മുല്ലപ്പെരിയാര്‍ അടിയൊഴുക്കുകള്‍

 കെ.കെ. ശ്രീനീവാസന്‍

this article was posted in July 2011 and now is  re-posted without any changes made

   മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ ഫെഡറല്‍ ഭരണകൂടത്തിന് നേതൃത്വം നല്കുന്നവരുടെ വൈമുഖ്യം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ദുരന്തത്തിനിരയാകുമെന്നു കരുതുന്ന ജനതയ്ക്കവകാശമുണ്ട്. ഇവിടെയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അന്തര്‍ദേശീയ സംഘടനകളുടെ ഇടപെടലുകളുടെ സാധ്യതകള്‍ ആരായാന്‍ പ്രേരിപ്പിക്കപ്പെടേണ്ടത്. പ്രശ്നപരിഹാരത്തിനായി ലോക ഡാം കമ്മീഷന്റെ ഇടപെടല്‍ അനിവാര്യമാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം.Mullaperiyar-Dam

  മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമോ എന്ന ആശങ്ക അണപൊട്ടി ഒഴുകുന്നു. അണക്കെട്ട് തകര്‍ന്ന40 ലക്ഷത്തോളം പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടേക്കുമെന്നതാണ് ആശങ്കയ്ക്ക് ആധാരം. പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ആശങ്കയ്ക്ക് അറുതി വരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇപ്പോഴത്തെ അണക്കെട്ടില്‍ നിന്നും ലഭ്യമായിക്കൊണ്ടിരിക്കുന്ന വെള്ളം അതേപടി പുതിയ അണക്കെട്ടില്‍നിന്നും ലഭ്യമാക്കുമെന്ന് കേരളം തമിഴ്നാടിന് ഉറപ്പുനല്കുന്നു. ഇതൊന്നും പക്ഷേ തമിഴ്നാട് ചെവികൊള്ളാന്‍ തയ്യാറേയല്ല. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട കരാറിന്റെ സ്വഭാവമെന്തായിരിക്കുമെന്നതാണ് തമിഴ്നാടിനെ മുഖ്യമായും അലട്ടുന്നത്.  ല്‍ ള്‍

 999വര്‍ഷ കരാര്‍ 1886 ഒക്ടോബര്‍ 29-ന് തിരുവിതാംകൂര്‍ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ ഭരണവേളയിലാണ് മദ്രാസ് പ്രസിഡന്‍സി (ബ്രിട്ടീഷ് ഭരണം) യും കേരളവും തമ്മിലുള്ള മുല്ലപ്പെരിയാര്‍ ലീസ് ആക്ട് രൂപംകൊള്ളുന്നത്. മൊത്തം 9000 ഏക്കര്‍ ഭൂമി ഏക്കറിന് 05 രൂപ വാര്‍ഷിക പാട്ടത്തിനാണ് കരാര്‍ ഒപ്പുവച്ചത്. ബ്രിട്ടീഷ് സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മില്‍ നിലനിന്നിരുന്ന കരാറുകളെല്ലാം സ്വാതന്ത്ര്യാനന്തരം അസാധുവാക്കപ്പെട്ടു. അതിനുശേഷം 1958, 60, 69 വര്‍ഷങ്ങളില്‍ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കുവാന്‍ തമിഴ്നാട് ശ്രമിച്ചു. ഒടുവില് 1970-ലെ അച്ചുതമേനോന്‍ മന്ത്രിസഭ നിയമസഭയില്‍പോലും ചര്‍ച്ച ചെയ്യാതെ കരാര്‍ പുതുക്കി നല്കി – 999 വര്‍ഷം എന്ന കാലാവധിയില്‍ മാറ്റം വരുത്താതെ തന്നെ. പുതിയ കരാര്‍ പ്രകാരം വാര്‍ഷിക പാട്ടം ഏക്കറിന് 30 രൂപയായി. ലോവര്‍ പെരിയാറില്‍ തമിഴ്നാട് ഉല്പ്പാദിപ്പിക്കുന്ന വൈദ്യൂതിക്ക് മണിക്കൂറില്‍ ഒരു കിലോവാട്ടിന് 12രൂപ എന്നതും പുതിയ കരാറില് ഇടംപിടിച്ചു. അപ്പോള്‍പോലും അണക്കെട്ടിന്റെ സുരക്ഷയെയും കാലാവധിയെയുക്കുറിച്ച് ഒരക്ഷരം പോലും കരാറില്‍ സ്ഥാനം പിടിച്ചില്ല.achutha-menon

 തിരുവിതാംകൂര്‍ രാജാവ് മുതല്‍ 1970 –ലെ അച്ചുതമേനോന്‍ വരെയുള്ളവരുടെ ദീര്‍ഘവീക്ഷണമില്ലായ്മ പുതിയ അണക്കെട്ടുകരാറില്പ്രപ്തിഫലിക്കില്ലെന്ന് തമിഴ്നാടിന് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ അണക്കെട്ടിന്റെ ആവശ്യം അംഗീകരിക്കാന്‍ തമിഴ്നാട് തയ്യാറാകാത്തത്.

 മുല്ലപ്പെരിയാര്‍ കരാര്‍ കേരളത്തിന് അനുകൂലമായി പുതുക്കുന്നതിന് അപൂര്വ്വ  അവസരമായിരുന്നു, 1970. അതുപക്ഷേ ഉപയുക്തമാക്കുന്നതില്‍ അച്ചുതമേനോന്‍ ശ്രമിച്ചതേയില്ല. കോണ്ഗ്രസ്സിന്റെ കൂടി പിന്തണയോടെയായിരുന്നു അച്ചുതമേനോന്‍ സര്‍ക്കാര്‍ ഭരണം കയ്യാളിയിരുന്നത്. അന്ന് കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്കിയിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആശയഭിലാഷങ്ങള്‍ക്ക് അണുവിട വ്യതിചലിക്കാന്‍ അച്ചുതമേനോന്‍ ഒരുക്കമായിരുന്നില്ല. കരാര്‍ പുതുക്കുമ്പോള്‍ 999 വര്ഷമെന്നത് തിരുത്തപ്പെടുമെന്ന് തമിഴ്നാടിന് അന്നേ ആശങ്കയുണ്ടായിരുന്നു. ഇവിടെയാണ് തമിഴ് രാഷ്ട്രീയത്തിന്റെ കുലപതിയായിരുന്ന സാക്ഷാല്‍ കാമരാജ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇടപെടല്‍ സുസാധ്യമാക്കിയെടുത്തത്. ഇന്ദിരാഗാന്ധിയുടെ ഇടപെടലും സമ്മര്‍ദവും അച്ചുതമേനോനെ 999 വര്‍ഷ മുല്ലപെരിയാര്‍ കരാറിലെത്തിക്കുകയായിരുന്നു. ഇതിനു പ്രത്യൂപകാരമെന്നോണം 1947 മുതല്‍ കാത്തുകെട്ടികിടന്നിരുന്ന ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ദിരാഗാന്ധിയുടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയെന്നത് മറ്റൊരു വസ്തുത.  

 പറമ്പിക്കുളംഅലിയാര്‍ കരാര്‍  

 1970-ല് തന്നെ പറമ്പിക്കുളം അലിയാര്‍ പദ്ധതി കരാര്‍ 1958-ലെ മുന്‍കാല പ്രാബല്യത്തോടെ അച്ചുതമേനോന്‍ സര്‍ക്കാര്‍ ഒപ്പിട്ടുനല്കി. ഇവിടെയും ഇന്ദിരാഗന്ധികാമരാജ് രാഷ്ട്രീയ ബാന്ധവം പ്രതിപ്രവര്‍ത്തിച്ചിട്ടുണ്ടെന്നതും കാണാതെ പോയിക്കൂടാ. ഷോളയാര്‍( 12,300 million cft), മണക്കടവ് (7250 million cft)പറമ്പിക്കുളം ഗ്രൂപ്പ് അണക്കെട്ട് (2500 million cft) എന്നിങ്ങനെയാണ് തമിഴ്നാടും കേരളവും തമ്മിലുള്ള പറമ്പിക്കുളം അലിയാര്‍ വെള്ളം പങ്കിടല് കരാര്‍ ഇത്രയും വെള്ളം പക്ഷേ കേരളത്തിന് ലഭിക്കുന്നതേയില്ല. മഴക്കാലത്തു മാത്രം ശരാശരി 10520 സിഎഫ്.ടി വെള്ളം മാത്രമാണ് കേരളത്തിന് തമിഴ്നാട് നല്കുന്നത്. ഇക്കാര്യത്തില് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം പാലക്കാട് എം.പിയായിരുന്ന വി.എസ്. വിജയരാഘവന്‍ പാര്‍ലമെന്റില(http://parliamentofindia.nic.in/lsdeb/ls10/ses3/08070492.htm) ഉന്നയിച്ചു. ഇക്കാലമത്രയായിട്ടും പക്ഷേ ഇക്കാര്യത്തില് ഒരു മാറ്റവും ഉണ്ടായിട്ടില്ല. 1998-ല് പുതുക്കേണ്ടിയിരുന്ന പറമ്പിക്കുളം അലിയാര് കരാര്‍ ഇനിയും പുതുക്കിയിട്ടുമില്ല. ചില വേളകളില്‍ വെള്ളം പങ്കിടല്‍ സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥതല ചര്‍ച നേര്‍ച്ചപോലെ അരങ്ങേറുന്നുവെന്നു മാത്രം!

 കരാര്‍ പ്രകാരമുള്ള വെള്ളം ലഭ്യമാകുമെന്നുണ്ടെങ്കില്‍ പാലക്കാട് ജില്ലയെ കേരളത്തിന്റെ നെല്ലറയെന്ന നിലയില്ത്തന്നെ നിലനിര്‍ത്താനാകും. ജില്ലയുടെ കുടിവെള്ള പ്രശ്നത്തിനും കൂടി അത് ശാശ്വത പരിഹാരമാകും. മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ച് തേനീ, മധുര, രാമനാഥപുരം, ശിവഗംഗ, ഡിണ്ടിക്കല്‍ ജില്ലകള്‍ തമിഴ്നാട് ഹരിതവല്ക്കരിക്കുന്നു. ഇതുപോലെത്തന്നെ പറമ്പിക്കുളം അലിയാര്‍ പദ്ധതിയില് നിന്നുള്ള വെള്ളം കേരളത്തിന്റെ പാലക്കാട് ജില്ലയെ പൂര്‍ണ്ണമായും പച്ചപുതപ്പിക്കാനുതകും. മുല്ലപ്പെരിയാര്‍ പ്രശ്നം ആളിക്കത്തുന്ന ഈ വേളയില്‍ പറമ്പിക്കുളം അലിയാര്‍ കരാര്‍ പുതുക്കുന്നതിനും കരാര്‍ പ്രകാരമുള്ള വെള്ളം കേരളത്തിന് ലഭ്യമാക്കപ്പെടുമെന്നതിനുമുള്ള തന്ത്രപരമായ നീക്കം കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.   

 കേരളം അതീവ കരുതലോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീക്ഷണിയെ സമീപിച്ചുരുന്നുവോെയന്നുള്ള വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. അണക്കെട്ടിന്റെ സുരക്ഷാഭീഷണിയില്‍ ആശങ്കപൂണ്ട നാട്ടുകാര്‍ സമരവും നിരാഹാരവുമൊക്കെ തുടങ്ങിയിട്ട്വ വര്‍ഷങ്ങളായിട്ടുണ്ട്. ആദിവാസി രാജാവ് തേവന്‍ മന്നാന്‍ അടക്കമുള്ളവര്‍ ചപ്പാത്ത് സമരപന്തലില്‍ നിരാഹാരമനുഷ്ഠിച്ചു. എന്നാല്‍ ഇപ്പോള് സമരപന്തല് പൂര്‍ണ്ണമായും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള് കയ്യേറിയിരിക്കുന്നു! കേരളത്തിന്റെ ഭരണതലങ്ങളില് മുഖ്യമായും ഉയര്‍ന്നുകേട്ടിരുന്നത് ജലനിരപ്പ് താഴ്ത്തുകയെന്ന ആവശ്യമായിരുന്നു.എന്നാല്‍ ഇപ്പോള്‍ സ്ഥിതിവിശേഷം മാറിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ മേഖലയില് തുടര്‍ ഭൂചലനങ്ങള്‍ രൂപപ്പെടാന് തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ടു തകര്‍ന്നേക്കുമെന്ന ആശങ്കയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അടിയൊഴുക്കുളും അണപൊട്ടിയൊഴുകാന്‍ ആരംഭിച്ചിട്ടുളളത്.

 ജുഡീഷ്യറി

 മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുകയാണെങ്കില് അതിനെ നേരിടാന്‍ സര്‍ക്കാര്‍ എന്തെല്ലാം മുന്‍കരുതലുകള്‍ കൈകൊണ്ടിട്ടുണ്ടെന്നതാണ് ഹൈക്കോടതിക്ക് അറിയാന്‍ താല്പ്പര്യം! ജനങ്ങളുടെ പിന്തുണയുണ്ടായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടു നടപടിക്കു തയ്യാറാകുന്നില്ലെന്നതും കോടതിവക. അപ്പോള്‍പോലും ജനങ്ങളുടെ ആശങ്കയുടെ വെളിച്ചത്തില് കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടും കേരളവുമായി കൂടിയാലോചിച്ച് സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനെ നിര്ദ്ദേശിക്കുന്നതില് നീതിന്യായ മണ്ഡലത്തിന് വൈമുഖ്യം. എക്സിക്യൂട്ടീവിന്നിര്‍ദ്ദേശം നല്കാന് ഭരണഘടനാപരമായി ജുഡീഷ്യറിക്ക് അധികാരമുണ്ടോയെന്നത് ഹൈക്കോടതിയെ അലട്ടുന്നുണ്ടോ?

 ഇന്ത്യന് ഗ്രാമങ്ങളിള്‍, പ്രത്യകിച്ചും വടക്കേ ഇന്ത്യന് ഗ്രാമങ്ങളിള്‍ പട്ടിണിപാവങ്ങള്‍ പെരുകുമ്പോള്‍ ഫുഡ്കോര്‍പ്പറേഷന്റെ ഗോഡൗണുകളില്ലക്ഷക്കണക്കിനുടണ് ഭക്ഷ്യ ധാന്യങ്ങള്‍ കെട്ടികിടന്നു നശിക്കുന്നു. ഈ ഞെട്ടിക്കുന്ന മാധ്യമവെളിപ്പെടുത്തലിനെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെടുന്നു. കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ എത്രയും പെട്ടെന്ന് പട്ടിണിപാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ഇത്തരമൊരു നിര്‍ദ്ദേശം കൊടുക്കുമ്പോള്‍ എക്സിക്യൂട്ടീവിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമോ അല്ലയോയെന്നൊന്നും തലനാരിഴകീറി പരിശോധിക്കുവാന്‍  ജുഡീഷ്യറി തയ്യാറായില്ലെന്നതു ഏറെ ശ്രദ്ധേയം. കേന്ദ്രത്തിനുള്ള സുപ്രീംകോടതി നിര്‍ദ്ദേശത്തില്‍ ഭരണഘടനാ വ്യവസ്ഥകളെക്കാളുപരി പട്ടിണിപ്പാവങ്ങളോടുള്ള അനുതാപം മാത്രം. കോടതി നിര്‍ദ്ദേശത്തെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഭരണഘടനയുടെ ചതുരക്കള്ളിയില്‍ നിന്ന് ചോദ്യം ചെയ്തുവെങ്കിലും കോടതി നിര്‍ദ്ദേശം ഭക്ഷ്യധാന്യ വിതരണത്തെ ചെറുതായെങ്കിലും കാര്യക്ഷമമാക്കുന്നതില് സഹായകരമായിയെന്നത് ശുഭസൂചകമായി.  

 മുല്ലപ്പെരിയാര്‍ പ്രശ്നത്തിലും സമാനമായ ഒരു ഇടപെടല്‍ നടത്താന്‍ നീതിന്യായവ്യവസ്ഥയെ പിന്തിരിപ്പിക്കുന്നതിന്റെ പിന്നില്‍ പതിയിരിക്കുന്നത് എക്സിക്യൂട്ടീവ്ജ്യൂഡീഷ്യറി അധികാരി പരിധി എന്ന ലക്ഷ്മണരേഖ മാത്രമോമുല്ലപ്പെരിയാര്‍ തര്‍ക്ക പരിഹാരത്തിനുള്ള സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇനിയും സമര്‍പ്പിക്കപ്പെടേണ്ടിയിരിക്കുന്നു. അതിന്മേല് തീരുമാനങ്ങളെടുക്കപ്പെടണം. അവ നടപ്പാക്കപ്പെടണം. ഇതെല്ലാം കാത്തുകാത്തിരുന്ന് ജനങ്ങളുടെ ക്ഷമ കെടുമോ? ഇതിനേക്കാളുപരി അണക്കെട്ടിന്റെ തന്നെ ക്ഷമ കെടുമെന്നുവന്നാലുണ്ടാകുന്ന ദുരന്തം പ്രവചനാതീതം.

 ലോക ഡാം കമ്മീഷന്‍

 മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതില്‍ ഇന്ത്ന്‍ ഫെഡറല്‍ ഭരണകൂടത്തിന് നേതൃത്വം നല്കുന്നവരുടെ വൈമുഖ്യം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ദുരന്തത്തിനിരയാകുമെന്നു കരുതുന്ന ജനതയ്ക്കവകാശമുണ്ട്. ഇവിടെയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അന്തര്ദേശീയ സംഘടനകളുടെ ഇടപെടലുകളുടെ സാധ്യതകള്‍ ആരായാന് പ്രേരിപ്പിക്കപ്പെടേണ്ടത്. 1998 മേയില് നിലവില് വന്ന ലോക ഡാം കമ്മീഷന്റെ ഇടപെടലിലിന്റെ സാധ്യതകള് മുല്ലപ്പെരിയാര്‍ പ്രശ്നത്തില് ആരായപ്പെടണം. ആഗോളതലത്തില്‍ തന്നെ വന്‍കിട അണക്കെട്ടുകളെപ്രതി തര്‍ക്കങ്ങളും ആശങ്കകളും പരാതികളും ഉടലെടുത്ത സാഹചര്യത്തിലായിരുന്നു ആഗോള ഡാം കമ്മീഷന്റെ രൂപീകരണം

 അണക്കെട്ടുകളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, രൂപരേഖ, ആസൂത്രണം, വിലയിരുത്തില്, നിര്മ്മാണം, പ്രവര്ത്തനം, മേല്‍നോട്ടം, ഡികമ്മീഷിനിങ്ങ് ഇവയെല്ലാമാണ് കമ്മീഷന്റെ ചുമതല (http://www.dams.org/index.php?option=com_content&view=article&id=48&Itemid=28). കമ്മീഷന്റെ രൂപീകരണത്തിന് നിദാനമായത് ഇന്ത്യയിലെത്തന്നെ സര്‍ദാര്‍ സരോവര്‍ പദ്ധതി (എസ്.എസ്.പി, ഗുജറാത്ത്) യുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകളും തര്‍ക്കങ്ങളും വിവാദങ്ങളുമാണ്. 1450 മെഗാവാട്ട് സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് ലോകബാങ്ക് വായ്പാ സഹായം നല്കിയിരുന്നു. എന്നാല് പരിസ്ഥിതി ആഘാതം, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനഃരധിവാസം ഇവയെക്കുറിച്ചെല്ലാം വിവാദങ്ങളും ചര്ച്ചകളും മുറികിയപ്പോള്‍ ലോകബാങ്കും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടു. ഇതേതുടര്‍ന്ന് ലോക ബാങ്ക് സമഗ്ര പഠനം നടത്തി. ഉയര്‍ന്നുവന്ന വിവാദങ്ങളിലും തര്‍ക്കങ്ങളിലും കഴമ്പുണ്ടെന്ന് പഠനത്തില്‍ നിന്ന് ലോക ബാങ്കിന് ബോധ്യപ്പെട്ടു. ഈ ബോധ്യപ്പെടലിന്റെ പരിണിതിയായി 1993-ല് സര്‍ദാര്‍ സരോവര്‍ പദ്ധതിക്കു നല്കിയിരുന്ന വായ്പാ സഹായത്തില്‍ നിന്ന് പിന്മാറാന്‍ ലോക ബാങ്ക് തീരുമാനിച്ചു. ആഗോളതലത്തില്‍ തന്നെ അണക്കെട്ടുകളെപ്പറ്റിയുള്ള ആശങ്കകളും തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാന്‍ ഒരു രാജ്യാന്തര വേദിതന്നെ അനിവാര്യമാണെന്ന തിരിച്ചറിവാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിയിലൂടെ ഉയര്‍ന്നുവന്നത് (http://www.ielrc.org/content/a0704.pdf,http://www.law.harvard.edu/students/orgs/hrj/iss19/ramachandra.pdf). ഇത്തരമൊരു അനിവാര്യമായ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് നെയ്റോബി ആസ്ഥാനമായി യു.എന്‍ എന്‍വയോന്‍ന്മെന്റ് പ്രോഗ്രാമിന്റെ (യു.എന്‍.ഇ.പി.) ഭാഗമായി ലോകബാങ്കിന്റെയും  പിന്തുണയോടെ ലോക ഡാം കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടത്.  

 രാഷ്ട്രീയ ഭൂകമ്പങ്ങള്‍

 കേരള രാഷ്ട്രീയത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഒട്ടും ചെറുതല്ലാത്ത രാഷ്ട്രീയ ഭൂകമ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം (ചിലയിടത്തു മാത്രം) ജില്ലകളില് മാത്രം കേന്ദ്രീകരിച്ചുള്ള കേരള കോണ്ഗ്രസ്സ് തങ്ങളുടെ രാഷ്ട്രീയ ആധിപത്യവും ഏകീകരണവും ഊട്ടിയുറപ്പിക്കുവാന്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്വരയില് കയ്യേറ്റകുടിയേറ്റങ്ങള്‍ ശക്തിപ്പെടുന്നത് സ്വാതന്ത്ര്യാനന്തരമാണ്. ഈ കയ്യേറ്റ കുടിയേറ്റങ്ങള്‍ക്ക് എക്കാലവും സര്വ്വ പിന്തുണ നല്കിയിട്ടുള്ളതും നല്കിപ്പോരുന്നതും കേരള കോണ്ഗ്രസ്സാണ്. അതുകൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതൊരാശങ്കയിലും രാഷ്ട്രീയലക്ഷ്യംവച്ചുകൊണ്ടുതന്നെ കേരള കോണ്ഗ്രസ്സ് പങ്ക് ചേര്‍ന്നില്ലെങ്കിലേ അതിശയമുള്ളൂ. ഇതോടൊപ്പം തന്നെ കേരള കോണ്ഗ്രസ്സ് ചേരികള്‍ക്കിടയിലെ ശാക്തിക സമവാക്യങ്ങളില് ചെറുതല്ലാത്ത ചലനങ്ങള്‍ക്കും മുല്ലപ്പെരിയാര്‍ പ്രശ്നം കാരണമായിട്ടുണ്ട്

കേരള കോണ്ഗ്രസ്സ് നേതാവ് മാണിയെ മറികടന്ന് തൊടുപുഴയുടെ തലതൊട്ടപ്പനായ പി.ജെ. ജോസഫ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിലുടെ ജനകീയനായ ധീരനേതാവ് എന്ന പരിവേഷത്തോടെ ഏറെ അടുക്കുകയാണ്. ഇതു പക്ഷേ പാല കേന്ദ്രീകൃത കേരള കോണ്ഗ്രസ്സ് മേധാവിയുടെ പാളയത്തില് അസ്വസ്ഥതയുടെ തുടര്‍ചലനങ്ങള് സൃഷ്ടിക്കുന്നു. മുല്ലപ്പെരിയാര്‍ തകര്‍ന്നാല് പ്രളയമുണ്ടാകാനിടയുള്ളടത്തൊന്നും നിലം തൊടിയ്ക്കാതെ ജോസഫിനെ ദില്ലിയിലേക്ക് നാടുകടത്തി ഉപവാസമിരുത്തി. മാണിയാകട്ടെ ആശങ്കയിലകപ്പെട്ടുഴലുന്നവര്‍ക്കിടയിലും ഉപവസിച്ചു. ജോസഫിനെ ദില്ലിയിലേക്ക് നാടുകടത്തിയതെല്ലാം അസ്വസ്ഥതയുടെ തുടര്‍ ചലനങ്ങളുടെ ലക്ഷണങ്ങളാണ്.

കേരള കോണ്ഗ്രസ്സ് പാളയത്തില്‍ ഒറ്റക്ക് തടിച്ചുവളരുന്ന ബിജിമോള്‍ എം.ല്‍എ  സി.പി.ഐയുടെ നില ഭദ്രമാക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിന്റെ ഭാഗമായുള്ള നിരാഹാര സമരത്തിലൂടെ ആദ്യ ഗോളടിച്ചു. ഇത്രയും കാലം രാഷ്ട്രീയക്കാരാല് തിരിഞ്ഞുനോക്കപ്പെടാതെ കിടന്ന ഉപ്പുതറയിലെ ചപ്പാത്ത് സമര പന്തല്കയ്യേറിയുള്ള ഉപവാസ സമരത്തിലൂടെയാണ് ബിജിമോള്‍ കേരള കോണ്ഗ്രസ്സുക്കാരെപ്പോലും കടത്തിവെട്ടി വന്‍ രാഷ്ട്രീയ ഭൂചലനം സൃഷ്ടിച്ചത്. ബിജിമോളുടെ ഉപവാസ രാഷട്രീയത്തിനു പിന്നില് പതിയിരിക്കുന്ന യഥാര്ത്ഥ രാഷ്ട്രീയം തിരിച്ചറിയുവാന് കേരളാ കോണ്ഗ്രസ്സ് അല്പം വൈകിപ്പോയി. എങ്കിലും റോഷി അഗസ്റ്റിന് എം.എല്‍എയെ ഉപവാസമിരുത്തി ബിജിമോളുടെ രാഷ്ട്രീയ ലക്ഷ്യത്തെ പിടിച്ചുകെട്ടാന് കേരള കോണ്ഗ്രസ്സ് അരയും തലയും മുറുക്കി മുന്നോട്ടുവന്നു. ഇത്രയുമായപ്പോഴാണ് സി.പി.എഎമ്മിലെ ഉപവാസ രാഷ്ട്രീയത്തിന്റെ ഗുട്ടന്സ് പിടികിട്ടിയത്. പിന്നെ ഒട്ടും അമാന്തിച്ചില്ല. ദേവികുളം എം.എല്‍എ രാജേന്ദ്രനെ ഉണ്ണാവൃതമിരുത്തി സി.പി.എമ്മും തങ്ങളുടെ രാഷ്ട്രീയലക്ഷ്യ തേരോട്ടത്തില്പങ്കു ചേര്‍ന്നു.

സി.പി.ഐയും സി.പി.എമ്മും മുല്ലപ്പെരിയാറിന്റെ കലങ്ങിയ വെള്ളത്തില് നിന്ന് രാഷ്ട്രീയ ലക്ഷ്യ സാധൂകരണം കയ്യെത്തിപ്പിടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സി.പി.ഐ ദേശീയ നേതൃത്വവും കേരളം മലയാളിയുടെ മാതൃഭൂമിയെന്ന് ഊറ്റംകൊണ്ട ഇ.എം.സ്സിന്റെ നാല് പിന്മുറക്കാരടങ്ങിയ സി.പി.എം പോളിറ്റ് ബ്യൂറോയുമെടുത്തിട്ടുള്ള നിലപാട് സംസ്ഥാന ഘടകങ്ങളുടെ രാഷ്ട്രീയ ലക്ഷ്യ സാധൂകരണ ദൗത്യങ്ങള്‍ക്ക് മങ്ങലേല്പ്പിച്ചിട്ടുണ്ട്. ഇത് കേരള കോണ്ഗ്രസ്സിന് ആശ്വാസം പകരുന്നതാണ്.

 ഉപവാസ രാഷ്ട്രീയത്തില്‍ പി.ടി. തോമസ്സ് എം.പിയുടെ പങ്കുപറ്റല്‍ കൂടിയായപ്പോള്‍ കോണ്ഗ്രസ്സും പിറകിലായില്ല. അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് പക്ഷേ മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യത്തിലെത്തിച്ചേരാന്‍ കോണ്ഗ്രസ്സിന് വിലങ്ങുതടിയായിട്ടുണ്ടെന്നത് കാണാതെ പോയ്ക്കൂടാ. കേന്ദ്ര സര്‍ക്കാരിനെ മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാര ദിശയില്‍ ഇടപെടുത്താന് കേരളത്തിലെ കോണ്ഗ്രസ്സ് നേതൃത്വത്തിനാവുന്നില്ലായെന്നതും കോണ്ഗ്രസ്സിനു വിനയാവുന്നു.   

 ഉപവാസ ആഘോഷങ്ങളുടെ രാഷ്ട്രീയ ചെറുചലനങ്ങള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ ശാശ്വത പരിഹാര ദിശയിലുള്ള വന്‍ ചലനങ്ങളായി രൂപാന്തരം പ്രാപിക്കുമെന്ന് പ്രവചിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ വൈമുഖ്യത്തിനു പിന്നില്‍ 15000 കോടിയോളം രൂപ ഇതിനകം ചെലവഴിച്ച കൂടംകുളം ആണവ നിലയത്തെപ്രതിയുള്ള തമിഴ് ജനതയുടെ എതിര്‍പ്പ് പതിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന്റെ ചെലവില് കൂടംകുളം ആണവ നിലയത്തോടുള്ള എതിര്‍പ്പ് പരിഹരിക്കപ്പെടുവാനുള്ള സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുകയാണോയെന്നതാണ് ഇനി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അറിയുവാനുള്ളത്.

 കേരളത്തിലെ രാഷ്ട്രീയകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സിനിമാക്കാര്‍ക്കും ബിനാമികളുടെ പേരില്‍ മുല്ലപ്പെരിയാര്‍ വെളളമുപയോഗിക്കുന്ന വന്‍കിട ഫാമുകള്‍ തമിഴ്നാട്ടിലുണ്ടെന്നത് പകല്‍പോലെ വ്യക്തം. മുല്ലപ്പെരിയാര്‍ പ്രശ്നം സങ്കീര്‍ണ്ണമാകുന്നതോടൊപ്പംതന്നെ ഈ കഥകള്‍കൂടി തുറന്നുകാണിക്കപ്പെടുകയാണ്. അതെ, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉടലെടുക്കുന്ന അടിയൊഴുക്കുകള്‍ അണക്കെട്ടു സുരക്ഷയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നവസ്ഥ കുടി രുപപ്പെടുകയാണ്.

 

 

 

Related Post