കെ.കെ ശ്രീനിവാസൻ
കൊട്ടിഘോഷിക്കപ്പെടുമ്പോലെ
മോദിയുടെ ഡിജിറ്റൽ ഇന്ത്യ ഓൺലൈൻ പoനത്തിന് സജ്ജമായിട്ടുണ്ടോ? ഇല്ലെന്നത് പകൽ പോലെ വ്യക്തം. ഇക്കാര്യം ഇടതു സർക്കാർ പക്ഷേ അർഹിക്കുന്ന ഗൗരവത്തോടെ പരിശോധിക്കേ ണ്ടതായിരുന്നു
വളാഞ്ചേരിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവികയുടെ ആത്മഹത്യ. ഒരു ദളിത് കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു ആത്മഹത്യയിൽ അഭയം കണ്ടെത്തിയ ദേവിക. പഠനത്തിൽ ദേവിക മിടുക്കിയായിരുന്നു. ദേവികയുടെ ആത്മഹത്യ വിളിച്ചുപറയുന്നത് എന്താണ്?
തമിഴ്നാട്ടിലെ എസ്. അനിത എന്ന വിദ്യാര്‍ഥിയുടെ ആത്മഹത്യയെ ഓർത്തെടുക്കുവാൻ പ്രേരിപ്പിക്കുകയാണ് കേരളത്തിലെ ദേവികയുടെ ആത്മഹത്യ. തമിഴ്നാട് അരിയല്ലൂർ ജില്ലയിലെ കുഴുമുർ ഗ്രാമം. ആ ഗ്രാമത്തിലെ ദളിത് കുടുംബാംഗമായിരുന്നു 17 കാരിയായ അനിത.12ാം ക്ലാസിൽ സംസ്ഥാന തലത്തിൽ തന്നെ ഉന്നത മാർക്കോടെയായിരുന്നു അനിതയുടെ വിജയം. നീറ്റ് എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന അഖിലേന്ത്യാ മത്സരപ്പരീക്ഷയെന്ന കടമ്പ. അത് മറികടക്കുക. ശേഷം ഡോക്ടറാകുക. അതായിരുന്നു അനിതയുടെ ആഗ്രഹം.
നീറ്റ് മത്സരപ്പരീക്ഷ നേരിടുന്നതിനായി വന്‍ തുക മുടക്കി സ്വകാര്യ
സ്ഥാപനങ്ങളിലെ കോച്ചിങ് അനിവാര്യം. അനിതയുടെ മാതാപിതാക്കൾ നിർദ്ധനരാണ്. അതിനാൽ സ്വകാര്യ സ്ഥാപന കോച്ചിങ് അനിതക്ക് അപ്രാപ്യം. കോച്ചിങില്ലാതെ അനിത മത്സരപ്പരീക്ഷയെ അഭിമുഖീകരിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനം സിദ്ധിച്ചവര്‍ക്കായിരുന്നു പക്ഷേ വിജയം.
നീറ്റ് പ്രവേശന പരീക്ഷയിൽ അനിത തോറ്റു. നാളെകളെക്കുറിച്ച് അനിത സ്വപ്നങ്ങൾ നെയ്തുകൂട്ടി
യിരുന്നു. അനിതയുടെ സ്വപ്‌നങ്ങളെല്ലാം പക്ഷേ പൊലിഞ്ഞു. മത്സരപ്പരീക്ഷകളുടെ പൊരുളിനെ ചോദ്യം ചെയ്ത് അനിത
രാജ്യത്തെ ഉന്നത നീതിപീഠത്തിന് മുന്നിലെത്തി. അനിതയോട് പക്ഷേ നീതിപീഠം കനിഞ്ഞില്ല. പൂർണ്ണമായും തഴയപ്പെട്ടുവെന്ന അവസ്ഥ.2017 ആഗസ്ത് 28. അന്ന് മത്സരപ്പരീക്ഷകളില്ലാത്ത മറ്റൊരു ലോകം തേടി അവള്‍ യാത്രയായി. ഉള്ളവരോട് സദാ തോറ്റുകൊടുക്കേണ്ടിവരുന്ന ഒരു ജനതതിയുടെ പ്രതീകമായി അനിത.
കാലം പക്ഷേ ജാതീയ- സാമ്പത്തിക പിന്നോക്കാവസ്ഥയുടെ ഇരയായ അനിതയെ പോലുള്ളവരുടെ ആത്മഹത്യയെ വിസ്മൃതിയിലാഴ്ത്തി. വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഒരു കോളേജ് ക്യാമ്പസിലെ കെട്ടിടത്തിൽ നിന്ന് രജനി എസ് ആനന്ദ് എന്ന ദളിത് വിദ്യാർത്ഥി ചാടി ആത്മഹത്യ ചെയ്തു. ഫീസടക്കാൻ ശേഷിയില്ലാതെപോയതിൽ മനംനൊന്തായിരുന്നു രജനി ജീവനൊടുക്കിയത്. ആ ആത്മഹത്യയും മറവിയിലകപ്പെട്ടു!
രജനി – അനിതമാരുടെ ആത്മഹത്യകളെ മറവി തട്ടിയെടുത്തവെങ്കിലും ജാതീയ-സാമ്പത്തിക പിന്നോക്കാവസ്ഥയുടെ ഇരകൾ ഇപ്പോഴും സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പാർശ്വവൽകൃതരായ രജനീമാർക്കും അനിതമാർക്കും ഇപ്പോഴും തോറ്റുകൊടുക്കേണ്ടവസ്ഥ തുടരുകയാണ്. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥി ദേവിക.
വിവര വിജ്ഞാന സാങ്കേതിക വിദ്യാപിൻബലത്തിൽ ഡിജിറ്റൽ ഇന്ത്യ തഴച്ചുവളരുന്നുവെന്ന അവകാശവാദത്തിൽ അഭിരമിക്കുന്നവരാണ് മോദിവൃന്ദം. ഇവിടെ ഈ കോവിഡുക്കാലത്ത് എല്ലാം സുഭദ്രമെന്ന് വരുത്തിതീർക്കണമെന്ന് ഇടതുസർക്കാരിന് വ്യഗ്രത. ഈ കൊറോണക്കാലത്ത് മധ്യവേനലവധി കഴിഞ്ഞ് ജൂൺ ഒന്നിന് തന്നെ ക്ലാസ് തുടങ്ങണം. ഇതിനായി ഓൺലൈൻ പoനമെന്നമെന്ന് ഇടതു സർക്കാരിന് നിർബ്ബന്ധം!
കൊട്ടിഘോഷിക്കപ്പെടുമ്പോലെ
മോദിയുടെ ഡിജിറ്റൽ ഇന്ത്യ ഓൺലൈൻ പoനത്തിന് സജ്ജമായിട്ടുണ്ടോ? ഇല്ലെന്നത് പകൽ പോലെ വ്യക്തം. ഇക്കാര്യം ഇടതു സർക്കാർ പക്ഷേ അർഹിക്കുന്ന ഗൗൗരവത്തോടെ പരിശോധിച്ചില്ലെന്നത് കുറ്റകരമായ അനാസ്ഥ.
മോദിയുടെ ഡിജിറ്റൽ ഇന്ത്യയുടെ പാപ്പരത്തം വിളിച്ചോതുന്നതായി ഓൺലൈൻ പoന സൗകര്യങ്ങൾ എത്തിപ്പിടിക്കാനാവാതെയുള്ള ദേവികയുടെ ആത്മഹത്യ. പെരുപ്പിക്കപ്പെടുന്ന ഡിജിറ്റൽ ഇന്ത്യയിലിരുന്ന് രാജ്യം അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്ക് എന്ന വീമ്പുപറയുകയാണ് മോദി.
ഒരു കാര്യം വ്യക്തം. ആരൊക്ക ഭരിച്ചാലും പക്ഷേ ഉള്ളവരോട് സദാ തോറ്റുകൊടുക്കേണ്ടിവരുന്ന ജനതതിയുടെ പട്ടിക കനം വയ്ക്കുകയാണ്. രജനി എസ് ആനന്ദ്, അനിത ഇവരോടൊപ്പം വളാഞ്ചേരിയിലെ ദേവികയും തോറ്റുകൊടുക്കേണ്ടിവരുന്നവരുടെ കണ്ണിയിൽ ചേർക്കപ്പെട്ടിരിക്കുന്നു.