യവസ്ഥയുടെ ദുരവസ്ഥ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കാര്യമായ പ്രതിഫലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ? ഈ ദിശയിലൊരു എളിയ പരിശോധന
ണ്ടുമുതലേ വ്യാവസായിക ഉല്പാദനമേഖലയെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയല്ല കേരളത്തിന്റേത്.
കടൽ കടന്ന് പോയ സുഗന്ധവ്യജ്ഞനങ്ങളായിരുന്നു കേരളീയ സമ്പദ് വ്യവസ്ഥയുടെ മുഖ്യഅടിത്തറ. ചരക്ക്  നീക്കത്തിന്റെ ദിശയിൽ പുത്തൻ കപ്പൽപാതകൾ തുറക്കപ്പെട്ടതോടെയാകട്ടെ ആഗോള സുഗന്ധവ്യജ്ഞന വിപണി കടുത്ത മത്സരാധിഷ്ഠിത സ്വഭാവത്തിലേക്ക് മാറി. അതിനനുസൃതമായി പക്ഷേ
സുഗന്ധവ്യജ്ഞന
ഉല്പാദനത്തിലടക്കം കാര്യമായ മാറ്റങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെട്ടില്ല. അതോടൊപ്പം കാർഷിക മേഖലയുടെ യന്ത്രവൽക്കരണ പ്രക്രിയയയോട് മുഖംതിരിഞ്ഞുനിന്നു.  ഇതിന്റെ പ്രതിഫലനമെന്നോണം ഉല്പാദന പ്രക്രിയ മാറ്റങ്ങളില്ലാതെെ തുടർന്നു. അതേസമയം കൂലി കൂടുതലിനായുള്ള സമരങ്ങളുമായി. ഇതിന്റെ പരിണിതിയെന്നോണം
ഉല്പാദന ചെലവിൽ ഗണ്യമായ വർദ്ധനയും. കാലോചിതമായി യന്ത്രവൽക്കരിപ്പെടാതെപോയ കാർഷിക മേഖലയിൽ തൊഴിലെടുക്കുവാനാളെ കിട്ടാതെയാകുന്ന അവസ്ഥയും ഒപ്പം രൂപപ്പെട്ടു!
ഭൂപരിഷ്കരണ നിയമം ഭൂമിയുടെ സ്വഭാവത്തിന് മാറ്റംവരുത്തി. ഭൂപരിഷ്ക്കരണത്തിലൂടെ  കൃഷി ഭൂമികൾ വിഭജിക്കപ്പെട്ട് തുണ്ടു വൽക്കരിക്കപ്പെട്ടപ്പോൾ ഉല്പാപാദനത്തെ ബാധിച്ചു. ഈ ഘ ടകങ്ങളെല്ലാം പൊതുവെ കാർഷിക മേഖലയുടെ, പ്രത്യേകിച്ചും ഭക്ഷ്യവിളകളുടെ തളർച്ചക്ക് വഴിയൊരുക്കി. ഇതോടെ മലയാളി തന്റെ ഭക്ഷ്യവിഭവങ്ങൾക്കായി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട വസ്ഥയിലായി. ഭക്ഷ്യവിളകളുടെ സ്ഥാനത്ത് നാണ്യ വിളകളിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കാനും തുടങ്ങി – പ്രത്യേകിച്ചും റബ്ബർ കൃഷിയിൽ. വിലയേറ്റിറക്കങ്ങൾ ആഗോള റബ്ബർ വിപണിയിയുടെ പൊതുസ്വഭാവം. വില സ്ഥിരതയില്ലാത്ത റബ്ബർ വിപണി മലയാളി റബ്ബർ കർഷകരെ അസ്വസ്ഥരാക്കി. 90 ‘കളുടെ പ്രാരംഭത്തിൽ തുടക്കം കുറിച്ച ആഗോള – ഉദാരവൽകൃത നയങ്ങളാകട്ടെ ആഗോള വാണിജ്യ – വ്യാപാര രംഗത്തേ മാറ്റങ്ങൾക്ക് ആക്കം കൂട്ടി. ഇതോടെ കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സജീവമാക്കി നിറുത്തിയിരുന്ന കാർഷിക മേഖലയുടെ തളർച്ച ഏറെക്കുറെ പൂർത്തികരിക്കപ്പെട്ടവസ്ഥയിലെത്തി.
പ്രവാസ ജീവിതം
തൊഴിൽ തേടി സിലോൺ കുടിയേറ്റ ശീലം കൈമുതലുള്ള മലയാളി 60’കളുടെ അവസാനത്തോടെ പേർഷ്യൻ ഗൾഫിലേക്ക് തൊഴിൽ തേടിയുള്ള പുത്തൻ യാത്രകൾ ആരംഭിച്ചു. പത്തേമാരി യാത്രകളിലൂടെ ഗൾഫ് മേഖലയിൽ മലയാളി ഖനനം ചെയ്തെടുത്തത് ഓയിലല്ല പക്ഷേ തൊഴിൽ സാധ്യതകളുടെ അക്ഷയ ഖനികൾ. ദക്ഷിണ – ഉത്തര മലബാറുകളിൽ ഗൾഫ് പണം ഒഴുകിയെത്താൻ തുടങ്ങി. മധ്യ കേരളത്തിലെ തൃശൂർ തീരദേശ മേഖലയിൽ ഗൾഫ് പണത്തിന്റെ വേലിയേറ്റം. ചാവക്കാട് മിനി ഗൾഫായി. ഇതെല്ലാം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ, പ്രത്യേകിച്ചും ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ, ആശാവഹമായ പ്രതിഫലനങ്ങളുണ്ടാക്കി. മലയാളിയുടെ ജീവിത നിലവാര സൂ ചിക വേറിട്ടതാക്കി.
ഗൾഫു പണത്തിന്റെ പിൻബലത്തിൽ പ്രവാസികൾ തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി. ഇവർ ഡോക്ടർമാരും എശ്ചീനീയർമാരും ഐടി വിദഗ്ദ്ധരും നേഴ്സുമാരുമായി. തൊഴിൽ കണ്ടെത്തിപിടിക്കുവാൻ പ്രാപ്തിയുള്ള നിലയിലേക്ക് ഉയർന്നു. അന്യ സംസ്ഥാനങ്ങളിലെ ഉന്നത നിലവാരമുള്ള വ്യദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടുവെന്നത് പ്രത്യേകം ശ്രദ്ധേയമായി.
ഡോക്ടർമാരും എശ്ചീനീയർമാരും ഐടി വിദഗ്ദ്ധരും  നേഴ്സുമാരുമായൊക്ക അന്യസംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ വാർത്തെടുക്കപ്പെട്ടു. ഇതിനിടെ പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലെ ഓയിൽ സമ്പദ് വ്യവസ്ഥകളുടെ തിളക്കം നഷ്ടപ്പെടാൻ തുടങ്ങി. ഇത് തൊഴിലവസരങ്ങളെ ബാധിച്ചു. പക്ഷേ ഗൾഫിൽ മാത്രമല്ല വിദ്യകൊണ്ട് മൂല്യവൽക്കരിക്കപ്പെട്ട മുൻ സൂചിപ്പിച്ച പുതു തലമുറ തൊഴിൽ തേടിയത്. യൂറോപ്പ് – അമേരിക്ക – ആസ്ട്രേലിയൻ ഭൂഖണ്ഡങ്ങളിലും ഇവർ തൊഴിൽ തേടിയെത്തി. ഡോളറും പൗണ്ടും യൂറോയും നമ്മുടെ  നാട്ടിൽ ഒഴുകിയെത്തുവാൻ തുടങ്ങി.  ഗ്രാമങ്ങളിലെ ബാങ്കുകളിൽ എൻ ആർ ഇ അക്കൗണ്ടുകളിൽ ഗൾഫു പണത്തോടൊപ്പം ബില്യൺ കണക്കിന് ഡോളർ / പൗണ്ട് / യൂറോ കുമിഞ്ഞുകൂടി.
ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ ഇത്  പ്രതിഫലിച്ചു. എന്തിനകം  ദേശീയ സമ്പദ് വ്യവസ്ഥാ വളർച്ചാ ഗ്രാഫിൽ പോലും നമ്മുടെ വിദേശനാണ്യ വരുമാനം, പ്രത്യേകിച്ചും നേഴ്സുമാരുടെ കൈകളിലെത്തുന്ന ഡോളർ, ശ്രദ്ധേയമായ ഇടംപിടിക്കുന്നു (At 19%, Kerala tops in remittances – Business Line

https://www.thehindubusinessline.com/money-and-banking/at-19-kerala-tops-in-remittances-rbi/article24645964.ece).

നിലവാരമില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസം
ഇതിനിടെ പക്ഷേ അയൽ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് അവസാനിപ്പിക്കുകയെന്നതിന്റെ സാമ്പത്തിക ശാസ്ത്രം ചർച്ചകൾക്ക് വിധേയമായി. ഇതോടെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിറവിയെടുക്കുവാനുള്ള സർക്കാർ തലത്തിൽ നയപരമായ തീരുമാനം നടപ്പിലായി. നാട്ടിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പക്ഷേ തൊഴിൽ തേടാൻ പ്രാപ്തരാക്കും വിധം ഉന്നത നിലവാരത്തിലുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിൽ ദയനീയമായ പരാജയപ്പെട്ടു.
യഥാർത്ഥത്തിൽ പുത്തൻ തലമുറയെ നിലവാരമുള്ള വിദ്യയിലൂടെ മൂല്യവൽക്കരിക്കുകയെന്ന ദൗത്യം
നിർവ്വഹിക്കുന്നതിൽ ഇവിടെത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരാജയപ്പെട്ടുവെന്നത് തിരിച്ചടി തന്നെയാണ്. ഇതിൽ നിന്നു കരകയറാനാകുന്നില്ലെങ്കിലത് തൊഴിൽതേടി നേടാനാകാത്തവരുടെ എണ്ണം ഏറികൊണ്ടേയിരിക്കും. വിദ്യാർത്ഥികൾ വാങ്ങുന്ന വിദ്യാഭ്യാസ വായ്പകൾ നിലവാരമില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പോക്കറ്റിലെത്തിപ്പെട്ടുകൊണ്ടേയിരിക്കും! തൊഴിൽ തേടിപിടിക്കാൻ പ്രാപ്തരാക്കപ്പെടാത്തവരുടെ വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവാകട്ടെ  അവതാളത്തിലാകും. പുതിയ വിദ്യാഭ്യാസ വായ്പകൾ അനുവദിക്കുന്നതിൽ നിന്ന്  ബാങ്കുകൾ  പിന്തിരഞ്ഞു നിൽക്കുന്നതിന്റെ മുഖ്യ കാരണമായിത്  ഉയർത്തി കാണിക്കപ്പെടും. ഇവിടെയാണ് കുടിശിഖയുള്ള വിദ്യാഭ്യാസ വായ്പകളുടെ ഉത്തരവാദിത്തമേറ്റെടുക്കുമെന്ന വോട്ടു രാഷ്ട്രീയ ലക്ഷ്യാധിഷ്ഠത സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കപ്പെടുന്നത്. ഇത് പൊതുഖജനാവിനെ ദുർബ്ബലപ്പെടുത്തും. നിലവാരമില്ലാത്ത വിദ്യ നൽകുന്ന സ്വാശ്രയ സ്ഥാപനങ്ങൾ അപ്പോഴും കൊടികുത്തിവാഴും! സ്വാശ്രയ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന – അദ്ധ്യാപന നിലവാരവുമുയരേണ്ടത് തീർത്തും അനിവാര്യം.  ഇത് ഇനിയും തിരിച്ചറിയപ്പെടാതെ പോകുന്നിടത്ത് പ്രതിസന്ധികളുടെ ഘോഷയാത്രയാകും പ്രത്യക്ഷപ്പെടുക.
കേരളം തൊഴിൽ ഹബ്ബ്
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചുവരാം. സമ്പദ് വ്യവസ്ഥ പ്രചരിപ്പിക്കപ്പെടുമ്പോലുള്ള അവസ്ഥയിലാണെന്നു അപ്പാടെ വിശ്വസിക്കുവാനാകില്ല.  അന്യസംസ്ഥാന തൊഴിലാളികളുടെ മുഖ്യ തൊഴിൽ ഹബ്ബായി കേരളം മാറിയിട്ടുണ്ടെന്നത് ശ്രദ്ധേയം. കേരളത്തിലെയാളുകൾ പണിയെടുക്കുവാൻ മടിയുള്ളവരാണെന്നതുമായി അന്യസംസ്ഥാന തൊഴിലാളികളുടെ വരവുമായി ബന്ധപ്പെടുത്തിയുള്ള അഭിപ്രായങ്ങളുണ്ട്. അതവിടെ നിൽക്കട്ടെ.
അന്യസംസ്ഥാന തൊഴിലാളികൾ കൂലിയിനത്തിൽ കോടികളുടെ മണിയോർഡറുകളാണ് കേരളത്തിൽ നിന്ന് തങ്ങളുടെ കുടുംബങ്ങളിലേക്ക് അയ്ക്കുന്നത്. അത് അവരുടെ ജീവിതനിലവാരത്തിലും പ്രാദേശിക സമ്പദ് വ്യവസ്ഥകളിലും രചനാത്മകമായി പ്രതിഫലിക്കുമെന്ന സാമ്പത്തിക ശാസ്ത്രത്തിൽ മലയാളിക്ക് അഭിമാനിയ്ക്കാവുന്നതുമണ്. മറ്റുള്ളവർക്ക് തൊഴിൽ പ്രദാനം ചെയ്യാൻത്തക്ക കെല്പ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ആർജ്ജിച്ചിരിക്കുന്നുവെന്നത് ഒട്ടും ചെറിയ കാര്യമായി കാണേണ്ടതല്ല. ബംഗാളി / ബീഹാറി / അസ്സമീകളെ പോലെ പണിയെടുക്കുവാൻ മലയാളി തയ്യാറല്ലെന്ന കുറ്റപ്പെടുത്തലിന്റെ സ്വരങ്ങളുണ്ട്.  മണ്ണിലും ചേറിലും സിമന്റിലും  പണിയെടുക്കുവാൻ എക്കാലവും ഒരു വിഭാഗമുണ്ടായിരിക്കണമെന്ന നിർബ്ബന്ധ ബുദ്ധിയാണോ ഈ സ്വരത്തിന്  പി ന്നിലെന്ന് കരുതേണ്ടിവരും. അതോടൊപ്പം ഇപ്പറഞ്ഞ ഇതര സംസ്ഥാന തൊഴിലാളികൾ ഏർപ്പെടുന്ന തൊഴിലുകളിൽ നിന്ന് മാറിനിൽക്കുവാൻ മലയാളിയെ പ്രേരിപ്പിക്കുന്നതിന്റെ മുഖ്യ ഘടകം ജീവിക്കുവാൻ ഏറെക്കുറെ ബദൽ സാധ്യതകളുണ്ടെന്നതിന്റെ പിൻബലം തന്നെയാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ  ഭദ്രമല്ലെന്നതിന്റെ ലക്ഷണം ഇനിയും രൂപപ്പെട്ടിട്ടില്ലെന്ന ശുഭ സൂചനകളാണിതെല്ലാം.
മോദി സർക്കാരിന്റെ നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ തീരുമാനങ്ങളുടെ പരിണിതിയായി രാജ്യത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ള ദുർബ്ബല ധനവ്യയ ശേഷി കേരളത്തിൽ കാര്യമായി പ്രകടമല്ലെന്നുവേണം പറയാൻ. അതെ, കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പ്രചരിപ്പിക്കപ്പെടുമ്പോലെ ദുർബ്ബലമാണെന്ന് സ്ഥാപിക്കുന്നതിന് ദുർബ്ബലമായ തെളിവുകളേ കാണൂ. കാരണം മലയാളി ഇനിയും വിദേശങ്ങളിൽ തൊഴിൽ ചെയ്ത് വിദേശ പണം നാട്ടിലെത്തിച്ചുകൊണ്ടേയിരിക്കും. കേരളത്തിന്റെ വികസനം മാതൃകയായി ഇനിയും തുടരുന്നുണ്ടെങ്കിലതിൽ കാര്യമായി നിലയ്ക്കാതെയെത്തുന്ന വിദേശ പണത്തിന്റെ ശ്രദ്ധേയമായ സ്വാധീനം പ്രകടമായികൊണ്ടേയിരിക്കും.

Related Post