എന്‍ആര്‍എച്ച്എം ഫണ്ട് പാഴാക്കിയ പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രി

കെ.കെ ശ്രീനിവാസന്‍

ദേശീയ ഗ്രാമീണ ആരോഗ്യ മിഷ(എന്‍ആര്‍എച്ച്എം)ന്റെ കോടികള്‍ ഒഴുകിയെത്തുമ്പോഴും പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ അനാരോഗ്യാവസ്ഥ തീര്‍ത്തും വഷളാവുകയാണ്. രക്തസമര്‍ദ്ദമളക്കാനുള്ള ഉപകരണം പോലുമില്ല! പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ എന്‍ആര്‍എച്ച്എം ഫണ്ട് പാഴാക്കിയ ഭരണസമിതിയല്ലാതെ മറ്റാരുമല്ല edapalam-hosptial

തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം വഴിമുട്ടിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 2001 സെപ്തംബര്‍ മൂന്നിന് ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. രോഗികളെ കിടത്തിചികിത്സിക്കുവാനുള്ള (.പി വിഭാഗം) പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ ആരോഗ്യ മന്ത്രി പി.കെ ശങ്കരന്‍ രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യങ്ങളോടെയാണ് ആശുപത്രിയുടെ വികസനത്തിന് പ്രാരംഭംകുറിച്ചത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പി.വി പത്രോസ് തന്നെയായിരുന്നു അന്നത്തെയും പ്രസിഡന്റ്.

ഡോക്ടര്‍മാരുടെ സംഘടന വില്ലന്‍ റോളില്‍

ഉദ്ഘാടന ദിനത്തില്‍ തന്നെ അതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന (കെ.ജി.എം.) രംഗത്ത് വന്നു. .പി വിഭാഗം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ചുരുങ്ങിയത് മൂന്ന് ഡോക്ടര്‍മാരും നേഴ്സുമാരും ആശുപത്രിയില്‍ നിയമിക്കപ്പെടേണ്ടിവരും. ഇതിനായി സര്‍വ്വീസിലുള്ള ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കേണ്ടിവരും. നഗരങ്ങളും നഗരപ്രാന്തപ്രദേശങ്ങളുംവിട്ട് ഗ്രാമങ്ങളില്‍ സേവനമനുഷ്ഠിക്കുവാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിമുഖരാണ്. പട്ടിക്കാട് ആശുപത്രി വികസിപ്പിക്കപ്പെടുമ്പോള്‍ ഡോക്ടര്‍മാര്‍ ക്വാര്‍ട്ടേഴ്‍സിലോ അതല്ലെങ്കില്‍ ആശുപത്രിയുടെ സമീപസ്ഥലത്തോ താമസിക്കേണ്ടതുണ്ട്. എന്നാല്‍ നഗരങ്ങളിലേതുപോലെ ഗ്രാമങ്ങളില്‍ വീട്ടിലെത്തുന്ന രോഗികളെ ചികിത്സിക്കുമ്പോള്‍ വേണ്ടത്ര സാമ്പത്തിക മെച്ചം ഡോക്ടര്‍മാര്‍ക്കുണ്ടാകില്ല. ഇതുക്കൊണ്ടൊക്കെത്തന്നെയാണ് പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിന് തുരങ്കംവെയ്ക്കാന്‍ ആതുര സേവനത്തെ മഹത്തരമായി കാണേണ്ടവരെന്ന് കരുതപ്പെടുന്ന ഡോക്ടര്‍മാര്‍ തന്നെ മുന്നോട്ടുവന്നത്.

ഡോക്ടര്‍മാരുടെ വില്ലന്‍ റോളിനോടൊപ്പം തന്നെ ആശുപത്രി വികസനത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ആരോഗ്യവകുപ്പിനും ഒട്ടുമേ താല്പര്യമില്ലെന്നതും തുറന്നുകാണിക്കപ്പെടണം. .പി വിഭാഗം തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്സ് ആവശ്യമാണ്. അത് ഇനിയും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ഇവിടെയാണ് ദേശീയ ഗ്രാമീണ ആരോഗ്യ (എന്‍ ആര്‍ എച്ച്.എം) മിഷന്റെ കോടികളുടെ ഫണ്ട് തരപ്പെടുത്തി ആശുപത്രി വികസനത്തിനായി ഉപയുക്തമാക്കപ്പെടാതെ പോയതിലെ ബന്ധപ്പെട്ടവരുടെ അക്ഷന്തവ്യമായ അനാസ്ഥയും അലംഭാവവും അനാവരണവും ചെയ്യപ്പെടേണ്ടതൂണ്ട്.

ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ ഗ്രാമീണ ജനതയുടെ ആരോഗ്യപരിരക്ഷയെ മുന്‍നിറുത്തി രൂപം കൊടുത്ത പദ്ധതിയാണ്. 2005 ജൂണ്‍ 17 നാണിത് ഔദ്യോഗികമായി പ്രാരംഭം കുറിക്കപ്പെട്ടത്. പതിനൊന്നാം പദ്ധതിയിലുള്‍പ്പെട്ട ഇതിനായി മൊത്തം 135,000 കോടി (2005-2012) യാണ് വകയിരുത്തപ്പെട്ടിട്ടുള്ളത്. ആരോഗ്യസംരക്ഷണ ചെലവ് ജിഡിപിയുടെ 0.9ല്‍ നിന്ന് 2.3 ശതമാനമാക്കുകയാണ് ലക്ഷ്യം (http://mohfw.nic.in/NRHM/Documents/Mission_Document.pdf).

2004-09 കാലയളവില്‍ ഈ പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചത് 67,000 കോടി രൂപ. വില്ലേജ് ഹെല്‍ത്ത് പ്ലാന്‍ അനുസരിച്ച് ഗ്രാമീണ ആശുപത്രികള്‍ വിപുലപ്പെടുത്തുക, സാനിട്ടേഷന്‍ശുചിത്വ പദ്ധതികള്‍ ആരംഭിക്കുക, പോക്ഷകാഹാരം ഉറപ്പുവരുത്തുക, സുരക്ഷിത കുടിവെള്ളവിതരണം ഉറപ്പുവരുത്തുക, പ്രാദേശിക ആരോഗ്യ പാരമ്പര്യങ്ങള്‍ ശക്തിപ്പെടുത്തുക, ഗ്രാമീണ മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ അതിവിപുലമായ ലക്ഷ്യങ്ങളാണ് എന്‍ ആര്‍ എച്ച് എം മുന്നോട്ടുവയ്ക്കുന്നത്. 2006-ല്‍ ആരോഗ്യ കേരളം എന്ന പേരില്‍ ആരോഗ്യ മിഷന്‍ കേരളത്തില്‍ നടപ്പിലാക്കപ്പെട്ടു. കേരളത്തിലെ 2005-10 വരെയുള്ള കാലയളവില്‍ 983.45 കോടി വകയിരുത്തപ്പെട്ടു. ഇതില്‍ 826.63 കോടി (84.26 ശതമാനം) അനുവദിക്കപ്പെട്ടു. ചെലവഴിക്കപ്പെട്ടതാകട്ടെ 763.6 കോടി (92.16 ശതമാനം). ഇതേ കാലയളവില്‍ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള വികസനത്തിനായി 237.73 കോടി അനുവദിക്കപ്പെട്ടു. സബ്ബ് സെന്റര്‍ (8.05 കോടി), പ്രെമറിഹെല്‍ത്ത് സെന്റര്‍ (20.22), കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍(70), ഡിസ്ട്രിക്റ്റ് ആശുപത്രി (30.05 കോടി), ഉപകരണങ്ങള്‍ (2.82), ഗതാഗതം (6.60), മറ്റുള്ളവ (98.85 കോടി) എന്നിങ്ങനെ ഫണ്ട് അനുവദിക്കപ്പെട്ടു (http://www.mohfw.nic.in/NRHM/Documents/Non_High_Focus_Reports/Kerala_Report.pdf).

ഏറ്റവും അവശ്യംവേണ്ട ഉപകരണങ്ങള്‍ വാങ്ങാനായി അനുവദിക്കപ്പെട്ടത് തുച്ഛമായ 2.82 കോടി മാത്രം! മറ്റുള്ളവ എന്ന ഹെഡിലുള്‍ കൊള്ളിച്ചിരിക്കുന്ന ഭീമമായ തുക എന്തിനുവേണ്ടിയെല്ലാം ചെലവഴിക്കപ്പെട്ടുവെന്നതിന്റെ സൂചനകള്‍ എവിടെയും കാണാനുമില്ല. ആരോഗ്യമിഷന്‍ ഫണ്ട് കാംഷിച്ച രീതിയില്‍ നേരെ ചൊവ്വേ ഉപയുക്തമാക്കപ്പെട്ടിട്ടുണ്ടോയെന്ന് സമഗ്ര അനേഷ്വണം ആവശ്യപ്പെടുന്നുണ്ട്. പദ്ധതിയുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ട അത്യാഡംബര സെമിനാറൂള്‍പ്പെടയൂളളവക്ക് ചെലവഴിക്കപ്പെട്ട തുകയാണത്രെ മറ്റുള്ളവ എന്നഹെഡിലുള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്. സെമിനാറുകള്‍ സംഘടിപ്പിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് കോടികള്‍ പൊടിപൊടിക്കപ്പെട്ടപ്പോള്‍ ഗ്രാമീണ ആരോഗ്യപരിരക്ഷയെന്ന മുഖ്യ ലക്ഷ്യത്തിലെത്തിചേരാന്‍ മിഷനായിട്ടുണ്ടോയെന്നുള്ള സംശയം ഇനിയും ബാക്കി. ഈ സ്ഥിതിവിശേഷത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെപ്രതി ഒരു സ്റ്റോക്കെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പ്രകാരം കോടികളുടെ ഫണ്ട് കേരളത്തിലേക്ക് ഒഴുകിയെത്തുന്നുവെന്നത് മുന്‍ ചൊന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. അതിന്റെ ഒരു ഓഹരി തരപ്പെടുത്തി പട്ടിക്കാട് ആശുപത്രിയെ വികസന മുരടിപ്പില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞില്ലെന്നുപറയുന്നതിനെക്കാള്‍ ശ്രമിച്ചില്ലെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ആരുടെ ഭാഗത്ത് നിന്നാണ്  ശ്രമമുണ്ടകേണ്ടിയിരുന്നത്? ഒരു സംശയവും വേണ്ട; മുന്‍/ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതികളില്‍ നിന്നു തന്നെ.

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളാണ് ഭാരത് നിര്‍മാണ്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ തുടങ്ങിയവ. പഞ്ചായത്തീരാജ് ഇന്‍സ്ററിറ്റൂഷനുകളാണ് ഇത്തരം മെഗാ പദ്ധതികളുടെ നടത്തിപ്പുക്കാര്‍. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണ പോലുമില്ലാത്ത അവസ്ഥയിലാണ് പ്രാദേശിക സര്‍ക്കാരുകളിലേറെയുമെന്നുവേണം പറയാന്‍. bharth-nriman-rtiഈ പദ്ധതികള്‍ പ്രകാരം ഒരു ചില്ലികാശ് പോലും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഈ ലേഖകന് പഞ്ചായത്ത് നല്‍കിയ വിവരങ്ങള്‍ (നമ്പര്‍ 1820/11, 21-3-2011) തന്നെ അടിവരയിടുന്നുണ്ട്. ഇതുപറയുമ്പോള്‍ തന്നെ ദേശീയ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയുടെ നടത്തിപ്പില്‍ കാര്യമായ ഇടപ്പെടലുകള്‍ നടത്തുന്നതില്‍ പഞ്ചായത്ത് ഭരണസമിതി അത്യുത്സാഹം പ്രകടിപ്പിക്കുന്നുവെന്നത് ശ്രദ്ധേയം. തൊഴില്‍ദാന പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടും മെനക്കെടാതെ, പദ്ധതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെടാതെ തന്നെ കോടികളുടെ ഫണ്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് വസൂലാക്കന്നു. ഇത് അര്‍ഹതയുളളവരെക്കാള്‍ കൂടുതല്‍ അനര്‍ഹര്‍ക്ക് തരപ്പെടുത്തിക്കൊടുക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ കൗശലം പ്രയോഗിക്കുന്നതില്‍ പ്രാദേശിക സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുള്ള ഭരണപാടവം അപാരം തന്നെ!

ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് വികസന പ്രക്രിയയുടെ പട്ടികയിലുള്‍പ്പെടുത്തി പീച്ചി ഫെസ്ററ് ആഘോഷങ്ങള്‍ ആടിതിമര്‍ക്കാനുള്ള അത്യപൂര്‍വ്വ അവസരം ഒരുക്കപ്പെടുന്നു. വേണ്ടതുതന്നെ. ഇതോടൊപ്പം തന്നെ പക്ഷേ ജനങ്ങള്‍ക്ക് പ്രാഥമികമായി വേണ്ട ആരോഗ്യപരിരക്ഷ സൗകര്യങ്ങള്‍ വീഴ്ച കൂടാതെ ഒരുക്കിക്കൊടുക്കുന്നതില്‍കൂടി ശ്രദ്ധ പതിയേണ്ടതുണ്ട്പഞ്ചായത്തിലെ ലക്ഷങ്ങളുടെ പൊതുമരാമത്ത് പണികളുടെ ടെണ്ടര്‍ നടപടികളില്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ അതീവ താല്പര്യം പ്രകടിപ്പിക്കുന്നവര്‍ അവരുടെ തന്നെ നാട്ടുക്കാരുടെ ആശ്രയ കേന്ദ്രമായ ആതുരാലയത്തിന്റെ വികസനത്തിനും പ്രത്യേകം ഊന്നല്‍ നല്‍കണം. ചുരുങ്ങിയപക്ഷം പട്ടിക്കാട് ആശുപത്രിക്കായി ഒരു ബി.പി അപ്പരറ്റസെങ്കിലും തരപ്പെടുത്തിക്കൊടുക്കുന്നതില്‍ ഭരണസമിതി ശ്രദ്ധിക്കണം. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പദ്ധതി 2012 മാര്‍ച്ചില്‍ അവസാനിക്കുന്നവെന്നും ഓര്‍ക്കണം.

ആരോഗ്യപദ്ധതികള്‍ കേന്ദ്രം മുന്നോട്ടു വയ്ക്കുമ്പോള്‍ തന്നെ അതിന്റെ ഗുണഭോക്താവാകാന്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞില്ലെന്നിടത്ത് തെളിയുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ പിടപ്പുകേടല്ലാതെ മറ്റെന്താണ?പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ എന്‍ആര്‍എച്ച്എം ഫണ്ട് പാഴാക്കിയ ഭരണസമിതിയല്ലാതെ മറ്റാരുമല്ല.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…