കെ.കെ ശ്രീനിവാസൻ
This article has been published in Madhyamam Weekly 2020 May
ആദ്യം ജനതയുടെ വിലപ്പെട്ട ജീവൻ;
പിന്നെയാകാം രാജ്യരക്ഷ
കോവിഡ്- 19 വൈറസ് മാനവരാശിക്കുമേൽ മഹാമാരി വിതക്കുകയാണ്. വികസിത, വികസ്വര, അവികസിതമെന്ന വേർതിരിവുകളില്ലാതെയാണ് സർവ്വ രാജ്യങ്ങളിലും ഈ മഹാമാരി പെയ്തിറങ്ങുന്നത്. ലോക രാഷ് ട്രങ്ങൾക്കിടയിൽ അജയ്യരെന്ന് മേനിനടിക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങൾ പോലും കോവിഡ് വൈറസ് വ്യാപനത്തിൽ അന്തിച്ചുനിൽക്കുന്ന കാഴ്ച്ച. വിപണികൾ കീഴടക്കുവാനുള്ളള കൊണ്ടുപിടിച്ച തത്രപ്പാടിൽ ജനങ്ങളുടെ ആരോഗ്യ പരിരക്ഷാ ശ്രദ്ധയിൽ കാര്യമാത്രമായ ഉണർവ്വ് അന്യയമായി . ഇതിൻ്റെ ദുരന്ത പരിണിതിയാണ് മനുഷ്യജീവിനുകൾ കവർന്നെടുത്തുതുള്ള കോറോണ വൈറസ് വ്യാപനം.
രാഷ്ട്രങ്ങളുടെ വാർഷിക ബജറ്റുകളിലെ മുൻഗണനാക്രമങ്ങളിൽ കാര്യമാത്രമായ തിരുത്തലുകൾക്കുള്ള സമയമാണിത്. രാജ്യരക്ഷയുടെ പേരിൽ ദേശീയ ബജറ്റിൻ്റെ സിംഹഭാഗവും നീക്കിവെക്കപ്പെടുന്ന പ്രവണതയേറുകയാണ്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ആഗോള രാജ്യരക്ഷ ബജറ്റിൽ 75 ശതമാനം വർദ്ധന. ഇതിന് ആനുപാതികമായ വർദ്ധന ആരോഗ്യ സംരക്ഷണ ദിശയിൽ പ്രകടമാകുന്നതേയില്ല. ഈ ആശ്യാസമല്ലാത്ത വസ്തുത ഈ മഹാമാരി വേളയിലെങ്കിലും ലോക ഭരണ കർത്താക്കൾ കൺ തുറന്നുകാണാൻ തയ്യാറാകണം.
2020-21 ലെ ഇന്ത്യയുടെ ബജറ്റ് രാജ്യരക്ഷാ ചെലവിനായി വകയിരുത്തിയിട്ടുള്ളത് 471378 കോടി. രാജ്യത്തിൻ്റെ മൊത്തം ജിഡിപിയുടെ 2.1 ശതമാനം. മൊത്തം ബജറ്റിൻ്റെ 15.5 ശതമാനം രാജ്യരക്ഷയ്ക്കായി ചെലവഴിക്കപ്പെടുന്നവസ്ഥ!
2025 ഓടെ ആരോഗ്യ സംരക്ഷണ ചെലവ് ജിഡിപിയുടെ 2.5 ശതമാനത്തിലെത്തിക്കുകയെന്നതാണ് 2011 ൽ ഇന്ത്യയുടെ പ്ലാനിങ് കമ്മീഷൻ ലക്ഷ്യമിട്ടത്. 2020 – 21 ദേശയ ബജറ്റിൽ ആരോഗ്യ മേഖലക്ക് വകയിരുത്തിയിട്ടുള്ളത് കേവലം 69000 കോടി രൂപ. മുൻ സാമ്പത്തിക വർഷത്തെക്കാൾ വെറും 10 ശതമാനം വർദ്ധന. നടപ്പുബജറ്റ് തുക ജിഡിപിയുടെ 1.6 ശതമാനത്തിന് താഴെ! ലക്ഷ്യമിട്ട ജി ഡിപിയുടെ 2 .5 ശതമാനത്തിലേക്ക് ഇനിയും താണ്ടണം.
രാജ്യരക്ഷക്ക് മൂൻതൂക്കം നൽകപ്പെടുമ്പോൾ അതിൻ്റെ ഗുണഭോക്താക്കൾ ജനങ്ങളെന്ന് വിശ്വസിക്കാം. അതേസമയം മഹാമാരികളടക്കുള്ള മഹാവിപത്തകളിലകപ്പെട്ട് രാജ്യത്ത് ജനങ്ങളുടെ ജീവൻ്റെ നിലനില്പ്പ്പ് തന്നെ അവതാളത്തിലാകുന്നിടത്ത് കോടാനുകോടികൾ ചെലവഴിച്ചുള്ള രാജ്യരക്ഷ വ്യർത്ഥമെന്നു തന്നെ പറയേണ്ടിവരും.
സ്റ്റേറ്റിൻ്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് ജനത. ജനങ്ങളില്ലെങ്കിലെന്ത് രാജ്യം? എന്തിന് രാജ്യരക്ഷ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി രാജ്യരക്ഷയ്ക്കായ് മാറ്റിവച്ചിട്ടുള്ള ഫണ്ട് വെട്ടിക്കുറച്ച് കോവിഡ് – 19 പ്രതിരോധത്തിന് ഉപയോഗിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കോറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ സംരക്ഷണമെന്നതിൽ ആഴത്തിലുള്ള അടിയന്തര പുനരാലോചന അനിവാര്യം.
മൈത്രി മുതലാളിത്തം തലക്കുപിടിച്ച സമകാലിക ലോകം ആരോഗ്യ പരിരക്ഷയെന്നതിനെയും വ്യവസായമാക്കി. പൊതുജനാരോഗ്യ സംരക്ഷണമെന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഭരണകൂടങ്ങൾ ഒഴിഞ്ഞുമാറാൻ തുടങ്ങി. ഈയവസരത്തെ മൈത്രി മുതലാളിത്ത പ്രയോക്താക്കൾ ആരോഗ്യ മേഖലയെ വ്യവസായമാക്കിമാറ്റിയെടുക്കുവാൻ ഉപയോഗപ്പെടുത്തിയെന്നത് നിഷേധിക്കപ്പെടാനാകത്ത വസ്തുത. ഇതിൻ്റെ ദുരന്തപരിണിതിയെന്നോണം ചികിത്സ ചെലവ് സാധാരണക്കാർക്ക് അപ്രാപ്യമെന്നവസ്ഥ സൃഷ്ടിക്കപ്പെട്ടുവെന്നതും ഈ വേളയിൽ ഗൗരവത്തിലെടുക്കണം.
ലോകമാസകലം മനുഷ്യജീവനും ഒപ്പം സമ്പദ് വ്യവസ്ഥയുടെ നിലനില്പും അനിശ്ചിതമാകുകയാണ്. ഇവിടെ ആയുധങ്ങൾ ശേഖരിച്ചുവച്ചുള്ള /ച്ചുമുള്ള ശാക്തിക ബലാബലങ്ങൾ നിരർത്ഥകമാകാതെ തരമില്ല. കാലം ആവശ്യപ്പെടുന്ന നിരായുധീകരണത്തിലൂടെ ബാക്കിയാകുന്ന കോടാനകോടികൾ മാനവരാശിയുടെ നിലനില്പിനായി വകമാറ്റുക.
ധനമൂലധനശേഷിയുടെ പിൻബലത്തിൽ അതിരുകളില്ലാതെ വാരിവിതറിയിട്ടുള്ള കോടാനകോടി നിക്ഷേപങ്ങളുടെ സംരക്ഷണമെന്നതും മാനവരാശിയുടെ നിലനില്പിനെ ആശ്രയിച്ചുള്ളതാണെന്നത് വ്യക്തം. ഈ ദിശയിലുള്ള ഉത്തമ ബോധ്യം ഉരുതിരിയേണ്ട അടിയിന്തര സാഹചര്യംകൂടിയാണിത്.
പരസ്പര നാശം വിതയ്ക്കുന്നവയാണ് ആയുധശേഖരങ്ങൾ. ഇനിയെങ്കിലും ഈ യാഥാർത്ഥ്യം കൃത്യതയോടെ ഉൾകൊള്ളുവാനും ലോക ഭരണാധീപർ സന്നദ്ധരാകണം. കാലം അടിയന്തരമായ ആവശ്യപ്പെടുന്ന പുതുപുത്തൻ പൊതുജനാരോഗ്യ സംരക്ഷണ നയരൂപീകരണമെന്നത് ഈ സന്നദ്ധതയെ ആശ്രയിച്ചായിക്കും.
അതെ, ആയുധ ശേഖരങ്ങളല്ല അതല്ലെങ്കിൽ ആയുധ പന്തയങ്ങളല്ല ജനങ്ങളുടെ ജീവൻ രക്ഷിക്കുകയെന്നതാണ് ഈ കോവിഡ് കാലത്തിൻ്റെ അടിയിന്തരാവശ്യം.
ഇമേജുകൾക്ക് കടപ്പാട്