കോവിഡ്: പരാജയം തുറന്നുകാണിക്കപ്പെട്ട ഗുജറാത്ത് മോഡൽ

കോവിഡ്: പരാജയം തുറന്നുകാണിക്കപ്പെട്ട ഗുജറാത്ത് മോഡൽ

Kk sreenivasan കെ.കെ ശ്രീനിവാസൻ

 

കോവിഡുക്കാലം  വൈബ്രൻ്റ് ഗുജറാത്ത് മോഡലിൻ്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നക്കാലമായി

ദുരന്തക്കാലം  സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കൃത്യമായി അളക്കപ്പെടുന്ന കാലം കൂടിയാണ്. ഈ കോറോണക്കാലത്ത് ജനങ്ങളുടെ പരിരക്ഷ ഉറപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ കോർപ്പറേറ്റ് സമൂഹത്തിന് വേണ്ടിയാണെന്നത് ഇതിനകം വ്യക്തമായതാണെല്ലോ.  കൊറോണക്കാലത്ത് പാർശ്വവൽക്കരിപ്പെട്ടവരുടെയും സ്വ ദേശത്ത് കുടിയേറ്റക്കാരെന്ന് വിളിക്കപ്പെടുന്നവരുടെയും കെടുതികളകറ്റുന്നതിനുള്ള ഹ്രസ്വക്കാല അടിയിന്തര നടപടികളാണ് മോദി സർക്കാർ സ്വീകരിയ്ക്കേണ്ടിയിരുന്നത്. അതുണ്ടായില്ല. എന്തായാലും അതവിടെ നിൽക്കട്ടെ. 

ഈ കോവിഡുകാല പശ്ചാത്തലത്തിൽ ഗുജറാത്ത്  ബിജെപി സർക്കാരിൻ്റെ  വികലമായ ഭരണം അനാവൃതമാവുകയാണെന്നത് കാണാതെ പോയ്ക്കൂട. ഗുജറാത്ത് ബിജെപി സർക്കാരിൻ്റെ ഭരണ പരാജയങ്ങൾ കൃത്യമായി തുറന്നു കാണിക്കുകയാണ്  ഈ കോവിഡ്ക്കാലം. കോവിഡു രോഗികൾ അതിവേഗത്തിൽ മരണത്തിനു് കീഴടങ്ങുന്ന കാഴ്ചയാണ് ഗുജറാത്തിൽ. സംസ്ഥാനം ഇന്ന് ശവപ്പറമ്പിന് സമാനമാണെന്ന അഭിപ്രായത്തിലാണ് ഗുജറാത്ത് ഹൈക്കോടതി.  സ്വമേധയായാണ് ഹൈക്കോടതിയുടെ ഇടപ്പെടൽ. സർക്കാരിൻ്റെ ഭരണപരാജയങ്ങൾ അക്കമിട്ടനിരത്തുന്നതായി മെയ് 22 ലെ ഹൈക്കോടതി വിധി.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയിൽ വീർപ്പുമുട്ടുന്നു  സർക്കാർ ആശുപത്രികൾ.  സ്വകാര്യ ആശുപത്രികൾ ജനങ്ങളെ ഞെക്കിപിഴിയുന്നു. സർക്കാർ ആശുപത്രികളിൽ  വെൻ്റിലേറ്ററടക്കമുള്ള ജീവരക്ഷാ ഉപകരണങ്ങളില്ല. 
കോവിഡു രോഗീ പരിചരണത്തിലെ അതീവ ഗുരുതരമായ വീഴ്ചകൾ. രോഗ പ്രതിരോധ നടപടികളിലെ കുറ്റകരമായ അനാസ്ഥ. കുത്തഴിഞ്ഞ ആരോഗ്യ വകുപ്പ്. അതീവ ദുർബ്ബലമായ ആരോഗ്യമേഖല.
അഹമ്മദാബാദ് സിവിൽ ആശുപത്രി

അഹമ്മദാബാദ് നഗരത്തിലെ സർക്കാർ ആശുപത്രി കോവിഡ് രോഗികൾ കൊണ്ട് നിറഞ്ഞു കവിയുന്നു. ആശുപത്രി ശവപറമ്പിന് തുല്യം. മന്ത്രിമാർ ആരെങ്കിലും ആശുപത്രി സന്ദർശിച്ചോ? കോവിഡ് രോഗികൾ മരണത്തിനു് കീഴടങ്ങുന്നത് കയ്യുംകെട്ടി നോക്കി നിൽക്കുകയാണോ? ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സർക്കാർ നടപടികളെന്താണ്? ഈ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി സത്യവാങ്ങ്മൂലം ഉടൻ സമർപ്പിക്കണമെന്നും ഹൈകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് കോവിഡ് രോഗവ്യാപനത്തിൻ്റെ സൂചനകൾ പ്രകടമായ വേളയിൽ  ട്രമ്പ് – മോദി കൂടിക്കാഴ്ചക്കുള്ള തിരക്കിലായാരുന്നു ഗുജറാത്ത്. 2020 ഫെബ്രുവരി 26 ന്  ട്രമ്പ് – മോദി കൂടിക്കാഴ്ച്ചാ മാമാങ്കത്തിന് കൊടിയിറങ്ങി. അപ്പോഴക്കും ആരാലും ശ്രദ്ധിക്കപ്പെടാതെ സംസ്ഥാനം  കോവിഡു രോഗവ്യാപന വിസ്ഫോടന വക്കിലെത്തി. അത് കാണാൻ പക്ഷേ വിജയ് രൂപാണി സർക്കാരിന് ഒട്ടും സമയമില്ലാതെപോയി.

കോവിഡു രോഗികളെ മതാടിസ്ഥാനത്തിൽ വേർതിരിക്കുന്നതിലാണ് വിജയ് രൂപാണി സമയം കണ്ടെത്തിയത്. നിസാമുദ്ദീൻ തഗ്ലീബ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയരുവടെ തലയിൽ കോവിഡുവ്യാപനം കെട്ടിവച്ച് കയ്യൊഴിയുന്നതിനും രൂപാണി സർക്കാർ സമയം കണ്ടെത്തി. ശവപറമ്പായി മാറിയ അഹമ്മാദ് ബാദ് സിവിൽ ആശുപത്രിയിൽ വ്യാജ വെൻ്റിലേറ്റർ സ്ഥാപിക്കുന്നതിനും സമയമുണ്ടായി ബിജെപി സർക്കാരിന്.

രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാൽ കോവിഡു രോഗവ്യാപനത്തിൽ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. കോവിഡ് മരണ നിരക്കിൽ പക്ഷേ ഗുജറാത്ത് ഏറെ മുന്നിൽ. ദേശീയ മരണ നിരക്ക് 3.09ശതമാനം. എന്നാലിത് ഗുജറാത്തിൽ 5.9 ശതമാനം. രണ്ടു പതിറ്റാണ്ടോട് അടുക്കുകയാണ് ഗുജറാത്തിലെ ബിജെപി ഭരണം.  ഗുജറാത്ത് 21 ആം നൂറ്റാണ്ടിൻ്റെ ഇന്ത്യൻ മാതൃകയെന്ന കൊണ്ടുപിടിച്ച പ്രചരണത്തിലാണ് ബിജപി.

ഇത്രയും കാലത്തെ തുടർച്ചയായ ബിജെപി ഭരണത്തിൽ യാഥാർത്ഥത്തിൽ വികസിച്ചത് അവിടെത്ത കോർപ്പറേറ്റ് സമൂഹം മാത്രം.കൊട്ടിഘോഷിക്കപ്പെടുന്ന വൈബ്രൻ്റ്  ഗുജറാത്ത് മാതൃകയിൽ പക്ഷേ സാമൂഹിക വികസനത്തിൻ്റെ ചെറു ലാഞ്ചനപോലുമില്ല. ഇതിൻ്റെ പ്രകടമായ ഉദാരഹരണമാണ് ഈ കോവിഡുക്കാലത്ത് മറനീക്കി പുറത്തുവന്ന സംസ്ഥാന പൊതുജനാ രോഗ്യ മേഖലയുടെ അതീവ ദുർബ്ബലാവസ്ഥ. ഘോഷിക്കപ്പെടുന്ന ഗുജറാത്ത് മാതൃക. പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളെല്ലാം സ്വകാര്യമേഖലക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഗുജറാത്ത് മാതൃകയിൽ പൊതുജനാരോഗ്യ മേഖല സ്വകാര്യ ആശുപത്രി മാനേജ്മെമെൻ്റു കൊള്ളക്കാരുടെ കയ്യിൽ!

ദേശീയ കണക്കനുസരിച്ച് 1000 പേർക്ക്  0.55 ആശുപത്രി കിടക്ക. ഗുജറാത്തിലിത് പക്ഷേ വെറും 0.33 മാത്രം! ഗുജറാത്തിൽ ശിശുമരണ നിരക്ക് ദേശീയ ശരാശരിയെക്കാൾ മുന്നിൽ. പോക്ഷകാഹാരക്കുറവ് നേരിടുന്ന ഗർഭിണികളുടെ അമ്മമാരുടെ, കുഞ്ഞുങ്ങളുടെ കേന്ദ്രം കൂടിയാണ് ഘോഷിക്കപ്പെടുന്ന ഗുജറാത്ത് മാതൃക.

ഗുജറാത്ത് മോഡൽ അവശേഷിപ്പിച്ചതാണ്  അഹമ്മദാബാദ് നഗരത്തിലെ  ചേരിപ്രദേശം.  ട്രമ്പ്  – മോദി  കൂടിക്കാഴ്ച്ചാവേദിയുടെ പകിട്ടുകുറയ്ക്കുന്നതിന് ഈ ചേരി കാരണമാകുമെന്ന കണ്ടെത്തൽ!  തുടർന്ന് നേരം ഇരുട്ടിവെളുക്കുന്ന സമയംകൊണ്ട് ചേരിയെ, അതായത് ഗുജറാത്ത് മോഡലിനെ, വൻ മതിൽ കെട്ടിനുള്ളിലാക്കിയവരാണ്  രൂപാണി സർക്കാർ. അതെ മോദി തുടങ്ങിവച്ച ഗുജറാത്ത് മോഡൽ  സാമൂഹിക വികസനമില്ലാഴ്മയുടെ മോഡലിൽ!

പശുവിൻ ചാണകത്തിൽ, മൂത്രത്തിൽ നിന്ന് കോവിഡുരോഗ പ്രതിരോധനത്തിനായുള്ള ഔഷധം .ഇത്  വികസിപ്പിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാർ അനുമതി ഗുജറാത്ത് സമ്പാദിച്ചിരിക്കുന്നവെന്ന റിപ്പോർട്ടുകൾ ശ്രദ്ധേയം. വികസിപ്പിച്ചെടുക്കുന്ന മരുന്ന് പരീക്ഷണം  കുപ്രസിദ്ധ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ കോവിഡുരോഗികളിൽ നടത്തുന്നതിനുള്ള അനുമതിയും ഗുജറാത്ത് സർക്കാർ കേന്ദ്ര സർക്കാരിൽ നിന്ന് തരപ്പെടുത്തിയിരിക്കുന്നു.

സംഘപരിവാറിൻ്റെ പാരമ്പര്യ പശുവൽക്കരണയജ്ഞത്തിന് വൈദ്യശാസ്ത്ര മേഖലയിൽ അടിത്തറയുണ്ടാക്കുക. ഇതിനുള്ള ആദ്യ വേദിയെന്ന നിലയിലും ഇനിയുള്ള കാലം ഗുജറാത്ത് മോഡൽ ആഘോഷിക്കപ്പെടും. ഇതിൻ്റെ  പര്യവസാനം പക്ഷേ അശാസ്ത്രീയുടെ മോഡൽ എന്നതിലായിരിക്കും. ഇത്തരം തലതിരിഞ്ഞ  മോഡലിലേക്കാണ് മോദി ഇപ്പോൾ ഇന്ത്യയെയും കൂട്ടികൊണ്ടുപോകുന്നത്.  ഇത് പക്ഷേ രാജ്യത്തിന് താങ്ങാനാകുന്നതിനുമപ്പുറമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…