ആഴക്കടൽ ധാതുപര്യവേക്ഷണതർക്കത്തിൽ അവ്യക്തത

ആഴക്കടൽ ധാതുപര്യവേക്ഷണതർക്കത്തിൽ അവ്യക്തത

കെ.കെ ശ്രീനിവാസൻ/KK Sreenivasan

This article discusses the lack of clarity in the  objections raised by the Pinarai govt in Kerala against the deep sea mining  along the Kerala coast proposed by the union govt

കേരള തീരത്ത് ആഴക്കടൽ ധാതു പര്യവേക്ഷണത്തിലും ഖനനത്തിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെൻ്റ് ആൻ്റ് റെഗുലേഷൻ) ആക്‌ട് 2002-ലെ ഭേദഗതി ചൂടേറിയ വിഷയമാണെല്ലോ.

നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള മണൽഖനനമെന്നതിലാണ് ആക്ടിൻ്റെ പ്രാഥമിക ഊന്നൽ. തന്ത്രപരമായ
ധാതുക്കളും അമൂല്യ വസ്തുക്കളും വേർതിരിച്ചെടുക്കുന്നത് കടൽത്തീര ഖനനത്തിലുൾപ്പെടുന്നുണ്ട്. കെട്ടിട നിർമ്മാണ മണലിൻ്റെ പേരിൽ കടലിൻ്റെ അടിത്തട്ട് തുരന്ന് അമൂല്യ ധാതുക്കളുൾപ്പെടെ അപ്പാടെ ശേഖരിക്കുവാനുള്ള അവസരം സ്വകാര്യ മേഖലക്ക് സൃഷ്ടിച്ചു കൊടുക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യമെന്നത് പ്രകടം. ഇതേ ലക്ഷ്യംവച്ച് പസിഫിക്ക് സമുദ്രത്തിൽ ആഴക്കടൽ ഖനന അനുമതിയ്ക്കായ് ചങ്ങാത്ത മുതലാളിത്ത ബാന്ധവത്തിലുള്ള യൂണിയൻ സർക്കാർ ശ്രമിക്കുന്നുവെന്നതും കാണാതെ പോകരുത്. ഇന്ത്യ പങ്കാളിയായ ക്വാഡ് കൂട്ടായ്മയിൽ മോദി സർക്കാർ സ്വാധീനം ചെലുത്തി അനുമതി നേടിയെടുക്കുവാനുള്ള സാധ്യത കൂടുതലാണ്.

ആഴക്കടൽ ഖനന പ്രശ്‌നത്തിന് വിശാലമായ പ്രത്യാഘാതങ്ങളുണ്ട്. അതേക്കുറിച്ച് വ്യക്തമായ നിലപാട് എടുക്കേണ്ടതുണ്ട്. ഗുരുതരമായ സമുദ്ര പാരിസ്ഥിതിക – മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രശ്‌നങ്ങളുൾപ്പെടെ എല്ലാ അർത്ഥത്തിലും ഖനനത്തെ എതിർക്കേണ്ടതുണ്ടോ അതോ സുസ്ഥിര ഖനനത്തെക്കുറിച്ചുള്ള നിലപാട് ഉന്നയിക്കേണ്ടതുണ്ടോ? ഇക്കാര്യത്തിൽ കൃത്യതയാർന്ന നിലപാട് അനിവാര്യം.
മത്സ്യ ബന്ധന സമൂഹത്തിൻ്റെ
ഉപജീവനോപാധിയെന്നതിനെയും മറൈൻ ആവാസവ്യവസ്ഥയ്ക്കു മേൽ ഖനനം സൃഷ്ടിയ്ക്കാവൂന്ന പ്രത്യാഘാതങ്ങളെയും മുൻനിറുത്തിയുള്ള എതിർപ്പു ഉന്നയിക്കപ്പെടുമ്പോൾ തന്നെ അതിനെയെല്ലാം മറികടന്ന്  ഖനനമെന്നത് യൂണിയൻ ലിസ്റ്റിലുൾപ്പെടുന്നുവെന്ന ഒറ്റക്കാരണംകൊണ്ടു തന്നെ ചങ്ങാത്ത മുതലാളിത്ത വക്താക്കളായ മോദി സർക്കാർ ഖനനവുമായി മുന്നോട്ടുപോകാതിരിയ്ക്കില്ലെന്ന് വേണം കരുതാൻ. അത്തരമൊരു ഘട്ടത്തിൽ, സംസ്ഥാനത്തിൻ്റെ കടലിൽ നിന്ന് ഖനനം ചെയ്യെതെടുക്കപ്പെടുന്ന ധാതു സമ്പത്തുക്കളിന്മേലുള്ള കേരളത്തിൻ്റെ തനത് സാമ്പത്തിക പങ്കെന്തെന്നതിലുൾപ്പെടെ വ്യക്തമായ നിലപാട് രൂപപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യം പക്ഷേ കേരളത്തിൻ്റെ മുന്നിലുണ്ടോയെന്നതിൽ ഇനിയും വ്യക്തതയില്ല.

കേരള സർക്കാരിനെ സംബന്ധിച്ചിടത്തോളം, അതിൻ്റെ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കേരള കടൽത്തീരത്ത് ഖനനം ആരംഭിക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമാണ്. 2025 ജനുവരി 2-ാം വാരത്തിൽ കൊച്ചിയിൽ യൂണിയൻ മൈനിംഗ് സെക്രട്ടറി കന്ത റാവുവും ഹനീഷും തമ്മിൽ ചർച്ച നടന്നിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഓഫ്‌ഷോർ ഖനന മേഖലയിൽ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കേണ്ടതിൻ്റെ ആവശ്യകത മാത്രമാണ് ചർച്ചകളിൽ ഹനീഷ് ഉന്നയിച്ചത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന പ്രശ്നത്തെക്കുറിച്ചും ആഴക്കടൽ ഖനനത്തിൻ്റെ ഫലമായുണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും അദ്ദേഹം ഉന്നയിച്ചില്ല. അതിനാൽ ഖനനത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ പിണറായി സർക്കാരിൻ്റെ നിലപാട് സംശയാസ്പദമെന്ന് പറയേണ്ടിവരും. കേന്ദ്ര ഖനന സെക്രട്ടറിയുമായുള്ള പിണറായി സർക്കാരിൻ്റെ വ്യവസായ സെക്രട്ടറി ആഴക്കടൽ ഖനന നീക്കത്തെപ്രതിയെന്ത് സംസാരിച്ചുവെന്നത് പിണറായി സർക്കാരിനറിയില്ലെന്നോ??!

കേരളത്തിലെ ധാതുമണൽ സംസ്ക്കരണ സിഎംആർഎൽ ശശീന്ദ്രൻ കർത്തയും പിണറായിയുടെ മകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മറക്കരുത്. പിണറായിയുടെ മകൾക്ക് കർത്ത നൽകിയ മാസപ്പടിയും.
യൂണിയൻ സർക്കാരിൻ്റെ നീക്കത്തിൽ, അവരുടെ നല്ല ബുക്കിൽ ഇതിനകം ഇടംപിടിച്ചിട്ടുള്ള അദാനിയുൾപ്പെടെയുള്ള പ്രൈവറ്റ് കമ്പനികളും സർക്കാരും
തമ്മിലുള്ള അവിശുദ്ധബന്ധം പ്രകടമെന്ന് പറയാതെ വയ്യ. മോദി സർക്കാരിൻ്റെ മുൻകയ്യിൽ കേരള ക്കടൽ അടിത്തട്ട് ഖനനത്തിൽ പിണറായി സർക്കാരിൻ്റെ നല്ല ബുക്കിൽ ഇടമുള്ള കർത്തയുടെ സിഎംആർഎല്ലും ഗുണഭോക്താക്കളുടെ ഭാഗമാകാൻ സാധ്യതയുണ്ട്. അതൊരു അത്ഭുതമായിരിക്കില്ല! ആഴക്കടൽ ഖനനത്തിനെതിരെ പിണറായി സർക്കാർ അസംബ്ലിയിൽ പാസ്സാക്കിയ പ്രമേയത്തിന് പ്രതിപക്ഷത്തിൻ്റെ പിന്തുണയുണ്ടായി. രണ്ടുവട്ടം ആലോചിച്ചതിനു ശേഷമാണോ പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചതെന്നറിയില്ല. എന്തായാലും കേരള ആഴക്കടൽ ഖനന നീക്കത്തിൽ മോദി – പിണറായി സർക്കാരുകളുടെ ഉദ്ദേശശുദ്ധി സംശയാസ്പദമെന്ന് പറയാൻ നിർബ്ബന്ധിയ്ക്കപ്പെടുന്ന
സാഹചര്യമാണ് ഇപ്പോൾ.

 

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…