മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതയുടെ വിശ്വാസ വര്‍ഷാചരണ ഉദ്ഘാടനത്തിനോടനുബന്ധിച്ച് രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സമൃദ്ധി ഉല്പന്ന പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചു. 2012ഒക്‌ടോബര്‍ 13ന് പീച്ചി മലങ്കര കത്തോലിക്ക പള്ളിയങ്കണത്തില്‍ നടന്ന മേളയില്‍ മൂവാറ്റുപുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ മൂന്ന് റീജിയണുകളിലെ സമൃദ്ധി അയല്‍ക്കൂട്ട അംഗങ്ങള്‍ നിര്‍മ്മിച്ച ഭക്ഷ്യോത്പന്നങ്ങള്‍ കരകൗശല വസ്തുക്കള്‍, നൈറ്റികള്‍, പെയിന്റിംഗ്‌സ്, ജ്വല്ലറി ഐറ്റംസ്, കയര്‍ ചവുട്ടികള്‍, സോപ്പ് പൗഡര്‍ ഫിനോയില്‍ , വേസ്റ്റ് തുണികൊണ്ട് നിര്‍മ്മിച്ച ചവുട്ടികള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
സമൃദ്ധിയുടെ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളെ അര്‍ത്ഥവത്താക്കുന്ന വിധത്തില്‍ ആദിവാസി കുടുംബാംഗങ്ങള്‍ രൂപകല്പന ചെയ്ത ഈറ്റ, മുള എന്നിവകൊണ്ടുള്ള ഉല്പന്നങ്ങള്‍ മേളയുടെ മാറ്റ് കൂട്ടി..പീച്ചി യുണിറ്റംഗമായ ഫിലോമിനയുടെ പെയിന്‍റിംഗ് വര്‍ക്കുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. വിപണന മേഖലയില്‍ ഉല്പാദകരുടെ ആത്മവിശ്വസമുണര്‍ത്തി മറ്റുള്ളവര്‍ക്ക് പ്രചോദനമേകുക. അംഗങ്ങളുടെ അഭിരുചിയും കഴിവും മനസ്സിലാക്കി ഉല്പാദക സംരംഭങ്ങള്‍ ആരംഭിക്കുക. ഇതിലൂടെ സാമ്പത്തിക ഭദ്രതയിലൂന്നിയ സ്വയംപര്യാപ്തമായ നവസമൂഹ നിര്‍മ്മിതിയാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനമെന്ന നിലയില്‍ സമൃദ്ധി ലക്ഷ്യമിടുന്നത്.