പീച്ചി : ബന്ധു നിയമനത്തിൽ സ്വജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമ ചട്ടലംഘനങ്ങളും നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പീച്ചി റോഡ് ജംഗക്ഷനിൽ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയു ടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു.
പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കളായ ടി പി ജോർജ് , ഷിബു പോൾ , കെ പി ചാക്കോച്ചൻ , ചെറിയാൻ തോമസ് , എം എസ് ജേക്കബ് , ബേബി ആശാരിക്കാട് തുടങ്ങിയവരെ തൃശൂർ എ സി പി വി കെ രാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കി.
കെ എഫ് ആർ ഐ യിൽ ലാബ് ഉത്ഘാടനത്തിനെത്തിയതാണ് മുഖ്യമന്ത്രി. ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി.ജലീൽ നടത്തിയത് ജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമ–ചട്ട ലംഘനങ്ങളുമാണ്. അത് കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി കൊള്ളക്കാരുടെ സഘത്തലവനായി മാറിയെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് പറഞ്ഞു.
തന്റെ ബന്ധുവിന് ഗുണകരമാവുന്ന തരത്തിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ആവശ്യത്തിന് എംബിഎക്കാരെ കിട്ടാത്തത് കൊണ്ടാണ് ബിടെക്കുകാരെ കൂടി പരിഗണിച്ചതെന്ന് മന്ത്രി വാദിക്കുന്നു. എന്നാൽ 7 അപേക്ഷകരിൽ 5 പേരും എംബിഎക്കാരാണ്. അപേക്ഷ ക്ഷണിച്ച് നിയമാനുസൃത രീതിയിൽ പത്രപരസ്യം നൽകാതെ പത്രക്കുറിപ്പ് മാത്രം നൽകി. ഇതിലൂടെ നിയമന നടപടികളിൽ തിരിമറി നടത്തി.
ഇന്റർവ്യൂവിന് പങ്കെടുത്തവരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസി ദ്ധികരിച്ചില്ല. ഉദ്യോഗാർത്ഥികൾക്ക് മതിയായ യോഗ്യത ഇല്ലെങ്കിൽ ആ വിവരം ചൂണ്ടിക്കാട്ടി ഇൻറർവ്യൂ റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിച്ചില്ല. നോട്ടിഫിക്കേഷൻ പ്രകാരം ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തേണ്ടിയിരുന്ന പോസ്റ്റിലേക്ക് ക്രമവിരുദ്ധമായി ബന്ധുവായ അദീബിന് നിയമനം നൽകി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സർക്കാർ സ്ഥാപനത്തിൽ ഡപ്യൂട്ടേഷനിൽ നിയമിക്കുന്നത് നിയമ വിരുദ്ധമാണ്.
ഇങ്ങനെ അധികാര ദുർവ്വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രി ആ സ്ഥാനത്ത് തുടരാൻ അർഹനാണോ? എന്തുകൊണ്ട് മന്ത്രിയെ പുറത്താക്കി ഇടതുപക്ഷ ധാർമ്മികത ഉയർത്തിപ്പിടിക്കാൻ മുഖ്യമന്ത്രിയും പാർട്ടിയും തയ്യാറാകുന്നില്ല? ഇ പി ജയരാജൻ എന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് പോലും ലഭിക്കാത്ത പിന്തുണയും സംരക്ഷണവും എന്തുകൊണ്ട് പാർട്ടി അംഗം പോലുമില്ലാത്ത കെ ടി ജലീലിന് മുഖ്യമന്ത്രിയിൽ നിന്ന് ലഭിക്കുന്നു വെന്നത് ഈ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്കു വെളിവാകുന്നുവെന്നും കെ സി അഭിലാഷ് പറഞ്ഞു.