കോവിഡ്-19 മഹാമാരിയുടെ, ഗ്ലോബൽ അസമത്വ – ന്യൂട്രിഷൻ റിപ്പോർട്ടുകളുടെ, ആഗോള വിശപ്പ് സൂചികയുടെ പശ്ചാത്തലത്തിൽ പോഷകാഹാര പ്രതിസന്ധിയെപ്രതി വിശകലനം
An analysis of the state of the malnutrition in India in the backdrop of the pandemic, global nutrition – global inequality reports and the Global Hunger Index
കെ.കെ ശ്രീനിവാസൻ
“ആദ്യ സമ്പത്ത് ആരോഗ്യ”മെന്നത് വിഖ്യാത എഴുത്തുക്കാരൻ റാൽഫ് വാൾഡോ എമേഴ്സണിൻ്റെ വാക്കുകൾ. രോഗ പ്രതിരോധ – ആരോഗ്യ പരിപാലന ചിട്ടകളിൽ കൃത്യതയാർന്ന ജാഗ്രത പുലരുന്നിടത്താണ് ആരോഗ്യം സമ്പത്താകുന്നത്.കോവിഡ് – 19 മഹാമാരി തീർത്ത പ്രത്യാഘാതങ്ങളുടെ തിക്തഫലങ്ങൾ സർവ്വ മേഖലയിലും പ്രകടം. മഹാമാരി ലോകത്തെ നിശ്ചലമാക്കി. തൊഴിലിടങ്ങൾ അടച്ചുപൂട്ടി. സാമ്പത്തിക മേഖല നിശ്ചലമായി. ആഗോളതലത്തിൽ തന്നെ ബഹുഭൂപരിഷത്തിൻ്റെ പ്രത്യേകിച്ചും തൊഴിലെടുത്ത് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിച്ചിരുന്നവർക്ക് വരുമാനം നഷ്ടം. ജനസഞ്ചയത്തിൻ്റെ ജീവിതക്രമം പാടെ അവതാളത്തിലാക്കി. ഭക്ഷ ണത്തിനു പോലും വകയില്ലായതോടെ വിശപ്പ്. പട്ടിണി. ദാരിദ്ര്യം. പോഷകാഹാരകുറവ്. ഇതിൽ നിന്നൊന്നും മുക്തമല്ല ലോകം. കൂനിന്മേൽ കുരുവെന്ന കണക്കെ കോവിഡ്- 19 മഹാമാരി പക്ഷേ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ ഗ്രാഫ് കുത്തനെ ഉയരുന്നിതിനിടയാക്കി.
ജീവൻ്റെ നിലനില്പിൻ്റെ അനിവാര്യമായ ഔഷധമാണ് ഭക്ഷണം. പോഷണങ്ങളടങ്ങിയ ഭക്ഷണം. പോഷകങ്ങളടങ്ങിയ ആഹാരം അനാ രോഗ്യത്തെ അകറ്റുന്നു. അനാരോഗ്യം ഔഷധങ്ങൾ ഭക്ഷണമാക്കേണ്ട ശുഭക രമല്ലാത്ത അവസ്ഥയാണ് തീർക്കുന്നത്. സ്വഭാവികമായി ആർജ്ജിക്കുന്ന ശാരീക ശേഷി പോഷിപ്പിച്ച് പരിപാലിക്കുന്നതിൽ ഭക്ഷണം അനിവാര്യമെന്നു പറയുമ്പോൾ തന്നെ പോഷണങ്ങളടങ്ങിയ ഭക്ഷണമെന്നതിലാണ് പ്രത്യേകം ശ്രദ്ധയും ഊന്നലും നൽകേണ്ടതെന്ന് വൈദ്യശാസ്ത്രം അടിവരയിടുന്നു. എന്നാൽ പോഷകാഹാരക്കുറവ് പരിഹരിക്കപ്പെടേണ്ടതിൻ്റെ ദിശയിലുള്ള ഉദ്യമങ്ങളിൽ നിന്ന് ആത്യന്തിക ഉദ്ദിഷ്ടഫലം ഉരുതിരിയുന്നുണ്ടോയെന്നത് പ്രധാനം. ആരോഗ്യകരമായ കോശങ്ങളുടെയും അവയവങ്ങളുടെയും പ്രവർത്തന ത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും ശരീര ത്തിന് ലഭിക്കാതെ വരുന്നവസ്ഥയാണ് പോഷകാഹാരക്കുറവ്. പ്രായത്തിന നുസൃതമായി തൂക്കമില്ലാഴ്മ. ഉയരമില്ലാഴ്മ. തൂക്കത്തിനു അനുസൃതമായി ഉയരമില്ലാഴ്മ. ഇതൊക്കെയാണ് പോഷകാഹാരക്കുറവിൻ്റെ മുഖ്യ ലക്ഷ ണങ്ങൾ.
മഹാമാരിക്കാലത്തെ പോഷകാഹാര പ്രതിസന്ധി
കോവിഡ്-19 മഹാമാരി ആഗോള പോഷകാഹാര പ്രതിസന്ധിയെ തരണം ചെയ്യുന്നതിൽ പുത്തൻ വെല്ലുവിളികളാണ് സൃഷ്ടിച്ചിട്ടുള്ളത്. പോഷകാഹാരക്കുറവ്, പട്ടിണി, ഭക്ഷണക്രമവുമായി ബന്ധപ്പെട്ട സാംക്രമികേതര രോഗ ങ്ങൾ (Non-Communicable Diseases – NCD) എന്നിവയെ പ്രതിരോധിക്കുന്നതിന് സ്ഥായിയായ ഭക്ഷണരീതി അനിവാര്യമെന്ന് മഹാമാരി അടിവരയിടുന്നു. പോഷകരഹിത ഭക്ഷണക്രമം മൂലമുണ്ടാകുന്ന മരണങ്ങൾ 2010 മുതൽ 15 ശതമാനം വർദ്ധിച്ചു. പോഷകരഹിത ഭക്ഷണക്രമം മുഖേനെയുണ്ടാകുന്ന സാംക്രമികേതര രോഗങ്ങളാൽ 12 ദശലക്ഷത്തിലധികം മുതിർന്നവർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇത് മുതിർന്നവരുടെ പ്രതിവർഷ മരണ നിരക്കിൻ്റെ നാലിലൊന്ന് (26 ശതമാനം) വരും.
പോഷകാഹാര വെല്ലുവിളികൾ നേരിടാനുള്ള ചെലവ് പല മടങ്ങ് വർദ്ധിപ്പിയ്ക്കേണ്ട നിർബ്ബന്ധിത സാഹചര്യമാണ് കോവിഡ് – 19 മഹാമാരി സൃഷ്ടിച്ചത്. തൂക്കക്കുറവ്, ഉയരക്കുറവ്, മാതൃവിളർച്ച, മുലയൂട്ടൽ തുടങ്ങിയവയ്ക്കുള്ള പരിരക്ഷയെ മുൻനിറുത്തി പോഷകാഹാര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് 2022- 2030 കാലയളവിൽ 10.8 ബില്യൺ യുഎസ് ഡോളർ അധികമായി കണ്ടെത്തേണ്ടിവരും (https://www.orfonline.org/exp ert-speak/global-nutrition-report-2021/?amp).
നാഷണൽ ഫാമിലി ഹെൽത്ത് സർവേ
ഇന്ത്യൻ ജനസംഖ്യയിൽ ആരോഗ്യ – പോഷകാഹാര അവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ ( National Family Health Survey- NFHS – 2019-21) പരമ്പരയിലെ അഞ്ചാമത്തെ റിപ്പോർട്ടും പറയുന്നില്ല.7.7 ശതമാനം കുട്ടികൾ പ്രായത്തിനു അനുസൃതമായി കടുത്ത തൂക്കമില്ലാഴ്മയിലാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. 19.3 ശതമാനം തൂക്കമില്ലാഴ്മയിൽ. 35.5 ശതമാനം പ്രായത്തിനനുസൃതമായി ഉയരമില്ലാത്തവർ. അതേസമയം 3.4 ശതമാനം കുട്ടികൾ അമിതഭാരമുള്ളവരും. ഇത് ഹെൽത്ത് സർവേ – 4 ൽ 2.1 ശതമാനമായിരുന്നു. ഹെൽത്ത് സർവേ – 4 അനുസരിച്ച് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ വിളർച്ച 58.6 ശതമാനം. നിലവിൽ 67.1 ശതമാനമായി വർദ്ധിച്ചു. രാജ്യത്ത് പ്രത്യുൽപാദന പ്രായത്തിലുള്ള 57 ശതമാനം സ്ത്രീകളും വിളർച്ചയുള്ളവരാണെന്നാണ് ഹെൽത്ത് സർവേ – 4 പറയുന്നത്.
രാജ്യത്തെ പ്രായപൂർത്തിയായവരിൽ അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി വർദ്ധിച്ചുവരികയാണ്. ഹെൽത്ത് സർവേ – 5 റിപ്പോർട്ട് പ്രകാരം പ്രായപൂർത്തിയായ സ്ത്രീകളിൽ 24 ശതമാനത്തിനും അമിതവ ണ്ണം. ഹെൽത്ത് സർവേ – 4 ലിത് 20.6 ശതമാനമായിരുന്നു. ഹെൽത്ത് സർ വേ – 4 റിപ്പോർട്ട് പ്രകാരം 18.9 ശതമാനം പുരുഷന്മാർ അമിതഭാരമോ പൊണ്ണത്തടിയോയുള്ളവർ. എന്നാൽ ഹെൽത്ത് സർവേ – 5 പ്രകാ രമിത് 22.9 ശതമാനമായിയുയർന്നത് ശ്രദ്ധ അർഹിക്കുന്നു.
പോഷകാഹാരക്കുറവിനെ മറികടക്കുകയെന്നതിൽ സമീകൃതാഹാരം ഉറപ്പാക്കുകയെന്നത് മുഖ്യം. പാൽ ഉല്പന്നങ്ങൾ, മാംസ്യം (പ്രോട്ടീനുകൾ), പഴം-പച്ചക്കറികൾ, ധാന്യങ്ങൾ എന്നീ അഞ്ചുതരം ഭക്ഷണമുൾപ്പെടുന്നതാണ് സമീ കൃതാഹാരം. ദാരിദ്ര്യത്തിലകപ്പെട്ടവർ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങിയ ദുർബ്ബല വിഭാഗങ്ങൾക്ക് സമീകൃതാഹാരം ഉറപ്പാക്കുകയെ ന്നത് മാറിയ സാമ്പത്തിക സാഹചര്യത്തിൽ കൂടുതൽ വെല്ലുവിളിയായി. മഹാമാരി വേളയിൽ ഏറെ നീണ്ടുനിന്ന ലോക്ക്ഡൗൺ – നിയന്ത്രിത യാത്രകൾ, അമിത ഭാരം, പൊണ്ണത്തടി, ടൈപ്പ്-2 പ്രമേഹം, ഹൃദ് രോഗങ്ങൾ തുടങ്ങിയയുൾപ്പെടെയുള്ള വൈകല്യങ്ങളുടെ വർദ്ധനയിലാണ് കലാശിച്ചത്. ശുദ്ധ ഭക്ഷണ പദാർത്ഥങ്ങൾ പോലും ലഭ്യമല്ലാതായി.
പോഷകാഹാരക്കുറവിന്റെ ഇരട്ട ഭാരമാണ് മഹാമാരി തീർത്തത്. ഈ പശ്ചാത്തലത്തിൽ ഉത്തമമായ ആരോഗ്യത്തിന് പോഷകാഹാരം ഉറപ്പുവരുത്തുന്നതിൽ അടിയന്തിര ശ്രദ്ധ അനിവാര്യം. സമഗ്രമായ ആവശ്യാധിഷ്‌ഠിത സമീപനം, നയപരിഷ്‌കരണം, പോഷകാഹാര പരിപാടികൾ ഫലപ്രദമായി നടപ്പാക്കൽ, തടസ്സങ്ങളിലേതുമില്ലാതെ ഭക്ഷ്യവിതരണം എന്നിവയിലൂടെ പോഷകാഹാര ലഭ്യത യുദ്ധകാലാടിസ്ഥാനത്തിൽ ഉറപ്പിക്കപ്പെടണം. മഹാമാരി കവർന്നെടുത്ത ആരോഗ്യം വീണ്ടെടുക്കുന്നതിനും ഭാവിയിൽ ആരോഗ്യ പ്രതിരോധശേഷി ശോഷിപ്പിക്കപ്പെടില്ലെന്ന് ഉറപ്പാക്കുന്നതിനുമായ സുസ്ഥിര പോഷകാഹാര പരിരക്ഷ നിർണായകമാണെന്ന് ഭരണകർത്താക്കൾ കൃത്യമായി തിരിച്ചറിയേണ്ട വേളയാണിത്.
ആഗോള ന്യൂട്രീഷൻ ടാർജെറ്റ്
ആഗോള പോഷകാഹാര കുറവ് പരിഹരികരിക്കപ്പെടുന്നതിനായി ആറു ലക്ഷ്യ (Global Nutrition Target – GNT) ങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് ലോകാരോഗ്യ സംഘടന. പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾക്കിടയിൽ വിളർച്ച 50 ശതമാനം കുറയ്ക്കൽ, ശിശുജനന വേളയിലെ തൂക്കകുറവ് 30 ശതമാനമായി ലഘൂകരിക്കുക. ആദ്യ ആറു മാസ വേളയിലെ മൂലയുട്ടൽ കുറഞ്ഞത് 50 ശതമാനത്തിലെത്തിക്കുക. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉയരത്തിനനുസൃതമായ തുക്കമില്ലായ്മ 40 ശതമാനമായി ചുരുക്കുക. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ വയസിനനുസൃതമായ ഉയരകുറവ് അഞ്ചു ശതമാനത്തിന് താഴെ യെത്തിച്ച് പരിപാലിക്കുക. അഞ്ച് വയസ്സിന് താഴെയുള്ളവർ അമിത ഭാരമുള്ളവരാകില്ലെന്ന് ഉറപ്പുവരുത്തുക. പൊണ്ണത്തടി – പ്രമേഹ വ്യാപനം പിടിച്ചുനിറുത്തുക. 2012 ൽ പ്രാരംഭം കുറിച്ച ഈ ഉദ്യമങ്ങൾ 2025-ഓടെ ലക്ഷ്യം കാണുമെന്ന പ്രതിക്ഷയിലായിരുന്നു ലോകാരോഗ്യ സംഘടന. എന്നാൽ ആഗോള മാതൃ – ശിശു- കുട്ടികളുടെ പോഷകാഹാരകുറവ് പരിഹരിക്കുന്നതിനായുള്ള ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്തിയില്ലെന്നാണ് ഗ്ലോബൽ ന്യൂട്രീഷൻ റിപ്പോർട്ട് – 2021 വെളിപ്പെടുത്തുന്നത്. കോവിഡ്- 19 മഹാമാരി പ്രതീക്ഷകളെ തെറ്റിക്കുന്നതിൽ മുഖ്യ കാരണമായിയെന്നത് വസ്തുത.
മാതൃ – ശിശു- കുട്ടികളുടെ പോഷകാഹാര പരിപാലന ലക്ഷ്യങ്ങളിൽ മൂന്നെണ്ണമൊഴികെയുള്ളവയിൽ ഇന്ത്യയുടെ നേട്ടം ആശാവഹമല്ല. വയസിനനുസൃത ഉയരമെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ പാതയിലെങ്കിലും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ 34 ശതമാനവും ഇപ്പോഴും ലക്ഷ്യത്തിനകലെ. ഇത് ഏഷ്യൻ ശരാശരി 21.8 ശതമാനത്തിനേക്കാൾ വളരെ കൂടുതലാണ്. ഉയരത്തിനുതക്ക തൂക്കമെന്നതിൽ പുരോഗതി കൈവരിക്കുന്നതിൽ ഇന്ത്യ പാടേ പരാജയം. ഏഷ്യൻ ശരാശരിയുമായി (9.1 ശതമാനം) താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ അഞ്ചു വയസ്സിന് താഴെയുള്ളവരിലെ 17.3 ശതമാനം വയസിനനുസൃത ഉയരമില്ലാത്തവർ. അതേസമയം അഞ്ചുമാസം വരെ പ്രായമുള്ള 58 ശതമാനം ശിശുക്കൾക്കും പ്രത്യേക മുലയൂട്ടൽ ഉറപ്പാക്കുന്നുണ്ട് ഇന്ത്യ. ശിശുജനന സമയത്തെ അവശ്യംവേണ്ട തൂക്കമെന്ന ലക്ഷ്യം നേടുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പുരോഗതി വിലയിരുത്താൻ മതിയായ കണക്കുകൾ ലഭ്യമല്ല.
ഗ്ലോബൽ ന്യൂട്രിഷ്യൻ റിപ്പോർട്ട്
ഭക്ഷണവുമായി ബന്ധപ്പെട്ട എൻസിഡികൾക്കെതിരെ ഗ്ലോബൽ ന്യൂട്രിഷ്യൻ ടാർജെറ്റി (ജിഎൻടി) ലെത്തിചേരുന്നതിൽ മികവാർന്ന പുരോഗതിയിലല്ല ഇന്ത്യ. ഗ്ലോബൽ ന്യൂട്രിഷ്യൻ റിപ്പോർട്ട് (ജിഎൻആർ – 2021) അനുസരിച്ച് ഇന്ത്യയിൽ 6.2 ശതമാനം പ്രായപൂർത്തിയായ (18 വയസും അതിൽ കൂടുതലുമുള്ള) സ്ത്രീകളും 3.2 ശതമാനം പ്രായപൂർത്തിയായ പുരുഷന്മാരും അമിതവണ്ണമുള്ളവർ. അതേസമയം പ്രായപൂർത്തിയായ സ്ത്രീകളിൽ ഒമ്പതു ശതമാനവും മുതിർന്ന പുരുഷന്മാരിൽ 10.2 ശതമാനവും പ്ര മേഹ ബാധിതരെന്ന് കണക്ക്.
ഇന്ത്യൻ ജനതയുടെ ഭക്ഷണം പോഷകങ്ങളുടെ അപര്യാപ്തതയിലെന്ന് ഗ്ലോബൽ ന്യൂട്രിഷ്യൻ റിപ്പോർട്ട് – 2021. ധാന്യങ്ങൾ ഒഴികെ സുസ്ഥിര ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ചുള്ള ഈറ്റ് (EAT ) – ലാൻസെറ്റ് കമ്മീഷൻ ശുപാർശ ചെയ്തിട്ടുള്ള ഭക്ഷ്യവസ്തുക്കൾ പ്രായപൂർത്തിയായവരുടെ ഭക്ഷണത്തിലുൾപ്പെടുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട എൻസിഡികളെ പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ ഭക്ഷണത്തിൽ പഴങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, മത്സ്യം, പാലുൽപ്പന്നങ്ങൾ എന്നിവ ഏറെ കുറവ്. ഗ്ലോബൽ ന്യൂട്രീഷ്യൻ റിപ്പോർട്ട് – 2021 ഇന്ത്യയുടെ പോഷകാഹാര രീതിയിൽ സമൂലമാറ്റം ആവശ്യപ്പെടുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയം.
രാജ്യത്തിൻ്റെ പോഷകാഹാരക്കാര്യത്തിൽ എവിടെയാണ് തകരാറ് ? സമീപവർഷങ്ങളിൽ, ധാന്യോല്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തതയിലെത്തി. മോശമല്ലാത്ത സാമ്പത്തിക വളർച്ചയിലുമാണെന്ന അവകാശവാദങ്ങളു മുണ്ട്. അപ്പോഴും രാജ്യത്ത് ദാരിദ്ര്യം. ഭക്ഷ്യ ദൗർലഭ്യത. പോഷകാഹാരക്കുറവ്! സാമ്പത്തിക അസന്തുലിതാവസ്ഥ. പുരോഗതിയുടെ പാതയിൽ സർവ്വരും ഉൾകൊള്ളിക്കപ്പെടാതെ പോകുന്നവസ്ഥ. അതിനാൽ തന്നെ ഇന്ത്യൻ ജനസംഖ്യയിലെ ഏകദേശം 21.25 ശതമാനവും പ്രതിദിനം 1.90 ഡോളറിൽ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നവരാണെന്ന് ആഗോള ഭക്ഷ്യ പ്രോഗ്രാ ( World Food Programme – WFP) മിൻ്റെ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ചൈനയെ വെല്ലാവുന്ന സമ്പദ് വ്യവസ്ഥ സ്വപ്നം കാണുന്നവർ ഈ ശോചനീയാവസ്ഥ കൂടി കാണണം.
ആഗോള അസമത്വ റിപ്പോർട്ട്-2022
സമ്പന്ന വരേണ്യവർഗത്തിൻ്റെ അതിപ്രസരത്തിൻ കീഴിൽ ദരിദ്രവും ഏറെ അസമത്വവുമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ആഗോള അസമത്വ റിപ്പോർട്ട് – 2022 ( Global Inequality Report-2022) അടിവരയിടുന്നു. ദേശീയ വരുമാനത്തിന്റെ 22 ശതമാനം കേവലം ഒരു ശതമാനം ജനസംഖ്യ കയ്യടക്കിവച്ചിരിക്കുന്നവസ്ഥ. വരുമാന വിഹിതം 13 ശതമാനത്തിലേക്ക് ചുരു ങ്ങി. സ്ത്രീ തൊഴിലാളികളുടെ വരുമാന വിഹിതം 18 ശതമാനം. ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് (https://www.jagranjosh.com/general-knowledge/world-inequality-report-2022-india-rank-1638950000-1).
ദാരിദ്യ്ര നിർമാർജ്ജനയജ്ഞമെന്ന നിലയിൽ കൊണ്ടുവന്ന ലഘുവായ്പാ പദ്ധതി ( Micro Finance Scheme), തൊഴിലുറപ്പുപദ്ധതി, ക്ഷേമ പെൻഷനുകൾ ഇവയൊന്നും സാമ്പത്തിക അസമത്വത്തെ മറികടക്കുന്നതിന് സഹായകരമാകുമെന്ന ചെറുസൂചനകൾ പോലും നൽകുന്നില്ല. മറ്റൊരു വാക്കിൽ പറഞ്ഞാൽ സർവ്വരെയും ഉൾകൊണ്ടുള്ള വളർച്ച (Inclusive Growth) സാധൂകരിക്കപ്പെടുന്നതിൻ്റെ ഭാഗമായുള്ള ഇത്തരം പദ്ധതികൾ നിഷ്ഫലമെന്നു തെളി യ്ക്കപ്പെടുകയാണ്. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ വിശപ്പും ദാരിദ്രവും തീർക്കുന്ന കടുത്ത പോഷകാഹാരക്കുറവ് പരിഹരിക്കപ്പെടുമെന്നത് ഇന്ത്യയ്ക്ക് തീർത്തും ശ്രമകരമാകും.
തുടർന്നുപോരുന്ന ക്ഷേമ പദ്ധതികളിൽ നിന്ന് ഗുണഫലങ്ങൾ ഒട്ടുമേ പ്രകടമാകുന്നില്ലെന്ന വസ്തുത ദൃഢപ്പെടുത്തുകയാണ് ആഗോള അസമത്വ റിപ്പോർട്ട് – 2022. ഇന്ത്യൻ ദരിദ്ര ജനകോടികളെ സാമ്പത്തികമായി ഉയർത്തുകയെന്നതിനെ ആധാരമാക്കി വേണം ക്ഷേമ പദ്ധതികൾക്ക് രൂപം നൽകേണ്ടത്. മനുഷ്യകാരുണ്യ പ്രവർത്തനമെന്ന നിലയിലാകരുത് ക്ഷേമ പദ്ധതികളെന്നു് ഭരണകൂടം തിരിച്ചറിയാതെ പോകരുത്. കേവലം സന്ന ദ്ധസംഘടനാ രീതികളല്ല ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങളിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ 15 വർഷത്തിനിടയിൽ രാജ്യത്ത് 271 ദശലക്ഷത്തിലധികം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഇത് പക്ഷേ സന്തുലിതമായ വികസനത്തി ലേക്ക് വിവർത്തനം ചെയ്യപ്പെട്ടില്ല. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പിന്നോക്ക വിഭാഗങ്ങൾക്കും ഇപ്പറഞ്ഞ പുരോഗതിയുടെ ഗുണഭോക്താക്കളാകാനായില്ല. കോവിഡ് -19 മഹാമാരിയാകട്ടെ അസമത്വാവസ്ഥയെ പിന്നെ യും വഷളാക്കി (https://www.in.undp.org/content/india/en/home/sustainable-develo pment.html). ദാരിദ്ര്യ നിർമാർജ്ജനം, പോഷകാഹാര പരിരക്ഷയെന്നതിൽ നിന്നെല്ലാം ഇന്ത്യ ഇനിയും ഏറെ ദൂരത്തെന്നുതന്നെയാണ് യുൻഎൻഡിപിയുടെ ഈ റിപ്പോർട്ട് അടിവരയിടുന്നത്. ഇത്തരം മൗലികമായ വസ്തു കൾ അവഗണിച്ച് രാജ്യം വളർച്ചയുടെ നെറുകെയിലെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് മോദി സർക്കാർ. യാഥാർത്ഥ്യങ്ങളെ കുഴിച്ചുമൂടുന്നത് ഇന്ത്യൻ ജനത കൺതുറന്നുകാണുന്നുവെന്നത് മോദിവൃന്ദത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞർ വിസ്മരിക്കരുത്.
ആഗോള പട്ടിണി സൂചിക
2021-ലെ ആഗോള പട്ടിണി സൂചികയിൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. ദരിദ്രാവസ്ഥയിലെന്നറിയപ്പെടുന്ന അയൽ രാജ്യങ്ങൾ പാക്കിസ്ഥാൻ(92), ബംഗ്ലാദേശ്(76), നേപ്പാൾ(71), മ്യാന്മാർ(76) എന്നിവ ഇന്ത്യ യെക്കാൾ ഭേദമാണെന്നത് ശ്രദ്ധേയം (https://www.glo balhungerindex.org/india .html.). ഇന്ത്യയിൽ നിലവിൽ 800 ദശലക്ഷം ഭക്ഷ്യസബ്‌സിഡി ഗുണഭോക്താക്കൾ. 2022 – 23ലെ കേന്ദ്ര ബജറ്റിൽ ഭക്ഷ്യസബ്‌സിഡി വിഹിതം 207,000 കോടി രൂപ. 2021-22 ലെ യഥാർത്ഥ ചെലവ് 286,000 കോടി രൂപയേക്കാൾ 79,000 കോടി രൂപ കുറവ് (https://www.dailypione er. com/2022/colum nists/the-budget—s-food-subsidy-conundrum.html). ആരോഗ്യമേഖലയ്ക്കായി 2022-23 ഇന്ത്യൻ ബജറ്റ് ഹിതം 86000.65 കോടി. 2020 -21 സാമ്പത്തിക വർഷ (80,693.92 കോടി രൂപ) ത്തെ അപേക്ഷിച്ച് നേരിയ വർദ്ധന. ജിഡിപിയുടെ 2.1 ശതമാനത്തിന് താഴെ (https://swachhindia.ndtv.c om/budget-2022-a-macro-view-of-the-money-allocated-to-healthcare-sector-66568/). 2025 ഓടെ 2.5 ശതമാനമെന്നതാണ് ലക്ഷ്യം. ഇനിയും പക്ഷേ ഏറെ താണ്ടണം.
രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ജലപ്രതിസന്ധിയി ലെന്ന് നിതി ആയോഗ് റിപ്പോർട്ട്( https://www.indiatoday.in/magazine/cover-story/story/20 210329-the-great-indian-thirst-1781280-2021-03-20). ഇന്ത്യ ബജറ്റ് 2022-23 ജലശക്തി മന്ത്രാലയ വിഹിതം മുൻ വർഷത്തെ 69,052 കോടിയിൽ നിന്ന് 86,1 89 കോടി രൂപയായി. രാജ്യത്തിൻ്റെ കുടിവെള്ള പ്രതിന്ധിയുടെ ആഴം നിതി ആയോഗിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുമ്പോൾ തന്നെ ഇത് പരിഹരിക്കുന്നതിനുള്ള ബജറ്റുവിഹിതത്തിൽ പര്യാപ്തത പ്രകടമാകു ന്നില്ല.
ഇന്ത്യ 2022-23 ലെ പ്രതിരോധ ബജറ്റ് 5.25 ട്രില്യൺ രൂപ. 2021-22 ലെ പ്രാരംഭ വിഹിതത്തേക്കാൾ ഏകദേശം 10 ശതമാനം വർദ്ധന (https://www.janes.com /defence-news/news-detail/update-india-increases-defence-budget-by-10). ബജറ്റിൻ്റെ സിംഹഭാഗവും പ്രതിരോധാവശ്യങ്ങൾക്കെന്ന പേരിൽ സുതാര്യത തൊട്ടുതീണ്ടാതെ ചെല വഴിക്കപ്പെടുന്നിടത്ത് ആരോഗ്യമേഖല, വിശപ്പ് ദാരിദ്ര്യം, പട്ടിണി, പോഷകാഹാര കുറവ്, കുടിവെള്ള വിതരണം തുടങ്ങി ജനതയുടെ അത്യന്ത്യാപേക്ഷിത ആവശ്യങ്ങളെ മുൻനിറുത്തി പരിഹാരമെന്നതിലൂന്നിയുള്ള ആശാവഹമായ കരുതൽ കാണുന്നില്ല. അതേസമയം രാജ്യ രക്ഷയ്ക്കായ് സഹസ്രകോടികൾ കരുതിവയ്ക്കുന്നതിൽ വൈമനസ്യമേയില്ല. അതായത് ജനതയുടെ വിശപ്പകറ്റൽ, ആരോഗ്യ സംരക്ഷണം, പോഷകാഹാര കുറവകറ്റൽ തുടങ്ങിയവ സാക്ഷാത്കരിക്കപ്പെടുമെന്നത് മരിചീകയായി തുടർന്നേക്കുമെന്നവസ്ഥ.
ഭക്ഷ്യ അരക്ഷിതാവസ്ഥ
2019-ൽ ഇന്ത്യയിൽ 6.2 കോടി ജനങ്ങൾ കൂടി ഭക്ഷ്യ അരക്ഷിതാവസ്ഥയിലകപ്പെട്ടവരായി. 3.8 ശതമാനം വർദ്ധന. 2020-ൽ 200 ദശലക്ഷത്തോളം പോഷകാഹാരക്കുറവുള്ളവർ. കൊവിഡ് 19 മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണുകളും ഭക്ഷ്യവിതരണ സംവിധാനത്തെ തടസ്സപ്പെടുത്തിയതോടെ രാജ്യത്തെ ഭക്ഷ്യ അരക്ഷിതാവസ്ഥ പിന്നെയും വഷളായെന്ന സർവ്വേ റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ പ്രധാന പോഷകാഹാര പരിപാടി സംയോജിത ശിശു വികസന സേവന (ICDS) പദ്ധതി കുട്ടിയുടെ ആദ്യ 1000 ദിനങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നാണു് നിതി ആയോഗിന്റെ സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75 റിപ്പോർട്ട് -2019 പറയുന്നത്. മൂന്നു മുതൽ ആറു വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യ പരിരക്ഷയിലുൾപ്പെടെയുള്ള ഊന്നലിലാണ് ശിശുവികസന സേവന പദ്ധതി. അതേസമയം രണ്ടു മുതൽ മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മികച്ച വളർച്ചയും വികാസവും ഉറപ്പാക്കാൻ മുൻഗണന നൽകണമെന്നതിലാണ് നിതി ആയോഗിൻ്റെ ഊന്നൽ.
ഭക്ഷണം മൗലികാവകാശമാക്കി നിയമം നിർമ്മിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുകയെന്നതാണ് ഇന്ത്യയുടെ പൊതു വിതരണ സംവിധാനം (Public Distribution System) ലക്ഷ്യമിടുന്നത്. അർഹതപ്പെട്ട പാവപ്പെട്ടവരെ അവഗണിച്ച് അനർഹർക്ക് വ്യാജ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നു. റേഷൻ ഭക്ഷ്യ വസ്തുക്കൾ ഒളിച്ചുകടത്തി പൊതുവിപണിയിൽ വിൽക്കപ്പെടുന്നു. അനു വദനീയമായ ഭക്ഷ്യധാന്യങ്ങളുടെ അളവിൽ ന്യായവില കട നടത്തിപ്പുക്കാരുടെ വക കൃത്രിമം. നിലവാരമുള്ള ഭക്ഷ്യ ധാന്യങ്ങൾ പൂഴ്ത്തി പകരം വിലകുറഞ്ഞ, ഗുണമേന്മയില്ലാത്ത ഭക്ഷ്യധാന്യങ്ങൾ നൽകൽ തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തികളാൽ അലങ്കോലമാക്കപ്പെട്ടിരിക്കുകയാണ് രാജ്യത്തെ പൊതുവിതരണ സംവിധാനം. ഇന്ത്യയുടെ പൊതുവിതരണ സംവിധാനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നതിൻ്റെ സൂചനകൾ പ്രകടമാകുന്നില്ലെന്നു ചുരുക്കം. മാത്രമല്ല ഭക്ഷ്യ സുരക്ഷ നിയമ വാ ഴ്ച്ച കുറ്റമറ്റല്ലെന്നതു കൂടിയാണീവിടെ വ്യക്തമാകുന്നത്.
ഉപസംഹാരം
ബാല്യ- കൗമാരക്കാരുടെയും പോഷകാഹാരക്കുറവ് സംബന്ധിച്ച പോഷകാഹാര വിലയിരുത്തലുകൾ പോരായ്മകൾ നിറഞ്ഞതാണ്. പോഷകാഹാരക്കുറവ്. പോഷകാഹാര വിതരണത്തിലെ അസന്തുലിതാവസ്ഥ. ഭക്ഷ്യ അരക്ഷിതാവസ്ഥ. ഇവ പരിഹരിക്കപ്പെടുന്നതിനായ് ദൈനംദിന ഭക്ഷണത്തിലെ പോഷകാഹാര ഘടനയിലെ കുറവുകൾ നികത്തുകയെന്നത് പ്രധാനം.ദൈനംദിന ഭക്ഷണത്തിൽ മില്ലറ്റ് പോലുള്ള പോഷക സാന്ദ്രമായ ധാന്യങ്ങൾ ചേർത്തുള്ള സുസ്ഥിര ഭക്ഷണം ഉറപ്പാക്കപ്പെടണം. പോഷകാഹാരക്കുറവും ഭക്ഷണവുമായി ബന്ധപ്പെട്ട എൻസിഡികളും തടയുന്നതിന് ഇത്തരം ഭക്ഷ്യ വസ്തുക്കൾ ഫലദായകമാണ്. നിലവിലുള്ള ഭക്ഷണ സമ്പ്രദായം മാറ്റുന്നതിന് സർവ്വരുടെയും പങ്കാളിത്തത്തിൽ നയരൂപീകരണം അനിവാര്യം. മഹാമാരി ഏറെ വഷളാക്കിയ പോഷകാഹാരകുറവ് പരിഹരിക്കുന്നതിന് കൂടുതൽ ഫണ്ട് വകയിരുത്തണം. ഭക്ഷ്യ വിതരണ സംവിധാനത്തിൽ കൂടുതൽ ഉത്തരവാദിത്തം, കാര്യക്ഷമമായ വിഭവ മാനേജ് മെൻ്റ്, ചിട്ടയാർന്ന പോഷകാഹാര ബോധവൽക്കരണം, മാനവശേഷി ശാക്തീകരണം, ചിട്ടയായ നിരീക്ഷണം എന്നിവയെ മുൻനിറുത്തി രാജ്യത്തിന് മികച്ച വിവരക്രോഡീകരണ-പരിപാലന വ്യവസ്ഥയുണ്ടാകണം. 2030-ഓടെ ആഗോള പോഷകാഹാര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇതേറെ ഗുണകരമാകുമെന്ന വിദ്ഗ്ദ്ധരുടെ അഭിപ്രായം ശ്രദ്ധേയം. ദേശീയ വനിതാശിശുവികസന മന്ത്രാലയത്തിന്റെ ആഹ്വാന പ്രകാരം എല്ലാ വർഷവും സെപ്തം ബർ ഒന്നുമുതല്‍ ഏഴുവരെ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു. ബാല്യ-കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നി വരിൽ പോഷകാഹാരത്തിന്റെ ആവശ്യകതിയിലൂന്നിയുള്ള ബോധവൽക്കരണമാണ് വാരാചരണ ലക്ഷ്യം. ഇതിൽ നിന്ന് പക്ഷേ കേവലം ഔദ്യോഗിക ചടങ്ങെന്നതിനുമപ്പുറം പ്രത്യേകിച്ചൊന്നും ഉരുതിരിയുന്നതായി ബോധ്യപ്പെടുന്നില്ല.