കെ.കെ ശ്രീനിവാസൻ
ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും കേരളീയ സാഹചര്യത്തിൽ മുതലാളി – തൊഴിലാളി വർഗ സമരത്തിലൂടെ സാമൂഹികമാറ്റമെന്ന അബദ്ധ ധാരണയിൽ അപ്പാടേ അടയിരിക്കുന്നവരല്ല ഇവിടത്തെ കമ്യൂണിസ്റ്റ് നേതൃത്വമെന്നുവേണം പറയാൻ. മറ്റു രാഷ്ട്രീയ പാർട്ടികളെ പോലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇളക്കം തട്ടുന്നിടത്ത് അധികാരം കൈവിട്ടുപോകുമോയെന്ന ആശങ്ക ഇവരെയും അലട്ടുന്നു
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആത്യന്തിക കർത്തവ്യമെന്ത്? ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത സാമൂഹി ക – രാഷ്ട്രീയ പരിസരം ഈ ദിശയിലൊരു വിലയിരുത്തൽ അനിവാര്യമാക്കുന്നുണ്ട് . ആധുനിക ജനാധിപത്യ പ്രത്യേകിച്ചും ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ അധികാരം കൈപ്പിടിയിലാക്കുന്നതിനുള്ള മാധ്യമമെന്ന ദിശയിലേക്ക് മാത്രം രാഷ്ടീയ പ്രസ്ഥാനങ്ങളുടെ കർത്തവ്യം ചുരുങ്ങിപ്പോയിരിക്കുന്നു. അധികാരവും വോട്ടു ബാങ്ക് രൂപീകരണവും പരിപാലനവും പാർലമെന്ററി വ്യവസ്ഥയുടെ മുഖ്യ ചേരുവ! ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഖേദകരമായവസ്ഥ.
സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയെന്ന നിലയിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ സ്ഥാനം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പാതകാവാഹകരെന്ന നിലയിലാണ് ചരിത്രത്തിലിടം നേടിയത്.
നീരീശ്വരവാദിയും ഉയർന്ന ശാസ്ത്ര ബോധത്തിന്റെ ഉടമയും മാനവീകതാവാദിയുമായ നെഹ്രുവിന്റെ പിൻമുറക്കാരാണെല്ലോ ഇവിടത്തെ കോൺഗ്രസുക്കാർ. അയിത്തോച്ഛാടനുമുൾപ്പെടെയുള്ള സാമൂഹിക ഉച്ഛനീചത്വങ്ങൾക്കെതിരെ സമര രംഗത്തു വന്ന ഗാന്ധിജിയുടെ കൂടി പാരമ്പര്യംപേറുന്നവരാണ് കോൺഗ്രസുക്കാർ .
സ്ത്രീ പ്രവേശന വിധിക്കെതിരെ കെ പി സി സി വൈസ് പ്രസിഡന്റ് കെ.സുധാകരനിൽ ഹിന്ദുത്വ വോട്ടു ബാങ്ക് ഏകീകരണ ശ്രമത്തിലേർപ്പെട്ടിരിക്കുന്ന സംഘ് ശക്തികളുടെ സ്വരം. ആചാര-അനുഷ്ഠാന ലംഘനമെന്ന പിന്തിരിപ്പൻ നിലപാടാണ് സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള കോൺഗ്രസിൽ നിന്ന് പ്രകടമായിട്ടുള്ളത്. ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എക്കാലവും ഉയർത്തിപ്പടിച്ചിട്ടുള്ള സാമൂഹിക മുന്നേറ്റ ഉത്തരവാദിത്തത്തെ തീർത്തും മങ്ങലേപ്പിക്കുന്നതിന് തുല്യം.
വിശ്വാസികളെന്ന പേരിൽ കൊണ്ടാടപ്പെടുന്ന ആൾക്കൂട്ട വോട്ടു ബാങ്കെന്ന ഓലപ്പാമ്പ് കണ്ട് കോൺഗ്രസ് ഭയപ്പെട്ടിരിക്കുകയാണ്. മതേതര മുല്യങ്ങങ്ങളും ഭരണഘടനാ തത്വങ്ങളും ഉയർത്തിപിടിച്ചുള്ള സാമൂഹിക മാറ്റമെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് ജാതി-മത വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് കേരളത്തിലെ കോൺഗ്രസ് കമ്മിറ്റി നന്നേ ചുരുങ്ങിപോയിരിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണിത്. അതേസമയം ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി സ്ത്രീ പ്രവേശന വിധിക്കനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാകട്ടെ കെ പി സി സി കൂട്ടം ആകപ്പാടെ ആശയക്കുഴപ്പത്തിന്റെ ആഴക്കടലിക്കപ്പെട്ടുപ്പോയിക്കുന്ന ദയനീയ കാഴ്ച്ച!
ബി ജെ പിയുടെ കാര്യമെടുക്കുക. സംഘ് പരിവാർ പ്രസ്ഥാനമെന്ന നിലയിൽ രാഷ്ട്രീയാധികാരത്തിനായി ഹിന്ദുത്വ വോട്ടു ബാങ്ക് രൂപീകരണവും ഹിന്ദു രാജ്യ സംസ്ഥാപനവുമെന്നതാണ് മൗലികമായി ബിജെപി കാംഷിക്കുന്ന മാറ്റം. രാഷ്ട്രീയ അധികാരമുപയോഗിച്ച് ഈ ദിശയിലുള്ള സാമൂഹികമാറ്റം സാധ്യമാക്കുകയെന്ന ദൗത്യം കൃത്യമായി ബിജെപി ഏറ്റെടുത്തിട്ടുണ്ടെന്നത് വ്യക്തം. ലക്ഷ്യംവക്കുന്ന സാമൂഹിക മാറ്റത്തിന്റെ പാതയിൽ അടിപതറാതെയുള്ള മുന്നേറ്റം പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. രാജ്യത്തിന്റെ ബഹുസ്വര സാമുഹികാവസ്ഥയെ മാറ്റിമറിച്ച് ഹിന്ദുത്വ സമൂഹസൃഷ്ടിയെന്ന ആത്യന്തിക ലക്ഷ്യസാധൂകരണ ദിശയിൽ നിന്ന് വ്യതിചലിക്കാതെ ബി ജെ പി അതിന്റെ പാരമ്പര്യം ഉയർത്തിപിടിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള ബി ജെ പി സമരത്തിലും ഇത് പ്രകടം.
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനവും, പ്രത്യേകിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം, ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഭൂപരിഷ്ക്കരണ ബില്ലിലൂടെ കേരളത്തിലെ ഭൂ ബന്ധങ്ങൾ പൊളിച്ചെഴുതി സാമൂഹിക മാറ്റങ്ങൾക്ക് തിരികൊളുത്തി. ഒപ്പം വിവാദ വിദ്യാഭ്യാസ ബിൽ. ഇതിന്റെ പേരിൽ പ്രസ്ഥാനത്തിന് അധികാരം നഷ്ടമായി. ഇതെല്ലാം പക്ഷേ സാമൂഹിക മാറ്റത്തിന്റെ ചരിത്രമെന്ന നിലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പേരിൽ കൃത്യമായി കുറിക്കപ്പെട്ടു. അത്തരമൊരു സാമുഹിക മാറ്റത്തിന്റെ പ്രയോക്താവ് എന്ന ചരിത്രത്തിന്റെ ഗുണഭോക്താവാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം.
പിൽക്കാല രാഷ്ട്രീയ കാലാവസ്ഥയിൽ പക്ഷേ പ്രസ്ഥാനമെന്നവസ്ഥയിൽ നിന്ന് അധികാരം ഉന്നംവയ്ക്കുന്ന രാഷ്ട്രീയ പാർട്ടിയായി പരിണാമം സംഭവിച്ചു. പിന്നിടങ്ങോട്ട് ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥയിലെ മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യാസമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ചേരുവകൾ തേടിയുള്ള രാഷ്ട്രീയ തന്ത്രങ്ങളുുടെ പിറകെയായി. അതോടെ ചരിത്രത്തിലിടം നോടാനുതകുന്ന മൗലികമായ സാമൂഹിക മാറ്റങ്ങൾക്ക് നാന്ദി കുറിക്കാവുന്ന ശ്രദ്ധേയമായ മുന്നേറ്റങ്ങൾ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പ്രകടമായില്ലെന്നു പറയേണ്ടിവരും.
ഇതാ ഇപ്പോൾ ഒരു അപൂർവ്വ അവസരം. ശബരിമല സ്ത്രീ പ്രവേശന കോടതി വിധി. അതെ ഇതാണ് അപൂർവ്വ അവസരം. കോടതി വിധി നടപ്പിൽ വരുത്തുന്നുവെങ്കിലത് കേവലം സർക്കാരിന്റെ ഇച്ഛാശക്തിയെന്നതിൽ മാത്രമല്ല ഒതുങ്ങുക. ഒരിക്കൽക്കൂടി കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹിക മാറ്റത്തിന്റെ ഏജന്റ് എന്ന നിലയിൽ കേരള ചരിത്രത്തിൽ തന്നെയായിരിക്കും ഇടംപിടിക്കുക.
വ്യത്യസ്ത ആശയ ചേരികൾക്കിടയിലെ പ്രതിപ്രവർത്തനം അടിസ്ഥാനമാക്കിയുള്ളതാണ് മാറ്റം. നിലാപാടിലെ വ്യതിരിക്തതകൾ മൂർച്ഛിക്കുമ്പോൾ സാമൂഹിക സ്തംഭനാവസ്ഥ മാറ്റത്തിന്റെ തലത്തിലേക്ക് വഴിമാറുന്നു. തുടർന്ന് വ്യതിരിക്ത നിലപാടുകളുടെ സംശ്ലേഷണം. ഇത് ഹെഗലേലിയൻ കാഴ്ചപ്പാട്.
ഹെഗലേലിയൻ കാഴ്ചപ്പാട് സാധൂകരിക്കുംവിധം വ്യത്യസ്ത ചേരികളുടെ സംഘട്ടനങ്ങളുടെ പരിണിതിയായി നിലപാടുകളുടെ സംശ്ലേഷണമെന്നതിലായിരിക്കും ആത്യന്തികമായി ശബരിമല സ്ത്രീ പ്രവേശന തർക്കത്തിന്റെ പരിസമാപ്തി. വിധിക്കെതിരെയുള്ള ഇന്നത്തെ എതിർ – അനുകൂല സ്വരങ്ങളുടെ സംശ്ശേഷണചരിത്രം കുറിക്കപ്പെടുക തന്നെ ചെയ്യും. അതായത് ഇന്നത്തെ ഹിന്ദുത്വ സ്പോൺസേഡ് എതിർ സ്വരങ്ങൾ, പ്രത്യേകിച്ചും വിശ്വാസികളായി വേഷ പ്രച്ഛന്നരായുള്ള ഹിന്ദുത്വ സ്ത്രീ എതിർ സ്വരങ്ങൾ പോലും വിധിയനുകൂ’ല സ്വരങ്ങളിൽ സംശ്ലേഷിക്കപ്പെടും.
ശബരിമല സ്ത്രീ പ്രവേശന കോടതിവിധി നടപ്പാക്കലുമായി
ബന്ധപ്പെട്ട് മാർക്സിസ്റ്റ് പാർട്ടി നിലയില്ലാ കയത്തിലകപ്പെട്ടുപോയവസ്ഥയിലാണോയെന്ന് ന്യായമായും സംശയിക്കാം. മാനവരാശിയുടെ ചരിത്രം മൗലികമായി വർഗസമരമെന്ന് മാർക്‌സ്. സാമൂഹിക മാറ്റം മുതലാളി – തൊഴിലാളി വർഗ സമരത്തിലൂടെയേ സാധ്യമാകൂവെന്ന മാർക്സിയൻ ദാർശനികത. ഇതിന്റെ പിൻമുറക്കാരായ കേരളത്തിലെ കമ്യൂണിസ്റ്റുക്കാരെ സമൂഹത്തിൽ മുതലാളി – തൊഴിലാളി വൈരുദ്ധ്യം മാത്രമല്ല ഉടലെടുക്കുകയെന്ന് കൃത്യമായി ബോധ്യപ്പെടുത്തുകയാണ് സ്ത്രീ പ്രവേശന കോടതി വിധി നടപ്പിലാക്കണമെന്നും നടപ്പിലാക്കരുതെന്നുമുള്ള ചേരിതിരിവുകൾ. ഇത്തരം ബോധ്യപ്പെടലുകൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അപരിചിതമല്ലതാനും. ജാതി-മത-ഭാഷാ – ന്യൂനപക്ഷ – ലിംഗ – പരിസ്ഥിതി – സ്വത്വ രാഷ്ട്രീയത്തിന്റെ ഭൂമികയാണെല്ലോ ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥ. ഈ യാഥാർത്ഥ്യം മുതലാളി – തൊഴിലാളി വർഗ രാഷട്രീയം ഉയർത്തിപിടിക്കുവാൻ ആഗ്രഹിക്കുന്നവർക്കും അവഗണിക്കുവാനാാകില്ലെന്നത് വസ്തുത.
ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും കേരളീയ സാഹചര്യത്തിൽ മുതലാളി – തൊഴിലാളി വർഗ സമരത്തിലൂടെ സാമൂഹികമാറ്റമെന്ന അബദ്ധ ധാരണയിൽ അപ്പാടേ അടയിരിക്കുന്നവരല്ല ഇവിടത്തെ കമ്യൂണിസ്റ്റ് നേതൃത്വമെന്നുവേണം പറയാൻ. മറ്റു രാഷ്ട്രീയ പാർട്ടികളെ പോലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇളക്കം തട്ടുന്നിടത്ത് അധികാരം കൈവിട്ടുപോകുമോയെന്ന ആശങ്ക ഇവരെ യും അലട്ടുന്നുണ്ടെന്നു സമ്മതിക്കേണ്ടിവരും.
ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്ന ആൾക്കൂട്ട ആർപ്പുവിളികൾക്ക് ചെവികൊടുക്കാതെ പോയാൽ അത് വോട്ട് ബാങ്കിനെ ബാധിച്ചേക്കുമെന്ന ഭീതി കമ്യൂണിസ്റ്റ് പാർട്ടിയെയും പിടികൂടിയിട്ടുണ്ടെന്നതിന്റെ സൂചനകളുണ്ട്. ദേവസ്വം മന്ത്രിയുടെ ചില പ്രസ്താവനകളിൽ / നടപടികളിൽ നിന്ന് ഇത് വായിച്ചെടുക്കാം.
ശ’ബരിമല സ്ത്രീ പ്രവേശനത്തിന് ദേവസ്വം മന്ത്രി വക പുതിയ മാനദണ്ഡങ്ങൾ. ആക്ടിവിസ്റ്റുകളായ സ്ത്രീകൾ ശബരിമലയിൽ വേണ്ടെന്ന മാനദണ്ഡം! മല ചവിട്ടാൻ ആഗ്രഹിച്ച സ്ത്രീകളുടെ രാഷ്ട്രീയ പശ്ചാത്തലം തേടിപ്പിടക്കൽ! ശബരിമലയിൽ പോകാനെത്തിയ സ്ത്രീകളുടെ വയസ്സ് പരിശോധന! സ്ത്രീയുടെ ശരീരഘടന നോക്കി വയസ്സ് നിശ്ചയിക്കുന്നതിന് അവിടെ വിശ്വാസികളായി വേഷപ്രച്ഛന്നരായി തമ്പടിച്ച ഹിന്ദുത്വ ചാവേറുകൾക്ക് അവസരം! ശരീരഘടനയിൽ സംശയിക്കപ്പെട്ടവരുടെ വയസു തെളിയിക്കൽ രേഖ പരിശോധനയും അവരുടെ വക ! 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾ വിശ്വാസികളല്ല. ആർത്ത വോല്പാദകർ മാത്രം! ഇരുമുടിക്കെട്ടിൽ കൽക്കണ്ടത്തിനും കദളി’ പഴത്തിനും കാണിപൊന്നിനും കർപ്പൂരത്തിനും പകരം കല്ലും കുറുവടിയും കൈ മുറിച്ച് സന്നിധാനത്തെ രക്ത പങ്കിലമാക്കുവാനുള്ള കത്തിയുമായി സ്വാമി വേഷം കെട്ടിയെത്തിയവരുടെ പ്രതിലോമപരമായ ഇത്തരം സമീപനങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പൊലീസ് വേണ്ടത്ര പിൻബലം നൽകിയിട്ടു ണ്ടോയെന്ന് സംശയം. “ആർത്ത വോല്പാദക”രിൽ നിന്ന് തങ്ങൾ സ്വയം പിന്തിരഞ്ഞതാണെന്ന് പൊലീസ് എഴുതിവാങ്ങി. ഇതിലൂടെ കോടതിയലക്ഷ്യമെന്ന സാധ്യതയ്ക്ക് തടയിടുന്നതിനുള്ള രേഖ ചമച്ച പൊലീസ് നടപടിയിലും സ്ത്രീ പ്രവേശന വിരുദ്ധത പ്രകടമല്ലെന്ന് ആർക്കെങ്കിലും പറയാനാകുമോ?
ശബരിമല സ്ത്രീ പ്രവേശന കോടതി വിധിക്കെതിരെയുള്ള ആൾക്കൂട്ടത്തെ വോട്ടുബാങ്കെന്ന നിലയിൽകൊണ്ടാടപ്പെടുകയാണ്. ഇത് ബോധപൂർവ്വം. കോൺഗ്രസിനെ പോലെ തന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് പാർട്ടിയും
ഈ കൊണ്ടാടപ്പെടുന്ന വോട്ടു ബാങ്കിനെ ഭയക്കുന്നുണ്ടോ? എങ്കിലതിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹിക മാറ്റം ഏറ്റെടുക്കേണ്ട ചരിത്രപരമായ നിയോഗമായിരിക്കും നിരാകരിക്കുക. ഇതിനുപകരം, പ്രസ്ഥാനത്തോടൊപ്പം ചരിത്രത്തിൽ എഴുതി ചേർത്തിട്ടുള്ള ഭൂപരിഷ്ക്കരണം, വിവാദ വിദ്യാഭ്യാസ ബിൽ തുടങ്ങിയവയുടെ കൂട്ടത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശന വിധി നടപ്പിലാക്കിയ പ്രസ്ഥാനമെന്ന ചരിത്ര നിർമ്മിതിക്കായ് പിണറായി വിജയൻ സാരഥിയായിട്ടുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ കാർമ്മികത്വം വഹിച്ചുവെന്നതിനാണ് ഈ സൈബർ കാലഘട്ടത്തിലെ കേരളം കാത്തിരിക്കുന്നത്.