ഇറാന്‍ – ഇറാഖ് ബന്ധത്തില്‍ മാറ്റത്തിന്റെ സൂചനകള്‍

ഇറാന്‍ – ഇറാഖ് ബന്ധത്തില്‍ മാറ്റത്തിന്റെ സൂചനകള്‍

Kk Sreenivasan

കെ.കെ ശ്രീനിവാസൻ

it discusses the possible shift in Iran – Iraq relations

അല്‍-ഖദമിയുടെ മുന്‍കയ്യില്‍ വൈരത്തില്‍ നിന്ന് ഇറാനും ഇറാഖും സൗഹൃദ്ദത്തിന്റെ പാതയിലേറുന്നുവെന്നത് അന്തര്‍ദേശീയ രാഷ്ടീയത്തില്‍ പുത്തനനുഭവമായിമാറും

രമ്പരാഗത വൈരികളായ ഇറാന്‍ – ഇറാഖ് ബന്ധത്തില്‍ മാറ്റത്തിന്റെ സൂചനകള്‍. ഇറാനെതിരെ തങ്ങളുടെ പ്രദേശത്ത് നിന്ന് ആക്രമണങ്ങളൊന്നും അനുവദിക്കില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍-ഖദമി ജൂലായ് 21ന് ടെഹ്റാനിലേക്കുള്ള യാത്രയില്‍ പറഞ്ഞതായി അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയാണ് മാറ്റത്തിന്റെ സൂചനകള്‍ ലോകമറിയുന്നത്.

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച അല്‍-ഖദമി ഇറാന്‍ – അമേരിക്ക ബന്ധം വഷളാകുന്നതില്‍ കടുത്ത ആശങ്ക പങ്കുവച്ചു. ടെഹ്റാനും വാഷിംഗ്ടണും കടുത്ത ശത്രുതയിലാണ്. ഇറാഖി ഭരണകൂടമാകട്ടെ വാഷിംഗ്ടണുമായി അടുപ്പത്തിലാണ്. എന്നാല്‍ ഇറാനും ഇറാഖും തമ്മിലുള്ള ബന്ധത്തില്‍ മാറ്റത്തിന്റെ സൂചനകള്‍ പ്രകടം. അതിനാല്‍ ടെഹ്‌റാനും വാഷിംഗ്ടണുമായി ഇറാഖിന് ഒരേ സമയത്ത് നല്ല ബന്ധമെന്നത് ഇറാഖി പ്രധാനമന്തിയെ സംബന്ധിച്ചിടത്തോളം നയതന്ത്രത്തിലെ ഞാണിമേല്‍ കളിയാണ്.

ടെഹ്‌റാനും വാഷിംഗ്ടണുമായുള്ള ഇറാഖിന്റെ ബന്ധത്തെ സന്തുലിതമാക്കുന്നതിനുള്ള പ്രയത്‌നങ്ങളിലാണ് ഇറാഖ് പ്രധാന മന്ത്രി അല്‍-ഖദമി. ഇറാനെതിരെയുള്ള യുഎസ് പടയൊരുക്കം മുഖ്യമായും ഇറാഖി മണ്ണില്‍ നിന്നാണെന്നതാണ് അത് – ഖദമിയെ അലട്ടുന്നത്. എന്നാല്‍ ഇനി മുതല്‍ അത് അനുവദിക്കില്ലെന്ന നിലപാടിലാണ് ഇറാഖ് പ്രധാനമന്ത്രി അല്‍-ഖദമി. ഈ നിലപാടു തന്നെയാണ് ഇരു രാഷ്ടങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ പുതിയ തലം കുറിക്കപ്പെടുന്നുവെന്നതിന്റെ ശുഭകരമായ സൂചനകള്‍ പ്രദാനം ചെയ്യുന്നത്.

രാജ്യത്ത് അല്‍-ഖദമി ഇറാനുമായി യോജിക്കുന്ന ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിലാണ്. പ്രധാനമന്ത്രി യുഎസിനൊപ്പം നില്‍ക്കുന്നുവെന്നതാണ് സമ്മര്‍ദ്ദത്തിന് ആധാരം. ഇറാനിയന്‍ പിന്തുണയുള്ള ആഭ്യ ന്തര സായുധസംഘങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിട്ടുവിഴ്ച്ചയില്ലാതെ അല്‍-ഖദമി നേരിടുന്നുവെന്നതും പ്രശ്‌നവല്‍കൃതമാണ്. ഈയൊരു അന്തരീക്ഷത്തിലും ഇറാനുമായുള്ള വൈരം വെടിയുന്നതില്‍ ഇറാഖ് പ്രധാന മന്ത്രി അല്‍- ഖദമി തീര്‍ത്തും തല്പരനാണെന്നത് ശ്രദ്ധേയം.

ഇരുരാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന തത്വത്തെ അടിസ്ഥാനമാക്കി ഇറാഖിലെ ജനങ്ങള്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു, ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ തത്സമയം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അല്‍-ഖദമി പറഞ്ഞു.

നാലു വര്‍ഷത്തോളം ഇറാഖ് ഇന്റലിജന്‍സ് സര്‍വ്വിസ് മേധാവിയായിരുന്ന അല്‍-ഖദമി 2020 മെയിലാണ് പ്രധാനമന്ത്രി പദത്തിലേറിയത്. ടെഹ്‌റാന്‍ – റിയാദ്-വാഷിംഗ്ടണ്‍ ബന്ധങ്ങള്‍ ഒരേയളവില്‍ പരിപാലിക്കുന്നതില്‍ അല്‍-ഖദമി ശ്രദ്ധാലുവാണ്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പിന്റെ കണ്ണിയെന്ന നിലയില്‍ ഖദമിക്ക് നിലകൊള്ളാനു കുന്നുണ്ട്. അധികാരത്തിലേറി ആദ്യ രണ്ടു മാസത്തിനുള്ളില്‍ തന്നെ രാജ്യത്ത് ഇറാന്റെയു ള്‍പ്പെടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍ ഒത്തുതിര്‍പ്പെന്ന നിലയില്‍ പിന്നിടവരെ വിട്ടയച്ചു.

ഇതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ജൂലായ് 19 ന് ബാഗ്ദാദ് സന്ദര്‍ശിച്ചു. 2020 ജനുവരിയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇറാനിയന്‍ ജനറല്‍ ഖ്വാസിം സുലൈമാനിയും ഇറാഖിലെ അര്‍ദ്ധസൈനിക മേധാവി അബു മഹ്ദി അല്‍ മുഹദ്‌സിനും കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങള്‍ ടെഹ്‌റാന്‍ – വാഷിംഗ്ടണ്‍ ബന്ധം തീര്‍ത്തും വഷളാക്കിയിരുന്നു.അല്‍-ഖദമിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ പരമോന്നത നേതാവ് അയ്ത്തുള്ള അലി ഖ്വാമേനി ഇറാഖ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സിനെ പ്രശംസിച്ചു.

ഇറാഖും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഇറാന്‍ ഇടപെടില്ലെന്ന് ഖ്വമേനി തന്റെ ഓദ്യോഗിക വെബ്സൈറ്റില്‍ പറഞ്ഞു. ഇറാന്‍ – ഇറാഖ് പരമ്പരാഗതമായി തന്നെ ശത്രുതയുടെ പാതയിലാണ്. 1980 മുതല്‍ 1988 വരെ ഇറാന്‍ – ഇറാഖ് രക്തരൂക്ഷിത യുദ്ധം . 2003 ല്‍ യുഎസ് നേതൃത്വത്തില്‍ ഇറാഖ് അധിനിവേശം. സദ്ദാം ഹുസൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കപ്പെട്ടതിനുശേഷം ഇറാഖ് സാക്ഷ്യം വഹിച്ചത് രക്തരൂക്ഷിത ആഭ്യന്തര കലാപം. ഇതിനിടെയാണ് ഒരു പക്ഷത്തിന് പിന്തുണയുമായി ടെഹ്റാന്‍ ബാഗ്ദാദില്‍ സ്വാധീനമറിയിച്ചത്. പ്രധാനമന്ത്രി പദമേറ്റെടുത്തിനുശേഷം അല്‍-ഖദമിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇറാനിലേത്. റിയാദ് സന്ദര്‍ശനമായിരുന്നു ആദ്യം തീരുമാനിക്കപ്പെട്ടത്. എന്നാല്‍ സൗദി സല്‍മാന്‍ രാജാവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ സന്ദര്‍ശനം ആദ്യമായത്.

ഇറാഖ് പ്രധാനമന്ത്രി അല്‍-ഖദമിയിലൂടെ മധ്യപൂര്‍വ്വേഷ്യന്‍ മേഖലയില്‍ പുത്തന്‍ ബാന്ധവങ്ങള്‍ രൂപപ്പെടുമോയെന്നതാണ് ലോകം കാത്തിരിക്കുന്നത്. അല്‍-ഖദമിയുടെ മുന്‍കയ്യില്‍ വൈരത്തില്‍ നിന്ന് ഇറാനും ഇറാഖും സൗഹൃദ്ദത്തിന്റെ പാതയിലേറുന്നുവെന്നത് അന്തര്‍ദേശീയ രാഷ്ടീയത്തില്‍ പുത്തനനുഭവമായിമാറും.

Related Post

സർക്കാർ വിതരണ ഭക്ഷ്യവസ്തു ഗുണനിലവാരം- ഭക്ഷ്യമന്ത്രിക്ക് ഒരു കത്ത്

സർക്കാർ വിതരണ ഭക്ഷ്യവസ്തു ഗുണനിലവാരം- ഭക്ഷ്യമന്ത്രിക്ക് ഒരു കത്ത്

കെ.കെ ശ്രീനിവാസൻ / KK Sreenivasan ഓണക്കാലം വരുന്നു. സർക്കാർ സംഭരണ-വിതരണ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഒന്നാം തരമെന്നുറപ്പിക്കപ്പെടുന്നതിൽ പ്രത്യേക ശ്രദ്ധ…