കെ.കെ.ശ്രീനിവാസന്‍

ഭരണാധികാരികളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവസ്ഥയിലാണ് തൃശൂര്‍ നഗരത്തിന്റെ
മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ലാലൂര്‍ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കെ.വേണുവിന്റെ നിരാഹാരസമരം പ്രസക്തമാകുന്നത്. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാക്കന്മാര്‍ക്ക് ശേഷം ജനാധിപത്യത്തിന്റെ കിരീടവും ചെങ്കോലുമേന്തി അധികാരത്തിലേറിയവര്‍ നാടിന്റെ അടിസ്ഥാന വികസനമൊരുക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാര്‍ അവശേഷിപ്പിച്ച വികസന മാതൃകയെ തങ്ങളുടേതാക്കി മാറ്റുവാനുള്ള രാഷ്ട്രീയ കൗശലം പ്രകടിപ്പിക്കുന്നതിലപ്പുറം നാടിന്റെ വികസന ദിശയില്‍ ശ്രദ്ധേയമായ നയങ്ങളും നടപടികളും സ്വീകരിക്കുന്നതില്‍ ഐക്യ കേരളത്തിലാദ്യമായി അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരടക്കമുള്ളവ പരാജയപ്പെട്ടുവെന്നതിന് ഉദാഹരങ്ങളിലൊന്നാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനമെന്ന കീറാമുട്ടി.

കേരളത്തിന്റെ നഗരങ്ങളും ഗ്രാമങ്ങളും അതിവേഗം വളര്‍ന്നു. ആ വളര്‍ച്ച പക്ഷേ ജനകീയ സര്‍ക്കാരുകളുടെ നയ സമീപനങ്ങളുടെ ഗുണഫലം മാത്രമല്ല. അന്യദേശങ്ങളില്‍ തൊഴില്‍ തേടിപോകുവാനുളള മലയാളികളുടെ സന്നദ്ധതയാണ് ഇന്ന് ഇവിടെ കാണുന്ന വളര്‍ച്ചയുടെ ആണികല്ല്. കടലുകള്‍ താണ്ടി സിലോണിലും (ശ്രീലങ്ക), മലയ (മലേഷ്യ) തുടങ്ങിയ രാജ്യങ്ങളിലേക്ക് മലയാളി തന്റെ ജീവിത മാര്‍ഗ്ഗം തേടിപോയി. ’70’ കളുടെ ആരംഭത്തില്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് മലയാളി തന്റെ ഭാഗ്യം തേടിപോയി. പത്തേമാരികളില്‍ കയറിപ്പറ്റി എണ്ണപ്പാട രാഷ്ട്രങ്ങളുടെ (ഗള്‍ഫ് രാഷ്ട്രങ്ങള്‍) കരയണഞ്ഞ മലയാളി മണലാര്യങ്ങളില്‍ ചോര നീരാക്കി പടുത്തുയര്‍ത്തിയതാണ് ഇന്നു കാണുന്ന കേരളം. ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കോടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെട്ടു. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നൊ ഏറെകൂറെ ഭേദമില്ലാതെ കേരളം വളര്‍ന്നു. എന്നാല്‍ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനമടക്കമുള്ള അടിസ്ഥാന വികസന സൗകര്യങ്ങളുണ്ടാക്കുന്നതില്‍ ജനകീയ സര്‍ക്കാരുകള്‍ പാടെ പരാജയപ്പെട്ടു. കേരളത്തെ വികസന മാതൃകയാക്കിവരെന്ന് അവകാശപ്പെടുന്നവര്‍പോലും മാറുന്ന കേരളം ഖരമാലിന്യ കൂനയായി മാറുന്നുവെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം കാണാന്‍ കണ്ണുതുറന്നില്ല. ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന വിശേഷണത്തിലൂടെ അന്യദേശങ്ങളില്‍ കേരളത്തെ വിറ്റഴിക്കുമ്പോള്‍പോലും ഈ ദൈവത്തിന്റെ സ്വന്തം നാടിനെ മാലിന്യവിമുക്ത നാടാക്കി മാറ്റണമെന്ന രാഷ്ട്രീയ ഇച്ഛാശക്തി ആരാലും പ്രകടമാക്കപ്പെടുന്നത്തേയില്ല.

തലസ്ഥാന നഗരിയായ തിരുവനന്തപുരം നഗരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതില്‍ അമ്പേ പരാജയം. നഗരം ചീഞ്ഞുനാറുകയാണ്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ കേന്ദ്രത്തെ പ്രതിയുള്ള പ്രദേശവാസികളുടെ ആവലാതികള്‍ക്കും പരാതികള്‍ക്കും ഇനിയും പരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടര പതീറ്റാണ്ടായി തുടരുന്ന തൃശൂര്‍ നഗരമാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രമായ ലാലൂരിലെ പരിസരവാസികളുടെ ദുരന്തങ്ങള്‍ക്ക് അറുതിയായില്ല. ടി.കെ വാസുവിന്റെ നേതൃത്വത്തിലുള്ള ലാലൂര്‍ മലിനീകരണ വിരുദ്ധ സമിതി പ്രക്ഷോഭങ്ങള്‍ങ്ങള്‍ക്കും ഇത്ര തന്നെ പഴക്കമുണ്ട്. അറബിക്കടലിന്റെ റാണി കൊച്ചി മാലിന്യങ്ങളുടെ കടലിലാണ്. ഭരണാധികള്‍ക്ക് കോടതിയുടെ നിശിതമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. അതുകൊണ്ടൊന്നും പക്ഷേ കൊച്ചി മാലിന്യവിമുക്തമാക്കപ്പെട്ടില്ല. ഗുരുപവനപുരിയില്‍ സാക്ഷാല്‍ ഗുരുവായൂരപ്പനും മാലിന്യ പ്രശ്‌നത്തില്‍ പ്രതികൂട്ടിലാണ്. ഗുരുവായൂരപ്പനെ കാണാന്‍ എത്തുന്നവരടക്കമുള്ളവര്‍ അവശേഷിപ്പിക്കുന്ന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ ഗുരുവായൂര്‍ നഗരസഭയും ദേവസ്വം ബോര്‍ഡും കൈകഴുകുമ്പോള്‍ ചക്കംകണ്ടം നിവാസികള്‍ ഗുരുവായൂര്‍ നഗരത്തിന്റെ മാലിന്യം പേറുവാന്‍ വിധിക്കപ്പെട്ടവരായി തുടരുകയാണ്. കോഴിക്കോട് ഞ്ഞെളിയപ്പറമ്പുക്കാര്‍ മാലിന്യംകൊണ്ട് കുഴിച്ചുമൂടപ്പെട്ടുകൊണ്ടേരിരിക്കുന്നു. തലശ്ശേരി നഗരത്തിന്റെ മാലിന്യമേറ്റുവാങ്ങുന്നവരുടെ പ്രതിഷേധ സമരത്തെ പൊലീസ് ലാത്തികൊണ്ടു നേരിട്ടു. മുന്‍ചൊന്നിടങ്ങളില്‍ മാത്രമല്ല, കേരളത്തിന്റെ മറ്റു നഗരപ്രദേശങ്ങളും ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം/സംസ്കരണമെന്നതിനെപ്രതി പ്രതിസന്ധിയിലകപ്പെട്ടുഴലുകയാണ്.

കേരളത്തിലെ 999 ഓളം വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ ഏറിയകൂറും മാലിന്യ സംസ്കരണമെന്നത് വികസന അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുപോലുമില്ല. മനുഷ്യന്‍ മരിച്ചാല്‍ ആറടി മണ്ണ് വേണം. ഇതില്ലാത്തവര്‍ എന്തു ചെയ്യും? സ്വന്തം കൂരയ്ക്കുള്ളില്‍ ഉറ്റവരുടെ മൃദേഹം സംസ്കരിക്കുന്ന ദുരവസ്ഥ വികസന മാതൃകയെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ വോറൊരിടത്തും കാണില്ല. ശാസ്ത്രീയമായ പൊതുശ്മശാനങ്ങളുടെ അനിവാര്യത ജനകീയ സര്‍ക്കാരുകള്‍ക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല. മാലിന്യ നിര്‍മ്മാര്‍ജ്ജന/സംസ്കരണത്തെപ്രതിയുള്ള മുറവിളികള്‍ക്കൊപ്പം പ്രാദേശിക തലങ്ങളില്‍ പൊതുശ്മശാനങ്ങളുടെ ആവശ്യകതയിലൂന്നിയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ പാശ്ചാത്തലത്തില്‍ ലാലൂര്‍ മാലിന്യകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ തത്വ ചിന്തകന്‍ കെ.വേണുവിന്റെ നിരാഹാര സമരത്തിന്റെ പ്രസക്തിയും കേരള വികസന മാതൃകയുടെ അപ്രസക്തിയും സൂക്ഷ്മതയോടെ വിശകലനവിധേയമാക്കപ്പെടുക തന്നെ വേണം.

കേരള വികസന മാതൃക ദീര്‍ഘകാലത്തോളം കൊട്ടിഘോഷിക്കപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനു ശേഷം 1957ല്‍ അധികാരത്തിലേറിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നയങ്ങള്‍ കേരളത്തിന്റെ വികസന പ്രക്രിയയെ മാതൃകാപരമാക്കിയെന്നാണ്് പൊതുവെ വിവക്ഷ. പൊതുജനാരോഗ്യവിദ്യാഭ്യാസ മേഖലകളാണ് മുഖ്യമായും വികസന മാതൃകകളെന്ന് വിശേഷിക്കപ്പെടാന്‍ തുടങ്ങിയത്. റോഡ് സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും പൊതുവെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കപ്പെട്ടുവെന്ന് പറയാം. സ്റ്റേറ്റിന്റെ ഇടപെടലിലൂടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ വികസന മാതൃകകള്‍ക്ക് രൂപം നല്‍കിയെന്നാണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ അവകാശവാദം. ഇന്ത്യക്ക് തന്നെ കേരളത്തിന്റെ വികസന പ്രക്രിയ മാതൃകയായെന്നും രാഷ്ട്രീയ ലാക്കോടെ കൊട്ടിഘോഷിക്കപ്പെട്ടു.

കേരളത്തിന്റെ പൊതുജനാരോഗ്യ-വിദ്യാഭ്യാസമേഖല വികസന മാതൃകയാക്കിത്തീര്‍ക്കുന്നതിന് തിരികൊളുത്തിയത് തങ്ങളാണെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവകാശവാദത്തെ അതേപ്പടി അംഗീകരിച്ചുകൊടുക്കാവുന്നതല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന്റെ സാക്ഷരതാ നിരക്ക് ഏറെ മുന്നിലാണ്. സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അതിന്റെ വികസന പ്രക്രിയയില്‍ മാതൃകയായിട്ടുണ്ട്. കേരളത്തിലേയ്ക്കുള്ള ക്രൈസ്തവ മിഷണറിമാരുടെ ആഗമനം വിദ്യാഭ്യാസ പുരോഗതിയുടെ ആണിക്കല്ലായി. ബാസല്‍ മിഷന്റെ ഇടപ്പെടലുകളിലൂടെ തന്നെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് തുടക്കം കുറിച്ചു. പില്‍ക്കാലങ്ങളില്‍ കേരളം ഭരിച്ച നാട്ടു രാജാക്കന്മാരും ജനകീയ സര്‍ക്കാരുകളും ബാസല്‍ മിഷന്‍ തുറന്നിട്ട വിദ്യാഭ്യാസ പുരോഗതിയുടെ പാത തന്നെ പിന്തുടരുകയായിരുന്നു. കേരളത്തില്‍ ഇന്നു കാണുന്ന പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രൈസ്തവസഭ തുടക്കം കുറിച്ചത്.

ആതുരസേവന രംഗത്തും ശ്രദ്ധേയമായ ഇടപ്പെടല്‍ നടത്തുന്നതില്‍ ക്രൈസ്തവ സഭ പ്രത്യേകം ഊന്നല്‍ നല്‍കി. കേരളത്തില്‍ അങ്ങോളമിങ്ങോളമായി മിഷന്‍ ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രികളടക്കമുള്ളവ കേരളത്തിന്റെ ആതുരസേവന രംഗത്ത് ഇപ്പോഴും ശ്രദ്ധേയമായ ഇടം അടയാളപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ ശിശുമരണനിരക്ക് തുലോം തുച്ഛമാണ്. ആയുര്‍ദൈര്‍ഘ്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മുന്നില്‍. ആരോഗ്യരംഗത്തെ ഇത്രയും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത് സംസ്ഥാന രൂപീകരണാനന്തരം അധികാരത്തിലേറിയ ജനകീയ സര്‍ക്കാരുകള്‍ പ്രത്യേകിച്ചും കമ്മ്യൂണിറ്റ് സര്‍ക്കാരുകളാണെന്ന് അവകാശപ്പെടുന്നതിലെ പൊള്ളത്തരങ്ങള്‍ വിശകലന വിധേയമാക്കപ്പെടാതെ പോയിട്ടുണ്ടെന്നുവേണം പറയാന്‍.

ജനകീയ സര്‍ക്കാര്‍ ഇടപെടലുകളിലൂടെ പുതിയ ആതുരാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നത് കാണാതെ പോകുന്നില്ല. അവയെല്ലാം പക്ഷേ കാര്യക്ഷമമായി പ്രവര്‍ത്തന സജ്ജമാക്കപ്പെടുന്നതില്‍ ഭരണപരമായ നൂലാമാലകളും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതകളും രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും ഗുരുതരമായ തടസ്സം സൃഷ്ടിക്കുന്നു. ഇവിടെയാണ് ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് അടിത്തറയായിട്ടുള്ളത് ക്രൈസ്തവ സഭയാണെന്ന് അടിവരയിടുന്നത്. ഈ യാഥാര്‍ത്ഥ്യം പക്ഷേ മുഖവിലക്കെടുക്കാതെയാണ് കേരളത്തിന്റെ പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളെ വികസന മാതൃകകളാക്കിയത് തങ്ങള്‍ മാത്രമാണെന്നുള്ള അവകാശവാദം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നയിക്കുന്നത്. മാറിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യവിദ്യാഭ്യാസ മേഖലകള്‍ക്ക് വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങളും സമ്മതിക്കുന്നുണ്ട്. എല്ലാ വീഴ്ചകളും പക്ഷേ ആഗോളീകരണ-ഉദാരവത്കരണ നയങ്ങള്‍ക്കുമേല്‍ കെട്ടിവെച്ച് തടിതപ്പുവാനുള്ള ഇവരുടെ വ്യഗ്രത ഒരു രാഷ്ട്രീയ കൗതുകമാണുതാനും.

കേരളത്തിന്റെ സ്വയം നിര്‍ണ്ണയാവകാശമുന്നയിച്ച് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി. രാമസ്വാമി അയ്യരുടെ ദീര്‍ഘവീക്ഷണം കേരളത്തിലെ പ്രത്യേകിച്ചും തിരുവിതാംകൂര്‍ മേഖലയിലെ റോഡ് ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഏറെ പ്രതിഫലിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ റോഡ് വികസനത്തെ/നിര്‍മ്മാണത്തെ അഴിമതിയുടെ ചെളിക്കുണ്ടിലകപ്പെടുത്തിയെന്നല്ലാതെ കുറ്റമറ്റ രീതിയില്‍ അല്ലെങ്കില്‍ ഗുണമേന്മയോടെ റോഡുകള്‍ നിര്‍മ്മിക്കുന്നതില്‍ ജനകീയ സര്‍ക്കാരുകള്‍ക്കായിട്ടില്ലെന്ന് പറഞ്ഞാലത് ആര്‍ക്കും തള്ളിക്കളയാനാവില്ല. റോഡ് നിര്‍മ്മിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമാകുന്നുവെന്നത് ഇന്ന് ഇവിടെ പതിവുകാഴ്ചയാണ്.

കുട്ടനാടന്‍ മേഖലയിലടക്കമുള്ളവരുടെ കുടിവെള്ള പ്രശ്‌നത്തിന് ഇനിയും പരിഹാരമകലെ! മഴക്കാലത്തുപോലും കുടിവെള്ള ടാങ്ക് ലോറികള്‍ നിരത്തില്‍ നിന്നൊഴിയുന്നില്ല. കുടിവെള്ളപ്രശ്‌നത്തിന് ശ്വാശത പരിഹാരമെന്നതിന് മുഖ്യ തടസ്സം ടാങ്ക് ലോറി ഉടമ ജനപ്രതിനിധിഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടാണ്. പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാര്‍ അവശേഷിപ്പിച്ച വികസന മാതൃകയെ തങ്ങളുടേതാക്കി മാറ്റുവാനുള്ള രാഷ്ട്രീയ കൗശലം പ്രകടിപ്പിക്കുന്നതിലപ്പുറം ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം/സംസ്കരണം, മാലിന്യം കലരാത്ത കുടിവെള്ളം വിതരണം തുടങ്ങിയ അനിവാര്യമായ അടിസ്ഥാന വികസന സൗകര്യങ്ങളുണ്ടാക്കികൊണ്ടാണ് ജനകീയ സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസനത്തെ മാതൃകാവല്ക്കരിക്കേണ്ടിയിരുന്നത്. ഭരണാധികാരികളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ഇവിടെയാണ് തൃശൂര്‍ നഗരത്തിന്റെ മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ലാലൂര്‍ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കെ.വേണുവിന്റെ നിരാഹാരസമരം ഏറെ പ്രസക്തമാകുന്നത്.

അഭിപ്രായങ്ങള്‍
Sebastine Chittilappilly on 22 February 12 at 06:21 AM
Dear Sreeni, This fast will be an epoch and turning point in civil action in Kerala. I was bedridden since we met last. I couln’t meet and salute KV as well. I earnestly pray for health of KV and the City.
Anoop on 20 February 12 at 10:05 PM
മാലിന്യപ്രശ്നം ഒരു കീറാമുട്ടിയുമല്ല, വീടുകളില്‍നിന്നായാലും, സ്ഥാപനങ്ങളില്‍നിന്നായാലും, മനുഷ്യര്‍ ഉപയോഗിച്ചു തള്ളുന്ന സാധനങ്ങളാണ് സാധാരണയായി മാലിന്യം എന്നു പറയുന്നത്. പറഞ്ഞുവന്നത് അവനവന്‍റെ വീട്ടിലെ മാലിന്യം സ്വയം സംസ്കരിക്കാന്‍ നാം തയ്യാറാകണം. അതിനു പറ്റാത്തവന്‍ കൃത്യമായി കിലോയ്ക്ക് ഇത്ര രൂപ നിരക്കില്‍ പണം കൊടുക്കണം എന്നു വയ്ക്കണം, അതു വരാത്തിടത്തോളം മാലിന്യം സൃഷ്ടിക്കുന്നവന് യാതൊരു കൂസലും ഉണ്ടാകില്ല.ഇത് സംസ്കരിക്കാന്‍ ചിലവുണ്ടെന്നും, അത് കൊടുക്കണമെന്നുമുള്ള ബോധം വന്നാലെ ഈ പ്രശ്നത്തിന് അറുതിവരൂ. ഈ പണം പിരിക്കുന്നവന്‍ അതുകൊണ്ട് വൃത്തിയായി മാലിന്യനിര്‍മ്മാ
Bins Manjooran on 20 February 12 at 10:05 PM
Jai Venujee ! Our politicians must imitate and fight for such a noble cause. Will send you a different story of a female young municipal councillor in Ernakulam District who is going to declare her ward as waste free. She named the waste disposal project as CLEAN 22 GREEN 22 . Only when the authorities show a place to dispose their waste from each houses.Because the food waste and the plastic waste should be separated for easy disposal.Lets start from homes…
Kamal on 20 February 12 at 10:05 PM
Sreeni.. Well written.. So proud to hear such a powerful statement..

posted by on on 19 January 12 at 02:36 AM

3 out of 5 stars
rate this article

സമരം ചെയ്യുന്ന നേഴ്‌സുമാര്‍ കരുതിയിരിക്കുക, ഇല്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ക്ക് നേരെ കണ്ണുതുറക്കാതിരുന്ന തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ നിങ്ങളെ ഒറ്റികൊടുത്തേക്കും.

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ സമരരംഗത്ത്. ദില്ലി, മുബൈ, കല്‍ക്കത്ത നഗരങ്ങളിലെ ആശുപത്രികളില്‍ രൂപംകൊണ്ട പ്രതിഷേധ സമരങ്ങളാണ് കേരളത്തിലെ ആശുപത്രികളിലും അലയടിയ്ക്കാന്‍ ആരംഭിച്ചത്. എറണാകുളം അമൃത ആശുപത്രിയില്‍ നിന്നാണ് സമരത്തിന്റെ അലയൊലികള്‍ ആദ്യം ഉയര്‍ന്നത്. കൊല്ലം അസീസി, കൊല്ലം ശങ്കേഴ്‌സ്, തൃശ്ശൂര്‍ എലൈറ്റ് തുടങ്ങിയ ആശുപത്രികളും സമരമുഖരിതമായി. ഇപ്പറഞ്ഞടിത്തെല്ലാം സമരം ചെയ്ത നേഴ്‌സുമാരോട് ആശുപത്രി മാനേജ്‌മെന്റുകള്‍ തീര്‍ത്തും തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. നാമാത്രമായ വേതനത്തിന് 8 മുതല്‍ 15 മണിക്കൂറോളം പണിയെടുക്കുന്ന നേഴ്‌സുമാരെ  ഗുണ്ടകളെ ഉപയോഗിച്ച് തല്ലി ചതക്കുവാനാണ് മാനേജ്‌മെന്റ്   ശ്രമിച്ചത്. അവര്‍ ചെയ്ത പാതകം മറ്റൊന്നുമല്ല അദ്ധ്വാനത്തിനനുസൃതമായി അര്‍ഹമായ ശമ്പളം ആവശ്യപ്പെട്ടുവെന്നതാണ്.

  കേരളത്തിലെ തൊഴിലില്ലായ്മയെക്കുറിച്ച് വേവലാതിപ്പെടുന്നതില്‍ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ സദാ മുന്നിലാണ്. അതേസമയം പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടി നേഴ്‌സിങ്ങ് അടക്കമുള്ള ജോലി ചെയ്തുവരുന്നവരുടെ സേവന വേതനവ്യവസ്ഥകളെപ്രതി വേവലാതിപ്പെടാന്‍ ഇവിടത്തെ രാഷ്ട്രീയ/ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരമില്ല. പതിനായിരക്കണക്കിന് നേഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്നു.

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ ജോലി സ്വപ്നം കണ്ട് നടക്കുന്നു. അത് സാക്ഷാത്ക്കരിയ്ക്കപ്പെടാതെ പോകുമ്പോള്‍ അവര്‍ സ്വകാര്യ സ്ഥാപനങ്ങളിലെത്തിപ്പെടുന്നു. അനൗദ്യോഗിക കണക്ക് പ്രകാരം 45 ലക്ഷത്തോളം യുവതിയുവാക്കള്‍ ഇവിടെത്തെ കച്ചവട സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. മിനിമം കൂലി ഇവര്‍ക്ക് ലഭിക്കുന്നില്ല. നിയമാനുസൃതമായ തൊഴില്‍ ആനുകൂല്യങ്ങളില്ല. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു. അല്ലെങ്കില്‍ മാനേജ്‌മെന്റ് വച്ചുനീട്ടുന്ന കൈക്കൂലിയില്‍ കടമ മറക്കുന്നു.

കേരളത്തിലെ തൊഴിലില്ലാഴ്മക്കെതിരെ കലാപം ചെയ്യുന്നുവെന്ന് സദാ വീരവാദം മുഴക്കുന്ന വിപ്ലവ യുവജന പ്രസ്ഥാനങ്ങളടക്കമുള്ളവര്‍ കേരളത്തില്‍ പെരുപ്പിച്ചുപറയത്തക്ക തൊഴിലില്ലായ്മയില്ലെന്ന് കണ്‍ തുറന്നുകാണണം. തൊഴിലില്ലാഴ്മ പെന്‍ഷന്‍ കൃത്യമായി വാങ്ങിച്ചുനല്‍കാന്‍ ഉശിര് കാണിക്കുന്നവര്‍ ആദ്യം സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് നിയമാനുസൃതമായ വേതനവ്യവസഥകള്‍ ഉറപ്പിച്ചു കൊടുക്കുന്നതിലാണ് ശ്രദ്ധ ഊന്നേണ്ടത്. സ്വകാര്യ ആശുപത്രികളില്‍ തൊഴിലെടുക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ മാന്യമായ സേവന വേതന വ്യവസ്ഥകള്‍ക്ക് അര്‍ഹരാകുന്നുണ്ടോയെന്ന് അന്വേഷണത്തിനാണ് ഇവിടത്തെ യുവജനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരേണ്ടതെന്ന് ചുരുക്കം.

 തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഇവിടെ ഒട്ടും കുറവില്ല. തൊഴിലാളി വര്‍ഗ്ഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളുടെ സമര ചരിത്രംപേറുന്നവരെന്നവകാശപ്പെടുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനുകളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്. ഇവര്‍ക്ക് പക്ഷേ കേരളത്തിലെ പതിനായിരകണക്കിന് വരുന്ന നേഴ്‌സുമാരെയും പീടിക തൊഴിലാളികളെയും സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപിക അനദ്ധ്യാപകരെയും സംഘടിപ്പിക്കാന്‍ താല്പര്യമില്ല. ട്രേഡ് യൂണിയന്‍ നിര്‍വ്വചനത്തില്‍ ഇപ്പറഞ്ഞ തൊഴില്‍ വിഭാഗങ്ങളെ  ഉള്‍പ്പെടുത്തുന്നില്ല.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ അജണ്ടതന്നെ മാറിയിരിക്കുന്നു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവരൊക്കെയാണ് ഇപ്പോള്‍ ട്രേഡ്് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ കണ്ണില്‍പ്പെടുന്നുള്ളൂ. ഇവരില്‍ നിന്ന് മാസാമാസങ്ങളില്‍ കൃത്യമായി തന്നെ യൂണിയന്‍ ഓഫീസുകളില്‍ ലെവിയെത്തും. ഉത്‌സവ സീസണുകളില്‍ പ്രത്യേക ലെവികളുമെത്തും. ഇത്തരം ലെവികളുടെ പിന്‍ബലത്തില്‍ തടിച്ചുകൊഴുത്ത തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍ചൊന്ന നേഴ്‌സുമാര്‍, പീടിക തൊഴിലാളികള്‍, അണ്‍എയ്ഡഡ് അദ്ധ്യാപകര്‍ തുടങ്ങിയവരൊന്നും സംഘടിപ്പിക്കപ്പെടേണ്ട തൊഴിലാളിവര്‍ഗ്ഗമല്ല. ഈ തൊഴിലാളികള്‍ക്ക്/ ജീവനക്കാര്‍ക്ക് യൂണിയന് ലെവി നല്‍കാന്‍ തക്കവിധമുള്ള ശമ്പളം കിട്ടുന്നില്ലെന്ന് നേതൃത്വങ്ങള്‍ക്കറിയാം. ജീവനക്കാരുടെ (തൊഴിലാളികളുടെ) മാസശമ്പളത്തിന്റെ കനം നോക്കിയാണ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം.

ഐടി പ്രൊഫഷണലുകളെ യൂണിയന്‍വല്‍ക്കരിക്കുന്നതിലാണ് തൊഴിലാളി യൂണിയനുകളിപ്പോള്‍ പരക്കംപായുന്നത്. മാസമാസം കൈ നിറയെ പൈസ കിട്ടുന്നവരാണ് ഐടി പ്രൊഫഷണലുകള്‍. അതില്‍ നിന്ന് ഒരു ഓഹരി കൃത്യമായി ലെവിയായി യൂണിയന്‍ ഓഫീസുകളിലെത്തിക്കുകയെന്നത് ഐടി യൂണിവല്‍ക്കരണ തന്ത്രങ്ങള്‍ക്ക് പിന്നിലെന്ന് പകല്‍പോലെ വ്യക്തം.

നേഴ്‌സുമാരുടെ സമരത്തിലേക്ക് മടങ്ങിവരാം. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍(എല്‍എഫ്) ആശുപത്രിയിലെ നേഴ്‌സുമാര്‍ സമരത്തിലേറിയതോടെ സമരത്തിന് മതത്തിന്റെ നിറം പകര്‍ന്നു കിട്ടി. ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഡാലോചനയായിട്ടാണ് എല്‍എഫിലെ നേഴ്‌സുമാരുടെ സമരം ചിത്രീകരിക്കപ്പെട്ടത്. കേരളത്തിലെ വിദ്യഭ്യാസ, ആതുര സേവന മേഖലകളില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള പങ്ക് നിക്ഷേധിക്കത്തക്കതല്ല. അതേസമയം ഇവരുടേതടക്കമുളള ആശുപത്രികളിലും സ്കൂളു (അണ്‍എയ്ഡഡ്) കളിലും തൊഴിലെടുക്കുന്ന നേഴ്‌സുമാര്‍ക്കും അദ്ധ്യാപകര്‍ക്കും അദ്ധ്വാനത്തിന് അനുസൃതമായി വേതനം നല്‍കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്താന്‍ ഈ മാനേജ്‌മെന്റുകള്‍ തയ്യാറാകുന്നില്ലെന്നത് ചോദ്യം ചെയ്യേണ്ടതല്ലന്നുണ്ടോ?

എല്‍എഫിലെ നേഴ്‌സുമാരുടെ സമരത്തിനെതിരെ സഭാനേതാക്കള്‍ വിശ്വാസികളെ തെരുവിലറക്കുന്നു. സമരത്തെ പിന്തുണയ്ക്കുന്നവരെ അവിശ്വാസികളെന്ന് മുദ്ര കുത്തുന്നു. കേരളത്തിലെ നേഴ്‌സിങ്ങ് ജോലിയിലേര്‍പ്പെടുന്നവരും ബഹുഭൂരിപക്ഷവും തങ്ങളുടെ തന്നെ സന്താനങ്ങളാണെന്ന് സഭകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നേഴ്‌സുമാരുടെ സമരത്തിനെതിരെ തെരുവിലിറങ്ങുന്ന വിശ്വാസികള്‍ മനസ്സിലാക്കാതെ പോകുന്നു. തങ്ങളുടെ തന്നെ സന്താനങ്ങളുടെ രക്തം ഊറ്റി കുടിക്കുന്ന ആശുപത്രി മാനേജ്‌മെന്റുകളെ പിന്തുണയ് ക്കുന്നതിലൂടെസഭാവിശ്വാസികള്‍ അവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. അവിശ്വാസികളെന്ന് മുദ്രകുത്തപ്പെടാതിരിക്കുന്നതിനും വിശ്വാസിയെന്ന് ഊട്ടിയുറപ്പിക്കപ്പെടുന്ന തിനുമിടയില്‍പ്പെട്ട് സമരരംഗത്തിറങ്ങിയിട്ടുള്ള നേഴ്‌സുമാരുടെ മാതാപിതാക്കള്‍ നട്ടംതിരിയുന്ന കാഴ്ച അതീവ ദയനീയമാണ്.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ചെറുതും വലുതുമായ കച്ചവടക്കാര്‍ ഇവരെല്ലാം തന്നെ തൊഴിലാളി യൂണിയന്‍/രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകള്‍ കൂടിയാണ്. തെരഞ്ഞെടുപ്പ്, സമ്മേളനങ്ങള്‍ തുടങ്ങിയ വേളകളില്‍ വന്‍തുക സംഭാവന നല്‍കുന്നവരാണ് ഇപ്പറഞ്ഞ ആശുപത്രി മാനേജ്‌മെന്റുകളും കച്ചവടക്കാരും. ഇവരെ വെറുപ്പിച്ച് ഇവരുടെ കീഴില്‍ തൊഴിലെടുക്കുന്നവരെ സംഘടിപ്പിക്കാന്‍ വിപ്ലവ തൊഴിലാളിവര്‍ഗ്ഗ സംഘടനകളുള്‍പ്പെടെയുള്ള വര്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ ശുദ്ധ മണ്ടത്തരമാണ്. എന്നാലിപ്പോള്‍ നേഴ്‌സുമാരുടെ അനുഭാവം പ്രകടിപ്പിച്ച് ചില പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നത് കാണാതെ പോകുന്നില്ല. ഇവര്‍ പക്ഷേ ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പറയാന്‍ ബാദ്ധ്യസ്ഥരാണ്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളാക്കി നേഴ്‌സുമാരെ മാറ്റാമെന്നുള്ള കണക്ക് കൂട്ടലുമായിട്ടാണ് ഇപ്പോള്‍ തൊഴിലാളി യൂണിയനുകളില്‍ ചിലത് മുന്നോട്ടുവരുന്നത്. ഗമര നേതൃത്വം തൊഴിലാളി ട്രേയ്ഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ‘ഹൈജാക്ക്’ ചെയ്യുന്നത് ഗുണപരമാകുമോയെന്ന് സമരം ചെയ്യുന്ന നേഴ്‌സുമാര്‍ സൂക്ഷ്മതയോടെ പരിശോധിക്കേ ണ്ടതാണ്. സമരം ചെയ്യുന്ന നേഴ്‌സുമാര്‍ കരുതിയിരിക്കുക, ഇല്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ക്ക് നേരെ കണ്ണുതുറക്കാതിരുന്ന തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ നിങ്ങളെ ഒറ്റികൊടുത്തേക്കും.

 

 

 

                   

അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കപ്പെടുന്ന നിയമസഭാസാമാജികന് യു.ഡി.എഫ് മന്ത്രിസഭയില്‍ തന്നെ മന്ത്രിയാകണമെന്ന മോഹമൊന്നുമില്ല. ഈ മോഹമില്ലാഴ്മ തന്നെയാണ് അഞ്ചാം മന്ത്രിസ്ഥാനം വേണമെന്നതില്‍ ലീഗ് നേതൃത്വം ഉറച്ചുനില്‍ക്കുന്നതിനാധാരം. യുഡി.എഫ് മന്ത്രിസഭയില്‍ തന്നെ മന്ത്രിയാകണമെന്ന് നിര്‍ബന്ധമില്ലെന്നതിനു പിന്നില്‍ പതിയിരിക്കുന്ന അപകടത്തെയോര്‍ത്ത് ലീഗ് നേതൃത്വം വല്ലാത്തൊരു ബേജാറിലാണ്.

നിയമസഭാ വേളയല്‍, പ്രത്യേകിച്ചും വോട്ടിങ്ങ് വേളയില്‍, യു.ഡി.എഫ് അംഗങ്ങളില്‍ ആരെങ്കിലുമൊരാള്‍ ‘മൂത്രശങ്ക’ ( വി.എസ്സിനോട് കടപ്പാട്) തീര്‍ക്കാമെന്നു കരുതി സഭ വിട്ടു പുറത്തിറങ്ങിയാല്‍ യു.ഡി.എഫിന്റെ കഥ അതോടെ തീരും. ഇത്തരം ഒരു രാഷ്ട്രീയ അവസരത്തിനുതന്നെയാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തങ്ങളില്ലെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചുപറയുന്നുണ്ട്. ഇതിനു പിന്നില്‍ ‘മൂത്രശങ്ക’യാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ താനെ നിലംപൊത്തുമെന്നുള്ള ആത്മവിശ്വാസമാണോ ആവോ?

അനൂപിന് ആറുമാസത്തേക്ക് മന്ത്രിസ്ഥാനം കിട്ടിയിരുന്നെങ്കില്‍…..

പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പ് അനൂപ് ജേക്കബിനെ മന്ത്രിയാക്കണമെന്നതായിരുന്നു ജേക്കബ്ബ് കേരള കോണ്‍ഗ്രസ്സിന്റെ ആഗ്രഹം. ഇങ്ങനെ ആഗ്രഹിച്ചതില്‍ രാഷ്ട്രീയമായി തെറ്റൊന്നുമില്ല. അധികാരമാണല്ലോ എല്ലാം. അധികാരമില്ലാതെ എന്തു രാഷ്ട്രീയം? അധികാരത്തിനുവേണ്ടിയുള്ള യത്‌നമാണ് രാഷ്ട്രീയമെന്ന് ആധുനിക രാഷ്ട്രീയം നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് എം.എല്‍.എയാകണം. എങ്കില്‍ മാത്രമേ മന്ത്രിയായി കൊടിവച്ച കാറില്‍ നാടാകെ കറങ്ങാനാകൂ. എന്നാല്‍ ജയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാനൊന്നും ജേക്കബ്ബ് ഗ്രൂപ്പിലെ തന്നെ നല്ലൊരു വിഭാഗം തയ്യാറല്ല. അതുകൊണ്ട് മത്സരിക്കാതെ, ജയിക്കാതെ, എം.എല്‍.എ ആകാതെതന്നെ ആറുമാസമെങ്കില്‍ ആറുമാസം ചുളുവില്‍ മന്ത്രിസ്ഥാനമിങ്ങുപോരട്ടെയെന്നതിലാണ് ജേക്കബ്ബുക്കാര്‍ കണ്ണുവെച്ചത്.

മന്ത്രിസ്ഥാനത്തിരുന്ന് തെരെഞ്ഞെടുപ്പിനെ നേരിട്ടാലുണ്ടാകുന്ന ഗുണങ്ങളെന്താല്ലാമെന്ന് കേരള കോണ്‍ഗ്രസ്സുകാര്‍ക്ക,് പ്രത്യേകിച്ചും ഒറ്റയാള്‍പട്ടാള രാഷ്ട്രീയ കക്ഷികള്‍ക്ക്, ആരെങ്കിലും ഓതി കൊടുക്കേണ്ടതുണ്ടോ? തെരെഞ്ഞെടുപ്പ് പ്രചരണഫണ്ട് പിരിച്ചെടുക്കുന്നതിന് മന്ത്രിസ്ഥാനം ഏറെ ഗുണം ചെയ്യപ്പെടുമായിരുന്നു. മന്ത്രിസ്ഥാനം നല്‍കിയിരുന്നുവെങ്കില്‍ പ്രചരണഫണ്ട് സ്വരൂപിക്കുന്നതില്‍ കോണ്‍ഗ്രസ്സിന് തലവേദനയുണ്ടാകുമായിരുന്നില്ല. പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കുകയെന്നത് ഒറ്റയാള്‍പാര്‍ട്ടി മന്ത്രിമാര്‍ക്ക് ആരും പറഞ്ഞുനല്‍കേണ്ടതില്ല. തീര്‍ച്ചയായും അനൂപ് മന്ത്രി ഇക്കാര്യത്തില്‍ കസറിയേനേ. പക്ഷേ കോണ്‍ഗ്രസ്സും ഉമ്മന്‍ചാണ്ടിയും എല്ലാം തുലച്ചുകളഞ്ഞില്ലേ? ഇപ്പോഴെന്തായി; പ്രചരണഫണ്ടുണ്ടാക്കാന്‍ യു.ഡി.എഫ് ഉപസമിതി നിര്‍ദ്ദേശങ്ങളെപോലും കാറ്റില്‍പറത്തി സര്‍ക്കാര്‍ ബാര്‍ ലൈസന്‍സുകള്‍ കൊടുത്തുവെന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്നില്ലേ? ഈഴവക്കോട്ടയില്‍ മന്ത്രിസ്ഥാനം വീണുകിട്ടിയ പാവം മദ്യ മന്ത്രി ബാബു മാത്രം പ്രതികൂട്ടില്‍! ഇതെല്ലാം കഴിഞ്ഞ് പെട്ടിപൊട്ടിക്കുമ്പോള്‍ അനൂപ് വിജയശ്രീലാളിതനായാല്‍ മതിയെന്നായിരിക്കും ബാബുവിന്റെ പ്രാര്‍ത്ഥന. ഇത് ഫലിച്ചില്ലെങ്കില്‍ കോടതിവിധികളുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവച്ച് ഇനിയും ബാര്‍ലൈസന്‍സുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന മന്ത്രിപദവി തന്നെയുണ്ടായില്ലെന്ന ബാബുവിന്റെ ആധി ആരെങ്കിലും കാണുന്നുണ്ടോ? ഇപ്പോള്‍ ഈ ആധി മുഖ്യമായും കാണേണ്ടവര്‍ പിറവത്തെ വോട്ടര്‍ മാത്രമാണ്. ബാര്‍ലൈസന്‍സ് നല്‍കി തെരെഞ്ഞെടുപ്പ് ഫണ്ട്് പിരിക്കുക. ഒരു സമുദായത്തിന്റെ വോട്ട് ബാര്‍ലൈസന്‍സ് നല്‍കി വാങ്ങുക.. നോക്കണേ, പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ചലനാത്മകമാക്കുന്ന തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ദുരോഗ്യം!

ലീഗിന്റെ ആവലാതി

പിറവത്ത് യു.ഡി.എഫ് ജയിക്കേണ്ടത് ആരെക്കാളും ആവശ്യം മുസ്ലീം ലീഗിനാണത്രെ. അനൂപ് എങ്ങാനും തോറ്റാല്‍ ലീഗില്‍ പൊട്ടിത്തെറിയുണ്ടാകുവാനും ഉണ്ടാകാതിരിക്കാനുമുള്ള സാധ്യതയുണ്ട്. ഇതില്‍ ആദ്യം പറഞ്ഞതിനാണ് കൂടുതല്‍ സാധ്യത. അനൂപ് തോറ്റാലും ഇല്ലെങ്കിലും ഉപതെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ‘തങ്ങള്‍’ക്ക് അഞ്ചാം മന്ത്രിസ്ഥാനം വേണം. അഞ്ചാം മന്ത്രിസ്ഥാനം ഏതുവിധേനെയും കൈപ്പിടിയിലാക്കുകയെന്ന ലീഗ് നേതൃത്വത്തിന്റെ പിടിവാശിക്ക് പിന്നില്‍ കൃത്യമായ കാരണമുണ്ട്. അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കപ്പെടുന്ന സാമാജികന് മന്ത്രിസ്ഥാനം കിട്ടിയേ മതിയാകൂയെന്ന പിടിവാശിയില്ലത്രെ. പക്ഷേ അദ്ദേഹത്തെ മന്ത്രിയാക്കിയേ തങ്ങള്‍ അടങ്ങൂവെന്ന ശക്തമായ നിലപാടിലാണ് ലീഗ് നേതൃത്വം. അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കപ്പെടുന്നയാളേക്കാള്‍ രാഷ്ട്രീയ പാരമ്പര്യവും അനുഭവസമ്പത്തുമുള്ളവരും ലീഗിലേറെയുണ്ട്. എന്നിട്ടും ‘ഇദ്ദേഹ’ത്തെ തന്നെ മന്ത്രിയാക്കണമെന്ന പിടിവാശിയിലാണ് ലീഗ്. ‘ഇദ്ദേഹ’ത്തെ മന്ത്രിസ്ഥാനത്ത് അവരോധിച്ചാലേ ‘തങ്ങള്‍’ക്ക് നേരെ ചൊവ്വേ ശ്വാസം വിടാനാകൂ. ‘ഇദ്ദേഹ’ത്തിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ എല്ലാം നേരെയാകുമെന്ന് ലീഗ് കണക്കുകൂട്ടുന്നുണ്ടുപോല്‍!

അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന എം.എല്‍.എ പഴയ പാളയത്തിലേക്ക് തന്നെ തിരിച്ചുപോകുമോ? ഈ ആശങ്ക ലീഗിനെ കാര്യമായി അലട്ടുന്നുണ്ടത്രേ. വന്നവഴിക്ക് തന്നെ ഒറ്റക്ക് തിരിച്ചുപോകണമെങ്കിലങ്ങ് പോകട്ടെയെന്നു കരുതി കയ്യുംകെട്ടിയിരുന്നാല്‍ സംഗതി പാളിയേക്കുമെന്നുറപ്പുണ്ട്. പിന്മടക്കം ഒറ്റക്കായിരിക്കില്ല. കൂറുമാറ്റ നിരോധന നിയമത്തിന്റെ പിടിയിലകപ്പെടാതെയിരിക്കുന്നതിനായുള്ള സഹസാമാജികരും ഇദ്ദേഹത്തിന്റെ പിന്മടക്കത്തിന് അകമ്പടിയേകിയേക്കുമെന്ന് കിംവദന്തികളുണ്ട്. ഇത്തരം കിംവദന്തികള്‍ കാതില്‍ മുഴങ്ങുമ്പോള്‍ മന്ത്രിസ്ഥാനമെന്ന കയറില്‍ ‘ഇദ്ദേഹ’ത്തെ തളയ്‌ക്കേണ്ട തീര്‍ത്തും അനിവാര്യമായ രാഷ്ട്രീയ സാഹചര്യ സമര്‍ദ്ദത്തിന്റേയും തടവറയിലുമാണ് ലീഗ് നേതൃത്വമെന്നാണ് കേള്‍വി. കൂറുമാറ്റനിരോധന നിയമത്തിന്റെ പിടിയിലകപ്പെടാതെയുള്ള അംഗങ്ങളുമായി പഴയപാളയത്തിലേക്കെത്തുന്നതിലൂടെ രൂപീകരിക്കപ്പെടാന്‍ സാധ്യതയുള്ള മന്ത്രിസഭയില്‍ തനിക്ക് മാത്രമാവില്ല മന്ത്രിപദവി തരപ്പെടുകയെന്ന് ‘ഇദ്ദേഹ’ത്തിനുറപ്പ് നല്‍കേണ്ടവര്‍ നല്‍കിയിട്ടുണ്ടെന്നറിയുന്നു. കൂടെയെത്തുന്നവരും മന്ത്രിപദം നല്‍കി ആദരിക്കപ്പെടുമെന്നുറപ്പ്! എന്തായാലും ഇപ്പറഞ്ഞതെല്ലാം വെറും പൊളിയാണോ? എല്ലാം കാണാം. പിറവം ഫംലമൊന്നുവരട്ടെ. അതുവരെ കാത്തിരിക്കുക.

അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കപ്പെടുന്ന നിയമസഭാസാമാജികന് യു.ഡി.എഫ് മന്ത്രിസഭയില്‍ തന്നെ മന്ത്രിയാകണമെന്ന മോഹമൊന്നുമില്ല. ഈ മോഹമില്ലാഴ്മ തന്നെയാണ് അഞ്ചാം മന്ത്രിസ്ഥാനം വേണമെന്നതില്‍ ലീഗ് നേതൃത്വം ഉറച്ചുനില്‍ക്കുന്നതിനാധാരം. യുഡി.എഫ് മന്ത്രിസഭയില്‍ തന്നെ മന്ത്രിയാകണമെന്ന് നിര്‍ബന്ധമില്ലെന്നതിനു പിന്നില്‍ പതിയിരിക്കുന്ന അപകടത്തെയോര്‍ത്ത് ലീഗ് നേതൃത്വം വല്ലാത്തൊരു ബേജാറിലാണ്.

കേരള രാഷ്ട്രീയം പിറവം ഉപതെരഞ്ഞെടുപ്പിന്റെ പോരാട്ടാഗ്നിയില്‍ ഉരുകുകയാണ്. പത്തുമാസം മുമ്പ് നടന്ന പൊതുതെരെഞ്ഞടുപ്പ് പ്രചരണങ്ങളെ വെല്ലുന്ന രാഷ്ട്രീയ പ്രചരണങ്ങള്‍ക്കാണ് പിറവം സാക്ഷ്യം വഹിക്കുന്നത്. പിറവത്ത് പൊളിഞ്ഞാല്‍ യു.ഡി.എഫ് സര്‍ക്കാരും അതോടെ പൊളിഞ്ഞേക്കുമെന്ന് പ്രതിപക്ഷം കണക്കുക്കൂട്ടുന്നു. ഈ കണക്കുക്കൂട്ടല്‍ എങ്ങുമെത്താതെപോകുന്നതിനായി യു.ഡി.എഫ് പാത്രിയാര്‍ക്കിസ് സഭാദ്ധ്യക്ഷ ര്‍ക്ക് മുന്നില്‍ ചെന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ടുതാനും.

നിയമസഭാ വേളയില്‍, പ്രത്യേകിച്ചും വോട്ടിങ്ങ് വേളയില്‍, യു.ഡി.എഫ് അംഗങ്ങളില്‍ ആരെങ്കിലുമൊരാള്‍ ‘മൂത്രശങ്ക’ ( വി.എസ്സിനോട് കടപ്പാട്) തീര്‍ക്കാമെന്നു കരുതി സഭ വിട്ടു പുറത്തിറങ്ങിയാല്‍ യു.ഡി.എഫിന്റെ കഥ അതോടെ തീരും. ഇത്തരം ഒരു രാഷ്ട്രീയ അവസരത്തിനുതന്നെയാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തങ്ങളില്ലെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചുപറയുന്നുണ്ട്. ഇതിനു പിന്നില്‍ ‘മൂത്രശങ്ക’യാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ താനെ നിലംപൊത്തുമെന്നുള്ള ആത്മവിശ്വാസമാണോ ആവോ?

അനൂപിന് ആറുമാസത്തേക്ക് മന്ത്രിസ്ഥാനം കിട്ടിയിരുന്നെങ്കില്‍…..

പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പ് അനൂപ് ജേക്കബിനെ മന്ത്രിയാക്കണമെന്നതായിരുന്നു ജേക്കബ്ബ് കേരള കോണ്‍ഗ്രസ്സിന്റെ ആഗ്രഹം. ഇങ്ങനെ ആഗ്രഹിച്ചതില്‍ രാഷ്ട്രീയമായി തെറ്റൊന്നുമില്ല. അധികാരമാണല്ലോ എല്ലാം. അധികാരമില്ലാതെ എന്തു രാഷ്ട്രീയം? അധികാരത്തിനുവേണ്ടിയുള്ള യത്‌നമാണ് രാഷ്ട്രീയമെന്ന് ആധുനിക രാഷ്ട്രീയം നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് എം.എല്‍.എയാകണം. എങ്കില്‍ മാത്രമേ മന്ത്രിയായി കൊടിവച്ച കാറില്‍ നാടാകെ കറങ്ങാനാകൂ. എന്നാല്‍ ജയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാനൊന്നും ജേക്കബ്ബ് ഗ്രൂപ്പിലെ തന്നെ നല്ലൊരു വിഭാഗം തയ്യാറല്ല. അതുകൊണ്ട് മത്സരിക്കാതെ, ജയിക്കാതെ, എം.എല്‍.എ ആകാതെതന്നെ ആറുമാസമെങ്കില്‍ ആറുമാസം ചുളുവില്‍ മന്ത്രിസ്ഥാനമിങ്ങുപോരട്ടെയെന്നതിലാണ് ജേക്കബ്ബുക്കാര്‍ കണ്ണുവെച്ചത്.

മന്ത്രിസ്ഥാനത്തിരുന്ന് തെരെഞ്ഞെടുപ്പിനെ നേരിട്ടാലുണ്ടാകുന്ന ഗുണങ്ങളെന്താല്ലാമെന്ന് കേരള കോണ്‍ഗ്രസ്സുകാര്‍ക്ക,് പ്രത്യേകിച്ചും ഒറ്റയാള്‍പട്ടാള രാഷ്ട്രീയ കക്ഷികള്‍ക്ക്, ആരെങ്കിലും ഓതി കൊടുക്കേണ്ടതുണ്ടോ? തെരെഞ്ഞെടുപ്പ് പ്രചരണഫണ്ട് പിരിച്ചെടുക്കുന്നതിന് മന്ത്രിസ്ഥാനം ഏറെ ഗുണം ചെയ്യപ്പെടുമായിരുന്നു. മന്ത്രിസ്ഥാനം നല്‍കിയിരുന്നുവെങ്കില്‍ പ്രചരണഫണ്ട് സ്വരൂപിക്കുന്നതില്‍ കോണ്‍ഗ്രസ്സിന് തലവേദനയുണ്ടാകുമായിരുന്നില്ല. പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കുകയെന്നത് ഒറ്റയാള്‍പാര്‍ട്ടി മന്ത്രിമാര്‍ക്ക് ആരും പറഞ്ഞുനല്‍കേണ്ടതില്ല. തീര്‍ച്ചയായും അനൂപ് മന്ത്രി ഇക്കാര്യത്തില്‍ കസറിയേനേ. പക്ഷേ കോണ്‍ഗ്രസ്സും ഉമ്മന്‍ചാണ്ടിയും എല്ലാം തുലച്ചുകളഞ്ഞില്ലേ? ഇപ്പോഴെന്തായി; പ്രചരണഫണ്ടുണ്ടാക്കാന്‍ യു.ഡി.എഫ് ഉപസമിതി നിര്‍ദ്ദേശങ്ങളെപോലും കാറ്റില്‍പറത്തി സര്‍ക്കാര്‍ ബാര്‍ ലൈസന്‍സുകള്‍ കൊടുത്തുവെന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്നില്ലേ? ഈഴവക്കോട്ടയില്‍ മന്ത്രിസ്ഥാനം വീണുകിട്ടിയ പാവം മദ്യ മന്ത്രി ബാബു മാത്രം പ്രതികൂട്ടില്‍! ഇതെല്ലാം കഴിഞ്ഞ് പെട്ടിപൊട്ടിക്കുമ്പോള്‍ അനൂപ് വിജയശ്രീലാളിതനായാല്‍ മതിയെന്നായിരിക്കും ബാബുവിന്റെ പ്രാര്‍ത്ഥന. ഇത് ഫലിച്ചില്ലെങ്കില്‍ കോടതിവിധികളുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവച്ച് ഇനിയും ബാര്‍ലൈസന്‍സുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന മന്ത്രിപദവി തന്നെയുണ്ടായില്ലെന്ന ബാബുവിന്റെ ആധി ആരെങ്കിലും കാണുന്നുണ്ടോ? ഇപ്പോള്‍ ഈ ആധി മുഖ്യമായും കാണേണ്ടവര്‍ പിറവത്തെ വോട്ടര്‍ മാത്രമാണ്. ബാര്‍ലൈസന്‍സ് നല്‍കി തെരെഞ്ഞെടുപ്പ് ഫണ്ട്് പിരിക്കുക. ഒരു സമുദായത്തിന്റെ വോട്ട് ബാര്‍ലൈസന്‍സ് നല്‍കി വാങ്ങുക.. നോക്കണേ, പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ചലനാത്മകമാക്കുന്ന തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ദുരോഗ്യം!

ലീഗിന്റെ ആവലാതി

പിറവത്ത് യു.ഡി.എഫ് ജയിക്കേണ്ടത് ആരെക്കാളും ആവശ്യം മുസ്ലീം ലീഗിനാണത്രെ. അനൂപ് എങ്ങാനും തോറ്റാല്‍ ലീഗില്‍ പൊട്ടിത്തെറിയുണ്ടാകുവാനും ഉണ്ടാകാതിരിക്കാനുമുള്ള സാധ്യതയുണ്ട്. ഇതില്‍ ആദ്യം പറഞ്ഞതിനാണ് കൂടുതല്‍ സാധ്യത. അനൂപ് തോറ്റാലും ഇല്ലെങ്കിലും ഉപതെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ‘തങ്ങള്‍’ക്ക് അഞ്ചാം മന്ത്രിസ്ഥാനം വേണം. അഞ്ചാം മന്ത്രിസ്ഥാനം ഏതുവിധേനെയും കൈപ്പിടിയിലാക്കുകയെന്ന ലീഗ് നേതൃത്വത്തിന്റെ പിടിവാശിക്ക് പിന്നില്‍ കൃത്യമായ കാരണമുണ്ട്. അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കപ്പെടുന്ന സാമാജികന് മന്ത്രിസ്ഥാനം കിട്ടിയേ മതിയാകൂയെന്ന പിടിവാശിയില്ലത്രെ. പക്ഷേ അദ്ദേഹത്തെ മന്ത്രിയാക്കിയേ തങ്ങള്‍ അടങ്ങൂവെന്ന ശക്തമായ നിലപാടിലാണ് ലീഗ് നേതൃത്വം. അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കപ്പെടുന്നയാളേക്കാള്‍ രാഷ്ട്രീയ പാരമ്പര്യവും അനുഭവസമ്പത്തുമുള്ളവരും ലീഗിലേറെയുണ്ട്. എന്നിട്ടും ‘ഇദ്ദേഹ’ത്തെ തന്നെ മന്ത്രിയാക്കണമെന്ന പിടിവാശിയിലാണ് ലീഗ്. ‘ഇദ്ദേഹ’ത്തെ മന്ത്രിസ്ഥാനത്ത് അവരോധിച്ചാലേ ‘തങ്ങള്‍’ക്ക് നേരെ ചൊവ്വേ ശ്വാസം വിടാനാകൂ. ‘ഇദ്ദേഹ’ത്തിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ എല്ലാം നേരെയാകുമെന്ന് ലീഗ് കണക്കുകൂട്ടുന്നുണ്ടുപോല്‍!

അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന എം.എല്‍.എ പഴയ പാളയത്തിലേക്ക് തന്നെ തിരിച്ചുപോകുമോ? ഈ ആശങ്ക ലീഗിനെ കാര്യമായി അലട്ടുന്നുണ്ടത്രേ. വന്നവഴിക്ക് തന്നെ ഒറ്റക്ക് തിരിച്ചുപോകണമെങ്കിലങ്ങ് പോകട്ടെയെന്നു കരുതി കയ്യുംകെട്ടിയിരുന്നാല്‍ സംഗതി പാളിയേക്കുമെന്നുറപ്പുണ്ട്. പിന്മടക്കം ഒറ്റക്കായിരിക്കില്ല. കൂറുമാറ്റ നിരോധന നിയമത്തിന്റെ പിടിയിലകപ്പെടാതെയിരിക്കുന്നതിനായുള്ള സഹസാമാജികരും ഇദ്ദേഹത്തിന്റെ പിന്മടക്കത്തിന് അകമ്പടിയേകിയേക്കുമെന്ന് കിംവദന്തികളുണ്ട്. ഇത്തരം കിംവദന്തികള്‍ കാതില്‍ മുഴങ്ങുമ്പോള്‍ മന്ത്രിസ്ഥാനമെന്ന കയറില്‍ ‘ഇദ്ദേഹ’ത്തെ തളയ്‌ക്കേണ്ട തീര്‍ത്തും അനിവാര്യമായ രാഷ്ട്രീയ സാഹചര്യ സമര്‍ദ്ദത്തിന്റേയും തടവറയിലുമാണ് ലീഗ് നേതൃത്വമെന്നാണ് കേള്‍വി. കൂറുമാറ്റനിരോധന നിയമത്തിന്റെ പിടിയിലകപ്പെടാതെയുള്ള അംഗങ്ങളുമായി പഴയപാളയത്തിലേക്കെത്തുന്നതിലൂടെ രൂപീകരിക്കപ്പെടാന്‍ സാധ്യതയുള്ള മന്ത്രിസഭയില്‍ തനിക്ക് മാത്രമാവില്ല മന്ത്രിപദവി തരപ്പെടുകയെന്ന് ‘ഇദ്ദേഹ’ത്തിനുറപ്പ് നല്‍കേണ്ടവര്‍ നല്‍കിയിട്ടുണ്ടെന്നറിയുന്നു. കൂടെയെത്തുന്നവരും മന്ത്രിപദം നല്‍കി ആദരിക്കപ്പെടുമെന്നുറപ്പ്! എന്തായാലും ഇപ്പറഞ്ഞതെല്ലാം വെറും പൊളിയാണോ? എല്ലാം കാണാം. പിറവം ഫംലമൊന്നുവരട്ടെ. അതുവരെ കാത്തിരിക്കുക.

posted  on 10 March 12 at 10:30 PM

കെ.കെ. ശ്രീനിവാസന്‍

സംഘടിതശേഷി ആര്‍ജ്ജിക്കുന്ന സ്വകാര്യ മേഖലയിലെ നേഴ്‌സുമാര്‍ ചുമതലാബോധം പാലി ക്കാതെ അവകാശബോധത്തിനുമേല്‍ മാത്രം അടയിരുന്നാലത് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ ഒട്ടും അഭലക്ഷണീയമല്ലാത്ത പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാം. ട്രേഡ് യൂണിയന്‍ സംസ്കാരം അപനിര്‍മ്മാണത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും കൊടിയടയാളങ്ങ ളല്ലെന്നെ് നേഴ്‌സുമാര്‍ തിരിച്ചറിയണം.

നേഴ്‌സുമാരുടെ സമരം കൊഴുക്കുകയാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ചൂഷണം ചെയ്യപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടതാണെന്നുള്ള അവസ്ഥയിലാണ് നേഴ്‌സുമാരുടെ സമരം ആരംഭിക്കുന്നത്. ഈ വിഭാഗത്തെ ഇത്രയും കാലം തൊഴിലാളി പ്രസ്ഥാനങ്ങളൊന്നും തന്നെ ഗൗനിച്ചിരുന്നില്ല. ഇവര്‍ ചൂഷണം ചെയ്യപ്പെടുന്നവെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണുതുറക്കേണ്ടതില്ലെന്ന ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ നിലപാട് നേഴ്‌സുമാരോടുള്ള മാനേജ്‌മെന്റ് ചൂഷണത്തിന് ശക്തി പകര്‍ന്നിട്ടുണ്ടെന്നതില്‍ ശരിയില്ലാതില്ല. സേവന-വേതന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് കഠിധ്വാനം ചെയ്യേണ്ടിവരുന്നിടത്താണ് ചൂഷണം ചിറക് വിരിക്കുന്നത്. ചൂഷണം ചെയ്യപ്പെടു ന്നവരുടെ അവകാശ പോരാട്ടങ്ങള്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ തൊഴിലെടുക്കുന്നവരുടെ അവകാശബോധം ഊട്ടിയുറപ്പിച്ചാണ് അവരെ തൊഴില്‍ സമരത്തിലേക്ക് ആനയിക്കുന്നത്. അവകാശബോധം തൊഴിലാളി കളില്‍/ജീവനക്കാരി ഊട്ടിയുറപ്പിക്കപ്പെടുന്നതിനോടൊപ്പം തന്നെ ഏറെ പ്രധാനമാണ് ചുമതലബോധം. ട്രേഡ് യൂണിയന്‍ സംസ്കാരം ഉല്പാദനപരമായിരിക്കണം. അതൊരിക്കലും അപനിര്‍മ്മാണത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും കൊടിയടയാളങ്ങളാകരുത്.

സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ആതുരാലയങ്ങളിലെ ഡോക്ടര്‍മാര്‍, നേഴ് സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരെല്ലാം വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളാല്‍ സംഘടിപ്പിക്കപ്പെട്ടവരാണ്. സംഘടിത ശേഷിയാര്‍ജ്ജിക്കുന്നതോടെ തൊഴിലാ ളികള്‍/ജീവനക്കാര്‍ പ്രത്യേക വര്‍ഗ്ഗങ്ങളായി മാറുന്നു. തൊഴിലാളി വര്‍ഗ്ഗ സിദ്ധാന്തം ഉയര്‍ത്തിപിടിക്കുന്നവര്‍ ഈ പ്രത്യേക വര്‍ഗ്ഗങ്ങളുടെ താല്‍പര്യ സംരക്ഷകരായി മാത്രം അവതരിക്കുന്നു. സിദ്ധാന്തവും പ്രയോഗവും മോരും മുതിരയും പോലെ! പൊതുജന സേവ കരാകേണ്ടവര്‍ സംഘടിതശേഷി ആര്‍ജ്ജിക്കുന്നതോടെ പൊതുജനങ്ങളെ ശത്രുക്കളായി കാണുന്നുവെന്നതിന് കയ്‌പേറിയ അനുഭവങ്ങളുണ്ടാകാത്തവരുണ്ടാകില്ല.

അഴിമതിയിലും കൈക്കൂലിയിലും സ്വജനപക്ഷപാതത്തിലും മുങ്ങികുളിക്കുന്നവരാണ് സംഘടിത ശേഷിയാര്‍ജ്ജിച്ച ജീവനക്കാരില്‍ ബഹുഭൂരിപക്ഷവുമെന്ന് പകല്‍പോലെ സത്യം. പക്ഷേ ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ക്കാവുന്നില്ല. ‘ചുരുക്കം ചിലര്‍’ അഴിമതിചെയ്യുന്നുണ്ടാകും. അതിനെ പൊതുവല്‍ക്കരിക്കരുതെന്നു വാദമാണ് ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ സദാ ഉയര്‍ത്തുന്നത്. ‘ചുരുക്കം ചിലര്‍’ മാത്രമെന്നത് തന്നെ കളവാ െണന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

അഴിമതിരഹിത സിവില്‍ സര്‍വ്വീസിനായി തങ്ങള്‍ ഏറെ ശ്രദ്ധാലുക്കളാണെന്ന് സമര്‍ത്ഥിക്കുന്നതിലുള്ള ഇവരുടെ സാമര്‍ത്ഥ്യം അപാരം തന്നയാണ്. ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ ഇങ്ങനെ സമര്‍ത്ഥിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാലിപ്പോഴും ‘ചുരുക്കം ചിലര്‍’ അഴിമതിക്കാരാണെന്ന് അവര്‍ സമ്മതിച്ചുകൊണ്ടേയിരിക്കുന്നു. ഇവിടെ അഴിമതിരഹിത സിവില്‍ സര്‍വ്വീസിനായി അവര്‍ സ്വീകരിക്കുന്നുവെന്നു പറയപ്പെടുന്ന നടപടികള്‍ എക്കാലവും ആത്മാര്‍തഥതയില്ലാത്തതാണെന്ന യാഥാര്‍ത്ഥ്യം അതേപ്പടി തുടരുകയാണ്.

കൈക്കൂലി വാങ്ങുന്നവരെ വിജിലന്‍സ് കേസില്‍ നിന്ന് രക്ഷപ്പെടുത്തുവാനുള്ള സര്‍വ്വവിധ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മെനയുകയെന്നതാണ് കേരളത്തിലെ സര്‍വ്വീസ് സംഘടനകളുടെ മുഖ്യ ദൗത്യം. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളെ അട്ടിമറിച്ച് അതെല്ലെങ്കില്‍ നിര്‍ജ്ജീവമാക്കി തങ്ങളുടെ സംഘടനയിലുള്‍പ്പെടുന്നവരെ പുഷ്പം പോലെ രക്ഷിച്ചെടുക്കുകയെന്നത് യൂണി യന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. ഇതില്‍ ഇടത്-വലത് യൂണിയനുകളെന്ന ഭേദമേയില്ല.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രാഥാമികരോഗ്യകേന്ദ്രം, സര്‍ക്കാര്‍ ആശുപത്രി എന്നിങ്ങനെയാണ് സര്‍ക്കാര്‍ ആതുരാലയ ശൃംഖല. ഗ്രാമീണ തലങ്ങളിലെ ആശുപത്രികളടക്കമുള്ളവ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ഒട്ടും ചെറുതല്ലാത്ത സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശു പത്രികളിലെ ഡോക്ടര്‍മാരില്‍ ഏറിയകൂറും ഏറെ അനുഭവസമ്പത്തുള്ളവരും ശേഷി തെളിയി ച്ചിട്ടുള്ളവരാണ്. നേഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും മതിയായ യോഗ്യതയുള്ളവരുമാണ്. ഇതൊക്കെയാണെങ്കിലും സര്‍ക്കാര്‍ ആതുരാലയങ്ങളിലേക്ക് പോകുന്നതില്‍ ബഹുഭൂരി പക്ഷവും പണക്കാരനെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ വിമുഖരാണ്.

സര്‍ക്കാര്‍ ആശു പത്രികളിലെ പരാധീനതകള്‍ ജനങ്ങളെ സ്വകാര്യ ആശുപത്രികളിലേക്ക് വഴിതിരിച്ചു വിടുന്നുവെന്നതില്‍ ശരിയുടെ അംശങ്ങളില്ലാതില്ല. സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ നിന്നും പൊതുവെ ജനങ്ങള്‍ അകലുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? സര്‍ക്കാര്‍ ആതുരാലയങ്ങളിലെ ഡോക്ടര്‍മാര്‍ മുതല്‍ താഴെ തലത്തിലുള്ള തൂപ്പുക്കാരടക്കമുള്ളവര്‍ സംഘടിത ശേഷി ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോഷക/വര്‍ഗ്ഗ ബഹുജന സംഘടനകളിലുള്‍പ്പെട്ടവരാണ് ഇവരെല്ലാം. കാലാകാലങ്ങളില്‍ സേവന വേതന ആനുകൂല്യങ്ങള്‍ സംഘടിതശേഷിയുടെ പിന്‍ബലത്തില്‍ പിടിച്ചുവാങ്ങുകയെന്നതാണ് ഇവരുടെയെല്ലാം മുഖ്യദൗത്യം. സ്ഥലമാറ്റം, അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട നടപടി ഇതെല്ലാം യൂണിയന്‍ നേതൃത്വത്തിന്റെ സമര്‍ദ്ദങ്ങള്‍ക്കപ്പുറത്തേക്കുപോകില്ല.

പൊതുജനാരോഗ്യ മേഖലയിലെ വികസനത്തെ മാതൃകവല്‍ക്കരിച്ചവരെന്ന് അവകാശ പ്പെടുന്നവരടക്കമുള്ളവരുടെ വര്‍ഗ്ഗ ബഹുജന സംഘടനയിലുള്‍പ്പട്ടവരടക്കം പൊതുജന ങ്ങള്‍ക്ക് സേവനം കൃത്യമായി ലഭ്യമാക്കുന്നില്ല. സര്‍ക്കാര്‍ ആതുരാലായങ്ങളില്‍ തൊട്ടതിനും പിടിച്ചതിനും കൈകകൂലി. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കൈമാറുന്നതിനുപോലും കൈക്കൂലി. ഇത്തരം ജീവനക്കാര്‍ക്കെതിരെ ഭരിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാനുമാകുന്നില്ല. സംഘടി തശേഷിയുടെ പിന്‍ബലത്തിലാണ് ഇവരെല്ലാം ജനവിരുദ്ധരാകുന്നതും സേവനം നിഷേധിക്കു ന്നവരുമാകുന്നുതും. തങ്ങളെ ശത്രുക്കളായി കാണുന്നവരുടെ സേവനം സ്വീകരിക്കുവാന്‍ ജനങ്ങള്‍ ഭയക്കുന്നു. മടിക്കുന്നു. ഇത്തരം സര്‍ക്കാര്‍ ജീവനക്കാരെകൊണ്ട് പൊറുതിമു ട്ടിയിടത്താണ് സ്വകാര്യ ആതുരാലായങ്ങള്‍ കൂണുപോലെ മുളയ്ക്കാന്‍ തുടങ്ങിയതും അവ ബഹുഭൂരിപക്ഷത്തിന് ആശ്രയകേന്ദ്രങ്ങളായതും.

പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയെ മുന്‍നിര്‍ത്തിയാണ് കേരളത്തിന്റെ വികസനം മാതൃകാവല്‍ക്കരിക്കപ്പെട്ടത്. ഈ ഇരു മേഖലകളിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തമെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ക്രൈസ്തവസഭകളുടെ പങ്കാളിത്തം. പൊതുജനാരോഗ്യ മേഖലയുടെ തന്നെ കാര്യമെടുക്കുക. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയിലെന്നപോലെ പൊതുജനാരോഗ്യ മേഖലയിലും പ്രത്യേകം ഊന്നല്‍ നല്‍കപ്പെട്ടു. കേരളത്തില്‍ അങ്ങോളമിങ്ങോളം മിഷന്‍ ആശുപ ത്രികളടക്കം ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ആതുരാലയങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചെറുതും വലുതുമായ ഒട്ടനവധി ആതുരാലയങ്ങള്‍ ആരംഭിച്ചു. മുസ്ലീം-ഈഴവ മാനേജ് മെന്റുകളുടേയും അമൃതാനന്ദമയി ട്രസ്റ്റുകളടക്കമുള്ളവയുടെയും നേതൃത്വത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ കോളേജുകളും സ്ഥാപിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ മുതല്‍മുടക്കിനേക്കാള്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ സ്വകാര്യ മേഖല മുന്നോട്ട് വന്നതോടെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ പുരോഗതി ഒരു പുത്തന്‍ പാതയിലേക്ക് പ്രവേശിച്ചു. കേരളത്തിലെ വൈദ്യശാസ്ത്രരംഗത്തെ മികവും അത്യാധുനിക ആശുപത്രികളുടെ പെരുക്കവും കൂടിയായപ്പോള്‍ കേരളത്തിന്റെ ആരോഗ്യരംഗം വ്യവസായവല്‍ക്കരിക്കപ്പെട്ടു. ഇതോടെ മെഡിക്കല്‍ ടൂറിസത്തിന്റെ പാതയും പ്രത്യക്ഷപ്പെട്ടു.

സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി തന്നെ ആരോഗ്യമേഖല വ്യവസായ വല്‍ക്കരിക്കപ്പെട്ടു. ജനങ്ങളുടെ ആരോഗ്യ ചെലവ് വര്‍ദ്ധിച്ചു. എങ്കിലും സ്വാകാര്യ ആശുപത്രികളിലേക്ക് ഒഴുക്കിന് ഒരു കുറവുമില്ല. ചെലവ് ഏറുന്നതിനേക്കാള്‍ പ്രധാനം സ്വകാര്യ ആശുപത്രി ജീവനക്കാര്‍ ചികിത്സക്കായിയെത്തുന്നവരെ സര്‍ക്കാര്‍ ആശുപത്രി കളിലേതുപോലെ ശത്രുക്കളായി കാണുന്നില്ലെന്നതുതന്നെയാണ് സ്വാകാര്യ ആശുപത്രികളിലേക്ക് ഒഴുക്കിന് കാരണം. സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ രോഗികളോടും കൂട്ടുനില്‍ക്കുന്നവരോടും അനുഭാവപൂര്‍വ്വം പെരുമാറുന്നു. സേവന സന്നദ്ധതയുടെ മാതൃകകളാകുന്നു. ഇതൊക്കെയാണ് സ്വകാര്യ ആശുപത്രി വ്യവസായ മേഖല പുരോഗമിക്കുന്നതിനും കേരള പൊതുജനാരോഗ്യമേഖലയ്ക്ക് പുത്തനുണര്‍വ്വുണ്ടാക്കുന്നതിനും വഴിമരുന്നായത്. ജീവനക്കാരുടെ സൗഹാര്‍ദ്ദപരമായ സേവന സന്നദ്ധത, പെരുമാറ്റം ഇതെല്ലാം മാനേജ്‌മെന്ററിന്റെ കര്‍ശന നിയന്ത്രണത്തിന്റെ പ്രതിഫലനമാണ്. മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിക്കുവാന്‍ നിര്‍ഡബന്ധിക്കപ്പെടുന്നവരാണ് സ്വകാര്യ ആശുപത്രി ജീവന ക്കാര്‍. ഇതിന്റെ ഗുണഫലങ്ങള്‍ സ്വകാര്യ ആശുപത്രികളിലെത്തുന്നവര്‍ക്ക് കൃത്യമായി അനുഭവപ്പെടുന്നുണ്ടുതാനും.

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ ട്രേഡ് യൂണിയനുകളിലൂടെ സംഘടിതശേഷി ആര്‍ജ്ജിക്കുകയാണ്. സംഘടിതശേഷിയിലൂടെ അവകാശബോധം ഊട്ടിയുറപ്പിക്കുന്നതില്‍ മാത്രമാണ് ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ ഊന്നല്‍. ജീവനക്കാരെ/ തൊഴിലാളികളെ അവകാശബോധം പഠിപ്പിക്കുന്ന ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ ചുമതലാബോധം പഠിപ്പി ക്കുന്നതില്‍ മെനക്കെടാറേയില്ല. ചുമതലാബോധത്തിനേക്കാള്‍ അവകാശ ബോധത്തിനുമേല്‍ അടയിരിക്കുന്ന ട്രേഡ് യൂണിയന്‍ സംസ്കാരമാണ് ഇവിടെ. ചുമതലാബോധം പഠിപ്പിക്കപ്പെടുന്നില്ലെന്നത് വികസന വിരുദ്ധതയിലേ പര്യവസാനിക്കൂ.

പൊതുജനാരോഗ്യ മേഖലയെ സജീവമാക്കുന്ന സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ സംഘടിതശേഷി ആര്‍ജ്ജിക്കുന്നതോടെ സ്വകാര്യ ആശുപത്രികളില്‍ സേവന സന്നദ്ധതയുള്ളവരെ കണ്ടെടുക്കുകയെന്നത് അത്രകണ്ട് എളുപ്പമാകില്ല. സംഘടിതശേഷിയുടെ പിന്‍ബലത്തില്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശങ്ങളെ അവഗണിക്കുവാനും വെല്ലുവിളിക്കുവാനും ജീവനക്കാര്‍ക്ക് മടിയില്ലാതാകാം. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ നിഷേധതാത്മക സമീപനം തന്നെയായിരിക്കും സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരും അനുവര്‍ത്തിക്കുക. ഇത് മാതൃകവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിന്റെ പൊതു ജനാരോഗ്യ മേഖലയില്‍ ഒട്ടും അഭലക്ഷണീയമല്ലാത്ത അവസ്ഥ സൃഷ്ടിച്ചേക്കുമെന്ന് ആശങ്കപ്പെടേണ്ടതുണ്ട്.

 കേരളത്തിന്റെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് മിലിറ്റന്റ് ട്രേഡ് യൂണിയനെന്ന അപഖ്യാതി കൂടെയുണ്ട്. കേരളം വ്യവസായികമായി പിറകോട്ടുപോയതിന് മുഖ്യകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് മിലിറ്റന്റ് ട്രേഡ് യൂണിയനിസം തന്നെയാണ്. സംഘബലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ പഞ്ചിങ്ങ് മിഷ്യനുകളുടെ പപ്പും തോലുമെടുത്തവരാണീ ജീവനക്ക ാരേെന്നാര്‍ക്കുക. നിര്‍ദ്ദിഷ്ട സേവനാവകാശ നിയമത്തെ അട്ടിമറിക്കുന്നതിന് പിന്നിലും ജീവനക്കാരുടെ സംഘബലം. ‘ചൂടുവെളളത്തില്‍ പൂച്ച പച്ചവളളം കണ്ടാലും പേടിക്കു’മെന്നിട ത്താണ്  ചുമതലബോധം ഊട്ടിയുറപ്പിക്കപ്പെടാതെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ സംഘടിതശേഷി ആര്‍ജ്ജിക്കുന്നതില്‍ ആശങ്കപ്പെടുന്നത്.

യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് ഇരട്ടത്താപ്പ്

 തുച്ഛമായ ശബളത്തിന് നിയമാനുസൃതമായ സമയനിഷ്ഠകള്‍ പോലും മാനിക്കപ്പെടാതെ 12-13 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുവാന്‍ വിധിക്കപ്പെട്ടവരാണ് നഴ്‌സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാര്‍. സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പലപ്പോഴും പട്ടാള ചിട്ടകളെക്കാള്‍ കഷ്ടമത്രെ. ചട്ടം പഠിപ്പിക്കപ്പെട്ട സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പെരുമാറ്റവും സൗഹാര്‍ദ്ദപരമായ സമീപനവും സ്വകാര്യ ആശുപത്രികളുടെ വളര്‍ച്ചയ്ക്ക് വളക്കൂറായിട്ടുണ്ട്. ചിട്ടയായ സേവന സന്നദ്ധതയുടെ പിന്‍ബലത്തില്‍ ആതുരസേവനം വ്യവസായമായി വളര്‍ന്നുവെങ്കിലും നിയമാനുസൃത സേവന-വേതന ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് മാനേജ്‌മെന്റുകള്‍ ഒരുക്കമേയല്ല. ലക്ഷങ്ങള്‍ ലോണെടുത്ത് പഠിച്ച നേഴ്‌സുമാരടക്കമുള്ളവര്‍ക്ക് തുച്ഛമായ ശബളമാണ് നല്‍കപ്പെടുന്നത്. ഈ ശബളം മാനേജ്‌മെന്റ് തന്നെ നടത്തുന്ന ആശുപത്രി കാന്റീനില്‍ കൊടുക്കാന്‍ പോലും തികയുന്നില്ല. ഇത്തരമൊരു അവസ്ഥയിലാണ് നേഴ്‌സുമാര്‍ സമരരംഗത്ത് എത്തിപ്പെടുന്നത്. മാനേജ്‌മെന്റിന്റെ അടിമകളായി പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരായി സ്വകാര്യ ആശുപത്രി ജീവനക്കാര്‍. ഈ സാഹചര്യത്തില്‍ നേഴ്‌സുമാരടക്കമുള്ളവര്‍ ന്യായമായ സേവനവേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് സമരരംഗത്ത് എത്തിയില്ലെങ്കിലേ അതിശയമുള്ളൂ.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ അജണ്ടതന്നെ മാറിയിരിക്കുന്നു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവരൊക്കെയാണ് ഇപ്പോള്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ കണ്ണില്‍പ്പെടുന്നുള്ളൂ. ഇവരില്‍ നിന്ന് മാസാമാസങ്ങളില്‍ കൃത്യമായി തന്നെ യൂണിയന്‍ ഓഫീസുകളില്‍ ലെവിയെത്തും. ഉത്‌സവ സീസണുകളില്‍ പ്രത്യേക ലെവികളുമെത്തും. ഇത്തരം ലെവികളുടെ പിന്‍ബലത്തില്‍ തടിച്ചുകൊഴുത്ത തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍ചൊന്ന നേഴ്‌സുമാര്‍, പീടിക തൊഴിലാളികള്‍, അണ്‍എയ്ഡഡ് സ്ക്കൂള്‍ അദ്ധ്യാപകര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരൊന്നും സംഘടിപ്പിക്കപ്പെടേണ്ട തൊഴിലാളിവര്‍ഗങ്ങളല്ല. ഈ തൊഴിലാളികള്‍ക്ക്/ ജീവനക്കാര്‍ക്ക് യൂണിയന് ലെവി നല്‍കാന്‍ തക്കവിധമുള്ള ശമ്പളം കിട്ടുന്നില്ലെന്ന് നേതൃത്വങ്ങള്‍ക്കറിയാം. ജീവനക്കാരുടെ (തൊഴിലാളികളുടെ) മാസശമ്പളത്തിന്റെ കനം നോക്കിയാണ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം.

ഐടി പ്രൊഫഷണലുകളെ യൂണിയന്‍വല്‍ക്കരിക്കുന്നതിലാണ് തൊഴിലാളി യൂണിയനുകളിപ്പോള്‍ പരക്കംപായുന്നത്. മാസമാസം കൈ നിറയെ പൈസ കിട്ടുന്നവരാണ് ഐടി പ്രൊഫഷണലുകള്‍. അതില്‍ നിന്ന് ഒരു ഓഹരി കൃത്യമായി ലെവിയായി യൂണിയന്‍ ഓഫീസുകളിലെത്തിക്കുകയെന്നത് ഐടി യൂണിവല്‍ക്കരണ തന്ത്രങ്ങള്‍ക്ക് പിന്നിലെന്ന് പകല്‍ പോലെ വ്യക്തം.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ചെറുതും വലുതുമായ കച്ചവടക്കാര്‍ ഇവരെല്ലാം തന്നെ തൊഴിലാളി യൂണിയന്‍/രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകള്‍ കൂടിയാണ്. തെരഞ്ഞെടുപ്പ്, സമ്മേളനങ്ങള്‍ തുടങ്ങിയ വേളകളില്‍ വന്‍തുക സംഭാവന നല്‍കുന്നവരാണ് ഇപ്പറഞ്ഞ ആശുപത്രി മാനേജ്‌മെന്റുകളും കച്ചവടക്കാരുമടക്കമുള്ളവരും. ഇവരെ വെറുപ്പിച്ച് ഇവരുടെ കീഴില്‍ തൊഴിലെടുക്കുന്നവരെ സംഘടിപ്പിക്കാന്‍ വിപ്ലവ തൊഴിലാളിവര്‍ഗ്ഗ സംഘടനകളുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരം. എന്നാലിപ്പോള്‍ നേഴ്‌സുമാരോട് അനുഭാവം പ്രകടിപ്പിച്ച് ചില പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു. ഇത്രയും കാലം നേഴ്‌സുമാരടക്കമുള്ള തൊഴില്‍ വിഭാഗത്തെ കണ്‍തുറന്നുകാണാന്‍ കൂട്ടാക്കാതിരുന്ന സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി തുടങ്ങിയ ട്രേഡ്് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഇവരെ പങ്കിട്ടെടുക്കുവാനുള്ള തത്രപ്പാടിലാണ്. ഇവര്‍ പക്ഷേ ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പറയാന്‍ ബാദ്ധ്യസ്ഥരാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതനവ്യവസ്ഥ തരപ്പെടുത്തികൊടുത്ത് ഈ നേഴ്‌സുമാരെ തങ്ങളുടെ കൂടെ നിര്‍ത്തി മാസാമാസം ‘ലെവി’ (തുച്ഛമായ തുകയാണെങ്കിലും) കൈപ്പറ്റി വോട്ടുബാങ്കാക്കി മാറ്റുകയെന്നതിനപ്പുറത്തേക്ക് ഈ ട്രേഡ് യൂണിയനുകള്‍ക്ക് മറ്റ് അജണ്ടക ളൊന്നും തന്നെയില്ല. തങ്ങളുടെ ശക്തി കേന്ദ്രങ്ങളാക്കി നേഴ്‌സുമാരെ മാറ്റാമെന്നുള്ള കണക്കുകൂട്ടലുമായിട്ടാണ് ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവരുന്നത്. സമരനേതൃത്വം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യുന്നത് ഗുണകരമാകുമോയെന്ന് സമരം ചെയ്യുന്ന നേഴ്‌സുമാര്‍ തന്നെ സൂക്ഷ്മതയോടെ പരിശോധിക്കേണ്ടതാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നേടിക്കൊടുക്കുന്നതില്‍ ഈ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഇടപ്പെടലുകള്‍ അത്ര അനിവാര്യമാകുന്നില്ല. ഇതില്ലാതെത്തന്നെ നേഴ്‌സു മാര്‍ക്ക് ഇത് ലഭിക്കാവുന്നതേയുള്ളൂ. മിനിമം വേതനത്തിനേക്കാളുപരി അധ്വാനത്തിനനുസരിച്ചുള്ള വേതനം ലഭ്യമാക്കപ്പെടുന്നുവെങ്കില്‍ മാത്രമേ ട്രേഡ് യൂണിയന്‍ ഇടപ്പെടലുകള്‍ നേഴ്‌സുമാര്‍ക്ക് ഗുണകരമാകൂ. തൊടുപുഴയിലെ പൈങ്കുളം ആശുപത്രിയില്‍ സമരം ചെയ്ത നേഴ്‌സുമാരോട് ഇടുക്കിയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ആവശ്യപ്പെട്ടത് മിനിമം വേതനത്തേക്കാള്‍ കൂടുതല്‍ വേണമെന്നുള്ള ആവശ്യം മാനേജ്‌മെന്റിനുമുന്നില്‍ വെക്കരുതെന്നാണ്. ഇത് ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഇരട്ടത്താപ്പ് ! ഇതു പക്ഷെ ഏറ്റവും കൂടുതല്‍ തിരിച്ചറിയേണ്ടത് സമരരംഗത്തിറങ്ങിയിട്ടുള്ള നേഴ്‌സുമാര്‍ തന്നെയാണ്. ട്രേഡ് യൂണിയന്‍ സംസ്കാരം അപനിര്‍മ്മാണത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും കൊടിയടയാളങ്ങളല്ലെന്നെുക്കൂടി നേഴ്‌സുമാര്‍ തിരിച്ചറിയണം.

posted by on on 10 September 11 at 07:02 AM

 

ഇലക്‌ട്രോണിക് മീഡിയയുടെ കാണാവേഗത്തിലാണ് മാധ്യമ പ്രവര്‍ത്തനം. വിപണിവല്‍ക്കരണത്തിന്റെ ആലസ്യംപൂണ്ട സമകാലിക ലോകത്തില്‍ മാധ്യമ പ്രവര്‍ത്തനവും വിപണിയുടെ താളത്തിനനുസൃതം. ഈ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് സക്രിയമായ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഛായ കല്പിച്ചു നല്‍കുവാനാകുമോ? സാമൂഹിക മാറ്റത്തിനും ഭരണകൂടത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നതിനും ചാലകശക്തിയാകുന്നതില്‍ ഇലക്‌ട്രോണിക് മിഡിയക്കാകന്നുണ്ടോ? ഈ സമസ്യകള്‍ക്കുള്ള ഉത്തരം തേടുവാനുള്ള ശ്രമമാണിവിടെ.

 

ഇന്ത്യയിലെ മറ്റ് പ്രദേശിക ഭാഷദൃശ്യമാധ്യമങ്ങളില്‍ നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നതില്‍ മലയാള ദൃശ്യ മാധ്യമങ്ങള്‍ മുന്നിലല്ലെന്ന് പറയാനാവില്ല പ്രത്യേകിച്ചും വാര്‍ത്തകള്‍ പ്രേക്ഷകരിലെത്തിക്കുന്നതില്‍ . അതേസമയം, വന്‍കിട കോര്‍പ്പറേറ്റ് മാധ്യമ മാനേജ്‌മെന്റുകളുടെ ഹിന്ദി-ഇംഗ്‌ളീഷ് ചാനലുകള്‍ക്കൊപ്പം മലയാളം ചാനലുകള്‍ എത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കപ്പെടണം. കേരളത്തിലെ ദൃശ്യമാധ്യമരംഗം ഇപ്പോഴും ശൈവദശയില്‍. ഈ പശ്ചാത്തലത്തില്‍ ഇതിന്റെ പ്രൊഫഷണലിസത്തിലും ഉള്ളടക്കത്തിലും നിലപാടുകളിലും ഊന്നിയുള്ള വിമര്‍ശനാത്മക വിലയിരുത്തലുകളും ക്രിയാത്മക നിര്‍ദ്ദേശങ്ങളുമാകാം.

 

അച്ചടി മാധ്യമരംഗത്തെ അനുഭവസമ്പത്തിന്റെ പിന്‍ബലമാണ് കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാരംഭത്തിനും വളര്‍ച്ചക്കും ആധാരം. അച്ചടി മാധ്യമരംഗത്ത് നിന്നുള്ള കൂടുമാറ്റക്കാരാണ് ദൃശ്യമാധ്യമരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ദൃശ്യമാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന ദിശയില്‍ പ്രൊഫഷണല്‍ പഠന-പരിശീലന ശാഖ ഇനിയും പൂര്‍ണ്ണതയിലെത്തേണ്ടിരിക്കുന്നു.. ദൃശ്യമാധ്യമ അക്കദമിക്ക് പരിശീലനം ആര്‍ജ്ജിച്ചവരെന്ന് അവകാശപ്പെട്ട് ഉദയം ചെയ്തവരുണ്ട്. അവര്‍ക്കുപോലും ദൃശ്യമാധ്യമ രംഗത്ത് പ്രൊഫഷണലിസത്തിന്റെ ചലനങ്ങള്‍ സൃഷ്ടിക്കുവാനായിട്ടില്ലന്നുവേണം പറയാന്‍.. മലയാള ടെലിവിഷന്‍ വാര്‍ത്താരംഗത്തിന്റെ പരിമിതികളും പ്രശ്‌നങ്ങളും സാധ്യതകളും പലരാലും പറഞ്ഞുവയ്ക്കപ്പെടുന്നുണ്ട്. പക്ഷേ നാളെകളുടെ ടെലിവിഷന്‍ വാര്‍ത്താമാധ്യമത്തിന്റെ വികാസ ദിശയിലുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍ വിരളം.

 

ദൃശ്യമാധ്യമ പ്രവര്‍ത്തകനോടൊത്ത് ഫീല്‍ഡിലെത്തുന്ന വീഡിയോഗ്രാഫര്‍ക്ക് ദൃശ്യ മാധ്യമരംഗത്തെ കൊഴുപ്പിക്കുന്നതില്‍ പ്രധാന പങ്കുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ വലിച്ചുവാരിയുള്ളതും ഉപരിപ്‌ളവുമായ വാര്‍ത്താവലോകനം പലപ്പോഴും അരോചകം. ഇവിടെയാണ് ദൃശ്യങ്ങള്‍ തന്നെ വാര്‍ത്തകളാകേണ്ടതിന്റെ അനിവാര്യത. ദൃശ്യങ്ങള്‍ വിക്ഷേപിക്കുന്ന അതിവിപുലമായ സംവേദന സാധ്യതയും രാഷ്ട്രീയവും ഗ്രഹിക്കുവാനുള്ള ശേഷിയുണ്ടായിരിക്കണം, വീഡിയോഗ്രാഫര്‍ക്ക.് ഇന്ന് പക്ഷേ വിന്യസിക്കപ്പെട്ടിരിക്കുന്ന ബഹുഭൂരിപക്ഷത്തിനും ഇപ്പറഞ്ഞ ശേഷിയുണ്ടോ?

 

ദൃശ്യങ്ങള്‍ കൃത്യതയോടെ എഡിറ്റ് ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്നതിലും മികവ് പ്രകടിപ്പിക്കപ്പെടുന്നില്ല. വീഡിയോ എഡിറ്റര്‍മാര്‍ താന്‍ എഡിറ്റ് ചെയ്യുന്ന ദൃശ്യത്തിന്റെ രാഷ്ട്രീയം തിരിച്ചറിയുവാന്‍ കെല്പുള്ളവരായിരിക്കണം. ഇത്തരക്കാര്‍ ഏറെ വിരളമാണെന്നതും മലയാള ദൃശ്യമാധ്യമത്തിന്റെ അമച്ച്വര്‍ സ്വഭാവത്തിന് കാരണമാകാതിരിക്കുന്നില്ല. സമയ ദൈര്‍ഘ്യം കുറച്ചും കുുറുക്കികൊള്ളുന്നതുമായ ഭാഗംമാത്രം എഡിറ്റ് ചെയ്‌തെടുത്ത് വിന്യസിക്കുവാന്‍ ലേഖകര്‍ വീഡിയോ എഡിറ്റര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കണം. ഈ ദിശയില്‍് ശ്രദ്ധ പതിയാതെ പോകുന്നുവെന്നതും കാണല്‍ പ്രക്രിയക്ക് കല്ലുക്കടിയാകുന്നുണ്ട്. വാര്‍ത്തകള്‍ക്ക് അകമ്പടിയേകുന്ന ദൃശ്യങ്ങളുടെ ആവര്‍ത്തന വിരസത ഒഴിവാക്കപ്പെടുന്നില്ലെന്നതും അരോചകം.

 

വാര്‍ത്തകളും വിശേഷങ്ങളും നഗരകേന്ദ്രങ്ങളില്‍ മാത്രമെയുള്ളുവെന്ന് സംശയം ജനിപ്പിക്കുന്നതാണ് സമകാലിക ദൃശ്യമാധ്യമ രംഗം. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് നഗരങ്ങളിലെ വാര്‍ത്തകളാണ് ഏറെയും ദൃശ്യമാധ്യമങ്ങളില്‍ തെളിയുന്നത്. ഗ്രാമഗ്രാമാന്തരങ്ങളിലെ വൃത്താന്തങ്ങള്‍ ചാനലില്‍ ഇടംപിടിക്കാതെ പോകുന്നിടത്ത് നിഷേധിക്കപ്പെടുന്നത് ജനങ്ങളുടെ അറിയുവാനുള്ള അവകാശം. പൊതുജനാഭിപ്രായ രൂപീകരണ ദിശയില്‍ ദൃശ്യമാധ്യമങ്ങളുടെ പങ്ക് ഇനിയും അപൂര്‍ണ്ണമായി തുടരുകയാണന്നതല്ലേ ഇതിലൂടെ സ്പഷ്ടമാകുന്നത്? ഇതൊക്കയാണെങ്കിലും മലയാള ദൃശ്യമാധ്യമരംഗം പ്രൊഫഷണലിസത്തില്‍ പരിലസിക്കുന്നില്ലെന്ന് മഷിയിട്ട് കണ്ടുപിടിക്കുന്ന പ്രേക്ഷകര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. പൊതുജനാഭിപ്രായ രൂപീകരണത്തില്‍ ചാലക ശക്തിയാകാന്‍ ദൃശ്യമാധ്യമങ്ങള്‍ക്കാകുന്നുണ്ടോ എന്നതിലാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരുടേയും ശ്രദ്ധ.

 

ഈ ലേഖകനുണ്ടായ ഒരനുഭവം കുറിക്കാം. ജന്മി – കുടിയാന്‍ തര്‍ക്കത്തിനൊടുവില്‍ കോടതിവിധി ജന്‍മിക്ക് അനുകൂലം. തുടര്‍ന്ന്, കുടിയാനും 22ഓളം കുടുംബങ്ങളും ഏത് നിമിഷവും കുടിയൊഴിപ്പിക്കപ്പെടുന്ന അവസ്ഥ. കുടുംബങ്ങള്‍ ആത്മസംഘര്‍ഷത്തില്‍. ഏറെ കൊട്ടിഘോഷിപ്പിക്കപ്പെട്ട ഭൂപരിഷ്ക്കരണ നിയമത്തിന്റെ അന്ത:സത്തക്ക് നിരക്കാത്തതാണ് കുടിയൊഴിപ്പിക്കല്‍ ഉത്തരവ്. ഇത്, മലയാളത്തിലെ ആദ്യവാര്‍ത്തചാനലിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയപ്പോള്‍ തൃശ്ശൂര്‍ ജില്ലാ ലേഖകന്‍ പറഞ്ഞതിങ്ങനെ….”ചേട്ടാ… കുടിയിറക്കുന്ന ദിവസം പോയ്‌ക്കോള്ളാം. അപ്പോള്‍ അടിപ്പൊളി ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാം….”  ദൃശ്യമാധ്യമരംഗത്തിന്റെ ഗതിവിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ, ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സാമൂഹിക ദിശാബോധം ഇല്ലാത്തവരുടെ പട്ടികയാണിവിടെ കനംവെക്കുന്നത്.

 

ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന രാത്രി വാര്‍ത്തയില്‍ വാരിവിതക്കുന്നത് പകലന്തിയോളം പ്രേക്ഷകര്‍ കണ്ടുമടുത്തവ തന്നെ. മറ്റൊരു ചേരുവയായി ഏതെങ്കിലും വിഷയത്തെ പ്രതി ദീര്‍ഘമായ ചര്‍ച്ച. അതാകട്ടെ പ്രേക്ഷകരെ പരമാവധി മുഷിപ്പിക്കുന്നതും. വിഷയത്തെക്കുറിച്ച് അവതാരക(ക)ന്‍ ചര്‍ച്ച എങ്ങുമെത്തിക്കാതെ തലയൂരി മറ്റു വാര്‍ത്തകളിലേക്കുള്ള പരക്കംപാച്ചില്‍ രസകരം! സമയക്കുറവുമൂലം ചര്‍ച്ച അവസാനിപ്പിക്കുന്നു എന്ന ക്ഷമാപണവും കൂടിയാകുമ്പോള്‍ ചര്‍ച്ചക്ക് അകാല ചരമം. ചര്‍ച്ചയില്‍ അവതാരകന്റെ മുന്‍വിധിയോടെയുള്ള ഇടപെടല്‍. അതല്ലെങ്കില്‍ ചര്‍ച്ചക്കായി ക്യാമറയുടെ വെള്ളിവെളിച്ചത്തിലിരിക്കുന്നവരെ വാദപ്രതിവാദത്തില്‍ തോല്‍പ്പിക്കുക. ഇതൊക്കെയല്ലേ ഇന്‍ ഹൗസ് ലൈവ് ചര്‍ച്ചയുടെ ‘സവിശേഷതകള്‍’?

 

പരസ്യദാതാക്കളെ ബാധിക്കുവാനിടയുള്ള പരിപാടികള്‍ നിഷ്ക്കരുണം തമസ്ക്കരിക്കുക. പരിസ്ഥിതി മലിനീകരണത്തിന് വഴിയൊരുക്കുന്ന ഇരുമ്പുരുക്കു കമ്പനിയെ പ്രായോജകരാക്കി സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ വിലാപവല്‍ക്കരിക്കുന്ന പരിപാടിയെ ചാനലിന്റെ കണ്ണാടിയായി ആഘോഷിക്കുക. ഇതെല്ലാം വിളിച്ചോതുന്നത് മലയാള ടി.വി ചാനലുകളിലെ വാര്‍ത്താ-വാര്‍ത്താധിഷ്ഠിത പരിപാടികളുടെ ഉപരിപ്‌ളവത മാത്രമല്ല സാമൂഹിക ഉത്തരവാദിത്വമില്ലായ്മ കൂടിയാണ്.

 

അമൃതാനന്ദമയി,ശ്രീശ്രീ രവിശങ്കര്‍, സത്യസായിബാവ ഇവരുടെയെല്ലാം വീഡിയോ ക്‌ളിപ്പുകള്‍ പ്രേക്ഷകരിലെത്തിക്കുന്നത് ചാനല്‍ നടത്തിപ്പുക്കാരുടെ നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയം. സ്തുതി വചനങ്ങള്‍ വാരിവിതറിയുള്ള വിവരണങ്ങള്‍ക്കൊപ്പം മാത്രമേ മനുഷ്യദൈവങ്ങളുടെ ദൃശ്യങ്ങള്‍ വിന്യസിക്കാനാവൂ.. നിഷേധ ധ്വനിയുണ്ടെന്ന് വിധിയെഴുതപ്പെടുന്ന വിവരണങ്ങള്‍ക്കൊപ്പം ഇവരുടെ ദൃശ്യങ്ങള്‍ അരുതേയരുതേ എന്ന നിലപാടുകളെടുക്കുമ്പോള്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ഉപരിപ്‌ളവമാകാതിരുന്നെങ്കിലേ അതിശയമുള്ളൂ.

 

posted by  കെ.കെ ശ്രീനിവാസന്‍ on on 04 October 11 at 04:04 AM

കെ.കെ.ശ്രീനിവാസന്‍

ഭൂപരിക്ഷ്ക്കരണ നിയമ പ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമാക്കപ്പെട്ട പട്ടയങ്ങളെ വ്യവഹാരമുക്ത മാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രിക അടിവരയിടുന്നു. ഈ ഉറപ്പ് പാലിക്ക പ്പെടേണ്ടതിന്റെ അനിവാര്യതയുടെയും ഏകതാപരിഷ്ത്തിന്റെ ഭൂസമരാഹ്വാനത്തിന്റെയും ദേ ശീയ ഭുപരിഷ്ക്കരണ കൗണ്‍സില്‍ ഈ മാസം അവസാനം യോഗം ചേരുന്നതിന്റെയും പശ്ചാത്തലത്തില്‍ ഭൂപരിഷ്ക്കരണത്തിന്റെ കാണാപ്പുറങ്ങള്‍ തേടുകയാണിവിടെ

 കേരളത്തിലെ ഭൂബന്ധങ്ങള്‍ പൊളിച്ചെഴുത്തിന് വിധേയമാക്കിയ നിയമമാണ് കേരള ഭൂപരിഷ്ക്കരണ നിയമം. ‘കൃഷിഭൂമി കര്‍ഷകന ്’ എന്നുള്ള മുദ്രാവാക്യമുയര്‍ത്തിയാണ്് 1957-ല്‍ ഭൂപരിഷ്ക്കരണ നിയമത്തിന് രൂപരേഖയുണ്ടാകുന്നത്. നിയമങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന നീതിനിഷേധത്തിന്റെ പഴുതുകള്‍ തുറക്കപ്പെടുന്നത് അവ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ മാത്രം. ഏറെ വിപ്‌ളവാത്മകമെന്ന് വിശേഷപ്പിക്കപ്പെട്ട കേരള ഭൂപരിഷ്ക്കരണ നിയമം നീതിനിഷേധത്തിന്റെ പഴുതുകളില്‍ നിന്ന് വിമുക്തമല്ലെന്ന് വ്യക്തം. നിയമത്തിനുള്ളില്‍ പതിയിരിക്കുന്ന നീതിനിഷേധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെയും ഏറ്റുവാങ്ങേണ്ടിവരുന്നത് സമൂഹത്തിന്റെ താഴെതട്ടിലുള്ള വരായിരിക്കും. ഇത്തരമൊരു പ്രത്യാഘാതത്തിന് ഇരയാകേണ്ടിവന്നവരാണ് തൃശ്ശൂര്‍ ജില്ലയിലെ പീച്ചി വില്ലേജില്‍ 2743 (2 ഏക്കര്‍), 2744 (3.18 ഏക്കര്‍), 2747 (0.40 ഏക്കര്‍), 2748 (0.12 1/2) എന്നീ സര്‍വ്വെ നമ്പറുകളിലെ 5.70 1/2 ഏക്കര്‍ ഭൂമിയില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന ഇരുപതോളം കുടുംബങ്ങള്‍. തൃശ്ശൂര്‍ ഒല്ലൂക്കര ലാന്റ് ട്രിബ്യൂണല്‍ ഉത്തരവി (O.S.3316/1970 & O.A.No.90/75) നെ തുടര്‍ന്ന് ഇവര്‍ക്ക് പട്ടയം (നമ്പര്‍.3028/76) ലഭിച്ചു. പക്ഷേ ഭൂപരിഷ്ക്കരണ നിയമത്തിലെ പഴുതുകളും ജന്മിയുടെ പണവും ഭരണതലങ്ങളിലെ ശക്തമായ സ്വാധീനവുമാണ് ഈ കുടുംബങ്ങള്‍ക്ക് വിനയായത്.

 തൃശ്ശൂര്‍ കോലഴി, ഒല്ലൂക്കര, മാടക്കത്തറ, പാണഞ്ചേരി വില്ലേജുകളിലായി വിവിധ സര്‍വ്വെ നമ്പറുകളില്‍ 120 ഏക്കറോളം ഭൂമിയുടെ ജന്മിയായിരുന്നു, എസ് മൊയ്തീന്‍ ഷാറാവുത്തര്‍. അദ്ദേഹത്തിന് ഒരേഒരു മകള്‍ – ഫാത്തീമാബീവി. അവരുടെ ഭര്‍ത്താവ് മീര്‍ഹുസൈന്‍. തന്റെ വസ്തുവകകള്‍ക്കുമേലുള്ള അവകാശം, മുക്ത്യാര്‍ പ്രകാരം (Power of Attorney) മരുമകനായ മീര്‍ഹുസൈന് നല്‍കുകയായിരുന്നു മൊയ്തീന്‍ഷാ. ഭാര്യപിതാവിന്റെ മരണാനന്തരം, വസ്തുവകകളുടെ ഒരു ഭാഗം മീര്‍ഹുസൈന്‍ തന്റെ ഭാര്യയുടെ പേരിലാക്കി. ബാക്കിയുള്ളതാകട്ടെ, ഭാര്യയുടെതന്നെ പിതൃസഹോദരന്റെയും. 1957 -ല്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ അലയൊലികള്‍ ആരംഭിച്ചു. ഇതോടെ തന്റെ പേരിലുള്ള 60 ഏക്കറിനുമേല്‍ ഭൂപരിഷ്ക്കരണത്തിന്റെ കുരുക്കുകള്‍ വീഴുമെന്നുറപ്പായി. 15 ഏക്കര്‍ കഴിഞ്ഞുുള്ള അധിക ഭൂമി സര്‍ക്കാരിന് നല്‍കേണ്ടിവരുമെന്നതിനാല്‍ ഭൂപരിഷ്ക്കരണ നിയമത്തിന് മുമ്പേതന്നെ ബന്ധുക്കള്‍ക്ക് ഭൂമി കൈമാറുകയായിരുന്നു ഫാത്തിമബീവി.

 ഭൂപരിഷ്ക്കരണവും അധികാരവുംimages

 1957 ഡിസംബര്‍ 18ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ആരംഭിച്ച ഭൂപരിഷ്ക്കരണനിയമ രൂപീകരണ നടപടി ഭേദഗതികളുടെ പടവുകള്‍ പിന്നിട്ട് പ്രാബല്യത്തിലെത്തിയത് 1970 ജനുവരി ഒന്നിനാണ്. ഈ കാലതാമസമാകട്ടെ ഭൂമി കൈമാറ്റത്തിനുള്ള അവസരമൊരുക്കികൊടുക്കുകയും ചെയ്തു. പണവും ഭരണതലങ്ങളിലെ ശക്തമായ സ്വാധീനവും സമന്വയിച്ചിടത്തും ഭൂപരിഷ്ക്കരണ നിയമത്തിന് മുമ്പേതന്നെ ഭൂമി കൈമാറ്റം സാധ്യമായി. മുന്‍ സൂചിപ്പിച്ച ജന്മികുടുംബത്തിന്റെ ഒരു തുണ്ടു ഭൂമിപോലും മിച്ചഭൂമിയായി കണ്ടുകെട്ടപ്പെട്ടില്ലെന്ന് ചുരുക്കം.

 രാഷ്ട്രീയാധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിപറ്റിയ കുടുംബങ്ങളുടെയും ഭൂസ്വത്തുക്കള്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ പിടിയിലകപ്പെട്ടിട്ടില്ലെന്ന് കാണാം. ആദ്യകാല സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും തൃശ്ശൂര്‍ പാര്‍ലമെന്റ് അംഗവുമായിരുന്നു കെ.കെ.വാര്യരുടെ കുടുംബമായ കീരന്‍കുളങ്ങര വാര്യയത്തിന് തൃശ്ശൂര്‍ ജില്ലയില്‍തന്നെ പാണഞ്ചേരി വില്ലേജില്‍ മാത്രം 50 ഏക്കറോളം ഭൂസ്വത്തു ണ്ടായിരുന്നു. എന്നിരുന്നിട്ടും മിച്ചഭൂമി കണ്ടുകെട്ടപ്പെട്ടില്ല.

 ഭൂപരിഷ്ക്കരണ നിയമത്തിന്റെ ആവശ്യകതയിലൂന്നിയുള്ള ചര്‍ച്ചകളുടെ ആരംഭത്തിലേ ജന്മിമാരായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഭൂസ്വത്തുക്കള്‍ സംരക്ഷിച്ചെടുക്കുവാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം അതീവ കൗശലം പ്രകടിപ്പിച്ചിരുന്നു. കെ.കെ.വാര്യര്‍ തുടങ്ങിയ സമുന്നത നേതാക്കളുടെ ഭൂമികളൊന്നുംതന്നെ മിച്ചഭൂമിയാക്കപ് പെട്ടില്ലെന്നത് ഈ ദിശയിലെ ഉദാഹരണങ്ങളില്‍ ചിലത് മാത്രം. ഇത് കേരളത്തിലെ ഒരു വില്ലേജിലെ മാത്രം അവസ്ഥ. അങ്ങെനെയെങ്കില്‍ കേരളത്തിലെ മുഴുവന്‍ വില്ലേജുകളിലേയും ഭൂരേഖകള്‍ പഠനവിധേയമാക്കപ്പെട്ടാല്‍ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതൃത്വം തങ്ങളുടെ കുടുംബ സ്വത്തുക്കള്‍ അവര്‍തന്നെ കൊണ്ടുവന്ന ഭൂപരിഷ്ക്കരണ നിയമത്തില്‍നിന്ന് സംരക്ഷിച്ചെടുത്തുയെന്നതിന് കൂടുതല്‍ വ്യക്തത കൈവരും.

 ലാന്റ് ട്രീബ്യൂണല്‍ നടപടികള്‍ പ്രകാരം 25 ലക്ഷത്തോളം കുടിയാന്‍മാര്‍ക്ക് കുടിയായ്മ അവകാശം കൈവന്നു. അതേസമയം ഭൂരഹിതന് ഭൂമി (Land to Landless) യെന്ന ദിശയില്‍ ശക്തമായ നടപടികളുണ്ടായില്ല. ഭൂപരിഷ്ക്കരണ പിന്‍ബലത്തില്‍ പാട്ടക്കാര്‍പോലും 15 ഏക്കറോളം ഭൂമിയുടെ അവകാശികളായി. അവര്‍ ചെറുജന്മികളാക്കപ്പെട്ടു. അപ്പോള്‍പോലും ഈ ചെറുജന്മികളായി മാറിയ വരുടേത ടക്കമുള്ളവരുടെ കൃഷിഭൂമിയില്‍ പകലന്തിയോളം എല്ലുമുറിയെ ചേറില്‍ പണിയെടുക്കുവാന്‍ മാത്രം വിധിക്കപ്പെട്ട അടിയാളരടക്കമുള്ള അദ്ധ്വാന വര്‍ഗ്ഗത്തിന് ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഔദാര്യമായികിട്ടിയത് മുന്ന് മുതല്‍ 10 സെന്റ് കുടികിടപ്പ് അവകാശം മാത്രം. ഭൂപരിഷ്ക്കരണ നിയമത്തിന്റെ 74-ാം വകുപ്പനുസരിച്ച് പുതിയ കുടികിടപ്പുകള്‍ അനുവദിക്കാനാകാതെവന്നു. അതോടെയാകട്ടെ സര്‍ക്കാര്‍ മുന്‍കയ്യില്‍ ദളിത് കോളനികളും ലക്ഷംവീടുകളും രൂപപ്പെട്ടു. ഇതിലേറെയും പരമ്പരാഗത ജന്മിമാരുടേയും ഭൂപരിഷ്ക്കരണ നിയമത്തിലൂടെ ചെറുജന്മിമാരാക്കപ്പെട്ടവരുടെയും കൃഷിയിടങ്ങളുടെ സമീപപ്രദേശത്താ ണെന്നത് പ്രത്യേകം ശ്രദ്ധേയം. ഭൂപരിഷ്ക്കരണ നിയമത്തിന്റെ പിടിയലകപ്പെടാതെ സുരക്ഷിതരായ ജന്മിമാരുടേയും ഭൂപരിഷ്ക്കരണത്തിലൂടെത്തന്നെ പാട്ടകുടിയാന്‍മാരില്‍ നിന്ന് ചെ റുജന്മികളാക്കപ്പെട്ടവരുടേയും വരുതിയില്‍ അദ്ധ്വാന വിഭവശേഷി ശേഖരം സൃഷ്ടിക്കുകയെന്ന ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായി രുന്നു ഇതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

 യന്ത്രവല്‍ക്കരിക്കപ്പെടാതെപ്പോയ കാര്‍ഷികമേഖലimages pady

 സ്വന്തമായി ഒരു പിടിമണ്ണ് നിഷേധിക്കപ്പെട്ടവരുടെ വിഭവസമാഹരണശേഷികൂടി ചോര്‍ത്തികളയുന്നതിന്റെ ഭാഗമായിയല്ലേ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ യന്ത്രവല്‍ക്കരണത്തിലേക്കുള്ള വഴിമാറ്റം തടയപ്പെട്ടത്? കാലത്തിനനുസൃതമായി യന്ത്രവല്‍ക്കരിക്ക പ്പെടാതെ പ്പോയപ്പോള്‍ കൃഷി ലാഭമല്ലാതായി. കര്‍ഷകര്‍ കൃഷിയിറക്കാന്‍ വിമുഖരായി. ഇതിന്റെ പരിണിതിയായി കര്‍ഷക തൊഴിലാളിക ളാക്കപ്പെട്ടവരുടേയും ഭൂരഹിതരുടേയും സാമ്പത്തികാവസ്ഥ കൂടുതല്‍ പരിതാ പകരമാക്കപ്പെട്ടു. കാലം ആവശ്യപ്പെട്ടതനുസരിച്ച്് കാര്‍ഷിക മേഖല യന്ത്രവല്‍ക്കരിക്കപ്പെട്ടിരുന്നെങ്കില്‍ കാര്‍ഷികവൃത്തി ഏറെ ആകര്‍ഷകമാകുമായിരുന്നു. കാര്‍ഷി കോല്പാദനം ഗണ്യമായി ഏറുമായിരുന്നു. അത് കര്‍ഷകരുടേയും ഒപ്പം കര്‍ഷകതൊഴിലാളികളുടേയും അവസ്ഥ മെച്ചപ്പെടുത്തിയേനെ. 

അദ്ധ്വാനവും മൂലധനവും തമ്മില്‍ വൈരുദ്ധ്യം മുര്‍ച്ഛിപ്പിച്ച് തിസിസും ആന്റി തിസിസും സിന്തസിസും തേടിയവര്‍ അദ്ധ്വാന വര്‍ഗ്ഗത്തിന്റെ കയ്യെത്തുംദൂരത്ത് മൂലധനമെത്തിപ്പെടാതിരിക്കാന്‍ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നുവെന്ന് ന്യായമായി സംശയിക്കാം. ഭൂബന്ധങ്ങളെ മാറ്റിമറിക്കാന്‍ കൊണ്ടുവന്ന ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഗുണഭോക്താക്കളാവാന്‍ അടിസ്ഥാന വര്‍ഗ്ഗവും തോട്ടംതൊഴിലാളികളുമടങ്ങുന്ന വലിയൊരു വിഭാഗത്തിനായില്ലെന്നിടത്താകട്ടെ ഈ സംശയം ശക്തിപ്പെടുകയാണുതാനും. ദാരിദ്രത്തിന്റെ അടുപ്പിലേ വിപ്‌ളവം വേവിച്ചെടുക്കുവാനാകൂയെന്ന തിരിച്ചറിവായിരിക്കണം ഒരു ജനതതിയുടെ വിഭവസമാഹരണശേഷി നിര്‍വ്വീര്യമാക്കപ്പെട്ടതി നുപിന്നില്‍. ഇതുപക്ഷേ ഇനിയും തുറന്നുകാണിക്കപ്പെടേണ്ടിയിരിക്കുന്നു.

 ഭൂപരിഷ്ക്കരണത്തിന്റെ ഔദാര്യമായികിട്ടിയ 10 സെന്റ് കുടികിടപ്പുകുളിലേ കുടുംബ ഘടനയില്‍ വിഘടനം. കുടികിടപ്പുകുളില്‍ വിഘടിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് തലച്ചായ്ക്കുവാന്‍ ഇടമില്ലാതായി. എന്തിനധികം മരിച്ചാല്‍ ആറടി മണ്ണുപ്പോലും നിഷേധിക്കപ്പെട്ട അവസ്ഥ. ത്വരിതഗതിയിലുള്ള ജനസംഖ്യ വര്‍ദ്ധനവിന്റെ പട്ടികയില്‍ ഭൂരഹിത രായിട്ടുള് ളവരുടെ എണ്ണം കാലാകാലമായി നിശബ്ദമായി ഇവിടെ കനംവെക്കുകയും ചെയ്തു. വിഭവസമാഹരണ സാധ്യത ശോഷിപ്പിക്കപ്പെട്ടതിനാല്‍ കുടികിടപ്പിലേതടക്കമുള്ള ദളിതരുടെ സന്തതി പരമ്പരകള്‍ക്ക് സാമൂഹിക സാമ്പത്തിക രംഗത്ത് സുരക്ഷിതരാകാനായില്ല. അതുകൊണ്ടുത്തന്നെ ഒരുതുണ്ടു ഭൂമിക്കുവേണ്ടി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് യാചിക്കുകയെന്നല്ലാതെ ബദലുകളില്ലാതായി.

‘അപഹരിക്ക’പ്പെട്ട തലമുറ

 ആദിവാസികള്‍ക്കായി കോടികളുടെ ക്ഷേമപദ്ധതികള്‍. അതുപക്ഷേ ആദിവാസികളിലേക്ക് എത്തുന്നുണ്ടോയെന്നത് എക്കാലത്തെയും ചിന്താവിഷയം. ആദിവാസികള്‍ അവരുടെ തനത് ആവാസവ്യവസ്ഥയായ കാട്ടില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടവരാണ്. ആദിവാസികളുടെ സന്തതി പരമ്പരകളെയെങ്കിലും ‘മുഖ്യധാര’യില്‍ പ്രതിഷ്ഠിക്കുന്ന തിനായാണ്് കോടികളുടെ ക്ഷേമപദ്ധതികള്‍ക്ക് തുടക്കംകുറിച്ചത്. ആദിവാസി ജനതതിയുടെ ഇച്ഛക്കനുസൃതമായല്ല അവരെ മുഖ്യധാരയിലേക് കെത്തിക്കുവാനുള്ള ഭരണകൂട ദൗത്യങ്ങള്‍. ഇവിടെ തനത് ആവാസ വ്യവസ്ഥയില്‍ നിന്ന് ‘അപഹരിക്ക’പ്പെട്ട തലമുറകളായി മാറുകയല്ലേ ആനുകാലിക ആദിവാസി സമൂഹം?

ആസ്‌ട്രേലിയന്‍ മുഖ്യധാരാ സമൂഹം അവരുടെ ആദിമ ജനതയുടെ സന്തതി പരമ്പരകളെ മുഖ്യധാരയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറിച്ചുനട്ടിരുന്നു. 1910നും 1970നും ഇടയില്‍ അഞ്ചുവയസ്സിന് കീഴെയുള്ള 100,000 ആദിമനിവാസികളായ കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് ആസ്‌ട്രേലിയന്‍ പൊലീസും വെല്‍ഫയര്‍ ഓഫീസര്‍മാരും ചേര്‍ന്ന് അപഹരിച്ചു. അപഹരിക്കപ്പെട്ട തലമുറ (Stolen Generation) യെന്നാണ് പറിച്ചുനടപ്പെട്ടവര്‍ അറിയപ്പെട്ടിരുന്നത്. ഇങ്ങനെ അപഹരിക്കപ്പെട്ട തലമുറക്ക് തങ്ങളുടെ തനത് ഭാഷയും ആചാരങ്ങളും വിലക്കപ്പെട്ട കനിയായി. രാജ്യത്തിനകത്തുംപുറത്തുമായി പറിച്ചുനടപ്പെട്ട തലമുറ അനാഥരാണെന്ന് തെറ്റുദ്ധരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇനി അപഹരിക്കപ്പെട്ട തലമുറകള്‍ സൃഷ്ടിക്കപ്പെടേണ്ടതില്ലെന്ന മുന്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിന്റെ സര്‍ക്കാര്‍ തീരുമാനം ചരിത്രത്തില്‍ ഇടംനേടി കഴിഞ്ഞു.

 ആസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ വിശാലമനസ്ക്കത നമ്മുടെ ഭരണകൂടങ്ങളില്‍ പ്രകടിതമാകുമോയെന്നത് മറ്റൊരു വിഷയം. തനത് ആവാസവ്യവസ്ഥയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ജീവസന്ധാരണ ദിശയില്‍ കൃഷിഭൂമിയടക്കമുള്ള ഉപജീവനോപാദികള്‍ ഉറപ്പിക്കപ്പെടുകയെന്നതാണ് മുഖ്യം. ഇതിനുപകരം പക്ഷേ വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍നിന്ന് ആദിവാസികള്‍ ആട്ടിയിറക്കപ്പെട്ട കാഴ്ചയാണ് ഇപ്പോഴും.

 അട്ടപ്പാടി ഭൂമി കൂംഭകോണം

 ‘അട്ടപ്പാടി കുന്നുകളിലെ കാറ്റില്‍നിന്നും വൈദ്യുത പദ്ധതി. വികസനത്തിന്റെ പാതയില്‍, അട്ടപ്പാടി നല്ലശിങ്ക ഊരിലെ വൃദ്ധയായ രങ്കമ്മാളിന് പരമ്പരാഗതമായി കിട്ടിയ ഭൂമി മാത്രമല്ല അന്യമായത്. അന്തിയുറങ്ങാനുള്ള കൂരപോലും വികസനത്തിന്റെ മലവെള്ളപാച്ചലില്‍ നിലംപൊത്തി. അട്ടപ്പാടി കുന്നുകളിലെ കാറ്റിന് കൂടുകൂട്ടാന്‍ വിന്‍ഡ്മില്‍ സജ്ജമാക്കപ്പെട്ടപ്പോള്‍ രങ്കമ്മാളിന് തലചായ്ക്കുവാനുള്ള കൂട് തകര്‍ക്കപ്പെട്ടുവെന്ന് ചുരുക്കം. നല്ലശിങ്ക ഊരിലെത്തന്നെ വൃദ്ധയായ കാളിക്ക് അന്യമായത് തന്റെ ഒരേക്കര്‍ ഭൂമി. രവിയെന്ന ആദിവാസിയുടെ ഏഴേക്കര്‍ ഭൂമിയാണ് വിന്‍ഡ്മില്ലിന്റെ പേരില്‍ അന്യാധീനമാക്കപ്പെട്ടത്. വികസനത്തിന്റെ കാറ്റാടികള്‍ അട്ടപ്പാടി കുന്നുകളില്‍ ചിറകുവിരിച്ചപ്പോള്‍ ആദിവാസി ജനതതിയോടുള്ള ചൂഷണത്തിന്റെ ചരിത്രമാണ് വീണ്ടും കുറിക്കപ്പെട്ടത്. ആദിവാസിഭൂമി അന്യാധീനമാക്കപ്പെടുന്നത് നിയമം നിരോധിക്കുന്നുണ്ട്. ഈ നിയമം പക്ഷേ കാറ്റില്‍ പറത്തുന്നത് സര്‍ക്കാരുകള്‍ തന്നെയാണെന്നുവച്ചാലോ? അട്ടപ്പാടി കുന്നുകളുടെ പരിസ്ഥിതിയെ വിന്‍ഡ്മില്‍ തകിടംമറിക്കുന്നുവെന്നതിന് അമിതപ്രാധാന്യം നല്‍കി ആദിവാസികളുടെ ഭൂമി അന്യാധീനമാക്കപ്പെട്ടതിനെ തമസ്ക്കരിക്കാന്‍ ശ്രമം നടക്കാതിരുന്നില്ലയെന്നത് പ്രത്യകം ശ്രദ്ധേയം. ഈ പശ്ചാത്തലത്തില്‍ ഭൂമി അന്യാധീനമാക്കപ്പെട്ടവരും ഭൂരഹിതരുമായ ആദിവാസി ജനത ഭൂസമരങ്ങളില്‍ ഇനിയും കണ്ണിചേര്‍ക്കപ്പെടുകതന്നെ ചെയ്യും.’ (കേരളസ്കാന്‍, എപ്പിസോഡ്, 2007 നവംബര്‍ 25).

  കെ.വേണു പ്രാജക്ട് ഡയറക്ടറും ഈ ലേഖകന്‍ പ്രോഗ്രാം ഡയറക്ടറും ചീഫ് റിപ്പോര്‍ട്ടറുമായിരുന്ന വാര്‍ത്താവിഷന്റെ ബാനറില്‍ എഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ടെലികാസ്റ്റ് ചെയ്യപ്പെട്ടിരുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുളള വാര്‍ത്താധിഷ്ഠിത പ്രോഗ്രാം കേരളസ്കാന്‍ അട്ടപ്പാടിയിലെ സുസ് ലോണ്‍ വിന്റ്മില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആരംഭത്തില്‍ തന്നെ,ആദിവാസികളുടെ ഭൂമി അന്യാധീനമാക്കപ്പെടുന്നുവെന്ന് കൃത്യമായി തുറന്നുകാണിച്ചിരുന്നു. അത് പക്ഷേ മുഖവിലക്കെടുക്കുവാന്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന യു.ഡി.എഫോ എന്തിനധികം മറ്റു മാധ്യമങ്ങളോ തയ്യാറായില്ല.എന്നാല്‍ എം.പി. വീരേന്ദ്രകുമാറിന് ഇടതുപക്ഷം ഉപേക്ഷിച്ച് യു.ഡി.എഫില്‍ ചേക്കേറേണ്ടിവന്നതോടെയാണ് അട്ടപ്പാടി ഭൂമി കൂംഭകോണ വാര്‍ത്തകള്‍ ഒരു മുഖ്യധാര പത്രത്തിലിടം തേടാന്‍ തുടങ്ങിയത്. വീരേന്ദ്രകുമാര്‍ കുടുംബവും വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് സ്ഥാപിച്ചെടുക്കാന്‍ ദേശാഭിമാനിയും സി.പി.എം നേതാക്കളും കച്ചകെട്ടിയിറങ്ങിതിരി ച്ചതോടെയാണ് വി.എസ് സര്‍ക്കാരിനെ വെട്ടിലാക്കാന്‍ , പ്രത്യേകിച്ച് സി.പി.എമ്മിനെ, അട്ടപ്പാടി ഭൂമി കൂംഭകോണമുയര്‍ത്തികൊണ്ടുവന്നത്. ഇവിടെയാണ് രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ലീന മായിരിക്കുന്ന സ്ഥാപിത താല്പര്യങ്ങളുടെ തീവ്രത തെളിവാക്കപ്പെടുന്നത്.

 പാടികളിലെ തോട്ടം തൊഴിലാളികള്‍

 ഭൂപരിഷ്ക്കരണത്തില്‍ നിന്നും തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങള്‍ ഒഴിവാക്കപ്പെട്ടു. അതിനാകട്ടെ വര്‍ഗ്ഗസമര സൈദ്ധാന്തിക പിന്‍ബലം. പതിനായിരകണക്കിന് തോട്ടം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെ മുന്‍നിറുത്തിയാണ് തോട്ടം മേഖലയെ ഭൂപരി ഷ്ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയതെന്നുള്ള വിലയിരുത്തലുകളുമില്ലാതില്ല. അതേസമയം ടാറ്റാ, ഹാരിസണ്‍ മലയാളം തുടങ്ങിയ വന്‍കിടക്കാരെ പിണക്കേണ്ടതില്ലെന്ന രാഷ്ട്രീയ കൗശലവും തോട്ടം മേഖല ഒഴിവാക്കപ്പെട്ടതില്‍ നിന്നും വായിച്ചെടുക്കാം. തോട്ടം തൊഴിലാളികളുടെ സംരക്ഷകരായെത്തിയവര്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ ആനുകൂല്യം അവര്‍ക്ക് തരപ്പെടുത്തി കൊടുക്കാന്‍ ശ്രമിച്ചില്ല. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഒരുപിടി മണ്ണ് എന്നത് മരീചികയായി. തോട്ടം മുതലാളിമാര്‍ തട്ടിക്കൂട്ടിയ പാടികള്‍ മാത്രമായി തോട്ടം തൊഴിലാളികളുടെ താവളം. വെള്ളം, വെളിച്ചം, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ തോട്ടം മുതലാളിമാരുടെ ഔദാര്യത്തിനു വിധേയം. പാടികളില്‍ കുടുംബഘടനയില്‍ വ്യതിയാനങ്ങള്‍. അത് പക്ഷേ പാടികളിലെ അല്പ സൗകര്യങ്ങളെ പാടെ തകിടംമറിച്ചു.

 ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്ക്കരണത്തിലൂടെ തോട്ടമുടമകളില്‍ നിഷിപ്തമായി. അതേസമയം ഭൂമി നിഷേധിക്കപ്പെട്ട തോട്ടം തൊഴിലാളികള്‍ അസ്വസ്ഥതയുടെ തടവുകാരവുകയായിരുന്നു. ഇനിയുള്ള കാലം പക്ഷേ പാടികളെ മാത്രം ആശ്രയിച്ച് കഴിയുവാനാകില്ലെന്നുള്ള തിരിച്ചറിവിന്റെ പാതയിലാണ് തോട്ടം തൊഴിലാളികള്‍. ഇവരുടെ നേതൃത്വത്തില്‍ മൂന്നാറിലെ പാര്‍വ്വതീമലയിലേതടക്കമുള്ള ഭൂമികയ്യേറ്റങ്ങളും സമരങ്ങളും ശ്രദ്ധേയി. മുത്തങ്ങ, ചെങ്ങറ ഭൂസമരങ്ങളെ സാമ്രാജ്യത്വ-നക്‌സൈലറ്റ്-മാവോയിസ്റ്റ് ഗൂഢാലോചനയില്‍ കുടുക്കിയപ്പോള്‍ പാര്‍വ്വതിമലയിലെ സമരത്തെ തമിഴ് തീവ്രവാദികളുമായിട്ടാണ് കണ്ണിചേര്‍ത്തത്.

നക്‌സലിസവും ഭൂപരിഷ്ക്കരണവും

1967-ലെ നക്‌സല്‍ബാരി കര്‍ഷക കലാപം ഇന്ത്യയുടെ വിപ്ലവ ചരിത്രമായികുറിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം 10 പേര്‍ കൊല്ലപ്പെട്ട കര്‍ഷക കലാപത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ റവലൂഷണറീസ് രൂപികരിക്കപ്പെട്ടു. അത് പിന്നിട് സി.പി.ഐ (എം എല്‍) എന്ന വിപ്ലവ സംഘടന പിറവിയെടുക്കുന്നതിന് നിദാനമായി. നക്‌സല്‍ബാരി കലാപത്തിന്റെ അനുരണങ്ങള്‍ കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ സൃഷ്ടിക്കപ്പെട്ടു. തലശ്ശേരി-പുല്‍പ്പള്ളി പൊലീസ്-വയര്‍ലെസ് സ്റ്റേഷനുകള്‍ നക്‌സലൈറ്റുകളാല്‍ ആക്രമിക്കപ്പെട്ടു. ഇത് കേരളത്തിലെ നക്‌സലൈറ്റ് വിപ്ലവത്തിന്റെ ആദ്യ സുചകങ്ങളായി.

 നക്‌സല്‍ബാരി കര്‍ഷക കലാപവും അത് ഉയര്‍ത്തിയ വിപ്ലാവന്തീരീക്ഷവും നിലനില്‍ക്കുന്ന ഭൂബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നുവെന്നുളള ശക്തമായി ഓര്‍മ്മപ്പെടുത്തലുകളായി. നക്‌സല്‍ബാരി കലാപം തിരികൊളുത്തിയ ആശങ്കാജനകമായ അവസ്ഥ അന്നത്തെ കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കിയിരുന്ന ഇന്ദിരാഗാന്ധി കൃത്യമായി തന്നെ തിരിച്ചറിഞ്ഞുവെന്നുവേണം പറയാന്‍. ഈ തിരിച്ചറിവിന്റെ ഫലമെന്നോണമാണ് 1970 ജനുവരി ഒന്നു മുതല്‍ ദേശീയ തലത്തില്‍ തന്നെ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ വരുന്നത്. ചുരുക്കത്തില്‍ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ നക്‌സല്‍ബാരി കര്‍ഷക കലാപവും അത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ത്തിയ വിപ്ലവ അന്തരീക്ഷവും രാസത്വരകമായിയെന്ന് പറ്ഞാല്‍ രാഷ്ട്രീയാതിശയോക്തിയാകില്ല.

 മിച്ചഭൂമി വിതരണം അലംഭാവത്തില്‍

 ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കാലതാമസം. മിച്ചഭൂമി കണ്ടുകെട്ടുന്നതില്‍ സര്‍ക്കാര്‍ ഭരണതലത്തില്‍ ഗുരുതരമായ വീഴ്ച. കണ്ടുകെട്ടിയ മിച്ചഭൂമി അര്‍ഹരായ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതില്‍ അക്ഷന്തവ്യമായ അലംഭാവം. പിടിച്ചെടുത്ത മിച്ചഭൂമി വിതരണം ചെയ്യുന്നതിലേ ഗൂരുതരമായ അലംഭാവത്തെ അടയാളപ്പെടുത്തുന്നതാണ് തലശ്ശേരി താലൂക്കിലെ വടക്കേക്കളം മിച്ചഭൂമി കേസ്. 611 ഹെക്ടര്‍ മിച്ചഭൂമി 600 ഓളം കുടിയേറ്റക്കാരുടേയും കയ്യേറ്റക്കാരുടെയും കയ്യിലകപ്പെട്ടു. വിതരണം ചെയ്യപ്പെടേണ്ട മിച്ചഭൂമി കയ്യേറ്റക്കാരില്‍ നിന്ന് പിടിച്ചെടുക്കുകയെന്നത്് മറ്റൊരു സാമൂഹിക-രാഷ്ട്രിയ പശ്‌നമായി. ഈ ഘട്ടത്തില്‍ മിച്ചഭൂമി കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. 1997-ല്‍ ഇടതുസര്‍ക്കാര്‍ കേരള കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെക്കല്‍ നിയമം നിയമസഭയില്‍ പാസാക്കി. കെ.ആര്‍.ഗൗരിയമ്മ ഒഴികെയുള്ള 139 എം.എല്‍.എ.മാരും ഏകകണ്ഠമായാണ് ബില്ലിന് പിന്തുണച്ചത്.

കേരള ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത് 1970-ലെ സി.പി.ഐയുടെ അച്യുതമേനോന്‍ സര്‍ക്കാര്‍. അതേ സി.പി.ഐയുടെ തന്നെ റവന്യൂ മന്തിയായിരുന്ന കെ.ഇ.ഇസ്മയിലാണ് കുടിയൊഴിപ്പിക്കല്‍ നിയമത്തിന് കാര്‍മ്മികത്വം വഹിച്ചതെന്നറിയുക. ഈ നിയമം കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്ക്കരണ നിയമത്തി ന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതായിരുന്നില്ലേയെന്നുള്ള സമസ്യക്ക് ഉത്തരം നല്‍കാന്‍ ഇടതുപക്ഷ പ്രസ്ഥാനക്കാരടക്കമുള്ളവര്‍ ബാധ്യസ്ഥര്‍.

1970 ലെ ഭൂപരിഷ്ക്കരണ നിയമത്തിലെ 82-#ം വകുപ്പുപ്രകാരം രണ്ടില്‍ കൂടുതലും അഞ്ചില്‍ അധികരിക്കാത്തതുമായ കുടുംബത്തിന് 10 സ്റ്റാഡേര്‍ഡ് ഏക്കര്‍ ഭൂമിയാണ് കൈവശപരിധി. ഇത് സാധാരണ ഏക്കര്‍ കണക്കില്‍ 12ല്‍ കുറയുവാനോ 15ല്‍ കൂടുവാനോ പാടില്ലെന്ന് വ്യവസ്ഥ. കൂടുതലായി വരുന്ന ഓരോ അംഗത്തിനും ഓരോ ഏക്കര്‍ എന്ന കണക്കില്‍ കൈവശ പരിധി 20 ഏക്കറായി നിജപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം കൈവശ ഭൂപരിധി നിശ്ചയിക്കപ്പെട്ടതനുസരിച്ച് 7,20,000 ഏക്കര്‍ മിച്ചഭൂമി കണകാക്കപ്പെട്ടു. പക്ഷേ, 1991 വരെ സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിഞ്ഞ മിച്ചഭൂമി 93,178 ഏക്കര്‍ മാത്രമാണ്. ഇതില്‍നിന്ന് വിതരണം ചെയ്യാന്‍ കഴിഞ്ഞ മിച്ചഭൂമിയാകട്ടെ 69,237 ഏക്കര്‍. ഇത് സൂചിപ്പിക്കുന്നത്, ഭൂപരിഷ്ക്കരണ നിയമമുണ്ടായിട്ടും ഭൂരഹിതരുടെ എണ്ണം ഏറുന്നുവെന്നല്ലാതെ ചുരുങ്ങുന്നില്ലെന്നാണ്.

 യുഡിഎഫ്  പ്രകടന പത്രിക

 ഭൂപരിഷ്ക്കരണ നിയമത്തിലെ പഴുതുകളും പിഴവുകളും 10 സെന്റ് കുടികിടപ്പുക്കാരുടേയും തോട്ടം തൊഴിലാളികളുടേതടക്കമുള്ള കുടുംബഘടനയിലെ വ്യതിയാനങ്ങളും അവഗണിക്കപ്പെട്ടതും വിഭവസമാഹരണ സാധ്യത ചോര്‍ത്തിക്കളഞ്ഞതുമെല്ലാമാണ് മുത്തങ്ങ, ആറളം, ചെങ്ങറ, പാര്‍വ്വതിമല തുടങ്ങിയ ഭൂസമരങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഭൂസമരങ്ങള്‍ പിറവിയെടുക്കന്നുതിന്റേയും ശക്തിപ്പെടുന്നതിന്റേയും സാമൂഹിക-രാഷ്ട്രിയ സാഹചര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയണം. അതല്ലാതെ ഭൂസമരങ്ങളെയെല്ലാം ‘അന്യ’രുടെ ഗൂഢാലോചനയായി ചിത്രീകരിക്കുകയല്ല വേണ്ടത്. ഭൂരഹിത ജനതതിയെ സൃഷ്ടിച്ചവര്‍ തന്നെയാണ് ഇന്നത്തെ ഭൂസമരങ്ങള്‍ക്ക് ഉത്തരവാദികള്‍. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഭൂസമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനകളുണ്ടെന്ന് മഷിയിട്ട് കണ്ടുപിടിയ്ക്കാന്‍ തുനിയാതെ ഭൂരഹിതരര്‍ക്ക് ഇനിയെങ്കിലും നീതി ലഭ്യമാക്കുയാണ് വേണ്ടത്.

ഭൂപരിക്ഷ്ക്കരണ നിയമം പ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമാക്കപ്പെട്ട പട്ടയങ്ങളെ വ്യവഹാരമുക്തമാക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രിക (പേജ് 07, 1.02) അടിവരയിടുന്നു. പ്രകടനപത്രികയെ മാനിച്ച്, ഭൂപരിഷ്ക്കരണ നിയമമനുസരിച്ച് നല്‍കപ്പെട്ട ഭൂമി ജന്മിമാരാല്‍ തിരിച്ചുപിടിക്കപ്പെടാതിരിക്കുന്നതിന് നിയമത്തിന്റെ പിഴവുകളും പഴുതുകളുമടച്ചുളള നിയമഭേദഗതിക്ക് യുഡിഎഫ്  സര്‍ക്കാര്‍ തയ്യാറാകണം. മാറിയ വ്യവസായിക വികസന അന്തരീക്ഷത്തെ മുന്‍നിറുത്തി ഭൂപരിഷ്ക്കരണ നടപടികളും വേണ്ടതുതന്നെ.

 ദേശീയ തലത്തില്‍ ഭൂപരിഷ്ക്കരണ നിയമം നിലവില്‍ വന്നിട്ട് 41 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ നിയമം കര്‍ഷക സമൂഹത്തിന് ഇത:പര്യന്തം എത്രത്തോളം പ്രയോജനകരമായി? രാജ്യത്തിന്റെ കാര്‍ഷികോല്പദനത്തില്‍ ഇത് എങ്ങനെ പ്രതിഫലിച്ചു ? ഈ നിയമമുണ്ടായിട്ടും, കര്‍ഷക തൊഴിലാലളികള്‍ക്കും ആദിവാസി-ദളിതര്‍-തോട്ടം തൊഴിലാളികള്‍ക്കുമിടയില്‍ ഭുരഹിതരുടെ എണ്ണം എന്തുകൊണ്ട് പെരുകി ? ഇത്തരം സമസ്യകള്‍ക്ക് ഉത്തരവും ശാശ്വത പരിഹാരവും മുന്‍നിറുത്തി നാലുപതിറ്റാണ്ടു പിന്നിട്ട ഭൂപരിഷ്ക്കരണ നിയമം സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കപ്പെടുകതന്നെ വേണം. പാവപ്പെട്ട ഭൂരഹിതക്ക് പതിച്ചുനല്‍കേണ്ട മിച്ചഭൂമി കുടിയേറിയവരേയും കയ്യേറിയവരേയും സംരക്ഷിക്കുന്ന നിയമത്തിനല്ല മുന്‍ഗണന നല്‍കേണ്ടത്. ഭൂസമരങ്ങള്‍ക്ക് ശാശ്വതപരിഹാരമായി ഭൂരഹിതര്‍ക്ക് ജീവസന്ധാരണദിശയിലൂന്നിയുള്ള കാര്യക്ഷമമായ ഭൂവിതരണ നടപടികളാണ് ആവശ്യം.

 ഇതിനെട,2007ല്‍ പ്രധാനമന്ത്രി അദ്ധ്യക്ഷനായി രുപീകരിക്കപ്പെട്ടതും ഒരുയോഗം പോലും ചേരാത്തതുമായ ദേശീയ ഭുപരിഷ്ക്കരണ കൗണ്‍സില്‍ ഈ മാസം അവസാനം യോഗം ചേരുവാനുളള തീരുമാനം ശ്രദ്ധേയമാണ്. ഭൂരഹിതരായ ആദിവാസികള്‍ക്കും ദളിതര്‍ക്കും തോട്ടം-കര്‍ഷക തൊഴിലാളികള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും ഭൂമി ലഭ്യമാക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്ന ദിശയില്‍ പൊളിച്ചെഴുത്തിന് ഭൂപരിക്ഷ്ക്കരണ നിയമം വിധേയമാക്കപ്പെടണം. ദേശീയ ഭുപരിഷ്ക്കരണ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ശ്രദ്ധയൂന്നുമോയെന്നത് ഇനിയും കാണേണ്ടിയിരിക്കുന്നു.

 

കെ.കെ.ശ്രീനിവാസന്‍/ KK Sreenivasan

this research paper on FOOD SECURITY BILL-2011 was serialized in MANGALM Daily from Feb 06   to 09 2012.

മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കപ്പെടുന്നതില്‍ വീഴ്ച്ചയുണ്ടാകുന്നുവെന്നുവന്നാല്‍ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയില്‍ നിന്ന് രാജ്യം മുക്തമാകുകയില്ലെന്ന മാത്രമല്ല കീരിക്ക് മുന്നില്‍പെട്ട പാമ്പിനെ പോലെയാകും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

 കൊല്ലവര്‍ഷം 1956. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ ചരിത്രത്തില്‍ ഈ വര്‍ഷത്തിന് സവിശേഷ സ്ഥാനം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീത സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലമെന്ന സവിശേഷതയുമുണ്ട് 1956ന്. ആഗോള ശാക്തീക മാത്സര്യത്തില്‍ ഇന്ത്യ സോവിയറ്റ് പക്ഷത്താണെന്ന വിവക്ഷ ശക്തം. ഈ സ്ഥിതിവിശേഷത്തില്‍ ഇന്ത്യയെ സോവിയറ്റ് പക്ഷത്തുനിന്ന് അടര്‍ത്തിയെടുക്കുകയെന്ന തന്ത്രം മെനയുന്നു, അമേരിക്കന്‍ പ്രസിഡന്റ്് ഐസനോ വര്‍. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കയ്യഴഞ്ഞു സഹായിക്കുകയെന്നതായിരുന്നു നയതന്ത്രം. ഇതനുസരിച്ച് 1956 ആഗസ്തില്‍ പബ്ലിക് ലോ-480 (PL-480) പ്രകാരം ഇന്ത്യക്ക് സൗജന്യമായി ഗോതമ്പ് നല്‍കുവാന്‍ ഐസ്‌നോവര്‍ ഭരണകൂടം തീരുമാനം. അതായത് വിശക്കുന്ന ഇന്ത്യന്‍ വയറുകള്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഔദാര്യം. ഇത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ ഭൂതകാലം. ഹരിത വിപ്ലവം പിന്നിടുകയും രണ്ടാം ഹരിതവിപ്ലവത്തിന്റെ ആവശ്യകതയില്‍ ഊന്നുകയും ചെയ്യുന്ന വര്‍ത്തമാനകാല ഇന്ത്യ ഭക്ഷ്യസുരക്ഷക്ക് പുതുപുത്തന്‍ ചരിത്രം കുറിക്കുന്നു. 121 കോടി ഇന്ത്യന്‍ ജനതയുടെ ബഹുഭൂരിപക്ഷത്തിനും (62.5 ശതമാനം) ഭക്ഷ്യസുരക്ഷ നിയമപരമായി തന്നെ ഉറപ്പുവരുത്തുന്നുവെന്നതാണ് ആ പുതുപുത്തന്‍ ചരിത്രം. 2011 ഡിസംബര്‍ 22 നാണ് രാജ്യം ആ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. കേന്ദ്ര ഭക്ഷ്യ വകുപ്പു മന്ത്രി കെ.വി.തോമസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാബില്‍ രാജ്യത്ത് എങ്ങിനെ പ്രതിഫലിക്കുമെന്ന് സൂക്ഷ്മമായി വിലയി രുത്തപ്പെടേണ്ടതുണ്ട്.

പശ്ചാത്തലം

2004 പൊതുതെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ ശോഭിക്കുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരമുറപ്പിക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ കിണഞ്ഞ് പരിശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ പക്ഷേ അവര്‍ക്ക് ശോഭിക്കാനായില്ല. അതേസമയം സര്‍വ്വരേയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ച (Inclusive growth) എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് അധികാരത്തിലേറാനായി. ഇന്ത്യന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ഡോ.മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ അധികാരത്തി ലേറിയ യു.പി.എ സര്‍ക്കാരിന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നുനല്‍കുവാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയം.

ഇന്ത്യന്‍ ഭരണവ്യവസ്ഥയെ അടിമുടി സുതാര്യവത്കരിക്കുന്നതിന്റെ ദിശയില്‍ വിവരാവകാശ നിയമം-2005 നടപ്പിലാക്കിയതിലൂടെ ഒന്നാം യു.പി.എ സര്‍ക്കാര്‍ ജനപക്ഷത്തു തന്നെയെന്നുറപ്പിച്ചു. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിനു പിന്‍ബലമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സര്‍വ്വശിക്ഷാ അഭിയാന്‍, ഭാരത് നിര്‍മാണ്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിലും ഒന്നാം യു.പി.എ സര്‍ക്കാര്‍ അതിന്റെ ഭരണപാടവം തെളിയിച്ചു. ജനക്ഷേമ പദ്ധതികളുടെ തുടര്‍ച്ചയെന്നോണം രണ്ടാം യു.പി.എ സര്‍ക്കാര്‍ ആദ്യം സാക്ഷാത് ക്കരിച്ചതാകട്ടെ വിദ്യാഭ്യാസ അവകാശ നിയമം. ഇപ്പോഴിതാ 2009 ലോകസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സ്ഥാനം പിടിച്ച ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുകയെന്ന ശ്രമകരമായ ദൗത്യം രണ്ടാം യു.പി.എ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. ‘ആം ആദ്മി’യെന്ന മാനവിക കാഴ്ചപ്പാടിനെ പ്രയോഗവ ത്ക്കരിക്കുകയെന്നതാണ് ഭക്ഷ്യസുരക്ഷാ ബില്ലിലൂടെ രണ്ടാം യു.പി.എ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.

യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി (National Advisory Council- NAC) യാണ് നിയമപരമായിതന്നെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന രാഷ്ട്രീയ ഇഛാശക്തി പ്രകടമാക്കിയത്. 90 ശതമാനം ഗ്രാമീണര്‍ക്കും 10 ശതമാനം നഗര വാസികള്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക. രാജ്യത്തെ 75 ശതമാനം ജനങ്ങളെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തുക. ഓരോ കുടുംബത്തിനും സബ്‌സിഡി നിരക്കില്‍ പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്യുക. നിര്‍ദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഇപ്പറഞ്ഞ വയൊക്കെ ഉള്‍പ്പെടുത്തുന്നതില്‍ എന്‍.എ.സി ഏറെ ഊന്നല്‍ നല്‍കി. എന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നിയന്ത്രണത്തില്‍ ഡോ.രംഗരാജന്‍ ചെയര്‍മാനായുള്ള ഇക്കണോമിക് അഡൈ്വസറി കമ്മിറ്റി (EAC) ഇതിനെ പൂര്‍ണ്ണമായും പിന്തുണക്കുവാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയുടെ 43 ശതമാനം ജനങ്ങളെ ഭക്ഷ്യസുരക്ഷാവകാശ നിയമത്തിലുള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു ഇ.എ.സി നിലപാട്. അതായത് 46 ശതമാനം ഗ്രാമീണരേയും 28 ശതമാനം നഗരവാസികളേയും ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന്. ഭക്ഷ്യസുരക്ഷാ സബ്‌സിഡി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് വന്‍ അധിക ബാധ്യത വരുത്തിവച്ചേക്കുമെന്ന സാമ്പത്തിക ശാസ്ത്ര വീക്ഷണത്തിന്റെ പിന്‍ബലത്തിലാണ് ഇ.എ.സി ഭക്ഷ്യസുരക്ഷാനിയമത്തെ സമീപിച്ചത്. ഇപ്പോഴിതാ പക്ഷേ ഏറെ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളുമില്ലാതെ എന്‍.എ.സി മുന്നോട്ടുവച്ച ഭക്ഷ്യസുരക്ഷാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചി രിക്കുന്നു.

ഭക്ഷ്യസുരക്ഷാബില്‍ 2011

സാര്‍വത്രിക പൊതു വിതരണ സമ്പ്രദായമടക്കമുള്ളവക്ക് പകരമായി 1997 ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ടാര്‍ജറ്റഡ് പൊതുവിതരണ സമ്പ്രദായ (Targetted Public Distribution System-TPDS) മനുസരിച്ച് മുന്‍ഗണനാ വിഭാഗം (Priority Section), പൊതു വിഭാഗം (General Section) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ഭക്ഷ്യസുരക്ഷാ ശൃംഖലയിലുപ്പെടുന്നത്. ഭക്ഷ്യസുരക്ഷാ ബില്ലിലെ(1) 23, 24 വ്യവസ്ഥകള്‍ ഈ വിഭാഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. മുന്‍ഗണനാ വിഭാഗത്തിലെ ഒരു വ്യക്തിക്ക് പ്രതിമാസം കിലോക്ക് മൂന്നു രൂപ നിരക്കില്‍ ഏഴുകിലോ അരിയും രണ്ടുരൂപ നിരക്കില്‍ ഗോതമ്പും ഒരു രൂപക്ക് ചാമയും വിതരണം ചെയ്യും. പൊതുവിഭാഗത്തിലെ ഒരാള്‍ക്ക് പ്രതിമാസം നാലു കിലോ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ സംഭരണ വിലയിലെ 50 ശതമാനം നിരക്കില്‍ വിതരണം ചെയ്യും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ആറുമാസം സൗജന്യ ഭക്ഷണം. പ്രസവാനുകൂല്യമായി ആറുമാസം വരെ പ്രതിമാസം 1000 രൂപ ധനസഹായം. ആലംബഹീനര്‍ക്ക് ദിവസവും ഒരു നേരമെങ്കിലും സൗജന്യ ഭക്ഷണം. ഭവന രഹിതര്‍ക്ക് കമ്യൂണിറ്റി കിച്ചണില്‍ നിന്നും സൗജന്യ ഭക്ഷണം. നാടോടികള്‍ക്കും കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷ. ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് 500 കലോറിയും 12 മുതല്‍ 15 ഗ്രാം വരെ പ്രോട്ടീനുമടങ്ങിയ ഭക്ഷ്യവിതരണം ഉറപ്പുവരുത്തേണ്ടതുണ്ട്. 90 ശതമാനം ഗ്രാമീണ കുടുംബങ്ങളും 50 ശതമാനം നഗരവാസികളും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുന്നു.

 രാജ്യത്ത് പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ മേല്‍നോട്ടം വഹിക്കേണ്ട ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പ്രതിവര്‍ഷം 61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (ഗോതമ്പ്, അരി, ചാമ തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുള്‍പ്പെടെ) കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കേണ്ടതുണ്ട്. 2011 ഡിസംബര്‍ 15 വരെ 45,125 കോടി രൂപയുടെ സബ്‌സീഡി(2) അനുവദിച്ചു. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത് പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലേക്ക് ഉയരും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ടി.പി.ഡി.എസ് മാത്രമല്ല ഇപ്പോള്‍ നിലവിലുള്ളത്(3). മിഡ്-ഡേ മീല്‍ സ്കീം, അദ്ധ്വാനത്തിന് പ്രതിഫലമായി ഭക്ഷണം, അന്ത്യോദയാ അന്നയോജന, സംയോജിത ശിശുവികസന പദ്ധതി തുടങ്ങി 13 ഭക്ഷ്യസുരക്ഷ പദ്ധതികള്‍ ഇപ്പോഴേ നിലവിലുണ്ട്. ഇതിനോടൊപ്പമാണ് മൊത്തം മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷാപദ്ധതി.

ഫുഡ് കോര്‍പ്പറേഷന്‍

ടി.പി.ഡിഎസിന് ചുക്കാന്‍പിടിക്കുന്നത് എഫ്.സി.ഐയാണ്. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഭക്ഷ്യധാന്യസംഭരണം മുതല്‍ ന്യായവില ഷോപ്പുകള്‍ (Fair Price Shope-FPS) വരെ വ്യാപിച്ചുകിടക്കുന്ന പൊതുവിതരണ ശൃംഖല കുറ്റമറ്റ രീതിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തന സജ്ജമാക്കേണ്ട ഭാരിച്ച ചുമതല എഫ്.സി.ഐയില്‍ നിക്ഷിപ്തം. ഭക്ഷ്യസുരക്ഷ നിയമപ്രകാരം 61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യേണ്ടത് എഫ്.സി.ഐ. 2011 ഏപ്രില്‍ ഒന്നാം തിയ്യതിവരെ(4)യുള്ള കണക്കു പ്രകാരം മൊത്തം 31.61 മില്യണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചുവക്കുവാനുള്ള സംഭരണശാലകളേ എഫ്.സി.ഐക്കുള്ളൂ. ഇതില്‍ 12.99 മില്യണ്‍ ടണ്‍ സംഭരണശേഷിയുള്ള സംഭരണശാലകളിലും 2.62 മില്യണ്‍ ടണ്‍ വരാന്തയിലും ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കടിയിലുമാണ് സൂക്ഷിക്കുന്നത്. അതായത് മൊത്തം 15.61 മില്യണ്‍ ടണ്‍ സംഭരണശേഷി മാത്രമാണ് എഫ്.സി.ഐക്കുള്ളത്. ബാക്കി 16 മില്യണ്‍ ടണ്‍ ശേഷിയുള്ള സംഭരണ ശാലകള്‍ സ്വകാര്യ മേഖലയില്‍ നിന്ന് എഫ്.സി.ഐ വാടകക്കെടുത്തിരിക്കുകയാണ്.

1950കളുടെ പകുതിയില്‍ തുടങ്ങിയ പൊതുവിതരണ സമ്പ്രദായം നിലവില്‍ വന്നിട്ട് അഞ്ചര പതീറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇക്കാലമത്രയായിട്ടും പൊതുവിതരണ സമ്പ്രദായത്തിന്‍ കീഴിലുള്ള സംഭരണമടക്കമുള്ള വിതരണ ക്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് എഫ്.സി.ഐ തന്നെയാണ്. എന്നാല്‍ കേവലം 31.61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചുവക്കുവാനുള്ള സംഭരണ ശാലകളേ ഇത:പര്യന്തം എഫ്.സി.ഐക്ക് സ്ഥാപിക്കാനാ യുള്ളൂയെന്നത് വിചിത്രം. 2011 ഡിസംബര്‍ ഒന്നുവരെ മൊത്തം 547.19 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്ര പൂളിലുണ്ട് (5). ഇതില്‍ 270.63 ലക്ഷം ടണ്‍ അരിയും 276.56 ലക്ഷം ടണ്‍ ഗോതമ്പുമാണ്. കേവലം 31.61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുവാനുള്ള സംഭരണശാലകളേയുള്ളൂവെന്ന് എഫ്.സി.ഐയുടെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കേന്ദ്രപൂളിലുണ്ടെന്നു പറയുന്ന ഭക്ഷ്യധാന്യങ്ങള്‍ എവിടെ, എങ്ങനെ സൂക്ഷിച്ചുവച്ചിരിക്കുന്നുയെന്നതില്‍ വ്യക്തതയില്ല. ഒട്ടും ആശാവഹമല്ലാത്ത ഇത്തരമൊരു സ്ഥിതിവി ശേഷത്തില്‍ ഭക്ഷ്യസുരക്ഷാനിയമപ്രകാരം സംഭരിച്ച് സൂക്ഷിച്ചുവക്കേണ്ട 61 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എവിടെ, എങ്ങനെ സംഭരിച്ച് സൂക്ഷിച്ചുവയ്ക്കുമെന്നുള്ള ആശങ്ക ഒട്ടുമേ ചെറുതല്ല.

നശിച്ചുപോകുന്ന ഭക്ഷ്യധാന്യങ്ങള്‍

 2011 സെപ്തംബര്‍ വരെ 0.87 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്ത് എഫ്.സി.ഐ ഗോഡൗണുകളില്‍ നശിച്ചുപോയിട്ടുണ്ടെന്ന് കേന്ദ്രഭക്ഷ്യ മന്ത്രി കെ.വി.തോമസ് തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയി ട്ടുണ്ട്.(6) 2010-11 ല്‍ രാജ്യത്ത് 1.56 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോയപ്പോള്‍ 2009-10 ലും 2008-09 ലും യഥാക്രമം 1.31 ഉം 0.58 ലക്ഷം ടണ്ണും നശിച്ചു. ഇത് വ്യക്തമാക്കുന്നത് വര്‍ഷംതോറും നശിച്ചുപോകുന്ന ഭക്ഷ്യധാന്യക്കണക്ക് ഉയരുകയല്ലാതെ കുറയുന്നതേയില്ലെന്നുള്ള താണ്.

1997 മുതല്‍ 2007 വരെയുള്ള കാലയളവില്‍ രാജ്യത്ത് 1300,000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോയെന്ന് ബി.ബി.സി പറയുന്നു(7). വിവരാവകാശ നിയമമനുസരിച്ച് ലഭ്യമാക്കപ്പെട്ട മറുപടിയില്‍ എഫ്.സി.ഐ തന്നെയാണ് ഇത് സമ്മതിച്ചിട്ടുള്ളത്. 1.83 ലക്ഷം ടണ്‍ അരിയും 3.95 ലക്ഷം ടണ്‍ ഗോതമ്പും 22,000 ടണ്‍ നെല്ലും 110 ടണ്‍ ചാമയും നശിച്ചുപോയിട്ടുണ്ടെന്നാണ് വിവരാവകാശ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. പ്രതിവര്‍ഷം 60,000 കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ സംഭരണശാലകളില്‍ കെട്ടിക്കിടന്ന് നശിച്ചുപോകുന്നുവെന്ന് തെഹല്‍ക്ക(8) പറയുന്നു. കാലിത്തീറ്റക്കുപോലും ഉപയോഗിക്കാനാ കാത്തവിധ മാണ് കെട്ടിക്കിടന്നു നശിച്ചുപോകുന്ന ഭക്ഷ്യധാന്യങ്ങള്‍. അതുകൊണ്ടുതന്നെ അവ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകാതെ സംസ്കരിക്കുന്നതിനായി പ്രതിവര്‍ഷം പൊതുഖജനാവില്‍ നിന്ന് 2.6 കോടി രൂപ ചെലവഴിക്ക പ്പെടുന്നു ണ്ടെന്നുപോല്‍!

സംഭരണശാലകളില്‍ ഭക്ഷ്യധാന്യച്ചാക്കുകള്‍ ഒന്നിനുമുകളിലൊന്നായി അട്ടിയിട്ട് വയ്ക്കുന്ന അശാസ്ത്രീയ രീതിയില്‍ മാറ്റം വേണമെന്ന് എം.എസ്. സ്വാമിനാഥനടക്കമുള്ള കാര്‍ഷിക ശാസ്ത്രജ്ഞര്‍ പലകുറി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. ആദ്യം സംഭരിച്ചു വയ്ക്കപ്പെടുന്ന ധാന്യച്ചാക്കുകള്‍ ആദ്യം വിതരണത്തിന് (Firstin-Firstout) എന്ന രീതിയിലുള്ള സംവിധാനം വേണമെന്നാണ് നിര്‍ദ്ദേശങ്ങള്‍. ഇതേക്കുറിച്ച് പഠിക്കാനേറെ വൈകി കമ്മീഷനെ നിയോഗിച്ചു. തുടര്‍ന്ന് ചൈനയിലെ ഭക്ഷ്യധാന്യ സംഭരണശാലാ രീതികള്‍ പഠിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ചൈനയിലേക്കയച്ചു. ലക്ഷങ്ങള്‍ പൊടിപൊടിച്ച ചൈനീസ് സന്ദര്‍ശനം മാത്രം മിച്ചം. ഭക്ഷ്യധാന്യ സംഭരണ രീതിയുടെ പരമ്പരാഗത അശാസ്ത്രീയ രീതി ഇപ്പോഴും തുടരുന്നു.

ഒരു ഭാഗത്ത് ഭക്ഷ്യധാന്യസംഭരണശാലാ സംവിധാനങ്ങള്‍ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്ക പ്പെടണമെന്നുള്ള വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാടേ അവഗണിക്കപ്പെടുന്നു. മറുഭാഗത്താകട്ടെ, രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകുന്നതിന്റെ പ്രതിവര്‍ഷക്കണക്ക് കനംവച്ചുകൊണ്ടേയിരിക്കുന്നു. ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനായുള്ള സംഭരണശാലകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ വ്യവസ്ഥാപിത ഭരണനടപടിക്രമങ്ങളുടെ നൂലാമാലകളിലും സിവില്‍ സര്‍വ്വീസിന്റെ അനാസ്ഥയിലും പെട്ടുഴലുന്ന ഭരണമണ്ഡലത്തില്‍ നിന്ന് സമയബ ന്ധിതമായിതന്നെ പുതിയ സംഭരണശാലകള്‍ സ്ഥാപിക്കപ്പെടുമെന്ന് കരുതാനേ ആവില്ല. അതുകൊണ്ടുതന്നെ ഭക്ഷ്യസുരക്ഷ നിയമപരമായി അവകാശമാക്കപ്പെടുന്നതിന്റെ ഭാഗമായി സംഭരിച്ചുവെയ്ക്കുന്ന ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോകുകയില്ലെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല.

പൊതുവിതരണസമ്പ്രദായത്തിലെ അഴിമതി

ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതു വിതരണ സമ്പ്രദായമാണ് ഇന്ത്യയിലേത്. 478000 ന്യായവില ഷോപ്പുകളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ ഉപഭോക്താക്കളിലെത്തുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള 1820 സംഭരണശാലകളില്‍ നിന്നാണ് ഭക്ഷ്യധാന്യങ്ങള്‍ ന്യായവില ഷോപ്പുകളിലെ ത്തുന്നത്. 2006 മുതല്‍ 2011 ഒക്‌ടോബര്‍ വരെ ടി.പി.ഡി.എസിനു മാത്രമായി 99.5 മില്യണ്‍ ടണ്‍ ഗോതമ്പ് (9) അനുവദിക്കപ്പെട്ടപ്പോള്‍ 72.7 മില്യണ്‍ ടണ്‍ (73.06 ശതമാനം) സംസ്ഥാനങ്ങളെടുത്തു. ഇതേ കാലയ ളവില്‍ 166.3 മില്യണ്‍ ടണ്‍ അരി അനുവദിക്ക പ്പെട്ടപ്പോള്‍ 97.3 മില്യണ്‍ ടണ്‍ മാത്രമാണ് (83.66 ശതമാനം) എടുത്തത്. ഇത്രയും ഭക്ഷ്യധാന്യങ്ങള്‍ പക്ഷേ അര്‍ഹതപ്പെട്ടവരുടെ കൈകളിലെ ത്തിയിട്ടില്ലയെന്നുള്ള ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചിട്ടുള്ളത്.

ഒരു രൂപ മൂല്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതയുള്ളവരുടെ കൈകളില്‍ എത്തിക്കുന്നതിന് 6.68 രൂപ ചെലവ്‌വരുന്നുവെന്ന് 1999-2000 ത്തിലെ ഒരു കണക്ക് പറയുന്നു. മാറിയ സാഹചര്യത്തില്‍ ഇത് ഏറിയിട്ടുണ്ടാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒരിക്കല്‍ പറഞ്ഞത് ജനക്ഷേമ പദ്ധതികള്‍ക്കായി വകയിരുത്തുന്ന ഒരു രൂപയില്‍ 10 പൈസമാത്രമാണ് അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാകുന്നുള്ളൂവെന്നാണ്. ഒരു രൂപയിലെ ഒരു പൈസ മാത്രമാണെ ത്തേണ്ടിടത്ത് എത്തുന്നുള്ളൂയെന്ന് സുപ്രീം കോടതി ഒന്നുരണ്ടുപടികൂടി കടന്നുപറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച വാദുവ കമ്മിറ്റി(10) റിപ്പോര്‍ട്ട് പൊതുവിതരണ ശൃംഖലയിലെ അഴിമതിയും കാര്യക്ഷമതയില്ലായ്മയും അടിവരയിടുന്നുണ്ട്. സ്വകാര്യ സംഭരണ ഏജന്റുമാര്‍, വാഹന ഉടമകള്‍, മില്ലുടമകള്‍, ഉദ്യോഗസ്ഥവൃന്ദം, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ക്കിടയിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പൊതുവിതരണ സമ്പ്രദായത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിമാറ്റിയിട്ടുണ്ട്. ന്യായവില ഷോപ്പുകളിലെത്തേണ്ട ഭക്ഷ്യധാന്യങ്ങള്‍ മില്ലുകളിലേക്കും പൊതുവിപണിയിലേക്കുമെത്തിക്കുന്നതിന് വഴിയൊരുക്കുന്നത് ഈ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് വാദുവക്കമ്മിറ്റി വ്യക്തമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ 11 മുതല്‍ 48 ശതമാനം റേഷനരി തിരിമറി നടത്തപ്പെടുമ്പോള്‍ ഗോതമ്പ് തിരിമറി 43 മുതല്‍ 88 ശതമാനം വരെയാണെന്ന് റിഥിക ഖരേയുടെ റിസര്‍ച്ച് റിപ്പോര്‍ട്ട്(11) പറയുന്നു.

വര്‍ഷംതോറുമുള്ള സി.എ.ജി റിപ്പോര്‍ട്ടുകളില്‍ റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തിലെ അഴിമതിക്കണക്കുകള്‍ സ്ഥിരം ചേരുവയാണ്. 1997-2002 കാലയളവില്‍ ടണ്‍കണക്കിന് റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ അഴിമതിക്കഥകളാണ് പുറത്തുവന്നിട്ടുള്ളത്. ബീഹാറില്‍ റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തില്‍ 1,412.54 കോടിരൂപയുടെ അഴിമതിയുണ്ടായിട്ടുണ്ടെന്ന് സി.എ.ജി പറയുന്നു.(12) മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ജിഗോങ് അപ്പാങ് 1,000 കോടിയുടെ പി.ഡി.എസ് അഴിമതി കേസില്‍ 2010 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.(13) അസ്സമില്‍ തരുണ്‍ഗോയ് സര്‍ക്കാരിനു കീഴില്‍ 10,000 കോടി രൂപയുടെ പി.ഡി.എസ് അഴിമതി നടന്നിട്ടുണ്ടെന്ന് മുഖ്യ പ്രതിപക്ഷമായ അസം ഗണതന്ത്രപരിഷത്ത് ആരോപിക്കുന്നു.(14) യു.പിയില്‍ 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 35,000 കോടി രൂപയുടെ പി.ഡി.എസ് അഴിമതി നടന്നെന്ന് വിക്കീപിഡിയ.(15) രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ 2008-2009 ല്‍ ഭക്ഷ്യ ധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്ന് പി.ഡി.എസിലേക്ക് വരേണ്ടിയിരുന്ന ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി നിരോധനത്തെ മറികടന്ന് കയറ്റുമതി ചെയ്തു. ആഗോള വിപണിയിലെ ഭക്ഷ്യവിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നുയിത്. ഈ അഴിമതിയിലൂടെ 2,500 കോടി രൂപയുടെ റേഷന്‍ ഭക്ഷ്യധാന്യങ്ങളാണ് കടല്‍ കടന്നുപോയത്.(16)

ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ കൃത്യമായി ന്യായവില ഷോപ്പുകളില്‍ നിന്ന് വാങ്ങുന്നില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള പഠനങ്ങളുമുണ്ട്.(17) രാജസ്ഥാന്‍ കേന്ദ്രീകരിച്ച് നടത്തിയ ഈ പഠനം പറയുന്നത് മൂന്നിലൊന്ന് കുടുംബങ്ങള്‍ മാത്രമാണ് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നുള്ളൂവെന്നാണ്്. ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ പോലും തങ്ങള്‍ക്കനുവദിക്കപ്പെടുന്ന ഭക്ഷ്യധാന്യ ക്വാട്ട ഉപയുക്തമാക്കുന്നില്ല. അനുവദിക്കപ്പെടുന്ന പ്രതിമാസ 35 കിലോഗ്രാമിലെ 12.5 കിലോഗ്രാം മാത്രമാണ് വാങ്ങുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും റേഷന്‍ ഭക്ഷ്യധാന്യ ഉപയുക്തത രാജസ്ഥാനില്‍ നിന്ന് ഒട്ടുംതന്നെ വ്യതിരിക്തമാകുന്നില്ല.

റേഷന്‍ ഭക്ഷ്യധാന്യക്വാട്ട അര്‍ഹതപ്പെട്ടവര്‍ കൃത്യമായി ഉപയുക്തമാക്കുന്നില്ലെങ്കില്‍ തന്നെയും പി.ഡി.എസിലെത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിന് ഒരു കുറവുമില്ല. ഉപയുക്തമാക്കാത്ത ഭക്ഷ്യധാന്യ ക്വാട്ടകളൊക്കെ വന്‍കിട സ്വകാര്യ മില്ലുകളിലെത്തി മൂല്യവല്‍കൃത ഭക്ഷ്യഉല്പന്നങ്ങളായി പൊതുവിപണിയില്‍ തിരിച്ചെത്തുന്നു. അത് ഉയര്‍ന്ന വിലക്ക് വില്‍ക്കപ്പെടുന്നു. വാങ്ങിക്കപ്പെടുന്നു. മറ്റൊരു ഭാഗം സ്വകാര്യ ക്കച്ചവടക്കാരിലൂടെ പൊതുവിപണിയില്‍ തന്നെ വില്പ്പനക്കായി എത്തുന്നു. റേഷന്‍ ക്വാട്ട ഉപയുക്തമാക്കാത്തവര്‍ പൊതുവിപണിയില്‍ നിന്ന് ഉയര്‍ന്ന വിലക്ക് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നുവെന്നും ഖരെയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു. പി.ഡി.എസ് ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ ഉപയുക്തമാക്കുന്നില്ലെന്നിടത്ത് പി.ഡി.എസിലെ അഴിമതികള്‍ക്ക് വളം ആകുന്നുവെന്നത് സുനിശ്ചിതം. 40 ലക്ഷം കേരളീയര്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യക്വാട്ട നഷട്‌പ്പെടുമെന്ന ആശങ്കയുര്‍ത്തി കേരളത്തിലെ റേഷന്‍ ഡീലേസ് വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷപദ്ധതിക്കെതിരെ മുന്നോട്ടുവന്നിരിക്കുന്നു! ഇതിന് പിന്നില്‍ ഉപയുക്തമാക്കപ്പെടാതെപോകുന്ന റേഷന്‍ ഭക്ഷ്യധാന്യക്വാട്ടയുടെ തിരിമറി നിന്നുപോകുമെന്ന വേവാലതിയല്ലാതെ മറ്റെന്താണ്?

റേഷന്‍ ഭക്ഷ്യവസ്തു വിതരണ അഴിമതിയില്‍ മുങ്ങിക്കുളിച്ച പി.ഡി.എസിലൂടെ നിയമപരമായ ഭക്ഷ്യ സുരക്ഷ അവകാശം ഉറപ്പുവരുത്താനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പി.ഡി.എസിനെ അഴിമതി വിമുക്തമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുവെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പുമന്ത്രി കെ.വി.തോമസ് പറയുന്നു.(18) പി.ഡി.എസ് നവീകരിക്കാന്‍ 4000 കോടി രൂപ വകയിരുത്തിയിട്ടുണ്ട.് ഭക്ഷ്യസാധനങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കും. എഫ്.സി.ഐ സംഭരണശാല മുതല്‍ ഉപഭോക്താവിന്റെ പക്കലെത്തുന്നതുവരെ പി.ഡി.എസ് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കും. ഉപഭോക്താക്കള്‍ റേഷന്‍ സാധനങ്ങള്‍ സ്വീകരിച്ചുവെന്നുറപ്പാക്കാന്‍ ആധാര്‍/ബയോമെട്രിക് സംവിധാനം ആവിഷ്ക്കരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഉറപ്പുകള്‍ നല്‍കപ്പെടുമ്പോള്‍ തന്നെ ഭക്ഷ്യമന്ത്രിയുടെ സംസ്ഥാനത്തുപോലും ബി.പി.എല്‍ പട്ടികയില്‍ അനര്‍ഹരായ 23000 സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരെ തിരുകിക്കയറ്റുന്നുവെന്ന റിപ്പോര്‍ട്ട്(19) വിരല്‍ചൂണ്ടുന്നത് പി.ഡി.എസ് അഴിമതിയിലേക്കുതന്നെ. പൊതുമേഖല സംരംഭങ്ങളുടെ ഓഹരി വിറ്റിഴിക്കപ്പെന്നു. എന്നിട്ടും ജനക്ഷേമ പദ്ധതി കള്‍ക്ക് ഫണ്ട് തികയാതെ രാജ്യത്തിന്റെ സ്വത്ത് പണയംവെച്ചുപോലും 50,000 കോടി രൂപ വായ്പ യെടുക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.(20) ‘വിത്തെടുത്തുകുത്തി തിന്ന്’ ആവിക്ഷ്ക്കരിക്കപ്പടുന്ന ഭക്ഷ്യസു രക്ഷ പദ്ധതിക്ക് മൊത്തം മൂന്നര ലക്ഷം കോടി രൂപയാണ് ചെലവഴിക്കപ്പടുക. ‘വിത്ത ്’തിന്നുകഴിയുമ്പോള്‍, പി.ഡി.എസ് അഴിമതിവിമുക്തമാക്കപ്പെടുന്നില്ലെങ്കില്‍, അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കുമേല്‍ ഇടിത്തീയായി പെയ്തിറങ്ങിയേക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. ദേശീയ ആരോഗ്യമിഷന്‍ പദ്ധതിയില്‍ ഉത്തര്‍പ്രദേശില്‍ 1851 കോടിയുടെ അഴിമതിയാണ് പുറത്തുവന്നിട്ടുള്ളത്.(21)

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ യു.പിയില്‍ മാത്രമായി 10,000 കോടി രൂപയുടെ അഴിമതി.(22) ഒന്നുമുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍ തിരിമറികളുണ്ടായിട്ടുണ്ടെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.(23) ഇതെല്ലാം വ്യക്തമാക്കുന്നത് യു.പി.എ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെല്ലാംതന്നെ അഴിമതിയില്‍ കൂപ്പുകുത്തിയിരിക്കുന്നവെന്നുതന്നെയാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി ലക്ഷം കോടികള്‍ ചെലവ് പ്രതീക്ഷിക്കുന്ന ഭക്ഷ്യസുരക്ഷാപദ്ധതി അഴിമതി വിമുക്തമാക്കപ്പെടുന്നിടത്തായിരിക്കും ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ വിജയവും പരാജയവും നിര്‍ണ്ണയിക്കപ്പെടുക.

ഭക്ഷ്യസുരക്ഷാബില്ലും ലോക്പാലും

പി.ഡി.എസ് അഴിമതി രഹിതമാക്കുന്ന ദിശയില്‍ ഉദ്യോഗസ്ഥവൃന്ദത്തിലെ ഗ്രൂപ്പ് സി, ഡി വിഭാഗങ്ങള്‍ ഏറെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, സപ്ലൈ/റേഷനിങ്ങ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് ഗ്രേഡിലുള്ളവരൊക്കെയാണ് ഈ ഗ്രൂപ്പിലുള്‍പ്പെടുന്നവര്‍. ഇവരില്‍ പി.ഡി.എസ് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കന്നവരാണ് റേഷനിങ്ങ്/സപ്ലൈ ഓഫീസര്‍മാര്‍. ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളെ ലോക്പാല്‍ ബില്ലിന്റെ പരിധിയിലുള്‍പ്പെടുത്തുന്നതിലുള്ള വൈമുഖ്യം പി.ഡി.എസ് അഴിമതി ശാശ്വതവത്ക്കരിക്കുന്നതിനേ വഴിവെക്കൂ. ഭക്ഷ്യസുരക്ഷ നിയമപരമായി അവകാശമാക്കപ്പെടുമ്പോള്‍ പി.ഡി.എസിലെ അഴിമതിക്ക് വിരാമമിടേണ്ടത് അനിവാര്യമാണ്. ഈ അനിവാര്യത തിരിച്ചറിഞ്ഞ് റേഷനിങ്ങ്/സപ്ലൈ ഓഫീസര്‍മാരുള്‍പ്പെടുന്ന ഗ്രൂപ്പ് സി,ഡി വിഭാഗങ്ങള്‍ ലോക്പാല്‍ ബില്ലിന്റെ പരിധിയിലുള്‍പ്പെടുത്തപ്പെടണം.

നിര്‍ദ്ദിഷ്ട ലോകാപാല്‍ ബില്ലില്‍ ഇവര്‍ക്കെതിരെയുള്ള അഴിമതിയാരോപണ അന്വേഷണം രഹസ്യമായിരിക്കുമെന്നു പറയുന്നു. രഹസ്യസ്വഭാവമുള്ള അന്വേഷണം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നതിന് കാരണമാകുന്നു. ഉദ്യോഗസ്ഥ സംഘടനാ നേതൃത്വങ്ങള്‍ പലപ്പോഴും അഴിമതിക്കാരായ തങ്ങളുടെ സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാരിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുംമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നത് ഒട്ടും പുതുമയുള്ളതല്ലെന്നോര്‍ക്കണം. പി.ഡി.എസ് അഴിമതിരഹിതമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപിത നടപടികള്‍ക്ക് അനുഗുണമായിരിക്കില്ല രഹസ്യമാക്കിവെക്കുന്ന അന്വേഷണം. കേന്ദ്രസര്‍ക്കാരിന്റെ 5.7 മില്യണ്‍ ഉദ്യോഗസ്ഥരില്‍ 64.8 ശതമാനം ഗ്രൂപ്പ് സിയിലും 28.5 ശതമാനം ഗ്രൂപ്പ് ഡിയിലുമുള്‍പ്പെടുന്നവരാണ്.(24) ഇവര്‍ ഒരു വോട്ടുബാങ്കുകൂടിയാണ്. അതുകൊണ്ടുതന്നെയാണ് ഇവരെ ലോക്പാല്‍ ബില്ലിലുള്‍പ്പെടുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിമുഖരാകുന്നത്. ഈ വിമുഖത പക്ഷേ ഭക്ഷ്യസുരക്ഷാനിയമം അഴിമതിരഹിതവും കാര്യക്ഷമവുമാക്കി പ്രാബല്യത്തില്‍ വരുത്തുന്നതിന് വിലങ്ങുത ടിയാകാതെ പോകില്ല.

സര്‍ക്കാര്‍ സംഭരണത്തിന്റെ പ്രത്യാഘാതം

ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നതിനായി രാജ്യത്തുല്പാദിപ്പിക്കപ്പെടുന്ന ഗോതമ്പ്, അരി, ചാമയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ സിംഹഭാഗവും താങ്ങുവില നല്‍കി കര്‍ഷകരില്‍ നിന്നും സര്‍ക്കാരിന് സംഭരിക്കേണ്ടിവരും. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് റീട്ടെയില്‍ വിപണിയിലേക്കുള്ള വിദേശനിക്ഷേപ ബില്‍ താല്‍ക്കാലികമായി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. 30 ശതമാനം ഉല്പന്നങ്ങള്‍ പ്രാദേശികമായി തന്നെ വിദേശ റീട്ടെയില്‍ സ്ഥാപനങ്ങള്‍ സംഭരിക്കണമെന്നാണ് നിര്‍ദ്ദിഷ്ട ബില്ലിലെ വ്യവസ്ഥ. എന്നാല്‍ ഇത്രയും ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമെന്നുറപ്പില്ല. ഗണ്യമായ താങ്ങുവില നല്‍കി സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുമെന്നതാണിതിനു കാരണം. അതുകൊണ്ടുതന്നെ പ്രാദേശിക സംഭരണമെന്നത് വിദേശ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് അത്രകണ്ട് എളുപ്പമാകില്ല. ഈ അവസ്ഥയില്‍ സര്‍ക്കാര്‍ താങ്ങുവിലയേക്കാള്‍ കൂടുതല്‍ നല്‍കി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ സ്വകാര്യ സംരംഭകര്‍ നിര്‍ബ്ബന്ധിക്കപ്പെടും. ഇത് സംഭരണ തലത്തില്‍ സര്‍ക്കാരും സ്വകാര്യ സംരംഭകരും തമ്മിലുള്ള മത്സരത്തിനിട വരുത്തം. ഇവിടെ സൃഷ്ടിക്കപ്പെടുന്ന ‘വില്പനക്കാരുടെ വിപണി’ (Sellers’ Market) യിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നതിനുള്ള അവസരം കൈവന്നേക്കും.

സ്വകാര്യ സംരംഭകര്‍ ശേഖരിക്കുന്ന ഭക്ഷ്യ ഉല്പന്നങ്ങള്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംഭരണശാലകളിലാകും സൂക്ഷിക്കുക. സര്‍ക്കാരിന്റെ സംഭരണ ശാലകളിലാകട്ടെ വലിയൊരു പങ്ക് ഭക്ഷ്യ ധാന്യവും കെട്ടിക്കിടന്ന് നശിച്ചുപോകുന്നവസ്ഥ. അവശേഷിക്കുന്നവയാകട്ടെ അഴിമതിയിലും കെടുകാ ര്യസ്ഥതയിലും കുടുങ്ങുന്നു. സര്‍ക്കാര്‍ ശേഖരിച്ചുവെയ്ക്കുന്ന ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ വീഴ്ച്ചക ളില്ലാതെ പൊതുവിതരണ ശൃംഖലയിലൂടെ കൃത്യമായി ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്ന് ഉറപ്പിക്കാനാവില്ല. അതായത് സര്‍ക്കാര്‍ മുന്‍കൈയില്‍ ശേഖരിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങള്‍ ‘പൂഴ്ത്തി’വെ ക്കപ്പെടുന്നുവെന്ന വല്ലാത്തൊരവസ്ഥ!

പി.ഡി.എസിലെ വീഴ്ച്ചയില്‍ റേഷനുല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ കൈകളിലെത്താതിരിക്കുമ്പോഴുണ്ടാകുന്ന പ്രതികൂലാവസ്ഥയില്‍ വിപണി നിയന്ത്രണം സ്വകാര്യ സംരംഭക/കച്ചവടക്കാരുടെ കൈപ്പിടിയിലെത്തും. ഈ അവസരത്തില്‍ സ്വകാര്യസംരംഭകര്‍ സര്‍ക്കാരിനോട് മത്സരിച്ച് ഉയര്‍ന്ന വിലക്കുവാങ്ങി ഭദ്രമായി കേടുകൂടാതെ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭക്ഷ്യ ഉല്പന്നങ്ങളായിരിക്കും വിപണിയില്‍ ആധിപത്യമുറപ്പിക്കുക. ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിക്കുക സ്വകാര്യ സംരംഭകരും കച്ചവടക്കാരുമായിരിക്കുമ്പോഴത് ഭക്ഷ്യവിലക്കയറ്റത്തില്‍ കലാശിക്കും. സര്‍ക്കാരിന്റെ പി.ഡി.എസിലെ വീഴ്ച്ചകളില്‍ വിപണി പൂര്‍ണ്ണമായും സ്വകാര്യസംരംഭകരുടെ നിയന്ത്രണ ത്തിലകപ്പെടുമെന്ന് ചുരുക്കം. ഈഅവസ്ഥയിലാകട്ടെ പൊതുവിപണിയില്‍ ഭക്ഷ്യവിലക്കയറ്റം നിയന്ത്രണ വിധേയമാക്കു കയെന്നത് സര്‍ക്കാരിന് ശ്രമകരമാകും.

കര്‍ഷകരില്‍ നിന്നും സംഭരിക്കപ്പെടുന്ന ഭക്ഷ്യ ധാന്യങ്ങള്‍ക്ക് താങ്ങുവില കൃത്യ സമയത്ത് തന്നെ വിതരണം ചെയ്യപ്പെടുന്നുവെന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ട്. 2004-2010 കാലയളവില്‍ ഭക്ഷ്യധാന്യങ്ങളുടെ താങ്ങു വില 39 ല്‍ നിന്ന് 78 ശതമാനമായി വര്‍ദ്ധിച്ചു. പയറുവര്‍ഗ് ഗങ്ങളുടേയും ഭക്ഷ്യ എണ്ണയുടേയും താങ്ങുവിലയിലുണ്ടായ വര്‍ദ്ധന 104 ശതമാനം.(25) താങ്ങുവി ലയി നത്തി ല്‍ കോടി കളുടെ കുടിശിക കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. ഭക്ഷ്യ ധാന്യങ്ങള്‍ സംഭരി ച്ചതുമായി ബന്ധപ്പെട്ട് എഫ്.സി.ഐ 85,339 കോടി രൂപയുടെ കുടിശിക കൊടുത്തുതീര്‍ ക്കാനു ണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസ് രാജ്യസഭയില്‍ പറഞ്ഞു.(26) സംഭരിക്കപ്പെടുന്ന ഭക്ഷ്യധാന്യ ങ്ങളുടെ പ്രതിഫലം കുടി ശികയില്‍ കുടുങ്ങുമെന്നു വരുമ്പോള്‍ തീര്‍ച്ചയായും തങ്ങളുടെ ഉല്പന്നങ്ങള്‍ സര്‍ക്കാരിന് നല്‍കാന്‍ കര്‍ഷകര്‍ മടിക്കും. ഇത് സര്‍ക്കാരിന്റെ ഭക്ഷ്യധാന്യ ശേഖരത്തിന്റെ താളം തെറ്റിക്കും. ഈ യൊരവസ്ഥ സ്വാഭാവികമായും ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പ്രയോ ഗവല്‍ക്കരണത്തെതന്നെയായിരിക്കും അവതാളത്തി ലാക്കുക.

 ഭക്ഷ്യധാന്യ കയറ്റുമതി

ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതുമുതല്‍ ഇന്ത്യയുടെ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി കാര്യമായിതന്നെ കുറച്ചേക്കാം. ഇതുപക്ഷേ വിശ്വവ്യാപാര സംഘടനയുടെ (WTO) വ്യവസ്ഥയുടെ ലംഘനമായിമാറിയേക്കുമെന്നത് കാണാതെ പൊയ്ക്കൂട. വിശ്വവ്യാപാര സംഘടനക്ക് മുന്നോടിയായുള്ള 1994 ലെ ഗാട്ട് കരാറിലെ 11-ാം വകുപ്പ് അംഗ രാഷ്ട്രങ്ങളുടെ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി നിരോധനത്തെ വിലക്കുന്നു.(27) അതേസമയം കയറ്റുമതി രാഷ്ട്രത്തിന്റെ ഭക്ഷ്യസുരക്ഷ ഭീഷണിയിലാണെന്നു വന്നാല്‍ താല്‍ക്കാലികമായുള്ള കയറ്റുമതി നിരോധനത്തിനും നിയന്ത്രണത്തിനുമുള്ള വ്യവസ്ഥയുണ്ട്. ഇതുപക്ഷേ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാണുതാനും.

ദോഹാറൗണ്ട് ചര്‍ച്ചയില്‍, ദോഹാ ഡെവലപ്‌മെന്റ് അജണ്ടപ്രകാരം കയറ്റുമതി നിരോധന/നിയന്ത്രണത്തെപ്രതി ജി-20 രാഷ്ട്രങ്ങള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കയറ്റുമതി നിരോധന/നിയന്ത്രണ തീരുമാനം ബന്ധപ്പെട്ട രാഷ്ടം 90 ദിവസത്തിനുള്ളില്‍ വിശ്വവ്യാപാര സംഘടനയെ അറിയിക്കണം. നിരോധനം/നിയന്ത്രണം സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തേക്കുവരെയാകാം. എന്നാല്‍ ഇത് 18 മാസത്തി ലധികമാകുമെന്നുവന്നാല്‍ ഇറക്കുമതി രാഷ്ട്രത്തിന്റെ അനുമതിവാങ്ങാന്‍ കയറ്റുമതി രാഷ്ട്രം ബാദ്ധ്യസ്ഥമാണ്. കാര്‍ഷിക ഭക്ഷ്യഉല്പന്നങ്ങളുടെ കയറ്റുമതി നിരോധനം/നിയന്ത്രണം – പ്രത്യേകിച്ചും ദരിദ്ര രാഷ്ട്രങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം – അനുവദിക്കരുതെന്ന് ഈജിപ്ത് വിശ്വവ്യാപാര സംഘടനയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ദാരിദ്രമനുഭവിക്കുന്നവരുടെ ഭക്ഷ്യസുരക്ഷക്ക് വന്‍ ഭീഷണിയാകുമെന്നതാണ് കയറ്റുമതി/നിയന്ത്രണ വ്യവസ്ഥകള്‍ക്ക് ആധാരം.

ഭക്ഷ്യോല്പന്നങ്ങളുടെ ആഭ്യന്തര ആവശ്യം എത്രയെന്നുള്ള കണക്ക് തിട്ടപ്പെടുത്തുന്നതില്‍ ഇനിയും വ്യക്തത കൈവരിച്ചിട്ടില്ല. ഊഹംവച്ചാണ് പലപ്പോഴും ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നത്. ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ യഥാര്‍ഥ പട്ടികയുണ്ടാക്കാന്‍ ഇനിയുമായിട്ടില്ല. യുണീക് ഐ.ഡി. കാര്‍ഡ്/ആധാര്‍ തുടങ്ങിയവ ഇക്കാര്യത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് പ്രവചിക്കാനുമാകില്ല. കൃത്യമായ ധാരണയും വ്യക്തതയുമില്ലാതെ ശേഖരിച്ചുവക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ ഒട്ടുംതന്നെ ചെറുതല്ലാത്ത ഭാഗം സര്‍ക്കാര്‍ സംഭരണ ശാലകളില്‍ കെട്ടിക്കിടന്ന് കാലിത്തീറ്റക്കുപോലും ഉപയോഗിക്കാനാവാത്തവിധം നശിച്ചുപോകുന്നു. മറ്റൊരംശമാകട്ടെ കൊടിയ അഴിമതിയുടെ ഭക്ഷ്യശേഖരം! കയറ്റുമതിപോലും വേണ്ടെന്നുവച്ച് ശേഖരിച്ചു വയ്ക്കപ്പെടുന്നവയാണീ ഭക്ഷ്യധാന്യങ്ങളെന്ന് ഓര്‍ക്കണം. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്പന്ന കയറ്റുമതി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്താല്‍ അത് രാജ്യത്തിന്റെ വ്യാപാരശിഷ്ട ത്തെ ബാധിക്കും.

കാലാവസ്ഥാ വ്യതിയാനം

 മുഖ്യമായും കാലാവസ്ഥയെ ആശ്രയിച്ചാണ് ഇന്ത്യയില്‍ കാര്‍ഷികോല്‍പ്പാദനം. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള ആകുലതകള്‍ ആഗോള തലത്തില്‍ തന്നെ ആളിപ്പടരുകയാണ്. ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസ് ഏറിയാല്‍ പോലും അത് ഗോതമ്പ് ഉല്‍പ്പാദനത്തെ ഗണ്യമായി ബാധിക്കും.(28) അന്തരീക്ഷ ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമ്പോള്‍ ഗോതമ്പുല്പാദനത്തില്‍ അഞ്ചു മുതല്‍ പത്തു ശതമാനം വരെ നഷ്ടം രേഖപ്പെടുത്തുന്നു. ആറ് ശതമാനം കുറവായിരിക്കും അരിയുല്പാദനത്തില്‍ രേഖപ്പെടുത്തുക. അന്തരീക്ഷ ഊഷ്മാ വിലുണ്ടാകുന്ന ചെറു വ്യതിയാനം പോലും കാര്‍ഷിക ഭക്ഷ്യ വിളകളുടെ ഉല്പാദനത്തെ ഗുരുതരമായി ബാധിക്കുമെന്നത് ഭക്ഷ്യസുരക്ഷാപദ്ധതിക്ക് വന്‍ വെല്ലുവിളിയാണ്. പ്രകൃതി ചതിച്ചാല്‍ ഭക്ഷ്യോല്പാദനം മൂക്കുകുത്തും. അപ്പോള്‍പോലും ഭക്ഷ്യ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ട നിയമപരമായ ബാദ്ധ്യത നിറവേറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടും.

ജീവിത ശൈലീമാറ്റം

 ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ പാതയിലാണെന്ന് സാമ്പത്തിക ശാസ്ത്രലോകം ഏറെ അഭിപ്രായ ഭിന്നതകളില്ലാതെ അംഗീകരിക്കുന്നുണ്ട്. ഇന്‍ക്ലൂസിവ് ഗ്രോത്ത് എന്ന സങ്കല്‍പ്പം സാക്ഷാത്ക്കരിക്കപ്പെടുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും ഇന്ത്യന്‍ ജനതയുടെ ജീവിത നിലവാര സൂചിക മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ പ്രകടമാണ്. മഹാഭൂരിപക്ഷം വരുന്ന ഗ്രാമീണരുടെ വാങ്ങല്‍ശേഷിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെയും സമ്പാദ്യ/സംരംഭകത്വ പദ്ധതിയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് കടംകൊടുക്കല്‍ പദ്ധതിയിലേക്ക് വഴിമാറിയ ലഘുവായ്പാ സ്ഥാപനങ്ങളി (Micro Finance Institutions-MFIs) ലൂടെയും പമ്പുചെയ്യപ്പെടുന്ന കോടാനുകോടി ഫണ്ടാണ് ഗ്രാമീണ ജനതയുടെ വാങ്ങല്‍ശേഷി മാറ്റത്തില്‍ മുഖ്യമായും പ്രതിഫലിച്ചിട്ടുളളത്.

കോര്‍പ്പറേറ്റ് ഇന്ത്യ ശക്തിപ്പെടുന്നതിലെ നിഷേധാത്മകവശങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ തന്നെ അതുണ്ടാക്കിയെടുക്കുന്ന തൊഴിലവസരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ മാത്രമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അപ്പര്‍ മിഡില്‍ ക്ലാസ്, മിഡില്‍ ക്ലാസ്, ലോവര്‍ മിഡില്‍ ക്ലാസ്, ദരിദ്രര്‍ എന്നിങ്ങനെ ജനങ്ങളെ സാമ്പത്തികമായി വേര്‍തിരിക്കുന്നു.(29) മാറിയ സാഹചര്യത്തില്‍ ലോവര്‍ മിഡില്‍ ക്ലാസിലേയും ദരിദ്ര വിഭാഗങ്ങളിലേയും ഗണ്യമായൊരു വിഭാഗം മിഡില്‍ ക്ലാസിലേക്കുയുരുന്നുണ്ട്. കോര്‍പ്പറേറ്റ് ഇന്ത്യയുടെ വളര്‍ച്ച ഇപ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് തുണയാകുന്നു.

ഇന്ത്യന്‍ ജനതയുടെ ജീവിത നിലവാര സൂചിക ഉയരുന്നതുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും കുറവല്ല. 2007-08 ല്‍ ലോകം, പ്രത്യേകിച്ചും അമേരിക്ക ഭക്ഷ്യ വിലക്കയറ്റത്തിനടിപ്പെട്ടപ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞത് ആഗോള ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാരണക്കാര്‍ ഇന്ത്യന്‍ ജനതയാണെന്നാണ്.(30) എന്തിനധികം ആധുനിക ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ തലതൊട്ടപ്പനെന്ന് വിശേഷിപ്പിക്കാവുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങും കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസും ബുഷിന്റെ അഭിപ്രായത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധേയമായി, പ്രത്യേകിച്ചും രാജ്യത്ത് ഈയിടെയുണ്ടായ ഭക്ഷ്യവിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍.

രാജ്യത്തെ വിലക്കയറ്റം ചോദന വര്‍ദ്ധന (Demandpull Food Inflation) യുടേയും ഇന്ത്യന്‍ അഭിവൃദ്ധിയുടേയും അടയാളമായിട്ടാണ് പ്രധാനമന്ത്രി ഇന്ത്യന്‍ വിലക്കയറ്റത്തെ കാണുന്നത്.(31) പാല്‍, ഇറച്ചി, മുട്ട, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ ഉപഭോഗം കുത്തനെ കൂടിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി തോമസ്. അതേസമയം ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ചോദനമുയരുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സബ്‌സിഡി അനുവദിക്കാനാവില്ലെന്നും ഭക്ഷ്യമന്ത്രി തോമസ് വ്യക്തമാക്കുന്നു. ഇതില്‍ പതിയിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ വശങ്ങള്‍ സൂക്ഷ്മമായി വിശകലന വിധേയമാക്കുന്നിടത്തായിരിക്കും തോമസ് തന്നെ അവതരിപ്പിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പ്രയോഗതലത്തിലുണ്ടാകാനിടയുള്ള ആശാസ്യമല്ലാത്ത അവസ്ഥ അനാവരണം ചെയ്യപ്പെടുക.

അരി, ഗോതമ്പ്, ചാമയടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ ‘അസംസ്കൃത’ ഭക്ഷ്യ ഉല്പന്നങ്ങള്‍ മാത്രം. ജനങ്ങളുടെ ഭക്ഷണ രീതിയില്‍ ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ടെന്നു പറയുന്ന മന്ത്രി തോമസും ഭക്ഷ്യവിലക്കയറ്റം അഭിവൃദ്ധിയുടെ അടയാളമായിക്കാണുന്ന പ്രധാനമന്ത്രിയും ഭക്ഷ്യസുരക്ഷാ നിയമത്തിലൂടെ വിതരണം ചെയ്യാന്‍ പോകുന്നത് ഈ ‘അസംസ്കൃത’ ഭക്ഷ്യ ഉല്പന്നങ്ങള്‍ മാത്രം! യു.എനിന്റെ ഒരു പഠനം (UN study on state of the world population2007) പറയുന്നത് 2030 ഓടെ ഇന്ത്യയില്‍ 40.76 ശതമാനം ജനസംഖ്യ നഗരവാസികളാകുമെന്നാണ്. അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ജനതയുടെ ഭക്ഷണ ശീലത്തിലും പ്രകടമായ മാറ്റങ്ങളുണ്ടാകും. ഐ.ടി മേഖലയുടേതടക്കമുള്ള തൊഴിലവസരങ്ങള്‍ ദരിദ്ര വിഭാഗങ്ങള്‍ക്കും ലോവര്‍ മിഡില്‍ ക്ലാസിലുള്ളവര്‍ക്കുകൂടി തുറന്നുകിട്ടുകയാണ്. ഇതിനനുബന്ധമായി തന്നെ പി.ഡി.എസ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവരുടെ പട്ടിക കാലാകാലങ്ങളില്‍ പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ട്. ഇത് പക്ഷേ ഭരണപരമായ നടപടിക്രമങ്ങളുടെ നൂലാ മാലകളെയും വോട്ടുബാങ്ക് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങെളയും ഭേദിച്ച് സമയബന്ധിതമായി തന്നെ പുതുക്കി നിശ്ചയിക്കപ്പെടുെമന്ന് കരുതുവാനാകില്ല. വരുമാന വര്‍ദ്ധനക്കനുസൃതമായി ഭക്ഷ്യ സബ്‌സിഡിക്കുള്ള അര്‍ഹതാ പട്ടിക കാലാകാലങ്ങളില്‍ പരിഷ്ക്കരിക്കപ്പെട്ടേക്കില്ലെന്ന് ചുരുക്കം. ഇവിടെ അനര്‍ഹരുടെ പട്ടിക കനംവച്ചുകൊണ്ടിരിക്കുന്നതോടൊപ്പംതന്നെ അത് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ കാര്‍ന്നുതിന്നും.

വിവാഹ പാര്‍ട്ടികളിലടക്കം പ്രതിവര്‍ഷം 30,000 കോടിയുടെ ഭക്ഷണം പാഴാക്കി കളയുന്ന,(32) അതിവേഗം നാഗരീകവല്‍ക്കരിക്കപ്പെടുന്ന ജനത തങ്ങളുടെ ഭക്ഷ്യാവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ ന്യായവില ഷോപ്പുകളിലെത്തി വരി നിന്ന് തങ്ങള്‍ക്കനുവദിക്കപ്പെട്ടിട്ടുള്ള ഭക്ഷ്യധാന്യ ക്വാട്ട വാങ്ങിച്ച് വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം പാകംചെയ്തു കഴിക്കുവാന്‍ സമയം കണ്ടെത്തുമെന്ന് കരുതുക പ്രയാസം. ഭക്ഷ്യധാന്യങ്ങള്‍ പക്ഷേ അര്‍ഹതപ്പെട്ടവര്‍ വാങ്ങിച്ചാലും ഇല്ലെങ്കിലും പൊതുവിതരണ ശൃംഖലയിലൂടെ സര്‍ക്കാര്‍ രേഖാപ്രകാരമുള്ള കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ന്യായവില ഷോപ്പുകളിലെത്തുക തന്നെ ചെയ്യും. അവ പക്ഷേ വാങ്ങാനാളില്ലെന്നു വരുമ്പോള്‍ പി.ഡി.എസ് ശൃംഖലയിലെ അഴിമതികള്‍ക്ക് തന്നെയാവും ഏറെ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക.

 വിവരസാങ്കേതിക വിദ്യ

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വ്യാപനം ശക്തിപ്പെടുകയാണ്. ഇതിന്റെ ഭാഗമായി 20,000 കോടി രൂപ മുതല്‍മുടക്കി ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കിങ്ങ് സമ്പ്രദായം നിലവില്‍ വരുന്നു(33). രാജ്യത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ഇ-ഗവേണന്‍സും ഇ-ബാങ്കിങ്ങും ഇ-ഹെല്‍ത്ത്് സര്‍വ്വീസും വിപുലീകരിക്കുകയെന്നതാണ് ലക്ഷ്യം. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍ നെറ്റ് കണക്ടിവിറ്റി അതിവേഗത്തില്‍ വ്യാപിക്കുന്നതോടൊപ്പം തന്നെ അത് ജനങ്ങളുടെ – പ്രത്യേകിച്ച് ഗ്രാമീണരുടെ – ഷോപ്പിങ്ങ് രീതിയെ കാര്യമായി സ്വാധീനിക്കാതിരിക്കില്ല. ഇ-കോമേഴ്‌സ് (2011-12ല്‍ 50,000 കോടിയുടെ വിപണി പ്രതിക്ഷക്കുന്നുവെന്ന്)(34) മാതൃകയില്‍ ഇ-ഗ്രോസറി ഷോപ്പുകള്‍ രാജ്യത്തുടനീളം വ്യാപിക്കുകയാണ്.(35) ഒറ്റ ക്ലിക്കിലൂടെ ഭക്ഷ്യവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇ-ഗ്രോസറി ഷോപ്പുകള്‍ അവ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഉപഭോക്താക്കളുടെ അടുക്കളയിലോ തീന്‍മേശയിലോ എത്തി ക്കുന്നു. 2015 ഓടുകൂടി പ്രതിവര്‍ഷം 7000 കോടി രൂപയുടെ ഇ-ഗ്രോസറി ബിസിനസ് ഉണ്ടാകുമെന്ന് ‘അസ്സോച’ ത്തിന്റെ പഠനം പറയുന്നു.

വാങ്ങല്‍ശേഷി ഏറുന്നതിനോടൊപ്പം തന്നെ ഭക്ഷ്യസംസ്ക്കാരം മാറ്റങ്ങള്‍ക്ക് വിധേയം. ഒരു പരിധിവരെ സാമ്പത്തികശേഷി ഭേദമില്ലാതെ തന്നെയെന്നു പറയാം ജനങ്ങളിലേറെയും ഫാസ്റ്റ് ഫുഡ്/ഇന്‍സ്റ്റന്റ് ഫുഡ് സംസ്ക്കാരത്തിന് പിറകെ പായുകയാണ്. പ്രഭാത, ഉച്ച, രാത്രി ഭക്ഷണപ്പൊതികള്‍ പരമ്പരാഗത രീതിയനുസരിച്ച് ഹോട്ടലുകളില്‍ നിന്നാണ് ലഭ്യമാകുന്നത്. എന്നാല്‍ ഒരൊറ്റ ക്ലിക്കിലൂടെ നേരാനേരങ്ങളില്‍ ഇവയെല്ലാം ഇ-ഗ്രോസറി ഷോപ്പുകളില്‍ നിന്നുകൂടി ലഭ്യമാകുന്നൊരവസ്ഥ അതിവിദൂരത്തേയല്ല. കോടാനുകോടി ചെലവഴിച്ച് സംഭരിച്ച് വിതരണം ചെയ്യപ്പെടുന്ന ‘അസംസ്കൃത’ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിന് സൈബര്‍ ലോകത്തിന്റെ കാണാ വേഗങ്ങളിലിടം പിടിക്കുന്ന ഷോപ്പിങ്ങ് സംസ്കാരം തടസ്സമായി കൂടെന്നില്ല. സമ്പദ്‌വ്യവസ്ഥക്ക് അമിത ഭാരമേല്‍പ്പിക്കുന്ന ഭക്ഷ്യസുരക്ഷായത്‌നത്തിന് വിപരീതഫലമായിരിക്കമിത് അവശേഷിപ്പിക്കുക. ഇവിടെയും പി.ഡി.എസ് അഴിമതിസംഘങ്ങള്‍ തന്നെയായിരിക്കും ‘ഗുണഭോക്താക്കള്‍’.

കാര്‍ഷിക വികസനം

 2010-11, 2011-12 കേന്ദ്ര ബഡ്ജറ്റുകളില്‍ കാര്‍ഷിക-അനുബന്ധ മേഖലകള്‍ക്കുള്ള സര്‍ക്കാര്‍ നിക്ഷേപം 5,422 കോടി രൂപ മാത്രം.(36) മുന്‍ ബഡ്ജറ്റുകളെ അപേക്ഷിച്ച് 4.3 ശതമാനം കുറവ്. ഇതേ കാലയളവില്‍ ഭക്ഷ്യസംഭരണശാലകളുടെ വികസനത്തിനായി വകയിരുത്തിയത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 1,453 കോടിയുടെ കുറവ്. 2010-12 കാലയളവില്‍ കാര്‍ഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള റവന്യൂ ചെലവുകളില്‍ 5.8 ശതമാനത്തിന്റെ കുറവ്. കാര്‍ഷിക സബ്‌സിഡി 15,42,12 (2010-11) കോടിയില്‍ നിന്ന് 1,34,411 കോടി (2011-12) കോടിയായി കുറഞ്ഞു. 2011-12 ല്‍ വളം സബ്‌സിഡി ഇനത്തില്‍ വെട്ടിക്കുറച്ചത് 4,978 കോടി രൂപ. ഇതെല്ലാം സൂചിപ്പിക്കുന്നത് കാര്‍ഷികോല്പാദന വര്‍ദ്ധനയില്‍ ഊന്നിയുള്ള ബഡ്ജറ്റുകള്‍ പ്രഖ്യാപി ക്കപ്പെടുന്നില്ലെന്നു തന്നെയാണ്.

ഭക്ഷ്യമന്ത്രിയുടെ തന്നെ സംസ്ഥാനത്തിലെ കുട്ടനാട് കാര്‍ഷിക പാക്കേജ് ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കു ന്നുവെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അന്വേഷണസമിതി വിലയിരുത്തുന്നു.(37) കുട്ടനാടന്‍ ആവാസ്ഥ വ്യവസ്ഥയ്ക്ക് പുതുജീവന്‍ നല്‍കി നെല്ല് അടക്കമുള്ള കാര്‍ഷിക വിളകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് കുട്ടനാടന്‍ പാക്കേജ് ലക്ഷ്യംവെക്കുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ക്കു പരിഹാരമായും കാര്‍ഷിക മേഖ ലയുടെ ഉന്നമനത്തെ മുന്‍നിര്‍ത്തിയും കോടികള്‍ വകയിരുത്തിയാണ് വിദര്‍ഭ (3,750 കോടി )കുട്ടനാട് (1,840 കോടി രൂപ) തുടങ്ങിയ കാര്‍ഷിക പാക്കേജുകള്‍ ആവിഷ്കരിച്ച് നട പ്പിലാക്കിയത്. എന്നാല്‍ ഈ പാക്കേജുകളും ഉദ്യോഗസ്ഥ-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നുടലെടുക്കുന്ന അഴിമതിയുടെയും കെടുകാര്യ സ്ഥതയുടേയും ചെളികുണ്ടില്‍ തന്നെയാണ.് ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കോടികളുടെ നിക്ഷേപമിറക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളേറെയും പാളുന്നുവെന്നത് ഭക്ഷ്യസുരക്ഷാ പദ്ധതി നടത്തിപ്പിന് തിരിച്ചടി യാകാതിരിക്കാന്‍ തരമില്ല.

കാര്‍ഷിക വായ്പകള്‍

കാര്‍ഷിക വായ്പകളനുവദിക്കുന്നതില്‍ ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന സമീപനം ഒട്ടും ആശാവഹമല്ല. ചെറുതുക വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്കകള്‍ക്ക് പൊതുവെ വൈമുഖ്യം.(38) 1990 ല്‍ അനുവദിക്കപ്പെട്ട വായ്പകളില്‍ 85 ശതമാനവും രണ്ട് ലക്ഷത്തിനു താഴെയുള്ളവയായിരുന്നു. 2009 ല്‍ ഇത് 44 ശതമാനമായി കുറഞ്ഞു. ഇതേകാലയളവില്‍ പക്ഷേ രണ്ടുലക്ഷം രൂപക്കുമുകളിലുള്ള കാര്‍ഷികവായ്പ 56 ശതമാനമായി വര്‍ദ്ധിച്ചു. ഇതില്‍ തന്നെ 25 ലക്ഷം രൂപക്കുമുകളിലുള്ള വായ്പ 18 ശതമാനമായി. നാമമാത്ര/ചെറുകിട കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ ഏറെ പിറകോട്ടുപോകുന്നവെന്നത് ശുഭസൂചകമല്ല. താങ്ങുവില നല്‍കി ചെറുകിട/നാമമാത്ര കര്‍ഷകരില്‍ നിന്നാണ് സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കര്‍ഷകര്‍ക്ക് വായ്പയും സബ്‌സിഡിയും അനുവദിച്ച് കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദനം ഏറെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സ്വകാര്യ മേഖലയിലെ വന്‍കിടക്കാര്‍ക്ക് വന്‍വായ്പകള്‍ വാരിക്കോരി അനുവദിച്ച് കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിച്ചതുകൊണ്ട് സര്‍ക്കാരിന്റെ ഭക്ഷ്യശേഖരം സമ്പുഷ്ഠീകരിക്കാനാകില്ല. വന്‍കിടക്കാര്‍ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ താങ്ങുവില നല്‍കി സര്‍ക്കാരിനു സംഭരിക്കാനാകില്ല. മറിച്ച് വന്‍കിടക്കാര്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യമടക്കമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ അവരുടെ തന്നെ പ്രൊഫഷണല്‍ മാനേജ്‌മെന്റ് മേല്‍നോട്ടത്തില്‍ അത്യാധുനിക സപ്ലൈ ശൃംഖലയിലൂടെ ആധുനിക വിപണന തന്ത്രങ്ങളുടെ പിന്‍ബലത്തില്‍ പൊതുവിപണിയിലെത്തും. ഇങ്ങനെ പൊതുവിപണിയിലെത്തുക അരി, ഗോതമ്പ,് ചാമ തുടങ്ങിയ ‘അസംസ്കൃത’ ഭക്ഷ്യ വസ്തുക്കളായിട്ടായിരിക്കില്ല. മൂല്യവല്‍കൃത ഭക്ഷ്യോല്പന്നങ്ങ ളായിട്ടായിരിക്കും.

ഭക്ഷ്യസംസ്ക്കരണ മേഖല

ഭക്ഷ്യോല്പ്പന്നങ്ങളുടെ മൂല്യവത്ക്കരണം 20 ല്‍ നിന്ന് 35 ശതമാനത്തിലേക്കുയര്‍ത്തുവാനുള്ള കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വ്യവസായമന്ത്രാലയത്തിന്റെ തീവ്രശ്രമങ്ങള്‍(39) തീര്‍ത്തും ശ്രദ്ധേയമാണ്. 2004 ല്‍ വെറും ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖല ഇന്ന് 14 മുതല്‍ 20 ശതമാനം വളര്‍ച്ചയിലെത്തിനില്‍ക്കുന്നു. 50 മെഗാഫുഡ്പാര്‍ക്കുകള്‍ക്ക് ഇതിനകം സര്‍ക്കാര്‍ അനുമതി നല്‍കി. ഓരോ പാര്‍ക്കിലും 250 കോടി രൂപ വീതം മുതല്‍മുടക്കിയുള്ള 30-35 യൂണിറ്റുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ഓരോ യൂണിറ്റിന്റേയും പ്രതിവര്‍ഷ ടേണോവര്‍ 400 മുതല്‍ 450 കോടി രൂപയായിരിക്കുമെന്ന് ഭക്ഷ്യസംസ്ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ മെഗാഫുഡ് പാര്‍ക്ക് സ്കീം മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നു.

ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖലയില്‍ ഉല്‍പ്പാദനം, ഉപഭോഗം, കയറ്റുമതി, പ്രതീക്ഷിക്കപ്പെടുന്ന വളര്‍ച്ച തുടങ്ങിയ തലങ്ങളില്‍ ആഗോളതലത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മൊത്തം ഭക്ഷ്യവിപണിയുടെ 32 ശതമാനം സംസ്ക്കരിക്കപ്പെട്ട ഭക്ഷ്യവസ്തുവിപണിയിലേക്ക് മാറിയിരിക്കുന്നു. ഈ മേഖലയില്‍ 10 വര്‍ഷത്തിനുള്ളില്‍ 33 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ഭക്ഷ്യ ഉല്‍പ്പന്ന വിപണിയില്‍ 2015 ഓടെ 1.5 മുതല്‍ മൂന്നു ശതമാനം വ്യാപാരമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ഇതില്‍ നിന്നെല്ലാം പ്രകടമാകുന്നത് ഭക്ഷ്യസുരക്ഷാ നിയമപരിരക്ഷക്കായി ശേഖരിച്ചുവെക്കപ്പെടേണ്ട ‘അസംസ്കൃത’ ഭക്ഷ്യധാന്യങ്ങളില്‍ ഗണ്യമായൊരുഭാഗം സംസ്ക്കരിക്കപ്പെട്ട/മൂല്യവല്‍ക്കരിക്കപ്പെട്ട ഭക്ഷ്യ വസ്തുക്കളായി മാറ്റിയെടുക്കപ്പെട്ടേക്കുമെന്നാണ്.

ഗോതമ്പ്, അരി, ചാമ തുടങ്ങിയ ആറുതരം ഭക്ഷ്യധാന്യങ്ങള്‍ പ്രതിവര്‍ഷം 200 മില്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിക്കപ് പെടുന്നുണ്ടെന്നാണ് കണക്ക്്.(40) ഇതില്‍ വലിയൊരു ഭാഗം ഉല്പാദിപ്പിക്കുന്നത് സ്വകാര്യ സംരംഭകര്‍/ വന്‍കിട കര്‍ഷകര്‍. ഭക്ഷ്യസംസ്ക്കരണ വ്യവസായ മേഖലയില്‍ സര്‍ക്കാരിന്റെ സര്‍വ്വവിധ സഹായത്തോടെ കോടികളുടെ നിക്ഷേപം നടത്തുന്നവരിലേറെയും സ്വകാര്യ സംരംഭകരാണ്. അതുകൊണ്ടുതന്നെ സ്വകാര്യ സംരംഭകര്‍ വന്‍തുക കാര്‍ഷിക വായ്പയെടുത്ത് ആധുനിക രീതിയില്‍ കൃഷി ചെയ്‌തെടുക്കുന്ന ടണ്‍കണക്കിന് വിളകള്‍ അവരുടെ ഭക്ഷ്യ സംസ്ക്കരണ യൂണിറ്റിലേക്കുമാത്രമേ പോകൂ. അതൊരിക്കലും സര്‍ക്കാരിന്റെ പൊതുവിതരണ ശൃംഖലയിലെത്തു കയില്ല. ഇവിടെയാണ് കാര്‍ഷിക വായ്പകളും സബ്‌സിഡികളും നല്‍കി നാമമാത്ര – ചെറുകിട കര്‍ഷകരെ ശക്തിപ്പെടുത്തി കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാകുന്നത്. ഈ അനിവാര്യത കൃത്യമായി തിരിച്ചറിയപ്പെടുന്നില്ലെങ്കില്‍ അത് ഭക്ഷ്യസുരക്ഷ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള ഭക്ഷ്യധാന്യ സംഭരണത്തെ ഗുരുതരമായി ബാധിക്കും.

സബ്‌സിഡിയുടെ രാഷ്ട്രീയം

ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറച്ച് സമ്പദ് വ്യവസ്ഥക്ക് പുതു ഊര്‍ജ്ജം നല്‍കണമെന്നുള്ള വാദം ശക്തമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങടക്കമുള്ള വിപണി സാമ്പത്തിക വിദഗ്ദ്ധരാണ് സബ്‌സിഡികള്‍ ഒഴിവാക്കി സമ്പദ്‌വ്യവസ്ഥയെ ബാദ്ധ്യതാമുക്തമാക്കണമെന്ന ശാഠ്യത്തിലുറ ച്ചുനില്‍ക്കുന്നത്.(41) ഭക്ഷ്യ സുരക്ഷാനിയമത്തെ തങ്ങളുടെ പ്രസ്റ്റീജ് പദ്ധതിയായിട്ടാണ് യു.പി.എ സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറക്കണമെന്നുള്ള സാമ്പത്തിക ശാസ്ത്ര ശാഠ്യത്തിന്റെ ബാക്കിപത്രമെന്തായിരിക്കുമെന്നതിനെപ്രതി ആഴത്തിലുള്ള പഠനം നടത്താന്‍ ഭക്ഷ്യസുരക്ഷാ നിയമ ദിശയിലുള്ള സബ്‌സിഡിയെ വോട്ടുബാങ്ക് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായി ന്യായീകരിക്കുന്ന യു.പി.എ അണിയറയിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ തയ്യാറാകണം. കാര്‍ഷിക സബ്‌സിഡി നല്‍കി ഉയര്‍ന്ന കാര്‍ഷികോല്പാദന ച്ചെലവിന്റെ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഉല്പാദനച്ചെലവ് കൂടുന്നതിനനുസൃതമായി അത് ഉല്പന്നങ്ങളുടെ വിപണിവിലയില്‍ പ്രതിഫലിക്കും. ഈ ഘട്ടത്തില്‍ ഭക്ഷ്യ ഉല്പന്നങ്ങള്‍ക്കുള്ള താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടും. ഉല്പാദന ചെലവിനനുസൃതമായി കാര്‍ഷിക സബ്‌സിഡി നല്‍കപ്പെടുമ്പോള്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവില നിശ്ചയിക്കണമെന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് സര്‍ക്കാരിന് കരകയറാം.

വികസിത രാജ്യങ്ങളില്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി വാരിക്കോരി നല്‍കി കാര്‍ഷികോല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. കാര്‍ഷിക സബ്‌സിഡിയുടെ പിന്‍ബലത്തില്‍ ഉല്പാദനച്ചെലവ് കര്‍ഷകരെ കാര്യമായി ബാധിക്കുന്നില്ല. അതുകൊണ്ട് അവരുടെ ഉല്പന്നങ്ങള്‍ ആഗോള വിപണിയില്‍ വില കുറച്ചുവില്‍ക്കാനാകുന്നു. അതിലൂടെ ആഗോളഭക്ഷ്യ വിപണി അവര്‍ കൈയടക്കുന്നു. അതോടൊപ്പം തന്നെ അവരുടെ ആഭ്യന്തര ഭക്ഷ്യവിപണിയെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷിക്കുവാാനുള്ള പ്രാപ്തിയും കൈവരിക്കുന്നു.

ഉയര്‍ന്ന ഉല്പാദനച്ചെലവിന്റെ പരിരക്ഷയെന്നോണമുള്ള കാര്‍ഷിക സബ്‌സിഡി കൃത്യമായി അനുവദിക്കപ്പെടുമെങ്കില്‍ മാത്രമേ രാജ്യത്ത് കാര്‍ഷികോല്പാദനം വര്‍ദ്ധിക്കൂ. രണ്ടാം ഹരിതവിപ്ലവം സാക്ഷാത്ക്കരിക്കപ്പെടൂ. ഭക്ഷ്യ സുരക്ഷ നിയമമാകുന്നതോടെ ഭക്ഷ്യോല്പന്നങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് ഏറുകയാണ്. ഈ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥക്ക് ഭാരമാണ് സബ്‌സിഡി എന്ന സാമ്പത്തിക ശാസ്ത്രത്തിന് കാര്യമായ തിരുത്തല്‍ അനിവാര്യമാകുന്നുണ്ട്. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയേറുകെയാണന്നതിനാല്‍ ജനിതകമാറ്റം വരുത്തിയ (Genetically modified) ഭക്ഷ്യവിളകളുടെ സാദ്ധ്യതകള്‍ കൂടി സമഗ്രമായ പഠനങ്ങളുടെ പിന്‍ബലത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.

കോര്‍പ്പറേറ്റ് ഇന്ത്യയുടെ ശക്തി, ജീവിതശൈലീമാറ്റം, നഗരവത്ക്കരണം ഇവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്നെ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് 2008 പ്രകാരം ഇന്ത്യ വികസ്വര രാഷ്ട്രങ്ങള്‍ ക്കിടയില്‍ 66-ാം(42) സ്ഥാനത്താണെന്നതിനെ അതീവ ഗൗവരത്തോടെ സമീപിക്കേണ്ട സമയം തന്നെ യാണിത്. 25 ഓളം വരുന്ന സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും തെക്കനേഷ്യന്‍ രാജ്യങ്ങളേ ക്കാളും (ബംഗ്ലാദേശ് ഒഴികെ) ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയിലാണ് ഇന്ത്യ. ഇത്തരമൊരു സ്ഥിതിവിശേഷത്തിലാണ് മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതക്കായി മൂന്നര ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കപ്പെടുന്ന ഭക്ഷ്യസുരക്ഷ നിയമമാക്കപ്പെടുന്നത്. ഇതില്‍ വീഴ്ച്ചയുണ്ടാകുന്നുവെന്നുവന്നാല്‍ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റേയും പിടിയില്‍ നിന്ന് രാജ്യം മുക്തമാകുകയില്ലെന്ന മാത്രമല്ല കീരിക്ക് മുന്നില്‍പെട്ട പാമ്പിനെ പോലെയാകും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. അതെ സമ്പദ്‌വ്യവസ്ഥക്ക് ഒരിഞ്ചുപോലും മുന്നോട്ടുപോകാനാവാത്ത അവസ്ഥ! 2025ഓടുക്കൂടി ചൈനീസ് സമ്പദ്‌വ്യവസ്ഥയെ മറികടക്കാനായേക്കാമെന്ന ഇന്ത്യയുടെ കണക്കുക്കുട്ടലാകും ഇവിടെ തെറ്റുക.

 * ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ റിസര്‍ച്ച് സ്‌കോളറാണ് ലേഖകന്‍

 Footnotes

1 http://nac.nic.in/foodsecurity/nfsb_final.pdf

2 Food Subsidy bill hit Rs 45,125, Financial Express, 2011 December 20

3 http://fciweb.nic.in//upload/Public-dist/Note%20on%20TPDS%20and%20OWS%28Oct%2011%29l.pdf

4 http://fciweb.nic.in/storages/view/6

5 http://pib.nic.in/newsite/erelease.aspx?relid=78494

6 1 lakh tonne food grain lost in FCI godown, Business standard, 19-12-11

7 http://news.bbc.co.uk/2/hi/business/7489816.stm

8 Rs.60,000 cr is the cost of rotting grain every year, Tehelka, August 07,2010

9 http://fciweb.nic.in//upload/Public- dist/Note%20on%20TPDS%20and%20OWS%28Oct%2011%29l.pdf

10 WP(c) 196/2001 PUCL v/s Union Govt. 12-07-2006

11 http://web.iitd.ac.in/~reetika/PDS%20JDS%202011.pdf

12 ML to take CAG report to the masses, Times of india, 2010 JULY 21

13 Ex-Arunchal CM Arrested for PDS scam, Time of India , 2010 AUG 24

14 AGP demands CBI probe into Rs 10,000 cr PDS scam, Hindustan Times, October 12, 2010,

15 Uttar Pradesh food grain scam – Wikipedia, the free encyclopedia

16 http://www.outlookindia.com/article.aspx?250566

17 http://web.iitd.ac.in/~reetika/PDS%20JDS%202011.pdf

18 റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വീട്ടിലെത്തിക്കും, മാതൃഭൂമി , 311211

19 ബി.പി.എല്‍ പട്ടികയില്‍ അനര്‍ഹരായ 23000 സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍,മാതൃഭൂമി 171211

20 സ്വത്ത് പണയംവെച്ച് 50,000 കോടി രൂപ വായ്പയെടുക്കാനൊരുങ്ങുന്നു കേന്ദ്രസര്‍ക്കാര്‍, മാതൃഭൂമി 231211

21 1,851cr NRHM fund doesn’t show in accounts: CAG , Time of India, Dec 17, 2011

 22 http://indiatoday.intoday.in/story/nrega-scam-sandeep-dixit/1/157810.html

23 PAC wants leakages in noon meal scheme plugged, The Hindu, March 10, 2011

24 Who’s most corrupt, Business India,

25-11-11, Pg 42 25 PIB Report on 29-07-2010

 26 FCI needs Rs 85,359cr for grain procurement, Time of India, Aug 30, 2011

27 http://www.cuts-citee.org/pdf/Food_Export_Restrictions_Balance_importers_and_exporters_rights.pdf

28 http://www.wamis.org/agm/meetings/rsama08/S402-Chattopadhyay-Climate-change_Food-Security.pdf

29 ചില്ലറക്കച്ചവടം; മന്‍മോഹന്റെ പാളിച്ചകള്‍, കെ.വേണു, മാതൃഭൂമി ആഴ്ചപ്പതിപ്പ്-2011 ഡിസംബര്‍ 18-24, പേജ് 18

 30 http://expressbuzz.com/nation/Changing-food-habits-causing-inflation-Thomas/327730.html

31. http://indiatoday.intoday.in/video/food-inflation-may-be-result-of-growing-prosperity-manmohan-singh/1/158748.html

32. Food fourm-2011, Business India, 2011 April 17, pg 28

33 Taking broadband to villages, Business India, 2011 November 27, pg 30

34 E-Commerce gets inceased, Business India, 2012 Januery 08, pg 18

35 E-grocery Ration shops, Business India, 2011 November 27, pg 38

36 In farmer’s name, Front Line, 2011 March 25, pg 10

 37 കുട്ടനാട് പാക്കേജ് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നു. മാതൃഭൂമി 2012 ജനുവരി 7 പേജ് 07

38 In farmer’s name, Front Line, 2011 March 25, pg 10

39 http://mofpi.nic.in/images/File/finalstrategyplan.pdf

40 http://www.cci.in/pdf/surveys_reports/food-processing-india.pdf

41 Manmohan’s New Year pledge, The Hindu, 01, January 2012, pg 01

42 Food Security Act: Is it well thought out? Economic Times, August 26, 2009

കെ.കെ ശ്രീനിവാസന്‍

ദേശീയ ഗ്രാമീണ ആരോഗ്യ മിഷ(എന്‍ആര്‍എച്ച്എം)ന്റെ കോടികള്‍ ഒഴുകിയെത്തുമ്പോഴും പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ അനാരോഗ്യാവസ്ഥ തീര്‍ത്തും വഷളാവുകയാണ്. രക്തസമര്‍ദ്ദമളക്കാനുള്ള ഉപകരണം പോലുമില്ല! പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ എന്‍ആര്‍എച്ച്എം ഫണ്ട് പാഴാക്കിയ ഭരണസമിതിയല്ലാതെ മറ്റാരുമല്ല edapalam-hosptial

തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ വികസനം വഴിമുട്ടിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 2001 സെപ്തംബര്‍ മൂന്നിന് ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. രോഗികളെ കിടത്തിചികിത്സിക്കുവാനുള്ള (.പി വിഭാഗം) പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ ആരോഗ്യ മന്ത്രി പി.കെ ശങ്കരന്‍ രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യങ്ങളോടെയാണ് ആശുപത്രിയുടെ വികസനത്തിന് പ്രാരംഭംകുറിച്ചത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പി.വി പത്രോസ് തന്നെയായിരുന്നു അന്നത്തെയും പ്രസിഡന്റ്.

ഡോക്ടര്‍മാരുടെ സംഘടന വില്ലന്‍ റോളില്‍

ഉദ്ഘാടന ദിനത്തില്‍ തന്നെ അതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന (കെ.ജി.എം.) രംഗത്ത് വന്നു. .പി വിഭാഗം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ചുരുങ്ങിയത് മൂന്ന് ഡോക്ടര്‍മാരും നേഴ്സുമാരും ആശുപത്രിയില്‍ നിയമിക്കപ്പെടേണ്ടിവരും. ഇതിനായി സര്‍വ്വീസിലുള്ള ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കേണ്ടിവരും. നഗരങ്ങളും നഗരപ്രാന്തപ്രദേശങ്ങളുംവിട്ട് ഗ്രാമങ്ങളില്‍ സേവനമനുഷ്ഠിക്കുവാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിമുഖരാണ്. പട്ടിക്കാട് ആശുപത്രി വികസിപ്പിക്കപ്പെടുമ്പോള്‍ ഡോക്ടര്‍മാര്‍ ക്വാര്‍ട്ടേഴ്‍സിലോ അതല്ലെങ്കില്‍ ആശുപത്രിയുടെ സമീപസ്ഥലത്തോ താമസിക്കേണ്ടതുണ്ട്. എന്നാല്‍ നഗരങ്ങളിലേതുപോലെ ഗ്രാമങ്ങളില്‍ വീട്ടിലെത്തുന്ന രോഗികളെ ചികിത്സിക്കുമ്പോള്‍ വേണ്ടത്ര സാമ്പത്തിക മെച്ചം ഡോക്ടര്‍മാര്‍ക്കുണ്ടാകില്ല. ഇതുക്കൊണ്ടൊക്കെത്തന്നെയാണ് പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിന് തുരങ്കംവെയ്ക്കാന്‍ ആതുര സേവനത്തെ മഹത്തരമായി കാണേണ്ടവരെന്ന് കരുതപ്പെടുന്ന ഡോക്ടര്‍മാര്‍ തന്നെ മുന്നോട്ടുവന്നത്.

ഡോക്ടര്‍മാരുടെ വില്ലന്‍ റോളിനോടൊപ്പം തന്നെ ആശുപത്രി വികസനത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ആരോഗ്യവകുപ്പിനും ഒട്ടുമേ താല്പര്യമില്ലെന്നതും തുറന്നുകാണിക്കപ്പെടണം. .പി വിഭാഗം തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്സ് ആവശ്യമാണ്. അത് ഇനിയും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ഇവിടെയാണ് ദേശീയ ഗ്രാമീണ ആരോഗ്യ (എന്‍ ആര്‍ എച്ച്.എം) മിഷന്റെ കോടികളുടെ ഫണ്ട് തരപ്പെടുത്തി ആശുപത്രി വികസനത്തിനായി ഉപയുക്തമാക്കപ്പെടാതെ പോയതിലെ ബന്ധപ്പെട്ടവരുടെ അക്ഷന്തവ്യമായ അനാസ്ഥയും അലംഭാവവും അനാവരണവും ചെയ്യപ്പെടേണ്ടതൂണ്ട്.

ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ ഗ്രാമീണ ജനതയുടെ ആരോഗ്യപരിരക്ഷയെ മുന്‍നിറുത്തി രൂപം കൊടുത്ത പദ്ധതിയാണ്. 2005 ജൂണ്‍ 17 നാണിത് ഔദ്യോഗികമായി പ്രാരംഭം കുറിക്കപ്പെട്ടത്. പതിനൊന്നാം പദ്ധതിയിലുള്‍പ്പെട്ട ഇതിനായി മൊത്തം 135,000 കോടി (2005-2012) യാണ് വകയിരുത്തപ്പെട്ടിട്ടുള്ളത്. ആരോഗ്യസംരക്ഷണ ചെലവ് ജിഡിപിയുടെ 0.9ല്‍ നിന്ന് 2.3 ശതമാനമാക്കുകയാണ് ലക്ഷ്യം (http://mohfw.nic.in/NRHM/Documents/Mission_Document.pdf).

2004-09 കാലയളവില്‍ ഈ പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചത് 67,000 കോടി രൂപ. വില്ലേജ് ഹെല്‍ത്ത് പ്ലാന്‍ അനുസരിച്ച് ഗ്രാമീണ ആശുപത്രികള്‍ വിപുലപ്പെടുത്തുക, സാനിട്ടേഷന്‍ശുചിത്വ പദ്ധതികള്‍ ആരംഭിക്കുക, പോക്ഷകാഹാരം ഉറപ്പുവരുത്തുക, സുരക്ഷിത കുടിവെള്ളവിതരണം ഉറപ്പുവരുത്തുക, പ്രാദേശിക ആരോഗ്യ പാരമ്പര്യങ്ങള്‍ ശക്തിപ്പെടുത്തുക, ഗ്രാമീണ മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ അതിവിപുലമായ ലക്ഷ്യങ്ങളാണ് എന്‍ ആര്‍ എച്ച് എം മുന്നോട്ടുവയ്ക്കുന്നത്. 2006-ല്‍ ആരോഗ്യ കേരളം എന്ന പേരില്‍ ആരോഗ്യ മിഷന്‍ കേരളത്തില്‍ നടപ്പിലാക്കപ്പെട്ടു. കേരളത്തിലെ 2005-10 വരെയുള്ള കാലയളവില്‍ 983.45 കോടി വകയിരുത്തപ്പെട്ടു. ഇതില്‍ 826.63 കോടി (84.26 ശതമാനം) അനുവദിക്കപ്പെട്ടു. ചെലവഴിക്കപ്പെട്ടതാകട്ടെ 763.6 കോടി (92.16 ശതമാനം). ഇതേ കാലയളവില്‍ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള വികസനത്തിനായി 237.73 കോടി അനുവദിക്കപ്പെട്ടു. സബ്ബ് സെന്റര്‍ (8.05 കോടി), പ്രെമറിഹെല്‍ത്ത് സെന്റര്‍ (20.22), കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍(70), ഡിസ്ട്രിക്റ്റ് ആശുപത്രി (30.05 കോടി), ഉപകരണങ്ങള്‍ (2.82), ഗതാഗതം (6.60), മറ്റുള്ളവ (98.85 കോടി) എന്നിങ്ങനെ ഫണ്ട് അനുവദിക്കപ്പെട്ടു (http://www.mohfw.nic.in/NRHM/Documents/Non_High_Focus_Reports/Kerala_Report.pdf).

ഏറ്റവും അവശ്യംവേണ്ട ഉപകരണങ്ങള്‍ വാങ്ങാനായി അനുവദിക്കപ്പെട്ടത് തുച്ഛമായ 2.82 കോടി മാത്രം! മറ്റുള്ളവ എന്ന ഹെഡിലുള്‍ കൊള്ളിച്ചിരിക്കുന്ന ഭീമമായ തുക എന്തിനുവേണ്ടിയെല്ലാം ചെലവഴിക്കപ്പെട്ടുവെന്നതിന്റെ സൂചനകള്‍ എവിടെയും കാണാനുമില്ല. ആരോഗ്യമിഷന്‍ ഫണ്ട് കാംഷിച്ച രീതിയില്‍ നേരെ ചൊവ്വേ ഉപയുക്തമാക്കപ്പെട്ടിട്ടുണ്ടോയെന്ന് സമഗ്ര അനേഷ്വണം ആവശ്യപ്പെടുന്നുണ്ട്. പദ്ധതിയുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ട അത്യാഡംബര സെമിനാറൂള്‍പ്പെടയൂളളവക്ക് ചെലവഴിക്കപ്പെട്ട തുകയാണത്രെ മറ്റുള്ളവ എന്നഹെഡിലുള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്. സെമിനാറുകള്‍ സംഘടിപ്പിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് കോടികള്‍ പൊടിപൊടിക്കപ്പെട്ടപ്പോള്‍ ഗ്രാമീണ ആരോഗ്യപരിരക്ഷയെന്ന മുഖ്യ ലക്ഷ്യത്തിലെത്തിചേരാന്‍ മിഷനായിട്ടുണ്ടോയെന്നുള്ള സംശയം ഇനിയും ബാക്കി. ഈ സ്ഥിതിവിശേഷത്തില്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെപ്രതി ഒരു സ്റ്റോക്കെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പ്രകാരം കോടികളുടെ ഫണ്ട് കേരളത്തിലേക്ക് ഒഴുകിയെത്തുന്നുവെന്നത് മുന്‍ ചൊന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. അതിന്റെ ഒരു ഓഹരി തരപ്പെടുത്തി പട്ടിക്കാട് ആശുപത്രിയെ വികസന മുരടിപ്പില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞില്ലെന്നുപറയുന്നതിനെക്കാള്‍ ശ്രമിച്ചില്ലെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ആരുടെ ഭാഗത്ത് നിന്നാണ്  ശ്രമമുണ്ടകേണ്ടിയിരുന്നത്? ഒരു സംശയവും വേണ്ട; മുന്‍/ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതികളില്‍ നിന്നു തന്നെ.

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളാണ് ഭാരത് നിര്‍മാണ്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ തുടങ്ങിയവ. പഞ്ചായത്തീരാജ് ഇന്‍സ്ററിറ്റൂഷനുകളാണ് ഇത്തരം മെഗാ പദ്ധതികളുടെ നടത്തിപ്പുക്കാര്‍. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണ പോലുമില്ലാത്ത അവസ്ഥയിലാണ് പ്രാദേശിക സര്‍ക്കാരുകളിലേറെയുമെന്നുവേണം പറയാന്‍. bharth-nriman-rtiഈ പദ്ധതികള്‍ പ്രകാരം ഒരു ചില്ലികാശ് പോലും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ഈ ലേഖകന് പഞ്ചായത്ത് നല്‍കിയ വിവരങ്ങള്‍ (നമ്പര്‍ 1820/11, 21-3-2011) തന്നെ അടിവരയിടുന്നുണ്ട്. ഇതുപറയുമ്പോള്‍ തന്നെ ദേശീയ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയുടെ നടത്തിപ്പില്‍ കാര്യമായ ഇടപ്പെടലുകള്‍ നടത്തുന്നതില്‍ പഞ്ചായത്ത് ഭരണസമിതി അത്യുത്സാഹം പ്രകടിപ്പിക്കുന്നുവെന്നത് ശ്രദ്ധേയം. തൊഴില്‍ദാന പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടും മെനക്കെടാതെ, പദ്ധതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെടാതെ തന്നെ കോടികളുടെ ഫണ്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് വസൂലാക്കന്നു. ഇത് അര്‍ഹതയുളളവരെക്കാള്‍ കൂടുതല്‍ അനര്‍ഹര്‍ക്ക് തരപ്പെടുത്തിക്കൊടുക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ കൗശലം പ്രയോഗിക്കുന്നതില്‍ പ്രാദേശിക സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുള്ള ഭരണപാടവം അപാരം തന്നെ!

ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് വികസന പ്രക്രിയയുടെ പട്ടികയിലുള്‍പ്പെടുത്തി പീച്ചി ഫെസ്ററ് ആഘോഷങ്ങള്‍ ആടിതിമര്‍ക്കാനുള്ള അത്യപൂര്‍വ്വ അവസരം ഒരുക്കപ്പെടുന്നു. വേണ്ടതുതന്നെ. ഇതോടൊപ്പം തന്നെ പക്ഷേ ജനങ്ങള്‍ക്ക് പ്രാഥമികമായി വേണ്ട ആരോഗ്യപരിരക്ഷ സൗകര്യങ്ങള്‍ വീഴ്ച കൂടാതെ ഒരുക്കിക്കൊടുക്കുന്നതില്‍കൂടി ശ്രദ്ധ പതിയേണ്ടതുണ്ട്പഞ്ചായത്തിലെ ലക്ഷങ്ങളുടെ പൊതുമരാമത്ത് പണികളുടെ ടെണ്ടര്‍ നടപടികളില്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ അതീവ താല്പര്യം പ്രകടിപ്പിക്കുന്നവര്‍ അവരുടെ തന്നെ നാട്ടുക്കാരുടെ ആശ്രയ കേന്ദ്രമായ ആതുരാലയത്തിന്റെ വികസനത്തിനും പ്രത്യേകം ഊന്നല്‍ നല്‍കണം. ചുരുങ്ങിയപക്ഷം പട്ടിക്കാട് ആശുപത്രിക്കായി ഒരു ബി.പി അപ്പരറ്റസെങ്കിലും തരപ്പെടുത്തിക്കൊടുക്കുന്നതില്‍ ഭരണസമിതി ശ്രദ്ധിക്കണം. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പദ്ധതി 2012 മാര്‍ച്ചില്‍ അവസാനിക്കുന്നവെന്നും ഓര്‍ക്കണം.

ആരോഗ്യപദ്ധതികള്‍ കേന്ദ്രം മുന്നോട്ടു വയ്ക്കുമ്പോള്‍ തന്നെ അതിന്റെ ഗുണഭോക്താവാകാന്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞില്ലെന്നിടത്ത് തെളിയുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ പിടപ്പുകേടല്ലാതെ മറ്റെന്താണ?പട്ടിക്കാട് സര്‍ക്കാര്‍ ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ എന്‍ആര്‍എച്ച്എം ഫണ്ട് പാഴാക്കിയ ഭരണസമിതിയല്ലാതെ മറ്റാരുമല്ല.

കെ.കെ ശ്രീനിവാസന്‍
രാജ്യത്തെ പിടിച്ചുലച്ച ടൂജി സ്‌പെക്ട്രം അഴിമതിക്കേസ് തന്നെയെടുക്കുക. ഇതുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ വിവരാവകാശ നിയമം വഹിച്ച പങ്ക് വേണ്ടത്ര പ്രാധാന്യത്തോടെ മനസിലാക്കപ്പെട്ടിട്ടില്ലെന്നു വേണം പറയാന്‍. വിവരാവകാശ നിയമത്തിലൂടെയാണ് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി ടൂജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കിയത്

ന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ ജനാധിപത്യ മൂല്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ചിരിക്കുന്നു. അന്നാ ഹസാരെയുടെ രണ്ടാംഘട്ട നിരാഹാര സമരത്തെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട രീതിയാണ് ഈ തോന്നലിന് നിദാനമായത്. ജനാധിപത്യ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലകപ്പെട്ടിരിക്കുവെന്നുളള അവസ്ഥയിലാണ് ഹസാരെയുടെ അഴിമതിവിരുദ്ധ ശബ്ദം ശ്രദ്ധേയമാക്കപ്പെടുന്നത്.

പാര്‍ലമെന്റിന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷണം. അതിനെ പക്ഷേ ദുര്‍ബ്ബലപ്പെടുത്തുംവിധം ജന്‍ലോക്പാല്‍ ബില്ലെന്ന ആശയവും അതേ പ്രതിയുളള പ്രക്ഷോഭവും ക്ഷണിച്ചുവരുത്തപ്പെട്ടിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യഭരണ വ്യവസ്ഥയുടെ കാത്തുസൂക്ഷിപ്പുകാരെന്ന നിലയില്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഒഴിഞ്ഞുമാറാനേയാകില്ല. രാഷ്ട്രീയ കക്ഷികളില്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുളള അധികാരം നേരെ ചൊവ്വേ വിനിയോഗിക്കുന്നതില്‍ അതീവ ഗുരുതരമായ വീഴ്ച വരുത്തിയിടത്താണ് അന്നാ ഹസാരെപോലുളളവരുടെ മുന്‍ കയ്യില്‍ പ്രക്ഷോഭങ്ങള്‍ രൂപപ്പെട്ടിട്ടുളളത്. ഇത്തരം പ്രക്ഷോഭങ്ങളെ പക്ഷെ നേരിടുന്നതില്‍ സര്‍ക്കാര്‍ ജനാധിപത്യ മാതൃകകള്‍ പിന്‍തുടര്‍ന്നേ മതിയാകൂ. അതിനു പകരം ഏകാധിപത്യഭരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥക്ക് മാനക്കേടുണ്ടാക്കുന്നു. ഇത് തിരിച്ചറിയേണ്ടവര്‍ തിരിച്ചറിയുന്നില്ലെന്നത് ഭൂഷണമല്ല.

വിവരാവകാശ നിയമം

ആധുനിക ജനാധിപത്യത്തിന്റെ ശാപമായിട്ടാണ് അഴിമതി വിലയിരുത്തപ്പെടുന്നത്. അഴിമതിയെ തടയിടാന്‍ പക്ഷെ ജനാധിപത്യ സര്‍ക്കാരുകള്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ പരാജയപ്പെടുമ്പോള്‍ അതിനെതിരെ മുറവിളികള്‍ ഉയരുക തീര്‍ത്തും സ്വാഭാവികം. അതേസമയം അഴിമതിക്ക് തടയിടാന്‍ യു.പി.എ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുളളത് പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഇത:പര്യന്തം തുറന്നുകാണിക്കപ്പെട്ടിട്ടുളള അഴിമതിക്കേസുകളിലുള്‍പ്പെട്ടവര്‍ക്ക് ഇരുമ്പഴിക്കുളളില്‍ കിടക്കേണ്ടിവന്നിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. എന്നാല്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ തൊട്ടടുത്തിരുന്ന് നാടുഭരിച്ചവരെപ്പോലും തടവറക്കുളളിലാക്കാന്‍ മടികാണിച്ചിട്ടില്ലെന്നത് മന്‍മോഹന്‍സിങ്ങ് സര്‍ക്കാറിന്റെ അഴിമതിവിരുദ്ധ നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ടൂജി സ്‌പെക്ട്രം കേസില്‍ കേന്ദ്രമന്ത്രി എ. രാജയോടും എന്തിനധികം തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനും യുപിഎ സര്‍ക്കാരിനെ താങ്ങിനിറുത്തുകയും ചെയ്യുന്ന കരുണാനിധിയുടെ മകള്‍ കനിമൊഴിയോടുപോലും മന്‍മോഹന്‍ സര്‍ക്കാര്‍ കനിവുകാട്ടിയില്ല. ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേധാവികള്‍ക്കും ജയില്‍വാസം സുപരിചിതമാക്കപ്പെട്ടു. ഉന്നത കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ തിഹാര്‍ ജയിലിലെത്തി. രക്ഷപെടാനുളള പഴുതുകള്‍ അടക്കപ്പെട്ടാണ് ഇവരെല്ലാം തടവുപുളളികളാക്കപ്പെട്ടിട്ടുളളത്.

വിവരാവകാശ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യന്‍ ഭരണവ്യവസ്ഥയെ സുതാര്യവല്‍ക്കരിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. രാജ്യത്തെ പിടിച്ചുലച്ച ടൂജി സ്‌പെക്ട്രം അഴിമതിക്കേസ് തന്നെയെടുക്കുക. ഇതുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ വിവരാവകാശ നിയമം വഹിച്ച പങ്ക് വേണ്ടത്ര പ്രാധാന്യത്തോടെ മനസിലാക്കപ്പെട്ടിട്ടില്ലെന്നു വേണം പറയാന്‍. ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി ടൂജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കിയത് വിവരാവകാശ നിയമത്തിലൂടെയാണെന്ന് അിറയണം. ഏറ്റവുമൊടുവില്‍ അഴിമതിക്കാരനായ സൗമിത്രസെന്‍ എന്ന ജഡ്ജിയെ ഇംപീച്ച്‌മെന്റിന് വിധേയമാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥക്ക് കഴിയുന്നുവെന്നതും ശ്ലാഘനീയമാണ്. ഇവിടെയാണ് അഴിമതിക്കെതിരെ യുപിഎ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുവെന്നത് സുവിദിതമാകുന്നത്. അന്നാ ഹസാരെയും കൂട്ടരും ഉയര്‍ത്തുന്ന ജന്‍ലോക്പാല്‍ ബില്‍ ഇല്ലാതെ തന്നെ രാജ്യത്ത് അഴിമതി വിരുദ്ധ പ്രക്രിയ സ്വാഭാവികമായിത്തന്നെ ശക്തിപ്പെടുന്നുണ്ടെന്നുതന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. അഴിമതിക്കെതിരെ നിലപാടുടെുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാന്‍ വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ ബില്ല് പസാക്കുകയെന്നതും അനിവാര്യം.

ഇന്ത്യന്‍ ഭരണവ്യവസ്ഥ അഴിമതി വിമുക്തമാകണമെന്നത് അവിതര്‍ക്കിതം. ഹസാരെയും വൃന്ദവും മുന്നോട്ടുവയ്ക്കുന്ന ജന്‍ലോക്പാല്‍ ബില്ലിലൂടെ ഇന്ത്യയെ അഴിമതി വിമുക്തമാക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് പക്ഷെ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗുണമായിരിക്കില്ലെന്ന ആശങ്ക മുഖവിലക്കെടുക്കാതിരിക്കുന്നത്  ഒട്ടും അനുയോജ്യമല്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയിലൂള്‍പ്പെടുത്തുകയന്നെതാണ്് ജന്‍ലോക്പാല്‍ മുഖ്യമായും ആവശ്യപ്പെടുന്നത്.  ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സര്‍ക്കാരും അതിന്റെ തലവനും സദാ ലോക്പാല്‍ സംവിധാനത്തിന്റെ സൂക്ഷമദര്‍ശിനിക്ക് കീഴിലകപ്പെടുന്നത് ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ ചലനാത്മകതക്ക് വിലങ്ങുതടിയാകാം. മാത്രമല്ല ലോക്പാല്‍ സംവിധാനം ഒരു സൂപ്പര്‍ അധികാരകേന്ദ്രമാകുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്ററി ഭരണവ്യവസ്ഥയുടെ അസ്തിത്വത്തിന്മേലുള്ള അധിനിവേശമായിരിക്കുമത്.

പ്രത്യക്ഷ ജനാധിപത്യവ്യവസ്ഥ

ജന്‍ലോക്പാല്‍ ബില്ലിന് മൗലികമായി പ്രത്യക്ഷ ജനാധിപത്യ വ്യവസ്ഥ ( Direct Democracy ) യുടെ സ്വഭാവമാണ്. പ്രാതിനിധ്യജനാധിപത്യവ്യവസ്ഥ (Representative Democracy) യാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിലനില്‍ക്കുന്ന ഭരണഘടനയനുസരിച്ച് സിവില്‍ സമൂഹത്തിന്റെ മുന്‍കയ്യില്‍ രൂപപ്പെട്ടതാണെന്ന് അവകാശപ്പെടുന്ന ജന്‍ലോക്പാല്‍ ബില്‍ ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ അതേപടി അംഗീകരിച്ച് നിയമമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്നത് അനുചിതമല്ല. ഇവിടെ ഭരണഘടനയാണോ പാര്‍ലമെന്റാണോ മുഖ്യമെന്നുള്ള ചോദ്യം ഉയര്‍ന്നിട്ടുണ്ടെന്നത് ശ്രദ്ധേയം. പാര്‍ലമെന്റിന്റെ സൃഷ്ടാവ് ഭരണഘടനയാണ്. ആ സൃഷാടാവിനെ അതിന്റെ മൗലീകമായ വ്യവസ്ഥകള്‍ ചോര്‍ന്നുപോകാതെതന്നെ ഉയര്‍ത്തിപ്പിടിക്കേണ്ട നൈയാമിക ബാധ്യത ഇന്ത്യന്‍ പാര്‍ലമെന്റിനുണ്ടെന്നുള്ള വസ്തുത വിസ്മരിക്കപ്പെടരുത്. ജന്‍ലോക്പാല്‍ ബില്‍ മുന്നോട്ടുവയ്ക്കപ്പെടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ പ്രാതിനിധ്യ ജനാതിപത്യവ്യവസ്ഥ പ്രത്യക്ഷ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറ്റപ്പെടേണ്ടതുണ്ടോയെന്ന സംവാദം അനിവാര്യമാകുന്നുണ്ട്. എന്നാല്‍ ഈ ദിശയിലുള്ള നീക്കങ്ങള്‍ക്കൊന്നും തുടക്കമിടാതെ നിലനില്‍ക്കുന്ന പാര്‍ലമെന്ററി/പ്രാതിനിധ്യ ജനാധിപത്യവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുംവിധമുള്ള പ്രക്ഷോഭങ്ങള്‍ വളയമില്ലാതെ ചാടുന്നതിന് സമാനമാണ്.

പ്രത്യക്ഷ ജനാധിപത്യ പ്രക്രിയയില്‍ റഫറണ്ടമുണ്ട്. ഇനീഷിയേറ്റീവുണ്ട്. റീകോളുണ്ട്. റഫറണ്ടമനുസരിച്ച് ഒരു ബില്‍ നിയമം വേണോ വേണ്ടയോയെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പാര്‍ലമെന്റ് കൊണ്ടുവരുന്ന ബില്‍ നിയമങ്ങളെപ്പോലും വേണ്ടെന്ന് പറയാം. ഇനീഷീയേറ്റീവ് പ്രകാരം ജനങ്ങള്‍ക്ക് തന്നെ നിയമനിര്‍മ്മാണത്തിന് മുന്‍കൈയെടുക്കാം. ഇവിടെ നിയമ നിര്‍മ്മാണ പ്രക്രിയയില്‍ ജനങ്ങളുടെ നേരിട്ടുള്ള ഇടപ്പെടല്‍/പങ്കാളിത്തം ഉറപ്പിക്കപ്പെടുന്നു. കാലാവധി തീരും മുന്‍പേതന്നെ തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നു, റീക്കോള്‍. ഇത്തരത്തിലുള്ള പ്രത്യക്ഷ ജനാധിപത്യവ്യവസ്ഥക്കായി ഇന്ത്യന്‍ സിവില്‍ സമൂഹം മുന്നോട്ടുവരുന്നിടത്തായിരിക്കും ജന്‍ലോക്പാല്‍ ബില്ലിനെപ്പോലുള്ളവയുടെ പ്രസക്തി. വിവരസാങ്കേതിക വിദ്യാവിസ്‌ഫോടന പശ്ചാത്തലത്തില്‍ ഭരണമണ്ഡലങ്ങളെ സുതാര്യവല്‍ക്കരിക്കുന്നതിന്റെ ദിശയില്‍ ഇ-ജനാധിപത്യ (Electronic Democracy) വ്യവസ്ഥക്കുവേണ്ടിയുള്ള ശക്തമായ മുറവിളിയും കാലം ആവശ്യപ്പെടുന്നുണ്ട്. ഇതിനൊന്നും പക്ഷെ മുതിരാതെയാണ് അരാഷ്ട്രീയ വക്താക്കളെന്ന അപഖ്യാതിയൂട്ടിറപ്പിച്ച്  ഹസാരെയും വൃന്ദവും ജന്‍ലോക്പാല്‍ ബില്‍ ചുമലിലേറ്റി വളയമില്ലാതെ ചാടുന്നത്.

മാധ്യമങ്ങളിലെ ആഘോഷം

സിവില്‍ സമൂഹത്തിന്റെ മുന്‍കയ്യിലെന്ന് അവകാശപ്പെടുന്ന പ്രക്ഷോഭങ്ങളെ ഉദാത്തവല്‍ക്കരിക്കുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മത്‌സരിക്കുകയാണ്. നിയമ നിര്‍മ്മാണ സഭയും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും പിന്നെ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് അിറയപ്പെടുന്ന മാധ്യമ മണ്ഡലവും. ഹസാരെയുടെ സമരത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് നിലനില്‍ക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയെ പ്രതിനായകനാക്കുകയാണ് മാധ്യമങ്ങള്‍. ഒരു ചെറുപറ്റം നഗര കേന്ദ്രീകൃത ജനതയാണ് ഹസാരെയുടെ സമരത്തെ പിന്തുണക്കുന്നത്. ഇവര്‍  പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് പ്രകിയയില്‍ സമ്മതിദാനവകാശം പോലും വിനിയോഗിക്കുവാന്‍ സമയം കണ്ടെത്താത്തവരാണ്. ഹസാരെ ആള്‍ക്കൂട്ടത്തിന് പ്രക്ഷോഭത്തിന്റെ ആരവമല്ല ആഘോഷത്തിന്റ ആര്‍പ്പുവിളിയാണ്. ദൃശ്യമാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍ മിന്നിമറയുവാനുള്ള അപൂര്‍വ്വ അവസരത്തെ ആഘോഷപൂര്‍വ്വം ഉപയുക്തമാക്കുകയാണ് ഇപ്പറഞ്ഞ നാഗരിക ആള്‍ക്കൂട്ടം. കഥയറിയാതെ ആട്ടം കാണുന്ന ഒരു ചെറുപറ്റത്തിന്റെ ആഘോഷം! ഈ ആഘോഷത്തിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുമ്പോള്‍ അത് നാളത്തെ പൗരന്‍മാര്‍ക്കിടയില്‍ ഇന്ത്യന്‍ ജനാധിപത്യം ഒരു പരിഹാസപാത്രമായി മാറുന്നതിനേ വഴിവയ്ക്കൂ. ഇത് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ നിന്നും പുതിയ തലമുറയെ അകറ്റിനിറുത്തും. അവരില്‍ രാഷ്ട്രീയ ഉദാസീനത ആളിപ്പടരും. അവര്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടും. ഇത് യൂറോപ്യന്‍ ജനാധിപത്യത്തെപ്പോലെ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ പരിമിത ജനാധിപത്യവ്യവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചേക്കാം.

ടുണീഷ്യ, ഈജിപ്റ്റ്, ലിബിയ, യമന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഏകാധിപത്യഭരണത്തിനെതിരെയുള്ള കലാപങ്ങളെ ജനാധിപത്യത്തിനായുള്ള മുറവിളി എന്ന നിലയില്‍ ലോകം പൊതുവെ അംഗീകരിച്ചു. ഇതിന് പിന്തുണയായി ഫേസ്ബുക്ക്/ട്വിറ്റര്‍ വിപ്ലവവും. ഐക്യരാഷ്ട്രസഭ ജനാധിപത്യ സംസ്ഥാപന ശ്രമങ്ങളെ ന്യായീകരിക്കുന്നു. ഇറാനില്‍ അഹമ്മദ് നെജാദിനെതിരെയുള്ള ജനരോഷത്തിന് പിന്തുണ നല്‍കാനും രാജ്യാന്തര സമൂഹം തയ്യാറായി. ഇപ്പറഞ്ഞ ജനാധിപത്യ കലാപങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഒരു ജനാധിപത്യ രാഷ്്രമന്ന നിലയില്‍ ഇന്ത്യയും പിശുക്ക് കാണിച്ചില്ല. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയ്ക്കും അതിനു നേതൃത്വം നല്‍കുന്നവര്‍ക്കുമെതിരെയുള്ള ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെ അന്തര്‍ദേശീയ സമൂഹം അംഗീകരിക്കുന്നുവെന്ന് വന്നാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുരന്തമായിരിക്കും. ഇതിനകം തന്നെ ഹസാരെ സമരത്തെ `അലോസര’പ്പെടുത്തുന്നതില്‍ അമേരിക്കന്‍ ഭരണകൂടം അസംതൃപ്തി പ്രകടിപ്പിച്ചുവെന്നത് ഒട്ടും ശുഭകരമല്ല. അതെ, ഹസാരെസമരത്തിന്റെ സൂക്ഷ്മതല രാഷ്ട്രീയം സംവാദവിഷയമാക്കുന്നതില്‍ ഇനിയും അമാന്തിച്ചുക്കൂട.

please log on to http://sreeindrajith.blogspot.com/2011/04/jan-lokpal-track-to-direct-democracy.html

http://sreeindrajith.blogspot.com/2011/03/corruption-free-governance-as.html

അഭിപ്രായങ്ങള്‍

Anoop on 26 August 11 at 04:56 AM
ജനങ്ങള്‍ എന്നുവച്ചാല്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്നതാണ് പ്രശ്നം,പാര്‍ലമെന്‍റ് എന്നുവച്ചാല്‍ ജനം തന്നെയാണ്, അതിനകത്ത് ഇരിക്കുന്നവര്‍ ഇക്കാര്യം ഓര്‍ത്തിരുന്നുവെങ്കില്‍ ഈ സമരം തന്നെ ഉണ്ടാകേണ്ട കാര്യമില്ലായിരുന്നു, ജനപ്രതിനിധിക്ക് ജനങ്ങളുടെ ആവശ്യം, അനാവശ്യമാണെന്ന് എങ്ങിനെ പറയാന്‍ കഴിയും ?, അതു പറഞ്ഞാല്‍ പിന്നെ ജനം പ്രതിനിധിയെ എന്തു ചെയ്യണം, എന്നതാണ് പ്രശ്നം, ജനങ്ങളേക്കാള്‍ പാര്‍ലമെന്‍റിനു അധികാരം കൂടുതലുണ്ടോ ?, ഇതിനൊന്നും യാതൊരുവിധ മറുപടിയും കിട്ടുന്നില്ല, സ്പെക്ട്രം കേസില്‍ സര്‍ക്കാരാണോ, അതോ കോടതിയുടെ ഇടപെടലാണോ കാര്യങ്ങള്‍ പുറത്
Dr.Sasi on 24 August 11 at 05:03 AM
Parliament is the supreme (sovereign power) authority of Indian Democracy!! No force or authority can be questioned or challenged against the sovereign power of the Indian Parliament!! We do not want to see any Lok Pal acting like 12 feet man’s role over the ultimate power of the people of India, I mean the parliament!!
Moncy James on 23 August 11 at 05:01 PM
I agreed Mr. Hassaare’s strike but he have also a political motive behind this.

by. കെ.കെ. ശ്രീനിവാസന്‍

ആഗോള മാധ്യമ ഭീമന്‍ എന്ന ഖ്യാതിക്കും അപഖ്യാതിക്കും വിധേയനായിട്ടുളള റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനം ആധുനിക ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് അവകാശപ്പെടുന്നവരാല്‍ തന്നെ വിചാരണചെയ്യപ്പെടുകയാണ്. ജനാധിപത്യ ഭരണക്കൂടങ്ങളുടെ അധികാരത്തിന്റെ അകത്തളങ്ങളില്‍ അരങ്ങേറുന്ന ആശ്യാസ്യമല്ലാത്ത ചെയ്തികള്‍ പൊതുജനസമക്ഷം തുറന്നുകാണിക്കുന്നതില്‍ മാധ്യമങ്ങള്‍ സദാജാഗരൂകരാണമെന്നതില്‍ വിരുദ്ധാഭിപ്രായങ്ങളില്ല.ഇന്ത്യയടക്കമുളള ആധുനിക ജനാധിപത്യ രാഷ്ടങ്ങളിലെല്ലാം മാധ്യമ മണ്ഡലത്തിന് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിശേഷണമാണ് ചാര്‍ത്തിനല്‍കിയിട്ടുളളത്. എക്‌സിക്യൂട്ടീവും ലെജിസ്ലേച്ചറും ജുഡിഷ്യറിയും കഴിഞ്ഞാല്‍ പിന്നെ മാധ്യമ മണ്ഡലമെന്നാണ് വെയ്പ്. മാധ്യമ പ്രവര്‍ത്തനത്തിന് ഇത്രയും സ്വീകാര്യത ആര്‍ജിക്കുവാനായിയെന്നിടത്ത് ആധുനിക ജനാധിപത്യം ശക്തിപ്പെടുന്നുവെന്നത് തന്നെയാണ് പ്രകടമാകുന്നത്. എന്നാല്‍, ആഗോള മാധ്യമ ഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ മാധ്യമ ധര്‍മ്മത്തിന്റെ സ്ഥാനത്ത് വാണിജ്യ താല്‍പര്യങ്ങള്‍ മാത്രമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മാതാവ് വിശേഷിക്കപ്പെടുന്ന ബ്രിട്ടിഷ് ഭരണ വ്യവസ്ഥക്ക് നേതൃത്വം നല്‍കുന്നുവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് വാര്‍ത്തയാക്കി വിറ്റു കാശാക്കിയെന്ന ആരോപണമാണ് മര്‍ഡോക്കിനെ പ്രതികൂട്ടിലാക്കിയത്.

ആധുനിക മാധ്യമ ലോകം തീര്‍ത്തും മത്സരാധിഷിഠതമാണെന്നത് അവിതര്‍ക്കിതമാണ്. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ സ്ക്കുപ്പ് എന്ന പേരില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് കൊടുംപാതകമായി ചിത്രീകരിക്കപ്പെടേണ്ടതുണ്ടോ? ഫോണ്‍ ചോര്‍ത്തല്‍ വ്യക്തികളുടെ സ്വകാര്യതയിലുളള കടന്നുകയറ്റമാണെന്നാണ് വാദം. പൊതുജന സേവകരുടെയും പ്രവര്‍ത്തകരുടേയും ഫോണ്‍ സംഭാഷണങ്ങള്‍ പൊതുതാല്‍പര്യങ്ങളെ മുന്‍നിറുത്തിയുളളതായിരിയ്ക്കണമെന്ന് ശഠിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടരുടെ ഫോണ്‍ ചോര്‍ത്തപ്പെടുമ്പോള്‍ അതിനെ വ്യക്തിയുടെ സ്വകാര്യതയിേലക്കുളള കടന്നുകയറ്റമായി വ്യാഖാനിക്കപ്പെടേണ്ടതുണ്ടോ? വാദിക്കപ്പെടേണ്ടതുണ്ടോ?

സ്ട്രിങ്ങ് ഓപ്പറേഷനിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ അരുതാഴ്മകള്‍ തെഹല്‍ക്ക പൂറത്തുകൊണ്ടുവന്നപ്പോള്‍ അത് ഏറെ പൂകഴ്ത്തപ്പെട്ടു. നോട്ടിന് വോട്ട് കോഴ സ്ട്രിങ്ങ് ഓപ്പറേഷനില്‍ കൂടുങ്ങിയിപ്പോഴും ഉദാത്ത മാധ്യമ പ്രവര്‍ത്തനമായി വിശേഷിപ്പിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ ടുജി സ്പകട്രം അഴിമതിയുമായി ബന്ധപ്പെട്ട് നീരാറാഡിയ ഫോണ്‍ ടേപ്പ് പുറത്തുവന്നപ്പോഴും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന് ലഭിച്ചു ഉയര്‍ന്ന മാര്‍ക്ക്. ഉദാത്തമെന്ന് പക്ഷേ വിശേഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഈ മാധ്യമ മാനേജ്‌മെന്റുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ വിചാരണകൂട്ടില്‍ പത്തിമടക്കി നില്‍ക്കേണ്ടിവന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയം. ഇനി അഥവാ അത്തരമൊരു അവസ്ഥ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കില്‍ അതുണ്ടാക്കുമായിരുന്ന പുകില്‍ എന്താകുമായിരുന്നു? ആഗോള നയതന്ത്ര മണ്ഡലങ്ങളിലേതടക്കമുളള സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് ലോകസമക്ഷം തുറന്നുകാട്ടിയ വിക്കീലിക്കസും വാഴ്്ത്തപ്പെട്ടു.

മത്സരാധിഷഠിത മാധ്യമ മണ്ഡലത്തില്‍ മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനം ചെയ്ത പാതകമെ ന്താണ്? 165 വര്‍ഷം പാരമ്പര്യമുളള ന്യൂസ് ഓഫ് വേള്‍ഡിന് തിരശ്ശീല വീഴുവാനുണ്ടായ സാഹചര്യമെന്താണ്? പൊതുസമൂഹം അറിയേണ്ടതും അറിയാന്‍ അവകാശപ്പെടുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നതല്ലേ മര്‍ഡോക്ക് ചെയ്ത മാധ്യമ പ്രവര്‍ത്തനപാതകം? ഗാര്‍ഡിയന്‍ പത്രം റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തെ പ്രതിക്കൂട്ടിലാക്കാന്‍ കച്ചക്കെട്ടിയിറങ്ങിയതിലേ താല്‍പ്പര്യമെന്തന്നതും തിരിച്ചറിയേണ്ടതല്ലേ? എന്തായാലും മാധ്യമ പ്രവര്‍ത്തനത്തെ ഭരണകൂടങ്ങള്‍ കൂച്ചുവിലങ്ങിടുന്നത് ആധുനിക ജനാധിപത്യ വ്യവസ്ഥക്ക് തന്നെ മാനക്കേടുണ്ടാക്കുന്നു. എന്നാല്‍ ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രത്യേകിച്ചും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെ ആവോളം പൂകഴ്ത്തുന്നവര്‍പോലും ചര്‍ച്ചക്കെടുത്തില്ലെന്നത് ഖേദകരമാണ്.

റുപ്പര്‍ട്ട് മര്‍ഡോക്ക് ആഗോള മാധ്യമ ഭീമനാണ്, കുത്തകയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ് ഈ ഭീമന്‍/കുത്തക വിചാരണപ്പെടട്ടെയെന്ന ശാഠ്യം. എന്തിന്റെ പേരിലായാലും ശരി ഇത്തരമൊരു ശാഠ്യം ആധുനിക ജനാധിപത്യ ഭരണകൂടങ്ങളുടെ മുന്‍കയ്യില്‍ ഇനിയും നടക്കാനിടയുളള മാധ്യമ പ്രവര്‍ത്തന വിചാരണകള്‍ക്ക് ആക്കം കൂട്ടുന്നതിനേ ഈ വിചാരണ ഗുണം ചെയ്യൂ. ഭരണകുടത്തിന്റെ വിചാരണകൂട്ടില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ട അവസ്ഥയില്‍ മാധ്യമ പ്രവര്‍ത്തനത്തെ കൊണ്ടുചെന്നെത്തിക്കണമോ? ഈ സമസ്യക്കും ആശങ്കക്കുമുളള ഉത്തരമല്ലേ തേടേണ്ടത്? അതോ, ആഗോള മാധ്യമ കുത്തകയായതുകൊണ്ടു മാത്രം റുപ്പര്‍ട്ട് മര്‍ഡോക്ക് വിചാരണ ചെയ്യപ്പെടേണ്ടതുതന്നെയെന്ന ശാഠ്യമാണോ മുഖ്യം?