അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കണം

പട്ടികപ്രദേശ (ഷെഡ്യൂള്‍ഡ് ഏരിയ) മാക്കുന്നതിലൂടെ അധികാരം ആദിവാസികളില്‍ അധിഷ്ഠിതമാകും. ഇപ്പോള്‍ ആദിവാസികളുെട വസ്തുവഹകള്‍ കയ്യടക്കിവച്ചിട്ടുള്ളവരും രാഷ്ട്രീയാധികാര ശക്തികളുമാണ് അവര്‍ക്ക് എന്ത് വേണം എന്ത് വേണ്ട എന്നൊക്കെ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും. ഈയവസ്ഥക്ക് കാതലായ മാറ്റം വരണമെങ്കില്‍ അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കേണ്ടതുണ്ട് – അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസര്‍ പി.വി. രാധാകൃഷ്ണനുമായി കെ.കെ. ശ്രീനിവാസന്‍ നടത്തിയ അഭിമുഖം

(അഭിമുഖം : 19.05.2013)

V RADHAKRISHNAN ITDP OFFICER? അട്ടപ്പാടിയിലെ തൊഴിലുറപ്പുപദ്ധതി ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു….

അട്ടപ്പാടിയിലെ ആദിവാസികളുടെ കൈവശത്തില്‍ 25,000 ഏക്കറോളം ഭൂമിയുണ്ട്. അതില്‍ കേവലം 12 ശതമാനം മാത്രമാണ് കൃഷി ചെയ്യുന്നത്. ബാക്കിയുള്ളതെല്ലാം തരിശായിക്കിടക്കുകയാണ്. മുന്‍കാലങ്ങളില്‍ ആദിവാസികളുടെ മുഖ്യ തൊഴിലും ഉപജീവന മാര്‍ഗ്ഗവും കൃഷിയും കാലി വളര്‍ത്തലുമായിരുന്നു. പഞ്ഞമാസങ്ങളിലേക്ക് വേണ്ടി പോലും ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചുവച്ചിരുന്ന കാലമുണ്ടായിരുന്നു. ആ അവസ്ഥ തിരിച്ചുപിടിക്കണമെങ്കില്‍ അവരുടെ കൃഷിഭൂമി പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കണം. തൊഴിലുറപ്പ് പദ്ധതിയോടെ ഇത് സാധ്യമാക്കുന്നതിനായി ശ്രമിച്ചു. ഊരുകൂട്ടങ്ങള്‍ മുഖേന ആദിവാസികളുടെ ഭൂമി കൃഷിയോഗ്യമാക്കാനായി 64 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ആദിവാസികളുടെ ഭൂമി കൃഷി യോഗ്യമാകുകയാണ്. അവരുടെ ഭൂമിയില്‍ തൊഴിലെടുക്കുമ്പോള്‍ അവര്‍ക്ക് കൂലിയും കിട്ടും. അവരുടെ ഭൂമിയാകട്ടെ കൃഷി യോഗ്യമാക്കപ്പെടുകയും ചെയ്യുന്നു. കൃഷിചെയ്യുമ്പോള്‍ അവര്‍ക്ക് ആദായവും ലഭിക്കും.

? തൊഴിലുറപ്പുപദ്ധതിയിലെ ആദിവാസി പങ്കാളിത്തം തൃപ്തികരമാണോ

കഴിഞ്ഞവര്‍ഷം (2012-13) ആകെ തൊഴില്‍ കിട്ടിയവരില്‍ 50 ശതമാനവും ആദിവാസികളാണ്. 100 ദിനങ്ങളില്‍ 64 ദിന തൊഴില്‍ ലഭ്യമാക്കപ്പെട്ടിട്ടുണ്ട്. ഇനി വരും സമയങ്ങളില്‍ ആദിവാസികളുടെ പങ്കാളിത്തം കൂടിയേക്കും. കാരണം, അവരുടെ തന്നെ ഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവര്‍ത്തികളാണ് മുഖ്യമായും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്.

? ഭൂമി കൃഷി യോഗ്യമാക്കിയാല്‍ മാത്രം പോരല്ലൊ. ആദിവാസികള്‍ക്ക് കൃഷി ചെയ്യാനുള്ള സാമ്പത്തിക സഹായമടക്കമുള്ളവ ഉറപ്പുവരുത്തണ്ടേ

ഇക്കാര്യത്തില്‍ മുഖ്യമായും കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായം അത്യാവശ്യമാണ്. കൃഷി വകുപ്പിന് മാത്രമായി ഇരുപതോളം സ്കീമുകളുണ്ട്. വിത്ത്, വളം, പമ്പുസറ്റ് തുടങ്ങിയവ വാങ്ങുന്നതിനും വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനുമുള്ള സാമ്പത്തിക സഹായം ഇവര്‍ക്ക് അനുവദിക്കണം പക്ഷേ മതിയായ ഭൂരേഖയില്ലെന്നതിന്റെ പേരില്‍ ആദിവാസികള്‍ക്ക് കാര്‍ഷികാനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല.

? ഇക്കാര്യം ഇതുവരെയും മാറിമാറി വന്നിട്ടുള്ള സര്‍ക്കാരുകളെ ഇവിടത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും അറിയിച്ചിേട്ടയില്ല

ഇക്കഴിഞ്ഞ മാസത്തിലാണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയല്‍ പെടുത്തിയത്. ഭൂനികുതി രശീത് ഇല്ലാതെ തന്നെ ട്രൈബല്‍ വകുപ്പ് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രകാരം കാര്‍ഷിക ആനു കൂല്യങ്ങള്‍ ആദിവാസികള്‍ക്ക് അനുവദിക്കാവുന്നതാണ്. സര്‍ക്കാര്‍ തത്വത്തില്‍ ഇത് സമ്മതിച്ചിട്ടുണ്ട്.

? സബ്‌സീഡിയടക്കമുള്ള ആനുകൂല്യങ്ങളൊക്കെ പിന്നെയാര്‍ക്കാണ് ലഭ്യമാകുന്നത്

വ്യക്തമാണല്ലൊ. ആദിവാസികള്‍ക്ക് കിട്ടിയിട്ടില്ല. പിന്നെയാര്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ

? പ്രത്യേക കേന്ദ്ര സഹായം (SPECIAL CENTRAL ASSISTANCE ) ട്രൈബല്‍ സബ് പ്ലാന്‍ (TRIBAL SUB PLAN) എന്നീയിനങ്ങളില്‍ എത്ര തുക അട്ടപ്പാടിക്ക് ലഭ്യമായിട്ടുണ്ട്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെന്ന നിലയില്‍ ഇതേക്കുറിച്ച് വിശദീകരിക്കാമോ

ഈ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മൂന്നു ഗ്രാമ പഞ്ചായത്തുകളുണ്ട്. ഈയിനത്തില്‍ എത്ര തുക അനുവദിക്കപ്പെട്ടിട്ടുണ്ടെന്നത് പരിശോധിക്കണം.

? ശിശു മരണങ്ങളെക്കുറിച്ച്…

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഈ തിയ്യതി വരെ 26ഓളം ശിശു മരണങ്ങളുണ്ടായിട്ടുണ്ട്. ആരോഗ്യ – സാമൂഹ്യ നീതി വകുപ്പുകളുടെ സേവനം വേണ്ടത്ര ആദിവാസി സ്ത്രീകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാണ്. മാതൃ-ശിശു സംരക്ഷണ പദ്ധതികളുടെ ഗുണഫലങ്ങള്‍ ആദിവാസികള്‍ക്കെത്തിക്കുന്നതില്‍ സാമൂഹ്യനീതി വകുപ്പ് പരാജയപ്പെട്ടു. അങ്കണ്‍വാടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയിട്ടില്ല. 172 അങ്കണ്‍വാടികളുണ്ട് അട്ടപ്പാടിയില്‍. അങ്കണ്‍വാടി കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെയ്പ്പുകളും മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നതിലും അങ്കണ്‍വാടികള്‍ അലംഭാവം കാണിച്ചിട്ടുണ്ട്.

? ആരോഗ്യ വകുപ്പ് റോള്‍

ആരോഗ്യ വകുപ്പിന് കീഴില്‍ അട്ടപ്പാടിയില്‍ 28 സബ് സെന്ററുകളുണ്ട്. ഇവിടെ 28 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍. 28 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍. ഇതിനും പുറമെ 85 ആശാ വര്‍ക്കര്‍മാരുമുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുമുണ്ട്. ഇവരുടെയൊന്നും പ്രവര്‍ത്തനങ്ങള്‍ ഊരുകളിലേക്ക് എത്തിയിട്ടേയില്ല. 28 സബ് സെന്ററുകളില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ താമസിക്കണമെന്നുണ്ട്. അവര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളുണ്ടെങ്കിലും അവര്‍ താമസിക്കുന്നില്ല.AGALI Community Health Centre

20 ഇനങ്ങളടങ്ങിയ ആശാ കിറ്റ് എന്നറിയപ്പെടുന്ന കിറ്റുകള്‍ ഊരുകളില്‍ വിതരണം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ട്. മൂന്നു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം ഡോക്ടര്‍മാരുടെ സേവനം പാടെ അവതാളത്തിലാണ്. പുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാഹനം ജീവനക്കാരുടെ വ്യക്തിപരമായ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. മൂന്നു മൊബൈല്‍ ഡിസ്‌പെന്‍സറികളുമുണ്ട്. ഇതിന് ഒരു ഡോക്ടറും നഴ്‌സുമുള്‍പ്പെടെ ഏഴ് സപ്പോടിങ്ങ് ജീവനക്കാരുമുണ്ട്. ഒരു ആശുപത്രിയിലെ ജോലിക്കാര്‍ക്ക് തുല്യമായാണ് മൊബൈല്‍ ഡിസ്‌പെന്‍സറിയിലുള്ളത്. ഊരുകളിലെത്തി ചികിത്സ നല്‍കണമെന്നതാണ് ഇവരുടെ ചുമതല. മാസത്തില്‍ നിശ്ചിത മെഡിക്കല്‍ ക്യാമ്പുകള്‍ ഇവര്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മരുന്നുകളുള്‍പ്പെടെയാണ് ഈ മൊബൈല്‍ യൂണിറ്റില്‍. ഇതിന്റെ സേവനങ്ങളൊന്നും ആദിവാസികള്‍ക്ക് ലഭ്യമാക്കപ്പെടുന്നില്ല. ചുരുക്കി പറഞ്ഞാല്‍, സാമൂഹ്യ നീതി-ആരോഗ്യ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ശിശുമരണങ്ങള്‍ക്ക് കാരണമായത്.

? ഇതിനുള്ള പരിഹാരമെന്താണ്

അട്ടപ്പാടിയിലെ രോഗികള്‍ക്ക് ഇവിടെത്തന്നെ പരമാവധി ചികിത്സ ഉറപ്പുവരുത്തുന്നതിനായി നിലവിലുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തി പൂര്‍ണ്ണമായും ഉപയുക്തമാക്കണം. ഇപ്പോള്‍ വനിത ഡോക്ടറുണ്ടെങ്കിലും അവരുടെ മുഴുവന്‍ സമയ സേവനം ഗര്‍ഭിണികളടക്കമുള്ള വര്‍ക്ക് ലഭിക്കുന്നില്ല.

? കോട്ടത്തറയിലെ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ അവസ്ഥയെന്താണ്? അവിടെ വനിതാ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണോ

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്നാണ് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലേക്കും പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും റഫര്‍ ചെയ്യപ്പെടുന്നത്. അവിടെ ഗൈനക്കോളജിസ്റ്റില്ല. ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചില നിയമനങ്ങള്‍ നടന്നിട്ടുണ്ട്.

? പുതിയ പാക്കേജിനെക്കുറിച്ച്

75 പോസ്റ്റുകള്‍ സൃഷ്ടിക്കുക, നിലവിലുള്ള ഒഴിവുകളെല്ലാം നികത്തുക, പുതിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, വാഹനങ്ങള്‍ വാങ്ങുക, വകുപ്പുതല ഏകോപനം ഇവയൊക്കെ പാക്കേജിലുള്‍പ്പെടുമെന്നാണറിവ്.ATTPADY NRHM Board

? ദേശീയ ഗ്രാമീണ മിഷന്റെ (എന്‍.ആര്‍.എച്ച്.എം) ഇടപെടല്‍ സൃഷ്ടിപരമാണോ

ഗ്രാമീണ മേഖലയില്‍ എന്‍.ആര്‍.എച്ച്.എം ഇനിയും കാര്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. മിഷന്റെ കരാറടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ ഇപ്പോഴുള്ളത്. ആശാ കിറ്റുകള്‍ വിതരണം ചെയ്യേണ്ടത് മിഷനാണ്. അത് പക്ഷേ ഊരുകളില്‍ ലഭ്യമായിട്ടില്ലെന്ന പരാതി വ്യാപകമാണ്. ജില്ലാ തലത്തിലുള്ള എന്‍.ആര്‍.എച്ച്.എം ഉദ്യോഗസ്ഥര്‍ അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ ഊന്നേണ്ടതുണ്ട്.

? ആര്‍ത്തവകാലത്തെ ശുചിത്വമില്ലായ്മയും ഇപ്പോഴത്തെ ശിശുമരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നു പറയുന്നു. ഇക്കാര്യത്തില്‍ എന്‍.ആര്‍.എച്ച്.എം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണോ

അണുബാധ ബാധിച്ചിട്ടുള്ള സ്ത്രീകളുടെ കുട്ടികളും മരിച്ചിട്ടുണ്ട്. എന്‍.ആര്‍.എച്ച്.എമ്മിന്റെ ആശാവര്‍ക്കര്‍മാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ടോയെന്നത് സംശയാസ്പദമാണ്. ആശാവര്‍ക്കര്‍മാര്‍ക്ക് തുച്ഛമായ വേതനമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ഇതൊക്കെ പക്ഷേ ശ്രദ്ധിക്കേണ്ടത് എന്‍.ആര്‍.എച്ച.എമ്മിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്.

? ആര്‍ത്തവസമയത്തെ ശുചിത്വത്തെ മുന്‍നിര്‍ത്തി നാപ്കിന്‍ ഉപയോഗിക്കുന്ന ശീലം ഊട്ടിവളര്‍ത്താന്‍ ആശാവര്‍ക്കേഴ്‌സിനെ ഉപയോഗിച്ച് വീടുവീടാന്തരമുള്ള നാപ്കിന്‍ വില്പന ഇവിടെ ഉണ്ടോ

അതേക്കുറിച്ച് ഒരറിവുമില്ല.

? അട്ടപ്പാടിയില്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കപ്പെടുന്നതോടെ ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ മാറ്റം പ്രതീക്ഷിക്കാനാകുമോ

ആദിവാസിയല്ലാത്ത സ്ത്രീ ഗര്‍ഭിണിയാണെന്ന് അറിയുന്ന നാള്‍ മുതലുള്ള ആരോഗ്യ സംരക്ഷണവും പരിചരണവും എത്രത്തോളമുണ്ടെന്ന് നമുക്ക് അറിയാം. എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാലും ആദിവാസിയുടെ ആഹാരമടക്കമുള്ളവയില്‍ ഗണ്യമായ മാറ്റമുണ്ടാകുന്നില്ല. കാരണം, അതിനുതക്ക സാമ്പത്തിക ശേഷിയുള്ളവരല്ലല്ലോ ആദിവാസി സ്ത്രീകള്‍.valli and vinavi

? പ്രത്യേക പാക്കേജ് വന്നാല്‍ ആദിവാസി സ്ത്രീകളുടേയും ഗര്‍ഭിണികളുടെയും അമ്മമാരുടേയും കുഞ്ഞുങ്ങളുടെയും കൗമാര പെണ്‍കുട്ടികളുടെയും ആരോഗ്യം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും……

അത് പാക്കേജ് നടപ്പിലാക്കപ്പെടുന്ന രീതിയെ ആശ്രയിച്ചായിരിക്കും. ജീവനക്കാരുടെ സേവനം കാര്യക്ഷമമായി നടപ്പിലാക്കപ്പെടുമോയെന്നതിനെ അടിസ്ഥാനമായിരിക്കുമത്. ആരോഗ്യം, സാമൂഹ്യനീതി, എക്‌സൈസ് എന്നീ വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപന പ്രവര്‍ത്തനങ്ങളും അവ വിലയിരുത്തി സമയാസമയങ്ങളില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രത്യേക പാക്കേജിന്റെ ഗുണഫലങ്ങള്‍ അനുഭവവേദ്യമാകാന്‍ അനിവാര്യവുമാണ്.

? പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇതിനായി നിയോഗിക്കപ്പെടുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ക്കായിരിക്കുമോ

സ്‌പെഷ്യല്‍ ഓഫീസറും അതുപോലെത്തന്നെ മറ്റു വകുപ്പുതല സെക്രട്ടറിമാരുമായിരിക്കും ഉത്തരവാദികള്‍.

? ഗ്രാമസഭകളിലെ ആദിവാസി പങ്കാളിത്തമെങ്ങനെ

ഗ്രാമസഭയില്‍ പങ്കെടുത്തില്ലെങ്കിലും ഊരുകൂട്ടങ്ങളില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ മതി. പദ്ധതികളുടെ അവസാന തീരുമാനങ്ങളെടുക്കുന്നത് പക്ഷേ പഞ്ചായത്ത് ഭരണസമിതിയാണ്. അതുകൊണ്ടുതന്നെ ആദിവാസികളുടെ നിര്‍ദ്ദേശങ്ങള്‍ പദ്ധതികളായി മാറുന്നുണ്ടെന്നു ഒരു ഉറപ്പുമില്ലെന്നത് ശരിയാണ്.

? ആദിവാസിമേഖലയായ അട്ടപ്പാടിയുടെ വികസനത്തിലുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ സംഭാവനകളെന്താണ്

ഗ്രാമ പഞ്ചായത്തുകള്‍ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുന്നതിലാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.

? ഗ്രാമീണ വികസനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളെല്ലാം തന്നെ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ മുഖേനയാണ് ലഭ്യമാകുന്നത്. ഇത്രയും കാലമായി അട്ടപ്പാടിക്ക് ഈയിനത്തില്‍ എത്ര ഫണ്ട് ലഭ്യമായിട്ടുണ്ട്….

അത് കണെക്കടുത്ത് പഠിച്ചാലേ പറയാനാകൂ.

? ഐ.ടി.ഡി.പി എന്താണ് ചെയ്യുന്നത്

17 ഹോസ്റ്റലുകള്‍ നടത്തുന്നു. ആംബുലന്‍സ് സര്‍വ്വീസുണ്ട്. ചികിത്സാ സഹായങ്ങള്‍ നല്‍കുന്നു.

? കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാമീണ വികസന ഫണ്ടുകളും പ്രത്യേക കേന്ദ്ര സഹായങ്ങളും ട്രൈബല്‍ സബ് പ്ലാന്‍ ഫണ്ടുകളും തരപ്പെടുത്തുന്നതില്‍ മുഖ്യമായും ശുഷ്കാന്തി പ്രകടിപ്പിക്കേണ്ടത് ജില്ലാ കളക്ടര്‍മാരാണ്. ഇക്കാര്യത്തില്‍ ഇവര്‍ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട്? പ്രത്യേകിച്ചും ആദിവാസി മേഖലകളുള്‍പ്പെട്ട പാലക്കാട് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍…

വിവിധ വകുപ്പുകളില്‍ നിന്നു ലഭ്യമാകുന്ന ട്രൈബല്‍ സബ്പ്ലാന്‍ ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കണമെന്നുള്ള സജീവ ചര്‍ച്ചകളും കൂടിയാലോചനകളും കൃത്യമായും നടക്കുന്നുണ്ടോയെന്നറിയില്ല. ആദിവാസികളുടെ വികസനത്തിനായി ഇപ്പറഞ്ഞ ഫണ്ടുകള്‍ തരപ്പെടുത്തുന്നതിലുള്ള പ്രാപ്തിയും ശുഷ്ക്കാന്തിയും പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണ്.

? ഏതൊക്കെ ഊരുകളിലാണ്  ഏറെ ശിശുമരണമുണ്ടായിട്ടുള്ളത്

വെള്ളകുളം (4 മരണം), നെല്ലിപതി (4 മരണം), മേലെ കയ്യൂര്‍ (4 മരണം) തുടങ്ങിയിടങ്ങളിലാണ് ഏറെ മരണങ്ങളുണ്ടായിട്ടുള്ളത്.

? ഗര്‍ഭിണികളുടേതടക്കമുള്ള ആദിവാസികളുടെ ഭക്ഷണ രീതിയിലുണ്ടായ മാറ്റം വിനയായിട്ടുണ്ടോ

അരി ഭക്ഷണമാണിപ്പോള്‍ ഇവര്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. അരിഭക്ഷണത്തില്‍ നിന്നുള്ള പോഷകാഹാരങ്ങള്‍ മാത്രം പോരല്ലോ ഗര്‍ഭിണികള്‍ക്ക്. പരമ്പരാഗത കൃഷിയും ആഹാര രീതിയും അവഗണിക്കപ്പെട്ടത് ദോഷകരമായിട്ടുണ്ട്. ആദിവാസികളുടെ ആവാസ വ്യവസ്ഥ തിരിച്ചുനല്‍കപ്പെടുന്നു വെങ്കില്‍ മാത്രമെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ.ATTAPADY excise office

? മദ്യ നിരോധനത്തെക്കുറിച്ച് ……..

ഇവിടെ ഇപ്പോള്‍ മദ്യത്തിന്റെ ലഭ്യതക്ക് ഒട്ടും കുറവില്ല. ആദിവാസികള്‍ക്ക് അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മദ്യം മുഖ്യമാണ്. അതിനായി അവര്‍ കാട്ടിലെ മരത്തിന്റെ തൊലിയടക്കമുള്ളവ ഉപയോഗിച്ചാണ് മദ്യമുണ്ടാക്കിയിരുന്നത്. ഇന്ന് പക്ഷേ ബാറ്ററിയടക്കമുള്ള മാരകമായ രാസവസ്തുക്കള്‍ കലക്കിയാണ് മദ്യം നിര്‍മ്മിക്കുന്നത്. ഇത് പക്ഷേ പിടികൂടുന്നതില്‍ എക്‌സൈസ് വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പറയാനാകില്ല. റെയ്ഡിന് എത്തുംമുമ്പ് തന്നെ ചാരായങ്ങളുണ്ടാക്കുന്നവര്‍ക്ക് വിവരം ലഭിക്കുമെന്ന അവസ്ഥയാണ്.

? അഹാഡ്‌സിന്റെ പങ്ക് അട്ടപ്പാടിയിലെ ആദിവാസി വികസനത്തില്‍ എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ട്

ആദിവാസികളുടെ ഭൂമി കൃഷി യോഗ്യമാക്കുന്നതില്‍ അഹാഡ്‌സ് മുന്‍കൈയെടുത്തിരുന്നുവെങ്കില്‍ ആദിവാസികളുടെ ജീവിതാവസ്ഥ മറ്റൊന്നാകുമായിരുന്നു. അത് പക്ഷേ ഉണ്ടായില്ല. കൃഷിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് കുറേയധികം ആദിവാസികളെ അഹാഡ്‌സിന്റെ ശമ്പളം പറ്റുന്നവരാക്കി. മൊത്തം 250 കോടിയോളം ചെലവാക്കിയെന്നാണ് കണക്ക്. അഹാഡ്‌സിന്റെ 16 വര്‍ഷക്കാലത്തിനുള്ളില്‍ മൊത്തം ചെലവഴിക്കപ്പെട്ട തുകയുടെ 50 ശതമാനം അഡ്മിനിസ്‌ടേറ്റീവ് ചെലവുകള്‍ക്കാണ് വിനിയോഗിച്ചത്.

? അഹാഡ്‌സ് നിര്‍വ്വീര്യമാക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ആദിവാസി വികസന പ്രക്രിയയില്‍ ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടോATTAPADY ahads board

ഒരു ശൂന്യതയുമില്ല. കാരണം, തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെട്ടിട്ടുണ്ട്. കൂലിയിനത്തില്‍ കഴിഞ്ഞ വര്‍ഷം 10 കോടി രൂപ നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ചെലവ് വെറും മൂന്നു ശതമാനം മാത്രമാണ്. തൊഴിലുറപ്പിലൂടെ ആദിവാസികളുടെ ഭൂമി കൃഷിയോഗ്യമാക്കപ്പെടുന്നു. അതോടൊപ്പം കൃഷി, വൈദ്യുതി വകുപ്പുകള്‍ മുന്നോട്ടുവന്നാല്‍ ആദിവാസികളുടെ കാര്‍ഷികവൃത്തി ശക്തിപ്പെടും. അതുകൊണ്ടുതന്നെ ഇനിയുള്ളകാലം അഹാഡ്‌സിന്റെ ആവശ്യകതയില്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

? 40 ശതമാനം ആദിവാസികളുള്ള അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കപ്പെടേണ്ടതിന്റെ ആവശ്യകത സമകാലിക സാഹചര്യത്തില്‍ പരിഗണിക്കപ്പെടേണ്ടതല്ലേ

ഇതേക്കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. പട്ടികപ്രദേശ (ഷെഡ്യൂള്‍ഡ് ഏരിയ) മാക്കുന്നതിലൂടെ അധികാരം ആദിവാസികളില്‍ അധിഷ്ഠിതമാകും. ഇപ്പോള്‍ ആദിവാസികളുെട വസ്തുവഹകള്‍ കയ്യടക്കിവച്ചിട്ടുള്ളവരും രാഷ്ട്രീയാധികാര ശക്തികളുമാണ് അവര്‍ക്ക് എന്ത് വേണം എന്ത് വേണ്ട എന്നൊക്കെ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും. ഈയവസ്ഥക്ക് കാതലായ മാറ്റം വരണമെങ്കില്‍ അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും സമകാലിക ഭരണ വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍. ഗ്രാമ പഞ്ചായത്ത് ഭരണസമിതികളല്‍ രണ്ടെണ്ണത്തിലെ പ്രസിഡണ്ടുമാര്‍ ആദിവാസികളാണ്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറും ഗ്രാമ പഞ്ചായത്തിംഗങ്ങളിലും നല്ലൊരു വിഭാഗം ആദിവാസികളാണ്. ഭരണ നിര്‍വ്വഹണ കാര്യങ്ങള്‍ പക്ഷേ അവരുടെ ഇഛക്കനുസരിച്ചല്ല നടക്കുന്നത്. ഈയവസ്ഥക്ക് മാറ്റമെന്ന നിലയിലാണ് അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത ശക്തിപ്പെടുന്നത്. പട്ടിക പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നതോടെ അധികാരം കൈവരുന്ന ആദിവാസി ഗ്രാമസഭകള്‍ക്കായിരിക്കണം പ്രത്യേക പാക്കേജ് നടത്തിപ്പ്. എങ്കില്‍ മാത്രമേ അട്ടപ്പാടിയുടെ വികസന പ്രക്രിയയ്ക്ക് ഒരു പുതു ഉണര്‍വ്വ് കൈവരൂ.

(അഭിമുഖം : 19.05.2013)

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…