വാര്‍ത്താചാനലുകള്‍ വിലയിരുത്തപ്പെടുമ്പോള്‍

posted by on on 10 September 11 at 07:02 AM

 

കെ.കെ ശ്രീനിവാസൻ
ലക്‌ട്രോണിക് മീഡിയയുടെ കാണാവേഗത്തിലാണ് മാധ്യമ പ്രവര്‍ത്തനം. വിപണിവല്‍ക്കരണത്തിന്റെ ആലസ്യംപൂണ്ട സമകാലിക ലോകത്തില്‍ മാധ്യമ പ്രവര്‍ത്തനവും വിപണിയുടെ താളത്തിനനുസൃതം. ഈ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് സക്രിയമായ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഛായ കല്പിച്ചു നല്‍കുവാനാകുമോ? സാമൂഹിക മാറ്റത്തിനും ഭരണകൂടത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നതിനും ചാലകശക്തിയാകുന്നതില്‍ ഇലക്‌ട്രോണിക് മിഡിയക്കാകന്നുണ്ടോ? ഈ സമസ്യകള്‍ക്കുള്ള ഉത്തരം തേടുവാനുള്ള ശ്രമമാണിവിടെ.

ഇന്ത്യയിലെ മറ്റ് പ്രദേശിക ഭാഷദൃശ്യമാധ്യമങ്ങളില്‍ നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നതില്‍ മലയാള ദൃശ്യ മാധ്യമങ്ങള്‍ മുന്നിലല്ലെന്ന് പറയാനാവില്ല പ്രത്യേകിച്ചും വാര്‍ത്തകള്‍ പ്രേക്ഷകരിലെത്തിക്കുന്നതില്‍ . അതേസമയം, വന്‍കിട കോര്‍പ്പറേറ്റ് മാധ്യമ മാനേജ്‌മെന്റുകളുടെ ഹിന്ദി-ഇംഗ്‌ളീഷ് ചാനലുകള്‍ക്കൊപ്പം മലയാളം ചാനലുകള്‍ എത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കപ്പെടണം. കേരളത്തിലെ ദൃശ്യമാധ്യമരംഗം ഇപ്പോഴും ശൈവദശയില്‍. ഈ പശ്ചാത്തലത്തില്‍ ഇതിന്റെ പ്രൊഫഷണലിസത്തിലും ഉള്ളടക്കത്തിലും നിലപാടുകളിലും ഊന്നിയുള്ള വിമര്‍ശനാത്മക വിലയിരുത്തലുകളും ക്രിയാത്മക നിര്‍ദ്ദേശങ്ങളുമാകാം.

അച്ചടി മാധ്യമരംഗത്തെ അനുഭവസമ്പത്തിന്റെ പിന്‍ബലമാണ് കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാരംഭത്തിനും വളര്‍ച്ചക്കും ആധാരം. അച്ചടി മാധ്യമരംഗത്ത് നിന്നുള്ള കൂടുമാറ്റക്കാരാണ് ദൃശ്യമാധ്യമരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ദൃശ്യമാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന ദിശയില്‍ പ്രൊഫഷണല്‍ പഠന-പരിശീലന ശാഖ ഇനിയും പൂര്‍ണ്ണതയിലെത്തേണ്ടിരിക്കുന്നു.. ദൃശ്യമാധ്യമ അക്കദമിക്ക് പരിശീലനം ആര്‍ജ്ജിച്ചവരെന്ന് അവകാശപ്പെട്ട് ഉദയം ചെയ്തവരുണ്ട്. അവര്‍ക്കുപോലും ദൃശ്യമാധ്യമ രംഗത്ത് പ്രൊഫഷണലിസത്തിന്റെ ചലനങ്ങള്‍ സൃഷ്ടിക്കുവാനായിട്ടില്ലന്നുവേണം പറയാന്‍.. മലയാള ടെലിവിഷന്‍ വാര്‍ത്താരംഗത്തിന്റെ പരിമിതികളും പ്രശ്‌നങ്ങളും സാധ്യതകളും പലരാലും പറഞ്ഞുവയ്ക്കപ്പെടുന്നുണ്ട്. പക്ഷേ നാളെകളുടെ ടെലിവിഷന്‍ വാര്‍ത്താമാധ്യമത്തിന്റെ വികാസ ദിശയിലുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍ വിരളം.

ദൃശ്യമാധ്യമ പ്രവര്‍ത്തകനോടൊത്ത് ഫീല്‍ഡിലെത്തുന്ന വീഡിയോഗ്രാഫര്‍ക്ക് ദൃശ്യ മാധ്യമരംഗത്തെ കൊഴുപ്പിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ വലിച്ചുവാരിയുള്ളതും ഉപരിപ്‌ളവുമായ വാര്‍ത്താവലോകനം പലപ്പോഴും അരോചകം. ഇവിടെയാണ് ദൃശ്യങ്ങള്‍ തന്നെ വാര്‍ത്തകളാകേണ്ടതിന്റെ അനിവാര്യത. ദൃശ്യങ്ങള്‍ വിക്ഷേപിക്കുന്ന അതിവിപുലമായ സംവേദന സാധ്യതയും രാഷ്ട്രീയവും ഗ്രഹിക്കുവാനുള്ള ശേഷിയുണ്ടായിരിക്കണം, വീഡിയോഗ്രാഫര്‍ക്ക.് ഇന്ന് പക്ഷേ വിന്യസിക്കപ്പെട്ടിരിക്കുന്ന ബഹുഭൂരിപക്ഷത്തിനും ഇപ്പറഞ്ഞ ശേഷിയുണ്ടോ?

ദൃശ്യങ്ങള്‍ കൃത്യതയോടെ എഡിറ്റ് ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്നതിലും മികവ് പ്രകടിപ്പിക്കപ്പെടുന്നില്ല. വീഡിയോ എഡിറ്റര്‍മാര്‍ താന്‍ എഡിറ്റ് ചെയ്യുന്ന ദൃശ്യത്തിന്റെ രാഷ്ട്രീയം തിരിച്ചറിയുവാന്‍ കെല്പുള്ളവരായിരിക്കണം. ഇത്തരക്കാര്‍ ഏറെ വിരളമാണെന്നതും മലയാള ദൃശ്യമാധ്യമത്തിന്റെ അമച്ച്വര്‍ സ്വഭാവത്തിന് കാരണമാകാതിരിക്കുന്നില്ല. സമയ ദൈര്‍ഘ്യം കുറച്ചും കുുറുക്കികൊള്ളുന്നതുമായ ഭാഗംമാത്രം എഡിറ്റ് ചെയ്‌തെടുത്ത് വിന്യസിക്കുവാന്‍ ലേഖകര്‍ വീഡിയോ എഡിറ്റര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കണം. ഈ ദിശയില്‍് ശ്രദ്ധ പതിയാതെ പോകുന്നുവെന്നതും കാണല്‍ പ്രക്രിയക്ക് കല്ലുക്കടിയാകുന്നുണ്ട്. വാര്‍ത്തകള്‍ക്ക് അകമ്പടിയേകുന്ന ദൃശ്യങ്ങളുടെ ആവര്‍ത്തന വിരസത ഒഴിവാക്കപ്പെടുന്നില്ലെന്നതും അരോചകം.

വാര്‍ത്തകളും വിശേഷങ്ങളും നഗരകേന്ദ്രങ്ങളില്‍ മാത്രമെയുള്ളുവെന്ന് സംശയം ജനിപ്പിക്കുന്നതാണ് സമകാലിക ദൃശ്യമാധ്യമ രംഗം. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് നഗരങ്ങളിലെ വാര്‍ത്തകളാണ് ഏറെയും ദൃശ്യമാധ്യമങ്ങളില്‍ തെളിയുന്നത്. ഗ്രാമഗ്രാമാന്തരങ്ങളിലെ വൃത്താന്തങ്ങള്‍ ചാനലില്‍ ഇടംപിടിക്കാതെ പോകുന്നിടത്ത് നിഷേധിക്കപ്പെടുന്നത് ജനങ്ങളുടെ അറിയുവാനുള്ള അവകാശം. പൊതുജനാഭിപ്രായ രൂപീകരണ ദിശയില്‍ ദൃശ്യമാധ്യമങ്ങളുടെ പങ്ക് ഇനിയും അപൂര്‍ണ്ണമായി തുടരുകയാണന്നതല്ലേ ഇതിലൂടെ സ്പഷ്ടമാകുന്നത്? ഇതൊക്കയാണെങ്കിലും മലയാള ദൃശ്യമാധ്യമരംഗം പ്രൊഫഷണലിസത്തില്‍ പരിലസിക്കുന്നില്ലെന്ന് മഷിയിട്ട് കണ്ടുപിടിക്കുന്ന പ്രേക്ഷകര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. പൊതുജനാഭിപ്രായ രൂപീകരണത്തില്‍ ചാലക ശക്തിയാകാന്‍ ദൃശ്യമാധ്യമങ്ങള്‍ക്കാകുന്നുണ്ടോ എന്നതിലാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരുടേയും ശ്രദ്ധ.

ഈ ലേഖകനുണ്ടായ ഒരനുഭവം കുറിക്കാം. ജന്മി – കുടിയാന്‍ തര്‍ക്കത്തിനൊടുവില്‍ കോടതിവിധി ജന്‍മിക്ക് അനുകൂലം. തുടര്‍ന്ന്, കുടിയാനും 22ഓളം കുടുംബങ്ങളും ഏത് നിമിഷവും കുടിയൊഴിപ്പിക്കപ്പെടുന്ന അവസ്ഥ. കുടുംബങ്ങള്‍ ആത്മസംഘര്‍ഷത്തില്‍. ഏറെ കൊട്ടിഘോഷിപ്പിക്കപ്പെട്ട ഭൂപരിഷ്ക്കരണ നിയമത്തിന്റെ അന്ത:സത്തക്ക് നിരക്കാത്തതാണ് കുടിയൊഴിപ്പിക്കല്‍ ഉത്തരവ്. ഇത്, മലയാളത്തിലെ ആദ്യവാര്‍ത്തചാനലിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയപ്പോള്‍ തൃശ്ശൂര്‍ ജില്ലാ ലേഖകന്‍ പറഞ്ഞതിങ്ങനെ….”ചേട്ടാ… കുടിയിറക്കുന്ന ദിവസം പോയ്‌ക്കോള്ളാം. അപ്പോള്‍ അടിപ്പൊളി ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാം….”  ദൃശ്യമാധ്യമരംഗത്തിന്റെ ഗതിവിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ, ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സാമൂഹിക ദിശാബോധം ഇല്ലാത്തവരുടെ പട്ടികയാണിവിടെ കനംവെക്കുന്നത്.

ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന രാത്രി വാര്‍ത്തയില്‍ വാരിവിതക്കുന്നത് പകലന്തിയോളം പ്രേക്ഷകര്‍ കണ്ടുമടുത്തവ തന്നെ. മറ്റൊരു ചേരുവയായി ഏതെങ്കിലും വിഷയത്തെ പ്രതി ദീര്‍ഘമായ ചര്‍ച്ച. അതാകട്ടെ പ്രേക്ഷകരെ പരമാവധി മുഷിപ്പിക്കുന്നതും. വിഷയത്തെക്കുറിച്ച് അവതാരക(ക)ന്‍ ചര്‍ച്ച എങ്ങുമെത്തിക്കാതെ തലയൂരി മറ്റു വാര്‍ത്തകളിലേക്കുള്ള പരക്കംപാച്ചില്‍ രസകരം! സമയക്കുറവുമൂലം ചര്‍ച്ച അവസാനിപ്പിക്കുന്നു എന്ന ക്ഷമാപണവും കൂടിയാകുമ്പോള്‍ ചര്‍ച്ചക്ക് അകാല ചരമം. ചര്‍ച്ചയില്‍ അവതാരകന്റെ മുന്‍വിധിയോടെയുള്ള ഇടപെടല്‍. അതല്ലെങ്കില്‍ ചര്‍ച്ചക്കായി ക്യാമറയുടെ വെള്ളിവെളിച്ചത്തിലിരിക്കുന്നവരെ വാദപ്രതിവാദത്തില്‍ തോല്‍പ്പിക്കുക. ഇതൊക്കെയല്ലേ ഇന്‍ ഹൗസ് ലൈവ് ചര്‍ച്ചയുടെ ‘സവിശേഷതകള്‍’?

പരസ്യദാതാക്കളെ ബാധിക്കുവാനിടയുള്ള പരിപാടികള്‍ നിഷ്ക്കരുണം തമസ്ക്കരിക്കുക. പരിസ്ഥിതി മലിനീകരണത്തിന് വഴിയൊരുക്കുന്ന ഇരുമ്പുരുക്കു കമ്പനിയെ പ്രായോജകരാക്കി സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ വിലാപവല്‍ക്കരിക്കുന്ന പരിപാടിയെ ചാനലിന്റെ കണ്ണാടിയായി ആഘോഷിക്കുക. ഇതെല്ലാം വിളിച്ചോതുന്നത് മലയാള ടി.വി ചാനലുകളിലെ വാര്‍ത്താ-വാര്‍ത്താധിഷ്ഠിത പരിപാടികളുടെ ഉപരിപ്‌ളവത മാത്രമല്ല സാമൂഹിക ഉത്തരവാദിത്വമില്ലായ്മ കൂടിയാണ്.

അമൃതാനന്ദമയി,ശ്രീശ്രീ രവിശങ്കര്‍, സത്യസായിബാവ ഇവരുടെയെല്ലാം വീഡിയോ ക്‌ളിപ്പുകള്‍ പ്രേക്ഷകരിലെത്തിക്കുന്നത് ചാനല്‍ നടത്തിപ്പുക്കാരുടെ നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയം. സ്തുതി വചനങ്ങള്‍ വാരിവിതറിയുള്ള വിവരണങ്ങള്‍ക്കൊപ്പം മാത്രമേ മനുഷ്യദൈവങ്ങളുടെ ദൃശ്യങ്ങള്‍ വിന്യസിക്കാനാവൂ.. നിഷേധ ധ്വനിയുണ്ടെന്ന് വിധിയെഴുതപ്പെടുന്ന വിവരണങ്ങള്‍ക്കൊപ്പം ഇവരുടെ ദൃശ്യങ്ങള്‍ അരുതേയരുതേ എന്ന നിലപാടുകളെടുക്കുമ്പോള്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ഉപരിപ്‌ളവമാകാതിരുന്നെങ്കിലേ അതിശയമുള്ളൂ.

 

Related Post