posted  on 10 March 12 at 10:30 PM

കെ.കെ. ശ്രീനിവാസന്‍

സംഘടിതശേഷി ആര്‍ജ്ജിക്കുന്ന സ്വകാര്യ മേഖലയിലെ നേഴ്‌സുമാര്‍ ചുമതലാബോധം പാലി ക്കാതെ അവകാശബോധത്തിനുമേല്‍ മാത്രം അടയിരുന്നാലത് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ ഒട്ടും അഭലക്ഷണീയമല്ലാത്ത പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാം. ട്രേഡ് യൂണിയന്‍ സംസ്കാരം അപനിര്‍മ്മാണത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും കൊടിയടയാളങ്ങ ളല്ലെന്നെ് നേഴ്‌സുമാര്‍ തിരിച്ചറിയണം.

നേഴ്‌സുമാരുടെ സമരം കൊഴുക്കുകയാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ചൂഷണം ചെയ്യപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടതാണെന്നുള്ള അവസ്ഥയിലാണ് നേഴ്‌സുമാരുടെ സമരം ആരംഭിക്കുന്നത്. ഈ വിഭാഗത്തെ ഇത്രയും കാലം തൊഴിലാളി പ്രസ്ഥാനങ്ങളൊന്നും തന്നെ ഗൗനിച്ചിരുന്നില്ല. ഇവര്‍ ചൂഷണം ചെയ്യപ്പെടുന്നവെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണുതുറക്കേണ്ടതില്ലെന്ന ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ നിലപാട് നേഴ്‌സുമാരോടുള്ള മാനേജ്‌മെന്റ് ചൂഷണത്തിന് ശക്തി പകര്‍ന്നിട്ടുണ്ടെന്നതില്‍ ശരിയില്ലാതില്ല. സേവന-വേതന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് കഠിധ്വാനം ചെയ്യേണ്ടിവരുന്നിടത്താണ് ചൂഷണം ചിറക് വിരിക്കുന്നത്. ചൂഷണം ചെയ്യപ്പെടു ന്നവരുടെ അവകാശ പോരാട്ടങ്ങള്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ തൊഴിലെടുക്കുന്നവരുടെ അവകാശബോധം ഊട്ടിയുറപ്പിച്ചാണ് അവരെ തൊഴില്‍ സമരത്തിലേക്ക് ആനയിക്കുന്നത്. അവകാശബോധം തൊഴിലാളി കളില്‍/ജീവനക്കാരി ഊട്ടിയുറപ്പിക്കപ്പെടുന്നതിനോടൊപ്പം തന്നെ ഏറെ പ്രധാനമാണ് ചുമതലബോധം. ട്രേഡ് യൂണിയന്‍ സംസ്കാരം ഉല്പാദനപരമായിരിക്കണം. അതൊരിക്കലും അപനിര്‍മ്മാണത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും കൊടിയടയാളങ്ങളാകരുത്.

സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ആതുരാലയങ്ങളിലെ ഡോക്ടര്‍മാര്‍, നേഴ് സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരെല്ലാം വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളാല്‍ സംഘടിപ്പിക്കപ്പെട്ടവരാണ്. സംഘടിത ശേഷിയാര്‍ജ്ജിക്കുന്നതോടെ തൊഴിലാ ളികള്‍/ജീവനക്കാര്‍ പ്രത്യേക വര്‍ഗ്ഗങ്ങളായി മാറുന്നു. തൊഴിലാളി വര്‍ഗ്ഗ സിദ്ധാന്തം ഉയര്‍ത്തിപിടിക്കുന്നവര്‍ ഈ പ്രത്യേക വര്‍ഗ്ഗങ്ങളുടെ താല്‍പര്യ സംരക്ഷകരായി മാത്രം അവതരിക്കുന്നു. സിദ്ധാന്തവും പ്രയോഗവും മോരും മുതിരയും പോലെ! പൊതുജന സേവ കരാകേണ്ടവര്‍ സംഘടിതശേഷി ആര്‍ജ്ജിക്കുന്നതോടെ പൊതുജനങ്ങളെ ശത്രുക്കളായി കാണുന്നുവെന്നതിന് കയ്‌പേറിയ അനുഭവങ്ങളുണ്ടാകാത്തവരുണ്ടാകില്ല.

അഴിമതിയിലും കൈക്കൂലിയിലും സ്വജനപക്ഷപാതത്തിലും മുങ്ങികുളിക്കുന്നവരാണ് സംഘടിത ശേഷിയാര്‍ജ്ജിച്ച ജീവനക്കാരില്‍ ബഹുഭൂരിപക്ഷവുമെന്ന് പകല്‍പോലെ സത്യം. പക്ഷേ ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ക്കാവുന്നില്ല. ‘ചുരുക്കം ചിലര്‍’ അഴിമതിചെയ്യുന്നുണ്ടാകും. അതിനെ പൊതുവല്‍ക്കരിക്കരുതെന്നു വാദമാണ് ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ സദാ ഉയര്‍ത്തുന്നത്. ‘ചുരുക്കം ചിലര്‍’ മാത്രമെന്നത് തന്നെ കളവാ െണന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

അഴിമതിരഹിത സിവില്‍ സര്‍വ്വീസിനായി തങ്ങള്‍ ഏറെ ശ്രദ്ധാലുക്കളാണെന്ന് സമര്‍ത്ഥിക്കുന്നതിലുള്ള ഇവരുടെ സാമര്‍ത്ഥ്യം അപാരം തന്നയാണ്. ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ ഇങ്ങനെ സമര്‍ത്ഥിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാലിപ്പോഴും ‘ചുരുക്കം ചിലര്‍’ അഴിമതിക്കാരാണെന്ന് അവര്‍ സമ്മതിച്ചുകൊണ്ടേയിരിക്കുന്നു. ഇവിടെ അഴിമതിരഹിത സിവില്‍ സര്‍വ്വീസിനായി അവര്‍ സ്വീകരിക്കുന്നുവെന്നു പറയപ്പെടുന്ന നടപടികള്‍ എക്കാലവും ആത്മാര്‍തഥതയില്ലാത്തതാണെന്ന യാഥാര്‍ത്ഥ്യം അതേപ്പടി തുടരുകയാണ്.

കൈക്കൂലി വാങ്ങുന്നവരെ വിജിലന്‍സ് കേസില്‍ നിന്ന് രക്ഷപ്പെടുത്തുവാനുള്ള സര്‍വ്വവിധ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മെനയുകയെന്നതാണ് കേരളത്തിലെ സര്‍വ്വീസ് സംഘടനകളുടെ മുഖ്യ ദൗത്യം. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളെ അട്ടിമറിച്ച് അതെല്ലെങ്കില്‍ നിര്‍ജ്ജീവമാക്കി തങ്ങളുടെ സംഘടനയിലുള്‍പ്പെടുന്നവരെ പുഷ്പം പോലെ രക്ഷിച്ചെടുക്കുകയെന്നത് യൂണി യന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. ഇതില്‍ ഇടത്-വലത് യൂണിയനുകളെന്ന ഭേദമേയില്ല.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രാഥാമികരോഗ്യകേന്ദ്രം, സര്‍ക്കാര്‍ ആശുപത്രി എന്നിങ്ങനെയാണ് സര്‍ക്കാര്‍ ആതുരാലയ ശൃംഖല. ഗ്രാമീണ തലങ്ങളിലെ ആശുപത്രികളടക്കമുള്ളവ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ഒട്ടും ചെറുതല്ലാത്ത സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശു പത്രികളിലെ ഡോക്ടര്‍മാരില്‍ ഏറിയകൂറും ഏറെ അനുഭവസമ്പത്തുള്ളവരും ശേഷി തെളിയി ച്ചിട്ടുള്ളവരാണ്. നേഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും മതിയായ യോഗ്യതയുള്ളവരുമാണ്. ഇതൊക്കെയാണെങ്കിലും സര്‍ക്കാര്‍ ആതുരാലയങ്ങളിലേക്ക് പോകുന്നതില്‍ ബഹുഭൂരി പക്ഷവും പണക്കാരനെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ വിമുഖരാണ്.

സര്‍ക്കാര്‍ ആശു പത്രികളിലെ പരാധീനതകള്‍ ജനങ്ങളെ സ്വകാര്യ ആശുപത്രികളിലേക്ക് വഴിതിരിച്ചു വിടുന്നുവെന്നതില്‍ ശരിയുടെ അംശങ്ങളില്ലാതില്ല. സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ നിന്നും പൊതുവെ ജനങ്ങള്‍ അകലുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? സര്‍ക്കാര്‍ ആതുരാലയങ്ങളിലെ ഡോക്ടര്‍മാര്‍ മുതല്‍ താഴെ തലത്തിലുള്ള തൂപ്പുക്കാരടക്കമുള്ളവര്‍ സംഘടിത ശേഷി ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോഷക/വര്‍ഗ്ഗ ബഹുജന സംഘടനകളിലുള്‍പ്പെട്ടവരാണ് ഇവരെല്ലാം. കാലാകാലങ്ങളില്‍ സേവന വേതന ആനുകൂല്യങ്ങള്‍ സംഘടിതശേഷിയുടെ പിന്‍ബലത്തില്‍ പിടിച്ചുവാങ്ങുകയെന്നതാണ് ഇവരുടെയെല്ലാം മുഖ്യദൗത്യം. സ്ഥലമാറ്റം, അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട നടപടി ഇതെല്ലാം യൂണിയന്‍ നേതൃത്വത്തിന്റെ സമര്‍ദ്ദങ്ങള്‍ക്കപ്പുറത്തേക്കുപോകില്ല.

പൊതുജനാരോഗ്യ മേഖലയിലെ വികസനത്തെ മാതൃകവല്‍ക്കരിച്ചവരെന്ന് അവകാശ പ്പെടുന്നവരടക്കമുള്ളവരുടെ വര്‍ഗ്ഗ ബഹുജന സംഘടനയിലുള്‍പ്പട്ടവരടക്കം പൊതുജന ങ്ങള്‍ക്ക് സേവനം കൃത്യമായി ലഭ്യമാക്കുന്നില്ല. സര്‍ക്കാര്‍ ആതുരാലായങ്ങളില്‍ തൊട്ടതിനും പിടിച്ചതിനും കൈകകൂലി. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കൈമാറുന്നതിനുപോലും കൈക്കൂലി. ഇത്തരം ജീവനക്കാര്‍ക്കെതിരെ ഭരിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാനുമാകുന്നില്ല. സംഘടി തശേഷിയുടെ പിന്‍ബലത്തിലാണ് ഇവരെല്ലാം ജനവിരുദ്ധരാകുന്നതും സേവനം നിഷേധിക്കു ന്നവരുമാകുന്നുതും. തങ്ങളെ ശത്രുക്കളായി കാണുന്നവരുടെ സേവനം സ്വീകരിക്കുവാന്‍ ജനങ്ങള്‍ ഭയക്കുന്നു. മടിക്കുന്നു. ഇത്തരം സര്‍ക്കാര്‍ ജീവനക്കാരെകൊണ്ട് പൊറുതിമു ട്ടിയിടത്താണ് സ്വകാര്യ ആതുരാലായങ്ങള്‍ കൂണുപോലെ മുളയ്ക്കാന്‍ തുടങ്ങിയതും അവ ബഹുഭൂരിപക്ഷത്തിന് ആശ്രയകേന്ദ്രങ്ങളായതും.

പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയെ മുന്‍നിര്‍ത്തിയാണ് കേരളത്തിന്റെ വികസനം മാതൃകാവല്‍ക്കരിക്കപ്പെട്ടത്. ഈ ഇരു മേഖലകളിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തമെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ക്രൈസ്തവസഭകളുടെ പങ്കാളിത്തം. പൊതുജനാരോഗ്യ മേഖലയുടെ തന്നെ കാര്യമെടുക്കുക. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയിലെന്നപോലെ പൊതുജനാരോഗ്യ മേഖലയിലും പ്രത്യേകം ഊന്നല്‍ നല്‍കപ്പെട്ടു. കേരളത്തില്‍ അങ്ങോളമിങ്ങോളം മിഷന്‍ ആശുപ ത്രികളടക്കം ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ആതുരാലയങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചെറുതും വലുതുമായ ഒട്ടനവധി ആതുരാലയങ്ങള്‍ ആരംഭിച്ചു. മുസ്ലീം-ഈഴവ മാനേജ് മെന്റുകളുടേയും അമൃതാനന്ദമയി ട്രസ്റ്റുകളടക്കമുള്ളവയുടെയും നേതൃത്വത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ കോളേജുകളും സ്ഥാപിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ മുതല്‍മുടക്കിനേക്കാള്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ സ്വകാര്യ മേഖല മുന്നോട്ട് വന്നതോടെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ പുരോഗതി ഒരു പുത്തന്‍ പാതയിലേക്ക് പ്രവേശിച്ചു. കേരളത്തിലെ വൈദ്യശാസ്ത്രരംഗത്തെ മികവും അത്യാധുനിക ആശുപത്രികളുടെ പെരുക്കവും കൂടിയായപ്പോള്‍ കേരളത്തിന്റെ ആരോഗ്യരംഗം വ്യവസായവല്‍ക്കരിക്കപ്പെട്ടു. ഇതോടെ മെഡിക്കല്‍ ടൂറിസത്തിന്റെ പാതയും പ്രത്യക്ഷപ്പെട്ടു.

സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി തന്നെ ആരോഗ്യമേഖല വ്യവസായ വല്‍ക്കരിക്കപ്പെട്ടു. ജനങ്ങളുടെ ആരോഗ്യ ചെലവ് വര്‍ദ്ധിച്ചു. എങ്കിലും സ്വാകാര്യ ആശുപത്രികളിലേക്ക് ഒഴുക്കിന് ഒരു കുറവുമില്ല. ചെലവ് ഏറുന്നതിനേക്കാള്‍ പ്രധാനം സ്വകാര്യ ആശുപത്രി ജീവനക്കാര്‍ ചികിത്സക്കായിയെത്തുന്നവരെ സര്‍ക്കാര്‍ ആശുപത്രി കളിലേതുപോലെ ശത്രുക്കളായി കാണുന്നില്ലെന്നതുതന്നെയാണ് സ്വാകാര്യ ആശുപത്രികളിലേക്ക് ഒഴുക്കിന് കാരണം. സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ രോഗികളോടും കൂട്ടുനില്‍ക്കുന്നവരോടും അനുഭാവപൂര്‍വ്വം പെരുമാറുന്നു. സേവന സന്നദ്ധതയുടെ മാതൃകകളാകുന്നു. ഇതൊക്കെയാണ് സ്വകാര്യ ആശുപത്രി വ്യവസായ മേഖല പുരോഗമിക്കുന്നതിനും കേരള പൊതുജനാരോഗ്യമേഖലയ്ക്ക് പുത്തനുണര്‍വ്വുണ്ടാക്കുന്നതിനും വഴിമരുന്നായത്. ജീവനക്കാരുടെ സൗഹാര്‍ദ്ദപരമായ സേവന സന്നദ്ധത, പെരുമാറ്റം ഇതെല്ലാം മാനേജ്‌മെന്ററിന്റെ കര്‍ശന നിയന്ത്രണത്തിന്റെ പ്രതിഫലനമാണ്. മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിക്കുവാന്‍ നിര്‍ഡബന്ധിക്കപ്പെടുന്നവരാണ് സ്വകാര്യ ആശുപത്രി ജീവന ക്കാര്‍. ഇതിന്റെ ഗുണഫലങ്ങള്‍ സ്വകാര്യ ആശുപത്രികളിലെത്തുന്നവര്‍ക്ക് കൃത്യമായി അനുഭവപ്പെടുന്നുണ്ടുതാനും.

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ ട്രേഡ് യൂണിയനുകളിലൂടെ സംഘടിതശേഷി ആര്‍ജ്ജിക്കുകയാണ്. സംഘടിതശേഷിയിലൂടെ അവകാശബോധം ഊട്ടിയുറപ്പിക്കുന്നതില്‍ മാത്രമാണ് ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ ഊന്നല്‍. ജീവനക്കാരെ/ തൊഴിലാളികളെ അവകാശബോധം പഠിപ്പിക്കുന്ന ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ ചുമതലാബോധം പഠിപ്പി ക്കുന്നതില്‍ മെനക്കെടാറേയില്ല. ചുമതലാബോധത്തിനേക്കാള്‍ അവകാശ ബോധത്തിനുമേല്‍ അടയിരിക്കുന്ന ട്രേഡ് യൂണിയന്‍ സംസ്കാരമാണ് ഇവിടെ. ചുമതലാബോധം പഠിപ്പിക്കപ്പെടുന്നില്ലെന്നത് വികസന വിരുദ്ധതയിലേ പര്യവസാനിക്കൂ.

പൊതുജനാരോഗ്യ മേഖലയെ സജീവമാക്കുന്ന സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ സംഘടിതശേഷി ആര്‍ജ്ജിക്കുന്നതോടെ സ്വകാര്യ ആശുപത്രികളില്‍ സേവന സന്നദ്ധതയുള്ളവരെ കണ്ടെടുക്കുകയെന്നത് അത്രകണ്ട് എളുപ്പമാകില്ല. സംഘടിതശേഷിയുടെ പിന്‍ബലത്തില്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശങ്ങളെ അവഗണിക്കുവാനും വെല്ലുവിളിക്കുവാനും ജീവനക്കാര്‍ക്ക് മടിയില്ലാതാകാം. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ നിഷേധതാത്മക സമീപനം തന്നെയായിരിക്കും സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരും അനുവര്‍ത്തിക്കുക. ഇത് മാതൃകവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിന്റെ പൊതു ജനാരോഗ്യ മേഖലയില്‍ ഒട്ടും അഭലക്ഷണീയമല്ലാത്ത അവസ്ഥ സൃഷ്ടിച്ചേക്കുമെന്ന് ആശങ്കപ്പെടേണ്ടതുണ്ട്.

 കേരളത്തിന്റെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് മിലിറ്റന്റ് ട്രേഡ് യൂണിയനെന്ന അപഖ്യാതി കൂടെയുണ്ട്. കേരളം വ്യവസായികമായി പിറകോട്ടുപോയതിന് മുഖ്യകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് മിലിറ്റന്റ് ട്രേഡ് യൂണിയനിസം തന്നെയാണ്. സംഘബലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ പഞ്ചിങ്ങ് മിഷ്യനുകളുടെ പപ്പും തോലുമെടുത്തവരാണീ ജീവനക്ക ാരേെന്നാര്‍ക്കുക. നിര്‍ദ്ദിഷ്ട സേവനാവകാശ നിയമത്തെ അട്ടിമറിക്കുന്നതിന് പിന്നിലും ജീവനക്കാരുടെ സംഘബലം. ‘ചൂടുവെളളത്തില്‍ പൂച്ച പച്ചവളളം കണ്ടാലും പേടിക്കു’മെന്നിട ത്താണ്  ചുമതലബോധം ഊട്ടിയുറപ്പിക്കപ്പെടാതെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ സംഘടിതശേഷി ആര്‍ജ്ജിക്കുന്നതില്‍ ആശങ്കപ്പെടുന്നത്.

യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് ഇരട്ടത്താപ്പ്

 തുച്ഛമായ ശബളത്തിന് നിയമാനുസൃതമായ സമയനിഷ്ഠകള്‍ പോലും മാനിക്കപ്പെടാതെ 12-13 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുവാന്‍ വിധിക്കപ്പെട്ടവരാണ് നഴ്‌സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാര്‍. സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പലപ്പോഴും പട്ടാള ചിട്ടകളെക്കാള്‍ കഷ്ടമത്രെ. ചട്ടം പഠിപ്പിക്കപ്പെട്ട സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പെരുമാറ്റവും സൗഹാര്‍ദ്ദപരമായ സമീപനവും സ്വകാര്യ ആശുപത്രികളുടെ വളര്‍ച്ചയ്ക്ക് വളക്കൂറായിട്ടുണ്ട്. ചിട്ടയായ സേവന സന്നദ്ധതയുടെ പിന്‍ബലത്തില്‍ ആതുരസേവനം വ്യവസായമായി വളര്‍ന്നുവെങ്കിലും നിയമാനുസൃത സേവന-വേതന ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് മാനേജ്‌മെന്റുകള്‍ ഒരുക്കമേയല്ല. ലക്ഷങ്ങള്‍ ലോണെടുത്ത് പഠിച്ച നേഴ്‌സുമാരടക്കമുള്ളവര്‍ക്ക് തുച്ഛമായ ശബളമാണ് നല്‍കപ്പെടുന്നത്. ഈ ശബളം മാനേജ്‌മെന്റ് തന്നെ നടത്തുന്ന ആശുപത്രി കാന്റീനില്‍ കൊടുക്കാന്‍ പോലും തികയുന്നില്ല. ഇത്തരമൊരു അവസ്ഥയിലാണ് നേഴ്‌സുമാര്‍ സമരരംഗത്ത് എത്തിപ്പെടുന്നത്. മാനേജ്‌മെന്റിന്റെ അടിമകളായി പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരായി സ്വകാര്യ ആശുപത്രി ജീവനക്കാര്‍. ഈ സാഹചര്യത്തില്‍ നേഴ്‌സുമാരടക്കമുള്ളവര്‍ ന്യായമായ സേവനവേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് സമരരംഗത്ത് എത്തിയില്ലെങ്കിലേ അതിശയമുള്ളൂ.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ അജണ്ടതന്നെ മാറിയിരിക്കുന്നു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവരൊക്കെയാണ് ഇപ്പോള്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ കണ്ണില്‍പ്പെടുന്നുള്ളൂ. ഇവരില്‍ നിന്ന് മാസാമാസങ്ങളില്‍ കൃത്യമായി തന്നെ യൂണിയന്‍ ഓഫീസുകളില്‍ ലെവിയെത്തും. ഉത്‌സവ സീസണുകളില്‍ പ്രത്യേക ലെവികളുമെത്തും. ഇത്തരം ലെവികളുടെ പിന്‍ബലത്തില്‍ തടിച്ചുകൊഴുത്ത തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍ചൊന്ന നേഴ്‌സുമാര്‍, പീടിക തൊഴിലാളികള്‍, അണ്‍എയ്ഡഡ് സ്ക്കൂള്‍ അദ്ധ്യാപകര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരൊന്നും സംഘടിപ്പിക്കപ്പെടേണ്ട തൊഴിലാളിവര്‍ഗങ്ങളല്ല. ഈ തൊഴിലാളികള്‍ക്ക്/ ജീവനക്കാര്‍ക്ക് യൂണിയന് ലെവി നല്‍കാന്‍ തക്കവിധമുള്ള ശമ്പളം കിട്ടുന്നില്ലെന്ന് നേതൃത്വങ്ങള്‍ക്കറിയാം. ജീവനക്കാരുടെ (തൊഴിലാളികളുടെ) മാസശമ്പളത്തിന്റെ കനം നോക്കിയാണ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം.

ഐടി പ്രൊഫഷണലുകളെ യൂണിയന്‍വല്‍ക്കരിക്കുന്നതിലാണ് തൊഴിലാളി യൂണിയനുകളിപ്പോള്‍ പരക്കംപായുന്നത്. മാസമാസം കൈ നിറയെ പൈസ കിട്ടുന്നവരാണ് ഐടി പ്രൊഫഷണലുകള്‍. അതില്‍ നിന്ന് ഒരു ഓഹരി കൃത്യമായി ലെവിയായി യൂണിയന്‍ ഓഫീസുകളിലെത്തിക്കുകയെന്നത് ഐടി യൂണിവല്‍ക്കരണ തന്ത്രങ്ങള്‍ക്ക് പിന്നിലെന്ന് പകല്‍ പോലെ വ്യക്തം.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ചെറുതും വലുതുമായ കച്ചവടക്കാര്‍ ഇവരെല്ലാം തന്നെ തൊഴിലാളി യൂണിയന്‍/രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകള്‍ കൂടിയാണ്. തെരഞ്ഞെടുപ്പ്, സമ്മേളനങ്ങള്‍ തുടങ്ങിയ വേളകളില്‍ വന്‍തുക സംഭാവന നല്‍കുന്നവരാണ് ഇപ്പറഞ്ഞ ആശുപത്രി മാനേജ്‌മെന്റുകളും കച്ചവടക്കാരുമടക്കമുള്ളവരും. ഇവരെ വെറുപ്പിച്ച് ഇവരുടെ കീഴില്‍ തൊഴിലെടുക്കുന്നവരെ സംഘടിപ്പിക്കാന്‍ വിപ്ലവ തൊഴിലാളിവര്‍ഗ്ഗ സംഘടനകളുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരം. എന്നാലിപ്പോള്‍ നേഴ്‌സുമാരോട് അനുഭാവം പ്രകടിപ്പിച്ച് ചില പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു. ഇത്രയും കാലം നേഴ്‌സുമാരടക്കമുള്ള തൊഴില്‍ വിഭാഗത്തെ കണ്‍തുറന്നുകാണാന്‍ കൂട്ടാക്കാതിരുന്ന സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി തുടങ്ങിയ ട്രേഡ്് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഇവരെ പങ്കിട്ടെടുക്കുവാനുള്ള തത്രപ്പാടിലാണ്. ഇവര്‍ പക്ഷേ ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പറയാന്‍ ബാദ്ധ്യസ്ഥരാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതനവ്യവസ്ഥ തരപ്പെടുത്തികൊടുത്ത് ഈ നേഴ്‌സുമാരെ തങ്ങളുടെ കൂടെ നിര്‍ത്തി മാസാമാസം ‘ലെവി’ (തുച്ഛമായ തുകയാണെങ്കിലും) കൈപ്പറ്റി വോട്ടുബാങ്കാക്കി മാറ്റുകയെന്നതിനപ്പുറത്തേക്ക് ഈ ട്രേഡ് യൂണിയനുകള്‍ക്ക് മറ്റ് അജണ്ടക ളൊന്നും തന്നെയില്ല. തങ്ങളുടെ ശക്തി കേന്ദ്രങ്ങളാക്കി നേഴ്‌സുമാരെ മാറ്റാമെന്നുള്ള കണക്കുകൂട്ടലുമായിട്ടാണ് ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവരുന്നത്. സമരനേതൃത്വം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യുന്നത് ഗുണകരമാകുമോയെന്ന് സമരം ചെയ്യുന്ന നേഴ്‌സുമാര്‍ തന്നെ സൂക്ഷ്മതയോടെ പരിശോധിക്കേണ്ടതാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നേടിക്കൊടുക്കുന്നതില്‍ ഈ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഇടപ്പെടലുകള്‍ അത്ര അനിവാര്യമാകുന്നില്ല. ഇതില്ലാതെത്തന്നെ നേഴ്‌സു മാര്‍ക്ക് ഇത് ലഭിക്കാവുന്നതേയുള്ളൂ. മിനിമം വേതനത്തിനേക്കാളുപരി അധ്വാനത്തിനനുസരിച്ചുള്ള വേതനം ലഭ്യമാക്കപ്പെടുന്നുവെങ്കില്‍ മാത്രമേ ട്രേഡ് യൂണിയന്‍ ഇടപ്പെടലുകള്‍ നേഴ്‌സുമാര്‍ക്ക് ഗുണകരമാകൂ. തൊടുപുഴയിലെ പൈങ്കുളം ആശുപത്രിയില്‍ സമരം ചെയ്ത നേഴ്‌സുമാരോട് ഇടുക്കിയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ആവശ്യപ്പെട്ടത് മിനിമം വേതനത്തേക്കാള്‍ കൂടുതല്‍ വേണമെന്നുള്ള ആവശ്യം മാനേജ്‌മെന്റിനുമുന്നില്‍ വെക്കരുതെന്നാണ്. ഇത് ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഇരട്ടത്താപ്പ് ! ഇതു പക്ഷെ ഏറ്റവും കൂടുതല്‍ തിരിച്ചറിയേണ്ടത് സമരരംഗത്തിറങ്ങിയിട്ടുള്ള നേഴ്‌സുമാര്‍ തന്നെയാണ്. ട്രേഡ് യൂണിയന്‍ സംസ്കാരം അപനിര്‍മ്മാണത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും കൊടിയടയാളങ്ങളല്ലെന്നെുക്കൂടി നേഴ്‌സുമാര്‍ തിരിച്ചറിയണം.

posted by on on 10 September 11 at 07:02 AM

 

ഇലക്‌ട്രോണിക് മീഡിയയുടെ കാണാവേഗത്തിലാണ് മാധ്യമ പ്രവര്‍ത്തനം. വിപണിവല്‍ക്കരണത്തിന്റെ ആലസ്യംപൂണ്ട സമകാലിക ലോകത്തില്‍ മാധ്യമ പ്രവര്‍ത്തനവും വിപണിയുടെ താളത്തിനനുസൃതം. ഈ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് സക്രിയമായ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഛായ കല്പിച്ചു നല്‍കുവാനാകുമോ? സാമൂഹിക മാറ്റത്തിനും ഭരണകൂടത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നതിനും ചാലകശക്തിയാകുന്നതില്‍ ഇലക്‌ട്രോണിക് മിഡിയക്കാകന്നുണ്ടോ? ഈ സമസ്യകള്‍ക്കുള്ള ഉത്തരം തേടുവാനുള്ള ശ്രമമാണിവിടെ.

 

ഇന്ത്യയിലെ മറ്റ് പ്രദേശിക ഭാഷദൃശ്യമാധ്യമങ്ങളില്‍ നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നതില്‍ മലയാള ദൃശ്യ മാധ്യമങ്ങള്‍ മുന്നിലല്ലെന്ന് പറയാനാവില്ല പ്രത്യേകിച്ചും വാര്‍ത്തകള്‍ പ്രേക്ഷകരിലെത്തിക്കുന്നതില്‍ . അതേസമയം, വന്‍കിട കോര്‍പ്പറേറ്റ് മാധ്യമ മാനേജ്‌മെന്റുകളുടെ ഹിന്ദി-ഇംഗ്‌ളീഷ് ചാനലുകള്‍ക്കൊപ്പം മലയാളം ചാനലുകള്‍ എത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കപ്പെടണം. കേരളത്തിലെ ദൃശ്യമാധ്യമരംഗം ഇപ്പോഴും ശൈവദശയില്‍. ഈ പശ്ചാത്തലത്തില്‍ ഇതിന്റെ പ്രൊഫഷണലിസത്തിലും ഉള്ളടക്കത്തിലും നിലപാടുകളിലും ഊന്നിയുള്ള വിമര്‍ശനാത്മക വിലയിരുത്തലുകളും ക്രിയാത്മക നിര്‍ദ്ദേശങ്ങളുമാകാം.

 

അച്ചടി മാധ്യമരംഗത്തെ അനുഭവസമ്പത്തിന്റെ പിന്‍ബലമാണ് കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാരംഭത്തിനും വളര്‍ച്ചക്കും ആധാരം. അച്ചടി മാധ്യമരംഗത്ത് നിന്നുള്ള കൂടുമാറ്റക്കാരാണ് ദൃശ്യമാധ്യമരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ദൃശ്യമാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന ദിശയില്‍ പ്രൊഫഷണല്‍ പഠന-പരിശീലന ശാഖ ഇനിയും പൂര്‍ണ്ണതയിലെത്തേണ്ടിരിക്കുന്നു.. ദൃശ്യമാധ്യമ അക്കദമിക്ക് പരിശീലനം ആര്‍ജ്ജിച്ചവരെന്ന് അവകാശപ്പെട്ട് ഉദയം ചെയ്തവരുണ്ട്. അവര്‍ക്കുപോലും ദൃശ്യമാധ്യമ രംഗത്ത് പ്രൊഫഷണലിസത്തിന്റെ ചലനങ്ങള്‍ സൃഷ്ടിക്കുവാനായിട്ടില്ലന്നുവേണം പറയാന്‍.. മലയാള ടെലിവിഷന്‍ വാര്‍ത്താരംഗത്തിന്റെ പരിമിതികളും പ്രശ്‌നങ്ങളും സാധ്യതകളും പലരാലും പറഞ്ഞുവയ്ക്കപ്പെടുന്നുണ്ട്. പക്ഷേ നാളെകളുടെ ടെലിവിഷന്‍ വാര്‍ത്താമാധ്യമത്തിന്റെ വികാസ ദിശയിലുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍ വിരളം.

 

ദൃശ്യമാധ്യമ പ്രവര്‍ത്തകനോടൊത്ത് ഫീല്‍ഡിലെത്തുന്ന വീഡിയോഗ്രാഫര്‍ക്ക് ദൃശ്യ മാധ്യമരംഗത്തെ കൊഴുപ്പിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ വലിച്ചുവാരിയുള്ളതും ഉപരിപ്‌ളവുമായ വാര്‍ത്താവലോകനം പലപ്പോഴും അരോചകം. ഇവിടെയാണ് ദൃശ്യങ്ങള്‍ തന്നെ വാര്‍ത്തകളാകേണ്ടതിന്റെ അനിവാര്യത. ദൃശ്യങ്ങള്‍ വിക്ഷേപിക്കുന്ന അതിവിപുലമായ സംവേദന സാധ്യതയും രാഷ്ട്രീയവും ഗ്രഹിക്കുവാനുള്ള ശേഷിയുണ്ടായിരിക്കണം, വീഡിയോഗ്രാഫര്‍ക്ക.് ഇന്ന് പക്ഷേ വിന്യസിക്കപ്പെട്ടിരിക്കുന്ന ബഹുഭൂരിപക്ഷത്തിനും ഇപ്പറഞ്ഞ ശേഷിയുണ്ടോ?

 

ദൃശ്യങ്ങള്‍ കൃത്യതയോടെ എഡിറ്റ് ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്നതിലും മികവ് പ്രകടിപ്പിക്കപ്പെടുന്നില്ല. വീഡിയോ എഡിറ്റര്‍മാര്‍ താന്‍ എഡിറ്റ് ചെയ്യുന്ന ദൃശ്യത്തിന്റെ രാഷ്ട്രീയം തിരിച്ചറിയുവാന്‍ കെല്പുള്ളവരായിരിക്കണം. ഇത്തരക്കാര്‍ ഏറെ വിരളമാണെന്നതും മലയാള ദൃശ്യമാധ്യമത്തിന്റെ അമച്ച്വര്‍ സ്വഭാവത്തിന് കാരണമാകാതിരിക്കുന്നില്ല. സമയ ദൈര്‍ഘ്യം കുറച്ചും കുുറുക്കികൊള്ളുന്നതുമായ ഭാഗംമാത്രം എഡിറ്റ് ചെയ്‌തെടുത്ത് വിന്യസിക്കുവാന്‍ ലേഖകര്‍ വീഡിയോ എഡിറ്റര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കണം. ഈ ദിശയില്‍് ശ്രദ്ധ പതിയാതെ പോകുന്നുവെന്നതും കാണല്‍ പ്രക്രിയക്ക് കല്ലുക്കടിയാകുന്നുണ്ട്. വാര്‍ത്തകള്‍ക്ക് അകമ്പടിയേകുന്ന ദൃശ്യങ്ങളുടെ ആവര്‍ത്തന വിരസത ഒഴിവാക്കപ്പെടുന്നില്ലെന്നതും അരോചകം.

 

വാര്‍ത്തകളും വിശേഷങ്ങളും നഗരകേന്ദ്രങ്ങളില്‍ മാത്രമെയുള്ളുവെന്ന് സംശയം ജനിപ്പിക്കുന്നതാണ് സമകാലിക ദൃശ്യമാധ്യമ രംഗം. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് നഗരങ്ങളിലെ വാര്‍ത്തകളാണ് ഏറെയും ദൃശ്യമാധ്യമങ്ങളില്‍ തെളിയുന്നത്. ഗ്രാമഗ്രാമാന്തരങ്ങളിലെ വൃത്താന്തങ്ങള്‍ ചാനലില്‍ ഇടംപിടിക്കാതെ പോകുന്നിടത്ത് നിഷേധിക്കപ്പെടുന്നത് ജനങ്ങളുടെ അറിയുവാനുള്ള അവകാശം. പൊതുജനാഭിപ്രായ രൂപീകരണ ദിശയില്‍ ദൃശ്യമാധ്യമങ്ങളുടെ പങ്ക് ഇനിയും അപൂര്‍ണ്ണമായി തുടരുകയാണന്നതല്ലേ ഇതിലൂടെ സ്പഷ്ടമാകുന്നത്? ഇതൊക്കയാണെങ്കിലും മലയാള ദൃശ്യമാധ്യമരംഗം പ്രൊഫഷണലിസത്തില്‍ പരിലസിക്കുന്നില്ലെന്ന് മഷിയിട്ട് കണ്ടുപിടിക്കുന്ന പ്രേക്ഷകര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. പൊതുജനാഭിപ്രായ രൂപീകരണത്തില്‍ ചാലക ശക്തിയാകാന്‍ ദൃശ്യമാധ്യമങ്ങള്‍ക്കാകുന്നുണ്ടോ എന്നതിലാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരുടേയും ശ്രദ്ധ.

 

ഈ ലേഖകനുണ്ടായ ഒരനുഭവം കുറിക്കാം. ജന്മി – കുടിയാന്‍ തര്‍ക്കത്തിനൊടുവില്‍ കോടതിവിധി ജന്‍മിക്ക് അനുകൂലം. തുടര്‍ന്ന്, കുടിയാനും 22ഓളം കുടുംബങ്ങളും ഏത് നിമിഷവും കുടിയൊഴിപ്പിക്കപ്പെടുന്ന അവസ്ഥ. കുടുംബങ്ങള്‍ ആത്മസംഘര്‍ഷത്തില്‍. ഏറെ കൊട്ടിഘോഷിപ്പിക്കപ്പെട്ട ഭൂപരിഷ്ക്കരണ നിയമത്തിന്റെ അന്ത:സത്തക്ക് നിരക്കാത്തതാണ് കുടിയൊഴിപ്പിക്കല്‍ ഉത്തരവ്. ഇത്, മലയാളത്തിലെ ആദ്യവാര്‍ത്തചാനലിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയപ്പോള്‍ തൃശ്ശൂര്‍ ജില്ലാ ലേഖകന്‍ പറഞ്ഞതിങ്ങനെ….”ചേട്ടാ… കുടിയിറക്കുന്ന ദിവസം പോയ്‌ക്കോള്ളാം. അപ്പോള്‍ അടിപ്പൊളി ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാം….”  ദൃശ്യമാധ്യമരംഗത്തിന്റെ ഗതിവിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ, ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സാമൂഹിക ദിശാബോധം ഇല്ലാത്തവരുടെ പട്ടികയാണിവിടെ കനംവെക്കുന്നത്.

 

ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന രാത്രി വാര്‍ത്തയില്‍ വാരിവിതക്കുന്നത് പകലന്തിയോളം പ്രേക്ഷകര്‍ കണ്ടുമടുത്തവ തന്നെ. മറ്റൊരു ചേരുവയായി ഏതെങ്കിലും വിഷയത്തെ പ്രതി ദീര്‍ഘമായ ചര്‍ച്ച. അതാകട്ടെ പ്രേക്ഷകരെ പരമാവധി മുഷിപ്പിക്കുന്നതും. വിഷയത്തെക്കുറിച്ച് അവതാരക(ക)ന്‍ ചര്‍ച്ച എങ്ങുമെത്തിക്കാതെ തലയൂരി മറ്റു വാര്‍ത്തകളിലേക്കുള്ള പരക്കംപാച്ചില്‍ രസകരം! സമയക്കുറവുമൂലം ചര്‍ച്ച അവസാനിപ്പിക്കുന്നു എന്ന ക്ഷമാപണവും കൂടിയാകുമ്പോള്‍ ചര്‍ച്ചക്ക് അകാല ചരമം. ചര്‍ച്ചയില്‍ അവതാരകന്റെ മുന്‍വിധിയോടെയുള്ള ഇടപെടല്‍. അതല്ലെങ്കില്‍ ചര്‍ച്ചക്കായി ക്യാമറയുടെ വെള്ളിവെളിച്ചത്തിലിരിക്കുന്നവരെ വാദപ്രതിവാദത്തില്‍ തോല്‍പ്പിക്കുക. ഇതൊക്കെയല്ലേ ഇന്‍ ഹൗസ് ലൈവ് ചര്‍ച്ചയുടെ ‘സവിശേഷതകള്‍’?

 

പരസ്യദാതാക്കളെ ബാധിക്കുവാനിടയുള്ള പരിപാടികള്‍ നിഷ്ക്കരുണം തമസ്ക്കരിക്കുക. പരിസ്ഥിതി മലിനീകരണത്തിന് വഴിയൊരുക്കുന്ന ഇരുമ്പുരുക്കു കമ്പനിയെ പ്രായോജകരാക്കി സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ വിലാപവല്‍ക്കരിക്കുന്ന പരിപാടിയെ ചാനലിന്റെ കണ്ണാടിയായി ആഘോഷിക്കുക. ഇതെല്ലാം വിളിച്ചോതുന്നത് മലയാള ടി.വി ചാനലുകളിലെ വാര്‍ത്താ-വാര്‍ത്താധിഷ്ഠിത പരിപാടികളുടെ ഉപരിപ്‌ളവത മാത്രമല്ല സാമൂഹിക ഉത്തരവാദിത്വമില്ലായ്മ കൂടിയാണ്.

 

അമൃതാനന്ദമയി,ശ്രീശ്രീ രവിശങ്കര്‍, സത്യസായിബാവ ഇവരുടെയെല്ലാം വീഡിയോ ക്‌ളിപ്പുകള്‍ പ്രേക്ഷകരിലെത്തിക്കുന്നത് ചാനല്‍ നടത്തിപ്പുക്കാരുടെ നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയം. സ്തുതി വചനങ്ങള്‍ വാരിവിതറിയുള്ള വിവരണങ്ങള്‍ക്കൊപ്പം മാത്രമേ മനുഷ്യദൈവങ്ങളുടെ ദൃശ്യങ്ങള്‍ വിന്യസിക്കാനാവൂ.. നിഷേധ ധ്വനിയുണ്ടെന്ന് വിധിയെഴുതപ്പെടുന്ന വിവരണങ്ങള്‍ക്കൊപ്പം ഇവരുടെ ദൃശ്യങ്ങള്‍ അരുതേയരുതേ എന്ന നിലപാടുകളെടുക്കുമ്പോള്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ഉപരിപ്‌ളവമാകാതിരുന്നെങ്കിലേ അതിശയമുള്ളൂ.

 

കെ.കെ ശ്രീനിവാസന്‍

ദേശീയ ഗ്രാമീണ ആരോഗ്യ മിഷ(എന്‍ആര്‍എച്ച്എം)ന്റെ കോടികള്‍ ഒഴുകിയെത്തുമ്പോഴും പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ അനാരോഗ്യാവസ്ഥ തീര്‍ത്തും വഷളാവുകയാണ്. രക്തസമര്‍ദ്ദമളക്കാനുള്ള ഉപകരണം പോലുമില്ല! പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ എന്‍ആര്‍എച്ച്എം ഫണ്ട് പാഴാക്കിയ ഭരണസമിതിയല്ലാതെ മറ്റാരുമല്ല edapalam-hosptial

തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം വഴിമുട്ടിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 2001 സെപ്തംബര്‍ മൂന്നിന് ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. രോഗികളെ കിടത്തിചികിത്സിക്കുവാനുള്ള (.പി വിഭാഗം) പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ ആരോഗ്യ മന്ത്രി പി.കെ ശങ്കരന്‍ രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യങ്ങളോടെയാണ് ആശുപത്രിയുടെ വികസനത്തിന് പ്രാരംഭംകുറിച്ചത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പി.വി പത്രോസ് തന്നെയായിരുന്നു അന്നത്തെയും പ്രസിഡന്റ്.

ഡോക്ടര്‍മാരുടെ സംഘടന വില്ലന്‍ റോളില്‍

ഉദ്ഘാടന ദിനത്തില്‍ തന്നെ അതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന (കെ.ജി.എം.) രംഗത്ത് വന്നു. .പി വിഭാഗം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ചുരുങ്ങിയത് മൂന്ന് ഡോക്ടര്‍മാരും നേഴ്സുമാരും ആശുപത്രിയില്‍ നിയമിക്കപ്പെടേണ്ടിവരും. ഇതിനായി സര്‍വ്വീസിലുള്ള ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കേണ്ടിവരും. നഗരങ്ങളും നഗരപ്രാന്തപ്രദേശങ്ങളുംവിട്ട് ഗ്രാമങ്ങളില്‍ സേവനമനുഷ്ഠിക്കുവാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിമുഖരാണ്. പട്ടിക്കാട് ആശുപത്രി വികസിപ്പിക്കപ്പെടുമ്പോള്‍ ഡോക്ടര്‍മാര്‍ ക്വാര്‍ട്ടേഴ്‍സിലോ അതല്ലെങ്കില്‍ ആശുപത്രിയുടെ സമീപസ്ഥലത്തോ താമസിക്കേണ്ടതുണ്ട്. എന്നാല്‍ നഗരങ്ങളിലേതുപോലെ ഗ്രാമങ്ങളില്‍ വീട്ടിലെത്തുന്ന രോഗികളെ ചികിത്സിക്കുമ്പോള്‍ വേണ്ടത്ര സാമ്പത്തിക മെച്ചം ഡോക്ടര്‍മാര്‍ക്കുണ്ടാകില്ല. ഇതുക്കൊണ്ടൊക്കെത്തന്നെയാണ് പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിന് തുരങ്കംവെയ്ക്കാന്‍ ആതുര സേവനത്തെ മഹത്തരമായി കാണേണ്ടവരെന്ന് കരുതപ്പെടുന്ന ഡോക്ടര്‍മാര്‍ തന്നെ മുന്നോട്ടുവന്നത്.

ഡോക്ടര്‍മാരുടെ വില്ലന്‍ റോളിനോടൊപ്പം തന്നെ ആശുപത്രി വികസനത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ആരോഗ്യവകുപ്പിനും ഒട്ടുമേ താല്പര്യമില്ലെന്നതും തുറന്നുകാണിക്കപ്പെടണം. .പി വിഭാഗം തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്സ് ആവശ്യമാണ്. അത് ഇനിയും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ഇവിടെയാണ് ദേശീയ ഗ്രാമീണ ആരോഗ്യ (എന്‍ ആര്‍ എച്ച്.എം) മിഷന്റെ കോടികളുടെ ഫണ്ട് തരപ്പെടുത്തി ആശുപത്രി വികസനത്തിനായി ഉപയുക്തമാക്കപ്പെടാതെ പോയതിലെ ബന്ധപ്പെട്ടവരുടെ അക്ഷന്തവ്യമായ അനാസ്ഥയും അലംഭാവവും അനാവരണവും ചെയ്യപ്പെടേണ്ടതൂണ്ട്.

ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ ഗ്രാമീണ ജനതയുടെ ആരോഗ്യപരിരക്ഷയെ മുന്‍നിറുത്തി രൂപം കൊടുത്ത പദ്ധതിയാണ്. 2005 ജൂണ്‍ 17 നാണിത് ഔദ്യോഗികമായി പ്രാരംഭം കുറിക്കപ്പെട്ടത്. പതിനൊന്നാം പദ്ധതിയിലുള്‍പ്പെട്ട ഇതിനായി മൊത്തം 135,000 കോടി (2005-2012) യാണ് വകയിരുത്തപ്പെട്ടിട്ടുള്ളത്. ആരോഗ്യസംരക്ഷണ ചെലവ് ജിഡിപിയുടെ 0.9ല്‍ നിന്ന് 2.3 ശതമാനമാക്കുകയാണ് ലക്ഷ്യം (http://mohfw.nic.in/NRHM/Documents/Mission_Document.pdf).

2004-09 കാലയളവില്‍ ഈ പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചത് 67,000 കോടി രൂപ. വില്ലേജ് ഹെല്‍ത്ത് പ്ലാന്‍ അനുസരിച്ച് ഗ്രാമീണ ആശുപത്രികള്‍ വിപുലപ്പെടുത്തുക, സാനിട്ടേഷന്‍ശുചിത്വ പദ്ധതികള്‍ ആരംഭിക്കുക, പോക്ഷകാഹാരം ഉറപ്പുവരുത്തുക, സുരക്ഷിത കുടിവെള്ളവിതരണം ഉറപ്പുവരുത്തുക, പ്രാദേശിക ആരോഗ്യ പാരമ്പര്യങ്ങള്‍ ശക്തിപ്പെടുത്തുക, ഗ്രാമീണ മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ അതിവിപുലമായ ലക്ഷ്യങ്ങളാണ് എന്‍ ആര്‍ എച്ച് എം മുന്നോട്ടുവയ്ക്കുന്നത്. 2006-ല്‍ ആരോഗ്യ കേരളം എന്ന പേരില്‍ ആരോഗ്യ മിഷന്‍ കേരളത്തില്‍ നടപ്പിലാക്കപ്പെട്ടു. കേരളത്തിലെ 2005-10 വരെയുള്ള കാലയളവില്‍ 983.45 കോടി വകയിരുത്തപ്പെട്ടു. ഇതില്‍ 826.63 കോടി (84.26 ശതമാനം) അനുവദിക്കപ്പെട്ടു. ചെലവഴിക്കപ്പെട്ടതാകട്ടെ 763.6 കോടി (92.16 ശതമാനം). ഇതേ കാലയളവില്‍ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള വികസനത്തിനായി 237.73 കോടി അനുവദിക്കപ്പെട്ടു. സബ്ബ് സെന്റര്‍ (8.05 കോടി), പ്രെമറിഹെല്‍ത്ത് സെന്റര്‍ (20.22), കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍(70), ഡിസ്ട്രിക്റ്റ് ആശുപത്രി (30.05 കോടി), ഉപകരണങ്ങള്‍ (2.82), ഗതാഗതം (6.60), മറ്റുള്ളവ (98.85 കോടി) എന്നിങ്ങനെ ഫണ്ട് അനുവദിക്കപ്പെട്ടു (http://www.mohfw.nic.in/NRHM/Documents/Non_High_Focus_Reports/Kerala_Report.pdf).

ഏറ്റവും അവശ്യംവേണ്ട ഉപകരണങ്ങള്‍ വാങ്ങാനായി അനുവദിക്കപ്പെട്ടത് തുച്ഛമായ 2.82 കോടി മാത്രം! മറ്റുള്ളവ എന്ന ഹെഡിലുള്‍ കൊള്ളിച്ചിരിക്കുന്ന ഭീമമായ തുക എന്തിനുവേണ്ടിയെല്ലാം ചെലവഴിക്കപ്പെട്ടുവെന്നതിന്റെ സൂചനകള്‍ എവിടെയും കാണാനുമില്ല. ആരോഗ്യമിഷന്‍ ഫണ്ട് കാംഷിച്ച രീതിയില്‍ നേരെ ചൊവ്വേ ഉപയുക്തമാക്കപ്പെട്ടിട്ടുണ്ടോയെന്ന് സമഗ്ര അനേഷ്വണം ആവശ്യപ്പെടുന്നുണ്ട്. പദ്ധതിയുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ട അത്യാഡംബര സെമിനാറൂള്‍പ്പെടയൂളളവക്ക് ചെലവഴിക്കപ്പെട്ട തുകയാണത്രെ മറ്റുള്ളവ എന്നഹെഡിലുള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്. സെമിനാറുകള്‍ സംഘടിപ്പിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് കോടികള്‍ പൊടിപൊടിക്കപ്പെട്ടപ്പോള്‍ ഗ്രാമീണ ആരോഗ്യപരിരക്ഷയെന്ന മുഖ്യ ലക്ഷ്യത്തിലെത്തിചേരാന്‍ മിഷനായിട്ടുണ്ടോയെന്നുള്ള സംശയം ഇനിയും ബാക്കി. ഈ സ്ഥിതിവിശേഷത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെപ്രതി ഒരു സ്റ്റോക്കെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പ്രകാരം കോടികളുടെ ഫണ്ട് കേരളത്തിലേക്ക് ഒഴുകിയെത്തുന്നുവെന്നത് മുന്‍ ചൊന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. അതിന്റെ ഒരു ഓഹരി തരപ്പെടുത്തി പട്ടിക്കാട് ആശുപത്രിയെ വികസന മുരടിപ്പില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞില്ലെന്നുപറയുന്നതിനെക്കാള്‍ ശ്രമിച്ചില്ലെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ആരുടെ ഭാഗത്ത് നിന്നാണ്  ശ്രമമുണ്ടകേണ്ടിയിരുന്നത്? ഒരു സംശയവും വേണ്ട; മുന്‍/ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതികളില്‍ നിന്നു തന്നെ.

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളാണ് ഭാരത് നിര്‍മാണ്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ തുടങ്ങിയവ. പഞ്ചായത്തീരാജ് ഇന്‍സ്ററിറ്റൂഷനുകളാണ് ഇത്തരം മെഗാ പദ്ധതികളുടെ നടത്തിപ്പുക്കാര്‍. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണ പോലുമില്ലാത്ത അവസ്ഥയിലാണ് പ്രാദേശിക സര്‍ക്കാരുകളിലേറെയുമെന്നുവേണം പറയാന്‍. bharth-nriman-rtiഈ പദ്ധതികള്‍ പ്രകാരം ഒരു ചില്ലികാശ് പോലും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഈ ലേഖകന് പഞ്ചായത്ത് നല്‍കിയ വിവരങ്ങള്‍ (നമ്പര്‍ 1820/11, 21-3-2011) തന്നെ അടിവരയിടുന്നുണ്ട്. ഇതുപറയുമ്പോള്‍ തന്നെ ദേശീയ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയുടെ നടത്തിപ്പില്‍ കാര്യമായ ഇടപ്പെടലുകള്‍ നടത്തുന്നതില്‍ പഞ്ചായത്ത് ഭരണസമിതി അത്യുത്സാഹം പ്രകടിപ്പിക്കുന്നുവെന്നത് ശ്രദ്ധേയം. തൊഴില്‍ദാന പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടും മെനക്കെടാതെ, പദ്ധതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെടാതെ തന്നെ കോടികളുടെ ഫണ്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് വസൂലാക്കന്നു. ഇത് അര്‍ഹതയുളളവരെക്കാള്‍ കൂടുതല്‍ അനര്‍ഹര്‍ക്ക് തരപ്പെടുത്തിക്കൊടുക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ കൗശലം പ്രയോഗിക്കുന്നതില്‍ പ്രാദേശിക സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുള്ള ഭരണപാടവം അപാരം തന്നെ!

ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് വികസന പ്രക്രിയയുടെ പട്ടികയിലുള്‍പ്പെടുത്തി പീച്ചി ഫെസ്ററ് ആഘോഷങ്ങള്‍ ആടിതിമര്‍ക്കാനുള്ള അത്യപൂര്‍വ്വ അവസരം ഒരുക്കപ്പെടുന്നു. വേണ്ടതുതന്നെ. ഇതോടൊപ്പം തന്നെ പക്ഷേ ജനങ്ങള്‍ക്ക് പ്രാഥമികമായി വേണ്ട ആരോഗ്യപരിരക്ഷ സൗകര്യങ്ങള്‍ വീഴ്ച കൂടാതെ ഒരുക്കിക്കൊടുക്കുന്നതില്‍കൂടി ശ്രദ്ധ പതിയേണ്ടതുണ്ട്പഞ്ചായത്തിലെ ലക്ഷങ്ങളുടെ പൊതുമരാമത്ത് പണികളുടെ ടെണ്ടര്‍ നടപടികളില്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ അതീവ താല്പര്യം പ്രകടിപ്പിക്കുന്നവര്‍ അവരുടെ തന്നെ നാട്ടുക്കാരുടെ ആശ്രയ കേന്ദ്രമായ ആതുരാലയത്തിന്റെ വികസനത്തിനും പ്രത്യേകം ഊന്നല്‍ നല്‍കണം. ചുരുങ്ങിയപക്ഷം പട്ടിക്കാട് ആശുപത്രിക്കായി ഒരു ബി.പി അപ്പരറ്റസെങ്കിലും തരപ്പെടുത്തിക്കൊടുക്കുന്നതില്‍ ഭരണസമിതി ശ്രദ്ധിക്കണം. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പദ്ധതി 2012 മാര്‍ച്ചില്‍ അവസാനിക്കുന്നവെന്നും ഓര്‍ക്കണം.

ആരോഗ്യപദ്ധതികള്‍ കേന്ദ്രം മുന്നോട്ടു വയ്ക്കുമ്പോള്‍ തന്നെ അതിന്റെ ഗുണഭോക്താവാകാന്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞില്ലെന്നിടത്ത് തെളിയുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ പിടപ്പുകേടല്ലാതെ മറ്റെന്താണ?പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ എന്‍ആര്‍എച്ച്എം ഫണ്ട് പാഴാക്കിയ ഭരണസമിതിയല്ലാതെ മറ്റാരുമല്ല.

കെ.കെ ശ്രീനിവാസന്‍
രാജ്യത്തെ പിടിച്ചുലച്ച ടൂജി സ്‌പെക്ട്രം അഴിമതിക്കേസ് തന്നെയെടുക്കുക. ഇതുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ വിവരാവകാശ നിയമം വഹിച്ച പങ്ക് വേണ്ടത്ര പ്രാധാന്യത്തോടെ മനസിലാക്കപ്പെട്ടിട്ടില്ലെന്നു വേണം പറയാന്‍. വിവരാവകാശ നിയമത്തിലൂടെയാണ് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി ടൂജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കിയത്

ന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ ജനാധിപത്യ മൂല്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ചിരിക്കുന്നു. അന്നാ ഹസാരെയുടെ രണ്ടാംഘട്ട നിരാഹാര സമരത്തെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട രീതിയാണ് ഈ തോന്നലിന് നിദാനമായത്. ജനാധിപത്യ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലകപ്പെട്ടിരിക്കുവെന്നുളള അവസ്ഥയിലാണ് ഹസാരെയുടെ അഴിമതിവിരുദ്ധ ശബ്ദം ശ്രദ്ധേയമാക്കപ്പെടുന്നത്.

പാര്‍ലമെന്റിന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷണം. അതിനെ പക്ഷേ ദുര്‍ബ്ബലപ്പെടുത്തുംവിധം ജന്‍ലോക്പാല്‍ ബില്ലെന്ന ആശയവും അതേ പ്രതിയുളള പ്രക്ഷോഭവും ക്ഷണിച്ചുവരുത്തപ്പെട്ടിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യഭരണ വ്യവസ്ഥയുടെ കാത്തുസൂക്ഷിപ്പുകാരെന്ന നിലയില്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഒഴിഞ്ഞുമാറാനേയാകില്ല. രാഷ്ട്രീയ കക്ഷികളില്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുളള അധികാരം നേരെ ചൊവ്വേ വിനിയോഗിക്കുന്നതില്‍ അതീവ ഗുരുതരമായ വീഴ്ച വരുത്തിയിടത്താണ് അന്നാ ഹസാരെപോലുളളവരുടെ മുന്‍ കയ്യില്‍ പ്രക്ഷോഭങ്ങള്‍ രൂപപ്പെട്ടിട്ടുളളത്. ഇത്തരം പ്രക്ഷോഭങ്ങളെ പക്ഷെ നേരിടുന്നതില്‍ സര്‍ക്കാര്‍ ജനാധിപത്യ മാതൃകകള്‍ പിന്‍തുടര്‍ന്നേ മതിയാകൂ. അതിനു പകരം ഏകാധിപത്യഭരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥക്ക് മാനക്കേടുണ്ടാക്കുന്നു. ഇത് തിരിച്ചറിയേണ്ടവര്‍ തിരിച്ചറിയുന്നില്ലെന്നത് ഭൂഷണമല്ല.

വിവരാവകാശ നിയമം

ആധുനിക ജനാധിപത്യത്തിന്റെ ശാപമായിട്ടാണ് അഴിമതി വിലയിരുത്തപ്പെടുന്നത്. അഴിമതിയെ തടയിടാന്‍ പക്ഷെ ജനാധിപത്യ സര്‍ക്കാരുകള്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ പരാജയപ്പെടുമ്പോള്‍ അതിനെതിരെ മുറവിളികള്‍ ഉയരുക തീര്‍ത്തും സ്വാഭാവികം. അതേസമയം അഴിമതിക്ക് തടയിടാന്‍ യു.പി.എ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുളളത് പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഇത:പര്യന്തം തുറന്നുകാണിക്കപ്പെട്ടിട്ടുളള അഴിമതിക്കേസുകളിലുള്‍പ്പെട്ടവര്‍ക്ക് ഇരുമ്പഴിക്കുളളില്‍ കിടക്കേണ്ടിവന്നിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. എന്നാല്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ തൊട്ടടുത്തിരുന്ന് നാടുഭരിച്ചവരെപ്പോലും തടവറക്കുളളിലാക്കാന്‍ മടികാണിച്ചിട്ടില്ലെന്നത് മന്‍മോഹന്‍സിങ്ങ് സര്‍ക്കാറിന്റെ അഴിമതിവിരുദ്ധ നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ടൂജി സ്‌പെക്ട്രം കേസില്‍ കേന്ദ്രമന്ത്രി എ. രാജയോടും എന്തിനധികം തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനും യുപിഎ സര്‍ക്കാരിനെ താങ്ങിനിറുത്തുകയും ചെയ്യുന്ന കരുണാനിധിയുടെ മകള്‍ കനിമൊഴിയോടുപോലും മന്‍മോഹന്‍ സര്‍ക്കാര്‍ കനിവുകാട്ടിയില്ല. ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേധാവികള്‍ക്കും ജയില്‍വാസം സുപരിചിതമാക്കപ്പെട്ടു. ഉന്നത കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ തിഹാര്‍ ജയിലിലെത്തി. രക്ഷപെടാനുളള പഴുതുകള്‍ അടക്കപ്പെട്ടാണ് ഇവരെല്ലാം തടവുപുളളികളാക്കപ്പെട്ടിട്ടുളളത്.

വിവരാവകാശ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യന്‍ ഭരണവ്യവസ്ഥയെ സുതാര്യവല്‍ക്കരിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. രാജ്യത്തെ പിടിച്ചുലച്ച ടൂജി സ്‌പെക്ട്രം അഴിമതിക്കേസ് തന്നെയെടുക്കുക. ഇതുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ വിവരാവകാശ നിയമം വഹിച്ച പങ്ക് വേണ്ടത്ര പ്രാധാന്യത്തോടെ മനസിലാക്കപ്പെട്ടിട്ടില്ലെന്നു വേണം പറയാന്‍. ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി ടൂജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കിയത് വിവരാവകാശ നിയമത്തിലൂടെയാണെന്ന് അിറയണം. ഏറ്റവുമൊടുവില്‍ അഴിമതിക്കാരനായ സൗമിത്രസെന്‍ എന്ന ജഡ്ജിയെ ഇംപീച്ച്‌മെന്റിന് വിധേയമാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥക്ക് കഴിയുന്നുവെന്നതും ശ്ലാഘനീയമാണ്. ഇവിടെയാണ് അഴിമതിക്കെതിരെ യുപിഎ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുവെന്നത് സുവിദിതമാകുന്നത്. അന്നാ ഹസാരെയും കൂട്ടരും ഉയര്‍ത്തുന്ന ജന്‍ലോക്പാല്‍ ബില്‍ ഇല്ലാതെ തന്നെ രാജ്യത്ത് അഴിമതി വിരുദ്ധ പ്രക്രിയ സ്വാഭാവികമായിത്തന്നെ ശക്തിപ്പെടുന്നുണ്ടെന്നുതന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. അഴിമതിക്കെതിരെ നിലപാടുടെുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാന്‍ വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ ബില്ല് പസാക്കുകയെന്നതും അനിവാര്യം.

ഇന്ത്യന്‍ ഭരണവ്യവസ്ഥ അഴിമതി വിമുക്തമാകണമെന്നത് അവിതര്‍ക്കിതം. ഹസാരെയും വൃന്ദവും മുന്നോട്ടുവയ്ക്കുന്ന ജന്‍ലോക്പാല്‍ ബില്ലിലൂടെ ഇന്ത്യയെ അഴിമതി വിമുക്തമാക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് പക്ഷെ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗുണമായിരിക്കില്ലെന്ന ആശങ്ക മുഖവിലക്കെടുക്കാതിരിക്കുന്നത്  ഒട്ടും അനുയോജ്യമല്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയിലൂള്‍പ്പെടുത്തുകയന്നെതാണ്് ജന്‍ലോക്പാല്‍ മുഖ്യമായും ആവശ്യപ്പെടുന്നത്.  ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സര്‍ക്കാരും അതിന്റെ തലവനും സദാ ലോക്പാല്‍ സംവിധാനത്തിന്റെ സൂക്ഷമദര്‍ശിനിക്ക് കീഴിലകപ്പെടുന്നത് ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ ചലനാത്മകതക്ക് വിലങ്ങുതടിയാകാം. മാത്രമല്ല ലോക്പാല്‍ സംവിധാനം ഒരു സൂപ്പര്‍ അധികാരകേന്ദ്രമാകുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്ററി ഭരണവ്യവസ്ഥയുടെ അസ്തിത്വത്തിന്മേലുള്ള അധിനിവേശമായിരിക്കുമത്.

പ്രത്യക്ഷ ജനാധിപത്യവ്യവസ്ഥ

ജന്‍ലോക്പാല്‍ ബില്ലിന് മൗലികമായി പ്രത്യക്ഷ ജനാധിപത്യ വ്യവസ്ഥ ( Direct Democracy ) യുടെ സ്വഭാവമാണ്. പ്രാതിനിധ്യജനാധിപത്യവ്യവസ്ഥ (Representative Democracy) യാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിലനില്‍ക്കുന്ന ഭരണഘടനയനുസരിച്ച് സിവില്‍ സമൂഹത്തിന്റെ മുന്‍കയ്യില്‍ രൂപപ്പെട്ടതാണെന്ന് അവകാശപ്പെടുന്ന ജന്‍ലോക്പാല്‍ ബില്‍ ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ അതേപടി അംഗീകരിച്ച് നിയമമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് അനുചിതമല്ല. ഇവിടെ ഭരണഘടനയാണോ പാര്‍ലമെന്റാണോ മുഖ്യമെന്നുള്ള ചോദ്യം ഉയര്‍ന്നിട്ടുണ്ടെന്നത് ശ്രദ്ധേയം. പാര്‍ലമെന്റിന്റെ സൃഷ്ടാവ് ഭരണഘടനയാണ്. ആ സൃഷാടാവിനെ അതിന്റെ മൗലീകമായ വ്യവസ്ഥകള്‍ ചോര്‍ന്നുപോകാതെതന്നെ ഉയര്‍ത്തിപ്പിടിക്കേണ്ട നൈയാമിക ബാധ്യത ഇന്ത്യന്‍ പാര്‍ലമെന്റിനുണ്ടെന്നുള്ള വസ്തുത വിസ്മരിക്കപ്പെടരുത്. ജന്‍ലോക്പാല്‍ ബില്‍ മുന്നോട്ടുവയ്ക്കപ്പെടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ പ്രാതിനിധ്യ ജനാതിപത്യവ്യവസ്ഥ പ്രത്യക്ഷ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറ്റപ്പെടേണ്ടതുണ്ടോയെന്ന സംവാദം അനിവാര്യമാകുന്നുണ്ട്. എന്നാല്‍ ഈ ദിശയിലുള്ള നീക്കങ്ങള്‍ക്കൊന്നും തുടക്കമിടാതെ നിലനില്‍ക്കുന്ന പാര്‍ലമെന്ററി/പ്രാതിനിധ്യ ജനാധിപത്യവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുംവിധമുള്ള പ്രക്ഷോഭങ്ങള്‍ വളയമില്ലാതെ ചാടുന്നതിന് സമാനമാണ്.

പ്രത്യക്ഷ ജനാധിപത്യ പ്രക്രിയയില്‍ റഫറണ്ടമുണ്ട്. ഇനീഷിയേറ്റീവുണ്ട്. റീകോളുണ്ട്. റഫറണ്ടമനുസരിച്ച് ഒരു ബില്‍ നിയമം വേണോ വേണ്ടയോയെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പാര്‍ലമെന്റ് കൊണ്ടുവരുന്ന ബില്‍ നിയമങ്ങളെപ്പോലും വേണ്ടെന്ന് പറയാം. ഇനീഷീയേറ്റീവ് പ്രകാരം ജനങ്ങള്‍ക്ക് തന്നെ നിയമനിര്‍മ്മാണത്തിന് മുന്‍കൈയെടുക്കാം. ഇവിടെ നിയമ നിര്‍മ്മാണ പ്രക്രിയയില്‍ ജനങ്ങളുടെ നേരിട്ടുള്ള ഇടപ്പെടല്‍/പങ്കാളിത്തം ഉറപ്പിക്കപ്പെടുന്നു. കാലാവധി തീരും മുന്‍പേതന്നെ തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നു, റീക്കോള്‍. ഇത്തരത്തിലുള്ള പ്രത്യക്ഷ ജനാധിപത്യവ്യവസ്ഥക്കായി ഇന്ത്യന്‍ സിവില്‍ സമൂഹം മുന്നോട്ടുവരുന്നിടത്തായിരിക്കും ജന്‍ലോക്പാല്‍ ബില്ലിനെപ്പോലുള്ളവയുടെ പ്രസക്തി. വിവരസാങ്കേതിക വിദ്യാവിസ്‌ഫോടന പശ്ചാത്തലത്തില്‍ ഭരണമണ്ഡലങ്ങളെ സുതാര്യവല്‍ക്കരിക്കുന്നതിന്റെ ദിശയില്‍ ഇ-ജനാധിപത്യ (Electronic Democracy) വ്യവസ്ഥക്കുവേണ്ടിയുള്ള ശക്തമായ മുറവിളിയും കാലം ആവശ്യപ്പെടുന്നുണ്ട്. ഇതിനൊന്നും പക്ഷെ മുതിരാതെയാണ് അരാഷ്ട്രീയ വക്താക്കളെന്ന അപഖ്യാതിയൂട്ടിറപ്പിച്ച്  ഹസാരെയും വൃന്ദവും ജന്‍ലോക്പാല്‍ ബില്‍ ചുമലിലേറ്റി വളയമില്ലാതെ ചാടുന്നത്.

മാധ്യമങ്ങളിലെ ആഘോഷം

സിവില്‍ സമൂഹത്തിന്റെ മുന്‍കയ്യിലെന്ന് അവകാശപ്പെടുന്ന പ്രക്ഷോഭങ്ങളെ ഉദാത്തവല്‍ക്കരിക്കുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മത്‌സരിക്കുകയാണ്. നിയമ നിര്‍മ്മാണ സഭയും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും പിന്നെ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് അിറയപ്പെടുന്ന മാധ്യമ മണ്ഡലവും. ഹസാരെയുടെ സമരത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് നിലനില്‍ക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയെ പ്രതിനായകനാക്കുകയാണ് മാധ്യമങ്ങള്‍. ഒരു ചെറുപറ്റം നഗര കേന്ദ്രീകൃത ജനതയാണ് ഹസാരെയുടെ സമരത്തെ പിന്തുണക്കുന്നത്. ഇവര്‍  പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് പ്രകിയയില്‍ സമ്മതിദാനവകാശം പോലും വിനിയോഗിക്കുവാന്‍ സമയം കണ്ടെത്താത്തവരാണ്. ഹസാരെ ആള്‍ക്കൂട്ടത്തിന് പ്രക്ഷോഭത്തിന്റെ ആരവമല്ല ആഘോഷത്തിന്റ ആര്‍പ്പുവിളിയാണ്. ദൃശ്യമാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍ മിന്നിമറയുവാനുള്ള അപൂര്‍വ്വ അവസരത്തെ ആഘോഷപൂര്‍വ്വം ഉപയുക്തമാക്കുകയാണ് ഇപ്പറഞ്ഞ നാഗരിക ആള്‍ക്കൂട്ടം. കഥയറിയാതെ ആട്ടം കാണുന്ന ഒരു ചെറുപറ്റത്തിന്റെ ആഘോഷം! ഈ ആഘോഷത്തിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുമ്പോള്‍ അത് നാളത്തെ പൗരന്‍മാര്‍ക്കിടയില്‍ ഇന്ത്യന്‍ ജനാധിപത്യം ഒരു പരിഹാസപാത്രമായി മാറുന്നതിനേ വഴിവയ്ക്കൂ. ഇത് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ നിന്നും പുതിയ തലമുറയെ അകറ്റിനിറുത്തും. അവരില്‍ രാഷ്ട്രീയ ഉദാസീനത ആളിപ്പടരും. അവര്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടും. ഇത് യൂറോപ്യന്‍ ജനാധിപത്യത്തെപ്പോലെ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ പരിമിത ജനാധിപത്യവ്യവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചേക്കാം.

ടുണീഷ്യ, ഈജിപ്റ്റ്, ലിബിയ, യമന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഏകാധിപത്യഭരണത്തിനെതിരെയുള്ള കലാപങ്ങളെ ജനാധിപത്യത്തിനായുള്ള മുറവിളി എന്ന നിലയില്‍ ലോകം പൊതുവെ അംഗീകരിച്ചു. ഇതിന് പിന്തുണയായി ഫേസ്ബുക്ക്/ട്വിറ്റര്‍ വിപ്ലവവും. ഐക്യരാഷ്ട്രസഭ ജനാധിപത്യ സംസ്ഥാപന ശ്രമങ്ങളെ ന്യായീകരിക്കുന്നു. ഇറാനില്‍ അഹമ്മദ് നെജാദിനെതിരെയുള്ള ജനരോഷത്തിന് പിന്തുണ നല്‍കാനും രാജ്യാന്തര സമൂഹം തയ്യാറായി. ഇപ്പറഞ്ഞ ജനാധിപത്യ കലാപങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഒരു ജനാധിപത്യ രാഷ്്രമന്ന നിലയില്‍ ഇന്ത്യയും പിശുക്ക് കാണിച്ചില്ല. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയ്ക്കും അതിനു നേതൃത്വം നല്‍കുന്നവര്‍ക്കുമെതിരെയുള്ള ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെ അന്തര്‍ദേശീയ സമൂഹം അംഗീകരിക്കുന്നുവെന്ന് വന്നാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരന്തമായിരിക്കും. ഇതിനകം തന്നെ ഹസാരെ സമരത്തെ `അലോസര’പ്പെടുത്തുന്നതില്‍ അമേരിക്കന്‍ ഭരണകൂടം അസംതൃപ്തി പ്രകടിപ്പിച്ചുവെന്നത് ഒട്ടും ശുഭകരമല്ല. അതെ, ഹസാരെസമരത്തിന്റെ സൂക്ഷ്മതല രാഷ്ട്രീയം സംവാദവിഷയമാക്കുന്നതില്‍ ഇനിയും അമാന്തിച്ചുക്കൂട.

please log on to http://sreeindrajith.blogspot.com/2011/04/jan-lokpal-track-to-direct-democracy.html

http://sreeindrajith.blogspot.com/2011/03/corruption-free-governance-as.html

അഭിപ്രായങ്ങള്‍

Anoop on 26 August 11 at 04:56 AM
ജനങ്ങള്‍ എന്നുവച്ചാല്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്നതാണ് പ്രശ്നം,പാര്‍ലമെന്‍റ് എന്നുവച്ചാല്‍ ജനം തന്നെയാണ്, അതിനകത്ത് ഇരിക്കുന്നവര്‍ ഇക്കാര്യം ഓര്‍ത്തിരുന്നുവെങ്കില്‍ ഈ സമരം തന്നെ ഉണ്ടാകേണ്ട കാര്യമില്ലായിരുന്നു, ജനപ്രതിനിധിക്ക് ജനങ്ങളുടെ ആവശ്യം, അനാവശ്യമാണെന്ന് എങ്ങിനെ പറയാന്‍ കഴിയും ?, അതു പറഞ്ഞാല്‍ പിന്നെ ജനം പ്രതിനിധിയെ എന്തു ചെയ്യണം, എന്നതാണ് പ്രശ്നം, ജനങ്ങളേക്കാള്‍ പാര്‍ലമെന്‍റിനു അധികാരം കൂടുതലുണ്ടോ ?, ഇതിനൊന്നും യാതൊരുവിധ മറുപടിയും കിട്ടുന്നില്ല, സ്പെക്ട്രം കേസില്‍ സര്‍ക്കാരാണോ, അതോ കോടതിയുടെ ഇടപെടലാണോ കാര്യങ്ങള്‍ പുറത്
Dr.Sasi on 24 August 11 at 05:03 AM
Parliament is the supreme (sovereign power) authority of Indian Democracy!! No force or authority can be questioned or challenged against the sovereign power of the Indian Parliament!! We do not want to see any Lok Pal acting like 12 feet man’s role over the ultimate power of the people of India, I mean the parliament!!
Moncy James on 23 August 11 at 05:01 PM
I agreed Mr. Hassaare’s strike but he have also a political motive behind this.

by. കെ.കെ. ശ്രീനിവാസന്‍

ആഗോള മാധ്യമ ഭീമന്‍ എന്ന ഖ്യാതിക്കും അപഖ്യാതിക്കും വിധേയനായിട്ടുളള റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനം ആധുനിക ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് അവകാശപ്പെടുന്നവരാല്‍ തന്നെ വിചാരണചെയ്യപ്പെടുകയാണ്. ജനാധിപത്യ ഭരണക്കൂടങ്ങളുടെ അധികാരത്തിന്റെ അകത്തളങ്ങളില്‍ അരങ്ങേറുന്ന ആശ്യാസ്യമല്ലാത്ത ചെയ്തികള്‍ പൊതുജനസമക്ഷം തുറന്നുകാണിക്കുന്നതില്‍ മാധ്യമങ്ങള്‍ സദാജാഗരൂകരാണമെന്നതില്‍ വിരുദ്ധാഭിപ്രായങ്ങളില്ല.ഇന്ത്യയടക്കമുളള ആധുനിക ജനാധിപത്യ രാഷ്ടങ്ങളിലെല്ലാം മാധ്യമ മണ്ഡലത്തിന് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിശേഷണമാണ് ചാര്‍ത്തിനല്‍കിയിട്ടുളളത്. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും ജുഡിഷ്യറിയും കഴിഞ്ഞാല്‍ പിന്നെ മാധ്യമ മണ്ഡലമെന്നാണ് വെയ്പ്. മാധ്യമ പ്രവര്‍ത്തനത്തിന് ഇത്രയും സ്വീകാര്യത ആര്‍ജിക്കുവാനായിയെന്നിടത്ത് ആധുനിക ജനാധിപത്യം ശക്തിപ്പെടുന്നുവെന്നത് തന്നെയാണ് പ്രകടമാകുന്നത്. എന്നാല്‍, ആഗോള മാധ്യമ ഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ മാധ്യമ ധര്‍മ്മത്തിന്റെ സ്ഥാനത്ത് വാണിജ്യ താല്‍പര്യങ്ങള്‍ മാത്രമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മാതാവ് വിശേഷിക്കപ്പെടുന്ന ബ്രിട്ടിഷ് ഭരണ വ്യവസ്ഥക്ക് നേതൃത്വം നല്‍കുന്നുവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് വാര്‍ത്തയാക്കി വിറ്റു കാശാക്കിയെന്ന ആരോപണമാണ് മര്‍ഡോക്കിനെ പ്രതികൂട്ടിലാക്കിയത്.

ആധുനിക മാധ്യമ ലോകം തീര്‍ത്തും മത്സരാധിഷിഠതമാണെന്നത് അവിതര്‍ക്കിതമാണ്. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ സ്ക്കുപ്പ് എന്ന പേരില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് കൊടുംപാതകമായി ചിത്രീകരിക്കപ്പെടേണ്ടതുണ്ടോ? ഫോണ്‍ ചോര്‍ത്തല്‍ വ്യക്തികളുടെ സ്വകാര്യതയിലുളള കടന്നുകയറ്റമാണെന്നാണ് വാദം. പൊതുജന സേവകരുടെയും പ്രവര്‍ത്തകരുടേയും ഫോണ്‍ സംഭാഷണങ്ങള്‍ പൊതുതാല്‍പര്യങ്ങളെ മുന്‍നിറുത്തിയുളളതായിരിയ്ക്കണമെന്ന് ശഠിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടരുടെ ഫോണ്‍ ചോര്‍ത്തപ്പെടുമ്പോള്‍ അതിനെ വ്യക്തിയുടെ സ്വകാര്യതയിേലക്കുളള കടന്നുകയറ്റമായി വ്യാഖാനിക്കപ്പെടേണ്ടതുണ്ടോ? വാദിക്കപ്പെടേണ്ടതുണ്ടോ?

സ്ട്രിങ്ങ് ഓപ്പറേഷനിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ അരുതാഴ്മകള്‍ തെഹല്‍ക്ക പൂറത്തുകൊണ്ടുവന്നപ്പോള്‍ അത് ഏറെ പൂകഴ്ത്തപ്പെട്ടു. നോട്ടിന് വോട്ട് കോഴ സ്ട്രിങ്ങ് ഓപ്പറേഷനില്‍ കൂടുങ്ങിയിപ്പോഴും ഉദാത്ത മാധ്യമ പ്രവര്‍ത്തനമായി വിശേഷിപ്പിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ ടുജി സ്പകട്രം അഴിമതിയുമായി ബന്ധപ്പെട്ട് നീരാറാഡിയ ഫോണ്‍ ടേപ്പ് പുറത്തുവന്നപ്പോഴും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന് ലഭിച്ചു ഉയര്‍ന്ന മാര്‍ക്ക്. ഉദാത്തമെന്ന് പക്ഷേ വിശേഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഈ മാധ്യമ മാനേജ്‌മെന്റുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ വിചാരണകൂട്ടില്‍ പത്തിമടക്കി നില്‍ക്കേണ്ടിവന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയം. ഇനി അഥവാ അത്തരമൊരു അവസ്ഥ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കില്‍ അതുണ്ടാക്കുമായിരുന്ന പുകില്‍ എന്താകുമായിരുന്നു? ആഗോള നയതന്ത്ര മണ്ഡലങ്ങളിലേതടക്കമുളള സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് ലോകസമക്ഷം തുറന്നുകാട്ടിയ വിക്കീലിക്കസും വാഴ്്ത്തപ്പെട്ടു.

മത്സരാധിഷഠിത മാധ്യമ മണ്ഡലത്തില്‍ മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനം ചെയ്ത പാതകമെ ന്താണ്? 165 വര്‍ഷം പാരമ്പര്യമുളള ന്യൂസ് ഓഫ് വേള്‍ഡിന് തിരശ്ശീല വീഴുവാനുണ്ടായ സാഹചര്യമെന്താണ്? പൊതുസമൂഹം അറിയേണ്ടതും അറിയാന്‍ അവകാശപ്പെടുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നതല്ലേ മര്‍ഡോക്ക് ചെയ്ത മാധ്യമ പ്രവര്‍ത്തനപാതകം? ഗാര്‍ഡിയന്‍ പത്രം റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തെ പ്രതിക്കൂട്ടിലാക്കാന്‍ കച്ചക്കെട്ടിയിറങ്ങിയതിലേ താല്‍പ്പര്യമെന്തന്നതും തിരിച്ചറിയേണ്ടതല്ലേ? എന്തായാലും മാധ്യമ പ്രവര്‍ത്തനത്തെ ഭരണകൂടങ്ങള്‍ കൂച്ചുവിലങ്ങിടുന്നത് ആധുനിക ജനാധിപത്യ വ്യവസ്ഥക്ക് തന്നെ മാനക്കേടുണ്ടാക്കുന്നു. എന്നാല്‍ ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രത്യേകിച്ചും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെ ആവോളം പൂകഴ്ത്തുന്നവര്‍പോലും ചര്‍ച്ചക്കെടുത്തില്ലെന്നത് ഖേദകരമാണ്.

റുപ്പര്‍ട്ട് മര്‍ഡോക്ക് ആഗോള മാധ്യമ ഭീമനാണ്, കുത്തകയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ് ഈ ഭീമന്‍/കുത്തക വിചാരണപ്പെടട്ടെയെന്ന ശാഠ്യം. എന്തിന്റെ പേരിലായാലും ശരി ഇത്തരമൊരു ശാഠ്യം ആധുനിക ജനാധിപത്യ ഭരണകൂടങ്ങളുടെ മുന്‍കയ്യില്‍ ഇനിയും നടക്കാനിടയുളള മാധ്യമ പ്രവര്‍ത്തന വിചാരണകള്‍ക്ക് ആക്കം കൂട്ടുന്നതിനേ ഈ വിചാരണ ഗുണം ചെയ്യൂ. ഭരണകുടത്തിന്റെ വിചാരണകൂട്ടില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ട അവസ്ഥയില്‍ മാധ്യമ പ്രവര്‍ത്തനത്തെ കൊണ്ടുചെന്നെത്തിക്കണമോ? ഈ സമസ്യക്കും ആശങ്കക്കുമുളള ഉത്തരമല്ലേ തേടേണ്ടത്? അതോ, ആഗോള മാധ്യമ കുത്തകയായതുകൊണ്ടു മാത്രം റുപ്പര്‍ട്ട് മര്‍ഡോക്ക് വിചാരണ ചെയ്യപ്പെടേണ്ടതുതന്നെയെന്ന ശാഠ്യമാണോ മുഖ്യം?

 കെ.കെ.ശ്രീനിവാസന്‍

ഭാരത് നിര്‍മ്മാണ്‍ പദ്ധതി പോലുള്ള കോടികളുടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രജോയനപ്പെടുത്തുന്നതില്‍ മാറിമാറി വരുന്ന  പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥയും ഭരണരംഗത്തെ പിടിപ്പുകേടും തുടര്‍ക്കഥയാവുകയാണ്. പദ്ധതിയുടെ മുഖ്യനടത്തിപ്പുകാര്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളാണെ‍ന്ന് ഓര്‍ക്കുക

ഭാരത് നിര്‍മ്മാണ്‍ പദ്ധതിപ്രകാരമുള്ള കോടികളുടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഗുരുതരമായ വീഴ്ച വരുത്തി. ഗ്രാമീണ ഭാരതത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപംകൊടുത്ത പദ്ധതിയാണ് ഭാരത് നിര്‍മ്മാണ്‍. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച 11270745080701104953bharth nriman rtiഅപേക്ഷക്ക് പഞ്ചായത്ത് നല്‍കിയ മറുപടി (നമ്പര്‍ 1820/11, 21-3-2011)യിലാണ് കേന്ദ്രസഹായം  നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന് വ്യക്തമാകുന്നത്.

ഭാരത് നിര്‍മ്മാണ്‍ പ്രധാന്‍മന്ത്രി ഗ്രാമീണ സഡ്ക് യോജന, ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, (എന്‍ ആര്‍ എച്ച് എം) എന്നീ പദ്ധതികള്‍ക്കായി നീക്കിവെച്ച കോടികളുടെ ഫണ്ടില്‍ നിന്ന് ഒരു ചില്ലികാശ്പോലും ലഭ്യമാക്കുവാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഗ്രാമീണ റോഡ് നിര്‍മ്മാണം, കുടിവെള്ള വിതരണം, പാര്‍പ്പിടം, ചെറുകിട ജലസേചന പദ്ധതികള്‍, വൈദ്യുതീകരണം, ടെലിഫോണ്‍, എന്നീ അടിസ്ഥാന സൗകരവികസനത്തിനായാണ് ഭാരത് നിര്‍മ്മാണ്‍ പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. 2005 ഫെബ്രുവരി 25ന് രാഷ്ട്രപതി പാര്‍ലമെന്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. 2005- 06 ദേശീയ ബഡ്ജറ്റില്‍ മൊത്തം 1,74,000 കോടി രൂപ പദ്ധതി അടങ്കലായി പ്രഖ്യാപിച്ചു. 2005 – 2009 കാലയളവില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയെന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഇപ്പോഴതിന്റെ കാലാവധി 2012 വരെ നീട്ടിയിട്ടുണ്ട്. 2011-12 ദേശീയ ബഡ്ജറ്റില്‍ ഈ പദ്ധതിക്കായി 58,000 കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന എന്ന പേരിലാണ് ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതി അറിയപ്പെടുന്നത്. ഇതിന്റെ 100 ശതമാനം ഫണ്ടും കേന്ദ്രം അനുവദിക്കുന്നു. 60,000 കോടിയുടേതാണ് മൊത്തം ഫണ്ട്. 146185 കി.മീ. പുതിയ ഗ്രാമീണ റോഡ് വികസനമാണ് ലക്ഷ്യം. നിലവിലുള്ള 194132കി.മീ ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. 2010 നവംബര്‍ വരെ 163309 കി.മീ പുതിയ റോഡുകള്‍ ഇന്തയയിലൊട്ടാകെ പണിതീര്‍ത്തിട്ടുണ്ട്. 120300 കി.മീ റോഡുകള്‍ ഗതാഗതയോഗ്യവുമാക്കി. ഇതിനായി ഇതിനകം തന്നെ 75,404.45 കോടി ചെലവഴിച്ചിട്ടുണ്ട്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലാണ് ഗ്രാമീണ ഭവന നിര്‍മ്മാണ പദ്ധതി. ഇന്ദിരാ ആവാസ് യോജന പദ്ധതിയെന്ന പേരിലാണ് അറിയപ്പെടുന്നത്. 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് പദ്ധതിയ്ക്കായി ഫണ്ട് ചെയ്യുന്നത്. 2001 സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ആവശ്യമുള്ളതിലും 149 ലക്ഷം വീടുകള്‍ കുറവാണ്. 2005-09നുള്ളില്‍ 60 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഇതില്‍ 60 ശതമാനം എസ് സി / എസ് ടി വിഭാഗങ്ങളാണ് ഗുണഭോക്താക്കളായത്.

ഒരു കോടി ഹെക്ടര്‍ പ്രദേശത്ത് ജലസേചന സൗകര്യമൊരുക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നു.  2009വരെ 6.5 മില്യണ്‍ ഹെക്ടറില്‍ ജലസേചന സൗകര്യമെത്തിച്ചു. ബാക്കി 3.5 മില്യണ്‍ 2012ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗ്രാമങ്ങളില്‍ കുടിവെള്ള വിതരണമുറപ്പുവരുത്തുന്നതിനായി സ്വജല്‍ധാര പദ്ധതിക്ക് രൂപംനല്‍കിയിട്ടുണ്ട്. ഇത് 100 ശതമാനവും കേന്ദ്രസഹായമാണ്. ഇതിലൂടെ 2.16 ലക്ഷം ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കുകയെന്നതാണ് ലക്ഷ്യം.

ഭാരതീയ ഗ്രാമങ്ങളില്‍ വെളിച്ച വിപ്ലവം ലക്ഷ്യംവയ്ക്കുന്ന പദ്ധതിയാണ് രാജീവ്ഗാന്ധി വിദ്യുത്കരണ്‍ യോജന. ഇല്ക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനാണ് ഇതിന്റെ നോഡല്‍ ഏജന്‍സി. മൂലധനചെലവിന്റെ 90 ശതമാനവും സബ്‍സിഡിയായി അനുവദിക്കപ്പെടും. അതേസമയം, ആദിവാസികള്‍ക്കും ബി പി എല്‍ കുടുംബങ്ങള്‍ക്കും പൂര്‍ണ്ണമായും സൗജന്യമാണ്. 40,000 ഗ്രാമങ്ങളെ വൈദ്യുതീകരിക്കുകയെന്നതാണ് ലക്ഷ്യംവയ്ക്കുന്നത്. ടെലിഫോണ്‍ കണക്ടിവിറ്റി 40 ശതമാനമായി ഉയര്‍ത്തുക, ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വ്യാപിപ്പിക്കുക, 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സേവകേന്ദ്രങ്ങള്‍ ആരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഭാരത് നിര്‍മ്മാണ്‍ പദ്ധതിയിലുള്‍പ്പെടുന്നു.

ഗ്രാമീണജനങ്ങളുടെ ആരോഗ്യപരിപാലനം ലക്ഷ്യംവച്ചുള്ള പദ്ധതിയാണ് എന്‍ആര്‍എച്ച്എം. ആരോഗ്യമേഖലയ്ക്കായി വിനിയോഗിക്കപ്പെടുന്നത് മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 0.9 ശതമാനം മാത്രമാണ്. എന്നാലത് 2.3 ശതമാനമായി ഉയര്‍ത്തി ഗ്രാമീണ ജനതയുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് എന്‍ ആര്‍ എച്ച് എം വിഭാവനം ചെയ്യപ്പെട്ടത്. 2004-09 കാലയളവില്‍ ഈ പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചത് 67,000 കോടി രൂപ. വില്ലേജ് ഹെല്‍ത്ത് പ്ലാന്‍ അനുസരിച്ച് ഗ്രാമീണ ആശുപത്രികള്‍ വിപുലപ്പെടുത്തുക, സാനിട്ടേഷന്‍ ശുചിത്വ പദ്ധതികള്‍ ആരംഭിക്കുക, പോക്ഷകാഹാരം ഉറപ്പുവരുത്തുക, സുരക്ഷിത കുടിവെള്ളവിതരണം ഉറപ്പുവരുത്തുക, പ്രാദേശിക ആരോഗ്യപാരമ്പര്യങ്ങള്‍ ശക്തിപ്പെടുത്തുക, ഗ്രാമീണമേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ അതിവിപുലമായ ലക്ഷ്യങ്ങളാണ് എന്‍ ആര്‍ എച്ച് എം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇത്രയും വിപുലമായ ആരോഗ്യപദ്ധതികള്‍ കേന്ദ്രം മുന്നോട്ടു വയ്ക്കുമ്പോള്‍തന്നെ അതിന്റെ ഗുണഭോക്താവാകാന്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞില്ലെന്നിടത്ത് തെളിയുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ പിടപ്പുകേടല്ലാതെ മറ്റെന്താണ്? പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ എന്‍ആര്‍എച്ച്എം ഫണ്ട് പാഴാക്കിയ ഭരണസമിതിയല്ലാതെ മറ്റാരുമല്ല.

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒളകര, മണിയംകിണര്‍, പാത്രകണ്ടം, രാമന്‍ചിറ തുടങ്ങിയ ആദിവാസി ഊരുകള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തകളില്‍ ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. ഭാരത് നിര്‍മ്മാണ്‍ പദ്ധതി പോലുള്ള കോടികളുടെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രജോയനപ്പെടുത്തുന്നതില്‍ മാറിമാറി വരുന്ന  പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥയും ഭരണരംഗത്തെ പിടിപ്പുകേടും ഒരു തുടര്‍ക്കഥയാവുകയാണ്. ഭാരത് നിര്‍മ്മാണ്‍ പദ്ധതിയുടെ മുഖ്യനടത്തിപ്പുകാര്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളാണെ‍ന്ന് ഓര്‍ക്കുക. കേരളത്തില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മാത്രമായിരിക്കില്ല ഈ ഫണ്ട് പാഴാക്കിയതെന്ന യാഥാര്‍ത്ഥ്യം ഇവിടെ കാണാതിരിക്കുന്നില്ല.