കെ.കെ ശ്രീനിവാസൻ/KK SREENIVASAN
A stock-taking of the Modi Government which crosses its 8th year which has been published in Maruvakku
ഭരിഭരിച്ച് രാജ്യത്തെ മോദി വൃന്ദം അപകടത്തിലാക്കിയെന്നതറിയാൻ ഗ്ലോബൽ റിസ്‌ക് റിപ്പോർട്ട് – 2022 തന്നെ ധാരാളം
2022 മെയ് 30 നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയിട്ട് എട്ടു വർഷം. 2014 മുതൽ മോദി സർക്കാർ. കശ്മീർ പ്രത്യേക പദവി റദ്ദാക്കൽ. രാമക്ഷേത്ര നിർമ്മാർണം. മുത്തലാഖ് നിരോധനം. പൗരത്വ (ഭേദഗതി) നിയമം. ദേശീയ ജനസംഖ്യാരജിസ്റ്റർ (എൻപിആർ) തയ്യാറാക്കാൻ ഫണ്ട് അനുവദിയ്ക്കൽ. ദേശീയ പൗരത്വ റജിസ്ട്രറിനായുള്ള ശ്രമം. വർഗീയ ധ്രുവീകരണം. ഹിന്ദുത്വത്തിലൂന്നി തീവ്ര ദേശീയത – രാജ്യചരിത്ര അപനിർമ്മിതി. മതേതര-സംസ്ക്കാര ത്തെ മലീമസമാക്കൽ. ബഹുസ്വരതയെ തുടച്ചുമാറ്റി ഹിന്ദുത്വ സംസ്ഥാപനം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ മഹത്വവൽകരിക്കൽ. ഇതര മതനിന്ദ. ആധുനിക ഇന്ത്യയുടെ ശില്പി നെഹ്രുവിനെ രാജ്യത്തിൻ്റെ ചരിത്രത്തിൽ നിന്നൊഴിവാക്കുന്ന തിനുള്ള കുത്സിത ശ്രമം. കുതിച്ചുയരുന്ന പണപ്പെരുപ്പം. തൊഴിലി ല്ലാഴ്മ വർ ദ്ധന. കാർഷിക പ്രതിസന്ധി – കർഷക അസംതൃപ്തി. ദുർബ്ബലമായ ധനകാര്യ മാനേജ്മെൻറ്. രാജ്യാന്തരതല നയതന്ത്ര വീഴ്ച്ചകൾ. ഇപ്പറഞ്ഞവയാണ് മോദി സർക്കാരിനെ അടയാളപ്പെടുത്തുന്നത്.
എട്ടു വർഷ ഭരണത്തിൽ രാജ്യത്തിൻ്റെ യശ:സ് ഏറിയിട്ടുണ്ടോ ? രാജ്യം വളർച്ചയുടെ പടവുകൾ താണ്ടുന്നുണ്ടോ ? ഭരണത്തിൽ ജനങ്ങൾ സംതൃപ്തരാണോ? സംഘപരിവാർ അജണ്ടകൾ പ്രാവർത്തികമാക്കുകയെന്നതിനുമപ്പുറം മോദിഭരണം മുന്നോട്ടുപോയിട്ടുണ്ടോ? യഥാർത്ഥത്തിൽ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടികൊണ്ടായിരിയ്ക്കണം എട്ടുവർഷ മോദി ഭരണം വിലയിരുത്തപ്പെടേണ്ടത്.
കുതിക്കുന്ന കടബാധ്യത
വികസന – ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനെന്ന പേരിൽ ലാഭം മാത്രം രേഖപ്പെടുത്തിയിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പോലും ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കുന്നതിൽ മുൻപന്തിയിലാണ് മോദി സർക്കാർ. ഇതിനുംപുറമെ ജിഎസ്ടി, ആദായനികുതി, പെട്രോളിയം ഉല്പന്നങ്ങൾക്ക് എക്സെസ് നികുതി, സെസുകളെന്ന പേരിട്ട് വിവിധ നികുതികൾ തുടങ്ങി തൊട്ടതിനുംപിടിച്ചതിനുമെല്ലാം പൊതുജനങ്ങളെ പിഴിയുന്നു. വരുമാന ദിശയിൽ ഇത്രയും ധന/വിഭവ സമാഹരണം നടത്തിയിട്ടും രാ ജ്യത്തിൻ്റെ പൊതുകടം കുത്തനെ കൂടുന്നതിൽ കുറവൊന്നുമില്ല.
2021 സാമ്പത്തിക വർഷം രാജ്യത്തിൻ്റെ പൊതുകടം 128 ലക്ഷം കോടി രൂപ. 2022-23 ബജറ്റ് കണക്കുകൾ പ്രകാരം രാജ്യത്തിൻ്റെ കടബാധ്യത 2022 മാർച്ച് 31 വരെ മൊത്തം 135,87,893.16 രൂപ. 2023 മാർച്ച് 31ലെത്തുമ്പോഴാകട്ടെ 152,17,910.29[1]. പൊതുകടമേറുന്ന തിനോടൊപ്പം വ്യക്തിഗത ഗാർഹിക കടം ജിഡിപിയുടെ 37.1 ശതമാനമായി കുതിച്ചുവെന്നും സമ്പാദ്യം 10.4 ശതമാനമായി കൂപ്പുകുത്തിയെന്നുമുള്ള ആർബിഐ റിപ്പോർട്ട് ഇതോടെപ്പം ചേർത്തുവായിയ്ക്കണം[2].
2022-23ൽ ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമെന്ന് കണക്കാക്കപ്പെടുന്നു[3]. ധനകമ്മി ജിഡിപിയുടെ മൂന്നു ശതമാനത്തിൽ കവിയരുതെന്ന് 2033 – ലെ ധന ഉത്തരവാദിത്ത – ബജറ്റ് മാനേ ജ്മെൻ്റ് (Fiscal Responsibility and Budget Management – FRBM) ആക്ട് നിഷ്കർഷി ക്കുന്നുണ്ട്. ഇത് ലംഘിക്കപ്പെടുന്നിടത്ത് ആസൂത്രണ രഹിത ധനവിനിയോഗത്തിൻ്റെയും ധന മാനേ ജ്മെൻ്റിൻ്റെയും പിടിയിലാണ് വർത്തമാനകാല ഇന്ത്യൻ സമ്പദ് വ്യവസ്ഥയെന്ന് പറയേണ്ടിവരുന്നു. സാമ്പത്തിക വികസനത്തെ മുൻനിറുത്തി കടമെടുത്ത് വിഭവ സമാഹരണമെന്നത് സാമ്പത്തിക രീതിയാണ് പ്രത്യേകിച്ചും വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ. കടമെടുത്ത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ കൃത്രിമമായി സജീവമാക്കുന്ന സാമ്പത്തിക ശാസ്ത്രം! ആത്യന്തികമായിത് വിപരീതഫലത്തിലേ കലാശിക്കൂ. സമകാലിക ശ്രീലങ്ക ഉത്തമോദാഹരണം. ശ്രീലങ്കയെ മോദി സർക്കാരിൻ്റെ ധന മാനേ ജ്മെൻ്റ് സംഘം കാണാതെപോകരുത്.
രൂപയുടെ മൂല്യ തകർച്ച – പണപെരുപ്പം – വിലക്കയറ്റം
ഈ ലേഖനം എഴുതുന്ന ദിനത്തിൽ ഒരു യുഎസ് ഡോളർ സമം 77.635 ഇന്ത്യൻ രൂപ. അതായത് രൂപയുടെ മൂല്യം അമ്പേ കൂപ്പുകുത്തി! 2013 ൽ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ പ്രായവുമായി ബന്ധപ്പെടുത്തി രൂപ യുടെ വിനിമയമൂല്യ വ്യതിയാനത്തെ കളിയാക്കിയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് കഴിഞ്ഞ എട്ടു വർഷമായി രാജ്യം ഭരിക്കുന്നത്. ഇപ്പോൾ മോദിക്ക് വയസ് 72. ഇന്ത്യൻ രൂപയുടെ ഇപ്പോഴത്തെ മൂല്യ (77.635) വുമായി താരതമ്യം ചെയ്യേണ്ടതില്ലല്ലോ!
2014 മെയ് 15ന് (രണ്ടാം യുപിഎ സർക്കാരിൻ്റെ അവസാന നാളുകൾ) രൂ പയുടെ വിനിമയ മൂല്യം 59.44. എന്നാൽ മോദി സർക്കാർ അധികാരത്തി ലേറി വെറും നാലു മാസത്തിനകം തന്നെ രൂപയുടെ മൂല്യമുയർന്ന് 60.95 (2014 സെപ്തബർ 12 ). രണ്ടാം മോദി സർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിട്ട് 2020 ജനുവരിയിലിത് 70.96 രൂപയിലെത്തി[4] . മഹാമാരിയും ഇപ്പറയുന്ന ആഗോള രാഷ്ട്രീയ അനിശ്ചിത്വമൊന്നുമില്ലാതിരുന്നപ്പോൾ തന്നെ രൂപയുടെ മൂല്യം കൂപ്പുകൂത്തുന്ന പ്രവണത മോദി സർക്കാരിനോടൊപ്പമെന്നത് കാണാതിരിയ്ക്കരുത്.
ദുർബ്ബലമായ രൂപയുടെ മൂല്യം ഇറക്കുമതി ചെലവ് ഏറുന്നതിന് കാരണമാകും. പണപ്പെരുപ്പം വർദ്ധിപ്പിക്കുന്നു. രാജ്യത്തിൻ്റെ പ്രധാന ഇറക്കു മതികളായ ക്രൂഡ് ഓയിൽ, ഭക്ഷ്യ എണ്ണ, കാർഷികേതര ഉല്പന്നങ്ങൾക്ക് വിലക്കയറ്റം. ഒപ്പം രാജ്യത്തിൻ്റെ കറൻറ് അക്കൗണ്ട് കമ്മിയുടെ ഗ്രാഫ് ഉയരുന്നു. ഇന്ധനം, പച്ചക്കറികൾ, പാചക എണ്ണ തുടങ്ങി സർവ്വസാധനങ്ങ ൾക്കും വിലക്കയറ്റം. നടപ്പ് വർഷ ഏപ്രിലിൽ മൊത്ത വില സൂചിക (Wholesale Price Index- WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിച്ചു യർന്ന് 15.08 ശതമാനത്തിലെത്തി. ചില്ലറ പണപ്പെരുപ്പം (Retail inflation) എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് 7.79 ശതമാനത്തിലുമെത്തി[5]. ആത്യന്തികമായി ഗാർഹിക ബജറ്റ് കുത്തനെ ഉയർന്നു.
തൊഴിലില്ലാതെ, വരുമാനമില്ലാതെ, സമ്പാദ്യശേഷിയില്ലാതെ മൈക്രോഫിനാൻസുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത് ദൈനംദിന ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നവരാണ് രാജ്യത്തെ ബഹുഭൂപരിക്ഷവും. ഒപ്പം രൂപയുടെ മൂല്യതകർച്ച സൃഷ്ടിക്കുന്ന അധികഭാരം ഇവരുടെ ജീവിതാവസ്ഥയെ ഏറെ പരിതാപകരമാക്കുമെന്ന് പറയുന്നതിന് പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്ര പരിജ്ഞാനം വേണമെന്നില്ല.
രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തളരുകയാണ്. വളരുകയല്ല. നടപ്പ് സാമ്പ ത്തിക വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം ലോകബാങ്ക് 7.5 ശതമാനമായി കുറച്ചുവെന്നത് ശ്രദ്ധേയം. ഇത് രണ്ടാം തവണയാണ് 2022-23 സാമ്പത്തിക വർഷത്തിൽ ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം തിരുത്തുന്നത്. പണപെരുപ്പം, റഷ്യ – ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ആഗോള രാഷ്ട്രീയ അനിശ്ചിതത്വം, ചരക്കുവിതരണ ശൃംഖലകളിലെ തടസ്സം തുങ്ങയിവയുമായി ബന്ധപ്പെടുത്തിയാണ് ഈ തിരുത്ത്. ഏപ്രിലിൽ ഇത് 8.7 ശതമാനത്തിൽ നിന്ന് എട്ടു ശതമാനമായി കുറച്ചിരുന്നു.
തൊഴിലില്ലായ്മ: അഗ്നിപഥ് പരിഹാരമല്ല
2021 ഡിസംബർ വരെ രാജ്യത്ത് 53 ദശലക്ഷം തൊഴിലില്ലാത്തവരുണ്ടെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ). രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നടപ്പുവർഷ മാർച്ചിലെ 7.60 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 7.83 ശതമാനമായി ഉയർന്നതായും സിഎംഐഇ. ഇവരിൽ വലിയൊരു വിഭാഗം വനിതകൾ. തൊഴിലില്ലാഴ്മാനിരക്ക് വർദ്ധന മഹാമാ രിയുടെ തിക്തഫലങ്ങളിലൊന്നെന്ന് പറഞ്ഞൊഴിയുന്നവരുണ്ട്. തൊഴിൽ അന്വേഷകരെ തൊഴിൽ ക്ഷമതരാക്കി തൊഴിലില്ലാഴ്മ ലഘൂകരിക്കുന്നതിൽ കോടികൾ വാരി യെറിഞ്ഞുള്ള സ്കിൽ ഇന്ത്യ മിഷൻ്റെ സംഭാവനയെന്തെന്ന് ഇവർ പക്ഷേ സുക്ഷ്മതയോടെ തിട്ടപ്പെടുത്തേണ്ടതുണ്ട്.
ഇന്ത്യൻ സേനയെ ഒരു തൊഴിൽദായക സ്ഥാപനമെന്നതാക്കുന്ന അഗ്നിപഥ് പദ്ധതിയിലൂടെ യുവജനങ്ങൾക്ക് താൽക്കാലികമായി തൊഴിൽ നൽകുക. ഇതിലൂടെ കുതിക്കുന്ന തൊഴിലില്ലാഴ്മ പ്രതിസന്ധിയിൽ നിന്ന് തലയൂരാമെന്നത് മോദി സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നുവെന്നതിൻ്റെ പ്രതിഫലനമാണ് അഗ്നിപഥിനെതിരെയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾ. സം ഘ്പരിവാരിന്റെ അതിവ്ര ദേശീയത യുവതയിൽ കുത്തിവയ്ക്കുകയെന്ന അജണ്ട പദ്ധതിക്ക് പിന്നിൽ പതിയിരിക്കുന്നുവെന്നത് വെളിച്ചത്തുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയം.
സാധാരണക്കാർക്കുള്ള പാചക വാതക സബ്ബ്സിഡി പോലും നിഷേധിച്ച മൈത്രി മുതലാളിത്തത്തിൻ്റെ പാതകാവാഹകരായ മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് നൽകിയത് വൻ നികുതിയിളവ് (30 ശതമാനത്തിൽ നിന്ന് 22 ശതമാനമാക്കി). ഇതിലൂടെ യൂണിയൻ സർക്കാരിനുണ്ടായ വരുമാന നഷ്ടം1.45 ലക്ഷം കോടി രൂപ. നികുതി ആനുകൂല്യം കോർപ്പറേറ്റുകളുടെ കൈകളി ലെത്തിക്കുന്നന്നതാകട്ടെ അധിക ലാഭം. ഈ അധികലാഭത്തെ പുതിയ സംരംഭങ്ങൾക്കായുള്ള നിക്ഷേപങ്ങളായി രൂപാന്തരപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടി ച്ച് സമ്പദ് വ്യവസ്ഥയെ സജീവമാക്കു ന്നതിനായ് കൃത്യമായി കോർപ്പറേറ്റുകൾ മുന്നോട്ടുവരുന്നുവെന്നത് വേണ്ടത്ര പ്രകടമല്ല. ആത്യന്തികമായി നികുതി ആനുകൂല്യം കോർപ്പറേറ്റുകളിൽ സമ്പത്തിൻ്റെ കേന്ദ്രീകരണത്തിനും കടുത്ത സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്കും വഴിയൊരുക്കുന്നുവെന്നല്ലാതെ പ്രവചിക്കപ്പെടുമ്പോലെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ രചനാത്മകമായി പ്രതിഫലിക്കുന്നുവെന്ന് നിസ്സംശയം പറയാനാകില്ല.
ആഗോള അസമത്വ റിപ്പോർട്ട്– 2022
ആഗോള അസമത്വ റിപ്പോർട്ട് – 2022 പ്രകാരം ഇന്ത്യൻ ജനതയുടെ സാമ്പത്തിക അസന്തുലിതാവസ്ഥ അത്യുന്നതിയിൽ. രാജ്യത്തിൻ്റെ 57 ശതമാനം സമ്പത്ത്/വരുമാനം വരേണ്യരായ 10 ശതമാനത്തിൽ കുമിഞ്ഞുകൂടിയിരിക്കുന്നു. സമ്പന്ന വരേണ്യവർഗത്തിനും ദരിദ്രർക്കുമിടയിലുള്ള കൊടിയ അസമത്വത്തിൽ വേറിട്ടുനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലൂക്കാസ് ചാൻസൽ രചിച്ചതും സാമ്പത്തിക വിദഗ്ധൻ തോമസ് പിക്കെറ്റി ഏകോപിപ്പിച്ചതുമായ വേൾഡ് ഇൻഇക്വാലിറ്റി ലാബ് തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്തിനധികം, നടപ്പുവർഷ മെയ് 18 ന് പ്രധാ നമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പ്രസിദ്ധികരിച്ച ഇന്ത്യൻ അസമത്വ റിപ്പോർട്ട് – 2022[6] കാണാതെപോകരുത്. അസമത്വങ്ങൾ ജനസംഖ്യയെ കൂടുതൽ ദുർബ്ബലമാക്കി ബഹുമുഖ ദാരിദ്ര്യത്തിന് വഴിയൊരുക്കുന്നുവെന്നത് ശരിവയ്ക്കുകയാണീ അസമത്വ റിപ്പോർട്ട്.
ക്ഷേമ പെൻഷനുകൾ, ദാരിദ്യ്രനിർമാർജ്ജന യജ്ഞമെന്ന നിലയിൽ കൊണ്ടു വന്ന ലഘുവായ്പാപദ്ധതി ( Micro Finance Scheme), തൊഴിലുറപ്പുപ ദ്ധതി ഇവയൊന്നും സാമ്പത്തിക അസമത്വത്തെ മറികടക്കുന്നതിന് സഹായകരമാകുമെന്ന ചെറുസൂചനകൾ പോലും നൽകുന്നില്ല. മറ്റൊരു വാക്കിൽ പറഞ്ഞാൽ സർവ്വരെയുൾകൊണ്ടുള്ള വളർച്ച (Inclusive Growth) സാധൂകരിക്കപ്പെടുന്നതിൻ്റെ ഭാഗമായുള്ള ഇത്തരം പദ്ധതികൾ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ എട്ടു വർഷം പിന്നിട്ട മോദി സർക്കാർ പരാജയപ്പെട്ടു. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ വിശപ്പും ദാരിദ്രവും തീർക്കുന്ന കടുത്ത പോഷകാഹാരക്കുറവുൾപ്പെടെ ഇന്ത്യൻ ജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടുക തീർത്തും ശ്രമകരമാകും.
ചലനമുണ്ടാക്കാതെ മേക്ക് ഇൻ ഇന്ത്യ
2014 സെപ്തംബർ 25 ന് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി. ഉല്പാദനം ഇന്ത്യയിൽ തന്നെ, ഉല്പാദന – സേവന മേഖലകളിലെ നിക്ഷേപത്തിലൂടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക തുടങ്ങിയവയായിരുന്നു മുഖ്യ ലക്ഷ്യങ്ങൾ. സ്വതന്ത്ര ഇന്ത്യയിലാദ്യമെന്ന പൊങ്ങച്ചത്തിലാണ് മോദി ഭരണം ‘മേക്ക് ഇൻ ഇന്ത്യ’ക്ക് തുടക്കമിട്ടത്. ഉല്പാദന മേഖലയുടെ വളർച്ചാനിരക്ക് പ്രതിവർഷം 12 മുതൽ 14 ശതമാനത്തിലെത്തിച്ച് പുതുതായി 10 ലക്ഷം തൊഴിൽ, ജിഡിപിയിൽ ഉല്പാദന മേഖലയുടെ സംഭാവന 16 – ൽ നിന്ന് 2022 ( ഇത് 2025 എന്ന് പുതുക്കി ) ഓടെ 25 ശതമാനമായി വർദ്ധിപ്പിക്കുയെന്നതുമായിരുന്നു ഉന്നം. 2000 സാമ്പത്തിക വർഷത്തിൽ ജിഡിപിയിൽ ഉല്പാദന മേഖലയുടെ സം ഭാവന 15.3 ശതമാനം. 2020 സാമ്പത്തിക വർഷത്തിൽ സംഭാവന കേവലം 17.4 ശതമാനം[7]. 2000 വുമായി താരതമ്യം ചെയ്യുമ്പോൾ വെറും 2.1 ശതമാനം വ്യത്യാസം! ഉല്പാദന മേഖലയിൽ നിന്ന് ജിഡിപിയിൽ ശ്രദ്ധേയമായ സംഭാവന കൊട്ടിഘോഷിക്കപ്പെട്ട ‘മേക്ക് ഇൻ ഇന്ത്യ’യിൽ പ്രകടമായില്ലെന്നു ചുരുക്കം.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി (സിഎഡി) 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 3.3 ശതമാനമായി ഉയരുമെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട് ആഗോള രാഷ്ട്രീയ പിരിമുറുക്ക ങ്ങളും കുതിച്ചുയരുന്ന എണ്ണവിലയുമാണിതിന് കാരണമായി ചൂണ്ടികാണിക്കുന്നത്. 2022 ഏപ്രിലിൽ രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം 597.7 ബില്യൺ ഡോളറായി കുറഞ്ഞു. 2021 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്[8].
ഉല്പാദന മേഖല സജീവമാക്കപ്പെടുമെന്നതിനോടൊപ്പം കയറ്റുമതി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥാവിപുലീകരണത്തിന് മേക്ക് ഇൻ ഇന്ത്യക്ക് കഴിയണമായിരുന്നു. ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങൾക്ക് രാജ്യാന്തര വിപ ണി തുറന്നുനൽകുകയെന്നത് ദേശീയ സർക്കാരിൻ്റെ ചുമതല. പക്ഷേ രാജ്യാന്തര വിപണി വിപുലീകരണ ദിശയിൽ ബഹുകക്ഷി വ്യാപാര കരാറുകളിൽ പങ്കാളിയാകുന്നതിനായുള്ള നയതന്ത്ര ചാതുര്യം മോദി സർക്കാരിന് കാര്യമായി പ്രകടിപ്പിക്കുവാനായില്ല. ഈ വസ്തുത കൂടി രാജ്യത്തിൻ്റെ കറൻ്റ് അക്കൗണ്ട് കമ്മിയുടെ കാരണങ്ങളിലുൾപ്പെടുത്തണം.
നേട്ടങ്ങളില്ലാതെ സ്കിൽ ഇന്ത്യ മിഷൻ
തൊഴിൽ തേടുന്നവർക്ക് മികച്ച തൊഴിൽ ക്ഷമത ഉറപ്പുവരുത്തുന്നതിനായ് 2015 ജൂലൈയിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ – സ്കിൽ ഇന്ത്യ മിഷൻ) പ്രഖ്യാപിക്കപ്പെട്ടു. 2022 ഓടെ വ്യത്യസ്ത നൈപുണ്യ വികസനത്തിലൂടെ 40 കോടിയിലധികം യുവജനങ്ങളെ തൊഴിൽ ക്ഷമതയുള്ളവരാക്കുകയെന്നതായിരുന്നു ലക്ഷ്യം. യുപിഎ സർക്കാർ പ്രാരംഭംകുറിച്ച നാഷ്ണൽ സ്കിൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ പ്രവർത്തനങ്ങളെ അതേപ്പടി പകർത്തിയതാണ് മോദിയുടെ പ്രത്യേക താല്പര്യ പ്രകാരം രാജ്യത്ത് നടാടെയെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട സ്കിൽ ഇന്ത്യ മിഷൻ. പ്രാരംഭത്തിൽ 2.4 ദശലക്ഷം പേരെ പരീശിലിപ്പിക്കുന്നതിനായ് 1909.19 കോടി രൂപ. 2017-18 ൽ 1721.18 കോടി. 2020-ഓടെ 10 ദശലക്ഷം യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനായ് രണ്ടാംഘട്ടത്തി (പിഎം കെവിവൈ – 2.0) ൽ ചെലവഴിക്കപ്പെട്ടതാകട്ടെ 1648.25 12,000 കോടി[9]. 2021 ജനുവരിയിൽ ആരംഭിച്ച മൂന്നാംഘട്ട പ്രവർത്തനങ്ങൾക്കായ് (പിഎംകെവിവൈ – 3.0) 948.9 കോടി രൂപ.
സ്കിൽ ഇന്ത്യ മിഷൻ്റെ പ്രയോജനപരതയെപ്രതിയുള്ള പഠനങ്ങൾ ശ്രദ്ധേയം. വീബോക്‌സ് ഇന്ത്യാ സ്‌കിൽസ് പഠന റിപ്പോർട്ട് – 2022 പ്രകാരം രാജ്യത്തെ മൊത്തം യുവജനങ്ങളിൽ 48.7 ശതമാനം മാത്രമേ തൊഴിൽ യോഗ്യരായിട്ടുള്ളൂ. നൈപുണ്യമില്ലാത്തതിനാൽ രണ്ടിലൊരാൾക്ക് തൊഴിൽ ക്ഷമതയില്ലെന്നു സാരം. സർവേയിൽ പങ്കെടുത്ത കമ്പനികളിൽ 75 ശത മാനവും നൈപുണ്യ വിടവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പഠനം പറയുന്നു [10]. 2026-ഓടെ ഇന്ത്യ 14-19 ലക്ഷം ടെക്കികളുടെ കുറവ് നേരിടേണ്ടിവരുമെന്ന് നാസ്‌കോം – സിന്നോവ് റിപ്പോർട്ട്. ഇതിനകം 6227.52 കോടി ചെലവഴിക്കപ്പെട്ടു. സ്കിൽ ഇന്ത്യ മിഷന് പ്രയോഗതലത്തിൽ പക്ഷേ ആശാവഹമായ ചലനങ്ങളുണ്ടാക്കുവാനായില്ലെന്ന് പഠനറിപ്പോർട്ടുകൾ അടിവരയിടുന്നത് മോദിസർക്കാരിൻ്റെ ഭരണ പരാജയമല്ലാതെ മറ്റെന്താണ്?
ഗ്ലോബൽ ന്യൂട്രിഷ്യൻ റിപ്പോർട്ട്
ഭക്ഷണക്രമവുമായി ബന്ധപ്പെട്ട സാംക്രമികേതര രോഗങ്ങൾക്കെതിരെ ഗ്ലോബൽ ന്യൂട്രിഷ്യൻ ടാർജെറ്റി (ജിഎൻടി) ലെത്തിചേരുന്നതിൽ മികവാർന്ന പുരോഗതിയിലല്ല ഇന്ത്യയെന്ന് ഗ്ലോബൽ ന്യൂട്രിഷ്യൻ റിപ്പോർട്ട് (ജിഎൻആർ – 2021). ഇന്ത്യയിൽ 6.2 ശതമാനം പ്രായപൂർത്തിയായ (18 വയസും അതിൽ കൂടുതലുമുള്ള) സ്ത്രീകളും 3.2 ശതമാനം പ്രായപൂർത്തിയായ പുരുഷന്മാരും അമിതവണ്ണമുള്ളവർ. അതേസമയം പ്രായപൂർത്തിയായ സ്ത്രീകളിൽ ഒമ്പതു ശതമാനവും മുതിർന്ന പുരുഷന്മാരിൽ 10.2 ശതമാനവും പ്രമേഹ ബാധിതരെന്ന് കണക്ക്.
ഇന്ത്യൻ ജനതയുടെ ഭക്ഷണം പോഷകങ്ങളുടെ അപര്യാപ്തതയിലെന്ന് ഗ്ലോബൽ ന്യൂട്രിഷ്യൻ റിപ്പോർട്ട് – 2021. റിപ്പോർട്ട് ഇന്ത്യയുടെ പോഷകാഹാര രീതിയിൽ സമൂലമാറ്റം ആവശ്യപ്പെടുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയം. ഇന്ത്യൻ ജനതയുടെ ആരോഗ്യ – പോഷകാഹാര അവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായതായി മോദി സർക്കാരിൻ്റെ ആരോഗ്യ മന്ത്രാലയ ത്തിൻ്റെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ ( National Family Health Survey- NFHS – 2019-21) പരമ്പരയിലെ അഞ്ചാമത്തെ റിപ്പോർട്ടും പറയുന്നില്ല.
രാജ്യത്തിൻ്റെ പോഷകാഹാരക്കാര്യത്തിൽ എവിടെയാണ് തകരാറ് ? സമീ പവർഷങ്ങളിൽ ധാന്യോല്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തതയിലെത്തി.യെന്നും സാമ്പത്തിക വളർച്ചയിലുമാണെന്ന അവകാശവാദങ്ങളുണ്ട്. അപ്പോഴും രാജ്യത്ത് ദാരിദ്ര്യം. ഭക്ഷ്യ ദൗർലഭ്യത. കടുത്ത പോഷകാഹാരക്കുറവ്! കൊടിയ സാമ്പത്തിക അസന്തുലിതാവസ്ഥ. പുരോഗതിയുടെ പാതയിൽ സർവ്വരും ഉൾകൊള്ളിക്കപ്പെടാതെപോകുന്നുവെന്ന ഖേദകരമായവസ്ഥ! അതിനാൽ തന്നെ ഇന്ത്യൻ ജനസംഖ്യയിലെ 21.25 ശതമാനവും പ്രതിദിനം 1.90 ഡോളറിൽ ജീവിത ത്തിൻ്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്നവരാണെന്ന് ആഗോള ഭക്ഷ്യ പ്രോഗ്രാ ( World Food Programme – WFP) മിൻ്റെ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ചൈനയെ വെല്ലാവുന്ന സമ്പദ് വ്യവസ്ഥ സ്വപ്നം കാണുന്നവർ ഈ ശോചനീയാവസ്ഥ കൂടി കാണണം.
ആഗോള വിശപ്പ് സൂചിക -2021
2021-ലെ ആഗോള വിശപ്പ് സൂചികയിൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാന ത്താണ് ഇന്ത്യ. ദരിദ്രാവസ്ഥയിലെന്നറിയപ്പെടുന്ന അയൽ രാജ്യങ്ങൾ പാക്കിസ്ഥാൻ(92), ബംഗ്ലാദേശ്(76), നേപ്പാൾ(71), മ്യാന്മാർ(76) എന്നിവ ഇന്ത്യ യെക്കാൾ ഭേദമാണെന്നത് ശ്രദ്ധേയം[11] . വിശപ്പ്/ദാരിദ്ര്യ നിർമാർജ്ജനം, പോഷകാഹാര പരിരക്ഷയെന്നതിൽ നിന്നെല്ലാം ഇന്ത്യ ഇനിയും ഏറെ ദൂരത്തെന്നു തന്നെയാണ് യുൻഎൻഡിപി റിപ്പോർട്ട്[12] അടിവരയിടുന്നത്.
രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ജലപ്രതി സന്ധിയി ലെന്ന് നിതി ആയോഗ് റിപ്പോർട്ട്( Error! Hyperlink reference not valid.). കേന്ദ്ര സർക്കാരിൻ്റെ പ്രധാന കുടിവെള്ള പദ്ധതി ജൽ ജീവൻ മിഷനുൾപ്പെടെ വകയിരുത്ത പ്പെടുന്ന ഫണ്ടുകൾ പക്ഷേ കോടികൾ മുടക്കി പൈപ്പുകൾ വാങ്ങി മണ്ണിനടിയിലിടുന്നതിനായി മാത്രം വിനിയോഗിപ്പെടുകയാണ്. ഇതിനകം അപര്യാപ്തതമായ കുടിവെള്ള സ്രോതസുകളെ മാത്രം ആശ്രയിച്ചാണ് പൈപ്പിടിലെന്ന് ഉദോഗ്യസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചോദന – പ്രദാന വിടവു നികത്തുന്ന ദിശയിൽ പുതു കുടിവെള്ള സ്രോതസുകളുണ്ടാക്കി കുടിവെള്ള വിതരണമെന്നതിന് മുൻതൂക്കം നൽകാതെയുള്ള ജൽ ജീവൻ മിഷൻ മോദി സർക്കാരിൻ്റെ മറ്റൊരു പരാജയമായി മാറുന്നവസ്ഥയിലാണ്.
കടുത്ത ഊർജ്ജ പ്രതിസന്ധി
രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ. 2022 ഏപ്രിൽ 10 ന് രാജ്യത്ത് വൈദ്യുതി വിതരണത്തിൽ 63.19 ദശലക്ഷം യൂണിറ്റ് കുറവ്! ഇത് 2021-22 സാമ്പത്തിക വർഷത്തിലെ ശരാശരി പ്രതിദിന വിതരണ കുറവിലെ 16.01 ദശലക്ഷം യൂണിറ്റിനേക്കാൾ വളരെ കൂടുതൽ ! കാലാവസ്ഥ വൃതിയാനത്തിൽ കടുത്ത ചൂടെന്നത് പുതുകാര്യമല്ല. ഇത് പക്ഷേ മുൻകൂട്ടികണ്ട് കൽക്കരി ഉല്പാദനവും ശേഖരണവുo വിതരണവുമെന്നത് മുഖ്യം.
വൈദ്യുതിയുടെ സിംഹഭാഗവും ഉല്പാദിക്കുന്ന രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനത്തിൽ തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ മോദി സർക്കാർ അതിഗുതര വീഴ്ച്ചവരുത്തി. തിക്തഫലമാണ് ഈയ്യിടെ രാജ്യത്ത് പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ കണ്ട വൈദ്യുത പ്രതിസന്ധി. കൽക്കരി ക്ഷാമം പരിഹരിക്കുന്നതിനായ് കൽക്കരി ഇറക്കുമതി ചെയ്യുകയെന്നതാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം. ജാഗ്രതയില്ലാഴ്മയിൽ സ്വയംവരുത്തിവച്ച പ്രതിസന്ധിയെ മറികടക്കുന്നതിനായ് ഇറക്കുമതിയെന്ന കുറുക്കുവഴി! ഇത് പക്ഷേ രാജ്യത്തിൻ്റെ കറൻറ് അക്കൗണ്ട് ബാലൻസിനെ കൂടുതൽ ദുർബ്ബലമാക്കിയേക്കുമെന്നത് സൗകര്യപൂർവ്വം അവഗണിക്കുന്നു!
ആഗോള ലിംഗഭേദ സൂചിക-2021
156 രാഷ്ട്ര ആഗോള ലിംഗഭേദ റിപ്പോർട്ടിൽ (2021) ഇന്ത്യയുടെ സ്ഥാനം ഏറെ നിരാശാജനകം. 2020-ലെ 153 അംഗ രാഷ്ട്ര ലിംഗഭേദ സൂചികയിൽ ഇന്ത്യൻ റാങ്ക് 112 (സ്കോർ:0.668). ലോക സാമ്പത്തിക ഫോറമാണ് 2006-ൽ ആഗോള ലിംഗഭേദ സൂചിക (Global Gender Gap Index ) ആദ്യമായി അവതരി പ്പിച്ചത്. ലിംഗാധിഷ്ഠിത അസമത്വങ്ങളുടെ വ്യാപ്തി കണ്ടെത്തി പുരോഗതിയിലേക്കു ള്ള പാതയൊരുക്കുകയെന്ന ദിശയിലാണ് ലിംഗഭേദ സൂചിക പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങിയത്. സ്ത്രീസമൂഹത്തിൻ്റെ സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസ നേട്ടങ്ങൾ, ആരോഗ്യം – അതിജീവനം, രാഷ്ട്രീയ പങ്കാളിത്തം എന്നിവ ആധാരമാക്കിയുള്ളതാണ് ആഗോള ലിംഗഭേദ സൂചിക. 2021 ലെ റിപ്പോർട്ടിൽ ഇന്ത്യൻ റാങ്ക് 140 (സ്കോർ: 0.6 25). സൂചികയിലെ വ്യത്യസ്ത മാനദണ്ഡങ്ങൾ തരംതിരിച്ചുള്ള ഇന്ത്യയുടെ പ്രകടനവും അതീവ ദയനീയം. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്ത അവസരമുറപ്പിക്കുന്നതിൽ ഇന്ത്യൻ റാങ്ക് 151 (സ്കോർ: 0.326). വി ദ്യാഭ്യാസ നേട്ടം: റാങ്ക് 114 ( സ്കോ ർ:0.962). ആരോഗ്യ-അതിജീവനം റാങ്ക്: 155 (0.937) രാഷ്ട്രീയ ശാക്തീകരണം 51 ( സ്കോർ: 0.276).
ഇന്ത്യയിൽ ലിംഗവേതന വ്യത്യാസം ഇപ്പോഴും ഏറെ വലുതാണ്. 2019 മാർച്ചിൽ പ്രസിദ്ധീകരിച്ച മോൺസ്റ്റർ സാലറി ഇൻഡക്‌സ് (എംഎസ്‌ഐ) പറയുന്നത് രാജ്യത്തെ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ 19 ശതമാനം വേതനം കുറവാണെന്നാണ്. അസംഘടിത മേഖലകളിൽ പ്രത്യേകിച്ച് കൃഷി പോലുള്ള മേഖലകളിൽ പ്രയത്ന ശേഷി വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ വളരെ കുറഞ്ഞ വേതനം! തൊഴിലിടങ്ങളി ലെ ലിംഗവേതന വ്യത്യാസങ്ങളും അസമത്വങ്ങളും സ്ത്രീകൾക്കെതിരായ സാമൂഹിക അനീതിയുടെ പൊതു ചുറ്റുപാടും ഗണ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിനുള്ള രചനാത്മകമായ. ഉപാധിയെന്ന നിലയിലാണ് പ്രത്യേക ജെൻ്റർ ബജറ്റിങിൻ്റെ സാധ്യതകൾ പരമാവധി തേടേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ മോദി സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശുഭസൂചനകൾ ഒട്ടുമേയില്ലെന്നത് രാജ്യത്തെ ജനസംഖ്യയുടെ 48.6 ശതമാനം വരുന്ന സ്ത്രീ സമൂഹത്തോടുള്ള കടുത്ത വെല്ലുവിളി. മോദി സർക്കാർ ഭരണ വേളയിൽ ആഗോള ലിംഗഭേദ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പരിതാപക രമായിരിയ്ക്കുമെന്നവസ്ഥയിൽ മാറ്റം പ്രതീക്ഷിയ്ക്കേണ്ടതില്ല.
ഡിജിറ്റൽ ഇന്ത്യ ദുർബ്ബലം
ഡിജിറ്റൽ കറൻസിയുൾപ്പെടെ ഡിജിറ്റിൽ ഇന്ത്യയെ പ്രതി മോദി സർക്കാർ വൻവീരവാദങ്ങളിലാണ്. മൊബൈൽ ഫോണില്ലൊതെ പക്ഷേ എന്ത് ഡിജി റ്റിൽ ബാങ്കിങ് ? രാജ്യത്ത് പുരുഷന്മാരെ അപേക്ഷിച്ച് 20 ശതമാനം സ്ത്രീകൾക്കേ സ്വന്തമായി മൊബൈൽ ഫോണുള്ളൂ. ഇതിൽ ഇൻ്റർനെറ്റ് കണ ക്ട് വിറ്റിയുള്ളതാകട്ടെ 50 ശതമാനത്തിനു മാത്രം! അഖിലേന്ത്യാതലത്തിൽ സ്ത്രീകളിൽ 14 ശതമാനത്തിനു മാത്രമാണ് സ്മാർട്ടുഫോണുള്ളത് – ഓൾ ഇന്ത്യ ഡബ്ബറ്റ് – ഇൻവെസ്റ്റ്മെൻ്റ് സർവ്വെ – 2019 (All India Debt and Investment Survey – AIDIS) പറയുന്നു.
ഗ്രാമീണ സ്ത്രീകളിൽ 20 ശതമാനത്തിനേ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളുള്ളൂ വെന്ന് എഐഡിഎസ് സർവ്വെ റിപ്പോർട്ട്. പുരുഷന്മാർക്ക് 64 ശതമാനം. നഗര പ്രദേശങ്ങളിൽ പോലും കാർഡ് ഉടമസ്ഥതയിൽ 17 ശതമാനം ലിംഗ വ്യത്യാസം. വൻ ഭരണ നേട്ടമെന്ന് ഘോഷിക്കപ്പെടുന്ന പ്രധാൻ മന്ത്രി ജൻധൻ അക്കൗണ്ട് ഉടമകൾക്കെല്ലാം റുപേ ഡെബിറ്റ് കാർഡ് നിർബ്ബന്ധമെന്നരിക്കെ യാണീ ഈ ലിംഗ വ്യത്യാസമെന്നറിയണം. ഡിജിറ്റൽ കേന്ദ്രീകൃത സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കപ്പെടുന്നുവെന്നതിൽ നിന്ന് സ്ത്രീകൾ ഇനിയുമകലെയെന്നത് തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്.
ആർക്കും വേണ്ടാതെ ഇന്ത്യൻ ഗോതമ്പ്
കടലുകൾ കടന്ന് തുർക്കിയിലെത്തിയ ഇന്ത്യൻ ഗോതമ്പ് തുർക്കിക്ക് വേണ്ട. എന്നാൽ പിന്നെ ഈജിപ്തിന് നൽകാമെന്ന് കരുതി അങ്ങോട്ടുവച്ചുപിടിച്ചു. അവിടെയെത്തിയപ്പോൾ അവർക്കും വേണ്ട! അതെ, ഇന്ത്യയുടെ 55000 ടൺ ഗോതമ്പ് നടുക്കടലിൽ അലയുകയാണ്. ഗുണനിലവാരത്തെപ്രതി ഉന്നയിക്കപ്പെട്ട ആശങ്കയാണ് ഇന്ത്യൻ ഗോതമ്പിൻ്റെ ഈ ദുരോഗ്യത്തിന് നിദാനം. കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരമുറപ്പിക്കപ്പെടേണ്ടത് അനിവാര്യം. ഇതിൽ പോലും മോദിയുടെ കീഴിലെ ഭരണ സംവിധാനങ്ങൾ ഗുരുതര വീഴ്ച്ച വരുത്തുന്നുവെന്നതിൻ്റെ ദുരന്തഫലമാണ് ആർക്കും വേണ്ടാതെ നടുക്കടലിലയുന്ന ഗോതമ്പ് കപ്പൽ! രാജ്യാന്തര വിപണകളിലെത്തുന്ന ഇന്ത്യൻ ഉല്പന്നങ്ങളുടെ വിശ്വാസ്യതയും ഗുണമേന്മയും സംശയത്തിൻ്റെ നിഴലിലകപ്പെട്ടുപോകുന്നതിനു് ഇത്തരം വീഴ്ച്ചകൾ വഴിവച്ചേക്കുമെന്നത് സാരമുള്ളതാണ്.
ഗ്ലോബൽ റിസ്‌ക് റിപ്പോർട്ട് – 2022
ഗ്ലോബൽ റിസ്‌ക് റിപ്പോർട്ട് – 2022 ഇന്ത്യയെ ഏറ്റവും ഉയർന്ന അപകട സാധ്യതാപട്ടികയിലാണുൾപ്പെടുത്തിയിട്ടുള്ളത്. അന്തർ സംസ്ഥാന ബന്ധങ്ങളി ലെ ഭിന്നത, കടക്കെണി, നിരാശബോധത്തിലകപ്പെട്ടുഴലുന്ന യുവജനങ്ങൾ, സാങ്കേതിക ഭരണ പരാജയം, ഡിജിറ്റൽ അസമത്വം എന്നീ അഞ്ച് ഘടകങ്ങളെ ആ ധാരമാക്കിയുള്ളതാണ് റിസ്‌ക് റിപ്പോർട്ട്. വേൾഡ് ഇക്കണോമിക് ഫോറത്തി ന്റെ എക്‌സിക്യൂട്ടീവ് അഭിപ്രായ (ഇഒഎസ്) – ഗ്ലോബൽ റിസ്ക് പെർസെപ്ഷൻ (Global Risks Perception Survey – GRPS) സർവേകളിലെ കണ്ടെത്ത ലുകളുടെ സമാഹരണമാണ് ഈ റിപ്പോർട്ട്[13]. ഭരിഭരിച്ച് രാജ്യത്തെ മോദി വൃന്ദം അപകടത്തിലാക്കിയെന്നതറിയാൻ ഈ റിപ്പോർട്ട് തന്നെ ധാരാളം.
[1](https://www.indiabudget.gov.in/doc/r ec/annex9.pdf
[2] https://www.hind ustantimes.com/business/household-debt-soars-to-37-1-of-gdp-savings-plunge-10-4-in-q2-rbi-report-101616317703515.html’
[3] https://pib.gov.in/PressReleasePage.aspx?PRID=1794133#:~:text=The%20Fiscal%20Deficit%20of%20the,the%20Budget%20Estimates%20of%20Rs
[4] (Error! Hyperlink reference not valid.dence-what-was-the-exchange-rate-of-dollar-to-inr-in-august-15-1947-3134343.html).
[5] https://www.nationalheral dindia.com/national/world-bank-cuts-indias-economic-growth-forecast-to-75-for-fy23
[6] https://pib.gov.in/Press ReleaseIframePage.a spx?PRID=1826325
[7] https://www.mckinsey.com/industries/advanced-electronics/our-insights/a-new-growth-formula-for-manufacturing-in-india#:~:text=In%20fiscal%20year%202020%2C%20manufacturing,it%20had%20contributed %20in%202000
[8] https://www.livemint.com/econom y/indias-current-account-deficit-to-deteriorate-to-10-year-high-morgan-stanley-11652259821303.html
[9] https://economictimes.indiatimes.com/n ews/ economy/finance/funds-spent-by-the-skills-development-ministry-on-flagship-skilling-programme-drops-by-over-13/articleshow/78106047.cms?from=mdr
[10] https://wheebox.com/assets/pdf/ISR_Report_ 2022.pdf
[11] https://www.glo balhungerindex.org/india .html
[12] (https://www.in.undp.org/content/india/en/home/sustainable-developm ent.html
[13] https://www3.weforum.org/ docs/WEFTheGlobalRisksReport_2022.pdf