ലോകം ചൈനയുടെ കടക്കെണിയിലാണ്

ലോകം ചൈനയുടെ കടക്കെണിയിലാണ്

This paper has also been posted on anweshanam.com

Kk Sreenivasan

 

ലോകബാങ്ക്,ഐഎംഎഫ്), എഡിബി തുടങ്ങിയ ഏജൻസികൾ വായ്പ അനുവദിക്കുന്നതിൽ അനുവർത്തിക്കുന്ന രീതിശാസ്ത്രത്തെ പൊളിച്ചെഴുതിയാണ് ചൈന തങ്ങളുടെ ധനമൂലധനം കടമായും നിക്ഷേപമായും രാഷ്ട്രങ്ങൾക്കായി വാരി…..

the world is in the Chinese debt-trap…KK sreenivasan writes

 

ലോകം കടക്കെണിയിലാണ്. ആരാണ് ലോകത്തെ കടക്കെണിയിലകപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഉത്തരം എളുപ്പം. ചൈന. കമ്മ്യൂണിസത്തിൻ്റെ പൊയ്മുഖത്തിൽ മൈത്രി മുതലാളിത്തത്തിലേറി ടെക് മുതലാളിത്തത്തിൽ അഭിരമിക്കുന്ന ചൈനയാണ് ലോകത്തെ കടക്കെണിയിൽ കുടുക്കിയത്. വർത്തമാനക്കാല ലോകം ചൈനയുടെ പിടിയിലാണ്. ലോകം ചൈനയുടെ കൈപ്പിടിയിലെത്തിയതെങ്ങനെയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ശീതയുദ്ധ വേളയിൽ ലോകം രണ്ടു ശാക്തിക ചേരിയിൽ. അമേരിക്ക. സോവിയറ്റ് യൂണിയൻ. ഈ ഇരുചേരികളുടെ തണലിലായിരുന്നു രാഷ്ട്രങ്ങൾ. ഇരു ധ്രുവ ലോകം. ബഹുധ്രുവ ലോകമെന്നത് പൊതുവെ അന്യമായിരുന്ന കാലം. പക്ഷേ ചേരികളില്ലെന്ന വാദമുയർത്തി ഒരു ചെറുപക്ഷം ചേരിചേരാ രാഷ്ട്രങ്ങളെന്ന ബാനർ ഉയർത്തി. ഈ ചേരിയില്ലാ രാഷ്ട്രങ്ങൾ പക്ഷേ സോവിയറ്റ് ചേരിയിലേക്ക് പലപ്പോഴും ഒളിച്ചുകടക്കുന്ന കാഴ്ച രാജ്യാന്തര രാഷ്ട്രീയത്തിലും സമ്പർക്കത്തിലും കണ്ടു.

സൈനിക ബന്ധം. ആയുധ കച്ചവടം. ഇതായിരുന്നു പൊതുവെ ഇരു ധ്രുവ ലോകത്തിൻ്റെ മുഖമുദ്ര. ശാക്തികസംതുലനാവസ്ഥയിലെത്തുകയെന്നതായി പക്ഷങ്ങളിൽ അണിനിരന്ന രാഷ്ട്രങ്ങളുടെ ഊന്നൽ.

ശാക്തിക ബലാബലം ഊട്ടിയുറപ്പിക്കുന്നതിൻ്റെ മുഖ്യ മാനദണ്ഡം ആയുധ സംഭരണം. സൈനിക ശേഷി പോഷിപ്പിക്കുന്നതിനായി ആയുധ പന്തയത്തിലേർപ്പെട്ട ലോകം. രാഷ്ട്രങ്ങളുടെ ആയുധപുരകളിൽ പാരമ്പര്യ- പരമ്പര്യേതര ആയുധങ്ങൾ കുന്നുകൂട്ടി. ഇരു ധ്രുവ ലോകക്രമത്തിൻ്റെ നേതൃ രാഷ്ട്രങ്ങൾ തങ്ങളുടെ പക്ഷത്ത് അണിനിരന്നവരെ പരമാവധി ആയുധവൽക്കരിച്ചു. പക്ഷംപിടിച്ച രാഷ്ട്രങ്ങളുടെ ദേശീയ ബജറ്റിൻ്റെ സിംഹഭാഗവും ആയുധങ്ങൾ വാങ്ങികൂട്ടാൻ ചെലവഴിച്ചു.

ശീതയുദ്ധത്തിൻ്റെ പ്രയോക്താക്കൾ ആയുധ കച്ചവടത്തിൻ്റെ ഗുണഭോക്താക്കളായി. ആയുധ ശേഖരത്തിൽ പ്രാമുഖ്യം നൽകി വികസനം വഴിമുട്ടിയവർക്ക് മൂന്നാം ലോകമെന്നു പേര് വീണു. മൂന്നാം ലോകത്തിൻ്റെ സമ്പദ് വ്യവസ്ഥ വളർന്നില്ല. തളർന്നു.

അമേരിക്കൻ- സോവിയറ്റ് യൂണിയൻ ചേരികളിൽ അണിചേർന്ന രാഷ്ട്രങ്ങൾക്ക് ഈ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധമെന്നത് പൊതുവെ തന്ത്രപ്രധാന സൈനിക ബാന്ധവമായിരുന്നു. കൂട്ടാളികളുടെ വികസനോന്മുഖ ലക്ഷ്യത്തിലൂന്നിയുള്ള സാമ്പത്തിക ബന്ധത്തിന് കാര്യമായ ഊന്നൽ നൽകുന്നതിൽ ഇരുധ്രുവ ലോക നേതൃത്വങ്ങൾ ശ്രദ്ധിച്ചതേയില്ല.

ഇരു ധ്രുവ ലോക നേതാക്കൾ രൂപപ്പെടുത്തിയ സൈനികവൽക്കരണത്തിൽ കെട്ടിപൂട്ടിയ സാമ്പത്തിക ബാന്ധവങ്ങൾ. സാമ്പത്തിക ഇടപ്പാടുകൾ. പകരം സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് സഹായകരമാകുന്ന സാമ്പത്തിക ബാന്ധവങ്ങൾക്കായ്, സഹായങ്ങൾക്കായ് ഇരുധ്രുവ ലോക ചേരികളിലകപ്പെട്ടുപോയ രാഷ്ട്രങ്ങൾ കാത്തിരുന്നു. കാത്തിരിപ്പ് വിഫലമായില്ല.

സോവിയറ്റ് യൂണിയൻ്റെ അധ:പതനം

80’കളുടെ അന്ത്യം. 90’കളുടെ തുടക്കം. കീഴ്മേൽമറിഞ്ഞ രാജ്യാന്തര രാഷ്ട്രീയം. ഇരു ധ്രുവ ലോകത്തിൻ്റെ ഒരു ധ്രുവത്തിൽ നിന്ന് സോവിയറ്റ് യൂണിയൻ വീണു. അവസരം മുതലെടുത്ത് ഏകധ്രുവ ലോകം സൃഷ്ടിക്കുകയെന്നതായി അമേരിക്കൻ ലക്ഷ്യം. ആഗോള സൂപ്പർ പവറെന്നതിൽ നിന്ന് ആഗോള സുപ്രീം പവറെന്നതായി അമേരിക്കൻ ഉന്നം. സോവിയറ്റ് യൂണിയൻ്റെ അധഃപതനത്തിന് അകമ്പടിയായെത്തിയ ആഗോളവൽക്കരണവും ഉദാരവൽക്കരണവും പക്ഷേ ആഗോള സുപ്രീം പവറെന്ന അമേരിക്കൻ ലക്ഷ്യത്തെ തകിടംമറിച്ചു.

‘പൂച്ച കറുത്തതായാലും വെളുത്തതായാലും വേണ്ടില്ല എലിയെ പിടിച്ചാൽ മതി’ യെന്ന നിലപാടുമായെത്തിയ ഡെങ് സിയോ പിങിൻ്റെ കീഴിലായി ചൈന. ഡെങിൻ്റ കമ്യൂണിസ്റ്റ് പാർട്ടി ഏകാധിപത്യ ഭരണം ചൈനയുടെ അളവറ്റ മാനവ വിഭവശേഷിയെ കുറഞ്ഞകൂലി തൊഴിൽപ്പടയാക്കി. പരമ്പരാഗത മുതലാളിത്ത പടിഞ്ഞാറൻ രാഷ്ട്രങ്ങളിൽ നിന്നുള്ള വമ്പൻ കമ്പനികൾ ബില്യൺ കണക്കിനു നിക്ഷേവുമായി ചൈനീസ് മണ്ണിലെത്തി. ചൈന ലോകത്തിൻ്റെ നിക്ഷേപക ഹബായി.

 ഡെങ് സിയോ പിങ്
ഡെങ് സിയോ പിങ്

കുറഞ്ഞകൂലിയിൽ വൻ മാനവ വിഭവശേഷി സജ്ജമാക്കിയ ചൈനീസ് ഭരണകൂടത്തിന് സ്തുതി. കുറഞ്ഞകൂലി മാനവ വിഭവശേഷി ശേഖരം വിറ്റ് ചൈന വളർന്നോണം വളർന്നു. കമ്യൂണിസ്റ്റ് ചൈനയിൽ തൊഴിലാളിവർഗ അദ്ധ്വാന പ്രതിഫലത്തിന്മേലുള്ള വിലപേശലിൻ്റെ കൂമ്പ് നുള്ളിയെടുക്കപ്പെട്ടു.

കമ്യൂണിസ്റ്റ് പൊയ്മുഖത്തിൽ മൈത്രി മുതലാളിത്തം രൂപപ്പെടുത്തിയെടുത്തു. ചൈനീസ് സമ്പത്ത് പെരുകി. പരമ്പരാഗത പാശ്ചാത്യ മുതലാളിത്തത്തിൻ്റെ ചെലവിൽ ലോക സാമ്പത്തിക ശക്തി അമേരിക്കയെ മറികടന്ന് വളർച്ചയുടെ ഉച്ഛസ്ഥായിയിലെത്തി ചൈന. ആഭ്യന്തര വിനിയോഗത്തിനു ശേഷവും ധനമൂലധന സമ്പത്ത് ആവോളം കുമിഞ്ഞുകൂടി. വിവര വിജ്ഞാന സാങ്കേതിക വിദ്യാവിസ്ഫോടനത്തോടെ ചൈന ടെക് മുതലാളിത്തത്തിലേറി. ചൈനയുടെ സമ്പത്തിൻ്റെ ഗ്രാഫ് നാൾക്കുനാൾ കുതിച്ചു.

വെഞ്ചർ ക്യാപ്പിറ്റൽ

കുമിഞ്ഞുകൂടിയ ധനമൂലധനം കയറ്റുമതി ചെയ്യുകയെന്നതായി. ചൈനീസ് സംരംഭകത്വ മൂലധനം (വെഞ്ചർ ക്യാപ്പിറ്റൽ) സംരംഭകരെ തേടിയെത്തി. സ്റ്റാർട്ടപ്പ് എന്ന സംരഭകത്വ സംസ്കാരം. വ്യവസായങ്ങൾ ഏറ്റെടുക്കൽ. മുരടിച്ചുനിന്ന വ്യവസായ സ്ഥാപനങ്ങളെ പുത്തൻ സാങ്കേതിക വിദ്യയിലേക്ക് ഉയർത്തുന്നതിനായ് ചൈന തങ്ങളുടെ കയ്യിൽ പെരുകിയ സമ്പത്ത് വാരിയെറിഞ്ഞു.

സംരംഭം തുടങ്ങാൻ ആശയം മാത്രം പോര. മൂലധനം വേണം. മൂലധനത്തിനായ് രാജ്യത്തെ സാമ്പ്രദായിക ബാങ്കിങ് സ്ഥാപനങ്ങളെ സമീപിക്കണം. മൂലധന സമാഹരണ കടമ്പകളേറെ. എന്നാൽ വ്യവസ്ഥകളോടെ ചൈനീസ് ധനമൂലധനം യഥേഷ്ടം സ്റ്റാർട്ടപ്പുകളിലും വ്യവസായ ഏറ്റെടുക്കലുകളിലും ഒഴുകിയെത്തി.

വ്യവസ്ഥ മറ്റൊന്നുമല്ല. സ്റ്റാർട്ടപ്പ് പച്ചപിടിക്കുന്നതോടെ അതിൽ കുറഞ്ഞത് 50 ശതമാന ഓഹരി പങ്കാളിത്തമെന്നതായി അനുവദിക്കപ്പെടുന്ന ചൈനീസ് മൂലധനത്തിന്മേലുള്ള വ്യവസ്ഥ. സംരഭകത്വ മൂലധന വായ്പയിൽ നിന്ന് പ്രതിവർഷം 25- 30 ശതമാനം റിട്ടേൺ ചൈനീസ് ലക്ഷ്യം.

ചൈനയിൽ 14000 റജിസ്ട്രർ ചെയ്യപ്പെട്ട സംരംഭകത്വ മൂലധന സ്ഥാപനങ്ങൾ. ഇവയിൽ 10 സ്ഥാപനങ്ങൾ മുഖ്യം. യുഎസിൽ ഇത്രത്തോളമില്ല. 2019 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്ത് 400 പ്രധാനപ്പെട്ട സംരംഭകത്വ മൂലധന സ്ഥാപനങ്ങൾ. ചൈനയിൽ 180. അമേരിക്കയിൽ 179 ഉം [i] .

കടം കൊടുക്കുന്ന ചൈന

അമേരിക്കൻ- സോവിയറ്റ് യൂണിയൻ ധനമൂലധന കയറ്റുമതികളെ അപ്പാടെ നിഷ്ഫലവും അപ്രസക്തവുമാക്കുന്നതായി ചൈനീസ് ധനമൂലധന കയറ്റുമതി. രാജ്യാന്തര തലത്തിൽ രാഷ്ട്രങ്ങൾക്ക് കടം അനുവദിക്കുന്ന ലോകബാങ്ക്, അന്തർദേശീയ നാണ്യനിധി (ഐഎംഎഫ്), ഏഷ്യൻ ഡവല്പമെൻ്റ് ബാങ്ക് (എഡിബി) തുടങ്ങിയ സാമ്പത്തിക ഏജൻസികളെ കടത്തിവെട്ടുന്ന വായ്പാദാതാക്കളായി ചൈന. ഈ പരമ്പരാഗത ധനകാര്യ ഏജൻസികൾ ദേശീയ സർക്കാരുകൾക്കാണ് വായ്പ അനുവദിക്കുന്നത്.

അനുവദിക്കപ്പെടുന്ന വായ്പ എങ്ങനെ, എവിടെ, എപ്പോൾ ഉപയോഗിക്കണമെന്ന മാർഗ നിർദ്ദേശങ്ങളും കർമ്മ പരിപാടികൾക്കുമൊപ്പമാണ് ഈ പരമ്പരാഗത ധനകാര്യ ഏജൻസികൾ വായ്പകൾ അനുവദിക്കുക. ഈ ഏജൻസികൾ സഹായം/വായ്പ അനുവദിക്കുന്നതിൽ അനുവർത്തിക്കുന്ന രീതിശാസ്ത്രത്തെ പൊളിച്ചെഴുതിയാണ് ചൈന തങ്ങളുടെ ധനമൂലധനം കടമായും നിക്ഷേപമായും രാഷ്ട്രങ്ങൾക്കായി വാരിവിതറിയത്.

ആഗോള ജിഡിപിയുടെ അഞ്ചു ശതമാനത്തെക്കാൾ കൂടുതൽ ചൈന കടം കൊടുത്തിട്ടുണ്ട്. ലോകത്താകമാനം ചൈനീസ് ഭരണകൂടവും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് 1.5 ട്രില്യൺ യുഎസ് ഡോളർ പ്രത്യക്ഷ വായ്പ അനുവദിച്ചിട്ടുണ്ട്[ii] . ആഗോളതലത്തിൽ 150 ലധികം രാഷ്ട്രങ്ങൾ ചൈനയുടെ കടക്കാരാണ്. അടിസ്ഥാന സൗകര്യം, ഊർജ്ജോല്പാദനം, ഖനനം തുടങ്ങിയ മേഖലകളിലാണ് ചൈന വൻതോതിൽ മുതൽമുടക്ക് നടത്തിയിട്ടുള്ളത്. നിക്ഷേപമായും വായ്പയുമാണ് ചൈനീസ് ധന മൂലധന വിനിയോഗം.

ചൈനീസ് വായ്പാ സ്വീകർത്താക്കളെപ്രതിയുള്ള വിവര ശേഖരം പൊതുമണ്ഡലത്തിൽ നിന്നു ക്രോഡീകരിക്കുകയെന്നത് എളുപ്പമല്ല. മൂഡീസ്, സ്റ്റാൻ്റേഡ് ആൻ്റ് പുവേഴ്‌സ് തുടങ്ങി രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസികളാണ് ഇത്തരം വിവര ശേഖരണം നടത്തുന്നവർ. ഇവരുടെയൊന്നും പക്കൽ പക്ഷേ ചൈന നൽകിയിട്ടുള്ള വായ്പയുടെ വലുപ്പം സംബന്ധിച്ച വിവര ശേഖരങ്ങളില്ല.

രാജ്യാന്തര തലത്തിൽ വായ്പാ ദാതാക്കളായ രാഷ്ട്രങ്ങളുടെയും ധനകാര്യ ഏജൻസികളുടെയും വായ്പാ സ്വീകർത്താക്കളുടെയും വിവരശേഖരം സൂക്ഷിക്കുന്ന പാരീസ് ക്ലബ്ബിൽ ചൈന അംഗമല്ലെന്നത് ചൈന നൽകിയ വായ്പ വിവര ശേഖരത്തെ എളുപ്പമല്ലാതാക്കുന്നു. അക്കാദമിക്ക് ഇൻസ്റ്റിറ്റ്യൂട്ടുകൾ, തിങ്ക്-ടാങ്കുകൾ, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സെന്‍ട്രൽ ഇൻ്റലിജൻസ് ഏജൻസി പോലുള്ള സർക്കാർ പ്രായോജക രഹസ്യാന്വേഷണ ഏജൻസികൾ തുടങ്ങിയവയിൽ നിന്നാണ് ചൈന നൽകിയിട്ടുള്ള വായ്പാ വിവരങ്ങൾ ഹാർവാർഡ് ബിസിനസ് റിവ്യു (എച്ച്ബിആർ) ക്രോഡീകരിച്ചത്.

വായ്പാകെണി നയതന്ത്രം

വായ്പാകെണി നയതന്ത്ര (ഡബറ്റ്- ‌ട്രാപ് ഡിപ്ലോമസി) പ്രയോക്താക്കളാണ് ചൈന [iii]. ചൂണ്ടയിട്ട് ഇരയെ പിടിക്കുന്ന രീതിശാസ്ത്രമായാണ് ചൈന കടം കൊടുക്കലുകളെ കാണുന്നതെന്ന ഡബറ്റ്- ‌ട്രാപ് ഡിപ്ലോമസിയെന്ന ആശയ ഉപജ്ഞാതാവും ഇന്ത്യൻ ഭൗമ- രാഷ്ട്രീയ തന്ത്രജ്ഞനും എഴുത്തക്കാരനുമായ ബ്രഹ്മ ചെല്ലാനിയുടെ അഭിപ്രായം ശ്രദ്ധേയം.

തന്ത്രപ്രധാന ആഗോള രാഷ്ടീയ- സാമ്പത്തിക താല്പര്യ സംസ്ഥാപനാർത്ഥമാണ് ചൈനീസ് കടം കൊടുക്കൽ. സ്വീകരിക്കപ്പെടുന്ന കടം തിരിച്ചുകൊടുക്കുവാനാകാത്ത അവസ്ഥ സൃഷ്ടിച്ചെടുക്കപ്പെടുന്നു. അതോടെ ചൈനയുടെ തന്ത്രപ്രധാന താല്പര്യങ്ങൾക്ക് നിന്നുകൊടുക്കുവാൻ വായ്പാ സ്വീകർത്താക്കളായ രാഷ്ട്രങ്ങൾ നിർബ്ബന്ധിക്കപ്പെടുന്നവസ്ഥ!

ഒരു ഡസനോളം രാഷ്ട്രങ്ങൾ പൂർണമായും ചൈനയുടെ കടക്കെണിയിലാണ്. ജിബൂട്ടി, ടോംഗ, മാലിദ്വീപ്, റിപ്പബ്ലിക് ഓഫ് കോംഗോ, കിർഗിസ്ഥാൻ, കംബോഡിയ, നൈഗർ, ലാവോസ്, സാംബിയ, സമോവ, വാനുവാടു, മംഗോളിയ എന്നീ രാഷ്ട്രങ്ങൾ അവരുടെ ജിഡിപിയുടെ 20 ശതമാനം ചൈനയോട് കടപ്പെട്ടിരിക്കുന്നുവെന്ന ദുരവസ്ഥ. രാഷ്ട്രത്തിൻ്റെ ജിഡിപിയെ പോലും കാർന്നുതിന്നുന്നതാണ് ചൈനീസ് ധനമൂലധനത്തിനുമേൽ ചുമത്തുന്ന പലിശ നിരക്ക്. ഈ ദിശയലൊരു ഉദാഹരണമാണ് ആഫ്രിക്കൻ ദ്വീപുസമൂഹ രാഷ്ട്രമായ ടോംഗ. ദക്ഷിണ ശാന്തസമുദ്ര മേഖലയിലെ ഈ രാജ്യത്തിൻ്റെ ജിഡിപിയുടെ 44ശതമാനവും ചൈനയോട് കടപ്പെട്ടിരിക്കുന്നു. മൊത്തം കടത്തിൻ്റെ മൂന്നിൽ രണ്ടു ഭാഗം ചൈന നൽകിയ കടം (https://www.reuters.com/article/us-pacific-tonga-debt/tonga-asks-china-to-restructure-heavy-debt-load-idUSKCN24O0IF). ചൈനീസ് വായ്പാ കടക്കെണിയിലകപ്പെട്ട് മുടിഞ്ഞുപോയ രാഷ്ട്രം!

ചൈനീസ്- ടോംഗ പതാകകള്‍
ചൈനീസ്- ടോംഗ പതാകകള്‍

ചൈനയുടെ വായ്പാകെണി നയതന്ത്രം വർത്തമാനകാല രാജ്യാന്തര രാഷ്ട്രീയ വേദികളിൽ ചർച്ചാവിഷയമാണ്. ചൈന തങ്ങളുടെ ബൽറ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ് (ബിആർഐ) പദ്ധതി ഉപയോഗിച്ചാണ് ലോകത്തെ കടക്കെണിയിലകപ്പെടുത്തുന്നത്.

ബൽറ്റ് ആൻ്റ് റോഡ്

കണക്കറ്റ സമ്പത്തിൻ്റെ പിൻബലത്തിൽ പുത്തൻ ചൈനീസ് സാമ്രാജ്യത്വ അധിനിവേശത്തിനുള്ള പാതയാണ് ചൈനീസ് സ്വപ്ന പദ്ധതി ബൽറ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ് (ബിആർഐ)/ മാരിടൈം സിൽക്ക് റൂട്ട് പദ്ധതി. ഈ പദ്ധതിയിലൂടെ ചൈന ധനമൂലധനം ഭൂഖണ്ഡാന്തര തലത്തിൽ കയറ്റുമതി ചെയ്യുകയാണ്. ദക്ഷിണ പൂർവ്വേഷ്യ, പേർഷ്യൻ ഗൾഫ്, വടക്കേ അമേരിക്ക, യുറോപ്പ്, ആഫ്രിക്കൻ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 71 രാഷ്ട്രങ്ങൾ പങ്കാളികൾ.

ഒരു ട്രില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതി ആഗോള ജിഡിപിയുടെ 30 ശതമാനം പങ്കുപറ്റി ലോകത്തിന്റെ പകുതിയോളം ജനസംഖ്യയെ ബന്ധിപ്പിക്കുന്നു. ഇതിനെതിരെ പക്ഷേ ആഗോള രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇതിനകം തന്നെ ആശങ്കകൾ ഉയർന്നിട്ടുണ്ട്. രാഷ്ട്രങ്ങളെ വായ്പാ കെണിയിലകപ്പെടുത്തുന്ന ചൈനീസ് നയതന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ വിലയിരുത്തലിനെ ശരിവയ്ക്കുംവിധമുള്ള റിപ്പോർട്ടുകൾ പ്രത്യേകിച്ചും ഇന്ത്യയുടെ തൊട്ടടുത്ത അയൽ രാഷ്ട്രങ്ങളിൽ നിന്നും കേൾക്കുന്നുണ്ട്‌.

നേപ്പാൾ, ശ്രീലങ്ക, ബർമ്മ, മാലിദ്വീപ്, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളും ബൽറ്റ് ആന്റ് റോഡ് പദ്ധതി പങ്കാളികൾ. കോടാനുകോടി ഡോളർ വായ്പകളാണ് ചൈന ഈ രാഷ്ട്രങ്ങൾക്ക് നൽകിയിട്ടുളളത്. ശ്രീലങ്കയും നേപ്പാളുമൊക്ക തിരിച്ചടവ് വീഴ്ചയിലകപ്പെട്ട് ചൈനീസ് അധിനിവേശത്തിലേക്ക് വഴുതിവീഴുകയാണ്. വായ്പാ തിരിച്ചടവ് വീഴ്ചയിലകപ്പെട്ടതോടെ ശ്രീലങ്കയുടെ 1.5 ബില്യൺ ഡോളർ ഹംബന്തോട്ട തുറമുഖ പദ്ധതി ഇതിനകം തന്നെ ചൈനയുടെ കൈപ്പിടിയിലായി.

ഹംബന്തോട്ട തുറമുഖം
ഹംബന്തോട്ട തുറമുഖം

നേപ്പാളും ചൈനീസ് വായ്പാ പട്ടികയിൽ. ഹിമാലയൻ മേഖലയിൽ ടിബറ്റൻ അതിർത്തി വരെ 72.25 കി.മീറ്ററിൽ റെയിൽപാതാ പദ്ധതി. നേപ്പാളിന്റെ വിനോദ സഞ്ചാര മേഖലക്കടക്കം ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് 2.4 ബില്യൺ ഡോളറിൻ്റെ ഈ റെയിൽ പദ്ധതി. പ്രതീക്ഷിക്കപ്പെടുമ്പോലെ പക്ഷേ പദ്ധതി വിജയകരമല്ല. അതിനാൽ വായ്പ തിരിച്ചടയ്ക്കാനാകാതെ ചൈനയുടെ കടകെണിയിൽ നേപ്പാളും അകപ്പെട്ടേക്കുമെന്ന ആശങ്കകൾ ഇപ്പോഴെ ശക്തിപ്പെട്ടിരിക്കുകയാണ് [iv] .

ബലൂച് തീവ്രവാദ കേന്ദ്രമായ ബലൂചിസ്ഥാനെയുൾപ്പെടുത്തി പാക്ക്– ചൈെന സ്വപ്ന പദ്ധതി പുരോഗമിക്കുകയാണ്. പ്രതിരോധ തന്ത്രപ്രധാന പാക് തുറമുഖം ഗ്വാദറിൽ നിന്നു തുടങ്ങി ചൈനയുടെ പടിഞ്ഞാറൻ മേഖല സിൻജിയാങിലെ കാഷ്ഗർവരെ വ്യാപിച്ചുകിടക്കുന്ന സാമ്പത്തിക ഇടനാഴിയാണ് ഈ പദ്ധതി. റോഡുകൾ, റെയിൽപ്പാതകൾ, എണ്ണ– പ്രകൃതി വാതക പൈപ്പ് ലൈൻ, വാർത്താവിനിമയ സൗകര്യവികസനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ബിആർഐയിലെ 62 ബില്യൺ ഡോളറിന്റെ ചൈന– പാക്ക് ഇക്കണോമിക്ക് കോറിഡോറി (സിപിഇസി ) ന്റെ ഭാഗമാണിത്. ചൈനയുടേതാണ് ഇതിന്റെ 80 ശതമാനം വായ്പയും.

പാകിസ്ഥാനിൽ നിർമ്മാണം പുരോഗമിക്കുന്ന ചൈനീസ് പദ്ധതികളിൽ ജോലി ചെയ്യുന്ന ചൈനകാർക്ക് വൻതുക ശമ്പളം[v]. പഞ്ചാബ് പ്രവിശ്യയിലെ മെട്രോ റെയിൽ പദ്ധതി ചൈനീസ് വായ്പയിലാണ് പണിതുയർത്തുന്നത്. ഇവിടെ ഒരേ തസ്തികയിൽ ജോലി ചെയ്യുന്നുവെങ്കിലും ചൈനക്കാരന് കൈനിറയെ ശമ്പളം. പാക് ജീവനക്കാരന് ശമ്പളം തുച്ഛം! ശമ്പളം നൽകുന്നതിലെ വേർതിരിവിനെതിരെ പാക് ജീവനക്കാർ പ്രതിഷേധ സ്വരമുയർത്തുന്നു. എങ്കിലുമത് പാക് അധികൃതർ വകവയ്ക്കുന്നതേയില്ല. പണം കടം നൽകിയ ചൈനക്കാരെ പാക് അധികാരികൾക്ക് പ്രീതിപ്പെടുത്താതെ വയ്യെന്ന അവസ്ഥ! കടം നൽകി രാഷ്ട്രങ്ങളെ കെണിയിലാക്കുന്ന ചൈനീസ് രീതി!

ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭൂപടം.
ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭൂപടം

ഇക്കണോമിക്ക് കോറിഡോറിൽ അഫ്ഗാനിസ്ഥാനെയുമുൾപ്പെടുത്തിയതോടെ അഫ്ഗാനും 50 ബില്യൺ ഡോളറിന്റെ ചൈനയുടെ വായ്പാ സ്വീകർത്താവായി. 7.3 ബില്യൺ ഡോളർ ക്വാക്ക് പ്യൂ ആഴക്കടൽ തുറമുഖ പദ്ധതി രാജ്യത്തെ വൻ കടകെണിയിലകപ്പെടുത്തുമെന്നതിനാൽ വായ്പ 1.3 ബില്യണാക്കി കുറക്കുവാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ബർമ്മീസ് ഭരണകൂടം. 2016 ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ ഡാക്ക സന്ദർശന വേളയിൽ വായ്പയടക്കമുള്ള 25 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവയ്ക്കപ്പെട്ടു. ഇതോടെ ബംഗ്ലാദേശും ചൈനയുടെ കടക്കാരായി.

മാലിദ്വീപ് പാടേ ചൈനീസ് ചൊൽപ്പടിയിലായി. അബ്ദുള്ള യമീൻ പ്രസിഡന്റായതോടെ ഇന്ത്യയുടെ പരമ്പരാഗത സഖ്യ രാജ്യം മാലിദ്വീപ് ചൈനീസ് പക്ഷത്ത്. ബിആർഐ പ്രകാരമുള്ള വൻകിട പദ്ധതികൾക്കായി 2.5 ബില്യൺ ഡോളർ വായ്പ മാലിദ്വീപ് ചൈനയിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. മാലിദ്വീപിന്റെ 70 ശതമാനം വായ്പകളും ചൈനയിൽ നിന്ന്. ഇതിലൂടെ മാലിദ്വിപിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ചൈനക്ക് അടിയറവെക്കപ്പെട്ടിരിക്കുന്നുവെന്നാണ് മുൻ പ്രസിഡന്റ് അബ്ദുൾ നഷിദ് ഉയർത്തുന്ന ആരോപണം[vi].

ദക്ഷിണേഷ്യയിലെ ഭൂട്ടാനെക്കൂടി സ്വാധീനിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാക്കുന്ന തിരക്കിലാണ് ചൈന[vii] . ഇതുകൂടി സാധ്യമാകുന്നിടത്ത് സാർക്ക് അംഗ രാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യ ഒറ്റപ്പെട്ടേക്കാം. അതോടെ സാർക്ക് രാഷ്ടങ്ങളുടെ പിൻബലത്തിൽ ചൈന ഇന്ത്യയെ വലയം ചെയ്യുന്നവസ്ഥ സംജാതമായേക്കാം.

also read :https://panancherynews.com/is-modis-foriegn-sucessfull/08/12/2018/

ബൽറ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ് (ബിആർഐ).
ബൽറ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ് 

ചൈനയുടെ ബിആർഐ/മാരിടൈം സിൽക്ക് റോഡ് പദ്ധതി ലോക ശ്രദ്ധയിലാണ്. ദക്ഷിണ- പുർവ്വേഷ്യ, ഇന്ത്യൻ ഉപ ഭൂഖണ്ഡം, അറേബ്യൻ ഉപ ദ്വീപ്, സോമാലിയ, ഈജിപ്ത് തുടങ്ങിയവയെ കണ്ണിചേർത്ത കടൽമാർഗമാണ് ചൈനീസ് മാരിടൈം സിൽക്ക് റോഡ്. സൗത്ത് ചൈന കടൽ, മലാക്ക ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, പേർഷ്യൻ ഗൾഫ്, ചെങ്കടൽ എന്നിവയടങ്ങുന്നതാണ് സിൽക്ക് റോഡ്. ഇന്ത്യൻ മഹാസമുദ്രം താണ്ടി ചെങ്കടൽ പിന്നിട്ട് സൂയസ് കനാലിലേക്ക് ചൈനീസ് നാവിക പാതയൊരുക്കുകയാണ് ഈ പദ്ധതി.

ഭൂഖണ്ഡാന്തര വാണിജ്യ– വ്യാപാര ബാന്ധവത്തിന്റെയും തന്ത്രപ്രധാന മേധാവിത്വത്തിന്റെയും പുതുപുത്തൻ കടൽ- കര മാർഗമാണ് ബിആർഐ പദ്ധതി ചൈനയ്ക്കായി തുറക്കുന്നത്.  പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ വൻകരയുടെ കഴിക്കൻ മുനമ്പിലെ രാജ്യമായ ജീബൂട്ടിയിൽ ചൈന അതിന്റെ ആദ്യ വൈദേശിക സൈനിക താവളത്തിന് 2017ൽ തുടക്കംകുറിച്ചുവെന്നത് ഏറെ ശ്രദ്ധേയം[viii]ആഗോള ശാക്തിക സന്തുലിതാവസ്ഥയിൽ അമേരിക്കയെ പോലും വെല്ലാവുന്ന ചൈനീസ് മേൽകൈ ശക്തിപ്പെടുന്നതിന്റെ അടയാളമായും മാറുകയാണ് ജിബൂട്ടി സൈനിക താവളവും ഇതോടൊപ്പം 3.5 ബില്യൺ ഡോളർ ചെലവിൽ 48 ചതുരശ്രര കിലോമീറ്ററിൽ പണിതുയർത്തപ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖലയും.

ജിബൂട്ടി സൈനിക താവളത്തില്‍ നിന്ന് യാത്രതിരിക്കുന്ന ചൈനീസ് നാവികര്‍.
ജിബൂട്ടി സൈനിക താവളത്തില്‍ നിന്ന് യാത്രതിരിക്കുന്ന ചൈനീസ് നാവികര്‍.

കൊറോണ വിഴുങ്ങിയ ഇറ്റലി

ചൈനീസ് ധനമൂലധന ശക്തിക്ക് വിധേയപ്പെട്ടുപോയ ആദ്യ പാശ്ചാത്യ മുതലാളിത്ത രാഷ്ട്രമായി ഇറ്റലി. ജി-7 ഗ്രൂപ്പിലെ ഇറ്റലി ചൈനയുടെ ബിആർഐ പങ്കാളിയായി. 2019 മാർച്ച് 23. ചൈനീസ് പ്രിസഡൻ്റ് ഷി ജിപിങ് റോമിലെത്തി. സർക്കാർ അധീന രാജകീയ അതിഥി മന്ദിരം വില്ല മാഡാമയിൽ ഇറ്റാലിയൻ പ്രീമിയർ ഗ്യൂസെപ്പെ കോണ്ടെയുടെ ആതിഥേയത്വത്തിൽ ബിആർഐ ധാരണാപത്ര ഒപ്പിടൽ ചടങ്ങ് പ്രൗഢ ഗംഭീരമായി. ചൈന ഇറ്റലിയുമായി ഒരേസമയം ഒപ്പിട്ടത് 50 ഉടമ്പടികളിൽ! സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടുകിടന്നിരുന്ന ഇറ്റലിയിൽ ചൈനീസ് ധനമൂലധന കുത്തൊഴുക്ക്.

2001ൽ ഇറ്റലിയുടെ വിദേശ വ്യാപാരം 6.9 ബില്യൺ യുഎസ് ഡോളർ. 2019 ലെത്തിയപ്പോള്‍ ഇത് 49.9 ബില്യൺ. ചൈനീസ് ബാന്ധവത്തിൻ്റെ പ്രതിഫലനം. ഇറ്റലിയുടെ വ്യാപാര കമ്മി പക്ഷേ 20.9 ബില്യൺ ഡോളറിലേക്ക് കുതിച്ചുവെന്നു മാത്രം. ചൈനയുടെ കയറ്റുമതി ഹബ്ബായി ഇറ്റലിയെ മാറ്റിയെടുത്തുവെന്നു ചുരുക്കം.

ആഗോള ഫേഷൻ കേന്ദ്രമാണ് ഇറ്റലി. ആഗോള ഫേഷൻ ബ്രാൻ്റുകൾ ഇറ്റാലിയൻ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകൾ. എന്നാൽ ഇറ്റലിയുടെ ഫേഷൻ ബ്രാൻ്റുകളുൾപ്പെടെ പ്രധാനപ്പെട്ട കമ്പനികളെല്ലാം ചൈനീസ് ഉടമസ്ഥതയിൽ[ix] .

മാരിടൈം സിൽക്ക് റോഡ് പദ്ധതിയിലെ ഇറ്റാലിയൻ പങ്കാളിത്തം അതിവേഗത്തിൽ  ഊട്ടിയുറപ്പിക്കുകയാണ് ചൈന. യൂറോപ്പിൻ്റെ തന്നെ തന്ത്രപ്രധാനമായ തുറമുഖമാണ് ഇറ്റലിയിലെ ട്രൈസ്റ്റെ. ഏഷ്യ- യൂറോപ്പ്- ആഫ്രിക്കൻ ഭൂഖണ്ഡങ്ങളെ വാണിജ്യ- വ്യാപാര വിപുലീകരണ ദിശയിൽ ബന്ധിപ്പിക്കുന്ന ചൈനീസ് നാവിക പാത– ട്രൈസ്റ്റെ തുറമുഖം.

ട്രൈസ്റ്റെ തുറമുഖം
ട്രൈസ്റ്റെ തുറമുഖം

യുറോപ്പിൻ്റെ പ്രതിരോധ തന്ത്രപ്രധാന തുറമുഖം കൂടിയാണ് ട്രൈസ്റ്റെ. ഈ തുറമുഖം ഇന്ന് ചൈനീസ് ഭരണകൂട പ്രായോജക ചൈനീസ് കമ്യുണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനി (സിസിസിസി) കൈവശത്തിലാണ്. പുരാതന വാണിജ്യ- വ്യാപാര ചരിത്രം പേറുന്ന ഇറ്റാലിയൻ ട്രൈസ്റ്റെ തുറമുഖം ചൈനീസ് അധീനതയിലാകുന്നതിനോട് അമേരിക്ക എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അത് പക്ഷേ ഇറ്റാലിയൻ സർക്കാർ ചെവികൊള്ളാതെ പോയി.

വർത്തമാനകാല ഇറ്റലിയിൽ 17.4 ബില്യൺ യുഎസ് ഡോളർ ( 15.9 ബില്യൺ യൂറോ)  ചൈനീസ് നിക്ഷേപം. ചൈനയുടെ പ്രധാനപ്പെട്ട 29 ലധികം പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇറ്റലിയിൽ അതിവേഗം പുരോഗമിക്കുകയാണ്. ചൈനീസ് പദ്ധതികളുമായി ബന്ധപ്പെട്ട് ചൈനീസ് ഉദ്യോഗസ്ഥരും തൊഴിലാളികളും ഇറ്റലിയിൽ യഥേഷ്ടം തമ്പടിക്കുന്നു. അവർ നിരന്തരം ഇറ്റലിയിൽ വരുന്നു. പോകുന്നു. 2019 ഡിസംബറിൽ ചൈനയിൽ കൊറോണ വൈറസു രോഗം റിപ്പോർട്ടു ചെയ്യപ്പട്ടു. അത് പക്ഷേ അവഗണിച്ച് ചൈനീസ് തൊഴിൽപ്പട ഇറ്റലിയിലെത്തി. കൊറോണ മഹാമാരി വിഴുങ്ങിയ ആദ്യ രാഷ്ട്രം ഇറ്റലിയെന്നവസ്ഥ സൃഷ്ടിച്ചതിന് കാരണക്കാരായി ചൈനക്കാർ.

also read…https://panancherynews.com/american-money-is-the-source-of-coronavirus/19/08/2020/

അമേരിക്ക ചൈനീസ് കടക്കെണിയിൽ

ഡെങ് സിയാ പിങിൻ്റ ചൈനയിൽ ആഗോള സാമ്പത്തിക മണ്ഡലം കണ്ടത് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കൈപ്പിടിയിലകപ്പെടുത്തുന്ന ചൈനീസ് സാമ്പത്തിക സിദ്ധാന്തങ്ങളും നയങ്ങളും സാമ്പത്തിക ശാസ്ത്ര പ്രയോഗവും. ചൈനീസ് കറൻസി (യുവാൻ) യുടെ മൂല്യം കുറച്ച് ഡോളറിൻ്റെ ആധിപത്യം ബോധപൂർവ്വം അനുവദിച്ചു. കുറഞ്ഞ വേതനത്തിൽ സുലഭമായ മാനവ വിഭവശേഷി. ഈ ചേരുവകൾ മുഖ്യമായും ചൈനയെ അമേരിക്കൻ കോർപ്പറേറ്റ് നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമാക്കി.

1990 ജൂൺ മുതൽ 2019 കാലയളവിൽ അമേരിക്കൻ നിക്ഷേപകരിൽ നിന്ന് ചൈനയിലെത്തിയത് 276.38 ബില്യൺ ഡോളർ[x] . അമേരിക്കയെ കയറ്റുമതി ഹബ്ബാക്കി മാറ്റിയതോടെ ലോകത്തിലെ കയറ്റുമതിയിധിഷ്ഠിത സമ്പദ് വ്യവസ്ഥയായി പടർന്നുപന്തലിച്ച ചൈനയുടെ വിദേശ വിനിമയ ശേഖരം 2020 മാർച്ചുവരെ ഏകദേശം മൂന്നു ട്രില്യൺ ഡോളർ[xi] . 2018ൽ 737.1 ബില്യൺ യുഎസ് ഡോളറിൻ്റെ ചരക്ക്- സേവന വ്യാപാര ഇടപാടുകളാണ് ചൈനയുമായി അമേരിക്ക നടത്തിയത്. ഇതിൽ അമേരിക്കൻ കയറ്റുമതി 179.3 ബില്യൺ ഡോളർ. ചൈനയിൽ നിന്നുള്ള ഇറക്കുമതിയാകട്ടെ 557.9 ബില്യൺ. അതായത് ചരക്ക് – സേവന വ്യാപാരത്തിൽ ചൈനയുമായി അമേരിക്കയ്ക്ക് 378.6 ബില്യൺ ഡോളർ വ്യാപാര കമ്മി[xii] . ചൈനീസ് വ്യാപാര മിച്ച ഗ്രാഫ് മുകളിലോട്ട്.

also read: https://panancherynews.com/im-sreenivasan-on-alleged-role-of-china-in-outbreak-of-coronavirus/26/07/2020/

ചൈനീസ് ഉല്പാദകരുടെ കൈകളിലെത്തുന്ന ബില്യൺ കണക്കിന് യുഎസ് ഡോളർ യുഎസ് കടപ്പത്രങ്ങളിലാണ് ചൈനീസ് സെന്‍ട്രൽ ബാങ്ക് നിക്ഷേപിച്ചിരിക്കുന്നത്. ലോകത്തിൻ്റെ ഏറ്റവും സുരക്ഷിത കരുതൽ നാണയ വ്യവസ്ഥയെന്ന നിലയിൽ യുഎസ് ഡോളറിൽ ചൈനീസ് നിക്ഷേപം. 2020 ഫെബ്രുവരി വരെ ചൈനയുമായി അമേരിക്കയുടെ കടബാധ്യത 1.09 ട്രില്യൺ ഡോളർ[xiii]. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക ചൈനയുടെ കടക്കാരാണ്! ചൈനക്ക് അമേരിക്കയെ ആവശ്യമുള്ളതിനെക്കാൾ അമേരിക്കക്ക് ചൈനയെ ആവശ്യമുണ്ടെന്ന പരമമായ യാഥാർത്ഥ്യമാണ് അമേരിക്ക ചൈനയുടെ കടക്കെണിയിലകപ്പെടാൻ കാരണമായത്.

അമേരിക്കൻ മണ്ണും ചൈനയുടെ കയ്യിൽ

ലോകത്തിന് പണം കൊടുത്തുകൊണ്ടിരിക്കുന്ന ചൈന ഇതര രാഷ്ട്രങ്ങളുടെ ഭൂസ്വത്തും കൈപ്പടിയാക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണം അമേരിക്കൻ മണ്ണ് തന്നെയാണ്[xiv] . ലോകത്തിലെ ഏറ്റവും വലിയ പന്നിയിറച്ചി ഉല്പാദകരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള സ്മിത്ത്ഫീൽഡ് ഫുഡ്സ്. അമേരിക്കൻ ഐക്യനാട്ടിലെ വെർജിനീയ സ്റ്റേറ്റിലെ 146000 ഏക്കർ കാർഷിക ഭൂമി ഈ കമ്പനിയുടെ ഉടമസ്ഥതയിലാണ്. 2013 ലാണ് ഇത്രയുംമധികം കൃഷിഭൂമി ചൈനീസ് കമ്പനി വാങ്ങികൂട്ടിയത്.

also read: https://panancherynews.com/kk-sreenivasan-writes-on-the-american-soil-that-has-been-sold-to-foreign-entities/08/11/2020/

വെർജിനീയയിൽ കൂടാതെ അമേരിക്കൻ ഐക്യനാടുകളിൽ അങ്ങളോമിങ്ങോളം സ്മിത്ത്ഫീൽഡിന് 500 ലധികം പന്നിവളർത്തൽ ഫാമുകൾ. സ്മിത്ത്ഫീൽഡിന് നോർത്ത് കരോലീന തർ ഹീലിൽ 973000 ചതുരശ്ര അടിയിൽ പന്നിയിറച്ചി സംസ്ക്കരണ ഫാക്ടറി. അമേരിക്കൻ ജനത ചൈനീസ് പന്നിയിറച്ചിയുടെ കേവലം ഉപഭോക്താവ് മാത്രം. പക്ഷേ അമേരിക്കൻ ഐക്യനാടിൻ്റെ കാർഷികോല്പാദനത്തെ തകിടംമറിച്ച് പതിനായിരക്കണക്കിന് ഏക്കർ കാർഷിക ഭൂമി വാങ്ങിക്കൂട്ടി പന്നിവളർത്തു കേന്ദ്രങ്ങളാക്കിയ ചൈനീസ് കമ്പനി സ്മിത്ത്ഫീൽഡ് സർവ്വ നിലക്കും ഗുണഭോക്താക്കൾ.

അമേരിക്കൻ ജനത ഏത് ബ്രാൻ്റ് പന്നിയിറച്ചി ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് വ്യാപകമായി അമേരിക്കൻ കാർഷിക ഭൂമി കൈക്കലാക്കിയ ലോകത്തിലെ ഏറ്റവും വലിയ പന്നിയിറച്ചി ഉല്പാദകരായ ചൈനീസ് കമ്പനി സ്മിത്ത്ഫീൽഡ്. അന്യരുടെ മണ്ണ് കവർന്നെടുത്താണ് അമേരിക്കൻ ഐക്യനാടുകൾ കെട്ടിപ്പടുത്തതെന്ന് ചരിത്രം. വിധി വൈപരിത്യമെന്ന് പറയട്ടെ കവർന്നെടുക്കപ്പെട്ട മണ്ണ് ഇന്ന് അമേരിക്കക്ക് നഷ്ടപ്പെടുകയാണ്. ചൈനയടക്കമുള്ളവരാണ് അമേരിക്കൻ മണ്ണിൻ്റെ ഉടമകളാകുന്നത്.

ഇന്ത്യയും ചൈനീസ് ധനമൂലധനവും

ലോകമാസാകലം ചൈനീസ് നിക്ഷേപങ്ങൾ. ഇന്ത്യയും അതിശക്തമായ ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ഗുണഭോക്താവാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മൂല്യവൽക്കരിക്കുന്നതിൽ രാജ്യത്തെ ചൈനീസ് നിക്ഷേപങ്ങൾ ഒട്ടുമേ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു. രാജ്യത്ത് ഇതിനകം 26 ബില്യൺ (നിർദ്ദിഷ്ട നിക്ഷേപങ്ങളടക്കം) ഡോളർ ചൈനീസ് നിക്ഷേപം.

Also Read:https://panancherynews.com/kk-sreenivasan-on-reverse-side-of-india-china-boarder-dispute-of/01/07/2020/

90 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ചൈന നിക്ഷേപമിറക്കിയിട്ടുണ്ട്. പ്രധാനമായും സാങ്കേതിക വിദ്യാവികസനത്തിലും കമ്പ്യുട്ടർ ഹാർഡ് വെയർ നിർമ്മാണ– സോഫ്റ്റ്‌ വെയർ രൂപകല്പനയിലുമാണ് ചൈനീസ് നിക്ഷേപങ്ങൾ[xv] . ടെക് സ്റ്റാർട്ടപ്പുകളിൽ മാത്രം നാല് ബില്യൺ ഡോളർ നിക്ഷേപം. വൻ ചൈനീസ് നിക്ഷേപങ്ങളുടെ പിൻബലത്തിൽ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. രാജ്യത്ത് ഇപ്പോഴെ തൊഴിലവസരങ്ങളില്ലാതെ നട്ടംതിരിയുന്ന യുവജനങ്ങൾക്ക് അത് ആശ്വാസമാണ്.

ചൈനീസ് ഉല്പന്നങ്ങളുടെ വിലക്കുറവ് ഇന്ത്യൻ ഉപഭോക്താവിന് വലിയൊരു അനുഗ്രഹം. കുറഞ്ഞ വിലയിൽ വിൽക്കപ്പെടുന്ന ചൈനീസ്‌ നിർമ്മിത സ്മാർട്ട് ഫോണുൾപ്പെടെയുള്ളവ രാജ്യത്തെ താഴ്ന്ന വരുമാനക്കാരായവർക്കുപോലും പ്രാപ്യമാകുന്നു. വില കുറഞ്ഞ ചൈനീസ് സ്മാർട്ട് ഫോണുകളുൾപ്പെടെ ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണ പ്രക്രിയയിൽ വഹിക്കുന്ന പങ്ക് ചെറുതായി കാണപ്പെടേണ്ടതല്ല.

ഇനി ചൈനീസ് ഉല്പന്നങ്ങൾക്ക് പകരമെന്ത്? ഇതിന് ഇനിയും കൃത്യതയാർന്ന ഉത്തരവുമില്ല. മഹത്തരമെന്നവകാശപ്പെടുന്ന മെയക്ക് ഇൻ ഇന്ത്യ തുടങ്ങിയിടതു തന്നെ. സ്മാർട്ടു ഫോണുകൾ പ്പെടെയുള്ളവയ്ക്ക് ജപ്പാൻ, കൊറിയ, അമേരിക്കൻ നിർമ്മിത ഉല്പന്നങ്ങളുടെ ഇറക്കുമതി ചൈനീസ് ഉല്പന്നങ്ങൾക്ക് പകരംമാകില്ല.

ഇപ്പറഞ്ഞ രാഷ്ട്രങ്ങളിൽ ഉല്പാദന ചെലവ് കൂടുതലാണ്‌. അതിനാലവരുടെ ഉല്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഉയർന്ന വിലയായിരിക്കും. താഴ്ന്ന വരുമാനക്കാരായ ബഹുഭൂരിപക്ഷം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇത്തരം വില കൂടിയ ഉല്പന്നങ്ങൾ താങ്ങാനാകില്ല. കാലത്തിനൊപ്പം സഞ്ചരിയ്ക്കുവാൻ ശേഷിയില്ലാതെ വലിയൊരു വിഭാഗം ഇന്ത്യൻ ജനത അരികുകളിലേക്ക് തള്ളിനീക്കപ്പെടുമെന്നവസ്ഥ ഇനിയും പൂർവ്വാധികം ശക്തിപ്പെടാതിരിക്കാൻ ചൈനീസ് ഉല്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ നിലനിൽക്കേണ്ടതുണ്ട്.

ചൈനക്ക് കടക്കാരാകുന്ന അവസ്ഥയിൽ രാജ്യമെത്തുന്നില്ലെന്നതും ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ ദിശയിൽ ചൈനീസ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക നയരൂപീകരണത്തിൽ വിട്ടുവീഴ്ചയരുത്. കാണാചരടുകളുള്ള ചൈനീസ് നിക്ഷേപങ്ങൾക്ക് രാജ്യം തലവച്ചുകൊടുക്കരുതെന്ന് ചുരുക്കം.

[i] https://www.bfp.vc/venture-capital-in-china-landscape-overview/

[ii] www.hbr.org/amp/2020/02/how-much-money-does-the-world-owe-china

[iii]https://en.m.wikipedia.org/wiki/Debttrap_diplomacy#International_reaction

[iv] https://scroll.in/article/902680/after-sri-lanka-will-nepal-be-stuck-in-a-debt-trap-with-china-over-one-belt-one-road-projects

[v] https://www.aninews.in/news/world/asia/impacting-morale-of-pak-employees-lahore-metro-pays-more-to-its-chinese-staff

[vi] https://maldivestimes.com/maldives-feels-the-weight-of-chinas-regional-ambitions/

[vii] economictimes.com/news/defence/india-watching-chinas-bid-to-court-bhutan/amp_articleshow/59853950.cms

[viii] https://in.reuters.com/article/us-china-djibouti/china-formally-opens-first-overseas-military-base-in-djibouti-idUSKBN1AH3E3

[ix] https://thediplomat.com/2020/04/is-italys-economic-crisis-an-opportunity-for-china/

[x] us-china-fdi.com, The US-China Investment Hub

[xi] https://www.investopedia.com/articles/investing/040115/reasons-why-china-buys-us-treasury-bonds.asp

[xii] https://ustr.gov/countries-regions/china-mongolia-taiwan/peoples-republic-china

[xiii] https://www.thebalance.com/u-s-debt-to-china-how-much-does-it-own-3306355

[xiv] https://www.npr.org/2019/05/27/723501793/american-soil-is-increasingly-foreign-owned

[xv] https://economictimes.indiatimes.com/startups/investors-steer-clear-of-young-startups-with-chinese-capital

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…