ആർസിഇപി: ചൈന ഇനിയും കുതിക്കും

ആർസിഇപി: ചൈന ഇനിയും കുതിക്കും

 

 

 

 

കേവലം ചൈനീസ് അതിർത്തി തർക്കത്തിൽ കൂട്ടികെട്ടി ഏഷ്യ – പസ്ഫിക്ക് 15 അംഗ രാഷ്ട്ര അതിസമ്പന്ന വിപണിയിൽ ഇന്ത്യൻ സാന്നിദ്ധ്യം വേണ്ടെന്നുവയ്ക്കുന്നത് ആത്യന്തികമായി ഏഷ്യ – പസ്ഫിക്ക് മേഖലയിൽ ഇനിയും ചൈനീസ് അപ്രമാദത്തിന് വളംവച്ചുകൊടുക്കുന്നതിന് തുല്യമാകും…. 

kk sreenivasan writes on that China is going to be a dominating power in Asia pacific region in the light of the RCEP got inked
കെ.കെ ശ്രീനിവാസൻ എഡിറ്റർ വിശകലനം ചെയ്യുന്നു

2020 നവംബർ 15. ആഗോള സാമ്പത്തിക മണ്ഡലത്തിൽ സുപ്രധാന ദിനം. ഏഷ്യ – പസ്ഫിക്ക് മേഖലയിലെ വാണിജ്യ-വ്യാപാര മണ്ഡലത്തിൽ ചൈനീസ് ആധിപത്യത്തിന് സമാരംഭം കുറിക്കപ്പെട്ടുവെന്നതാണ് ഈ ദിനത്തെ സുപ്രധാനമാക്കിയത്. റീജിണൽ സമഗ്ര ഇക്ണോമിക്ക് പങ്കാളിത്ത ഉടമ്പടി(ആർസിഇപി) ഒപ്പുവയ്ക്കപ്പെട്ടുവെന്നതാണ്2020 നവംബർ 15 ൻ്റെ സവിശേഷത അടയാളപ്പെടുത്തുന്നത്.

വിയ്റ്റനാം തലസ്ഥാനം ഹനോയയിലായിരുന്നു ഉടമ്പടി ഒപ്പുവയ്ക്കൽ ചടങ്ങ്. 37- മത് ആസിയാൻ ഉച്ചകോടിയുടെ പര്യവസാനത്തിലാണ് ഉടമ്പടി യാഥാർത്ഥ്യമായത്. ഏഷ്യ – പസിഫിക്ക് മേഖലയിലെ 15 രാഷ്ട്രങ്ങളാണ് ആസിഇപി ഉടമ്പടിയിലെ പങ്കാളികൾ.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ന്യൂസിലൻ്റ്, 10 അംഗ ആസിയാൻ രാഷ്ട്രങ്ങളായ മലേഷ്യ, സിങ്കപ്പൂർ, ഇന്തോനേഷ്യ, തായ് ലൻറ്, ഫിലിപൈൻസ്, വിയറ്റ്നാം, ലാവോസ്, കമ്പോഡിയ ,ബ്രുണെ, മ്യാന്മാർ എന്നീ രാഷ്ട്രങ്ങളാണ് ആർസിഇപി അംഗങ്ങൾ.

ചൈനയാണ് താരം

ചൈനയാണ് അംഗ രാഷ്ട്രങ്ങളിൽ വമ്പനെന്നത് സുവിദിതം. മേഖലയിലെ ചൈനീസ് അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുന്നതിലെ രാസത്വരകമായി ആർസിഇപി ഉടമ്പടി. ആഗോള വിപണി കയ്യടക്കിയുള്ള ചൈനീസ് തേരോട്ടത്തിന് കൂടുതൽ ഊർജ്ജം പകരുകയാണിത്.

ചൈനീസ് ഉല്പന്ന – സേവന – നിക്ഷേപങ്ങളുടെ അതിവിപുല വിപണിയാണ് ആർസിഇപി ഉടമ്പടിസൃഷ്ടിക്കുക. ആഗോള വിപണിയിൽ ചൈനീസ് അപ്രമാദിത്വം ദൃഢീകരിക്കുന്നതിന്റെ പുതുപുത്തൻ സുവർണ അവസരമാണ് ഉടമ്പടി ചൈനക്ക് സമ്മാനിച്ചിരിക്കുന്നത്.ആഗോള സമ്പദ് വ്യവസ്ഥയുടെ 30 ശതമാനം. ആഗോള ജനസംഖ്യയുടെ 30 ശതമാനം. ഇതാണ് വാണിജ്യ – വ്യാപാര ദിശയിൽ ഉടമ്പടിയുടെ അടിത്തറയും വ്യാപ്തിയും.

ഏഷ്യ- പസ്ഫിക്ക് മേഖലയിലെ പ്രധാന ശക്തികളാണ് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ. ഈ ശക്തികൾ കൈകോർത്തുള്ള ഉടമ്പടിയെന്നത് ഇതാദ്യം. ഈ ത്രി ശക്തികളുൾപ്പെടുന്ന15 അംഗ ഉദാര വ്യാപാര ഉടമ്പടി ആഗോള സാമ്പത്തിക വേദിയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കും. വാണിജ്യ-വ്യാപാര മേഖലയിലെ പരസ്പരം കൊടുക്കൽ – വാങ്ങലുകളിന്മേലുള്ള താരിഫടക്കമുള്ളവയിൽ വൻ ഇളവുകളൾ പ്രാപല്യത്തിൽ വരും.

അമേരിക്കൻ ആശങ്ക

ഉടമ്പടിയിലൂടെ മേഖലയിലെ 14 രാഷ്ട്രങ്ങളുടെ പ്രത്യേകിച്ചും സുസ്ഥിര സാമ്പത്തിക ശേഷിയുള്ള വിപണികളിലെ ചൈനീസ് അധീശത്വം ഉറപ്പിക്കപ്പെടുന്നതിൽ അമേരിക്കൻ വാണിജ്യ മണ്ഡലം കടുത്ത ആശങ്കയിലാണ്. ഏഷ്യ- പസ്ഫിക്ക് വിപണിയിൽ നിന്ന് തങ്ങൾ പുറന്തള്ളപ്പെട്ടേക്കുമെന്ന സാദ്ധ്യതയാണ് അമേരിക്കൻ വാണിജ്യ മണ്ഡലത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

ആർസിഇപി ഉടമ്പടിയിൽ നിന്ന് വിപണി – സാമ്പത്തിക താല്പര്യങ്ങൾ മാത്രമല്ല തന്ത്രപ്രധാന താല്പര്യങ്ങളും ചൈന സംസ്ഥാപിച്ചെടുക്കും. ഈ ബോധ്യമാകട്ടെ അമേരിക്കൻ ആശങ്കയെ ആളികത്തിക്കുന്നുണ്ടുതാനും. എന്നിട്ടും ഉടമ്പടിയിൽ അമേരിക്കൻ അംഗത്വമെന്നതിൽ വാഷിങ്ടൺ ഇനിയും ചിന്തിക്കുന്നില്ല. അമേരിക്കൻ വ്യാവസായിക സമൂഹത്തിന് ഇക്കാര്യത്തിൽ പക്ഷേ ആശങ്കയില്ലാതില്ല.

ആഗോള തലത്തിൽ സുപ്രധാനമായ വാണിജ്യ – വ്യാപാര ചട്ടക്കൂടെന്ന് അടയാളപ്പെടുത്തുകയാണ് ആർസിഇപിയും ട്രാൻസ് പസ്ഫിക്ക് പാർട്ണർഷിപ്പ് (ടിപിപി). ഈ ഇരു സ്വതന്ത്ര വാണിജ്യ – വ്യാപാര വേദികളിൽ വാഷിങ്ടണിൻ്റെ സാന്നിദ്ധ്യമില്ലാതെപോയത് അമേരിക്കൻ വാണിജ്യ-വ്യാവസായിക സമൂഹത്തെ അലോസരപ്പെടുത്തുന്നു.

ട്രംപ് ഭരണകൂടം ചൈനയുടെ നൈതികതയില്ലാത്ത വ്യാപാര രീതികൾക്കെതിരെവ്യാപാര യുദ്ധത്തിലേർപ്പെട്ടു. അതുമൂലമുണ്ടായ അമേരിക്കൻ വ്യാപാര നഷ്ടം പക്ഷേ മറ്റു ഏഷ്യൻ വിപണികളിൽ നിന്ന് നികത്തിയെടുക്കുന്നതിനായ് പരിമിതമായ അവസരമാണ് അമേരിക്കൻ കയറ്റുമതിക്കാർക്ക് ലഭിച്ചത്. ഈയൊരു കുറവ് കാണാതെ പോകരുതെന്നാണ് അമേരിക്കൻ വാണിജ്യ-വ്യാവസായിക മണ്ഡലം എക്സിക്യുട്ടിവ് വൈസ് പ്രസിഡൻ്റ് മൈറോൻ ബ്രില്യൻ്റ് പറയുന്നത്.

ടിപിപിയിൽ അമേരിക്കൻ സാന്നിദ്ധ്യമെന്നത് ഒബാമ ഭരണകൂടത്തിൻ്റെ തീരുമാനമായിരുന്നു. അമേരിക്കൻ സാമ്പത്തിക താല്പര്യ വ്യാപനത്തിന് ഏഷ്യൻവിപണി അനിവാര്യമെന്നതിൽ ഒബാമ ഭരണകൂടത്തിന് നന്നേ ബോധ്യമുണ്ടായിരുന്നു.

2017ൽ ട്രംപ് ഭരണകൂടം പക്ഷേ ടിപിപിയിൽ അമേരിക്ക തുടരേണ്ടതില്ലെന്ന തീരുമാനിച്ചു. അതേസമയം സമ്പന്നമായ ഏഷ്യൻ വിപണിയെ കൂടെ നിർത്തുന്നതിൻ്റെ ദിശയിൽ പുതിയ ഉടമ്പടികൾ ആവശ്യമെന്ന ബോധ്യം ട്രംപ് ഭരണകൂടത്തിൽ നിന്നുണ്ടായതുമില്ല.

ഒപ്പുവയ്ക്കപ്പെട്ടിട്ടുള്ള ആർസിഇപി ഉടമ്പടിക്ക് ന്യൂനതകളുണ്ട്. ഡിജിറ്റൽ വ്യാപാരം, നികുതിയേതര തടസ്സങ്ങൾ, ബൗദ്ധിക സ്വത്താവകാശ സംരക്ഷണം എന്നിവ സംബന്ധിച്ച അവ്യക്തതകൾ ആർസിഇപി ഉടമ്പടിയുടെ ന്യൂനതകളാണ്. അതിനാൽ അമേരിക്ക അതിൽ പങ്കാളിയാകണമെന്ന നിർദ്ദേശിക്കുന്നില്ല. അതേസമയം ആർസിഇപി ഉടമ്പടിയുടെ പശ്ചാത്തലത്തിൽ മേഖലയിലെ അമേരിക്കൻ വാണിജ്യ – വ്യാപാര സാന്നിദ്ധ്യമുറപ്പിയ്ക്കുന്നതിൻ്റെ ദിശയിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കപ്പെടേണ്ടതുണ്ട്. ഇല്ലെന്നുണ്ടെങ്കിൽ ലോക വളർച്ചയുടെ പ്രധാന എഞ്ചിനുകളിലൊന്നായ ഏഷ്യൻ വിപണി അമേരിക്കയില്ലാതെ തന്നെ പ്രവർത്തിക്കുമെന്നത് പുറത്തിരുന്ന് കാണേണ്ടിവരുമെന്ന അഭിപ്രായമാണ് ബ്രില്യൻ്റ് പങ്കുവയ്ക്കുന്നത്.

ഈ പതിറ്റാണ്ടുകളിൽ ഏഷ്യ-പസ്ഫിക്ക് വിപണിയിൽ അമേരിക്കൻ കയറ്റുമതി ഏറിയിട്ടുണ്ട്. എങ്കിലും വിപണിയിൽ അമേരിക്കൻ സ്ഥാപനങ്ങളുടെ പങ്ക് ചുരുങ്ങിയെന്നും ബ്രില്യൻ്റ് വ്യക്തമാക്കുന്നു. ഏഷ്യ -പസ്ഫിക്ക് വിപണിയുടെ പ്രാധാന്യം ബ്രില്യൻ്റ് കൃത്യമായി തിരിച്ചറിയുന്നുണ്ട്. മധ്യവർഗത്തിൻ്റെ പെരുക്കത്തിൽ ഏഷ്യ – പസഫിക്ക് വിപണി അഞ്ചു ശതമാനം വളർച്ചാ നിരക്ക് അടയാളപ്പെടുത്തുമെന്ന പ്രവചനത്തിലാണ് ബ്രില്യൻ്റ്.

ആർസിഇപിയിൽ നിന്നു വിട്ടുനിൽക്കുന്നത് അമേരിക്കക്ക് ആത്യന്തികമായി ദോഷമായി മാറുമെന്ന ആശങ്കയിൽ പൊതിഞ്ഞെടുത്തിട്ടുള്ളതാണ്അമേരിക്കൻ വാണിജ്യ-വ്യാവസായിക മണ്ഡലം എക്സിക്യുട്ടിവ് വൈസ് പ്രസിഡൻ്റ് മൈറോൻ ബ്രില്യൻ്റിൻ്റെ അഭിപ്രായങ്ങളെന്ന് വ്യക്തം.

 മൈറോൻ ബ്രില്യൻ്റ്
മൈറോൻ ബ്രില്യൻ്റ്

ദക്ഷിണ ചൈന കടൽ തർക്കം

ദക്ഷിണ ചൈന കടലിലെ ചൈനീസ് ആധിപത്യത്തിനെതിരെ ദക്ഷിണ – പൂർവ്വേഷ്യൻ രാഷ്ട്ര സംഘടനാ (ആസിയാൻ) അംഗ രാഷ്ട്രങ്ങൾ ഒറ്റക്കെട്ടാണ്. ശക്തമായ അമേരിക്കൻ പിന്തുണയിലാണ് ഇവർ ചൈനയുമായി കൊമ്പുകോർക്കുന്നത്. പക്ഷേ തർക്കം വേറെ. സാമ്പത്തിക താല്പര്യം വേറെ.

കേവലമൊരു തർക്കത്തിൻ്റെ പേരിൽ പക്ഷേ വിശാലമായ സാമ്പത്തിക താല്പര്യങ്ങൾ ബലികഴിക്കുന്നത് ബുദ്ധിശൂന്യതയായിരിക്കുമെന്ന സമ്പദ് ശാസ്ത്രാധിഷ്ഠിത തന്ത്രങ്ങൾക്കാണ് ചൈനയുമായി നിരന്തരം ദക്ഷിണ ചൈനാക്കടൽ ഉടമസ്ഥതാ തർക്കത്തിലേർപ്പെട്ടിരിക്കുന്ന ആസിയാൻ രാഷ്ട്രങ്ങൾ മുൻതൂക്കം നൽകുന്നത്. തർക്കമല്ല വിശാല സാമ്പത്തിക താല്പര്യങ്ങളാണ് മുഖ്യം. കലഹിച്ചു നിൽക്കുമ്പോഴും ആർസിഇപി സാക്ഷാത്കരിക്കപ്പെട്ടതിനു പിന്നിൽ പ്രതിപ്രവർത്തിച്ച സാമ്പത്തിക ശാസ്ത്രം.

ഇന്ത്യൻ നിലപാട്

മേഖലയിലെ ചൈനീസ് ആധിപത്യ ശ്രമങ്ങളെ ചെറുക്കുമെന്ന് നാഴികക്ക് നാല്പതുവട്ടം വീമ്പു പറയുന്നതിൽ ഇന്ത്യക്ക് ഏറെ മിടുക്ക്. എന്നാൽ ആർസിഇപി ഉടമ്പടി സൃഷ്ടിക്കാനിടയുള്ള വിപണി അസന്തുലിതാവസ്ഥയെപ്രതി ഇന്ത്യ ആഴത്തിൽ ചിന്തിയ്ക്കാതെ പോയതിൻ്റെ വലിയ പിഴ കൂടി അടയാളപ്പെടുത്തുന്ന ദിനമായി 2020 നവംബർ 15.

ഇന്ത്യ ആർസിഇപിയിൽ പങ്കാളിയാകാതെപോയതിന് പിന്നിൽ പ്രതിപ്രവർത്തിച്ച സാമ്പത്തിക ശാസ്ത്രമെന്തെന്ന് ഇനിയും വ്യക്തമാകുന്നില്ല. ഇന്ത്യ – യു എസ് വിദേശ – പ്രതിരോധ മന്ത്രിതല ടു പ്ലസ് ടു ചർച്ചകളിലെ ചേരുവകളിലൊന്നാണ് ഇന്ത്യ – പസ്ഫിക്ക് രാഷ്ട്ര സഹകരണം. ഈ മേഖലയിലെ ചൈനീസ് ആധിപത്യത്തിന് തടയിടുവാനുള്ള സാധ്യതകളും ടു പ്ലസ് ടു ചർച്ചകളിൽ ഇന്ത്യയും യുഎസും ലക്ഷ്യംവയ്ക്കുന്നുണ്ട്.

ഇന്ത്യ – ചൈന ലഡാക്ക് അതിർത്തിതർക്ക പശ്ചാത്തലത്തിൽ ചൈനയുൾപ്പെടുന്ന ആർസിഇപി തങ്ങൾക്ക് വേണ്ടായെന്നതാണോ ഇന്ത്യൻ നിലപാട്? അങ്ങനെയെങ്കിലത് രാജ്യത്തിൻ്റെ ദീർഘകാല സാമ്പത്തിക താല്പര്യ സാധൂകരണത്തിന് തടസ്സമാകാതിരിക്കില്ലെന്നുവേണം പറയാൻ. കാണാചരടുകളുള്ള വ്യവസ്ഥകളിൽ ആർഇസിപി അധിഷ്ഠിതമെങ്കിൽ ഇന്ത്യ പൊടുന്നനെ പങ്കാളിയാകണമെന്നതിൽ ശരിക്കേടുണ്ടാകാം. അപ്പോൾപോലും വ്യവസ്ഥകളെ തങ്ങളുടെ താല്പര്യങ്ങളിലേക്ക് മാറ്റിയെടുക്കുന്ന നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ ഇന്ത്യയ്ക്കാകണം. ആഗോള വ്യാപാര സംഘടനയുടെ ദോഹ റൗണ്ട് ചർച്ചകളിലുൾപ്പെടെ ഈ സാധ്യതകൾ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടുള്ളതാണുതാനും.

ടു പ്ലസ് ടു ചർച്ച
ടു പ്ലസ് ടു ചർച്ച

കരാറിലെ കക്ഷികൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചെടുക്കുന്നതിനായ് പരമാവധി പരിശ്രമിക്കുമെന്നത് സ്വഭാവികം.കരാറുകൾ രൂപംകൊള്ളുന്നത് വിട്ടുവീഴ്ചകളിൽ നിന്നാണ്. നിലവിലെ തർക്കങ്ങളിൽ പോലും വീട്ടുവീഴ്ചകൾ! ദക്ഷിണ ചൈന കടൽ തർക്കത്തിലേർപ്പെടുന്നവർ തമ്മിലാണ് ആർസിഇപിയെന്നത് പ്രത്യേകം ശ്രദ്ധേയം.

കേവലം ചൈനീസ് അതിർത്തി തർക്കത്തിൽ കൂട്ടികെട്ടി ഏഷ്യ – പസ്ഫിക്ക് 15 അംഗ രാഷ്ട്ര അതിസമ്പന്ന വിപണിയിൽ ഇന്ത്യൻ സാന്നിദ്ധ്യം വേണ്ടെന്നുവയ്ക്കണോ? അതല്ലെങ്കിൽ പരിമിതിപ്പെടുത്തണോ? ഈ ദിശയിൽ ആഴത്തിലുള്ള സാമ്പത്തിക ശാസ്ത്രാധിഷ്ഠിത ആലോചനകളും പുനരാലോചനകളും ആവശ്യപ്പെടുന്നുണ്ട്. ഇതിന് ന്യുഡൽഹി തയ്യാറാകണം.

ന്യൂഡൽഹി തയ്യാറായില്ലെങ്കിലത് ആത്യന്തികമായി ഏഷ്യ – പസ്ഫിക്ക് മേഖലയിൽ ഇനിയും ചൈനീസ് അപ്രമാദത്തിന് വളം വച്ചുകൊടുക്കുന്നതിന് തുല്യമാകും. സമ്പന്നമായ ഏഷ്യ-പസ്ഫിക്ക് വിപണി നഷ്ടപ്പെടുത്തുകയെന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് അനുഗുണമാകില്ലെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്.

 ഉപഭോക്താക്കളുടെ താല്പര്യമെന്ത്?
ആർസിഇപി പ്രാരംഭ ചർച്ചകളിൽ ഇന്ത്യ സജീവ പങ്കാളിയായിരുന്നു. 2019 ൽ പക്ഷേ ഇന്ത്യ പിന്മാറുകയായിരിന്നു.
രാഷട്രീയ പാർട്ടികളുടെയും വ്യാവസായിക സംഘടനകളുടെയും ഭിന്നസ്വരമാണ് ആർസിഇപിയിൽ പങ്കാളിയാകേണ്ടതില്ലെന്ന ഇന്ത്യൻ തീരുമാനത്തിന് നിദാനമായത്. താരിഫുകളിലെ ഇളവുകളുടെ ആനുകൂല്യത്തിൽ ആർസിഇപി അംഗ രാഷ്ട്രങ്ങൾ ഇന്ത്യൻ വിപണിയെ അപ്പാടെ വിഴുങ്ങി
യേക്കുമെന്നതാണ് ഇന്ത്യൻ എതിർപ്പിന് ആധാരം. ഇതേ ആനുകൂല്യം അതിസമ്പന്നവും വാങ്ങൽ ശേഷിയിൽ ഒട്ടും മോശമല്ലാത്തതുമായ  14 ആർസിഇപി അംഗ രാഷ്ട്രങ്ങളുടെ വിപണികളിൽ നിന്ന് ഇന്ത്യയ്ക്കും ലഭ്യമാകാതെ പോകില്ല. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടു മാകാമല്ലോ.
വ്യാപാര കമ്മിയെ ഭയപ്പെട്ട് ഇന്ത്യ ആർസിഇപിയിൽ നിന്ന്
പിന്മാറുന്നുവെന്നത് അഭികാമ്യമാകില്ല. തുറന്നുകിട്ടുന്ന വൈദേശിക വിപണിയുടെ സ്വഭാവത്തിനു വിധേയമായി മേക്ക് ഇൻ ഇന്ത്യ സാധ്യതകൾ പരമാവധി ഉപയുക്തമാക്കി 100 ശതമാനം കയറ്റുമതിയിഷ്ഠിത ഉല്പാദന യൂണിറ്റുക (ഇഒയു) ളുടെ സാധ്യതകൾ തേടണം. വ്യാപാര കമ്മിയെ കയറ്റുമതികൊണ്ട് മറികടക്കുവാനാകുന്ന ഉല്പാദനാന്തരീക്ഷം സജ്ജമാക്കുന്ന സാമ്പത്തിക പ്രിക്രയകൾക്ക് ഇന്ത്യ ഊന്നൽ നൽകണം.  
വിപണി ആരുടെയാണ്? ഉപഭോക്താവിൻ്റെ യാണോ? ഉല്പാദകരുടെയാണോ?
ആത്യന്തികമായി ഉപഭോക്താവിൻ്റേതാണ് വിപണിയെന്ന് തീരുമാനി
ക്കപ്പെടുന്നിടതായിരിയ്ക്കണം ആർസിഇപിയിലെ ഇന്ത്യൻ പങ്കാളിത്തമുറപ്പിയ്ക്കപ്പെടേണ്ടത്.
ഇന്ത്യൻ ഉല്പാദകർക്ക് വേണ്ടി മാത്രം അതിവിപുല ഇന്ത്യൻ വിപണിയെ വിട്ടുകൊടുക്കുകയെന്നത് ഇന്ത്യൻ ഉപഭോക്താവിൻ്റെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമല്ലാതാവില്ല.
താരതമേന്യ വില കുറവിൽ വൈദേശിക ഉല്പന്നങ്ങളും സേവനങ്ങളും ദശലക്ഷകണക്കിന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രാപ്യമാകുന്ന അവസ്ഥ നിഷേധിക്കപ്പെടേണ്ടതുണ്ടോ
യെന്നതും ചിന്തിയ്ക്കാതെ പോകരുത്. വില കുറവിൽ ചൈനീസ് മൊബൈൽ ഫോണുകൾ ഇന്ത്യൻ വിപണികളിൽ ലഭ്യമാക്കപ്പെട്ട
തോടെയാണ് കൊട്ടിഘോഷിക്ക
പ്പെട്ട ഇന്ത്യൻ ഡിജിറ്റൽ വൽക്കരണത്തിന് വഴിയൊരുങ്ങിയത്. ഈ വസ്തുത  വിസ്മരിയ്ക്കപ്പെടേണ്ടതല്ല.
വിപണി മത്സരാധിഷ്ഠിതമാകട്ടെ. സ്വതന്ത്ര വിപണിയുടെ ആത്യന്തിക ഗുണഭോക്താവ് ഉപഭോക്താവെന്ന
താകേണ്ടതുണ്ട്.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…