നവ ഉദാരവൽക്കരണക്കാല ഗാർമെൻ്റ് വ്യവസായ തന്ത്രങ്ങള്‍

നവ ഉദാരവൽക്കരണക്കാല ഗാർമെൻ്റ് വ്യവസായ തന്ത്രങ്ങള്‍

    ടെക്‌സ്റ്റയില്‍/ഗാര്‍മെന്റ് വ്യവസായ മേഖലയിലെ സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റിനെ മുന്‍നിര്‍ത്തി ഒരു പഠനം The Trade-Commerce Tactics in the textile and garment industry in the Neo-Liberal Era – the unseen side of Social Compliance Audit as a Factor

കെ.കെ ശ്രീനിവാസൻ/ KKSreenivasan

The writer has served as Key Account Manager ( CSR Audit) for TUV Sud, German Multinational Company at Triupur and New Delhi-NCR

Trade union magazine Oct 2015 issue

This paper has been serialized in TRADE UNION, (Issues: 2015 October, November & December), Mouthpiece of All India Trade Union Congress (AITUC), pioneer of the Trade Union Movement in India

With the advent of the neo-liberal economic policies and the World Trade Organization, the corporate world gets strengthened ever than before. At this juncture, the global brands are keen to follow the ethical trading practice by initiating the Social Compliance Audit, a new trade-commerce strategy in the era of neoliberal economic policies.

The global brands like Wal-Mart (US), Tesco, Levis, H&M, Best Seller( Denmark) etc. are mainly depending India, China, Vietnam, Srilanka, and Bangladesh for sourcing the products including garments/apparel, leather, jewels etc. As part of sourcing the products from these countries, the global brands have authorized third-party organizations like Bureau Vertis, TUV-SUD, SGS, ITS, Elevate etc. to conduct social compliance audits in the factories from where the products are being sourced by the global brands.

Social compliance refers to how a business treats its employees, the environment, and their perspective on social responsibility and to a minimal code of conduct that directs how employees should be treated concerning wages, work hours, and work conditions. It may be necessary to conduct a compliance audit for ensuring that the company meets the standards of various environmental laws. Normally the social compliance audit consists of testing of the products, auditing of the factory, and certification. This paper is an attempt to expose the unseen side of the Social Compliance Audit, novel trade tactics in the neo-liberal era…….. …..

പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് വിദഗ്ധ തൊഴിലാളികളെ വാര്‍ത്തെടുത്ത് ടെക്‌സ്റ്റയില്‍-ഗാര്‍മെന്റ് വ്യവസായ മേഖലയില്‍ വിന്യസിക്കപ്പെടുമെന്നതിനെ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വാഴ്ത്തപ്പെടുക. എന്നാല്‍ ആഗോള ബ്രാന്റുകള്‍ക്ക് കുറഞ്ഞവിലയില്‍ ഉല്പന്ന സംഭരണം സുഗമമാക്കാന്‍ കുറഞ്ഞ കൂലിയില്‍ പണിയെടുക്കുവാനുള്ള തൊഴില്‍ സേനയെ സജ്ജമാക്കപ്പെടുകയെന്നതായിരിക്കും ഇവിടെ സുസാധ്യമാകുക

വ ഉദാരവല്‍ക്കരണ നയങ്ങളുടേയും വിശ്വവ്യാപാര സംഘടനാവ്യവസ്ഥകളുടേയും പിന്‍ബലത്തില്‍ കോര്‍പ്പറേറ്റ് ലോകം പതിന്മടങ്ങ് ശക്തിപ്പെടുകയാണ്. ഈ പശ്ചാത്തലത്തില്‍ തന്നെ ഇവര്‍ മാനവ വിഭവശേഷി ചൂഷണം ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ഇത് പക്ഷേ അയഥാര്‍ത്ഥ്യമാണെന്ന് വരുത്തിതീര്‍ക്കാന്‍ ആഗോള കോര്‍പ്പറേറ്റ് ശക്തികള്‍ (ആഗോള ബ്രാന്റുകള്‍) സാമൂഹിക പരിപാലന കണക്കെടുപ്പ് (Social Compliance Audit) എന്ന നവ ഉദാരവല്‍ക്കരണകാലത്തെ വ്യാപാര-വാണജ്യ തന്ത്രം പ്രയോഗിക്കുന്നുണ്ടുതാനും. അതേസമയം സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റ് കേവലം നിരര്‍ത്ഥകവും പ്രഹസനവും ഇവിടത്തെ ഉല്പാദകരെ ഭീഷണിപ്പെടുത്തുവാനുളള ആയുധവുമാണെന്നതാണ് അവസ്ഥ.

വാള്‍മാള്‍ട്ട് (അമേരിക്ക), കരിഫോര്‍ ( ഫ്രാന്‍സ്), ബെസ്റ്റ് സെല്ലര്‍ (ഡെന്‍മാര്‍ക്ക്), ബ്രിട്ടീഷ് കമ്പനികളായ ടിസ്‌കോ, ലെവീസ്, എച്ച് ആന്റ് എം തുടങ്ങിയ ആഗോള റീട്ടെയില്‍ വ്യാപാര രംഗത്തെ വന്‍ കോര്‍പ്പറേറ്റ് ബ്രാന്റുകള്‍ ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് സിംഹഭാഗം ഉല്പന്നങ്ങളും സംഭരിക്കുന്നത്. ഇതിന്റെ ഭാഗമായി  ആഗോള ഫേഷൻ ബ്രാന്റുകള്‍ ബ്യൂറോ വെറിറ്റാസ്, എസ്.ജി.എസ്, ഐ.ടി.എസ്, ടി.യു.വി-എസ്.യു.ഡി, എലിവേറ്റ് തുടങ്ങിയ ആഗോള കോര്‍പ്പറേറ്റുകളെയാണ് സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റ് ചുമതലയേ്‌ല്പിച്ചിരിക്കുന്നത്.

tuv sud South Asia

സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റ് ( Social Compliance Audit)

തൊഴില്‍ സമയ കൃത്യത.  ആരോഗ്യ സുരക്ഷ. ബാലവേല. തൊഴില്‍ വ്യവഹാരങ്ങള്‍,. തുല്യത. പരിസ്ഥിതി സംരക്ഷണം. തൊഴിലാളികളോടുളള തൊഴിലുടമയുടെ ഇടപെടല്‍,. സാമൂഹിക ഉത്തരവാദിത്തത്തോടുള്ള തൊഴിലുടമയുടെ കാഴ്ചപ്പാട്. തൊഴിലാളികള്‍ക്ക് കൃത്രിമായ കൂലി. തൊഴില്‍ ആനുകൂല്യങ്ങൾ. തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് സംഘടിക്കുവാനുള്ള സ്വാതന്ത്ര്യം. മനുഷ്യാവകാശങ്ങള്‍.  ഇത്തരം കാര്യങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങളും വ്യവസ്ഥകളും കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ടോയെന്ന് തിട്ടപ്പെടുത്തുകയെന്നതാണ് ഓഡിറ്റിലൂടെ ഉദ്ദേശിക്കുന്നത്.

ഇ.ടി.ഐ (Ethical Trade Initiative), ഇ.എസ്.പി (Ethical Sourcing Program), ബി.എസ്.സി.ഐ (Business Social Compliance Initiative) സെഡെക്‌സി (SEDEX- The Supplier Ethical Data Exchange) ന്റെ സെമറ്റ (SMETA- Sedex Members Ethical Trade Audit) തുടങ്ങിയ ചട്ടക്കൂടുകളനുസരിച്ചുളള സി.ഒ.സി (Code of Conduct) യെ മുന്‍നിര്‍ത്തിയാണ് സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റ്. വിദേശ വ്യാപാര അസോസിയേഷന്‍ (FTA) സ്വതന്ത്രവും സ്ഥായിയുമായ വ്യാപാരം പരിപോഷിപ്പിക്കാനുള്ള ബി.എസ്.സി.ഐലൂടെ സപ്ലൈ ചെയിനിലെ നൈരന്തര്യം നിലനിര്‍ത്തുവാന്‍ അസോസിയേഷന്‍ അംഗങ്ങ (Buyers / Brands) ള്‍ക്ക് പിന്തുണ നല്‍കുന്നു. യു.കെ ആസ്ഥാന മായുള്ള സെഡെക്‌സിന്റെ ചട്ടക്കൂടനുസരിച്ചുളള സി.ഒ.സി പ്രകാരമാണ് യൂറോപ്പിലെ നിരവധി ബ്രാന്റുകളുടെ സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റ്.

ഫാക്ടറി സന്ദര്‍ശനം ( Factory Tour), രേഖകളുടെ പരിശോധന (Document Review), തൊഴിലാളികളുമായുള്ള അഭിമുഖം (Workers Interview) തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഓഡിറ്റ് നടപടിക്രമങ്ങള്‍. ഈ നടപടിക്രമങ്ങളില്‍ നിന്ന് കണ്ടെത്തുന്ന വസ്തുതകളാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇതില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതിനായി ഫാക്ടറിയുടമക്ക് നിശ്ചിത സമയം അനുവദിക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ  കോപ്പി ഓഡിറ്റിന്റെ അവസാന വേളയില്‍ തന്നെ ഫാക്ടറിയുടമക്ക് ഓഡിറ്റര്‍ കൈമാറുകയും ചെയ്യുന്നു. ഈ ഓഡിറ്റ് റിപ്പോര്‍ട്ടിന് നല്‍കപ്പെടുന്ന ഗ്രേഡിങ്/റേറ്റിങ് പ്രകാരമാണ് നിശ്ചിത ആഗോള ബ്രാന്റുമായുള്ള ബിസിനസ് യാഥാര്‍ത്ഥ്യ മാക്കപ്പെടുന്നത്.

നിശ്ചിത ദിവസത്തിനുള്ളില്‍ ഓഡിറ്റ് നടത്തുമെന്ന മുന്‍കൂട്ടി അറിയിപ്പ് നല്‍കിയാണ് ഫാക്ടറി ഓഡിറ്റ് ചെയ്യപ്പെടുന്നത്. ഓഡിറ്റ് വേളയില്‍ ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് മുന്‍കൂട്ടി ഫാക്ടറി മാനേജ്‌മെന്റിന് കൈമാറന്നു. ഫാക്ടറി ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍.ഒ.സി, തൊഴിലാളികളുടെ ഹാജര്‍ രജിസ്റ്റര്‍ (Muster Roll), വേതനം/ഓവര്‍ടൈം, ബോണസ്, ലീവ് വിത്ത് വേജസ്, ആക്‌സിഡന്റ്, പ്രസവാനുകൂല്യ രജിസ്റ്ററുകള്‍, വേജ് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ ഓഡിറ്റില്‍ പരിശോധിക്കപ്പെടുന്നു. മുന്‍കൂട്ടിയുള്ള അറിയിപ്പ് നല്‍കപ്പെടുന്നതിനെ കൃത്രിമ രേഖകളുണ്ടാ ക്കുന്നതിനുനുളള അവസരമാക്കുന്ന  ഫാക്ടറി മാനേജ്‌മെൻ്റുകൾ ഇല്ലാതില്ല. സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്ററുടെ പരിശോധനയെന്നത് തങ്ങള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ട രേഖകളുണ്ടോയെന്ന് തിട്ടപ്പെടുത്തുകയെന്നത് മാത്രം. രേഖകളുടെ നിജസ്ഥിതിയെന്തെന്ന പരിശോധന ഓഡിറ്റിന്റെ വ്യാപ്തിയില്‍ ഉള്‍പ്പെടാറില്ല.

വേതനം നല്‍കുന്നതില്‍ കാലതാമസം, മിനിമം വേതനം നല്‍കുന്നതില്‍ വീഴ്ച, പേറോളില്‍ (Pay Roll ) കൃത്രിമം, നിയമവ്യവസ്ഥക്ക് വിരുദ്ധമായി ഓവര്‍ടൈമില്‍ തൊഴിലാളികളെ പണിയെടുപ്പിക്കല്‍, ബാലവേല, നിര്‍ബന്ധിത തൊഴിലെടുപ്പിക്കല്‍ തുടങ്ങിയവയാണ് ഗുരുതരമായ നിയമരാഹിത്യം അല്ലെങ്കില്‍ എന്‍.സി (Non-Compliance)കളായി ഗണിക്കപ്പെടുന്നത്. ഓഡിറ്റ് ചെയ്യപ്പെടുന്ന ഫാക്ടറികളേറെയും ഇപ്പറഞ്ഞ നിയമരാഹിത്യങ്ങള്‍ കണ്ടെത്തപ്പെടാതിരിക്കുന്നതിനുള്ള തന്ത്രങ്ങളും താല്‍ക്കാലിക നടപടികളും സ്വീകരിക്കന്നു. കൃത്രിമ രജിസ്റ്ററുകള്‍/രേഖകളുണ്ടാക്കുകയാണ് ഇതില്‍ മുഖ്യം. ഫാക്ടറിയുടമ ഓഡിറ്ററെ സ്വാധീനിച്ചും ഓഡിറ്റ് റിപ്പോര്‍ട്ട് തനിക്കനുകൂലമാക്കിക്കുടെന്നില്ല.

വ്യാപാര കരാര്‍ ഒപ്പുവെക്കുന്നതിന് മുന്നോടിയായി തങ്ങള്‍ സംഭരിക്കുന്ന ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്ന തൊഴിലാളികളെ ഫാക്ടറി മാനേജ്‌മെന്റ് ചൂഷണം ചെയ്യുന്നില്ലെന്ന് സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റിലുടെ ആഗോള ബ്രാന്റുകള്‍ ഉറപ്പിക്കുകയാണത്രെ. നീതിപൂര്‍വ്വമായ ഉല്പന്ന സംഭരണമെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ആഗോള കോര്‍പ്പറേറ്റ് ബ്രാന്റുകളുടെ ശ്രമം.

ആഗോള കോര്‍പ്പറേറ്റ് മേഖല കോര്‍പ്പറേറ്റ് നൈരന്തര്യ (Corporate Sustainability) ത്തിന് പ്രതേൃക ഊന്നല്‍. മനുഷ്യാദ്ധ്വാനത്തിന് ചെലവ് കുറഞ്ഞ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ വിലയില്‍ ഉല്പന്നങ്ങള്‍ സംഭരിക്കപ്പെടുന്നതിന് പിന്നില്‍ കൊള്ളലാഭ (Profiteering ) ത്തിന്റെ സാമ്പത്തിക ശാസ്ത്രം. കുറഞ്ഞ കൂലി നിരക്കില്‍ മനുഷ്യാദ്ധ്വാനം സുലഭമായിട്ടുള്ള രാജ്യങ്ങളെ തങ്ങളുടെ ഉല്പന്ന സംഭരണ ഹബ്ബുകളാക്കിമാറ്റുവാന്‍ ആഗോള കോര്‍പ്പറേറ്റ് ബ്രാന്റുകള്‍ മത്സരിക്കുകയാണ്. ഈ വ്യാപാര മത്സരം നൈതീകതയിലധിഷ്ഠിതമെന്ന് ലോകത്തെ ബോധ്യപ്പെടുത്തണം. ഈ ബോധ്യപ്പെടുത്തലിനുള്ള ഉപാധിയാണ് സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റെന്ന് പറയേണ്ടിയിരിയ്ക്കുന്നു.

അഭിമുഖങ്ങള്‍ പ്രഹസനം (Workers Interviews are farce)

ഓഡിറ്റ് നടപടി ക്രമങ്ങളില്‍ തൊഴിലാളികളുമായുള്ള അഭിമുഖം മുഖ്യം. തൊഴിലാളികളുടെ അംഗബലത്തെ ആസ്പദമാക്കി  നിശ്ചിത ശതമാനം തൊഴിലാളികളെ ഇന്‍ര്‍വ്യൂ ചെയ്യും. തൊഴിലാളികള്‍ പങ്കുവെക്കുന്ന ആവലാതികള്‍ പക്ഷേ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പലപ്പോഴും കൃത്യതയോടെ ഇടംപിടിയ്ക്കണമെന്നില്ല. സാമ്പിള്‍ പ്രകാരം ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ ആവലാതികള്‍/പ്രതികരണങ്ങള്‍ മൊത്തം തൊഴിലാളികളുടേതായി പരിഗണിക്കപ്പെടേണ്ടതില്ലെന്ന ന്യായീകരണവുമുണ്ട്. നിശ്ചിത ദിവസത്തിനുള്ളില്‍ ഓഡിറ്റുണ്ടാകുമെന്ന് അറിയിപ്പ് ലഭ്യമാകുന്നതുകൊണ്ടുതന്നെ അഭിമുഖത്തില്‍ പറയേണ്ട ഉത്തരങ്ങള്‍/പ്രതികരണങ്ങള്‍ മുന്‍കൂട്ടി തൊഴിലാളികളെല്ലാവരെയും പറഞ്ഞുപഠിപ്പിക്കുന്നു.

കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചാല്‍ അതിന്റെ ഗുണം തൊഴിലാളികള്‍ക്കും ലഭിക്കുമെന്നു ഫാക്ടറിയുടമകള്‍ തെറ്റിദ്ധരിപ്പിക്കുന്നു. അതായത് തൊഴിലളികളെ തെറ്റിദ്ധരിപ്പിക്കുവാന്‍ തൊഴിലളിവര്‍ഗ സിദ്ധാന്തത്തിലെ ‘മിച്ചമൂല്യ’ (Surplus Value) സിദ്ധാന്തം തന്നെ കൗശലപൂര്‍വ്വം സൗകര്യാര്‍ത്ഥം ഉപയോഗിക്കപ്പെടുന്നു! അതുകൊണ്ട് ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന തൊഴിലാളികള്‍ ഏറിയകൂറും കൂലിമോക്ഷണം (Wage theft), കുറഞ്ഞ കൂലി, നിര്‍ബന്ധിത ഓവര്‍ടൈം, ആരോഗ്യ സുരക്ഷാ സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വസ്തുതകള്‍ ഓഡിറ്റില്‍ പങ്കുവെക്കുന്നില്ല. അതോടൊപ്പം തൊഴിലുടമയുടെ ചൂഷണങ്ങള്‍ പങ്കുവെച്ചാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്നുള്ള ഭയപ്പാടുമുണ്ട് തൊഴിലാളികള്‍ക്ക്.

അഭിമുഖത്തിനായി തൊഴിലാളികളെ തെരഞ്ഞെടുക്കേണ്ടത് കംപ്ലയിൻസ് ഓഡിറ്ററാണ്. പലപ്പോഴും പക്ഷേ മാനേജ്‌മെന്റ് ഹാജരാക്കുന്ന തൊഴിലാളികളാണ് അഭിമുഖത്തിന് വിധേയരാക്കപ്പെടുന്നത്. ഓഡിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയെന്നതിനപ്പുറം തൊഴിലാളികളുടെ അഭിമുഖത്തിലൂടെ തൊഴിലുടമയുടെ നിയമലംഘനങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കപ്പെടു മെന്നുറപ്പില്ല. എന്തിനധികം തൊഴിലാളികളെ ഇന്റര്‍വ്യൂ ചെയ്യാതെപോലും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അഭിമുഖ വിവരങ്ങള്‍ ചേര്‍ക്കുന്നു.

അഭിമുഖ വിവരങ്ങളെല്ലാം ഏറെക്കുറെ എല്ലാ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും ഒരേ തരത്തിലായിരിക്കും. ഓഡിറ്റര്‍മാര്‍ അഭിമുഖ വിവരങ്ങള്‍ സമാനമായ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്ന് പലപ്പോഴും കോപ്പി പേസ്റ്റ് (Copy & Paste) ചെയ്യുന്നതും കുറവല്ല. തൊഴിലാളി അഭിമുഖം കേവലം പ്രഹസനമാണെന്ന് ഓഡിറ്റ് ചെയ്യുന്ന സ്ഥാപനത്തിനും കയറ്റുമതി ഓര്‍ഡര്‍ നല്‍കുന്നതിന് മുന്നോടിയായി ഓഡിറ്റ് റിപ്പോര്‍ട്ട് കൈപ്പറ്റുന്ന ആഗോള ബ്രാന്റുകള്‍ക്കും അറിയാത്ത കാര്യമൊന്നുമല്ല.

ബാലവേല (Child Labour)

1948- ലെ ഫാക്ടറീസ് ആക്ട് പ്രകാരം തൊഴിലാളികള്‍ക്ക് നിയമന ഉത്തരവ് (Appointment Order) നല്‍കേണ്ടതുണ്ട്. തൊഴിലാളികളുടെ പേഴ്‌സണല്‍ ഫയല്‍ തൊഴിലുടമ സൂക്ഷിക്കണം. തൊഴിലാളികളുടെ ബയോഡാറ്റ, ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ, നിയമന ഉത്തരവിന്റെ കോപ്പി, പി.എഫ്/ഇ.എസ്.ഐ നോമിനേഷന്‍ ഫോം തുടങ്ങിയ രേഖകളടങ്ങിയതായിരിക്കണം പേഴ്‌സണല്‍ ഫയല്‍. രേഖകൾ പക്ഷേ ഓഡിറ്റിനെ മുന്‍നിര്‍ത്തി  തട്ടിക്കൂട്ടിയുണ്ടാക്കുന്ന ഫാക്ടറി ഉടമകളുമുണ്ട്നിയമനോത്തരവ് ഫയലില്‍ സൂക്ഷിക്കുമെങ്കിലും അതിന്റെ പകര്‍പ്പ് തൊഴിലാളികള്‍ക്ക് നല്‍കുന്നത് വിരളം.

ടെക്‌സ്റ്റയില്‍-ഗാര്‍മെന്റ് വ്യവസായ മേഖലയില്‍ തൊഴിലാളിക്ഷാമം അതീവരൂക്ഷമാണ്. ഈ മേഖലയില്‍ ഏറിയകൂറും വടക്കു – കിഴക്കൻ  സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരക്ഷരരായ തൊഴിലാളികൾ. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റത്തിന് പിന്നില്‍ മനുഷ്യക്കടത്താണെ ആരോപണങ്ങളുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഗാര്‍മെന്റ് ഉല്പാദന കമ്പനിയിലെ തൊഴിലാളികളെ കൊണ്ടുവരുന്നതിനു പിന്നില്‍ മനുഷ്യക്കടത്താണെന്ന ആരോപണവും മാധ്യമ റിപ്പോര്‍ട്ടുകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

കുടിയേറ്റ തൊഴിലാളികളില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുള്‍പ്പെടുന്നു . ഇവരില്‍ ഭൂരിപക്ഷത്തിനും വയസ്സ് തെളിയിക്കുന്ന രേഖപോലുമുണ്ടാകില്ല. ബാലവേലിയില്ലെന്ന് [1] സ്ഥാപിച്ചെടുക്കുന്നതിന്റെ ദിശയില്‍ പക്ഷേ ഇത്തരത്തിലുള്ളവരുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ കൃത്രിമമായിയുണ്ടാക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ പേഴ്‌സണല്‍ ഫയലുകളില്‍ സൂക്ഷിച്ചിരിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ജനന തിയതിയും വയസ്സും സര്‍ട്ടിഫിക്കറ്റ് നല്‍കിയ തിയതിയും ഏറെക്കുറെ എല്ലാവരുടെയും ഒരേ പോലെയായിരിക്കുമെന്നതില്‍ തന്നെ വ്യക്തമാണ് ഇവയെല്ലാം കൃത്രിമമാണെന്ന്. നിയമ[2]ത്തെ പിന്‍പ്പറ്റി രജിസ്‌ട്രേഡ് ദന്ത ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയാണ് ഫാക്ടറിയുടമകള്‍ ഇത്തരം കൃത്രിമ ജനന രേഖകളുണ്ടാക്കുന്നത്.

തുടര്‍ച്ചയില്ലാത്താക്കുന്ന സേവനം ( Service Period gets broken)

തമിഴ്‌നാട്ടിലെ ഫാക്ടറിയുടമകളിലേറെയും ദീപാവലിയോടനുബന്ധിച്ച് വര്‍ഷാവര്‍ഷം ബോണസ് നല്‍കുന്നു. അതോടെ പക്ഷേ തൊഴിലാളികളുടെ സേവനം അവസാനിപ്പിച്ച് പുതിയ നിയമന ഉത്തരവ് നല്‍കുന്നു. തുടര്‍ച്ചയായി ജോലി ചെയ്യുന്നുവെന്നതിനുള്ള തെളിവുകള്‍/രേഖകള്‍ നശിപ്പിക്കപ്പെടുന്നു.  സേവന കാലാവധിയുടെ തുടര്‍ച്ചയില്ലാതാക്കുന്നു. ഇതോടെ തൊഴിലില്‍ നിന്ന് പിരിഞ്ഞുപോകുമ്പോള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കപ്പെടേണ്ട നിയമാനുസൃത ഗ്രാറ്റിവിറ്റി[3]യാണ് നിഷേധിക്കപ്പെടുന്നത്. സേവന കാലാവധിയുടെ തുടര്‍ച്ചക്കനുസൃതമായി ഗണ്യമായ ഗ്രാറ്റിവിറ്റി ([(Basic Pay + D.A) x 15 days x No. of years of service] / 26) തുക ലഭിക്കാന്‍ പിരിഞ്ഞുപോകുന്ന വേളയില്‍ തൊഴിലാളി അര്‍ഹനാണ്. ഇത് ഇല്ലാതാക്കുകയെന്ന ഫാക്ടറിയുടമയുടെ തന്ത്രമാണ് വര്‍ഷാവര്‍ഷം സേവന കാലാവധിയുടെ തുടര്‍ച്ചയില്ലാതാക്കൽ.  നിരക്ഷരരും അസംഘടിതരുമാണെന്നതിനാല്‍ തന്നെ ഫാക്ടറിയുടമകളുടെ ഇത്തരം തട്ടിപ്പുകളും തിരിമറികളും തൊഴിലാളികള്‍ക്ക് തിരിച്ചറിയുവാനാകുന്നുമില്ല.

സുമംഗലിലിയിലെ മനുഷ്യാവകാശ ലംഘനം (Sumangali violates Human Rights)

രാജ്യത്തെ കാര്‍ഷിക മേഖല കഴിഞ്ഞാല്‍ വന്‍ ഉല്പാദന മേഖലകളിലൊന്നാണ് ടെക്‌സ്റ്റയില്‍ – ഗാര്‍മെന്റ് വ്യവസായം. 1.2 കോടി സ്ത്രീകള്‍ (മൊത്തം സ്ത്രീ തൊഴില്‍ ശക്തിയുടെ 80 ശതമാനം) ഈ മേഖലയില്‍ തൊഴിലെടുക്കുന്നു. ഇന്ത്യയിലെ ഗാര്‍മെന്റ് ഫാക്ടറികളില്‍ തൊഴിലെടുക്കുന്ന 60 ശതമാനം സ്ത്രീ തൊഴിലാളികളും വ്യത്യസ്തങ്ങളായ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് യു.എന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള എഫ്.ഡബ്ല്യു.എഫ് [5] (Fair wear Foundation നെതര്‍ലന്റ് ആസ്ഥാനമായുള്ള എന്‍.ജി.ഒ യൂറോപ്പിലെ നൂറിലധികം ബ്രാന്റുകള്‍ ഇതിലംഗങ്ങളാണ്) യുടെ ഗവേഷണ പഠനം പറയുന്നു. സ്ത്രീകളിലേറെയും നിരക്ഷരരും കുടിയേറ്റക്കാരുമാണ്. നിര്‍ദ്ധന കുടുംബങ്ങളില്‍ നിന്ന് വരുന്ന ഇവര്‍ അടിമകള്‍ക്ക് സമാനം. ഇവര്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ പുറംലോകമറിയാതെ പോകുന്നു.

തമിഴ്‌നാട്ടിലെ 1600-ഓളം വരുന്ന തുണിമില്ലുകളിലായി 400000 തൊഴിലാളികള്‍.  ഇവരില്‍ 60 ശതമാനവും  യുവതികളൾ. പലവിധ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവരെ തുണിമില്ലുകളിലെത്തിക്കുന്നത്. നിര്‍ബന്ധിതമായി (Forced Labour) തൊഴിലെടുക്കുവാന്‍[6] വിധിക്കപ്പെട്ടവരാണിവര്‍. അതീവ ദയനീയവും അരക്ഷിതവുമായ അന്തരീക്ഷത്തിലാണ് ഇവര്‍ പണിയെടുക്കുന്നത്. ഫാക്ടറികള്‍ക്കുള്ളില്‍ തന്നെയുള്ള പരിമിതമായ ഹോസ്റ്റലുകളില്‍/ഡോര്‍മെറ്ററികളിലാണ് ഇവരുടെ താമസം. മനുഷ്യാവകാശ ലംഘനങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയാണിത്.

‘സുമംഗലി’ (Sumagali) എന്നറിയപ്പെടുന്ന സ്കീമിലാണ് ഇവരിലേറെയും തൊഴില്‍ ചെയ്യുന്നത്. കൗമാരപ്രായത്തില്‍ നിന്ന് വിവാഹപ്രായമെത്തുമ്പോള്‍ പണിയെടുത്ത കാലാവധി കണക്കാക്കി തുച്ഛമായ തുക ഇവര്‍ക്ക് നല്‍കുന്നു. ബാലവേലയില്‍ നിന്ന് തുടങ്ങി വിവാഹപ്രായം വരെയുള്ള കാലയളവില്‍ സുമംഗലിയാകുവാനുള്ള ‘സമ്പാദ്യ’മായിമാറുമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുകയാണിവര്‍. ദളിത് കുടുംബങ്ങളിലെ 13 മുതല്‍ 18 വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ ബ്രോക്കര്‍മാരുടെ മുന്‍കയ്യില്‍ ഈ സ്കീമിലൂടെ തൊഴിലാളികളായി തുണിമില്ലുകളിലെത്തുന്നു. ഒക്‌ടോബര്‍ 2014 മുതല്‍ ഫെബ്രുവരി 2015 വരെയുള്ള കാലയളവില്‍ പഠനം നടത്തിയ ‘വാന്‍മുകില്‍’[7] എന്ന എന്‍ജിഒയുടെ റിപ്പോര്‍ട്ട് പറയുന്നത് തമിഴ്‌നാട്ടിലെ തുണിമില്ലുകളില്‍ പണിയെടുക്കുന്ന പെണ്‍കുട്ടികള്‍ ഇപ്പോഴും ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് തന്നെയാണ്.

സഞ്ചാര സ്വാതന്ത്ര്യ നിഷേധം, കുറഞ്ഞ കൂലിയും അതില്‍ നിന്ന് നിയമാനുസൃതമല്ലാത്ത കിഴിവും, സാമൂഹിക സുരക്ഷിതത്വ ആനുകൂല്യങ്ങളുടെ നിഷേധം, തൊഴില്‍കരാര്‍ ലംഘനം, ആരോഗ്യ-സുരക്ഷാ നടപടികളുടെ അപര്യാപ്തത, കൂടിയ ജോലിസമയം, ലിംഗ വിവേചനം, ശാരീരീക-ലൈംഗിക പീഡനങ്ങള്‍, ബാലവേല, നിര്‍ബന്ധിത തൊഴില്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുടെ ആകെത്തുകയാണ് സുമംഗലി സ്കീം. 1970-കളിലാരംഭിച്ച ഈ സ്കീമില്‍ ഫാക്ടറികളിലെത്തിപ്പെടുന്ന സ്ത്രീ തൊഴിലാളികളിള്‍ക്ക് മാതാപിതാക്കളെപോലും കാണുവാനുള്ള അവസരം വിരളം.

750-500 രൂപയാണ് പ്രതിമാസ വേതനം. ഇതില്‍ നിന്ന് ദിനംപ്രതി ഹോസ്റ്റല്‍ ചെലവിനത്തില്‍ 15 -17 രൂപ പിടിക്കുന്നു. ബാക്കി 300-1000 രൂപ വരെയാണ് പ്രതിമാസം ലഭിക്കുന്നത്. 12 മണിക്കൂര്‍ തുടര്‍ച്ചയായ ജോലി ചെയ്യണം. മാസത്തില്‍ നാല് മണിക്കൂര്‍ മാത്രമാണ് ഇവര്‍ പുറംലോകം കാണുന്നത്. അതും കമ്പനി അധികൃതരുടെ കടുത്ത നിയന്ത്രണത്തിലും നിരീക്ഷണത്തിലും.

പൊങ്കല്‍, ദീപാവലി ഉത്സവ-ഒഴിവ് ദിനങ്ങളില്‍ വീട്ടിലേക്ക് പോകുമ്പോള്‍ അവര്‍ നിശ്ചിത ദിവസത്തിനുള്ളില്‍ തന്നെ ഫാക്ടറിയില്‍ തിരിച്ചത്തുമെന്നുള്ള ഉറപ്പ് ബ്രോക്കര്‍ നല്‍കേണ്ടതുണ്ട്. ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ നിയമാനുസൃത തൊഴിലാനുകൂല്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഒരു നിശ്ചിത സഞ്ചിത തുക (25000 മുതല്‍ 40000 വരെ) ഇവര്‍ക്ക് നല്‍കുന്നു. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇത്രയും തുക ലഭിക്കുന്നില്ല.

ലൈംഗിക ചൂഷണങ്ങളുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍ ഇവര്‍ പിരിച്ചുവിടപ്പെടുന്നുവെന്നല്ലാതെ പരിഹാര നടപടികളില്ല.  പിരിച്ചുവിടുമ്പോള്‍ മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചില്ലെന്നതിന്റെ പേരില്‍ സഞ്ചിത തുക നിഷേധിക്കപ്പെടുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള സുപ്രീംകോടതിവിധിയൊന്നും[8] ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നവരുടെ കാരൃത്തില്‍ പാലിക്കപ്പെടുന്നില്ല.

എച്ച് ആന്റ് എം, എസ്.ഒലിവര്‍, ഡീസല്‍, ടിസ്‌കോ, ബെസ്റ്റ് സെല്ലര്‍, വാള്‍ മാള്‍ട്ട്, ഓള്‍ഡ് നേവി (Gap), ടോമി, ഗില്‍ഫിംഗര്‍ തുടങ്ങിയ ബഹുരാഷ്ട്ര ബ്രാന്റുകളെല്ലാം തന്നെ സുമംഗലി തൊഴിലാളികളുടെ വിയര്‍പ്പ് അലിഞ്ഞുചേർന്നുള്ള ഗാര്‍മെന്റ് ഉല്പന്നങ്ങള്‍ സംഭരിക്കുന്നവരാണ്. എന്നിട്ടും നൈതിക വൃാപാര പ്രക്രിയയുടെ ശക്തമായ വക്താക്കളെന്ന അവകാശവാദത്തില്‍ ഒട്ടുമേ കുറവുമില്ല.

സെമൊ ഐസിഎന്‍ പഠനം (SOMO-ICN Study)

നെതര്‍ലന്റ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനും (SOMO-സെമൊ) ഐ.സി.എനും (India Committee of the Netherlands) സംയുക്തമായി നടത്തിയ മറ്റൊരു ഗവേഷണ പഠനവും[9] അടിവരയിടുന്നത് ദക്ഷിണേന്ത്യയിലെ ടെക്‌സ്റ്റയില്‍ – ഗാര്‍മെന്റ് വ്യവസായ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന വസ്തുതകളാണ്. ഒക്‌ടോബര്‍ 2014-ല്‍ പ്രസിദ്ധികരിക്കപ്പെട്ട ഈ ഗവേഷണ പ്രബന്ധത്തിന്റെ ഉള്ളടക്കം കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളിലെ ബെസ്റ്റ് കോട്ടണ്‍ മില്‍, ജയവിഷ്ണു സിപിന്റക്‌സ്, പ്രീമിയര്‍ മില്‍സ് (യൂണിറ്റ് 2), സൂപ്പര്‍ സ്പിന്നിങ് മില്‍ (യൂണിറ്റ് സി), സുലോചന കോട്ടണ്‍ സ്പിന്നിങ് മില്‍ എന്നീ ഫാക്ടറികളിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ അടിവരയിടുന്നു.

ആഗോള കോര്‍പ്പറേറ്റ് ബ്രാന്റുകളായ സി ആന്റ് എ, ഹനസ് ബ്രാന്റ്, മദര്‍ കെയര്‍, സൈന്‍ബറീസ്, കോസ്‌കോഎന്നീ ആഗോള കോര്‍പ്പറേറ്റ് ബ്രാന്റുകള്‍ സംഭരിക്കുന്ന ഉല്പന്നങ്ങളുടെ പ്രദാന കണ്ണി (Supply Chain) യി ലെ വന്‍കിടക്കാരാണ് ഇപ്പറഞ്ഞ അഞ്ച് തുണിമില്ലുകള്‍. സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തിലാണ് ഗാര്‍മെന്റ്‌സ് യൂണിറ്റുകളില്‍ നിന്ന് ഈ ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് ബ്രാന്റുകള്‍ ഉല്പന്നങ്ങള്‍ സംഭരിക്കുന്നത്. ബെസ്റ്റ് കോര്‍പ്പറേഷന് ഐ.എസ്.ഒ 9001 : 2008 (International Quality Management Standard) സര്‍ട്ടിഫിക്കേഷനും വേള്‍ഡ് വൈഡ് റെസ്‌പോണ്‍സിബിള്‍ അക്രിഡിറ്റേഷന്‍ പ്രൊഡക്ഷനി (WRAP) ന്റെ അംഗീകാരവും സെഡെക്‌സിന്റെ അംഗത്വവുമുണ്ട്. സുലോചന മില്ലിന്റെ ഗാര്‍മെന്റ് ഡിവിഷന്‍ സുലോചനാഗ്രൂപ്പിന് ജി.യു.ടി.എസ് (Global Organic Textile Standard), ആര്‍.ഐ.എസ്.എ 8000 എന്നീ സര്‍ട്ടിഫിക്കേഷനുകളുണ്ട്. ജയവിഷ്ണു സ്പിന്‍ ടെക്‌സിന് എസ്.എ 8000 ഉം ((Social Accountability), ഐ.എസ്.ഒ 9001ഉം സെഡെക്‌സ് അംഗത്വവുമുണ്ട്.

സമഗ്ര സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റ് നടപടിക്രമങ്ങളില്‍ എല്ലാം പാലിക്കപ്പെടുന്നുവെന്ന കണ്ടെത്തലിന്റെ പിന്‍ബലത്തില്‍ മുന്‍ സൂചിപ്പിച്ച അംഗീകാരങ്ങളും സര്‍ട്ടിഫിക്കേഷനുകളും നല്‍കപ്പെടുന്നുവെന്നാണ് വെയ്പ്പ്. ഇത്തരം സര്‍ട്ടിഫിക്കേഷനുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള മില്ലുകള്‍പോലും തൊഴിലാളികളുടെ ചൂഷണ കേന്ദ്രമാണെന്നാണ് ഈ പഠനം വെളിവാക്കുന്നത്. ഗുണനിലവാരം, സാമൂഹിക ഉത്തരവാദിത്തം, പരിസ്ഥിതി സംരക്ഷണം, സര്‍വ്വേ ശ്രഷ്ഠമായ മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയവയെ മുന്‍നിര്‍ത്തി നല്‍കപ്പെടുന്ന അംഗീകാരങ്ങളുടേയും ഐ.എസ്.ഒ സര്‍ട്ടഫിക്കേഷനുകളുടേയും വിശ്വാസ്യത കൂടിയാണ് ഇവിടെ തകര്‍ന്നുവീഴുന്നത്. സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റിലൂടെ നൈതീകതയിലൂന്നിയുള്ള ഉല്പന്ന സംഭരണപ്രക്രിയ പിന്‍തുടുരുന്നുവെന്ന ആഗോള ബ്രാന്റുകളുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങളും സുവിദിതമാകുന്നു. സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റ് പ്രക്രിയ കേവലം നിരര്‍ത്ഥകവും പ്രഹസനവുമാണെന്ന് ഈ ഗവേഷണ പ്രബന്ധം അടിവരയിടുന്നു.

സംഘ ശേഷിയില്ലാതെ (Lack of Organized Power)

സൊമസ് (SOMOട) പഠന റിപ്പോര്‍ട്ട് പറയുന്നത് പഠന വിധേയമാക്കിയ കമ്പനികളിലെ തൊഴിലാളികള്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട് (1926) പ്രകാരം സംഘടിക്കുവാനും കൂട്ടായ വിലപേശലിനുമുള്ള സ്വാതന്ത്ര്യത്തെകുറിച്ച്  അജ്ഞരാണെന്നാണ്. സ്വാതന്ത്ര്യത്തേക്കാളുപരി ഇത് അവകാശമാണെന്നത് തൊഴിലാളികള റിയുന്നില്ല.

കമ്പനികളില്‍ വര്‍ക്‌സ് കമ്മിറ്റികളുണ്ടാകണമെന്ന് ഫാക്ടറി ആക്ട് [10] അനുശാസിക്കുന്നു. ഇതേ ആക്ട് ഭേദഗതി പ്രകാരം വ്യവസായ സ്ഥാപനങ്ങളില്‍ പരാതി പരിഹാര സമിതി[11] (Grievance Redressal Committee) രൂപീകരിക്കേണ്ടതുണ്ട്. ഈ സമിതികളില്‍ മാനേജ്‌മെന്റ് പ്രാതിനിധ്യത്തിന് തത്തുല്യമായി തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ആക്ട് അനുശാസിക്കുന്നു. എന്നാല്‍ നിരക്ഷരരായ തൊഴിലാളികളെ ഉള്‍പ്പെടുത്തി സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റ് എന്ന കടമ്പ കടക്കുന്നതിന് സമയാസമയങ്ങളില്‍ കമ്മിറ്റിയുടെ യോഗം ചേര്‍ന്നുവെന്ന് വരുത്തിതീര്‍ക്കുവാന്‍ രജിസ്റ്ററുണ്ടാക്കി ചേരാത്ത യോഗത്തിന്റെ മിനിറ്റ്‌സ് കൃത്രിമമായി ചമക്കുന്നു. ഇത് കൃത്രിമമാണെന്ന്  ഓഡിറ്റര്‍ക്ക് ബോധ്യപ്പെടുന്നു. വിദേശ ബ്രാന്റുകള്‍ക്കായി തയ്യാറാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പക്ഷേ പരാതിപരിഹാരസമിതി/വര്‍ക്‌സ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം സുഭദ്രമെന്ന് രേഖപ്പെടുത്തുന്നു. ഇവിടെയും ഓഡിറ്റിന് വേണ്ടത് രേഖകള്‍ മാത്രം. അതിന്റെ നിജസ്ഥിതിയല്ല.

ഗാര്‍മെന്‍സ് വ്യവസായ മേഖലയില്‍ 80 ശതമാനവും സ്ത്രീകളാെണന്നിരിക്കെ ഓഡിറ്റ് ചെയ്യപ്പെടുന്ന ഫാക്ടറികളില്‍ നിയമാനുസൃത പ്രസവാനുകൂല്യങ്ങള്‍[12] സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുണ്ടെന്നു കാണാം. അതില്‍ പക്ഷേ ആരുടേയും പേരുണ്ടാകില്ല. എല്ലാറ്റിലും ‘NIL’ എന്ന് രേഖപ്പെടുത്തി കാണാം. തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ ആരും ഗര്‍ഭം ധരിക്കുന്നില്ലെന്ന് കരുതണമെന്ന് രേഖകള്‍ ശഠിക്കുന്നു.

വിവാഹിതരായ സ്ത്രീകളെ തൊഴിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ഗര്‍ഭിണിയാണോയെന്ന പരിശോധനാ റിപ്പോര്‍ട്ടുപോലും ആവശ്യപ്പെടുന്നു. അവിവാഹിതര്‍ക്ക് നിയമനമെന്നതാണ്  മാനേജ്‌മെന്റ് മുന്‍ഗണന. തൊഴിലാളിക്ഷാമം രൂക്ഷമായതിനാല്‍ വിവാഹിതരായ സ്ത്രീ തൊഴിലാളികളെയും റിക്രൂട്ട് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ഗര്‍ഭിണിയാണോയെന്ന് പക്ഷേ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം. ഇക്കാര്യത്തിൽ കേരളത്തിലെ കൊച്ചി ആസ്ഥാനമായ ഒരു വന്‍കിട ഗാര്‍മെന്റ് കമ്പനി പോലും ശഠിച്ചിരുന്നു.

കൊച്ചിയിലെ തന്നെ പ്രത്യേക സാമ്പത്തിക മേഖലയിലെ ഒരു റബ്ബര്‍ഫാക്ടറി (ഇ.ഒ.യു-Exported Oriented Unit) യില്‍ തൊഴിലെടുക്കുന്ന 45ഓളം സ്ത്രീകളെ വിവസ്ത്രയാക്കി പരിശോധിച്ചുവെന്നതുമുളള മാധ്യമ റിപ്പോര്‍ട്ടുകള്‍[13] ഇതോടൊപ്പം കൂട്ടിവായിയ്ക്കുക. കൂടെകൂടെ (ആര്‍ത്തവ വേളയില്‍) ഇവര്‍ ശുചിമുറിയില്‍ പോകുന്നതിനാല്‍ തൊഴില്‍ സമയ നഷ്ടമുണ്ടാകുന്നുവെന്ന കണ്ടെത്തലാണ് പരിശോധനക്ക് കാരണമായത്. നീതിപൂര്‍വ്വകമായ വ്യാപാര പ്രക്രിയയിലൂടെ ഉല്പന്ന സംഭരണം നടത്തുന്ന ആഗോള കോര്‍പ്പറേറ്റുകള്‍ തന്നെയാണ് 100 ശതമാനം കയറ്റുമതി യൂണിറ്റുകളായിട്ടുള്ള ഇത്തരം സ്ഥാപനങ്ങളുമായി ബിസിനസ്സിലേര്‍പ്പെട്ടിരിക്കുന്നതെന്നറിയുക.

ഉപജീവനത്തിന് തികയാത്ത കൂലിഘടന (Poor Wage Structure)

ഇന്ത്യയിലെ ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളികള്‍ കൊടിയ തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നുവെന്ന് റോം ആസ്ഥാനമായുള്ള നാഷണല്‍ പീപ്പിള്‍സ് ട്രൈബ്യൂണലും[14] വ്യക്തമാക്കുന്നു. ഉപജീവനത്തിനുള്ള വേതനം ഈ തൊഴിലാളികളുടെ മൗലികാവകാശമാണെന്ന് ട്രൈബ്യൂണല്‍ വിധി അടിവരയിടുന്നുവെന്നത് ശ്രദ്ധേയം. ഉപജീവനത്തിനാവശ്യമായ ചെലവിന്റെ 43 ശതമാനം മാത്രമാണ് കൂലിയായി ഈ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നത്. നിത്യജീവിത ചെലവിന് പര്യാപ്തമല്ലാത്ത കൂലിഘടന ഈ തൊഴിലാളി സമൂഹത്തെ അരപ്പട്ടിണിക്കാരാക്കന്നു.

സ്കില്‍ഡ്, സെമി-സ്കില്‍ഡ്, അണ്‍സ്കില്‍ഡ് വേര്‍വിതിവുകളെ അടിസ്ഥാനമാക്കിയാണ് മിനിമം കൂലി നിശ്ചയിക്കപ്പെടുന്നത്. ഒരു തൊഴിലാളി കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ (Basic Needs) നിറവേറ്റാനുതകുന്നതായിരിക്കണം മിനിമം വേതനമെന്ന ആവശ്യം 15-ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രന്‍സ് മുന്നോട്ടുവെച്ചു (46ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രന്‍സ് 2015 ജൂലായ് 20ന് നടന്നു). ഭക്ഷണവും വസ്ത്രവും വീടും അടിസ്ഥാനാവശ്യങ്ങള്‍. സുപ്രീം കോടതിവിധികളും[15] ഇപ്പറഞ്ഞ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

വൈദഗ്ദ്ധ്യത്തെ മാനദണ്ഡമാക്കി കുറഞ്ഞകൂലി നിശ്ചയിക്കുന്നത് അശാസ്ത്രീയമാണ്. ഒരേ പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ ജീവിത ചെലവ് ഏറെക്കുറെ തന്നെ ഒരേ തരത്തിലായിരിക്കും. അതുകൊണ്ടുതന്നെ വേര്‍തിരിവ് എന്നത് തൊഴിലാളി വിരുദ്ധമാണ്. ആവശ്യങ്ങളെ ആധാരമാക്കിയായിരിക്കണം  കൂലി നിശ്ചയിക്കപ്പെടേണ്ടത്.

ഇതിനിടെ തൊഴിലാളികളുടെ വരുമാനവും ജീവിത ചെലവും തിട്ടപ്പെടുത്താന്‍ ദേശീയ സാമ്പിള്‍ സര്‍വ്വേ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട്[16] ശ്രദ്ധേയമാണ്. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് ഇത്തരമൊരു സര്‍വ്വേ. അതിനുമുമ്പ് സര്‍വ്വേകള്‍ നടന്നു.  തൊഴിലാളികളുടെ വരുമാനവും ജീവിതചെലവും തമ്മിലുള്ള അന്തരം പക്ഷേ കുറയ്ക്കുന്നതിനുള്ള ക്രിയാത്മക നടപടികള്‍ സ്വീകരിക്കപ്പെട്ടില്ല.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഗ്ലോബല്‍ വേജ് റിപ്പോര്‍ട്ട്-2014[17] പറയുന്നത് കോര്‍പ്പറേറ്റ് ലോകം ലാഭത്തിന്റെ നെറുകയിലേക്ക് ഉയരുമ്പോള്‍ തൊഴിലാളി സമൂഹത്തിന്റെ വേതന നിരക്ക് താഴോട്ടാണെന്നാണ്. വര്‍ഷത്തിലിത് മൂന്നു ശതമാനമായിരുന്നു. ഇപ്പോള്‍ രണ്ട് ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. 

തൊഴിലില്‍ നിന്ന് പിരിഞ്ഞുപോകുമ്പോള്‍ തൊഴിലാളികള്‍ക്ക് മാനേജ്‌മെന്റ് വിഹിതമടക്കമുളള പിഎഫ് തുക തിരിച്ചുനല്‍ക (Refund) പ്പെടണമെന്ന് നിയമം അനുശാസിക്കന്നു. ഈ നടപടിക്രമങ്ങളില്‍ മാനേജ്‌മെന്റുകള്‍ പക്ഷേ ഗുരുതരമായ വീഴ്ച്ച വരുത്തുന്നു. കൃത്യമായ സംഘടനാശേഷിയോ കൂട്ടായ വിലപേശലോ ഇല്ലെന്നിടത്ത് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളുടെ നിഷേധം, കുറഞ്ഞ കൂലിഘടന, നിയമവിരുദ്ധമായ നിര്‍ബന്ധിത ഓവര്‍ടൈം, വേതനമോഷണം, സ്ത്രീ തൊഴിലാളികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍, ലിംഗവിവേചനം തുടങ്ങിയ തൊഴിലാളി വിരുദ്ധ ചെയ്തികള്‍ക്ക് എങ്ങിനെയാണ് ശമനമുണ്ടാകുക!

പരുത്തി വിത്ത് ഉല്പാദനം/സംഭരണം, കൃഷിയിറക്കല്‍, വിളവെടുപ്പ്, വിത്തില്‍ നിന്ന് പഞ്ഞി വേര്‍തിരികകല്‍ (Ginning), സ്പിന്നിങ്, യാണ്‍ (Yarn). ശേഷം വൂവണ്‍ (Wooven) തുണിയാക്കി ബ്ലീച്ചിങും ഡൈയിങ്ങും. അന്തിമഘട്ടത്തില്‍ വസ്ത്ര നിര്‍മ്മാണം. ഇതില്‍ കട്ടിംഗ്, സ്റ്റിച്ചിംഗ്, എംബ്രോയിഡറി, ബട്ടണ്‍ പിടിപ്പിക്കല്‍, ലേബലിങ്, ഒടുവില്‍ പാക്കിംഗ്. ഈ വ്യത്യസ്ത ഘട്ടങ്ങളില്‍ ഫാക്ടറിയുടമകള്‍, സര്‍ക്കാര്‍, വ്യവസായ പ്രതിനിധികള്‍, ബഹുരാഷ്ട്ര ബ്രാന്റുകള്‍, ഉപ കരാറുകാര്‍, തൊഴിലാളി സംഘനടകള്‍, തൊഴിലാളികള്‍ തുടങ്ങിയവരൊക്കെ പ്രദാനകണ്ണി (Supply Chain) യിലെ ഭാഗഭാക്കളാകുന്നു. ഈ വ്യത്യസ്ത ഘട്ടങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന മനുഷ്യാദ്ധ്വാനം ചൂഷണം ചെയപ്പെടുന്നില്ലെന്ന് ഉറപ്പവരുത്തണം. ഇതിനുനേരെ പക്ഷേ നീതിപൂര്‍വ്വകമായ വൃാപാര പ്രക്രിയുലൂന്നുന്ന ഉല്പന്ന സംഭരണം നടത്തുന്നവരെന്ന് അവകാശപ്പെടുന്നവരും ലാഭത്തില്‍ മാത്രം കണ്ണുവെക്കുന്നവരുമായ ആഗോള ബ്രാന്റുകള്‍ സൗകര്യപൂര്‍വ്വം കണ്ണടയ്ക്കുകയാണ്. ഒപ്പം ആഭ്യന്തര ഉല്പാദകരും.

പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്യപ്പെടുന്നു (Exploitation of Natural Resources)

1000 ഗ്രാമുള്ള ജീന്‍സ് നിര്‍മ്മിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലായി 10850 ലിറ്ററും ഒരു ബഡ്ഷീറ്റിന് (900 ഗ്രാം) 9750 ലിറ്ററും 250 ഗ്രാം തൂക്കമുള്ള ഒരു ടീഷര്‍ട്ടിന് 2720 ലിറ്ററും കേവലം 33 മില്ലിഗ്രാം തൂക്കമുള്ള ജോണ്‍സണ്‍സ് കോട്ടണ്‍ ബഡ്‌സിന് 3.60 ലിറ്ററും വെള്ളം ഉപയോഗിക്കുന്നുവെന്ന് പഠനങ്ങളുണ്ട്[18]. നിര്‍മ്മാണ പ്രക്രിയില്‍ ഈ വെള്ളമത്രയും മലിനീകരിക്കപ്പെടുന്നു. അതു പക്ഷേ വീണ്ടും പുനരുപയോഗിക്കപ്പെടുന്നില്ല.

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മലിനജല ശുദ്ധീകരണ പ്ലാന്റു (Effluent Treatment Plant)കളുടെ നിര്‍മ്മാണത്തിന് ഏറെ മുതല്‍മുടക്ക് ആവശ്യം. അതുകൊണ്ടുതന്നെ ഫാക്ടറി ഉടമകളേറെയും ഇതിന് മുന്നോട്ടുവരുന്നതുമില്ല. ഇതിന്റെ ദുരന്ത പരിണിതിയെന്നോണം മണ്ണും വെള്ളവും മലിനീകരിക്കപ്പെടുന്നു. ഇന്ത്യയിലെ ബനിയന്‍ സിറ്റിയെന്നറിയപ്പെടുന്ന തിരുപ്പൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന

Noyal River Triupur

നോയല്‍ നദി 350 ലധികം ബ്ലീച്ചിങ്  – ഡൈയിങ്ങ് യൂണിറ്റുകള്‍ പുറത്തേക്ക് ഒഴുക്കിവിടുന്ന രാസ മാലിന്യങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു.

ആഗോള ബ്രാന്റുകള്‍ക്കായി ടെക്സ്റ്റയില്‍ – ഗാർമെന്റ് വ്യവസായ മേഖലയില്‍ മനുഷ്യാദ്ധ്വാനം ചൂഷണം ചെയ്യുന്നതിനോടൊപ്പം തന്നെ വെള്ളമടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് മുന്‍ചൊന്നത്. വെള്ളത്തിന്റെ  അമിത ഉപയോഗം ഭൂഗര്‍ഭ ജലത്തിന്റെ അളവ് ഭീകരമാംവിധം കുറയുന്നിതിന് കാരണമാകുന്നു. മണ്ണിനെ ഊഷരമാക്കി മാറ്റുന്നു. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. വെള്ളമില്ലാതെ കൃഷിഭൂമികള്‍ വരണ്ടുണങ്ങുന്നു. ഉല്പാദന പ്രക്രിയയ്ക്ക് ശേഷം പുറത്തേക്ക് ഒഴുക്കിവിടുന്ന രാസ മാലിന്യങ്ങൾ മണ്ണിനെയും ജലാശയങ്ങളെയും വിഷലിപ്തമാക്കി പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടംമറിക്കുന്നുവെന്ന് ചുരുക്കം.

2011 ജനുവരി 28-ന് നോയല്‍ നദിയുടെ ദുരവസ്ഥയില്‍ ഇടപെട്ട് ബ്ലീച്ചിങ് – ഡൈയിങ്ങ് യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. തുടര്‍ന്ന് ജല പുനരുപയോഗത്തെ മുന്‍നിറുത്തി 18-ഓളം മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നിര്‍മ്മാണം ആരംഭിച്ചു. അവയൊന്നും പക്ഷേ പൂര്‍ണ്ണമായി ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ല. അതുകൊണ്ടുതന്നെ സീറോ ലിക്വിഡ്‌സ് ഡിസ്ചാര്‍ജ് എന്ന കോടതിവിധി[19] ഇപ്പോഴും സീറോയായി അവശേഷിക്കുകയാണ്.

ആത്യന്തികമായി മാനവ വിഭവശേഷിയും പ്രകൃതിവിഭവങ്ങളും ചൂഷണപ്പെടുന്നത്തിന്റെയെല്ലാം ഗുണഭോക്താക്കളായ ആഗോള ബ്രാന്റുകള്‍ ഇവിടത്തെ ഉല്പാദകരെ ഭീഷണിപ്പെടുത്തുന്നതിനായും സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റിനെ ഉപയോഗിക്കുന്നു. പരമാവധി കുറഞ്ഞ വിലിയില്‍ വ്യാപാര കരാറിലെത്തിയില്ലെങ്കില്‍ തങ്ങള്‍ ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉല്പന്നങ്ങള്‍ സംഭരിക്കുമെന്നതാണെത്ര ഭീഷണി. നൈതിക വ്യാപാര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായുള്ള സോഷ്യല്‍ കംപ്ലെയിന്‍സ് ഓഡിറ്റിനെ പലപ്പോഴും ആഭ്യന്തര ഉല്പാദകരെ തങ്ങളുടെ കൊള്ളലാഭത്തിലധിഷ്ഠിതമായ ബിസിനസ് താല്‍പര്യങ്ങളുടെ വരച്ചവരയില്‍ നിര്‍ത്തുവാനുള്ള ആയുധമായും ആഗോള ബ്രാന്റുകള്‍ ഉപയോഗിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ടെക്സ്റ്റയില്‍ – ഗാര്‍മെന്റ് ഫാക്ടറി ഉടമകള്‍ സ്വകാര്യമായി പങ്കുവെക്കുന്നുണ്ട്.

സ്ട്രാറ്റജിക് പ്ലാന്‍ 2011- 16 (Strategic Plan 2011-16)

കേന്ദ്ര ടെക്സ്റ്റയില്‍ മന്ത്രാലയത്തിന്റെ സ്ട്രാറ്റജിക് പ്ലാന്‍ 2011-16[20] പറയുന്നത് രാജ്യത്തെ ടെക്സ്റ്റയില്‍-ഗാര്‍മെന്റ് വ്യവസായ മേഖല ജിഡിപിയുടെ രണ്ട് ശതമാനം സംഭാവന നല്‍കുന്നുവെന്നാണ്. വ്യാവസായികോല്‍പാദനത്തിന്റെ 14 ശതമാനവും എക്‌സൈസ്-കസ്റ്റംസ് റവന്യു വരുമാനത്തിന്റെ എട്ട് ശതമാനവും കയറ്റുമതിയുടെ 12 ശതമാനവും നല്‍കുന്ന ഈ മേഖലയില്‍ 35 മില്യന്‍ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടെന്നും പറയുന്നു.

മൊത്തം ഉല്പാദനശേഷി വര്‍ഷത്തില്‍ 10 ശതമാനമായും ഫൈബര്‍ ഉല്പാദനത്തിന്റെ വാര്‍ഷികോല്പാദനം ഏഴ് ശതമാനമായും വര്‍ദ്ധിപ്പിക്കുക. തുണി-വസ്ത്രം ഉല്പാദനം വര്‍ഷത്തില്‍ ഒമ്പത് ശതമാനമാക്കി ഉയര്‍ത്തുക.  ടെക്സ്റ്റയില്‍-ഗാര്‍മെന്റ് നിര്‍മ്മാണത്തില്‍ 10 ശതമാനം വാര്‍ഷിക വര്‍ദ്ധന. വാര്‍ഷിക കയറ്റുമതി വളര്‍ച്ച 15 ശതമാനമാക്കുക. ഇതൊക്കെയാണ് സ്ട്രാറ്റജിക് പ്ലാന്‍ ലക്ഷ്യംവെക്കുന്നത്.

2500 കോടി രൂപ (അഞ്ച് വര്‍ഷം കൊണ്ട്) ചെലവഴിച്ച് ഐ.എസ്.ഡി.എസ് (IDS-Integrated Skill Development Scheme) പ്രകാരം 30 ലക്ഷം വിദഗ്ധ തൊഴിലാളികളെ വാര്‍ത്തെടുത്ത് ഈ മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുവാനും നൂതന സാങ്കേതിക വിദ്യകൊണ്ടുവരികയെന്നതിനും സ്ട്രാറ്റജിക് പ്ലാന്‍ ലക്ഷ്യമിടുന്നു. നൂതന സാങ്കേതികവിദ്യാവികസനത്തിനായി ടി.യു.എഫ്.എസ് (Technology Upgradation Fund Scheme) രൂപീകരിക്കുന്നതിന്റെ ആവശ്യകതയിലും ഊന്നല്‍ നല്‍കപ്പെടുന്നുണ്ട്. 12-ാം പഞ്ചവത്സര പദ്ധതിയുടെ അവസാനപാദത്തോടെ (2016-17) 1,99,000 കോടി രൂപ ഈ മേഖലക്ക് നിക്ഷേപം ആവശ്യമുണ്ടെന്ന് പറയുന്നു. ഓരോ വാര്‍ഷിക പദ്ധതിയിലും 2011-ലെ വാര്‍ഷിക പദ്ധതിയെ അടിസ്ഥാനമാക്കി 25 ശതമാനം വര്‍ദ്ധന വേണമെന്നും പറയുന്നു. അഞ്ച് വര്‍ഷംകൊണ്ട് 50 മില്യൺ യുഎസ് ഡോളര്‍ കയറ്റുമതി മൂല്യമാണ്  ഈ പ്ലാനിലൂടെ പ്രതീക്ഷിക്കുന്നത്.

സ്പിന്നിങ്-തുണി മില്ലുകള്‍, പ്രോസസ് യൂണിറ്റുകള്‍, ഗാര്‍മെന്റ്/അപ്പരല്‍ ഉല്പാദകര്‍, കയറ്റുമതിക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ (നാഷ്ണൽ ടെക്സ്റ്റയിൽ കോർപ്പറേഷനടക്കം), പവര്‍ലൂം യൂണിറ്റുടമകള്‍, അപ്പരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ തുടങ്ങിയവര്‍ ടെക്സ്റ്റയില്‍-ഗാര്‍മെന്റ് വ്യവസായത്തില്‍ കണ്ണിചേര്‍ക്കപ്പെടുന്നു. തൊഴിലാളികെളയും തൊഴിലാളി സംഘടനകളെയും ഈ പ്ലാന്‍ പക്ഷേ ഗൗനിക്കുന്നതേയില്ല. ഉല്പാദന പ്രക്രിയയുടെ അവിഭാജ്യഘടകമായ മനുഷ്യാദ്ധ്വാനത്തെ മുഖവിലക്കെടുക്കാത്ത സ്ട്രാറ്റജിക് പ്ലാന്‍ രാജ്യത്തെ ശതകോടി ജനങ്ങള്‍ ദിനെന 25 രൂപകൊണ്ട് കഴിഞ്ഞുകൂടികൊള്ളുമെന്ന് വാദിക്കുന്നവരുെടയല്ലാതെ മറ്റാരുെടയുമായിരിക്കില്ല.

2500 കോടി രൂപ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച് വിദഗ്ധ തൊഴിലാളികളെ വാര്‍ത്തെടുത്ത് ഈ വ്യവസായ മേഖലയില്‍ വിന്യസിക്കപ്പെട്ടേക്കും. ഇതിനെ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വാഴ്ത്തപ്പെടുക. എന്നാല്‍ ആഗോള ബ്രാന്റുകള്‍ക്ക് കുറഞ്ഞവിലയില്‍ ഉല്പന്ന സംഭരണം സുഗമമാക്കാന്‍ കുറഞ്ഞകൂലിയില്‍ പണിയെടുക്കുവാനുള്ള തൊഴില്‍ സേനയെ സജ്ജമാക്കപ്പെടുകയെന്നതായിരിക്കും ഇവിടെ സുസാധ്യമാകുക.

പ്രധാനമന്ത്രി മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ (Make inIndia) പ്രയോഗവല്‍ക്കരിക്കുവാന്‍ രാജ്യത്തെ മാനവ വിഭവശേഷിയുടെ പരമാവധി വിനിയോഗം അനിവാര്യമാണ്. മാനവ വിഭവശേഷി ഉപയോഗിക്കപ്പെടുമ്പോള്‍ പക്ഷേ കാലാനുസൃതമായ സേവന – വേതന ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുവാനുള്ള ക്രിയാത്മക നടപടികളില്ലാതെ പോവുകയാണ്. ടെക്സ്റ്റയില്‍-ഗാര്‍മെന്റ്‌സ് വ്യവസായരംഗത്തടക്കം തൊഴിലെടുക്കുന്നവരെ പ്രത്യേകിച്ചും ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ (Maid in India)[21] ജീവിതനിലവാരമുറപ്പുവരുത്തുന്നതിന് മുന്‍തൂക്കം നല്‍കിക്കൊണ്ടായിരിക്കണം മെയ്ക്ക് ഇന്‍ ഇന്ത്യ യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടേണ്ടത്.

നവഉദാരവല്‍കൃതഘട്ടത്തില്‍ സാമ്പത്തിക മൂലധന (Finance Capital) ഉടമകളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കാണ് പ്രാമുഖ്യം. പക്ഷേ ഉല്പാദന ബന്ധങ്ങളിലെ പ്രധാന ഘടകമായ മനുഷ്യാദ്ധ്വാനത്തിന് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തേണ്ട ഭരണകൂടങ്ങളും സാമ്പത്തിക മൂലധനത്തിന്റെ സൂക്ഷിപ്പുക്കാരും ഉടമകളുമായിരിക്കുന്നു. അതുകൊണ്ടുതന്നെ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് കുറഞ്ഞ കൂലിയില്‍ പണിയെടുപ്പിക്കാനുള്ള തൊഴില്‍സേനയെ സൃഷ്ടിച്ചെടുക്കുന്നത് വന്‍ ഭരണനേട്ടമായി ചിത്രീകരിക്കുന്ന രാഷ്ട്രീയ കൗശലം പ്രയോഗിക്കപ്പെടുന്നത് കാണാതെ പോകരുത്.

സംഗ്രഹം (Conclusion)

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ മറികടക്കണമെന്ന നിര്‍ബന്ധബുദ്ധിയില്‍ തിരക്കിട്ട സാമ്പത്തിക ശാസ്ത്രങ്ങളും സാമ്പത്തിക നയങ്ങളും ആവിഷ്കരിക്കുന്നതിനും പ്രയോഗവല്‍ക്കരിക്കുന്നതിനും മന്‍മോഹന്‍സിങ്ങിന്റെ പത്തുവര്‍ഷക്കാല സര്‍ക്കാര്‍ അത്യധികം ഉത്സാഹം കാണിച്ചു. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ മോദിസര്‍ക്കാരാകട്ടെ മുന്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിനെ കടത്തിവെട്ടുമെന്ന അവകാശവാദത്തിലാണ്. കയറ്റുമതിയിലൂടെ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് മെച്ചപ്പെടാം. അതാകട്ടെ സാമ്പത്തിക വളര്‍ച്ചയ്ക്കനുഗുണമാകാം.

ഇന്ത്യയുടെ അഞ്ച് ശതമാനം ഉല്പാദനക്ഷമതാ വളര്‍ച്ചാനിരക്കില്‍ മനുഷ്യാദ്ധ്വാനത്തിനുള്ള കൂലിനിരക്കില്‍ കേവലം ഒരു ശതമാനം മാത്രമാണ് വര്‍ദ്ധനവുണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂലിനിരക്കില്‍ വര്‍ദ്ധനവുണ്ടാകുന്നില്ലെന്നത് ജനങ്ങളുടെ വാങ്ങൽ ശേഷിയെ ബാധിക്കും. അനന്തരഫലമെന്നോണം ആഭ്യന്തര ചോദന (Domestic Demand) ത്തെയും. അതാകട്ടെ മൊത്തം സാമ്പത്തിക വളര്‍ച്ചാനിരക്കിന് പ്രതികൂലമാകും. ഈ സാമ്പത്തിക ശാസ്ത്രം പക്ഷേ മന:പൂര്‍വ്വം കാണാതെപോവുകയാണ്.

വ്യക്തിക്ക് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ ചെലവുകളിലേക്ക് പ്രതിദിനം 25 രൂപ മതിയെന്ന് 2011 സെപ്റ്റംബര്‍ 20ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുടെ നാടാണിത്. ബഹുഭൂരിപക്ഷം വരുന്ന അരപ്പട്ടിണിക്കാരായ തൊഴിലാളികള്‍ അരവയര്‍ മാത്രം നിറച്ചാല്‍ മതിയെന്നുള്ള മാനവികത തൊട്ടുതീണ്ടാത്ത സാമ്പത്തിക ശാസ്ത്രമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

ഇന്ത്യന്‍ മനുഷ്യാദ്ധ്വാനം ചൂഷണം ചെയ്യപ്പെടുന്നതിലൂടെ ലഭിക്കുന്ന കയറ്റുമതി വരുമാനം (വിദേശ നാണ്യം) ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് മുതല്‍കൂട്ടാകുന്നു. ഈ യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന ദിശയില്‍ കാലാനുസൃതമായ സേവന – വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ട്. മനുഷ്യാദ്ധ്വാനം ചൂഷണം ചെയ്യപ്പെടുന്നതിലൂടെ കെട്ടിപ്പൊക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാഗ്രാഫ് കണ്ട് നിര്‍വൃതിയടയുന്ന ഭരണകര്‍ത്താക്കളുടെയും സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുടെയും നിലപാടുകളില്‍ കാര്യമായ മാറ്റം പക്ഷേ പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനി (ആഗോള ബ്രാന്റുകള്‍) കളുടെ വ്യാപാരം കൊഴുപ്പിക്കുന്നതിനായുള്ള ഉല്പന്ന സംഭരണം നൈതീകതയില്‍ ഊന്നികൊണ്ടായിരിക്കുമെന്ന് സ്ഥാപിച്ചെടുക്കുന്ന സോഷ്യല്‍ കംപ്ലയിന്‍സ് ഓഡിറ്റുപോലുളള കണ്ണില്‍ പൊടിയിടുന്ന നവ ഉദാരവല്‍ക്കരണകാലത്തെ വാണജ്യ തന്ത്രങ്ങള്‍ ഇനിയും പൂര്‍വ്വാധികം ശക്തിപ്പെടാതിരിക്കില്ലല്ലോ.

* The writer has served as Key Account Manager ( CSR Audit) for TUV Sud, German Multinational Company 

Foot notes:

[1] The Factories Act 1948, Chapter VII, Section 68 / The Child Labour (Prohibition and Regulation) Act of 1986)

[2] The factories Act 1948, Section 69 (1)

[3] Payment of Gratuity Act 1972, Section 4

[5] for-their-rights/articleshow/46136079.cms

[6] The Bonded Labour System (Abolition) Act, 1976 Chapter II, Section 4 (1)

[7] http://www.indianet.nl/150331.html

[8] Vishaka and other v/s State of Rajastan 1997

[9] Flawed Fabrics study report.pdf

[10] Factory Act, Chapter 2, Section 3 (1)

[11] Factory Act (Amendment) 2010 Chapter 2 b Section 9 c (1)

[12] Maternity Benefit act 1962 Section 5(1) – FORM

[13] www.huffingtonpost.in/…/women-kochi-strip-search_n_6389144.html

[14] http://twocircles.net/2012nov25/indian_garment_workers_exploited_says_tribunal.html

[15] Unichoy v/s State of Kerala in 1961, Reptak Brett v / s Workmen days – 1999

[16] Mathrubhumi Daily,14.06.2015

[17] ILO Global Wage Reports 2014 published on 4 DECEMBER 2014

[18] http://www.pallavaagroup.com/sustain.html

[19] http://www.thehindu.com/news/national/tamil-nadu/pollution-of-noyyal-continues-un abated/article5674550.ece

[20] Strategic_plan_2011_2016.pdf

[21] Flawed Fabrics study report.pdf

Related Post