ഇന്ത്യൻ പാർലമെൻ്ററി രാഷ്ട്രീയം ‘ചന്തമാർന്ന തടവറ’യിൽ

ഇന്ത്യൻ പാർലമെൻ്ററി രാഷ്ട്രീയം ‘ചന്തമാർന്ന തടവറ’യിൽ

Kk Sreenivasan

അശോക് ഗലോട്ട് – സച്ചിൻ പൈലറ്റ് അധികാരവടംവലിയുടെ പശ്ചാത്തലത്തിൽ  കെ.കെ ശ്രീനിവാസൻ എഴുതുന്നു

കോടികൾ വാരിയെറിഞ്ഞ് ഭരണപക്ഷ എംഎൽമാരെ ‘പർച്ചേയ്സ്’ ചെയ്യുന്ന രീതി. ഇത് അവലംബിക്കുന്നതിലുള്ള ബിജെപി നേതൃത്വത്തിൻ്റെ മെയ് വഴക്കം അപാരം!

ബാംഗ്ലൂർ മെട്രോപൊളിറ്റിൻ നഗര പ്രാന്ത പ്രദേശത്തെ ഈഗിൾടൺ പഞ്ചനക്ഷത്ര റിസോർട്ട് ചന്ത മാർന്ന തടവറയായിയെന്ന് ബ്രിട്ടിഷ് ദിനപത്രം ദി ഗാർഡിയൻ റിപ്പോർട്ട്. 2018 മെയ് 19നാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇന്ത്യൻ പാർലമെൻ്ററി രാഷ്ട്രീയത്തിൻ്റെ അപചയം വിളിച്ചോതുന്നതിലൂന്നിയുള്ള റിപ്പോർട്ടിലാണ് ഒരിന്ത്യൻ റിസോർട്ടിന് ചന്തമാർന്ന തടവറയെന്ന വിശേഷണം ബ്രിട്ടിഷ് പത്രം ഗാർഡിയൻ ചാർത്തി നൽകിയത്. ലോക പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ മാതാവ്. ബ്രിട്ടിഷ് പാർലമെൻ്ററി വ്യവസ്ഥയുടെ വിശേഷണം. ഈ ‘മാതാവി’ൽ നിന്ന് ഉയിർകൊണ്ടതാണ് ഇന്ത്യൻ പാർലമെൻ്ററി സംവിധാനം. ബ്രിട്ടനിൽ നിന്നുള്ള ഒരു പത്രത്തിന് തന്നെ ഇന്ത്യൻ പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ ജീർണതകൾ അക്കമിട്ടുനിരത്തി ലോകസമക്ഷം അവതരിപ്പിക്കേണ്ടിവന്നു. കാലത്തിൻ്റെ വൈപരിത്യം!

പക്വതയാകാതെ പർലമെൻ്ററി വ്യവസ്ഥ

ഇന്ത്യൻ പാർലമെൻ്ററി ജനാധിപത്യ വ്യവസ്ഥ ഇനിയും അതിൻ്റെ ബാലാരിഷ്ടതകൾ പിന്നിട്ടിട്ടില്ല. കോട്ടങ്ങളും വീഴ്ച്ചകളും അഭിമുഖീകരിച്ചു കൊണ്ടുതന്നെയാണ് ഒരു ഭരണവ്യവസ്ഥ പരിപക്വമാവുക. പെട്ടെന്നൊരു സുപ്രഭാതത്തിൽ പക്വതയാർജ്ജിക്കുകയെന്നത് സാധ്യമല്ലതാനും. ദൗർഭാഗ്യകരമെന്നുപറയട്ടെ ഇന്ത്യൻ പാർലമെൻ്ററി ജനാധിപത്യ വ്യവസ്ഥ പക്വതയാർജ്ജിക്കുന്നതിൻ്റെ ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ? ഇല്ലെന്ന ഉത്തരമായിരിക്കുമുയരുക.

സമകാലിക ഇന്ത്യൻ അധികാര രാഷ്ടീയത്തിൻ്റെ അപചയങ്ങളാണ് അനാവൃതമാകുന്നത്. തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയ സംസ്ഥാന സർക്കാരുകളെ കാലാവധി പൂർത്തികരിയ്ക്കാൻ പൊതുവെ അനുവദിയ്ക്കപ്പെടുന്നില്ല. ഈ ദിശയിലുള്ള ദൃഷ്ടാന്തങ്ങൾ ഒന്നിനുപിറകെ മറ്റൊന്ന്.

ബിജെപിയാണ് പ്രായോജകർ

ഭരണകക്ഷി എംഎൽഎമാരെ റാഞ്ചിയെടുക്കുക. സർക്കാരിൻ്റെ ഭൂരിപക്ഷത്തെ ന്യൂനപക്ഷമാക്കുക. കുതിരകച്ചവടം. ചാക്കിട്ടുപിടുത്തം. സാമാജികരുടെ കാലുമാറ്റം. കാലുമാറ്റ നിരോധിത നിയമം ഇന്ത്യ പണ്ടേ പാസ്സാക്കിയിട്ടുണ്ട്. കാരണം കാലുമാറ്റം പണ്ടുമുണ്ട്.

കാലുമാറ്റം പക്ഷേ സമകാലിക പർലമെൻ്ററി രാഷ്ട്രീയത്തിൻ്റെ മുഖ്യചേരുവ! കാലുമാറ്റ നിയമത്തെ നോക്കുകുത്തിയാക്കുന്ന തന്ത്രങ്ങൾ. അല്ല കുതന്ത്രങ്ങൾ. അത് മെനഞ്ഞ് ഭംഗിയായി നടപ്പിലാക്കപ്പെടുകയാണിപ്പോൾ. ഇക്കാര്യത്തിൽ സമകാലിക അധികാര രാഷ്ട്രീയ നടത്തിപ്പുക്കാരുടെ വൈഭവം ഇതിനകം തന്നെ പ്രകടമായിട്ടുണ്ടുതാനും.

കാലുമാറ്റ മുഖ്യ പ്രായോജകർ ബിജെപി. ഇന്ദ്രപ്രസ്ഥത്തിൽ മോദി – അമിത് ഷാ കൂട്ടുകെട്ട് അരങ്ങുവാഴാൻ തുടങ്ങി. ഇതോടെയാണ് കുതിരക്കച്ചവടത്തിൻ്റെ പുത്തനദ്ധ്യായം രാജ്യത്തിൻ്റെ പാർലമെൻ്ററി രാഷ്ട്രീയത്തിൽ കുറിക്കപ്പെട്ടത്. കേന്ദ്ര ഭരണ പിൻബലത്തിൽ വാരിക്കൂട്ടിയ കോടികളുടെ ആസ്തി. ഇതു പയോഗിച്ച് ബിജെപിയിതര സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ച് ഭരണം പിടിക്കുക. ബി ജെപിയിതര സംസ്ഥാനങ്ങളിലെ രാജ്യസഭാസീറ്റുകളിൽ ബിജെപി അംഗങ്ങളെ വിജയിപ്പിച്ചെടുക്കുക. ബിജെപി എതിരാളികളായ രാഷ്ടീയകക്ഷികൾ പ്രത്യേകിച്ചും കോൺഗ്രസിൻ്റെ ആസ്തി ഒട്ടുമേ ഭദ്രമല്ല. അതിനാൽ പാർലമെൻ്ററി രാഷ്ട്രീയത്തെ ബിജെപിയെ പോലെ പർച്ചേയ്സ് ചെയ്യുവാനാകാതെ കോൺഗ്രസാകട്ടെ വല്ലാത്തൊരു വിമ്മിഷ്ടത്തിലാണ്.

കാലുമാറ്റം അല്ലെങ്കിൽ ചാക്കിട്ടുപിടുത്തം അതുമല്ലെങ്കിൽ കുതിരക്കച്ചവടം. ഇത് സുസാധ്യമാക്കിയെടുക്കുന്നിടത്ത് കോടികളുടെ കളി. ഇലക്ട്രൽ ബോണ്ടിലൂടെയുൾപ്പെടെ ബിജെപി സൃഷ്ടിച്ചെടുത്ത വൻ ആസ്തി ബിജെപിയിതര സംസ്ഥാന സർക്കാരുകളെ അധികാരത്തിൽ നിന്ന് വലിച്ചിടുന്നതിനായി ഉപയോഗിക്കപ്പെടുന്നു. കോടികൾ വാരിയെറിഞ്ഞ് ഭരണപക്ഷ എംഎൽമാരെ ‘പർച്ചേയ്സ്’ ചെയ്യുന്ന രീതി. ഇത് അവലംബിക്കുന്നതിലുള്ള ബിജെപി നേതൃത്വത്തിൻ്റെ മെയ് വഴക്കം അപാരം!

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ കാലാവധി പൂർത്തികരിക്കാൻ സമ്മതിക്കില്ലെന്നതിലാണ് ബിജെ പി നേതൃത്വം. സർക്കാർ രൂപീകരണ ആദ്യ വേളയിൽ തന്നെ ഭൂരിപക്ഷ കക്ഷി (കോൺഗ്രസെന്നു വായിക്കുക) യിലെ എംഎൽഎമാർക്ക് ബിജെപി വലയിടും. വിലയിടും. കോടികൾ. ഭൂരിപക്ഷ കക്ഷിയുടെ എംഎൽഎമാർ ഈ കോടികളിൽ കുരുങ്ങിയാൽ മന്ത്രിസഭാരൂപീകരണം ബിജെപിയുടേത്. ആദ്യശ്രമത്തിൽ പരാജയപ്പെട്ടാലും പിന്മാറ്റമില്ല. സർക്കാർ നിലവിൽവന്നാൽ മന്ത്രി സ്ഥാനം ലഭിയ്ക്കാതെപോയതിൽ വൈഷമ്യമുള്ള ഭരണകക്ഷി എംഎൽഎമാരെ മഷിയിട്ടുകണ്ടുപിടിക്കുക. ഇതിലായി പിന്നെ ബിജെപി ശ്രദ്ധ. മഷിയിട്ടുകണ്ടുപിടിക്കപ്പെട്ട എം എൽഎമാർക്ക് ചാക്കിൽക്കെട്ടി ഭദ്രമായി സൂക്ഷിച്ച കോടികൾ ഉറപ്പ്! കോടികൾ നിറച്ച ചാക്കിൽ കയറാൻ എംഎൽഎമാരും തയ്യാർ!

റിസോർട്ട് രാഷ്ട്രീയം

ഇനിയാണ് റാഞ്ചലിൻ്റെ അടുത്ത ഘട്ടം – റിസോർട്ടുകളിലേക്ക് കടത്തികൊണ്ടുപോകൽ. പിന്നെ മത്സരം! റാഞ്ചിയെടുക്കപ്പെട്ടവരുമായി ബിജെപി പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക്. സർക്കാരിനെ നിലനിറുത്താൻ പെടാപ്പാടുപ്പെടുന്നവരും കൂടെ നിൽക്കുന്ന എംഎൽഎമാരുമായി പഞ്ചനക്ഷത്ര റിസോർട്ടുകളിൽ അഭയം. കണക്കുകളില്ലാത്ത സമ്പത്തിൻ്റെ പിൻബലത്തിൽ ഒരുതരം പൊളിറ്റിക്കൽ പിക്ക്നിക്ക്! ബ്രിട്ടിഷ് പത്രം ഗാർഡിയൻ വിശേഷിപ്പിച്ച ചന്തമാർന്ന തടവറയിലകപ്പെടുന്ന ഇന്ത്യൻ പാർലമെൻ്ററി രാഷ്ട്രീയം!

കാലുമാറ്റ നിയമത്തെ കാറ്റിൽ പറത്തി എംഎൽഎമാരെ ബിജെ പി പാളയത്തിലെത്തിക്കുക. ഈ സാധ്യതക്ക് മങ്ങലേൽക്കുന്നുവെങ്കിൽ ഭരണകക്ഷി എംഎൽഎമാരെ രാജിവെയ്പ്പിക്കുക. ശേഷം ന്യൂനപക്ഷമാക്കപ്പെടുന്ന ഭരണഭ പക്ഷം. ഇവിടെയാണ് സഭയിലെ ഏറ്റവും വലിയ കക്ഷിയെന്ന ആനുകൂല്യം ബിജെപിക്ക് തരപ്പെടുക. ഒപ്പം ഭരണവും കൈപ്പിടിയിലെത്താം. അടുത്തത് ഉപതെരഞ്ഞടുപ്പ്. രാജിവപ്പിച്ച് പാളയത്തിലെത്തിക്കപ്പെട്ട മുൻ എംഎൽഎമാർ ബിജെപി സ്ഥാനാർത്ഥികളാക്കപ്പെട്ട് തെരഞ്ഞടുപ്പ് ഗോഥയിൽ. ഇവരെ ജയിപ്പിച്ചെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ബിജെപി കൃത്യമായി നിറവ്വേറ്റും. ജയിച്ചു കയറിയാൽ മന്ത്രിസ്ഥാനവും!

തുടക്കം ഗോവയിൽ

2017 മാർച്ച്. ഗോവയിൽ ബിജെപി അധികാരം പിടിച്ചെടുത്തതോടെയാണ് വർത്തമാനക്കാല അധികാരം റാഞ്ചൽ പ്രകിയ ‘ഓപ്പറേഷൻ ലോട്ടസി’ൻ്റെ പ്രാഥമിക രൂപം പ്രകടമായത്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 എംഎൽഎമാരുമായി ഏറ്റവും വലിയ കക്ഷി കോൺഗ്രസായിരുന്നു. അവർ മന്ത്രിസഭാ രൂപീകരണത്തിന് ശ്രമിക്കവെയാണ് ബിജെപിയുടെ കുതിരക്കച്ചവടം.

കോടികളെറിഞ്ഞ് കുതിരക്കച്ചവടത്തിന് ചരടുവലിച്ചത് ഇന്ദ്രപ്രസ്ഥത്തിലിരുന്ന് അമിത് ഷാ. തുടർന്ന് ഗോവയിൽ കണ്ടത് 13 എംഎൽഎമാർമാത്രമുള്ള ബിജെപി സർക്കാർ! മോദി സർക്കാരിലെ പ്രതിരോധ മന്ത്രി മനോഹർ പരീഖർ നേരം ഇരുട്ടിവെളുത്തപ്പോൾ ഗോവ മുഖ്യമന്ത്രി!

2018 ജൂലായിയോടെ പരീഖർ ക്യാൻസർ ബാധിതൻ. അതോടെ ഭരണരംഗത്ത് അനിശ്ചിതാവസ്ഥ. അധികാര വടംവലി. 2019 മാർച്ചിൽ പരീഖറുടെ മരണം. ഇതേതുടർന്നു ബിജെപി നേരിട്ടത് എംഎൽഎമാരുടെ അംഗബല പ്രതിസന്ധിയും. ഇവിടെയും കോടികളുടെ കളിയിൽ ബിജെപി അധികാരം നിലനിറുത്തി – പ്രമോദ് പാണ്ടുരംഗ് സാവന്ത് മുഖ്യമന്ത്രി.

കർണാടക എപ്പിസോഡ്

2019 ജൂലായ് 22. കർണാടകയിൽ കുമാരസ്വാമി സർക്കാനെതിരെ ബിജെപി അവിശ്വാസ പ്രമേയം. അവിശ്വാസ പ്രമേയത്തിനെതിരെ കുമാരസ്വാമി സർക്കാരിന് സഭയിൽ ഉറപ്പിക്കാനായത് 99 എംഎൽഎമാരുടെ പിന്തുണ. യെദ്യൂരപ്പ ബിജെപി സംഘ പിന്തു ണയിൽ 105 എംഎൽഎമാർ. അവിശ്വാസ പ്രമേയത്തെ അതിജീവിയ്ക്കാനാകതെ കുമാരസ്വാമി സർക്കാർ തകർന്നുവീണു.

14 മാസക്കാലം ഭരിച്ച ജെഡിഎസ് – കോൺഗ്രസ് സഖ്യകക്ഷി സർക്കാരിനെ വീഴ്ത്താനായി അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങൾ! ഗവർണർ ബിജെപി പക്ഷത്ത്. സ്പീക്കർ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളുടെ പിടിവള്ളിയിൽ. കോടതി ഇടപ്പെടലുകൾ.

കോടികളുടെ ഇന്ത്യൻ കറൻസി നിറച്ച ചാക്കുകളുമായി ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് ബിജെപി നേതാക്കൾ ബാംഗ്ലൂരിവിൽ പറന്നിറങ്ങി – ബിജെപിയിതര സർക്കാരുകൾ അട്ടിമറിക്കപ്പെടുന്നിടത്താണ് ഇന്ത്യൻ പാർലമെൻ്ററി വ്യവസ്ഥ പുഷ്ഠിപ്പെടൂവെന്നുറച്ച് വിശ്വസിക്കുന്ന അമിത് ഷായുടെ ആജ്ഞയനുസരിച്ച്. ചാക്കുകളുമായിയെത്തിയ ബിജെപി കേന്ദ്ര നേതാക്കൾ 17 കോൺഗ്രസ് എംഎൽഎമാരെയും രണ്ടു സ്വതന്ത്ര എംഎൽഎമാരെയും കോടികൾ കൊടുത്ത് ‘പർച്ചേയ്സ്’ ചെയ്തു.

കോടികൾ വിലകൊടുത്തുവാങ്ങിയ ഇന്ത്യൻ പാലമെൻ്ററി വ്യവസ്ഥയിലെ നിയമനിർമ്മാതക്കളെയുംകൊണ്ട് ബിജെപി രായ്ക്ക് രാമാനം മുംബൈയിലേക്ക് മുങ്ങി. പിന്നെ അവരെ കണ്ടത് മുംബെ ബാന്ദ്ര- കുർള കോംപ്ലകസിലെ സോഫി ട്ടെൽ പഞ്ചനക്ഷത്ര ഹോട്ടലിൽ! .

കോടികൾ വാങ്ങിയ വിമത കോൺഗ്രസ് എംഎൽമാർ ബിജെപിയ്ക്കായി രാജിവച്ചു. അവിശ്വാസ പ്രമേയത്തിനെതിരെ ഭൂരിപക്ഷമില്ലാതെ കുമാരസ്വാമി സർക്കാർ വീണു – യെദ്യുരപ്പ ബിജെപി മുഖ്യമന്ത്രി. അമിത് ഷായുടെ ഓപ്പറേഷൻ ലോട്ടസ് കർണാടകയിൽ ‘ഭംഗി’യായി!

ഓപ്പറേഷൻ ലോട്ടസിൻ്റെ തുടർച്ച

2019 നവംമ്പർ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ദേവന്ദർ ഫഡ് നവീസിന് അടിതെറ്റി. പക്ഷേ ഇന്ദ്ര പ്രസ്ഥത്തിലെ അമിത്ഷാ വീണ്ടും തനി സ്വഭാവമെടുത്തു. തുടർന്ന് രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനം മുംബൈയിൽ കണ്ടത് ഇന്ത്യൻ പാർലമെൻ്ററി ജനാധിപത്യം മൊത്തത്തിൽ പർച്ചേയ്സ് ചെയ്യപ്പെടുന്ന കാഴ്ച!

ശരദ്പവ്വാറിൻ്റെ മരുമകൻ അജിത് പവ്വാർ പർച്ചേയ്സ് ചെയ്യപ്പെട്ടു. നേരം ഇരുട്ടിവെളുത്തപ്പോൾ ബിജെപി ഫഡ്നവിസ് മന്ത്രിസഭാ രൂപീകരണം. അജിത് പവ്വാർ ഉപ മുഖ്യമന്ത്രി. ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് പൂർണരൂപത്തിൽ അരങ്ങേറി. അനിശ്ചിതാവസ്ഥ വീണ്ടും പക്ഷേ മുറുകി. കോടികൾ ഒഴുക്കി. റിസോർട്ട് രാഷ്ട്രീയം! അവസാനം ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് പക്ഷേ ഏശാതെപോയി.

ശിവസേന – കോൺഗ്രസ് – എൻസിപി കൂട്ടുകക്ഷി ഭരണം. ബിജെപി ക്യാമ്പ് വിട്ടുതിരിച്ച് വന്ന ശരദ് പവ്വാറിൻ്റെ മരുമകൻ അജിത് പവ്വാർ താക്കേറെ മന്ത്രിസഭയി’ൽ ഉപമുഖ്യമന്ത്രി! ഇന്ത്യൻ പാർലമെൻ്ററി വ്യവസ്ഥക്ക് ഓരോരു ദുരന്തങ്ങൾ! ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് വിജയത്തിലേക്കുവാനുള്ള പരിശ്രമം മഹാരാഷ്ട്രയിൽ ഇനിയും തുടരുകയാണ്. വിജയം കാണും വരെയത് ബിജെപി തുടരും.

കാലിടറിവീണ കമൽനാഥ്

മഹരാഷ്ട്രയിൽ വിജയം കാണാതെപോയ ഓപ്പറേഷൻ ലോട്ടസ് 2020 മാർച്ചിൽ ബിജെപി മദ്ധ്യപ്രദേശിൽ പ്രയോഗിച്ചു. കോടികൾ. കുതിരക്കച്ചവടം. കലുമാറ്റം. റിസോർട്ട് രാഷ്ട്രീയം. അധികാരംറാഞ്ചൽ. പതിവ് രീതിശാസ്ത്രം. കമൽനാഥിൻ്റെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തുന്നതിൽ ബിജെപി ഓപ്പറേഷൻ ലോട്ടസ് വിജയിച്ചു. കമൽനാഥുമായി പോരടിച്ചുനിന്നിരുന്ന കോൺഗ്രസ് ദേശീയതാരം കൂടിയായ ജ്യോതി രാജ് സിന്ധ്യയെ രാഷ്ടീയമായി വിലയിട്ട് ബിജെപി വാങ്ങി. കമൽനാഥ് സർക്കാർ വീണു. 2020 മാർച്ച് കൊവിഡ്ക്കാല തുടക്കത്തിൽ ബിജെപിയുടെ ശിവരാജ് സിങ് ചൗഹാൻ വീണ്ടും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി.

രാജസ്ഥാൻ

മദ്ധ്യപ്രദേശിൽ വിജയം കണ്ട ഓപ്പറേഷൻ ലോട്ടസ് ബിജെപി ഇപ്പോഴത് രാജസ്ഥാനിൽ പ്രയോഗിക്കുവാൻ തക്കംപാർത്തിരിക്കുകയാണ്. അശോക് ഗലോട്ടിൻ്റെ കോൺഗ്രസ് മന്ത്രിസഭ ഗ്രൂപ്പു രാഷ്ട്രീയത്തിൽ തകർച്ചയുടെ വക്കിലാണ്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഗലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന കടുത്ത നിലപാടിലാണ്. പരമാവധി കോൺഗ്രസ് എംഎൽമാരെ ഒപ്പം നിറുത്തുന്ന തിരക്കിലാണ് ഗലോട്ടും സച്ചിനും. എംഎൽഎമാർ റാഞ്ചിയെടുക്കപ്പെടാതിരിയ്ക്കുന്നതിനായി റിസോർട്ടു രാഷ്ടീയ നീക്കവും പ്രകടം. ഒപ്പം കോടികളുടെ ചാക്കുകെട്ടുകൾ അഴിക്കപ്പെടും!

ഗലോട്ട് മുഖ്യമന്ത്രിസ്ഥാനത്ത് തുടരെട്ടെയെന്നാണ് കോൺഗ്രസ് ഹൈകമാൻ്റ് നിലപാടെങ്കിൽ രാജസ്ഥാനിലെ ജ്യോതി രാജസിന്ധ്യയായി സച്ചിൻ മാറ്റിയെടുക്കപ്പെടും. ഇതിനായി കോടികൾ ചാക്കിൽക്കെട്ടി ഓപ്പറേഷൻ ലോട്ടസിനെ പൂർവ്വാധികം ശക്തിപ്പെടുത്തുവാ നുള്ള നീക്കത്തിലാണ് ഇന്ദ്രപ്രസ്ഥത്തിലെ ബിജെപി നേതൃത്വം. അതെ, ഇന്ത്യൻ പാർലമെൻ്ററി വ്യവസ്ഥയെ ‘ചന്തമാർന്ന തടവറ’കളിലെത്തിക്കുന്നവസ്ഥയുടെ തുടർച്ചയായിരിക്കും ഗലോട്ട് – സച്ചിൻ അധികാര തർക്കവും സൃഷ്ടിക്കുക.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…