കലാഭവൻ സതീഷ് അനുകരണകലയിലെ പുത്തൻ പ്രതിഭ

കലാഭവൻ സതീഷ് അനുകരണകലയിലെ പുത്തൻ പ്രതിഭ

 

പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി മാറിയ അനുകരണ കലാപ്രതിഭയെക്കുറിച്ചൊരു കുറിപ്പ്

നുകരണകല ആസ്വാദനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.ഒപ്പം ഈ കലാരംഗത്ത്  പുത്തൻ താരോദയങ്ങളുടെ നീണ്ട നിര. അനുകരണ കലയിൽ ഇത് നൂതന പരീക്ഷണങ്ങളുടെ കാലം. പുതുപുത്തൻ പരീക്ഷണങ്ങളിലൂടെ  അനുകരണകലയെ ആസ്വാദക വൃന്ദത്തിന്റെ അഭിരുചിക്കൊപ്പം കൂട്ടികൊണ്ടുവരുന്നതിൽ അനിഷേധ്യ സ്ഥാനം അടയാളപ്പെടുത്തിയ ശ്രദ്ധേയനായ ഒരു കലാകാരനുണ്ട്. അത് മറ്റാരുമല്ല കലാഭവൻ സതീഷ്.

തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആല്പാറ സ്വദേശി. എളിയ കുടുംബത്തിലാണ് കലാഭവൻ സതീഷ് എന്ന പേരിൽ സെലിബ്രിറ്റിയായ മാറിയ പി വി സതിഷിന്റെ ജനനം. വേലായുധനും കുഞ്ഞുകുട്ടിയും മാതാപിതാക്കൾ. ഭാര്യ  ശ്രീകല . രണ്ടു മക്കൾ.ഋതുവർദ്ധനനും ദേവദത്തനും. ഇരുവരും വിദ്യാർത്ഥികൾ.

അനുകരണകലയിലെ ആദ്യ തലമുറ സിനിമാ ലോകത്ത് സാന്നിദ്ധ്യമറിയിക്കുന്നതിലാണ് ഊന്നൽ നൽകിയത്.  പക്ഷേ പരീക്ഷണ – പരിഷ്ക്കരണ സാധ്യതകളിലാണ് ഈ കലാരംഗത്തെ പുത്തൻ തലമുറയുടെ ശ്രദ്ധ. ഈ തലമുറയിലെ ഏറെ ശ്രദ്ധേയനാണ് എട്ടാം ക്ലാസ് മുതൽ അനുകരണകലക്കൊപ്പം സസൂക്ഷ്മം സഞ്ചരിച്ച സതീഷ്. ഹൈസ്ക്കൂൾ പഠനക്കാലത്തു തന്നെ സതീഷ് തന്റെ സർഗശേഷിയെ അനുകരണകലയിൽ ഇടം തീർത്തെടുക്കുന്നതിലേക്കാണ് വഴിതിരിച്ചുവിട്ടത്.

ആലത്തൂർ എസ്എൻ കോളേജ് പഠനകാലവും അനുകരണകലയുടെ പുതുപാഠങ്ങൾ കുറിക്കുവാൻ സതിഷ് വിനിയോഗിച്ചു. കാലിക്കറ്റ് സർവ്വകലാശാല സോൺതല മത്സരങ്ങളിൽ  അനുകരണകലയിലെ സതീഷിന്റെ പ്രാവീണ്യം അംഗീകരിക്കപ്പെട്ടു. കലാലയ പംന വേളയിൽ തന്നെ അനുകരണകലയുടെ പ്രൊഫഷണലിസത്തിലേക്ക് ഉയരാൻ കഴിഞ്ഞു സതീഷിന്.17-ാം വയസ്സിൽ തിരുവനന്തപുരം ഹൈ – മിമിക്സ് ട്രൂപ്പിലൂടെയായിരുന്നുയിത്. രണ്ടര വർഷത്തോളം ഇത് തുടർന്നു.

കുടുംബ ഉത്തരവാദിത്വം പക്ഷേ സ്വന്തമായ  ജോലി തരപ്പെടുത്തുകയെന്ന നിർബ്ബന്ധിതാവസ്ഥയിലെത്തിച്ചു. അതോടെ തിരുവനന്തപുരത്തെ ട്രൂപ്പുമായി തുടർന്നുപോകാനാവാതെ സ്വന്തം ജില്ലയിൽ ജോലി തേടുകയെന്നതായി. അപ്പോഴും കലാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമുറപ്പിക്കുന്നതിൽ പ്രത്യേക ഊന്നൽ. ഇതിന്റെ ഫലമായി കൊച്ചിൻ കലാഭവൻ മിമിക്രി ട്രൂപ്പിൽ അവസരം. മിമിക്രി കലാരംഗത്ത് പ്രതിഭകളെ വളർത്തിയെടുത്തിട്ടുള്ള കലാഭവനുമായുള്ള  പ്രൊഫഷണൽ ചങ്ങാത്തം മൂന്നുവർഷത്തോളം നീണ്ടുനിന്നു. കലാഭവൻ മണിയടക്കമുള്ള മിമിക്രി കലാരംഗത്തെ പ്രതിഭകളോടൊപ്പം  വേദികളിൽ നിറഞ്ഞാടാൻ കഴിഞ്ഞു. ഇതാകട്ടെ കലാഭവൻ സതീഷ് എന്ന പ്രൊഫഷണൽ കലാകാരന്റെ ഉയർച്ചയുടെ ഗ്രാഫ് മാറ്റിമറിച്ചു.

ആത്മവിശ്വാസത്തിന്റെ കൊടുമുടികളിലെത്തിയതോടെ ട്രൂപ്പ് മാറ്റം. മൂന്നു വർഷത്തോളം കൊച്ചിൻ നവോദയ മിമിക്സ് ട്രൂപ്പിൽ. പീന്നടങ്ങോട്ട് അനുകരണകയിലെ വൺമേൻ ഷോ പ്രകടനങ്ങളിലായിരുന്നു ഊന്നൽ.  ഉണ്ണി മേനോൻ, സ്റ്റീഫൻ ദേവസ്സി തുടങ്ങിയവർ നേതൃത്വം നൽകിയിരുന്ന ട്രൂപ്പിനോടൊപ്പം  വേദികളിൽ നടത്തിയ അനുകരണകലയുടെ വൺമേൻ ഷോ പ്രകടനങ്ങൾ  പ്രൊഷണൽ കലാകാരനെന്ന നിലയിൽ തനിക്ക് ഏറെ സംതൃപ്തി നൽകിയിരുന്നുവെന്ന് സതീഷ് പറയുന്നു. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി കെ.വേണുവും  കെ.കെ.ശ്രീനിവാസനും നിർമ്മിച്ച അരമണിക്കൂർ  വാർത്താധിഷ്ഠിത പ്രോഗ്രാം കേരള സ്കാനിന്റെ വോയ്സ് ഓവറിലൂടെ സതീഷിന്റെ ശബ്ദം ടിവി പ്രേക്ഷകർക്ക് സുപരിചിതമായിയെന്നതും ശ്രദ്ധേയമായി.

അനുകരണകലയിലെ മികവ് തെളിയിച്ചതോടെ വിദേശ രാജ്യങ്ങളിലെ മലയാളി സദസ്സുകളുടെ വേദികളിലും കലാഭവൻ സതീഷ്  സാന്നിദ്ധ്യമറിയിച്ചു. ആദ്യമായി 2009 ൽ ഐഡിയ സ്റ്റാർ സിങർ ഗ്രൂപ്പിനൊപ്പം ദക്ഷിണാഫ്രിക്ക ബോട്സ്വാന മലയാളി അസ്സോസിയേഷന്റെ കലാവിരുന്നിൽ അനുകരണകലയിലെ ഒറ്റയാൾ പ്രകടനം കാഴ്ചവെച്ചു. തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ യൂറോപ്പ്, ആസ്ട്രേലിയ, തെക്ക് – കിഴക്കനേഷ്യൻ രാജ്യങ്ങളിലും കലാപ്രകടനത്തിനുള്ള അപൂർവ്വ അവസരങ്ങൾ കൈവന്നു ഇന്ത്യയിൽ കശ്മീരിലൊഴികെ എല്ലാം സംസ്ഥാനങ്ങളിലും കലാപ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട് . ഇതേ കാലയളവിൽ ഏഷ്യാനെറ്റ്,  കൈരളി, സൂര്യ തുടങ്ങിയ ചാനൽ ഷോകളിലും പങ്കെടുത്തു – സതീഷ് പറഞ്ഞു.

ഫ്ലവേഴ്സ് ടിവി ചാനലിലെ കോമഡി ഉത്സവത്തിൽ അനുകരണകലയിലെ നൂതന പരീക്ഷണത്തിന്റെ പ്രകടനം.  ഇതാണ് കലാഭവൻ സതീഷിനെ  പ്രശസ്തിയുടെ അടുത്ത പടവിലേക്ക് ഉയർത്തിയത്. 10 മിനിറ്റിനുള്ളിൽ 101 പ്രതിഭകളുടെ ശബ്ദാനുകരണ പ്രകടനത്തിലൂടെ സതീഷ് തന്റെ പ്രൊഫഷണലിസത്തിന്റെ ഗ്രാഫ് കുത്തനെ ഉയർത്തുകയായിരുന്നു. കലാ – കായിക – സാംസാക്കാരിക-സിനിമാ- രാഷ്ട്രീയ രംഗത്തെ 101 വ്യക്തിത്വങ്ങളുടെ ശബ്ദാനുകരണമെന്ന അതിശയിപ്പിക്കുന്ന റെക്കോർഡാണ് സതീഷ് അടയാളപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളിലിത് വൈറലായി. 60 ലക്ഷത്തിലധികം ജനങ്ങൾ ഈ കലാപ്രകടനം കണ്ട് ആസ്വദിച്ചു. അനുകരണ കലാസപര്യയിൽ ഒരു പുതുചരിത്രം സതീഷിന്റെ വക.

തിരുവനന്തപുരത്ത് ഫ്ലവേഴ്സ് ടിവി സംഘടിപ്പിച്ച  ഇന്ത്യൻ ഫിലിം അവാർഡ് – 2018 നൈറ്റിന്റെ ഭാഗയുള്ള കലാവിരുന്നിൽ ആയിരങ്ങളെ സാക്ഷിയാക്കി  101 വ്യക്തിത്വങ്ങളുടെ ശബ്ദാനുകരണമെന്ന തന്റെ തന്നെ റെക്കോഡ് സതീഷ് ഭേദിച്ചു.15 മിനിറ്റിനുള്ളിൽ കാണികൾ ആവശ്യപ്പെട്ട 202 വ്യക്തിത്വങ്ങളുടെ ശബ്ദാനുകരണ കലാപ്രകടനമെന്ന റെക്കോർഡാണ് കുറിക്കപ്പെട്ടത്. മോഹൻലാൽ, മജ്ജൂ വാര്യർ, ജയറാം തുടങ്ങിയ ചലച്ചിത്ര അതികായകരടക്കം പങ്കെടുത്ത ചടങ്ങിൽ അത്തരമൊരു അപൂർവ്വ അവസരം മികവോടെ ഉപയുക്തമാക്കുവാൻ സാധിച്ചുവെന്നു തന്നെയാണ് സതീഷ് വിശ്വസിക്കുന്നത്.

സ്റ്റേജ് പ്രകടനങ്ങളെക്കുറിച്ചുമുണ്ട് സതീഷിന് പറയാൻ. അർദ്ധ ആത്മവിശ്വാസത്തിലാണ് സ്റ്റേജിലെത്തുക. അത് പൂർണ്ണതയിലെത്തിക്കുന്നത് കാണികൾ ഉയർത്തുന്ന ആസ്വാദനത്തിന്റെ ആർപ്പുവിളികൾ. അംഗീകാരത്തിന്റെ അളവുകോലാണ് ആർപ്പുവിളികൾ. ഗുണമേന്മയാർന്ന ശബ്ദ ക്രമീകരണവും പ്രകടനങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കും. പ്രോഗ്രാമിൽ അഗ്ലീല പദപ്രയോഗങ്ങൾ, മറ്റുള്ളവരെ വേദനിപ്പിക്കൽ / കളിയാക്കൽ ഇവയെല്ലാം പൂർണ്ണമായും ഒഴിവാക്കുന്നതിൽ  പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് സതീഷ്.

കലാഭവൻ മണിയുടെ സ്മരണാർത്ഥമുള്ള യങ് ടാലന്റ് അവാർഡും സതീഷിനെ തേടിയെത്തി. ചലച്ചിത്ര പ്രവർത്തകരായ സിദ്ദിഖ്, സുന്ദർദാസ് ,കെ എസ് പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് സതീഷിനെ അവാർഡിനായി തെരഞ്ഞെടുത്തത്. പരസ്യചിത്ര – സിനിമാ ഡബ്ബിങ് രംഗത്തും സതീഷുണ്ട്. സപ്തമ ശ്രീ തസ്‌ക്കര ഹ: എന്ന സിനിമയിൽ പ്രിഥ്വ രാജ് ഉൾപ്പെടുള്ളവരുടെ തൃശൂർ ഭാഷാ സംഭാഷണങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു.  കാനോലിബാന്റ് സെറ്റ് എന്ന സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സതീഷ്.

https://m.facebook.com/story.php?story_fbid=1777931988919116&id=780388532006805.

 

 

 

Related Post

ആഹാരം പക്ഷേ പോഷകാഹാരം

ആഹാരം പക്ഷേ പോഷകാഹാരം

കോവിഡ്-19 മഹാമാരിയുടെ, ഗ്ലോബൽ അസമത്വ – ന്യൂട്രിഷൻ  റിപ്പോർട്ടുകളുടെ, ആഗോള വിശപ്പ് സൂചികയുടെ പശ്ചാത്തലത്തിൽ പോഷകാഹാര പ്രതിസന്ധിയെപ്രതി വിശകലനം An analysis…