അഴിമതിയുടെ ഗ്രാഫ് മുകളിലോട്ടു തന്നെ

കെ.കെ. ശ്രീനിവാസന്‍/KK sreenivasan

Kalakaumudi 01 sep 2013 issue , page 60-67This article has been published in Kalakaumudi weekly ( 2013 Sep 01)

ഉത്തര്‍പ്രദേശിലെ നോയിഡ അസിസ്റ്റന്റ് കളക്ടറായിരുന്ന ദുര്‍ഗ്ഗാശക്തി നാഗ്പാല്‍ സസ്‌പെന്‍ഡ് ചെയ്‌പ്പെട്ടത്തിന്റെ പശ്ചാത്തലത്തിലൊരു വിശകലനം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തം. ആറര പതീറ്റാണ്ടു പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ അഴിമതിയുടെ അരങ്ങാണെന്ന അപഖ്യാതിയും ഇന്ത്യക്കൊപ്പമുണ്ട്. ആധുനിക ജനാധിപത്യത്തിന്റെ ശാപമാണ് അഴിമതി. ഇതില്‍ നിന്ന് മോക്ഷമില്ലെന്ന ദൗര്‍ഭാഗ്യകരവും ഖേദകരവുമായ അവസ്ഥ ഇന്ത്യയെ ഇനിയും വരിഞ്ഞുമുറുക്കുകയാണ്. ഈ ദിശയില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ നോയിഡ അസിസ്റ്റന്റ് കളക്ടറായിരുന്ന ദുര്‍ഗ്ഗാശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള അഖിലേഷ് യാദവ് സര്‍ക്കാരിന്റെ ഉത്തരവ്.

ഇന്ത്യന്‍ ഭരണതലം അഴിമതിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ പ്രധാനമായും പ്രതിക്കൂട്ടില്‍ നിറുത്തപ്പെടുന്നത് ഉദ്യോഗസ്ഥവൃന്ദമാണ്. ഉദ്യോഗസ്ഥരെ അഴിമതിയുടെ പ്രതിക്കൂട്ടില്‍ നിറുത്തുന്നതിനെപ്രതി രാജ്യത്തെ ബ്യൂറോക്രസിയുടെ കെടുകാര്യസ്ഥതയും അനാസ്ഥയും കണ്ടു മരവിച്ച ഇന്ത്യന്‍ ജനതക്ക് രണ്ടാമതൊരു ആലോചന ആവശ്യമില്ല. അതേസമയം തന്നെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലടക്കം അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥരില്ലാതില്ല. അത്തരം ഉദ്യോഗസ്ഥര്‍ക്ക് പക്ഷേ നേരിടേണ്ടിവരുന്ന യാതനകള്‍ അതീവ ഗൗരവത്തോടെ മുഖവിലക്കെടുക്കപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയോ ചെയ്യുന്നില്ല. ഇതില്‍ നിന്നും വ്യത്യസ്തമായി നോയിഡയിലെ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദുര്‍ഗ്ഗാശക്തി എന്ന ഐ.എ.എസുകാരി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മുന്‍ സി.എ.ജി വിനോദ്‌റായുള്‍പ്പെടയുള്ള മുതിര്‍ന്ന ഐ.എ.എസുകാര്‍ രംഗത്തുവന്നുവെന്നത് ശ്രദ്ധേയമായി. ഇതിലുപരി അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയാ നെറ്റുവര്‍ക്കുകളും ദുര്‍ഗ്ഗക്ക് പിന്നില്‍ അണിനിരന്നു. അതോടെ കേന്ദ്രസര്‍ക്കാരും പ്രത്യേകിച്ചും സോണിയാഗാന്ധിയും ഇക്കാര്യത്തിലൊരു നിലപാടു സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു.

ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സാകണമെങ്കില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിന് അനിവാര്യമാണ്. ഇത്തരമൊരു രാഷ്ട്രീയ സമ്മര്‍ദ്ദം നിലനില്‍ക്കവെ ദുര്‍ഗ്ഗാശക്തിക്കായി വീറോടെ വാദിക്കാനാവാതെ കേന്ദ്രസര്‍ക്കാരും സോണിയാഗാന്ധിയും വല്ലാത്തൊരു വിഷമവൃത്തത്തിലാണുതാനും. കേവലമൊരു ദുര്‍ഗ്ഗാശക്തിക്ക് വേണ്ടി വക്കാലത്തെടുത്താല്‍ അത് യു.പി.എ സര്‍ക്കാരിന്റെ ശക്തിക്ഷയത്തില്‍ പര്യവസാനിക്കുമെന്ന നന്നേ ബോധ്യത്തിലാണ് യു.പി.എ സര്‍ക്കാര്‍. അതുകൊണ്ടു തന്നെ മുതിര്‍ന്ന ഐ.എ.എസുകാരുടെയും പൊതുജനങ്ങളുടെയും പിന്തുണകള്‍ മാത്രമേ ആത്യന്തികമായി ദുര്‍ഗ്ഗയുടെ ശക്തിയായി അവശേഷിക്കുകയുള്ളൂ.

സര്‍ക്കാരുകള്‍ക്ക് വേണ്ടാത്ത രാജു നാരായണ സ്വാമി

കേരളത്തിലെ ഐ.എ.എസുകാരനായ രാജു നാരായണസ്വാമിയുടെ കാര്യമെടുക്കുക. ശക്തമായ അക്കാദമിക് പിന്‍ബലത്തോടെ രാജ്യത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെത്തിയ രാജു നാരായണസ്വാമിയെ കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നിരന്തരം തഴയുകയാണ്. 1991 ലെ ഐ.എ.എസ് ബാച്ചിലുള്‍പ്പെട്ട സ്വാമി ഇത:പര്യന്തം 24 സ്ഥാനചലനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഭാര്യാപിതാവിന്റെ നിയമവിരുദ്ധ ചെയത്ിക്കെതിരെ പോലും ശക്തമായ നടപടി സ്വീകരിച്ച രാജുനാരായണ സ്വാമി സര്‍ക്കാരുകളുടെ കണ്ണിലെ കരടാണ്. രാഷ്ട്രീയഭരണ നേതൃത്വങ്ങളുടെ അഴിമതികള്‍ക്കും നിയമ വിരുദ്ധ ചെയ്തികള്‍ക്കും കൂട്ടുനില്‍ക്കാന്‍ സ്വാമി വൈമുഖ്യം പ്രകടിപ്പിക്കുന്നു. ഇതാണ് തുടര്‍ച്ചയായ സ്ഥാനചലനങ്ങള്‍ക്കുള്ള മുഖ്യ ഹേതു.

രാഷ്ട്രീയഭരണ നേതൃത്വങ്ങളുടെ സ്വാമിയോടുള്ള അനിഷ്ടം ഉദ്യോഗസ്ഥനെന്ന നിലയില്‍ സ്വാമിയുടെ ഭാവിയെപ്പോലും അവതാളത്തിലാക്കിയിരിക്കുന്നു. പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവുമായി വിയോജിപ്പുള്ള വകുപ്പുതല ഐ.എ.എസുകാര്‍ പലപ്പോഴും കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ചേക്കേറുന്നു. ഇതിനു പക്ഷേ മൂന്നു വര്‍ഷമെങ്കിലും ജില്ലാ കളക്ടറായി സേവനമനുഷ്ഠിക്കേണ്ടതുണ്ട്. രാജു നാരായണസ്വാമി പക്ഷേ കളക്ടറെന്ന നിലയില്‍ മൂന്നുവര്‍ഷം സേവനമനുഷ്ഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്വാമിക്ക് കേന്ദ്ര സര്‍വ്വീസെന്നത് അപ്രാപ്യം.

രാഷ്ട്രീയ യജമാനന്മാര്‍ക്ക് മാത്രം വേണ്ടിയുള്ള സേവനമല്ല പൊതുജന സേവനമാണ് മുഖ്യമെന്ന് ഉറച്ചുവിശ്വസിക്കുകയാണ് സ്വാമി. ഇതു തന്നെയാണ് അദ്ദേഹത്തിന് വിനയായിട്ടുള്ളത്. ഇക്കാര്യത്തില്‍ പക്ഷേ സ്വാമിക്ക് പശ്ചാത്താപമുണ്ടായിരിക്കാനിടയില്ല. നിര്‍വ്വഹിച്ചിട്ടുള്ള കാര്യങ്ങള്‍ നൂറു ശതമാനവും സത്യസന്ധവും ശരിയുമാണെന്നുറച്ച് വിശ്വസിക്കുന്നിടത്ത് പശ്ചാത്താപത്തിനും നഷ്ടബോധത്തിനും ഇടമില്ലല്ലോ. എന്തായാലും ആരോടും പരിഭവമില്ലാതെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനോട് വിടപറഞ്ഞ് ഐക്യരാഷ്ട്രസഭാ സര്‍വ്വീസില്‍ പ്രവേശിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സ്വാമി. ദുര്‍ഗ്ഗാശക്തിയുടെ സസ്‌പെന്‍ഷനെതിരെ യു.പിയിലേതടക്കമുള്ള ഐ.എ.എസുകാര്‍ പ്രതിഷേധസ്വരമുയര്‍ത്തുമ്പോള്‍ തന്നെ രാജുനാരായണസ്വാമിയോടുള്ള രാഷ്ട്രീയഭരണ നേതൃത്വങ്ങളുടെ നിരന്തര പാതകങ്ങള്‍ക്കെതിരെ കേരളത്തിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നുവെന്നത് തീര്‍ത്തും അപലപനീയമാണ്.

രാഷ്ട്രീയഭരണനേതൃത്വങ്ങളുടെ ഇംഗിതങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും കണ്ണുംപൂട്ടി നിന്നുകൊടുക്കാന്‍ തയ്യാറല്ലാത്ത കേന്ദ്ര സിവില്‍ സര്‍വ്വീസുദ്യോഗസ്ഥര്‍ക്ക് കേരളത്തില്‍ തുടരുക ശ്രമകരമാണ്. കേരളത്തില്‍ ജോലിചെയ്യുന്ന കേന്ദ്ര സിവില്‍ സര്‍വ്വീസുകാരുടെ എണ്ണം തുലോം തുച്ഛമാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നിലധികം വകുപ്പുകളുടെ ചുമതല ഒരേസമയം നിര്‍വ്വഹിക്കേണ്ടിവരുന്നു. കേരളത്തിന് 164 ഐ.എ.എസുകാെര ആവശ്യമുണ്ട്. നിലവില്‍ പക്ഷേ 99 പേര്‍ മാത്രം. ഇവരിലാകെട്ട നല്ലൊരു ഭാഗം വിജിലന്‍സ് കേസ് അന്വേഷണം നേരിടുന്നവരാണുതാനും. പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിന്റെ താല്പര്യങ്ങള്‍ ശിരസ്സാ വഹിച്ചതിന്റെ ദുരന്ത പരിണിതിയായിട്ടാണ് ഇവര്‍ വിജലന്‍സ് കേസിലുള്‍പ്പെട്ടതെന്നത് പ്രത്യേകം ശ്രദ്ധേയം.

ശശീധരന്റെ ദുരൂഹമരണവും പൊതുസമൂഹവും

മലബാര്‍ സിമന്റ്‌സ് ജനറല്‍ മാനേജറായിരുന്ന ശശീധരന്റെയും രണ്ടു മക്കളുടെയും ദുരൂഹമരണം ഇപ്പോഴും ഉത്തരം കണ്ടെത്താത്ത സമസ്യയായി തുടരുകയാണ്. ശശീധരന്‍ അഴിമതിക്കെതിരെ നിലകൊണ്ട ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല. അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു. ഇവിടെയാണ് ശശീധരന്റെയും മക്കളുടെയും ദുരൂഹമരണത്തിന്റെ ഗൗരവമേറുന്നത്. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചുവെന്നത് ശരിതന്നെ.

അഴിമതി വിമുക്ത നാടിനുവേണ്ടി നിലകൊള്ളുന്നവരെന്നവകാശപ്പെടുന്ന വിവരാവകാശ സംഘടനകള്‍/പ്രവര്‍ത്തകര്‍ പോലും ഈ കേസിലെ പ്രതിക്ക് വേണ്ടി അവശ്യംവേണ്ട വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയെന്ന ദൗര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ കേരളീയ പൊതുസമൂഹവും ഐ.എ.എസുകാരടക്കമുള്ള കേരളത്തിന്റെ ഉദ്യോഗസ്ഥ വൃന്ദവും ശശീധരന്റെ ദുരൂഹ മരണത്തെപ്രതി ശ്രദ്ധേയമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ലെന്നത് ഖേദകരമാണുതാനും.

ടൂണീഷ്യയിലെ മുല്ലപ്പൂവിപ്ലവം, അറബ്‌വസന്തത്തിന്റെ ഇടിമുഴക്കം, പാലസ്തീന്‍ ഐക്യദാര്‍ഢ്യം, താലിബാന്‍ സ്ത്രീവിരുദ്ധത തുടങ്ങിയ ദേശാന്തര വിഷങ്ങയളെല്ലാം പ്രബുദ്ധമെന്ന് ഘോഷിക്കപ്പെടുന്ന മലയാളി ബോധമണ്ഡലത്തിലെ ഇഷ്ടവിഷയങ്ങളാണ്. പക്ഷേ തങ്ങളുടെ സ്വപരിസരത്തുളള ഇരകളോടുളള മലയാളി പൊതുസമൂഹത്തിന്റെ സമീപനം രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുളള കടപ്പാടിനപ്പുറത്തേക്കില്ല. അണ്ണാഹസാരയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ അരങ്ങേറിയ ആദ്യഘട്ട ജനകീയ മുന്നേറ്റത്തിന്റെയും ദില്ലി ബലാല്‍സംഗ കേസ്സിനെ തുടര്‍ന്ന് ദില്ലിയില്‍ കണ്ട ജനകീയ മുന്നേറ്റത്തിന്റെയും പിന്നിലെ ചാലകശകതിയായത് രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വമായിരുന്നില്ല. രാഷ്ട്രീയ വിദ്യാഭ്യാസമോ ബോധമോയുള്ളവരെന്ന് അവകാശപ്പെടാത്ത മുംബൈ നഗരത്തിലെ ഡബ്ബാവാലുകള്‍ പോലും അണ്ണാ ഹസാരെയുടെ ഒന്നാംഘട്ട സമര പോരാട്ടത്തില്‍ മുന്നണി പോരാളികളായിയെന്നത് ശ്രദ്ധേയമായി. ഇതൊന്നും പക്ഷേ കണ്‍തുറന്നുകാണാന്‍ രാഷ്ട്രീയ പ്രബുദ്ധരെന്ന് സദാ അവകാശപ്പെടുന്ന കേരളീയ പൊതുസമൂഹം തയ്യാറല്ല!

അധികാര രാഷ്ട്രീയ താല്പര്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനായുള്ള സെക്രട്ടേറിയറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭങ്ങളടക്കം സംഘടിപ്പിക്കപ്പെടുമ്പോള്‍ അതല്ലെങ്കില്‍ രാഷ്ട്രീയ അഭിപ്രായം രൂപീകരിക്കപ്പെടുമ്പോള്‍ തന്നെ ശശീധരനെപ്പോലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ആത്മാര്‍ത്ഥതയോടെ ശബ്ദമുയര്‍ത്താന്‍ ആരും മുതിരുന്നില്ല. ശശീധരന്റെയും കുട്ടികളുടെയും രണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ മലബാര്‍ സിമന്റ്‌സിലെ തന്നെ സതിന്ദ്രകുമാര്‍ കോയമ്പത്തൂരില്‍ ബസിടിച്ച് കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ ആരോപണവും കാണാതെ പോയികൂട. ഇതേിക്കുറിച്ചെല്ലാം ശക്തമായ പൊതുജനാഭിപ്രായ രൂപീകരണത്തിന് മാധ്യമങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ടോയെന്നതാകട്ടെ പുനഃപരിശോധിക്കപ്പെടേണ്ടതുമുണ്ട്.

രാഷ്ട്രീയ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളീയ പൊതുസമൂഹം നാടിന്റെ നന്മക്കു വേണ്ടി പൊരുതുന്ന വേറിട്ട വ്യക്തിത്വങ്ങളെ തിരിച്ചറിയാന്‍ തയ്യാറാകുന്നില്ല. തങ്ങള്‍ക്കു വേണ്ടതെല്ലാം തങ്ങള്‍ വോട്ടുചെയ്ത് അധികാരത്തിലെത്തിക്കുന്ന ഭരണകര്‍ത്താക്കള്‍ ചെയ്തുതരുമെന്ന് വിശ്വസിക്കുന്നവരാണ് ഈ ‘പ്രബുദ്ധ’ ജനത. ഇവരെ ഇടതുവലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പങ്കിട്ടെടുത്തിരിക്കുന്നു! ഈ ഇരുപക്ഷങ്ങളുടെ അധികാര രാഷ്ട്രീയസ്ഥാപിത താല്‍പര്യങ്ങളുടെ സംസ്ഥാപനത്തിനായി മലയാളി പൊതുസമൂഹം തങ്ങളുടെ മനഃസാക്ഷിയും ചിന്താശേഷിയും ധാര്‍മ്മികതയും പണയംവെച്ചിരിക്കുന്നു!

കേരളത്തിന്റെ മുക്കിലും മൂലയിലും രക്തസാക്ഷി മണ്ഡപങ്ങള്‍ പണിതീര്‍ക്കപ്പെടുന്നു. അവരുടെ അപദാനങ്ങള്‍ വാഴ്ത്തി വര്‍ഷാവര്‍ഷം അനുസ്മരണ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. ഇതിനെല്ലാം നിരത്തപ്പെടുന്ന രാഷ്ട്രീയമായ ന്യായീകരണങ്ങളെ ചോദ്യം ചെയ്യുന്നില്ല. അതേസമയം നാടിന്റെ നന്മയ്ക്കായ് പൊരുതിയ ശശീധരനെപ്പോലുള്ളവരെ ആരാണ് ഓര്‍ക്കുന്നത്? അവര്‍ക്കുവേണ്ടി ആര് സ്മൃതിമണ്ഡപങ്ങള്‍ പണിതുയര്‍ത്തും? ആരുമില്ലെന്നിടത്താണ് മലയാളി പൊതുസമൂഹത്തിന്റെ ഘോഷിക്കപ്പെടുന്ന സാമൂഹ്യരാഷ്ട്രീയ പ്രതിബദ്ധതയുടെ അന്ത:സ്സാരശൂന്യതയെ കിറുകൃത്യമായി തുറന്നുകാണിക്കപ്പെടുന്നതും ഇവര്‍ ഇടതുവലതു രാഷ്ട്രീയ താല്പര്യങ്ങളുടെ തടവുകാര്‍ മാത്രമാണെന്ന് ഏറെ സുവിദിതമാകുന്നതും. എന്നാല്‍ മറ്റിടങ്ങളില്‍ അഴിമതിക്കെതിരെ നിലകൊണ്ട ഉദ്യോഗസ്ഥര്‍ ആദരിക്കപ്പെടുന്നുണ്ടെന്ന് മലയാളി പൊതുസമൂഹം അറിയണം.

മഞ്ജുനാഥും സത്യേന്ദ്ര ദൂബെയും

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസറും 28 കാരനുമായ മഞ്ജുനാഥ് ഷണ്‍മുഖം 2005 നവംബര്‍ 19 ന് യു.പിയിലെ ലക്കിമ്പൂര്‍ ഖറിയില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. മായംചേര്‍ത്ത പെട്രോളും ഡീസലും വ്യാപകമായി വിറ്റതിനെത്തുടര്‍ന്ന് ആ മേഖലയിലെ പെട്രോള്‍ ബങ്കുകള്‍ അടച്ചുപൂട്ടാനാവശ്യപ്പെട്ടതിനെതിരെയുള്ള പ്രതികാര നടപടിയായിരുന്നു മഞ്ജുനാഥിന്റെ കൊലപാതകം. മഞ്ജുനാഥിന്റെ സ്മരണാര്‍ത്ഥം ലഖ്‌നോ ഐ.എ.എ (Indian Institute of Management) മ്മിലെ അദ്ദേഹത്തിന്റെ തന്നെ സഹപാഠികളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് ട്രസ്റ്റ് രൂപീകരിച്ച് അഴിമതിക്കെതിരെ ദേശീയതലത്തില്‍ ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.images manuju

ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് മാതൃകയായി ഉയര്‍ത്തിപ്പിടിച്ച് മഞ്ജുനാഥിന്റെ പ്രൊഫഷണല്‍ ജീവിതത്തെ കേന്ദ്രപ്രമേയമാക്കി’മഞ്ജുനാഥ്’എന്ന പേരില്‍ തന്നെ 3.7 കോടി ബഡ്ജറ്റില്‍ ഒരു സിനിമ നിര്‍മ്മാണത്തിലാണ്. പരസ്യ രംഗത്തെ പ്രൊഫഷണലായ സന്ദീപ് വര്‍മയുടെ സംവിധാനത്തിലാണ് സിനിമ പിറവിയെടുക്കുന്നത്. സംവിധായകന്‍ വര്‍മ്മയും ദേശീയ ചലച്ചിത്ര വികസനകോര്‍പ്പറേഷനും സംയുക്തമായാണ് സിനിമ നിര്‍മ്മിക്കുന്നത്.

ദേശീയപാതാ നിര്‍മ്മാണത്തിലെ അഴിമതികള്‍ അക്കമിട്ടുനിരത്തി പ്രധാനമന്ത്രികാര്യാലയത്തിന് (വാജ്‌പേയി) കത്തെഴുതിയ നാഷണല്‍ ഹൈവേ അഥോറിറ്റി എഞ്ചിനീയറായിരുന്ന സത്യേന്ദ്ര ദൂബെ 2003 നവംബര്‍ 23 യു.പിയിലെ തന്നെ ഗയയില്‍വെച്ച് കൊലചെയ്യപ്പെട്ടു. ഐ.ഐ.ടി എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സത്യേന്ദ്ര ദൂബെയുടെ കൊലപാതകത്തിന് പിന്നില്‍ അദ്ദേഹത്തിന്റെതന്നെ സഹപ്രവര്‍ത്തകരും ദേശീയപാത നിര്‍മ്മാണ കരാറുകാരുമായിരുന്നു. തന്റെ പേര് രഹസ്യമാക്കിവക്കണമെന്ന പ്രത്യേക അഭ്യര്‍ത്ഥനയോടെയായിരുന്നു കത്ത്. അഭ്യര്‍ത്ഥനക്ക് വിരുദ്ധമായി പക്ഷേ പേര് രഹസ്യമാക്കിവെക്കപ്പെട്ടില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്ന് ദൂബെയുടെ പേര് ചോര്‍ന്നു. അഴിമതിക്കാരായ സഹപ്രവര്‍ത്തകരുടെയും നാല് കരാറുകാരുടെയും പേരുകള്‍ കത്തില്‍ ഇടംപിടിച്ചിരുന്നു. ഇതാണ് ദൂബെയുടെ കൊലപാതകത്തിന് വഴിവെച്ചത്. കൊലപാതകത്തെകുറിച്ച് സിബിഐ അന്വേഷണം നടന്നുവെങ്കിലും പക്ഷേ യഥാര്‍ത്ഥ കുറ്റക്കാര്‍ നിയമത്തിന്റെ മുമ്പിലെത്തപ്പെട്ടില്ലെന്ന് മാത്രം.

imagesഅഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ രക്തസാക്ഷിയായ സത്യേന്ദ്ര ദൂബെയെ വിസ്മരിക്കാന്‍ അദ്ദേഹത്തിന്റെ ഐഐടി സതീര്‍ത്ഥ്യരും അഭ്യുദയകാംക്ഷികളും തയ്യാറായിെല്ലന്നതും ശ്രദ്ധേയമായി. മരണാനന്തര ബഹുമതിയായി സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ദൂബെയെ അഖിലേന്ത്യ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ ആദരിച്ചു. യു.കെയിലെ ഇന്റക്‌സ് ഓണ്‍ സെന്‍സര്‍ഷിപ്പ് മാഗസിന്റെ ഇന്റക്‌സ് വിസില്‍ ബ്ലോവര്‍ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പെരന്‍സി (Internationl Transperency) എന്ന സംഘടയുടെ ആനുവല്‍ ഇന്റഗ്രിറ്റി അവാര്‍ഡും മരണാനന്തര ബഹുമതിയായി തേടിയെത്തിയെന്നതും സത്യേന്ദ്ര ദൂബെയെ അനശ്വരനാക്കുന്നു.

 ഉദ്യോഗസ്ഥര്‍ ഒന്നടങ്കം അഴിമതിക്കാരാണെന്ന മുന്‍വിധി ശരിയല്ലെന്നതിന്റെ ഉദാഹരണങ്ങളുടെ ചെറുതല്ലാത്ത പട്ടിക തന്നെയുണ്ട്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ശശീധരനും സത്യേന്ദ ദൂബെയും മഞ്ജുനാഥുമടക്കമുള്ളവര്‍ രക്തസാക്ഷികളായി. അഴിമതിക്കെതിരെ പ്രതികരിച്ചതിന് സ്ഥാനചലനങ്ങളും സസ്‌പെന്‍ഷനുകളും ഏറ്റുവാങ്ങേണ്ടി വന്നവരുടെയും നീണ്ടനിരയുണ്ട്. ഇതിലേറ്റവും ശ്രദ്ധേയമായത് സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും ഡി.എല്‍.എഫും ഗുട്ഗാവില്‍ നടത്തിയ നിയമവിരുദ്ധ ഭൂമിയിടപാട് വെളിച്ചത്തുകൊണ്ടുവന്ന ഐ.എ.എസുകാരനായ അശോക് ഖാംകെ തന്റെ 21 വര്‍ഷ ഔദ്യോഗിക ജീവിതത്തിനിടയില്‍ 44 പ്രാവശ്യം സ്ഥാനചലനങ്ങള്‍ക്ക് വിധേയനായിയെന്നതാണ്.

വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ ബില്ലും ഓഫീഷ്യല്‍ സീക്രട്ട് ആക്ടും

 അഴിമതി വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ഉദ്യോഗസ്ഥരടക്കം ഇരകളാക്കപ്പെടുന്നവര്‍ക്ക് നൈയാമിക സംരക്ഷണം ലക്ഷ്യമിട്ട് വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ ബില്‍ (Whistle Blowers Protection Bill-2011) ഡിസംബര്‍ 2011ല്‍ ബില്‍ ലോകസഭ പാസാക്കി. 2012 ആഗസ്റ്റ് 12 ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ചര്‍ച്ചകളുണ്ടായില്ലെന്നതിനാല്‍ ബില്‍ പാസാക്കപ്പെട്ടില്ല. അഴിമതി വിവരങ്ങള്‍ പുറത്തുവിടുന്നവരുടെ വിവരങ്ങള്‍ പരസ്യമാക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന വ്യവസ്ഥയും ബില്ലിലുള്‍പ്പെടുന്നു.

 അഴിമതിക്കെതിരെ അണ്ണാഹസാരയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിനെ പിടിച്ചുലച്ചു. ജന്‍ലോക്പാല്‍ ബില്ലിന്റെ അനിവാര്യതയെ ഉയര്‍ത്തിപിടിച്ച അണ്ണാഹസാരെ പ്രക്ഷോഭത്തിന്റെ മുനയൊടിക്കുന്നതില്‍ പാര്‍ലമെന്റിന്റെറി ജനാധ്യപത്യ വ്യവസ്ഥക്കുമേലുള്ള കടന്നുകയറ്റമാണെന്ന വ്യാഖ്യാനങ്ങളിലൂടെയും ദുര്‍വ്യാഖ്യാനങ്ങളിലൂടെയും രാഷ്ട്രീയ കക്ഷികള്‍ ഒരേ ചരടില്‍ കോര്‍ക്കപ്പെട്ടു. അപ്പോള്‍പോലും അധികാരത്തിന്റെ അകത്തളങ്ങളില്‍ അരങ്ങേറുന്ന അഴിമതികള്‍ അന്ത്യമില്ലാതെ തുടരുകയാണ്. പക്ഷേ അഴിമതിക്കെതിരെ അതീവ ഗൗരവമേറിയ നയരൂപീകരണ നടപടികളുണ്ടാകുന്നില്ലെന്നതുതന്നെയാണ് വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ ബില്‍ ഇനിയും പാസ്സാക്കപ്പെട്ടിട്ടില്ലെന്നതില്‍ നിന്ന് വ്യക്തമാകുന്നത്.

 ഇന്ത്യന്‍ പൗരന്മാരുമായി വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്ന് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി 1923ല്‍ ഒഫീഷ്യല്‍ സീക്രട്ട് ആക്ട് (The Official Secret Act-1923 ) ബ്രിട്ടീഷ് രാജ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ ജനതയുമായുള്ള സിവില്‍ സര്‍വ്വീസുദ്യോഗസ്ഥരുടെ ബാന്ധവത്തെ പൂര്‍ണ്ണമായും തടയുകയെന്നതാണ് ഈ ആക്ടിലൂടെ ബ്രിട്ടീഷ് രാജ് ലക്ഷ്യംവച്ചത്. കോളനിഭരണം നിലനിര്‍ത്തുവാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയങ്ങളും നീക്കങ്ങളും രഹസ്യമാക്കിവക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭ്യമായിട്ട് ആറര പതീറ്റാണ്ട് പിന്നിട്ടു. ഈ വേളയിലും പക്ഷേ ഈ ആക്ടിലെ വ്യവസ്ഥകള്‍ ഇപ്പോഴും രാജ്യത്തെ സിവില്‍ സര്‍വ്വീസുദ്യോഗസ്ഥരുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുകയാണ്.

 വിവരാവകാശ നിയമം2005 പ്രാബല്യത്തില്‍ വന്നിട്ടും ഒഫീഷ്യല്‍ സീക്രട്ട് ആക്ടിന്റെ വ്യവസ്ഥകള്‍ അതേപടി ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഡെമോക്ലിസിന്റെ വാളുപോലെ തൂങ്ങിനില്‍ക്കുകയാണ്. വീരപ്പമൊയ്‌ലിയുടെ അദ്ധ്യക്ഷതയിലുള്ള രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് പരിഷ്കരണ കമ്മീഷന്‍ (ടലരീിറ അറാശിശേെൃമശേ്‌ല ഞലളീൃാ െഇീാാശശൈീി) റിപ്പോര്‍ട്ട് ഒഫീഷ്യല്‍ സീക്രട്ട് ആക്ട് റദ്ദ് ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നുണ്ട്. 2006 ജൂണ്‍ 9 ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് സമര്‍പ്പിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് കാലപ്പഴക്കമേറിയ ഈ ആക്ട് രാജ്യത്തിന്റെ ഭരണപരിഷ്കരണ പാതയില്‍ പ്രധാന പ്രതിബന്ധമാണെന്ന് സമര്‍ത്ഥിക്കുന്നു. ഇത് റദ്ദുചെയ്യുന്നതിനോട് പക്ഷേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കടുത്ത വിയോജിപ്പാണ്. രാജ്യരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നതിന് ഈ ആക്ട് അനിവാര്യമാണെന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിയോജിപ്പിനാധാരം.

 പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിന്റെ അധികാര ദുര്‍വിനിയോഗങ്ങളും അഴിമതികളും മൂടിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുന്നതിനുള്ള മുഖ്യ ആയുധമായി ഒഫീഷ്യല്‍ സീക്രട്ട് ആക്ട് ദുരുപയോഗം ചെയ്യപ്പെടുന്നു. നല്ല ഭരണ (Good Governance) ത്തെയും ഭരണ സുതാര്യതയെയുംകുറിച്ച് വാതോരാതെ പറയുന്നവരുടെ ദുഷ്‌ചെയ്തികള്‍ക്ക് മറയായി ഈ ആക്ട് ഇപ്പോഴും അവശേഷിക്കുകയാണ്. പ്രഭവകേന്ദ്രത്തില്‍ വച്ചുതന്നെ അഴിമതിയും അധികാര ദുര്‍വിനിയോഗവും തടയപ്പെടണം. പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിന്റെ ദുഷ്‌ചെയ്തികളെ തുടക്കത്തിലേ തുറന്നുകാണിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. അതല്ലെങ്കില്‍ അഴിമതിയും അധികാര ദുര്‍വിനിയോഗവും പടര്‍ന്ന് പന്തലിക്കും. അതുകൊണ്ടുതന്നെ പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിന്റെ അരുതായ്മകള്‍ തുറന്നുകാണിക്കുവാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നതിനായി രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഒഫീഷ്യല്‍ സീക്രട്ട് ആക്ട് റദ്ദുചെയ്യപ്പെടേണ്ടതുണ്ട്.

 പശ്ചാത്തല സൗകര്യം സമം അഴിമതിരഹിത ഭരണം

അഴിമതിക്ക് തടയിടുന്നതിനായി അനുയോജ്യമായ നിയമനിര്‍മ്മാണം നടത്തണമെന്ന് അഴിമതിക്കെതിരെയുള്ള യു.എന്‍ കണ്‍വെന്‍ഷന്‍ (UN Convention against Corruption) ആവശ്യപ്പെടുന്നുണ്ട്. വിദേശത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിനും അഴിമതി രഹിതരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനും സ്വകാര്യമേഖലയിലേതടക്കമുള്ള അഴിമതി തടയുന്നതിനുമുള്ള വ്യവസ്ഥകളാണ് മുഖ്യമായും യു.എന്‍ പ്രമേയത്തിലുള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യ ഇതിലൊപ്പുവച്ചിട്ടുണ്ടെങ്കിലും ഇപ്പറഞ്ഞ വ്യവസ്ഥകളുള്‍ക്കൊള്ളിച്ചുള്ള നിയമം ഇനിയും നിര്‍മ്മിക്കപ്പെട്ടിട്ടില്ല.

ആഗോളതലത്തില്‍ അഴിമതിവിരുദ്ധ പ്രചരണത്തിലേര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ 2012 ലെ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം അഴിമതിയുടെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്താണ്. സീറോ മുതല്‍ 100 വരെയുള്ള സ്‌കോറാണ് 176 രാഷ്ട്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതില്‍ 0-50 വരെ സ്‌കോറിലുള്ളവ വന്‍അഴിമതി രാഷ്ട്രങ്ങളായാണ് ഗണിക്കപ്പെടുന്നത്. മൂന്നില്‍ രണ്ടു ഭാഗം രാഷ്ട്രങ്ങളും 0-50 വരെയുള്ള സ്‌കോറിലാണ്! ഇന്ത്യയുടെ സ്‌കോറാകട്ടെ 36! ടുജി സ്‌പെക്ട്രം, ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ചോപ്പര്‍ഗേറ്റ്, കോള്‍ഗേറ്റ്, കാവേരി ബേസിന്‍ ഗ്യാസ് അഴിമതി ഇങ്ങനെ പോകുന്നു അഴിമതിവിമുക്ത ഭരണം ലക്ഷ്യംവച്ചുള്ള വിവരാവകാശത്തിന്റെ നാട്ടിലെ അഴിമതിപ്പട്ടിക. ഇനിയും ഇതു തടയുവാനുള്ള ക്രിയാത്മകവും ആത്മാര്‍ത്ഥവുമായ നടപടികളുണ്ടാകുന്നില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയുടെ ശാപമായി അഴിമതി തഴച്ചുവളരുകതന്നെ ചെയ്യും. അതായത് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകളുടെ അഴിമതി സര്‍വ്വേ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഇനിയും മുകളിലേക്കുപോകുക തന്നെ ചെയ്യും.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആറര പതീറ്റാണ്ട് ചരിത്രത്തില്‍ അഴിമതികളുടെ നീണ്ട പട്ടിക ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥ വൃന്ദവുമടങ്ങുന്നതാണ് അഴിമതിക്കൂട്ടുകെട്ട്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും ഇന്ത്യന്‍ ജനാധിപത്യത്തിന് ശാപമാണ്. എന്നാല്‍ രാഷ്ട്രീയരംഗത്തെ ക്രിമിനില്‍വല്‍ക്കരണത്തെ തടയിടുന്നതിന്റെ അനിവാര്യതയുയര്‍ത്തിപ്പിടിച്ചുള്ള സുപ്രീംകോടതി വിധിയെ മറികടക്കാന്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഐക്യപ്പെട്ടിരിക്കുന്നു! അഴിമതിവിമുക്ത ഇന്ത്യന്‍ ഭരണം ലക്ഷ്യംവച്ചുള്ള വിവരാവകാശനിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന കടുത്ത നിലപാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇക്കാര്യത്തിലും ഇവര്‍ വിയോജിപ്പുകളേതുമില്ലാതെ ഐക്യപ്പെടുന്ന കാഴ്ച!

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ മുഖമുദ്രയാണ് പശ്ചാത്തല/അടിസ്ഥാന സൗകര്യ വികസനം. ഗതാഗത സൗകര്യം, ജലവിതരണം, വൈദ്യുതി ഉല്പാദനവും വിതരണവും തുടങ്ങിയവയാണ് ഇതില്‍ മുഖ്യം. പശ്ചാത്തല/അടിസ്ഥാന സൗകര്യമെന്ന നിലയില്‍ നാടിന്റെ വളര്‍ച്ചക്ക് അഴിമതിരഹിത ഭരണമെന്നതിനാണ് പ്രഥമസ്ഥാനം നല്‍കേണ്ടത്. ഇതിലൂടെ മാത്രമേ നാടിന്റെ ഭൗതിക മേഖലയിലേതടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം സാക്ഷാത്കരിക്കപ്പെടൂ. ദാരിദ്ര്യത്തിന്റെയും വികസന മുരടിപ്പിന്റെയും പിന്നാമ്പുറത്ത് പടര്‍ന്നുപിടിക്കുന്നത് അഴിമതി തന്നെയാണെന്ന വസ്തുത കാണാന്‍ പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവ് കൂട്ടാക്കുന്നില്ല. ഇവിടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളുകളെന്നവകാശപ്പെടുന്നവര്‍ തന്നെ ജനാധിപത്യത്തിന്റെ ഘാതകരായിമാറുന്നു!

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…