By KK Sreenivasan
ഈ വിവര ആശയ വിനിമയ സാങ്കേതിക യുഗത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ (മള്‍ട്ടിമീഡിയ പാക്കേജുകളില്ലാെത ബ്രോഡ്ബാന്റ് കണക്ഷന്‍) നല്‍കണം. സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ മൗലീകവകാശമാക്കണം. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെപ്രതി ആലോചിച്ച് ആരുടെയുറക്കം കളയേണ്ടിതില്ല. ഇത് യുവതയുടെ തൊഴില്‍ക്ഷമത (employability)ക്കും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും ആക്കം കൂട്ടും. സ്വകാര്യ വയര്‍ലസ് ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സേവന ദാദാക്കളാല്‍ വിനോദ വിനിമയ വിദ്യയെന്നതിലേക്ക് വഴിമാറ്റപ്പെട്ട ഇന്ത്യയുടെ ഐടി യഥാര്‍ത്ഥ വിവര വിനിമയ വിദ്യയെന്ന നിലയില്‍ സ്വാര്‍ത്ഥകമാക്കപ്പെടും. ഇന്റര്‍നെറ്റ് വിനോദത്തിനപ്പുറം ഇന്‍ഫര്‍മേഷന്‍ ഹൈവേയിലെത്തിപ്പെടുന്നതിന് സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ ഐടി രംഗത്തെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുവാന്‍ പുതു ഐടി തലമുറ പ്രാപ്തരാക്കപ്പെടും..
ഇന്ത്യന്‍ ജനതയുടെ ശരാശരി ആളോഹരി വരുമാനവും മിനിമം വേഗതയിലുള്ള ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ചെലവും താരതമ്യം ചെയ്യുമ്പോള്‍ അത് ഇന്ത്യക്കാരന് താങ്ങാവുന്നതിനുമപ്പുറവുമാണെന്ന വസ്തുത വ്യക്തമാകുന്നു. രാജ്യത്തെ 2 ജി, 3 ജി/ഇന്റര്‍നെറ്റ് സേവനദാദാക്കളിലേറെയും സ്വകാര്യ കമ്പനികളാണ്. വോയ്‌സ്‌വീഡിയോ ചാറ്റിങ്ങുകള്‍, ഗെയിമിങ്ങ്, മൂവി പാക്കേജ് തുടങ്ങിയവക്കായാണ്് 2ജി, 3ജി സര്‍വ്വീസ് ബാന്റ്‌വിഡ്ത്ത് പ്രധാനമായും ഉപയുക്തമാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ഹൈവേക്ക് വേണ്ടിയുള്ള ബാന്റ്‌വിഡ്ത്താകട്ടെ തുലോം പരിമിതവും! ഇവിടെ ഉപയോക്താക്കള്‍ക്കല്ല ഗുണം ഇന്റര്‍നെറ്റ് സേവന ദാദാക്കള്‍ക്കും മള്‍ട്ടിമീഡിയ പാക്കേജുകള്‍ വികസിപ്പിച്ചെടുത്ത് വിപണനം നടത്തുന്ന വന്‍കിട ഐടി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുമാണ്. ഈ വിവര ആശയ വിനിമയ സാങ്കേതിക യുഗത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ (മള്‍ട്ടിമീഡിയ പാക്കേജുകളില്ലാെത ബ്രോഡ്ബാന്റ് കണക്ഷന്‍) നല്‍കണം. സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ മൗലീകവകാശമാക്കണം (World Summit on the Information Society-2003) . ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെപ്രതി ആലോചിച്ച് ആരുടെയുറക്കം കളയേണ്ടിതില്ല. ഇത് യുവതയുടെ തൊഴില്‍ക്ഷമത (employability)ക്കും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും ആക്കം കൂട്ടും.
വിഡീയോ പാര്‍ലറുകളില്‍നിന്ന് സിനിമ കാസറ്റുകളെടുത്ത് വീട്ടിലിരുന്ന് വീഡിയോ കാസറ്റ് പ്ലേയറിലൂടെ (Video Cassette Player- VCP) സിനിമ കണ്ടിരുന്നു. അതിപ്പോള്‍ ഇന്റര്‍നെറ്റിലൂടെ സാധിക്കുന്നുവെന്നതാണ് രാജ്യത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഐടി വിപ്ലവമെന്ന് പറയേണ്ടിവരും. ബാന്റ്‌വിഡ്ത്ത് ഇന്‍ഫര്‍മേഷന്‍ ഹൈവേക്ക് വേണ്ടി ഉപയുക്തമാക്കുന്നുവെങ്കില്‍ വിവര ആശയ വിനിമയ സാങ്കേതിക (Information & Communication Technology) രംഗത്ത് യഥാര്‍ത്ഥ വിവര വിപ്ലവം ഇവിടെ സാധ്യമാകുമായിരുന്നു. സാങ്കേതിക-ബൗദ്ധിക-വൈജ്ഞാനിക ശേഷിയൂട്ടിയുറപ്പിക്കുന്നതിന്റെ അനിവാര്യതയെകുറിച്ച് അതീവ ഗൗരവമേറിയ ആലോചനകള്‍ ഭരണാധികാരികളില്‍ കാണുന്നില്ലെന്നത് ഖേദകരമാണ്.
ഐടി ഗുമസ്തപണി മാത്രം?
ഐടി രംഗത്ത് സോഫ്റ്റ്‌വെയര്‍ ഗവേഷണവികസന (Reaserch & Development -R&D) ത്തിന് പ്രത്യേകം ഊന്നല്‍ നല്‍കപ്പെടുന്നില്ല. ബിസിനസ്സ് പ്രോസസ്സിങ്ങ് ഔട്ട് സോഴ്‌സ് (BPO) എന്ന പേരിലറിയപ്പെടുന്ന പുറംകരാര്‍പണി മാത്രമാണ് ഫലത്തില്‍ രാജ്യത്തിന്റെ സൈബര്‍ രംഗം. മൈക്രസോഫ്റ്റ് വിന്‍ഡോസ്, ഒറാക്കിള്‍ ഡാറ്റാ ബയ്‌സ്, ജാവ തുടങ്ങിയ വിദേശ ഐടി കമ്പനികളുടെ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുവാനുള്ള ഫ്രണ്ട് എന്റ് അപ്ലിക്കേഷന്‍ (Front End Application) എഴുതിയുണ്ടാക്കുന്നതിലാണ് രാജ്യത്തെ ഐടി അധിഷ്ഠിത കമ്പനികളിലേറെയും വ്യാപരിക്കുന്നത്. ഇതുതന്നെ ലഭിക്കുന്നത് മറ്റു വിദേശ ഐടി കമ്പനികളില്‍ നിന്നുള്ള ഉപകരാറുകളായിട്ടാണ്. യഥാര്‍ത്ഥത്തില്‍ ബിപിഒ ഉപകേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ഐടി കമ്പനികളിലേറെയും.
വിദേശ ഐ.ടി കമ്പനികളുടെ ഐടി അധിഷ്ഠിത ഗുമസ്ത പണികളിലേര്‍പ്പെട്ടിരിക്കുന്ന കോള്‍ സെന്ററു (Call Centers) കളേയും രാജ്യത്തിന്റെ ഐടി വിപ്ലവപട്ടികയില്‍ കണ്ണിചേര്‍ത്തിയിരിക്കുന്നു! ഇന്ത്യയുടെ പരമ്പരാഗത സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കാര്‍ഷിക-വ്യാവസായിക ഉല്പാദന മേഖലകള്‍. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ പക്ഷേ ഐടി സപ്പോര്‍ട്ട് സര്‍വ്വീസ് മേഖലകളില്‍ നിന്നും കോടികളുടെ വിദേശ നാണ്യം രാജ്യത്തേക്ക് ഒഴുകുന്നുണ്ട്. ഈ സേവന മേഖലയുടെ വരുമാനവുംകൂടി ഉള്‍പ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ പുത്തന്‍ സമ്പദ്‌വ്യവസ്ഥ പിറവിയെടുക്കുന്നത്. ഇന്ത്യയുടെ ഐടി ലോകം സോഫ്റ്റുവെയര്‍ ഗവേഷണവികസന രംഗത്ത് തനത് സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് മുന്‍ഗണന നല്‍കി ആഭ്യന്തര ഐടി അധ്ഷ്ഠിത വിപണി സൃഷ്ടിക്കുന്നതില്‍ കാര്യമാത്രമായ ശ്രദ്ധ നല്‍കുന്നില്ല. അതുകൊണ്ടു തന്നെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചതാഴ്ചകള്‍ വിദേശ ബിപിഒയിലൂടെ ലഭ്യമാകുന്ന വിദേശ നാണ്യത്തെ ആശ്രയിക്കുന്ന ഇന്ത്യയുടെ പുത്തന്‍ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെ തന്നെ ആടിയുലക്കുന്നുണ്ടുതാനും.
ഇന്ത്യയുടെ ഭരണയന്ത്രം ഏറെകൂറെ ഇപ്പോള്‍ ഇ-വത്ക്കരിക്കപ്പെട്ടിരിക്കുന്നു (ഇ-ഗവേണന്‍സ്). അതേസമയം രാജ്യത്തിന്റെ ഇ-ഗവേണന്‍സ് പ്രക്രിയ മുഖ്യമായും ആശ്രയിക്കുന്നത് വിദേശ കുത്തക ഐടി കമ്പനികളുടെ സോഫ്റ്റുവെയറുകളെയാണ്. ഇതിനുപകരം ഇന്ത്യയുടെ സൈബര്‍ ലോകത്ത് നിന്നുതന്നെ രാജ്യത്തിന് ആവശ്യമായ ഇ-ഗവേണന്‍സ് അടക്കമുള്ള കമ്പ്യൂട്ടര്‍വത്കരണ പ്രക്രിയക്കാവശ്യമായി സോഫ്റ്റുവെയറുകള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
ഐടിരംഗത്ത് തനതായ ഓപ്പറേറ്റിങ്ങ് സിസ്റ്റമടക്കമുള്ള സോഫ്റ്റ്‌വെയറുകള്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതില്‍ ഇന്ത്യ ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഐടി വിസ്‌ഫോടനമെന്നത് അമേരിക്കപോലുള്ള രാഷ്ട്രങ്ങളിലെ ഐടി കമ്പനികളുടെ കമ്പ്യൂട്ടറധിഷ്ഠിത ഗുമസ്തപണിയായ ബിസിനസ്സ് ഔട്ട്്‌സോഴ്‌സിങ്ങ് മാത്രമാണെന്നത് തിരുത്തപ്പെടണം. വിവരസാങ്കേതികവിദ്യ സഹായക സര്‍വ്വീസ് (IT Enabled services) കള്‍ മാത്രമല്ല സോഫ്റ്റ് വെയര്‍-ഹാര്‍ഡ് വെയര്‍ വികസനവുമുള്‍ചേര്‍ന്നതാണ് ഐടി വ്യവസായ മേഖല.
വിവാദ എസ് ബാന്‍ഡ്് സ്‌പെക്ട്രം കരാര്‍
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനവുമായ ദേവാസ് മള്‍ട്ടിമീഡിയയുമായുള്ള എസ്് ബാന്‍ഡ് സ്‌പെക്ട്രം കരാര്‍ സൃഷ്ടിച്ച വിവാദം ഒട്ടും ചെറുതല്ല. ഇന്ത്യയുടെ ഐടി ഐടി മേഖലയുടെയും ഡിജിറ്റല്‍ സുരക്ഷയുടേയും ദുര്‍ബ്ബലാവസ്ഥയില്‍ നിന്നുമുതലെടുത്ത് അമേരിക്ക നടത്തിയ ഡിജിറ്റല്‍ വിവരശേഖര കൊള്ളയും എസ് ബാന്‍ഡ്് സ്‌പെക്ട്രം വിവാദവും കൂട്ടിചേര്‍ത്തുള്ള വിശകലനം ആവശ്യപ്പെടുന്നുണ്ട്.
ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ രൂപീകരിച്ച ദേവ മള്‍ട്ടിമീഡിയയുമായി ഐഎസ്ആര്‍ഒ ഉപസ്ഥാപനമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനുമായുള്ള എസ് ബാന്‍ഡ് കരാര്‍ ഒപ്പുവെക്കപ്പെട്ടത് 2005 ജനുവരി 28 നാണ്. ജി സാറ്റ്-6, 6എ സാറ്റ്‌ലൈറ്റുകളിലെ ട്രാസ്‌പോണ്ടറുകളുടെ 90 ശതമാനം എസ് ബാന്‍ഡ്് ശേഷിയും ലീസിനുകൊടുത്തുകൊണ്ടുള്ളതായിരുന്നു വിവാദ എസ് ബാന്‍ഡ് കരാര്‍. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ക്യാബിനറ്റ് സുരക്ഷ കമ്മിറ്റി (Cabinet Committee on Security) 2011 ഫെബ്രുവരി 16 ന് ചേര്‍ന്ന യോഗം കരാര്‍ റദ്ദ് ചെയ്യുവാന്‍ തീരുമാനിച്ചു. കരാര്‍ വിവാദമായ സാഹചര്യത്തില്‍ മാത്രമാണ് എസ് ബാന്‍ഡ് സ്‌പെക്ട്രം വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്ന ബോധോദയമുണ്ടായത്. എസ് ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ 70 മെഗാ ഹെട്‌സ് 1000 കോടി രൂപയ്ക്കാണ് കരാറുറപ്പിച്ചത്. ദേശീയ ഖജനാവിന് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിവെക്കുമായിരുന്നുവെത്രേ ആന്‍ട്രിക്‌സ്-ദേവാസ് മള്‍ട്ടിമീഡിയ കരാര്‍.
വയര്‍ലസ് ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സേവന ദാദാക്കള്‍ക്ക് 2ജിയും അതിനുമുകളിലുമുള്ള ഇന്റര്‍നെറ്റ് വേഗത ഉറപ്പുവരുത്തുന്നതിന് എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കാം. സ്വകാര്യ ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാദാക്കള്‍ എസ് ബാന്‍ഡ് സ്‌പെക്ട്രത്തില്‍ കണ്ണുവെച്ചിരുന്നുപോല്‍. എസ് ബാന്‍ഡ് സ്‌പെക്ട്രം സ്വകാര്യ ഇന്റര്‍നെറ്റ് ദാദാക്കള്‍ക്ക് മറിച്ചുവില്‍ക്കുവാനായിരുന്നുവത്രെ ഇന്റര്‍നെറ്റ് സേവന ദാദാവല്ലാത്ത ദേവാസ് മള്‍ട്ടിമീഡിയയുടെ നീക്കം. ഈ സാഹചര്യത്തിലാണ് പൊതുഖജനാവിലെത്തേണ്ടിയിരുന്ന രണ്ടു ലക്ഷം കോടി രൂപ ദേവാസ് മള്‍ട്ടിമീഡിയയുടെ അക്കൗണ്ടിലെത്തിപ്പെടുമായിരുന്നുവെന്ന കണക്കുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യന്‍ സ്വകാര്യ വയര്‍ലസ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാദാക്കളെയാണ് രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ മുഖ്യമായും ആശ്രയിക്കുന്നത്. മിനിമം വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷനുപോലും ആളോഹരി വരുമാനത്തിന് താങ്ങാവുന്നതിനപ്പുറമുള്ള ചാര്‍ജ്ജാണ് ഇവര്‍ വസൂലാക്കുന്നത്. മിനിമം ഇന്റര്‍നെറ്റ് വേഗം പ്രദാനം ചെയ്ത് പരമാവധി പൈസ വസൂലാക്കുകയാണ് ഇന്റര്‍നെറ്റ് സേവന ദാദാക്കള്‍. ഇവരുടെ പരസ്യങ്ങളില്‍ പറയുന്ന വേഗം ലഭ്യമേയല്ല. കേന്ദ്ര സര്‍ക്കാരോ ടെലികോം റെഗുലേറ്ററി അഥോറിറ്റിയോ ഇക്കാര്യങ്ങളിലൊന്നും പക്ഷേ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ല.
ചുളുവിലയ്ക്ക് എസ് ബാന്‍ഡ് സ്‌പെക്ട്രം ദേവാസ് മള്‍ട്ടിമീഡിയയില്‍ നിന്ന് തരപ്പെടുത്തുന്നതിനുള്ള അസുലഭ അവസരം കൂടി ഇവര്‍ക്ക് ലഭ്യമാക്കപ്പെടുമായിരുന്നുവെങ്കില്‍ ഇന്റര്‍നെറ്റ് ചാര്‍ജ്ജിനത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ അമിതഭാരം ഉപയോക്താവിന് താങ്ങേണ്ടിവരുമായിരുന്നു. മാത്രമല്ല ഈ എസ് ബാന്‍ഡ് കരാറിലൂടെ രണ്ടുലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടപ്പെടുകയും ചെയ്‌തേനേ. ഇപ്പോള്‍ 2ജി സ്‌പെക്ട്രം ഇടപാടുകള്‍ റദ്ദ് ചെയ്യപ്പെട്ടെങ്കിലും ഈ ഇടപാടിലും ഏറെക്കുറെ ഇതുതന്നെയല്ലേ രാജ്യം കണ്ടത്.
ഉപയുക്തമാക്കപ്പെടേണ്ട എസ് ബാന്‍ഡ് സ്‌പെക്ട്രം
എസ് ബാന്‍ഡ് സ്‌പെക്ട്രം തുച്ഛമായ വിലയ്ക്ക് വിറ്റു തുലക്കേണ്ടതില്‍ നിന്ന് പിന്മാറേണ്ടിവന്ന കേന്ദ്ര സര്‍ക്കാര്‍ അത് നികുതിദായകരായുള്ള 2ജി, 3ജി വയര്‍ലസ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വേഗതയാര്‍ന്ന ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പിക്കുന്നതിനായാണ് ഉപയുക്തമാക്കേണ്ടത്. ഇതിലൂടെ സ്വകാര്യ വയര്‍ലസ് ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ്് സേവന ദാദാക്കളാല്‍ വിനോദ വിനിമയ വിദ്യയെന്നതിലേക്ക് വഴിമാറ്റപ്പെട്ട ഇന്ത്യയുടെ ഐടി യഥാര്‍ത്ഥ വിവര വിനിമയ വിദ്യയെന്ന നിലയില്‍ സ്വാര്‍ത്ഥകമാക്കപ്പെടും. ഇന്റര്‍നെറ്റ് വിനോദത്തിനപ്പുറം ഇന്‍ഫര്‍മേഷന്‍ ഹൈവേയിലെത്തിപ്പെടുന്നതിന് സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ ഐടി രംഗത്തെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുവാന്‍ പുതു ഐടി തലമുറ പ്രാപ്തരാക്കപ്പെടും. രാജ്യത്തിന്റെ ഡിജിറ്റല്‍ സുരക്ഷയെയും സ്വകാര്യതയെയും വെല്ലുവിളിച്ചുള്ള അമേരിക്കയടക്കമുള്ള ബാഹ്യശക്തികളുടെ സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുവാനുള്ള വൈദഗ്ദ്ധ്യമാര്‍ന്ന ഐടിയധിഷ്ഠിത മാനവ വിഭവശേഷി വാര്‍ത്തെടുക്കുന്നതിലായിരിക്കണം ഭരണാധികാരികള്‍ ഊന്നല്‍ നല്‍കേണ്ടത്.
ഇന്‍ഫര്‍മേഷന്‍ ഹൈവയിലെത്തിപ്പെടുമ്പോള്‍ ആര്‍ജ്ജിക്കുന്ന യഥാര്‍ത്ഥ ഐടി അധിഷ്ഠിത വൈദഗ്ദ്ധ്യം കേവലം വിദേശ ഐടി കമ്പനികള്‍ക്കായുള്ള ബിപിഒ കേന്ദ്രങ്ങളിലായിരിക്കില്ല വിനിയോഗിക്കപ്പെടുക. മറിച്ച് ബാക്ക് എന്റ് (Back End) ഐടി സൊല്യൂഷനുകള്‍ക്കായുള്ള ഗവേഷണ-വികസനത്തിനുമായിരിക്കും. ഇത്തരം അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നിടത്തായിരിക്കും കൊട്ടിഘോഷിക്കപ്പെടുന്ന ഐടി വിപ്ലവത്തിന് പകരം യഥാര്‍ത്ഥ ഐടി വിപ്ലവം രാജ്യത്ത് സുസാധ്യമാക്കപ്പെടുക. ഇവിടെയാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ മൗലീകവകാശമാക്കണെമന്നതിന്റെ അനി വാര്യത ശക്തിപ്പെടുന്നത്.
ഈയിടെ കേരളത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഒന്നാം വര്‍ഷ ഡിഗ്രി ഏകജാലക ഓണ്‍ലൈന്‍ പ്രവേശന പ്രക്രിയയും സംസ്ഥാനത്തെ പ്രഫഷണല്‍ ഡിഗ്രി കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റും സെര്‍വര്‍ ദുര്‍ബ്ബലാവസ്ഥയില്‍ അനിശ്ചിതത്വത്തിലായി. കേരളത്തിലെ തന്നെ അക്ഷയ കേന്ദ്രങ്ങള്‍ ഇ-ഗവേണന്‍സ് പ്രക്രിയയുടെ ഭാഗമാണ്. സെര്‍വറുകളുടെ ദുര്‍ബ്ബലാവസ്ഥ ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഇത്തരം സ്ഥിതിവിശേഷത്തില്‍ 2 ജി, 3 ജി ഇന്റര്‍നെറ്റ് (മൊബൈല്‍ ഫോണ്‍/വയര്‍ലസ് ഇന്റര്‍നെറ്റ് മോഡം) ഉപയോക്താക്കള്‍ക്ക് വേഗതയാര്‍ന്ന ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പിക്കുന്നതിനായാണ് എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയുക്തമാക്കേണ്ടത്. രാജ്യത്തിന്റെ പൊതു ഐടി അധിഷ്ഠിത ആവശ്യത്തിനായി എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗപ്പെടുത്തുവാനുള്ള നടപടികളില്ലാത്തത് നികുതിദായകരോടുള്ള കടുത്തവെല്ലുവിളിയാണ്.