
കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan
It discusses the impacts of the revelation of Edward Snowdan on the international politics and the feeble state of Indian IT sector and Malayalam Varika, an Indian Express publication, has published the same as a cover story ( issue August 07, 2013)
എൻഎസ്എയുടെ പ്രിസം പദ്ധതിയുമായി സഹകരിക്കുന്ന മൈക്രോസോഫ്റ്റുപോലുള്ള അമേരിക്കന്‍ കമ്പനികളില്‍ നിന്ന് രാഇ്യത്തിന്റെ ഡിജിറ്റല്‍ ശേഖരങ്ങള്‍ പെന്റഗണിന്റെ കമ്പ്യൂട്ടറുകളിലെത്തിപ്പെടുകയില്ലെന്ന് ഒരുറപ്പുമില്ല

അമേരിക്കന്‍ സാമ്രാജ്യത്വം, വിവരസാങ്കേതിക വിദ്യാവികസനം, ജനാധിപത്യം, സുരക്ഷ, സ്വകാര്യത, ധാര്‍മ്മികത തുടങ്ങിയവയിലൂന്നിയുള്ള സംവാദങ്ങളും ചര്‍ച്ചകളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റിലജന്‍സ് ഏജന്‍സിയുടെ (സി.ഐ.എ) മുന്‍ ജീവനക്കാരനും അമേരിക്കന്‍ പൗരനുമായ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളില്‍ നിന്നുയരുന്നു. സ്‌നോഡന്‍ ചോര്‍ത്തികൊടുത്ത അമേരിക്കന്‍ രഹസ്യ രേഖകളുടെ പിന്‍ബലത്തില്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പ്രധാനപ്പെട്ട വസ്തുതകള്‍ വെളിപ്പെടുത്താന്‍ ഗാഡിയന്‍ ദിനപത്രം മടിക്കുന്നുണ്ടോയെന്ന സംശയവുമുയരുന്നു. ഇതിലുപരി വിവര സാങ്കേതിക വിദ്യാരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദത്തിന്റെ പൊള്ളത്തരംകൂടി തുറന്നുകാണിക്കുന്നുണ്ട് സ്‌നോഡന്റെ വെളിപ്പെടുത്തല്‍.
അന്തര്‍ദേശീയ അധികാര രാഷ്ട്രീയ സമവാക്യങ്ങളില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അധികാര കിടമത്സരങ്ങള്‍ പ്രകടം. ശീത സമരക്കാലത്ത് (Cold War) ഒരു ഭാഗത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ മുതലാളിത്ത സാമ്രാജ്യത്ത ശക്തികളും മറുഭാഗത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും മുതലാളിത്ത-കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ പോരാട്ടങ്ങളിലേര്‍പ്പെട്ടു. ഈ ഇരു ശാക്തീക ചേരികളുടെ നേതൃത്വത്തില്‍ ഇരുധ്രുവ ലോകമെന്ന (Bipolar World) അവസ്ഥയാണ് ശീതസമര വേളയില്‍ ലോകജനത കണ്ടത്.
ശീതസമരം മൂര്‍ദ്ധന്യത്തില്‍ നക്ഷത്ര യുദ്ധ (Star Wars) തന്ത്രങ്ങള്‍ പോലും മെനയപ്പെട്ടു. 1980 കളുടെ അന്ത്യത്തില്‍ പക്ഷേ സോവിയറ്റ് യൂണിയന്‍ ശിഥിലീകരിക്കപ്പെട്ടു. അതോടെ അമേരിക്കന്‍ ആധിപത്യത്തില്‍ കീഴില്‍ ഏകധ്രുവ ലോക (Uni Polar) മെന്ന പുത്തന്‍ ലോക ക്രമം (New World Order) ഏറെക്കൂറെ നിലവില്‍ വന്നു. എന്നാല്‍ 2001 സെപ്തംബര്‍ 11 ലെ അമേരിക്കക്കെതിയുള്ള ഭീകരാക്രമണത്തോടെ ഏകധ്രുവലോകമെന്ന അവസ്ഥക്കുമേല്‍ കരിനിഴല്‍ വീണു. ഇതോടെ ബഹുധ്രുവ ലോക (Multi Polar World) മെന്നവസ്ഥ സംജാതമായി.
’90 കളുടെ തുടക്കത്തില്‍ വിവര സാങ്കേതിക വിദ്യാവിസ്‌ഫോടനം. ഒപ്പം ആഗോളവത്കരണ-ഉദാരവത്കരണ പ്രക്രിയയിലൂടെ നവ സാമ്പത്തിക ക്രമ (New Economic Order)വും. അതോടെ അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനത്തിന്റെ കയറ്റുമതി-ഇറക്കുമതികള്‍ ശരവേഗത്തിലായി. മുതലാളിത്ത – കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെന്ന വകഭേദങ്ങളില്ലാതെ കമ്മ്യൂണിസ്റ്റ് രാഷ്ട്രമെന്നവകാശപ്പെടുന്ന ചൈനപോലും അമേരിക്കയടക്കമുള്ള മുതലാളിത്ത സാമ്പത്തിക ശക്തികളുടെ മൂലധന കമ്പോളമായി. അമേരിക്കന്‍-യൂറോപ്യന്‍ വിപണികള്‍ ചൈനയടക്കമുള്ള വികസ്വര രാഷ്ട്രങ്ങള്‍ക്കുമുന്നില്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ഈ അവസ്ഥയില്‍ ആഗോള മേധാവിത്വത്തിനായി അത്യന്താധുനികവും പരമ്പരാഗതവുമായ സൈനിക ശേഷികളുയുപയോഗിച്ചുള്ള വെട്ടിപ്പിടുത്തങ്ങളോട് അമേരിക്കയടക്കമുള്ള വന്‍കിട ശക്തികള്‍ക്ക് പൊതുവേ സുല്ലുപറയേണ്ടിവന്നു. അതേസമയം ആഗോള മേധാവിത്വമെന്ന അടങ്ങാത്ത മോഹം പാടെ ഉപേക്ഷിക്കുവാനും വയ്യാത്തവസ്ഥ.
ഐടി വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയ അമേരിക്ക സൈബര്‍ ആക്രമണ (Cyber attack/war) ങ്ങളിലൂടെ ലോകത്തെ വീണ്ടും തങ്ങളുടെ അധീശത്വത്തിലാക്കുവാന്‍ ഐ.ടി അധിഷ്ഠിത തന്ത്രങ്ങള്‍ മെനഞ്ഞ് അവ കൃത്യമായി വിനിയോഗിക്കുന്നു. അമേരിക്കന്‍ ഭരണകൂടങ്ങള്‍ (ബുഷ്-ഒബാമ ഭരണകൂടങ്ങള്‍) പിന്നിട്ട ഒരു പതീറ്റാണ്ടിലധികമായി തങ്ങളുടെ പൗരന്മാരുടേയും അന്യ രാഷ്ട്രങ്ങളുടെയും ഡിജിറ്റല്‍ വിവര ശേഖര (Digital data base) ങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്ന എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഒരിക്കല്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നക്ഷത്ര യുദ്ധത്തിനുപകരം സൈബര്‍ യുദ്ധ/ആക്രമണ തന്ത്രങ്ങള്‍ ബുഷ് മുതല്‍ ഒബാമ വരെയുള്ള അമേരിക്കന്‍ ഭരണകൂടങ്ങള്‍ വിനിയോഗിക്കുകയാണ്. ആഗോള ഭീകരവാദത്തിന്റെ മറവില്‍ സൈബര്‍ ആക്രമണമുറകളിലൂടെ മറ്റു രാഷ്ട്രങ്ങളുടെ ഡിജിറ്റല്‍ ശേഖരങ്ങള്‍ പോലും കൊള്ളയടിക്കുന്നതിന് പിന്നില്‍ (ശേഖരിക്കുന്നതിനുപിന്നില്‍) പ്രതിപ്രവര്‍ത്തിക്കുന്നത് അമേരിക്ക ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന ആഗോളാധിപത്യമെന്ന അടങ്ങാത്തമോഹം തന്നെയാണെന്ന് വ്യാഖ്യാനിക്കേണ്ടിവരും.
വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ കൂച്ചുവിലങ്ങിടുന്നവരെന്ന അപഖ്യാതി കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരെ എക്കാലത്തും ശക്തമാണ്. അതേസമയം ഉദാര ജനാധിപത്യ (Liberal Democracy) വ്യവസ്ഥ പിന്തുടരുന്ന അമേരിക്ക എക്കാലത്തും പൗര സ്വാതന്ത്ര്യത്തിന്റെ പതാകവാഹകരാണെന്ന് അവകാശപ്പെടുന്നു. പക്ഷേ 48 വിദേശ രാഷ്ട്രങ്ങളുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെന്നതിനോടൊപ്പം ഫെയ്‌സ് ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നീ സൈബര്‍ ഭീമന്മാരെ ആശ്രയിക്കുന്ന 121 മില്യന്‍ സ്വന്തം പൗന്മാരുടേയും ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്നതുകൂടി പുറത്തുവന്നിട്ടുണ്ട്.(1) പൗര സ്വാതന്ത്ര്യത്തിലേക്കും അവകാശങ്ങളിലേക്കും കടന്നുകയറാന്‍ ഉദാര ജനാധിപത്യവാദികളെന്ന് അവകാശപ്പെടുന്ന അമേരിക്കന്‍ ഭരണകൂടത്തിന് മടിയില്ലെന്നാണ് ഇതിലൂടെ വെളിവാക്കപ്പെട്ടത്.
ഗാര്‍ഡിയന്‍ വെളിപ്പെടുത്തല്‍
അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സി (NSA) മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍, യു ട്യൂബ്, എഒഎല്‍ (American On Line), സ്‌കൈപ്പ് തുടങ്ങിയ അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാഷട്രങ്ങളുടെ അതീവ രഹസ്യരേഖകള്‍ ചോര്‍ത്തിയെടുത്തിട്ടുണ്ടെന്ന ബ്രിട്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് അന്തര്‍ദേശീയ നയതന്ത്ര രംഗത്ത് ഏറെ വിവാദങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. അമേരിക്കന്‍ പൗരനും മുന്‍ സിഐഎ ജീവനക്കാരനുമായ എഡ്വേര്‍ഡ് സ്‌നോഡന്‍ ചോര്‍ത്തിക്കൊടുത്ത രഹസ്യരേഖകളെ ആധാരമാക്കിയാണ് ഗാഡിയന്‍ ദിനപത്ര റിപ്പോര്‍ട്ട്. ഫിസ (Foriegn Intelligence Surveillance Court) യില്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ എറിക് ഹോ ള്‍ഡര്‍ 2009 ജൂലായ് 29ന് ഒപ്പുവെച്ച് സമര്‍പ്പിച്ച രണ്ട് അതീവ രഹസ്യ രേഖകളാണ് സ്‌നോഡനിലൂടെ ഗാര്‍ഡിയന്‍ ദിനപത്രം വെളിച്ചത്തുകൊണ്ടുവന്നത്.(2)
പ്രിസം (PRISM) എന്ന പേരിലറിയപ്പെടുന്ന പദ്ധതിയിലൂടെ രാഷ്ട്രങ്ങളുടെ ഡിജിറ്റല്‍ ശേഖരങ്ങള്‍ എന്‍എസ്എയുടെ രഹസ്യനിരീക്ഷണ വലയത്തിലകപ്പെട്ടു. സര്‍ച്ച് ഹിസ്റ്ററി, ഇ-മെയില്‍ ഉള്ളടക്കം, ഫയലുകള്‍, ലൈവ് ചാറ്റുകള്‍ എന്നീ ഡിജിറ്റല്‍ ശേഖരങ്ങളാണ് പെന്റഗണിന്റെ കമ്പ്യൂട്ടറുകളിലെത്തിയത്. 2007 മുതല്‍ല്‍ തന്നെ പ്രിസം പദ്ധതി പ്രകാരം തങ്ങളുടെ ഉപയോക്താക്കളുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ എന്‍.എസ്.എയുമായി പങ്കുവയ്ക്കാമെന്ന കരാറില്‍(3) മൈക്രോസോഫ്റ്റ് ഏര്‍പ്പെട്ടിരുന്നു. ഇതേ ചുവടുപിടിച്ച് ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, പാല്‍ടോക്ക്, യു ട്യൂബ്, സ്‌കൈപ്പ്്, എ.ഒ.എല്‍, ആപ്പിള്‍ എന്നിവയും – ഗാര്‍ഡിയന്‍ വെളിപ്പെടുത്തുന്നു.
എന്‍എസ്എ വികസിപ്പിച്ചെടുത്തിട്ടുള്ള അനന്തമായ വിവരങ്ങള്‍ നല്‍കുന്നയാള്‍ (Boundless Informant)(4) എന്ന് വിളിക്കപ്പെടുന്ന ഡിജിറ്റല്‍ വിവര ഖനന/ശേഖരണ സാമഗ്രി (Data Mining Tool) യുടെ പൂര്‍ണ്ണ വിശദാംശങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഗാര്‍ഡിയന്‍ പറയുന്നുണ്ട്. ഈ സാമഗ്രി ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ലക്ഷ്യമിടുന്ന രാഷ്ട്രത്തെ ഭൂപടത്തില്‍ തെരഞ്ഞെടുക്കുവാനും അതിന്റെ ഡിജിറ്റല്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാകും. ഒരു രാഷ്ട്രത്തില്‍ നിന്ന് എത്ര ഡിജിറ്റല്‍ രേഖകള്‍ ശേഖരിച്ചുവെന്നും ശേഖരിച്ച രേഖകള്‍ ഏത് തരത്തിലുള്ളവയാണെന്നും ഈ സാമഗ്രിയിലൂടെ മനസ്സിലാക്കാം. 2013 മാര്‍ച്ചില്‍ മാത്രമായി എന്‍എസ്എ ലോകവ്യാപകമായ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും 97 ബില്യണ്‍ രഹസ്യ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള ഡിജിറ്റല്‍ രേഖ ശേഖരിച്ചുവെന്ന് അറിയാന്‍ കഴിയുമെന്ന് പറയു േമ്പാള്‍ തന്നെ ശേഖരിച്ച ഡിജിറ്റല്‍ രേഖകളുടെ/ആശയ വിനിമയങ്ങളുടെ സ്വഭാവ/ഉളളടക്കമെന്താണെന്നതിനെപ്രതി ഗാഡിയന്‍ നിശബ്ദത പുലര്‍ത്തുന്നു!
തന്ത്രപ്രധാന ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ സുരക്ഷിതമോ?
2013 മാര്‍ച്ചില്‍ മാത്രമായി പ്രിസം പദ്ധതിയിലൂടെ മൈക്രസോഫ്റ്റ്, ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍, യാഹൂ സെര്‍വ്വറുകളില്‍ നിന്ന് ഇന്ത്യയുടെ 6.3 ബില്യണ്‍ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെടുക്കപ്പെട്ടിട്ടുണ്ടെന്നാണ് 2013 ജൂണ്‍ 11 ലെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ വാഷിങ്ടണ്‍ ദൗത്യങ്ങള്‍(5) അമേരിക്കന്‍ ദേശീയ സുരക്ഷാസമിതി രഹസ്യ നിരീക്ഷണ വലയത്തിലാണെന്നുകൂടിയുള്ള സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഡിജിറ്റല്‍ വിവരശേഖരങ്ങളും അമേരിക്കന്‍ ചോര്‍ത്തിയിട്ടുണ്ടെന്നന്ന അതീവ ഗൗരവമേറിയ സംശയങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ഡിജിറ്റല്‍ ശേഖരങ്ങള്‍ എന്തിനുവേണ്ടി ചോര്‍ത്തി? ഏത് തരത്തിലുള്ളവ ചോര്‍ത്തി? ചോര്‍ത്തിയെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ അടുത്ത നീക്കമെന്താണ്? ഇത്തരം അതീവ ഗൗരവമേറുന്ന സംശയങ്ങളാണ് ഗാഡിയന്‍ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ അവശേഷിപ്പിക്കുന്നത്.
രാജ്യരക്ഷ, കമ്മ്യൂണിക്കേഷന്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍, എനര്‍ജി ആന്റ്പവര്‍, ഫി നാന്‍സ്-ബാങ്കിങ്ങ് ആന്റ് ഇന്‍ഷൂറന്‍സ്, ഗവേണന്‍സ് ആന്റ് അഡിമിനിസ്‌ട്രേഷന്‍, ഹോം അഫയേഴ്‌സ്-ദേശീയ സുരക്ഷ, സയന്‍സ് ആന്റ് ടെക്‌നോളജി, ബയോ ഡൈവേഴ്‌സിറ്റി, അറ്റമിക് എനര്‍ജി ബോര്‍ഡ്, അറ്റമിക് എനര്‍ജി കമ്മീഷന്‍, അറ്റമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ ഒട്ടനവധി കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് ഇന്ത്യന്‍ ഇന്‍ഫര്‍മേറ്റിക് സെന്ററിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള nic.in, gov.in, ac.in(6) തുടങ്ങിയ ഇന്ത്യനധിഷ്ഠിത സെര്‍വറുകളിലാണെന്നാണ് പൊതുവേ കാണപ്പെടുന്നത്.
തങ്ങളുടെ ഉപയോക്താക്കളുടെ ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ പ്രിസം പദ്ധതിയുമായി പങ്കുവയ്ക്കുന്ന മൈക്രോസോഫ്റ്റ് പോലുള്ള അമേരിക്കന്‍ ഐടി ഭീമന്‍മാരുടെ സോഫ്റ്റുവെയറുകളെയും ഹാര്‍ഡ്‌വെയറുകളെയുമാണ് രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളും വെബ്‌സൈറ്റുകളും ദേശീയ ഇ-ഗവേണന്‍സ് പ്രക്രിയയുമെല്ലാം പ്രധാനമായും ആശ്രയിക്കുന്നത്. അതിനാല്‍ രാജ്യത്തിന്റെ തനത് സെര്‍വറുകളില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ വിവര ശേഖരങ്ങളും അമേരിക്കന്‍ ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയെടുത്തുവെന്ന സംശയം സ്‌നോഡന്റെ വെളിപ്പെടുത്തലുകളില്‍ നിന്ന് വായിച്ചെടുക്കേണ്ടിവരും.
സ്‌നോഡന്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെങ്കില്‍ സൈബര്‍ ആയുധമെന്ന നിലയില്‍ സ്റ്റക്‌സ്‌നെറ്റ് (STUXNET)(7) എന്ന ഇന്റര്‍നെറ്റ് വേം അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാന്റെ അണുഗവേഷണ കേന്ദ്രങ്ങളിലെ സെന്‍ട്രിഫ്യൂജുകള്‍ താറുമാറാക്കാന്‍ എഴുതിയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫാക്ടറികള്‍, റെയില്‍വേ, വിദ്യുച്ഛക്തി വിതരണം തുടങ്ങിയവയെല്ലാം പ്രവര്‍ത്തനരഹിതമാക്കുവാനും അണുഗവേഷണ കേന്ദ്രങ്ങളടക്കം അട്ടിമറിക്കാനും പ്രാപ്തമാണത്രേ ഇത്തരം വേമുകള്‍.
ഇറാനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മെറ്റാഡാറ്റാ (META DATA ) എന്നു വിളിക്കപ്പെടുന്ന ഡിജിറ്റല്‍ ആശയ വിനിമയ ശേഖരങ്ങള്‍ (14 ബില്യണ്‍)(8) ചോര്‍ത്തിയെടുക്കപ്പെട്ടിട്ടുള്ളത്. ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകള്‍ ലോക സമാധാനത്തിനുപോലും ഭീഷണിയായേക്കാമെന്നവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇറാനില്‍ നിന്നും ചോര്‍ത്തിയെടുക്കപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ വിവര ശേഖരങ്ങളുടെ സ്വഭാവമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ജൂലീയിന്‍ അസാംജറിന്റെ വിക്കിലീക്‌സ് വെളിച്ചത്തുകൊണ്ടുവന്നത് ചോര്‍ത്തിയെടുക്കപ്പെട്ട കേബിളുകളുടെ ഉളളടക്കമാെണന്നിരിക്കെ യഥാര്‍ത്ഥത്തില്‍ ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമായും ഊന്നേണ്ടിയിരുന്നത് ചോര്‍ത്തിയെടുക്കപ്പെട്ടുവെന്ന് പറയുന്ന ഡിജിറ്റല്‍ വിവരശേഖരങ്ങളുടെ സ്വഭാവ/ഉളളടക്കമാണ്. കേവലം ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെന്നത് പൗരന്മാരുടെ ഡിജിറ്റല്‍ സുരക്ഷയിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റമെന്ന പാതകത്തിനപ്പുറം പോകുന്നില്ല. അതേസമയം പരമാധികാര രാഷ്ട്രങ്ങളുടെ അതീവ തന്ത്രപ്രധാനമായ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെടുക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയമാണിവിടെ കനംവയ്ക്കുന്നത്.
ഇന്ത്യയുടെ ഡിജിറ്റല്‍ ശേഖരങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്നത്തി്‌ലെ പ്രതിഷേധം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ ഇന്ത്യാസന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചുവെന്നത് ശ്രദ്ധേയം. ഈ പ്രതിഷേധത്തില്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെകൂടി ഡിജിറ്റല്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെടുത്തിട്ടുണ്ടെന്ന് സംശയത്തെ ശക്തിപ്പെടുത്തപ്പെടുത്തുന്നില്ലേ? സ്‌നോഡന്റെ വെളിപ്പെടുത്തലുകളില്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെടുക്കപ്പെട്ടുവെന്ന് ഒളിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയുടെ പരമാധികാരത്തിനുമേലുള്ള അമേരിക്കയുടെ കടന്നുകയറ്റം തന്നെയാകും.
ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും
ഇന്ത്യയിപ്പോള്‍ നികുതിപണം സ്വീകരിക്കുന്നത് ഇ-ഫയിലിങ്ങിലൂടെയാണ്. ഇതിനുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ അമേരിക്കന്‍ സോഫ്റ്റുവെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റമുള്ള കമ്പ്യൂട്ടറുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂയെന്ന അവസ്ഥയാണ്. ഇവിടെ രാജ്യം പിരിച്ചെടുക്കുന്ന നികുതിപണത്തിന്റെ നല്ലൊരുഭാഗം ഇ-ഗവേണന്‍സിന്റെ പേരില്‍ ആഗോള ഐടി കുത്തക കമ്പനികളുടെ കൈകളിലെത്തിച്ചേരുന്നത് വാതായനം (‘Windows’) ഭരണകൂടം തന്നെ മലര്‍ക്കെ തുറന്നുവച്ചിരിക്കുന്നു. ഇതിലുപരി രാജ്യത്തിന്റെ വരുമാനം സംബന്ധിച്ച ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ മൈക്രോസോഫ്റ്റ് പോലുള്ള വിദേശ ഐടി കമ്പനികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും യഥേഷ്ടം കയറിയിറങ്ങാനാകുമെന്ന അവസ്ഥയുമുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും എന്തിനധികം പൊതുമേഖല-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും മുഖ്യമായും ആശ്രയിക്കുന്നത് അമേരിക്കനധിഷ്ഠിത ഹോസ്റ്റ് ഗേറ്റര്‍ ( Host Gator ), ഗോഡാഡി (Godady) , ജസ്റ്റ് ഹോസ്റ്റ് (Just Host) , ഐ പേജ് (I Page), നെറ്റ്‌വര്‍ക്ക് സൊല്യൂഷന്‍ (Network Solution) തുടങ്ങിയ സെര്‍വറുകളേയാണ്.(9) പൊതുവേ ഇത്തരം സെര്‍വ്വറുകളെ ആശ്രയിക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയുമുണ്ടെന്ന് ഉറപ്പിച്ചുപറയാനാകില്ല. കാരണം അവരുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ഈ വിദേശ സെര്‍വര്‍ ഉടമകളുടെ നിയന്ത്രണത്തിലാണ്. ഇവര്‍ക്ക് തങ്ങളുടെ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെടുക്കാവുന്നതേയുള്ളൂ.
ബാച്ചിലര്‍ പാര്‍ട്ടിയും ഡിജിറ്റല്‍ സ്വകാര്യതയും
രസകരമെന്നു പറയട്ടെ, സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ക്കു മുമ്പേ തന്നെ നമ്മുടെ കേരളത്തില്‍ തന്നെ സര്‍ക്കാരിന്റെ മുന്‍കൈയില്‍ വ്യക്തികളുടെ ഡിജിറ്റല്‍ സ്വത്വത്തിലേക്ക് കടന്നു കയറിയിട്ടുണ്ടെന്നതിന് തെളിവുകളുണ്ട്. ബാച്ചിലര്‍ പാര്‍ട്ടിയെന്ന മലയാള സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവര്‍ക്കും അത് ഡൗണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കുമെതിരെ 2012 സെപ്തംബര്‍ 09 ന് കേരളാ പോലീസിന്റെ ആന്റി പൈറസി വിഭാഗം 1010 പേര്‍ക്കെതിരെ കേസെടുത്തു. കേസെടുക്കപ്പെട്ടവരുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ മേല്‍വിലാസം (ഐ.പി അഡ്രസ്) ചോര്‍ത്തിയെടുത്താണ് ഇത്രയും പേര്‍ക്കെതിരെ സിനിമ കണ്ടുവെന്ന കുറ്റം ചുമത്തി പോലീസ് കേസ്സെടുത്തത്.
കൊച്ചിയിലെ ഒരു സ്വകാര്യ ഐ.ടി. സ്ഥാപനത്തെയാണ് വ്യക്തികളുടെ ഐ.പി അഡ്രസ്സുകള്‍ ചോര്‍ത്തി വ്യക്തികളുടെ ഡിജിറ്റല്‍ സ്വത്വത്തിലേക്ക് കടന്നുകയറുവാനുള്ള ചുമതലയേല്പിക്കപ്പെട്ടത്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കടുത്ത മനുഷ്യാവകാശ ലംഘനമായിട്ടാണ് നിയമപരമായി തന്നെ ഗണിക്കപ്പെടുന്നത്. മനുഷ്യാവകാശങ്ങളുടെ സംരക്ഷകരാകേണ്ടവരാണ് ഭരണകൂടവും അതിന്റെ കാവല്‍ക്കാരുമായ പോലീസും. ഇവര്‍ തന്നെ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനുള്ള ചുമതല ഒരു സ്വകാര്യ ഐടി സ്ഥാപനത്തെ ഏല്പിച്ചുവെന്നത് പൗരസമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയല്ലാതെ മറ്റെന്താണ്?
കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍, എം.പിമാര്‍, പ്രധാനപ്പെട്ട വ്യക്തിത്വങ്ങള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയ 268 പേരുടെ ഇ-മെയിലുകള്‍ കേരള പോലീസ്് ചോര്‍ത്തിയെന്നുള്ള മാധ്യമ റിപ്പോര്‍ട്ടിലും (2011 ജനുവരി) തെളിഞ്ഞത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡിജിറ്റല്‍ സുരക്ഷയിലേക്കും സ്വകാര്യതയിലേക്കും നമ്മുടെ സര്‍ക്കാരുകള്‍ ഇടതടവില്ലാതെ കന്നുകയറുന്നുവെന്നുതാണ്. കേരളത്തില്‍ തീവ്രവാദ/ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വേരോടുന്നുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഇ-മെയിലുകള്‍ ചോര്‍ത്തേണ്ടിവന്നുവെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. ആളിപ്പടരുന്ന വിവാദ സോളാര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍വിളികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനും സര്‍ക്കാര്‍ വക ന്യായീകരണങ്ങളുണ്ട്. സ്‌നോഡന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള (തൊടു) ന്യായങ്ങള്‍ തന്നെയാണ് ആഗോള നയതന്ത്ര തലങ്ങളില്‍ അമേരിക്കന്‍ ഭരണകൂടവും നിരത്തുന്നത്.
ഐഐഎമ്മിനെതിരെ സൈബര്‍ ആക്രമണം
അമേരിക്കന്‍ ഭരണകൂടത്തിന്റെ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ പൊതുപ്രവേശന പരീക്ഷ (Common Admission Text – CAT) യുടെ വെബ്ബ്‌സൈറ്റ് സൈബര്‍ ആക്രമണത്തിന് വിധേയമാക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. ഐഐഎം (Indian Institute of Management) അടക്കമുള്ള രാജ്യത്തെ 170 ബി- സ്കൂളുകളി (Business Management Schools) ലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം പൊതുപ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റ് പ്രകാരമാണ്. ‘ക്യാറ്റ്’ റാങ്ക് ലിസ്റ്റ് വെബ്ബ്‌സൈറ്റില്‍ www.catiim.in അപ്പ്‌ലോഡ് ചെയ്യപ്പെട്ടത്തിന് ശേഷം റാങ്ക് ലിസ്റ്റില്‍ ഗുരുതരമായ പിശക് കണ്ടെത്തി. വെബ്ബ്‌സൈറ്റിലുള്ള മാര്‍ക്കും അടിസ്ഥാന വിവരശേഖരത്തിലെയും മാര്‍ക്കില്‍ അന്തരം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ക്യാറ്റിന്റെ വെബ്ബ്‌സൈറ്റ് ആക്രമിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടത്.
ക്യാറ്റിനുവേണ്ടി വെബ്ബ്‌സൈറ്റ് നിര്‍മ്മിച്ചുനല്‍കിയിട്ടുള്ളത് യുപിയിലെ ഗാസിയാബാദിലുള്ള വെബ്ബ് വീവേഴ്‌സ് (Web weavers) എന്ന സ്വകാര്യ ഐടി സ്ഥാപനമാണ്. ഐഐഎമ്മിന്റെ ക്യാറ്റ് വെബ്‌സൈറ്റ് ഐടി കണ്‍സള്‍ട്ടന്റാണ്് കഴിഞ്ഞ മൂന്നുവര്‍ഷമായി വെബ്ബ് വീവര്‍. വെബ്ബ്‌സൈറ്റിലെ മാര്‍ക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് പോലീസ്് രജിസ്റ്റര്‍ ചെയ്ത കേസ്സിന്റെ അന്വേഷണം തുടരുകയാണ്. ഐപിസി 420 വകുപ്പും ഐടി ആക്ട് 65-ാം വകുപ്പു പ്രകാരമുള്ള കേസ്സന്വേഷണത്തില്‍ വെബ്ബ് വീവര്‍ കമ്പനി ഉടമകളായ ഹസനും അഫ്ക്യൂവിനും വേണ്ടി ദില്ലി പോലീസിന്റെ സഹായത്താല്‍ കേരള പോലീസ് വലവിരിച്ചിരിക്കുകയാണ്. ഇതിനിടെ കേസ്സന്വേഷണം സിബിഐക്ക് കൈമാറിയിട്ടുണ്ട്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നത ശ്രേണിയിലുള്‍പ്പെട്ട ഐഐഎം പോലും തങ്ങളുടെ ഡിജിറ്റല്‍ ശേഖരങ്ങള്‍ ഭദ്രമായി കാത്തുസൂക്ഷിക്കുന്നതില്‍ ദയനീയമായി പാരാജയപ്പെടുന്നു! ഇതിലുപരി ക്യാറ്റിന്റെ വൈബ്ബ്‌സൈറ്റ് ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് അമേരിക്കന്‍ ഐടി സ്ഥാപനമായ ഹോസ്റ്റ് ഹേറ്റര്‍ (Name Server: ns2077.Hostgator.com, ns2078. Hostgator.com) ന്റെ സെര്‍വ്വറിലാണുതാനും. അമേരിക്കന്‍ ആസ്ഥാനമായുള്ള സെര്‍വറുകളില്‍ നിന്ന് അമേരിക്കയുടെ പ്രിസം പദ്ധതി പ്രകാരം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവരുടെ ഡിജിറ്റല്‍ ശേഖരം ചോര്‍ത്തിയെടുക്കുന്നു. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സെര്‍വറില്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ ശേഖരങ്ങള്‍ കൊള്ളയടിക്കപ്പെടുകയില്ലെന്ന് ഐഐഎം പോലുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്ര നടത്തിപ്പുക്കാര്‍ക്ക് ഉറപ്പിക്കുവാനാകുമോയെന്നറിയില്ല.
ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥ
പഴയകാല കൈമാറ്റ സമ്പ്രദായത്തില്‍ (Barter System) നിന്നും ഉദയംകൊണ്ട സമ്പദ്‌വ്യവസ്ഥകള്‍ നൂറ്റാണ്ടുകളുടെ പരിണാമ ഘട്ടങ്ങള്‍ പിന്നിട്ട് ഇന്ന് ഓണ്‍ലൈന്‍ കൊടുക്കല്‍വാങ്ങലുകളുടെ ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥ (Internet Economy)(10) പിറവിയെടുത്തിരിക്കുന്നു. ഡിജിറ്റല്‍ സ്വത്വ പരിപാലന (Digital Indentity Management- Idm) മെന്നതിന്റെ അനിവാര്യത ആഗോള തലത്തില്‍ ഇതിനകം തന്നെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്ര നയരൂപീകരണ കര്‍ത്താക്കള്‍ സാമ്പത്തികസഹകരണവികസന സംഘടന (ഛrganization for Economic, Cooperation and Development- OECD)(11) യൂടെ ആഭിമുഖ്യത്തില്‍ 2008 ജൂണ്‍ 17,18 തിയ്യതികളില്‍ സിയോളില്‍ മന്ത്രിതല യോഗം ചേര്‍ന്ന് ഐഡിഎമ്മിന്റെ അനിവാര്യതയിലൂന്നി കൂലംകഷമായി ചര്‍ച്ച ചെയ്ത് സിയോള്‍ മന്ത്രിതല പ്രഖ്യാപനം നടത്തി.
ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ്ങുകള്‍, ഇകോമേഴ്‌സ്, ക്രെഡിറ്റ്-ഡബിറ്റ് കാര്‍ഡ് ഇടപാടുകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുന്നത്. ഇതില്‍ പക്ഷേ സുരക്ഷയും സ്വകാര്യതയും ദുര്‍ബ്ബലമാക്കപ്പെടുന്നുവെന്ന കടുത്ത ആശങ്കകളുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും പരമാവധി വര്‍ദ്ധിപ്പിക്കുയെന്നതിലൂന്നി ഇന്റര്‍നെറ്റ് ഐഡന്റിറ്റി മാനേജ്‌മെന്റിന്റെ അനിവാര്യത ഉയര്‍ത്തിപ്പിടിച്ചുള്ള സിയോള്‍ മന്ത്രിതല പ്രഖ്യാപനം. ഇന്ത്യ, അമേരിക്ക, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ 42ഓളം രാഷ്ട്രങ്ങള്‍ ഈ പ്രഖ്യാപനത്തില്‍ പങ്കാളികളാണ്. അമേരിക്കതന്നെ പക്ഷേ ഈ പ്രഖ്യാപനത്തെ കാറ്റില്‍ പറത്തിയെന്ന് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ അടിവരയിടുന്നു! ഇന്ത്യയാകട്ടെ ഇക്കാര്യത്തെ ഗൗരവമായി സമീപിക്കുന്നില്ലെന്നതാണ് ഇന്ത്യന്‍ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെടുത്തുവെന്നതില്‍ നിന്ന് വ്യക്തമാകുന്നത്.
ഇ സിഗ്നേച്ചര്‍
സാമ്പത്തിക ഇടപാടുകളിലെ മുഖ്യമാധ്യമങ്ങളിലൊന്നായ ചെക്കില്‍ കൈയൊപ്പ് രേഖപ്പെടുത്തുന്നതോടുകൂടിയാണല്ലോ പണസംബന്ധമായി കൊടുക്കല്‍-വാങ്ങലുകളുടെ പ്രയോഗം സാധൂകരിക്കപ്പെടുന്നത്. സൈബര്‍ ലോകത്തിന്റെ ശക്തമായ സ്വാധീനം സര്‍വ്വതലത്തിലും ശീഘ്രഗതിയില്‍ വ്യാപിച്ചിരിക്കുന്നു. ഇതിലേറ്റവും പ്രാധാന്യമേറുന്നത് സാമ്പത്തിക ഇടപാടുകളടക്കമുള്ളവയിലെ സൈബര്‍ ലോകത്തിന്റെ സ്വാധീനമാണ്. ഇടപാടുകളുടെ നൈയാമികമായ ആധികാരികതയ്ക്ക് സൈബര്‍ ലോകത്തിന്റെ കാണാവേഗങ്ങളിലെ ഇടപാടുകളില്‍ ഇടപാടുകാര്‍ നേരിട്ട് ഹാജരായി കൈയൊപ്പ് രേഖപ്പെടുത്തുകയെന്നത് പ്രായോഗികമല്ല. ഈ അപ്രയോഗികതയെ മറിക്കടക്കുകയാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. സൈബര്‍ ഇടപാടുകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2000 ഒക്‌ടോബര്‍ 17 ന് പ്രാബല്യത്തില്‍ വന്ന ഐടി ആക്ട് (Information Technology Act-2000) പ്രകാരമാണ് ഡിജിറ്റല്‍ സിഗ്നേച്ചറിന് നൈയാമിക പിന്‍ബലം ലഭ്യമാകുന്നത്.(12)
ഡിജിറ്റല്‍ സിഗ്നേച്ചര്‍ പ്രോസസിങ്ങിന് ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുള്ള രജിസ്ട്രികളുണ്ട്. ഇന്ത്യയില്‍് സ്വകാര്യ ഐടിസ്ഥാപനങ്ങളെയാണ് രജിസ്ട്രികളായി ചുമതലപ്പെടുത്തിയിട്ടുളളത്. ഇവയിെേറയും മൈക്രോസോഫ്റ്റുപോലുള്ള വന്‍കിട അമേരിക്കന്‍ വിദേശ ഐടി കമ്പനികെളയാണത്രെ ആശ്രയിക്കുന്നത്. അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സിയുടെ പ്രിസം പദ്ധതിയുമായി വര്‍ഷങ്ങളോളമായി സജീവമായി സഹകരിക്കുന്ന മൈക്രോസോഫ്റ്റ് തങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പിന്‍ബലത്തിലുള്ള ഡിജിറ്റല്‍ സിഗ്നേച്ചര്‍ രജിസ്ട്രികള്‍ ചോര്‍ത്തിക്കൊടുക്കപ്പെടുകയില്ലെന്ന് സ്്‌നോഡന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ ഉറപ്പിക്കാനാകും?
യൂണിക് ഐഡി കാര്‍ഡ്-വിവരശേഖരങ്ങള്‍ സുരക്ഷിതമോ?
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഡിജിറ്റില്‍ ഐഡന്റിറ്റി മാനേജ്‌മെന്റിനെ സംബന്ധിച്ച ആശങ്കകള്‍ ശക്തമാണ്. യുഐഡി കാര്‍ഡ് പ്രോസസ് ചെയ്യുന്നതിനായി പൗരന്മാരുടെ ജൈവ സവിശേഷ തകളായ കണ്ണിന്റെ കൃഷ്ണമണിയും (Iris) വിരലടയാളങ്ങളുമടക്കം സര്‍വ്വ വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. സബ്‌സീഡിയടക്കമുള്ള സര്‍ക്കാരാനുകൂല്യങ്ങള്‍ ഇനിമുതല്‍ യുഐഡി കാര്‍ഡ് മുഖേനയേ ലഭ്യമാകൂ. ശേഖരിക്കപ്പെട്ടിട്ടുള്ള ജൈവ സവിശേഷതകളടക്കമുള്ളവ കാര്‍ഡിന്റെ അവസാന പ്രോസസിങ്ങില്‍ മാറിപ്പോകുകയില്ലെന്ന് കൃത്യമായി ഉറപ്പിക്കപ്പെടുന്നുണ്ടോ? ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ശാപമായ അനാസ്ഥയും പുറംകരാര്‍ ജീവനക്കാരുടെ ആത്മാര്‍ത്ഥതയില്ലായ്മയും കണ്ട് തഴമ്പിച്ചിരിക്കുന്നുവെന്നതാണ് ഈ സംശയത്തിനാധാരം. കാര്‍ഡിലുള്‍പ്പെടുത്തിയിട്ടുള്ള സര്‍വ്വ വിവരങ്ങളും തന്റേതുതന്നെയാണെന്ന് പൗരന് ഒത്തുനോക്കുവാനുള്ള (Cross Matching) അവസരമില്ലെന്നത് അതീവ ഗൗരവതോടെ കാണുന്നില്ല.
കാര്‍ഡ് നിലവില്‍ വന്നതോടെ പൗരന്മാരുടെ ഡിജിറ്റല്‍ ഐഡന്റിറ്റിയുടെ സൂക്ഷിപ്പുകാരാണ് കേന്ദ്രസര്‍ക്കാര്‍. എന്നാലിത് ദുരുപയോഗം ചെയ്യപ്പെടുകയില്ലെന്നും സുരക്ഷിതമായിരിക്കുമെന്നും പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനുള്ള മാധ്യമമാകുകയില്ലെന്നുമുള്ള ഉറപ്പിനെപ്രതിയുള്ള ആശങ്കകള്‍ സര്‍ക്കാരിന് ഇനിയും ദൂരീകരിക്കാനായിട്ടില്ല. കാര്‍ഡ് പ്രോസസിങ്ങ് പുറംകരാര്‍ കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. രാജ്യത്തെ പൗരന്മാരുടെ വിവര ശേഖരങ്ങള്‍ ഇവരിലാണ് ആദ്യമെത്തിപ്പെടുന്നത്. ഇവരിലൂടെ പക്ഷേ പൗരന്മാരുടെ ഡിജിറ്റല്‍ ഐഡന്റിറ്റി സുരക്ഷിതവും സ്വകാര്യവുമായിരിക്കുമെന്നുറപ്പുണ്ടോ? ഇതിനുള്ള മറുപടിയായി പറയുന്നത് ശേഖരിക്കപ്പെട്ട വിവരങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാരിന് കൈമാറുന്നുവെന്നാണ്. കരാറുകാരന്‍ ശേഖരിക്കപ്പെട്ട വിവരങ്ങളുടെയെല്ലാം പക്ഷേ ഇലക്‌ട്രോണിക് കോപ്പി കയ്യില്‍ കരുതിവെക്കില്ലെന്ന് ആര്‍ക്കാണുറപ്പ്? ഇനി അഥവാ കോപ്പി ചെയ്യപ്പെടാതെ തന്നെ ശേഖരിക്കപ്പെട്ട പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര ജാഗരൂകരാണോയെന്ന ആശങ്കയുണ്ട്.
ഡിജിറ്റല്‍ റിപ്പബ്ലിക്കും ആക്റ്റിവിസവും
പ്രാക്തന സമൂഹത്തില്‍ നിന്നുളള ആധുനിക ദേശീയ രാഷ്ട്ര (Nation State) ങ്ങളുടെ പരിണാമത്തിന് ദീര്‍ഘകാല ചരിത്രമുണ്ട്. ട്രൈബല്‍ സ്റ്റേറ്റ്, നദീതടങ്ങളെ കേന്ദ്രീകരിച്ച് പൗരസ്ത്യ സാമ്രാജ്യങ്ങള്‍, ഗ്രീക്ക് നഗര രാഷ്ട്രങ്ങള്‍ (City States), റോമാ സാമ്രാജ്യം, ഫ്യൂഡല്‍ സ്റ്റേറ്റുകള്‍ എന്നിവ പിന്നിട്ടാണ് ആധുനിക ദേശീയ രാഷ്ട്രങ്ങളുടെ പിറവി. പ്ലേറ്റോയുടെ ‘റിപ്പബ്ലിക്കി’ലൂടെയും അരിസ്റ്റോട്ടിലിന്റെ’പോളിസി’ലൂടേയും തോമസ് ഹോബ്‌സിന്റെ സോഷ്യല്‍ കോണ്‍ട്രാക്റ്റ് തിയ്യറി (സാമൂഹ്യ കരാര്‍ ഉടമ്പടി) ലുടേയും ജോണ്‍ ലോക്കിന്റെ ‘ടു ട്രീറ്റീസ് ഓഫ് ഗവണ്‍മെന്റി’ലൂടെയും രൂപാന്തരം പ്രാപിച്ച് വ്യതിരിക്തങ്ങളായ ആധുനിക പ്രാതിനിധ്യ ജനാധിപത്യ വ്യവസ്ഥകള്‍ പ്രത്യക്ഷപ്പെട്ടു. ഇവയോടൊപ്പം തന്നെ വ്യത്യസ്ത രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെ പിന്‍ബലത്തില്‍ രാഷ്ട്രീയാധികാര സ്ഥാപനങ്ങളും ഘടനയും രൂപംകൊണ്ടു.
അഥീനിയന്‍ ജനാധിപത്യം (Athenian Demorcacy) ഫ്യൂഡലിസം, ഫാസിസം, സോഷ്യലിസം, സമഗ്രാധിപത്യം, ജനാധിപത്യം, സോഷ്യല്‍ ഡെമോക്രസി തുടങ്ങിയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളെ പിന്‍പറ്റി ഭരണകൂടങ്ങളുടെ മുന്‍കയ്യില്‍ പരമാധികാര രാഷ്ട്രങ്ങളായി. ഈ വിവര യുഗ (Information Age) ത്തില്‍ പക്ഷേ ഇലക്‌ട്രോണിക്(13)/ഡിജിറ്റല്‍ റിപ്പബ്ലിക്ക് എന്ന നിലയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് ആധുനിക രാഷ്ട്രങ്ങളെന്നതിന്റെ സൂചനകള്‍ അതിശക്തമാണ്.
ഇന്ത്യയുടെ ടെലികോം റെഗുലേറ്ററി അഥോറിറ്റി (ട്രായ്) യുടെ കണക്ക് (14)പ്രകാരം രാജ്യത്ത് മൊത്തം 893.15 മില്യണ്‍ മൊബൈല്‍/ലാന്റ്‌ഫോണ്‍ വരിക്കാരുണ്ട്. ഇതില്‍ 82.08 ശതമാനവും മൊബൈല്‍ ഫോണ്‍ വരിക്കാരാണ്. ജനുവരി 2013 വരെ 15.01 മില്യണ്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ടെന്നും പറയുന്നു. സിസ്‌കോം വിഷ്വല്‍ നെറ്റ് വര്‍ക്കിങ്ങ് ഇന്റക്‌സ് പ്രവചിക്കുന്നത്(15) 2017 കൂടി രാജ്യത്ത് 348 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടാകുമെന്നാണ്. 2012 ലിത് 138 മില്യണായിരുന്നു.
രാജ്യത്തിന്റെ ടെലിഗ്രാം സംവിധാനം സ്മരണകളുടെ സന്ദേശ കാവ്യമായി. ഐടി അധിഷ്ഠിത അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഓഫീസ് യന്ത്രവല്‍കൃത സംവിധാനങ്ങള്‍ (Office Automation System), ഇലക്‌ടോണിക് വോട്ടിങ്ങ് യന്ത്രം ഇവയെല്ലാം ഇ-ജനാധിപത്യ വ്യവസ്ഥയിലെ ഇലക്‌ടോണിക് രാഷ്ട്രമെന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് റിപ്പബ്ലിക്കുകള്‍ സൈബര്‍ ലോകത്തിന്റെ കാണാവേഗങ്ങളില്‍ അതിവേഗം ഇടംപിടിച്ചതോടെയാകട്ടെ അവ ഡിജിറ്റല്‍ റിപ്പബ്ലിക്കുകളെന്ന അവസ്ഥാന്തരത്തിലുമാണ്.
‘നാം മാധ്യമങ്ങളില്‍ നിന്ന് ഏറെ ആവശ്യപ്പെടുമ്പോള്‍ നമ്മുടെ പ്രതിനിധികളില്‍ നിന്ന് ഒന്നും ആവശ്യപ്പെടുന്നില്ലെ’ന്ന്(16) പറയുന്നതിലൂടെ എന്‍.ബി.സി ടിവി നെറ്റ്‌വര്‍ക്കിങ്ങ് മുന്‍ പ്രസിഡണ്ട് ലോറന്‍സ് ഗ്രോസ്‌മെന്‍ അടിവരയിടുന്നത് ജനാധിപത്യവ്യവസ്ഥയിലെ മാധ്യമ ശക്തിയെയാണ്. ഇലക്‌ടോണിക് റിപ്പബ്ലിക്കുകളില്‍ മാധ്യമങ്ങളുടെ പ്രധാന പങ്ക് അടയാളപ്പെടുത്തുമ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തനം ഒട്ടും ഗൗരവമല്ലാത്ത അവസ്ഥയിലേക്കുമാറുകയാണെന്നുകൂടി ഗ്രോസ്‌മെന്‍ പരിതപിക്കുന്നു. ഇവിടെയാണ് വിവര സാങ്കേതിക വിദ്യാ വിസ്‌ഫോടനത്തിലൂടെ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ റിപ്പബ്ലിക്കുകളിലെ ഡിജിറ്റല്‍ സ്വത്വമാര്‍ജ്ജിക്കുന്ന യുവതയുടെ തനത് ഡിജിറ്റല്‍ ആക്ടീവിസമെന്ന പുത്തന്‍ പോര്‍മുഖം അതിവേഗം തുറക്കപ്പെടുന്നത്.
ടുണിഷ്യ, ഈജിപ്ത്, ലിബിയ തുടങ്ങിയ അറബ് രാഷ്ട്രങ്ങളില്‍ അറബ് വസന്തമെന്ന് വിളിക്കപ്പെട്ട ജനകീയ മുന്നേറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു. അണ്ണാഹസാരയുടെ അഴിമതി വിരുദ്ധ സമരമുന്നേറ്റവും ദില്ലിയിലെ കൂട്ട ബലാത്സംഗ വിരുദ്ധ സമരശക്തിയും ഇന്ത്യ കണ്ടു. ഇവയിലെല്ലാം വിവര ആശയ വിനിമയ സാങ്കേതിക വിദ്യ മുഖ്യ(സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍) ആയുധമായി വിനിയോഗിക്കപ്പെട്ടു. ഇതെല്ലാം പക്ഷേ ജനാധിപത്യത്തിന്റെ കാവലാളുകളെന്നവകാശപ്പെടുന്ന ഭരണകൂടങ്ങള്‍ക്ക് സൃഷ്ടിച്ച തലവേദനയൊട്ടും ചെറുതല്ല.
രാജ്യത്തിനെതിരെയുള്ള ആഭ്യന്തര-ബാഹ്യശക്തികളുടെ രഹസ്യ നീക്കങ്ങള്‍ കണ്ടെത്താന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റോ (Research & Analysis Wing- RAW) തുടങ്ങിയ ഏജന്‍സികളുണ്ട്. പരമ്പരാഗത പരമാധികാര റിപ്പബ്ലിക് എന്നവസ്ഥയില്‍ നിന്ന് ഡിജിറ്റല്‍ റിപ്പബ്ലിക് എന്ന നിലയിലേക്ക് ആധുനിക രാഷ്ട്രങ്ങള്‍ രൂപാന്തരം പ്രാപിക്കുകയാണ്. ഡിജിറ്റല്‍ സ്വത്വത്തിക്കേ് വഴിമാറികൊണ്ടിരിക്കുന്ന പുതുതലമുറയുടെ ജനകീയ അഭിപ്രായ രൂപീകരണങ്ങളെയും മുന്നേറ്റങ്ങളെയും മുന്‍കൂട്ടി കണ്ടെത്തി തടയിടുന്നതില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ പരമ്പരാഗത രീതിശാസ്ത്രത്തിലൂടെ സാധ്യമാകുക ശ്രമകരമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ അധികാര കസേരകള്‍ക്ക് ഇളക്കം തട്ടിക്കുന്ന സോഷ്യല്‍ മീഡിയാപ്രചരണങ്ങള്‍ക്ക് കടിഞ്ഞാണിടേണ്ടത് ഭരണകൂടങ്ങളുടെ ആവശ്യമായിമാറിയിട്ടുണ്ട്.
സെന്‍ട്രല്‍ മോണിറ്ററിങ്ങ് സിസ്റ്റം
അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രിസം പദ്ധതിക്ക് സമാനമായി ഇന്ത്യ സെന്‍ട്രല്‍ മോണിറ്ററിങ്ങ് സിസ്റ്റം(സി.എം.എസ്) എന്ന പേരില്‍ ഫോണ്‍-ഇന്റര്‍നെറ്റ് ആശയ വിനിമയങ്ങള്‍ നിരീക്ഷിക്കുവാനും ശേഖരിക്കുവാനുമുള്ള സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൗരന്മാരുടെ ഡിജിറ്റല്‍ സുരക്ഷയുടേയും സ്വകാര്യതയുടേയും സംരക്ഷണാര്‍ത്ഥമുള്ള നിയമത്തിന്റെ അഭാവത്തില്‍ 2013 ഏപ്രില്‍ പ്രവര്‍ത്തനം ആരംഭിച്ച സിഎംഎസിനെതിരെയുള്ള ആശങ്കകളും വിമര്‍ശനങ്ങളും ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്.
400 കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന സിഎംഎസ് ടെലഫോണ്‍ കോള്‍ ഇന്റര്‍സെപ്ഷന്‍ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നു. ഇതിലൂടെ വോയ്‌സ് കോളുകള്‍, എസ്എംഎസ്സുകള്‍, ഫാക്‌സ് ആശയവിനിമയങ്ങള്‍, എംഎംഎസ് (മര്‍ട്ടിമീഡിയ മെസ്സേജ് സര്‍വ്വീസ്), വീഡിയോ കോളുകള്‍ തുടങ്ങിയവ പ്രദാനം ചെയ്യുന്ന 3 ജി നെറ്റ്‌വര്‍ക്കുകള്‍ രഹസ്യ നിരീക്ഷണ വലയത്തിലകപ്പെടും. റോ , സിബിഐ, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ രാജ്യത്തിന്റെ തന്ത്രപ്രധാന അന്വേഷണ ഏജന്‍സികള്‍ക്കെല്ലാം ഈ സംവിധാനം ഉപയോഗിക്കാം.
തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളെ രഹസ്യമായി നിരീക്ഷണ വിധേയമാക്കുകയെന്നതിന്റെ പേരിലാണ് സിഎംഎസ് സംവിധാനം രാജ്യത്ത് സജീവമാകുന്നത്. എന്നാലിത് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള ഭരണകൂട കടന്നുകയറ്റമാണെന്ന ശക്തിപ്പെടുന്ന ആശങ്ക കാണാന്‍ ഇന്ത്യാസര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍വേണം അമേരിക്കന്‍ ഭരണകൂടത്തിന്റെ ഡിജിറ്റല്‍ ശേഖര കൊള്ളയെ ന്യായീകരിച്ചുകൊണ്ടുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രഖ്യാപനത്തെ കാണാന്‍.
രാജ്യത്തെ ഐടി ആക്ടിന്റെ ദുരുപയോഗം ശക്തിപ്പെടുന്നതിന്റെ ദുസൂചനകളേറെയാണ്. 2012 ഏപ്രിലില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പടംവെച്ച് കളിയാക്കികൊണ്ട് ഇ-മെയില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ജാദവേപ്പൂര്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ അംബികേഷ് മഹാപത്രയെ അറസ്റ്റ് ചെയ്തു. അഴിമതിക്കെതിരെയുള്ള കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിലൂടെ പ്രചരിപ്പിച്ചതിന് 2012 ഒക്‌ടോബറില്‍ കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി അറസ്റ്റ് ചെയ്യപ്പെട്ടു. ബാല്‍ താക്കറെയുടെ മരണത്തെതുടര്‍ന്ന് മുംബെയില്‍ ശിവസേന നടത്തിയ ബന്ദിനെതിരെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയതിന് മലയാളിയടക്കമുള്ള രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. ഈ അറസ്റ്റുകളെല്ലാം ഐടി ആക്ടിന്റെ ദുരുപയോഗമായിരുന്നു.
രാജ്യസുരക്ഷയെക്കാള്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ നേരിടുന്നതിനുവേണ്ടിമാത്രമാണ് ഐ.ടി ആക്ടിനെ ഭരണാധികാരികള്‍ ഉപയോഗിക്കുകയോ, ദുരുപയോഗിക്കുകയോ ചെയ്യുന്നത്. അതേസമയം രാജ്യത്തിന്റെ ഡിജിറ്റല്‍ വിവരശേഖര സുരക്ഷയെപ്പറ്റി ഇവര്‍ക്ക് ആലോചനകളേയില്ല. ഈയവസ്ഥയില്‍ ഡിജിറ്റല്‍ റിപ്പബ്ലിക്കുകളിലെ പൗരന്മാരുടെ സുരക്ഷയും സ്വകാര്യതയും ഭരണകൂടത്തിന്റെ ആത്മാര്‍ത്ഥമായ മുന്‍കൈയില്‍ ഉറപ്പിക്കപ്പെടുമെന്നു കരുതാനാവില്ല-പ്രത്യേകിച്ചും ഇന്ത്യയുടെ സിഎംഎസ് സംവിധാനം പൂര്‍ണ്ണമായും സജ്ജമാക്കപ്പെടുന്നതോടെ.
വ്യക്തികള്‍/പൗരസമൂഹം ഭരണകൂടത്തിന്റെ മുന്‍കയ്യില്‍ ഐടിയധിഷ്ഠിത രഹസ്യ നിരീക്ഷണത്തിന് വിധേയമാക്കപ്പെടുകയോ ഇരയാക്കപ്പെടുകയോ ചെയ്യും. പരമ്പരാഗത വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള ഭരണകൂട കടന്നുകയറ്റമെന്നതിനപ്പുറം ഡിജിറ്റല്‍ റിപ്പബ്ലിക്കിലെ പൗരന്മാരുടെ ഡിജിറ്റല്‍ സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കും ഫലത്തില്‍ സംഭവ്യമാകുക. പതിവുപോലെ ദേശരക്ഷ, രാജ്യതാല്പര്യം, ക്രമസമാധാനമെന്നതിന്റെയൊക്കെ മറവില്‍ തന്നെയായിരിക്കും ഈ ചെയ്തികളുണ്ടാകുക. ഡിജിറ്റല്‍ സ്വത്വത്തിന്റെ ചെലവില്‍ ദേശീയ സുരക്ഷയും താല്പര്യവും സംരക്ഷിക്കപ്പെടണമെന്ന മുന്‍ഗണനാക്രമം ഉറപ്പിച്ചെടുക്കുന്നതില്‍ തന്നെയായിരിക്കും ഭരണകൂട തന്ത്രം മെനയപ്പെടുക.
വ്യക്തികളുടെ /സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങളില്‍ ഭരണകൂടങ്ങളുടെ കടന്നുകയറ്റം ആവശ്യമാണോ അതല്ലെങ്കില്‍ അനാവശ്യമാണോയെന്ന സമസ്യകള്‍ക്ക് ആലോചനകളില്ലാതെ ഉത്തരം കണ്ടെത്തപ്പെടേണ്ടതല്ലന്നുവേണം പറയാന്‍. തീവ്രവാദ/ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തിന്റെ സമാധാനവും അഖണ്ഡതയും സംരക്ഷിക്കപ്പെടേണ്ട ദിശയില്‍ ഡിജിറ്റല്‍ വിവര ശേഖരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കാത്തുസൂക്ഷിക്കപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ഭരണകൂടങ്ങള്‍. ഇതിനോട് പക്ഷേ യോജിക്കുവാനാകില്ലെന്ന നിലപാടുള്ളവര്‍ ആഗോളതലത്തില്‍ തന്നെ ഒട്ടും കുറവല്ല. ഡിജിറ്റല്‍ റിപ്പബ്ലിക്കിലേക്ക് വഴിമാറുന്ന രാഷ്ട്രങ്ങളിലെ പൗരന്മാരുടെ ഡിജിറ്റല്‍ സുരക്ഷയുടെയും ദേശീയ സുരക്ഷയുടെയും മുന്‍ഗണനാക്രമം നിശ്ചയിക്കപ്പെടുന്നതില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ ഒരുപക്ഷേ കലാപങ്ങള്‍ ഉടലെടുക്കുമെന്ന് സുനിശ്ചിതം.
വിവരശേഖര സംരക്ഷണ നിയമം
ഇന്ത്യയില്‍നിന്നും ഡിജിറ്റല്‍ വിവരശേഖരം ചോര്‍ത്തിയെടുത്തുവെന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് ഡാറ്റാ സംരക്ഷണ നിയമം (Data Protection Act)അനിവാര്യമാകുന്നുണ്ട്. അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയുടെ ഹ്യൂമന്‍ റൈറ്റ്്‌സ് വാച്ച് (17) ഇക്കാര്യത്തില്‍ ഇന്ത്യയുടെ അടിയന്തിര ശ്രദ്ധയുണ്ടാകേണ്ടതുണ്ടെന്ന് അടിവരയിടുന്നു. പൗരന്മാരുടെ അവകാശവും സ്വകാര്യതയും അന്തര്‍ദേശീയ മനുഷ്യാവകാശ പ്രഖ്യാപനം ഉറപ്പുനല്‍കുന്നുണ്ട്. ഈ പ്രഖ്യാപനത്തില്‍ ഇന്ത്യ ഭാഗഭാക്കുമാണ്. എങ്കിലും സ്വകാര്യതാ സംരക്ഷണ നിയമ (Privacy law) നിര്‍മ്മാണത്തിന് ഇനിയും ഇന്ത്യ തയ്യാറായിട്ടില്ല.
2000 ല്‍ പാസ്സാക്കപ്പെട്ട ഐടി ആക്ടിന്റെ പരിധിയിലാണ് ഇപ്പോള്‍ ഡാറ്റാ സംരക്ഷണം. രാജ്യം പക്ഷേ ഡിജിറ്റല്‍ റിപ്പബ്ലിക്കിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന വേളയില്‍ ഡാറ്റാ സംരക്ഷണത്തിനും സ്വകാര്യതയ്ക്കും മാത്രം ഊന്നല്‍ നല്‍കിയിട്ടുള്ള നിയമ നിര്‍മ്മാണത്തിന് ഇന്ത്യയുടെ ശ്രദ്ധ തിരിഞ്ഞിട്ടില്ല. എന്തിനകം സൈബര്‍ ഇന്ത്യയെന്ന് ഘോഷിക്കപ്പെടുമ്പോള്‍തന്നെ രാജ്യത്ത് ഇനിയും സൈബര്‍ സുരക്ഷാനിയമ (Cyber Security Law) മില്ല.
ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ്ങുകളിലേര്‍പ്പെടുന്നവരുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ രഹസ്യപിന്‍നമ്പര്‍ ചോര്‍ത്തിയെടുത്തുള്ള പണാപഹരണ സൈബര്‍ കുറ്റങ്ങളും വെബ്‌സൈറ്റ് ഹാക്കിങ്ങുകളും അനുദിനം പെരുകുകയാണ്. പുറംകരാറിലൂടെ (ബിപിഒ) വിദേശ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ക്രെഡിറ്റ് കാര്‍ഡ് സാമ്പത്തിക ഇടപാടുകളടക്കമുള്ള വിവിധങ്ങളായ വിഷയഗ്രഹണ സമര്‍ത്ഥമായ ഡിജിറ്റല്‍ വിവരങ്ങളും (Sensitive Data) വ്യക്തികളുടെ വിവരങ്ങളും രാജ്യത്തെത്തുന്നുണ്ട്. ഇവ ചോരണചെയ്യപ്പെടുന്നതിനുള്ള സാധ്യത വിരളമല്ല. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ വിവര ശേഖരങ്ങളുടെ സുരക്ഷയും സ്വകാര്യതയും അതീവ ഗൗരവമേറിയതാണ്.
യൂറോപ്യന്‍ യൂണിയന്റെ ഡാറ്റാ സ്വകാര്യ ചട്ടക്കൂടിനെ (Europian Union Data Privacy Frame Work-1996) ചുവടുപിടിച്ച് 2006 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍ (Personl Data Protection Bill) അവതരിപ്പിക്കപ്പെട്ടുവെങ്കിലും അത് പാസ്സാക്കപ്പെട്ടില്ല. 2000 ല്‍ ഐടി ആക്ട് പാസ്സാക്കപ്പെട്ടു. അതിന്റെ വ്യാപ്തിയില്‍ പക്ഷേ ഡാറ്റാ സംരക്ഷണമെന്നത് ഇടംപിടിച്ചിട്ടില്ല. ഡിജിറ്റല്‍ റിപ്പബ്ലിക്കിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ഡാറ്റാ സംരക്ഷണം നിലവിലുള്ള ഐടി ആക്ടിലൂടെ സാധ്യമാകുകയില്ലെന്ന് ചുരുക്കം. ഡിജിറ്റല്‍ വിവര ശേഖര സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതില്‍ വിയറ്റ്‌നാമെന്ന(18) കൊച്ചു രാജ്യത്തിന്റെ ശുഷ്കാന്തിയെങ്കിലും ഐടി രംഗത്ത് വന്‍കുതിച്ചുചാട്ടം നടത്തിയെന്നവകാശപ്പെടുന്ന ഇന്ത്യ കണ്ട് പഠിക്കുന്നത് നന്നായിരിക്കും.
2013 ഏപ്രിലില്‍ രാജ്യത്തെ പൗരന്മാരുടെ ഡിജിറ്റല്‍ വിവരശേഖരങ്ങളെ രഹസ്യ നിരീക്ഷണത്തിന്‍ കീഴിലാക്കുന്നതിനായുള്ള സെന്‍ട്രല്‍ മോണിറ്ററിങ്ങ് സംവിധാനം നിലവില്‍ വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഡാറ്റാ സംരക്ഷണ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര മുന്‍ഗണന നല്‍കുമോയെന്ന സംശയമുയരാതിരിക്കുന്നില്ല. ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ചോര്‍ത്തിയെടുത്ത അമേരിക്കന്‍ നടപടിയെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പിന്തുണച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
വെബ്ബ്‌സൈറ്റുകളുടെ കാര്യകര്‍ത്താവ് ആര്?
സ്വകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവക്കെല്ലാം വെബ്ബ്‌സൈറ്റുകളുണ്ട്. ഇവയുടെ ഉടമസ്ഥതയും കാര്യകര്‍തൃത്വവും ആരിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നത് ശ്രദ്ധിക്കപ്പെടുന്നതേയില്ല. വെബ്ബ്‌സൈറ്റ് നിര്‍മ്മാണ ചുമതലകള്‍ പൊതുവെ സ്വകാര്യ ഐടി സ്ഥാപനങ്ങള്‍ക്കാണ്. വെബ്ബ്‌സൈറ്റ് ഡൊമൈന്‍ പേര് (സൈറ്റിന്റെ പേര്) രജിസ്റ്റര്‍ ചെയ്യുന്നതും സൈറ്റ് ഏത് സെര്‍വറില്‍ ഹോസ്റ്റ് ചെയ്യണമെന്നതെല്ലാം ഏകപക്ഷീയമായി തീരുമാനിക്കുന്നത് ഐടി സ്ഥാപനങ്ങള്‍ തന്നെ. അക്കാര്യത്തില്‍ വെബ്ബ്‌സൈറ്റിന് പണം മുടക്കുന്നവര്‍ പ്രത്യേകിച്ച് നിര്‍ദ്ദേശങ്ങളൊന്നും കൊടുക്കാറില്ല. ഇതു സംബന്ധിച്ച അജ്ഞതയാണിതിന് പൊതുവെയുള്ള കാരണം.
എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ഇപ്പറഞ്ഞ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ (digital data base) സുരക്ഷിതമാണോയെന്നതിനെപ്രതിയുള്ള അതീവ ഗൗരവമേറിയ ആലോചന ആവശ്യപ്പെടുന്നുണ്ട്. ഖേദകരമെന്നു പറയട്ടെ, ചില സൈറ്റുകളുടെ വെബ്ബ് ഡൊമൈനുകള്‍ ഉടമയുടെ പേരിലല്ല രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. സൈറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിനായുള്ള സി-പാനലി (control panel) ന്റെ യൂസര്‍ ഐഡിയും പാസ്‌വേഡും സൈറ്റ് ഉടമക്ക് അറിയില്ല. ഇതെല്ലാം സൈറ്റ് രൂപകല്പന ചെയ്ത്് വികസിപ്പിക്കുന്ന ഐടി സ്ഥാപനത്തിന്റെ ഉടമസ്ഥതയിലും പൂര്‍ണ്ണ നിയന്ത്രണത്തിലുമാരിയിരിക്കും. അതുകൊണ്ട് ഉടമ അറിയാതെ തന്നെ തന്റെ വെബ്ബ്‌സൈറ്റില്‍ യഥേഷ്ടം കയറിയിറങ്ങുവാനുള്ള സ്വാതന്ത്ര്യം സൈറ്റ് രൂപകല്പന ചെയ്ത് പരിപാലിക്കുന്നവര്‍ക്കുമുണ്ട്. പണംമുടക്കിയ യഥാര്‍ത്ഥ സൈറ്റ് ഉടമയുടെ ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും അന്യന്റെ കയ്യിലാണെന്നവസ്ഥ! ഐഐഎമ്മിന്റെ ക്യാറ്റ് വെബ്ബ്‌സൈറ്റ് രൂപകല്പന ചെയ്ത് വികസിപ്പിച്ച ഐടി സ്ഥാപനം തന്നെ സൈറ്റില്‍ യൂണിവേഴ്‌സിറ്റിയാല്‍ അപ്‌ലോഡ് ചെയ്യപ്പെട്ട മാര്‍ക്കുകള്‍ തിരുത്തിയത് സംബന്ധിച്ച സിബിഐ അന്വേഷണം ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.
വെബ്ബ്‌സൈറ്റ് രൂപകല്പന ചെയ്യുന്നവരിലേറെയും ഡിജിറ്റല്‍ ഡാറ്റാ ശേഖരങ്ങള്‍ ഹോസ്റ്റ് ചെയ്യാനായി ആശ്രയിക്കുന്നത് അമേരിക്കന്‍ അധിഷ്ഠിത സെര്‍വര്‍ ദാദാക്കളെയാണ്. ഡിജിറ്റല്‍ ഡാറ്റകള്‍ സൂക്ഷിക്കുവാന്‍ സെര്‍വര്‍ സ്‌പെയ്‌സ് വാങ്ങുന്നതിനോടൊപ്പം തന്നെ ഇ-മെയില്‍ ഐഡിയുണ്ടാക്കുന്നതിനും സാധ്യമാണ്. പ്രധാനമായും ഈ ഇ-മെയില്‍ ഐഡികളാണ് ഈ ഡിജിറ്റല്‍ യുഗത്തില്‍ സര്‍വ്വവിധ ആശയ വിനിയമങ്ങളുടെയും ഫയലുകളുടെയും ഇമേജുകളുടെയും ആഗമന-നിര്‍ഗ്ഗമന മാധ്യമം.
അമേരിക്കന്‍ അധിഷ്ഠിത സെര്‍വ്വര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇന്ത്യയടക്കമുള്ള 48 രാഷ്ട്രങ്ങളുടെ വന്‍ ഡിജിറ്റല്‍ രേഖകളുടെ ശേഖരങ്ങള്‍ അമേരിക്കന്‍ ഭരണകൂടം ശേഖരിച്ചിട്ടുണ്ടെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ അധിഷ്ഠിത സെര്‍വ്വര്‍ ദാതാക്കളും സോഫ്ട്‌വെയര്‍ നിര്‍മ്മാതാക്കളുമായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, യാഹു, ഫെയ്‌സ്ബുക്ക് തുടങ്ങിയവര്‍ അമേരിക്കന്‍ ഭരണകൂട നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന വസ്തുത നിലനില്‍ക്കെ അമേരിക്കന്‍ സെര്‍വറുകളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ വേണമെങ്കില്‍ അമേരിക്കന്‍ ഭരണകൂടത്തിന് എളുപ്പത്തില്‍ ശേഖരിയ്ക്കാവുന്നതേയുള്ളൂ. ലോകവ്യാപകമായുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അമേരിക്കന്‍ സെര്‍വ്വര്‍ സ്ഥാപനങ്ങളെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്താണ് തങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ അവരുടെ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യുന്നത്. അവയെല്ലാം പക്ഷേ അമേരിക്കന്‍ ഭരണകൂടത്തിന് ചോര്‍ത്തിനല്‍കുന്നതിലൂടെ അമേരിക്കന്‍ സെര്‍വര്‍ സ്ഥാപനങ്ങള്‍ അവരെ ആശ്രയിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് കടുത്ത വിശ്വാസവഞ്ചനയാണ് ചെയ്യുന്നത്.
സര്‍ക്കാര്‍ വെബ്ബ്‌സൈറ്റുളുടെ ഉടമ ആരാണ്?
കേരളത്തിലെ ചില പൊതുമേഖല സ്ഥാപനങ്ങളുടെ വെബ്ബ് സൈറ്റുകളുടെ പിന്നാമ്പുറ വിവരങ്ങള്‍ നോക്കുക. കേരള ടൂറിസം വകുപ്പ് വെബ് സൈറ്റി (keraltourism.org) ന്റെ അഡ്മിനിസ്‌ട്രേഷന്‍ ഇ-മെയില്‍ മേല്‍വിലാസം (admin e-mail) സൈറ്റ് വികസിപ്പിച്ചെടുത്ത് പരിപാലിച്ചുപോരുന്ന തിരുവനന്തപുരത്തെ ഇന്‍വിസ് മള്‍ട്ടിമീഡിയ (invis multimedia) എന്ന ഐടി സ്ഥാപനമാണ്. ടെക്‌നിക്കല്‍ രജിസ്‌ട്രേഷന്‍ അമേരിക്കയിലെ ഇലിനോയ്‌സിലെ വേല്‍ചാമി ശങ്കരലിംഗം എന്ന വ്യക്തിയുടെ പേരിലും! കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ വെബ്ബ്‌സൈറ്റ് പൂര്‍ണ്ണമായും ഇപ്പറഞ്ഞ സ്വകാര്യ ഐടി സ്ഥാപനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാ ണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാക്കുന്നത്. 1998 മുതല്‍ ടൂറിസം വകുപ്പിന്റെ വെബ്ബ്‌സൈറ്റ് പരിപാലിക്കുന്നത് തങ്ങളാണെന്ന് ഈ സ്ഥാപനത്തിന്റെ വെബ്ബ്‌സൈറ്റ് പറയുന്നു. അതിന്റെ അര്‍ത്ഥം പൊതു ഖജനാവില്‍നിന്ന് പൈസ ചെലവഴിച്ച് നിര്‍മ്മിക്കപ്പെട്ട വെബ്ബ്‌സൈറ്റിന്റെ കണ്‍ട്രോള്‍ പാനലി (c-panel) ന്റെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും (User Id and Password) ഈ സ്വകാര്യ സ്ഥാപനത്തിന്റെ കൈപിടിയിലാണെന്നാണ്. ചുരുക്കി പറഞ്ഞാല്‍ ടൂറിസം വകുപ്പിന്റെ ഡിജിറ്റല്‍ വിവരശേഖരങ്ങളില്‍ തിരുവനന്തപുരത്തെ ഇന്‍വിസ് ഐടി സ്ഥാപനത്തിന് യഥേഷ്ടം വിഹരിക്കാം.
ടൂറിസം വകുപ്പിന്റെ ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും (c-panel ലിന്റെ പൂര്‍ണ്ണ നിയന്ത്രണാധികാരമെന്നു കൂടി വായിക്കുക) ലോകാവസാനം വരെ ഈ സ്വകാര്യ സ്ഥാപനത്തിന്റെ കൈപ്പിടിയിലൊതുക്കി നിറുത്തുന്നു. വര്‍ഷാവര്‍ഷം വെബ്ബ്‌സൈറ്റ് പരിപാലനമെന്ന വകയില്‍ പൊതുഖജനാവിലെ ഗണ്യമായൊരു തുക കൃത്യമായി ഈ സ്വകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടിലെത്തുന്നു. ദീര്‍ഘകാല ബിസിനസ് താല്പര്യങ്ങള്‍ കൂടിയാണ് ഇവിടെ പരിരക്ഷിക്കപ്പെടുന്നത്. സി. പാനലിന്റെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലാകാത്തിടത്തോളം കാലം ഈ അവസ്ഥ തുടരുക തന്നെ ചെയ്യും. സൈറ്റ് പരിപാലനം കുത്തകവല്‍ക്കരിക്കപ്പെടുമ്പോള്‍ വാര്‍ഷിക പരിപാലനത്തുക യഥേഷ്ടം വര്‍ദ്ധിപ്പിക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം കൂടിയാണ് ഈ സ്ഥാപനത്തിന്റെ കൈയില്‍ ഭദ്രമാകുന്നത്. അതേസമയം ടൂറിസം വകുപ്പിന്റെ ഡിജിറ്റല്‍ ശേഖരങ്ങള്‍ ഒട്ടും സുഭദ്രമാകുന്നില്ലതാനും.
കേരള സര്‍ക്കാരിന്റെ ജനസേവ കേന്ദ്രങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത ഫ്രന്‍സ് (FRIENDS)(19)എന്ന സോഫ്റ്റ്‌വെയറിന്റെ ഉടമസ്ഥതയെപ്രതി മൈക്രോസോഫ്റ്റിന്റെ ഒരു ഉപസ്ഥാപനവും സര്‍ക്കാരും തമ്മിലുടലെടുത്ത കേസിന്റെ വിധി വിസ്മരിക്കരുത്. ഹൈക്കോടതിവിധി സര്‍ക്കാരിന്റെ ഉടമസ്ഥത ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഇത്തരത്തിലൊരു അനുകൂലവിധിയുണ്ടായിട്ടുപോലും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളുടെ ഉടമസ്ഥതയും നിയന്ത്രണവും സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ലോകാവസാനംവരെ പതിച്ചുകൊടുക്കപ്പെട്ടതില്‍ അഴിമതിയുടെ സൂചന തള്ളിക്കളയാനാവില്ല.
കേരള സര്‍ക്കാരിന്റെ കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കിന്റെ (infopark.in) സ്ഥിതിയും വ്യത്യസ്തമാകുന്നില്ല. ഇതിന്റെ രജിസ്ട്രന്റ്, ടെക്‌നിക്കല്‍, അഡ്മിന്‍ ഇ- മെയിലുകള്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ Calpine Solutions എന്ന സ്വകാര്യ കമ്പനിയിലെ ഒരു മാത്യൂസിന്റെ പേരിലാണ്. (mathews @calpineaech.com)(20). ഇന്‍ഫോപാര്‍ക്കിന്റെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള Global Technology & Solutions Inc എന്ന കമ്പനിയുടെ സെര്‍വറില്‍. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിന്റെ ഡിജിറ്റല്‍ വിവര ശേഖരങ്ങളും ഇതേ അമേരിക്കന്‍ സെര്‍വറില്‍ തന്നെ. ഇന്‍ഫോപാര്‍ക്കിന്റെ വെബ്ബ്‌സൈറ്റിന്റെ പരിപാലനം കാല്‍പിന്‍ സൊല്യൂഷന്റെ കൈപ്പിടിയിലാണെന്നു പറയുമ്പോള്‍ സൈറ്റിന്റെ സി-പാനലിന്റെ പൂര്‍ണ്ണ നിയന്ത്രണം ഈ സ്വകാര്യ ഐടി കമ്പനിക്ക് തന്നെ.
കാര്‍ഷിക ഗവേഷണ പദ്ധതികളേറെ നടക്കുന്ന കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെബ്ബ്‌സൈറ്റിലെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് ഹോസ്റ്റ് ഗേറ്റര്‍ എന്ന അമേരിക്കന്‍ സെര്‍വ്വറിലാണ്. കേരളത്തിന്റെ ധാതുസമ്പത്തുക്കളുടെ ഖനനത്തിലും സംസ്കരണത്തിലും വ്യാപരിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് (കെ.എം.എം.എല്‍) വെബ്‌സൈറ്റിലെ ( kmml.com ) ഡിജിറ്റല്‍ ശേഖരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ഐബിഎം നിയന്ത്രിത സെര്‍വറിലാണ്. കേരളത്തിന്റെ ഐടി അഭിമാന കേന്ദ്രങ്ങളെന്നറിയപ്പെടുന്ന ഇന്‍ഫോപാര്‍ക്കിന്റെയും ടെക്‌നോപാര്‍ക്കിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ അമേരിക്കന്‍ സെര്‍വറുകളിലാണെന്നിരിക്കെ അവയുടെ സുരക്ഷയും സ്വകാര്യതയും ദുര്‍ബലാവസ്ഥയിലല്ലെന്ന് പറയാനാകില്ല, എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍.
ഐടിയുടെ ഇന്ത്യന്‍ അവസ്ഥ
ഐടി രംഗത്ത് സോഫ്റ്റ്‌വെയര്‍ ഗവേഷണവികസന (Research & Development -R&D) ത്തിന് പ്രത്യേകം ഊന്നല്‍ നല്‍കപ്പെടുന്നില്ല. ബിസിനസ്സ് പ്രോസസ്സിങ്ങ് ഔട്ട് സോഴ്‌സ് എന്ന പേരിലറിയപ്പെടുന്ന പുറംകരാര്‍പണി മാത്രമാണ് ഫലത്തില്‍ രാജ്യത്തിന്റെ സൈബര്‍ രംഗം. മൈക്രസോഫ്റ്റ് വിന്‍ഡോസ്, ഒറാക്കിള്‍ ഡാറ്റാബയ്‌സ്, ജാവ തുടങ്ങിയ വിദേശ ഐടി കമ്പനികളുടെ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുവാനുള്ള ഫ്രണ്ട് എന്റ് അപ്ലിക്കേഷന്‍ (Front End Application) എഴുതിയുണ്ടാക്കുന്നതിലാണ് രാജ്യത്തെ ഐടി അധിഷ്ഠിത കമ്പനികളിലേറെയും വ്യാപരിക്കുന്നത്. ഇതുതന്നെ ലഭിക്കുന്നത് മറ്റു വിദേശ ഐടി കമ്പനികളില്‍ നിന്നുള്ള ഉപകരാറുകളായിട്ടാണ്. യഥാര്‍ത്ഥത്തില്‍ ബിപിഒ ഉപകേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ഐടി കമ്പനികളിലേറെയും.
വിദേശ ഐ.ടി കമ്പനികളുടെ ഐടി അധിഷ്ഠിത ഗുമസ്ത പണികളിലേര്‍പ്പെട്ടിരിക്കുന്ന കോള്‍ സെന്ററു (Call Centers) കളേയും രാജ്യത്തിന്റെ ഐടി വിപ്ലവപട്ടികയില്‍ കണ്ണിചേര്‍ത്തിയിരിക്കുന്നു! ഇന്ത്യയുടെ പരമ്പരാഗത സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കാര്‍ഷിക-വ്യാവസായിക ഉല്പാദന മേഖലകള്‍. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ പക്ഷേ ഐടി സപ്പോര്‍ട്ട് സര്‍വ്വീസ് മേഖലകളില്‍ നിന്നും കോടികളുടെ വിദേശ നാണ്യം രാജ്യത്തേക്ക് ഒഴുകുന്നുണ്ട്. ഈ സേവന മേഖലയുടെ വരുമാനവുംകൂടി ഉള്‍പ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ പുത്തന്‍ സമ്പദ്‌വ്യവസ്ഥ പിറവിയെടുക്കുന്നത്. ഇന്ത്യയുടെ ഐടി ലോകം സോഫ്റ്റുവെയര്‍ ഗവേഷണവികസന രംഗത്ത് തനത് സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് മുന്‍ഗണന നല്‍കി ആഭ്യന്തര ഐടി അധ്ഷ്ഠിത വിപണി സൃഷ്ടിക്കുന്നതില്‍ കാര്യമാത്രമായ ശ്രദ്ധ നല്‍കുന്നില്ല. അതുകൊണ്ടു തന്നെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചതാഴ്ചകള്‍ വിദേശ ബിപിഒയിലൂടെ ലഭ്യമാകുന്ന വിദേശ നാണ്യത്തെ ആശ്രയിക്കുന്ന ഇന്ത്യയുടെ പുത്തന്‍ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെ തന്നെ ആടിയുലക്കുന്നുണ്ടുതാനും.
ഇന്ത്യയുടെ ഭരണയന്ത്രം ഏറെകൂറെ ഇപ്പോള്‍ ഇ-വത്ക്കരിക്കപ്പെട്ടിരിക്കുന്നു (ഇ-ഗവേണന്‍സ്). അതേസമയം രാജ്യത്തിന്റെ ഇ-ഗവേണന്‍സ് പ്രക്രിയ മുഖ്യമായും ആശ്രയിക്കുന്നത് വിദേശ കുത്തക ഐടി കമ്പനികളുടെ സോഫ്റ്റുവെയറുകളെയാണ്. ഇതിനുപകരം ഇന്ത്യയുടെ സൈബര്‍ ലോകത്ത് നിന്നുതന്നെ രാജ്യത്തിന് ആവശ്യമായ ഇ-ഗവേണന്‍സ് അടക്കമുള്ള കമ്പ്യൂട്ടര്‍വത്കരണ പ്രക്രിയക്കാവശ്യമായി സോഫ്റ്റുവെയറുകള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
ഐടിരംഗത്ത് തനതായ ഓപ്പറേറ്റിങ്ങ് സിസ്റ്റമടക്കമുള്ള സോഫ്റ്റ്‌വെയറുകള്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതില്‍ ഇന്ത്യ ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഐടി വിസ്‌ഫോടനമെന്നത് അമേരിക്കപോലുള്ള രാഷ്ട്രങ്ങളിലെ ഐടി കമ്പനികളുടെ കമ്പ്യൂട്ടറധിഷ്ഠിത ഗുമസ്തപണിയായ ബിസിനസ്സ് ഔട്ട്്‌സോഴ്‌സിങ്ങ് മാത്രമാണെന്നത് തിരുത്തപ്പെടണം. വിവരസാങ്കേതികവിദ്യ സഹായക സര്‍വ്വീസ് (IT Enabled services) കള്‍ മാത്രമല്ല സോഫ്റ്റ് വെയര്‍-ഹാര്‍ഡ്‌വെയര്‍ വികസനവുമുള്‍ചേര്‍ന്നതാണ് ഐടി വ്യവസായ മേഖല.
രാജ്യത്തിന്റെ സമ്പുഷ്ഠമായ ഐടി മാനവ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ പ്രതേ്യകം ശ്രദ്ധ ചെലുത്തിയിരുന്നുവെങ്കില്‍ രാജ്യത്ത് യഥാര്‍ത്ഥ ഐടി വിപ്ലവം സാധ്യമാക്കപ്പെടുമായിരുന്നു. മാത്രമല്ല ഭാരതീയ ഗണിത/ജാമ്യതീയ ശാസ്ത്ര തലത്തൊട്ടപ്പന്മാരായ ആര്യഭട്ടയുടേയും രാമാനുജത്തിന്റെയും പിന്‍തലമുറക്കാരെ വിദേശ ഐടി കമ്പനികളുടെ ഐടി അധിഷ്ഠിത പുറംകരാര്‍ ഗുമസ്ത പണിക്കാരാക്കി മാറ്റിയെടുത്ത പാതകത്തില്‍ നിന്നും രാജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് തലയൂരാനാകുമായിരുന്നു.
ഇലക്‌ട്രോണിക് ഉല്പന്നങ്ങളുടെ സംഭരണം
രാജ്യത്തിന്റെ ടെലികമ്മ്യൂണിക്കേഷന്‍ഐടി മേഖലകള്‍ക്ക് ആവശ്യമായ ഹാര്‍ഡ്‌വെയര്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍ ആഭ്യന്തര വിപണിയില്‍ നിന്നുതന്നെ വാങ്ങണമെന്ന ‘ബൈ ഇന്ത്യ’ (Buy India) നയം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നു.(21) 2013 ഫെബ്രുവരിയില്‍ പ്രഖ്യാപിപ്പിക്കപ്പെട്ട നയം ജൂലായ് എട്ടിനാണ് പിന്‍വലിക്കപ്പെട്ടത്. യുഎസ്-ഇന്ത്യ ബിസിനസ്സ് കൗണ്‍സിലിന്റെ സമ്മര്‍ദ്ദഫലമായാണ് കേവലം അഞ്ചുമാസത്തിനുള്ളില്‍ തന്നെ കപില്‍ സിബിലിന്റെ കേന്ദ്ര ടെലികോം മന്ത്രാലയം രൂപംകൊടുത്ത ബൈ ഇന്ത്യാനയം പ്രധാനമന്ത്രി കാര്യായലത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പിന്‍വലിക്കപ്പെട്ടത്. ഈ നയം രൂപപ്പെടുത്തിയുതന്നെ രാജ്യസുരക്ഷയെ കരുതിയാണ്. ഇത് മുഖവിലക്കെടുക്കുവാന്‍ തയ്യാറാകാതെ പ്രധാനമന്ത്രി കാര്യാലയം വിദേശ താല്പര്യസംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുകയായിരുന്നു.
തുറന്ന ആഗോള വിപണി വ്യവസ്ഥയില്‍ വ്യക്തിഗത രാഷ്ട്രങ്ങളുടെ ഉല്പന്നള്‍ക്കും പ്രത്യേക സംരക്ഷണ (Protectionism-) മില്ലെന്ന സാമ്പത്തിക ഉദാരീകരണ മൗലികവാദിയായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഇടപെടലിലൂടെ ബൈ ഇന്ത്യ നയം പിന്‍വലിക്കപ്പെട്ടില്ലെങ്കിലേ അതിശയമുള്ളൂ. അതേസമയം തങ്ങളുടെ ഐടി മേഖയിലെ തൊഴിലുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കരാര്‍ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം വേണമെന്ന പ്രൊട്ടെക്ഷനിസ്റ്റ് നിലപാടിലാണ് ഒബാമ ഭരണകൂടം. ഈ നിലപാടിനുനേരെ പക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രി കണ്ണടക്കുകയാണ്. ഇതിന് പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ വിധേയത്വമല്ലാതെ മറ്റെന്താണ്?
ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ ഇ-വത്ക്കരണ പ്രക്രിയയും ദേശീയ ഇ-ഗവേണന്‍സും മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ജാവ തുടങ്ങിയ അമേരിക്കന്‍ ഐടി ഭീമന്മാരുടെ സോഫ്റ്റ്‌വെയറുകളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. രാജ്യത്തിന്റെ ഡിജിറ്റല്‍ ശേഖരങ്ങളില്‍ ഇപ്പറഞ്ഞ അമേരിക്കന്‍ ഐടി സ്ഥാപനങ്ങള്‍ക്ക് കടന്നുകയറുവാനുള്ള സാധ്യത ഇപ്പോഴേ ആവോളം തുറന്നിട്ടിട്ടുണ്ട്. ഇതിനുംപുറമേ അവരുടെ തന്നെ ഹാര്‍ഡ്‌വെയറുകളുടെ കൂടി ഉപയോഗം പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ്. ഇത് രാജ്യത്തിന്റെ ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും ഇനിയുമേറെ ദുര്‍ബലമാക്കപ്പെടുമെന്ന അവസ്ഥയായിരിക്കും ഫലത്തില്‍ സംജാതമാക്കുക. ഇത് അതീവ ഗൗരവത്തോടെ കാണാതെ പോകുന്നുവെങ്കില്‍ പെന്റഗണ്‍ ഇന്ത്യയുടെ ഡിജിറ്റല്‍ വിവര ശേഖരങ്ങള്‍ തീര്‍ത്തും അനായാസമായി ഇനിയും ആവശ്യാനുസരണം അമേരിക്കന്‍ ഐടി കമ്പനികളുടെ സഹായത്താല്‍ ചോര്‍ത്തിയെടുക്കും. ഇതോടൊപ്പം തന്നെ പ്രതിരോധ മേഖലയില്‍ വിദേശ നിേക്ഷപമുയര്‍ത്തുവാനുളള നീക്കവും രാജ്യത്തിന് ദോഷമാകാതിരിക്കില്ല.
കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം
ഇന്ത്യയുടെ ഡിജിറ്റല്‍ സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതിനും സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുമായി ഡോ. ഗുല്‍ഷന്‍റായ് ഡയറക്ടര്‍ ജനറലായുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീമിന് രാജ്യം രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ഡിജിറ്റല്‍ ശേഖരങ്ങള്‍ കാത്തസൂക്ഷിക്കുന്നതില്‍ ഈ ടീം അതിദയനീയമായി പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് ഇന്ത്യന്‍ സൈബര്‍ ലോകത്തിനുമേലുള്ള മൈക്രോസോഫ്റ്റ് പോലുള്ള അമേരിക്കന്‍ ഐടി കമ്പനിയുടെ സഹകരണത്തോടെയുള്ള അമേരിക്കന്‍ സൈബര്‍ ആക്രമണം വെളിവാക്കുന്നത്.
ഇന്ത്യയുടെ ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ടിട്ടുള്ള റസ്‌പോണ്‍സ് ടീമിന്റെ അംഗബലം കാര്‍ ഡ്രൈവറടക്കം കേവലം 31(21) പേര്‍ മാത്രമാണെന്ന് ഈ ടീമിന്റെ വെബ്‌സൈറ്റ് തന്നെ പറയുന്നു. 30+1 അംഗബലം കൊണ്ട് അമേരിക്കയടക്കമുള്ള ഡിജിറ്റല്‍ വിവരശേഖര കൊള്ളക്കാരെ രാജ്യത്തിന് പ്രതിരോധിക്കാനാകുമെന്ന് കരുതുന്നതില്‍ തന്നെ ഇന്ത്യന്‍ ഐടി വിപ്ലവത്തിന്റെ പൊള്ളത്തരവും പാപ്പരത്തവും പിടിപ്പുകേടും പ്രകടമാണ്. ഇപ്പോഴിതാ സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകളിലെൂടെ പാക്കിസ്താനുപോലും നമ്മുടെ രാഷട്രപതി ഭവനില്‍ നിന്നുപോലും ഡിജിറ്റല്‍ വിവരശേഖരങ്ങള്‍ ചോര്‍ത്താമെന്ന അവസ്ഥയില്‍ രാജ്യത്തിന്റെ ഐടി ‘വിപ്ലവ’മെത്തിനില്‍ക്കുന്നു!!
footnotes
1. http://www.guardian.co.uk/world/2013/jun/06/obama-administration-nsa-verizon-records
2.http://www.guardian.co.uk/world/2013/jun/06/nsa-phone-records-verizon-court-order
3.http://www.guardian.co.uk/world/2013/jun/06/us-tech-giants-nsa-data
4.http://www.guardian.co.uk/world/2013/jun/08/nsa-boundless-informant-global-datamining
5.The Hindu 2013 July 03
6.goidirectory.nic.in/sector_index.php
7.http://abcnews.go.com/blogs/headlines/2013/07/edward-snowden-u-s-israel-co-wrote-cyber-super-weapon-stuxnet/
8.http://www.medianama.com/2013/06/223-indian-govt-called-out-by-human-rights-watch-on-cms-usa-collects-6-3-billion-data-from-india
9.http://toptenfamous.com/top-ten-hosting-provider-companies-in-us/
10.http://www.oecd.org/internet/ieconomy/43195291.pdf
11.http://www.oecd.org/futureinternet/40989438.pdf
12.http://international.abhinavjournal.com/images/Management_&_Technology/Mar13/13.pdf
13.Press Release No. 18/2013 Information Note to the Press 2013 march 15
14.http://articles.timesofindia.indiatimes.com/2013-06-04/internet/39739635_1_traffic-indian-mobile-data-internet-access
15.http://www.dukechronicle.com/articles/1996/10/04/former-nbc-president-promotes-electronic-republic
16.http://www.medianama.com/2013/06/223-indian-govt-called-out-by-human-rights-watch-on-cms-usa-collects-6-3-billion-data-from-india
17.http://beatthechip.blogspot.in/2010/06/cyber-security-digital-activism.html
18.Frios v/s state of Kerala, AIR 2006 ker 279,200693) KLT 210,207(34)PTC 98 ker
19. http://tools.whois.net/whoisbyip/
20.http://online.wsj.com/article/SB10001424127887323823004578593322244132636.html
21.http://deity.gov.in/content/indian-computer-emergency-response-team-cert