2020 ആഗസ്ത് 05 കളങ്കിത ദിനം

2020 ആഗസ്ത് 05 കളങ്കിത ദിനം

 

Kk Sreenivasan

കെ.കെ ശ്രീനിവാസന്‍

  

ഇന്ന് 2020 ആഗസ്ത് അഞ്ചിന് ട്രസ്റ്റിന്റെ മുന്‍കയ്യില്‍ മസ്ജിദ് സ്ഥിതിചെ
യ്തിരുന്നിടത്ത് രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങ് കേങ്കേമമാക്കപ്പെട്ടു. ഇന്ത്യന്‍ മതേതരത്വത്തിന്റെ തറക്കല്ല് പൊളിച്ച് ഹിന്ദുത്വത്തിന്റെതറക്കല്ലിടല്‍ ചടങ്ങ്

2020 ആഗസ്ത് അഞ്ച്. ഇന്ത്യന്‍ ചരിത്രത്തില്‍ ഭൂരിപക്ഷ സമുദായ വിജയത്തിന്റെ കൊടിയേറ്റം. പ്രൗഢോജ്ജ്വല കൊടിയേറ്റം. ഈ സുദിനത്തില്‍ കൊണ്ടാടപ്പെടുന്നത് ഹിന്ദുത്വത്തിന്റെ പ്രൗഢ ഗംഭീര ആഘോഷം. ഈ സുദിനത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടല്‍ കര്‍മ്മം. ഭൂമിപൂജ. രാജ്യത്തെ മതേതര മൂല്യങ്ങള്‍ക്കുമേല്‍ സംഘപരിവാര്‍ താല്പര്യങ്ങള്‍ സംസ്ഥാപിതമാകുന്നതിന്റെ പ്രത്യക്ഷ അടയാളം – രാമക്ഷേത്ര നിര്‍മ്മാണം.

ഇന്ത്യന്‍ മതേതര മൂല്യങ്ങള്‍ക്ക് രാജ്യത്തിന്റെ പരമോന്നത നീതിപീഠം വക ഒരു തിരുത്ത്. ഈ തിരുത്ത് ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിക്കല്ലിളക്കുന്നതായ തോന്നലുകള്‍ക്ക് ആധാരമായി. ഈ തോന്നലുകള്‍ ഒരു പ്രത്യേക സമുദായത്തിന്റേതുമാത്രമായി തട്ടികിഴിക്കപ്പെടേണ്ടതല്ല. ഈ തോന്നലുകള്‍ വിശാലവും സമ്പന്നവുമായ മതേതര സമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ മതേതര സമൂഹം അപ്പാടെ അവഗണിക്കപ്പെട്ടിടത്താണ് ഇന്ന് 2020 ആഗസ്ത് അഞ്ചിന് രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള തറക്കല്ലിടല്‍ കര്‍മ്മം.

ഒരു മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ തീര്‍ത്തും മതപരമായ ചടങ്ങ്. മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലോ നിരുത്സാഹപ്പെടുത്തുന്നതിലോ ഭരണകൂടം ഇടപ്പെടരുതെന്നു ഭരണഘടന പറയുന്ന രാജ്യത്താണ് പ്രധാനമന്ത്രി സജിവമായി പങ്കെടുക്കന്ന ഭൂമി പൂജ ചടങ്ങ്. ഇതവശേഷിപ്പിക്കുന്നത് ഇന്ത്യന്‍ മതേതരത്തിന്റെ ശേഷക്രിയ പൂര്‍ത്തികരിപ്പെട്ടുപോകുന്നുവെന്ന അശുഭകരമായ ചിന്തകള്‍!

തര്‍ക്കാംരംഭം

1880 കളിലാണ് തര്‍ക്കാംരംഭം. അയോദ്ധ്യ ബാബ്റി മസ്ജിദ് രാമജന്മ ഭൂമിയിലാണെന്ന പ്രചരണം. ഇതാണ് തര്‍ക്കത്തിന് തിരികൊളുത്തിയത്. മുഗള്‍ സാമ്രാജ്യതേരോട്ട വേളയില്‍ ബാബര്‍ ചക്രവര്‍ത്തിയുടെ സൈന്യം അയോദ്ധ്യ രാമക്ഷേത്രം കൈയ്യേറി. ശേഷം അവിടെ മസ്ജിദ് നിര്‍മ്മിക്കുകയായിരുന്നുവെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്.

ഭൂരിപക്ഷ – ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ തര്‍ക്കം. 1853 ലത് കലാപത്തില്‍ കലാശിച്ചു.1859 ല്‍ ബ്രീട്ടീഷ് ഉദ്യോഗസ്ഥരുടെ ഇടപ്പെടല്‍. മധ്യസ്ഥത. മുസ്ലിങ്ങള്‍ക്ക് അകത്ത് ആരാധന. ഹിന്ദുക്കള്‍ക്ക് പുറത്തുമെന്നും വ്യവസ്ഥ. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന കുതന്ത്രം അയോദ്ധ്യയിലും കൊളോണിയല്‍ ഭരണകൂടം ഭംഗിയായി പ്രയോഗിച്ചു.

1949 ഡിസംബര്‍ 22 – 23. തര്‍ക്കസ്ഥലത്ത് രാമ വിഗ്രഹം രഹസ്യമായി പ്രതിഷ്ഠിക്കപ്പെട്ടു. നേരമിരുട്ടിവെളുത്തപ്പോള്‍ ഹിന്ദുമഹാസഭയുടെ അഭിരാം ദാസ് സംഘം വക ബാബ്റി മസ്ജിദിനുള്ളില്‍ ആരാരുമറിയാതെ ശ്രീരാമ വിഗ്രഹപ്രതിഷ്ഠ. മസ്ജിദ് ‘പിടിച്ചെടുക്ക’പ്പെട്ട അവസ്ഥ. തര്‍ക്കങ്ങള്‍ പിന്നെയും ബാക്കി. ഭൂരിപക്ഷ കക്ഷികളുടെ അവകാശവാദത്തെ ശരിവയ്ക്കുന്ന സൂചകമെന്ന നിലയില്‍ പക്ഷേ രഹസ്യ പ്രതിഷ്ഠ ദിവ്യാത്ഭുതമെന്ന നിലയില്‍ തുടര്‍ന്നുപോന്ന വ്യവഹാരങ്ങളില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നത് വിചിത്രവും ശ്രദ്ധേയവുമായി.

ഹിന്ദുത്വ

ആരംഭഘട്ടത്തില്‍ മന്ദിര്‍ – മസ്ജിദ് സിവില്‍ നിയമ തര്‍ക്കമായിരുന്നു. 1980 കളില്‍ കണ്ടത് മന്ദിര്‍ – മസ്ജിദ് തര്‍ക്കത്തിന് ആഴത്തിലുള്ള ഭാവപകര്‍ച്ച. സിവില്‍ തര്‍ക്കത്തെ രാഷ്ട്രീയ തര്‍ക്കമായി മാറ്റിയെടുക്കുന്നതിനുള്ള (കു)തന്ത്രങ്ങളാണ് 80’കളില്‍ രാജ്യം കണ്ടത്. സംഘപരിവാര്‍ ബിജെപിയിലൂടെ അധികാര രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ തേടുന്ന വേളയായിരുന്നു 80’കള്‍.

1951 ഒക്ടോബര്‍ 21 ന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ കാര്‍മികത്വത്തില്‍ പിറവിയെടുത്ത ഭാരതീയ ജനസംഘം. 1980 ഏപ്രില്‍ ആറ്. ജനസംഘംത്തില്‍ നിന്ന് ഭാരതീയ ജനതാപാര്‍ട്ടിയിലേക്കുള്ള പരകായ പ്രവേശം. ഹിന്ദുയീസത്തെ പാടെ വഴിതെറ്റിച്ച് ഹിന്ദുത്വ ആശയ പരിസരം സൃഷ്ടിക്കുകയെന്നതായി പ്രയത്‌നം.

ഹിന്ദുത്വ ആശയം ആത്യന്തികമായി ലക്ഷ്യമിട്ടത് കേവലം ഹിന്ദുത്വ രാഷ്ട്രീയമല്ല. അധികാര രാഷ്ട്രീയം. ഇവിടെയാണ് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മുന്‍കയ്യില്‍ നടന്നിരുന്ന രാമജന്മഭൂമി പ്രസ്ഥാനത്തിലും മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിലും ഹിന്ദുത്വ പിന്‍ബലത്തിലുള്ള അധികാര രാഷ്ട്രീയ സാധ്യതകള്‍ ബിജെപി കണ്ടെടുക്കുന്നത്.

അശോക് സിംഗാള്‍ നേതൃത്വം നല്‍കിയ വിശ്വഹിന്ദു പരിഷത്താണ് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ തുടക്കക്കാര്‍. ആദ്യകാലങ്ങളില്‍ വിഎച്ച്പിയുടെ മുഖ്യ ലക്ഷ്യം രാമരാജ്യം. ഇതില്‍ നിന്ന് വഴിമാറി തര്‍ക്കസ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണ തന്ത്രങ്ങള്‍. ബുദ്ധികേന്ദ്രമായത് സിംഗാള്‍. ദില്ലിയല്‍ 1984 ഏപ്രില്‍ 7- 8 ന് ധര്‍മ്മ സന്‍സദ്. സിംഗാളിന്റെ നേതൃത്വത്തില്‍ നൂറിലധികം സന്ന്യാസിവര്യന്മാര്‍ പങ്കെടുത്ത ധര്‍മ്മ സന്‍സദാണ് രാമക്ഷേത്ര പുന:നിര്‍മ്മാണമെന്ന മുദ്രവാക്യമുയര്‍ത്തുന്നത്.

എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ മുന്‍നിര ബിജെപി നേതാക്കളും ധര്‍മ്മ സന്‍സദില്‍ പങ്കെടുത്തു. ഈ സന്‍സദില്‍ നിന്നാണ് ഹിന്ദുത്വ പിന്‍ബലത്തില്‍ രാമക്ഷേത്ര പുന:നിര്‍മ്മാണമെന്നതിനുപിന്നിലെ അധികാര രാഷ്ട്രീയ സാധ്യതകള്‍ കൃത്യതയോടെ അദ്വാനിയും കൂട്ടരും വേര്‍തിരിച്ചെടുക്കുന്നത്. പിന്നിട് കണ്ടത് രാമജന്മ ഭൂമി പ്രസ്ഥാനത്തിന്റെ നടത്തിപ്പ് ഏറെക്കുറെ വിഎച്ച്പിയില്‍ നിന്ന് ബിജെപി ഏറ്റെടുക്കുന്ന കാഴ്ച!

മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം

രാജ്യം ഭരിച്ചിരുന്നത് വിപി സിങ് പ്രധാനമന്ത്രിയായുള്ള ജനതാദള്‍ സര്‍ക്കാര്‍. 1990 ആഗസ്ത് ഏഴ്. നീണ്ട 10 വര്‍ഷത്തിനു ശേഷം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിപി സിങ് സര്‍ക്കാര്‍ പൊടിതട്ടിയെടുക്കപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗ – വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് 27 ശതമാനം സംവരണം ഉറപ്പാക്കണമെന്ന മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുകയെന്ന ഐതിഹാസിക തീരുമാനത്തിലെത്തുകയായിരുന്നു വിപി സിങ് സര്‍ക്കാര്‍. ഇതിനെതിരെ രാജ്യം സാക്ഷ്യം വഹിച്ചത് വിദ്യാര്‍ത്ഥി പ്രക്ഷോഭം. സാമൂഹ്യനീതി ഉയര്‍ത്തിപ്പിടിച്ച മണ്ഡല്‍ റിപ്പോര്‍ട്ടിനെതിരെ സവര്‍ണലോബി സടകുടഞ്ഞെഴുന്നേറ്റു. സവര്‍ണ മാധ്യമങ്ങളത് ആളികത്തിച്ചു.

സവര്‍ണ പക്ഷ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഹിന്ദി ബല്‍റ്റില്‍ – പ്രത്യേകിച്ചും ഇന്ദ്രപ്രസ്ഥത്തില്‍. പ്രക്ഷോഭം അക്രമാസക്തമായി. തീക്കളിയായി. 1990 സെപ്തംബര്‍ 19. സവര്‍ണലോബി വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ ദില്ലി ദേശബന്ധു കോളേജ് വിദ്യാര്‍ത്ഥി രാജീവ് ഗോസ്വാമിയുടെ ആത്മാഹുതി ശ്രമം. ഇതാകട്ടെ വിപി സിങ് സര്‍ക്കാരിനെ ഉലച്ചു.

സംവരണ റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഇന്ദിര സാഹനി v/s യൂണിയന്‍ ഓഫ് ഇന്ത്യ. 1992 ല്‍ റിപ്പോര്‍ട്ടിന്റെ സാധുത ഒമ്പതംഗ സുപ്രീംകോടതി ബഞ്ച് ശരിവച്ചു ((1992) Supp. (3) SCC 217 [2] ). പട്ടികജാതി-വര്‍ഗ്ഗ സംരവണമുള്‍പ്പെടെ സംവരണം 50 ശതമാനത്തില്‍ കൂടരുതെന്നും പിന്നോക്കക്കാരിലെ സമ്പന്നര്‍ക്ക് (ക്രിമിലെയര്‍ ) സംവരണം അനുവദിക്കപ്പെടേണ്ടതില്ലെന്നുള്ള നിഷ്‌കര്‍ഷയും വിധിയിലിടം പിടിച്ചു. മണ്ഡല്‍ റിപ്പോര്‍ട്ടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടതിനോടൊപ്പം തന്നെ രാജ്യത്ത് ഹിന്ദുത്വ ആശയ വ്യാപനം സാധ്യമാക്ക പ്പെടുന്നതിന്റെ തന്ത്രങ്ങള്‍ സംഘപരിവാര്‍ – ബിജെപി അണിയറയില്‍ പാകപ്പെടുന്നുണ്ടായിരുന്നു.

രഥയാത്ര

രാമക്ഷേത്ര നിര്‍മ്മാണ പ്രചരണം. ഹിന്ദുത്വ ഏകീകരണം. അധികാര രാഷ്ട്രീയത്തിലേക്കുള്ള കൃത്യമായ വഴിതുറക്കല്‍. രഥയാത്ര. 1990 സെപ്തംബര്‍ 25. ഗുജറാത്ത് സോമനാഥ ക്ഷേത്രത്തില്‍ നിന്ന് ഹിന്ദുത്വത്തിന്റെ പെരുമ്പറ മുഴക്കി ലാല്‍ കൃഷ്ണ അദ്വാനിയുടെ രഥയാത്ര. ജനസമ്പര്‍ക്ക ചുമതലയേറ്റെടുത്ത് രഥയാത്രയില്‍ അദ്വാനിക്കൊപ്പം പ്രമോദ് മഹാജനും. എട്ട് സംസ്ഥാനങ്ങള്‍ പിന്നിട്ട് ദില്ലി കേന്ദ്രഭരണ പ്രദേശത്ത് (അന്ന് ദില്ലി സംസ്ഥാനമല്ല) രഥയാത്രയുടെ പരിസമാപ്തി. അതോടെ ഹിന്ദുത്വ പിന്‍ബലത്തില്‍ അധികാര രാഷ്ടീയ ധ്വജപ്രതിഷ്ഠ. ഇതെല്ലമായിരുന്നു രഥയാത്രാലക്ഷ്യം.

ആര്‍ത്തലച്ചുവരുന്ന രഥയാത്ര കണ്ട് ബിജെപിയുടെക്കൂടി പിന്തുണയില്‍ ഭരിച്ചിരുന്ന ജനതാദളിന്റെ വിപി സിങ് മന്ത്രിസഭ അന്ധാളിച്ചുപോയി. മന്ദിര്‍ – മസ്ജിദ് തര്‍ക്കം ഒത്തുതീര്‍പ്പാകാമെന്ന നിലയിലായി സിങ് സര്‍ക്കാര്‍. ഒരു വേള – 1990 ഒക്ടോബര്‍ 30 – രഥയാത്രക്കിടെ അദ്വാനി ദില്ലിയിലെത്തി. ഒത്തുതീര്‍പ്പിനായി. മസ്ജിദ് മാറ്റി അവിടെ മന്ദിര്‍ എന്നതില്‍ നിന്ന് അദ്വാനി മാറിയില്ല. ഒത്തുതീര്‍പ്പ് വിഫലം.

വീണ്ടും അദ്വാനി രഥയാത്രയില്‍. 1990 ഒക്ടോബര്‍ 10. ബിഹാറിലെത്തിയ രഥയാത്രാ തേരാളി അദ്വാനിയെ ലാലു പ്രസാദ് യാദവ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഇതിനുതൊട്ടുപിന്നാലെ വിപി സിങ് സര്‍ക്കാരിനുള്ള ബിജെപി പിന്തുണ പിന്‍വലിച്ചു. സിങ് സര്‍ക്കാര്‍ നിലംപൊത്തി. ഇവിടെ നിന്നായിരുന്നു ഊതിക്കാച്ചിയെടുത്ത ഹിന്ദുത്വ ആശയ പിന്‍ബലത്തില്‍ ബിജെപിയുടെ അധികാര രാഷ്ട്രീയത്തിന്റെ സ്ഥായികരിക്കപ്പെട്ട ധ്വജപ്രതിഷ്ഠ.

ഇന്ത്യന്‍ അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ ബിജെപിയുമെത്തിപ്പെട്ടു. ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനം ഉത്തര്‍പ്രദേശ് ഭരണം ബിജെപിക്ക് സ്വന്തമായി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഗുണഫലo കൊയ്‌തെടുത്ത ആദ്യ സംസ്ഥാനo ഉത്തര്‍പ്രദേശ്. കല്യാണ്‍ സിങ് മുഖ്യമന്ത്രി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിപുലീകരണത്തിന് പറ്റിയ വേള.

അയോദ്ധ്യയില്‍ കര്‍സേവകര്‍ വിന്യസിക്കപ്പെട്ടു. 1992 ഡിസംബര്‍ ആറ്. ബാബ്‌റി മസ്ജിദ് തകര്‍ത്തു – അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരുടെ നേതൃത്വത്തില്‍. തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസ്. മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് ലിബര്‍ഹാന്‍ കമ്മീഷന്‍. തെളിവെടുപ്പുകള്‍. മൊഴിയെടുക്കലുകള്‍. ഒരു നീണ്ടക്കാല കമ്മീഷന്‍ പ്രവര്‍ത്തന ചരിത്രം ബാക്കി. പള്ളി പൊളിച്ചവരുടെ പിന്നാലെ നിയമ നടപടികള്‍ ഇപ്പോഴും – ആര്‍ക്കോ വേണ്ടി!

2019 നവംമ്പര്‍ 09

മന്ദിര്‍ – മസ്ജിദ് നിയമ തര്‍ക്കം ഒന്നര നൂറ്റാണ്ട്. നീണ്ട വാദങ്ങള്‍. നീണ്ട പ്രതിവാദങ്ങള്‍. ഒടുവില്‍ 2019 നവംമ്പര്‍ ഒമ്പത്. കണ്ണുംപൂട്ടിയിരുന്ന നീതിദേവതയുടെ കണ്‍ക്കെട്ട് തുറക്കപ്പെട്ടു. കണ്‍തുറക്കപ്പെട്ട നീതി ദേവതയുടെ ദൃഷ്ടിയില്‍ നിന്ന് പക്ഷേ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ മറച്ചുപിടിക്കപ്പെട്ടു. പകരം മതേതര മൂല്യ നിരാകരണമെന്നതാണ് കണ്‍ക്കെട്ടഴിക്കപ്പെട്ട നീതിദേവതയുടെ ദൃഷ്ടിഗോചരത്തില്‍ ഉയര്‍ത്തിപിടിക്കപ്പെട്ടത്.

1045 പേജകളില്‍ പരമോന്നത നീതിപീഠത്തിന്റെ വിധി. വ്യക്തതയില്ലാഴ്മ വ്യക്തമാക്ക പ്പെടാതെയും ആശയക്കുഴപ്പം ആശയ സമ്പുഷ്ഠമാക്കപ്പെടാതെയും ഏകപക്ഷീയ വിധിയെഴുത്ത്! തര്‍ക്കഭൂമിയല്ല വിഷയം. ശ്രീരാമ ജന്മസ്ഥാനമാണെന്ന് വിശ്വാസം. ഹിന്ദുക്കള്‍ അങ്ങനെ വിശ്വസിക്കുന്നു. ഇത്തരം വിശ്വാസത്തെ ചോദ്യം ചെയ്യരുത്. അയോദ്ധ്യ കേസില്‍ വിശ്വാസം സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശമാണിത്. വിശ്വാസമല്ല പക്ഷേ ഭൂമി തര്‍ക്കമാണ് അയോദ്ധ്യവിഷയം. സിവില്‍ തര്‍ക്കത്തിന്റെ ന്യായാന്യായങ്ങളല്ല വിധി പ്രസ്താവത്തില്‍ മുഖ്യമായും പ്രതിഫലിച്ചത്. ഭൂരിപക്ഷ വിശ്വാസ പരിരക്ഷയെന്നതായി വിധി. ഭൂരിപക്ഷ വിശ്വാസ പരിരക്ഷയെന്നതില്‍ പക്ഷേ നീതിപീഠംത്തിന്റെ പക്ഷപാതിത്വം പതുങ്ങിയിരിക്കുന്നത് കണ്ടുപിടിയ്ക്കാതെപോയില്ല.

അഞ്ചു നൂറ്റാണ്ടായി മുസ്ലിം സമൂഹത്തിന്റെ കൈവശ ഭൂമി. ബാബരി മസ്ജിദ്. ക്ഷേത്രം തകര്‍ത്തിടത്ത് മസ്ജിദ്. പക്ഷേ തെളിവ് നിരത്തപ്പെട്ടില്ല. കണ്ടെത്തപ്പെട്ടില്ല. എന്നിട്ടും മസ്ജിദ് സ്ഥിതിച്ചെയ്യപ്പെട്ടിടത്ത് രാമ ക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായി പരമോന്നത കോടതിയുടെ വിധി. ഇവിടെയാണ് കോടതി വിധിയില്‍ നിന്ന് പരമോന്നത നീതിപീഠത്തിന്റെ ഏകപക്ഷീയത നിയമ വിദഗ്ദരും ഒപ്പം സാധാരണക്കാര്‍ പോലും വേര്‍തിരിച്ചെടുക്കുന്നത്. സുപ്രീംകോടതി ബഞ്ചില്‍ അദ്ധ്യക്ഷത വഹിച്ച് അയോദ്ധ്യ വിധി പറഞ്ഞത് രഞ്ജന്‍ഗോഗയ്. വിരമിക്കപ്പെട്ട ഗോഗയ്ക്ക് ബിജെപി വക രാജ്യസഭാംഗത്വം. കാര്യസിദ്ധിക്ക് ഉപകാരസ്മരണ. ഇതാകട്ടെ കോടതിവിധിയിലെ പക്ഷപാതിത്വമെന്നതിനെ പിന്നെയും ബലപ്പെടുത്തുന്നതായി.

കണ്ണടച്ച് നീതി നിര്‍വ്വഹണമെന്നതിനോട് നീതി പുലര്‍ത്തപ്പെട്ടിട്ടെല്ലന്ന തോന്നലുകള്‍ ബാക്കിയാക്കിയുള്ള വിധി. തര്‍ക്കഭൂമിയുടെ തര്‍ക്കം അവസാനിപ്പിച്ചു. തര്‍ക്കപരിഹാരമെന്നത്തിലൂടെ പരോമന്നത നീതിപീഠം പക്ഷേ മുഗള്‍ ചക്രവര്‍ത്തി ബാബറെ ക്ഷേത്ര ഭഞ്ജകനെന്ന ബ്രാക്കറ്റില്‍ തന്നെ നിറുത്തികൊടുത്തു. ഇത് ഹിന്ദുത്വ പ്രയോക്താക്കളെ സംതൃപ്തരാരാക്കാതിരുന്നിട്ടുണ്ടാകില്ല.

കോടതി വിധി മുസ്ലീം കക്ഷികളെ കൈവിടരുതല്ലോ. അഞ്ചേക്കര്‍ സ്ഥലം അനുവദിക്കണമെന്ന് യുപി സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശവും. മന്ദിര്‍ – മസ്ജിദ് തര്‍ക്കത്തിലെ മുസ്ലീം കക്ഷികള്‍ക്ക് അഞ്ചേക്കര്‍ വസ്തു ഔദാര്യവും! മസ്ജിദ് സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കപ്പെടണമെന്നതിനുവേണ്ട ഒത്താശകളും വിധിയിലിടംപിടിച്ചു. മന്ദിര്‍ പണിയാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ട്രസ്റ്റ് എന്ന നിര്‍ദ്ദേശവും! 2020 ഫെബ്രുവരിയില്‍ ട്രസ്റ്റ് രൂപീകരണവും.

ഇന്ന് 2020 ആഗസ്ത് അഞ്ചിന് ട്രസ്റ്റിന്റെ മുന്‍കയ്യില്‍ മസ്ജിദ് സ്ഥിതിചെയ്തിരുന്നിടത്ത് രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങ് കേങ്കേമമാക്കപ്പെട്ടു. ഇന്ത്യന്‍ മതേതരത്വത്തിന്റെ തറക്കല്ല് പൊളിച്ച് ഹിന്ദുത്വത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്. രഥയാത്ര നടത്തി അയോദ്ധ്യ മസ്ജിദ് പൊളിക്കുന്നതിന് നേതൃത്വം നല്‍കിയ ലാല്‍ കൃഷ്ണ അദ്വാനിയുള്‍പ്പെടെയുള്ളവര്‍ക്ക് രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങില്‍ സന്നിഹിതരാകാനാകിയില്ല. ഇത് കാലത്തിന്റെ കളിവിളയാട്ടം! അധികാര രാഷ്ടീയം ഉന്നംവച്ച് ഇന്ത്യന്‍ മതേതരത്വത്തിനുമേല്‍ ഹിന്ദുത്വത്തെ അവരോധിച്ച അദ്വാനിക്ക് കാലം കരുതിവച്ച ‘ശിക്ഷ’യാകാം രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങില്‍ നിന്നുള്ള മാറ്റിനിറുത്തപ്പെടല്‍.

ഇന്ത്യന്‍ നീതിന്യായ മണ്ഡലത്തിന്റെ ദയാവായ്പിലാണ് മസ്ജിദ് ഭൂമി രാമജന്മഭൂമിയായത്. ഇങ്ങനെ ലഭ്യമാക്കപ്പെട്ടിടത്തെ രാമക്ഷേത്ര തറക്കല്ലിടലും നിര്‍മ്മിതിയും. അത് രാജ്യത്തിന്റെ ദീര്‍ഘകാല രാഷ്ടീയ അധികാരവാഴ്ച്ചയ്ക്കുള്ള ഹിന്ദുത്വ രാഷ്ട്രീയ നിക്ഷേപമായിമാറുമെന്ന പ്രതീക്ഷയിലാണ് സംഘപരിവാര്‍. ഈ പ്രതീക്ഷ അസ്ഥാനത്താകുമെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥയെ ആശ്രയിച്ചിരിക്കും.

Related Post

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത: തോട്ടപ്പടിയിൽ അപകടം

ദേശീയപാത തോട്ടപ്പടിയിൽ ലോറി അപകടം. ഇന്ന് പുലർച്ച തോട്ടപ്പടി മേല്പാലത്തിലാണ് അപകടം സംഭവിച്ചത്. മംഗലം ഡാമിൽ നിന്ന്‌ മണൽ കയറ്റി…