ATPADY Vikasana Rekaഅട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ സ്ഥാനം ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍!ജനപ്രതിനിധികളുടെ കാര്യശേഷിയും ഭരണപരിചയവും ജാതിയും മതവുമൊക്കെ നോക്കി തിട്ടപ്പെടുത്തിയിട്ടായിരിക്കും ഉദ്യോഗസ്ഥര്‍ തങ്ങളുടെആധിപത്യം സ്ഥാപിക്കുക

ട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 12-ാം പഞ്ചവത്സര പദ്ധതി (2012-17) കരട് വികസന രേഖ അബദ്ധങ്ങളുടെ രേഖയാണ്. അബദ്ധങ്ങളുടെ രേഖയുടെ അഞ്ചാം പേജില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുടെ ബഹുവര്‍ണ്ണ ചിത്രങ്ങളുണ്ട്. എന്നാല്‍ അടുത്ത ബഹുവര്‍ണ്ണ പേജില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പി.സി. ബാലഗോപാലിന്റെ (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി) ന്റെ നെടുങ്കന്‍ ചിത്രം. അതിനുതൊട്ടുതാഴെ തെല്ലുവലുപ്പം കുറയാതെ പി.വി.രാധാകൃഷ്ണന്റെയും (ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍-ഇപ്പോള്‍ ഇദ്ദേഹമാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഐടിഡിപി ഓഫീസറുമാണ്). അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ സ്ഥാനം ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍! ഉദ്യോഗസ്ഥര്‍ ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കീഴിലാണെന്നാണ് വെയ്പ്. ഉദ്യോഗസ്ഥവൃന്ദം ഇന്ത്യന്‍ ഭരണസംവിധാനങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയിലൊതുക്കുന്ന കാഴ്ച ഒട്ടും പുതുമയുള്ളതല്ലെന്ന് കാണാതിരിക്കുന്നില്ല. ജനപ്രതിനിധികളുടെ കാര്യശേഷിയും ഭരണപരിചയവും ജാതിയും മതവുമൊക്കെ നോക്കി തിട്ടപ്പെടുത്തിയിട്ടായിരിക്കും ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുക.

2011 പൊതുസെന്‍സ് റിപ്പോര്‍ട്ട് 2013 ആയിട്ടും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് അത് ഇനിയും ലഭ്യമാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ കരട് വികസനരേഖയില്‍ നല്‍കിയിട്ടുള്ള അട്ടപ്പാടി ജനസംഖ്യാകണക്ക് 1951 മുതല്‍ 2001 വരെയുള്ള സെന്‍സസിലേതാണ്.1951 അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 90.26 ശതമാനമായിരുന്നു. എന്നാലത് 2001 ലെത്തിയപ്പോള്‍ 42 ശതമാനമായി ചുരുങ്ങിയെന്ന് കരട് വികസനരേഖയില്‍ വ്യക്തം. 1961, 1991, 1998(?)2001 എന്നീ സെന്‍സസുകളിലെ മൊത്തം ജനസംഖ്യ പട്ടികവര്‍ഗ്ഗ ജനസംഖ്യയും പട്ടിക വര്‍ഗ്ഗേതര ജനസംഖ്യയും കൂട്ടുമ്പോള്‍ പൊരുത്തപ്പെടുന്നില്ല. ജനസംഖ്യാകണക്ക് സര്‍ക്കാരിന്റെ ഏത് ആധികാരിക രേഖ പ്രകാരമാണെന്ന് വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല, 1998 ലെ ജനസംഖ്യാകണക്ക് എവിടെനിന്ന് ലഭിച്ചുവെന്നതും വ്യക്തമാക്കിയിട്ടില്ല.

കരട് വികസനരേഖ അദ്ധ്യായം മൂന്നിലും (പേജ് 23) ജനസംഖ്യാ കണക്കുണ്ട്. അതിലാകട്ടെ 1998 ലെ ജനസംഖ്യ കണക്കില്ലതാനും. പേജ് 11 ല്‍ നല്‍കിയിട്ടുള്ള 1961 ലെ ജനസംഖ്യാ കണക്കല്ല പേജ് 23 ലേത്. പട്ടികവര്‍ഗ്ഗ ജനസംഖ്യയും പട്ടിക വര്‍ഗ്ഗേതര ജനസംഖ്യയും കൂട്ടുമ്പോള്‍ മൊത്തം ജനസംഖ്യയുമായി പൊരുത്തപ്പെടുന്നില്ലെന്നത് 23-ാം പേജിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ശതമാനകണക്കും തെറ്റാണ്. അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഭരണം കയ്യാളുന്ന ജനപ്രതിനിധികള്‍ക്കും അട്ടപ്പാടിയില്‍ കൃത്യമായി എത്ര ജനസംഖ്യയുണ്ടെന്നുപോലുമറിയില്ലെന്നതിന്റെ അടിസ്ഥാന രേഖയാണ് ഈ കരട് വികസന രേഖ.

പ്രോജക്ടുകളും അവയുടെ വിശദാംശങ്ങളും (32 മുതല്‍ 53 പേജ് വരെ) എന്ന പേജുകള്‍ മറിക്കുമ്പോഴാണ് കരട് വികസന രേഖയില്‍ നിരത്തുന്ന പ്രോജക്ട് വിശദാംശങ്ങളില്‍ ഒന്നുംതന്നെയില്ലെന്ന് വ്യക്തമാകുക. ഇങ്ങനെതന്നെ വേണം ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും മികവിന്റെ കരട് രേഖ. കരട് രേഖകളങ്ങനെയൊക്കെയാണെങ്കിലും അസ്സല്‍ വികസനരേഖയുടെ മേന്മയും ആധികാരികതയും കാണാന്‍ തയ്യാറായിരുന്നുകൊള്ളൂയെന്നാകും ഇതുവായിക്കുമ്പോള്‍ ഒരു പക്ഷേ അബദ്ധങ്ങളുടെ രേഖ തയ്യാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഉദ്യോഗസ്ഥരുടെ മനസ്സിലുയരുക. നല്ലത് തന്നെ. പക്ഷേ ഇനിയെങ്കിലും മുന്‍കാല വികസനരേഖകളുടെ ഇലക്‌ട്രോണിക് ഫയല്‍ കോപ്പി പെയ്‌സറ്റ് ചെയ്തുള്ള വികസനരേഖ തയ്യാറാക്കല്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍ നികുതിദായകരോടുള്ള കടുത്ത വെല്ലുവിളിയായി ഇനിയുമത് അവശേഷിക്കും.

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan           (അഭിമുഖം : 20.05.2013)

Interview with KK Usha, Attapadi Block Panchayth Chair Person, sketches out the central issues related to the  burgeoning  infant deaths in Attapadi in Kerala and Malayalam Weekly has serialized the Research paper on Attapadi in  June 21 & 28, 2013 issues  

അവഗണിക്കപ്പെടാന്‍ മാത്രം ഒരു വര്‍ഗ്ഗം – കെ.കെ. ഉഷാരാജു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ATTAPADY USHA with phn pnews

ന്ത്യയിലെ ഗ്രാമീണ ജനതയെ പ്രത്യേകിച്ചും പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളെയും സ്ത്രീകളെയും അധികാരത്തില്‍ പങ്കാളികളാക്കി ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ശാക്തീകരിക്കുക, വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ഗ്രാമങ്ങളുടെ വികസന പ്രക്രിയയില്‍ ഗ്രാമവാസികളെ പങ്കാളികളാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ പാര്‍ലമെന്റ് 73-ാം ഭരണ ഭേദഗതി പാസ്സാക്കിയത്. 73-ാം ഭരണ ഭേദഗതിയിലൂടെ നിലവില്‍ വന്ന പഞ്ചായത്തീരാജ് സംവിധാനം 2012 ഡിസംബര്‍ 10 ന് 20 വര്‍ഷം പിന്നിട്ടു. ഈ വേളയിലും പക്ഷേ പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്തെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

രാഷ്ട്രീയക്കാരാലും ജില്ലാ കളക്ടറമാരടക്കമുള്ള ഉദ്യോഗസ്ഥരാലും ആദിവാസിയാണെന്നതിനാല്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ കെ.കെ. ഉഷാ രാജു അവഹേളിക്കപ്പെടുന്നതിന്റേയും അവഗണിക്കപ്പെടുന്നതിന്റേയും നേര്‍ചിത്രമാണ് ഈ അഭിമുഖത്തില്‍ തെളിയുന്നത്. രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും ജാതി കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നുവെന്നതിന്റെ മറ്റൊരു തെളിവുകൂടിയാണ് ആദിവാസിയായ ഉഷയുടെ (ദുര)നുഭവങ്ങള്‍.

? ശിശുമരണങ്ങള്‍ക്ക് കാരണമെന്ത്

പോഷകാഹാരക്കുറവിന്റെ കാരണമായി മാത്രം ശിശുമരണങ്ങളെ കാണാനാവില്ലെന്നാണ് എന്റെ അഭിപ്രായം. ആദിവാസി പെണ്‍കുട്ടികള്‍ പൊതുവേ നന്നേ ചെറുപ്പത്തില്‍ വിവാഹിതരാവുകയാണ്. ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ തക്ക ആരോഗ്യസ്ഥിതിയുള്ളവരല്ല ചെറുപ്രായത്തില്‍ തന്നെ വിവാഹിതരാകുന്ന പെണ്‍കുട്ടികളിലേറെയും. ഇതിലുപരി, അവരുടെ ഭര്‍ത്താക്കന്മാരുടെ ആരോഗ്യവും പരിതാപകരമാണ്. അമ്മയും അച്ഛനും ആരോഗ്യമുള്ളവരാണെങ്കിലേ ആരോഗ്യമുള്ള കുഞ്ഞുണ്ടാകൂ. മദ്യത്തിന്റേയും കഞ്ചാവിന്റേയും പിടിയിലാണ് ഇവിടത്തെ പുരുഷന്മാരേറെയും. അവര്‍ക്ക് എങ്ങനെയാണ് ആരോഗ്യമുള്ള കുഞ്ഞുണ്ടാവുക.

? ശുദ്ധമായ കുടിവെള്ളം ഉണ്ടോ

ഇപ്പോള്‍ ശുദ്ധമായ കുടിവെള്ളമില്ല. അട്ടപ്പാടിയില്‍ മഴയില്ല. കൂട്ടത്തില്‍ മരം മുറിക്കുന്നത് വ്യാപകം. ശിരുവാണി പുഴയും ഭവാനി പുഴയുമുണ്ട്. ഈ പുഴകളുടെ ഇരു കരകളിലും വാഴകൃഷിയും പച്ചക്കറി കൃഷിയുമാണ്. ഇതിനുപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും പുഴകളിലേക്ക് ഒലിച്ചിറങ്ങി ഇവയെ മലിനീകരിക്കുന്നു. കിണറുകളിലും കുഴല്‍ കിണറുകളിലും ഈ മലിനീകരിക്കപ്പെട്ട വെള്ളമാണെത്തുന്നത്.

? അങ്കണ്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍

ഫണ്ടുകളുടെ അഭാവം അങ്കണ്‍വാടികളുടെ പ്രവര്‍ത്തനത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തെ മുന്‍നിര്‍ത്തി സമീകൃത ആഹാരം വിതരണം കാര്യക്ഷമമായിരുന്നില്ല. ഇപ്പോള്‍ മാറിയ സാഹചര്യത്തില്‍ പാലും പഴവും മുട്ടയും വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

? കുടുംബശ്രീ മുഖേന അങ്കണ്‍ വാടികളില്‍ വിതരണം ചെയ്ത സമീകൃത പോഷകാഹാരം ഗുണനിലവാരമില്ലാത്തതാണെന്ന കണ്ടെത്തലുണ്ട്……

ശരിയാണത്. കടലയും സോയാബിനും മറ്റുമാണ് അതില്‍ ചേര്‍ക്കുന്നത്. പിന്നെ, കുടുംബശ്രീ നടത്തിപ്പുകാര്‍ ഇക്കാര്യത്തില്‍ അഴിമതിയും വെട്ടിപ്പും നടത്തിയിട്ടുണ്ടെന്നതിനെക്കുറിച്ച് ഞാന്‍ പ്രതികരിക്കാനില്ല.

? അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ പോകുന്നു. അത് പുതിയൊരു മാറ്റത്തിന് തുടക്കമാണെന്ന് പറയാനാകുമോ

പുതിയൊരു മാറ്റമല്ല പഴയതിലേക്കുള്ള തിരിച്ചുപോക്കാണ് ആവശ്യം. അതായത് റാഗി, ചാമ, പയറ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്തിരുന്ന പരമ്പരാഗത കൃഷി ശീലത്തിലേക്ക് അട്ടപ്പാടിയെ മടക്കിക്കൊണ്ടുവരുന്നതിനായിരിക്കണം പ്രത്യേക പാക്കേജ് ഊന്നല്‍ നല്‍കേണ്ടത്. ആദിവാസികളുടെ ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ പരമ്പരാഗത കൃഷിരീതിയിലേക്കും ആഹാരശീലത്തിലേക്കുമുള്ള പിന്മടക്കമാണ് ആവശ്യം.

? ആദിവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വികസനപ്രക്രിയയില്‍ മാറി മാറി വന്നിട്ടുള്ള സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടുണ്ടെന്ന് അഭിപ്രായമുണ്ടോ

പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും വരുന്നത്. അട്ടപ്പാടിയിലെ ആശുപത്രികളിലെ അസൗകര്യങ്ങള്‍, വനിതാ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ അനാസ്ഥ, ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് ഇതെല്ലാം കാലാകാലങ്ങളില്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതൊന്നും പക്ഷേ മുഖവിലക്കെടുക്കാന്‍ ആരും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെയാണ് അട്ടപ്പാടിയ്ക്ക് ഈ ദുര്‍ഗതിയുണ്ടായത്.

? അട്ടപ്പാടിയില്‍ വനിതാ ഡോക്ടര്‍മാരുടെ പ്രത്യേകിച്ചും വനിതാ ഡോക്ടര്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണോ

അട്ടപ്പാടിയില്‍ വനിതാ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്ന് തന്നെ പറയാം. ഇനി അഥവാ ഇവിടേക്ക് പോസ്റ്റ് ചെയ്യപ്പെട്ടാല്‍ തന്നെ ജോയിന്‍ ചെയ്ത് അവര്‍ ലീവെടുത്ത് പോകും. അര്‍പ്പണബോധത്തോടൊപ്പം കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയും സന്മനസ്സുള്ള ഡോക്ടര്‍മാര്‍ പ്രത്യേകിച്ചും വനിതാ ഡോക്ടര്‍മാരുടെ നിയമനം അനിവാര്യമാണ്. ഇതിലുപരി അട്ടപ്പാടിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവാസ്പത്രിയും ആരംഭിക്കണം.

? അട്ടപ്പാടിയിലെ ട്രൈബല്‍ ഹോസ്റ്റലുകളുടെ അവസ്ഥയെന്താണ്

ഇവിടത്തെ കുട്ടികളെയെല്ലാം പുറത്തുകൊണ്ടുപോയി പഠിപ്പിക്കേണ്ട അവസ്ഥയാണ്. ഇവിടെ ആദിവാസി കുട്ടികള്‍ക്കായി മൂന്ന് ഹോസ്റ്റലുകളുണ്ട്. 80 കുട്ടികളെ അക്കമഡേറ്റ് ചെയ്യാനുള്ള സൗകര്യമേയുള്ളൂ. എന്നാല്‍ ഓരോന്നിലും 140 നും 150 നുമിടയില്‍ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നു. അധികമായി കുട്ടികളെ പാര്‍പ്പിക്കുന്നതിലൂടെ അവരുടെ ആരോഗ്യത്തെയും പഠനത്തെയും ഗുരുതരമായി ബാധിക്കുന്നു. ആദിവാസി കുട്ടികള്‍ക്കുമുള്ള വിദ്യാലയങ്ങളും കുറവാണ്. അതുകൊണ്ടാണ് കുട്ടികള്‍ക്ക് പുറത്തുപോയി പഠിക്കേണ്ടി വരുന്നത്. സ്വകാര്യസ്കൂളുകളുണ്ട്. പക്ഷേ ആദിവാസികള്‍ക്ക് അത്തരം സ്കൂളുകളിലെ ഫീസും ഡൊണേഷനുമൊക്കെ താങ്ങാവുന്നതിനുമപ്പുറമാണ്.

? ദുര്‍ബ്ബല/പിന്നോക്ക സാമ്പത്തിക വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് 25 ശതമാനം സീറ്റും സ്വകാര്യ സ്കൂളുകളില്‍ പ്രവേശനം നല്‍കണമെന്നും അവരുടെ ഫീസ് സര്‍ക്കാര്‍ സബ്ബ്‌സിഡിയായി നല്‍കുമെന്നൊക്കെ 2009 ലെ വിദ്യാഭ്യാസ നിയമം അനുശാസിക്കുന്നുണ്ട്. അയല്‍പക്ക വിദ്യാഭ്യാസരീതി ( ചലശഴവയീൗൃവീീറ) പ്രോത്സാഹിപ്പിക്കുകയെന്നത് വിദ്യാഭ്യാസവകാശ നിയമം ലക്ഷ്യമാക്കുന്നുണ്ട്. ഈ നിയമം അട്ടപ്പാടിയില്‍ പ്രാബല്യത്തിലുണ്ടോ

ഇതേക്കുറിച്ച് ഉദ്യോഗസ്ഥരാരും ഇവിടെ പറഞ്ഞിട്ടില്ല. ചര്‍ച്ച ചെയ്തിട്ടുമില്ല. അതേസമയം, ചുരുക്കം ചില ആദിവാസികുട്ടികള്‍ വന്‍തുക ഫീസും ഡോണേഷനുമൊക്കെ നല്‍കി സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കും തന്നെ പക്ഷേ ഇപ്പറഞ്ഞ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.

? ഗ്രാമസഭകൡ ആദിവാസികളുടെ പങ്കാളിത്തം സജീവമാണോ

ആദിവാസികള്‍ ഗ്രാമസഭയില്‍ പങ്കാളികളാകണമെന്നില്ല. ഊരുകൂട്ടങ്ങളിലാണ് ആദിവാസി വികസന പ്രക്രിയകള്‍ ചര്‍ച്ച ചെയ്യുന്നത്. പക്ഷേ ഊരുകൂട്ടങ്ങളുടെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും അമ്പതുശതമാനത്തിന് താഴെ മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ഊരുകൂട്ടങ്ങളെ വേണ്ടത്ര പരിഗണിക്കുന്നുണ്ടെന്ന് പറയാനാകില്ല.

? ഇപ്പറഞ്ഞതില്‍ നിന്ന് ആദിവാസികള്‍ക്ക് പ്രാമുഖ്യമുള്ള അട്ടപ്പാടിയിലെ വികസന പ്രക്രിയയില്‍ നിന്ന് ആദിവാസികളെ ഏറെക്കൂറെ അകറ്റി നിറുത്തിയിരിക്കുന്നുവെന്ന് തന്നെയല്ലേ വായിച്ചെടുക്കേണ്ടത്

വികസന കാര്യത്തില്‍ ആദിവാസികളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഏറിയകൂറും ഇടം പിടിക്കുന്നില്ലെന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

? ആദിവാസി വികസനത്തിനായി കോടികളുടെ ഫണ്ട് വിനിയോഗിക്കപ്പെടുന്നുണ്ട്. അതൊന്നും പക്ഷേ ലക്ഷ്യം കാണുന്നില്ലെന്ന് വ്യക്തമല്ലേ

ഫണ്ടുകളുടെയെല്ലാം ഗുണങ്ങള്‍ തന്നെ പുറത്തുള്ളവര്‍ക്കാണ് കിട്ടുന്നത്. ലഭ്യമാകുന്ന ഫണ്ടുകളുപയോഗിച്ച് ആദിവാസികളുടെ ഉന്നമനത്തിനോ ജീവിതനിലവാരമുയര്‍ത്തുവാനോ ഐടിഡിപിയ്‌ക്കോ പഞ്ചായത്തുകള്‍ക്കോ കഴിഞ്ഞിട്ടുണ്ടെന്ന് എനിക്ക് പറയാനാകില്ല.

? ഇപ്പോള്‍ പ്രത്യേക പാക്കേജ് രൂപം കൊടുക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ആദിവാസികളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില്‍ അവ മുഖവിലക്കെടുക്കപ്പെടുമെന്ന് കരുതുന്നുണ്ടോ

പ്രത്യേക പാക്കജിലൂടെ ആദിവാസികളുടെ വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ഊരുകളിലുള്ള ആദിവാസികളോട് അഭിപ്രായം ചോദിക്കണം. അതല്ലെങ്കില്‍ ബ്ലോക്ക് പ്രസിഡന്റും ഒരു ആദിവാസിയെന്ന നിലയിലും ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ കേള്‍ക്കണം. ഇതൊന്നുമില്ലാതെ പ്രഖ്യാപിക്കാന്‍ പോകുന്ന അട്ടപ്പാടി പ്രത്യേക പാക്കേജ് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് പ്രയോജനം ചെയ്യില്ലെന്ന് അധികാരികള്‍ അറിയണം. ഐടിഡിപി ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഇവരെല്ലാം ഊരുകളില്‍ സന്ദര്‍ശിച്ച് ആദിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്തെന്ന് മനസ്സിലാക്കണം. ഊരുകൂട്ടങ്ങൡ ആദിവാസികളുടെ ആവശ്യങ്ങള്‍ അറിയാനും അതിനുമേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ചുമതലപ്പെട്ടവരാണ് ഇപ്പറഞ്ഞ ഉദ്യോഗസ്ഥന്മാര്‍. എന്നാല്‍ ഇവരൊന്നും ഇക്കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത. ട്രൈബല്‍ പ്രമോട്ടര്‍മാരെകൊണ്ട് പരമാവധി പണിചെയ്യിപ്പിച്ചാണ് എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന് ഈ ഉദ്യോഗസ്ഥര്‍ വരുത്തി തീര്‍ക്കുന്നത്.

? ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് ട്രൈബല്‍ പ്രമോട്ടന്മാരുടെ മാത്രം ചുമതലയായി മാറിയിട്ടുണ്ടോ

ഉണ്ട്. മേലുദ്യോഗസ്ഥന്മാരുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാല്‍ പ്രമോട്ടര്‍മാരുടെ ജോലി പോകും. അതുകൊണ്ടു തന്നെ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളെല്ലാം ഈ ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള്‍ക്കപ്പുറത്തേക്ക് പോകില്ല. ഇവരുടെയെല്ലാം വായ്മൂടികെട്ടുകയാണ് ഉദ്യോഗസ്ഥര്‍. ഞങ്ങള്‍ പറയുന്നതാണ് ശരിയെന്ന് ഏതെങ്കിലും ആദിവാസി പറഞ്ഞാല്‍ അവന്റെ ജീവന്‍തന്നെ പ്രശ്‌നത്തിലാകുമെന്ന് അവസ്ഥയാണ്്. അതുകൊണ്ടുതന്നെ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഇപ്പോഴും ഒരു മാറ്റവുമുണ്ടായിട്ടില്ല. ഏന്തെങ്കിലും പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും ആദിവാസികള്‍ മുന്നോട്ട് വന്ന് അവരെ ഏതുവിധേനെയും അടിച്ചമര്‍ത്തും.

? കാര്‍ഷിക മേഖലയില്‍ ഒരുപ്പാട് ആനുകൂല്യങ്ങളുണ്ട്. അതൊക്കെ കരം അടച്ച് രശീതില്ലാതെയും കൃത്യമായ ഭൂരേഖകളില്ലാതെയും ആദിവാസികള്‍ക്ക് അനുവദിക്കപ്പെടുന്നില്ല

കാര്‍ഷിക വൃത്തിയിലേക്ക് ആദിവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോള്‍ തന്നെ കാര്‍ഷിക ആനുകൂല്യങ്ങളെല്ലാം ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. അതേസമയം ആദിവാസി വികസനത്തിന്റെ പേരില്‍ ഇവിടേക്ക് കാര്‍ഷിക സബ്ബ്‌സിഡിയിനത്തിലടക്കം ഒഴുകിയെത്തുന്ന കോടികളുടെ ആനുകൂല്യങ്ങള്‍ ഇവിടത്തെ കുടിയേറ്റക്കാരുടെ കൈകളിലെത്തുന്നുവെന്ന അവസ്ഥ തുടരുകയാണ്. ഇതൊന്നും പക്ഷേ അധികാരികളറിയാതെയൊന്നുമല്ലെന്ന് വ്യക്തമല്ലേ?

? ആദിവാസികളുടെ കയ്യില്‍ ഭൂരേഖയില്ലാത്തതിന്റെ പേരില്‍ കരം അടച്ച് രശീത് ലഭിക്കുന്നില്ല. ആനുകൂല്യങ്ങള്‍ പക്ഷേ കുടിയേറ്റകാര്‍ക്കടക്കമുള്ളവര്‍ക്ക് ലഭിക്കുന്നുണ്ടെല്ലോ

നിയമപ്രകാരം ആദിവാസികളുടെ ഭൂമി കൈമാറ്റം ചെയ്യുവാനോ വില്‍ക്കുവാനോ പാടില്ല. പക്ഷേ നിയമം ലംഘിച്ച് ആദിവാസികളുടെ ഭൂമി വാങ്ങുന്നവര്‍ക്ക് ഭൂരേഖയുണ്ടാക്കികൊടുക്കുന്നതിനും അതിന്റെ പോക്കുവരവ് നടത്തി കരം അടച്ച് രശീത് നല്‍കുന്നതിനും ഒരു തടസ്സവുമില്ല. ഇങ്ങനെ ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ച് തരപ്പെടുത്തുന്ന കരമടച്ച രശീത് ഉപയോഗിച്ചാണ് അട്ടപ്പാടിയിലേക്ക് ഒഴുകിയെത്തുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആദിവാസികളല്ലാത്തവരുടെ കൈകളിലെത്തുന്നത്.

ഭരണത്തിലെ ആദിവാസികള്‍ATPDY Block Pachayth chair person Usha   with others for Pnews

? ആദിവാസിയായ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനോടുള്ള സഹരാഷ്ട്രീയ/ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും സമീപനത്തില്‍ തൃപ്തിയുണ്ടോ

എന്തായിതിന് മറുപടി പറയുക…. എന്തായാലും എന്റെ അനുഭവം വച്ചുനോക്കുമ്പോള്‍ മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള സപ്പോര്‍ട്ടുകളെല്ലാം കുറവാണ്. ആദിവാസിയായതുകൊണ്ട് പ്രസിഡന്റിനെ ഒഴിവാക്കുകയെന്നത് പ്രകടമാണ്. ഭരണപരമായ വിവരങ്ങള്‍ ചോദിച്ചാല്‍ തന്നെ പറഞ്ഞുതരാന്‍ ഉദ്യോഗസ്ഥരും മടിക്കുന്നു. പ്രസിഡന്റ് പദവി എത്രയും പെട്ടെന്ന് തീര്‍ന്നാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് ഞാന്‍. ആദിവാസിയായതുകൊണ്ടുതന്നെ ഈ പദവി മുന്നോട്ടുകൊണ്ടുപോകുന്നതിന് കഴിയില്ല.

? മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പമാണല്ലോ പ്രവര്‍ത്തിക്കുന്നത്. അവരൊക്കെ തന്നെ ആദിവാസിയാണെന്നതിനാല്‍ അവഗണിക്കുന്നുണ്ടല്ലേ

പലകാര്യങ്ങളിലും അഭിപ്രായം പറയാറുണ്ടെങ്കിലും അത് കേള്‍ക്കാറില്ലെന്ന് മാത്രമല്ല എന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. പല വേദികളിലും സന്ദര്‍ഭങ്ങളിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈയിടെ അട്ടപ്പാടിയില്‍ മന്ത്രി മുനീര്‍ പങ്കെടുത്ത ചടങ്ങില്‍വച്ചുപോലും ആദിവാസിയായതുകൊണ്ടുമാത്രം ഞാന്‍ അവഹേളിക്കപ്പെട്ടു. ആദിവാസിയെന്ന നിലയില്‍ നേരിടുന്ന അവഗണനകളും അവഹേളനങ്ങളുമേറ്റുവാങ്ങി ഞാന്‍ മടുത്തു.

? അധികാരം കയ്യില്‍ കിട്ടിയിട്ട് രണ്ടരവര്‍ഷമായി. എന്നിട്ടും ആദിവാസി വികസനത്തിനായി ഒന്നും പ്രവര്‍ത്തിയ്ക്കാനായില്ലെന്ന ദുഃഖമുണ്ടോ

തീര്‍ച്ചയായും നല്ല ദുഃഖമുണ്ട്. ഞാന്‍ അഹാഡ്‌സില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ഊരുകളിലേയും പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം. ഊരുകളിലേക്ക് മന്ത്രിമാരുടെ പിറകെ പോകുന്നു. എന്നാല്‍ യാതൊന്നും അവരോട് സംസാരിക്കാന്‍ ഞാനടക്കമുള്ള ആദിവാസികള്‍ക്ക് അവസരം നല്‍കില്ല. എല്ലാറ്റിന്റെയും പിറകില്‍ തന്നെ നില്‍ക്കേണ്ട അവസ്ഥയാണ്. യഥാര്‍ത്ഥത്തില്‍ ആദിവാസികള്‍ക്ക് രാഷ്ട്രീയമില്ല. വോട്ടുകള്‍ കിട്ടാന്‍ രാഷ്ട്രീയക്കാര്‍ ആദിവാസികളെ വിളിച്ചുകൂട്ടുന്നു. ജയിച്ചുകഴിഞ്ഞാല്‍ പക്ഷേ ഇവര്‍ ആദിവാസികളെ തിരിഞ്ഞുനോക്കുന്നില്ല. പ്രസിഡന്റെന്ന നിലയില്‍ ആദിവാസികള്‍ക്കായി എന്തെങ്കിലും ചെയ്യാമെന്നുവെച്ചാല്‍ അത് അംഗീകരിക്കപ്പെടുയുമില്ല.

? ത്രിതല ഭരണസംവിധാനത്തിന്റെ ജില്ലാ ഉദ്യോഗസ്ഥ മേധാവി കളക്ടറാണല്ലോ? അദ്ദേഹത്തെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കാറുണ്ടോ

ഒരിക്കല്‍ ഞാന്‍ ഞങ്ങളുടെ പാലക്കട് ജില്ലാ കളക്ടര്‍ അസ്ഹര്‍അലി പാഷയെ നേരിട്ട് കാണാന്‍ പോയി. അപ്പോഴുണ്ടായ ദുരനുഭവം ഞാനിപ്പോഴും മറന്നിട്ടില്ല. ‘ഞാന്‍ അട്ടപ്പാടിയിലേക്ക് വരുന്നുണ്ടല്ലോ, അട്ടപ്പാടിയിലിരുന്നാല്‍ പോരെ. നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ട് വരുന്നത്? നിങ്ങള്‍ക്ക് ഇങ്ങോട്ടുവരാന്‍ ഭയങ്കര ഇഷ്ടമാണല്ലേ? ‘. ഇങ്ങനെ പറയുന്ന കളക്ടറെപോലുള്ള വലിയ വലിയ ആള്‍ക്കാരോടൊക്കെ ആദിവാസിയായ ഞാനൊക്കെ എന്ത് പറയാന്‍?

? കളക്ടറുടെ ഭാഗത്തുനിന്ന് ഇത്തരം ദുരനുഭവം എത്ര തവണയുണ്ടായിട്ടുണ്ട്

ഒരു തവണയേ അദ്ദേഹത്തെ കാണാന്‍ പോയിട്ടുള്ളൂ.

? അതോടുകൂടി മതിയായി….

അതെ, അതോടെകൂടി മതിയായി.

? രാഷ്ട്രീയാധികാരത്തില്‍ തുടരുവാനുള്ള മോഹം കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തല്ലികെടുത്തിയല്ലേ

ഉ. ശരിയാണ്. ഇനി രാഷ്ട്രീയാധികാരവും രാഷ്ട്രീയവും വേണ്ട. എങ്കിലും ഞാന്‍ സാമൂഹികരംഗത്തിറങ്ങും, ആദിവാസികള്‍ക്കുവേണ്ടി.

? അധികാരമില്ലെങ്കില്‍ എന്തെങ്കിലും ചെയ്യാനാകുമോ

ഉ. എനിക്ക് അധികാരമില്ലാതെ പ്രവര്‍ത്തിക്കുന്നതായിരിക്കും സുഖം. അധികാരമുണ്ടെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. അതേസമയം തന്നെ അവര്‍ പറയുന്നതെല്ലാം കേള്‍ക്കണം. അധികാരമുണ്ടെങ്കിലും ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് ഏറെ പരിമിതികളുണ്ട്.

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan        (അഭിമുഖം : 20.05.2013)

This interview with KS Krishnankutty, Excise Circle Inspector Agali, discusses the issue of  illicit liquor  in the background of burgeoning  infant deaths in Attapadi in Kerala and Malayalam Weekly has serialized the Research paper on Attapadi in  June 21 & 28, 2013 issues  

സര്‍ക്കാര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കട്ടെ – കെ.എസ്. കൃഷ്ണന്‍കുട്ടി, അഗളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍

ATTAPADY ex inpt with file pnewsട്ടപ്പാടി മദ്യനിരോധന മേഖലയാണ്. പക്ഷേ മദ്യം സുലഭം. ആദിവാസി പുരുഷന്മാര്‍ പണിക്ക് പോകാതെ ഭാര്യകൊണ്ടുവരുന്ന കൂലിയുടെ നല്ലൊരുഭാഗം കൈക്കലാക്കി മദ്യം വാങ്ങി കുടിക്കുന്നു. മദ്യമുണ്ടാക്കി വില്‍ക്കുന്നുവരുമുണ്ട്, ആദിവാസികള്‍ക്കിടയില്‍. വ്യാപകമായ മദ്യപാനം ആദിവാസി പുരുഷന്മാരുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നുകയാണ്. ഇത് അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ഗുരുതമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മദ്യവും കഞ്ചാവുമൊക്കെ വ്യാപകമാകുമ്പോള്‍ അഗളിയിലെ എക്‌സ്‌സൈസ് വിഭാഗമാണ് പ്രതിക്കൂട്ടില്‍. അതുകൊണ്ടുതന്നെ ശിശുമരണങ്ങള്‍ക്ക് കാരണങ്ങളില്‍ എക്‌സ്‌സൈസ് വകുപ്പിന്റെ അനാസ്ഥയും സ്ഥാനം പിടിച്ചിട്ടുണ്ട്.

അട്ടപ്പാടി തീര്‍ത്തുമൊരു വനമേഖലയാണ്. വ്യാജചാരായവും കഞ്ചാവ് കൃഷിയും തടയണമെങ്കില്‍ അവശ്യംവേണ്ട ജീവനക്കാര്‍ വേണം. വാഹനവും. ഡീസല്‍ വാങ്ങുവാനുള്ള പണവും വേണം. ഇപ്പറഞ്ഞതൊന്നും ഇവിടത്തെ എക്‌സ്‌സൈസ് റേഞ്ച് ഓഫീസിലില്ല. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കാണാനും കേള്‍ക്കാനും ആരുമില്ലെന്ന് അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.എന്‍. കൃഷ്ണന്‍കുട്ടി പറയുന്നു.

ഇവിടെ അഗളി, ഷോളയുര്‍ പോലീസ് സ്റ്റേഷനുകളുണ്ട്. അഗളി സര്‍ക്കിള്‍ ഓഫീസും ഡി.വൈ.എസ്.പി ഓഫീസുമുണ്ട്. അട്ടപ്പാടി മേഖലയില്‍ 15 എക്‌സൈസ് ഗാര്‍ഡുകളും നാല് പ്രിവന്റീവ് ഓഫീസര്‍മരും ഒരു ഇന്‍സ്‌പെക്ടറും ഒരു അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറുമാത്രമാണുള്ളത്. വ്യാപകമായ മദ്യമുണ്ടെന്ന് പറയുന്നത് അബ്ബന്നൂരിലാണ്. ഏറ്റവും മലമുകളിലുള്ള അവിടെയത്താന്‍ 60 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം. പിന്നെയും ആറു കിലോമീറ്ററോളം മല നടന്ന് കയറണം. റെയ്ഡിനായി മലകയറാന്‍ തുടങ്ങുമ്പോള്‍ തന്നെ അവര്‍ക്ക് വിവരം കിട്ടുമെന്നതിനാല്‍ റെയ്ഡ് കൊണ്ട് കാര്യമാത്രമായ ഗുണമുണ്ടാകുന്നില്ല. മറ്റൊരു ഊരാണ് മേലെമുള്ളി. അവിടേക്ക് എത്തിപ്പെടണമെങ്കില്‍ 40 കിലോമീറ്റര്‍ താണ്ടണം. ഒരു വണ്ടിയാണുള്ളത്. അതിനുള്ള ഡീസല്‍ വാങ്ങുവാനുള്ള ഫണ്ട് കിട്ടുന്നില്ല. എങ്കിലും ജീവനക്കാര്‍ സ്വന്തം പണം മുടക്കിയാണ് ഡീസല്‍ വാങ്ങുന്നത്.ATTAPADY  excise office pnews

സുരക്ഷിതമായിരുന്ന് ജോലി ചെയ്യാനുള്ള നല്ലൊരു കെട്ടിടമില്ല. ഉള്ളതാകട്ടെ, ഏതു സമയത്തും നിലംപൊത്താമെന്നവസ്ഥയിലും. ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്‌സില്ല. സ്വന്തം കയ്യില്‍ നിന്ന് കാശ് മുടക്കിയുള്ള വാടക കെട്ടിടത്തിലാണ് ഗാര്‍ഡുകളുടെ താമസം. എക്‌സൈസ് ഇന്‍സ്‌പെക്ര്‍ ദിവസം 200 രൂപ വാടക നല്‍കി ഒരു ലോഡ്ജിലാണ് താമസിക്കുന്നത്. പിടിച്ചെടുക്കുന്ന തൊണ്ടി മുതല്‍ സൂക്ഷിക്കുവാനുള്ള സൗകര്യമില്ല. ഇപ്പറഞ്ഞ തീര്‍ത്തും പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്ന് തങ്ങളുടെ ചുമതലകള്‍ പരമാവധി നിര്‍വ്വഹിക്കുന്നുണ്ട്.

പുറത്തുനിന്ന് മദ്യം കൊണ്ടുവരുന്നതിന് തടയിടുന്നതിന്റ ഭാഗമായി ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹന പരിശോധന നടത്തുന്നുണ്ട്. വ്യാജചാരായ റെയ്ഡുകള്‍ക്ക് അഹാഡ്‌സിലുണ്ടായിരുന്ന വാച്ചര്‍മാരുടെ സേവനം വിലമതിക്കത്തക്കതാണ്. തായ്കുലസംഘങ്ങളുടെ സഹകരണവും എടുത്തുപറയേണ്ടതുണ്ട്. വേണ്ടത്ര ഫണ്ടും അനുവദിക്കപ്പെടുന്നില്ലെങ്കിലും മദ്യത്തിന്റെ വിപത്തിനെതിര ആദിവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കാറുണ്ട്.

ഒരു പ്രതിയെ പ്രയാസപ്പെട്ട് പിടികൂടിയാല്‍ തന്നെ അയാളെ മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റിന്റെയോ, ഒറ്റപ്പാലം മജിസ്‌ട്രേറ്റിന്റെയോ, പട്ടാമ്പി മജിസ്‌ട്രേറ്റിന്റെയോ മുന്നില്‍ ഹാജരാക്കി റിമാന്റ് റിപ്പോര്‍ട്ട് വാങ്ങി പാലക്കാട് ജയിലിലെത്തിക്കണം. അതോടെ ആ ദിവസം ഫീല്‍ഡ് പ്രവര്‍ത്തനമില്ല. അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, ജീവനക്കാരുടെ കുറവ് ഇതെല്ലാം പലപ്പോഴായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഒരു നടപടിയുമില്ല. അവശ്യംവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിതരുന്നതിനോടൊപ്പം വേണ്ടത്ര ജീവനക്കാരെകൂടി വിട്ടുതരുകയാണെങ്കില്‍ അഗളി റേഞ്ച് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ കാര്യക്ഷമമാക്കാനാകുമെന്ന് ഇന്‍സ്പ്‌കെട്ര്‍ കൃഷ്ണന്‍കുട്ടി ഉറപ്പിച്ച് പറയുന്നു. അട്ടപ്പാടിയ്ക്കായുള്ള പ്രത്യേക പാക്കേജില്‍ ഇതെല്ലാമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് അഗളിയിലെ എക്‌സൈസുകാര്‍.

കെ.കെ. ശ്രീനിവാസന്‍/ KK Sreenivasan

This research paper, non-edited version,  discusses the core issues related to the burgeoning  Infant deaths in Attapadi in Kerala and Malayalam Weekly has
serialized the same in  June 21 & 28, 2013 issues  1013025_4363746070936_1892204421_n

നാം എന്തെങ്കിലും ചെയ്യുന്നതുവരെ ഗ്രാമങ്ങള്‍ കാത്തിരിക്കട്ടെ എന്ന് കരുതാന്‍ പാടില്ല. ഭരണകൂടങ്ങളെ മാറ്റുവാനും മാറ്റിമറിക്കാനുമുള്ള കഴിവ് അവര്‍ക്കുണ്ട്  – പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു

Nachan  moopan  Nellipathi  - Copy

 ‘ആരോഗ്യകേരള’ത്തിലും’ശുചിത്വ കേരള’ത്തിലും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, ജീവിതശൈലി തുടങ്ങിയ വ്യാധികാളലുളള ആധി തുടരുകയാണ്. തിരുവനന്തപരും എസ്.എ.ടി ആശുപത്രിയില്‍ അണുബാധയേറ്റുള്ള ശിശുമരണങ്ങള്‍ കേരള വികസനമാതൃകയിലെ ആരോഗ്യമേഖലയുടെ അനാരോഗ്യവസ്ഥയെ ഇതിനകം തന്നെ അനാവരണം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അട്ടപ്പാടിയില്‍ പിറന്നുവീഴുന്ന ആദിവാസി കുഞ്ഞുങ്ങളിലേറെയും ആരോഗ്യ/ശുചിത്വ കേരളത്തിന്റെ ആതിഥേയത്വം സ്വീകരിക്കാതെ പരലോകം പൂകുകയാണ്.

കേരളത്തിലെ പ്രധാനപ്പെട്ട ആദിവാസി മേഖലകളിലൊന്നാണ് അട്ടപ്പാടി. അഗളി, പുതൂര്‍, ഷോളയൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളടങ്ങിയതാണ് അട്ടപ്പാടി. 1951 ലെ രാജ്യത്തെ ആദ്യ സെന്‍സസ് പ്രകാരം അട്ടപ്പാടിയിലെ മൊത്തം ജനസംഖ്യ (11300) യില്‍ ആദിവാസി ജനസംഖ്യ (10200) 90.26 ശതമാനമായിരുന്നു. 2001 ലെ സെന്‍സസിലിത് 42 ശതമാനമായി കുത്തനെ കുറഞ്ഞുവെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കരട് വികസന രേഖ (2012-2017) പറയുന്നു. 2011 ലെ സെന്‍സസ് (ലഭ്യമാക്കാനായില്ല) പ്രകാരം ഇത് ഇനിയും കുറഞ്ഞേക്കുമെന്ന് കരുതപ്പെടുന്നു. ഇത്തരമൊരു അവസ്ഥയിലാണ് 2012 ഒക്‌ടോബര്‍ മുതല്‍ അട്ടപ്പാടിയില്‍ ആദിവാസി ശിശുമരണങ്ങളുടെ ആധിക്യം. ഇത് കുറിക്കുംവരെ മരണപ്പെട്ടത് 30ഓളം കുഞ്ഞുങ്ങള്‍.

അട്ടപ്പാടി ആരോഗ്യമേഖല

ആരോഗ്യവകുപ്പിന് കീഴില്‍ അട്ടപ്പാടിയില്‍ 28 സബ് സെന്ററുകളുണ്ട്. ഇവിടെ 28 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍. 28 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍. ഇതിനും പുറമെ 85 ആശാവര്‍ക്കര്‍മാരും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുമുണ്ട്. ഇവരുടെയൊന്നും പ്രവര്‍ത്തനങ്ങള്‍ ഊരുകളിലേക്ക് എത്തിയിട്ടേയില്ല. 28 സബ് സെന്ററുകളില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ താമസിക്കണമെന്നുണ്ട്. അവര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളുണ്ട്. അവര്‍ താമസിക്കുന്നില്ല.

പുതൂര്‍, വട്ട്‌ലക്കി, ഷോളയൂര്‍ ഊരുകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍്. ഇവിടങ്ങളിലെല്ലാം ഡോക്ടര്‍മാരുടെ സേവനം അവതാളത്തിലാണ്. പുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാഹനം ജീവനക്കാരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍്ക്കാണെത്ര ഉപയോഗിക്കുന്നത്. മൂന്നു മൊബൈല്‍ ഡിസ്‌പെന്‍സറികളുമുണ്ട്. ഇതിന് ഒരു ഡോക്ടറും നഴ്‌സുമുള്‍പ്പെടെ ഏഴ് സപ്പോര്‍ ടിങ്ങ് ജീവനക്കാരുണ്ട്. ഒരു ആശുപത്രിയിലെ ജോലിക്കാര്‍ക്ക് തുല്യമായാണ് മൊബൈല്‍ ഡിസ്‌ െപന്‍സറിയിലുള്ളത്. ഊരുകളിലെത്തി ചികിത്സ നല്‍കണമെന്നതാണ് ഇവരുടെ ചുമതല. മാസത്തില്‍ നിശ്ചിത മെഡിക്കല്‍ ക്യാമ്പുകള്‍ ഇവര്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മരുന്നുകളുള്‍പ്പെടെയൂളളവയാണ് ഈ മൊബൈല്‍ യൂണിറ്റുകള്‍.

ഇലച്ചിവഴി, പാടവയല്‍ ഊരുകളില്‍ ഐടിഡിപി ക്ലിനിക്കുകള്‍. രോഗികളെ ഊരുകളില്‍ നിന്ന് ആശുപത്രികളിലെത്തിക്കുന്നതിനും വിദഗ്ദ്ധ ചികിത്സക്കായ അട്ടപ്പാടിക്ക് പുറത്തുള്ള ആശുപത്രിലെത്തിക്കുന്നതിനും ഐടിഡിപിയുടെ സൗജന്യ വാഹന സൗകര്യങ്ങള്‍. അഗളിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സാമൂഹ്യ ആരോഗ്യകേന്ദ്രം. കോട്ടത്തറയില്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. നാല് ഹോമിയോ ഡിസ്‌പെന്‍സറികള്‍. മൂന്ന് ആയുര്‍വ്വേദ ആശുപത്രികള്‍. അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുടെ ചിത്രമാണിത് . ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും ശിശുമരണങ്ങളേറുന്നതിന്റെ മൗലിക കാരണങ്ങള്‍ തേടേണ്ടതുണ്ട്.

മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളുടെ തൂക്കകുറവ്, ഗര്‍ഭാവസ്ഥയില്‍ വിളര്‍ച്ച, അണുബാധ, പോഷകാഹാരാകുറവ് തുടങ്ങിയവയാണ് ശിശുമരണങ്ങള്‍ക്ക് മുഖ്യകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗര്‍ഭധാരണത്തിനുശേഷമുള്ള ആദ്യ മൂന്നുമാസങ്ങളിലെ പരിശോധനകളും പ്രതിരോധകുത്തിവെയ്പുകളും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് അനിവാര്യം. ഇക്കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തോടെയുള്ള ഇടപെടലുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ടെങ്കിലേ ആദിവാസികളായ ഗര്‍ഭിണി സമയാസമയങ്ങളിലുള്ള പരിശോധനകള്‍ക്കും കുത്തിവെയ്പുകള്‍ക്കും തയ്യാറാകൂ. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചകുറവടക്കമുള്ള പ്രശ്‌നങ്ങള്‍ കൂടെകൂടെയുള്ള പരിശോധനകളിലൂടെ മാത്രമെ വ്യക്തമാകൂ. ആരോഗ്യകേന്ദ്രങ്ങളിലെത്തുന്ന ഗര്‍ഭിണികളെ പരിശോധിക്കുന്നത് പക്ഷേ ഏറിയകൂറും ജൂനിയര്‍ ഹെല്‍ത്ത് നേഴ്‌സുമാരാണ്. അവരാകട്ടെ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും ആരോഗ്യാവസ്ഥയും തിട്ടപ്പെടുത്തുന്നതില്‍ പ്രാപ്തരല്ല അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് ഇപ്പറഞ്ഞതുകൂടി കാരണമാകുന്നുണ്ടോയന്നതും പരിശോധിക്കപ്പെടണം.

മന്ത്രിക്ക് നല്‍കിയ വിശദീകരണം

അട്ടപ്പാടിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരുമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ഗുരുതരമായ അനാസ്ഥ സമകാലിക ശിശുമരണങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അക്കാര്യങ്ങളെല്ലാം 2012 സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് അട്ടപ്പാടി സംയോജിത ആദിവാസി വികസന പദ്ധതി (ഐടിഡിപി) ഓഫീസര്‍ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിക്ക് സമര്‍പ്പിച്ച വിശദീകരണ(1)ത്തില്‍ കൃത്യമായി തന്നെ അടിവരയിടുന്നു.

ആരോഗ്യവകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരുടെയും ആശാവര്‍ക്കര്‍മാരുടേയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. ആരോഗ്യവകുപ്പിന്റെ മൂന്നു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഐടിഡിപിയുടെ കീഴിലുള്ള രണ്ട് ക്ലിനിക്കുകളിലായി ഒരു ഡോക്ടറെയുള്ളൂ. അതും കരാര്‍ വ്യവവസ്ഥയില്‍. ഡോക്ടര്‍മാര്‍ക്ക് തുഛമായ ശമ്പളം. അതുകൊണ്ട് ഡോക്ടര്‍മാരെ ലഭിക്കുന്നില്ല. എസ്.ടി പ്രൊമോട്ടമാര്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര അറിവില്ല. അതിനാല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.

സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള അട്ടപ്പാടിയില്‍ 126 അങ്കണ്‍വാടികളുണ്ട്. അങ്കണ്‍വാടികളിലൂടെ നടത്തുന്ന പൂരകപോഷകാഹാര വിതരണം ഫലപ്രദമല്ല. ഗോതമ്പും ഉപ്പുമാവും ചെറുപയറുമല്ലാതെ പാലും മുട്ടയും പഴവും നല്‍കുന്നില്ല. ഗര്‍ഭിണിള്‍, മൂലയൂട്ടുന്ന അമ്മമാര്‍, ആറുവയസിന് താഴെയുള്ള കുട്ടികള്‍, കൗമാരപ്രായ പെണ്‍കുട്ടികള്‍ ഇവര്‍ക്കൊന്നും അങ്കണ്‍വാടിയിലൂടെ പോഷകാഹാരമോ, വൈദ്യസഹായങ്ങളോ നല്‍കുന്നില്ല.

ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുടെ കെടുകാര്യസ്ഥതയും ഗുരുതരമായ അനാസ്ഥയും ഇവ തമ്മിലുള്ള ഏകോപിത പ്രവര്‍ത്തനങ്ങളുടെ അഭാവവും അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്ന് അക്കമിട്ട് നിരത്തപ്പെടുന്നു. അതേസമയം തന്നെ ഇക്കാര്യത്തില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ചൊരു പങ്കുമില്ലെന്നാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഐടിഡിപി പ്രൊജക്ട് ഓഫീസറുമായ ഉദ്യോഗസ്ഥന്റെ വിശദീകരണങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്.

പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍

ഭരണഘടനയുടെ 73-ാം ഭേദഗതിയിലൂടെ നിലവില്‍ വന്ന പഞ്ചായത്തീരാജ് സ്ഥാപനങ്ങളെയാണ് (Panchayathi Raj Institutions- PRIs) ദേശീയ വികസനധാരയുമായ ഗ്രാമീണ വികസനത്തെ അരക്കിട്ടുറപ്പിക്കുകയെന്ന അതീവ ഗൗരവമേറിയ ഉത്തരവാദിത്തവും ചുമതലകളുമേല്പിച്ചിരിക്കുന്നത്. വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയും വികസന പ്രക്രികയിലൂടെയുമുളള ഗ്രാമീണ വികസനത്തില്‍ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളെയും വനിതകളുടെ വികസനത്തിന് പ്രത്യേകം ഊന്നല്‍ നല്‍കുവാന്‍ ചുമതലയുള്ളവരുമാണ് പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍.

1993 മെയില്‍ പഞ്ചായത്തീരാജ് സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ മാറിമാറി വന്നിട്ടുള്ള ദേശീയ സര്‍ക്കാരുകള്‍, പ്രത്യേകിച്ചും യുപിഎ ഒന്നുംരണ്ടും സര്‍ക്കാരുകള്‍, ഗ്രാമീണ വികസനത്തെ മുന്‍നിറുത്തി ശ്രദ്ധേയമായ പദ്ധതികളാണ് ആവിഷ്്കരിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി ദേശീയ തൊഴില്‍ദാന പദ്ധതി, ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, റോഡുവികസനം (പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്് യോജന പദ്ധതി), ചെറുകിട ജലസേചനം, കുടിവെള്ളം-ശുചിത്വം, വൈദ്യുതീകരണം, ഭവനനിര്‍മ്മാണം, ടെലിഫോണ്‍ കണക്ടിവിറ്റി വ്യാപനം എന്നീവയുള്‍പ്പെടുത്തി ഭാരത് നിര്‍മ്മാണ്‍ എന്നുപേരിട്ടിട്ടുള്ള ഗ്രാമീണ വികസന പദ്ധതികള്‍, ഗ്രാമീണ ഉപജീവനോപാധി മിഷന്‍, സംയോജിത ശിശുവികസന പദ്ധതി (ഐസിഡിഎസ്). ഇതിനുപുറമെ ട്രൈബല്‍ സബ്ബ് പ്ലാനനി (Tribal Sub Plan) ടക്കം മൊത്തം 1,33,360 കോടി രൂപയാണ് 2012-13 ദേശീയ ബഡ്ജറ്റിലുള്‍പ്പെടുത്തിയത് (table 01 )(2)പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിലാണ്  ഇവയിലേറെയൂം.

                                            ദേശീയ ബഡ്ജറ്റ് 2012-2013
             ഇനം  ഇനം തുക (കോടി)  %(കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്)
1.     ട്രൈബല്‍ സബ്ബ് പ്ലാന്‍   21,710    17 %
2.    ഐസി.ഡി.എസ്   15,850    58 %
3     ഗ്രാമീണ കുടിവെള്ളം/ശുചിത്വം   14,000    27 %
4      ഗ്രാമീണ റോഡുകള്‍   24,000    20 %
5.    എന്‍ആര്‍എല്‍എം   3,915    34 %
6.     എംഎന്‍ആര്‍ഇജി   33,000
7.    എന്‍ആര്‍എച്ച്എം   20,885
ആകെ                                                               1,33,360

ട്രൈബല്‍ സബ്ബ് പ്ലാന്‍ ഫണ്ടു വിനിയോഗ ഉത്തരവാദിത്തവും ചുമതലയും പഞ്ചാത്തീരാജ് സംവിധാനങ്ങളില്‍ അധിഷ്ഠിതമാണ്. പട്ടികവര്‍ഗ്ഗ വികസനത്തിനായുള്ള പ്രത്യേക കേന്ദ്രസഹായവും (Special Central Assistance) ട്രൈബല്‍ സബ്ബ് പ്ലാന്‍ ഫണ്ടുകളും ഭാരത് നിര്‍മ്മാണ്‍ പദ്ധതിയിലെ കോടികളുടെ ഫണ്ടും പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ വഴിയാണ്്. ത്രിതല പഞ്ചായത്തുകള്‍ക്കായി ഇത്തരം ഫണ്ടുകള്‍ തരപ്പെടുത്തുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള മുഖ്യപങ്ക് അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥവൃന്ദമാണ് ഇത്തരം ഫണ്ട് വിനിയോഗങ്ങള്‍ക്ക് ഭരണപരമായ മേല്‍നോട്ടം വഹിക്കേണ്ടത്.

പ്രാദേശിക സര്‍ക്കാരിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ഭരണപരിചയമില്ലെന്നതുകൊണ്ട് കില അടക്കമുള്ള സ്ഥാപനങ്ങള്‍ അവര്‍ക്ക് പരിശീലനം നല്‍കുന്നു. ഇത് വേണ്ടത് തന്നെ. അതേസമയം ഗ്രാമീണ വികസനത്തിനും പ്രത്യേകിച്ചും ആദിവാസി വികസനത്തിനുമായി വകയിരുത്തപ്പെടുന്ന കേന്ദ്രാവിഷ്കൃത ഫണ്ടുകള്‍ തരപ്പെടുത്തുന്നതില്‍ ധാരണയില്ലാത്തവരൂം ആത്മാര്‍ത്ഥതയില്ലാത്തവരുമാണ് ഒട്ടുമിക്ക ജില്ലാ കളക്ടര്‍മാരും. ഫണ്ടുകള്‍ പാഴാക്കപ്പെടൂന്ന ത്തിന്റെ മുഖ്യ ഉത്തരവാദിത്തവൂം കളക്ടര്‍മാര്‍ക്ക് തന്നെ. അവര്‍ക്കും പരിശീലനം ആവശ്യം. ഇത് പക്ഷേ ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഐഎഎസ് എന്ന മൂന്നക്ഷരം പേരിനൊപ്പമുള്ള ഉദ്യോഗസ്ഥര്‍ എല്ലാം തികഞ്ഞവരാണെന്നൂം ജനങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേ ഹിക്കുന്നവരാണെന്നൂം ധരിച്ചുവശായിട്ടുള്ള മന്ത്രിമാരാണയേറെയൂമെന്നത് ഖേദകരം.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തന്നെ നോക്കുക. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കണക്ക് പ്രകാരം 2012-13 സാമ്പത്തിക വര്‍ഷത്തില്‍ (2013 മാര്‍ച്ച് 31 വരെ) സൃഷ്ടിക്കപ്പെട്ടത് 5,69,265 തൊഴില്‍ ദിനങ്ങള്‍. ഇതില്‍ പട്ടികവര്‍ഗ്ഗക്കാര്‍ 2,83,910 (50 ശതമാനം) പട്ടികജാതി 15,807 (3 ശതമാനം) പൊതുവിഭാഗം 47 ശതമാനം (table 02)(3).

മഹാത്മഗാന്ധി തൊഴിലുറപ്പുപദ്ധതി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് (2012-13 മാര്‍ച്ച് 31)
              ഇനം        തൊഴില്‍ ദിനം   %
1.      മൊത്തം തൊഴില്‍ ദിനങ്ങള്‍         569265   –
2.      പട്ടികവര്‍ഗ്ഗം         283910   50 %
3.      പട്ടികജാതി         15807   3 %
4.      മറ്റുള്ളവര്‍            –   47 %
 5.     മൊത്തം സ്ത്രീ പങ്കാളിത്തം              –   85  %

തൊഴില്‍ ദിനങ്ങളില്‍ 50 ശതമമാനം ആദിവാസികളുടെ പങ്കാളിത്തമുറപ്പിക്കാനായിയെന്നതിനെ വന്‍ നേട്ടമായിട്ടാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. രാധാകൃഷ്ണന്‍ കാണുന്നത്. 1962 ഏപ്രില്‍ ഒന്ന് മൂതല്‍ അട്ടപ്പാടി ആദിവാസി ബ്ലോക്ക് പഞ്ചായത്താണ്. അതിനാല്‍ തന്നെ തൊഴിലുറപ്പ് പദ്ധതിയെ 50 ശതമാനം പങ്കാളിത്തത്തെ ഒരു വലിയ നേട്ടമായി കാണാനാകുമോയെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇതിലുപരി തൊഴിലുറപ്പ് പദ്ധതി പങ്കാളിത്തത്തിലൂടെ ആദിവാസികള്‍ക്ക് ലഭ്യമായ കൂലി അവരുടെ ജീവിതാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്നതിന്റെ ദയനീയ ബാക്കിപത്രം കൂടിയാണ് അട്ടപ്പാടിയിലെ സമകാലിക ശിശുമരണങ്ങള്‍.

കക്കൂസുകളില്ലാതെ 6137 വീടുകള്‍

ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ‘നിര്‍മ്മല്‍ ഗ്രാം’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അഗളി പഞ്ചായത്താകട്ടെ 2012 നവംബര്‍ 11 ന് ശുചീകരണ പ്രഖ്യാപനം നടത്തി കഴിഞ്ഞു. നിര്‍മ്മല്‍ ഗ്രാം പരുസ്കാരത്തിനായി കാത്തിരിക്കുന്ന അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ 6137 കക്കൂസുകളില്ലാത്ത കുടുംബങ്ങളുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് വികസന രേഖ (2012-17, പേജ് 10)യില്‍ പറയുന്നു.

ശുചിത്വ ഗ്രാമം എന്ന പ്രഖ്യാപനത്തിന് ആദ്യം വേണ്ടത് എല്ലാ വീടുകളിലും കക്കൂസുകളുണ്ടാകുകയെന്നതാണ്. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലുമായി മൊത്തം 8589 ആദിവാസി കുടുംബങ്ങളുണ്ട്. ഇതില്‍ 6137 കുടുംബങ്ങള്‍ക്ക് കക്കൂസില്ലയെന്നു പറയുമ്പോള്‍ ഗ്രാമീണ ശുചിത്വത്തിനടക്കം മുന്‍തൂക്കം നല്‍കിയുള്ള നിര്‍മ്മാല്‍ ഗ്രാം പുരസ്കാര മാനദണ്ദങ്ങള്‍ പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. കേന്ദ്രമന്ത്രി ജയറാം രമേശ് ഒരിക്കല്‍ പറഞ്ഞു ഇന്ത്യയിലിനി ക്ഷേത്രങ്ങളും മോസ്കുകളും പള്ളികളുമല്ലാവശ്യം പകരം കക്കൂസുകളാണ്. ഗ്രാമീണ ശുചിത്വത്തിന്റെ അനിവാര്യത ഉയര്‍ത്തിപിടിക്കുന്ന ഇതിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എങ്കിലും ജയറാം രമേശിന്റെ വാക്കുകള്‍ അട്ടപ്പാടിയിലെ ആദിവാസികളെ ഭരിക്കുന്നവരുടെ ചെവികളില്‍ എത്തിയില്ലെന്നതാണ കക്കൂസുകളില്ലെന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. അട്ടപ്പാടിയിലെ ശിശുമരണകാരണങ്ങളില്‍ കക്കൂസുകളില്ലാത്ത അവസ്ഥ വരുത്തിവെക്കുന്ന ഗുഗുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്‍പ്പെടുത്തണം.

1976 ആഗസ്റ്റ് 15 ന് അട്ടപ്പാടിയില്‍ സംയോജിത ആദിവാസി വികസന പദ്ധതി (ഐടിഡിപി) നിലവില്‍ വന്നു. ബ്ലോക്ക് പഞ്ചായത്ത് നിലവില്‍ വന്നതാകട്ടെ 1995 ഒക്‌ടോബര്‍ രണ്ടിന്. ഇതിനെല്ലാം ശേഷം എത്രയെത്ര സ്വാതന്ത്ര്യദിനങ്ങളും ഗാന്ധിജയന്തികളും കടന്നുപോയി. എന്നിട്ടുപോലും അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് കക്കൂസുകള്‍പോലുമുണ്ടാക്കികൊടുക്കുവാനുള്ള പദ്ധതികളുണ്ടായില്ലെന്നത് ആദിവാസി ജനതയോടുള്ള ഭരണകൂടങ്ങളുടെ കടുത്ത വിവേചനത്തിന്റെ മറ്റൊരു മുഖമാണ്. ഇത്രയും കാലത്തിനുള്ളില്‍ ആദിവാസി വികസനത്തിന്റെ പേരില്‍ അട്ടപ്പാടിയില്‍ ഒഴുകിയെത്തിയ ഫണ്ടുകളുടെ വിനിയോഗത്തിന്റെ ആത്യന്തിക ഗുണഭോക്താക്കളാകുന്നതില്‍നിന്നും ആദിവാസികള്‍ അകറ്റിനിര്‍ത്തപ്പെട്ടുവെന്ന ദുരന്തമാര്‍ന്ന മറ്റൊരു ചിത്രംതന്നെയാണ് ഇവിടെയും വെളിവാക്കപ്പെടുന്നത്.

 ട്രൈബല്‍ സബ്ബ് പ്ലാന്‍

രാജ്യത്തിന്റെ ആദ്യ നാല് പഞ്ചവത്സര പദ്ധതികള്‍ പിന്നിട്ടിട്ടും ആദിവാസി ജനതയുടെ ക്ഷേമത്തിന് ഗണ്യമായൊരു മാറ്റവും സൃഷ്ടിക്കപ്പെട്ടില്ല. ഇത്തരമൊരു തിരിച്ചറിവിന്റെ പാശ്ചാത്തലത്തിലാണ് ട്രൈബല്‍ സബ്ബ് പ്ലാന്‍ (ടിഎസ്പി) ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ആവിഷ്ക്കരിക്കപ്പെട്ടത്. ആദിവാസികള്‍ക്കിടയിലെ ദാരിദ്രനിര്‍മ്മാജ്ജനം, തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുക, വികസനപ്രക്രിയയിലൂടെ ആസ്തികളുണ്ടാക്കുക, ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങളുടെ പ്രദാനമുറപ്പുവരുത്തുന്ന ആദിവാസികളുടെ മാനവ വിഭവശേഷി വികസനം, എല്ലാവിധ ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളാണ് ടിഎസ്പിയിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ടത്. ആദിവാസി ജനതയുടെ പ്രാഥമിക വിദ്യാഭ്യാസം , ആരോഗ്യം, കുടിവെള്ളം, പോഷകാഹാരം, റോഡുകള്‍, വൈദ്യുതീകരണം തുടങ്ങിയ സേവനങ്ങളും സൗകര്യങ്ങളുമുറപ്പിച്ച് പ്രഖ്യാപിത ലക്ഷ്യത്തിലെത്തിചേരുകയെന്നതാണ് ടിഎസ് പ്ലാന്‍ ഫണ്ടിലൂടെ വിഭാവനം ചെയ്യുന്നത്(4).

ടിഎസ്പി ഫണ്ടുകള്‍ ഉപയോഗിച്ചുള്ള പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആദിവാസികളും അവരുടെ കുടുംബങ്ങളുമായിരിക്കണമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് നിഷ്കര്‍ഷിക്കപ്പെടുന്നു. ഈ ഫണ്ട് പ്രകാരം ആദിവാസികള്‍ക്ക് ലഭ്യമാകുന്ന അടിസ്ഥാന സൗകര്യ, സേവന, ക്ഷേമ പദ്ധതികളെക്കുറിച്ച് ആദിവാസികളെ ബോധവല്‍ക്കരിക്കണം. ഇതിനായി അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ടി.എസ്.പി ഫണ്ട് വിനിയോഗത്തെ പുനപരിശോധിക്കുക, പണ്ട് വിനിയോഗത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയ്ക്കായി 2010 ഏപ്രില്‍ ആറിന് പ്ലാനിങ്ങ് കമ്മീഷന്‍ ഡോ. നരേന്ദ്രജാദവിന്റെ അദ്ധ്യക്ഷതയില്‍ കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. വകുപ്പുമന്ത്രി/സെക്രട്ടറി തലം മുതല്‍ ഏറ്റവും അടിതട്ടിലുള്ള ഗ്രാമതല ഭരണാധികാരികളുമായുള്ള ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയുമാണ് ടിഎസ്പി ഫണ്ട് വിനിയോഗം പുനഃപരിശോധിക്കപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും. ഇതൊക്ക പക്ഷേ കാര്യക്ഷമമായി പാലിക്കപ്പെടൂന്നില്ലെന്നൂ മാത്രം.

2013-14 ദേശീയ ബഡ്ജറ്റില്‍ ടിഎസ്പി ഇനത്തില്‍ 24,598 കോടി വകയിരുത്തപ്പെട്ടിട്ടുണ്ട്. 2012-13 ലും 2011-12 ലുമിത് യഥാക്രമം 21,710 കോടിയും 18,486 കോടിയുമായിരുന്നു. ഇപ്പറഞ്ഞ കോടികളുടെ പ്രയോജനം രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.2 ശതമാനം (2001 സെന്‍സ്) വരുന്ന അട്ടപ്പാടിയിലേതടക്കമൂളള പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് (ആദിവാസികള്‍) കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തി ആദിവാസി ഫണ്ടുവിനിയോഗത്തെയും വികസനത്തെയും മുന്‍നിര്‍ത്തി ധവളപത്രമിറക്കാന്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. പ്രത്യേകിച്ചും രാജ്യത്തെ ആദിവാസി മേഖലകളില്‍ ശക്തിപ്പെടുന്ന നക്‌സലൈറ്റ്് പ്രവര്‍ത്തനങ്ങളുടെകൂടി പശ്ചാത്തലത്തില്‍. കേരളത്തില്‍ ഇതു സംബന്ധിച്ച ധവളപത്രം അനിവാര്യമാകുന്നത് അട്ടപ്പാടിയില്‍ തുടരുന്ന ആദിവാസി ശിശുമരണങ്ങളുടെ പാശ്ചാത്തലത്തില്‍ തന്നെയാണ്.

സംസ്ഥാന ബഡ്ജറ്റ്

2012-13 ലെ സംസ്ഥാന ബഡ്ജറ്റ് മാത്രമെടുക്കുക. ഈ ബഡ്ജറ്റില്‍ വിവിധ പദ്ധതികളിലായി ആദിവാസി വികസനത്തിന് മാത്രമായി വകയിരുത്തിയത് 207 കോടി രൂപ. ഇതിനുംപുറമെ പൊതുജനാരോഗ്യ വികസനത്തിന് 470 കോടി രൂപ. സംസ്ഥാനത്തെ കുടിവെള്ള പദ്ധതികള്‍ക്കായി 400 കോടി. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 248 കോടി. സ്ത്രീശാക്തീകരണം/കുടുംബശ്രീ/ദാരിദ്ര നിര്‍മ്മാജനത്തിനായി 84 കോടി. മൃഗസംരക്ഷണം 211 കോടി(5). ഇതൊക്കെയാണ് ആദിവാസികളുടെയും പൊതുവിഭാഗങ്ങളുടെയും ക്ഷേമ വികസനത്തനായി ബഡ്ജറ്റില്‍ വകയിരുത്തിയത്. ആദിവാസി വികസനത്തിനായി മാത്രം വകയിരുത്തിയ 207 കോടിയും പൊതുവിഭാഗത്തിലുള്‍പ്പെടുത്തിയ 1413 കോടിയും അട്ടപ്പാടിയിലേതുള്‍പ്പെടെയുള്ള സംസ്ഥാനത്തെ ആദിവാസി ജനതയുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായകരമായിട്ടുണ്ടോ?

കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബഡ്ജറ്റുകളില്‍ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 1.4 ശതമാനം (2001 സെന്‍സസ്) വരുന്ന ആദിവാസികളുടെ വികസനത്തിനായി വകയിരുത്തിയ ഫണ്ടുകളുടെ വിനിയോഗം അട്ടപ്പാടിയിലേതടക്കമുള്ള ആദിവാസികളുടെ ക്ഷേമ ്രപവര്‍ത്തനങ്ങളിലും അടിസ്ഥാനസൗകര്യമേഖലയിലും മാനവ വിഭവശേഷി വികസനത്തിലുമൊക്കെ എത്രത്തോളം ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായിത്തന്നെ തിട്ടപ്പെടുത്തണം. ഈ തിട്ടപ്പെടുത്തലുകളില്‍ നിന്നുമാത്രമെ അട്ടപ്പാടിയിലെ മാതൃ-ശിശു സംരക്ഷണത്തിലെ പാളിച്ചകളും ആദിവാസി ശിശുമരണങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളും വെളിവാക്കപ്പെടൂ.

ആദിവാസി ഫണ്ട് വകമാറ്റല്‍

ഓരോ ദേശീയ-സംസ്ഥാന ബഡ്ജറ്റുകളില്‍ കോടിക്കണക്കിന് തുകയാണ് ആദിവാസികളടക്കമുള്ള ദുര്‍ബ്ബല വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ തുക വകമാറ്റാതെ കാര്യക്ഷമമായി വിനിയോഗിക്കപ്പെടുന്നില്ല. അതുകൊണ്ടുകൂടിയാണ് ഇന്ത്യയിലെ ആദിവാസി ആധിപത്യ സംസ്ഥാനങ്ങളില്‍ നക്‌സലൈറ്റ് പ്രസ്ഥാനങ്ങള്‍ അതിവേഗം വേരോടുന്നത്. ദാരിദ്രത്തിന്റെ അടുപ്പില്‍ വിപ്ലവം വേവിച്ചെടുക്കാനാകുമെന്ന് നക്‌സലുകള്‍ തിരിച്ചറിയുന്നു.

ആന്ധ്രപ്രദേശില്‍ ആദിവാസി വികസനഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കപ്പെട്ടാല്‍ അത് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാക്കിക്കൊണ്ട് ആന്ധ്രപ്രദേശ് ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ്ബ് പ്ലാന്‍ ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് സബ് പ്ലാന്‍ (Planning, Allocation and Utilization of Financial Resources) ബില്‍ – 2012(6) പാസ്സാക്കിയിട്ടുണ്ട്. ദുര്‍ബ്ബല വിഭാഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിയമത്തിന്റെ പിന്തുണ നല്‍കിയതിലൂടെ രാജ്യത്തിനു തന്നെ മാതൃകയാവുകയാണ് ആന്ധ്രപ്രദേശ.് അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ – പ്രത്യേകിച്ചും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കപ്പെടുന്നതിനോടനുബന്ധിച്ച് – അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കപ്പടണമെന്ന ആവശ്യത്തോടൊപ്പം ആന്ധ്രപ്രദേശിന്റെ മാതൃകകൂടി കേരളം സ്വീകരിക്കാന്‍ തയ്യാറാകണം. എസ്.സി/എസ്.ടി സബ് പ്ലാന്‍ ഫണ്ടു വിനിയോഗം നിരീക്ഷിക്കാനും സുതാര്യമാക്കുവാനും മുഖ്യമന്ത്രിമാരുടെ അദ്ധ്യക്ഷതയില്‍ ഒരു ഉന്നത സമിതിയുണ്ടാകണമെന്ന്(7) നിര്‍കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരം സംവിധാനം പ്രവര്‍ത്തിപഥത്തിലുണ്ടെന്നതിന്റെ ചെറൂ സൂചനകള്‍ പോലുമില്ലെന്നത് അട്ടപ്പാടിയില്‍േലതടക്കമുളള ആദിമ ജനതയുടെ കെടുതികള്‍ക്ക് ആക്കം കൂട്ടുകയാണ്.

ഭൂരിയ കമ്മിറ്റി റിപ്പോര്‍ട്ട്

73-ാം ഭരണ ഭേദഗതി പ്രകാരം പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ നിലവില്‍ വന്നതോടെ, 1994 ജൂണില്‍ ഭരണഘടന (പാര്‍ട്ട് 9) ലെ വ്യവസ്ഥകള്‍ പട്ടിക പ്രദേശ (Scheduled Area) ങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ലമെന്റംഗമായ ദിലീപ് സിങ്ങ് ഭൂരിയയുടെ അദ്ധ്യക്ഷതയില്‍ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു(8). പരമ്പരാഗതമായി നിലനിന്നിരുന്ന ആദിവാസി സ്വയംഭരണരീതികളും ആധുനിക സ്ഥാപനങ്ങളും കൂടിചേര്‍ന്നുള്ള പഞ്ചായത്തീരാജ് സംവിധാനം ആദിവാസി ആധിപത്യ മേഖലകളില്‍ രൂപീകരിക്കണമെന്ന് ഭൂരിയ കമ്മിറ്റി നിര്‍ദ്ദേശമുണ്ട്. മത – രാഷ്ട്രീയ – സാമ്പത്തിക കാര്യങ്ങള്‍ തീരുമാനമെടുക്കുവാനും നടപ്പിലാക്കാനുമുള്ള അധികാരമുള്ള ആദിവാസി ഗ്രാമസഭകളും വില്ലേജ് കൗണ്‍സിലുകളുമുണ്ടാകണം. അഞ്ച്, ആറ് പട്ടികകള്‍ പ്രകാരം സംസ്ഥാന മുഖ്യമന്ത്രി അദ്ധ്യക്ഷനായുള്ള ട്രൈബല്‍ അഡൈ്വസറി കൗണ്‍സില്‍ ശക്തിപ്പെടുത്തണം. പട്ടിക പ്രദേശങ്ങളിലെയും ആദിവാസി ആധിപത്യമേഖലകളിലെയും പഞ്ചായത്ത് തല ഭരണസംവിധാനങ്ങളിലെ ഭൂരിപക്ഷവും ആദിവാസി പ്രതിനിധികളായിരിക്കണം. ഭരണസമിതിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും ആദിവാസികളായിരിക്കണം. സാമൂഹിക-സാമ്പത്തിക ശക്തിയാര്‍ജ്ജിക്കുന്നതിന്റെ ഭാഗമായുള്ള ദാരിദ്രനിര്‍മ്മാര്‍ജ്ജനം, നിരക്ഷരത, അനാരോഗ്യം ഇവക്കെതിരായുള്ള നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ആദിവാസി ഭൂരിപക്ഷ ഭരണസമിതികള്‍ക്കായിരിക്കും. പട്ടിക പ്രദേശത്തെ പഞ്ചായത്തുകളിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണസമിതിയുടെ നിയന്ത്രണത്തിലായിരിക്കണം. ആദിവാസി ഭൂരിപക്ഷപ്രദേശങ്ങളായ വയനാടിനെയും അട്ടപ്പാടിയെയും പട്ടിക പ്രദേശമായി പ്രഖ്യാപിയ്ക്കാന്‍ മാറിമാറി വന്നിട്ടുള്ള സര്‍ക്കാരുകള്‍ പക്ഷേ ഇനിയും തയ്യാറായിട്ടില്ലെന്നതുകൂടി അട്ടപ്പാടിയിലെ ആദിവാസി ശിശുക്കളുടെ മരണകാരണങ്ങളില്‍ കണ്ടെത്തേണ്ടതുണ്ട്്.

അട്ടപ്പാടി പ്രത്യേക പാക്കേജ്

ആദിവാസി ശിശു മരണങ്ങളുടെ പാശ്ചാത്തലത്തില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള പരസ്പരം പഴിചാരലുകള്‍ ശക്തിപ്പെടുമ്പോള്‍ തന്നെ അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപനത്തിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്. കുട്ടനാട് പാക്കേജ് (1840 കോടി രൂപ) ഇടുക്കി പാക്കേജ് (764 കോടി) എന്റോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള പാക്കേജ് (20 കോടി) എന്നിവയുടെ നടത്തിപ്പിലെ അഴിമതി കഥകള്‍ക്ക് നാട്ടിലൊരു ഒരു പഞ്ഞവുമില്ല. ഇപ്പോഴിതാ മറ്റൊരു അഴിമതിക്ക് കളംമൊരുക്കി മലയാള ശ്രേഷ്ഠ ാഷാപദവിയിലൂടെ കേന്ദ്രത്തില്‍ നിന്ന് 100 കോടി പാക്കേജ്! ഇതോടൊപ്പം തന്നെയാണ് നിലവിലുള്ള രാഷ്ട്രീയ ഭരണ-ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ കൈപ്പിടിയൊതുങ്ങുവാന്‍ പോകുന്ന അട്ടപ്പാടി പ്രത്യേക പാക്കേജും അണിയറയിലൊരുങ്ങന്നത്.

പാക്കേജുകള്‍ സമം അഴിമതിയെന്നവസ്ഥയില്‍ അട്ടപ്പാടിയിലെ ആദിവാസികളെ സേവിച്ച് സേവിച്ച് ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചവരിലൂടെ തന്നെ അട്ടപ്പാടി പ്രത്യേക പാക്കേജ് നടപ്പിലാക്കപ്പെടുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ ആദിവാസികളിലെത്തുമെന്ന് കരുതുവാനേയാകില്ല. ചെലവഴിക്കപ്പെടുന്ന കോടികളുടെ ഗുണഫലം ആദിവാസികള്‍ക്ക് തന്നെ ലഭിക്കണമെങ്കില്‍ ആദിവാസികളിലൂടെ തന്നെ രൂപപ്പെടുന്ന വികസനപ്രക്രിയ നടപ്പിലാക്കപ്പെടണം. ഇവിടെയാണ് അട്ടപ്പാടിയെ പട്ടിക പ്രദേശമാക്കികൊണ്ടുള്ള പ്രഖ്യാപനത്തിലൂടെ പ്രത്യേക പാക്കേജ് അവതരിപ്പിക്കപ്പെടേണ്ട അനിവാര്യത ശക്തിപ്പെടുന്നത്.

സബ്‌സീഡികള്‍ ആര്‍ക്ക്?

ആദിവാസികളുടെ 22,000 ഹെക്ടര്‍ ഭൂമി തൊഴിലുറപ്പുപദ്ധതിയിലൂടെ കൃഷിയോഗ്യമാക്കിയെടുക്കപ്പെട്ടിട്ടുണ്ടെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണന്‍ പറയുന്നു. എന്നാല്‍ അതില്‍ കൃഷിയിറക്കാനുള്ള കാര്‍ഷിക സഹായങ്ങളായി വിത്തും വളവും ജലസൗകര്യമൊരുക്കാന്‍ വൈദ്യുതി കണക്ഷനും അനുവദിക്കപ്പെടുന്നില്ല. ആദിവാസിയേതര കുടിയേറ്റ കര്‍ഷകരടക്കമുള്ളവര്‍ക്ക് പക്ഷേ കോടികളുടെ സബ്‌സീഡികളടക്കമുള്ള ആനുകൂല്യങ്ങള്‍. ആദിവാസികള്‍ക്ക് അതെല്ലാം നിഷേധിക്കപ്പെടുകയാണ്.

ഉപജീവനോപാധിയെന്ന നിലയില്‍ ക്ഷീര വികസന പദ്ധതികളുടെ അടിസ്ഥാനത്തില്‍ അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ കറവപ്പശുക്കളെ വനിതകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. സഹകരണ സംഘങ്ങളില്‍ പക്ഷേ പാല്‍ അളക്കുന്ന ആദിവാസി ക്ഷീര കര്‍ഷകരുടെ എണ്ണം നന്നേ കുറവാണ്. കോട്ടത്തറയിലെ ക്ഷീരോല്‍പ്പാദക സംഘത്തിന് (നമ്പര്‍ പി 558 ഡി) മരപ്പാലം മുതല്‍ വണ്ണാന്തറവരെയുള്ളയിടങ്ങളില്‍ ഏഴു ശാഖകളുണ്ട്. ദിനംപ്രതി ഈ സംഘങ്ങളിലെത്തുന്നത് 2800 ഓളം ലിറ്റര്‍ പാല്‍. ഈ സംഘത്തിലെ പാല്‍ അളക്കുന്ന അംഗങ്ങള്‍ 375 പേര്‍. ഇതില്‍ 55 ഓളം ആദിവാസികള്‍ മാത്രമാണ് പാല്‍ അളക്കുന്നതെന്ന് സംഘം സെക്രട്ടറി ജയപ്രകാശ് പറയുന്നു.

അട്ടപ്പാടിയിലെ 17000 ലിറ്റല്‍ സംസ്കരണ ശേഷിയുള്ള മില്‍മ പ്ലാന്റില്‍ ദിനംപ്രതി 13500 ലിറ്റര്‍ പാലെത്തുന്നു. അട്ടപ്പാടിയില്‍ മൊത്തം 2500 ക്ഷീരകര്‍ഷകരുണ്ടെന്ന് മില്‍മയുടെ കണക്കുകള്‍ പറയുന്നു. എന്നാലിതില്‍ 25 ശതമാനത്തില്‍ മാത്രമാണ് ആദിവാസികളായ ക്ഷീരകര്‍ഷകര്‍. എന്നാല്‍ ഈ കണക്കും ഗ്രാമപഞ്ചായത്തുകള്‍ മുഖേന ആദിവാസികള്‍ക്ക് വിതരണം ചെയ്ത കറവപ്പശുക്കളുടെ കണക്കും പൊരുത്തപ്പെടുന്നില്ല. 2011-12 ജനകീയാസൂത്രണ പദ്ധതിയനുസരിച്ച് അഗളി പഞ്ചായത്ത് വനിതകള്‍ക്കായി അനുവദിച്ചത് 200 കറവപ്പശുക്കള്‍. കേവലം 14 ആദിവാസി വനിതകള്‍ മാത്രമാണിതിന്റെ ഗുണഭോക്താക്കളായതെന്ന് വിവരാവകാശരേഖ. 2010 ഫെബ്രുവരി 15 ന് അഗളി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് ഗുണഭോക്താക്കളുടെ പട്ടിക. ആദിവാസികളല്ലാത്ത 200 വനിതകളിലേറെയും ദാരിദ്ര രേഖക്ക് മുകളിലുള്ളവരാണെന്നതും ലഭ്യമായ വിവരാവകാശരേഖയില്‍ വ്യക്തമാണ്.

സംയോജിത ശിശുവികസന ഫണ്ടുപയോഗിച്ച് അട്ടപ്പാടിയിലെ 126 അങ്കണ്‍ വാടികള്‍ വഴി മാതൃ-ശിശു ആരോഗ്യ പരിപാലനത്തിനായുള്ള പോഷകാഹാര കിറ്റുകളുണ്ടാക്കി വിതരണം ചെയ്യാന്‍ ഏല്‍പ്പിക്കപ്പെട്ടത് കൊട്ടിഘോഷിക്കപ്പെടുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ഏജന്‍സിയായ കുടുംബശ്രീയെ. എന്നാല്‍ പോഷകാഹാര കിറ്റുനിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന കണ്ടെത്തല്‍ നാട്ടിലാകെ പാട്ടാണ്.

കുടുംബശ്രീ വിതരണം ചെയ്യുന്ന പോഷകാഹാരത്തിലെ ചേരുവകള്‍ക്ക് മാറ്റം വരുത്തണം. കുഞ്ഞുങ്ങള്‍ക്ക് ഇപ്പോഴതിന്റെ സ്വാദ് ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ഗുജറാത്തിലേതുപോലെ പരമ്പരാഗത ഭക്ഷ്യധാന്യങ്ങള്‍ ചേര്‍ത്തുള്ള പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് 2012 ജൂലൈ 31 ന് ദില്ലിയില്‍ വച്ചുനടന്ന കേരളത്തിലെ ഐ.സി.ഡി.എസ് വാര്‍ഷികാവലോകന (2012-13) യോഗത്തില്‍ (9)കേന്ദ്ര വനിതാ-ശിശു വികസന സെക്രട്ടറി നീലാഗംഗാധരന്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. കേരളത്തിന്റെ സാമൂഹ്യ ക്ഷേമ ഡയറക്ടര്‍ എം.എസ്.ജയയടക്കമുള്ള ഉദ്യോഗസ്ഥരാണ് ഈ അവലോകന യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര സെക്രട്ടറിയുടെ നിര്‍ദ്ദേശം പാലിക്കന്‍ പക്ഷേ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കുടുംബശ്രീ വിതരണം ചെയ്യുന്ന പോഷകാഹാര കിറ്റിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് സി എ ജി കണ്ടെത്തലുകളും അഴിമതിയാരോപണങ്ങളും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം (ഗുജറാത്ത് എന്ന പേര് കേട്ടതുകൊണ്ടായിരിക്കുമോ ആവോ നിര്‍ദ്ദേശം പാലിക്കപ്പെടാതെ പോയത്).

കാഫി ബോര്‍ഡിന്റെ ആദിവാസി വിരുദ്ധ സമീപനം

അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി സംഘം 420 ആദിവാസികളുടെ 600 ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നു. വരടിമല, പോത്തുപ്പാടി, ചിണ്ടക്കി, കരുവാര പ്രദേശങ്ങളിലാണ് ആദിവാസി കൈവശ ഭൂമിയില്‍ അവര്‍ക്ക് തൊഴില്‍ നല്‍കി കാപ്പി കൃഷി ചെയ്യുന്നത്. 1992 ഹെക്ടര്‍ ആദിവാസി ഭൂമിയാണ് സൊസൈറ്റിക്ക് കീഴിലുള്ളത്. ഗ്രൂപ്പ് ഫാമിങ്ങ് എന്ന രീതിയിലാണ് ആദിവാസികളുടെ ഭൂമിയെ സൊസൈറ്റിക്ക് കീഴില്‍ കൊണ്ടുവന്നത്. മൊത്തം ഭൂമിയിലെ 45 മുതല്‍ 50 ശതമാനം മാത്രമാണ് കൃഷിയോഗ്യമായിട്ടുള്ളത്. ബാക്കി കൊടുംകാടാണ്. 816 ആദിവാസികള്‍ മാത്രമാണ് സംഘാംഗങ്ങള്‍. ഇതിലിപ്പോള്‍ സജീവാംഗങ്ങള്‍ 200 മാത്രമാണെന്ന് സൊസൈറ്റി സെക്രട്ടറി കൃഷ്ണപ്രസാദ് പറഞ്ഞു.

കാപ്പിയും ഏലവും കുരുമുളകുമാണ് വിളകള്‍. ഇതില്‍ മുഖ്യം കാപ്പി. വര്‍ഷത്തില്‍ 85ഓളം ടണ്‍ കാപ്പി ഉല്‍പ്പാദിപ്പിക്കുന്നു. കാപ്പി കര്‍ഷകര്‍ക്കായി കോഫി ബോര്‍ഡ് കോടികളുടെ സബ്‌സീഡി നല്‍കുന്നുണ്ട്. 40 ഹെക്ടറില്‍ (25 ഏക്കര്‍) വരെയുള്ള കാപ്പി കര്‍ഷകര്‍ക്ക് മൂലധന ചെലവിന്റെ 20 ശതമാനവും ജലസേചന സ്രോതസ്സുകള്‍ക്കായി 25 ശതമാനവും സബ്‌സീഡി നല്‍കുന്നു. ആന്ധ്ര പ്രദേശ്, ഒറീസ സംസ്ഥാനങ്ങളിലെ ആദിവാസികളായ കാപ്പി കര്‍ഷകര്‍ക്ക് കൃഷി വ്യാപനത്തിനും ശക്തിപ്പെടുത്തുന്നതിനുമായി ഇന്‍സെന്റീവായി ഹെക്ടറിന് 15000 രൂപ വീതം അനുവദിക്കുന്നു(10).

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ 2012-13 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 7,375.36 കോടിയുടെ കാപ്പി കയറ്റുമതി ചെയ്യപ്പെട്ടു(11). 85 ടണ്‍ കാപ്പി ഉല്‍പ്പാദിപ്പിച്ച് അട്ടപ്പാടിയിലെ ആദിവാസികളുടെ ഫാമിംഗ് സൊസൈറ്റി രാജ്യത്തിന്റെ കാപ്പി കയറ്റുമതിയിലും ആഭ്യന്തര വിപണിയിലും തങ്ങളുടേതായ സംഭാവന നല്‍കുന്നുണ്ട്. എന്നാല്‍ ഇെതാന്നും പരിണഗിക്കാെത കാപ്പി ഉല്‍പ്പാദനത്തിന് കോഫി ബോര്‍ഡ് നല്‍കിവരുന്ന സബ്‌സീഡികള്‍ കാലാകാലങ്ങളിലായി ഫാമിംഗ് സൊസൈറ്റിയിലെ ആദിവാസി കാപ്പി കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. അതേസമയം അട്ടപ്പാടിയിലെ തന്നെ ആദിവാസികളല്ലാത്ത കാപ്പി കര്‍ഷകര്‍ക്ക് സബ്‌സീഡികള്‍ അനുവദിക്കപ്പെടുന്നുണ്ടുതാനും! ഇത് കോഫി ബോര്‍ഡിന്റെ കടുത്ത ആദിവാസി വിരുദ്ധ സമീപനം തന്നെ.

ആദിവാസി വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുന്നുവെന്നുള്ള മുടന്തന്‍ ന്യായം പറഞ്ഞാണ് ആദിവാസി കാപ്പി കര്‍ഷകര്‍ക്ക് സബ്‌സീഡി നിഷേധിക്കുന്നത്. അതേസമയം കോഫി ബോര്‍ഡിന്റെ ആദിവാസി വിരുദ്ധ സമീപനം തിരുത്തപ്പെടണമെന്ന ആവശ്യമുന്നയിക്കാന്‍ ഇക്കാലമത്രയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നിടത്ത് കൂടുതല്‍ വ്യക്തമാകുന്നത് രാഷ്ട്രീയ ഭരണ നേതൃത്വ – ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ആദിവാസി ജനതയോടുള്ള വിവേചനം തന്നെ. അഞ്ചു വീതം ഏക്കറുകളായി വിഭജിച്ചുകിടക്കുന്ന ആദിവാസി ഭൂമികള്‍ കൂട്ടിച്ചേര്‍ത്താണ് അട്ടപ്പാടി ആദിവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴില്‍ കൃഷിയിറക്കിയിട്ടുള്ളത്്. അതുകൊണ്ടുതന്നെ ഈ സംഘത്തിലെ അംഗങ്ങളായ ആദിവാസികളെ ചെറുകിട കര്‍ഷകരായി പരിഗണിച്ച് അവര്‍ക്ക് കോഫി ബോര്‍ഡ് സബ്‌സീഡികള്‍ അനുവദിക്കണം. അട്ടപ്പാടിയില്‍ സില്‍ക്ക് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമുണ്ട്. അതും പക്ഷേ കാഫി ബോര്‍ഡില്‍ നിന്നും വ്യത്യസ്തമല്ലെന്നാണ് അറിയുന്നത്.

പരമ്പരാഗത കൃഷിയുടെ തകര്‍ച്ച

പരമ്പരാഗത കൃഷി രീതികളുടെ ആഹാര ശീലങ്ങളടങ്ങിയതാണ് ആദിവാസി ജനതതിയുടെ ഭൂതകാലം. റാഗി, ചാമ, തിന, തൊമര, അമര തുടങ്ങിയവയായിരുന്നു പ്രധാന ഭക്ഷ്യ ധാന്യങ്ങള്‍. കാട് വെട്ടിത്തെളിച്ച സ്ഥലത്ത് മൂന്നു വര്‍ഷം അടുപ്പിച്ച് കൃഷി ചെയ്ത ശേഷം ആ സ്ഥലം ഉപേക്ഷിക്കുന്നു. പിന്നീട് പുതിയ കാട് വെട്ടും. പഴയ സ്ഥലത്ത് തിരിച്ചുവന്ന് കൃഷിയിറക്കുന്നതിന് ചുരുങ്ങിയത് മൂന്നുവര്‍ഷമെടുക്കും. സ്ഥലത്തിന് പഞ്ഞമില്ലാത്തതിനാല്‍ പഴയ സ്ഥലത്തേക്ക് പലപ്പോഴും തിരിച്ചുവരുമായിരുന്നില്ല.

കാടെരിച്ച് മണ്ണൊരുക്കി ആദ്യം വിതയ്ക്കുന്നത് തുവരയാണ്. പിന്നെ അമര. ശേഷം റാഗി, ചാമ, കടുക്, കീര, തിന, നെല്ല് തുടങ്ങിയ വിത്തുകള്‍. ഈ വിത്തുകള്‍ വിതറിയ ശേഷം’കൊത്തു’കൊണ്ട് മണ്ണ് മീതെ കൊത്തിയിടുകയാണ്. വിത്തിടുന്നതിനായി മണ്ണിളക്കാറില്ല. വാകൈ(വാഴ, ചക്കരക്കായ(മത്തന്‍), വെള്ളരി, ചുരൈ (ചുരയ്ക്ക) ശവുത്ത(കക്കിരി), കുമ്പളന്‍ (കുമ്പളം) തുടങ്ങിയ പച്ചക്കറികളും ചിത്തിരൈ (മേടം) മാസത്തില്‍ നടും. അട്ടപ്പാടിയിലെ ആദിവാസികള്‍ നെല്ല് തങ്ങളുടെ പുനം കൃഷിയിലുള്‍പ്പെടുത്തിയിരുന്നില്ല. നെല്ല് അപ്രധാനമായൊരു വിളയായിരുന്നു(12).

അട്ടപ്പാടിയിലെ ആദിവാസികളുടെ പരമ്പരാഗത കൃഷി രീതികളും ആഹാരശീലങ്ങളും പാടെ അന്യമായി. കാടിന്റെ മക്കളും മണ്ണിന്റെ മക്കളുമായിരുന്ന ആദിവാസികള്‍ക്ക് ഇന്ന് അവരുടെ കാടും മണ്ണും അന്യാധീനമാക്കപ്പെട്ടു. കാടിനെയും മണ്ണിനെയും നെഞ്ചിലേറ്റി പ്രകൃതിയെ ആരാധിച്ച മല്ലീശ്വരന് ധാന്യങ്ങള്‍ കാഴ്ച അര്‍പ്പിച്ചിരുന്നവരായിരുന്നവര്‍. എന്നാല്‍ ജനാധിപത്യത്തിന്റെ കാവലാളുകളായിയെത്തിയവര്‍ കൊണ്ടുവന്ന നിയമങ്ങള്‍ ഈ ആദിമ ജനതതിയെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് കുടിയിറക്കി. തുടര്‍ന്നുണ്ടായ പുനഃരധിവാസ പ്രക്രിയ ഇവരുടെഅടിവേരുകള്‍ തന്നെ അറുത്തുമാറ്റി. അതോടെ പുനഃരധിവാസപ്രക്രിയയെന്നതിലൂടെ വച്ചുനീട്ടപ്പെട്ടത് കൃഷിയോഗ്യമല്ലാത്ത തുണ്ടുഭൂമി. ബഹുഭൂരിപക്ഷത്തിനുമാകട്ടെ അതുപോലും നിഷേധിക്കപ്പെട്ടു. അവര്‍ക്ക് കാടുമില്ലാതായി. നാടും. പട്ടിണിയും പരിവട്ടവുമായപ്പോള്‍ അരക്ഷിതരായ ആദിവാസികള്‍ കള്ളിനും കഞ്ചാവിനുമായി കിട്ടിയ ഭൂമികള്‍ കൈമാറ്റം ചെയ്തു. അതെല്ലാം കുമിഞ്ഞുകൂടിയതാകട്ടെ കുടിയേറ്റക്കാരുടെ കൈയില്‍. അന്യാധീനപ്പെട്ട ഭൂമിയിലെ കൂലിവേലക്കാരായതോടെ ഇവരുടെ ജീവിതം ദുഃസ്ഥിതിയിലായി.

കൃഷി ചുരുക്കം ചിലരില്‍ മാത്രം അവശേഷിച്ചു. അവരുടെ ഭൂമിക്കാകട്ടെ സര്‍ക്കാര്‍ രേഖകളും നല്‍കപ്പെട്ടില്ല. ഇതോടെ അവരുടെ പരമ്പരാഗത കൃഷികളും ആഹാര ശീലങ്ങളും വിട്ടൊഴയാന്‍ നിര്‍ബന്ധിക്കപ്പെട്ടു. സര്‍ക്കാരിന്റെ പൊതുവിതരണ ശൃംഖലയിലുള്‍പ്പെടുത്തപ്പെട്ട ആദിവാസികള്‍ ദാരിദ്ര രേഖക്ക് താഴെയും മേലെയുമായി. അതോടെ സര്‍ക്കാരിന്റെ ഔദാര്യമെന്നോണം ലഭിക്കുന്ന റേഷനരി വാങ്ങുന്നവരായി മാറി ആദിവാസികള്‍. പരമ്പരാഗത കൃഷിയിലൂടെ ലഭിച്ചിരുന്ന റാഗിയും ചാമയും തിനയും ഭക്ഷിച്ചിരുന്നവരുടെ ആഹാരം റേഷനരിയിലേക്ക് പൂര്‍ണ്ണമായും വഴി മാറി. ഒരു ആദിവാസി കുടുംബത്തിന് ഒരു രൂപ നിരക്കില്‍ ആഴ്ചയില്‍ ഏഴ് കിലോ അരി. ഇതുമാത്രമാണ് ആഹാരം. ഈ റേഷനരിയില്‍ നിന്ന് ലഭ്യമാകാനിടയുള്ള പോഷകാംശങ്ങള്‍ മാത്രമാണ് ആദിവാസികളുടെ ആരോഗ്യത്തിന്റെ പിന്‍ബലം. സ്വന്തം മണ്ണില്‍ നിന്നിറക്കപ്പെട്ടവര്‍ക്ക് പച്ചക്കറികള്‍ വാങ്ങുവാനുള്ള സാമ്പത്തിക ശേഷിയില്ലാതെയുമായി. ഇത്തരമൊരവസ്ഥയില്‍ ഗര്‍ഭിണികളാകുന്നവരും ഗര്‍ഭസ്ഥ ശിശുക്കളും ആരോഗ്യവതികളാണെന്ന് കരുതാനേയാകുന്നില്ല. റേഷനരി മാത്രം പോഷകാഹാരമായിട്ടുള്ളവരുടെ ഗര്‍ഭസ്ഥശിശുവിന് വളര്‍ച്ചക്കുറവുണ്ടാകും. തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതും അതുമൂലം അട്ടപ്പാടിയില്‍ ശിശുമരണങ്ങളുടെ തോത് ദിനംപ്രതിയേറുന്നതും ഈയവസ്ഥയില്‍ സ്വാഭാവികം.

വനാവകാശനിയം – 2006

ഒന്നാം യു പി എ സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഭരണ നേട്ടങ്ങളിലൊന്നാണ് വനാവകാശ നിയമം-2006. 2007 ഡിസംബര്‍ 31 ന് പ്രാബല്യത്തില്‍ വന്ന നിയമം സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2008 ജനുവരി 11 ന് പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി(13). നിയമത്തെക്കുറിച്ച് അതിന്റെ ഗുണഭോക്താക്കളായ ആദിവാസി ജനതയെ ബോധവല്‍ക്കരിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി നിയമം പ്രാദേശിക ഭാഷകളിലേക്ക് തര്‍ജമചെയ്ത് അതിന്റെ കോപ്പികള്‍ ഗ്രാമസഭകള്‍ക്കും വനാവകാശ കമ്മിറ്റികള്‍ക്കും നല്‍കണം. ഇതൊന്നും പക്ഷേ പ്രബുദ്ധമെന്ന് ഘോഷിക്കപ്പെടുന്ന രാഷ്ട്രീയ കേരളത്തില്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കണ്ടതായും കേട്ടതായും ഭാവിക്കുന്നില്ല. 35000 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ നിയമ പ്രകാരം പട്ടയം നല്‍കുമെന്ന് 2010-11 ബജറ്റ് പ്രസംഗത്തില്‍(14) അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും ഇതേ നിയമപ്രകാരം പട്ടയം നല്‍കുമെന്ന് 2012-13 ബഡ്ജറ്റ് പ്രസംഗത്തില്‍(15) മന്ത്രി കെ.എം.മാണിയും പറഞ്ഞു. ഇതൊക്കെ പക്ഷേ പ്രസംഗങ്ങളിലൊതുങ്ങിയെന്നല്ലാതെ ഒന്നും നടന്നില്ല.

വനാവകാശ നിയമം-2006 പ്രകാരം ആദിവാസികള്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം രേഖകളോടുകൂടി തിരിച്ചുനല്‍കുക. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക. കാറ്റാടി പാടങ്ങള്‍ക്കായി കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയുള്‍പ്പെടെ ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമിയും തിരിച്ചുനല്‍കപ്പെടട്ടെ. അവകാശം കിട്ടുന്ന മുറക്ക് ഭൂമി കൃഷിയോഗ്യമാക്കുവാനും പരമ്പരാഗത കൃഷിരീതികളടക്കമുള്ളവയിലേക്കുള്ള പിന്മടക്കത്തിനും സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കണം. അങ്ങനെ അന്യമായിപ്പോയ റാഗിയും ചാമയും തിനയും അമരയും തൊമരയും പച്ചക്കറികളുമടങ്ങിയിരുന്ന ആഹാര ശീലങ്ങള്‍ ആദിവാസികള്‍ തിരിച്ചുപിടിക്കട്ടെ. ഇതിലൂടെ ആദിവാസികള്‍ സ്വയം പര്യാപ്തരാകട്ടെ. അതോടെ ആദിവാസി ശിശു മരണങ്ങള്‍ക്ക് അന്ത്യമാകട്ടെ.

പ്രകൃതിവിഭവങ്ങളുടെ സമത്വാധിഷ്ഠിത വിതരണം നടക്കുന്നതേയില്ല. പ്രകൃതി സമ്പത്തുകളുടെ ഗുണഭോക്താക്കള്‍ ചുരുക്കം ചിലര്‍ മാത്രം. ആലുവ പെരിയാര്‍ നദിയിലെ വെള്ളം അതിന്റെ ഇരുകരകളിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ കൊള്ളയടിക്കുന്നു. ശേഷം അത് മലിനീകരിച്ച് പെരിയാറിലേക്ക് തന്നെ തുറന്നുവിടുന്നു. പ്രകൃതിസമ്പത്തിന്റെ ചൂഷണവും നശീകരണവുമെന്ന ഇരട്ടപാതകം! Bharathpuzha sand Royality deatilsഭാരതപ്പുഴയിലെ മണല്‍ പ്രകൃതിസമ്പത്താണ്. അത്് ഖനനം ചെയ്യപ്പെടുമ്പോള്‍ ഭാരതപ്പുഴയുടെ സമീപ പ്രദേശങ്ങളിലെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഒരു നിശ്ചിത ശതമാനം റോയല്‍റ്റി ലഭിക്കുന്നു. അത് ആ പ്രാദേശിക ജനതയുടെ വികസനത്തിന് മുതല്‍കൂട്ടാകുന്നു. കാറ്റ് പ്രകൃതിയുടെ പ്രതിഭാസമാണെങ്കിലും അത് സമ്പത്തുകൂടിയാണ്. അട്ടപ്പാടി കുന്നുകളിലെ കാറ്റില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഗുണഫലങ്ങള്‍ അട്ടപ്പാടിക്കാര്‍ക്കു കൂടി ലഭ്യമാക്കപ്പെടണം. ആദിവാസികളുടെ ഭൂമി തട്ടിയെടുത്താണ് അട്ടപ്പാടികുന്നൂകളില്‍ കാറ്റാടി യന്ത്രങ്ങള്‍ കൂടുകൂട്ടിയത്. അന്യാധീനമാക്കപ്പെട്ട ഭൂമി തിരിച്ചുനല്‍കുകയെന്ന ആവശ്യമുയരുന്നതോടൊപ്പം ആദിവാസികള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കുന്നതിന്നായുള്ള സംവിധാനമുണ്ടാക്കാന്‍ വൈദ്യുത ബോര്‍ഡ് തയ്യാറാകണം. ഭാരതപ്പുഴയിലെ പ്രകൃതിസമ്പത്തായ മണലിന് അവിടെ തന്നെയൂളള ഗ്രാമപഞ്ചായത്തുകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന രീതി ഇവിടെയൂം പിന്തുടരണം. സൗജന്യമായി ലഭിക്കുന്ന വൈദ്യുതി ആദിവാസികള്‍ക്ക് അവരുടെ കാര്‍ഷികവൃത്തിയിലേക്ക് പിന്മടങ്ങുവാനുളള വെളളിച്ചമാകട്ടെ.

കുടിവെള്ളവും അന്യമായി

പ്രകൃതിയെ ആരാധനാ മൂര്‍ത്തിയായി കണ്ടിരുന്നു ആദിവാസികള്‍ക്ക് മാരി (മഴ) ദൈവമായിരുന്നു (കൃഷിമലയാളം, സി.കെ. സുജിത്, പേജ് 196). ആദിവാസികളുടെ കാടും മേടും ജലസമ്പുഷ്ഠമായിരുന്നും. പരിസ്ഥിതിക്ക് ഒട്ടുമേ കോട്ടവുമേല്‍പ്പിക്കപ്പെട്ടിരുന്നില്ല. മണ്ണ് വിഷലിപ്തമാക്കപ്പെട്ടിരുന്നില്ല. നീലഗിരി കുന്നുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ചെറുതും വലുതുമായ അരുവികള്‍ അട്ടപ്പാടിയുടെ സ്വന്തം ഭവാനിപുഴയേയും ശിരുവാണിപുഴയേയും ജലസമ്പുഷ്ഠമാക്കിയിരുന്ന കാലമുണ്ടായിരുന്നു. കയ്യേറ്റക്കാരുടേയും വനംകൊള്ളക്കാരുടേയും കൈപ്പിടിയിലമര്‍ന്നതോടെ അട്ടപ്പാടിയുടെ ആവാസ വ്യവസ്ഥ തകിടംമറിഞ്ഞു. അരുവികളും പുഴകളും വറ്റിവരണ്ടു.

മണ്ണറിയാതെ തന്നെയുള്ള കൃഷിരീതികളുടെ സ്ഥാനത്ത് രാസവളങ്ങളും കീടനാശിനികളും വാരിവിതറിയുള്ള കൃഷിരീതി വ്യാപകമാക്കപ്പെട്ടപ്പോള്‍ അട്ടപ്പാടിയുടെ സൗഭാഗ്യങ്ങളായ മണ്ണും ഭവാനിയും ശിരുവാണിയും വിഷലിപ്തമായി. അട്ടപ്പാടിയുടെ ആദിമ ജനതയ്ക്ക് ശുദ്ധമായ കുടിവെള്ളവും അന്യമായി. മലിനീകരിക്കപ്പെട്ട നദികളിലെ വെള്ളം ബഹുഭൂരിപക്ഷം ആദിവാസികളെയും രോഗികളാക്കി. പ്രത്യേകിച്ചും ആദിവാസി സ്ത്രീകളെ. ആദിവാസി സ്ത്രീകള്‍ കിലോമീറ്ററോളം കുടിവെള്ളത്തിനായി അലയുന്നു. കുടിവെള്ളത്തിനായുള്ള ഗര്‍ഭിണികളുടെ അലച്ചിലും കഠിന പ്രയത്‌നവും സമകാലിക ശിശുമരണങ്ങള്‍ക്ക് കാരണമാകാതിരിക്കാന്‍ തരമില്ല.

വിദ്യാഭ്യാസ അവകാശ നിയമവും ആദിവാസികളും

രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളിലൊന്നായിട്ടാണ് വിദ്യാഭ്യാസ അവകാശ നിയമം 2009 ചൂണ്ടിക്കാണിക്കപ്പെടുന്നത്. 14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നു. 2010 ഏപ്രില്‍ 10 ന് പ്രാബല്യത്തില്‍ വന്ന ഈ നിയമം കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുവാന്‍ കുട്ടികളുടെ താമസ സ്ഥലത്തിനടുത്തുള്ള സ്കൂളുകള്‍-പൊതു / സ്വകാര്യമെന്ന് വ്യത്യാസമില്ലാതെ തന്നെ-ബാദ്ധ്യസ്ഥരാണ്.

ആദിവാസികളടക്കമുള്ള ദുര്‍ബ്ബലവിഭാഗത്തിലുള്ളവരുടെ കുട്ടികള്‍ക്ക് മൊത്തം സീറ്റിന്റെ 25 ശതമാനം വരെ നിര്‍ബന്ധിതമായും പ്രവേശനം നല്‍കേണ്ടതുണ്ട്, സ്വകാര്യസ്കൂളുകള്‍. ഈ കുട്ടികളുടെ ഫീസ് സബ്‌സീഡിയായി സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യ സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് കൈമാറും. മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ സ്കൂളുകളും നിയമം അനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രാദേശിക സര്‍ക്കാരുകളടക്കം ബാദ്ധ്യസ്ഥരാണ്. ഈ 2013 ഏപ്രിലോടെ മൂന്നുവര്‍ഷ സമയപരിധി അവസാനിച്ചിരിക്കയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ തന്നെയാണ് ആദിവാസികള്‍. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് പക്ഷേ ഈ നിയമത്തിന്റെ പരിരക്ഷ ഉറപ്പിക്കപ്പെടുന്നതേയില്ല.

ATTAPADY mon read pnewഅട്ടപ്പാടി ഗ്രാമപഞ്ചായത്തിലെ നെല്ലിപതി ഊരിലെ മരുതി- വെള്ളങ്കരിമാരുടെ മകന്‍ വിജേഷ് നെല്ലിപതിയിലെ മല്ലീശ്വരം വിദ്യാനികേതന്‍ Vijeesh EDU BILLഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള ഫീസിനത്തില്‍ 860 രൂപയും യൂണിഫോമിനും പുസ്തകങ്ങള്‍ക്കുമായി 1020 രൂപയും ഈ ആദിവാസി മാതാപിതാക്കള്‍Vijeesh  EDU BILL1 ഇതിനകം ഒടുക്കിയിരിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് പക്ഷേ ഇവര്‍ക്കറിയില്ല. എന്തിനധികം വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് അട്ടപ്പാടി ആദിവാസി ബ്ലോക്കിനുകീഴിലുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ കേട്ടിട്ടുപോലുമില്ലെന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പറയുന്നു. ഇതേക്കുറിച്ച് അട്ടപ്പാടിയിലെ ഭരണ സംവിധാനങ്ങളില്‍ ചര്‍ച്ചകളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്ന്! നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങളുടെയും പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളുടേയും ഗുണഫലങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുള്ള ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഏറെ വ്യക്തമാക്കപ്പെടുകയാണിവിടെ. പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് ജില്ലാതലത്തില്‍ മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെട്ട ജില്ലാ കളക്ടര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരുടെ അര്‍പ്പണബോധമില്ലായ്മയും അനാസ്ഥയും അലംഭാവവുമൊക്കെത്തന്നെയാണ് ഇവിടെയും കനംവയ്ക്കുന്നത്.

അഹാഡ്‌സും ശിശുമരണങ്ങളും

‘കുട്ടികള്‍ നമ്മുടെ മുഖ്യ സ്വത്ത’ാണെന്ന് അട്ടപ്പാടി പ്രഖ്യാപനം!(16) അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയെക്കുറിച്ച് ടി. മാധവമേനോന്‍ (ഐ.എ.എസ്) മുഖ്യ ഉപദേഷ്ഠാവുമായുള്ള പഠന സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇങ്ങനെയൊരു അട്ടപ്പാടി പ്രഖ്യാപനം ഇടം പിടിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ പരിസ്ഥിതി പുനഃസ്ഥാപനത്തിന് നേതൃത്വം നല്‍കിയത് അഹാഡ്‌സാണ്. ‘അട്ടപ്പാടി പ്രഖ്യാപന’പ്രകാരം മുഖ്യ സ്വത്തുക്കളായി മാറേണ്ടതിനു പകരം പിറന്നുവീഴുന്ന ശിശുക്കള്‍ മരണത്തിനു കീഴ്‌പ്പെടുന്ന കാഴ്ചയാണിപ്പോള്‍. ഏല്പിക്കപ്പെട്ട പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് അട്ടപ്പാടിയില്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി പാടെ നിലച്ചിരിക്കുകയാണ്. അതേസമയം തന്നെ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ശിശുമരണങ്ങളുടെ ഉത്തരവാദിത്തം അഹാഡ്‌സിനാണെന്നുള്ള വിമര്‍ശനം ഒട്ടുമേ കുറവല്ല(17).

സര്‍ക്കാരേതര സംഘടനകള്‍ ശക്തിപ്പെടുന്നു?

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ അഹാഡ്‌സ് വിമര്‍ശിക്കപ്പെടുന്നു. ഇതില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയെപ്പോലെ തന്നെ സന്തോഷിക്കുന്നവരില്‍ സര്‍ക്കാരേതര സംഘടനകളുമുണ്ട്. ആദിവാസി മേഖലകളെന്നും പൊതുവെ സര്‍ക്കാരേതര സംഘടനക (എന്‍.ജി.ഒ)ളുടെ സങ്കേതങ്ങളാണ്. എന്നാല്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയെന്ന് വിശേഷിപ്പിക്കാവുന്ന അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സര്‍ക്കാരേതര സംഘടനകള്‍ക്ക് വേണ്ടത്ര ഇടം ലഭിക്കാതെ പോയെന്നത് നിഷേധിക്കപ്പെടുമെന്ന് കരുതുന്നില്ല.

മാറിയ സാഹചര്യത്തില്‍ പക്ഷേ അഹാഡ്‌സിന്റെ അഭാവത്തില്‍ അട്ടപ്പാടിയില്‍ സര്‍ക്കാരേതര സംഘടനകള്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ആദിവാസികള്‍ക്കിടയില്‍ അഹാഡ്‌സിന്റെ സ്വാധീനം ശക്തമാണ്. വികസന പ്രക്രിയയില്‍ ആദിവാസി പങ്കാളിത്തം പരമാവധി ഉറപ്പിച്ചെടുക്കുന്നതില്‍ അഹാഡ്‌സ് അതിന്റെ ശേഷി തെളിയിച്ചിട്ടുണ്ടെന്നത് കാണാതെ പോകുന്നത് ശരിയല്ല. ആദിവാസികള്‍ക്കിടയില്‍ കടന്നുകയറുന്നതിന് അഹാഡ്‌സ് അരങ്ങ് ഒഴിഞ്ഞതോടെ സര്‍ക്കാരേതര സംഘടനകള്‍ തങ്ങളുടെ തന്ത്രങ്ങള്‍ മെനയുകയാണ്. മെഡിക്കല്‍ ക്യാമ്പ്, ഊരുകളില്‍ ആഹാരസാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ അവസരം മുതലാക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സര്‍ക്കാരേതര സംഘടനകള്‍.

അട്ടപ്പാടി പ്രത്യേക പാക്കേജ് നടത്തിപ്പില്‍ ഇടം കാത്തിരിക്കുന്ന സര്‍ക്കാരേതര സംഘടനകള്‍ ആദിവാസി വികസന പ്രക്രിയയില്‍ പങ്കാളികളായിട്ടുണ്ടോയെന്ന പരിശോധിക്കപ്പെടണം. ആദിവാസി വികസനത്തിനടക്കമുള്ള കോടികളുടെ ഫണ്ടുകളാണ് കേന്ദ്ര ആദിവാസി മന്ത്രാലയം വകയിരുത്തുന്നത്. ഇതില്‍ വലിയൊരുതുക സര്‍ക്കാരേതര സംഘടനകള്‍ക്കായും മാറ്റിവച്ചിട്ടുണ്ട്. 2012-13ല്‍ കേരളത്തില്‍ നിന്ന് വെറും നാല് ഏജന്‍സികള്‍ മാത്രമാണ് ആദിവാസി മന്ത്രാലയത്തില്‍ നിന്നുള്ള ഗ്രാന്റ്-ഇന്‍-എയ്ഡുകള്‍ (മൊത്തം 49,27,588 രൂപ) തരപ്പെടുത്തിയിട്ടുള്ളത് (table 03)(18). അട്ടപ്പാടിയിലെ എന്‍.ജി.ഒകള്‍ക്കൊന്നും ഇതില്‍ പങ്കില്ലെന്ന് പ്രത്യേകം ശ്രദ്ധേയം.

   കേരളത്തിലെ എന്‍ജിഒകള്‍ക്ക് കേന്ദ്ര ആദിവാസി മന്ത്രാലയം അനുവദിച്ച ഫണ്ട് (2012-2013)
പേര്                                    നമ്പര്‍                                                                തുക(ലക്ഷം)
1.ഗിരിജന്‍ സേവ ട്രസ്റ്റ്                 2019/04/2011-NGOവയനാട്                               28-.03.2013                                                   3,82,5002hnZym-\n-tI-X³                   22019/04/2000-NGO (Vol-III)തിരുവനന്തപുരം                     05-.11-.2012                                                  10,83,653

ശേഷന്‍സ് അക്കാദമി                 11025/8/2010-NGO4

തിരുവനന്തപുരം                      24-.09-.2012                                                                                                                                                                                                13,95,000

സ്വാമി വിവേകാനന്ദ                  22019/04/2010-NGO

04-.08-.2012

മെഡിക്കല്‍ മിഷന്‍വയനാട്                                                                                 20,66,993

ആകെ                                                                                               49,27,558

ലോകത്തിലെ ആദിമജനതയുടെ രണ്ടാം ഇന്റര്‍ നാഷണല്‍ ദശകം പദ്ധതി (UN Second International Decades of Indigenous Project)(19) പ്രകാരം എന്‍ജിഒകള്‍ക്ക് 10,000 യു.എസ് ഡോളറിന്റെ പദ്ധതികള്‍ക്കായി വാര്‍ഷിക ഫണ്ട് അനുവദിക്കുന്നുണ്ട്. മിലീനിയം ഡെവലപ്‌മെന്റ് ഗോള്‍ (എം.ഡി.ജി-2000) പ്രകാരം 2015 നകം ലോകത്തെ ആദിമ ജനതയുടെ വികസനം ലക്ഷ്യംവച്ചുള്ളതാണീ ഫണ്ട്. ഇതിലും പക്ഷേ കേരളത്തിലെ ഒരു എന്‍.ജി.ഒയ്ക്കു പോലും പങ്കുപറ്റാനായിട്ടില്ല.

അട്ടപ്പാടിയില്‍ കമ്മ്യൂണിറ്റി റേഡിയോ?

ശബ്ദമില്ലാത്ത അട്ടപ്പാടി ആദിമജനതയുടെ ശബ്ദമായി മാറുമായിരുന്ന കമ്യൂണിറ്റി റേഡിയോ പദ്ധതി ഒരു എന്‍.ജി.ഒയാണ് മുന്നോട്ടുവച്ചത്. ആദിവാസി ഭാഷയില്‍ 100 ശതമാനം ആദിവാസികളുടെ പങ്കാളിത്തമെന്ന നിലയിലാണ് കമ്യൂണിറ്റി റേഡിയോ ആശയമുടലെടുത്തത്. അഗളി ഗ്രാമ പഞ്ചായത്താഫീസ് ഹാളില്‍ വെച്ച് ഈ ആശയം പൊതുജനങ്ങളുമായി പങ്കുവയ്ക്കപ്പെട്ടു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ മുന്നോട്ടുപോയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. പദ്ധതി ലാഭമായിരിക്കില്ലെന്നും ആവര്‍ത്തന ചെലവുകളേറെവരുമെന്നുമുള്ള ന്യായീകരണങ്ങളാണത്രെ പദ്ധതിയില്‍ നിന്നും പിന്മാറുന്നതിന് നിരത്തപ്പെടുന്നത്. ഈ ന്യായീകരണങ്ങള്‍ പാടെ ശരിയല്ലെന്ന് പറയാനാകില്ല. അതേസമയം തന്നെ ലാഭനഷ്ട നിര്‍ദ്ധാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം സന്നദ്ധ സേവനം മുന്നോട്ടുകൊണ്ടുപോകുന്നത് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ കുഴിതോണ്ടലാണ്.

പ്ലാനിംഗ് കമ്മീഷിന്റെ 12-ാം പഞ്ചവത്സര സമീപന രേഖയില്‍ പദ്ധതി നടത്തിപ്പില്‍ എന്‍.ജി.ഒ കളുടെ പങ്കാളിത്തത്തിന്റെ ആവശ്യകത പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ക്കായുള്ള പദ്ധതികള്‍ (Project Proposals) സമര്‍പ്പിക്കുന്നതില്‍ എന്‍.ജി.ഒകള്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല. ഫണ്ട് അനുവദിക്കപ്പെട്ടാല്‍ തന്നെയും എല്ലാ ആറുമാസം കൂടുമ്പോഴും പദ്ധതി സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ യൂട്ടിലൈസേഷന്‍സ് റിപ്പോര്‍ട്ടും. ഇതെല്ലാം വിശദമായി വിശകലനം ചെയ്യപ്പെടും. വിലയിരുത്തപ്പെടും. അപാകതകളുണ്ടെന്നുകണ്ടാല്‍ ഗ്രാന്റ് തടഞ്ഞുവയ്ക്കപ്പെടും. ഇതൊക്കതന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളെ എന്‍.ജി.ഒകള്‍ക്ക് അപ്രിയമാക്കുന്നത്.

ആദിവാസി വികസനത്തിന്റെ പേരിലടക്കം വിദേശ ഫണ്ടുകള്‍ തരപ്പെടുത്തുന്നതില്‍ ഈ സംഘടനകള്‍ പക്ഷേ സദാ ശ്രദ്ധാലുക്കളാണ്. വിദേശ ഫണ്ടുകളാണെങ്കില്‍, പ്രത്യേകിച്ചും യൂറോപ്പില്‍ നിന്നുള്ള ഫണ്ടിങ്ങ് ഏജന്‍സികളുടെ, പ്രോഗ്രസ് റിപ്പോര്‍ട്ട്് അവലോകനവും പരിശോധനയും ഏറെക്കുറെ ഉദാരമാണ്. രാജ്യത്തേക്ക് കളളപ്പണമൊഴുക്കകയെന്നതും വിദേശഫണ്ടുകളോട് എന്‍.ജി.ഒകള്‍ക്ക് ആഭിമുഖ്യമേറുന്നതിന് പിന്നില്‍ പ്രകടമാകണ്(20).

മൈക്രോ ഫിനാന്‍സ്, റിവോള്‍വിങ്ങ്് ഫണ്ട് എന്നിവയ്ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍, ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുക വായ്പയെടുക്കുന്നതിന് പക്ഷേ എന്‍.ജി.ഒകള്‍ ഏറെ തല്പരരാണ്. അത്തരം വായ്പകള്‍ക്ക് നാലര മുതല്‍ അഞ്ചര ശതമാനം വരെ പലിശയേയുള്ളൂ. നന്നേ കുറഞ്ഞ പലിശക്ക് ലഭ്യമാകുന്ന ഈ വായ്പകള്‍ തങ്ങളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക് മിതവും അമിതവുമായ പലിശക്ക് വീതിച്ചുകൊടുത്ത് പാവപ്പെട്ടവരെ’ സ്വയം പര്യാപ്ത’രാക്കുന്നതിലാണ് എന്‍ജി.ഒകളുടെ മുഖ്യ കണ്ണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ ചിട്ടികളും നിക്ഷേപ പദ്ധതികളും നടത്തുന്നതിന് പോലും ഏറെ പ്രാധാന്യം കൊടുക്കുന്നു, എന്‍.ജി.ഒകള്‍.

കേന്ദ്ര സര്‍ക്കാരിന്റേതടക്കമുള്ളവയുടെ ഗ്രാന്റ്-ഇന്‍-എയ്ഡ് സ്വീകരിച്ച് അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രധാനപ്പെട്ട വികസന പ്രക്രിയകളില്‍ പങ്കാളികളായിട്ടുള്ളവരല്ല അട്ടപ്പാടിയിലെ എന്‍.ജി.ഒകള്‍. അതുകൊണ്ടുതന്നെ അഹാഡ്‌സ് അരങ്ങൊഴിഞ്ഞ ശൂന്യതയില്‍ അട്ടപ്പാടിയിലെ ഇനിമുതലുള്ള പങ്കാളിത്ത വികസന പ്രക്രിയയില്‍ എന്‍.ജി.ഒകള്‍ക്ക് ഇടം നല്‍കുവാനുള്ള അണിയറ നീക്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ അതേക്കുറിച്ച് ഒന്നല്ല പലകുറി ആലോചിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.

എവിടെ നേതാക്കള്‍?

കേരളം ഇന്ന് യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് രവിപിള്ളയും എം.കെ യൂസഫലിയുമടങ്ങുന്ന വ്യവസായികളാണ്. ഇവരുടെ വ്യവസായ സാമ്രാജ്യത്തിന് ശക്തിപകരുവാനും ഇപ്പറഞ്ഞ ഗ്രൂപ്പിലുള്‍പ്പെടുന്നവര്‍ക്ക് ഉപജാപങ്ങളിലൂടെ രാജ്യത്തെ പത്മപുരസ്കാരങ്ങള്‍ നേടിക്കൊടുക്കുന്നതിനും നേതാക്കള്‍ മത്സരിക്കുകയാണ്. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, ആറന്മൂള വിമാനത്താവളം, മോണോ റെയില്‍, അതിവേഗ റെയില്‍ കോറിഡോര്‍, കോവളം കൊട്ടാരം രവി പിള്ളക്ക് തീറെഴുതിനല്‍കല്‍, കണ്ണൂര്‍ വിമാനത്താവളം, എഡ്യൂസിറ്റി ഇങ്ങനെയുള്ള മെഗാ പ്രോജക്ടുകെള സംബന്ധിച്ച ഉന്നതതല ചര്‍ച്ചകള്‍ക്കൂം കൂടിയാലോചനകള്‍ക്കുമാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ മുന്‍ഗണന നല്‍കുന്നത്. ഇങ്ങനെ തിരക്കോടുതിരക്കുള്ള ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് ആദിവാസികളടക്കമുള്ളവര്‍ക്കായുള്ള ഫണ്ട് വിനിയോഗത്തെ നിരീക്ഷിക്കാനും സുതാര്യമാക്കുവാനും എവിടെയാണ് സമയം!

അട്ടപ്പാടിയിലെ ആദിവാസിഭൂമി വിന്റ്മില്‍ കമ്പനിയുടെ കൈകളിലെത്തിക്കുന്നതിന് കൂട്ടുനിന്ന മുന്‍ വൈദ്യുത മന്ത്രി പാര്‍ട്ടി വിട്ടുപോയവരെ മടക്കിക്കൊണ്ടുവരാനുള്ള തിരക്കിലാണ്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാന്‍ സഹായവാഗ്ദാനം ചെയ്ത് ആദിവാസികളെ ദില്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് ഇന്ന് ആഭ്യന്തരമന്ത്രി. അദ്ദേഹമാകട്ടെ ആഭ്യന്തരമന്ത്രിസ്ഥാനം തെറിക്കുമോയെന്ന കടുത്ത ആവലാതിയിലും. ആദിവാസി ഉരൂകളില്‍ ഉണ്ട് ഉറങ്ങി അവരോടൊത്ത് ടിവി ചാനലുകള്‍ക്കു വേണ്ടി നൃത്തം ചവുട്ടിയ കെ.പി.സി.സി പ്രസിഡന്റ് ആഭ്യന്തരമന്ത്രി സ്ഥാനത്തിനും ഒപ്പം ഉപമുഖ്യമന്ത്രി സ്ഥാനത്തിനൂമായുള്ള പരക്കംപാച്ചിലിലാണ്. ഇവരൊന്നും തന്നെ ശിശുമരണ കാരണങ്ങളടക്കം അട്ടപ്പാടിയിലെ ആദിവാസി ജനതതിയുടെ മൗലിക പ്രശ്‌നങ്ങള്‍ കേള്‍ക്കാനൂം കാണാനൂം സമയമുള്ളവരല്ല. ജനാധിപത്യത്തിന്റെ കാവലാളുകളെന്നവകാശപ്പെടുന്നവരുടെ ശ്രദ്ധയിലേക്കായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കരട് വികസനരേഖയില്‍ നിന്ന് കടംകൊണ്ട പണ്ഡിറ്റ് നെഹ്‌റുവിന്റെ വാക്കുകള്‍ വീണ്ടും കുറിക്കട്ടെ…നാം എന്തെങ്കിലും ചെയ്യുന്നതുവരെ ഗ്രാമങ്ങള്‍ കാത്തിരിക്കട്ടെ എന്ന് കരുതാന്‍ പാടില്ല.ഭരണകൂടങ്ങളെ മാറ്റുവാനും മാറ്റിമറിക്കാനുമുള്ള കഴിവ് അവര്‍ക്കുണ്ട്.’
footnotes

1 നം. ബി.5-1401/13, 2013 ഏപ്രില്‍ 05, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്

2 http://pib.nic.in/archieve/budget/gbudget2012/budgeteng2012.pdf

3 അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി

4 http://www.rcdcindia.org/EvDocument/8fc76ff7db9ef9a-8c0a-4afb-b808- c04d66fc4bd4Concept%20note%20on%20TSP.pdf

5 Kerala Tax Reporter, മാര്‍ച്ച് 2012

6 http://indiatoday.intoday.in/story/ap-cm-clears-landmark-bill-on-allocating-and-spending- development-funds-for-disadvantaged-groups/1/236653.html

7 http://nac.nic.in/pdf/scsp.pdf

8 http://www.rgics.org/pdf1/wpn-55.pdf

9 wcd.nic.in/icds/apip/Minutes_APIP_Meeting_with_Govt.of%20Kerala_h

10 www.indiacoffee.org/services/servicese.htm

11 http://commerce.nic.in/publications/anualreport_chapter12-2012-13.asp

12 കൃഷി മലയാളം, സി.കെ. സജിത് കുമാര്‍, പേജ് 193 മുതല്‍ 199 വരെ

13 http://pmindia.gov.in/press-details.php?nodeid=699

14 Kerala Tax Reporter, മാര്‍ച്ച് 2010

15 Kerala Tax Reporter മാര്‍ച്ച് 2012)

16 darpg.nic.in/darpgwebsite_cms/Document/file/Attappady.ppt

17 അഭിമുഖം കാണുക…പി.വി. രാധാകൃഷ്ണന്‍/രാധാകൃഷ്ണ കുറുപ്പ്, ഇതേ news portal

18 http://tribal.nic.in/index2.asp?sublinkid=1349&langid=1

19 http://www.un.org/esa/socdev/unpfii/documents/brochure_2nd_decade.pdf

20 PIB Press Release ID: 93752, Date: Fri, 15 Mar 2013

please log on the following supporting interviews and article  posted on this portal itself

അട്ടപ്പാടി ശിശുമരണം:അവഗണിക്കപ്പെടാന്‍ മാത്രം ഒരു വര്‍ഗ്ഗം

അട്ടപ്പാടി ശിശുമരണം: സര്‍ക്കാര്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കട്ടെ

അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കണം

അഹാഡ്‌സിനെയല്ല ആദിവാസികളെയാണ് പേടി – സാമൂഹ്യ പ്രവര്‍ത്തകന്‍ രാധാകൃഷ്ണ കുറുപ്പ്

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ അബദ്ധങ്ങളുടെ രേഖ

 

 

 

 

 

Radhakrishna kurupശിശുമരണ കാരണങ്ങള്‍ അഹാഡ്‌സിന്റെ തലയില്‍ കെട്ടിവച്ച് വിമര്‍ശനങ്ങളുടെ മുന കൂര്‍പ്പിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അഹാഡ്‌സിനെയല്ല വികസന പ്രക്രിയയിലുള്ള ആദിവാസി പങ്കാളിത്തത്തെ അട്ടിമറിക്കുകയെന്നതാണ് രാഷ്ട്രീയ നേതൃത്വ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ഉന്നമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ രാധാകൃഷ്ണ കുറുപ്പ്

? അട്ടപ്പാടിയുടെ സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി പ്രത്യേക പാക്കേജ് വരുന്നു…..

അതെ, പാക്കേജ് വന്നേക്കാം. അത് പക്ഷേ എങ്ങനെ നടപ്പിലാക്കപ്പെടുമെന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍  വ്യക്തമാക്കുന്നതേയില്ല. അട്ടപ്പാടിയിലെ തനിയാവര്‍ത്തനമായ കോണ്‍ട്രാക്ടര്‍മാര്‍/ബിനാമികള്‍ വഴിയാണോ നടപ്പിലാക്കുക? ആദിവാസി പങ്കാളിത്തത്തിലധിഷ്ഠിതമായി പ്രവര്‍ത്തിച്ച അഹാഡ്‌സ് അടച്ചുപൂട്ടിയതിന്റെ പിന്നിലൂടെ ഇപ്പറഞ്ഞവരുടെ തിരിച്ചുവരവിന്റെ പാത തന്നെയാണ് ഒരുങ്ങുന്നതെന്നുള്ള സംശയം ശക്തിപ്പെടുന്നുണ്ട്. അഹാഡ്‌സ് രൂപീകരിച്ച ആദിവാസികളുടെ ഊരുവികസന സമിതികളുടെ അഭിപ്രായം ആരായാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ല. ഇതിന്റെയര്‍ത്ഥം പ്രത്യേക പാക്കേജ് ഇപ്പറഞ്ഞവര്‍ക്കുള്ള ചക്കരക്കുടം മാത്രമായിരിക്കുമെന്നായിരിക്കും.

? അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇപ്പോള്‍ പക്ഷേ, വ്യാപകമായ വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നുമുയരുന്നത്…..

അഹാഡ്‌സിനെതിരെ രംഗത്തുവന്നിട്ടുള്ളത് ആദിവാസികളല്ല. അഹാഡ്‌സ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആദിവാസികള്‍ ദിവസങ്ങളോളം തെരുവിലിറങ്ങി സമരം ചെയ്തവരാണ്. അവരെങ്ങിനെയാണ് അഹാഡ്‌സിനെ വിമര്‍ശിക്കുക? അഹാഡ്‌സിലൂടെ ആദിവാസിസമൂഹം അട്ടപ്പാടിയുടെ വികസനവഴിയില്‍ വലിയൊരിടം സ്ഥാപിച്ചെടുക്കുമെന്ന് ഇവിടത്തെ രാഷ്ട്രീയക്കാരും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥരും ഭയക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അഹാഡ്‌സിനെ ഇല്ലാതാക്കുവാന്‍ ഇവരെല്ലാം കച്ചകെട്ടിയിറങ്ങിയിട്ടുള്ളത്.

അഹാഡ്‌സിനെ ഇന്നു വിമര്‍ശിക്കുന്നവരെല്ലാം പ്രത്യേകിച്ചും ഭരണകക്ഷിയിലുള്‍പ്പെട്ടവരെല്ലാം അതിന്റെ ഗവേണിങ്ങ് ബോഡിയില്‍ അംഗങ്ങളായിരുന്നു. എംപിയും എംഎല്‍എയും പ്രാദേശിക സര്‍ക്കാര്‍ പ്രതിനിധികളുമടങ്ങിയതായിരുന്നു ഗവേണിങ്ങ് ബോഡി. അന്നൊന്നും അവര്‍ക്കൊരു വിമര്‍ശനവുമില്ലായിരുന്നു. ഇന്ന് പക്ഷേ വിമര്‍ശിക്കുമ്പോള്‍ അഹാഡ്‌സിന്റെ ഗവേണിങ്ങ് ബോഡിയില്‍ അവര്‍ തന്നെ എടുത്ത തീരുമാനങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ അവര്‍ തന്നെ സമ്മതിക്കുകയല്ലേ? ഗവേണിങ്ങ് ബോഡിയെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് അഹാഡ്‌സ് ചെയ്തത്.

? അഹാഡ്‌സിന് വേണ്ടി തീരുമാനങ്ങളെടുത്തവര്‍ തന്നെ അതിനെതിരെ രംഗത്ത് വരാനുണ്ടായ സാഹചര്യമെന്തായിരുന്നു

158 കോടിയുടെ കാര്‍ഷിക പാക്കേജ് അട്ടപ്പാടിയിലേക്ക് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. അതിന്റെ നടത്തിപ്പ് ചുമതല അഹാഡ്‌സിനെ ഏല്പിക്കുമെന്നവസ്ഥയിലാണ് രാഷ്ട്രീയ നേതൃത്വ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് അഹാഡ്‌സിനെതിരെ പടപുറപ്പാടിനിറങ്ങിയത്. ആദിവാസികളുടെ പങ്കാളിത്തത്തില്‍ കാര്‍ഷിക പാക്കേജ് നടപ്പിലാക്കപ്പെടുമ്പോള്‍ ഇപ്പറഞ്ഞ വിഭാഗത്തിന്റെ സ്ഥാപിത താല്പര്യങ്ങള്‍ ഇനിയും നടക്കാതെ വരുമെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഹാഡ്‌സിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ടത്. ഇപ്പോള്‍ ശിശുമരണ കാരണങ്ങള്‍ കൂടി അഹാഡ്‌സിന്റെ തലയില്‍ കെട്ടിവച്ച് വിമര്‍ശനങ്ങളുടെ മുന കൂര്‍പ്പിച്ചിരിക്കുകയാണെന്ന് മാത്രം. യഥാര്‍ത്ഥത്തില്‍ അഹാഡ്‌സിനെയല്ല വികസന പ്രക്രിയയിലുള്ള ആദിവാസി പങ്കാളിത്തത്തെ അട്ടിമറിക്കുകയെന്നതാണ് ഉന്നം.

പിന്നെ, പട്ടിണി മരണങ്ങള്‍ അഹാഡ്‌സിന്റെ തലയില്‍ കെട്ടിവയ്ക്കാനാകില്ല. കാരണം, അട്ടപ്പാടിയുടെ പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനത്തില്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനത്തെ കേരള നിയമസഭയും പ്ലാനിങ്ങ് കമ്മീഷനും പ്ലാനിങ്ങ് ബോര്‍ഡും എന്തിനകം ജപ്പാന്‍ബാങ്ക് തന്നെ അങ്ങേയറ്റം ശ്ലാഘിച്ചിട്ടുള്ളതാണ്. ഇതൊന്നുകാണാന്‍ കൂട്ടാക്കാതെയുള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ-ഉദ്യാഗസ്ഥ ലോബിയല്ലാതെ പിന്നെയാരാണ്?

? അഹാഡ്‌സ് പുനഃസ്ഥാപിച്ചുവെന്ന് പറയുന്നയിടങ്ങളില്‍ വ്യാപകമായ വനനശീകരണം നടക്കുന്നുണ്ടെന്ന പരാതിയുണ്ടല്ലോ

219 കോടി രൂപ ചെലവഴിച്ച് പരിസ്ഥിതി പുനഃസ്ഥാപനം നടത്തിയ അട്ടപ്പാടിയില്‍നിന്ന് മരങ്ങളെല്ലാം വെട്ടികടത്തുകയാണ്. വനം നശിപ്പിച്ച് ശിരുവാണി പുഴയെയും ഭവാനിപുഴയെയും വരള്‍ച്ചയുടെ പിടിയിലേക്ക് തള്ളിയിടുന്നതിന് കൂട്ടുനില്‍ക്കുന്നവരാണ് അഹാഡ്‌സിനെതിരെ തിരിഞ്ഞിരിക്കുന്നത്. അഹാഡ്‌സിനെ വിമര്‍ശിക്കുന്നവര്‍ ഇവിടത്തെ ആദിമ ജനതക്ക് അവരുടെ മണ്ണും കുടിവെള്ളവും അധികാരവും തിരിച്ചുനല്‍കുന്നതിനുള്ള സന്മനസ്സാണ് പ്രകടിപ്പിക്കേണ്ടത്.

? അഹാഡ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ചെലവിനത്തില്‍ മൊത്തം തുകയുടെ 50 ശതമാനത്തിലധികം ചെലവഴിക്കുന്നുവെന്ന വിമര്‍ശനവുമുണ്ട്

അഹാഡ്‌സ് ഗ്രാമവികസന വകുപ്പിന്റെ ഏജന്‍സിയാണ്. ഭരണചെലവിനത്തില്‍ മൊത്തം പദ്ധതിയിലെ 50 ശതമാനം ചെലവഴിച്ചുവെന്ന് കണക്ക് എവിടെനിന്നും കിട്ടിയെന്നറിയില്ല. പരമാവധി ഭരണചെലവ് കുറവുള്ള പദ്ധതികളേ അംഗീകരിക്കപ്പെടൂ. 50 ശതമാനം ഭരണചിലവ് വരുന്ന പദ്ധതിയ്ക്ക് അനുമതി നല്‍കിയ ഉന്നത ഉദ്യോഗസ്ഥന്മാര്‍ ഭരണചെലവിനെക്കുറിച്ച് ഒട്ടും ധാരണയില്ലാത്ത മണ്ടന്മാരായിരുന്നുവെന്ന് കരുതാന്‍ പ്രയാസം. ഏതെങ്കിലും വിദേശഫണ്ടിങ്ങ് ഏജന്‍സി അധിക ഭരണചെലവ് വരുന്ന പദ്ധതികള്‍ക്ക് ഫണ്ട് നല്‍കാന്‍ തയ്യാറാകുമോയെന്നുമറിയില്ല.

(അഭിമുഖം നടത്തിയത് 20.05.2013)

 

പട്ടികപ്രദേശ (ഷെഡ്യൂള്‍ഡ് ഏരിയ) മാക്കുന്നതിലൂടെ അധികാരം ആദിവാസികളില്‍ അധിഷ്ഠിതമാകും. ഇപ്പോള്‍ ആദിവാസികളുെട വസ്തുവഹകള്‍ കയ്യടക്കിവച്ചിട്ടുള്ളവരും രാഷ്ട്രീയാധികാര ശക്തികളുമാണ് അവര്‍ക്ക് എന്ത് വേണം എന്ത് വേണ്ട എന്നൊക്കെ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും. ഈയവസ്ഥക്ക് കാതലായ മാറ്റം വരണമെങ്കില്‍ അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കേണ്ടതുണ്ട് – അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസര്‍ പി.വി. രാധാകൃഷ്ണനുമായി കെ.കെ. ശ്രീനിവാസന്‍ നടത്തിയ അഭിമുഖം

(അഭിമുഖം : 19.05.2013)

V RADHAKRISHNAN ITDP OFFICER? അട്ടപ്പാടിയിലെ തൊഴിലുറപ്പുപദ്ധതി ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു….

അട്ടപ്പാടിയിലെ ആദിവാസികളുടെ കൈവശത്തില്‍ 25,000 ഏക്കറോളം ഭൂമിയുണ്ട്. അതില്‍ കേവലം 12 ശതമാനം മാത്രമാണ് കൃഷി ചെയ്യുന്നത്. ബാക്കിയുള്ളതെല്ലാം തരിശായിക്കിടക്കുകയാണ്. മുന്‍കാലങ്ങളില്‍ ആദിവാസികളുടെ മുഖ്യ തൊഴിലും ഉപജീവന മാര്‍ഗ്ഗവും കൃഷിയും കാലി വളര്‍ത്തലുമായിരുന്നു. പഞ്ഞമാസങ്ങളിലേക്ക് വേണ്ടി പോലും ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചുവച്ചിരുന്ന കാലമുണ്ടായിരുന്നു. ആ അവസ്ഥ തിരിച്ചുപിടിക്കണമെങ്കില്‍ അവരുടെ കൃഷിഭൂമി പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കണം. തൊഴിലുറപ്പ് പദ്ധതിയോടെ ഇത് സാധ്യമാക്കുന്നതിനായി ശ്രമിച്ചു. ഊരുകൂട്ടങ്ങള്‍ മുഖേന ആദിവാസികളുടെ ഭൂമി കൃഷിയോഗ്യമാക്കാനായി 64 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ആദിവാസികളുടെ ഭൂമി കൃഷി യോഗ്യമാകുകയാണ്. അവരുടെ ഭൂമിയില്‍ തൊഴിലെടുക്കുമ്പോള്‍ അവര്‍ക്ക് കൂലിയും കിട്ടും. അവരുടെ ഭൂമിയാകട്ടെ കൃഷി യോഗ്യമാക്കപ്പെടുകയും ചെയ്യുന്നു. കൃഷിചെയ്യുമ്പോള്‍ അവര്‍ക്ക് ആദായവും ലഭിക്കും.

? തൊഴിലുറപ്പുപദ്ധതിയിലെ ആദിവാസി പങ്കാളിത്തം തൃപ്തികരമാണോ

കഴിഞ്ഞവര്‍ഷം (2012-13) ആകെ തൊഴില്‍ കിട്ടിയവരില്‍ 50 ശതമാനവും ആദിവാസികളാണ്. 100 ദിനങ്ങളില്‍ 64 ദിന തൊഴില്‍ ലഭ്യമാക്കപ്പെട്ടിട്ടുണ്ട്. ഇനി വരും സമയങ്ങളില്‍ ആദിവാസികളുടെ പങ്കാളിത്തം കൂടിയേക്കും. കാരണം, അവരുടെ തന്നെ ഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവര്‍ത്തികളാണ് മുഖ്യമായും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്.

? ഭൂമി കൃഷി യോഗ്യമാക്കിയാല്‍ മാത്രം പോരല്ലൊ. ആദിവാസികള്‍ക്ക് കൃഷി ചെയ്യാനുള്ള സാമ്പത്തിക സഹായമടക്കമുള്ളവ ഉറപ്പുവരുത്തണ്ടേ

ഇക്കാര്യത്തില്‍ മുഖ്യമായും കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായം അത്യാവശ്യമാണ്. കൃഷി വകുപ്പിന് മാത്രമായി ഇരുപതോളം സ്കീമുകളുണ്ട്. വിത്ത്, വളം, പമ്പുസറ്റ് തുടങ്ങിയവ വാങ്ങുന്നതിനും വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനുമുള്ള സാമ്പത്തിക സഹായം ഇവര്‍ക്ക് അനുവദിക്കണം പക്ഷേ മതിയായ ഭൂരേഖയില്ലെന്നതിന്റെ പേരില്‍ ആദിവാസികള്‍ക്ക് കാര്‍ഷികാനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല.

? ഇക്കാര്യം ഇതുവരെയും മാറിമാറി വന്നിട്ടുള്ള സര്‍ക്കാരുകളെ ഇവിടത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും അറിയിച്ചിേട്ടയില്ല

ഇക്കഴിഞ്ഞ മാസത്തിലാണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയല്‍ പെടുത്തിയത്. ഭൂനികുതി രശീത് ഇല്ലാതെ തന്നെ ട്രൈബല്‍ വകുപ്പ് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് പ്രകാരം കാര്‍ഷിക ആനു കൂല്യങ്ങള്‍ ആദിവാസികള്‍ക്ക് അനുവദിക്കാവുന്നതാണ്. സര്‍ക്കാര്‍ തത്വത്തില്‍ ഇത് സമ്മതിച്ചിട്ടുണ്ട്.

? സബ്‌സീഡിയടക്കമുള്ള ആനുകൂല്യങ്ങളൊക്കെ പിന്നെയാര്‍ക്കാണ് ലഭ്യമാകുന്നത്

വ്യക്തമാണല്ലൊ. ആദിവാസികള്‍ക്ക് കിട്ടിയിട്ടില്ല. പിന്നെയാര്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ

? പ്രത്യേക കേന്ദ്ര സഹായം (SPECIAL CENTRAL ASSISTANCE ) ട്രൈബല്‍ സബ് പ്ലാന്‍ (TRIBAL SUB PLAN) എന്നീയിനങ്ങളില്‍ എത്ര തുക അട്ടപ്പാടിക്ക് ലഭ്യമായിട്ടുണ്ട്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെന്ന നിലയില്‍ ഇതേക്കുറിച്ച് വിശദീകരിക്കാമോ

ഈ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മൂന്നു ഗ്രാമ പഞ്ചായത്തുകളുണ്ട്. ഈയിനത്തില്‍ എത്ര തുക അനുവദിക്കപ്പെട്ടിട്ടുണ്ടെന്നത് പരിശോധിക്കണം.

? ശിശു മരണങ്ങളെക്കുറിച്ച്…

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഈ തിയ്യതി വരെ 26ഓളം ശിശു മരണങ്ങളുണ്ടായിട്ടുണ്ട്. ആരോഗ്യ – സാമൂഹ്യ നീതി വകുപ്പുകളുടെ സേവനം വേണ്ടത്ര ആദിവാസി സ്ത്രീകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാണ്. മാതൃ-ശിശു സംരക്ഷണ പദ്ധതികളുടെ ഗുണഫലങ്ങള്‍ ആദിവാസികള്‍ക്കെത്തിക്കുന്നതില്‍ സാമൂഹ്യനീതി വകുപ്പ് പരാജയപ്പെട്ടു. അങ്കണ്‍വാടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയിട്ടില്ല. 172 അങ്കണ്‍വാടികളുണ്ട് അട്ടപ്പാടിയില്‍. അങ്കണ്‍വാടി കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെയ്പ്പുകളും മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നതിലും അങ്കണ്‍വാടികള്‍ അലംഭാവം കാണിച്ചിട്ടുണ്ട്.

? ആരോഗ്യ വകുപ്പ് റോള്‍

ആരോഗ്യ വകുപ്പിന് കീഴില്‍ അട്ടപ്പാടിയില്‍ 28 സബ് സെന്ററുകളുണ്ട്. ഇവിടെ 28 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍. 28 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍. ഇതിനും പുറമെ 85 ആശാ വര്‍ക്കര്‍മാരുമുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുമുണ്ട്. ഇവരുടെയൊന്നും പ്രവര്‍ത്തനങ്ങള്‍ ഊരുകളിലേക്ക് എത്തിയിട്ടേയില്ല. 28 സബ് സെന്ററുകളില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ താമസിക്കണമെന്നുണ്ട്. അവര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളുണ്ടെങ്കിലും അവര്‍ താമസിക്കുന്നില്ല.AGALI Community Health Centre

20 ഇനങ്ങളടങ്ങിയ ആശാ കിറ്റ് എന്നറിയപ്പെടുന്ന കിറ്റുകള്‍ ഊരുകളില്‍ വിതരണം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ട്. മൂന്നു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം ഡോക്ടര്‍മാരുടെ സേവനം പാടെ അവതാളത്തിലാണ്. പുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാഹനം ജീവനക്കാരുടെ വ്യക്തിപരമായ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. മൂന്നു മൊബൈല്‍ ഡിസ്‌പെന്‍സറികളുമുണ്ട്. ഇതിന് ഒരു ഡോക്ടറും നഴ്‌സുമുള്‍പ്പെടെ ഏഴ് സപ്പോടിങ്ങ് ജീവനക്കാരുമുണ്ട്. ഒരു ആശുപത്രിയിലെ ജോലിക്കാര്‍ക്ക് തുല്യമായാണ് മൊബൈല്‍ ഡിസ്‌പെന്‍സറിയിലുള്ളത്. ഊരുകളിലെത്തി ചികിത്സ നല്‍കണമെന്നതാണ് ഇവരുടെ ചുമതല. മാസത്തില്‍ നിശ്ചിത മെഡിക്കല്‍ ക്യാമ്പുകള്‍ ഇവര്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മരുന്നുകളുള്‍പ്പെടെയാണ് ഈ മൊബൈല്‍ യൂണിറ്റില്‍. ഇതിന്റെ സേവനങ്ങളൊന്നും ആദിവാസികള്‍ക്ക് ലഭ്യമാക്കപ്പെടുന്നില്ല. ചുരുക്കി പറഞ്ഞാല്‍, സാമൂഹ്യ നീതി-ആരോഗ്യ വകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ശിശുമരണങ്ങള്‍ക്ക് കാരണമായത്.

? ഇതിനുള്ള പരിഹാരമെന്താണ്

അട്ടപ്പാടിയിലെ രോഗികള്‍ക്ക് ഇവിടെത്തന്നെ പരമാവധി ചികിത്സ ഉറപ്പുവരുത്തുന്നതിനായി നിലവിലുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തി പൂര്‍ണ്ണമായും ഉപയുക്തമാക്കണം. ഇപ്പോള്‍ വനിത ഡോക്ടറുണ്ടെങ്കിലും അവരുടെ മുഴുവന്‍ സമയ സേവനം ഗര്‍ഭിണികളടക്കമുള്ള വര്‍ക്ക് ലഭിക്കുന്നില്ല.

? കോട്ടത്തറയിലെ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ അവസ്ഥയെന്താണ്? അവിടെ വനിതാ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാണോ

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്നാണ് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലേക്കും പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും റഫര്‍ ചെയ്യപ്പെടുന്നത്. അവിടെ ഗൈനക്കോളജിസ്റ്റില്ല. ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചില നിയമനങ്ങള്‍ നടന്നിട്ടുണ്ട്.

? പുതിയ പാക്കേജിനെക്കുറിച്ച്

75 പോസ്റ്റുകള്‍ സൃഷ്ടിക്കുക, നിലവിലുള്ള ഒഴിവുകളെല്ലാം നികത്തുക, പുതിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, വാഹനങ്ങള്‍ വാങ്ങുക, വകുപ്പുതല ഏകോപനം ഇവയൊക്കെ പാക്കേജിലുള്‍പ്പെടുമെന്നാണറിവ്.ATTPADY NRHM Board

? ദേശീയ ഗ്രാമീണ മിഷന്റെ (എന്‍.ആര്‍.എച്ച്.എം) ഇടപെടല്‍ സൃഷ്ടിപരമാണോ

ഗ്രാമീണ മേഖലയില്‍ എന്‍.ആര്‍.എച്ച്.എം ഇനിയും കാര്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. മിഷന്റെ കരാറടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ ഇപ്പോഴുള്ളത്. ആശാ കിറ്റുകള്‍ വിതരണം ചെയ്യേണ്ടത് മിഷനാണ്. അത് പക്ഷേ ഊരുകളില്‍ ലഭ്യമായിട്ടില്ലെന്ന പരാതി വ്യാപകമാണ്. ജില്ലാ തലത്തിലുള്ള എന്‍.ആര്‍.എച്ച്.എം ഉദ്യോഗസ്ഥര്‍ അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ ഊന്നേണ്ടതുണ്ട്.

? ആര്‍ത്തവകാലത്തെ ശുചിത്വമില്ലായ്മയും ഇപ്പോഴത്തെ ശിശുമരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നു പറയുന്നു. ഇക്കാര്യത്തില്‍ എന്‍.ആര്‍.എച്ച്.എം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണോ

അണുബാധ ബാധിച്ചിട്ടുള്ള സ്ത്രീകളുടെ കുട്ടികളും മരിച്ചിട്ടുണ്ട്. എന്‍.ആര്‍.എച്ച്.എമ്മിന്റെ ആശാവര്‍ക്കര്‍മാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ടോയെന്നത് സംശയാസ്പദമാണ്. ആശാവര്‍ക്കര്‍മാര്‍ക്ക് തുച്ഛമായ വേതനമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ഇതൊക്കെ പക്ഷേ ശ്രദ്ധിക്കേണ്ടത് എന്‍.ആര്‍.എച്ച.എമ്മിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ്.

? ആര്‍ത്തവസമയത്തെ ശുചിത്വത്തെ മുന്‍നിര്‍ത്തി നാപ്കിന്‍ ഉപയോഗിക്കുന്ന ശീലം ഊട്ടിവളര്‍ത്താന്‍ ആശാവര്‍ക്കേഴ്‌സിനെ ഉപയോഗിച്ച് വീടുവീടാന്തരമുള്ള നാപ്കിന്‍ വില്പന ഇവിടെ ഉണ്ടോ

അതേക്കുറിച്ച് ഒരറിവുമില്ല.

? അട്ടപ്പാടിയില്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കപ്പെടുന്നതോടെ ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ മാറ്റം പ്രതീക്ഷിക്കാനാകുമോ

ആദിവാസിയല്ലാത്ത സ്ത്രീ ഗര്‍ഭിണിയാണെന്ന് അറിയുന്ന നാള്‍ മുതലുള്ള ആരോഗ്യ സംരക്ഷണവും പരിചരണവും എത്രത്തോളമുണ്ടെന്ന് നമുക്ക് അറിയാം. എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാലും ആദിവാസിയുടെ ആഹാരമടക്കമുള്ളവയില്‍ ഗണ്യമായ മാറ്റമുണ്ടാകുന്നില്ല. കാരണം, അതിനുതക്ക സാമ്പത്തിക ശേഷിയുള്ളവരല്ലല്ലോ ആദിവാസി സ്ത്രീകള്‍.valli and vinavi

? പ്രത്യേക പാക്കേജ് വന്നാല്‍ ആദിവാസി സ്ത്രീകളുടേയും ഗര്‍ഭിണികളുടെയും അമ്മമാരുടേയും കുഞ്ഞുങ്ങളുടെയും കൗമാര പെണ്‍കുട്ടികളുടെയും ആരോഗ്യം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും……

അത് പാക്കേജ് നടപ്പിലാക്കപ്പെടുന്ന രീതിയെ ആശ്രയിച്ചായിരിക്കും. ജീവനക്കാരുടെ സേവനം കാര്യക്ഷമമായി നടപ്പിലാക്കപ്പെടുമോയെന്നതിനെ അടിസ്ഥാനമായിരിക്കുമത്. ആരോഗ്യം, സാമൂഹ്യനീതി, എക്‌സൈസ് എന്നീ വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപന പ്രവര്‍ത്തനങ്ങളും അവ വിലയിരുത്തി സമയാസമയങ്ങളില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രത്യേക പാക്കേജിന്റെ ഗുണഫലങ്ങള്‍ അനുഭവവേദ്യമാകാന്‍ അനിവാര്യവുമാണ്.

? പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇതിനായി നിയോഗിക്കപ്പെടുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ക്കായിരിക്കുമോ

സ്‌പെഷ്യല്‍ ഓഫീസറും അതുപോലെത്തന്നെ മറ്റു വകുപ്പുതല സെക്രട്ടറിമാരുമായിരിക്കും ഉത്തരവാദികള്‍.

? ഗ്രാമസഭകളിലെ ആദിവാസി പങ്കാളിത്തമെങ്ങനെ

ഗ്രാമസഭയില്‍ പങ്കെടുത്തില്ലെങ്കിലും ഊരുകൂട്ടങ്ങളില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ മതി. പദ്ധതികളുടെ അവസാന തീരുമാനങ്ങളെടുക്കുന്നത് പക്ഷേ പഞ്ചായത്ത് ഭരണസമിതിയാണ്. അതുകൊണ്ടുതന്നെ ആദിവാസികളുടെ നിര്‍ദ്ദേശങ്ങള്‍ പദ്ധതികളായി മാറുന്നുണ്ടെന്നു ഒരു ഉറപ്പുമില്ലെന്നത് ശരിയാണ്.

? ആദിവാസിമേഖലയായ അട്ടപ്പാടിയുടെ വികസനത്തിലുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ സംഭാവനകളെന്താണ്

ഗ്രാമ പഞ്ചായത്തുകള്‍ വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുന്നതിലാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.

? ഗ്രാമീണ വികസനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളെല്ലാം തന്നെ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ മുഖേനയാണ് ലഭ്യമാകുന്നത്. ഇത്രയും കാലമായി അട്ടപ്പാടിക്ക് ഈയിനത്തില്‍ എത്ര ഫണ്ട് ലഭ്യമായിട്ടുണ്ട്….

അത് കണെക്കടുത്ത് പഠിച്ചാലേ പറയാനാകൂ.

? ഐ.ടി.ഡി.പി എന്താണ് ചെയ്യുന്നത്

17 ഹോസ്റ്റലുകള്‍ നടത്തുന്നു. ആംബുലന്‍സ് സര്‍വ്വീസുണ്ട്. ചികിത്സാ സഹായങ്ങള്‍ നല്‍കുന്നു.

? കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാമീണ വികസന ഫണ്ടുകളും പ്രത്യേക കേന്ദ്ര സഹായങ്ങളും ട്രൈബല്‍ സബ് പ്ലാന്‍ ഫണ്ടുകളും തരപ്പെടുത്തുന്നതില്‍ മുഖ്യമായും ശുഷ്കാന്തി പ്രകടിപ്പിക്കേണ്ടത് ജില്ലാ കളക്ടര്‍മാരാണ്. ഇക്കാര്യത്തില്‍ ഇവര്‍ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട്? പ്രത്യേകിച്ചും ആദിവാസി മേഖലകളുള്‍പ്പെട്ട പാലക്കാട് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍…

വിവിധ വകുപ്പുകളില്‍ നിന്നു ലഭ്യമാകുന്ന ട്രൈബല്‍ സബ്പ്ലാന്‍ ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കണമെന്നുള്ള സജീവ ചര്‍ച്ചകളും കൂടിയാലോചനകളും കൃത്യമായും നടക്കുന്നുണ്ടോയെന്നറിയില്ല. ആദിവാസികളുടെ വികസനത്തിനായി ഇപ്പറഞ്ഞ ഫണ്ടുകള്‍ തരപ്പെടുത്തുന്നതിലുള്ള പ്രാപ്തിയും ശുഷ്ക്കാന്തിയും പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണ്.

? ഏതൊക്കെ ഊരുകളിലാണ്  ഏറെ ശിശുമരണമുണ്ടായിട്ടുള്ളത്

വെള്ളകുളം (4 മരണം), നെല്ലിപതി (4 മരണം), മേലെ കയ്യൂര്‍ (4 മരണം) തുടങ്ങിയിടങ്ങളിലാണ് ഏറെ മരണങ്ങളുണ്ടായിട്ടുള്ളത്.

? ഗര്‍ഭിണികളുടേതടക്കമുള്ള ആദിവാസികളുടെ ഭക്ഷണ രീതിയിലുണ്ടായ മാറ്റം വിനയായിട്ടുണ്ടോ

അരി ഭക്ഷണമാണിപ്പോള്‍ ഇവര്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. അരിഭക്ഷണത്തില്‍ നിന്നുള്ള പോഷകാഹാരങ്ങള്‍ മാത്രം പോരല്ലോ ഗര്‍ഭിണികള്‍ക്ക്. പരമ്പരാഗത കൃഷിയും ആഹാര രീതിയും അവഗണിക്കപ്പെട്ടത് ദോഷകരമായിട്ടുണ്ട്. ആദിവാസികളുടെ ആവാസ വ്യവസ്ഥ തിരിച്ചുനല്‍കപ്പെടുന്നു വെങ്കില്‍ മാത്രമെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ.ATTAPADY  excise office

? മദ്യ നിരോധനത്തെക്കുറിച്ച് ……..

ഇവിടെ ഇപ്പോള്‍ മദ്യത്തിന്റെ ലഭ്യതക്ക് ഒട്ടും കുറവില്ല. ആദിവാസികള്‍ക്ക് അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മദ്യം മുഖ്യമാണ്. അതിനായി അവര്‍ കാട്ടിലെ മരത്തിന്റെ തൊലിയടക്കമുള്ളവ ഉപയോഗിച്ചാണ് മദ്യമുണ്ടാക്കിയിരുന്നത്. ഇന്ന് പക്ഷേ ബാറ്ററിയടക്കമുള്ള മാരകമായ രാസവസ്തുക്കള്‍ കലക്കിയാണ് മദ്യം നിര്‍മ്മിക്കുന്നത്. ഇത് പക്ഷേ പിടികൂടുന്നതില്‍ എക്‌സൈസ് വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പറയാനാകില്ല. റെയ്ഡിന് എത്തുംമുമ്പ് തന്നെ ചാരായങ്ങളുണ്ടാക്കുന്നവര്‍ക്ക് വിവരം ലഭിക്കുമെന്ന അവസ്ഥയാണ്.

? അഹാഡ്‌സിന്റെ പങ്ക് അട്ടപ്പാടിയിലെ ആദിവാസി വികസനത്തില്‍ എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ട്

ആദിവാസികളുടെ ഭൂമി കൃഷി യോഗ്യമാക്കുന്നതില്‍ അഹാഡ്‌സ് മുന്‍കൈയെടുത്തിരുന്നുവെങ്കില്‍ ആദിവാസികളുടെ ജീവിതാവസ്ഥ മറ്റൊന്നാകുമായിരുന്നു. അത് പക്ഷേ ഉണ്ടായില്ല. കൃഷിയില്‍ നിന്ന് അടര്‍ത്തിയെടുത്ത് കുറേയധികം ആദിവാസികളെ അഹാഡ്‌സിന്റെ ശമ്പളം പറ്റുന്നവരാക്കി. മൊത്തം 250 കോടിയോളം ചെലവാക്കിയെന്നാണ് കണക്ക്. അഹാഡ്‌സിന്റെ 16 വര്‍ഷക്കാലത്തിനുള്ളില്‍ മൊത്തം ചെലവഴിക്കപ്പെട്ട തുകയുടെ 50 ശതമാനം അഡ്മിനിസ്‌ടേറ്റീവ് ചെലവുകള്‍ക്കാണ് വിനിയോഗിച്ചത്.

? അഹാഡ്‌സ് നിര്‍വ്വീര്യമാക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ആദിവാസി വികസന പ്രക്രിയയില്‍ ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടോATTAPADY  ahads board

ഒരു ശൂന്യതയുമില്ല. കാരണം, തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെട്ടിട്ടുണ്ട്. കൂലിയിനത്തില്‍ കഴിഞ്ഞ വര്‍ഷം 10 കോടി രൂപ നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ചെലവ് വെറും മൂന്നു ശതമാനം മാത്രമാണ്. തൊഴിലുറപ്പിലൂടെ ആദിവാസികളുടെ ഭൂമി കൃഷിയോഗ്യമാക്കപ്പെടുന്നു. അതോടൊപ്പം കൃഷി, വൈദ്യുതി വകുപ്പുകള്‍ മുന്നോട്ടുവന്നാല്‍ ആദിവാസികളുടെ കാര്‍ഷികവൃത്തി ശക്തിപ്പെടും. അതുകൊണ്ടുതന്നെ ഇനിയുള്ളകാലം അഹാഡ്‌സിന്റെ ആവശ്യകതയില്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

? 40 ശതമാനം ആദിവാസികളുള്ള അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കപ്പെടേണ്ടതിന്റെ ആവശ്യകത സമകാലിക സാഹചര്യത്തില്‍ പരിഗണിക്കപ്പെടേണ്ടതല്ലേ

ഇതേക്കുറിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. പട്ടികപ്രദേശ (ഷെഡ്യൂള്‍ഡ് ഏരിയ) മാക്കുന്നതിലൂടെ അധികാരം ആദിവാസികളില്‍ അധിഷ്ഠിതമാകും. ഇപ്പോള്‍ ആദിവാസികളുെട വസ്തുവഹകള്‍ കയ്യടക്കിവച്ചിട്ടുള്ളവരും രാഷ്ട്രീയാധികാര ശക്തികളുമാണ് അവര്‍ക്ക് എന്ത് വേണം എന്ത് വേണ്ട എന്നൊക്കെ നിശ്ചയിക്കുന്നതും നടപ്പിലാക്കുന്നതും. ഈയവസ്ഥക്ക് കാതലായ മാറ്റം വരണമെങ്കില്‍ അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും സമകാലിക ഭരണ വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍. ഗ്രാമ പഞ്ചായത്ത് ഭരണസമിതികളല്‍ രണ്ടെണ്ണത്തിലെ പ്രസിഡണ്ടുമാര്‍ ആദിവാസികളാണ്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറും ഗ്രാമ പഞ്ചായത്തിംഗങ്ങളിലും നല്ലൊരു വിഭാഗം ആദിവാസികളാണ്. ഭരണ നിര്‍വ്വഹണ കാര്യങ്ങള്‍ പക്ഷേ അവരുടെ ഇഛക്കനുസരിച്ചല്ല നടക്കുന്നത്. ഈയവസ്ഥക്ക് മാറ്റമെന്ന നിലയിലാണ് അട്ടപ്പാടിയെ പട്ടിക പ്രദേശമായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത ശക്തിപ്പെടുന്നത്. പട്ടിക പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നതോടെ അധികാരം കൈവരുന്ന ആദിവാസി ഗ്രാമസഭകള്‍ക്കായിരിക്കണം പ്രത്യേക പാക്കേജ് നടത്തിപ്പ്. എങ്കില്‍ മാത്രമേ അട്ടപ്പാടിയുടെ വികസന പ്രക്രിയയ്ക്ക് ഒരു പുതു ഉണര്‍വ്വ് കൈവരൂ.

(അഭിമുഖം : 19.05.2013)