ഭക്ഷ്യദൗർലഭ്യത (food scarcity) യെ കൂട്ടുപിടിച്ച് ഭൂപരിഷ്കരണത്തിൽ നിന്നൊഴിവാക്കപ്പെട്ടി ട്ടുള്ള തോട്ടങ്ങളിൽ ഇടവിളകളെന്ന വാദ ങ്ങളുടെ കാണാപ്പുറം
This article discusses the inherent problems in the Land Reforms in Kerala
കെ.കെ ശ്രീനിവാസൻ/ KK Sreenivasan
ഉപഭോകൃത സംസ്ഥാനം. ഭക്ഷ്യ സ്വയംപര്യാപ്തതയില്ലാത്ത സംസ്ഥാനം. അരി, പച്ചക്കറി, പാൽ, പഴം തുടങ്ങിയ നിത്യോപയോഗ ഭക്ഷ്യസാധനങ്ങൾക്കായ് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാട്. കേരളം ഇങ്ങനെയൊരു അവസ്ഥയിലെത്തിചേർന്നതിൻ്റെ പിന്നിൽ ഭൂപരിഷ്കരണ നിയമം പ്രതിഫലിച്ചുണ്ടോയെന്ന പരിശോധന ആവശ്യമാകാതിരിക്കുന്നില്ല. കേരളത്തിലെ ഭൂബന്ധങ്ങളുടെ പൊളിച്ചെഴു ത്തിന് നാന്ദികുറിച്ച ഭൂപരിഷ്കരണ നിയമം പഴുതുകളടച്ച് കാലോചിതമായ മാറ്റത്തിന് വിധേയമാക്കേണ്ടതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും തുടരുക യാണ്. 1957-ല്‍ രൂപീകരിക്കപ്പെട്ട ഒന്നാം നിയമസഭ മുതല്‍ 12-ാം നിയമസഭ വരെ ഭൂപരിഷ്കരണ നിയമം ഭേദഗതികളിലൂടെ കടന്നുപോയി. എന്നിട്ടും ഭൂബന്ധങ്ങളില്‍ കാതലായ മാറ്റങ്ങളുണ്ടായില്ലെന്നവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തിൽ, ഭൂപ രിഷ്കരണം 52 വർഷം പിന്നിട്ട വേളയിൽ, ഭൂപരിഷ്കരണത്തെപ്രതി ഒരു ഓഡിറ്റ് (കണക്കെടുപ്പ്) ആവശ്യം.
ഫ്യൂഡല്‍ ഭൂബന്ധങ്ങള്‍ തകര്‍ത്ത് മുതലാളിത്ത ഭൂബന്ധങ്ങള്‍ പിന്നിട്ട് മണ്ണില്‍ പണിയെടുക്കുന്ന യഥാര്‍ത്ഥ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ആദി വാസി – ദളിത് വിഭാഗങ്ങള്‍ക്കും ഭൂമിയുടെ അര്‍ഹമായ വിഹിതം ലഭ്യമാക്കപ്പെട്ടിട്ടുണ്ടോ? ഭൂപരിഷ്കരണത്തിലൂടെ കര്‍ഷികോല്പാദനക്ഷമതയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ? ഭൂപരിഷ്കരണത്തിൽ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കിയതിലെ ന്യായീകരണം സമ്മതിക്കത്തക്കതോ? ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളാകേണ്ടിയിരുന്ന വലിയൊരു വിഭാഗത്തിന് ആദ്യ ഇഎംഎസ് മന്ത്രിസഭക്കെതിരെ ഉയര്‍ന്നു വന്ന വിമോചന സമരം വിലങ്ങുതടിയായിട്ടുണ്ടോ? ഇപ്പറഞ്ഞ സംശയങ്ങള്‍ കൃത്യമായി ദൂരീകരിച്ച് ഭൂപരിഷ്കരണത്തിന്റെ നേട്ടവും കോട്ടവും നിര്‍ണ്ണയിക്കപ്പെടുമ്പോഴായിരിക്കും കണക്കെടുപ്പ് പൂര്‍ത്തീകരിക്കപ്പെടൂ.
ജാതിവ്യവസ്ഥയിൽ കൂട്ടിക്കെട്ടി കുടികിടപ്പ്
ഇന്ത്യയിലെ ഫ്യൂഡല്‍ ഘടനയിലെ ജാതിവ്യവസ്ഥയനുസരിച്ച് മണ്ണില്‍ പണിയെടുത്തിരുന്നവരില്‍ ഗണ്യമായൊരു വിഭാഗം പട്ടികജാതിക്കാരായിരുന്നു. മണ്ണില്‍ എല്ലുമുറിയേ പണിയെടുക്കു ന്നതിനുമപ്പുറം ഭൂമിയിന്മേലുള്ള അവകാശം അനുവദിക്കപ്പെട്ടിരുന്നില്ല. ജാതിവ്യവസ്ഥയിലെ പട്ടികജാതിക്കാരുൾപ്പെടെയുള്ള അടിസ്ഥാന വർഗത്തിന് ജന്മിമാരുടെ കുടിയാന്മാരാകാനായില്ല. മണ്ണില്‍ പണിയെടുക്കുന്നവര്‍ മാത്രമായിരുന്നു അവര്‍. ഭേദഗതികളിലൂടെ അന്തഃസത്ത ചോര്‍ത്തികളഞ്ഞ കേരളത്തിന്റെ ഭൂപരിഷ്കരണത്തിലൂടെ പട്ടിക ജാതിക്കാര്‍ക്കടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ലഭ്യമായതാകട്ടെ മൂന്ന് മുതല്‍ 10 സെന്റ് കുടികിടപ്പവകാശം!
1957 ഡിസംബര്‍ 18ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആരംഭിച്ച ഭൂപരിഷ്കരണ നിയമ രൂപീകരണ നടപടികള്‍ ഘട്ടങ്ങൾ പിന്നിട്ട് പ്രാബല്യത്തിലെത്തിയത് സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ വേളയില്‍ 1970 ജനുവരി ഒന്നിന്. 13 വർഷകാല താമസത്തെ അധികഭൂമികൈമാറ്റത്തിനുള്ള അവസരമാക്കി മാറ്റിയെടുത്തുവെന്നു പറയുന്നതിൽ ശരിക്കേടുണ്ടാകാനിടയില്ല. പണവും ഭരണതലങ്ങളിലെ ശക്തമായ സ്വാധീനവും സമന്വയിച്ചിടത്ത് പല ജന്മി കുടുംബങ്ങളുടെയും ഭൂസ്വത്തുക്കള്‍ ഭൂപരിഷ്കരണ നിയമത്തിന്റെ പിടിയിലകപ്പെട്ടില്ലെന്ന് കാണാം. ഭൂപരിഷ്കരണ നിയമത്തിന്റെ ആവശ്യകതയിലൂന്നിയുള്ള ചര്‍ച്ചകളുടെ ആരംഭത്തിലേ ജന്മിമാരുടെ പരിധിയിൽ കവിഞ്ഞ ഭൂസ്വത്തുക്കൾ നിർദ്ദിഷ്ട ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് സംരക്ഷിച്ചെടുക്കുവാന്‍ അതീവ കൗശലം പ്രകടിപ്പിക്കപ്പെട്ടുവെന്നത് വസ്തുത. കേരളത്തിലെ മുഴുവന്‍ വില്ലേജുകളിലേയും ഭൂരേഖകള്‍ സൂക്ഷ്മതയോടെ പഠനവി ധേയമാക്കപ്പെട്ടാല്‍ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള ജന്മിമാർ തങ്ങളുടെ കണക്കറ്റ കുടുംബ ഭൂസ്വത്തുക്കളിലെ മിച്ചഭൂമിയെ ഭൂപരിഷ്കരണ നിയമത്തിൽ നിന്നും സംരക്ഷിച്ചെടെുത്തിട്ടുണ്ടെന്നതിന് വ്യക്തത കൈവന്നേക്കും.
ലാന്റ് ട്രീബ്യൂണല്‍ നടപടികള്‍ പ്രകാരം കുടിയാന്മാര്‍ക്ക് കുടിയായ്മ അവകാശം കൈവന്നു. അതേസമയം ഭൂരഹിതന് ഭൂമി (Land to Landless) യെന്ന ദിശയില്‍ ശക്തമായ നടപടികളുണ്ടായില്ല. ഭൂപരിഷ്കരണ നിയമ പിന്‍ബലത്തില്‍ പാട്ടഭൂമികൾക്ക് അവകാശികളായി. കൃഷിഭൂമിയില്‍ പകലന്തിയോളം എല്ലു മുറിയെ ചേറില്‍ പണിയെടുക്കുവാന്‍ മാത്രം വിധിക്കപ്പെട്ട അടിയാളരടക്കമുള്ള അദ്ധ്വാനവർഗം ഭൂരഹിതരായി. വിഭവ സമാഹരണ സാധ്യതയടക്കപ്പെട്ടരായി ഭൂര ഹിതര്‍. ഇതോടൊപ്പം സര്‍ക്കാര്‍ മുന്‍കയ്യില്‍ പട്ടികജാ തിക്കാരെയുൾപ്പെടെ ഭൂരഹിതരെ ലക്ഷംവീട് കോളനികളിലേക്ക് അരികുവൽക്കരിച്ചു.
കോളനികളിലേറെയും ഭൂപരിഷ്കരണ നിയമത്തിന് പിടികൊടുക്കാതിരുന്ന പരമ്പരാഗത ജന്മിമാരുടെയും ഭൂപരിഷ്കരണ നിയമത്തിലൂടെ ചെറുജന്മിമാരാക്കപ്പെട്ട കുടിയാന്മാരുടെയും കൃഷിയിടങ്ങളുടെ സമീപപ്രദേശത്താണെന്നത് പ്രത്യേകം ശ്രദ്ധേയം. നിയമത്തിന്റെ പിടിയിലകപ്പെടാതെ സുരക്ഷിതരായ ജന്മിമാരുടെയടക്കം വരുതിയില്‍ അദ്ധ്വാന വിഭവശേഷി ശേഖരം സൃഷ്ടിക്കുകയെന്ന ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
യന്ത്രവല്‍ക്കരിക്കപ്പെടാതെപ്പോയ കാര്‍ഷികമേഖല (No mechanisation in Agri sector)
സ്വന്തമായി ഒരു പിടിമണ്ണ് നിഷേധിക്കപ്പെട്ടവരുടെ, ഭൂരഹിതരുടെ വിഭവസമാഹരണശേഷികൂടി ചോര്‍ത്തികളയുന്നതിന്റെ ഭാഗമായിയെന്നോണം കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ യന്ത്രവല്‍ക്കരണത്തിലേക്കുള്ള വഴിമാറ്റം തടയപ്പെട്ടു. കാലത്തിനനുസൃതമായി യന്ത്രവല്‍ക്കരിക്കപ്പെടാതെപ്പോയപ്പോള്‍ കൃഷി ലാഭകരമല്ലാതായി. ഭേദപ്പെട്ട കർഷകരായി മാറിയ കുടിയാന്മാ രുൾപ്പെടെ കൃഷിയിറക്കാന്‍ വിമുഖരായി. ഇതിന്റെ പരിണിതിയായി കര്‍ഷക തൊഴിലാളികളാക്കപ്പെട്ടവരുടേയും ഭൂരഹിതരുടേയും സാമ്പത്തികാവസ്ഥ കൂടുതല്‍ പരിതാപകരമാക്കപ്പെട്ടു. കാലം ആവശ്യപ്പെട്ടതനുസരിച്ച് കാര്‍ഷിക മേഖല യന്ത്രവല്‍ക്കരി ക്കപ്പെട്ടിരുന്നെങ്കില്‍ കാര്‍ഷികവൃത്തി ഏറെ ആകര്‍ഷകമാകുമായിരുന്നു. കാര്‍ഷികോല്പാദനം ഗണ്യമായി ഏറുമായിരുന്നു. അത് കര്‍ഷകരുടേയും ഒപ്പം കര്‍ഷക തൊഴിലാളികളുടേയും അവസ്ഥ മെച്ചപ്പെടുത്തിയേനെ.
അദ്ധ്വാനവും മൂലധനവും തമ്മില്‍ വൈരുദ്ധ്യം മുര്‍ച്ഛിപ്പിച്ച് തിസിസും ആന്റി തിസിസും സിന്തസിസും തേടിയവര്‍ അദ്ധ്വാനവര്‍ഗത്തിന്റെ കയ്യെത്തുംദൂരത്ത് മൂലധനമെത്തിപ്പെടാതിരിക്കാന്‍ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നുവെന്ന് ന്യായമായി സംശയിക്കാം. ഭൂബന്ധങ്ങളെ മാറ്റിമറിക്കാന്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തി ന്റെ ഗുണഭോക്താക്കളാവാന്‍ അടിസ്ഥാനവര്‍ഗവും തോട്ടം തൊഴിലാളികളുമടങ്ങുന്ന വലിയൊരു വിഭാഗത്തിനായില്ലെന്നിടത്താകട്ടെ ഈ സംശയം ശക്തിപ്പെടുകയാണുതാനും. ദാരിദ്രത്തിന്റെ അടുപ്പിലേ വിപ്‌ളവം വേവിച്ചെടുക്കുവാനാകൂയെന്ന തിരിച്ചറിവായിരിക്കണം ഒരു ജനതതിയുടെ വിഭവസമാഹരണശേഷി നിര്‍വ്വീര്യമാക്കപ്പെട്ടതിനുപിന്നില്‍. ഇതുപക്ഷേ ഇനിയും തുറന്നു കാണിക്കപ്പെടേണ്ടിയിരിക്കുന്നു.
ഭൂപരിഷ്കരണത്തിലൂടെ ലഭിച്ച കുടികിടപ്പില്‍ കുടുംബഘടനയിലെ വിഘടനം. കുടികിടപ്പില്‍ വിഘടിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് തലച്ചായ്ക്കുവാന്‍ ഇടമില്ലാതായി. എന്തിനധികം മരിച്ചാല്‍ ആറടി മണ്ണുപ്പോലുമില്ലാത്ത ദൈന്യാവസ്ഥ. ത്വരിതഗതിയിലുള്ള ജനസംഖ്യ വര്‍ദ്ധനവിന്റെ പട്ടികയിയോടൊപ്പം ഭൂരഹിതരായിട്ടു ള്ളവരുടെ എണ്ണം നിശബ്ദമായി ഇവിടെ കനംവെക്കുകയും ചെയ്തു. പ്രകൃതി സമ്പത്തും വിഭവസമാഹരണശേഷി ഉപാധികളിലൊന്നുമായ ഭൂമിയുടെ അര്‍ഹമായ വിഹിതം ഉറപ്പിക്കപ്പെടാതിരുന്നതിനാല്‍ കുടികിടപ്പിലേതടക്കമുള്ള ദളിതരുടെയും പാര്‍ശ്വവല്‍ക്കരിപ്പെട്ടവരുടെയും സന്തതി പരമ്പരകള്‍ക്ക് സാമൂഹിക – സാമ്പത്തിക രംഗത്ത് സുരക്ഷിതരാകാനായില്ല. രാഷ്ട്രീയ അധികാരത്തിലും ശ്രദ്ധേയമായ ഇടം ലഭ്യമായില്ല. ഭൂബന്ധങ്ങളെ മാറ്റിമറിക്കാന്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണഭോക്താക്കളാവാന്‍ അടിസ്ഥാന വര്‍ഗങ്ങളും തോട്ടം തൊഴിലാളികളുമടങ്ങുന്ന വലിയൊരു വിഭാഗത്തിനുമായില്ലെന്നത് ഇനിയും മുഖവിലക്കെടുപ്പെടുന്നില്ല. അതുകൊണ്ടുത്തന്നെ ഒരുതുണ്ടു ഭൂമിക്കു വേണ്ടി സര്‍ക്കാരുകൾക്ക് മുന്നിൽ നിരന്തരം കെഞ്ചുക യെന്നല്ലാതെ ഭൂരഹിതർക്ക് ബദലുകളില്ലാതായി.
അട്ടപ്പാടി ഭൂമി കൂംഭകോണം (Lnad Scam in Attapadi)
വിഎസ് അച്യുതാനന്ദൻ്റെ ഇടതു സർക്കാർ വേളയിൽ അട്ടപ്പാടി കുന്നുകളിലെ കാറ്റില്‍നിന്നും വൈദ്യുത പദ്ധതി. വികസനത്തിന്റെ പാതയില്‍, അട്ടപ്പാടി നല്ലശിങ്ക ഊരിലെ വൃദ്ധയായ രങ്കമ്മാളിന് പരമ്പരാഗതമായി കിട്ടിയ ഭൂമി മാത്രമല്ല അന്യമായത്. അന്തിയുറ ങ്ങാനുള്ള കൂരപോലും വികസനത്തിന്റെ മലവെള്ളപാച്ചലില്‍ നിലംപൊത്തി. അട്ടപ്പാടി കുന്നുകളിലെ കാറ്റിന് കൂടുകൂട്ടാന്‍ വിന്‍ഡ്മില്‍ (കാറ്റാടി) സജ്ജമാക്കപ്പെട്ടപ്പോള്‍ രങ്കമ്മാളിന് തലചായ്ക്കുവാനുള്ള കൂട് തകര്‍ക്കപ്പെടുകയായിരുന്നു. നല്ലശിങ്ക ഊരിലെത്തന്നെ വൃദ്ധയായ കാളിക്ക് അന്യമായത് തന്റെ ഒരേക്കര്‍ ഭൂമി. രവിയെന്ന ആദിവാസിയുടെ ഏഴേക്കര്‍ ഭൂമിയാണ് വിന്‍ഡ്മില്ലിന്റെ പേരില്‍ കവർന്നെടുക്കപ്പെട്ടത്.
വികസനത്തിന്റെ പേരിൽ കാറ്റാടികള്‍ അട്ടപ്പാടി കുന്നുകളില്‍ ചിറകുവിരിച്ച പ്പോള്‍ ആദിവാസി ജനതതിയോടുള്ള ചൂഷണത്തിന്റെ ചരിത്രമാണ് വീണ്ടും കുറിക്കപ്പെട്ടത്. ആദിവാസിഭൂമി അന്യാധീനമാക്കപ്പെടുന്നത് നിയമം നിരോധിക്കുന്നുണ്ട്. ഈ നിയമം പക്ഷേ കാറ്റില്‍പറത്തിയത് സര്‍ക്കാരുകള്‍ തന്നെയാണെന്നുവച്ചാലോ? അട്ടപ്പാടി കുന്നുകളുടെ പരിസ്ഥിതിയെ വിന്‍ഡ്മില്‍ തകിടംമറിക്കു ന്നുവെന്നതിന് ഒരു വിഭാഗം അമിതപ്രാധാന്യം നല്‍കി ആദിവാസികളുടെ ഭൂമി അന്യാധീനമാക്കപ്പെട്ടതിൽ നിന്ന് ശ്രദ്ധ തിരിയ്ക്കുവാൻ ശ്രമിയ്ക്കാതിരു ന്നില്ലെന്നത് പ്രത്യകം ശ്രദ്ധേയം. ഈ പശ്ചാത്തലത്തില്‍ ഭൂമി അന്യാധീനമാക്ക പ്പെട്ടവരും ഭൂരഹിതരുമായ ആദിവാസി ജനത ഭൂസമരങ്ങളില്‍ ഇനിയും കണ്ണി ചേര്‍ക്ക പ്പെടുകതന്നെ ചെയ്യു (കേരളസ്കാന്‍, എപ്പിസോഡ്, 2007 നവംബര്‍ 25) മെന്ന് വ്യക്തമാക്കിയിരുന്നു.
മുൻ നക്സൽ നേതാവ് കെ.വേണു പ്രാജക്ട് ഡയറക്ടറും ഈ ലേഖകന്‍ പ്രോഗ്രാം ഡയറക്ടറും ചീഫ് റിപ്പോര്‍ട്ടറുമായിരുന്ന വാര്‍ത്താവിഷന്റെ ബാനറില്‍ എഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ടെലികാസ്റ്റ് ചെയ്യപ്പെട്ടിരുന്ന അരമണിക്കൂര്‍ വാര്‍ത്താധിഷ്ഠിത പ്രോഗ്രാം കേരളസ്കാന്‍ അട്ടപ്പാടിയിലെ സുസ് ലോണ്‍ വിന്റ്മില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആരംഭത്തില്‍ തന്നെ ആദിവാസികളുടെ ഭൂമി അന്യാധീനമാക്കപ്പെടുന്നുവെന്ന് കൃത്യമായി തുറന്നുകാണിച്ചിരുന്നു. അത് പക്ഷേ മുഖവിലക്കെടുക്കുവാന്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന യുഡിഎഫോ എന്തിനധികം മറ്റു മാധ്യമങ്ങളോ തയ്യാറായില്ല.
കോഴിക്കോട് ലോകസഭ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇടതുപക്ഷം ഉപേക്ഷിച്ച് എം.പി വീരേന്ദ്രകുമാറിന് യുഡിഎഫില്‍ ചേക്കേറേണ്ടിവന്നു. അതോടെ അട്ടപ്പാടി ഭൂമി കൂംഭകോണ വാര്‍ത്തകള്‍ മാതൃഭൂമി പത്രത്തിലിടം പിടിയ്ക്കാൻ തുടങ്ങി. വീരേന്ദ്രകുമാര്‍ കുടുംബവും വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് സ്ഥാപിച്ചെടുക്കാന്‍ ദേശാഭിമാനിയും സിപിഎം നേതാക്കളും കച്ച കെട്ടിയിറങ്ങിതിരിച്ചതോടെയാണ് വിഎസ് സര്‍ക്കാരിനെ, പ്രത്യേകിച്ച് സിപിഎമ്മിനെ, വെട്ടിലാക്കാന്‍, അട്ടപ്പാടി ഭൂമി കൂംഭകോണമുയര്‍ ത്തികൊണ്ടു വന്നത്. രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തന ങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന സ്ഥാപിത താല്പര്യങ്ങളുടെ തീവ്രത കൂടിയാണ് ഇവിടെ വെളിവാക്കപ്പെട്ടത്.
‘അപഹരിക്ക’പ്പെട്ട തലമുറ ( The Stolen Generation)
ആദിവാസികള്‍ക്കായി കോടികളുടെ ക്ഷേമപദ്ധതികള്‍. അതു പക്ഷേ ആദിവാസി കളിലേക്ക് എത്തുന്നുണ്ടോയെന്നത് എക്കാലത്തെയും ചിന്താവിഷയം. ആദിവാസികള്‍ അവരുടെ തനത് ആവാസവ്യവസ്ഥയായ കാട്ടില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടവരാണ്. ആദിവാസികളുടെ സന്തതി പരമ്പരകളെയെങ്കിലും ‘മുഖ്യധാര’യില്‍ പ്രതിഷ്ഠിക്കുന്നതിനായാണ് കോടികളുടെ ക്ഷേമപദ്ധതികള്‍ക്ക് തുടക്കംകുറിച്ചത്. ആദിവാസി ജനതതിയുടെ ഇച്ഛക്കനുസൃതമായല്ല അവരെ മുഖ്യധാരയിയിലെത്തിക്കുവാനുള്ള ഭരണകൂടദൗത്യങ്ങള്‍. ഇവിടെ തനത് ആവാസവ്യവസ്ഥയില്‍ നിന്ന് ‘അപ ഹരിക്ക’പ്പെട്ടവരായി മാറുകയല്ലേ ആനുകാലിക ആദിവാസി സമൂഹം?
ആസ്‌ട്രേലിയന്‍ മുഖ്യധാരാ സമൂഹം അവരുടെ ആദിമ ജനതയുടെ സന്തതി പരമ്പരകളെ മുഖ്യധാരയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറിച്ചുനട്ടിരുന്നു.1910 – 1970 വേ ളയിൽ അഞ്ചു വയസ്സിന് താഴെയുള്ള 100000 ആദിമ നിവാസികളായ കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് ആസ്‌ട്രേലിയന്‍ പൊലീസും വെല്‍ഫയര്‍ ഓഫീസര്‍മാരും ചേര്‍ന്ന് അപഹരിച്ചു. അപഹരിക്കപ്പെട്ട തലമുറ (Stolen Generation) യെന്നാണ് പറിച്ചുനടപ്പെട്ടവര്‍ അറിയപ്പെട്ടിരുന്നത്. ഇങ്ങനെ അപഹരി ക്കപ്പെട്ട തലമുറക്ക് തങ്ങളുടെ തനത് ഭാഷയും ആചാരങ്ങളും വിലക്കപ്പെട്ട കനിയായി. രാജ്യത്തിനകത്തും പുറത്തുമായി പറിച്ചുനടപ്പെട്ട തലമുറ അനാഥരാണെന്ന് തെറ്റുദ്ധരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇനി അപഹരിക്കപ്പെട്ട തലമുറകള്‍ സൃഷ്ടിക്കപ്പെടേണ്ടതില്ലെന്ന മുന്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിന്റെ സര്‍ക്കാര്‍ തീരുമാനം ചരിത്രത്തില്‍ ഇടം നേടി.
ആദിമ ജനതതിയുടെ നന്മയിലധിഷ്ഠിതമായ ആസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ വിശാലമനസ്ക്കത നമ്മുടെ ഭരണകൂടങ്ങളില്‍ പ്രകടിതമാകുമോയെന്നത് മറ്റൊരു വിഷയം. തനത് ആവാസവ്യവസ്ഥയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട ആദിവാസി കള്‍ക്ക് ജീവസന്ധാരണ ദിശയില്‍ കൃഷിഭൂമിയടക്കമുള്ള ഉപജീവനോപാധികള്‍ ഉറപ്പിക്ക പ്പെടുകയെന്നതാണ് മുഖ്യം. ഇതിനുപകരം പക്ഷേ വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍നിന്ന് ആദിവാസികള്‍ ആട്ടിയിറക്കപ്പെട്ട കാഴ്ചയാണ് ഇപ്പോഴും.
പാടികളിലെ തോട്ടം തൊഴിലാളികള്‍
ഭൂപരിഷ്കരണത്തില്‍ നിന്നും തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങള്‍ ഒഴി വാക്കപ്പെട്ടു. പതിനായിരകണക്കിന് തോട്ടം തൊഴിലാളികളുടെ തൊഴില്‍ സുര ക്ഷയെ മുന്‍നിറുത്തി തോട്ടം മേഖലയെ ഭൂപരിഷ്കരണത്തില്‍ നിന്ന് ഒഴിവാക്കി യതെന്നുള്ളതായിരുന്നു ന്യായികരണം. അതേസമയം ടാറ്റാ, ഗോയെങ്കയുടെ ഹാ രിസണ്‍ മലയാളം തുടങ്ങിയ വന്‍കിട തോട്ടം ഉടമകളെ പിണക്കേണ്ടതില്ലെന്ന രാ ഷ്ട്രീയ കൗശലവും തോട്ടം മേഖല ഒഴിവാക്കപ്പെട്ടതില്‍ അന്തർലീനമാണു്. ഭൂപരിഷ്കരണ നിയമത്തിന്റെ ആനുകൂല്യം തോട്ടം ഉടമകൾക്ക് പരമാവധി തരപ്പെടുത്തികൊടു ക്കുന്നതില്‍ അന്നത്തെ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചുവെന്നു ചുരുക്കം.
ഏറെ വിപ്‌ളവാത്മകമെന്ന് വിശേഷപ്പിക്കപ്പെട്ട കേരള ഭൂപരിഷ്കരണ നിയമം നീതിനിഷേധത്തിന്റെ പഴുതുകളില്‍ നിന്ന് വിമുക്തമല്ല. നിയമത്തിനുള്ളില്‍ പതിയിരിക്കുന്ന നീതിനിഷേധത്തിന്റെ ഇരകളുടെ പട്ടിക ഒട്ടുമേ ചെറുതല്ല. വർഷാവഷം കാലവർഷം കവർന്നെടുക്കാൻ വിധിക്കപ്പെട്ട തോട്ടം തൊഴിലാളി ജീവനുകൾ ഈ പട്ടികയുടെ ആദ്യസ്ഥാനങ്ങളിൽ തന്നെയുണ്ട്. 2019ൽ മേപ്പാടി പുത്തുമല ഉരുൾ പൊട്ടൽ. 2020 മൂന്നാർ രാജമലയിലും. നെല്ലിയാമ്പതിയുണ്ട് – കാണാതെ പോകരുത്.
കേരളത്തിലെ തോട്ടം തൊഴിലാളികൾ ദുർബ്ബലരിൽ ദുർബ്ബലർ. തോട്ടം മുതലാ ളിമാർക്ക് വേണ്ടി പണിയെടുക്കുന്ന ‘യന്ത്ര’ങ്ങൾ. പാടികളിൽ / ലയങ്ങളിൽ ജീവിതം ഹോമിക്കപ്പെട്ടവർ. പച്ചപ്പിൻ്റെ മേൽപരപ്പിലാണ് തോട്ടം തൊഴി ലാളികളുടെ പാർപ്പിട സങ്കേതങ്ങൾ. ഇവരുടെ ജീവിതത്തിന് പക്ഷേ പച്ചപ്പില്ല. ഇവർ അതിദുർബ്ബലർ. ഇവരുടെ ആവാസ വ്യവസ്ഥ ദുർബ്ബലം. ലോലം. കാലവർഷം ഇവരുടെ ഉറ്റവരും ഉടയവരുടെ ജീവനുകൾ കവർന്നെടുക്കുന്നത് തുടരുകയാണ്.
തോട്ടം തൊഴിലാളികൾക്ക് ശുദ്ധമായ കുടിവെള്ളമില്ല. തോട്ടങ്ങളിൽ തളിക്കുന്ന മാരക കീടനാശിനികളുടെ അംശങ്ങൾ കലർന്ന കുടിവെള്ളം. വന്യ ജീവികളുടെ ആക്രമണം. ലയങ്ങളിലെ ഡിസ്പെൻസിറിയലെ പരിമിതമായ ആരോഗ്യ പരി ചരണം. പണിയെടുക്കുന്നതിന് കൂലിയില്ല. കൂപ്പണുകൾ. മുതലാളിമാർ ചുമതലപ്പെ ടുത്തിയിട്ടുള്ള കടകളിൽ നിന്ന് കൂപ്പണുകളുപയോഗിച്ച് തൊഴിലാളികൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാമെന്നവസ്ഥ! എല്ലാം തട്ടിക്കിഴിച്ചുകഴിയുമ്പോൾ ശമ്പളം ശൂന്യം!
തോട്ടം തൊഴിലാളികൾക്ക് പുറംലോകത്തെത്താൻ പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴികളും നിറഞ്ഞ റോഡുകൾ. സ്വകാര്യ ജീപ്പുകളാണ് ഇവരുടെ യാത്രാ വണ്ടി. തോട്ടത്തിനുള്ളിലെ റോഡുകളിൽ ജീപ്പുകൾ ഓടുകയല്ല. ഒരു കുഴിയിൽ നിന്ന് മറ്റൊരു കുഴിയിലേക്ക് ഉയരത്തിൽ ചാടുകയാണ്. ലയങ്ങളിൽ പാർക്കുന്ന തോട്ടം തൊഴിലാളികളെ പുറംലോക ത്തെത്തിക്കുന്നത് ഉയരത്തിൽ ‘ചാടുന്ന’ ഈ ജീപ്പു സർവ്വീസുകൾ. ഇങ്ങനെയുള്ള ജീപ്പിൽ യാത്ര ചെയ്യുന്ന ഗർഭണികളുടെ അവസ്ഥ കഷ്ടം. ഗർഭധാരണത്തിൻ്റെ ആദ്യനാളുകളിൽ ഡോക്ടറെ കണ്ട് തിരിച്ചു ലയങ്ങളിലെത്തുന്നതോടെ ഗർഭമലസിപോകുന്നവസ്ഥ! ഒന്നല്ല പല തവണ. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഒരുപിടി മണ്ണ് എന്നത് കിട്ടാക്കനിയായി. തോട്ടം മുതലാളിമാര്‍ തട്ടിക്കൂട്ടിയ പാടി (ലയം) കള്‍ മാത്രമായി തൊഴിലാളികളുടെ താവളം. ലയങ്ങൾക്ക് തോട്ടങ്ങളുടെയത്ര തന്നെ കാലപഴക്കം! സമയാസമയങ്ങളിൽ പാടികളുടെ അറ്റകു റ്റപണികൾ ചെയ്യുന്നില്ല. അതിനാൽ തന്നെ പാടികൾ നിലംപൊത്താറായവസ്ഥയിലാണ്.
വെള്ളം, വെളിച്ചം, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം, താമസം തുടങ്ങിയ അവശ്യ സൗകര്യങ്ങളെല്ലാം ഉറപ്പിയ്ക്കേണ്ട ഉത്തരവാദിത്തം തോട്ടം മുതലാളിമാർക്കാണ്. ഇവയൊന്നും പക്ഷേ തോട്ടം ഉടമകൾ പാലിക്കുന്നില്ല. തോട്ടങ്ങളിലെ റോഡുകളുടെ അറ്റകുറ്റപണികൾ ഇപ്പോൾ ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുത്തിരിക്കുന്നുവെന്ന് കാ ണാം. കലുങ്ക് – റോഡു നിർമ്മാണങ്ങൾ, അറ്റകുറ്റപ്പണി തുടങ്ങിയവ മുഖ്യ ചുമതലയെന്ന ധരിച്ചുവശായവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനി ധികൾ. അതിനാൽ ഇവർ ഇക്കാര്യത്തിൽ പ്രത്യേകം ഊന്നൽ നൽകുന്നു! കരാറുകാരൻ്റെ കയ്യിൽ നിന്നുള്ള കമ്മീഷൻ തന്നെയാണ് ഈ ഊന്നലിന് പിന്നിൽ.
ജീർണാവസ്ഥയിലെത്തിയ പാടികൾക്ക് പകരം സർക്കാരിൻ്റെ ലൈഫ് പദ്ധതിയി ലുൾപ്പെടുത്തി തോട്ടം തൊഴിലാളികൾക്ക് വീടെന്നതും സാധ്യമാവുകയാണ്. തോട്ടം മുതലാളിമാരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിലൂടെ പൊതുഖജ നാവിലെ പണമെടുത്ത് തോട്ടം മുതലാളിമാരെ സേവിയ്ക്കുകയെന്ന സർക്കാർ ദൗത്യം ഭംഗിയായി തുടരുകയാണ്! വൻതോതിൽ ഭൂമി കൈവശത്തിൽ വയ്ക്കാൻ ഭൂപരിഷ്ക്ക രണത്തിലൂടെ തോട്ടം ഉടമകൾക്ക് അപൂർവ്വാവസരം നൽകിയവർ ഇപ്പോഴും തോട്ടം ഉടമകളെ കൈയഞ്ഞ് സാഹായിച്ചുകൊണ്ടേരിയ്ക്കുന്നുവെന്ന് ചുരുക്കം!
പാടികളിലെ കുടുംബങ്ങളിൽ വിവാഹം. ജനനം. കേവലം തലചായ്ക്കാനിടം കിട്ടിയവരുടെ കുടുംബ ഘടനയിൽ വ്യതിയാനങ്ങൾ. കുടുംബഘടനയിലെ പെരുക്കം പാടികളിലെ അല്പസൗകര്യങ്ങളെ വിർപ്പുമുട്ടിക്കുന്നു. മരിച്ചാൽ ആറടി മണ്ണുപോലുമില്ലാതെ വിഭവസമാഹരണ സാധ്യതകളടയ്ക്കപ്പെട്ടവരായി. ഇനിയുള്ള കാലം പക്ഷേ പാടികളെ മാത്രം ആശ്രയിച്ച് ഭൂരഹിതരായി കഴിയുവാനാകില്ലെന്നുള്ള തിരിച്ചറിവിന്റെ പാതയിലാണ് തോട്ടം തൊഴിലാളികള്‍. മൂന്നാറിലെ പാര്‍വ്വതീമലയിൽ ഭൂസമരം. തുടർന്ന് പെമ്പിളൈയൊരുമയുടെയും. മുത്തങ്ങ, ചെങ്ങറ, അരിപ്പ, തൊവരിമല ഭൂസമരങ്ങളും കേരളം കണ്ടു. ഭൂമി യ്ക്കായുള്ള ഈ പോരാട്ടങ്ങളെ സാമ്രാജ്യത്വ -നക്‌സൈലറ്റ് – മാവോയിസ്റ്റ് ഗൂഢാലോചനയില്‍ കുടുക്കിയപ്പോള്‍ പാര്‍വ്വതിമല – പെമ്പിളൈയൊരുമ ഭൂസമരങ്ങളെ പക്ഷേ തമിഴ് തീവ്രവാദിക ളുമായിട്ടാണ് കണ്ണിചേര്‍ത്തത്. അപ്പോഴും ഭൂരഹിതർക്ക് ഭൂമി നൽകി സമരപരിഹാരത്തിലല്ല ഊന്നൽ നൽകപ്പെടുന്നത്.
ഭൂസമരങ്ങള്‍ പിറവിയെടുക്കന്നുതിന്റേയും ശക്തിപ്പെടുന്നതിന്റേയും സാമൂഹിക-രാഷ്ട്രിയ സാഹചര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയണം. അതല്ലാതെ ഭൂസമരങ്ങളെയെല്ലാം ‘അന്യ’രുടെ ഗൂഢാലോചനയായി ചിത്രീകരിക്കുകയല്ല വേണ്ടത്. ഭൂരഹിത ജനതതിയെ സൃഷ്ടിച്ചവര്‍ തന്നെയാണ് ഇന്നത്തെ ഭൂസമരങ്ങള്‍ക്ക് ഉത്തരവാദികള്‍. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഭൂസമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനകളുണ്ടെന്ന് മഷിയിട്ട് കണ്ടുപിടിയ്ക്കാന്‍ തുനിയാതെ ഭൂരഹിതരര്‍ക്ക് ഇനിയെങ്കിലും അദ്ധ്വാനിച്ച് ജീവിക്കുവാനുള്ള മണ്ണ് ലഭ്യമാക്കുകയാണ് വേണ്ടത്.
ട്രെഡ് യൂണിയനുകൾ തോട്ടം മുതലാളിമാരുടെ ദല്ലാളർ (Trade Uninon leaders are Brokers )
തോട്ടം തൊഴിലാളികളുടെ സംരക്ഷകരായെത്തിയ ട്രെഡ് യൂണിയൻ പ്രസ്ഥാനങ്ങൾ സ്ഥാപനവൽക്കരിക്കപ്പെട്ടു. യൂണിയൻ നേതൃത്വങ്ങൾ തോട്ടം മുതലാളിമാരുടെ ഇഷ്ടക്കാരായി. തോട്ടങ്ങളിൽ ഇടവിളകൾക്കും വിനോദ സഞ്ചാര വികസനത്തിനുമായി തോട്ടം ഭൂമി തരംമാറ്റുന്നതിനായി ട്രെഡ് യൂണിയൻ പ്രസ്ഥാനങ്ങൾ ഇടനില ക്കാരായി. ഭരിക്കുന്നവരുടെ പോഷകസംഘടനകളെന്ന നിലയിൽ തോട്ടം മുതലാളിമാരെ സർക്കാരുമായി കൂട്ടിമുട്ടിച്ചുകൊടുക്കുന്ന ദല്ലാൾ ദൗത്യമേറ്റെടുത്തിരിക്കുന്നത് തോട്ടം തൊഴിലാളി അവകാശ പോരാട്ടത്തിൻ്റെ മൊത്തക്കച്ചവടം ഏറ്റെടുത്തവരെന്ന് അവകാശപ്പെടുന്ന ട്രെഡ് യൂണിയൻ സംഘടനകൾ.
മൂന്നാറിലേതടക്കമുള്ള യൂണിയൻ നേതൃത്വങ്ങൾക്ക് തോട്ടം തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിലല്ല ശ്രദ്ധ. ഹൈറേഞ്ച് വിനോദ സഞ്ചാരത്തെ മുൻനിറുത്തി സർക്കാർ ഭൂമി കയ്യേറ്റങ്ങൾ നടത്തുക. റിസോർട്ടു മുതലാളിമാരുടെ ഭൂകയ്യേറ്റങ്ങളെ പിന്തുണക്കുക. തോട്ടം മുതലാളിമാർ വച്ചുനീട്ടുന്ന സൗകര്യങ്ങൾ ആവോളം കൈപ്പറ്റുക. തങ്ങളുടെ ഇംഗീതങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്ന ഉദ്യോഗസ്ഥരെ കെട്ടുകെട്ടിക്കുക. ഇത്തരത്തിൽ തങ്ങൾക്ക് ജീവിക്കാനുള്ള സുന്ദരമായ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കുന്നതിലാണ് ട്രെഡ് യൂണിയൻ – രാഷ്ടീയ – ജനപ്രതിനിധി നേതൃത്വങ്ങളുടെ പ്രധാന ശ്രദ്ധ. തോട്ടം മുതലാളിമാർ നേരിടുന്ന പ്രതിസന്ധികൾ എന്തെന്ന് ഈ നേതാക്കൾക്ക് കിറുകൃത്യമായി അറിയാം. പക്ഷേ തോട്ടം തൊഴിലാളികളുടെ നീറുന്ന ജീവിൽ പ്രശ്നങ്ങളെക്കുറിച്ചറിയില്ല. അതല്ലെങ്കിൽ അതറിയാൻ യൂണിയൻ നേതൃത്വങ്ങൾ ശ്രമിക്കുന്നില്ല.
ആഗോള – ഉദാരവൽകൃത നയങ്ങൾ, ആസിയാൻ കരാർ തുടങ്ങിയവ തോട്ടം മേഖലയെ ഗുരുതരമായി ബാധിച്ചു. തോട്ടം മുതലാളിമാർ സാമ്പത്തിക പ്രതിസന്ധിയിലായി. എല്ലാം മുതലാളിമാർ ആഗോളവൽക്കരണത്തിൻ്റെ തലയിൽ കൗശലപൂർവ്വം കെട്ടിവച്ചു. ഇത് തൊഴിലാളിക്ക് നൽകേണ്ട നിയമാനുസൃത ക്ഷേമാനുകൂല്യ ബാധ്യതകളിൽ നിന്നൊഴിഞ്ഞുമാറാൻ മുതലാളിമാർ പ്രയോഗിച്ച തന്ത്രം. ഈ തന്ത്രം വളിപ്പുള്ളി തെറ്റാതെ പ്രചരിപ്പിക്കുന്നതിനായി തോട്ടം തൊഴിലാളി യൂണിയൻ നേതൃത്വങ്ങളെ ഇണക്കിയെടുക്കുന്നതിൽ തോട്ടം മുതലാളിമാർ വിജയം കണ്ടു. തോട്ടം മുതലാളിമാരുടെ പ്രശ്നങ്ങൾ സർക്കാരിനെ ബോധിപ്പിക്കുന്ന ലെയ്‌സ്ൺ ഓഫിസർമാരായി യൂണിയൻ നേതൃത്വങ്ങൾ. ആഗോളവൽക്കരണഘട്ടത്തിനു മുമ്പ് തോട്ടം തൊഴിലാളികൾക്കിടയിൽ തേനും പാലുമൊഴുക്കിയവരാണ് ഈ തോട്ടം മുതലാളിമാരെന്ന് പ്രതീതി സൃഷ്ടിച്ചെടുക്കുന്നതിൽ യൂണിയൻ നേതൃത്വങ്ങൾ വഹിക്കുന്ന പങ്ക് ലജ്ജാവഹമാണ്. നിയമാനുസൃത ആനുകൂല്യങ്ങളുൾപ്പെടെ തൊഴിലാളികൾക്ക് തരപ്പെടുത്തികൊടുക്കുന്നതില്‍ യൂണിയൻ നേതൃത്വങ്ങൾ കാര്യമായ ശ്രദ്ധ ചെലുത്തിയോ? ഈ ദിശയിൽ ആത്മപരിശോധന നടത്താൻ തോട്ടം തൊഴിലാളി യൂണിയൻ നേതൃത്വങ്ങൾ തയ്യാറാകുമെന്ന് കരുതുകവയ്യ.
സർക്കാർ പ്രഖ്യാപനങ്ങൾ
2015 ഓടു കൂടി ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്നതിലെത്തിക്കുകയെന്ന ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാർ സീറോ ലാൻ്റ്ലെസ് (സറ്റിസൺ) എന്ന പദ്ധതി വിഭാവനം ചെയ്തു. 13 ാം നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ റവന്യൂ മന്ത്രി അടൂർ പ്രകാശ് പറഞ്ഞത് (കെ.രാജു എംഎൽഎക്കുള്ള മറുപടി, 21.03.2013 ) 15.08.2012 വരെ യുള്ള കണക്കുപ്രകാരം 233232 ഭൂരഹിത കുടുംബങ്ങളുണ്ടെന്നാണ്. സംസ്ഥാനത്ത് അർഹരായ ഭൂരഹിത കുടുംബങ്ങൾക്ക് മൂന്ന് സെൻ്റ് ഭൂമി വീതം നൽകു ന്നുതിനുള്ള ഭൂമി ലഭ്യത തിട്ടപ്പെടുത്തുന്നുവെന്നും റവന്യൂ മന്ത്രി പറഞ്ഞു. ഇതേ സഭാസമ്മേളനത്തിൽ (കെ.രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി ) മിച്ചഭൂമിയ്ക്കായ് 9699 അപേക്ഷകൾ (ജില്ല തിരിച്ച് ) സമർ പ്പിച്ചതായും മന്ത്രി വ്യക്തമാക്കി. സർക്കാർ കൈവശത്തിൽ 686.68 ഹെക്ടർ മിച്ചഭൂമി (ജില്ല തിരിച്ച കണക്ക്) യുണ്ടെന്ന് കെവി വിജയദാസ് എംഎൽഎക്ക് റവന്യൂ മന്ത്രി മറുപടി (ഇതേ സഭാസമ്മേളനം) നൽകി.
2020-21 സാമ്പത്തിക അവലോകന റിപ്പോർട്ടു പ്രകാരം തേയില തോട്ടങ്ങളുടെ വിസ്തൃതി 35871.16 ഹെക്ടർ. കാപ്പി ( 85880 ഹെക്ടർ) റബ്ബർ (550650) ഏലം (39143 ഹെക്ടർ). തോട്ടങ്ങളുടെ മൊത്തം വിസ്തൃതി 711544.16 ഹെക്ടർ! ഇതെല്ലാം കൃഷിക്ക് അനുയോജ്യമായ തോട്ടം ഭൂമി ഭൂപരിഷ്കരണ നിയമപരിധിയി ലുൾപ്പെടത്താതെ തോട്ടം ഉടമകളിൽ (സർക്കാർ അധീനതയിലേടക്കം) നിഷിപ്തമാക്കപ്പെട്ടിരിക്കുന്നുവെന്ന് സർക്കാർ ഡാറ്റ. കേരളത്തിലെ മലനാട്- ഇടനാട് മേഖലകളിലെ കൃഷിക്ക് അനുയോജ്യമായ 27 ശതമാനം ഭൂമിയും തോട്ടം മുതലാളിമാരുടെ കൈവശം! ഇതി ൻ്റെ പരിണിതിയായിയാണ് ഭൂരഹിത ജനതതി സൃഷ്ടിക്കപ്പെട്ടത്.
ഭൂപരിഷ്കരണത്തിൻ്റെ ആനുകൂല്യം ആവോളം ആസ്വദിച്ച് ഇപ്പോഴും കൃഷിയ്ക്ക് അനുയോജ്യമായ ഭൂമി ടാറ്റാ – ഗോയങ്കമാരുടെ കൈവശത്തിലെന്നത് തുടരുകയാണ്. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കപ്പെടണമെന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഈ തോട്ടം മുതലാളിമാർ കയ്യടക്കിവച്ചിരിക്കുന്ന കൃഷിക്ക് അനുയോജ്യമായ ഭൂമി തിരിച്ചുപിടിക്കണം. ഭൂരഹിത കുടുംബങ്ങൾ, മിച്ചഭൂമിയ്ക്കായ് അപേക്ഷ നൽകിയവർ, സർക്കാർ കൈവശ മിച്ചഭൂമി തുടങ്ങിയ വിവരങ്ങൾ 13 ാം നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ റവന്യൂ മന്ത്രി പങ്കുവച്ചിരുന്നതിന് അനുബന്ധമായി പിന്നീട് വന്ന ഇടതുസർക്കാർ ഭൂരഹിത പ്രശ്നപരിഹാരത്തിനായ് സ്വീകരിച്ച നടപടികളെപ്രതി ധവളപത്രം പ്രസിദ്ധികരിയ്ക്കുവാൻ തയ്യാറാകുമോയെന്നതിന് ഉത്തരം കിട്ടേണ്ടതുണ്ട്.
വികസനത്തിൻ്റെ പേരിൽ കെ.റയിലുൾപ്പെടെയുള്ളവയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാരിന് അത്യുത്സാഹം. സ്വരുകൂട്ടിയുണ്ടാക്കിയ സമ്പാദ്യവും ബാങ്ക് വായ്പയും ഉപയോഗിച്ച് നിർമ്മിച്ച വീട് ചവിട്ടിപൊളിച്ചുപോലും കെ-റയിൽ സർവ്വെ കല്ലിടുന്നു. അതേസമയം പതിനായരകണക്കിന് ഭൂരഹിതർക്ക് ഭൂമി നൽകുകയെന്ന ഉത്തരവാദി ത്തത്തെപ്രതി മിണ്ടുന്നതേയില്ല. കേവലം മൂന്നു സെൻ്റ് ഭൂമി നൽകി ഭൂരഹിതരെ “ഭൂവുടമ”കളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുന്നുവെന്നതല്ല ഇന്നിൻ്റെ ആവശ്യം. കൃഷി ചെയ്യുവാനുള്ള സ്വന്തം മണ്ണ് ഭൂരഹിതർക്ക് ഉറപ്പുവരുത്തിയുള്ള സമഗ്ര ഭൂപരിഷ്കരണമാകണം സർക്കാരിൻ്റെ മുൻഗണനാ പട്ടികയിലാദ്യം ഇടംപിടിക്കേണ്ടത്. കഷ്ടപ്പെട്ടുണ്ടാക്കിയ കുടിയിൽ നിന്ന് കെ-റയിലിൻ്റെ പേരിൽ ആട്ടിയിറക്കി പുതിയ ഭൂരഹിതരെ സൃഷ്ടിക്കുന്നതിലായിരി യ്ക്കരുത് മുൻഗണന.
ഭക്ഷ്യദൗർലഭ്യത ( Food Scarcity)
“കാപ്പി, തേയില കര്‍ഷകര്‍ പ്രത്യക്ഷത്തില്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നില്ലെങ്കിലും കോവിഡിനുശേഷമുള്ള സാഹചര്യത്തില്‍ വിപണിയില്‍ പ്രശ്നങ്ങള്‍ രൂപപ്പെടാന്‍ ഇടയുണ്ട്. പഴങ്ങള്‍ കൃഷി ചെയ്യുന്ന രീതിയിലും മാറ്റങ്ങള്‍ വരേണ്ടതാണ്. നമ്മുടെ കാലാവസ്ഥയ്ക്കനുയോജ്യമായ പുതിയ പഴവര്‍ഗങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തയ്യാറാകണം. കിവി പോലെയുള്ള പഴവര്‍ഗങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ കൃഷിചെയ്യുന്ന മാതൃക സ്വീകരിക്കാവുന്നതാണ്”, ഇത് ധനകാര്യ മന്ത്രി ബാലഗോപാലിൻ്റെ വാക്കുകൾ (http://chintha.in/articles/77 ഭക്ഷ്യ ദൗര്‍ലഭ്യത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുവാനുള്ള തീവ്രപദ്ധതി, ചിന്ത വാരിക, 2022 മാർച്ച് 25 കെഎന്‍ ബാലഗോപാല്‍).
2022-23 ബജറ്റ് പ്രസംഗത്തിൽ തോട്ടങ്ങളിൽ ഇടവിളയായി പഴങ്ങൾ കൃഷി ചെയ്യുന്നതിനായ് ഭൂപരിഷ്കരണ നിയമത്തിൽ മാറ്റങ്ങൾ വേണമെന്ന നിർദ്ദേശിക്കുന്നതിൽ ധനമന്ത്രിക്ക് പ്രത്യേകം ഉത്സാഹം! അനധികൃതമായി കേരളത്തിൻ്റെ കാർഷിക ഭൂമിയുടെ 27 ശതമാനം കയ്യടക്കിവച്ചിട്ടുള്ള തോട്ടം മുതലാളിമാർ പ്രതിസന്ധിയിലകപ്പെട്ടേക്കാമെന്ന വേവലാതിയിലാണ് ധന മന്ത്രി. അതുകൊണ്ടുതന്നെയായിരിയ്ക്കണം പരിഹാരമായി തോട്ടങ്ങളിൽ പഴവർഗങ്ങൾ കൂടി കൃഷി ചെയ്യുവാനുള്ള അനുമതി മുതലാളിമാർക്ക് നൽകേണ്ടതുണ്ടെന്ന ബോധ്യം ധനമന്ത്രിയ്ക്കുണ്ടായത്. ഈ ദിശയിൽ ഭൂപരിഷ്കരണ നിയമത്തിൽ മാറ്റമെന്ന ആവശ്യവും ധനമന്ത്രി മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയതിൻ്റെ ന്യായീ കരണം തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെന്നതായിരുന്നു. ഇന്ന് തോട്ടങ്ങളിൽ ഇടവിള ചെയ്യാൻ തോട്ടം ഉടമകൾക്ക് അനുമതി നൽകണ മെന്നതിൻ്റെ ന്യായീകരണം സംസ്ഥാനത്തിൻ്റെ ഭക്ഷ്യ ദൗർലഭ്യത. ഫലത്തിൽ ഭക്ഷ്യ ദൗർലഭ്യതയുടെ കൂടി പേര് പറഞ്ഞ് സംസ്ഥാനത്തിന് അർഹതപ്പെട്ട പതിനായിരകണക്കിന് ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന തോട്ടഭൂമി ഭൂമി തരംമാറ്റി മുതലാളിമാരിൽ തന്നെ സുഭദ്രമായി നിലനിറു ത്തികൊടുക്കുകയെന്ന തന്ത്രമാണ് പ്രയോഗിക്കപ്പെടുന്നത്. ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധിയിൽ ഇളവ് നൽകി സ്വകാര്യ മേഖലയിൽ വ്യവസായ പാർക്കുകൾക്കും അനുമതി. ചുരുക്കത്തിൽ ഏറ്റെടുക്കുവാൻ മിച്ചഭൂമിയുണ്ടാകില്ലെന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുക. അതുകൊണ്ടുതന്നെ തോട്ടം ഉടമകൾ വൻതോതിൽ ഭൂമി കയ്യട ക്കിവച്ചിരിക്കുന്നുവെന്ന ഒറ്റ കാര ണത്താൽ ഭൂരഹിതരായവർക്ക് കൃഷി യോഗ്യമായ ഭൂമി വിതരണമെന്നത് ഇനിയും എങ്ങുമെത്താതെ പോകും.
കേരളത്തിൻ്റെ ഭൂവിസ്തൃതിയുടെ 27 ശതമാനവും നാണ്യവിളകളാണ്. കൃഷി യോഗ്യമായ ഇത്രയും ഭൂമിയിൽ റബ്ബറും ഏലവും തേയിലയും കാപ്പിയും. ഭൂപരിഷ്ക്കരണ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള തോട്ടങ്ങളിൽ ഏകവിള കൃഷി. ഭക്ഷ്യവിളകളില്ല. ഇടവിളകൾക്ക് അനുമതിയില്ല. ഭക്ഷ്യവിളകൾ നാണ്യവിള തോട്ടങ്ങളിൽ ഇടവിള കൃഷി ചെയ്താതാൽ കേരളത്തിൻ്റെ ഭക്ഷ്യദൗർലഭ്യതക്ക് പരിഹാരമായേക്കുമെന്ന അഭിപ്രായങ്ങൾ മുഖവിലക്കെടുക്കുക തന്നെ. ഏകവിള തോട്ടങ്ങളിൽ ഭക്ഷ്യവിളകളാകട്ടെ. അതു പക്ഷേ തോട്ടം ഉടമകൾ നൂറ്റാണ്ടുകളായി കൈവവശംവച്ചിരിക്കുന്ന വൻതോതിലുള്ള ഭൂമിയുടെ പരിധി പുന ർനിർണയിച്ച് കൃഷിയോഗ്യമായ ഭൂമിയുടെ കുത്തക അവസാനിപ്പിച്ചുകൊണ്ടാ യിരിയ്ക്കണം.
വ്യക്തി/കുടുംബങ്ങൾക്ക് ഭൂകൈവശ പരിധി 15 ഏക്കർ. വൻകിടക്കാരുടെയും സർക്കാർ അധീന പ്ലാൻ്റേഷൻ സ്ഥാപനങ്ങളുടെയും കൈവശത്തിലുള്ള തോട്ടം ഭൂമിക്കും നിശ്ചിത പരിധി തിട്ടപ്പെടുത്തണം. കൈവശമുള്ള തോട്ടം വിസ്തൃതി’യുടെ 30 ശതമാനം (വ്യക്തി/കുടുംബങ്ങൾക്ക് ഭൂപരിഷ്കരണ നിയമം അനു വദിച്ച 15 ഏക്കറിൻ്റെ 100 ശതമാനം) ഭൂമി ഉടമകളിൽ തന്നെ പാട്ടഭൂമിയായി നിലനിറുത്താവൂന്നതാണ്. നിലവിലുള്ള തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെ പൊടുന്നനെ ബാധിച്ചേക്കുമെന്ന ആശങ്കക്ക് ആശ്വാസമെന്ന നിലയിലായിരിക്കണം 30 ശതമാനം ഭൂമി തോട്ടം ഉടമകളുടെ കൈവശത്തിൽ തന്നെ നിലനിറുത്തേണ്ടത്. ഈ ഭൂമിയുടെ പാട്ടം കാലാവധി 30 വർഷമെന്നതിൽ തിട്ടപ്പെടുത്തണം. ഓരോ അഞ്ചു വർഷത്തിലും വിളകളുടെ ഉല്പാദന ചെലവുകളെയും വിപണി വിലയെയും ആധാരമാക്കി പാട്ടം പുതുക്കണം. നിശ്ചയിക്കപ്പെട്ട വാർഷിക പാട്ടം ഒടുക്കുന്നതിൽ വീഴ്ച്ചവരുത്തുന്നവരുടെ പാട്ടക്കരാർ മുൻകൂട്ടി നോട്ടീസ് നൽകി റദ്ദാക്കണം.
തോട്ടങ്ങളുടെ ഭൂപരിധി നിർണയത്തിലൂടെ മിച്ചമായി 70 ശതമാനം ഭൂമി സർക്കാർ കൈവശത്തിലെത്തും. ഈ മിച്ചഭൂമി തോട്ടങ്ങളുടെ ഭൂപരിധി നിശ്ചയിക്കപ്പെടുമ്പോൾ തൊഴിൽ നഷ്ടം സംഭവിയ്ക്കാനിടയുള്ള തൊഴിലാളികൾക്കും ഭൂരഹിതർക്കും സർക്കാർ പതിച്ചുനൽകണം. മൂന്നോ, അഞ്ചോ, പത്തോ സെൻ്റല്ല മിനിമം രണ്ടു മുതൽ മൂന്നു ഏക്കറെങ്കിലും ( അദ്ധ്വാനിച്ച് കൃഷി ചെയ്ത് ജീവിയ്ക്കുവാനുതകുംവിധം) പതിച്ചുനൽകട്ടെ. പതിച്ചുകൊടുക്കുന്ന ഭൂമിയിൽ ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ സർക്കാർ പ്രേരിപ്പിയ്ക്കണം. ഇത്തരത്തിൽ തോട്ടം ഭൂമികൾക്ക് പരിധി നിശ്ചയിക്കപ്പെടുന്നതിലൂടെ ഭൂമി കൈവശത്തിലെത്തുന്നവരെ കൂടിയുൾപ്പെടുത്തി വേണം കേരളം ഇനിയുള്ള കാലം ഭക്ഷ്യഭൗർലഭ്യത്തെ മറികടക്കുവാനുള്ള ദൗത്യമേറ്റെടുക്കുവാൻ. ഒപ്പം തോട്ടം ഭൂപരിധി പുന:നിർണ യിക്പ്പെടുന്നതോടെ ഭൂരഹിതരില്ലാത്ത കേരളവും സുസാധ്യമാക്കപ്പെടട്ടെ. ഇങ്ങനെയായിരിയ്ക്കണം ഭൂപരിഷ്കരണത്തിൻ്റെ അടുത്ത ഘട്ടം.
എൻ കൃഷ്ണൻ നായർ റിപ്പോർട്ട്
തോട്ടം മേഖലയിലെ പ്രതിസന്ധിയും പരിഹാര നിർദ്ദേശങ്ങളും സമർപ്പിക്കു വാൻ ഏകാംഗ കമ്മീഷനായി ജസ്റ്റിസ് എൻ കൃഷ്ണൻ നായർ നിയോഗിക്ക പ്പെട്ടു (http://www.lc.kerala.gov.in/images/plantation_jstckrsn_rpt.pdf.). 2016-ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് മുഖ്യമായും തോട്ടം മുതലാളിമാരുടെ ആവലാതികളുടെ സമാഹാരമാണ്. കേരളത്തിൻ്റെ കൃഷിയോഗ്യമായ ഭൂമിയുടെ 27 ശതമാനം കാലാകാലങ്ങളായി കയ്യടക്കിവച്ചിരിക്കുന്ന തോട്ടം മുതലാളിമാർ പെരുപ്പിച്ചുപറയുന്ന പ്രതിസന്ധികളെ അതേപ്പടി പകർത്തിവച്ചിരിക്കുകയാണ് ഏകാംഗ കമ്മീഷൻ റിപ്പോർട്ടെന്ന് പറയാതെ നിർവ്വാഹമില്ല. തോട്ടങ്ങളിൽ തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന, അല്പസൗകര്യങ്ങളിൽ ഒതുങ്ങികൂടുന്ന തോട്ടം തൊഴിലാളികൾ പ്രതിസന്ധികളുടെ നടുക്കടലിലെന്നത് പുതുകാര്യമല്ല. അവ പക്ഷേ പൂർണമായും വേണ്ടത്ര പ്രാധാന്യത്തോടെ, സൂഷ്മതയോടെ ഈ കമ്മീഷൻ്റെ റിപ്പോർട്ടിലിടം പിടിച്ചിട്ടുണ്ടെന്ന് പറയാനാവില്ല.
തോട്ടം ഉടമകളുടെ പ്രതിസന്ധിക്ക് ഏക പരിഹാരമെന്നോണം തോട്ടങ്ങളിൽ ഇട വിളകൾ കൃഷി ചെയ്യുവാനുള്ള അനുമതി നൽകണമെന്ന നിർദ്ദേശമാണ് കമ്മീഷൻ റിപ്പോർട്ട് മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിനായ് ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി യെന്ന നിർദ്ദേശവും. പ്രസ്തുത നിർദ്ദേശം സർവ്വാത്മനാ സാക്ഷാത്കരിക്കുവാനുള്ള ദൗത്യം പിണറായി സർക്കാർ ഏറ്റെടുത്തിരിക്കുന്നുവെന്നാണ് ധനമന്തി കെ.എൻ ബാലഗോപാൽ തൻ്റെ ബജറ്റ് (2022-23) അവതരണ പ്രസംഗത്തിലൂടെ വ്യക്തമാക്കിയത്.
തോട്ടം: നിയമവിരുദ്ധ കൈവശമെന്ന് റിപ്പോർട്ടുകൾ (Reports of the Illegal possession of the plantations)
വൻകിട തോട്ടം ഉടമകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സംബന്ധിച്ച് 1999 – 2016 കാലയളവിനുള്ളിൽ നിവേദിത പി. ഹരിൻ (ഐഎഎസ്), എസ്.ശ്രീജിത്ത് (ഐപിഎസ്), രാജമാണിക്യ ( ഐഎഎസ് ) മുൾപ്പെടെയുള്ളവരുടെഅഞ്ചോളം റിപ്പോർട്ടുകൾ ബന്ധപ്പെട്ട സർക്കാരുകൾക്ക് സമർപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. ഈ ഗണത്തിൽ ഏറ്റവുമൊടുവിൽ (2016ൽ ) സമർപ്പിക്കപ്പെട്ടത് രാജമാണിക്യം റി പ്പോർട്ട്. അഞ്ചു ലക്ഷം ഏക്കര്‍ തോട്ടഭൂമി ടാറ്റയും ഹാരിസണും നിയമവിരുദ്ധമായി കയ്യടക്കിവച്ചിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സ്‌പെഷല്‍ ഓഫിസറായിരുന്ന രാജമാണി ക്യത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. തോട്ടം ഭൂമികളുടെ സർവ്വരേഖകളും നിയമസാധു തകളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കപ്പട്ടത്.
2016 ഒക്‌ടോബറിൽ റിപ്പോര്‍ട്ട് നിയമവകുപ്പിന് കൈമാറി. രാജമാണിക്യം റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പക്ഷേ നിയമവകുപ്പ് സെക്ര ട്ടറി ബി.ജി ഹരീന്ദ്രനാഥ് മുഖ്യമന്ത്രിക്ക് കൈമാറിയത്. കാലങ്ങളായി കൈവശം വച്ച് അനുഭവിക്കുന്നതിനാല്‍ ടാറ്റാ – ഹാരിസൺ കമ്പനികളുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യാനാകില്ലെന്നും ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നുമാണ് നിയമവകുപ്പിൻ്റെ കണ്ടെത്തൽ. കമ്പനികളുടെ കൈവശമുള്ള ഭൂമി അനധികൃതമല്ലെന്നും പാട്ടക്കരാര്‍ കഴിഞ്ഞതുമാത്രമാണെന്നുമുള്ള നിലപാടിലാണ് നിയമവകുപ്പ് സെക്രട്ടറി. പുതുതായി അന്വേഷണ കമ്മിഷനെ നിയമിക്കണമെന്നും നിയമവകുപ്പ് നിർദ്ദേശിക്കുന്നു. ഇതിനെല്ലാംപുറമെ, നിയമ വകുപ്പിന്റെയും രാജമാണിക്യത്തിന്റെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമവകുപ്പ് മുന്‍ സ്‌പെഷല്‍ സെക്രട്ടറി സി.കെ പത്മാ കരനെ അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നതായിരുന്നു നിർദ്ദേശം. റിപ്പോർട്ട് സമർ പ്പിക്കപ്പെട്ടിട്ടുണ്ടോയെന്നറിവില്ല.
ദേശീയ ഭൂപരിഷ്കരണ കരട്– 2013 (National Land Reforms Draft-2013)
ഭൂരഹിതരെ ഭൂമിയുടെ ഉടമസ്ഥരാക്കുക, കടുത്ത ഗ്രാമീണ ദാരിദ്ര്യത്തിന് അന്ത്യം കുറയ്ക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളിലൂന്നി പുതിയ ദേശീയ ഭൂപരി ഷ്‌കരണ നയത്തിന്റെ കരട് പൊതു ചർച്ചയ്‌ക്കായി രണ്ടാം യുപിഎ സർക്കാർ പ്രസിദ്ധപ്പെടുത്തിയെന്നത് ശ്രദ്ധേയം. രാജ്യത്തിൻ്റെ ഭൂഉടമസ്ഥതയിലെ അസന്തുലിതാവസ്ഥ ഇല്ലാഴ്മ ചെയ്യാനുതുകുംവിധം അന്നത്തെ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശിൻ്റെ പ്രത്യേക താല്പര്യപ്രകാരമാണ് ദേശീയ ഭൂപരിഷ്കരണ നയത്തിൻ്റെ കരട് (National Land Reforms Draft-2013) തയ്യാറാക്കപ്പെട്ടത്.
കൈവശ ഭൂമിയുടെ പരിധി പുനർനിർണയത്തിൻ്റെ അനിവാര്യതയിലൂന്നിയാണ് ദേശീയ ഭൂപരിഷ്കരണ നയരേഖ. ജലസേചന സൗകര്യമുള്ള ഭൂപരിധി 5-10 ഏ ക്കറും ജലസേചനമില്ലാത്ത 10-15 ഏക്കറുമെന്ന നിലയി നിർണിയ്ക്കുകയെന്നതാണ് ദേശീയ ഭൂപരിഷ്കരണ നയരേഖ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിലാദ്യം. മത – വിദ്യാഭ്യാസ – ജീവകാരുണ്യ- ഗവേഷണ – വ്യാവസായിക സ്ഥാനപനങ്ങൾ, തോ ട്ടങ്ങൾ, അക്വാഫാമുകൾ എന്നിവയ്ക്ക് അനുവദിയ്ക്കപ്പെട്ടിട്ടുള്ള ഭൂപരിധി ഇള വുകൾ കർശനമായി നിർത്തലാക്കണം. ഈ സ്ഥാപനങ്ങളെ 15 ഏക്കറിൽ കൂടുതൽ ഉപയോഗിക്കുവാൻ അനുവദിയ്ക്കരുതെന്ന നിർദ്ദേശം തീർത്തും ശ്രദ്ധേയം.
കണ്ടുക്കെട്ടുന്ന മിച്ചഭൂമി പുനർവിതരണത്തിനായി സംസ്ഥാനങ്ങളിൽ ഏകജാലകം സംവിധാനമുണ്ടാകണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഭൂമിയുടെ പുനർവിതരണം സുസാധ്യമാക്കുകയെന്നതായിരുന്നു ഈ നിർദ്ദേശത്തിന് പിന്നിൽ. എല്ലാ സം സ്ഥാനങ്ങളും ഭൂമിയുടെ ഉടമസ്ഥതയിൽ മാത്രമല്ല, വ്യക്തി/സ്ഥാപനം/സംഘടന ഇവയൊക്ക ഉപയോഗപ്പെടുത്തുന്ന ഭൂമി കൈവശം വയ്ക്കുന്നതിലും പരിധി നിശ്ചയിക്കണം. പാട്ടക്കരാറിൻ്റെ അടിസ്ഥാനത്തിൽ വതോതിലുള്ള ഭൂസ്വത്ത് കേന്ദ്രീകരണ ത്തിന് തടയിടുകയെന്നതാണു് ഇതിലൂടെ ലക്ഷ്യമിട്ടത്.
നിയമപരിധിയിലകപ്പെടാതിരിക്കുന്നതിനായ് വ്യാജ ഭൂമി കൈമാറ്റങ്ങൾ തടയു ന്നതിനും നിരീക്ഷിക്കുന്നതിനുമായി ബിനാമി കൈമാറ്റ നിരോധിത നിയമം (The Benami Transactions (Prohibition of the Right to Recover Property Act-1989) ഭേദഗതി ചെയ്യും. വിതരണം ചെയ്യപ്പെട്ട മിച്ചഭൂമി ഭൂരഹിതർ തന്നെ കൈവശംവച്ച് ഉപയോഗിയ്ക്കുന്നുവെന്ന് പരിശോധിച്ച് തിട്ടപ്പെടുത്തുo. ഇല്ലെങ്കിൽ നടപടികൾ സ്വീകരിക്കുക. സംസ്ഥാനങ്ങൾ മിച്ചഭൂമികളുടെ ഡാറ്റാ തയ്യാറാക്കി പരിപാലിച്ച് അത് പൊതുപരിശോ ധനയ്ക്ക് ലഭ്യമാക്കുക.
നിശ്ചിത സമയപരിധിക്കുള്ളിൽ (ഒരുപക്ഷേ ആറ്മാസങ്ങൾ) സംസ്ഥാന സർക്കാരു കൾ സംസ്ഥാന ഭൂഅവകാശ കമ്മീഷൻ രൂപീകരിക്കണം. ഭൂമിയുടെ അവ കാശം പതിച്ചുനൽകുന്നതിനായ് സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വാർഷിക അവലോകന റിപ്പോർട്ട് തയ്യാറാക്കുക. ശേഷമത് നിയമസഭ മുമ്പാകെ സമർപ്പിക്കുക. ഭൂഅവകാശങ്ങൾ, ഭൂപരിഷ്കരണം, ബന്ധപ്പെട്ട നയ പ്രശ്നങ്ങൾ എന്നിവയിലൂന്നി സംസ്ഥാന ഭൂാവകാശ കമ്മീഷന് ഉചിതമായ ഉപദേശം സർക്കാരിന് നൽകാം. പൗരസമൂഹ പ്രതിനിധികളും ചുരുങ്ങിയത് 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തിയുള്ളതാകണം കമ്മീഷൻ്റെ ഘടന. (https://www.indiasp end.com/uploads/2021/01/31/file_upload-399237.pdf).
ദേശീയ ഭൂപരിഷ്‌കരണ നയത്തിന്റെ കരട് എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചുകൊ ടുത്തിരുന്നു. എന്നാൽ കാര്യമായ പ്രതികരണമുണ്ടായില്ല. രാജ്യത്തിൻ്റെ ഭൂബന്ധങ്ങളെ പൊളിച്ചെഴുതി ഭൂരഹിതരില്ലാത്ത രാജ്യമെന്ന ലക്ഷ്യമിട്ടാണ് രണ്ടാം യുപിഎ സർക്കാർ നിർദ്ദിഷ്ട ഭൂപരിഷ്കരണ നയം മുന്നോട്ടുവച്ചത്. സ്വകാര്യ വ്യക്തികളുട ഭൂമി ഏറ്റെടുത്ത് കോർപ്പറേറ്റ് സ്ഥാപ നങ്ങൾക്ക് നൽകുന്നതിലാണ് തുടർന്ന് അധികാരത്തിലേറിയ മോദി സർക്കാരിൻ്റെ അജണ്ട. അതുകൊണ്ടു തന്നെ യുപിഎ സർക്കാരിൻ്റെ നിർദ്ദിഷ്ട ഭൂപരിഷ്കരണ നയം കയ്യൊഴിയുന്നതിൽ തെല്ലും വിമുഖതയുണ്ടായില്ല മോദി സർക്കാർ സർക്കാരിന്.
ഭൂപരിഷ്കരണവും സ്ത്രീശാക്തീകരണവും (Land Reforms and Woman empowerment)
രാജ്യത്തെ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുന്നവരില്‍ 40 ശതമാനവും സ്ത്രീകള്‍. ദാരിദ്ര്യലഘൂകരണം, വരുമാനം വര്‍ദ്ധിപ്പിക്കല്‍, പുനരധിവാസം തുടങ്ങിയ പദ്ധ തികള്‍ക്കായി സര്‍ക്കാര്‍ ഭൂമി അനുവദിക്കുമ്പോള്‍ സ്ത്രീകളെ മുഖ്യമായും അംഗീകരിക്കണം. ഭൂരഹിത കുടുംബത്തിന് ഭവന നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഭൂമി അനുവദിക്കുമ്പോഴാകട്ടെ അത് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയുടെ പേരിലായിരിക്കണം. ഭര്‍ത്താവിന്റെ മറ്റു പുരുഷന്മാരുടെയോ പേരില്‍ അനുവദിക്കപ്പെടരുത്. ഭൂഉടമാവകാശമെന്നത് സ്ത്രീശാക്തീകരണത്തിന്റെ മുഖ്യ മാനദണ്ഡങ്ങളിലൊന്നായി ഫലം കാണാതെപോയ ദേശീയ ഭൂപരിഷ്കരണ കരട് നയം – 2013 മുന്നോട്ടുവച്ചുവെന്നത് ശ്രദ്ധേയം.
തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണത്തില്‍ 50 ശതമാനം സ്ത്രീ പങ്കാളിത്തമെന്നത് പുരോഗമനപരമായ കാല്‍വെപ്പുതന്നെ. കുടുംബശ്രീയിലൂടെ സ്ത്രീസമൂഹത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള കര്‍മ്മ പരിപാടികളും ശരി. ജോലിചെയ്ത് ശമ്പളം വാങ്ങുന്ന സ്ത്രീകളും കുറവല്ല. ഇതെല്ലാം സ്ത്രീശാക്തീകണത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. സ്ത്രീകളുടെ ഭൂസ്വത്തിന്മേലുള്ള ഉടമസ്ഥാവകാശ കണക്കുകള്‍ പക്ഷെ ഒട്ടുംതന്നെ ആശാവഹമല്ല. 30 ശതമാനത്തില്‍ താഴെ മാത്രമാണ് ഭൂസ്വത്തില്‍ അവകാശമുളള സ്ത്രീകള്‍. ഇതില്‍ തന്നെ കൃഷിക്ക് ഉപയുക്തമാക്കാപ്പെടാവൂന്ന ഭൂമി കുറവാണെന്ന പഠനങ്ങളുണ്ട്. പിന്‍തുടര്‍ച്ചാവകാശ നിയമങ്ങളുണ്ടെങ്കിലും പൈതൃകസ്വത്താവകാശം സ്ഥാപിച്ചെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണനയും മുന്‍ഗണനയും നല്‍കുന്നുണ്ടോയെന്നത് സൂക്ഷ്മതയോടെ വിലയിരുത്തപ്പെടണം.
സ്തീധനം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹവേളയില്‍ സ്ത്രീക്ക് നല്‍കപ്പെടുന്നത് ആഭരണങ്ങളും/ആഭരണങ്ങളോടൊപ്പം ‘സ്ത്രീധന’പണവും. ഇതിലേറെയും വിവാഹാനന്തരം പലവിധ ആവശ്യങ്ങള്‍ക്കും ആഡംബര ങ്ങള്‍ക്കുമായി ചെലവഴിക്കപ്പെടുന്നുവെന്നത് ഏറെക്കുറെ യാഥാര്‍ത്ഥ്യം. ആഭരണവും അതല്ലെങ്കില്‍ ആഭരണവും പണവും നല്‍കുന്നതോടെ പൈതൃകസ്വത്തിലുള്ള സ്ത്രീയുടെ അവകാശം പൊതുവെ നിഷിദ്ധമാക്കപ്പെടുന്നുവെന്ന് കാണാം. അതോടൊപ്പം പൈതൃക സ്വത്തിലുള്ള വിഹിതം പുരുഷാധിപത്യ കുടുംബഘടനയുടെ ഔദാര്യമാണെന്ന അവസ്ഥയിലുമാണ്. സ്ത്രീശാക്തീകരണമെന്നത് ഭൂസ്വത്തിന്മേലുള്ള അവകാശം സ്ത്രീക്ക് കൃത്യമായി സ്ഥാപിക്കപ്പെടുമ്പോഴാണെന്ന വസ്തുത അവഗണിക്കപ്പെടുന്നു വെന്നവസ്ഥ മാറണം.
ഗ്രാമീണ കുടുംബങ്ങളുടെ വരുമാനം, പദവി, സമ്പത്ത്, സുരക്ഷിതത്വം എന്നിവയുടെ പ്രധാന സ്രോതസ്സാണ് ഭൂമി. ഭൂമിയിന്മേലുള്ള അവകാശം കുടുംബങ്ങൾക്ക് ആസ്തിയെന്നതു മാത്രമല്ല വായ്പ, ഭവനം, സാമൂഹിക ക്ഷേമപദ്ധതി ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള മുഖ്യ ഉപാധി കൂടിയാണ്. സ്വന്തം പേരിൽ സ്വത്തെന്നത് സ്ത്രീകൾ ശാക്തീകരിക്കപ്പെടുന്നതിൻ്റെ മുഖ്യഅടയാളം. സ്വ തീരുമാനങ്ങളെടുക്കു ന്നതിലുള്ള പിൻബലം കൂടിയാണ് സ്ത്രീ ഭൂസ്വത്താവകാശം
സ്ത്രീകൾക്ക് ഭൂമിയിന്മേലുള്ള അവകാശം ഗ്രാമീണ കുടുംബങ്ങളെ സ്വയംപര്യാപ്തരാക്കുന്നതിലെ പ്രധാന ഘടകം. ഭൂവുടമസ്ഥത ആത്യന്തികമായി കാർഷികോൽപ്പാദനം വർദ്ധിപ്പിക്കും. ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് കരകയറുന്നതിനുമിത് സഹായിക്കുന്നു. സ്ത്രീകൾക്ക് ലഭ്യമാകുന്ന ഭൂസ്വത്താവകാശം കുട്ടികളുടെ ഭാവി കരുപിടിപ്പിക്കുന്നതിൽ പ്രതിഫലിക്കും.. ഭക്ഷ്യസുരക്ഷയും പോഷകാഹാര ഉപ ഭോഗവും മെച്ചപ്പെടുത്തുന്നതിലുo സ്ത്രീ സ്വത്താവകാശത്തിൻ്റെ പങ്ക് ചെറുതല്ല. ഭൂവുടമസ്ഥതയുടെ അഭാവം പക്ഷേ ഉപജീവനമാർഗങ്ങൾ പരിമിതപ്പെടുത്തി ഗ്രാമീണ ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുക സ്വഭാവികം. ഭൂവിതരണത്തിലെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭരണാധികാരികൾ കാണണം.
ഭൂമി രജിസ്‌ട്രേഷനിലെ സ്റ്റാമ്പ് ഡ്യൂട്ടിഘടന പരിഷ്കരിച്ച് സ്ത്രീയെ സ്വത്തുടമയാ ക്കാനുള്ള നടപടി ഒരു പുത്തന്‍ പരീക്ഷണമായി ഇടതുസര്‍ക്കാര്‍ സ്വീകരിക്കാവൂന്നതാണ്. സ്ത്രീയുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ആകര്‍ഷകമായ ഇളവ് അനുവദിക്കപ്പെടണം. ഈ പരീക്ഷണം സ്ത്രീകളുടെ പേരില്‍ ഭൂസ്വത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിന് ഒരു പ്രധാന പ്രേരക ഘടകമാകാതിരിക്കില്ല. ഭൂവുടമയെന്ന നിലയില്‍ സ്ത്രീശക്തിയില്‍ മാറ്റം പ്രകടിതമാകാതിരിക്കുവാനും തരമില്ല. കുടുംബാന്തരീക്ഷത്തിലും സമൂഹത്തിലും ഭൂസ്വത്തിന്റെ ഉടമയെന്നത് സ്ത്രീസ്വത്വശക്തിയില്‍ പ്രതിഫലിക്കും.
ഭൂമി റജിസ്ട്രേഷനിൽ സ്ത്രീക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് സംബന്ധിച്ച് ധന മന്ത്രിയാ യിരുന്ന ഡോ. ഐസ്ക്കിനും ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ ബാലഗോപാലിനും ഈ ലേഖകൻ മെയിലയിച്ചിരുന്നു. പക്ഷേ മുഖവിലക്കെടുക്കപ്പെട്ടില്ലെന്നതു ക്കൂടി അറിയുക. സ്ത്രീശാക്തീകരണത്തിന്റെ പേരുപറഞ്ഞ് കുടുംബശ്രീ പ്രവർത്തക രുടെ കയ്യിൽ ചുമപ്പുകൊടി വച്ചുകൊടുക്കുകയെന്നതാണ് ഇവരുടെ യെല്ലാം സ്ത്രീശാക്തികരണം!
സിഎജി ഭൂസര്‍വ്വെ റിപ്പോര്‍ട്ട്( CAG Report on the Land Survey)
മൗലികമായ പ്രകൃതി സമ്പത്താണ് ഭൂമി. അത് പങ്കുവെക്കപ്പെടുന്നതിലെ ഏറ്റക്കു റച്ചിലുകള്‍ എക്കാലവും തര്‍ക്കവിഷയമാണ്. രാജ്യത്തിന്റെ മൊത്തം വിസ്തൃ തിയുടെ 1.18 ശതമാനം മാത്രമുള്‍ക്കൊള്ളുന്നതാണ് 3886287 ഹെക്ടറില്‍ (38863 ച. കി) വ്യാപിച്ചുകിടക്കുന്ന കേരളം. ഇതില്‍ 1130948 ച. കി. (25 ശതമാനം വനഭൂമി) ഈ ഭൂമി പരിരക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും മാറിമാറിവന്ന സര്‍ക്കാരുകള്‍ ഗുരുതരമായ അലംഭംവം കാണിച്ചുവെന്നുള്ള 2014 ജൂലായ് 8ന് കേരള നിയമസഭയുടെ മേശപ്പുറത്തുവെച്ച കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സര്‍വ്വെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശ്രദ്ധേയമാണ്. അനധികൃത കയ്യേറ്റങ്ങള്‍െക്കതി രെയും സര്‍ക്കാര്‍ ഭൂമി അന്യാധീന പ്പെടുന്നതിനെതിരെയും നടപടികള്‍ സ്വീകരിക്ക പ്പെടുന്നില്ലെന്നതില്‍ മാത്രമല്ല കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പി ക്കുന്നതിനെയും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
1077.74 കോടി രൂപ വിലമതിക്കുന്ന 338.60 ഹെക്ടര്‍ ഭൂമി കയ്യേറ്റത്തിന് വിധേയമായിട്ടുണ്ട്. വനംവകുപ്പ് പാട്ടത്തിന് നല്‍കിയിരിക്കുന്ന 42130.49 ഹെക്ടര്‍ പാട്ടഭൂമിയുടെ 196.85 കോടി രൂപ പാട്ടം കുടിശ്ശിക പിരിച്ചെടുക്കപ്പെട്ടിട്ടില്ല. മൂന്ന് വര്‍ഷം കൂടുമ്പോള്‍ പാട്ടം പുതുക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും 1990നു ശേഷം അത് പുതുക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ കോടികളുടെ സാമ്പത്തികനഷ്ടം സര്‍ക്കാ രിനുണ്ടായിട്ടുണ്ട്. വികസനാവശ്യങ്ങള്‍ക്കായി കിന്‍ഫ്രാ, കെഎസ്‌ഐഡിസി, കെഎസ്‌ഐടിഐഎല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ 5003.78 ഏക്കര്‍ സ്വകാര്യഭൂമി 763.74 കോടിക്ക് ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് ഇന്‍കല്‍ എന്ന സ്വകാര്യ കമ്പനി വഴിവിട്ട രീതിയില്‍ 60.95 ഏക്കര്‍ കൈവശപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇപ്പറഞ്ഞ പൊതുമേഖലാസ്ഥാപനങ്ങള്‍ ഭൂമി ഏറ്റെടുത്തതിലും വികസിപ്പിച്ചതിലും 212.02 കോടിയുടെ സാമ്പത്തിക നഷ്ടം. സ്വകാര്യസ്ഥാപനമായ ഇന്‍കല്‍ മനേജിങ്ങ് ഡയറക്ടറും അതേസമയം വ്യവസായ വാണിജ്യ സെക്രട്ട റിയുമായിരുന്ന ടി ബാലകൃഷ്ണന്‍ ഭൂപരിഷ്കരണം പ്രസക്തമല്ലെന്ന 2008 ഫെബ്രുവരി എട്ടിന് കൊച്ചിയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പറഞ്ഞ അഭിപ്രായം ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.
രാജ്യത്ത് മൊത്തം 17.92 കോടി ഗ്രാമീണരില്‍ 10.08 (56 ശതമാനം) കോടി ജനങ്ങള്‍ സ്വന്തമായി കൃഷിഭൂമിയില്ലാത്തവരാണെന്ന് സാമൂഹിക -സാമ്പത്തിക- സാമുദായിക സെന്‍സസ് 2011 പറയുന്നു. ഇതില്‍ 72 ശതമാനവും ഭൂപരിഷ്കരണം നടപ്പിലാ ക്കിയ കേരളത്തിലാണെന്ന് പറയുന്നു. സിഎജി ഭൂസര്‍വ്വെയുൾപ്പെടെയുള്ള ഭൂബന്ധ റിപ്പോർട്ടുകൾ യുഡിഎഫ്-എൽഡിഎഫെന്ന് വ്യത്യാസമില്ലാതെ സർക്കാരുകൾ ഭൂപരിഷ്കരണ ദിശയില്‍ പരിശോധനക്ക് വിധേയമാക്കപ്പെട്ടില്ല. ഭൂരഹിതര്‍ക്കുള്ള ഭൂവി തരണത്തിലെ സങ്കീര്‍ണ്ണതകള്‍ക്ക് അറുതിയിടുന്നതിൻ്റെ ദിശയിൽ ആശാവഹമായ നടപടികൾ ഭൂപരിഷ്കരണത്തിൽ ഊറ്റംകൊള്ളുന്നു ഇടത് സർക്കാരുകളുടെ ഭാഗത്തുനിന്നു ഇനിയുമുണ്ടാകില്ലെന്നതിനെ അക്ഷന്തവ്യമായ അപരാധമെന്നു തന്നെ പറയണം.
നക്‌സലിസവും ഭൂപരിഷ്കരണവും ( Naxlisim and Land Reforms )
പിക്കിങ് റേഡിയോ ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിൻ്റെ ഇടിമുഴക്കമെന്നു വിശേഷിപ്പിച്ച നക്‌സല്‍ബാരി കര്‍ഷക കലാപം ( 1967 മെയ് 25) ഇന്ത്യയുടെ വിപ്ല വചരിത്രമായി കുറി ക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം 10 പേര്‍ കൊല്ലപ്പെട്ട കര്‍ഷക കലാപത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ റവലൂഷ ണറീസ് രൂപികരിക്കപ്പെട്ടു. അത് പിന്നിട് സിപിഐ (എംഎല്‍) എന്ന വിപ്ലവ സംഘടന പിറവിയെടുക്കുന്നതിന് നിദാനമായി. നക്‌സല്‍ബാരി കലാപത്തിന്റെ അനുരണങ്ങള്‍ കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ സൃഷ്ടിക്ക പ്പെട്ടു.1968 നവംമ്പറിൽ തലശ്ശേരി-പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനുകള്‍ നക്‌സലൈറ്റുകളാല്‍ ആക്രമിക്കപ്പെട്ടു. ഇത് കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവത്തിന്റെ ആദ്യ ഘട്ട സൂചകങ്ങളായി.
നക്‌സല്‍ബാരി കര്‍ഷക കലാപവും അത് ഉയര്‍ത്തിയ വിപ്ലാവന്തീരീക്ഷവും നിലനി ല്‍ക്കുന്ന ഭൂബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കു ന്നുവെന്നുളള ശക്തമായി ഓര്‍മ്മപ്പെടുത്തലുകളായി. നക്‌സല്‍ബാരി കലാപം തിരികൊളുത്തിയ ആശങ്കാജനകമായ അവസ്ഥ അന്നത്തെ കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കിയിരുന്ന ഇന്ദിരാഗാന്ധി കൃത്യമായി തന്നെ തിരിച്ചറിഞ്ഞുവെ ന്നുവേണം പറയാന്‍. ഈ തിരിച്ചറിവിന്റെ ഫലമെന്നോണമാണ് 1970 ജനുവരി ഒന്നു മുതല്‍ ദേശീയ തലത്തില്‍ തന്നെ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്കരണം നടപ്പിലാക്കപ്പെ ട്ടില്ലെങ്കിലും ചുരുക്കത്തില്‍ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ നക്‌സല്‍ബാരി കര്‍ഷക കലാപവും അത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ത്തിയ വിപ്ലവ അന്തരീക്ഷവും രാസത്വരകമായി യെന്ന് പറഞ്ഞാലത് രാഷ്ട്രീയാതി ശയോക്തിയാകില്ല.
മിച്ചഭൂമി കയ്യേറ്റക്കാർക്ക് സംരക്ഷണം( Protection for the land encroachers )
ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിലെത്തിച്ചതിൽ കാലതാമസം. മിച്ചഭൂമി കണ്ടുകെട്ടുന്നതില്‍ സര്‍ക്കാര്‍ ഭരണതലത്തില്‍ ഗുരുതരമായ വീഴ്ച. കണ്ടുകെട്ടിയ മിച്ചഭൂമി അര്‍ഹരായ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതില്‍ അക്ഷന്തവ്യമായ അലംഭാവം. പിടിച്ചെടുത്ത മിച്ചഭൂമി വിതരണം ചെയ്യുന്നതിലേ ഗൂരുതരമായ അലം ഭാവത്തെ അടയാളപ്പെടുത്തു ന്നവയിലൊന്നായി തലശ്ശേരി താലൂക്കിലെ വടക്കേക്കളം മിച്ചഭൂമി കേസ്. 611 ഹെക്ടര്‍ മിച്ചഭൂമി 600 ഓളം കുടിയേറ്റ ക്കാരുടേയും കയ്യേറ്റക്കാരുടെയും കയ്യിലകപ്പെട്ടു. ഭൂരഹിതർക്ക് വിതരണം ചെയ്യപ്പെടേണ്ട മിച്ചഭൂമി കയ്യേറ്റക്കാരില്‍ നിന്ന് പിടിച്ചെടുക്കുകയെന്നത് മറ്റൊരു സാമൂഹിക – രാഷ്ട്രിയ പ്രശ്‌നമായി. ഈ ഘട്ടത്തില്‍ മിച്ചഭൂമി കയ്യേറ്റക്കാരെ സംരക്ഷിക്കുകയെന്നതായിരുന്നു സര്‍ക്കാര്‍ മുന്‍ഗണന. ഇതുപ്രകാരം ഇടതു സര്‍ക്കാര്‍ കേരള കുടിയൊഴിപ്പി ക്കല്‍ നിര്‍ത്തിവെക്കല്‍ ബിൽ നിയമ സഭയില്‍ പാസാക്കി (page No.7, http://www.niyam asabha.org/pdfs/resume/10kla_%20session11.pdf.) കെ.ആര്‍ ഗൗരിയമ്മ ഒഴികെ 139 എംഎല്‍എ മാരും ഏകകണ്ഠമായാണ് ബില്ലിനെ പിന്തുണച്ചത്.
ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍കൊണ്ടുവന്നത് 1970-ലെ സിപിഐയുടെ അച്യുതമേനോന്‍ സര്‍ക്കാര്‍. അതേ സിപിഐയുടെ തന്നെ റവന്യൂമന്ത്രി കെഇ ഇസ്മയിലാണ് ഭൂരഹിതർക്ക് വിതരണം ചെയ്യേണ്ട മിച്ചഭൂമി കയ്യേറിയവരെ സം രക്ഷിക്കുന്നതിനായ് കുടിയൊഴിപ്പിക്കല്‍ നിരോധിത ബില്ലിന് കാര്‍മ്മികത്വം വഹി ച്ചതെന്നറിയുക. ഈ ബിൽ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്കരണ നിയമത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതായിരുന്നില്ലേയെന്നതിന് ഉത്തരം നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനക്കാർ തന്നെയാണ് മുഖ്യമായും ബാധ്യസ്ഥർ.
“…ഭൂപരിഷ്‌കരണബില്ലിൽ ഭൂഉടമസ്ഥർക്കും തോട്ടക്കാർക്കുമെല്ലാം അനുകൂലമായി ധാരാളം മാറ്റങ്ങൾ വരുത്തി. തോട്ടങ്ങൾ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവായി. അതോടൊപ്പം ഭൂപരിഷ്‌കരണത്തിലെ സമീപനത്തിന്റെ സവിശേഷത കൊണ്ടുതന്നെ കൃഷിഭൂമി പാട്ടക്കൃഷിക്കാരിലേക്കുമാത്രമേ എത്തിയുള്ളൂ. ഭൂമിയിൽ അധ്വാനിക്കുന്ന കർഷകത്തൊഴിലാളികളിലേക്കെത്തിയില്ല. അതു കൊണ്ടുതന്നെ ഭൂപരിഷ്‌കരണം അതിന്റെ സാമൂഹിക-രാഷ്‌ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഒരുപരിധിവരെ മാത്രമേ വിജയിച്ചുള്ളൂ (https://wiki.kssp.in/r/np) ഭൂപരിഷ്കരണത്തിൽ സൃഷ്ടിക്കപ്പെട്ട ഇത്തരം ഗൗരവമേറിയ ന്യൂനതകൾ ചൂണ്ടികാണിക്കുന്നത് ഇടത് പ്രത്യകിച്ചും സിപിഎം സഹയാത്രികരുടെ സങ്കേതമായ ശാസ്ത്ര സാഹിത്യ പരിഷത്താന്നെത് പ്രത്യേകം ശ്രദ്ധേയം. ഈ ന്യൂനതകൾക്ക് ഇനിയും പരിഹാരം കാണാവുന്നതേയുള്ളൂ. പക്ഷേ വൻകിട തോട്ടം മുതലാളിമാരുമായുള്ള രഹസ്യബാന്ധവം അവസാ നിപ്പിയ്ക്കുവാൻ ആർജ്ജവം പ്രകടിപ്പിക്കപ്പെടുന്നിടത്തായിരിയ്ക്കും പരിഹാരമെന്നു മാത്രം.
ലാന്റ് ബോര്‍ഡുകള്‍ ( Land Boards)
മിച്ചഭൂമിയുണ്ടെന്ന് കണ്ടെത്തി സര്‍ക്കാര്‍ അത് ഭൂരഹിതർക്ക് വിതരണം ചെയ്യു വാൻ ചുമതലയുള്ള പ്രധാന ഭരണസംവിധാനമാണ് റവന്യുവകുപ്പിന് കീഴിലുള്ള താലൂക്ക് ലാന്റ്‌ബോര്‍ഡുകള്‍. അതത് സര്‍ക്കാരിനാല്‍ നോമിനേറ്റ് ചെയ്യപ്പെടുന്ന ലാന്റ്‌ബോര്‍ഡ് അംഗങ്ങള്‍ മിച്ചഭൂമി കണ്ടുകെട്ടുന്ന പ്രക്രിയയില്‍ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കുന്നവരായിരിക്കില്ലെന്ന ബോധ്യപ്പെടല്‍ അനിവാര്യമാണ്. മിച്ചഭൂമി കണ്ടുകെട്ടല്‍ നടപടികളുടെ ഭാഗമായുള്ള ഹിയറിങുകളില്‍ ഹാജരാകുന്ന ഈ അംഗങ്ങള്‍ ജന്മിമാരുടെ താല്‍പര്യ വാഹകരും സംരക്ഷിതരുമാകില്ലെന്ന് ഉറപ്പുവരുത്തി ഭൂമി കണ്ടെത്തല്‍ പ്രക്രിയ ത്വരിതപ്പെടുത്തേണ്ടതുണ്ട്.
ഇഷ്ടദാനമായി കൊടുക്കുന്ന ഭൂമി, ധർമ്മ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഭൂമി തുടങ്ങിയവയൊന്നും മിച്ചഭൂമിയായി കണക്കാക്കാനാകില്ലെന്ന വ്യവസ്ഥ കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തിലുണ്ട് (1963 ഭൂപരിഷ്കരണ നിയമം Section 85(1) Explanation (i), ii,iv). ഇതുപ്രകാരം ഇഷ്ടദാനമെന്ന ജന്മിമാരുടെ വാദം ഹൈകോടതിയും തുടർന്നുള്ള സർക്കാർ അപ്പീലിൽ സുപ്രീംകോടതിയും (SLP No. 18759-18760/2019 in CRP 577/2017 , GoK v/s Abdul Aseem & others) ശരിവച്ചിരിക്കുന്നു. സുപ്രീംകോടതിയുടെ ഈ ഉത്തരവ് (11-08-2021) നിലവിലുളള സമാനമായ മിച്ചഭൂമി കേസു കളില്‍ ജന്മിമാര്‍ ചൂണ്ടിക്കാണിച്ചേക്കും. അത് സര്‍ക്കാരിന്റെ മിച്ചഭൂമി കേസുകളെ പ്രതികൂലമായി ബാധിച്ചേക്കും. ഭൂപരിഷ്കരണത്തിലെ ജന്മിയനുകൂല പഴുതുകൾ ചൂണ്ടികാണിച്ച് ജന്മിമാരാൽ കൂടിയാന്മാർ കുടിയിറക്കപ്പെടുന്ന തുൾപ്പെടെ ഇപ്പോഴത്തെ സുപ്രീംകോടതി വിധി ഭൂപരിഷ്കരണ നിയമത്തെ ദുർബ്ബലമാക്കുമെന്നത് ഈ ലേഖകനട ക്കമുള്ളവർ ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരുടെ പല തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതുമാണ്. ഇക്കാര്യം മുൻ നക്സൽ നേതാവ് കെ.വേണുവും ഈ ലേഖകനും മുഖ്യമന്ത്രി പിണറായിയെ നേരിട്ട് കണ്ട് (2021 ഒക്ടോബർ 12) ധരിപ്പിച്ചു. പക്ഷേ അതെല്ലാം തിരസ്കരിക്കപ്പെട്ടു.
ജന്മിമാര്‍ കള്ളരേഖകളുണ്ടാക്കിയും ബിനാമികളെ സൃഷ്ടിച്ചും മിച്ചഭൂമി സംരക്ഷിച്ചത് അന്വേക്ഷിക്കപ്പെടണം. ലാൻ്റ് ട്രിബ്യൂണലുകള്‍ പാട്ടക്കുടിയാന്മാര്‍ക്ക് അനുവദി ച്ചുകൊടുത്ത ഭൂമിപോലും വ്യാജരേഖകളുണ്ടാക്കിയും കോടതികളെ തെറ്റിദ്ധരിപ്പിച്ചും ജന്മിമാര്‍ തിരിച്ചുപിടിക്കുകയാണ്. ഭൂപരിഷ്കരണ നിയമത്തിലെ പിഴവുകളും ജന്മിയനുകൂല പഴുതുകളും ഉപയുക്തമാക്കി പട്ടയം നല്‍കപ്പെട്ട ഭൂമി തിരിച്ചുപിടിക്ക പ്പെടാതിരിക്കുന്നതിനുള്ള ഭൂപരിഷ്കരണ നിയമഭേദഗതിക്ക് മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.
രാജ്യത്ത് മൊത്തം 17.92 കോടി ഗ്രാമീണരില്‍ 10.08 (56 ശതമാനം) കോടി ജനങ്ങള്‍ സ്വന്തമായി കൃഷി ഭൂമിയില്ലാത്തവരാണെന്ന് സാമൂഹിക-സാമ്പത്തിക-സാമുദായിക സെന്‍സസ് 2011 പറയുന്നു. ഇതില്‍ 72 ശതമാനവും ഭൂപരിഷ്കരണം നടപ്പിലാക്കിയ കേരളത്തിലാണെന്ന് പറയുന്നു. ഈ സര്‍വ്വെ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കിലും കേരളത്തിലെ ഭൂവിതരണത്തിലെ സങ്കീര്‍ണ്ണതകള്‍ ഇനിയും തുടരുകയാണന്ന യാഥാര്‍ത്ഥ്യം അവഗണിക്കപ്പെടരുത്.
ആദിവാസി-ദളിത് വിഭാഗങ്ങളുള്‍പ്പെടെ കേരളത്തിലെത്ര ഭൂരഹിതരുണ്ട്? ഭൂരഹി തര്‍ക്ക് വിതരണം ചെയ്യാന്‍ എത്ര മിച്ചഭൂമിയുണ്ട്? എത്ര മിച്ചഭൂമി കേസുകള്‍ നിലവിലുണ്ട്? മിച്ചഭൂമി കേസുകള്‍ തീര്‍പ്പുകല്പിക്കപ്പെടുന്ന മുറക്ക് എത്ര ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യാനാകും? ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമി കൈവശംവച്ചിരിക്കുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണമെത്ര? പാട്ടം കാലാവധി കഴിഞ്ഞ എത്ര ഏക്കര്‍ തോട്ടംഭൂമി തിരിച്ചുപിടിക്കാനുണ്ട്? തോട്ടം ഭൂമികളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ അവസ്ഥയെന്ത്? വന്‍കിടതോട്ടങ്ങളുടെ പാട്ടം കുടിശ്ശിക പിരിച്ചെടുക്കുന്നതിനും പാട്ടതുക പുതുക്കി നിശ്ചയിക്കുന്നതിലുമുള്ള നടപടി ക്രമങ്ങള്‍ എവിടെയെത്തിനില്‍ക്കുന്നു? വ്യാവസായിക-വാണിജ്യാവശ്യങ്ങ ള്‍ക്കായി സ്വകാര്യ- പൊതുമേഖലകള്‍ക്ക് അനുവദിക്കപ്പെട്ടതില്‍ ഉപയുക്ത മാക്കാപ്പെടാതെ എത്ര ഭൂമിയുണ്ട്? അവ തിരിച്ചുപിടിക്കുവാനുള്ള നടപടികളുടെ അവസ്ഥയെന്ത്? ഇത്തരം സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ടായിരിക്കണം ഭൂപരിഷ്കരണ നിയമത്തിന്റെ കണ ക്കെടുപ്പ്. ഒരു കാര്യം വ്യക്തം; ഭൂപരിഷ്കരണ ദൗത്യം കുറ്റമറ്റ രീതിയില്‍ സാക്ഷാത്ക്കരിക്കുന്ന തിന്റെ ചരിത്രപരമായ രാഷ്ട്രീയ ഉത്തരവാദിത്തവും ബാധ്യതയും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് മാത്രമാണ്. ഇതിൽ വീഴ്ച്ചവരുത്തു ന്നുവെങ്കിലതിന് കനത്ത വില നൽകേണ്ടിവരുമെന്നത് അവിതർക്കിതം.