കേരളീയ നവോത്ഥാന നേതൃത്വം ഗാന്ധിക്കോ നാരായണ ഗുരുവിനോ?

കേരളീയ നവോത്ഥാന നേതൃത്വം ഗാന്ധിക്കോ നാരായണ ഗുരുവിനോ?

 

 

കെ.കെ ശ്രീനിവാസൻ

കോൺഗ്രസിന്റെ പോസ്റ്ററിൽ  ശ്രീനാരായണ ഗുരുവിന് കേരളത്തിന്റെ മുഖ്യ നാവോത്ഥാന ശില്പിയെന്ന  അംഗീകാരത്തിന്  പ്രകടമായ  അവഗണന.  ഗാന്ധിജിയാണ്  നവോത്ഥാന ചരിത്ര സംഭവങ്ങൾക്ക് മുഖ്യസാരഥിയായതെന്ന് ദ്യോതിപ്പിക്കുകയാണ്  കോൺഗ്രസ് പോസ്റ്റർ

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ ഗാന്ധിജിക്ക് മുഖ്യ പങ്കോ? ഉണ്ടെന്നാണ് കേരളത്തിലെ കോൺഗ്രസുക്കാരുടെ കണ്ടെത്തൽ!  ക്ഷേത്രപ്രവേശന വിളംമ്പര വാർഷികവുമായി ബന്ധപ്പെട്ട്  കോൺഗ്രസ് സംഘടിപ്പിച്ച നവോത്ഥാന സംഗമ പ്രചരണ പോസ്റ്ററിൽ ഗാന്ധിജിക്ക് പ്രാമുഖ്യം. 2018 നവംമ്പർ 12 ന് ഗുരുവായൂരിലായിരുന്നു സംഗമം.

വർണവ്യവസ്ഥ സൃഷ്ടിച്ച സാമൂഹിക ജീർണ്ണാവസ്ഥയാണ് കേരളത്തിന്റെ ഭൂതകാലം. വർണവ്യവസ്ഥയുടെ ജാതികോമരങ്ങൾ കേരളത്തിന്റെ ബഹുഭൂരിപക്ഷത്തെ തീണ്ടാപ്പാടകലെ തളച്ചിട്ടു. പിണ്ഡംവച്ച് വർണവ്യവസ്ഥക്ക് പുറത്തുനിറുത്തപ്പെട്ട ഈഴവരടക്കമുള്ള അവർണ ജനതതി കൊടിയ ജാതിവിവേചന – പീഢനങ്ങളുടെ തീണ്ടാപ്പലകയിൽ ആണിയടിക്കപ്പെട്ടു. ബ്രാഹ്മണ്യത്തിന്റെയും ജാതി – ഉപജാതി മാത്സര്യങ്ങളുടെയും വിളനിലമായിരുന്നു കേരളം. ഇതുകൊണ്ടൊക്കതന്നെയാണ് ജാതിപരമായ സാമൂഹിക ഉച്ഛനീചത്വങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് കേരളീയ സമൂഹം സുസജ്ജമാകാനുള്ള സമ്മർദ്ദം സംജാതമാക്കപ്പെട്ടത്. ഈ മുന്നേറ്റങ്ങൾക്ക് മുഖ്യമായും സാരഥികളായത് ജാതിവിവേചനത്തിനെതിരെ പ്രതിഷേധത്തിന്റെ പ്രതിഷ്ഠയായ അരുവിപ്പുറത്ത് ഈഴവശിവനെ പ്രതിഷ്ഠിച്ച ശ്രീനാരായണ ഗുരുവും സവർണ ജാതി കോമരങ്ങൾക്കിടയിലേക്ക് പ്രതിഷേധത്തിന്റെ വില്ലുവണ്ടി ഓടിച്ചുകയറ്റിയ അയ്യങ്കാളിയുമടക്കമുള്ളവരെന്നതിന് ചരിത്രം സാക്ഷി.

കോൺഗ്രസിന്റെ പോസ്റ്ററിൽ  ശ്രീനാരായണ ഗുരുവിന് കേരളത്തിന്റെ മുഖ്യ നാവോത്ഥാന ശില്പിയെന്ന  അംഗീകാരത്തിന്  ഏറെ പ്രകടമായ പിശുക്ക്.  വൈക്കം – ഗുരുവായൂർ സത്യഗ്രഹങ്ങൾ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ അപൂർവ്വ ഏടുകൾ. ഗാന്ധിജിയാണ് ഈ നവോത്ഥാന ചരിത്ര സംഭവങ്ങൾക്ക് മുഖ്യസാരഥിയായതെന്ന് ദ്യോതിപ്പിക്കുകയാണ്  കോൺഗ്രസ് പോസ്റ്റർ.

ടി കെ മാധവനെന്ന എസ് എൻ ഡി പി യോഗം നേതാവ്

1924 മുതൽ ഒന്നര വർഷത്തോളം നീണ്ടുനിന്ന  വൈക്കം സത്യഗ്രഹത്തിന്റെ മുഖ്യ സൂത്രധാരൻ ടി കെ മാധവൻ. എസ്എൻഡിപി യോഗത്തിന്റെ സമുന്നത നേതാവെന്ന പിൻബലത്തിലാണ് മാധവൻ വൈക്കം ക്ഷേത്ര ദർശനത്തിനും ക്ഷേത്ര പൊതു വീഥികളിൽ അവർണർക്കുള്ള സഞ്ചാര സ്വാതന്ത്രൃത്തിനുമുള്ള സമരപാതയിലേറിയത്. കോൺഗ്രസ് നേതാവെന്ന മേൽവിലാസത്തിലല്ല ടി കെ മാധവൻ വൈക്കം സത്യഗ്രഹത്തിന് മുഖ്യകാർമ്മികനായത്.  ശ്രീ നാരായണ ഗുവിന്റെ അതിശക്തമായ പിന്തുണയിലാണ് അദ്ദേഹം വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ട ജാതിഭേദങ്ങൾക്കെതിരെയുള്ള സമരകാഹളത്തിന് തിരികൊളുത്തിയത്.  1921 കാലയളവിൽ തിരുവിതാംകൂർ നിയമസഭാംഗവും എസ്എൻഡിപി യോഗത്തിന്റെ സമുന്നതനുമായിരുന്ന മഹാകവി  കുമാരനാശാനും അധ: കൃതരെന്നു മുദ്രകുത്തപ്പെട്ടവരുടെ അവകാശ സംസ്ഥാപനാർത്ഥം ശക്തമായ ഇടപ്പെടലുകൾ നടത്തി.

1917 സെപ്തംബറിൽ നടന്ന തിരുനെൽവേലി കോൺഗ്രസ് സമ്മേളന വേളയിൽ തന്നെ വൈക്കത്തെ അവർണ ജനത അനുഭവിക്കുന്ന ജാതിവിവേചനം ടി കെ മാധവൻ ഗാന്ധിജിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.   ഇക്കാര്യത്തിൽ കോൺഗ്രസിന്റെയും ഗാന്ധിജിയുടെയും ഇടപ്പെടൽ സുസാധ്യമാക്കുകയെന്നതായിരുന്നു എസ് എൻ ഡി പി യോഗത്തിന്റെ നേതാവായിരുന്ന മാധവന്റെ ലക്ഷ്യം. ഈ ലക്ഷ്യസാധൂകരണമെന്ന നിലയിലാണ് 1923 ഡിസംബറിലെ കാക്കിനാഡ കോൺഗ്രസ് സമ്മേളനത്തിൽ വൈക്കം സത്യഗ്രഹാനുകൂല പ്രമേയം അവതരിപ്പിക്കപ്പെടുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ജാതിവിവേചനത്തിനെതിരെ ഇപ്പെടലുകൾ അനിവാര്യമെന്ന് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിനെ ബോധ്യപ്പെടുത്തിയെന്ന കീർത്തിയും എസ്എൻഡിപി യോഗം നേതാവായിരുന്ന ടി കെ മാധവന് സ്വന്തം.

ഇതിനിടെ മാധവന്റെ നേതൃത്വത്തിലുള്ള വൈക്കം സത്യഗ്രഹത്തിനെതിരെ സവർണർ ഗാന്ധിജിയെ സമീപിച്ചു. സത്യഗ്രഹസമരം അക്രമത്തിലേക്ക് വഴിമാറുന്നവെന്ന് സവർണർ ബോധപൂർവ്വം പ്രചരണമഴിച്ചുവിട്ടു. നാരായണ ഗുരുവിന്റെ അനുയായികളാണ് അക്രമത്തിന് മുതിരുന്നതെന്നു വരെ പ്രചരിപ്പിക്കപ്പെട്ടു. ഇതേതുടർന്ന്  സമരത്തോട് അകലം പാലിക്കാൻ പോലും ഗാന്ധി ചിന്തിച്ചിരുന്നുവത്രെ.

രാജ്യത്തിനകത്തും രാജ്യാന്തര തലത്തിലും വൈക്കം സത്യഗ്രഹം ശ്രദ്ധയാർജ്ജിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം ഹിന്ദുക്കളുo അഹിന്ദുക്കളുമടക്കമുള്ളവർ സത്യഗ്രഹത്തിന് പിന്തുണയുമായെത്തി. ഗാന്ധിജി ഇതിനെ പ്രോത്സാഹിപ്പിക്കുവാൻ തയ്യാറായില്ല. അതേസമയം സത്യഗ്രഹത്തിന്  പുറത്തുനിന്നുള്ളവരുടെ പിന്തുണക്ക് വിലക്ക് കല്പിച്ച  ഗാന്ധി തന്റെ ഇടപെടലിനെയും പിന്തുണയെയും ഏതുവിധേനെയാണ് ന്യായികരിച്ചതെന്നതിൽ വ്യക്തതയില്ല! കേരളത്തിന്റെ പുറത്തുനിന്നുള്ളയാളായിരുന്നില്ലേ ഗാന്ധി ?

വൈക്കം സത്യഗ്രഹത്തിന് പരിസമാപ്തി കുറിക്കുന്നതിനായി ഗാന്ധിജി പരിശ്രമിച്ചിരുന്നുവെന്നത് ശരി തന്നെ. സത്യഗ്രഹ സമര വിരാമത്തിനായുള്ള ഗാന്ധിയുടെ ഇടപ്പെടലുകളിൽ പലപ്പോഴും പ്രകടമായത് സമരത്തിന്റെ പൂർണ്ണ വിജയമെന്നതിനേക്കാൾ വിട്ടുവിഴ്ചയിലൂടെ  സവർണരുമായുള്ള ഒത്തുതീർപ്പിലെത്തുകയായിരുന്നുവെന്നു വേണം പറയാൻ. സവർണ നേതാവായിരുന്നു ഇണ്ടംതുരുത്തി ദേവൻ നീല കണ്ഠൻ നമ്പൂതിരിയും ഗാന്ധിജിയും തമ്മിൽ നടന്ന ഒത്തുതീർപ്പു സംഭാഷണത്തിൽ നിന്നു തന്നെ  ഇക്കാര്യം വായിച്ചെടുക്കുന്നതിൽ ശരിക്കേടുണ്ടാകില്ല. സംഭാഷണത്തിൽ മുൻജന്മ പാപഫലമാണ് അവർണരുടെ പിറവിയെന്ന് നമ്പൂതിരിയുടെ വാദം. ഇക്കാര്യത്തിൽ  പക്ഷേ ഗാന്ധിജിയുടെ നിശ്ശബ്ദത. വർണവ്യവസ്ഥയുടെ വൈശ്യ വി ഭാഗത്തിലുൾപ്പെട്ട ഗാന്ധിജി  വർണവ്യവസ്ഥയുടെ സ്വാധീനത്തിൽ നിന്ന് പാടേ വിമുക്തനായിരുന്നോവെന്ന ശ്രദ്ധേയമായ സംശയങ്ങൾ  ഇവിടെ ചേർത്തുവായിക്കുക.

ഒത്തുതീർപ്പെന്ന നിലയിൽ  ക്ഷേത്രത്തിന്റെ മൂന്നു ഭാഗത്തുള്ള വഴികളിൽ മാത്രമാണ് അവർണർക്ക് പ്രവേശനം ലഭ്യമായത്.   നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വഴി  തുറന്നു കിട്ടിയില്ല. ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്താനുള്ള അവകാശ നിരോധനം തുടർന്നു ! ഈ അവകാശം സ്ഥാപിച്ചെടുക്കുവാൻ അവർണ്ണ ജനതക്ക് പിന്നെയും ഒരു ദശകം കൂടി പിന്നിട്ട്  1936-ലെ ക്ഷേത്രപ്രവേശനം വരെ കാത്തിരിക്കേണ്ടിവന്നു. നേരത്തേ ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ വീഥികളിലും പ്രവേശിക്കുവാൻ ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും അവകാശമുണ്ടായിരുന്നു. ഗാന്ധിജിയുടെ ഒത്തുതീർപ്പ് വിട്ടുവീഴ്ചകളുടെ പരിണിതിയെന്നോണം പക്ഷേ കിഴക്കു ഭാഗത്തെ വഴിയിലേക്കുള്ള പ്രവേശനം അവർക്ക്  നിഷേധിക്കപ്പെടുകയായിരുന്നു. വൈക്കം സത്യഗ്രഹ സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരികരിപ്പിക്കുന്നതിൽ ഗാന്ധിയുടെ ഇടപ്പെടലുകൾ തീർത്തും ഭാഗീകമായി മാത്രമേ വിജയിച്ചുള്ളൂവെന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

ഗരുവായൂർ സത്യഗ്രഹവും ഗാന്ധിജിയും

1931 നവംബര്‍ ഒന്നു മുതല്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗുരുവായൂർ സത്യഗ്രഹത്തിലും ഗാന്ധിയുടെ ഇടപ്പെടലുകൾ ശ്രദ്ധേയമായ ഫലങ്ങളുളവാക്കിയിട്ടില്ലെന്ന വിലയിരുത്തലുകളുണ്ട്. 1932 സെപ്തംബര്‍ 22 മുതല്‍ സത്യഗ്രഹത്തെ നിരാഹാര സമരമായി രൂപാന്തരപ്പെടുത്തി. പക്ഷേ ഗാസിജിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഒക്‌ടോബര്‍ രണ്ടിന് ഗുരുവായൂർ നിരാഹാര സമരം നിര്‍ത്തിവെക്കേണ്ടതായി വന്നു. പിന്നീട് ഈ സത്യഗ്രഹം പുനരാരംഭിക്കുകയോ  തുടര്‍ നടപടികളുണ്ടാവുകയോ ചെയ്തില്ല. ഗാന്ധിജിയുടെ ഉറപ്പ്  പാലിക്കപ്പെട്ടില്ലെന്നു സാരം.

ഗാന്ധിജിയുടെ ഈ നിരുത്തരവാദിത്വ നിലപാടിനെ  ഡോ. ബി.ആര്‍. അംബേദ്കര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം ഒരു നിശ്ചിത തീയതിക്കുള്ളില്‍ തുറന്നുകൊടുത്തില്ലെങ്കില്‍ താന്‍ മരണംവരെ ഉപവസിക്കുമെന്ന് മി. ഗാന്ധി പ്രഖ്യാപിച്ചു. എന്നാല്‍ മി. ഗാന്ധി നിര്‍ദ്ദേശിച്ച തീയതിക്കു ശേഷവും ക്ഷേത്രം തുറക്കപ്പെട്ടില്ല. പക്ഷേ ഉപവാസം നടത്തുമെന്ന പ്രതിജ്ഞ മി.ഗാന്ധി നിറവേറ്റിയില്ല. ആശ്ചര്യമെന്നു പറയട്ടെ തന്റെ പ്രതിജ്ഞക്കുശേഷം പതിമൂന്നു വര്‍ഷം പിന്നിട്ടിട്ടും ഗുരുവായൂര്‍ ക്ഷേത്രം തുറന്നുകിട്ടാന്‍ അദ്ദേഹം ഒന്നും ചെയ്തില്ല (ഡോ.അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 16, പേജ് 233). ഗാന്ധിജിയുടെ പ്രഖ്യാപനത്തിനു ശേഷം 15 വര്‍ഷം പിന്നിട്ടാണ് ഗുരുവായൂരില്‍ തിയ്യനും ചെറുമനും കണക്കനും പാണനും പുലയനും പറയനുമടക്കമുള്ള അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം ലഭിച്ചത്. ഇതാകട്ടെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാരുണ്യത്താലും (മക്തബ്’സായാഹ്ന പത്രം 28.11.2013,  ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന ചരിത്രം, ശങ്കരനാരയണൻ മലപ്പുറം).

വൈക്കം, ഗുരുവായൂർ സത്യഗ്രഹ സമരങ്ങളിലെ ഗാന്ധിജിയുടെ ഇടപ്പെടലുകൾ കാര്യമായ ചലനങ്ങളുണ്ടാക്കിയെന്ന അവകാശവാദത്തിൽ ശരിക്കേടുകളുണ്ടെന്ന് ചരിത്ര പേജുകളിൽ നിന്ന് മുൻപ്പറഞ്ഞ വിലയിരുത്തലുകൾ  വായിച്ചെടുക്കാവുന്നതേയുള്ളൂ. എന്നിട്ടും കേരളത്തിന്റെ നവോത്ഥാന പ്രക്രിയുടെ മുഖ്യനേതൃത്വം ഗാന്ധിജിക്ക് ചാർത്തി നൽകുകയാണ് കോൺഗ്രസിന്റെ പോസ്റ്റ്.  ഇത് കോൺഗ്രസ് കേരളത്തിലെ ജാതി സ്പർദ്ധകൾക്കെതിരെ ശക്തമായി അണിനിരന്ന ശ്രീ നാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരെ  ഇക്ഴത്തികാണിക്കുന്നതിനു തുല്യം.

ചട്ടമ്പിസ്വാമിയോ നാരായണ ഗുരുവോ

കോൺഗ്രസ് പോസ്റ്ററിൽ കേരളത്തിന്റെ മുഖ്യ നവോത്ഥാന സാരഥി ശ്രീ നാരായണ ഗുരുവിനെ മൂലയിലിരുത്തിയപ്പോൾ വലിപ്പമാർന്ന ചിത്രത്തോടെ ചട്ടമ്പിസ്വാമിയുടെ സ്ഥാനം ഗാന്ധിജിക്ക് തൊട്ടടുത്ത്. മതാതീമായി സർവ്വരെയും ഉൾകൊള്ളുവാനുള്ള കറകളഞ്ഞ മാനവീകതാവാദം ഉയർത്തിപ്പിടിക്കുന്നിടത്താണ് യഥാർത്ഥ സാമൂഹിക പരീഷ്ക്കരണം / നവോത്ഥാനം സുസാധ്യമാക്കപ്പെടുക.

ഇതര മതങ്ങളോട്  അസഹിഷ്ണുത വാരിവിതറിയുള്ളതാണ് ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതച്ഛേദനമെന്ന രചന. ഈ രചന പക്ഷേ യഥാർത്ഥ സാമൂഹിക പരീഷ്ക്കരണം / നവോത്ഥാനം സുസാധ്യമാക്കപ്പെടുന്ന ദിശയിലുള്ളതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.   ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്. മതമേതയാലും മനുഷ്യൻ നന്നായാൽ  മതി,  അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം തുടങ്ങിയ കലാലതീത  വചനങ്ങൾ ഉദ്ഘോഷിച്ച നാരായണ ഗുരുവാകട്ടെ സാമൂഹിക പരിഷ്കരണ / നവോത്ഥാന മൂല്യങ്ങളുടെ തലതൊട്ടപ്പനെന്ന സ്ഥാനത്തിന് അർഹനുമായി. ഇത്രയൊക്കയായിട്ടും ഗുരുവിനെ പോസ്റ്ററിന്റെ മൂലയിലൊതുക്കി ചട്ടമ്പിസ്വാമിക്ക് പ്രാമുഖ്യം നൽകിയതിന് പിന്നിൽ  കോൺഗ്രസിന്റ  നായർ വോട്ടുബാങ്ക് രാഷ്ട്രീയം. ഇത് കണ്ടെത്താൻ മഷിയിട്ടു നോക്കേണ്ടതില്ല.

ഗുരുവിന് തുല്യനോ മന്നം

‘ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആര്‍.എസ്.എസ് ആണ് – മന്നത്ത് പത്മനാഭന്‍’  (ആര്‍.എസ്.എസ് മുഖപത്രം കേസരി 20-10-1957) എന്ന റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമല്ലേ മന്നത്ത് പത്മനാഭൻ കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണ / നവോത്ഥാനത്തിന് നൽകിയെന്നുപറയപ്പെടുന്ന സംഭാവനകളുടെ സ്വഭാവമെന്തെന്ന്? ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കാര്‍ പങ്കെടുത്ത ചടങ്ങിലാണ് മന്നം ഈ പ്രസ്താവന നടത്തിയതെന്നത് പ്രത്യേക ശ്രദ്ധേയം.

വർണവ്യവസ്ഥയിലെ അവസാന കണ്ണിയിലുൾപ്പെട്ട മന്നത്തിന്റെ ജാതിവ്യവസ്ഥാ ചിന്താപരിസരത്ത് നിറഞ്ഞുനിന്നത് വർണവ്യവസ്ഥ തന്നെയായിരുന്നുവെന്നതിന് ദൃഷ്ടാന്തങ്ങൾക്ക് കുറവില്ല. ‘പുലയൻ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ല’ – ഇത് മന്നത്തിന്റെ മുതുകുളം പ്രസ്താവന.  ‘ഈഴവന്‍ പന്നിപെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും നല്‍കിയത് പുനപരിശോധിക്കണം…’  ഇത്1963ലെ ശാസ്തമംഗലം പ്രസംഗം. ഈഴവനായ ആർ ശങ്കർ മുഖ്യമന്ത്രിയായതിലെ മന്നത്തിന്റെ കടുത്ത അസഹിഷ്ണുതയും കേരളം കണ്ടിട്ടുണ്ട്. ശങ്കറിനെ ജാതീയമായി അധിക്ഷേപിച്ച് തൊപ്പിപ്പാളക്കാരനെന്നാണ് മന്നത്ത് പത്മനാഭന്‍ വിളിച്ചത്. 1964ല്‍ കേരള കൗമുദിയില്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ‘ ശങ്കരന്‍, ഈ തൊപ്പിപ്പാളക്കാരന്റെ ഭരണം എങ്ങിനെ കണ്ടുകൊണ്ടിരിക്കും എന്ന് മന്നം പറഞ്ഞതായി അയ്യപ്പന്റെ ലേഖനം‍  വ്യക്തമാക്കുന്നു ( http://gurusreenarayana.blogspot.com/2014/02/blog-post_22.html ). ഇപ്പറഞ്ഞ കാരണങ്ങളാൽ തന്നെ വൈക്കത്ത് നിന്ന് ജാഥ നയിച്ചതുകൊണ്ടുമാത്രം മന്നത്തിന് നവോത്ഥാന നായകനെന്ന ബഹുമതി ചാർത്തികൊടുക്കുന്നതിൽ ചരിത്ര പിൻബലമുള്ള സൂക്ഷ്മത മന: പൂർവ്വം പാലിച്ചില്ലെന്നത് വ്യക്തം. കോൺഗ്രസ്   പോസ്റ്റർ കേരളത്തിന്റെ യഥാർത്ഥ നവോത്ഥാന സാരഥി ശ്രീനാരായണ ഗുരുവിനെ വർണവ്യവസ്ഥ മനസ്സിൽ മൂടിവക്കാൻ  ശ്രമിച്ച് ദയീനയമായ പരാജയപ്പെട്ട മന്നത്തിന് തുല്യനാക്കിയതിന് ചരിത്രം മാപ്പു തരില്ല.

നവോത്ഥാന മൂല്യങ്ങളുടെ പ്രചരണവും ഓർമ്മപ്പെടുത്തലുമെന്ന ലക്ഷ്യമിട്ട കോൺഗ്രസ് പോസ്റ്റർ ബോധപൂർവ്വമാണെങ്കിലുമല്ലെങ്കിലും കേരളീയ നവോത്ഥാന ചിന്താസരണികളെ ഉദ്ബോധിപ്പിച്ച് നവോത്ഥാന നേതൃത്വത്തിൽ പ്രതിഷ്ഠിക്കപ്പെട്ട  ശ്രീ നാരായണ ഗുരുവിനോടുള്ള അവഗണനയുടെ അടയാളമാണെന്ന് പറയാതെ വയ്യ . ഇതിനെ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റ ചരിത്രത്തോടുള്ള കോൺഗ്രസ് നീതിക്കേടിന്റെ വിളംമ്പര – പ്രചരണമെന്ന് ന്യായമായും സംശയിക്കണം.

 

 

 

 

 

 

 

 

 

 

 

 

 

 

Related Post