കെ.കെ.ശ്രീനിവാസൻ
വിഷയം അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമൊന്നുമല്ലെന്ന് ഏവർക്കുമറിയാം. അയ്യപ്പന്റെ പേരിൽ ഹൈന്ദവ ഏകീകരണം. അതിലൂടെ ഹിന്ദുത്വ ആശയസംഹിതയെ സുസാധ്യമാക്കുന്നതിനായി രാഷ്ട്രീയാധികാരം കൈപ്പിടിയിലാക്കൽ. ഇതാണ് അജണ്ട
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള ഹിന്ദുത്വ ആൾക്കൂട്ട സമരകോലാഹലങ്ങൾ ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയടക്കമുള്ള നവോത്ഥാന നായകർ ഉഴുതുമറിച്ചിട്ട കേരളത്തിന് അപമാനം. ഹിന്ദുത്വ സാമൂഹിക ക്രമം ഉന്നംവക്കുന്ന സംഘ് പരിവാറിന്റെ അധികാര രാഷ്ട്രീയ ശാഖയായ ബി ജെ പി അയ്യപ്പ വിശ്വാസികളെല്ലാം തങ്ങളുടെ വോട്ടുബാങ്ക് നിക്ഷേപമാണെന്ന അവകാശവാദത്തിലാണ്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു് ഭംഗം വരുമെന്ന വേവലാതിയുടെ മറയിലാണ് നാമജപമെന്ന പേരിൽ ഹിന്ദുത്വ വാദികളുടെ സമരം. ഇതിന്റെ പൊള്ളത്തരങ്ങൾ ഇതിനകം തന്നെ പല കോണുകളിൽ നിന്ന് തുറന്നുകാണിക്കപ്പെട്ടിട്ടുണ്ട്. അയ്യപ്പസ്വരൂപമല്ല ശാസ്താവാണ്. ഭാര്യാ സമേതനാണ് ശാസ്താവ്. അതും രണ്ട് പത്നിമാർ. പൂർണയും പുഷക്കലയും. തിരുവാഭരണത്തിൽ തന്നെയിത് പ്രകടം.
പമ്പയ്ക്കപ്പുറം മല കയറാൻ 10-50 വയസു വരെയുള്ള സ്ത്രീകൾ അനുവദിക്കിപ്പെടുന്നില്ല. സന്നിധാനത്തിന്റെ മൂക്കിൻ തുമ്പിൽ പക്ഷേ അയ്യപ്പനെ കാംക്ഷിച്ച് മാളികപുറത്തമ്മയുണ്ട്. ഇതൊക്കയായിട്ടും അയ്യപ്പന് ചാർത്തിനൽകിയിട്ടുള്ള നൈഷ്ഠിക ബ്രഹ്മചര്യത്തിനു് ഇളക്കമുണ്ടായിട്ടില്ലെന്നല്ലേ വിശ്വാസത്തിന്റെ/ ഭക്തിയുടെ തലത്തിൽ വിചാരിക്കാൻ. കോടതി വിധയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതോടെ ബ്രഹ്മചര്യം തകർന്നുതരിപ്പണമാകുമെന്ന് ഹിന്ദുത്വവാദികളുടെ ദുഷ്പ്രചരണം. ഇത് അയ്യപ്പനെ അപഹസിക്കുന്നതിന് തുല്യം.
കോടതി വിധിയെ വെല്ലുവിളിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ കൂട്ടത്തിൽ കൂടിയിട്ടുള്ളവരെ വിശ്വാസികളായാണ് ബി ജെ പി ബ്രാന്റ് ചെയ്തിട്ടുള്ളത്. ഇപ്പറത്ത വിശ്വാസികൾ പക്ഷേ അയ്യപ്പ വിശ്വാസികളല്ല. ഹിന്ദുത്വ വിശ്വാസികൾ . ഹിന്ദുത്വ ചാവേറുകൾ. യഥാർത്ഥ വിഷയം അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമൊന്നുമല്ലെന്ന് ഏവർക്കുമറിയാം. അയ്യപ്പന്റെ പേരിൽ ഹൈന്ദവ ഏകീകരണം. അതിലൂടെ ഹിന്ദുത്വ ആശയസംഹിതയെ സുസാധ്യമാക്കുന്നതിനായി രാഷ്ട്രീയാധികാരം കൈപ്പിടിയിലാക്കൽ. ഹിന്ദുത്വ വോട്ട് ബാങ്ക് നിക്ഷേപ സമാഹരണ യത്നത്തിൽ കണ്ണുംപൂട്ടി വ്യാപരിക്കുന്ന ബി ജെ പി കേരളത്തെ വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഭ്രാന്താലയമാക്കി മടക്കികൊണ്ടുപോകുകയാണെന്ന യാഥാർത്ഥ്യം ഇതിനകം തന്നെ തുറന്നുകാണിക്കപ്പെട്ടിട്ടുണ്ട്.
അയോദ്ധ്യയും ശബരിമലയും
ദേശീയ തലത്തിൽ ഹിന്ദുത്വ ഏകീകരണമെന്ന തുറുപ്പ് ചീട്ട് തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമ്മാണം. അയോദ്ധ്യക്കേസ് നീട്ടികൊണ്ടുപോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് സംഘ്പരിവാർ. സുപ്രീംകോടതിയുടെ അന്തിമ വിധിയ്ക്കായ് കാത്തിരിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ച് തർക്കത്തിന് തങ്ങൾ ആഗ്രഹിക്കുംവിധം പരിസമാപ്തി കുറിക്കണം. നീതിന്യായ മണ്ഡലത്തെ പൂർണ്ണമായും ബൈപ്പാസ് ചെയ്ത് ദുർബ്ബലപ്പെടുത്തി എത്രയും പെട്ടന്ന് അയോദ്ധ്യ ക്ഷേത്ര നിർമ്മാണം യാഥാർത്ഥ്യമാക്കുകയെന്നതാണ് അജണ്ട. ഇതിലുടെ 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യ ഹിന്ദുത്വ പ്രചരണ ആയുധമായി അയോദ്ധ്യ ക്ഷേത്ര നിർമ്മാണ ദൗത്യം ഉയർത്തികാണിക്കുകയെന്നതാണ് ഉന്നം.
കഴിഞ്ഞ നാലര വർഷമായി മോദി ഭരണം. എന്നിട്ടും അയോദ്ധ്യ ക്ഷേത്ര നിർമ്മാണമെന്ന ഹിന്ദുത്വ അജണ്ടയിൽ വേണ്ടത്ര ശുഷ്കാന്തി കണ്ടില്ല. ഇപ്പോൾ പക്ഷേ ക്ഷേത്ര നിർമ്മാണമെന്ന നിർബ്ബന്ധബുദ്ധിയിലാണ് സംഘ പരിപാ ർ. ഭരണ നേട്ടം ചൂണ്ടിക്കാണിച്ച് ജനങ്ങളെ അഭിമുഖീകരിക്കുകയെന്നത് മോദിക്ക് എളുപ്പമാവില്ല. റഫേൽ ഇടപ്പാടിലെ അഴിമതി കുരുക്കിലകപ്പെട്ടതോടെയാകട്ടെ ഇതേറെ ദുഷ്ക്കരവുമായി. ഇവിടെയാണ് പൊതുതെരഞ്ഞടുപ്പുവേളയിൽ ഹൈന്ദവ വോട്ടു ഏകീകരണം സുസാധ്യമാക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി രാജ്യത്തെ നീതിപീഠത്തെ ദുർബ്ബലമാക്കിയും വെല്ലുവിളിച്ചും അയോദ്ധ്യ ക്ഷേത്ര നിർമ്മാണമെന്ന തുറുപ്പുചീട്ട് കളത്തിലിറക്കാൻ മോദി -സംഘപരിവാർ വൃന്ദം കോപ്പുകൂട്ടുന്നത്.
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള കലാപത്തിലും നീതിന്യായ മണ്ഡലത്തെ ദുർബ്ബലമാക്കുകയെന്നതാണ് സംഘപരിവാർ ലക്ഷ്യം. സ്ത്രീ പ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹിന്ദുത്വ വാദികളുടെ പുന:പരിശോധന ഹർജികളുടെ കൂമ്പാരം. ഇതിന്റെ തീർപ്പ് വരുംവരെ കാത്തിരിക്കാതെ തന്നെ ഹിന്ദുത്വ ചാവേറുകളെ ആട്ടിയിറക്കി സ്വാമി വേഷം കെട്ടിച്ച് ബി ജെ പി കലാപത്തിനിറങ്ങി. നവംമ്പർ 13 ന് കോടതി ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചേക്കാം. ഹർജികൾ തള്ളുകയാണെങ്കിൽ അത് അംഗീകരിക്കുകയില്ലെന്ന് ഇതിനകം ഹിന്ദുത്വ വാദികൾ പറഞ്ഞുവച്ചിരിക്കുന്നു. അതായത് ഹിന്ദുത്വവാദികൾ അയ്യപ്പന്റ പൂങ്കാവനത്തിൽ അക്രമത്തിന്റെ ധ്വജ പ്രതിഷ്ഠ നടത്താൻ അണിയറയിൽ സജ്ജമായെന്ന് സാരം.
ശബരിമല സ്ത്രീ പ്രവേശനത്തെ ചെറുക്കുന്നതിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഹിന്ദുത്വവാദികളെ ഒഴിവാക്കി വിധി നടപ്പിലാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വം. ഇത് നിറവേറ്റുന്നതിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ പൊലീസിന്റെ സേവനം ഉപയോഗപ്പെടുത്തുകയെന്നത് സ്വഭാവികം മാത്രം. ഇതിനെ പക്ഷേ നിയമവാഴ്ചയോടുള്ള കടുത്ത വെല്ലുവിളിയായാണ് കേരളത്തിലെ ഹിന്ദുത്വ വാദികൾ പ്രചരിപ്പിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതി വിധി നടപ്പിലാക്കുന്നത് ഏതുവിധേനെയും തടയുമെന്ന് ആക്രോശിക്കുന്നവരാണ് സർക്കാർ നിയമവാഴ്ച ലംഘിക്കുന്നുവെന്ന പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. ഈ വിരോധാഭാസം സർവ്വരും കൺ തുറന്നുകാണുന്നുണ്ടെന്ന് ഹിന്ദുത്വവാദികൾ കാണാൻ കൂട്ടാക്കുന്നില്ലെന്നു മാത്രം!
ഭരണഘടന തത്വങ്ങൾ മുറുകെപ്പിടിച്ച് അധികാര വിനിയോഗമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയവരാണെല്ലോ നരേന്ദ്ര മോദി വൃന്ദം. ഇവർ പക്ഷേ ഭരണഘടനയുടെ സംരക്ഷക ദൗത്യമേറ്റെടുത്തിട്ടുള്ള നീതിപീംത്തെ വെല്ലുവിളിക്കുകയാണ്. കോടതിയെ മറികടന്ന് ഹിന്ദു രാജ്യസംസ്ഥാപനമെന്ന ആത്യന്തിക അജണ്ട നടപ്പിലാക്കുന്നതിനായി നിയമനിർമ്മാണമെന്നതാണ് ശാഠ്യം. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെന്നത് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. പാർലമെന്ററി ജനാധിപത്യത്തെ പരിപക്വമാക്കുന്നതിൽ മുഖ്യമാണ് സ്വതന്ത്ര നീതിന്യായ വ്യവസ്ഥ. ഹിന്ദുത്വ ജ്വരം തലക്ക് പിടിച്ച ബി ജെ പി ദേശീയ പ്രസിഡന്റ് അമിത്ഷാ, അരുൺജെയ്റ്റലി തുടങ്ങിയ മുൻനിര നേതാക്കൾക്കെല്ലാം നീതിപീം / ഭരണഘടനാ വിരുദ്ധ ശബ്ദം! മൗലികമായി ഇവരെല്ലാം മനുസ്മൃതി സംരക്ഷകർ തന്നെ ! ഈ സംരക്ഷണം പക്ഷേ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചെലവിലാകുന്നത് അനുവദിക്കപ്പെടേണ്ടതല്ലെന്ന ബോധ്യപ്പെടലുകൾ അനുദിനം ശക്തിപ്പെടുക തന്നെ ചെയ്യും.