റോഡപകട മരണങ്ങളുമായി ബന്ധപ്പെട്ട നരഹത്യക്കേസ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ദേശീയപാതാ അതോറിറ്റിയുടെ ഹർജി. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ അപകട മരണങ്ങളുടെ ഉത്തരവാദിത്തം ദേശീയപാതാ അതോറിറ്റിയാണെന്നതിനാൽ അവർക്കെതിരെ നരഹത്യക്ക് കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. ഷാജി.ജെ.കോടങ്കടത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പീച്ചി പൊലീസാണ് അതോറിറ്റിക്കെതിരെ നരഹത്യ കേസ് റജിസ്ട്രർ ചെയ്തത്. അതോറിറ്റി ഉദ്യോഗസ്ഥരും നിർമ്മാണ കരാർ കമ്പനിയുമടക്കം ഒമ്പതു പേർക്കെതിരെയാണ് നരഹത്യ കേസ് .
ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി.കെ സുരേഷ്, ചെയർമാൻ യുദീർ സിങ് മാലിക് എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. മറ്റൊരു കേസിൽ ദേശീയ പാതയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഹൈകോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് പക്ഷേ പാലിക്കുന്നതിൽ അതോറിറ്റി ഗുരുതരമായ വീഴ്ചവരുത്തി. ഹൈകോടതി നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനിടെ തന്നെ ദേശീയ പാത അപകടങ്ങളിൽ 18 ജീവനുകൾ പൊലിഞ്ഞു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് അതോറിറ്റിക്കെതിരെ നരഹത്യക്ക് കേസ്സെടുക്കണമെന്നാവശ്യവുമായി അഡ്വ. ഷാജി കോടങ്കടത്ത് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. നരഹത്യ കേസിനെതിരെയുള്ള അതോറിറ്റിയുടെ ഹർജി പ്രകാരം ഹൈകോടതി പൊലിസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
‘