സ്വ ദേശത്ത് കുടിയേറ്റക്കാരക്കപ്പെട്ടവർ

സ്വ ദേശത്ത് കുടിയേറ്റക്കാരക്കപ്പെട്ടവർ

Kk sreenivasan  കെ.കെ ശ്രീനിവാസൻ

 

 

നിർമ്മാണ തൊഴിലാളികളും തെരുവുകച്ചവടക്കാരും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെത്രെ. പിറന്ന രാജ്യത്ത് ഇവർ കുടിയേറ്റക്കാരായിയെന്നത് വിചിത്രം

 

പിറന്ന രാജ്യത്ത് കുടിയേറ്റക്കാരെന്ന് വിളിക്കപ്പെട്ട ഹതഭാഗ്യർ. കഠിനാദ്ധ്വാനം മാത്രം കൈമുതലായുള്ളവർ. കൊറോണ വൈറസ് വ്യാപനം തടയുകയെന്നനതിൻ്റെ പേരിൽ മുന്നറിയിപ്പില്ലാതെയുള്ള രാജ്യത്തെ
അടച്ചുപൂട്ടലിൻ്റെ മുഖ്യ ഇരകളാക്കപ്പെട്ടവർ. ഇക്കൂട്ടരെ വലിഞ്ഞുമുറുക്കുന്ന ദുരിതങ്ങൾ. അതെ കൊറോണക്കാലം പാവപ്പെട്ടവരെ ദുരിതങ്ങളുടെ ആഴകയങ്ങളിലകപ്പെടുത്തിയിരിക്കുന്നു.

നഗരങ്ങളിലെ അംബരചുബികളായ കെട്ടിടങ്ങൾ. വ്യവസായശാലകൾ. അവയെല്ലാം പടുത്തുയർത്തവാൻ ചോര നീരാക്കുന്ന വലിയൊരു വിഭാഗം . അസംഘടിതർ. നിർമ്മാണ തൊഴിലാളികൾ. ഇവർ താമസിക്കുന്നതാകട്ടെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന ഇടങ്ങളിൽ തന്നെ.

ഇവർക്ക് തലചായ്ക്കാൻ താൽക്കാലികമായി തട്ടിക്കൂട്ടിയ സൗകര്യം. അല്ല സൗകര്യങ്ങളെന്നു വിളിക്കേണ്ടതില്ല. തട്ടിക്കൂട്ടിയ അസൗകര്യങ്ങളെന്നു വിളിക്കുന്നതാണു് ഉചിതം. ഈ അസൗകര്യങ്ങളിൽ ചിലപ്പോഴൊക്ക ജനനവും മരണവും. പണിയിടങ്ങളിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ വർത്തമാന – ഭാവികാലങ്ങൾ ഇവിടെ തന്നെയാണ് പിന്നിടുന്നത്.

തെരുവുക്കച്ചവടക്കാർ. നഗരവാസികളുടെ വാതിൽപ്പടിയിൽ പഴം -പച്ചക്കറികളടക്കമുള്ള അവശ്യസാധനങ്ങൾ എത്തിച്ചുനൽകുന്നവരാണ് തെരുവ കച്ചവടക്കാർ. ഇവരും കൊറോണക്കാല അടച്ചുപൂട്ടൽ ഇരകളായി.

2020 മാർച്ച് 23 രാത്രി എട്ടുമണി. രാഷ്ട്രത്തോടുള്ള പ്രധാനമന്തി മോദിയുടെ അഭിസംബോധന. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനെന്ന പേരിൽ രാജ്യം അടച്ചുപൂട്ടുന്നുവെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം – മുന്നൊരുക്കങ്ങളേതുമില്ലാതെ. തുടർന്ന് ,  മാർച്ച് 24 മുതൽ, രാജ്യം കണ്ടത് യുദ്ധവേളയിലെന്ന പോലെ തൊഴിലാളികളുടെ കൂട്ട പാലായനം.

ഇപ്പറഞ്ഞ നിർമ്മാണ തൊഴിലാളികളും തെരുവുകച്ചവടക്കാരും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെത്രെ. പിറന്ന രാജ്യത്ത് ഇവർ കുടിയേറ്റാക്കാരായിയെന്നത് വിചിത്രം. എന്തായാലും ഇവർ അഭയാർത്ഥികളെന്ന് വിളിക്കപ്പെടാതിരുന്നത് മഹാഭാഗ്യം!

നിനച്ചിരിയ്ക്കാതെ രാജ്യത്ത്  അടച്ചുപൂട്ടൽ പ്രഖ്യാപനത്തോടെ ഇവർ പക്ഷേ അഭയാർത്ഥികളാക്കപ്പെട്ടുവെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.  കരുതലുകളില്ലാതെയുള്ള  അടച്ചുപൂട്ടൽ പ്രഖ്യാപനം തൊഴിലിനായി നഗരങ്ങളിൽ ചേക്കറിയവരെ നിരാലംബരാക്കി. ഇതോടെ ലക്കുംലഗാനുമില്ലാതെയുള്ള നഗരവൽക്കരണത്തിൻ്റെ ഉപോല്പപന്നങ്ങൾ കൂടിയായ അവർക്ക് അഭയാർത്ഥി്കളെ പോലെ പാലയനം ചെയ്യേണ്ടിവരുന്നു.

ജീവിതം വഴിമുട്ടിയിയവസ്ഥ. ഇത് സൃഷ്ടിച്ചതാകട്ടെ പിറന്ന മണ്ണിലേക്ക് തിരിച്ചുപോക്കെന്ന നിർബ്ബന്ധിതാവസ്ഥ!ഇവിടെയാണ് സ്വന്തം ഗ്രാമങ്ങിൽ അഭയം തേടുവാൻ നിർബ്ബന്ധിക്കപ്പെട്ടവർ അഭയാർത്ഥികൾക്ക് തുല്യമായി മാറുന്ന ദയനീയ കാഴ്ചക്ക് രാജ്യം സാക്ഷ്യം വഹിച്ചത്. അതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു!

കിലോമീറ്ററുകൾ താണ്ടിയുള്ള കാൽനടയാത്ര! കൂടെ കുഞ്ഞുങ്ങൾ. പുറത്തും തലയിലും ഭാണ്ഡക്കെട്ടുകൾ. അവർ നടന്നു നിരത്തുകളിലൂടെ. റയിൽ പാതകളിലൂടെ. ബഹുദൂരം സൈൈക്കിളിൽ യാത്ര. കൊറോണ വൈറസ് വ്യാപനമെന്നതിനെ മറികടക്കാൻ ശാരീരക അകലം പാലിക്കണമെന്ന നിർദ്ദേശം. ഇതിനെക്കാൾ പിറന്ന മണ്ണിൽ, കുടിയിൽ എത്തിചേരുവാനുള്ള അകലം പിന്നിടുകയെന്നതായി ഇവരുടെ ലക്ഷ്യം.

യാത്രാമധ്യേ കുടിനീരില്ല. ഭക്ഷണമില്ല. വിശപ്പ്. ക്ഷീണം. നീണ്ട യാത്രയിൽ പാദരക്ഷകൾ പൊട്ടിപൊളിഞ്ഞു. പാദരക്ഷകളില്ലാതെയും അവർ പാതകൾ താണ്ടി. പാദങ്ങൾ പൊട്ടി ചോര പുരണ്ടു. മാധ്യമ പ്രവർത്തകൻ ഊരി കൊടുത്ത പാദരക്ഷകളിട്ട് യാത്ര തുടർന്നവരുമുണ്ട്, ഇക്കുട്ടരിൽ!

അവശതകൾക്കൊപ്പം അവർ നടന്നു. ക്ഷീണമകറ്റാൻ റെയിൽപ്പാളങ്ങളിൽ തളർന്നുറങ്ങി. വീടെന്ന ലക്ഷ്യത്തിലെത്തുമുമ്പേ ഇവരുടെ ജീവൻ പക്ഷേ ചരക്കു തീവണ്ടി തട്ടിയെടുത്തു. ശാരീരക അവശതകളെ മറികടക്കാനാവാതെ വഴിമധ്യേ ചിലരുടെ ജീവൻ പൊലിഞ്ഞു. യാത്രക്കിടയിലെ അതിദാരുണമായ അപകട മരണങ്ങളും.

കടിയേറ്റക്കാരെന്നു പേരുചൊല്ലി വിളിക്കപ്പെടുന്നവർ നാലു ചപ്പാത്തിക്കായ് നാലുമണിക്കുറിലധികം വരിനിൽക്കുന്നു.
മുന്നൊരുക്കങ്ങളില്ലാത്ത അടച്ചുപൂട്ടൽ രാജ്യത്തെ ഗ്രാമങ്ങളെയും പട്ടിണിയിലാക്കി.

ഗ്രാമീണ കർഷക സമൂഹം കൃഷി ചെയ്തുണ്ടാക്കിയ ഉല്പന്നങ്ങൾ വിൽക്കുവാനാകാത്ത അവസ്ഥ. ഉല്പന്നങ്ങൾ കൃഷിയിടങ്ങളിൽ വിളവെടുക്കുവാനാകാതെ നശിച്ചുപോയി. കാർഷിക കടബാധ്യതയിൽ വീണ്ടുമവർ കുടുങ്ങി.

ഗ്രാമീണ സ്ത്രീകൾ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ചിരുന്ന സ്റ്റൗവും എൽപിജി സിലിണ്ടറും വിറ്റു – ഭക്ഷ്യവസ്തുക്കൾ വാങ്ങാനായി. അടച്ചുപൂട്ടൽ തീർത്ത പട്ടിണിയിൽ വിശപ്പകറ്റാൻ കുട്ടികൾക്ക് തവളകളെ പിടിച്ചുതിന്നേണ്ടിവന്നു.

കുടിയേറ്റക്കാരെന്നു വിളിക്കപ്പെടുന്ന തൊഴിലാളികൾ. തെരുവുക്കച്ചവടക്കാർ. ഗ്രാമീണ കർഷകർ. താഴ്ന്ന വരുമാനക്കാർ. ദിവസ വേതനക്കാർ. അതെ കൊറോണക്കാലത്തെ അടച്ചുപൂട്ടൽ ഇപ്പറഞ്ഞ സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതം പാടെ വഴിമുട്ടിച്ചു. സാമൂഹിക അകലം ശഠിക്കപ്പെട്ട അടച്ചുപൂട്ടലിൻ്റെ പ്രത്യാഘാതങ്ങൾ ഇന്ത്യയുടെ ഗ്രാമീണർക്ക് താങ്ങാനാവുന്നതിനുമപ്പുറമായി. നരേന്ദ്ര മോദി സർക്കാർ പക്ഷേ ഇപ്പറഞ്ഞവരിൽ നിന്നെല്ലാം സാമൂഹിക അകലംപാലിച്ചുകൊണ്ടേയിരിക്കുന്നു. ഇതിൻ്റെ മറ്റൊരു നേർ ചിത്രമായി അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട അടച്ചുപൂട്ടൽ.

കയ്യിൽ കാശില്ലാതായവരുടെ കയ്യിൽ കാശെത്തിക്കുകയെന്ന പാക്കേജിൻ്റെ അനിവാര്യത ആവൃത്തിച്ച് രാഹുൽ ഗാന്ധിയടക്കമുള്ളവർ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. കൊറോണ വൈറസ് തീർത്ത ദുരന്തബാധിതരെ പക്ഷേ കടക്കെണിയിൽ കുടുക്കുന്നതാണ് മോദി സർക്കാരിൻ്റെ പാക്കേജ്.  കൊറോണക്കാലത്തെ ഉത്തേജക പാക്കേജിൻ്റെ മറവിൽ ഇന്ത്യയെ വിറ്റഴിക്കുന്ന സാമ്പത്തിക തന്ത്രമാണ് മോദി സർക്കാർ പയറ്റുന്നത്.  മഹാമാരിയുടെ മറവിൽ കോർപ്പറേറ്റുകളുടെ അടുത്തേക്കാണ് മോദി ഇറങ്ങിചെന്നത്. ഈ കൊറോണക്കാലത്ത് രാഹുൽ ഗാന്ധി പക്ഷേ ഇറങ്ങിചെന്നതാകട്ടെ അടച്ചുപൂട്ടൽ സൃഷ്ടിച്ച ഇരകൾക്കിടയിലേക്കെന്നത് ശ്രദ്ധേയം.

ഇമേജകൾക്ക് കടപ്പാട്

Related Post