കെ.കെ.ശ്രീനിവാസന്‍/ KK Sreenivasan
this research paper on FOOD SECURITY BILL-2011 was serialized in MANGALM Daily from Feb 06 to 09 2012.
മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കപ്പെടുന്നതില്‍ വീഴ്ച്ചയുണ്ടാകുന്നുവെന്നുവന്നാല്‍ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയില്‍ നിന്ന് രാജ്യം മുക്തമാകുകയില്ലെന്ന മാത്രമല്ല കീരിക്ക് മുന്നില്‍പെട്ട പാമ്പിനെ പോലെയാകും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ
കൊല്ലവര്‍ഷം 1956. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ ചരിത്രത്തില്‍ ഈ വര്‍ഷത്തിന് സവിശേഷ സ്ഥാനം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീത സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലമെന്ന സവിശേഷതയുമുണ്ട് 1956ന്. ആഗോള ശാക്തീക മാത്സര്യത്തില്‍ ഇന്ത്യ സോവിയറ്റ് പക്ഷത്താണെന്ന വിവക്ഷ ശക്തം. ഈ സ്ഥിതിവിശേഷത്തില്‍ ഇന്ത്യയെ സോവിയറ്റ് പക്ഷത്തുനിന്ന് അടര്‍ത്തിയെടുക്കുകയെന്ന തന്ത്രം മെനയുന്നു, അമേരിക്കന്‍ പ്രസിഡന്റ്് ഐസനോ വര്‍. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കയ്യഴഞ്ഞു സഹായിക്കുകയെന്നതായിരുന്നു നയതന്ത്രം. ഇതനുസരിച്ച് 1956 ആഗസ്തില്‍ പബ്ലിക് ലോ-480 (PL-480) പ്രകാരം ഇന്ത്യക്ക് സൗജന്യമായി ഗോതമ്പ് നല്‍കുവാന്‍ ഐസ്‌നോവര്‍ ഭരണകൂടം തീരുമാനം. അതായത് വിശക്കുന്ന ഇന്ത്യന്‍ വയറുകള്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഔദാര്യം. ഇത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ ഭൂതകാലം. ഹരിത വിപ്ലവം പിന്നിടുകയും രണ്ടാം ഹരിതവിപ്ലവത്തിന്റെ ആവശ്യകതയില്‍ ഊന്നുകയും ചെയ്യുന്ന വര്‍ത്തമാനകാല ഇന്ത്യ ഭക്ഷ്യസുരക്ഷക്ക് പുതുപുത്തന്‍ ചരിത്രം കുറിക്കുന്നു. 121 കോടി ഇന്ത്യന്‍ ജനതയുടെ ബഹുഭൂരിപക്ഷത്തിനും (62.5 ശതമാനം) ഭക്ഷ്യസുരക്ഷ നിയമപരമായി തന്നെ ഉറപ്പുവരുത്തുന്നുവെന്നതാണ് ആ പുതുപുത്തന്‍ ചരിത്രം. 2011 ഡിസംബര്‍ 22 നാണ് രാജ്യം ആ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. കേന്ദ്ര ഭക്ഷ്യ വകുപ്പു മന്ത്രി കെ.വി.തോമസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാബില്‍ രാജ്യത്ത് എങ്ങിനെ പ്രതിഫലിക്കുമെന്ന് സൂക്ഷ്മമായി വിലയി രുത്തപ്പെടേണ്ടതുണ്ട്.
പശ്ചാത്തലം
2004 പൊതുതെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ ശോഭിക്കുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരമുറപ്പിക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ കിണഞ്ഞ് പരിശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ പക്ഷേ അവര്‍ക്ക് ശോഭിക്കാനായില്ല. അതേസമയം സര്‍വ്വരേയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ച (Inclusive growth) എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് അധികാരത്തിലേറാനായി. ഇന്ത്യന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ഡോ.മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ അധികാരത്തി ലേറിയ യു.പി.എ സര്‍ക്കാരിന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നുനല്‍കുവാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയം.
ഇന്ത്യന്‍ ഭരണവ്യവസ്ഥയെ അടിമുടി സുതാര്യവത്കരിക്കുന്നതിന്റെ ദിശയില്‍ വിവരാവകാശ നിയമം-2005 നടപ്പിലാക്കിയതിലൂടെ ഒന്നാം യു.പി.എ സര്‍ക്കാര്‍ ജനപക്ഷത്തു തന്നെയെന്നുറപ്പിച്ചു. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിനു പിന്‍ബലമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സര്‍വ്വശിക്ഷാ അഭിയാന്‍, ഭാരത് നിര്‍മാണ്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിലും ഒന്നാം യു.പി.എ സര്‍ക്കാര്‍ അതിന്റെ ഭരണപാടവം തെളിയിച്ചു. ജനക്ഷേമ പദ്ധതികളുടെ തുടര്‍ച്ചയെന്നോണം രണ്ടാം യു.പി.എ സര്‍ക്കാര്‍ ആദ്യം സാക്ഷാത് ക്കരിച്ചതാകട്ടെ വിദ്യാഭ്യാസ അവകാശ നിയമം. ഇപ്പോഴിതാ 2009 ലോകസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സ്ഥാനം പിടിച്ച ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുകയെന്ന ശ്രമകരമായ ദൗത്യം രണ്ടാം യു.പി.എ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. ‘ആം ആദ്മി’യെന്ന മാനവിക കാഴ്ചപ്പാടിനെ പ്രയോഗവ ത്ക്കരിക്കുകയെന്നതാണ് ഭക്ഷ്യസുരക്ഷാ ബില്ലിലൂടെ രണ്ടാം യു.പി.എ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.
യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി (National Advisory Council- NAC) യാണ് നിയമപരമായിതന്നെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന രാഷ്ട്രീയ ഇഛാശക്തി പ്രകടമാക്കിയത്. 90 ശതമാനം ഗ്രാമീണര്‍ക്കും 10 ശതമാനം നഗര വാസികള്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക. രാജ്യത്തെ 75 ശതമാനം ജനങ്ങളെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തുക. ഓരോ കുടുംബത്തിനും സബ്‌സിഡി നിരക്കില്‍ പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്യുക. നിര്‍ദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഇപ്പറഞ്ഞ വയൊക്കെ ഉള്‍പ്പെടുത്തുന്നതില്‍ എന്‍.എ.സി ഏറെ ഊന്നല്‍ നല്‍കി. എന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നിയന്ത്രണത്തില്‍ ഡോ.രംഗരാജന്‍ ചെയര്‍മാനായുള്ള ഇക്കണോമിക് അഡൈ്വസറി കമ്മിറ്റി (EAC) ഇതിനെ പൂര്‍ണ്ണമായും പിന്തുണക്കുവാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയുടെ 43 ശതമാനം ജനങ്ങളെ ഭക്ഷ്യസുരക്ഷാവകാശ നിയമത്തിലുള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു ഇ.എ.സി നിലപാട്. അതായത് 46 ശതമാനം ഗ്രാമീണരേയും 28 ശതമാനം നഗരവാസികളേയും ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന്. ഭക്ഷ്യസുരക്ഷാ സബ്‌സിഡി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് വന്‍ അധിക ബാധ്യത വരുത്തിവച്ചേക്കുമെന്ന സാമ്പത്തിക ശാസ്ത്ര വീക്ഷണത്തിന്റെ പിന്‍ബലത്തിലാണ് ഇ.എ.സി ഭക്ഷ്യസുരക്ഷാനിയമത്തെ സമീപിച്ചത്. ഇപ്പോഴിതാ പക്ഷേ ഏറെ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളുമില്ലാതെ എന്‍.എ.സി മുന്നോട്ടുവച്ച ഭക്ഷ്യസുരക്ഷാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചി രിക്കുന്നു.
ഭക്ഷ്യസുരക്ഷാബില്‍ 2011
സാര്‍വത്രിക പൊതു വിതരണ സമ്പ്രദായമടക്കമുള്ളവക്ക് പകരമായി 1997 ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ടാര്‍ജറ്റഡ് പൊതുവിതരണ സമ്പ്രദായ (Targetted Public Distribution System-TPDS) മനുസരിച്ച് മുന്‍ഗണനാ വിഭാഗം (Priority Section), പൊതു വിഭാഗം (General Section) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ഭക്ഷ്യസുരക്ഷാ ശൃംഖലയിലുപ്പെടുന്നത്. ഭക്ഷ്യസുരക്ഷാ ബില്ലിലെ(1) 23, 24 വ്യവസ്ഥകള്‍ ഈ വിഭാഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. മുന്‍ഗണനാ വിഭാഗത്തിലെ ഒരു വ്യക്തിക്ക് പ്രതിമാസം കിലോക്ക് മൂന്നു രൂപ നിരക്കില്‍ ഏഴുകിലോ അരിയും രണ്ടുരൂപ നിരക്കില്‍ ഗോതമ്പും ഒരു രൂപക്ക് ചാമയും വിതരണം ചെയ്യും. പൊതുവിഭാഗത്തിലെ ഒരാള്‍ക്ക് പ്രതിമാസം നാലു കിലോ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ സംഭരണ വിലയിലെ 50 ശതമാനം നിരക്കില്‍ വിതരണം ചെയ്യും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ആറുമാസം സൗജന്യ ഭക്ഷണം. പ്രസവാനുകൂല്യമായി ആറുമാസം വരെ പ്രതിമാസം 1000 രൂപ ധനസഹായം. ആലംബഹീനര്‍ക്ക് ദിവസവും ഒരു നേരമെങ്കിലും സൗജന്യ ഭക്ഷണം. ഭവന രഹിതര്‍ക്ക് കമ്യൂണിറ്റി കിച്ചണില്‍ നിന്നും സൗജന്യ ഭക്ഷണം. നാടോടികള്‍ക്കും കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷ. ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് 500 കലോറിയും 12 മുതല്‍ 15 ഗ്രാം വരെ പ്രോട്ടീനുമടങ്ങിയ ഭക്ഷ്യവിതരണം ഉറപ്പുവരുത്തേണ്ടതുണ്ട്. 90 ശതമാനം ഗ്രാമീണ കുടുംബങ്ങളും 50 ശതമാനം നഗരവാസികളും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുന്നു.
രാജ്യത്ത് പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ മേല്‍നോട്ടം വഹിക്കേണ്ട ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പ്രതിവര്‍ഷം 61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (ഗോതമ്പ്, അരി, ചാമ തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുള്‍പ്പെടെ) കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കേണ്ടതുണ്ട്. 2011 ഡിസംബര്‍ 15 വരെ 45,125 കോടി രൂപയുടെ സബ്‌സീഡി(2) അനുവദിച്ചു. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത് പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലേക്ക് ഉയരും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ടി.പി.ഡി.എസ് മാത്രമല്ല ഇപ്പോള്‍ നിലവിലുള്ളത്(3). മിഡ്-ഡേ മീല്‍ സ്കീം, അദ്ധ്വാനത്തിന് പ്രതിഫലമായി ഭക്ഷണം, അന്ത്യോദയാ അന്നയോജന, സംയോജിത ശിശുവികസന പദ്ധതി തുടങ്ങി 13 ഭക്ഷ്യസുരക്ഷ പദ്ധതികള്‍ ഇപ്പോഴേ നിലവിലുണ്ട്. ഇതിനോടൊപ്പമാണ് മൊത്തം മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷാപദ്ധതി.
ഫുഡ് കോര്‍പ്പറേഷന്‍
ടി.പി.ഡിഎസിന് ചുക്കാന്‍പിടിക്കുന്നത് എഫ്.സി.ഐയാണ്. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഭക്ഷ്യധാന്യസംഭരണം മുതല്‍ ന്യായവില ഷോപ്പുകള്‍ (Fair Price Shope-FPS) വരെ വ്യാപിച്ചുകിടക്കുന്ന പൊതുവിതരണ ശൃംഖല കുറ്റമറ്റ രീതിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തന സജ്ജമാക്കേണ്ട ഭാരിച്ച ചുമതല എഫ്.സി.ഐയില്‍ നിക്ഷിപ്തം. ഭക്ഷ്യസുരക്ഷ നിയമപ്രകാരം 61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യേണ്ടത് എഫ്.സി.ഐ. 2011 ഏപ്രില്‍ ഒന്നാം തിയ്യതിവരെ(4)യുള്ള കണക്കു പ്രകാരം മൊത്തം 31.61 മില്യണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചുവക്കുവാനുള്ള സംഭരണശാലകളേ എഫ്.സി.ഐക്കുള്ളൂ. ഇതില്‍ 12.99 മില്യണ്‍ ടണ്‍ സംഭരണശേഷിയുള്ള സംഭരണശാലകളിലും 2.62 മില്യണ്‍ ടണ്‍ വരാന്തയിലും ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കടിയിലുമാണ് സൂക്ഷിക്കുന്നത്. അതായത് മൊത്തം 15.61 മില്യണ്‍ ടണ്‍ സംഭരണശേഷി മാത്രമാണ് എഫ്.സി.ഐക്കുള്ളത്. ബാക്കി 16 മില്യണ്‍ ടണ്‍ ശേഷിയുള്ള സംഭരണ ശാലകള്‍ സ്വകാര്യ മേഖലയില്‍ നിന്ന് എഫ്.സി.ഐ വാടകക്കെടുത്തിരിക്കുകയാണ്.
1950കളുടെ പകുതിയില്‍ തുടങ്ങിയ പൊതുവിതരണ സമ്പ്രദായം നിലവില്‍ വന്നിട്ട് അഞ്ചര പതീറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇക്കാലമത്രയായിട്ടും പൊതുവിതരണ സമ്പ്രദായത്തിന്‍ കീഴിലുള്ള സംഭരണമടക്കമുള്ള വിതരണ ക്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് എഫ്.സി.ഐ തന്നെയാണ്. എന്നാല്‍ കേവലം 31.61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചുവക്കുവാനുള്ള സംഭരണ ശാലകളേ ഇത:പര്യന്തം എഫ്.സി.ഐക്ക് സ്ഥാപിക്കാനാ യുള്ളൂയെന്നത് വിചിത്രം. 2011 ഡിസംബര്‍ ഒന്നുവരെ മൊത്തം 547.19 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്ര പൂളിലുണ്ട് (5). ഇതില്‍ 270.63 ലക്ഷം ടണ്‍ അരിയും 276.56 ലക്ഷം ടണ്‍ ഗോതമ്പുമാണ്. കേവലം 31.61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുവാനുള്ള സംഭരണശാലകളേയുള്ളൂവെന്ന് എഫ്.സി.ഐയുടെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കേന്ദ്രപൂളിലുണ്ടെന്നു പറയുന്ന ഭക്ഷ്യധാന്യങ്ങള്‍ എവിടെ, എങ്ങനെ സൂക്ഷിച്ചുവച്ചിരിക്കുന്നുയെന്നതില്‍ വ്യക്തതയില്ല. ഒട്ടും ആശാവഹമല്ലാത്ത ഇത്തരമൊരു സ്ഥിതിവി ശേഷത്തില്‍ ഭക്ഷ്യസുരക്ഷാനിയമപ്രകാരം സംഭരിച്ച് സൂക്ഷിച്ചുവക്കേണ്ട 61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എവിടെ, എങ്ങനെ സംഭരിച്ച് സൂക്ഷിച്ചുവയ്ക്കുമെന്നുള്ള ആശങ്ക ഒട്ടുമേ ചെറുതല്ല.
നശിച്ചുപോകുന്ന ഭക്ഷ്യധാന്യങ്ങള്‍
2011 സെപ്തംബര്‍ വരെ 0.87 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്ത് എഫ്.സി.ഐ ഗോഡൗണുകളില്‍ നശിച്ചുപോയിട്ടുണ്ടെന്ന് കേന്ദ്രഭക്ഷ്യ മന്ത്രി കെ.വി.തോമസ് തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയി ട്ടുണ്ട്.(6) 2010-11 ല്‍ രാജ്യത്ത് 1.56 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോയപ്പോള്‍ 2009-10 ലും 2008-09 ലും യഥാക്രമം 1.31 ഉം 0.58 ലക്ഷം ടണ്ണും നശിച്ചു. ഇത് വ്യക്തമാക്കുന്നത് വര്‍ഷംതോറും നശിച്ചുപോകുന്ന ഭക്ഷ്യധാന്യക്കണക്ക് ഉയരുകയല്ലാതെ കുറയുന്നതേയില്ലെന്നുള്ള താണ്.
1997 മുതല്‍ 2007 വരെയുള്ള കാലയളവില്‍ രാജ്യത്ത് 1300,000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോയെന്ന് ബി.ബി.സി പറയുന്നു(7). വിവരാവകാശ നിയമമനുസരിച്ച് ലഭ്യമാക്കപ്പെട്ട മറുപടിയില്‍ എഫ്.സി.ഐ തന്നെയാണ് ഇത് സമ്മതിച്ചിട്ടുള്ളത്. 1.83 ലക്ഷം ടണ്‍ അരിയും 3.95 ലക്ഷം ടണ്‍ ഗോതമ്പും 22,000 ടണ്‍ നെല്ലും 110 ടണ്‍ ചാമയും നശിച്ചുപോയിട്ടുണ്ടെന്നാണ് വിവരാവകാശ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. പ്രതിവര്‍ഷം 60,000 കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ സംഭരണശാലകളില്‍ കെട്ടിക്കിടന്ന് നശിച്ചുപോകുന്നുവെന്ന് തെഹല്‍ക്ക(8) പറയുന്നു. കാലിത്തീറ്റക്കുപോലും ഉപയോഗിക്കാനാ കാത്തവിധ മാണ് കെട്ടിക്കിടന്നു നശിച്ചുപോകുന്ന ഭക്ഷ്യധാന്യങ്ങള്‍. അതുകൊണ്ടുതന്നെ അവ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകാതെ സംസ്കരിക്കുന്നതിനായി പ്രതിവര്‍ഷം പൊതുഖജനാവില്‍ നിന്ന് 2.6 കോടി രൂപ ചെലവഴിക്ക പ്പെടുന്നു ണ്ടെന്നുപോല്‍!
സംഭരണശാലകളില്‍ ഭക്ഷ്യധാന്യച്ചാക്കുകള്‍ ഒന്നിനുമുകളിലൊന്നായി അട്ടിയിട്ട് വയ്ക്കുന്ന അശാസ്ത്രീയ രീതിയില്‍ മാറ്റം വേണമെന്ന് എം.എസ്. സ്വാമിനാഥനടക്കമുള്ള കാര്‍ഷിക ശാസ്ത്രജ്ഞര്‍ പലകുറി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. ആദ്യം സംഭരിച്ചു വയ്ക്കപ്പെടുന്ന ധാന്യച്ചാക്കുകള്‍ ആദ്യം വിതരണത്തിന് (Firstin-Firstout) എന്ന രീതിയിലുള്ള സംവിധാനം വേണമെന്നാണ് നിര്‍ദ്ദേശങ്ങള്‍. ഇതേക്കുറിച്ച് പഠിക്കാനേറെ വൈകി കമ്മീഷനെ നിയോഗിച്ചു. തുടര്‍ന്ന് ചൈനയിലെ ഭക്ഷ്യധാന്യ സംഭരണശാലാ രീതികള്‍ പഠിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ചൈനയിലേക്കയച്ചു. ലക്ഷങ്ങള്‍ പൊടിപൊടിച്ച ചൈനീസ് സന്ദര്‍ശനം മാത്രം മിച്ചം. ഭക്ഷ്യധാന്യ സംഭരണ രീതിയുടെ പരമ്പരാഗത അശാസ്ത്രീയ രീതി ഇപ്പോഴും തുടരുന്നു.
ഒരു ഭാഗത്ത് ഭക്ഷ്യധാന്യസംഭരണശാലാ സംവിധാനങ്ങള്‍ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്ക പ്പെടണമെന്നുള്ള വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാടേ അവഗണിക്കപ്പെടുന്നു. മറുഭാഗത്താകട്ടെ, രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകുന്നതിന്റെ പ്രതിവര്‍ഷക്കണക്ക് കനംവച്ചുകൊണ്ടേയിരിക്കുന്നു. ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനായുള്ള സംഭരണശാലകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ വ്യവസ്ഥാപിത ഭരണനടപടിക്രമങ്ങളുടെ നൂലാമാലകളിലും സിവില്‍ സര്‍വ്വീസിന്റെ അനാസ്ഥയിലും പെട്ടുഴലുന്ന ഭരണമണ്ഡലത്തില്‍ നിന്ന് സമയബ ന്ധിതമായിതന്നെ പുതിയ സംഭരണശാലകള്‍ സ്ഥാപിക്കപ്പെടുമെന്ന് കരുതാനേ ആവില്ല. അതുകൊണ്ടുതന്നെ ഭക്ഷ്യസുരക്ഷ നിയമപരമായി അവകാശമാക്കപ്പെടുന്നതിന്റെ ഭാഗമായി സംഭരിച്ചുവെയ്ക്കുന്ന ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകുകയില്ലെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല.
പൊതുവിതരണസമ്പ്രദായത്തിലെ അഴിമതി
ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതു വിതരണ സമ്പ്രദായമാണ് ഇന്ത്യയിലേത്. 478000 ന്യായവില ഷോപ്പുകളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ ഉപഭോക്താക്കളിലെത്തുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള 1820 സംഭരണശാലകളില്‍ നിന്നാണ് ഭക്ഷ്യധാന്യങ്ങള്‍ ന്യായവില ഷോപ്പുകളിലെ ത്തുന്നത്. 2006 മുതല്‍ 2011 ഒക്‌ടോബര്‍ വരെ ടി.പി.ഡി.എസിനു മാത്രമായി 99.5 മില്യണ്‍ ടണ്‍ ഗോതമ്പ് (9) അനുവദിക്കപ്പെട്ടപ്പോള്‍ 72.7 മില്യണ്‍ ടണ്‍ (73.06 ശതമാനം) സംസ്ഥാനങ്ങളെടുത്തു. ഇതേ കാലയ ളവില്‍ 166.3 മില്യണ്‍ ടണ്‍ അരി അനുവദിക്ക പ്പെട്ടപ്പോള്‍ 97.3 മില്യണ്‍ ടണ്‍ മാത്രമാണ് (83.66 ശതമാനം) എടുത്തത്. ഇത്രയും ഭക്ഷ്യധാന്യങ്ങള്‍ പക്ഷേ അര്‍ഹതപ്പെട്ടവരുടെ കൈകളിലെ ത്തിയിട്ടില്ലയെന്നുള്ള ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളത്.
ഒരു രൂപ മൂല്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതയുള്ളവരുടെ കൈകളില്‍ എത്തിക്കുന്നതിന് 6.68 രൂപ ചെലവ്‌വരുന്നുവെന്ന് 1999-2000 ത്തിലെ ഒരു കണക്ക് പറയുന്നു. മാറിയ സാഹചര്യത്തില്‍ ഇത് ഏറിയിട്ടുണ്ടാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒരിക്കല്‍ പറഞ്ഞത് ജനക്ഷേമ പദ്ധതികള്‍ക്കായി വകയിരുത്തുന്ന ഒരു രൂപയില്‍ 10 പൈസമാത്രമാണ് അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാകുന്നുള്ളൂവെന്നാണ്. ഒരു രൂപയിലെ ഒരു പൈസ മാത്രമാണെ ത്തേണ്ടിടത്ത് എത്തുന്നുള്ളൂയെന്ന് സുപ്രീം കോടതി ഒന്നുരണ്ടുപടികൂടി കടന്നുപറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച വാദുവ കമ്മിറ്റി(10) റിപ്പോര്‍ട്ട് പൊതുവിതരണ ശൃംഖലയിലെ അഴിമതിയും കാര്യക്ഷമതയില്ലായ്മയും അടിവരയിടുന്നുണ്ട്. സ്വകാര്യ സംഭരണ ഏജന്റുമാര്‍, വാഹന ഉടമകള്‍, മില്ലുടമകള്‍, ഉദ്യോഗസ്ഥവൃന്ദം, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ക്കിടയിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പൊതുവിതരണ സമ്പ്രദായത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിമാറ്റിയിട്ടുണ്ട്. ന്യായവില ഷോപ്പുകളിലെത്തേണ്ട ഭക്ഷ്യധാന്യങ്ങള്‍ മില്ലുകളിലേക്കും പൊതുവിപണിയിലേക്കുമെത്തിക്കുന്നതിന് വഴിയൊരുക്കുന്നത് ഈ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് വാദുവക്കമ്മിറ്റി വ്യക്തമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ 11 മുതല്‍ 48 ശതമാനം റേഷനരി തിരിമറി നടത്തപ്പെടുമ്പോള്‍ ഗോതമ്പ് തിരിമറി 43 മുതല്‍ 88 ശതമാനം വരെയാണെന്ന് റിഥിക ഖരേയുടെ റിസര്‍ച്ച് റിപ്പോര്‍ട്ട്(11) പറയുന്നു.
വര്‍ഷംതോറുമുള്ള സി.എ.ജി റിപ്പോര്‍ട്ടുകളില്‍ റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തിലെ അഴിമതിക്കണക്കുകള്‍ സ്ഥിരം ചേരുവയാണ്. 1997-2002 കാലയളവില്‍ ടണ്‍കണക്കിന് റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ അഴിമതിക്കഥകളാണ് പുറത്തുവന്നിട്ടുള്ളത്. ബീഹാറില്‍ റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തില്‍ 1,412.54 കോടിരൂപയുടെ അഴിമതിയുണ്ടായിട്ടുണ്ടെന്ന് സി.എ.ജി പറയുന്നു.(12) മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ജിഗോങ് അപ്പാങ് 1,000 കോടിയുടെ പി.ഡി.എസ് അഴിമതി കേസില്‍ 2010 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.(13) അസ്സമില്‍ തരുണ്‍ഗോയ് സര്‍ക്കാരിനു കീഴില്‍ 10,000 കോടി രൂപയുടെ പി.ഡി.എസ് അഴിമതി നടന്നിട്ടുണ്ടെന്ന് മുഖ്യ പ്രതിപക്ഷമായ അസം ഗണതന്ത്രപരിഷത്ത് ആരോപിക്കുന്നു.(14) യു.പിയില്‍ 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 35,000 കോടി രൂപയുടെ പി.ഡി.എസ് അഴിമതി നടന്നെന്ന് വിക്കീപിഡിയ.(15) രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ 2008-2009 ല്‍ ഭക്ഷ്യ ധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്ന് പി.ഡി.എസിലേക്ക് വരേണ്ടിയിരുന്ന ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി നിരോധനത്തെ മറികടന്ന് കയറ്റുമതി ചെയ്തു. ആഗോള വിപണിയിലെ ഭക്ഷ്യവിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നുയിത്. ഈ അഴിമതിയിലൂടെ 2,500 കോടി രൂപയുടെ റേഷന്‍ ഭക്ഷ്യധാന്യങ്ങളാണ് കടല്‍ കടന്നുപോയത്.(16)
ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ കൃത്യമായി ന്യായവില ഷോപ്പുകളില്‍ നിന്ന് വാങ്ങുന്നില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള പഠനങ്ങളുമുണ്ട്.(17) രാജസ്ഥാന്‍ കേന്ദ്രീകരിച്ച് നടത്തിയ ഈ പഠനം പറയുന്നത് മൂന്നിലൊന്ന് കുടുംബങ്ങള്‍ മാത്രമാണ് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നുള്ളൂവെന്നാണ്്. ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ പോലും തങ്ങള്‍ക്കനുവദിക്കപ്പെടുന്ന ഭക്ഷ്യധാന്യ ക്വാട്ട ഉപയുക്തമാക്കുന്നില്ല. അനുവദിക്കപ്പെടുന്ന പ്രതിമാസ 35 കിലോഗ്രാമിലെ 12.5 കിലോഗ്രാം മാത്രമാണ് വാങ്ങുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും റേഷന്‍ ഭക്ഷ്യധാന്യ ഉപയുക്തത രാജസ്ഥാനില്‍ നിന്ന് ഒട്ടുംതന്നെ വ്യതിരിക്തമാകുന്നില്ല.
റേഷന്‍ ഭക്ഷ്യധാന്യക്വാട്ട അര്‍ഹതപ്പെട്ടവര്‍ കൃത്യമായി ഉപയുക്തമാക്കുന്നില്ലെങ്കില്‍ തന്നെയും പി.ഡി.എസിലെത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിന് ഒരു കുറവുമില്ല. ഉപയുക്തമാക്കാത്ത ഭക്ഷ്യധാന്യ ക്വാട്ടകളൊക്കെ വന്‍കിട സ്വകാര്യ മില്ലുകളിലെത്തി മൂല്യവല്‍കൃത ഭക്ഷ്യഉല്പന്നങ്ങളായി പൊതുവിപണിയില്‍ തിരിച്ചെത്തുന്നു. അത് ഉയര്‍ന്ന വിലക്ക് വില്‍ക്കപ്പെടുന്നു. വാങ്ങിക്കപ്പെടുന്നു. മറ്റൊരു ഭാഗം സ്വകാര്യ ക്കച്ചവടക്കാരിലൂടെ പൊതുവിപണിയില്‍ തന്നെ വില്പ്പനക്കായി എത്തുന്നു. റേഷന്‍ ക്വാട്ട ഉപയുക്തമാക്കാത്തവര്‍ പൊതുവിപണിയില്‍ നിന്ന് ഉയര്‍ന്ന വിലക്ക് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നുവെന്നും ഖരെയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു. പി.ഡി.എസ് ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ ഉപയുക്തമാക്കുന്നില്ലെന്നിടത്ത് പി.ഡി.എസിലെ അഴിമതികള്‍ക്ക് വളം ആകുന്നുവെന്നത് സുനിശ്ചിതം. 40 ലക്ഷം കേരളീയര്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യക്വാട്ട നഷട്‌പ്പെടുമെന്ന ആശങ്കയുര്‍ത്തി കേരളത്തിലെ റേഷന്‍ ഡീലേസ് വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷപദ്ധതിക്കെതിരെ മുന്നോട്ടുവന്നിരിക്കുന്നു! ഇതിന് പിന്നില്‍ ഉപയുക്തമാക്കപ്പെടാതെപോകുന്ന റേഷന്‍ ഭക്ഷ്യധാന്യക്വാട്ടയുടെ തിരിമറി നിന്നുപോകുമെന്ന വേവാലതിയല്ലാതെ മറ്റെന്താണ്?
റേഷന്‍ ഭക്ഷ്യവസ്തു വിതരണ അഴിമതിയില്‍ മുങ്ങിക്കുളിച്ച പി.ഡി.എസിലൂടെ നിയമപരമായ ഭക്ഷ്യ സുരക്ഷ അവകാശം ഉറപ്പുവരുത്താനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പി.ഡി.എസിനെ അഴിമതി വിമുക്തമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുവെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പുമന്ത്രി കെ.വി.തോമസ് പറയുന്നു.(18) പി.ഡി.എസ് നവീകരിക്കാന്‍ 4000 കോടി രൂപ വകയിരുത്തിയിട്ടുണ്ട.് ഭക്ഷ്യസാധനങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കും. എഫ്.സി.ഐ സംഭരണശാല മുതല്‍ ഉപഭോക്താവിന്റെ പക്കലെത്തുന്നതുവരെ പി.ഡി.എസ് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കും. ഉപഭോക്താക്കള്‍ റേഷന്‍ സാധനങ്ങള്‍ സ്വീകരിച്ചുവെന്നുറപ്പാക്കാന്‍ ആധാര്‍/ബയോമെട്രിക് സംവിധാനം ആവിഷ്ക്കരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഉറപ്പുകള്‍ നല്‍കപ്പെടുമ്പോള്‍ തന്നെ ഭക്ഷ്യമന്ത്രിയുടെ സംസ്ഥാനത്തുപോലും ബി.പി.എല്‍ പട്ടികയില്‍ അനര്‍ഹരായ 23000 സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരെ തിരുകിക്കയറ്റുന്നുവെന്ന റിപ്പോര്‍ട്ട്(19) വിരല്‍ചൂണ്ടുന്നത് പി.ഡി.എസ് അഴിമതിയിലേക്കുതന്നെ. പൊതുമേഖല സംരംഭങ്ങളുടെ ഓഹരി വിറ്റിഴിക്കപ്പെന്നു. എന്നിട്ടും ജനക്ഷേമ പദ്ധതി കള്‍ക്ക് ഫണ്ട് തികയാതെ രാജ്യത്തിന്റെ സ്വത്ത് പണയംവെച്ചുപോലും 50,000 കോടി രൂപ വായ്പ യെടുക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.(20) ‘വിത്തെടുത്തുകുത്തി തിന്ന്’ ആവിക്ഷ്ക്കരിക്കപ്പടുന്ന ഭക്ഷ്യസു രക്ഷ പദ്ധതിക്ക് മൊത്തം മൂന്നര ലക്ഷം കോടി രൂപയാണ് ചെലവഴിക്കപ്പടുക. ‘വിത്ത ്’തിന്നുകഴിയുമ്പോള്‍, പി.ഡി.എസ് അഴിമതിവിമുക്തമാക്കപ്പെടുന്നില്ലെങ്കില്‍, അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കുമേല്‍ ഇടിത്തീയായി പെയ്തിറങ്ങിയേക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. ദേശീയ ആരോഗ്യമിഷന്‍ പദ്ധതിയില്‍ ഉത്തര്‍പ്രദേശില്‍ 1851 കോടിയുടെ അഴിമതിയാണ് പുറത്തുവന്നിട്ടുള്ളത്.(21)
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ യു.പിയില്‍ മാത്രമായി 10,000 കോടി രൂപയുടെ അഴിമതി.(22) ഒന്നുമുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍ തിരിമറികളുണ്ടായിട്ടുണ്ടെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.(23) ഇതെല്ലാം വ്യക്തമാക്കുന്നത് യു.പി.എ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെല്ലാംതന്നെ അഴിമതിയില്‍ കൂപ്പുകുത്തിയിരിക്കുന്നവെന്നുതന്നെയാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി ലക്ഷം കോടികള്‍ ചെലവ് പ്രതീക്ഷിക്കുന്ന ഭക്ഷ്യസുരക്ഷാപദ്ധതി അഴിമതി വിമുക്തമാക്കപ്പെടുന്നിടത്തായിരിക്കും ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ വിജയവും പരാജയവും നിര്‍ണ്ണയിക്കപ്പെടുക.
ഭക്ഷ്യസുരക്ഷാബില്ലും ലോക്പാലും
പി.ഡി.എസ് അഴിമതി രഹിതമാക്കുന്ന ദിശയില്‍ ഉദ്യോഗസ്ഥവൃന്ദത്തിലെ ഗ്രൂപ്പ് സി, ഡി വിഭാഗങ്ങള്‍ ഏറെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, സപ്ലൈ/റേഷനിങ്ങ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് ഗ്രേഡിലുള്ളവരൊക്കെയാണ് ഈ ഗ്രൂപ്പിലുള്‍പ്പെടുന്നവര്‍. ഇവരില്‍ പി.ഡി.എസ് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കന്നവരാണ് റേഷനിങ്ങ്/സപ്ലൈ ഓഫീസര്‍മാര്‍. ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളെ ലോക്പാല്‍ ബില്ലിന്റെ പരിധിയിലുള്‍പ്പെടുത്തുന്നതിലുള്ള വൈമുഖ്യം പി.ഡി.എസ് അഴിമതി ശാശ്വതവത്ക്കരിക്കുന്നതിനേ വഴിവെക്കൂ. ഭക്ഷ്യസുരക്ഷ നിയമപരമായി അവകാശമാക്കപ്പെടുമ്പോള്‍ പി.ഡി.എസിലെ അഴിമതിക്ക് വിരാമമിടേണ്ടത് അനിവാര്യമാണ്. ഈ അനിവാര്യത തിരിച്ചറിഞ്ഞ് റേഷനിങ്ങ്/സപ്ലൈ ഓഫീസര്‍മാരുള്‍പ്പെടുന്ന ഗ്രൂപ്പ് സി,ഡി വിഭാഗങ്ങള്‍ ലോക്പാല്‍ ബില്ലിന്റെ പരിധിയിലുള്‍പ്പെടുത്തപ്പെടണം.
നിര്‍ദ്ദിഷ്ട ലോകാപാല്‍ ബില്ലില്‍ ഇവര്‍ക്കെതിരെയുള്ള അഴിമതിയാരോപണ അന്വേഷണം രഹസ്യമായിരിക്കുമെന്നു പറയുന്നു. രഹസ്യസ്വഭാവമുള്ള അന്വേഷണം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നതിന് കാരണമാകുന്നു. ഉദ്യോഗസ്ഥ സംഘടനാ നേതൃത്വങ്ങള്‍ പലപ്പോഴും അഴിമതിക്കാരായ തങ്ങളുടെ സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുംമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നത് ഒട്ടും പുതുമയുള്ളതല്ലെന്നോര്‍ക്കണം. പി.ഡി.എസ് അഴിമതിരഹിതമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപിത നടപടികള്‍ക്ക് അനുഗുണമായിരിക്കില്ല രഹസ്യമാക്കിവെക്കുന്ന അന്വേഷണം. കേന്ദ്രസര്‍ക്കാരിന്റെ 5.7 മില്യണ്‍ ഉദ്യോഗസ്ഥരില്‍ 64.8 ശതമാനം ഗ്രൂപ്പ് സിയിലും 28.5 ശതമാനം ഗ്രൂപ്പ് ഡിയിലുമുള്‍പ്പെടുന്നവരാണ്.(24) ഇവര്‍ ഒരു വോട്ടുബാങ്കുകൂടിയാണ്. അതുകൊണ്ടുതന്നെയാണ് ഇവരെ ലോക്പാല്‍ ബില്ലിലുള്‍പ്പെടുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിമുഖരാകുന്നത്. ഈ വിമുഖത പക്ഷേ ഭക്ഷ്യസുരക്ഷാനിയമം അഴിമതിരഹിതവും കാര്യക്ഷമവുമാക്കി പ്രാബല്യത്തില്‍ വരുത്തുന്നതിന് വിലങ്ങുത ടിയാകാതെ പോകില്ല.
സര്‍ക്കാര്‍ സംഭരണത്തിന്റെ പ്രത്യാഘാതം
ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നതിനായി രാജ്യത്തുല്പാദിപ്പിക്കപ്പെടുന്ന ഗോതമ്പ്, അരി, ചാമയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ സിംഹഭാഗവും താങ്ങുവില നല്‍കി കര്‍ഷകരില്‍ നിന്നും സര്‍ക്കാരിന് സംഭരിക്കേണ്ടിവരും. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് റീട്ടെയില്‍ വിപണിയിലേക്കുള്ള വിദേശനിക്ഷേപ ബില്‍ താല്‍ക്കാലികമായി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. 30 ശതമാനം ഉല്പന്നങ്ങള്‍ പ്രാദേശികമായി തന്നെ വിദേശ റീട്ടെയില്‍ സ്ഥാപനങ്ങള്‍ സംഭരിക്കണമെന്നാണ് നിര്‍ദ്ദിഷ്ട ബില്ലിലെ വ്യവസ്ഥ. എന്നാല്‍ ഇത്രയും ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമെന്നുറപ്പില്ല. ഗണ്യമായ താങ്ങുവില നല്‍കി സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുമെന്നതാണിതിനു കാരണം. അതുകൊണ്ടുതന്നെ പ്രാദേശിക സംഭരണമെന്നത് വിദേശ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് അത്രകണ്ട് എളുപ്പമാകില്ല. ഈ അവസ്ഥയില്‍ സര്‍ക്കാര്‍ താങ്ങുവിലയേക്കാള്‍ കൂടുതല്‍ നല്‍കി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ സ്വകാര്യ സംരംഭകര്‍ നിര്‍ബ്ബന്ധിക്കപ്പെടും. ഇത് സംഭരണ തലത്തില്‍ സര്‍ക്കാരും സ്വകാര്യ സംരംഭകരും തമ്മിലുള്ള മത്സരത്തിനിട വരുത്തം. ഇവിടെ സൃഷ്ടിക്കപ്പെടുന്ന ‘വില്പനക്കാരുടെ വിപണി’ (Sellers’ Market) യിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നതിനുള്ള അവസരം കൈവന്നേക്കും.
സ്വകാര്യ സംരംഭകര്‍ ശേഖരിക്കുന്ന ഭക്ഷ്യ ഉല്പന്നങ്ങള്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംഭരണശാലകളിലാകും സൂക്ഷിക്കുക. സര്‍ക്കാരിന്റെ സംഭരണ ശാലകളിലാകട്ടെ വലിയൊരു പങ്ക് ഭക്ഷ്യ ധാന്യവും കെട്ടിക്കിടന്ന് നശിച്ചുപോകുന്നവസ്ഥ. അവശേഷിക്കുന്നവയാകട്ടെ അഴിമതിയിലും കെടുകാ ര്യസ്ഥതയിലും കുടുങ്ങുന്നു. സര്‍ക്കാര്‍ ശേഖരിച്ചുവെയ്ക്കുന്ന ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ വീഴ്ച്ചക ളില്ലാതെ പൊതുവിതരണ ശൃംഖലയിലൂടെ കൃത്യമായി ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്ന് ഉറപ്പിക്കാനാവില്ല. അതായത് സര്‍ക്കാര്‍ മുന്‍കൈയില്‍ ശേഖരിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങള്‍ ‘പൂഴ്ത്തി’വെ ക്കപ്പെടുന്നുവെന്ന വല്ലാത്തൊരവസ്ഥ!
പി.ഡി.എസിലെ വീഴ്ച്ചയില്‍ റേഷനുല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ കൈകളിലെത്താതിരിക്കുമ്പോഴുണ്ടാകുന്ന പ്രതികൂലാവസ്ഥയില്‍ വിപണി നിയന്ത്രണം സ്വകാര്യ സംരംഭക/കച്ചവടക്കാരുടെ കൈപ്പിടിയിലെത്തും. ഈ അവസരത്തില്‍ സ്വകാര്യസംരംഭകര്‍ സര്‍ക്കാരിനോട് മത്സരിച്ച് ഉയര്‍ന്ന വിലക്കുവാങ്ങി ഭദ്രമായി കേടുകൂടാതെ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭക്ഷ്യ ഉല്പന്നങ്ങളായിരിക്കും വിപണിയില്‍ ആധിപത്യമുറപ്പിക്കുക. ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിക്കുക സ്വകാര്യ സംരംഭകരും കച്ചവടക്കാരുമായിരിക്കുമ്പോഴത് ഭക്ഷ്യവിലക്കയറ്റത്തില്‍ കലാശിക്കും. സര്‍ക്കാരിന്റെ പി.ഡി.എസിലെ വീഴ്ച്ചകളില്‍ വിപണി പൂര്‍ണ്ണമായും സ്വകാര്യസംരംഭകരുടെ നിയന്ത്രണ ത്തിലകപ്പെടുമെന്ന് ചുരുക്കം. ഈഅവസ്ഥയിലാകട്ടെ പൊതുവിപണിയില്‍ ഭക്ഷ്യവിലക്കയറ്റം നിയന്ത്രണ വിധേയമാക്കു കയെന്നത് സര്‍ക്കാരിന് ശ്രമകരമാകും.
കര്‍ഷകരില്‍ നിന്നും സംഭരിക്കപ്പെടുന്ന ഭക്ഷ്യ ധാന്യങ്ങള്‍ക്ക് താങ്ങുവില കൃത്യ സമയത്ത് തന്നെ വിതരണം ചെയ്യപ്പെടുന്നുവെന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ട്. 2004-2010 കാലയളവില്‍ ഭക്ഷ്യധാന്യങ്ങളുടെ താങ്ങു വില 39 ല്‍ നിന്ന് 78 ശതമാനമായി വര്‍ദ്ധിച്ചു. പയറുവര്‍ഗ് ഗങ്ങളുടേയും ഭക്ഷ്യ എണ്ണയുടേയും താങ്ങുവിലയിലുണ്ടായ വര്‍ദ്ധന 104 ശതമാനം.(25) താങ്ങുവി ലയി നത്തി ല്‍ കോടി കളുടെ കുടിശിക കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. ഭക്ഷ്യ ധാന്യങ്ങള്‍ സംഭരി ച്ചതുമായി ബന്ധപ്പെട്ട് എഫ്.സി.ഐ 85,339 കോടി രൂപയുടെ കുടിശിക കൊടുത്തുതീര്‍ ക്കാനു ണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസ് രാജ്യസഭയില്‍ പറഞ്ഞു.(26) സംഭരിക്കപ്പെടുന്ന ഭക്ഷ്യധാന്യ ങ്ങളുടെ പ്രതിഫലം കുടി ശികയില്‍ കുടുങ്ങുമെന്നു വരുമ്പോള്‍ തീര്‍ച്ചയായും തങ്ങളുടെ ഉല്പന്നങ്ങള്‍ സര്‍ക്കാരിന് നല്‍കാന്‍ കര്‍ഷകര്‍ മടിക്കും. ഇത് സര്‍ക്കാരിന്റെ ഭക്ഷ്യധാന്യ ശേഖരത്തിന്റെ താളം തെറ്റിക്കും. ഈ യൊരവസ്ഥ സ്വാഭാവികമായും ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പ്രയോ ഗവല്‍ക്കരണത്തെതന്നെയായിരിക്കും അവതാളത്തി ലാക്കുക.
ഭക്ഷ്യധാന്യ കയറ്റുമതി
ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതുമുതല്‍ ഇന്ത്യയുടെ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി കാര്യമായിതന്നെ കുറച്ചേക്കാം. ഇതുപക്ഷേ വിശ്വവ്യാപാര സംഘടനയുടെ (WTO) വ്യവസ്ഥയുടെ ലംഘനമായിമാറിയേക്കുമെന്നത് കാണാതെ പൊയ്ക്കൂട. വിശ്വവ്യാപാര സംഘടനക്ക് മുന്നോടിയായുള്ള 1994 ലെ ഗാട്ട് കരാറിലെ 11-ാം വകുപ്പ് അംഗ രാഷ്ട്രങ്ങളുടെ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി നിരോധനത്തെ വിലക്കുന്നു.(27) അതേസമയം കയറ്റുമതി രാഷ്ട്രത്തിന്റെ ഭക്ഷ്യസുരക്ഷ ഭീഷണിയിലാണെന്നു വന്നാല്‍ താല്‍ക്കാലികമായുള്ള കയറ്റുമതി നിരോധനത്തിനും നിയന്ത്രണത്തിനുമുള്ള വ്യവസ്ഥയുണ്ട്. ഇതുപക്ഷേ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണുതാനും.
ദോഹാറൗണ്ട് ചര്‍ച്ചയില്‍, ദോഹാ ഡെവലപ്‌മെന്റ് അജണ്ടപ്രകാരം കയറ്റുമതി നിരോധന/നിയന്ത്രണത്തെപ്രതി ജി-20 രാഷ്ട്രങ്ങള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കയറ്റുമതി നിരോധന/നിയന്ത്രണ തീരുമാനം ബന്ധപ്പെട്ട രാഷ്ടം 90 ദിവസത്തിനുള്ളില്‍ വിശ്വവ്യാപാര സംഘടനയെ അറിയിക്കണം. നിരോധനം/നിയന്ത്രണം സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തേക്കുവരെയാകാം. എന്നാല്‍ ഇത് 18 മാസത്തി ലധികമാകുമെന്നുവന്നാല്‍ ഇറക്കുമതി രാഷ്ട്രത്തിന്റെ അനുമതിവാങ്ങാന്‍ കയറ്റുമതി രാഷ്ട്രം ബാദ്ധ്യസ്ഥമാണ്. കാര്‍ഷിക ഭക്ഷ്യഉല്പന്നങ്ങളുടെ കയറ്റുമതി നിരോധനം/നിയന്ത്രണം – പ്രത്യേകിച്ചും ദരിദ്ര രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം – അനുവദിക്കരുതെന്ന് ഈജിപ്ത് വിശ്വവ്യാപാര സംഘടനയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ദാരിദ്രമനുഭവിക്കുന്നവരുടെ ഭക്ഷ്യസുരക്ഷക്ക് വന്‍ ഭീഷണിയാകുമെന്നതാണ് കയറ്റുമതി/നിയന്ത്രണ വ്യവസ്ഥകള്‍ക്ക് ആധാരം.
ഭക്ഷ്യോല്പന്നങ്ങളുടെ ആഭ്യന്തര ആവശ്യം എത്രയെന്നുള്ള കണക്ക് തിട്ടപ്പെടുത്തുന്നതില്‍ ഇനിയും വ്യക്തത കൈവരിച്ചിട്ടില്ല. ഊഹംവച്ചാണ് പലപ്പോഴും ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നത്. ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ യഥാര്‍ഥ പട്ടികയുണ്ടാക്കാന്‍ ഇനിയുമായിട്ടില്ല. യുണീക് ഐ.ഡി. കാര്‍ഡ്/ആധാര്‍ തുടങ്ങിയവ ഇക്കാര്യത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് പ്രവചിക്കാനുമാകില്ല. കൃത്യമായ ധാരണയും വ്യക്തതയുമില്ലാതെ ശേഖരിച്ചുവക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ ഒട്ടുംതന്നെ ചെറുതല്ലാത്ത ഭാഗം സര്‍ക്കാര്‍ സംഭരണ ശാലകളില്‍ കെട്ടിക്കിടന്ന് കാലിത്തീറ്റക്കുപോലും ഉപയോഗിക്കാനാവാത്തവിധം നശിച്ചുപോകുന്നു. മറ്റൊരംശമാകട്ടെ കൊടിയ അഴിമതിയുടെ ഭക്ഷ്യശേഖരം! കയറ്റുമതിപോലും വേണ്ടെന്നുവച്ച് ശേഖരിച്ചു വയ്ക്കപ്പെടുന്നവയാണീ ഭക്ഷ്യധാന്യങ്ങളെന്ന് ഓര്‍ക്കണം. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്പന്ന കയറ്റുമതി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്താല്‍ അത് രാജ്യത്തിന്റെ വ്യാപാരശിഷ്ട ത്തെ ബാധിക്കും.
കാലാവസ്ഥാ വ്യതിയാനം
മുഖ്യമായും കാലാവസ്ഥയെ ആശ്രയിച്ചാണ് ഇന്ത്യയില്‍ കാര്‍ഷികോല്‍പ്പാദനം. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള ആകുലതകള്‍ ആഗോള തലത്തില്‍ തന്നെ ആളിപ്പടരുകയാണ്. ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസ് ഏറിയാല്‍ പോലും അത് ഗോതമ്പ് ഉല്‍പ്പാദനത്തെ ഗണ്യമായി ബാധിക്കും.(28) അന്തരീക്ഷ ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമ്പോള്‍ ഗോതമ്പുല്പാദനത്തില്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ നഷ്ടം രേഖപ്പെടുത്തുന്നു. ആറ് ശതമാനം കുറവായിരിക്കും അരിയുല്പാദനത്തില്‍ രേഖപ്പെടുത്തുക. അന്തരീക്ഷ ഊഷ്മാ വിലുണ്ടാകുന്ന ചെറു വ്യതിയാനം പോലും കാര്‍ഷിക ഭക്ഷ്യ വിളകളുടെ ഉല്പാദനത്തെ ഗുരുതരമായി ബാധിക്കുമെന്നത് ഭക്ഷ്യസുരക്ഷാപദ്ധതിക്ക് വന്‍ വെല്ലുവിളിയാണ്. പ്രകൃതി ചതിച്ചാല്‍ ഭക്ഷ്യോല്പാദനം മൂക്കുകുത്തും. അപ്പോള്‍പോലും ഭക്ഷ്യ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ട നിയമപരമായ ബാദ്ധ്യത നിറവേറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടും.
ജീവിത ശൈലീമാറ്റം
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ പാതയിലാണെന്ന് സാമ്പത്തിക ശാസ്ത്രലോകം ഏറെ അഭിപ്രായ ഭിന്നതകളില്ലാതെ അംഗീകരിക്കുന്നുണ്ട്. ഇന്‍ക്ലൂസിവ് ഗ്രോത്ത് എന്ന സങ്കല്‍പ്പം സാക്ഷാത്ക്കരിക്കപ്പെടുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും ഇന്ത്യന്‍ ജനതയുടെ ജീവിത നിലവാര സൂചിക മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ പ്രകടമാണ്. മഹാഭൂരിപക്ഷം വരുന്ന ഗ്രാമീണരുടെ വാങ്ങല്‍ശേഷിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെയും സമ്പാദ്യ/സംരംഭകത്വ പദ്ധതിയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് കടംകൊടുക്കല്‍ പദ്ധതിയിലേക്ക് വഴിമാറിയ ലഘുവായ്പാ സ്ഥാപനങ്ങളി (Micro Finance Institutions-MFIs) ലൂടെയും പമ്പുചെയ്യപ്പെടുന്ന കോടാനുകോടി ഫണ്ടാണ് ഗ്രാമീണ ജനതയുടെ വാങ്ങല്‍ശേഷി മാറ്റത്തില്‍ മുഖ്യമായും പ്രതിഫലിച്ചിട്ടുളളത്.
കോര്‍പ്പറേറ്റ് ഇന്ത്യ ശക്തിപ്പെടുന്നതിലെ നിഷേധാത്മകവശങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ തന്നെ അതുണ്ടാക്കിയെടുക്കുന്ന തൊഴിലവസരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ മാത്രമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അപ്പര്‍ മിഡില്‍ ക്ലാസ്, മിഡില്‍ ക്ലാസ്, ലോവര്‍ മിഡില്‍ ക്ലാസ്, ദരിദ്രര്‍ എന്നിങ്ങനെ ജനങ്ങളെ സാമ്പത്തികമായി വേര്‍തിരിക്കുന്നു.(29) മാറിയ സാഹചര്യത്തില്‍ ലോവര്‍ മിഡില്‍ ക്ലാസിലേയും ദരിദ്ര വിഭാഗങ്ങളിലേയും ഗണ്യമായൊരു വിഭാഗം മിഡില്‍ ക്ലാസിലേക്കുയുരുന്നുണ്ട്. കോര്‍പ്പറേറ്റ് ഇന്ത്യയുടെ വളര്‍ച്ച ഇപ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് തുണയാകുന്നു.
ഇന്ത്യന്‍ ജനതയുടെ ജീവിത നിലവാര സൂചിക ഉയരുന്നതുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും കുറവല്ല. 2007-08 ല്‍ ലോകം, പ്രത്യേകിച്ചും അമേരിക്ക ഭക്ഷ്യ വിലക്കയറ്റത്തിനടിപ്പെട്ടപ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞത് ആഗോള ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാരണക്കാര്‍ ഇന്ത്യന്‍ ജനതയാണെന്നാണ്.(30) എന്തിനധികം ആധുനിക ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിക്കാവുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങും കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസും ബുഷിന്റെ അഭിപ്രായത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധേയമായി, പ്രത്യേകിച്ചും രാജ്യത്ത് ഈയിടെയുണ്ടായ ഭക്ഷ്യവിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍.
രാജ്യത്തെ വിലക്കയറ്റം ചോദന വര്‍ദ്ധന (Demandpull Food Inflation) യുടേയും ഇന്ത്യന്‍ അഭിവൃദ്ധിയുടേയും അടയാളമായിട്ടാണ് പ്രധാനമന്ത്രി ഇന്ത്യന്‍ വിലക്കയറ്റത്തെ കാണുന്നത്.(31) പാല്‍, ഇറച്ചി, മുട്ട, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ ഉപഭോഗം കുത്തനെ കൂടിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി തോമസ്. അതേസമയം ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ചോദനമുയരുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സബ്‌സിഡി അനുവദിക്കാനാവില്ലെന്നും ഭക്ഷ്യമന്ത്രി തോമസ് വ്യക്തമാക്കുന്നു. ഇതില്‍ പതിയിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ വശങ്ങള്‍ സൂക്ഷ്മമായി വിശകലന വിധേയമാക്കുന്നിടത്തായിരിക്കും തോമസ് തന്നെ അവതരിപ്പിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പ്രയോഗതലത്തിലുണ്ടാകാനിടയുള്ള ആശാസ്യമല്ലാത്ത അവസ്ഥ അനാവരണം ചെയ്യപ്പെടുക.
അരി, ഗോതമ്പ്, ചാമയടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ ‘അസംസ്കൃത’ ഭക്ഷ്യ ഉല്പന്നങ്ങള്‍ മാത്രം. ജനങ്ങളുടെ ഭക്ഷണ രീതിയില്‍ ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ടെന്നു പറയുന്ന മന്ത്രി തോമസും ഭക്ഷ്യവിലക്കയറ്റം അഭിവൃദ്ധിയുടെ അടയാളമായിക്കാണുന്ന പ്രധാനമന്ത്രിയും ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ വിതരണം ചെയ്യാന്‍ പോകുന്നത് ഈ ‘അസംസ്കൃത’ ഭക്ഷ്യ ഉല്പന്നങ്ങള്‍ മാത്രം! യു.എനിന്റെ ഒരു പഠനം (UN study on state of the world population2007) പറയുന്നത് 2030 ഓടെ ഇന്ത്യയില്‍ 40.76 ശതമാനം ജനസംഖ്യ നഗരവാസികളാകുമെന്നാണ്. അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ജനതയുടെ ഭക്ഷണ ശീലത്തിലും പ്രകടമായ മാറ്റങ്ങളുണ്ടാകും. ഐ.ടി മേഖലയുടേതടക്കമുള്ള തൊഴിലവസരങ്ങള്‍ ദരിദ്ര വിഭാഗങ്ങള്‍ക്കും ലോവര്‍ മിഡില്‍ ക്ലാസിലുള്ളവര്‍ക്കുകൂടി തുറന്നുകിട്ടുകയാണ്. ഇതിനനുബന്ധമായി തന്നെ പി.ഡി.എസ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവരുടെ പട്ടിക കാലാകാലങ്ങളില്‍ പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ട്. ഇത് പക്ഷേ ഭരണപരമായ നടപടിക്രമങ്ങളുടെ നൂലാ മാലകളെയും വോട്ടുബാങ്ക് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങെളയും ഭേദിച്ച് സമയബന്ധിതമായി തന്നെ പുതുക്കി നിശ്ചയിക്കപ്പെടുെമന്ന് കരുതുവാനാകില്ല. വരുമാന വര്‍ദ്ധനക്കനുസൃതമായി ഭക്ഷ്യ സബ്‌സിഡിക്കുള്ള അര്‍ഹതാ പട്ടിക കാലാകാലങ്ങളില്‍ പരിഷ്ക്കരിക്കപ്പെട്ടേക്കില്ലെന്ന് ചുരുക്കം. ഇവിടെ അനര്‍ഹരുടെ പട്ടിക കനംവച്ചുകൊണ്ടിരിക്കുന്നതോടൊപ്പംതന്നെ അത് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ കാര്‍ന്നുതിന്നും.
വിവാഹ പാര്‍ട്ടികളിലടക്കം പ്രതിവര്‍ഷം 30,000 കോടിയുടെ ഭക്ഷണം പാഴാക്കി കളയുന്ന,(32) അതിവേഗം നാഗരീകവല്‍ക്കരിക്കപ്പെടുന്ന ജനത തങ്ങളുടെ ഭക്ഷ്യാവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ ന്യായവില ഷോപ്പുകളിലെത്തി വരി നിന്ന് തങ്ങള്‍ക്കനുവദിക്കപ്പെട്ടിട്ടുള്ള ഭക്ഷ്യധാന്യ ക്വാട്ട വാങ്ങിച്ച് വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം പാകംചെയ്തു കഴിക്കുവാന്‍ സമയം കണ്ടെത്തുമെന്ന് കരുതുക പ്രയാസം. ഭക്ഷ്യധാന്യങ്ങള്‍ പക്ഷേ അര്‍ഹതപ്പെട്ടവര്‍ വാങ്ങിച്ചാലും ഇല്ലെങ്കിലും പൊതുവിതരണ ശൃംഖലയിലൂടെ സര്‍ക്കാര്‍ രേഖാപ്രകാരമുള്ള കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ന്യായവില ഷോപ്പുകളിലെത്തുക തന്നെ ചെയ്യും. അവ പക്ഷേ വാങ്ങാനാളില്ലെന്നു വരുമ്പോള്‍ പി.ഡി.എസ് ശൃംഖലയിലെ അഴിമതികള്‍ക്ക് തന്നെയാവും ഏറെ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക.
വിവരസാങ്കേതിക വിദ്യ
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വ്യാപനം ശക്തിപ്പെടുകയാണ്. ഇതിന്റെ ഭാഗമായി 20,000 കോടി രൂപ മുതല്‍മുടക്കി ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കിങ്ങ് സമ്പ്രദായം നിലവില്‍ വരുന്നു(33). രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ഇ-ഗവേണന്‍സും ഇ-ബാങ്കിങ്ങും ഇ-ഹെല്‍ത്ത്് സര്‍വ്വീസും വിപുലീകരിക്കുകയെന്നതാണ് ലക്ഷ്യം. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍ നെറ്റ് കണക്ടിവിറ്റി അതിവേഗത്തില്‍ വ്യാപിക്കുന്നതോടൊപ്പം തന്നെ അത് ജനങ്ങളുടെ – പ്രത്യേകിച്ച് ഗ്രാമീണരുടെ – ഷോപ്പിങ്ങ് രീതിയെ കാര്യമായി സ്വാധീനിക്കാതിരിക്കില്ല. ഇ-കോമേഴ്‌സ് (2011-12ല്‍ 50,000 കോടിയുടെ വിപണി പ്രതിക്ഷക്കുന്നുവെന്ന്)(34) മാതൃകയില്‍ ഇ-ഗ്രോസറി ഷോപ്പുകള്‍ രാജ്യത്തുടനീളം വ്യാപിക്കുകയാണ്.(35) ഒറ്റ ക്ലിക്കിലൂടെ ഭക്ഷ്യവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇ-ഗ്രോസറി ഷോപ്പുകള്‍ അവ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഉപഭോക്താക്കളുടെ അടുക്കളയിലോ തീന്‍മേശയിലോ എത്തി ക്കുന്നു. 2015 ഓടുകൂടി പ്രതിവര്‍ഷം 7000 കോടി രൂപയുടെ ഇ-ഗ്രോസറി ബിസിനസ് ഉണ്ടാകുമെന്ന് ‘അസ്സോച’ ത്തിന്റെ പഠനം പറയുന്നു.
വാങ്ങല്‍ശേഷി ഏറുന്നതിനോടൊപ്പം തന്നെ ഭക്ഷ്യസംസ്ക്കാരം മാറ്റങ്ങള്‍ക്ക് വിധേയം. ഒരു പരിധിവരെ സാമ്പത്തികശേഷി ഭേദമില്ലാതെ തന്നെയെന്നു പറയാം ജനങ്ങളിലേറെയും ഫാസ്റ്റ് ഫുഡ്/ഇന്‍സ്റ്റന്റ് ഫുഡ് സംസ്ക്കാരത്തിന് പിറകെ പായുകയാണ്. പ്രഭാത, ഉച്ച, രാത്രി ഭക്ഷണപ്പൊതികള്‍ പരമ്പരാഗത രീതിയനുസരിച്ച് ഹോട്ടലുകളില്‍ നിന്നാണ് ലഭ്യമാകുന്നത്. എന്നാല്‍ ഒരൊറ്റ ക്ലിക്കിലൂടെ നേരാനേരങ്ങളില്‍ ഇവയെല്ലാം ഇ-ഗ്രോസറി ഷോപ്പുകളില്‍ നിന്നുകൂടി ലഭ്യമാകുന്നൊരവസ്ഥ അതിവിദൂരത്തേയല്ല. കോടാനുകോടി ചെലവഴിച്ച് സംഭരിച്ച് വിതരണം ചെയ്യപ്പെടുന്ന ‘അസംസ്കൃത’ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിന് സൈബര്‍ ലോകത്തിന്റെ കാണാ വേഗങ്ങളിലിടം പിടിക്കുന്ന ഷോപ്പിങ്ങ് സംസ്കാരം തടസ്സമായി കൂടെന്നില്ല. സമ്പദ്‌വ്യവസ്ഥക്ക് അമിത ഭാരമേല്‍പ്പിക്കുന്ന ഭക്ഷ്യസുരക്ഷായത്‌നത്തിന് വിപരീതഫലമായിരിക്കമിത് അവശേഷിപ്പിക്കുക. ഇവിടെയും പി.ഡി.എസ് അഴിമതിസംഘങ്ങള്‍ തന്നെയായിരിക്കും ‘ഗുണഭോക്താക്കള്‍’.
കാര്‍ഷിക വികസനം
2010-11, 2011-12 കേന്ദ്ര ബഡ്ജറ്റുകളില്‍ കാര്‍ഷിക-അനുബന്ധ മേഖലകള്‍ക്കുള്ള സര്‍ക്കാര്‍ നിക്ഷേപം 5,422 കോടി രൂപ മാത്രം.(36) മുന്‍ ബഡ്ജറ്റുകളെ അപേക്ഷിച്ച് 4.3 ശതമാനം കുറവ്. ഇതേ കാലയളവില്‍ ഭക്ഷ്യസംഭരണശാലകളുടെ വികസനത്തിനായി വകയിരുത്തിയത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 1,453 കോടിയുടെ കുറവ്. 2010-12 കാലയളവില്‍ കാര്‍ഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള റവന്യൂ ചെലവുകളില്‍ 5.8 ശതമാനത്തിന്റെ കുറവ്. കാര്‍ഷിക സബ്‌സിഡി 15,42,12 (2010-11) കോടിയില്‍ നിന്ന് 1,34,411 കോടി (2011-12) കോടിയായി കുറഞ്ഞു. 2011-12 ല്‍ വളം സബ്‌സിഡി ഇനത്തില്‍ വെട്ടിക്കുറച്ചത് 4,978 കോടി രൂപ. ഇതെല്ലാം സൂചിപ്പിക്കുന്നത് കാര്‍ഷികോല്പാദന വര്‍ദ്ധനയില്‍ ഊന്നിയുള്ള ബഡ്ജറ്റുകള്‍ പ്രഖ്യാപി ക്കപ്പെടുന്നില്ലെന്നു തന്നെയാണ്.
ഭക്ഷ്യമന്ത്രിയുടെ തന്നെ സംസ്ഥാനത്തിലെ കുട്ടനാട് കാര്‍ഷിക പാക്കേജ് ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കു ന്നുവെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അന്വേഷണസമിതി വിലയിരുത്തുന്നു.(37) കുട്ടനാടന്‍ ആവാസ്ഥ വ്യവസ്ഥയ്ക്ക് പുതുജീവന്‍ നല്‍കി നെല്ല് അടക്കമുള്ള കാര്‍ഷിക വിളകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് കുട്ടനാടന്‍ പാക്കേജ് ലക്ഷ്യംവെക്കുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ക്കു പരിഹാരമായും കാര്‍ഷിക മേഖ ലയുടെ ഉന്നമനത്തെ മുന്‍നിര്‍ത്തിയും കോടികള്‍ വകയിരുത്തിയാണ് വിദര്‍ഭ (3,750 കോടി )കുട്ടനാട് (1,840 കോടി രൂപ) തുടങ്ങിയ കാര്‍ഷിക പാക്കേജുകള്‍ ആവിഷ്കരിച്ച് നട പ്പിലാക്കിയത്. എന്നാല്‍ ഈ പാക്കേജുകളും ഉദ്യോഗസ്ഥ-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നുടലെടുക്കുന്ന അഴിമതിയുടെയും കെടുകാര്യ സ്ഥതയുടേയും ചെളികുണ്ടില്‍ തന്നെയാണ.് ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കോടികളുടെ നിക്ഷേപമിറക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളേറെയും പാളുന്നുവെന്നത് ഭക്ഷ്യസുരക്ഷാ പദ്ധതി നടത്തിപ്പിന് തിരിച്ചടി യാകാതിരിക്കാന്‍ തരമില്ല.
കാര്‍ഷിക വായ്പകള്‍
കാര്‍ഷിക വായ്പകളനുവദിക്കുന്നതില്‍ ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന സമീപനം ഒട്ടും ആശാവഹമല്ല. ചെറുതുക വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കകള്‍ക്ക് പൊതുവെ വൈമുഖ്യം.(38) 1990 ല്‍ അനുവദിക്കപ്പെട്ട വായ്പകളില്‍ 85 ശതമാനവും രണ്ട് ലക്ഷത്തിനു താഴെയുള്ളവയായിരുന്നു. 2009 ല്‍ ഇത് 44 ശതമാനമായി കുറഞ്ഞു. ഇതേകാലയളവില്‍ പക്ഷേ രണ്ടുലക്ഷം രൂപക്കുമുകളിലുള്ള കാര്‍ഷികവായ്പ 56 ശതമാനമായി വര്‍ദ്ധിച്ചു. ഇതില്‍ തന്നെ 25 ലക്ഷം രൂപക്കുമുകളിലുള്ള വായ്പ 18 ശതമാനമായി. നാമമാത്ര/ചെറുകിട കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ഏറെ പിറകോട്ടുപോകുന്നവെന്നത് ശുഭസൂചകമല്ല. താങ്ങുവില നല്‍കി ചെറുകിട/നാമമാത്ര കര്‍ഷകരില്‍ നിന്നാണ് സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കര്‍ഷകര്‍ക്ക് വായ്പയും സബ്‌സിഡിയും അനുവദിച്ച് കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദനം ഏറെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സ്വകാര്യ മേഖലയിലെ വന്‍കിടക്കാര്‍ക്ക് വന്‍വായ്പകള്‍ വാരിക്കോരി അനുവദിച്ച് കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിച്ചതുകൊണ്ട് സര്‍ക്കാരിന്റെ ഭക്ഷ്യശേഖരം സമ്പുഷ്ഠീകരിക്കാനാകില്ല. വന്‍കിടക്കാര്‍ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ താങ്ങുവില നല്‍കി സര്‍ക്കാരിനു സംഭരിക്കാനാകില്ല. മറിച്ച് വന്‍കിടക്കാര്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യമടക്കമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ അവരുടെ തന്നെ പ്രൊഫഷണല്‍ മാനേജ്‌മെന്റ് മേല്‍നോട്ടത്തില്‍ അത്യാധുനിക സപ്ലൈ ശൃംഖലയിലൂടെ ആധുനിക വിപണന തന്ത്രങ്ങളുടെ പിന്‍ബലത്തില്‍ പൊതുവിപണിയിലെത്തും. ഇങ്ങനെ പൊതുവിപണിയിലെത്തുക അരി, ഗോതമ്പ,് ചാമ തുടങ്ങിയ ‘അസംസ്കൃത’ ഭക്ഷ്യ വസ്തുക്കളായിട്ടായിരിക്കില്ല. മൂല്യവല്‍കൃത ഭക്ഷ്യോല്പന്നങ്ങ ളായിട്ടായിരിക്കും.
ഭക്ഷ്യസംസ്ക്കരണ മേഖല
ഭക്ഷ്യോല്പ്പന്നങ്ങളുടെ മൂല്യവത്ക്കരണം 20 ല്‍ നിന്ന് 35 ശതമാനത്തിലേക്കുയര്‍ത്തുവാനുള്ള കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വ്യവസായമന്ത്രാലയത്തിന്റെ തീവ്രശ്രമങ്ങള്‍(39) തീര്‍ത്തും ശ്രദ്ധേയമാണ്. 2004 ല്‍ വെറും ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖല ഇന്ന് 14 മുതല്‍ 20 ശതമാനം വളര്‍ച്ചയിലെത്തിനില്‍ക്കുന്നു. 50 മെഗാഫുഡ്പാര്‍ക്കുകള്‍ക്ക് ഇതിനകം സര്‍ക്കാര്‍ അനുമതി നല്‍കി. ഓരോ പാര്‍ക്കിലും 250 കോടി രൂപ വീതം മുതല്‍മുടക്കിയുള്ള 30-35 യൂണിറ്റുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ഓരോ യൂണിറ്റിന്റേയും പ്രതിവര്‍ഷ ടേണോവര്‍ 400 മുതല്‍ 450 കോടി രൂപയായിരിക്കുമെന്ന് ഭക്ഷ്യസംസ്ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ മെഗാഫുഡ് പാര്‍ക്ക് സ്കീം മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നു.
ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖലയില്‍ ഉല്‍പ്പാദനം, ഉപഭോഗം, കയറ്റുമതി, പ്രതീക്ഷിക്കപ്പെടുന്ന വളര്‍ച്ച തുടങ്ങിയ തലങ്ങളില്‍ ആഗോളതലത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മൊത്തം ഭക്ഷ്യവിപണിയുടെ 32 ശതമാനം സംസ്ക്കരിക്കപ്പെട്ട ഭക്ഷ്യവസ്തുവിപണിയിലേക്ക് മാറിയിരിക്കുന്നു. ഈ മേഖലയില്‍ 10 വര്‍ഷത്തിനുള്ളില്‍ 33 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ഭക്ഷ്യ ഉല്‍പ്പന്ന വിപണിയില്‍ 2015 ഓടെ 1.5 മുതല്‍ മൂന്നു ശതമാനം വ്യാപാരമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ഇതില്‍ നിന്നെല്ലാം പ്രകടമാകുന്നത് ഭക്ഷ്യസുരക്ഷാ നിയമപരിരക്ഷക്കായി ശേഖരിച്ചുവെക്കപ്പെടേണ്ട ‘അസംസ്കൃത’ ഭക്ഷ്യധാന്യങ്ങളില്‍ ഗണ്യമായൊരുഭാഗം സംസ്ക്കരിക്കപ്പെട്ട/മൂല്യവല്‍ക്കരിക്കപ്പെട്ട ഭക്ഷ്യ വസ്തുക്കളായി മാറ്റിയെടുക്കപ്പെട്ടേക്കുമെന്നാണ്.
ഗോതമ്പ്, അരി, ചാമ തുടങ്ങിയ ആറുതരം ഭക്ഷ്യധാന്യങ്ങള്‍ പ്രതിവര്‍ഷം 200 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിക്കപ് പെടുന്നുണ്ടെന്നാണ് കണക്ക്്.(40) ഇതില്‍ വലിയൊരു ഭാഗം ഉല്പാദിപ്പിക്കുന്നത് സ്വകാര്യ സംരംഭകര്‍/ വന്‍കിട കര്‍ഷകര്‍. ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖലയില്‍ സര്‍ക്കാരിന്റെ സര്‍വ്വവിധ സഹായത്തോടെ കോടികളുടെ നിക്ഷേപം നടത്തുന്നവരിലേറെയും സ്വകാര്യ സംരംഭകരാണ്. അതുകൊണ്ടുതന്നെ സ്വകാര്യ സംരംഭകര്‍ വന്‍തുക കാര്‍ഷിക വായ്പയെടുത്ത് ആധുനിക രീതിയില്‍ കൃഷി ചെയ്‌തെടുക്കുന്ന ടണ്‍കണക്കിന് വിളകള്‍ അവരുടെ ഭക്ഷ്യ സംസ്ക്കരണ യൂണിറ്റിലേക്കുമാത്രമേ പോകൂ. അതൊരിക്കലും സര്‍ക്കാരിന്റെ പൊതുവിതരണ ശൃംഖലയിലെത്തു കയില്ല. ഇവിടെയാണ് കാര്‍ഷിക വായ്പകളും സബ്‌സിഡികളും നല്‍കി നാമമാത്ര – ചെറുകിട കര്‍ഷകരെ ശക്തിപ്പെടുത്തി കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാകുന്നത്. ഈ അനിവാര്യത കൃത്യമായി തിരിച്ചറിയപ്പെടുന്നില്ലെങ്കില്‍ അത് ഭക്ഷ്യസുരക്ഷ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള ഭക്ഷ്യധാന്യ സംഭരണത്തെ ഗുരുതരമായി ബാധിക്കും.
സബ്‌സിഡിയുടെ രാഷ്ട്രീയം
ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറച്ച് സമ്പദ് വ്യവസ്ഥക്ക് പുതു ഊര്‍ജ്ജം നല്‍കണമെന്നുള്ള വാദം ശക്തമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങടക്കമുള്ള വിപണി സാമ്പത്തിക വിദഗ്ദ്ധരാണ് സബ്‌സിഡികള്‍ ഒഴിവാക്കി സമ്പദ്‌വ്യവസ്ഥയെ ബാദ്ധ്യതാമുക്തമാക്കണമെന്ന ശാഠ്യത്തിലുറ ച്ചുനില്‍ക്കുന്നത്.(41) ഭക്ഷ്യ സുരക്ഷാനിയമത്തെ തങ്ങളുടെ പ്രസ്റ്റീജ് പദ്ധതിയായിട്ടാണ് യു.പി.എ സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറക്കണമെന്നുള്ള സാമ്പത്തിക ശാസ്ത്ര ശാഠ്യത്തിന്റെ ബാക്കിപത്രമെന്തായിരിക്കുമെന്നതിനെപ്രതി ആഴത്തിലുള്ള പഠനം നടത്താന്‍ ഭക്ഷ്യസുരക്ഷാ നിയമ ദിശയിലുള്ള സബ്‌സിഡിയെ വോട്ടുബാങ്ക് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായി ന്യായീകരിക്കുന്ന യു.പി.എ അണിയറയിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ തയ്യാറാകണം. കാര്‍ഷിക സബ്‌സിഡി നല്‍കി ഉയര്‍ന്ന കാര്‍ഷികോല്പാദന ച്ചെലവിന്റെ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഉല്പാദനച്ചെലവ് കൂടുന്നതിനനുസൃതമായി അത് ഉല്പന്നങ്ങളുടെ വിപണിവിലയില്‍ പ്രതിഫലിക്കും. ഈ ഘട്ടത്തില്‍ ഭക്ഷ്യ ഉല്പന്നങ്ങള്‍ക്കുള്ള താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടും. ഉല്പാദന ചെലവിനനുസൃതമായി കാര്‍ഷിക സബ്‌സിഡി നല്‍കപ്പെടുമ്പോള്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവില നിശ്ചയിക്കണമെന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് സര്‍ക്കാരിന് കരകയറാം.
വികസിത രാജ്യങ്ങളില്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി വാരിക്കോരി നല്‍കി കാര്‍ഷികോല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. കാര്‍ഷിക സബ്‌സിഡിയുടെ പിന്‍ബലത്തില്‍ ഉല്പാദനച്ചെലവ് കര്‍ഷകരെ കാര്യമായി ബാധിക്കുന്നില്ല. അതുകൊണ്ട് അവരുടെ ഉല്പന്നങ്ങള്‍ ആഗോള വിപണിയില്‍ വില കുറച്ചുവില്‍ക്കാനാകുന്നു. അതിലൂടെ ആഗോളഭക്ഷ്യ വിപണി അവര്‍ കൈയടക്കുന്നു. അതോടൊപ്പം തന്നെ അവരുടെ ആഭ്യന്തര ഭക്ഷ്യവിപണിയെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷിക്കുവാാനുള്ള പ്രാപ്തിയും കൈവരിക്കുന്നു.
ഉയര്‍ന്ന ഉല്പാദനച്ചെലവിന്റെ പരിരക്ഷയെന്നോണമുള്ള കാര്‍ഷിക സബ്‌സിഡി കൃത്യമായി അനുവദിക്കപ്പെടുമെങ്കില്‍ മാത്രമേ രാജ്യത്ത് കാര്‍ഷികോല്പാദനം വര്‍ദ്ധിക്കൂ. രണ്ടാം ഹരിതവിപ്ലവം സാക്ഷാത്ക്കരിക്കപ്പെടൂ. ഭക്ഷ്യ സുരക്ഷ നിയമമാകുന്നതോടെ ഭക്ഷ്യോല്പന്നങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് ഏറുകയാണ്. ഈ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥക്ക് ഭാരമാണ് സബ്‌സിഡി എന്ന സാമ്പത്തിക ശാസ്ത്രത്തിന് കാര്യമായ തിരുത്തല്‍ അനിവാര്യമാകുന്നുണ്ട്. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയേറുകെയാണന്നതിനാല്‍ ജനിതകമാറ്റം വരുത്തിയ (Genetically modified) ഭക്ഷ്യവിളകളുടെ സാദ്ധ്യതകള്‍ കൂടി സമഗ്രമായ പഠനങ്ങളുടെ പിന്‍ബലത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.
കോര്‍പ്പറേറ്റ് ഇന്ത്യയുടെ ശക്തി, ജീവിതശൈലീമാറ്റം, നഗരവത്ക്കരണം ഇവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്നെ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് 2008 പ്രകാരം ഇന്ത്യ വികസ്വര രാഷ്ട്രങ്ങള്‍ ക്കിടയില്‍ 66-ാം(42) സ്ഥാനത്താണെന്നതിനെ അതീവ ഗൗവരത്തോടെ സമീപിക്കേണ്ട സമയം തന്നെ യാണിത്. 25 ഓളം വരുന്ന സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും തെക്കനേഷ്യന്‍ രാജ്യങ്ങളേ ക്കാളും (ബംഗ്ലാദേശ് ഒഴികെ) ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയിലാണ് ഇന്ത്യ. ഇത്തരമൊരു സ്ഥിതിവിശേഷത്തിലാണ് മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതക്കായി മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷ നിയമമാക്കപ്പെടുന്നത്. ഇതില്‍ വീഴ്ച്ചയുണ്ടാകുന്നുവെന്നുവന്നാല്‍ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയില്‍ നിന്ന് രാജ്യം മുക്തമാകുകയില്ലെന്ന മാത്രമല്ല കീരിക്ക് മുന്നില്‍പെട്ട പാമ്പിനെ പോലെയാകും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. അതെ സമ്പദ്‌വ്യവസ്ഥക്ക് ഒരിഞ്ചുപോലും മുന്നോട്ടുപോകാനാവാത്ത അവസ്ഥ! 2025ഓടുക്കൂടി ചൈനീസ് സമ്പദ്‌വ്യവസ്ഥയെ മറികടക്കാനായേക്കാമെന്ന ഇന്ത്യയുടെ കണക്കുക്കുട്ടലാകും ഇവിടെ തെറ്റുക.
* ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ റിസര്‍ച്ച് ഫെല്ലോയാണ് ലേഖകന്‍
Footnotes
1 http://nac.nic.in/foodsecurity/nfsb_final.pdf
2 Food Subsidy bill hit Rs 45,125, Financial Express, 2011 December 20
3 http://fciweb.nic.in//upload/Public-dist/Note%20on%20TPDS%20and%20OWS%28Oct%2011%29l.pdf
4 http://fciweb.nic.in/storages/view/6
5 http://pib.nic.in/newsite/erelease.aspx?relid=78494
6 1 lakh tonne food grain lost in FCI godown, Business standard, 19-12-11
7 http://news.bbc.co.uk/2/hi/business/7489816.stm
8 Rs.60,000 cr is the cost of rotting grain every year, Tehelka, August 07,2010
9 http://fciweb.nic.in//upload/Public- dist/Note%20on%20TPDS%20and%20OWS%28Oct%2011%29l.pdf
10 WP(c) 196/2001 PUCL v/s Union Govt. 12-07-2006
11 http://web.iitd.ac.in/~reetika/PDS%20JDS%202011.pdf
12 ML to take CAG report to the masses, Times of india, 2010 JULY 21
13 Ex-Arunchal CM Arrested for PDS scam, Time of India , 2010 AUG 24
14 AGP demands CBI probe into Rs 10,000 cr PDS scam, Hindustan Times, October 12, 2010,
15 Uttar Pradesh food grain scam – Wikipedia, the free encyclopedia
16 http://www.outlookindia.com/article.aspx?250566
17 http://web.iitd.ac.in/~reetika/PDS%20JDS%202011.pdf
18 റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വീട്ടിലെത്തിക്കും, മാതൃഭൂമി , 311211
19 ബി.പി.എല്‍ പട്ടികയില്‍ അനര്‍ഹരായ 23000 സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍,മാതൃഭൂമി 171211
20 സ്വത്ത് പണയംവെച്ച് 50,000 കോടി രൂപ വായ്പയെടുക്കാനൊരുങ്ങുന്നു കേന്ദ്രസര്‍ക്കാര്‍, മാതൃഭൂമി 231211
21 1,851cr NRHM fund doesn’t show in accounts: CAG , Time of India, Dec 17, 2011
22 http://indiatoday.intoday.in/story/nrega-scam-sandeep-dixit/1/157810.html
23 PAC wants leakages in noon meal scheme plugged, The Hindu, March 10, 2011
24 Who’s most corrupt, Business India,
25-11-11, Pg 42 25 PIB Report on 29-07-2010
26 FCI needs Rs 85,359cr for grain procurement, Time of India, Aug 30, 2011
27 http://www.cuts-citee.org/pdf/Food_Export_Restrictions_Balance_importers_and_exporters_rights.pdf
28 http://www.wamis.org/agm/meetings/rsama08/S402-Chattopadhyay-Climate-change_Food-Security.pdf
29 ചില്ലറക്കച്ചവടം; മന്‍മോഹന്റെ പാളിച്ചകള്‍, കെ.വേണു, മാതൃഭൂമി ആഴ്ചപ്പതിപ്പ്-2011 ഡിസംബര്‍ 18-24, പേജ് 18
30 http://expressbuzz.com/nation/Changing-food-habits-causing-inflation-Thomas/327730.html
31. http://indiatoday.intoday.in/video/food-inflation-may-be-result-of-growing-prosperity-manmohan-singh/1/158748.html
32. Food fourm-2011, Business India, 2011 April 17, pg 28
33 Taking broadband to villages, Business India, 2011 November 27, pg 30
34 E-Commerce gets inceased, Business India, 2012 Januery 08, pg 18
35 E-grocery Ration shops, Business India, 2011 November 27, pg 38
36 In farmer’s name, Front Line, 2011 March 25, pg 10
37 കുട്ടനാട് പാക്കേജ് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നു. മാതൃഭൂമി 2012 ജനുവരി 7 പേജ് 07
38 In farmer’s name, Front Line, 2011 March 25, pg 10
39 http://mofpi.nic.in/images/File/finalstrategyplan.pdf
40 http://www.cci.in/pdf/surveys_reports/food-processing-india.pdf
41 Manmohan’s New Year pledge, The Hindu, 01, January 2012, pg 01
42 Food Security Act: Is it well thought out? Economic Times, August 26, 2009