ഹസാരെ സമരത്തിന്റെ രാഷ്ട്രീയം

കെ.കെ ശ്രീനിവാസന്‍
രാജ്യത്തെ പിടിച്ചുലച്ച ടൂജി സ്‌പെക്ട്രം അഴിമതിക്കേസ് തന്നെയെടുക്കുക. ഇതുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ വിവരാവകാശ നിയമം വഹിച്ച പങ്ക് വേണ്ടത്ര പ്രാധാന്യത്തോടെ മനസിലാക്കപ്പെട്ടിട്ടില്ലെന്നു വേണം പറയാന്‍. വിവരാവകാശ നിയമത്തിലൂടെയാണ് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി ടൂജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കിയത്

ന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ ജനാധിപത്യ മൂല്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ചിരിക്കുന്നു. അന്നാ ഹസാരെയുടെ രണ്ടാംഘട്ട നിരാഹാര സമരത്തെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട രീതിയാണ് ഈ തോന്നലിന് നിദാനമായത്. ജനാധിപത്യ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലകപ്പെട്ടിരിക്കുവെന്നുളള അവസ്ഥയിലാണ് ഹസാരെയുടെ അഴിമതിവിരുദ്ധ ശബ്ദം ശ്രദ്ധേയമാക്കപ്പെടുന്നത്.

പാര്‍ലമെന്റിന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷണം. അതിനെ പക്ഷേ ദുര്‍ബ്ബലപ്പെടുത്തുംവിധം ജന്‍ലോക്പാല്‍ ബില്ലെന്ന ആശയവും അതേ പ്രതിയുളള പ്രക്ഷോഭവും ക്ഷണിച്ചുവരുത്തപ്പെട്ടിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യഭരണ വ്യവസ്ഥയുടെ കാത്തുസൂക്ഷിപ്പുകാരെന്ന നിലയില്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഒഴിഞ്ഞുമാറാനേയാകില്ല. രാഷ്ട്രീയ കക്ഷികളില്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുളള അധികാരം നേരെ ചൊവ്വേ വിനിയോഗിക്കുന്നതില്‍ അതീവ ഗുരുതരമായ വീഴ്ച വരുത്തിയിടത്താണ് അന്നാ ഹസാരെപോലുളളവരുടെ മുന്‍ കയ്യില്‍ പ്രക്ഷോഭങ്ങള്‍ രൂപപ്പെട്ടിട്ടുളളത്. ഇത്തരം പ്രക്ഷോഭങ്ങളെ പക്ഷെ നേരിടുന്നതില്‍ സര്‍ക്കാര്‍ ജനാധിപത്യ മാതൃകകള്‍ പിന്‍തുടര്‍ന്നേ മതിയാകൂ. അതിനു പകരം ഏകാധിപത്യഭരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥക്ക് മാനക്കേടുണ്ടാക്കുന്നു. ഇത് തിരിച്ചറിയേണ്ടവര്‍ തിരിച്ചറിയുന്നില്ലെന്നത് ഭൂഷണമല്ല.

വിവരാവകാശ നിയമം

ആധുനിക ജനാധിപത്യത്തിന്റെ ശാപമായിട്ടാണ് അഴിമതി വിലയിരുത്തപ്പെടുന്നത്. അഴിമതിയെ തടയിടാന്‍ പക്ഷെ ജനാധിപത്യ സര്‍ക്കാരുകള്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ പരാജയപ്പെടുമ്പോള്‍ അതിനെതിരെ മുറവിളികള്‍ ഉയരുക തീര്‍ത്തും സ്വാഭാവികം. അതേസമയം അഴിമതിക്ക് തടയിടാന്‍ യു.പി.എ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുളളത് പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഇത:പര്യന്തം തുറന്നുകാണിക്കപ്പെട്ടിട്ടുളള അഴിമതിക്കേസുകളിലുള്‍പ്പെട്ടവര്‍ക്ക് ഇരുമ്പഴിക്കുളളില്‍ കിടക്കേണ്ടിവന്നിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. എന്നാല്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ തൊട്ടടുത്തിരുന്ന് നാടുഭരിച്ചവരെപ്പോലും തടവറക്കുളളിലാക്കാന്‍ മടികാണിച്ചിട്ടില്ലെന്നത് മന്‍മോഹന്‍സിങ്ങ് സര്‍ക്കാറിന്റെ അഴിമതിവിരുദ്ധ നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ടൂജി സ്‌പെക്ട്രം കേസില്‍ കേന്ദ്രമന്ത്രി എ. രാജയോടും എന്തിനധികം തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനും യുപിഎ സര്‍ക്കാരിനെ താങ്ങിനിറുത്തുകയും ചെയ്യുന്ന കരുണാനിധിയുടെ മകള്‍ കനിമൊഴിയോടുപോലും മന്‍മോഹന്‍ സര്‍ക്കാര്‍ കനിവുകാട്ടിയില്ല. ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേധാവികള്‍ക്കും ജയില്‍വാസം സുപരിചിതമാക്കപ്പെട്ടു. ഉന്നത കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ തിഹാര്‍ ജയിലിലെത്തി. രക്ഷപെടാനുളള പഴുതുകള്‍ അടക്കപ്പെട്ടാണ് ഇവരെല്ലാം തടവുപുളളികളാക്കപ്പെട്ടിട്ടുളളത്.

വിവരാവകാശ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യന്‍ ഭരണവ്യവസ്ഥയെ സുതാര്യവല്‍ക്കരിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. രാജ്യത്തെ പിടിച്ചുലച്ച ടൂജി സ്‌പെക്ട്രം അഴിമതിക്കേസ് തന്നെയെടുക്കുക. ഇതുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ വിവരാവകാശ നിയമം വഹിച്ച പങ്ക് വേണ്ടത്ര പ്രാധാന്യത്തോടെ മനസിലാക്കപ്പെട്ടിട്ടില്ലെന്നു വേണം പറയാന്‍. ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി ടൂജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കിയത് വിവരാവകാശ നിയമത്തിലൂടെയാണെന്ന് അിറയണം. ഏറ്റവുമൊടുവില്‍ അഴിമതിക്കാരനായ സൗമിത്രസെന്‍ എന്ന ജഡ്ജിയെ ഇംപീച്ച്‌മെന്റിന് വിധേയമാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥക്ക് കഴിയുന്നുവെന്നതും ശ്ലാഘനീയമാണ്. ഇവിടെയാണ് അഴിമതിക്കെതിരെ യുപിഎ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുവെന്നത് സുവിദിതമാകുന്നത്. അന്നാ ഹസാരെയും കൂട്ടരും ഉയര്‍ത്തുന്ന ജന്‍ലോക്പാല്‍ ബില്‍ ഇല്ലാതെ തന്നെ രാജ്യത്ത് അഴിമതി വിരുദ്ധ പ്രക്രിയ സ്വാഭാവികമായിത്തന്നെ ശക്തിപ്പെടുന്നുണ്ടെന്നുതന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. അഴിമതിക്കെതിരെ നിലപാടുടെുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാന്‍ വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ ബില്ല് പസാക്കുകയെന്നതും അനിവാര്യം.

ഇന്ത്യന്‍ ഭരണവ്യവസ്ഥ അഴിമതി വിമുക്തമാകണമെന്നത് അവിതര്‍ക്കിതം. ഹസാരെയും വൃന്ദവും മുന്നോട്ടുവയ്ക്കുന്ന ജന്‍ലോക്പാല്‍ ബില്ലിലൂടെ ഇന്ത്യയെ അഴിമതി വിമുക്തമാക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് പക്ഷെ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗുണമായിരിക്കില്ലെന്ന ആശങ്ക മുഖവിലക്കെടുക്കാതിരിക്കുന്നത്  ഒട്ടും അനുയോജ്യമല്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയിലൂള്‍പ്പെടുത്തുകയന്നെതാണ്് ജന്‍ലോക്പാല്‍ മുഖ്യമായും ആവശ്യപ്പെടുന്നത്.  ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സര്‍ക്കാരും അതിന്റെ തലവനും സദാ ലോക്പാല്‍ സംവിധാനത്തിന്റെ സൂക്ഷമദര്‍ശിനിക്ക് കീഴിലകപ്പെടുന്നത് ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ ചലനാത്മകതക്ക് വിലങ്ങുതടിയാകാം. മാത്രമല്ല ലോക്പാല്‍ സംവിധാനം ഒരു സൂപ്പര്‍ അധികാരകേന്ദ്രമാകുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്ററി ഭരണവ്യവസ്ഥയുടെ അസ്തിത്വത്തിന്മേലുള്ള അധിനിവേശമായിരിക്കുമത്.

പ്രത്യക്ഷ ജനാധിപത്യവ്യവസ്ഥ

ജന്‍ലോക്പാല്‍ ബില്ലിന് മൗലികമായി പ്രത്യക്ഷ ജനാധിപത്യ വ്യവസ്ഥ ( Direct Democracy ) യുടെ സ്വഭാവമാണ്. പ്രാതിനിധ്യജനാധിപത്യവ്യവസ്ഥ (Representative Democracy) യാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിലനില്‍ക്കുന്ന ഭരണഘടനയനുസരിച്ച് സിവില്‍ സമൂഹത്തിന്റെ മുന്‍കയ്യില്‍ രൂപപ്പെട്ടതാണെന്ന് അവകാശപ്പെടുന്ന ജന്‍ലോക്പാല്‍ ബില്‍ ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ അതേപടി അംഗീകരിച്ച് നിയമമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് അനുചിതമല്ല. ഇവിടെ ഭരണഘടനയാണോ പാര്‍ലമെന്റാണോ മുഖ്യമെന്നുള്ള ചോദ്യം ഉയര്‍ന്നിട്ടുണ്ടെന്നത് ശ്രദ്ധേയം. പാര്‍ലമെന്റിന്റെ സൃഷ്ടാവ് ഭരണഘടനയാണ്. ആ സൃഷാടാവിനെ അതിന്റെ മൗലീകമായ വ്യവസ്ഥകള്‍ ചോര്‍ന്നുപോകാതെതന്നെ ഉയര്‍ത്തിപ്പിടിക്കേണ്ട നൈയാമിക ബാധ്യത ഇന്ത്യന്‍ പാര്‍ലമെന്റിനുണ്ടെന്നുള്ള വസ്തുത വിസ്മരിക്കപ്പെടരുത്. ജന്‍ലോക്പാല്‍ ബില്‍ മുന്നോട്ടുവയ്ക്കപ്പെടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ പ്രാതിനിധ്യ ജനാതിപത്യവ്യവസ്ഥ പ്രത്യക്ഷ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറ്റപ്പെടേണ്ടതുണ്ടോയെന്ന സംവാദം അനിവാര്യമാകുന്നുണ്ട്. എന്നാല്‍ ഈ ദിശയിലുള്ള നീക്കങ്ങള്‍ക്കൊന്നും തുടക്കമിടാതെ നിലനില്‍ക്കുന്ന പാര്‍ലമെന്ററി/പ്രാതിനിധ്യ ജനാധിപത്യവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുംവിധമുള്ള പ്രക്ഷോഭങ്ങള്‍ വളയമില്ലാതെ ചാടുന്നതിന് സമാനമാണ്.

പ്രത്യക്ഷ ജനാധിപത്യ പ്രക്രിയയില്‍ റഫറണ്ടമുണ്ട്. ഇനീഷിയേറ്റീവുണ്ട്. റീകോളുണ്ട്. റഫറണ്ടമനുസരിച്ച് ഒരു ബില്‍ നിയമം വേണോ വേണ്ടയോയെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പാര്‍ലമെന്റ് കൊണ്ടുവരുന്ന ബില്‍ നിയമങ്ങളെപ്പോലും വേണ്ടെന്ന് പറയാം. ഇനീഷീയേറ്റീവ് പ്രകാരം ജനങ്ങള്‍ക്ക് തന്നെ നിയമനിര്‍മ്മാണത്തിന് മുന്‍കൈയെടുക്കാം. ഇവിടെ നിയമ നിര്‍മ്മാണ പ്രക്രിയയില്‍ ജനങ്ങളുടെ നേരിട്ടുള്ള ഇടപ്പെടല്‍/പങ്കാളിത്തം ഉറപ്പിക്കപ്പെടുന്നു. കാലാവധി തീരും മുന്‍പേതന്നെ തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നു, റീക്കോള്‍. ഇത്തരത്തിലുള്ള പ്രത്യക്ഷ ജനാധിപത്യവ്യവസ്ഥക്കായി ഇന്ത്യന്‍ സിവില്‍ സമൂഹം മുന്നോട്ടുവരുന്നിടത്തായിരിക്കും ജന്‍ലോക്പാല്‍ ബില്ലിനെപ്പോലുള്ളവയുടെ പ്രസക്തി. വിവരസാങ്കേതിക വിദ്യാവിസ്‌ഫോടന പശ്ചാത്തലത്തില്‍ ഭരണമണ്ഡലങ്ങളെ സുതാര്യവല്‍ക്കരിക്കുന്നതിന്റെ ദിശയില്‍ ഇ-ജനാധിപത്യ (Electronic Democracy) വ്യവസ്ഥക്കുവേണ്ടിയുള്ള ശക്തമായ മുറവിളിയും കാലം ആവശ്യപ്പെടുന്നുണ്ട്. ഇതിനൊന്നും പക്ഷെ മുതിരാതെയാണ് അരാഷ്ട്രീയ വക്താക്കളെന്ന അപഖ്യാതിയൂട്ടിറപ്പിച്ച്  ഹസാരെയും വൃന്ദവും ജന്‍ലോക്പാല്‍ ബില്‍ ചുമലിലേറ്റി വളയമില്ലാതെ ചാടുന്നത്.

മാധ്യമങ്ങളിലെ ആഘോഷം

സിവില്‍ സമൂഹത്തിന്റെ മുന്‍കയ്യിലെന്ന് അവകാശപ്പെടുന്ന പ്രക്ഷോഭങ്ങളെ ഉദാത്തവല്‍ക്കരിക്കുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മത്‌സരിക്കുകയാണ്. നിയമ നിര്‍മ്മാണ സഭയും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും പിന്നെ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് അിറയപ്പെടുന്ന മാധ്യമ മണ്ഡലവും. ഹസാരെയുടെ സമരത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് നിലനില്‍ക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയെ പ്രതിനായകനാക്കുകയാണ് മാധ്യമങ്ങള്‍. ഒരു ചെറുപറ്റം നഗര കേന്ദ്രീകൃത ജനതയാണ് ഹസാരെയുടെ സമരത്തെ പിന്തുണക്കുന്നത്. ഇവര്‍  പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് പ്രകിയയില്‍ സമ്മതിദാനവകാശം പോലും വിനിയോഗിക്കുവാന്‍ സമയം കണ്ടെത്താത്തവരാണ്. ഹസാരെ ആള്‍ക്കൂട്ടത്തിന് പ്രക്ഷോഭത്തിന്റെ ആരവമല്ല ആഘോഷത്തിന്റ ആര്‍പ്പുവിളിയാണ്. ദൃശ്യമാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍ മിന്നിമറയുവാനുള്ള അപൂര്‍വ്വ അവസരത്തെ ആഘോഷപൂര്‍വ്വം ഉപയുക്തമാക്കുകയാണ് ഇപ്പറഞ്ഞ നാഗരിക ആള്‍ക്കൂട്ടം. കഥയറിയാതെ ആട്ടം കാണുന്ന ഒരു ചെറുപറ്റത്തിന്റെ ആഘോഷം! ഈ ആഘോഷത്തിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുമ്പോള്‍ അത് നാളത്തെ പൗരന്‍മാര്‍ക്കിടയില്‍ ഇന്ത്യന്‍ ജനാധിപത്യം ഒരു പരിഹാസപാത്രമായി മാറുന്നതിനേ വഴിവയ്ക്കൂ. ഇത് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ നിന്നും പുതിയ തലമുറയെ അകറ്റിനിറുത്തും. അവരില്‍ രാഷ്ട്രീയ ഉദാസീനത ആളിപ്പടരും. അവര്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടും. ഇത് യൂറോപ്യന്‍ ജനാധിപത്യത്തെപ്പോലെ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ പരിമിത ജനാധിപത്യവ്യവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചേക്കാം.

ടുണീഷ്യ, ഈജിപ്റ്റ്, ലിബിയ, യമന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഏകാധിപത്യഭരണത്തിനെതിരെയുള്ള കലാപങ്ങളെ ജനാധിപത്യത്തിനായുള്ള മുറവിളി എന്ന നിലയില്‍ ലോകം പൊതുവെ അംഗീകരിച്ചു. ഇതിന് പിന്തുണയായി ഫേസ്ബുക്ക്/ട്വിറ്റര്‍ വിപ്ലവവും. ഐക്യരാഷ്ട്രസഭ ജനാധിപത്യ സംസ്ഥാപന ശ്രമങ്ങളെ ന്യായീകരിക്കുന്നു. ഇറാനില്‍ അഹമ്മദ് നെജാദിനെതിരെയുള്ള ജനരോഷത്തിന് പിന്തുണ നല്‍കാനും രാജ്യാന്തര സമൂഹം തയ്യാറായി. ഇപ്പറഞ്ഞ ജനാധിപത്യ കലാപങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഒരു ജനാധിപത്യ രാഷ്്രമന്ന നിലയില്‍ ഇന്ത്യയും പിശുക്ക് കാണിച്ചില്ല. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയ്ക്കും അതിനു നേതൃത്വം നല്‍കുന്നവര്‍ക്കുമെതിരെയുള്ള ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെ അന്തര്‍ദേശീയ സമൂഹം അംഗീകരിക്കുന്നുവെന്ന് വന്നാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരന്തമായിരിക്കും. ഇതിനകം തന്നെ ഹസാരെ സമരത്തെ `അലോസര’പ്പെടുത്തുന്നതില്‍ അമേരിക്കന്‍ ഭരണകൂടം അസംതൃപ്തി പ്രകടിപ്പിച്ചുവെന്നത് ഒട്ടും ശുഭകരമല്ല. അതെ, ഹസാരെസമരത്തിന്റെ സൂക്ഷ്മതല രാഷ്ട്രീയം സംവാദവിഷയമാക്കുന്നതില്‍ ഇനിയും അമാന്തിച്ചുക്കൂട.

please log on to http://sreeindrajith.blogspot.com/2011/04/jan-lokpal-track-to-direct-democracy.html

http://sreeindrajith.blogspot.com/2011/03/corruption-free-governance-as.html

അഭിപ്രായങ്ങള്‍

Anoop on 26 August 11 at 04:56 AM
ജനങ്ങള്‍ എന്നുവച്ചാല്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്നതാണ് പ്രശ്നം,പാര്‍ലമെന്‍റ് എന്നുവച്ചാല്‍ ജനം തന്നെയാണ്, അതിനകത്ത് ഇരിക്കുന്നവര്‍ ഇക്കാര്യം ഓര്‍ത്തിരുന്നുവെങ്കില്‍ ഈ സമരം തന്നെ ഉണ്ടാകേണ്ട കാര്യമില്ലായിരുന്നു, ജനപ്രതിനിധിക്ക് ജനങ്ങളുടെ ആവശ്യം, അനാവശ്യമാണെന്ന് എങ്ങിനെ പറയാന്‍ കഴിയും ?, അതു പറഞ്ഞാല്‍ പിന്നെ ജനം പ്രതിനിധിയെ എന്തു ചെയ്യണം, എന്നതാണ് പ്രശ്നം, ജനങ്ങളേക്കാള്‍ പാര്‍ലമെന്‍റിനു അധികാരം കൂടുതലുണ്ടോ ?, ഇതിനൊന്നും യാതൊരുവിധ മറുപടിയും കിട്ടുന്നില്ല, സ്പെക്ട്രം കേസില്‍ സര്‍ക്കാരാണോ, അതോ കോടതിയുടെ ഇടപെടലാണോ കാര്യങ്ങള്‍ പുറത്
Dr.Sasi on 24 August 11 at 05:03 AM
Parliament is the supreme (sovereign power) authority of Indian Democracy!! No force or authority can be questioned or challenged against the sovereign power of the Indian Parliament!! We do not want to see any Lok Pal acting like 12 feet man’s role over the ultimate power of the people of India, I mean the parliament!!
Moncy James on 23 August 11 at 05:01 PM
I agreed Mr. Hassaare’s strike but he have also a political motive behind this.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…