റഷ്യൻ കയറ്റുമതി ഉപരോധം ശക്തിപ്പെടുത്തിയ ദക്ഷിണ കൊറിയ്ക്ക് താക്കീതുമായി റഷ്യ . ഉപരോധ (sanction) നിയന്ത്രണങ്ങൾ കർശനമാക്കിയതിനെതിരെ തങ്ങൾ തിരിച്ചടിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് ദക്ഷിണ കൊറിയ്ക്ക് റഷ്യ മുന്നറിയിപ്പു നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്.
തങ്ങളുടെ രാജ്യത്ത് നിന്ന് റഷ്യയിലേക്കു കയറ്റുമതി നിരോധി ച്ചുള്ള വസ്തുക്കളുടെ പട്ടിക ദക്ഷിണ കൊറിയ വിപുലീകരിച്ചു. പ്രത്യേക അനുമതിയില്ലാതെ – സഖ്യകക്ഷികളായ അമേരിക്കയുൾപ്പെടെയുള്ളവരുടെ – റഷ്യയിലേക്കുള്ള കയറ്റുമതി വസ്തു പട്ടികയിൽ ഇളവുവരുത്തുവാനാകില്ലെന്ന തീരുമാനത്തിലാണ് സിയോൾ. ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് മോസ്കോ. ഇതിൻ്റെ പ്രതിഫലനമെന്നോണമാണ്
തങ്ങൾ സിയോളിനെതിരെ പ്രതികാരം ചെയ്താൽ അത്ഭുതപ്പെടേണ്ടതില്ലെന്ന റഷ്യൻ താക്കീത്.
റഷ്യയ്‌ക്കായുള്ള കയറ്റുമതി നിയന്ത്രണ പട്ടികയിൽ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന 600-ലധികം സാധനങ്ങളുൾപ്പെടുത്തുമെന്ന് സിയോൾ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള എക്‌സ്‌കവേറ്ററുകൾ, വലിയ വാഹനങ്ങൾ, റീചാർജ് ചെയ്യാവുന്ന ബാറ്ററികൾ, എയറോനോട്ടിക്കൽ ഘടകങ്ങൾ, ചില കാറുകൾ എന്നിവ പട്ടികയിലു ൾപ്പെടുത്തി റഷ്യയ്ക്കും ബെലാറസിനുമെതിരായ കയറ്റുമതി നിയന്ത്രണം കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ ഡിസംബർ 26 ന് പറഞ്ഞു. ഉക്രെയ്ൻ അധിനിവേശത്തിന് മറുപടിയായി മോസ്കോക്കെതിരെ തുടരുന്ന ഉപരോധം കടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സിയോളിൻ്റെ തീരുമാനം.
തന്ത്രപ്രധാന ഉപകരണങ്ങളുടെ വ്യാപാരം സംബന്ധിച്ച ചട്ടങ്ങളുടെ പുനരവലോകനത്തിലാണ് റഷ്യൻ കയറ്റുമതി ഉപരോധം ശക്തിപ്പെടുത്തുവാനുള്ള തീരുമാനം. റഷ്യക്കെതിര കയറ്റുമതി നിയന്ത്രണ പട്ടികയിൽ നിലവിൽ 798 ഇനങ്ങളാണ്. പുതിയ തീരുമാനത്തോടെയിത് മൊത്തം 1159 ആയി ഉയരും.
“ഇത് വാഷിങ്ടണിന്റെ നിർദ്ദേശപ്രകാരം സ്വീകരിച്ച സൗഹൃദപരമല്ലാത്ത നീക്കമാണ്. ഇത് ദക്ഷിണ കൊറിയയുടെ സമ്പദ്‌വ്യവസ്ഥയെയും വ്യവസായത്തെയും തകർക്കും”, മോസ്ക്കോ വ്യക്തമാക്കി. ഭരണപരമായ നടപടിക്രമങ്ങളും കയറ്റുമതിക്കാർക്കുള്ള സർക്കാർ മാർഗ നിർദ്ദേശങ്ങളും പുറപ്പെടുവിക്കുന്ന മുറയ്ക്ക് 2024 ന്റെ തുടക്കത്തിൽ പരിഷ്‌ക്കരണം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
കയറ്റുമതിചെയ്യപ്പെടുന്ന ഉപകരണങ്ങൾ സൈനിക ആവശ്യങ്ങൾക്കായി റഷ്യ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് പുതിയ നീക്കമെന്നു് പറയുന്നു. ഓരോ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി തീരുമാനം അസാധാരണമായ കേസുകളെന്ന രീതിയിലുള്ള അവലോകനത്തിൻ്റെ അടിസ്ഥാത്തിലായിരിക്കുമെന്ന് ദക്ഷിണ കൊറിയൻ വാണിജ്യ – വ്യാപാര മന്ത്രാലയം അറിയിച്ചതായി യോൻഹപ് (Yonhap ) വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.